ചിത്രീകരണം: ദേവപ്രകാശ്

ഭയത്തിന്റെ ജപമാലകൾ

ഒന്ന്

കാലങ്ങൾക്ക് ശേഷം പഴയ വഴികളിലൂടെ അൻവർ നടന്നു.
തനിച്ചല്ല, ഭാര്യയുമൊത്ത്.
​അവർക്ക് ചുറ്റും മഴ പെയ്തു. കരിങ്കല്ല് പാകിയ ഇടവഴിയിലൂടെ മഴവെള്ളം കടും ചായയായി അവരുടെ കാലുകളെ നനച്ച് കൊണ്ട് ഒഴുകി.
ഇവിടെ ജീവിച്ച പഴയ കാലമത്രയും മറ്റൊരു മഴയായി ഉള്ളിൽ കനത്തപ്പോൾ അവൻ താഹിറാനെ ചേർന്ന് നടന്നു. ഇരു വശത്തുമുള്ള റബ്ബർ തോട്ടങ്ങളിൽ മഴയുടെ സംഗീതം ... കരിയില കിടക്കകളിൽ വീഴുന്ന മഴ ജലത്തിന്റെ സുഖ ശബ്ദം.
""ഇങ്ങക്ക് പിരാന്താണ് ''

ഉള്ള് പൊള്ളിക്കൊണ്ട് അവനത് കേട്ടു. താഹിറ പറഞ്ഞു.

""ആരെങ്കിലും കല്യാണം കഴിഞ്ഞ ഒടനേ ഈ കുന്നും മലിം കേറാൻ വര്വോ ?''
ആശ്വാസത്താടെ അവൻ പറഞ്ഞു.
""ആരും വരില്ല.അതാണല്ലോ ഞാൻ നിന്നെയും കൂട്ടി വന്നത്''
"" എന്ത് അതൃപ്പാണ് ഇവ്‌ടെ കാണാള്ളത് ? ''

അരയിലൂടെ കയ്യിട്ട് അവൻ അവളെ ചേർത്ത് പിടിച്ചു. മഴ നനഞ്ഞ മുടിയുടെ മണം... പിൻകഴുത്തിലെ നനുത്ത രോമങ്ങളിൽ വീണ മഴത്തുള്ളികൾ ... തല കുനിച്ച് അവിടെ ചുംബിക്കുമ്പോൾ അവൻ പറഞ്ഞു.
""പലതും കാണാന്ണ്ട് താഹിറാ ... നീ കാണാത്ത പലതും പിന്നെ ഞാൻ കാണാത്ത ചെലതും.''
""അഞ്ചെട്ട് കൊല്ലം ഇവ്‌ടെ പാർത്തിട്ടും ഇങ്ങള് കാണാത്ത ചെലതോ ? ''
""നിന്നെ നീയാക്കുന്ന പലതും ഇല്ലേ ...? ഒന്നും ഞാൻ കണ്ടിട്ടില്ലല്ലോ...''

എതിരെ വന്നയാൾക്ക് വഴിമാറി കൊടുക്കുമ്പോൾ താഹിറ വിചാരിച്ചു. അഞ്ച് ദിവസമായി താനീ മനുഷ്യന്റെ ഒപ്പം കൂടിയിട്ട്. വളരെ കുറച്ച് മാത്രമേ തമ്മിൽ സംസാരിച്ചിട്ടുള്ളൂ. ഇത് വരെ ഈ വിരലുകൾ തന്റെ രഹസ്യത്തിലോ പരസ്യത്തിലോ ആഗ്രഹത്തോടെ തൊട്ടിട്ടില്ല. ഇത് എന്ത് തരം മനുഷ്യനാണെന്ന് ഓർത്ത് അവൾ അമ്പരന്നതാണ്. അവന്റെ മുഖത്ത് വിരലോടിച്ച് കൊണ്ട് താഹിറ ചോദിച്ചു.
""അപ്പൊ അങ്ങനത്തെ വിചാരൊക്കെ ണ്ട് ല്ലേ ...? ''

അൻവർ പിന്നെയും തല കുനിച്ചു. പിൻകഴുത്തിലെ ആ മഴത്തണുപ്പിൽ ചുണ്ടമർത്തുമ്പോൾ അവന്റെ നിശ്വാസത്തിന്റെ താളം മാറി. ഇടവഴി കഴിഞ്ഞ് മെയിൻ റോഡിലേക്ക് കടന്നപ്പോൾ മഴ മറവിനപ്പുറത്തെ വിദൂരതയിലേക്ക് കൈ ചൂണ്ടി അവൻ പറഞ്ഞു.
""ദാ ... അവിടെയാണ് നമുക്ക് എത്തേണ്ടത്''
""ന്റെ പടച്ചോനേ...'' താഹിറ അറിയാതെ വാ പൊളിച്ച് പോയി.

മഴയ്ക്ക് വേഗം കൂടി. മരങ്ങളിലെ കാറ്റുകൾക്ക് വേഗം കൂടി. കുട പിടിച്ച കൈകൾ വിറച്ചു.രണ്ട് ശരീരങ്ങൾ ഏതോ ഉണർവ്വിലേക്ക് വഴി തേടി.
""പോവുന്ന വഴിക്ക് തന്നെ പലതും കാണാനുണ്ട് താഹിറാ ...''
""പടച്ചോൻ കാക്കട്ടെ ...'' അവൾ ചിരിച്ചു.

മധുവിധുവിലൊന്നും താൽപ്പര്യം ഇല്ലാതിരുന്നിട്ടും പെട്ടെന്നെടുത്ത തീരുമാനത്തിന്റെ പുറത്ത് അഞ്ച് നാളത്തെ പരിചയം മാത്രമുള്ള ഇവളെയും കൂട്ടി ഇവിടേക്കു തന്നെ വരാൻ തോന്നിയതിൽ അൻവർ സന്തോഷിച്ചു.

ഇവിടെ ...
കാലങ്ങൾക്കു മുമ്പ് താൻ ജീവിച്ചിരുന്നു. ഒരു പാട് തീക്കനവുകളും കവിതകളുമായി ഈ പാതകളിലൂടെ നടന്നിരുന്നു. അന്നൊന്നും ഇങ്ങനെയൊരു കൂട്ടോ ജീവിതമോ തന്റെ പകൽ കനവുകളിൽ പോലും ഇല്ലായിരുന്നു.എന്നിട്ടു മിതാ ആ ദൂരമത്രയും താണ്ടി താനിവിടെ എത്തിയിരിക്കുന്നു. മഴ പെയ്യുന്ന ഈ പാതകളിലൂടെ ഇവളെയും ചേർത്തു പിടിച്ച് നടക്കുന്നു.

രണ്ട്

കല്യാണത്തിന് ഒന്നര വർഷം മുമ്പാണ് അൻവർ ജീവിതത്തിൽ ആദ്യമായി ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ ചെന്നത്. അതിനും കുറച്ച് ദിവസങ്ങൾക്കു മുമ്പാണ് അന്തം വിട്ട വായനയുടേയും ചിന്തയുടേയും ഫലമായി അവന്റെ തലച്ചോറ് ചുട്ടുപഴുത്തത്. ഭൗതിക ശാസ്ത്രവും മനഃശാസ്ത്രവും ഉപനിഷത്തുക്കളും ചേർന്ന് വിറക് കത്തിച്ച മഹാ ശൂന്യത ...

ഈ മഹാ പ്രപഞ്ചത്തിൽ എവിടെയോ ഒരു മണൽ തരിയോളം മാത്രം വലിപ്പമുള്ള, സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വേഗത്തിൽ കറങ്ങുന്ന ഭൂമിയെന്ന ഊർജ്ജ കണത്തിനുള്ളിൽ എവിടെയോ താൻ... താനെന്ന ബോധം. താനെന്ന ശരീരം... ശരീരത്തിനും ബോധത്തിനും ഇടയിലെ അദൃശ്യമായ വിടവിലൂടെ പറക്കുന്ന തീപ്പക്ഷികൾ... താൻ കാണുന്ന കാഴ്ച്ചകൾ. കാഴ്ച്ചകളെ കാഴ്ച്ചകളാക്കുന്ന പ്രകാശം. ആ പ്രകാശത്തിന്റെ വിവിധ അളവുകോലുകളായ വർണ്ണങ്ങൾ... കാഴ്ച്ചകളെ ബോധത്തിലേക്ക് എത്തിക്കുന്ന സിരകളുടെ തൻമാത്ര വിസ്മയങ്ങൾ... തലച്ചോറിൽ എവിടെയാണ് താൻ? താൻ എന്ന സമ്പൂർണ്ണത?

രാത്രിയാണ്.
എല്ലാരും ഉറങ്ങുകയാണ്. താൻ മാത്രം ഉണർന്നിരിക്കുന്നു. ഉണർന്നിരിക്കുന്ന താനാണോ? ഉറങ്ങുന്നവരാണോ സത്യം? അല്ല; എന്താണ് സത്യം ? സത്യത്തിൽ താൻ മാത്രമല്ലേ ഈ ഭൂമിയിൽ ജീവിച്ചിരിപ്പുള്ളൂ...? ബാക്കിയുള്ള മുഴു ലോകവും തന്റെ തോന്നലുകൾ മാത്രമല്ലേ...?

ചുമരിന് മുകളിലൂടെ മുറിയിലേക്ക് ചാടിയ ഉപ്പാന്റെ പൂച്ചകൾ പെട്ടെന്ന് ഒച്ചയിട്ടു. തികഞ്ഞ നിശബ്ദതയിൽ ഉണ്ടായ ആ ഒച്ച കേട്ടതും അൻവറിന്റെ ബോധത്തിലൂടെ ഭയത്തിന്റെ പക്ഷികൾ പറന്നു.

ഉറങ്ങണം...
ഉറങ്ങിയിട്ട് കുറേ ദിവസമായി. നെറ്റി മാത്രമല്ല ,ശരീരമാകെ ചുട്ട് പഴുക്കുന്നു. വേവുന്ന തലച്ചോറിൽ നിന്ന് ഉറക്കത്തിന്റെ പറവകൾ കൂടൊഴിഞ്ഞ് പോയിരിക്കുന്നു...
ഉറങ്ങാൻ എന്താണ് ഒരു വഴി ? അവൻ വെള്ളം കുടിച്ചു. അവൻ വാതിൽ തുറന്നു.എല്ലാ അഹന്തയും വെടിഞ്ഞ് അവൻ ഉറക്കെ കരഞ്ഞു.
""ഉമ്മാ ... എനിക്ക് ഉറങ്ങണം ഉമ്മാ...''

വീട് ഉണർന്നു. വീട്ടുകാർ ഉണർന്നു. ഓട്ടോറിക്ഷ വന്നു. എത്തിച്ചേർന്ന ക്ലിനിക്കിലെ പെൺ ഡോക്ടറോട് അൻവർ പറഞ്ഞു.
""എനിക്ക് ഉറങ്ങണം''
""എന്ത് പറ്റി ?'' ഡോക്ടർ ചോദിച്ചു.
""ഒന്നും പറ്റിയിട്ടില്ല. എനിക്ക് ഉറങ്ങണം. ഉറങ്ങിയേ പറ്റൂ...''
""ഒന്നും പറ്റാതെ...?''
തർക്കങ്ങളുടെ തീയാളുന്ന തന്റെ ബോധത്തോട് അവർ തർക്കിക്കാൻ തുടങ്ങുകയാണോ ? അനുവദിച്ച് കൂടാ ... അവൻ സ്വരം ഉയർത്തി കൈ മുട്ട് രണ്ടും മേശമേൽ കുത്തി പറഞ്ഞു.
""എനിക്ക് ഉറങ്ങണം. മറ്റൊന്നും പറയാനില്ല.''

ഡോക്ടർ ഗുളിക കൊടുത്തു. ക്ലിനിക്കിൽ നിന്ന് തന്നെ വെള്ളമെടുത്ത് അവൻ ഗുളിക കുടിച്ചു. നിർത്തിയിട്ടിരുന്ന ഓട്ടോയിൽ തന്നെ വീട്ടിലേക്ക് മടങ്ങി.അൻവറിന്റെ അനിയൻ ഭയന്ന് വിറച്ച് അവന്റെയൊപ്പം ഓട്ടോയിൽ ഇരുന്നു.
ചുട്ടു പഴുത്ത തലച്ചോറിനു മുകളിലേക്ക് കട്ടിയുള്ള പുതപ്പായി ഉറക്കം നിവരുകയാണ്. നന്ദി പറയാൻ ദൈവങ്ങളില്ല. എല്ലാ ദൈവങ്ങളെയും കൊന്ന് കുഴിച്ച് മൂടിയ ഖബറുകളാണ് ഉള്ളിൽ. ആ ഖബറുകൾക്കു മുകളിൽ പാഴ്‌ച്ചെടികളാണ്.

അൻവർ ഉറങ്ങി.
രാത്രി രണ്ട് മണി മുതൽ രാവിലെ ഏഴ് മണിവരെ... അവൻ ഉണർന്ന് രണ്ട് മൂന്ന് നിമിഷം വരെ അവന്റെ ഭയം ഉറങ്ങിക്കിടന്നു. എഴുനേറ്റ് ഉടുമുണ്ട് വാരി ചുറ്റുമ്പോൾ ഉടു മുണ്ടുരിഞ്ഞിട്ട് ഉച്ചവെയിലിലൂടെ ഓടുന്ന ഭ്രാന്തൻ കുഞ്ഞുട്ടന്റെ രൂപം അൻവറിന്റെ മുമ്പിൽ തെളിഞ്ഞു. ഓട്ടങ്ങൾക്കെല്ലാം ഒടുവിൽ കുഞ്ഞുട്ടൻ തൂങ്ങിയാടിയ മരക്കൊമ്പ് തെളിഞ്ഞു.വെറും നഗ്‌നതയിലൂടെ ഒലിച്ചിറങ്ങിയ അവന്റെ തീട്ടത്തിന്റെ നാറ്റം മൂക്കിൽ വന്ന് തൊട്ടു.

അൻവർ അറിഞ്ഞു.
എന്തോ ഒന്ന്... അല്ല; ഭയം തലച്ചോറിൽ പൊട്ടിച്ചിതറുന്നു. ഭയം പല തുണ്ടുകളായി പെരുകുന്നു. കുഞ്ഞുട്ടനെ പോലെ തനിക്കും ഭ്രാന്താവുകയാണ്. ഇപ്പൊ, ഈ നിമിഷം... അടുത്ത നിമിഷം... തലയിൽ ചിതറിയ ഭയം ചെവി വഴികളിലൂടെ ഇറങ്ങി തൊണ്ടയിൽ തടഞ്ഞ് നെഞ്ചിലേക്കെത്തി അവിടം പൊള്ളിച്ച് വൈദ്യുതി കാറ്റായി വയറ്റിൽ എത്തുന്നു. വയറാകെ ഇളകി മറിയുന്നു.

അൻവർ കക്കൂസിലേക്ക് ഓടി. കക്കൂസിൽ ഇരിക്കുമ്പോൾ വാതിൽ വിടവിലൂടെ അവൻ ചെമ്പരത്തി പൂക്കൾ കണ്ടു. പൂക്കൾക്ക് നിറം നൽകുന്നത് പ്രകാശമാണോ...? ചെമ്പരത്തി ചോപ്പിന്റെ പ്രകാശ അളവ് എത്രയാണ് ? ചെമ്പരത്തികൾക്ക് അപ്പുറം തൊടിയിലെ പറങ്കിമാവുകൾ... പറങ്കിമാവുകൾ എന്ന ആ പ്രതലം ഇല്ലെങ്കിൽ ഈ ചെമ്പരത്തികളുടെ രൂപം തനിക്ക് കാണാൻ കഴിയില്ല. രൂപതല സംപ്രത്യക്ഷണ ബന്ധങ്ങൾ... അതിന്റെ കൃത്യമായ ശാസ്ത്രീയ നിയമങ്ങൾ... ചെമ്പരത്തി പൂവുകളുടെ എക്‌സ്‌റേ പ്രിന്റുകൾ ...

താൻ ആഗ്രഹത്തോടെ നോക്കിയ പെൺശരീരങ്ങൾ... ആ ശരീര ചർമ്മങ്ങളിൽ തട്ടി പ്രതിഫലിക്കുന്ന പ്രകാശം. പ്രകാശത്തിന്റെ അളവുകോലുകളായ ചുവപ്പ്... ചുവന്ന ചുണ്ടുകൾ... വയലറ്റ്. വയലറ്റിന്റെ മുല ഞെട്ടുകൾ... കറുപ്പ്. കറുത്ത തലമുടികൾ... കുഞ്ഞുട്ടന്റെ കാലിലൂടെ ഒലിച്ചിറങ്ങിയ മഞ്ഞ... അവൻ കുരുക്കിട്ട പച്ചമരക്കൊമ്പ്...

അൻവറിന് ഉറക്കെ നിലവിളിക്കണമെന്ന് തോന്നി. ഉടുതുണി കക്കൂസിൽ തന്നെ അഴിച്ചിട്ട് വാതിൽ തുറന്ന് താൻ ഓടിയേക്കുമെന്ന് അവൻ ഭയന്നു. അതെ. ഭ്രാന്ത് വരികയാണ്. ഇപ്പൊ, ഈ നിമിഷം... തൊട്ടടുത്ത നിമിഷം. നിമിഷങ്ങൾക്കിടയിൽ ഉരുളുന്ന വെളിച്ചത്തിന്റെ മണികൾ... ഭ്രാന്ത്... മുടിയഴിച്ചാടുന്ന ഉൻമാദം. പെരുവഴികളിലൂടെ ഓടുന്ന അനേകം കുഞ്ഞുട്ടൻമാർ... മരക്കൊമ്പിൽ തൂങ്ങിയാടുന്ന കുഞ്ഞുട്ടൻമാർ... അലറി വിളിക്കുന്ന കുഞ്ഞുട്ടൻമാർ... പെൺ തുടകളിലൂടെ ഒലിച്ചിറങ്ങുന്ന തീട്ടത്തിന്റെ നാറ്റം... എവിടെയാണ് ചങ്ങലകൾ കിലുങ്ങുന്നത്...?

മഴ ഒരേ താളത്തിൽ പെയ്യുകയാണ്. കാറ്റത്ത് പിടിവിട്ട് പറക്കാൻ നോക്കുന്ന കുടയെ രണ്ട് പേരും ചേർന്ന് ചരിച്ചു പിടിച്ചു.ചെരുപ്പും വസ്ത്രങ്ങളും തോളിലെ മാറാപ്പുകളും നനഞ്ഞു. നനവിനുള്ളിലും അവർ ചൂടറിഞ്ഞു.
""ഇങ്ങളെന്താ ഒന്നും മിണ്ടാത്തത്...?''

അൻവർ ഓർത്തു. കൊക്കോ തോട്ടങ്ങളുടെ ഈ കടും പച്ചകൾ പിന്നിട്ട് മടപ്പള്ളിപ്പുഴയും കടന്ന് വേണം കാറ്റ് പാറ കുന്ന് കയറാൻ.
""ഞാൻ ഓരോന്നങ്ങനെ ഓർത്ത് പോയതാണ് താഹിറാ...''
""എന്ത് ഓർത്തു...?''
""ഓരോന്ന്... പണ്ട് ഞാനിവിടെ ആയിരുന്നപ്പോൾ ഈ റോഡ് ടാറിട്ടിരുന്നില്ല. പിന്നെയീ കൊക്കോ തോട്ടങ്ങൾക്ക് പകരം രണ്ട് ഭാഗത്തും റബ്ബർ മരങ്ങളായിരുന്നു.''
""എങ്ങനെയാ റബ്ബർ വെട്ടല്...?'' താഹിറ ചോദിച്ചു. ""ഞാൻ സിനിമയിലല്ലാതെ റബ്ബർമരം കണ്ടിട്ട് തന്നെയില്ല.''
""അവിടെയെത്തട്ടെ, ഞാൻ എല്ലാം കാണിച്ച് തരാം. ''
""എല്ലാം...?''

നിശ്വാസങ്ങളുടെ താളം മാറി. ശരീരങ്ങളിലേക്ക് ചൂട് പടർന്നു. മഴ നനഞ്ഞ പച്ചപ്പുകളിൽ കാറ്റ് പിടിച്ചു. വളവ് തിരിയും മുമ്പ് തന്നെ അൻവർ, മേരി ചേച്ചിയുടെ ചായക്കടയും, അതിന് വന്ന മാറ്റങ്ങളും കണ്ടു. ഓടിന്റെ പഴയ മേൽക്കൂരയൊക്കെ പൊളിച്ച് മാറ്റി വാർപ്പിട്ടിട്ടുണ്ട്. റോഡിലേക്ക് തുറക്കുന്ന പുതിയ ജാലകമുണ്ട്. കടും പച്ചകൾക്കുള്ളിൽ ഇളം നീല വസ്ത്രങ്ങളണിഞ്ഞ് നിൽക്കുന്ന ചെറിയൊരു കെട്ടിടം. ഹോട്ടലും പലചരക്ക് കടയും കൂൾബാറുമെല്ലാം ആ ഒറ്റമുറി കെട്ടിടത്തിലാണ്. അവിടെ മേരി ചേച്ചിക്ക് കൂട്ടായി കുട്ടനാടൻ ചേട്ടനുണ്ട്. മക്കളില്ലാത്ത അവർക്ക് കച്ചവടമാണ് മക്കൾ. കച്ചവടമാണ് ജീവിതം.

മഴയായത് കൊണ്ടാവും കടയിൽ തിരക്കില്ല. ഒരു കുട്ടി ഉണക്കമീൻ വാങ്ങുന്നു. പിറകിലെ ബെഞ്ചിൽ അൻവറിന് മുഖം ഓർത്തെടുക്കാൻ കഴിയാത്ത ഒരു വൃദ്ധൻ ഇരിക്കുന്നു. അയാളുടെ കണ്ണുകൾ മേരി ചേച്ചിയുടെ പിൻഭാഗത്തിന്റെ വടിവ് നുണയുകയാണ്.അൻവർ ആ വൃദ്ധനെ നോക്കി വെറുതെ വിചാരിച്ചു. കാലം ഇല പൊഴിച്ചിട്ട ഒരു റബ്ബർമരം. ശിഖരങ്ങളുടെ ബലം നഷ്ടമായി ദ്രവിച്ച്, ഏത് സമയത്തും വീശിയേക്കാവുന്ന മരണ കാറ്റിൽ കടപുഴകാൻ കാത്തിരിക്കുന്ന മരം... ഒടുക്കത്തെ നോട്ടങ്ങളിലും ആർത്തിയുടെ പൊടിപ്പുകൾ.
കുടമടക്കി അകത്തേക്ക് കടന്ന് അൻവർ പറഞ്ഞു,
""മേരിയേച്ചിയേ... രണ്ട് ചായ...''

ഉണക്കമീൻ കിട്ടിയ കുട്ടി മഴയിലേക്ക് ഇറങ്ങി. കുട നിവർത്തി ഓടുന്നതിനിടയിൽ താഹിറാന്റെ പുതുവസ്ത്രത്തിൽ പിടിച്ച് വലിക്കാൻ അവൻ മറന്നില്ല. മേരി ചേച്ചി അവർ രണ്ടാളെയും ഒരു മാത്ര നോക്കി നിന്നു. അൻവറിനെ തിരിച്ചറിഞ്ഞപ്പോൾ അവർ അവന്റെ അടുത്തേക്ക് വന്നു.
""മോനേ... ടാ അൻവറേ...''
മേരി ചേച്ചി അവനെ കെട്ടിപ്പിടിച്ചു. താഹിറ അത് കണ്ട് അമ്പരന്ന് നിന്നു.
""എവിടുന്നാണ്ടാ വരവ് ? ആരാണ്ടാ ഇത് ?''
""ഒക്കെ പറയാം ... ചേച്ചി പിടി വിട്''

അവർ പിടി വിട്ടു. വൃദ്ധൻ ആ കാഴ്ച്ച കണ്ട് വാ പൊളിച്ച് അന്തം വിട്ട് ഇരുന്നു.
""എന്റെ കല്യാണം കഴിഞ്ഞു മേരിയേച്ചിയേ...'' അൻവർ പറഞ്ഞു.
""ഇതാണ് എന്റെ പൊണ്ടാട്ടി .പേര് താഹിറ''
മേരി ചേച്ചി അത്ഭുതത്തോടെ അതിലേറെ അവിശ്വാസത്തോടെ അൻവറിനെ നോക്കി. പിന്നെ നനഞ്ഞ് വിറച്ച് നിൽക്കുന്ന താഹിറയുടെ അടുത്തേക്ക് ചെന്നു. അവർ തന്നെയും കെട്ടിപിടിച്ചേക്കുമോന്ന് ഭയന്ന് താഹിറ അൻവറിന്റെ പിറകിലേക്ക് മാറി നിന്നു.

""എന്നിട്ടെന്നാടാ കല്യാണത്തിന് ഇവിടുന്നാരെയും വിളിക്കാഞ്ഞേ ?''
മേരി ചേച്ചി താഹിറാന്റെ കയ്യിൽ പിടിത്തമിട്ടു. മര ബെഞ്ചിൽ ഇരിക്കുമ്പോൾ അൻവർ ആ വൃദ്ധനെ സൂക്ഷിച്ച് നോക്കി. അയാളുടെ കണ്ണുകൾ ഇപ്പോൾ താഹിറാന്റെ മഴ നനഞ്ഞ ദേഹത്തിലാണ്. എന്താവും ഈ മനുഷ്യന്റെ ഉള്ളിൽ ഇപ്പോൾ ആർത്തിരമ്പുന്നത് ? താഹിറയുടെ നഗ്‌നത യോ ? താനിത് വരെ കാണാത്ത അവളുടെ രഹസ്യ ഇടങ്ങളോ ?ചായ ക്ലാസ് പിടിച്ച ആ മെല്ലിച്ച കൈകൾ വിറക്കുന്നത് അൻവർ കണ്ടു.

""കെട്ടത്തില്ലാ കെട്ടത്തില്ലാന്നും പറഞ്ഞേച്ച് ഒടുക്കം നീ നല്ലൊരു സുന്ദരി കൊച്ചിനെ തന്നെ അടിച്ചു മാറ്റിയല്ലോടാ അൻവറേ...''
അതും പറഞ്ഞ് മേരി ചേച്ചി ചിരിച്ചു. ചിരിച്ചപ്പോൾ തുളുമ്പിയ മുലക്കാഴ്ച്ചയിൽ വൃദ്ധന്റെ കൈകൾ കൂടുതൽ വിറച്ചു. മേരി ചേച്ചി താഹിറയെ പിടിച്ച് അൻവറിന്റെ അടുത്ത് ഇരുത്തി.

പാതയിലും അതിനുമപ്പുറത്തെ കൊക്കോ തോട്ടങ്ങളിലും മഴ പെയ്തു. തണുപ്പിന്റെ ആ അന്തരീക്ഷത്തിൽ താഹിറയെ ആദ്യമായി കാണും പോലെ അൻവർ ശ്രദ്ധിച്ചു നോക്കി. നിറത്തിനും വടിവുകൾക്കും മുഴുപ്പു കൾക്കും അപ്പുറം ഇവൾ സുന്ദരിയാണോ?
""അല്ല മേരിയേച്ചിയേ ... ഇവള് സുന്ദരിയാണോ ?''
""നീ കണ്ണ് പൊട്ടനാന്നോടാ...?''

മേരി ചേച്ചി താഹിറയുടെ മുടിയിൽ തഴുകി. ആകെ മൊത്തം ആ രംഗം ഇഷ്ടപ്പെടാതെ താഹിറ പറഞ്ഞു.
""ഞാൻ സുന്ദരി തന്നെയാണ്''
വൃദ്ധന്റെ വായിലെ ചായ പുറത്തേക്ക് തെറിച്ചു. അയാളുടെ കണ്ണുകളിലെ ആർത്തി ഒഴിഞ്ഞ് അവിടേക്ക് കൗതുകവും അലിവും പടരുന്നത് അൻവർ കണ്ടു.

ഉള്ളിൽ പൊട്ടിയ ചിരിയെ പുറത്തേക്കു വിടാതെ താഹിറ പറഞ്ഞു.
""ചേച്ചീ ... ചായ കിട്ടീല''
മേരി ചേച്ചി സമോവറിന്റെ അടുത്തേക്ക് നടന്നു. അതിന്റെ തീക്കനൽ വെളിച്ചത്തിൽ അവരുടെ ദേഹം കൂടുതൽ ആകർഷകമാവുന്നത് വൃദ്ധൻ ആർത്തിയോടെ കണ്ടു. അയാളുടെ നോട്ടം അവരുടെ ചന്തിയിൽ തന്നെ ഉറച്ചു. ഏതൊക്കെയോ ചലനങ്ങളുടേയും പിടച്ചിലുകളുടേയും ഓർമ്മകളിൽ ആ മരം ആടിയുലയുന്നത് അൻവർ കൗതുകത്തോടെ നോക്കി ഇരുന്നു.

നാല്

നഗരത്തിലെ പ്രശസ്തനായ സൈക്യാട്രിസ്റ്റിന്റെ ഹോസ്പിറ്റലിൽ ഊഴം കാത്തിരിക്കുമ്പോൾ അൻവറിനു ചുറ്റും വെയിലായിരുന്നു. അന്തരീക്ഷമാകെ ചൂട്... അൻവറിന്റെ അനിയൻ വേവലാതിയോടെ കൗണ്ടറിലേക്കും തിരികെ അൻവറിന്റെ അടുത്തേക്കും നടന്നു. ചുടുകാറ്റുതിർക്കുന്ന തണൽമരത്തിനു ചുവട്ടിലെ സിമന്റ് ബഞ്ചിൽ ഭയങ്ങളെയെല്ലാം ഉള്ളിലൊതുക്കി അൻവർ ഇരുന്നു.നഗരം നിലവിളികളോടെ ചുറ്റും പരക്കം പാഞ്ഞു.
അൻവറിന്റെ തൊട്ടടുത്ത് ഇരുന്ന മനുഷ്യൻ അനിയന്റെ ആ അക്ഷമയും വെപ്രാളവും കണ്ട് അൻവറിനോടു ചോദിച്ചു.
""ആരാ അത് ?''
""അതെന്റെ അനിയനാണ്.''
""എന്ത് പറ്റി അവന് ?''
""അവന് ഒന്നും പറ്റിയിട്ടില്ല. പറ്റിയത് എനിക്കാണ്.''

ആ മനുഷ്യൻ അവിശ്വാസത്തോടെ അൻവറിനെ നോക്കി. പുറമേ തികച്ചും ശാന്തനായിരിക്കുന്ന അവന്റെ ഉളളിലെ ഭയമേടുകളെയും അതിൽ മുരളുന്ന ചിന്തകളെയും കുറിച്ച് അയാൾക്ക് അറിയില്ലല്ലോ ... അയാൾ മകളെയും കൂട്ടി മറ്റൊരു ബെഞ്ചിലേക്ക് മാറിയിരുന്നു.

""അടുത്തത് ഞമ്മളാണ്.'' അനിയൻ വന്ന് പറഞ്ഞപ്പോൾ അൻവർ ചിരിക്കാൻ ശ്രമിച്ചു.
""ഞമ്മളല്ല...ഞാൻ...''

പിന്നെയും കാത്തിരിപ്പ്. ചുടുകാറ്റ്. ഒടുവിൽ ഊഴമെത്തിയപ്പോൾ അകത്തേ കുളിരിൽ ഡോക്ടർക്ക് അഭിമുഖമായി അൻവർ ഇരുന്നു. അനിയൻ അൻവറിനെ ചാരി നിന്നു.

ക്ലീൻ ഷേവ് ചെയ്ത മുഖവും തുളച്ച് കയറുന്ന നോട്ടവുമുള്ള, വെള്ള സഫാരി സ്യൂട്ടണിഞ്ഞ ഡോക്ടർ അനിയനോട് കുറേ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഏട്ടന്റെ പിടിത്തം വിട്ട വായനയുടെ കഥകൾ അനിയൻ ഡോക്ടർക്ക് വായിച്ച് കൊടുത്തു. എല്ലാം ക്ഷമയോടെ കേട്ടിരുന്നിട്ട് ഡോക്ടർ അൻവറിനോടു ചോദിച്ചു.
""കാതിൽ അശരീരി പോലെ വല്ലതും കേൾക്കുന്നുണ്ടോ ?''
""ഇല്ല'' - അൻവർ പറഞ്ഞു
""ആരെങ്കിലും ആക്രമിക്കാൻ വരുമ്പോലെ തോന്നുന്നുണ്ടോ ?''
""ഇല്ല''
""ഒ.കെ. പിന്നെ എന്താണ് അൻവറിന് ഉള്ളത് ?''
""എനിക്ക് പേടിയാണ് ഡോക്ടർ ... ''
"" എന്തിനെ? ആരെ ?''

ഡോക്ടറുടെ നോട്ടത്തെ നേരിടാൻ ആവാതെ അൻവർ തല കുനിച്ചു.
""എന്നെ തന്നെയാണ് എനിക്ക് പേടി.എനിക്ക് ... എനിക്ക് ഭ്രാന്തായിപ്പോവുമോ എന്ന പേടി.''
പിന്നെ ഡോക്ടർ ഒന്നും ചോദിച്ചില്ല. മരുന്നെഴുതിയിട്ട്, അത് താഴത്തെ മെഡിക്കൽ സ്റ്റോറിൽ നിന്ന് തന്നെ വാങ്ങണമെന്നും പതിനഞ്ച് ദിവസം മരുന്ന് കഴിച്ചിട്ട് ഒന്നുകൂടി വരണമെന്നും പറഞ്ഞ് പരിശോധന അവസാനിപ്പിച്ചു.

അനിയൻ ആശ്വാസത്തോടെ പുറത്തേക്കിറങ്ങി. അൻവറിന് ആശ്വാസമൊന്നും തോന്നിയില്ല.
ഇതാണോ സൈക്യാട്രിസ്റ്റ് ?
ഈ ചോദ്യോത്തര പരിപാടി കൊണ്ട് തന്റെ ഭയത്തെ കുറിച്ച് ഇയാൾക്ക് എന്ത് കുന്തമാണ് മനസിലായിട്ടുണ്ടാവുക ?

ഡോക്ടറോട് പറയാൻ കരുതി വെച്ചതൊക്കെയും അൻവറിന്റെ ഉള്ളിൽ കിടന്ന് വിങ്ങി. ഊഴം കാത്ത് നിൽക്കുന്നവരുടെ വരി പിന്നെയും നീണ്ട് കിടന്നു. ഇത്ര ദൂരം യാത്ര ചെയ്ത് വന്ന് ഈ ഡോക്ടറെ തന്നെ കാണണമെന്ന് വാശി പിടിച്ച എട്ടനോട് അൻവറിന് ദേഷ്യം തോന്നി.

ഇതാണോ പട്ടാളത്തിൽ നിന്നും റിട്ടയർ ചെയ്ത, ബിരുദങ്ങളുടെ അക്ഷരമാലകൾ ചുമക്കുന്ന പേര് കേട്ട സൈക്യാട്രിസ്റ്റ് ? താഴത്തെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങിയാൽ ഡോക്ടർക്കു ആ ലാഭവും കൂടി കിട്ടും. ഫീസ് തന്നെ വളരെ കൂടുതലാണ്.

അൻവറിന്റെ തടസ്സം വക വെക്കാതെ അനിയൻ അവിടുന്ന് തന്നെ മരുന്ന് വാങ്ങി. മരുന്ന് വാങ്ങുന്ന ഇടത്തും നല്ല തിരക്കായിരുന്നു. തിരികെയുള്ള യാത്രയിൽ ഉടനീളം അൻവറിന്റെ തലച്ചോറിൽ ഭയം പൊട്ടിച്ചിതറി. ചിതറിയ പൊട്ടുകൾക്ക് ഇടയിലൂടെ വെളിച്ചത്തിന്റെ മണികൾ ഉരുണ്ടു.

അഞ്ച്

കൊക്കോ തോട്ടങ്ങളുടെ അതിരിൽ നിന്ന് തെങ്ങിൻ തോപ്പിലേക്ക് കടന്നപ്പോൾ തന്നെ മടപ്പള്ളി പുഴയുടെ ജലസംഗീതം അൻവർ കേട്ടു. മഴ ഇപ്പോൾ മറ്റെവിടെയോ പെയ്യുകയാവും. താഹിറ അൻവറിനെ ചുറ്റിപ്പിടിച്ച് നടന്നു. അവരുടെ വസ്ത്രങ്ങളിൽ നിന്ന് മഴ തോർന്ന് കൊണ്ടിരുന്നു.
""എന്താ ആ ഒച്ച?'' താഹിറ ചോദിച്ചു.

അൻവർ അവളെ രണ്ടു കൈ കൊണ്ടും ചേർത്ത് പിടിച്ചു. നനഞ്ഞ വസ്ത്രങ്ങൾക്കുള്ളിൽ ശരീരങ്ങൾ പരസ്പരം ചൂടറിഞ്ഞു. പുരാതനമായ ഒരു സന്ദേശം വഹിച്ചു കൊണ്ട് രക്തം അവരുടെ സിരകളിലൂടെ പെരും പാച്ചിൽ പാഞ്ഞു. അവളുടെ ചെറിയ നെറ്റിയിൽ ചിതറി കിടക്കുന്ന മുടിയിൽ അവൻ ചുണ്ടമർത്തി. അവൾ വെറുതെ കുതറി.
""ആരെങ്കിലും കാണും മനുഷ്യാ...''

അൻവർ അത് കേട്ടില്ല. തന്റെ സിരകളിലെ രക്തസന്ദേശം ചെവിടോർത്ത് അവനവളെ വീണ്ടും ചുംബിച്ചു. അരകെട്ടിലെ രക്തത്തിന് ചൂടും വേഗതയും കൂടുന്നത് അറിഞ്ഞ് അവളെ വിടുവിച്ച് അൻവർ മാറി നിന്നു. രണ്ടാളും കിതച്ചു. മരം പെയ്തു. മുകളിൽ ആകാശം കറുത്ത് നിന്നു.

തെങ്ങിൻ തോപ്പിനപ്പുറം മടപ്പളളി പുഴയോരത്തെ കാട്ടുമരങ്ങൾക്കും അപ്പുറം കാറ്റ് പാറ കുന്ന് മഴ നനഞ്ഞ് നിന്നു. അതിന്റെ ഉച്ചിയിൽ അലത്ത് നടന്ന രാവുകൾ അൻവറിന്റെ ഉള്ളിൽ തെളിഞ്ഞു.

കിഴക്കൻ മലകളിൽ മഴ പെയ്യുന്നുണ്ടാവും.അൻവർ ഓർത്തു. പുഴ ജലത്തിന് ഒഴുക്ക് കൂടുതലാണെന്ന് അതിന്റെ ശബ്ദത്തിൽ നിന്നു തന്നെ തിരിച്ചറിയാം... തെങ്ങിൻ തോപ്പിലെ ഒറ്റയടിപ്പാത അവസാനിക്കുന്നിടത്ത് പുഴ ആരംഭിച്ചു.

ജലം ... സകലതും തച്ച് തകർത്ത് കുത്തി ഒഴുകി വരുന്ന ജലം ... മരച്ചില്ലകളെ പിടിച്ചുലക്കുന്ന കാറ്റ്... അടുത്ത മഴ വരികയാണ്. കലങ്ങി മറിഞ്ഞ് ഒഴുകുന്ന ജലം കണ്ട് താഹിറ തുള്ളിച്ചാടി.
""ന്റെ പടച്ചോനേ... എന്താ ഇത് ?''
""ഇതാണ് മടപ്പള്ളി പുഴ'' അൻവർ പറഞ്ഞു. ""മഴക്കാലമായാൽ പുഴ ഇങ്ങനെയാണ്.''

കടും ചായയുടെ നിറമുള്ള വെള്ളത്തിലൂടെ ഒരു ആട്ടിൻ കുട്ടി ഒലിച്ചുപോയി. പിന്നാലെ കുറേ തേങ്ങയും രണ്ട് മൂന്ന് അലൂമിനിയ പാത്രങ്ങളും വന്നു.
""എന്തൊക്കെയാ ഇത് റബ്ബേ ...,''
""കുരിശുമലയിൽ ഉരുള് പൊട്ടിയിട്ടുണ്ടാവും''- അൻവർ പറഞ്ഞു.
""ചത്ത പശുക്കളും ജീവനുള്ള കോഴികളും ചെലപ്പൊ ഒരു വീട് ഒന്നാകെയും ഒലിച്ച് വരും.''

പുഴക്ക് കുറുകെ കെട്ടിയ മുളമ്പാലം മൂടാൻ ഈ രാത്രിയിലെ മഴ കൂടി മതി. കുത്തിയൊലിച്ച് അലറിപ്പായുന്ന വെള്ളം കണ്ട് നിൽക്കെ അൻവറിന്റെ തലച്ചോറിൽ ഭയം പൊട്ടിച്ചിതറി. കാറ്റു പാറയിൽ ഉരുൾപൊട്ടിയാൽ...? നേരം ഇരുളുകയാണ്. കരിമ്പാറയിൽ കൊത്തിയുണ്ടാക്കിയ മുപ്പത്തിയാറ് പടവുകൾ കയറി വേണം അവിടെയെത്താൻ... വിദൂരതയിൽ നിന്നും പെയ്ത് വരുന്ന പെരുമഴയുടെ ആരവം അൻവർ കേട്ടു.

താഹിറ മുളമ്പാലത്തിലൂടെ കൈ രണ്ടും ഉയർത്തി വീശി ഓടുകയാണ്.തലയിലെ ഷോൾ എടുത്ത് അവൾ അരയിൽ കെട്ടിയിരിക്കുന്നു. അവൾക്ക് താഴെ ചത്ത പാമ്പുകൾ ഒഴുകിപ്പോയി.

അൻവർ മാറാപ്പിൽ നിന്ന് ഗുളികയെടുത്ത് വായിലിട്ടു. വായിലിട്ടാൽ മിഠായി പോലെ നുണഞ്ഞ് ഇറക്കാവുന്ന ക്ലോണോസപ്പാമിന്റെ കുഞ്ഞ് ഗുളികകൾ ...
തല കനക്കുന്നു. നെഞ്ച് കനക്കുന്നു.

താഹിറ മുളമ്പാലത്തിലൂടെ അക്കരെയിക്കരെ ഓടി കളിക്കുകയാണ്. ഓടുമ്പോൾ അവളുടെ മാറിടം കുലുങ്ങി ഉലയുകയാണ്. പുറം ചാടാൻ കൊതിക്കുന്ന ആ കൗതുകങ്ങളിൽ മുഖം ചേർക്കാൻ അൻവർ ആഗ്രഹിച്ചു.
""എന്ത് രസാണ് ഇത്...'' - താഹിറ പറഞ്ഞു.
""തൊട്ടില് ആടുമ്പോലെ ആടുന്നു''

അതെ, തൊട്ടിൽ കെട്ടുമ്പോലെ കെട്ടി ഉണ്ടാക്കിയതാണ്. അത് കൊണ്ട് തന്നെ ആ തൊട്ടിൽ അറ്റ് വീഴാം... പുഴ വെള്ളത്തിലൂടെ ഒഴുകിപ്പോവുന്ന മുളമ്പാലവും അതിൽ അള്ളിപ്പിടിച്ചിരിക്കുന്ന താഹിറയും അൻവറിന്റെ ഉള്ളിൽ ഭയമായി തെളിഞ്ഞു.

സിരകളിൽ എത്തിയ ക്ലോണോസപ്പാം പ്രവർത്തിച്ച് തുടങ്ങിയിരിക്കണം. ഇപ്പോൾ നെഞ്ചിൽ കനമില്ല.തലയ്ക്ക് ഭാരമില്ല. രാസ പഥാർത്ഥങ്ങൾക്ക് നന്ദി. ഇക്കാലമത്രയും തനിമ ചോരാതെ കാലം കാത്തു വെച്ച ഈ കാഴ്ച്ചകൾക്കും നന്ദി.
""ഇങ്ങട്ട് വെരീ മന്ഷ്യാ...''

താഹിറ അൻവറിന്റെ കയ്യിൽ പിടിച്ച് വലിച്ചു.അവർ രണ്ടാളും മുളമ്പാലത്തിലൂടെ നടന്നു. പകുതി ദൂരമെത്തിയപ്പോൾ ആർപ്പുവിളിയോടെ പാലം കുലുക്കി കൊണ്ട് താഹിറ ഓടി.

മഴ പെയ്തു.
മഴ അലറി ചിരിച്ചു.ചുറ്റും മഴയുടെ ചിരി മാത്രം... മഴ നനയുന്ന പച്ചകൾ... മഴ നനയുന്ന പുഴ... മഴ നനയുന്ന താഹിറ... മഴ നനയുന്ന മലകൾ... കരിമ്പാറകൾ. കുലുങ്ങുന്ന പാലത്തിന്റെ കൈവരിയിൽ പിടിച്ച് താഴേക്ക് നോക്കാതെ അവർ പതിയെ നടന്നു.

""ഇങ്ങളിത്രക്ക് പേടിത്തൂറിയാണോ?''
താഹിറ ഉറക്കെ ചിരിച്ചു.അൻവർ ഓർത്തു. ഒരു കാലം ഈ ഒഴുക്ക് മുറിച്ച് താൻ നീന്തിയിരുന്നു.പലപ്പോഴും സഞ്ചി പിടിച്ച കൈ മുകളിലേക്ക് ഉയർത്തി മറ്റേ കൈ കൊണ്ട് തുഴഞ്ഞ്...

ആ കാലം തന്റെ തലച്ചോറിൽ എവിടെയാണ്? അന്നത്തെ ജീവിതം എവിടെയാണ്? റംലയുടേയും റീത്തയുടെയും ശരീരങ്ങളെ നഗ്‌നമാക്കിയ സ്വയം ഭോഗത്തിന്റെ ആ അന്തരീക്ഷം എവിടെയാണ്? കര ചലനങ്ങളുടെ വേഗത ക്കായി താൻ തീർത്ത സ്വപ്ന രംഗങ്ങൾ എവിടെയാണ്? അതൊന്നും താൻ ജീവിച്ച ജീവിതമല്ലേ? അതോ എല്ലാം തന്റെ തോന്നലുകൾ മാത്രമായിരുന്നോ?

ഇപ്പോൾ പെയ്യുന്ന ഈ മഴയും ഈ അന്തരീക്ഷവും മഴ നനഞ്ഞ ഈ പെൺശരീരവും ഈ ജലസംഗീതവുമൊക്കെ വെറും തോന്നലുകൾ മാത്രമാണോ?
എന്തൊക്കെയാണ് താൻ ചിന്തിക്കുന്നത്...?

താഹിറ മുമ്പിലുണ്ട്. ചുറ്റും മഴ പെയ്യുന്നുണ്ട്. മടപ്പള്ളി പുഴ കലങ്ങി മറിഞ്ഞ് ഒഴുകുന്നുണ്ട്. കാറ്റ് പാറ കുന്നിന് മുകളിൽ തങ്ങൾക്ക് പാർക്കാനുള്ള വീടുണ്ട്. അവിടെ കുട്ടനാടൻ ചേട്ടൻ തയാറാക്കി വെച്ച ഭക്ഷണമുണ്ട്. എല്ലാം ഉണ്ട്.

ഉണ്ട് ... ഉണ്ട്... എന്നതു തന്നെ ഒരു തോന്നലാണെങ്കിലോ ?അൻവർ തല കുടഞ്ഞു. ചിന്തകളും ഭയവും തെറിച്ച് പോയില്ല.മാറാപ്പിൽ നിന്ന് ക്ലോണോസപ്പാമിന്റെ മറ്റൊരു മിഠായി ഗുളിക കൂടി എടുത്ത് അൻവർ വായിലേക്ക് ഇട്ടു.

രാസ പഥാർത്ഥങ്ങൾ കൊണ്ടു മാത്രം കിട്ടുന്ന ധൈര്യം... സ്ഥിര ബോധം... പണ്ട് ഈ മുളമ്പാലത്തിലൂടെ ഓടിയിരുന്ന തനിക്കും, ഇപ്പോൾ ഈ കൈവരിയിൽ പിടിച്ച് അരിച്ചരിച്ച് നീങ്ങുന്ന തനിക്കും ഇടയിലെ ദൂരങ്ങളിൽ ഏത് തീമഴയാണ് പെയ്ത് തോർന്നത്...?

അക്കരെ എത്തിയപ്പോൾ അൻവർ പറഞ്ഞു.
""മതി താഹിറാ ... നേരം ഇരുട്ടുന്നു. വീടെത്തണമെങ്കി കുന്ന് കയറണം.''
""അതിനെന്താ? കയറാലോ...''
""അതല്ല , കുറേ നേരം വേണം കുന്നിന് മുകളിലെത്താൻ...''
അൻവറിന്റെ ശബ്ദത്തിലെ ഭയം താഹിറാക്ക് കൗതുകമായി മാറി.

ആറ്

നഗരത്തിലെ വെള്ള സഫാരി സ്യൂട്ട് കാരനെ മൂന്ന് തവണ കണ്ട് മരുന്ന് വിഴുങ്ങിയിട്ടും അൻവറിന്റെ ഭയത്തിന് മാറ്റമൊന്നും ഉണ്ടായില്ല.
അപ്പഴാണ് ഡോക്ടർ അവിടെ അഡ്മിറ്റാവാൻ വിധിച്ചത്. ആ ഒന്നര മാസം കൊണ്ട് തന്നെ അൻവറിന്റെ ശരീരമാകെ മറ്റൊരു വ്യവസ്ഥയിലേക്ക് കളം മാറിയിരുന്നു. അവന്റെ ശരീരമാകെ തടിച്ച് ചീർത്തു. എപ്പോഴും ദാഹം... തീരാത്ത വിശപ്പ്... കൈ കാലുകൾ തനിയെ വിറച്ചു. നടത്തം ഒരു യന്ത്രമനുഷ്യന്റെതായി മാറി.

ചുറ്റുമുള്ള ഒന്നും തന്നെ അവനെ ആകർഷിച്ചില്ല. വഴിയോര പൂക്കളോടും പച്ചപ്പുകളോടുമുള്ള സൗഹൃദം നഷ്ടമായി. യൗവനത്തിന്റെ ഉച്ചവെയിലിൽ ആയിരുന്നിട്ടും പെൺ ശബ്ദങ്ങളോ പെൺശരീരങ്ങളോ അവനെ ആകർഷിച്ചില്ല. ഉള്ളിലെ ഭയത്തിനു മേൽ മരവിപ്പിന്റെ കരിമ്പടം വീണ പോലെ... ശ്വാസം കിട്ടാതെ പിടയുന്ന ഭയം ആ കരിമ്പടം ചുഴറ്റിയെറിഞ്ഞ് പലപ്പോഴും പുറത്തേക്ക് ചാടി.

ഹോസ്പിറ്റലിലെ പതിമൂന്നാം നമ്പർ മുറിയിൽ അൻവർ കിടന്നു. ഏട്ടനും അനിയനും മാറി മാറി അവന് കൂട്ടിരുന്നു.ഉമ്മ മകന്റെ അസുഖം മാറാൻ ഏത് നേരവും ദൈവത്തോട് പ്രാർത്ഥിച്ചു.

ദൈവങ്ങളുടെ ഖബറിടങ്ങൾ നെഞ്ചിൽ ചുമന്ന് അൻവർ മയങ്ങി. ഉറക്കത്തിനും മയക്കത്തിനും ഇടയിലെ നേർത്ത നൂൽപ്പാലത്തിലൂടെ അവൻ സഞ്ചരിച്ചു.
പുറത്ത് നഗരം നിലവിളികളോടെ അലറി പാഞ്ഞു. ചില്ല് ജാലകത്തിനപ്പുറം നഗരത്തിന്റെ പക്ഷികൾ അളന്നിട്ട ആകാശങ്ങൾക്ക് തീപിടിച്ചു. ചിറക് കരിഞ്ഞ് പൊഴിഞ്ഞ് വീഴുന്ന പറവകൾ... സിരകളെ തളർത്തിയിട്ട രാസ പദാർത്ഥങ്ങൾ...

രാവിലെ ഡോക്ടർ പരിശോധിക്കാൻ വരുന്നത് പതിനൊന്ന് മണിക്കാണ്. ഉണർന്നയുടൻ ഒരു ക്ലാസ് പച്ച വെള്ളത്തിൽ മൂന്ന് ഗുളികകൾ വിഴുങ്ങി കഴിഞ്ഞാൽ പിന്നെ ഡോക്ടർ വന്ന് പരിശോധിക്കും വരെ ഒന്നും തിന്നാൻ പാടില്ല.

വയറിലെത്തിയ രാസ പദാർത്ഥങ്ങൾ ആമാശയവും കുടലും കരിയിച്ച് കളയുന്നത് അൻവർ അനുഭവിച്ച് തന്നെ അറിഞ്ഞു. വിശപ്പ്... വിശപ്പ് മാത്രം. നിലവിളിക്കുന്ന വിശപ്പ്. എല്ലാ ഇന്ദ്രിയങ്ങളും അവയുടെ ഗുണങ്ങളും വിശപ്പെന്നെ ഒറ്റ പ്രേരണയിലേക്ക് ചുരുങ്ങുമ്പോൾ ഭയം ഇല്ലാതെയാവുന്ന സൂത്രവിദ്യയാണ് ഡോക്ടർ തന്നിൽ പ്രയോഗിക്കുന്നതെന്ന് അവൻ തിരിച്ചറിഞ്ഞു. ചിന്തകൾ ഒന്നിലും ഉറച്ച് നിന്നില്ല. അല്ലെങ്കിൽ ഒന്നും ചിന്തിക്കാനേ കഴിഞ്ഞില്ല. വിശപ്പിനു മുമ്പിൽ മറ്റെല്ലാം ഓടിയകലുന്നു. എന്തെങ്കിലും തിന്നാൻ കിട്ടിയാൽ മതി എന്ന ഒറ്റ ചിന്തയിലേക്ക്, ഡോക്ടർ പരിശോധിക്കാൻ വരുന്ന ആ സമയത്തിലേക്ക് അൻവർ ഇഴഞ്ഞ് നീങ്ങി.

യാതൊരു ലജ്ജയുമില്ലാതെ വെള്ള സഫാരി സ്യൂട്ടിന്റെ അഹങ്കാരത്തിൽ ഡോക്ടർ ചോദിച്ച് കൊണ്ടേ ഇരുന്നു.
""കാതിൽ അശരീരി പോലെ വല്ലതും കേൾക്കുന്നുണ്ടോ ?''
""ആരെങ്കിലും ആക്രമിക്കാൻ വരുംപോലെ തോന്നുന്നുണ്ടോ ?''

ആദ്യമൊക്കെ അതിനുള്ള ഉത്തരമായി അൻവർ ഇല്ല എന്ന് തന്നെ മറുപടി പറഞ്ഞു. അറിവിന്റെ അഹങ്കാരത്തിൽ ഡോക്ടർ അതേ ചോദ്യങ്ങൾ തന്നെ ആവർത്തിച്ചപ്പോൾ, തുളച്ച് കയറുന്ന ആ നോട്ടത്തെ നേരിട്ട് കൊണ്ട് അൻവർ പറഞ്ഞു.
""ഡോക്ടർ എന്നും ഇത് ചോദിച്ച് കൊണ്ടേയിരിക്കുന്നതിനാൽ ഇത് എന്റെ കാതിൽ അശരീരിയായി മാറുന്നുണ്ട്.രാത്രിയിലൊക്കെ ഈ ചോദ്യങ്ങൾ ചെവിയിൽ മുഴങ്ങാറുണ്ട്.''

ഡോക്ടർക്ക് അവന്റെ കണ്ണുകളെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. രണ്ട് ദിവസവും ഇതേ മറുപടി തന്നെ കിട്ടിയപ്പോൾ പത്തിയിൽ അടി കിട്ടിയ പാമ്പിനെ പോലെ ഡോക്ടർ ആ ചോദ്യങ്ങളിൽ നിന്ന് പിൻവാങ്ങി.

നിലവിലെ മരുന്നുകളുടെ കൂടെ മറ്റൊരു ചികിത്സ കൂടി ഡോക്ടർ അൻവറിന്റെ ഏട്ടനോട് പറഞ്ഞു. ഏട്ടൻ അതിന് മറുപടി പറയാതെ അൻവറിന്റെ അടുത്തേക്ക് വന്നു.
""എടാ അന്റെ തലയ്ക്ക് കറന്റടിക്കണം ന്നാണ് അയാള് പറഞ്ഞത്.''
മരവിപ്പിന്റെ കരിമ്പടങ്ങളെ ചുഴറ്റിയെറിഞ്ഞ് ഭയം അൻവറിന്റെ തലയിൽ പൊട്ടിച്ചിതറി.

ആകാവുന്നത്ര ശക്തിയിൽ അവൻ പറഞ്ഞു.
""അയാളുടെ തലയ്ക്കാണ് കറന്റ് അടിക്കേണ്ടത്. നായിന്റെ മോൻ...''

സിനിമകളിൽ മാത്രം കണ്ടിട്ടുള്ള കറന്റടിയുടെ രംഗങ്ങൾ അൻവറിന്റെ ഉള്ളിൽ തെളിഞ്ഞു. വായിലേക്ക് തിരുകി വെക്കുന്ന സ്റ്റിക്ക്... അമർത്തപ്പെടുന്ന ചുവന്ന ബട്ടൺ...

ഏട്ടൻ അവനെ ചേർത്ത് പിടിച്ചു. അനിയൻ അൻവറിന്റെ ഭാവമാറ്റത്തിൽ ഭയന്ന് പിൻമാറി. ചില്ലുജാലകത്തിനപ്പുറം തീ പിടിച്ച ആകാശം വിണ്ട് കീറി. വാലിന് തീപിടിച്ച മയിലുകൾ ആ വിടവിലൂടെ കരഞ്ഞ് കൊണ്ട് പറന്നു. നഗരമാകെ കത്തിയെരിഞ്ഞു. ഹോസ്പിറ്റലിനും തീ പിടിച്ചു. തിരമാലകൾ പോലെ ആർത്തലച്ച് വരുന്ന തീ നാളങ്ങളെ കണ്ട് അൻവർ കട്ടിലിൽ നിന്ന് എഴുന്നേറ്റു. ഏട്ടൻ അവനെ ബലമായി പിടിച്ച് വെച്ചു.

""കറന്റടിക്കണ്ട പിരാന്തൊന്നും അനക്ക് ഇല്ലടാ... ഞമ്മക്ക് ഇവിടന്ന് പോവാം...''
ഡിസ്ചാർജ് ചെയ്യാൻ വെള്ള സഫാരി സ്യൂട്ടിന്റെ അഹന്തയ്ക്ക് ഏട്ടൻ സമ്മതപത്രം എഴുതി ഒപ്പിട്ട് കൊടുത്തു. എന്നിട്ടും ഡിസ്ചാർജ് ഷീറ്റിൽ അയാൾ മരുന്നുകൾ കുറിച്ചു. എന്നിട്ട് അത് അവിടുത്തെ മെഡിക്കൽ സ്റ്റോറ്റിൽ നിന്ന് തന്നെ വാങ്ങണമെന്ന് ഏട്ടനോട് പറഞ്ഞു. അത് കേട്ടപ്പോൾ അൻവർ ഏട്ടന്റെ ബലത്തിൽ പിടിച്ച് ഉറക്കെ അലറി.
""നിന്റെ തന്തയുടെ കടയിൽ നിന്നാണ് മരുന്ന് വാങ്ങാൻ പോവുന്നത്...''

പറഞ്ഞ് കഴിഞ്ഞപ്പോൾ അൻവർ ഭയന്നു. പക്ഷേ ഡോക്ടറും നഴ്‌സും മറ്റ് ജീവനക്കാരും വായും പൊളിച്ച് നിന്നു. ഡോക്ടറുടെ തന്തയ്ക്ക് വിളിക്കുന്ന മുഴുഭ്രാന്തനായ അൻവറിനെ മറ്റു രോഗികൾ ഭയത്തോടെ നോക്കി .

ഏഴ്

കുത്തനെയുള്ള കരിമ്പാറ കണ്ടപ്പോൾ തന്നെ താഹിറാക്ക് പേടി തോന്നി. മുകളിൽ നിന്ന് കുത്തിയൊലിച്ച് വരുന്ന മഴവെള്ളം...കരിമ്പാറയിൽ കൊത്തിയുണ്ടാക്കിയ പടവുകൾ ... മുകളിൽ എവിടെയോ കെട്ടി താഴേക്കിട്ട കയറ്... ആ കയറിൽ പിടിച്ച് വേണം പടവുകൾ കയാറൻ എന്ന് അൻവർ പറഞ്ഞപ്പോൾ അവളുടെ പേടി കൂടി.

ഉള്ളിലെ ഭയത്തെ അടക്കിപ്പിടിച്ച് അൻവർ പറഞ്ഞു.
""നീ ആദ്യം കയറിക്കോ ഞാൻ നിന്റെ പിന്നാലെ കയറാം...''
കാൽപ്പാടുകൾ മറന്ന പടവുകൾ പായൽ പിടിച്ച് കിടന്നു. കയറിൽ പിടിച്ച് ആദ്യത്തെ പടവിൽ ചവിട്ടിയതും താഹിറ തെന്നി വീഴാൻ പോയി. അവളെ താങ്ങിപ്പിടിച്ച് അൻവർ പറഞ്ഞു.
""വഴുക്കലുണ്ടാവും. കയറിൽ മുറുക്കി പിടിച്ചോ...''
""കയറ് പൊട്ടിയാലോ ?''- താഹിറ കരച്ചിലിന്റെ വക്കത്ത് എത്തി .
""കയറൊന്നും പൊട്ടില്ല താഹിറാ...''

സകല അമ്പിയാ ഔലിയാക്കളെയും വിളിച്ച് പ്രാർത്ഥിച്ചു കൊണ്ട് താഹിറ പടവുകൾ കയറി. അവളുടെ മുടിയിൽ നിന്ന് പെയ്ത മഴയിൽ അൻവറിന്റെ മുഖം നനഞ്ഞു. മഴ നിശബ്ദമായി പെയ്തു. കരിമ്പാറയിലൂടെ മഴ ജലം മടപ്പള്ളി പുഴയിലേക്ക് ഒഴുകി.

കുറേ പടവുകൾ കയറിയപ്പോൾ താഹിറ നിന്ന് കിതച്ചു.
""ഇനി കുറച്ച് നിന്നിട്ട് കയറിയാ മതി'' അൻവർ പറഞ്ഞു.
""വേണ്ട ഞമ്മക്ക് വേം കയറാം.'' അവളുടെ പേടി പകുതിയും മാറിയിരുന്നു.

മുകളിൽ മരങ്ങൾ കാറ്റടിച്ച് ഉലഞ്ഞു. ചില്ലകൾ ചിലത് അടർന്ന് വീണു.ഇരുവശത്തുമുള്ള കാട്ട് മരങ്ങൾ മഴ കൊണ്ടു. രാത്രിയുടെ ചെറുജീവികൾ ഉണരാൻ തുടങ്ങി. വിചിത്രമായ ആ സംഗീതം മഴയുടെ പെരും ശബ്ദത്തിൽ ലയിച്ച് ചേർന്നു.

അൻവറിന്റെ മുഖം അവളുടെ മഴ നനഞ്ഞ മുതുകിൽ ഉരഞ്ഞു.പുതുവസ്ത്രത്തിന്റെ മണത്തിനുള്ളിലൂടെ അവളുടെ മണം അൻവറിനെ തൊട്ടു.

തണുപ്പിന്റെ കാറ്റുകൾ...
വഴുക്കുന്ന പടവുകൾ. കാലൊന്ന് തെന്നിയാൽ..? അൻവർ പിറകിലേക്ക് തിരിഞ്ഞു നോക്കാൻ ഭയന്നു.

താഴെ...
മടപ്പളളി പുഴ ഒഴുകി. താഹിറ തിരിഞ്ഞു നോക്കി. അവളുടെ വയറ് അൻവറിന്റെ മുഖത്ത് അമർന്നു.പുഴയിലൂടെ കടപുഴകിയ മരങ്ങൾ ഒഴുകിപ്പോയി. അന്തരീക്ഷം ഇരുളുകയാണ്. ആ ബോധം ഉണ്ടായപ്പോൾ താഹിറ വേഗം ബാക്കിയുള്ള പടവുകൾ കയറി. അവളുടെ ഒപ്പമെത്താനാവാതെ അൻവർ കിതച്ചു.

പടവുകളെല്ലാം കയറി മുകളിൽ എത്തിയപ്പോൾ പരന്ന പാറയിൽ ഇരുന്ന് രണ്ടാളും താഴെക്ക് നോക്കി. താഴെ... താഴേക്കും താഴെ... വെറും ചുള്ളിക്കമ്പുകളായി ചുരുങ്ങിയ കൂറ്റൻ മരങ്ങൾ... തീരെ ചെറുതായിപ്പോയ മടപ്പള്ളി പുഴ...
രണ്ട് പേരും വിശപ്പറിഞ്ഞു.

""ഇനിയും കുറേ പോണോ ? ''

""ഏയ്... ഇനി പോവാനില്ല .ആ കാണുന്നതാണ് ... ''

താഹിറ കണ്ടു. മഴ നനഞ്ഞ പച്ചപ്പുകൾക്ക് നടുവിൽ ചെറിയൊരു ഓല വീട്.

വീട്ടിലേക്കുള്ള പടവുകൾ കയറുമ്പോൾ അവിടെയിരുന്ന് താൻ എഴുതി കത്തിച്ച് കളഞ്ഞ കവിതകൾ അൻവർ ഓർത്തു. വെളിച്ചം കാണാതെ പോയ വരികൾ. വായനക്കാരില്ലാത്ത വാക്കുകൾ...

...ഇത് എന്റെ ഗർഭപാത്രം. ഇതിനുള്ളിൽ ഞാൻ ജീവിതമറിയുന്നു. ഈ നനുത്ത ഭിത്തികൾക്കപ്പുറം മറ്റൊരു ലോകമുണ്ടെന്ന് നിങ്ങളെന്നോട് പറയരുത്. ആ ലോകം എനിക്ക് അന്യമാണ്. നിറയെ വെളിച്ചമാണ് ആ ലോകത്തിൽ വെളിച്ചത്തെ ഇരുളാക്കുന്ന സുഖ സ്വപ്നങ്ങളിലാണ് ഞാൻ...

എന്തൊകെയാണ് താൻ അന്നൊക്കെ എഴുതിയത് ?
അൻവർ ഓർത്തു.പെരുമഴ പോലെ ഉള്ളിൽ പെയ്യാൻ തുടങ്ങുന്ന ആ അർത്ഥരഹിതമായ കവിതകളെയൊക്കെ തെറിപ്പിച്ച് കളയാനായി അൻവർ തല കുടഞ്ഞു.

താഹിറ ചുറ്റും നോക്കി കണ്ടു. അടുത്തെങ്ങും മറ്റൊരു മനുഷ്യജീവി പോലുമില്ല. വീടില്ല. മഴയുടെ മറവിനപ്പുറം മലകൾ... മലകൾക്കും അപ്പുറം പിന്നെയും മലകൾ... മഴയുടെ ശബ്ദമില്ലെങ്കിൽ ഇവിടം എങ്ങനെയായിരുക്കുമെന്ന് അവൾ സങ്കൽപ്പിക്കാൻ ശ്രമിച്ചു നോക്കി.

""ഈ പെരീലാ ഇങ്ങള് ഒറ്റയ്ക്ക് അഞ്ചെട്ട് കൊല്ലം ജീവിച്ചത് ? ''

അതെ എന്ന അർത്ഥത്തിൽ അൻവർ തലയാട്ടി. വരാന്തയിൽ കുട്ടനാടൻ ചേട്ടൻ കൊളുത്തി വെച്ച റാന്തലിന്റെ തിരി നീട്ടി ഇറയത്ത് നിന്ന് താക്കോലെടുത്ത് അൻവർ വാതിൽ തുറന്നു.

അകത്തെ കുളിരിലേക്കും ഇരുളിലേക്കും പരക്കുന്ന വെളിച്ചം കണ്ട് നിൽക്കെ അൻവറിന് കരയണമെന്ന് തോന്നി. ഈ ഇരുട്ടിലും വിജനതയിലും ജീവിച്ച കാലത്തെ ഓർത്ത്... അന്നത്തെ കനവുകളെ ഓർത്ത്... കൈ കുമ്പിളിലൂടെ ചോർന്ന് പോവുന്ന ജീവിതമെന്ന മണൽ തരികളെ ഓർത്ത്... ഉള്ള് നിറയെ ഭയവുമായി ഇവിടെ ഇപ്പോൾ നിൽക്കുന്നത് ഓർത്ത്... നഷ്ടമായ വസന്തങ്ങളെ ഓർത്ത്... എഴുതി മായ്ച്ച കവിതകളെ ഓർത്ത്...

നെഞ്ച് കനക്കുന്നു. തൊണ്ടയിൽ എന്തോ തടയുന്നു. ഇവിടെ ഈ മൺ തറയിൽ കമഴ്ന്ന് കിടന്ന് ലോകമറിയുന്ന കവിയാവാൻ വിരൽ പൊള്ളി എഴുതിയ കവിതകളെ ഓർത്ത് അവൻ വേദനിച്ചു. ഒരു വരി പോലും വെളിച്ചം കാണാതെ പോയ ആ കവിതകളിൽ എന്തൊക്കെയോ ഉണ്ടായിരുന്നു. വെറും സ്വപ്നങ്ങൾ എങ്കിലും ഉണ്ടായിരുന്നു.

""ഇന്റെ വയറ് കത്ത്ണ് ണ്ട് '' - താഹിറ പറഞ്ഞു.

അടുക്കളയിൽ കുട്ടനാടൻ ചേട്ടൻ എല്ലാം ഒരുക്കി വെച്ചിട്ടുണ്ട്.

""ഇനിയെന്തായാലും കുളിക്കണ്ടല്ലോ '' _ അൻവർ പറഞ്ഞു. ""ഡ്രസ്സൊക്കെ മാറിയിട്ട് നമുക്ക് കഴിക്കാം ''

പുറത്ത് മഴ , മഴക്ക് മാത്രം കഴിയുന്ന സംഗീതം പൊഴിച്ചു.

എട്ട്

വെള്ള സഫാരി സ്യൂട്ട് കാരന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷം ഒരു വർഷത്തോളം പല പല സൈക്യാട്രിസ്റ്റുകളുടെ അടുത്തായി അൻവർ അലഞ്ഞു.

വിചിത്രമായ പേരുകൾ ഉള്ള മരുന്നുകൾ... പല വർണ്ണങ്ങളിൽ പൊതിഞ്ഞ ആ മരുന്നുകളൊന്നും അൻവറിന്റെ ഭയത്തിന് മാറ്റമുണ്ടാക്കിയില്ല. ശരീരവും മനസും തളർന്ന് വികാര വിചാരങ്ങളില്ലാതെ , കവിതകളില്ലാതെ , അമിതമായി ഭക്ഷണം കഴിച്ച് അവൻ തടിച്ച് ചീർത്തു.

സ്വയം ഭോഗത്തിന്റെ ഇരുണ്ട ശൂന്യതയിലേക്ക് രൂപങ്ങൾ കടന്ന് വന്നില്ല. സ്ത്രീ എന്നത് വെറും ശരീരമായി ചുരുങ്ങി.നഗ്‌നവും അല്ലാത്തതുമായ ശരീരങ്ങൾ. മുഴു ശരീരങ്ങളല്ല, വെറും അവയവങ്ങൾ. മാംസത്തിന്റെ ഓഹരികൾ .ഉള്ളിലെ ഹരിതാഭകളെല്ലാം കരിഞ്ഞുണങ്ങി. മഴയോ വെയിലോ മഞ്ഞോ മരണമോ ഒന്നും അവനിൽ യാതൊരു ചലനവും ഉണ്ടാക്കിയില്ല.

രാവും പകലും അവൻ മയങ്ങി. നടന്നു കൊണ്ട് ഉറങ്ങി. സിനിമാശാലകളിലും തൊഴിലിടങ്ങളിലും ഇരുന്ന് അവൻ ഉറക്കം തൂങ്ങി. കൈ കാലുകൾക്ക് ബലം നഷ്ടമായി. ഭയത്തിന്റെ തീവ്രത കുറഞ്ഞ് ജീവിതം തന്നെ വലിയൊരു ഭയമായി മാറി.

ഒടുവിൽ കണ്ട ന്യൂറോ സൈക്യാട്രിസ്റ്റ് ശാന്ത സ്വഭാവക്കാരനായിരുന്നു. അൻവർ പറഞ്ഞതെല്ലം ഏറെനേരം ക്ഷമയോടെ കേട്ടിരുന്നു. അയാളുടെ മേശപ്പുറത്ത് മെഡിക്കൽ ജേർണലുകൾക്കൊപ്പം സാഹിത്യ മാസികകളും പരന്ന് കിടന്നു. അവർ രണ്ട് പേരും കവിതകളെ കുറിച്ച് സംസാരിച്ചു. അവൻ എഴുതിയ കവിതകളിൽ നിന്ന് ഓർമ്മയുള്ളത് ചൊല്ലിച്ച് ഡോക്ടർ അത് കേട്ടിരുന്നു.

""തലച്ചോറെന്ന മഹാ വിസ്മയത്തിന്റെ പ്രവർത്തനം മുഴുവൻ പഠിച്ചിട്ടല്ല ഞാൻ നിന്റെ മുമ്പിൽ ഇരിക്കുന്നത്'' - ഡോക്ടർ പറഞ്ഞു.

""നിനക്ക് അറിയുന്നത്ര പോലും എനിക്ക് നിന്റെ മനസിനെ കുറിച്ച് അറിയില്ല. പക്ഷേ ചില മരുന്നുകൾ നിനക്ക് വേണ്ടി എഴുതാൻ എനിക്ക് കഴിയും. ഞാനത് എഴുതി തരാം. താൻ കഴിച്ച് നോക്കൂ ... ''

ആ മരുന്നുകൾ അവനെ മയക്കി കിടത്തിയില്ല. രണ്ട് തവണത്തെ സന്ദർശനം കൊണ്ട് തന്നെ അവർ സൗഹൃദത്തിലായി. ആ സൗഹൃദ സംഭാഷണങ്ങൾക്കായി അൻവർ കാത്തിരുന്നു. അവന് പറയാനുള്ളതെല്ലാം അയാൾ എപ്പോഴും കേട്ടിരുന്നു.

""വിഷാദം ഒരു രോഗമല്ല '' - ഡോക്ടർ അൻവറിനോട് പറഞ്ഞു.
""പക്ഷേ അതൊരു മനോഭാവമാണ്. അതിനെ നമുക്ക് രോഗമായി കരുതി മരുന്നുകൾ കൊണ്ട് മാറ്റിയെടുക്കാം ...''

മറ്റ് ഡോക്ടർമാർ ഒക്കെ വായനയും എഴുത്തും വിലക്കിയപ്പോൾ ഈ ഡോക്ടർ അവനോട് എഴുതാനും വായിക്കാനും പറഞ്ഞു. വായനയെ പരത്തി വിടാതെ ഫിക്ഷനിൽ മാത്രം ശ്രദ്ധിക്കാൻ പറഞ്ഞു.

കത്തി കരിഞ്ഞ തലച്ചോറിൽ പുതിയ നമ്പുകൾ മുളച്ചു. അഞ്ചാമത്തെ സന്ദർശനത്തിലാണ് ഡോക്ടർ പറഞ്ഞത്.
"അൻവർ ഒരു കല്യാണം കഴിക്കണം'.

മറ്റെല്ലാ സൈക്യാട്രിസ്റ്റുകളും ആദ്യമേ പറഞ്ഞ കാര്യമായിരുന്നു അത്. വീട്ടുകാർ എന്നോ പറഞ്ഞ് തുടങ്ങിയതാണ്. പറഞ്ഞ് മടുത്ത് ഉമ്മ ഇപ്പൊ ആ കാര്യം തന്നെ അവനോട് പറയാറില്ല.

""ജീവിതം എന്നത് അങ്ങനെ ചിലത് കൂടിയാണ്.'' - ഡോക്ടർ പറഞ്ഞു.
""കല്യാണം കഴിച്ചാൽ നിന്റെ ജീവിതം പഴയപടിയാവുമെന്ന് ഞാൻ ഉറപ്പ് പറയില്ല. പക്ഷേ ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് നല്ല മാറ്റം ഉണ്ടാവും.''

""മാറ്റം ഉണ്ടാവുമോ ?''

അടുക്കളയിലെ റാന്തൽ വെളിച്ചത്തിലിരുന്ന് അവർ ഭക്ഷണം കഴിക്കുകയായിരുന്നു.

""എന്ത് മാറ്റം ?'' - താഹിറ അമ്പരപ്പോടെ അവനെ നോക്കി.

""ഏയ്... ഞാൻ ഓരോന്നങ്ങനെ ഓർത്ത് പോയതാണ്''

""അൻവറിന് എപ്പഴും ഓർക്കലാണ് പണി. എന്താ ഇത്ര മാത്രം ഓർക്കാന് ള്ളത് ?''

അൻവർ ചിരിക്കാൻ ശ്രമിച്ചു. ചില്ല് കൂട്ടിനുള്ളിൽ എരിയുന്ന തീ നാളം നോക്കിയിരിക്കെ അൻവർ ഓർത്തു. ഒരു
രണ്ട് വർഷം മുമ്പ്, താനിങ്ങനെ ഭാര്യയുമൊത്ത് ഇവിടെ ഇരിക്കുമെന്ന് ആരെങ്കിലും തന്നോട് പറഞ്ഞിരുന്നെങ്കിൽ താനവരെ കളിയാക്കി ചിരിച്ചേനേ...
ചിരിയും പരിഹാസവും അഹന്തയും ആത്മവിശ്വാസവും വെടിഞ്ഞ് താനിതാ ഇവിടെ ഇരിക്കുന്നു. ഭയക്കുമ്പോൾ കഴിക്കാനുള്ള മരുന്നുകളുമായി...

""ഇങ്ങളിങ്ങനെ ഓരോന്ന് ഓർത്തിരിക്കുന്നത് കാണുമ്പൊ ഇന്ക്ക് പേടി ആവാണ്''

അവർ ഭക്ഷണം കഴിച്ച് കഴിഞ്ഞിരുന്നു. ഒലപ്പഴുതുകളിലൂടെ കാറ്റ് അകത്തേക്ക് വന്നു. മഴയുടെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല. ആകാശത്തിന്റെ കണ്ണ് നീരായി മഴ പെയ്ത് കൊണ്ടേയിരുന്നു. ഇളം റോസ് നിറമുള്ള നൈറ്റിയണിഞ്ഞ് താഹിറ നിന്നു. ആ സുതാര്യതയ്ക്കുള്ളിലെ മുഴു ശരീരവും തന്റെ വിരൽ സ്പർശം കാത്തിരിക്കുകയാണെന്ന് അവന് തോന്നി.

ഒൻപത്

മഴ തോർന്നു.
കുന്നിന് മുകളിൽ മരങ്ങൾ പെയ്തു. കരിയിലകളിൽ വീഴുന്ന മഴ ജലത്തിന്റെ സുഖ സംഗീതം കേട്ട് അൻവർ കിടന്നു. റാന്തലിന്റെ വെളിച്ചം അണഞ്ഞു.

മൺ തറയിൽ വിരിച്ച ഓലപ്പായയിൽ ഒരേ ബ്ലാങ്കറ്റിനുള്ളിൽ, രണ്ട് ശരീരങ്ങൾ സന്ദേശങ്ങൾ കൈമാറി. രാത്രി കഴിക്കേണ്ട ഗുളികകൾ അൻവർ കഴിച്ചില്ല. അത് കഴിച്ചാൽ തന്റെ അരക്കെട്ടിലെ ജീവൻ ഉണരില്ലെന്ന് അവന് അറിയാമായിരുന്നു.

ജലം താഴേക്ക് ഒഴുകുന്നത്ര സ്വാഭാവികതയോടെ അവന്റെ ചുണ്ടുകൾ അവളുടെ കവിളിനെ തേടി ചെന്നു. കവിളിൽ നിന്ന് കണ്ണുകളിലേക്ക്... നെറ്റിയിലേക്ക്... നിശ്വാസങ്ങളുടെ താളം മാറി. ഹൃദയമിടിപ്പുകളുടെ വിറയൽ അവർ രണ്ടാളും കേട്ടു. എന്തിനോ വേണ്ടി കാത്തിരിക്കും പോലെ ചുറ്റുമുള്ള പ്രകൃതി മൗനമായി കാത്തിരുന്നു.

അവന്റെ ചൂടുള്ള ചുണ്ടുകൾ അവളുടെ ചുണ്ടുകളെ തൊട്ടു. താഹിറ അവനെ മുറുക്കി പിടിച്ചു. കീഴ്ച്ചുണ്ടിൽ നിന്നും മേൽ ചുണ്ടിലേക്കുള്ള യാത്രയ്ക്കിടയിൽ അവളുടെ വായിൽ നിന്ന് വന്ന നാറ്റത്തിൽ അൻവർ പൊള്ളി പിടഞ്ഞു. ഉള്ളിൽ എന്തൊക്കെയോ ഉടഞ്ഞ് തകർന്നു.

ആദ്യ ചുംബനത്തിന്റെ അനുഭൂതിയെന്ന മിഥ്യയിൽ തട്ടി അവന്റെ ബോധം പൊള്ളി. അവൻ പോലുമറിയാതെ അവന്റെ ചുണ്ടുകൾ താഴേക്ക് ഇഴഞ്ഞു. കഴുത്തിലെ ചൂടിൽ അവൻ ചുണ്ടുകൾ ചേർത്ത് വെച്ചു.

ബ്ലാങ്കറ്റിനുള്ളിൽ ഇരുട്ടാണ്. കരുതി വെച്ച പെൻ ടോർച്ച് എടുത്ത് അവൻ തെളിയിച്ചു. താഹിറ ഇരു കൈ കൊണ്ടും മുഖം പൊത്തി.

""അജ്ജേ... എന്താ മന്ഷ്യാ ഇങ്ങള് കാട്ട്ണ്ടത് ?''

""എനിക്ക് കാണണം'' അവൻ കിതച്ചു.
""നിന്നെ നീയാക്കുന്നതെല്ലാം എനിക്ക് കാണണം''

റോസ് നിറമുള്ള നൈറ്റി ഊരി മാറ്റുമ്പോൾ അവനാകെ വിറച്ചു. കരിയിലകളിൽ വീണ് ജലത്തുള്ളികൾ ചിരിച്ചു. വാതിൽ പഴുതിലൂടെ തണുത്ത കാറ്റ് വന്നു.

പെൻ ടോർച്ചിന്റെ വെളിച്ചത്തിൽ അൻവർ ജീവിതത്തിലെ ആദ്യത്തെ പെൺനഗ്‌നത കണ്ടു. ഇത് മുഴുവൻ തനിക്കുള്ളതാണല്ലോ എന്ന ആൺ തോന്നലിൽ അവൻ ഭയന്നു.

വെളിച്ചം പോയ വഴികളെയെല്ലാം അവന്റെ ചുണ്ടുകൾ പിൻതുടർന്നു. പൊക്കിൾ കുഴിയുടെ ഇളം ചൂടിൽ മുഖം അമർത്തുമ്പോൾ അതിനും താഴെ താൻ കാണാൻ പോവുന്ന അത്ഭുതത്തെ ഓർത്ത് അവന്റെ ഹൃദയം ശക്തിയായി മിടിച്ചു. നെഞ്ചിൻ കൂട് പൊട്ടിച്ച് അത് പുറത്തേക്ക് ചാടിയേക്കുമെന്ന് അവന് തോന്നി.

ടോർച്ചിന്റെ വെളിച്ചത്തിൽ മുടി മറവുകൾ നീക്കി കണ്ട ഇടത്തിന്റെ കറുപ്പ് നിറം അവന്റെ സങ്കൽപ്പങ്ങളെയെല്ലാം തകിടം മറിച്ചിട്ടു. അതിനും താഴേക്ക് പോവാൻ ആവാതെ വെളിച്ചം അവിടെ അന്തിച്ച് നിന്നു. താഹിറ തന്റെ വിസമ്മതം അറിയിച്ച് കൊണ്ട് അവന്റെ മുഖം തള്ളിമാറ്റി.

പുറത്ത്...
ഏതോ മരം കടപുഴകി വീണു. മേൽക്കൂര ഇടിഞ്ഞ് വീഴുകയാണെന്ന ഭയത്തിൽ അൻവർ ചാടി എഴുനേറ്റു.

ഭയത്തിന്റെ നാൾവഴികളിൽ എവിടെയോ താൻ കണ്ട ഇറച്ചി കടയുടെ ദൃശ്യം അവന്റെ ഉള്ളിൽ നടുക്കമായി തെളിഞ്ഞു. അവിടെ വെട്ടിമാറ്റി എടുത്ത് വെച്ച ലിവറിന്റെ തുണ്ടുകൾ... ചോരയൊലിക്കുന്ന ഇറച്ചി തുണ്ടുകൾ... നിലത്ത് വിരിച്ച അറവ് മൃഗത്തിന്റെ തോലിൽ ചിതറി കിടന്ന എല്ലിൻ തുണ്ടുകൾ... വായിലെ പച്ച പുല്ലോടെ മരണം കണ്ട മൃഗത്തിന്റെ തുറന്ന കണ്ണുകൾ...

ഭയം അൻവറിന്റെ തലച്ചോറിൽ കനത്തു. പിന്നെ പൊട്ടിച്ചിതറി. ചെവി വഴികളിലൂടെ... തൊണ്ടയും കടന്ന് നെഞ്ചിലെത്തി. വയറാകെ ഇളകി മറിയുന്നു...

ചുറ്റും ചോരയൊലിക്കുന്ന ഇറച്ചി കൊറുക്കൾ തൂക്കിയിട്ടിരിക്കുന്നു. കാറ്റ് വീശുന്നു... ഈ കാറ്റ് സകലതും കടപുഴക്കി എറിയും. നിലത്തിഴഞ്ഞ് അവൻ മാറാപ്പ് കണ്ടെത്തി. അതിൽ കയ്യിട്ട് നാലഞ്ച് ക്ലോണോസപ്പാം ഗുളികകൾ എടുത്ത് വായിലേക്കിട്ടു. നാവ് ചുഴറ്റി അലിയിപ്പിച്ച് ഉമിനീരിനൊപ്പം ഇറക്കി.

താഹിറ എന്തോ ചിലത് അറിയുകയായിരുന്നു. കല്യാണത്തിനു മുമ്പ് അൻവറിനെ കുറിച്ച് കേട്ട കഥകളിൽ എവിടെയോ സത്യത്തിന്റെ ശകലങ്ങൾ ഉണ്ടെന്ന് അവൾ ഭയത്തോടെ ഉൾക്കൊണ്ടു. താൻ പെരുവഴിയിലാണ് നഗ്‌നമാക്കപ്പെട്ട് കിടക്കുന്നതെന്ന് അവൾക്കു തോന്നി.

അൻവർ പൂർണ്ണ നഗ്‌നനായി നടന്ന് ചെന്ന് വാതിൽ തുറന്നു. കാറ്റ് അകത്തേക്ക് ഇരച്ച് കയറി. കാറ്റിന്റെ പേടിപ്പെടുത്തുന്ന ഒച്ച... അവൻ കൺമുമ്പിൽ വെളിച്ചപൊട്ടുകൾ കണ്ടു. വെളിച്ചത്തിന്റെ മണികൾ... വെളിച്ചമണികൾ കോർത്ത ജപമാലകൾ... ഏതൊക്കെയോ ശിഖരങ്ങൾ കാറ്റത്ത് അടർന്ന് വീണു.

താഹിറ വിളിച്ചു.
""അൻവറേ...''

അവനത് കേട്ടില്ല. കറുത്ത നിറത്തിൽ ദുർഗന്ധവുമായി അനേകം ഇറച്ചി തുണ്ടുകൾ തന്റെ മേലേക്ക് അമരുന്നതായി അവന് തോന്നി. പുറത്തെ ഇരുട്ടിൽ അരിഞ്ഞ് മാറ്റപ്പെട്ട അനേകം പെൺ മുലകൾ ചോരയൊലിപ്പിച്ച് തൂങ്ങിയാടി.

താഹിറ പേടിയോടെ വീണ്ടും വിളിച്ചു.

""അൻവറേ...''

അൻവർ തനിക്കു മുമ്പിൽ തെളിഞ്ഞ വെളിച്ച പൊട്ടുകളുടെ വലയത്തിനുള്ളിൽ കുടുങ്ങിക്കിടന്നു. താഹിറ ഉപ്പാനെ ഓർത്തു. ഉപ്പ വിളിക്കുന്നു.

""മോളേ ... താഹിറാ...''

തന്റെ മുമ്പിൽ വെളിച്ച വലയങ്ങൾ പരക്കുന്നത് അൻവർ കണ്ടു. വെളിച്ചത്തിന്റെ ആ വലയങ്ങൾ വലുതായി വലുതായി വരുന്നു... താനെന്ന വെളിച്ചപ്പൊട്ട് ചെറുതാവുന്നു. ചെറുതായി ചെറുതായി ആ വലയത്തിനുള്ളിൽ അലിയുന്നു.

വാതിൽക്കൽ നിന്ന് അൻവർ മുറ്റത്തേക്ക് ഇറങ്ങി. ചുവന്ന ചുണ്ടുകൾക്കുള്ളിലെ ദുർഗന്ധവുമായി അനേകം പെൺ ചുണ്ടുകൾ അവന്റെ മുമ്പിൽ വിടർന്നു. അവയിൽ നിന്ന് വരുന്ന അസഹ്യമായ നാറ്റത്തിന് നേരെ അവൻ മൂക്ക് പൊത്തി.

നഗ്‌നത പോലും മറന്ന് താഹിറ പായയിൽ നിന്ന് പിടഞ്ഞ് എഴുന്നേറ്റു. ഉമ്മാന്റെ വാക്കുകൾ അവൾ കേട്ടു.

""ആ ചെക്കന് തലക്കെന്തോ സൂക്കേടാണ്. കൊറേ ചികിത്സിച്ചിട്ടാണ് മാറിയതെന്നാണ് പലരും പറയ്ണ്ടത്. ഞമ്മക്കിത് മാണോ മോളേ... ?''

ആണോ...? ഈ വിജനതയിൽ പുറത്തെ ഈ ഇരുട്ടിൽ ഉടു തുണിയില്ലാതെ നിൽക്കുന്ന ഈ മനുഷ്യന് പിരാന്താണോ ?
താഹിറ കരഞ്ഞുപോയി. ഉറക്കെ വിളിച്ചു പോയി.
""അൻവറാക്കാ... ഇങ്ങളെന്താ ഈ കാട്ട്ണ്ടത് ?''

അവൻ അതും കേട്ടില്ല. അവന്റെ മുമ്പിൽ ചോരയൊലിക്കുന്ന പെൺ മുലകൾ തൂങ്ങിക്കിടന്നു. ഭയത്തിനുമപ്പുറത്തെ ഭയത്തിന്റെ ഇരുട്ടിൽ തെളിഞ്ഞ കാഴ്ച്ചകളെയൊക്കെ ആട്ടിയോടിച്ച് അവൻ നടന്നു.

""അൻവറാക്കാ...''

അവളുടെ വിളിയെ ഇല്ലാതാക്കി കൊണ്ട് മഴ പെയ്തു. മഴ നനയുന്ന കരിയില പാതകളിലൂടെ, തന്നെ പിൻതുടരുന്ന കറുത്ത ഇറച്ചിയുടെ ചോര നാറ്റത്തിൽ നിന്ന് രക്ഷപ്പെടാനായി അൻവർ ഓടി.

താഴെ...
താഴേക്കും താഴെ...
മഴ നനഞ്ഞ കരിമ്പാറകൾ രക്തം കാത്ത് കിടന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments