ചിത്രീകരണം: ദേവപ്രകാശ്

ഭൂഗർഭങ്ങളിലും ഇല്ലാത്തത്

രുണ്ടും വിങ്ങിയും നിന്നൊരുച്ച നേരത്തിലൂടെ ഓടി വന്നാണ് അയാളെന്റെ വരാന്തയിലേയ്ക്കു കയറിയത്. ഇളം പച്ചനിറമുള്ള ഷർട്ട് വിയർത്തൊട്ടിയിരിക്കുന്നു. മുണ്ടിൻ തുമ്പുയർത്തി വിയർപ്പ് അമർത്തിത്തുടച്ചപ്പോൾ അയാളുടെ ക്ലേശഭരിതമായ മുഖം കൂടുതൽ തെളിഞ്ഞു.

വരാന്തയിലേയ്ക്കയാൾ കയറിയതും മഴ വീഴാൻ തുടങ്ങിയിരുന്നു. വേനലിലെ മഴ. അന്തരീക്ഷമാകെ വിങ്ങിപ്പഴുത്തു നിൽക്കുകയായിരുന്നു, ദിവസങ്ങളായി. ഓരോ ദിവസവും ഇന്നെങ്കിലും പെയ്യുമെന്നു കൊതിപ്പിച്ച് കടന്നുപോയി. ആ സമയത്ത് ഒന്നിച്ചു കേറിവന്നവരിൽ ആരെ ശ്രദ്ധിക്കണമെന്ന വിചിത്രമായൊരു കൺഫ്യൂഷൻ എനിക്കുണ്ടായി. തീർച്ചയായും എനിക്കൊരു മനുഷ്യനെ പരിഗണിക്കാനുള്ള മൂഡ് അല്ല ഇപ്പോൾ. മാസങ്ങൾക്കുശേഷം പെയ്യുന്ന ഈ മഴയിലേയ്ക്കു നോക്കി ഇവിടിങ്ങനെ വെറുതെ ഇരിക്കുന്നതാണ് എനിക്കീ സമയത്തിഷ്ടം. പക്ഷേ അയാൾ മുൻകൂട്ടി വിളിച്ച്, സമയമൊക്കെ ഫിക്‌സ് ചെയ്തു വന്നതാണ്. ദൂരെ നിന്നാണു വരുന്നതും. ഒഴിവാക്കാനാവില്ല. അയാൾക്കൊരു കാര്യം ചെയ്യാമായിരുന്നു, കൂടെ ഈ പ്രിയങ്കരനായ അതിഥിയെയും കൂടി കൊണ്ടുവരേണ്ടിയിരുന്നില്ല. മഴ ശക്തമാവുന്നതു നോക്കിക്കൊണ്ട് ഞാനയാളെ സ്വാഗതം ചെയ്തു. അയാളും മുഖം തിരിച്ച് തനിക്കു പുറകിൽ ചെയ്യുന്ന മഴ ശ്രദ്ധിക്കുന്നു.

"രക്ഷപ്പെട്ടു. കുടയെടുത്തിട്ടില്ല. നനഞ്ഞേനെ!'
വിയർത്തു നനയുന്നതിലും ഭേദമല്ലേ മഴ വീണു നനയുന്നതെന്ന് മനസിലോർത്ത് ഞാൻ ഇരിപ്പിടം ചൂണ്ടിക്കാണിച്ചു. തോളിലിട്ട തുണിസഞ്ചി മടിയിൽ വെച്ച് അയാളതിൽ അല്പം പകപ്പോടെ ഒതുങ്ങിയിരുന്നു. വിചിത്രമായൊരാവശ്യവുമായി ദിവസങ്ങളായി അയാളെന്നെ വിളിച്ചു ശല്യപ്പെടുത്താൻ തുടങ്ങിയിട്ട്. ഒഴിവാകില്ലെന്നു തോന്നിയപ്പോഴാണ് ഒടുവിൽ ഞാൻ നേരിട്ടു കാണാമെന്നു സമ്മതിച്ചത്. അയാൾക്ക് നാല്പതു വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ കൂടെപ്പഠിച്ചിരുന്ന ഒരാളെക്കുറിച്ചറിയണം നാല്പതു വർഷമെന്നൊക്കെ പറയുന്നത് ഇക്കാലത്ത് ദീർഘമായ കാലയളവൊന്നുമല്ല. മിക്കവാറും ഒന്നിടവിട്ട വർഷങ്ങളിൽ ഞങ്ങൾ ബാച്ച്‌മേറ്റ്‌സ് കൂടിച്ചേരാറു പോലുമുണ്ട്.

പക്ഷേ വിഷമം അതായിരുന്നില്ല, അയാളന്വേഷിക്കുന്നവൻ ഡിഗ്രി പൂർത്തിയാക്കി ഞങ്ങൾക്കൊപ്പം കാമ്പസ് വിട്ടിറങ്ങിയില്ല, പലേടങ്ങളിലായി ചേക്കേറിയില്ല. പലതും നേടിയും ചിലതൊക്കെ നഷ്ടപ്പെടുത്തിയും ജീവിതത്തിന്റെ വെയിലാറലുകൾക്കായിങ്ങനെ കാത്തിരിക്കുന്നില്ല. അലുമ്‌നി അസോസിയേഷനുണ്ടാക്കുമ്പോൾ ഞങ്ങളവനെ കൂട്ടത്തിൽ കൂട്ടിയിട്ടില്ല. അവൻ അക്കാലത്തേ മരിച്ചു പോയിരുന്നു.

ദിവസങ്ങൾക്കു മുൻപ് ഇയാൾ വിളിക്കുമ്പോഴാണ് ഞാനവനെ ഇത്രയും കാലങ്ങൾക്കുശേഷം ഓർത്തെടുത്തത്. അകാലത്തിൽ, അകാരണമായി പിരിഞ്ഞു പോകുന്നവരെപ്പറ്റി കൂടെയുണ്ടായിരുന്നവർക്ക് സഹതാപം പോലും തോന്നാറില്ലല്ലോ എന്നു ഞാനന്നേരം അത്ഭുതപ്പെട്ടു. ആരോടൊക്കെയോ അതിനെപ്പറ്റി വിളിച്ച് പറയുകയും ചെയ്തു. എന്നെപ്പോലെ തന്നെ അവരാരും അവനെ ഓർക്കുന്നുണ്ടായിരുന്നില്ല. ഫസ്റ്റ് ഇയർ അവസാനമായിരുന്നെന്നു തോന്നുന്നു അവന്റെ മരണം. ആദ്യത്തെ വർഷം ഞങ്ങളത്രയ്ക്കൊനന്നും കൂട്ടുകാരായിട്ടില്ല. പുതിയ കോളേജുമായി പൊരുത്തപ്പെടാനുള്ള വിഷമം, മെയിൻ ക്ലാസുകൾ കുറവായതുകൊണ്ട് എപ്പോഴും ഓട്ടമായിരുന്നു ആ വർഷം. ഒരു ഇംഗ്ലീഷ് ക്ലാസ് സെന്റിനറി ബ്ലോക്കിലെങ്കിൽ അടുത്തത് ന്യൂ ബ്ലോക്കിലാവും. പിന്നെ സെക്കൻഡ് ലാംഗ്വേജിന് ഹെറിറ്റേജ് ബിൽഡിങിലേക്ക്, ഇടയ്ക്ക് ക്ലാസ് കട്ടു ചെയ്ത് ഗ്രൗണ്ടിനരികിലെ കാന്റീനിലേക്കും ലൈബ്രറിയിലേക്കും. ദിവസം ഒരു മെയിൻ ക്ലാസ് വെച്ചുണ്ടെങ്കിലും ഞങ്ങൾക്കവിടെ സ്ഥിരം ക്ലാസ് മുറിയില്ല. സീനിയേഴ്‌സ് ലാംഗ്വേജ് ക്ലാസിൽ പോകുമ്പോൾ ആ ക്ലാസിലാണു ഞങ്ങളിരിക്കേണ്ടത്. മെയിൻ കഴിഞ്ഞതും വാതിൽക്കൽ അവർ കാത്തിരിക്കുന്നുണ്ടാവും. അതിനിടയിൽ ക്ലാസിലുള്ളവരെത്തന്നെ ശരിക്കു പരിചയപ്പെടാനോ നല്ല ബന്ധങ്ങളുണ്ടാക്കാനോ ഇടയുണ്ടായിരുന്നില്ല. അതെല്ലാം നടന്നത് പിന്നെയുള്ള വർഷങ്ങളിലായിരുന്നു. അപ്പോഴേക്ക് കല്യാണം, ജോലി എന്നൊക്കെ പറഞ്ഞ് മൂന്നാലു പേര് ഡ്രോപ്പ് ഔട്ടായി. അവൻ മരിച്ചും ഔട്ടായി. ഞാനല്പം ക്രൂരതയോടെ ഓർത്തു.

‘അകത്തേക്കിരിക്കണോ? ഇടീം മിന്നലുമൊക്കെ ഉണ്ടല്ലോ?'
ഞാൻ ചോദിച്ചപ്പോൾ അയാൾ വേണ്ടെന്നു തലയാട്ടി.
‘സാരല്യ, ഈ ഒച്ചേം വെളിച്ചോമൊക്കെ നമ്മളെ ഭയപ്പെടുത്ത്വോ? ചെറുപ്പത്തില്
ഇടി കുടുങ്ങുമ്പോ വാതിലിന്റെ മറവില് ചെവീം പൊത്തിപ്പിടിച്ച് പേടിച്ചുവിറച്ചു നിക്കുന്നത് ഓർമണ്ടോ? ദൈവം ഫോട്ടോ എടുക്കാണെന്നല്ലേ അന്ന് മുതിർന്നവര് പറഞ്ഞു തരണത്. ന്റെ ഫോട്ടോ എടുക്കണ്ടാന്നു പറഞ്ഞ് അവൻ അലറി വിളിച്ചു കരയാരുന്നു.’

മഴ കനത്തു പെയ്യാൻ തുടങ്ങിയതോടെ ഇയാൾ പെ​ട്ടെന്നൊന്നും പോകില്ലല്ലോ എന്നു ഞാനസ്വസ്ഥനായി. ചോദിക്കുന്ന കാര്യങ്ങൾക്ക് അറിയില്ലെന്നോ ഓർമയില്ലെന്നോ ഒക്കെ ഒറ്റവാക്കിലുത്തരം പറഞ്ഞ് വേഗം പറഞ്ഞയക്കാമെന്നായിരുന്നു എന്റെ പ്രതീക്ഷ. സത്യത്തിലതൊക്കെ ഫോണിൽ പറയാവുന്നതേയുള്ളൂ. പലവട്ടം ഞാനതു പറഞ്ഞതുമാണ്. പക്ഷേ അയാൾ നിർബന്ധം പിടിച്ചു. ഒരൊറ്റ പ്രാവശ്യം നേരിൽ കാണണമെന്നു വാശിയോടെ ആവർത്തിച്ചു. അറിയാത്ത ഒരാളോടു ഫോണിൽ സംസാരിക്കുമ്പോൾ തുറന്നുപറയാൻ തോന്നാത്തതെന്തെങ്കിലുമൊക്കെയുണ്ടാവും. മനസിന്റെ ആഴത്തിൽ മറഞ്ഞോ ഒളിഞ്ഞോ കിടക്കുന്ന എന്തെങ്കിലും ഒരു തരി. അതുമാത്രം മതി. താനതു ഊതിത്തെളിയിച്ചെടുത്തോളാം. പക്ഷേ നേരിട്ടാണെങ്കിലേ അതു കണ്ടെത്താനാവൂ. പരസ്പരം മുഖം നോക്കിയിരുന്നു മിണ്ടുമ്പോൾ കിട്ടുന്നതൊന്നും മൊബൈൽ ഫോണിലെ യാന്ത്രികമായ വിനിമയങ്ങളിലൂടെ കിട്ടാനിടയില്ല. ഇങ്ങനെയൊക്കെ പറഞ്ഞു സ്വൈര്യം കെടുത്തിയതുകൊണ്ടാണ് അവസാനം ഞാനയാളെ കാണാമെന്നു സമ്മതിച്ചത്. ഒരിക്കൽ വന്നു പോകട്ടെ. പിന്നെ ശല്യമുണ്ടാവില്ലല്ലോ.

‘കാപ്പി?’
കാപ്പിയല്ലാതെ മറ്റൊന്നും ഉണ്ടാക്കാനറിയാത്തതുകൊണ്ടാണ് ഞാൻ അതുതന്നെ എടുത്തുചോദിച്ചത്. വീട്ടിൽ ഇയാളെ സൽക്കരിക്കാൻ ആരുമില്ല.
‘ഒന്നും വേണ്ട. ഞാൻ കാപ്പിയും ചായയുമൊന്നും കുടിക്കാറില്ല.'
അയാൾ മഴയിലേക്കു നോക്കി അലക്ഷ്യമായി പറഞ്ഞുകൊണ്ട് എന്താണിരിക്കാത്തതെന്ന ഭാവത്തിൽ എന്നെ നോക്കി. ഇനിയൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാനും അയാൾക്കടുത്ത് കസേര വലിച്ചിട്ടിരുന്നു. നല്ല മഴ എന്നോ ചൂടിത്തിരി കുറയുമല്ലോ എന്നോ ഒക്കെ പൊതുവായി പറഞ്ഞു തുടങ്ങാം. അപരിചിതരോടു സംസാരിക്കുന്നത് വലിയ പ്രയാസം തന്നെ. അതും പ്രിയങ്കരമല്ലാത്ത വിഷയവുമായി വന്ന ഒരാളോട്.

‘നിങ്ങളുടെ തോട്ടത്തിൽ ഒരു ആഴമുള്ള കിണറില്ലേ? ഞാനതിനെപ്പറ്റി പണ്ടു വായിച്ചിട്ടുണ്ട്.'
അയാൾ പെട്ടന്നു പറഞ്ഞുതുടങ്ങി. എനിക്കാദ്യം അയാളെന്താണുദ്ദേശിക്കുന്നതെന്നു മനസിലായില്ല. ഏതു തോട്ടമെന്നു ഒന്നമ്പരന്നു. മുറ്റത്തു ചെറുതല്ലാത്ത ഗാർഡനുണ്ട്. വരാന്തയിലും ചെടിച്ചട്ടികളും ക്രീപ്പേഴ്‌സുമുണ്ട്. പണ്ട് ബോട്ടണി പഠിച്ചിരുന്നതിന്റെ ഓർമയിലാവണം കുറേശ്ശേ ബഡ്ഡിങിലും ടിഷ്യു കൾച്ചറിലും താല്പര്യമുണ്ട്. അതിനുവേണ്ടി ചെറിയ മട്ടിലൊരു ഗ്രീൻ ഹൗസുണ്ടാക്കുകയും ചെയ്തിരുന്നു. അതൊക്കെയിപ്പോൾ അലങ്കോലമായി കിടക്കുകയാണ്. എല്ലാമൊന്നു ശരിപ്പെടുത്തണം. മീൻ വളർത്താനും ആമ്പൽവള്ളികളിടാനും ഒരു കോൺക്രീറ്റു കുളവുമുണ്ടാക്കിയിരുന്നു. അതൊന്നും പച്ച പിടിക്കാതെ വരണ്ടുകിടക്കുകയാണ്. എന്തോ വൈറൽ ഡിസീസ് വന്ന് ഇട്ട മീനെല്ലാം ചത്തുപോകുകയായിരുന്നു. അതിനെക്കുറിച്ചൊക്കെ ആരെഴുതിയെന്നാണ് ഇയാൾ പറയുന്നത്!

‘ഏതോ വലിയ എഴുത്തുകാരനെഴുതിയതാണ്, ആരാന്നൊക്കെ ഞാൻ മറന്നു. കോളേജിന്റെ പേരു കണ്ടതുകൊണ്ടുമാത്രം ഞാൻ വായിച്ചതായിരുന്നു. ഒരിക്കെ മഴ തോരാൻ വായനശാലയിൽ കയറിയിരുന്നപ്പോൾ. അല്ലാതെ ഞാനങ്ങനെ വായിക്കുന്ന ആളൊന്നുമല്ല.'
സമാധാനം. എന്റെ ദരിദ്രമായ തോട്ടത്തെക്കുറിച്ചല്ല അയാൾ പറയുന്നത്. പക്ഷേ കോളേജിലെ ബൊട്ടാണിക്കൽ ഗാർഡൻ? നഗരത്തിരക്കിനുള്ളിൽ തിങ്ങിഞെരുങ്ങി നിൽക്കുന്ന ഞങ്ങളുടെ കോളേജിന് ചില പ്രത്യേകതകളുണ്ട്. കാമ്പസിനുള്ളിലെ മെൻസ്‌ ഹോസ്റ്റലാണ് ഗേറ്റു കടന്നാലാദ്യം കാണുക. അക്കാദമിക് ബ്ലോക്കുകളും ഓഫീസ് ബ്ലോക്കുമൊക്കെ അതു കഴിഞ്ഞിട്ടാണ്. U ഷേപ്പിലുള്ള കെട്ടിടങ്ങൾ. ബോട്ടണി ഡിപ്പാർട്ടുമെന്റിന്റെ മുന്നിലാണ് ഗാർഡൻ. കോളേജിന്റെ നടുഭാഗമായിട്ടുവരും. കാടും പടലും പിടിച്ച ഒരിടമെന്നല്ലാതെ ഞങ്ങൾ ബോട്ടണിക്കാർക്കു പോലും അക്കാലത്ത് അതിനോടു മമതയൊന്നുമില്ല. പി.ജി.ക്കാരു ചെലപ്പോ ഒക്കെ കേറി എന്തേലുമൊക്കെ പറിച്ചു കൊണ്ടുവരുന്നതു കാണാം. അവിടെ പഠിച്ച മൂന്നുവർഷവും അതിനുള്ളിൽ കേറിയ ഓർമയൊന്നും എനിക്കില്ല. അതിനകത്തൊരു കിണർ? ഉണ്ടാവും. ചെടികൾ നനക്കാൻ ഉണ്ടാക്കിയതാവും. അറിയില്ലെന്നു പറയാൻ മടിച്ചതുകൊണ്ട് ഞാൻ എന്തായിരുന്നുആ എഴുത്തെന്നു ചോദിച്ചു.

‘ഏതോ വെക്കേഷൻ കാലത്ത്, ഹോസ്റ്റലിൽ അവരു രണ്ടാളോ മറ്റോ ഉള്ളൂ. ചൂടു സഹിക്കാൻ വയ്യാതെ കിണറ്റിൽ മുങ്ങിക്കുളിക്കാൻ തീരുമാനിച്ചു. കയറിൽ തൂങ്ങി താഴെ ഇറങ്ങി. പക്ഷേ കയറു പൊട്ടിപ്പോയെന്നു തോന്നുന്നു. അവരു രണ്ടാളും കിണറ്റിൽ കുരുങ്ങിപ്പോയി. വിളിച്ചുകൂകിയിട്ടൊന്നും ഒരു രക്ഷേമില്ല. ഒച്ച പുറത്തെത്തണമല്ലോ. ഒരു ദിവസമൊക്കെ കഴിഞ്ഞിട്ടാണത്രേ വാച്ച്മാൻ വന്നു രക്ഷിച്ചത്. പത്തിരുപത്തഞ്ചു വർഷം മുമ്പ് വായിച്ചതാ. ഒക്കെ മറന്നുപോയി.'
ഞാൻ ചിരിച്ചു. അയാളുടെ മെലിഞ്ഞ കഴുത്തിലും കൈത്തണ്ടയിലുമെല്ലാം ഞരമ്പുകളെഴുന്നു നിൽക്കുന്നു. നന്നായി അധ്വാനിക്കുന്ന മനുഷ്യനായിരിക്കണം. നാടൻ പണിയായിരുന്നെന്നാണ് അയാളു പറഞ്ഞത്.

‘ആ സംഭവം ഇങ്ങനെ മനസിൽ കല്ലിച്ചു കിടന്നിരുന്നു. അന്നൊക്കെ ഞാൻ കിണറുപണിക്ക് പോകാറുണ്ട്. കഷ്ടപ്പാടാ. പക്ഷേ വിടാൻ തോന്നാത്ത ഒരു പണിയുമാ. നിരപ്പുള്ള, ഒറപ്പുള്ള ഒരിടം കുഴിച്ചുകുഴിച്ച് താഴോട്ടുപോകുക. പത്തിരുപതു കോലു താഴെച്ചെല്ലുമ്പം വെള്ളത്തിന്റെ മണം വരും. അതു കിട്ടുമ്പം നമ്മക്കറിയാം വൈകാതെ വെള്ളം കാണുമെന്ന്. ആ മണം അങ്ങനെ എല്ലാർക്കും കിട്ടുകയൊന്നുമില്ല. ശീലം കൊണ്ടു പിടിച്ചെടുക്കുന്നതാ. പക്ഷേ ലോകത്തിലെ ഏറ്റവും നല്ല സുഗന്ധമേതാന്നു ചോദിച്ചാൽ അതു ഉറവപൊട്ടാനായ വെള്ളത്തിന്റെയാന്നു ഞാൻ പറയും. കിണറ്റീന്ന് കോരിയെടുത്ത വെള്ളത്തിനൊന്നും ആ മണം ഇല്ല. ഇതു വേറൊരു തരം മണമാ. നമ്മളാകെ ലഹരി പിടിച്ച പോലാവും. പിന്നെ പരമാവധി രണ്ടോ മൂന്നോ കൊത്ത് മതി. നമ്മളു ഉറവയെ മുറിപ്പെടുത്തും. വെള്ളത്തിന് പുറത്തുവരാതെ പറ്റാതാവും. ഒരു മുട്ടത്തോടു പൊട്ടിക്കുന്നത്ര എളുപ്പമാ ആ അവസാനത്തെ കൊത്ത്. എത്ര വല്യ പാറയാണേലും അതങ്ങു മയപ്പെട്ടിട്ടുണ്ടാവും. അതുവരെ കഷ്ടപ്പെട്ടതും കൊത്തിയിളക്കിയതും മേലു നൊന്തതുമൊക്കെ നമ്മളങ്ങു മറന്നുപോവും.'

ഉറവവെള്ളത്തിന്റെ സുഗന്ധത്തെക്കുറിച്ചയാൾ പറയുന്നതു ഞാൻ കൗതുകത്തോടെ കേട്ടിരുന്നു. ആഴങ്ങളിലൊളിച്ചിരിക്കുന്ന വെള്ളത്തിന് അങ്ങനെയൊരു മണമുണ്ടോ? കൂജയിലൊഴിച്ച വെള്ളത്തിന്റെ മണവും മൺചുവയും കുട്ടിക്കാലത്തിഷ്ടമായിരുന്നു. അത്തരമൊരു മണത്തെക്കുറിച്ചായിരിക്കുമോ ഇയാൾ പറയുന്നത്? അറിയില്ല. ആദ്യം തോന്നിയ മടുപ്പ് മാറി ഞാനയാളുടെ വാക്കുകൾക്ക് കാതോർത്തു.
‘ആദ്യത്തെ വെള്ളം മുക്കിക്കൊടുത്താൽ മിക്ക വീട്ടുകാരും അതുകൊണ്ട് പായസം വെച്ചു നമുക്കും തരും. എത്ര ഉണ്ടാക്കാനറിയാത്തോര് വെച്ചാലും അതിനൊരു വല്ലാത്ത രുചിയാ.
അങ്ങനത്തെ ചില മണങ്ങൾക്കും രുചികൾക്കും വേണ്ടിയാണ് ആ പണിക്കു പൊയ്‌ക്കൊണ്ടിരുന്നേ. ഇപ്പഴും ഏറ്റോം ഇഷ്ടമൊള്ള പണി അതുതന്നാ. രഹസ്യങ്ങളിലേക്കു കുഴിച്ചുചെല്ലുക. ഒളിച്ചിരിക്കുന്നതിനെ വെളിച്ചത്തു കൊണ്ടുവരിക. പക്ഷേ വയ്യാതായി. പണിക്കെടേല് പത്തുമുപ്പതടി താഴോട്ട് ഒന്നു വീഴുകേം ചെയ്തു. ആ വീഴ്ച കുറച്ചു കടുപ്പത്തിലായിപ്പോയി. മൂന്നാലു വർഷം കെടപ്പിലായിരുന്നു. പിന്നേം എഴുന്നേറ്റു. എഴുന്നേൽക്കാണ്ടു പറ്റില്ലല്ലോ. അന്നന്നേടം കഴിയാൻ കൂട്ടിയിരുപ്പൊന്നും ഇല്ലാത്തോർക്ക്.'

അയാൾ ദീർഘമായി നിശ്വസിക്കുകയും കുറച്ചുനേരം മഴയിലേക്കു നിശബ്ദനായി നോക്കിയിരിക്കുകയും ചെയ്തു. അയാളുടെ മുഖത്തിന് അവന്റെ മുഖവുമായി സാമ്യമുണ്ടോ എന്നു ഞാൻ ചുഴിഞ്ഞു നോക്കാൻ ശ്രമിച്ചു. പിന്നെ എന്തൊരു വിഡ്ഡിത്തമെന്നു നോട്ടം മാറ്റി. അവന്റെ മുഖം എന്റെ ഓർമയിലെങ്ങുമില്ല. പതിനേഴു വയസിൽ മിക്ക ആൺകുട്ടികളും ഏതാണ്ടൊരു പോലുണ്ടാവും. പഴുതാര വരയൻ മീശയും മുഖക്കുരുക്കൾ കൂമ്പിയ മുഖവും. ആത്മവിശ്വാസമൊട്ടുമില്ലാതെ അവനവനിലേക്കു കുമ്പിട്ടു നടക്കുന്ന പ്രായം.

‘പ്രീഡിഗ്രിക്ക് മാർക്കു കുറഞ്ഞതോണ്ട് ആദ്യത്തെ വർഷം അപേക്ഷയേ കൊടുത്തില്ല. പഠിക്കാൻ മിടുക്കനായിരുന്നു. പക്ഷേ സ്വസ്ഥമായിട്ടു പഠിക്കാനൊന്നും പറ്റുന്ന സാഹചര്യമല്ലല്ലോ വീട്ടില്. ഇനി പഠിക്കുന്നില്ലാന്നും പണിക്കു പോകാമെന്നുമൊക്കെ തീരുമാനിച്ചിരിക്കുമ്പഴാ നാട്ടിലെ സ്‌കൂളിൽത്തെ ഗോപിമാഷു നിർബന്ധിച്ചിട്ട് പിറ്റേക്കൊല്ലം അപേക്ഷിച്ചത്. അറിയിപ്പൊന്നും വരാതെ കിട്ടില്ല്യാന്നുറപ്പിച്ചിരിക്കുമ്പഴാ കോളേജിന്നു കാർഡു വന്നേ. ഇപ്പഴും ഓർക്കുന്നു, ഒരു റോസുനിറത്തിലുള്ള കാർഡ്. പിറ്റേന്നുതന്നെ ചെന്നുചേരണമെന്ന്. കാശിനൊക്കെ കുറെ ഓടീട്ടാണ് പെട്ടെന്ന് ഒപ്പിച്ചത്. പഠിച്ചാലേ രക്ഷപെടൂന്നല്ലേ അക്കാലത്തെയൊക്കെ വിശ്വാസം. രാവിലത്തെ ബസിന് ഞാനാ കൊണ്ടുപോയി കേറ്റിവിട്ടത്. കൂടെ വരണ്ടാന്നു പറഞ്ഞു.’

എന്തിനായിരിക്കും അവൻ പിന്നെ ഇടക്കുവെച്ചു പോയതെന്നോർത്തപ്പോൾ എനിക്കറിയാതെ സങ്കടം വന്നു. അവനെ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു. എങ്കിലിപ്പോൾ അവനെക്കുറിച്ച് എന്തെങ്കിലുമൊക്കെ സന്തോഷമുള്ള ഓർമകൾ പങ്കുവെയ്ക്കാമായിരുന്നു.

നാട്ടിൻപുറത്തു നിന്നു പഠിച്ചു രക്ഷപെടാൻ വന്ന ആൺകുട്ടി. അത്തരം കുട്ടികളും അന്ന് ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ആത്മവിശ്വാസമില്ലാതെ എപ്പോഴും പേടിച്ചും ഒതുങ്ങിയും നടക്കുന്നവർ. പ്രൊഫസർമാരുടെ ഓർക്കാപ്പുറത്തുള്ള ചോദ്യങ്ങൾക്കു മുന്നിൽ പൊടിഞ്ഞു വീണില്ലാതാവുന്നവർ! പൂച്ച എലിയെ കളിപ്പിക്കുന്നതുപോലെ അവർ ഇത്തരം കുട്ടികളെ ക്രൂരമായി കളിപ്പിക്കുകയും ചെയ്യും.

‘ഒന്നും പറഞ്ഞിട്ടു കാര്യമില്ല, കൊടുത്തുവെച്ചിട്ടുണ്ടാവില്ലാന്ന് അമ്മ എപ്പഴും പറയും. അക്കൊല്ലം മാർച്ചിലാണ്, ക്ലാസൊക്കെ കഴിഞ്ഞൂന്ന് പറഞ്ഞ് അവൻ ഫെബ്രുവരീലേ വീട്ടിലു വന്നിരുന്നു. അതോർത്തിരിക്കാനുള്ള കാര്യം, കുംഭം പകുതിക്കാ കുടുംബക്ഷേത്രത്തില് വേല. അതിനവൻ വന്നില്ല, രണ്ടീസം കഴിഞ്ഞ് വന്നപ്പോ അമ്മ വഴക്കും വക്കാണവുമായി. മൂടു മറക്കരുതെന്നും ദൈവനിന്ദ പാടില്ലാന്നും ഒക്കെ. അവൻ ചുമ്മാ ചിരിച്ചതേയുള്ളു. പിന്നെ തിരിച്ചുപോയില്ല, പഠിക്കാനൊള്ള അവധിയാന്നു പറഞ്ഞു. എനിക്കുണ്ടോ വല്ലതുമറിയുന്നു! ആകെ ഒരു മന്ദിപ്പായിര്ന്ന്. എപ്പഴും മുറിയടച്ചിരുപ്പും. പഠിക്ക്യാണെന്നാ എന്റെ വിചാരം. മാർച്ചൊടുവില് ഇങ്ങനൊരു മഴ പെയ്യുന്ന ദിവസമാ, പണി കുറച്ചു ദൂരെയാരുന്നു. മഴ കാരണം ഞങ്ങളൊക്കെ മോളില് കേറി നിക്കുവാ, വെള്ളം കാണാറായ കിണറാണ്, എല്ലാരും വല്യ ആവേശത്തിലായിരുന്നു.'

അയാൾ വികാരങ്ങളില്ലാതെ പറഞ്ഞുകൊണ്ടേയിരുന്നു. കോളേജടച്ചതുകൊണ്ട് അവന്റെ മരണത്തെക്കുറിച്ചു ഞങ്ങളാരും അപ്പോൾ അറിഞ്ഞിരുന്നില്ല. പിന്നെ മെയ് മാസത്തിൽ പരീക്ഷയ്ക്കു വന്നപ്പോഴാണ് ആരോ അതിനെപ്പറ്റി പറഞ്ഞത്. അവസാന ദിവസത്തെ പരീക്ഷ. പ്ലാന്റോളജീടെ പേപ്പറായിരുന്നു. ഒരു വസ്തു പഠിച്ചിട്ടില്ല, ആ വെപ്രാളത്തില് അതു ചെവീലു കേറി പോലുമില്ല. ഹാളിൽ നിന്നിറങ്ങിയതും പരീക്ഷ തീർന്നതിന്റെ ആഘോഷമായി. ഞങ്ങൾ കുറെപ്പേർ ആദ്യം കണ്ട ബസിൽ ചാടിക്കേറി മലമ്പുഴയ്ക്കു വിട്ടു. വെക്കേഷനായതുകൊണ്ട് ഭയങ്കര തിരക്കായിരുന്നു. ഞങ്ങൾ പാർക്കിൽ കയറാതെ കാട്ടുവഴികളിലൂടെ അലഞ്ഞു. കരയില് കെട്ടിയിട്ട ചെറിയ വള്ളം അഴിച്ച് അതിലുകേറി ഡാമില് തുഴഞ്ഞത് ഓർത്താൽ ഇപ്പോഴും വിറയ്ക്കും. ഞങ്ങൾക്കു പണിയുണ്ടാക്കല്ലേ എന്നും പറഞ്ഞ് രണ്ടുമൂന്നു നാട്ടുകാരു വന്ന് ചീത്ത പറഞ്ഞോടിച്ചു. തിരിച്ച് ബസ് സ്റ്റാൻഡിലെത്തിയപ്പോൾ വലിയ ക്യൂ. പിന്നെ അകത്തേത്തറ വരെ രാത്രി കുത്തനെ നടന്നു.

അവന്റെ മരണത്തെക്കുറിച്ച് പിന്നീടെപ്പോഴെങ്കിലും ചർച്ച ചെയ്തിരുന്നോ എന്നുപോലും ഓർമയില്ല . സെക്കൻഡിയർ ക്ലാസ് തുടങ്ങിയപ്പോൾ ചിലപ്പോൾ പറഞ്ഞിട്ടുണ്ടാവണം. ആ മാസം കഴിയുമ്പോഴേക്ക് അവൻ രജിസ്റ്ററിൽ നിന്നും മാഞ്ഞുപോയി. ഇതൊക്കെ ഇയാളോടു പറയാൻ പറ്റില്ല. ഒട്ടും അടുപ്പമില്ലാത്ത ഒരു സഹപാഠിയുടെ മരണമൊക്കെ ആ പ്രായത്തിൽ ഇത്രയേ ഉണ്ടാവൂ.. ഒരുപക്ഷേ അവൻ വലിയ ചതിയാണു ചെയ്തത്. കോളേജുള്ള ദിവസമാരുന്നെങ്കിൽ ഒരവധി കിട്ടിയേനെ എന്നു പോലും ഞങ്ങളിലാരെങ്കിലും പറഞ്ഞിട്ടുണ്ടാവും. എനിക്കു ലജ്ജ തോന്നി.

‘അവൻ എന്തൊക്കെയായിരുന്നു പറഞ്ഞത്? എനിക്കതിനെപ്പറ്റി അറിയണം. 18 വയസിൽ മരിച്ചുപോയതാണ് അവൻ. സാധാരണ മരണമല്ല, തന്നെത്താനേ മരിച്ചതാണ്. അവനെപ്പറ്റി അറിയുന്നതൊക്കെ പറഞ്ഞുതരൂ. അവന്റെ രൂപമല്ല, അതെന്റെ ഉള്ളിൽ കല്ലിൽ കൊത്തിയ പോലുണ്ട്. ഇപ്പോ കണ്ടിട്ടിറങ്ങീതാന്നു തോന്നും. അവൻ പറയുമായിരുന്ന വാക്കുകൾ, അതാണറിയേണ്ടത്. എന്തിനായിരുന്നു അതു ചെയ്തതെന്ന് എനിക്കറിയണം.'

ഇതയും വർഷങ്ങൾക്കുശേഷം ഇത്തരമൊരന്വേഷണത്തിന്റെ നിരർത്ഥകത എന്നെ അമ്പരപ്പിച്ചു. മരണം കഴിഞ്ഞ കാലത്തെങ്ങാനുമായിരുന്നെങ്കിൽ അതിത്ര അസംബന്ധമാവില്ല. ചിലപ്പോൾ തെളിവുകളും കിട്ടിയേനെ. ഇനിയതൊക്കെ അറിഞ്ഞിട്ടും എന്താണ്! നാല്പതു വർഷങ്ങൾക്കു ശേഷം ഒരാത്മഹത്യയുടെ കാരണമന്വേഷിച്ചിറങ്ങുക! ഇത്ര കാലം ഇയാളെന്തു ചെയ്യുകയായിരുന്നു!

‘അന്ന് ഒന്നുമറിയില്യ. എന്താ ചെയ്യേണ്ടതെന്നോ എങ്ങടാ പോണ്ടേന്നോ ഒന്നും. മരിപ്പു കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോ വിഷൂന്റെ തലേന്നാണ്, ഞാൻ നിങ്ങൾടെ കോളേജിലു വന്നു. ഗോപിമാഷും കൂടെ സഹായത്തിനുണ്ടാര്ന്നു. അവിടത്തെ വാടകയും ഭക്ഷണത്തിന്റെ പൈസേം അടയ്ക്കണമെന്നു പറഞ്ഞ് കാർഡ് വന്നേര്ന്നു. അപ്പോ ആണ് പുറപ്പെട്ടത്. അവധിക്കാലായതോണ്ട് എവടേം കുട്ട്യോളൊന്നും ഇല്യ. അല്ലെങ്കിൽ അന്നേ നിങ്ങളെയൊക്കെ കാണാര്ന്നു. ആദ്യായിട്ട് ഒരു കോളേജില് കാലുകുത്തീത് അന്നാ. അവസാനായിട്ടും. ഓഫീസിലുപോയി ആളിപ്പോ ഇല്യാന്നൊക്കെ പറഞ്ഞത് മാഷാ. വികാരമൊന്നുമില്ലാതെ ഒരു സ്ത്രീ പൈസയൊക്കെ വാങ്ങിച്ച് രശീതി തന്നു. അവന്റെ പേരെഴുതിയ ആ കടലാസു കൈയ്യിലു വാങ്ങുമ്പോ എനിക്കു വിറച്ചു. പിന്നെ അവര് വല്യൊരു രജിസ്റ്ററ്ടുത്ത് അവന്റെ പേരു വെട്ടി. എന്തോ എഴുതിവെക്കുകേം ചെയ്തു. ചുവപ്പുമഷി കൊണ്ടുള്ള ആ ഗുണനചിഹ്നം! ഇപ്പഴും കണ്ണിന്റെ മുന്നില്ണ്ട്. ഞങ്ങളോട് പിന്നെ ഹോസ്റ്റലിലേക്കു പൂവാൻ പറഞ്ഞു, മുറിയൊഴിവാക്കിക്കൊടുക്കണം ത്രേ... ഞാൻ അകത്തു വരണ്ടാന്ന് ഗോപി മാഷ് പറഞ്ഞു.
ഞാൻ ആ മഞ്ഞക്കെട്ടിടത്തിന്റെ മുറ്റത്തുള്ള കൊന്നമരത്തിന്റെ തണലില് കാത്തുനിന്നു. അതില് ഇല കാണാമ്പറ്റാത്ത വിധം പൂക്കളാര്ന്നു. വേറൊരു സമയത്താണെങ്കിൽ കുറച്ചു പൊട്ടിക്കായിരുന്നുന്ന് ഞാനോർത്തു നിക്കുമ്പോ മാഷ് അവന്റെ പച്ചപ്പെട്ടീം തൂക്കിക്കൊണ്ടു തിരിച്ചുവന്നു. വീടുവരെ മാഷന്നെയാണ് അതു പിടിച്ചത്. അമ്മ കാണണ്ടാന്ന്ച്ച്ട്ട് അപ്പഴേ ഞാനത് മച്ചിനുമേലെ കേറ്റിവെച്ചു. എപ്പഴെങ്കിലും താഴെയിറക്കി തുറന്നു നോക്കണംന്ന് വിചാരിച്ചിരുന്നു. പക്ഷേ ഒഴിവു കിട്ടിയില്ല. അമ്മ അറിയാതെ വേണംല്ലോ. അവരെയെന്തിനാ കരയിക്കുന്നതെന്നായിരുന്നു അന്നേരത്തെ ചിന്ത. അങ്ങനങ്ങനെ ഞാനതിന്റെ കാര്യേ മറന്നുപോയി. '

അയാൾ മുഖം കുനിച്ചിരിക്കുമ്പോൾ മടിയിൽ മലർത്തിവെച്ച കൈപ്പത്തിയിൽ കണ്ണീർത്തുള്ളികൾ വീണു.
‘ഇപ്പോ വീടു പൊളിക്കുന്ന സമയത്ത് തുരുമ്പുപിടിച്ച് പച്ചനിറമൊക്കെ പോയ പെട്ടി ആരോ വലിച്ചു താഴത്തിട്ടു. അപ്പഴാ എനിക്കവനെപ്പറ്റി ഓർമ്മയാവാൻ തുടങ്ങീത്. പെട്ടിയ്ക്കകത്ത് കുറച്ചു ബുക്കും കടലാസും ഉടുപ്പുകളുമൊക്കെയാ. എല്ലാം ദ്രവിച്ചേർന്നു. നാല്പതുവർഷം ന്ന്ച്ചാല് ചില്ലറ കാലമല്ലല്ലോ. ഒക്കെ മാഞ്ഞും അടർന്നും പോകാൻ മാത്രം നീണ്ട കാലം. എന്തൊരു കഷ്ടാന്ന് ഓർക്കൂ, ഞാനും അവനെ മറന്ന്ര്ന്നു. പതിനെട്ടു വയസുവരെ ഈ ഭൂമീല് ഉണ്ടാരുന്ന ഒരാള്! ഇപ്പോ ആരടേം ഓർമ്മേലു പോലുംല്യാച്ചാൽ...'

അയാളുടെ ശബ്ദം കണ്ണീരുവീണു കുതിർന്നതുപോലുണ്ടായിരുന്നു. വക്കും മൂലയുമടർന്നുതിർന്നു വീഴുന്നതുപോലെത്തെ ഒച്ച! മരണം മായ്ച്ചുകളയുന്ന ഓർമ്മകളെപ്പറ്റി അയാളോട് ഞാനെന്തു പറയാനാണ്! കുറച്ചുകഴിഞ്ഞാൽ അയാളും ഞാനുമൊക്കെ ഇങ്ങനെ മാഞ്ഞുപോവും, മറ്റുള്ളവരുടെ ഓർമകളിൽ നിന്നും. പക്ഷേ അതൊക്കെയാണോ ഇപ്പോഴയാളോടു പറയേണ്ടതെന്ന് എനിക്കു സംശയമായി.

‘സത്യം പറഞ്ഞാ പെട്ടി കണ്ടപ്പഴും അല്ല, അതിനെടേല് അമ്മയ്ക്ക് ഓർമ്മക്കേടുവന്നു. മൂന്നാലു വർഷം! എപ്പഴും അവനെ വിളിക്കും, കുട്ടാ മേക്കഴുകിയോ, കുട്ടാ നിയ്യെന്താ സ്‌കൂളിൽക്കു പോകാത്തേ എന്നൊക്കെ ചോദിക്കും. കുറച്ചുകൂടി കഴിഞ്ഞപ്പോ വേറെല്ലാരും അമ്മേടെ ഓർമ്മേന്നുപോയി. അവനെ മാത്രം കാണാനും അവനോടു മാത്രം മിണ്ടാനും തുടങ്ങി. ശരിക്കും അപ്പഴാ ഞാനും അവനെപ്പറ്റി ഓർക്കാൻ തുടങ്ങിയത്. മണ്ണുമൂടി കെടക്കണതൊക്കെ കുത്തിക്കുഴിച്ചു കണ്ടുപിടിച്ചു മിനുക്കിയെടുക്കണപോലെ ഞാനവനെ ഉള്ളില് തിരിച്ചുപിടിക്കാൻ തുടങ്ങി. ആദ്യൊക്കെ ഒന്നും തെളിയില്ലായിരുന്നു. മുഖം പോലും മറന്നീര്ന്നു. പിന്നെപ്പിന്നെ...'

അയാൾ വിചിത്രമായ ഭാവത്തോടെ നെഞ്ചത്തു തട്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു; ‘ദാ ഇപ്പോ ഇതിനാത്തുണ്ട്, അന്ന് ഞാൻ പണിക്കിറങ്ങുമ്പോ അവൻ ഇറയത്തു തൂങ്ങിപ്പിടിച്ചിരിക്ക്യാരുന്ന്. സത്യം പറഞ്ഞാ അരിശം വന്നു. എന്നാലും ഒന്നും പറയാണ്ടാ ഞാനിറങ്ങിയത്. അതേ ഇരിപ്പാ ഇപ്പഴും. പുറത്തെറങ്ങുമ്പോ തോന്നുന്നത്, തിരിച്ചുചെല്ലുന്നതും കാത്ത് അവിടെത്തന്നെ, അതേപോലെ ഇരിക്കണുണ്ടാവുംന്നാ. അമ്മ പോയേപ്പിന്നെ വീട്ടിലാരുമില്യ. അവനൊറ്റയ്ക്കാന്നോർക്കുമ്പോ എപ്പഴും വൈകാതെ വീട്ടിലെത്താനാ തിരക്ക്.'

ഞാൻ അയാളുടെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി. ഇതുവരെ സ്വാഭാവികമായി സംസാരിച്ച മനുഷ്യൻ! എന്തെങ്കിലും പ്രശ്‌നമുള്ള ആളാണോന്നാർക്കറിയാം. ആരുമില്ലാത്ത, മഴ പെയ്യുന്ന ഈ ഉച്ചനേരത്ത് അയാൾ എന്നെത്തേടി വന്നതെന്തിനായിരിക്കുമെന്നു ഞാൻ കുറെശ്ശേ ഭയപ്പെടാൻ തുടങ്ങി.

‘പറയൂ. അവനെന്തിനായിരിക്കും അതു ചെയ്തത്? അതിനുമാത്രം എനിക്കു മറുപടി കിട്ടുന്നില്ല. എന്തേലും പറഞ്ഞിരുന്നോ? കുറെക്കാലം നിങ്ങളൊന്നിച്ചുണ്ടായര്ന്നതല്ലേ? എപ്പഴെങ്കിലും എന്തെങ്കിലും സങ്കടംള്ളതായിട്ട് പറഞ്ഞിര്ന്നോ? അവൻ പറഞ്ഞതെന്താച്ചാലും എന്നോടു പറയൂ.'
ഇനിയെന്തിനാണതൊക്കെ എന്നുമാത്രം ഞാൻ ചോദിച്ചു. അവൻ എന്റെ സുഹൃത്തായിരുന്നില്ല. ഒരിക്കലും ഞങ്ങളൊന്നിച്ചിരുന്നിട്ടില്ല, കാന്റീനിലോ, ഗ്രൗണ്ടിലോ എവിടെയും എന്നൊന്നും ഞാൻ ആവർത്തിച്ചില്ല. എത്രവട്ടം ഇതൊക്കെ ഇയാളോടു പറഞ്ഞുകഴിഞ്ഞതാണ്!

‘അമ്മേം പോയേപ്പിന്നെ ഞാൻ അവനെപ്പറ്റി എഴുതാൻ തുടങ്ങി. ഇല്ലാച്ചാ ഞാൻ അവനെ പിന്നേം മറന്നുപോകുംന്ന് എനിക്കു തോന്നാൻ തുടങ്ങീര്ന്നു. അതുമല്ല, ഞാനൂടെ പോയാപ്പിന്നെ അവനെ ആരോർക്കാനാ! അതോണ്ട് എല്ലാം എഴുതി വെക്കണംന്ന് തോന്നി.'
അയാൾ മടിയിൽ വെച്ച സഞ്ചിയിൽ നിന്ന് ആവേശത്തോടെ മൂന്നു നോട്ടുബുക്കുകളെടുത്തു നീട്ടി. അതിലൊന്നു കൈയ്യിൽ വാങ്ങി ഞാൻ മറിച്ചുനോക്കി. വായിക്കാൻ പ്രയാസമുള്ള കൈയക്ഷരത്തിൽ കുനുകുനാ നിറയെ എഴുതിവെച്ചിരിക്കുന്നു. കണ്ണടയുണ്ടെങ്കിൽപ്പോലും എനിക്കതു വായിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. മൂന്നു ബുക്കുകളിലും എഴുതി നിറച്ചിട്ടുണ്ട്.
‘ഞാൻ എഴുത്തുകാരനൊന്നുമല്ലാട്ടോ, വാചകത്തെറ്റും അക്ഷരത്തെറ്റും ഇഷ്ടം പോലെ കാണും. എന്നാലും അവനെപ്പറ്റി ഞാനല്ലാതെ ആരെഴുതാനാ? അവനുണ്ടായതു മുതലുള്ള കാര്യങ്ങളൊണ്ട്. അന്നെനിക്കു പന്ത്രണ്ടു വയസാ. എനിക്കും അവനുമെടേല് അമ്മയ്ക്ക് ആറു മക്കള് ഗർഭത്തീന്നേ പോയിരുന്നു. പിന്നെ വന്നതാ അവൻ. ഓർമ്മയുറച്ചിട്ട് വന്നതോണ്ട് എല്ലാം ആദ്യം മുതലേ ഓർത്തെടുക്കാൻ പറ്റി. പക്ഷേ അവസാനത്തെ ആ എട്ടുമാസം! അതെനിക്കു പിടികിട്ടുന്നില്ല. അവനപ്പോ നിങ്ങടെ കൂടെയാണല്ലോ. അതൂടെ കിട്ടിയാൽ എനിക്കിതു തീർക്കാം. പിന്നെ മരിച്ചാലുകൂടി സങ്കടമില്ല. പക്ഷേ ഇതു തീരാണ്ട്... '

ഞാൻ നിസഹായതയോടെ കൈ മലർത്തി. ഇയാളോടിനിയെന്തു പറയാനാണ്! അയാളാണെങ്കിൽ വരണ്ട കണ്ണുകളിൽ പ്രതീക്ഷയുടെ തീ കത്തിച്ച് എന്നെ നോക്കി നിൽക്കുകയാണെന്നെനിക്കു തോന്നി. അസാധാരണമായി തിളങ്ങുന്ന നോട്ടം സ്വാഭാവികമല്ലെന്നും.

‘അവനുവേണ്ടി ഇതെങ്കിലും ചെയ്യണം. ഇല്ലെങ്കില് മരിച്ചാലും സമാധാനം ണ്ടാവില്ല. ന്റെ കണ്മുന്നിന്നാ അവൻ പൊയ്‌പ്പോയത്. കുറച്ചൂടെ അവനെ ശ്രദ്ധിച്ചിരുന്നേല് ഒരു പക്ഷേ ഇപ്പഴും ഉണ്ടായേനെന്നു തോന്നും. ഇനിയതൊക്കെ പറഞ്ഞിട്ടെന്താ ഫലം! ഇനീപ്പോ ആകെ ചെയ്യാൻ ള്ളത് ഈ ബുക്ക് എഴുതിത്തീർക്കലാണ്. എല്ലാം എഴുതിക്കഴിഞ്ഞട്ക്കുന്നു. ഇനി ആ അവസാനത്തേതുകൂടി കിട്ടീച്ചാല് എനിക്കിതു തീർക്കാം. കോളേജില് അവനെങ്ങാനായിരുന്നു? അറിയണതൊക്കെ പറഞ്ഞുതരൂ. ന്റെ യാചനയാണ്. ദയവായി ഉപേക്ഷിക്കരുത്.'

അയാൾ പെട്ടന്നെന്റെ കൈകൾ കൂട്ടിപ്പിടിച്ച് കരയുന്ന ഒച്ചയിൽ മന്ത്രിച്ചു. അയാളുടെ കനത്ത പിടിയിൽ നിന്ന് കൈകളൂരിയെടുക്കാനുള്ള ശ്രമം വിഫലമായപ്പോൾ ഞാൻ അവനെക്കുറിച്ചു എനിക്കറിയാത്തതെല്ലാം ഇടറിയ ഒച്ചയിൽ പറയാൻ തുടങ്ങി. ▮


ജിസ ജോസ്​

കഥാകാരി, അധ്യാപിക. സ്വന്തം ഇടങ്ങൾ, മുദ്രിത, ഇരുപതാം നിലയിൽ ഒരു പുഴ, സർവ മനുഷ്യരുടെയും രക്ഷക്കുവേണ്ടിയുള്ള കൃപ, പുതുനോവൽ വായനകൾ തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments