ചീത്രീകരണം: ദേവപ്രകാശ്

ബഷീറിന്റെ കള്ളൻ

ത്രയോ കരിങ്കള്ളന്മാരെയും ഗജപോക്രികളെയും പിച്ചക്കാരൻമാരെയും ചീട്ടുകളിക്കാരെയും തന്റെ കഥകളിൽ എഴുതി ജനങ്ങളുടെ മനസ്സിൽ അവരെ പതിപ്പിച്ചുറപ്പിച്ച ബഷീർ തന്നെക്കുറിച്ചുമാത്രം ഇതുവരെ ഒന്നും എഴുതിയില്ലല്ലോ എന്ന സങ്കടം കള്ളൻ യൂസഫിന്റെ മനസ്സിൽ ഒത്തിരിക്കാലമായി ഉണ്ടായിരുന്നു.

ഈ കള്ളൻ യൂസുഫാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ പഴ്സ് പോക്കറ്റടിച്ചവൻ.

കുറച്ച് ചില്ലറപ്പൈസയല്ലാതെ അതിനുള്ളിൽ കാശൊന്നും ഇല്ല എന്നറിഞ്ഞപ്പോൾ പഴ്‌സ് അദ്ദേഹത്തിന്റെ കയ്യിൽത്തന്നെ കൊണ്ടുപോയിക്കൊടുത്ത് മാതൃക കാട്ടിയെങ്കിലും അവന്റെ സാമർത്ഥ്യത്തെ അഭിന്ദിക്കുകയല്ലാതെ അവനെപ്പറ്റി ഒരക്ഷരം എഴുതാൻ ബഷീർ കൂട്ടാക്കിയില്ല.

അതൊന്ന് ചോദിക്കണമല്ലോ എന്ന് ബഷീറിന്റെ അടുത്ത് അവൻ ചിലതവണ ചെന്നിട്ടുണ്ട്. കാണുമ്പോഴൊക്കെ ‘‘തൊഴിൽ വൃത്തിയായി നടക്കുന്നുണ്ടല്ലോ അല്ലേ?'' എന്ന് ചോദിച്ചതല്ലാതെ കഥയെഴുതുന്ന കാര്യമൊന്നും ബഷീർ മിണ്ടിയില്ല.

എന്തൊരു മനുഷ്യനാണ്?
​ ചില്ലറക്കള്ളന്മാരെയും മീശയില്ലാത്ത പേട്ടു റൗഡികളെയും പൂച്ചക്കുഞ്ഞിനെ കക്കുന്നവന്മാരെയും പറ്റിപ്പോലും ഇയാൾ എഴുതുന്നു!
തനിക്ക് എന്താണൊരു കുറവ്? ‘തന്നെപ്പറ്റിയും ഒരു കഥ എഴുതിയേ പറ്റൂ' എന്ന് യൂസുഫ് ബഷീറിനെ നിർബ്ബന്ധിക്കാൻ തുടങ്ങി.

മറുപടിയായി ഒരു ചിരി പാസ്സാക്കിക്കൊണ്ട് ബഷീർ പറഞ്ഞു; ‘സഖാവ് മോഷ്ടാവേ, ഒരു കള്ളൻ കഥയിൽ കയറി വരുന്നത് സാധാരണ കാര്യമല്ല. അതിന് അയാളുടെ കയ്യിൽ സ്‌പെഷ്യലായി എന്തെങ്കിലും വേണം. വിശേഷപ്പെട്ട എന്തെങ്കിലും അയാൾ ചെയ്യണം'.

‘ഞാൻ എന്ത് ചെയ്യണം? സഖാവ് ഇ.എം.എസിന്റെ മൂക്കു കണ്ണാടി മോട്ടിച്ചോണ്ട് വരട്ടേ? അല്ലെങ്കിൽ തിരുവിതാംകൂർ മഹാറാണിയുടെ പല്ല് സെറ്റ് കക്കട്ടേ? വേണെങ്കിൽ കവലയിൽ കാക്കതൂറി നിൽക്കുന്ന ജോർജ്ജ് ആറാമന്റെ പ്രതിമ പൊക്കിക്കൊണ്ട് വരാം. എന്ത് ചെയ്യണം പറ'.

‘മാന്യ തസ്‌കരാ, ഇതൊക്കെ ഛോട്ടാ കള്ളന്മാർ ചെയ്യുന്ന ബഹുത് ഛോട്ടാ വേലകളാണ്. വലുതെന്തെങ്കിലും ചെയ്യണം. ഉദാഹരണത്തിന് മുഹമ്മദ് മുതലാളിയുടെ ഇളയമകൾ സബിതയെ അറിയാമോ? പരിശുദ്ധയായ പരമ സുന്ദരി. അവളുടെ ഒരേ ഒരു പ്രേമ ചുംബനം മോഷ്ടിച്ച് കൊണ്ടുവരാമോ?

യൂസുഫ് ഞെട്ടിപ്പോയി.
‘അത് നടക്കാത്ത കാര്യമാണ് മാഷേ.. വേണമെങ്കിൽ അവളെ മുഴുവനായി പൊക്കിക്കൊണ്ട് വരാം'
‘അത് കള്ളന്റെ പണിയല്ല. മനുഷ്യക്കടത്ത് നടത്തുന്നവന്റെ പണി. പോട്ടെ.. നമ്മുടെ ശ്രീധരൻ നായരുടെ ഭാര്യ അപ്‌സരയെ ഭവാൻ കണ്ടിട്ടുണ്ടോ? മാമ്പഴം പോലത്തെ കവിളല്ലേ? അവളുടെ രാത്രിസ്വപ്നങ്ങളിൽ ഒരെണ്ണം മോഷ്ടിക്കാൻ താങ്കൾക്ക് കഴിയുമോ?'

‘നടപ്പുള്ളതു വല്ലതും പറ' എന്ന മട്ടിൽ യൂസുഫ് ചുണ്ട് പിതുക്കി.

‘താങ്കളെക്കൊണ്ട് ഒന്നും നടക്കില്ല തസ്‌കൂ. ശരി... ഒരവസരം കൂടി തരാം... നമ്മുടെ കോഴിക്കള്ളി നാരായണിയെ അറിയാമല്ലോ. എനിക്ക് ബിരിയാണി വയ്ക്കാൻ നേർച്ച നേർന്നിരുന്ന എന്റെ മൂന്ന് കോഴികളെ കൊണ്ടുപോയിത്തിന്നവൾ. ആ അഹങ്കാരിയുടെ മൂക്കുത്തി കക്കാൻ ഭവാന് കെൽപ്പുണ്ടോ?'

‘ഇതെനിക്ക് പുല്ലാണ്. ഞാനിത് ചെയ്യും. കഥയെഴുതാൻ പേനയും പേപ്പറും എടുത്ത് വെച്ചോ'

‘എഴുതിക്കളയാം. കോഴിക്കള്ളി നാരായണിയും വെറുംകള്ളൻ യൂസുഫും എന്ന് കഥയ്ക്ക് പേരും വെയ്ക്കാം. മതിയോ?'

‘മതി. ഇത്രയും മതി. ഞാൻ പോയി മൂക്കുത്തിയും കൊണ്ട് വരാം' എന്ന് യൂസുഫ് പോയി. രണ്ട് മാസം കഴിഞ്ഞ് ഒരുദിവസം ബസിൽ വെച്ച് ബഷീർ യൂസുഫിനെ കണ്ടു. ‘ഇതുവരെ ഒരു കൃതവും നടന്നിട്ടില്ല' എന്ന് ആംഗ്യം കാട്ടിക്കൊണ്ട് ബഷീറിന്റെ അടുത്ത് വരാതെ അവൻ മാറിക്കളഞ്ഞു. മാസങ്ങൾ കഴിഞ്ഞ് ഒരു മഴദിവസം ബഷീറിന്റെ വീട്ടിൽ വന്ന് 'പെണ്ണുങ്ങളുടെ കാര്യത്തിൽ നമ്മുടെ എല്ലാ പ്ലാനുകളും തോറ്റു തൊപ്പിയിടുകയാണല്ലോ മാഷേ' എന്നവൻ നിരാശയോടെ പറഞ്ഞു.

ഇങ്ങനെ എട്ടു മാസവും പതിമൂന്നു ദിവസവും കഴിഞ്ഞ് ഒരു രാത്രിയിൽ യൂസുഫ് വന്നു.
‘മൂക്കുത്തി കിട്ടി'
‘സബാഷ്... സത്യംസത്യമായും നീ പെരുങ്കള്ളൻ തന്നെ. ഒറ്റയൊരുത്തനെ അടുപ്പിക്കാത്ത നാരായണിയുടെ മൂക്കുത്തി നീ അടിച്ചു മാറ്റിയല്ലോ' ബഷീർ അവനെ അഭിനന്ദിച്ചു.
‘ഞാൻ കട്ടതല്ല സാറേ... അവള് തന്നതാ...' ചമ്മലോടെ യൂസഫ് പറഞ്ഞു. ‘നാരായണി വെളിയിൽ നിൽപ്പുണ്ട്. വിളിക്കട്ടെ?'
‘ഇതെന്താ കഥ! നീയും കഥയെഴുത്ത് തുടങ്ങിയോ? ശരി. വിളിക്കവളെ'

തെരുവിലിറങ്ങി അടിപിടി നടത്താൻ മടിക്കാത്തവളും മിന്നൽ വേഗത്തിൽ കോഴികളെ മുക്കുന്നവളുമായ പെൺ ശിങ്കം നാരായണി ഇതാ തലയിൽ തട്ടമിട്ടു കൊണ്ട് നാണിച്ച് നാണിച്ച് ഉള്ളിലേക്ക് വരുന്നു.

ബഷീറിന് കഥ മനസ്സിലായി. ▮


എസ്. രാമകൃഷ്ണൻ

ആധുനിക തമിഴ്​ സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരൻ. കഥ, നോവൽ, നാടകം, ലേഖനം, ബാലസാഹിത്യം തുടങ്ങിയ വിഭാഗങ്ങളിൽ നിരവധി പുസ്​തകങ്ങൾ. ഉപപാണ്ഡവം, നെടുങ്കുരുത്തി, ഒരു സിറിയ വിടുമുറിക്കാല കാതൽ കഥൈ (നോവൽ), എസ്​. രാമകൃഷ്​ണൻ കതൈകൾ- മൂന്ന്​ വാള്യം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

ഷാജി ചെന്നൈ

എഴുത്തുകാരൻ, സംഗീത നിരൂപകൻ, വിവർത്തകൻ, വിമർശകൻ, സിനിമാ നടൻ.

Comments