ചിത്രീകരണം: ദേവപ്രകാശ്

ഭൂതകാലം

അലീന

വദമ്പതികള്‍ വലിയ പ്രതീക്ഷകളോടെ വാങ്ങിയ ഒരു പഴയ വീട്.
താമസം തുടങ്ങുമ്പോഴാണ് അവിടെ പ്രേതബാധയുള്ളതായി മനസ്സിലാകുന്നത്.

ഇങ്ങനെ തുടങ്ങുന്ന എത്രയോ കഥകള്‍ എത്രയോ തവണ കേട്ടിട്ടുണ്ട്.
ഈ കഥയും തുടങ്ങുന്നത് ഏതാണ്ട് അങ്ങനെ തന്നെയാണ്.

ജീവിതത്തില്‍ അസാധാരണമായി അധികമൊന്നും സംഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ഒരാളായിരുന്നു ഞാന്‍. മാതാപിതാക്കള്‍ രണ്ടുപേരും അധ്യാപകർ. വീട്ടുവാടക, മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മരുന്ന്, കാറിന്റെ ലോണ്‍, വീടു വെക്കാനെടുത്ത ലോണ്‍ എന്നിങ്ങനെ തിരിഞ്ഞും മറിഞ്ഞുമുള്ള ചെലവുകള്‍ക്കിടെ വല്ലപ്പോഴുമൊരു സിനിമ, ഷോപ്പിംഗ്, പുറത്തു നിന്ന് ഭക്ഷണം എന്നീ ആഡംബരങ്ങളില്‍ ഒതുങ്ങിപ്പോയി ഞങ്ങളുടെ ആഘോഷങ്ങളെല്ലാം.

ബന്ധുക്കളുടെ സമപ്രായക്കാരായ മക്കള്‍ വെക്കേഷന് വിദേശ രാജ്യങ്ങളില്‍ പോകുന്നതും ബ്രാന്റഡ് വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്നതും കൊതിയോടെ നോക്കി നിന്നിട്ടുണ്ട് ഞാനും ചേച്ചിയും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ വര്‍ഷം മുഴുവന്‍ചെലവു ചുരുക്കി, നുള്ളിപ്പെറുക്കി മലേഷ്യയില്‍ ബന്ധുവിനെ കാണാന്‍ പോയതായിരുന്നു കുടുംബമായുള്ള ഞങ്ങളുടെ ഒരേയൊരു വിദേശ യാത്ര. അന്നേ തീരുമാനിച്ചതാണ് പഠിച്ച് ജോലിയൊക്കെ നേടുമ്പോള്‍ അധികം സമ്പാദിക്കാനൊന്നും നില്‍ക്കാതെ ഒരുപാട് യാത്ര ചെയ്യുമെന്ന്. ഇരുപതിലധികം വിദേശ രാജ്യങ്ങളില്‍ തുടങ്ങി, ഇന്ത്യയിലെ വന്‍ നഗരങ്ങള്‍ മുതല്‍ കറണ്ടും വെള്ളവും പോലുമില്ലാത്ത കുഗ്രാമങ്ങള്‍ വരെ യഥേഷ്ടം സഞ്ചരിച്ച് ഞാന്‍ എനിക്കു തന്നെ നല്‍കിയ വാക്ക് പാലിച്ചു. നെഹ്‌റു പറഞ്ഞ ഇന്ത്യയുടെ ആത്മാവ് ഇരുട്ടില്‍, തൊണ്ട പൊള്ളി, വിണ്ടുകീറിയ പാദങ്ങളുമായി ഒക്കത്ത് കുഞ്ഞിനെയുമേന്തി തലയില്‍ വലിയ കുടങ്ങളും ചുമന്നു നടക്കുന്നത് കണ്ടു. കഷ്ടപ്പാടുകളുടെ കറ പുരണ്ട ആരും കാണാത്ത ജീവിതങ്ങള്‍.

ഇങ്ങനെ ഒരുപാട് പാഠങ്ങള്‍ നല്‍കിയ ഒരു യാത്രയിലാണ് അമലിനെ കണ്ടുമുട്ടുന്നത്. പിന്നീട് അവന്റെ വരയും എന്റെ എഴുത്തും ഒരുമിച്ചായി. ശബ്ദമില്ലാത്തവരുടെ ശബ്ദമാകുന്നതായിരുന്നു ഞങ്ങളുടെ കല. ചെലവ് ചുരുക്കിയ രജിസ്റ്റര്‍ വിവാഹം എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നതിന് ഇരു വീടുകളിലും ഒച്ചപ്പാടുണ്ടായിരുന്നു. അതൊക്കെ വളരെ ബോധപൂര്‍വം കേട്ടില്ലെന്ന് നടിച്ചു. സ്വസ്ഥമായി വരക്കാനും എഴുതാനും ആരുടെയും ശല്യമില്ലാത്ത ഒരിടം എന്നൊരു സ്വപ്നമുണ്ടായിരുന്നു രണ്ടുപേര്‍ക്കും. ഞങ്ങള്‍ക്ക് മാത്രമല്ല, ആര്‍ക്കും വരാം. തുച്ഛമായ വാടക കൂടി ഈടാക്കിയാല്‍ ഉപജീവനത്തിനു വേറേ മാര്‍ഗ്ഗം അന്വേഷിക്കേണ്ട. വളരെ ദീര്‍ഘമായ ആലോചനകള്‍ക്കു ശേഷമാണ് രണ്ടുപേരുടെയും ഷെയര്‍ വിറ്റ് ഏകദേശം രണ്ടു കോടി രൂപയോളം സ്വരുക്കൂട്ടിയത്. പിന്നെ മാസങ്ങളോളം റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റുകളും ഏജന്‍സികളും കയറിയിറങ്ങി. അവസാനം അമലിന്റെ അമ്മയുടെ അകന്ന ബന്ധു വഴിയാണ് ഇടുക്കി-കോട്ടയം ബോര്‍ഡറിലെ ഏന്തയാര്‍ പട്ടണത്തിനടുത്ത്, ഇരുനൂറു വര്‍ഷത്തോളം പഴക്കമുള്ള ഇല്ലിക്കല്‍ തറവാട് ഞങ്ങളുടെ ഉടമസ്ഥതയിലേക്ക് എത്തുന്നത്.

സ്ഥലം പേരില്‍ കൂട്ടുന്നതുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതികതകളും വളരെ പെട്ടന്നു കഴിഞ്ഞു. ഇല്ലിക്കല്‍ തറവാട്ടിലെ അവസാനത്തെ അനന്തരാവകാശി നാല്പതുകാരിയായ തെരേസ താക്കോല്‍ ഞങ്ങളെ ഏല്‍പ്പിച്ച് പ്രായമായ അമ്മയെയും കൂട്ടി യു. എസ്സിലേക്ക് മടങ്ങി. എന്തൊക്കെ പറഞ്ഞാലും സ്വന്തം മണ്ണില്‍ കാല്‍ ചവിട്ടുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. ഏതാനും കടകളുള്ള ചെറിയ ജംഗ്ഷനില്‍ നിന്നും കുറച്ചകലെയാണ് വീട്. പതിനഞ്ച് ഏക്കര്‍ വരുന്ന പുരയിടത്തിനു ചുറ്റും കൂറ്റന്‍ മതിലുകളുണ്ട്. ഒരു വലിയ ഇരുമ്പു ഗെയ്റ്റും. മുറ്റം വരെ നീണ്ട ടാറിട്ട റോഡിന് ഇരുവശത്തും ചെടികളും മരങ്ങളുമുണ്ട്. മുറ്റത്ത് തണല്‍ പടര്‍ത്തി ഒരു വലിയ ഇലഞ്ഞിയും. വീട് കണ്ടതും ഷിഫ്റ്റിങിന് സഹായിക്കാന്‍ വന്ന എന്റെ അച്ഛനും അമ്മയും അമ്പരന്നു.

'ഫോട്ടോയില്‍ കണ്ടാല്‍ ഇതിന് ഇത്ര വലിപ്പം പറയില്ലല്ലോ..'

ഞാനും അമലും അഭിമാനത്തോടെ ചിരിച്ചു.

അമലിന്റെ ബന്ധുവായ അമ്മാവന്‍ വീട് നോക്കി നടത്തുന്ന കുടുംബത്തെ പരിചയപ്പെടുത്തി.

തങ്കച്ചന്‍ അമ്പതു വയസ്സിനോടടുത്ത് പ്രായം. അയാളുടെ ഭാര്യ മോളി മീന്‍ നന്നാക്കുന്നു. അവരുടെ മകള്‍ പത്തു പന്ത്രണ്ട് വയസ്സുള്ള അമ്മു അതുവഴിയൊക്കെ ചാടി നടക്കുന്നു.

'അയ്യോ...ഞങ്ങളാരും മീന്‍ കഴിക്കില്ല.'

ഞാനൊരു ചിരിയോടെ പറഞ്ഞു. മോളി മുഷിഞ്ഞ മുഖത്തോടെ നിവര്‍ന്നു.

'എങ്കി പിന്നെ അത് നേരത്തെ പറയത്തില്ലാരുന്നോ? ഇങ്ങേരുടെ കയ്യില്‍ നമ്പര്‍ ഉണ്ടായിരുന്നല്ലോ?'

അവരുടെ നെറ്റിയില്‍ ഒരു ചെതുമ്പല്‍ പറ്റിയിരുന്നു. ചെറുപ്പത്തില്‍ ഞാന്‍ ഇറച്ചിയും മീനുമൊക്കെ ഇഷ്ടം പോലെ കഴിച്ചിരുന്നു. ആ ദുശ്ശീലം കൊണ്ട് പ്രകൃതിക്കുണ്ടാകുന്ന ഭവിഷ്യത്തുകള്‍ മനസ്സിലായതോടെ ഞാനും അമലും ഉപേക്ഷിച്ചതാണ്. അമ്മക്ക് പണ്ടേ മത്സ്യ മാംസാദികളോട് താല്പര്യമില്ല. പ്രായമായി തുടങ്ങിയതോടെ അച്ഛനും നിര്‍ത്തി.

'ഒരു മുന്നൂറു രൂപ അങ്ങേരുടെ കയ്യില്‍ കൊടുത്തേക്കേ..'

മോളി കത്തി കൊണ്ട് ഭര്‍ത്താവിനെ ചൂണ്ടിക്കാട്ടി.

'എന്തിന്?'

ഞാന്‍ ഞെട്ടി.

'മീങ്കാരന് കൊടുക്കാന്‍. ഇവിടുത്തേക്ക് മാസത്തിലാണ് കാശ്. ഇനി വരണ്ടാന്ന് പറയാവല്ലോ.'

'അതിന് ഞങ്ങളാരും മീന്‍ കഴിക്കുന്നില്ലല്ലോ.'

എനിക്ക് ദേഷ്യം വന്നു തുടങ്ങി. കഴിക്കാത്ത ഭക്ഷണത്തിന്റെ വില എന്തിന് കൊടുക്കണം?

'അതുകൊണ്ടാ ഇന്ന് മേടിച്ചേന്റെ കാശ് കൊടുത്തിട്ട് മീങ്കാരനോട് ഇനി വരണ്ടാന്ന് പറയുന്നേ.'

മോളി പറഞ്ഞു.

'കൊടുത്തേക്ക് കീര്‍ത്തീ' എന്ന് അമല്‍.
ഞാന്‍ മനസ്സില്ലാ മനസോടെ മൂന്നു നൂറിന്റെ നോട്ട് അവര്‍ക്കു നേരെ നീട്ടി.

'എന്റെ കയ്യിലല്ല. അങ്ങേരുടെ കയ്യില്‍.'

മോളി വീണ്ടും ഭര്‍ത്താവിനെ ചൂണ്ടി. അയാളും അമ്മാവനും അല്പം ദൂരെ മാറി എന്തോ സംസാരിച്ചു നില്‍ക്കുകയാണ്. മോളിയുടെ ഭര്‍ത്താവിന് എന്തോ ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞതാണ്. അതുകൊണ്ട് കടുപ്പമുള്ള പണികളൊന്നും ചെയ്യാന്‍ വയ്യ.

ഊണിനുശേഷം അച്ഛനും അമ്മയും നാട്ടിലേക്ക് പോകാനിറങ്ങി. വീട്ടില്‍ മുമ്പ് താമസമുണ്ടായിരുന്നതു കൊണ്ട് വൃത്തിയാക്കാനൊന്നും അധികം മെനക്കെടേണ്ടി വന്നില്ല. ഞങ്ങളുടെ ബെഡ്‌റൂമൊക്കെ മുമ്പ് പല തവണ വന്നപ്പോള്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നു. സാധനങ്ങളൊക്കെ നിരത്തി ഞങ്ങളുടെ പഴയ മുറിയുടെ പ്രതീതി വരുത്തി. സീലിങും ​ഫ്ലോറിങ്ങുമൊക്കെ പുതുക്കിയ ചുരുക്കം ചില മുറികളിലൊന്നായിരുന്നു അത്. പക്ഷേ ജനാലകളൊക്കെ ഇരുനൂറു വര്‍ഷം മുമ്പത്തെ ഡിസൈന്‍. ഇനിയും എത്രയോ മുറികളുണ്ട് പുതുക്കാന്‍. അതിനൊക്കെ എത്ര കാശ് ചെലവാകും. വിവാഹത്തിന് എന്നെ ധരിപ്പിക്കാന്‍ അമ്മ സൂക്ഷിച്ചു വെച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളെ ഓര്‍ത്തുകൊണ്ടാണ് ഞാന്‍ വൈകുന്നേരം ചായ കുടിച്ചത്. മോളിയും ഭര്‍ത്താവും മോളും അന്നത്തെ പണി കഴിഞ്ഞ് ഇറങ്ങുന്നു.

'ഞങ്ങള് പോട്ടേ കൊച്ചേ. ഒരു ആറുമണി കഴിഞ്ഞാ പിന്നെ ഇവിടുന്ന് വണ്ടി കിട്ടില്ല’, മോളി പറഞ്ഞു.

അവരുടെ കയ്യിലെ ഷോപ്പറില്‍ എന്തോ വട്ടത്തില്‍ മുഴുത്തത്. ഉച്ചയ്ക്കത്തേ മീന്‍കറി ചട്ടിയോടെ കൊണ്ടുപോകുകയാണെന്ന് തോന്നുന്നു.

ഇരുട്ടും തണുപ്പും നിശ്ശബ്ദതയും ഒക്കെ ചേര്‍ന്ന് ഒരു വല്ലാത്ത രാത്രിയാണ് ഇവിടുത്തേത്. അമല്‍ ഒരു പരാതികളുമില്ലാതെ അത്താഴത്തിന് കഞ്ഞിയും പയറും കഴിച്ചു. എനിക്ക് എന്തൊക്കെയോ പേടികള്‍ തോന്നിത്തുടങ്ങി.

ബന്ധുക്കളോ സുഹൃത്തുക്കളോ പരിചയക്കാരോ ഇല്ലാത്ത ഈ തുരുത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു പോകുമോ? ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങിപ്പോകുമോ? ലൈറ്റണച്ച് ഉറക്കം പിടിച്ചു തുടങ്ങിയതു മുതല്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി. ആദ്യമൊക്കെ പതുക്കെ, അമ്മയെ കാണാത്തതിന്റെ പരിഭവം. പിന്നെപ്പിന്നെ ഉച്ചത്തില്‍. സ്വപ്നത്തിലാണെന്ന് തോന്നുന്നു. മനസിന്റെ കോണില്‍ നിന്ന് വിശന്നു കരയുന്ന ഒരു കുഞ്ഞിന്റെ ശബ്ദമുയര്‍ന്നു കേള്‍ക്കുന്നു. പല തവണ ഉണര്‍ന്നെങ്കിലും കണ്ണു തുറക്കാന്‍ കഴിയുന്നില്ല. ശരീരമനങ്ങുന്നില്ല. ഒച്ച പൊങ്ങുന്നില്ല. സാധാരണ കുഞ്ഞുങ്ങളുടെ കരച്ചിലിന്റെ നിഷ്‌കളങ്കതയൊന്നുമില്ലാത്ത ആ പൈശാചിക ശബ്ദം മുറി മുഴുവന്‍ മരവിപ്പിച്ചതുപോലെ. സമയം എത്ര കടന്നുപോയി എന്ന് അറിയില്ല, കരച്ചിലിന് ശമനമില്ല. ഇപ്പോള്‍ കേള്‍ക്കുന്നത് വിശപ്പിന്റെ കരച്ചിലല്ല. മരണത്തെക്കാള്‍ ഭയക്കേണ്ടുന്ന എന്തോ ഒരു ഭീകരതയെ കണ്‍മുന്നില്‍ കണ്ടതിന്റെ നിസ്സഹായമായ നെടുവീര്‍പ്പാണ്. കിടക്കയില്‍ ഞാന്‍ വിയര്‍ത്തു കുളിക്കുന്നത് ഉറക്കത്തിന്റെ അടിത്തട്ടോളം അനുഭവപ്പെടുന്നുണ്ട്. ഞെട്ടിയുണരുമ്പോള്‍ പകല്‍ വെളിച്ചം മുറിയിലാകെ പടര്‍ന്നിരിക്കുന്നു.

തിണ്ണയില്‍ ചായ കുടിച്ചിരിക്കുന്ന അമലിന്റെ മുഖത്ത് മുഷിപ്പുണ്ട്. പത്തു മണി കഴിഞ്ഞിട്ടും ഞാന്‍ ഉണരാത്തതിന്റെയായിരിക്കും. കപ്പില്‍ നിന്ന് ആവി പറക്കുന്നു. അവനും ഉണര്‍ന്നിട്ട് അധികമാകാന്‍ ഇടയില്ല.

'രാത്രി ഒട്ടും ഉറങ്ങാന്‍ പറ്റിയില്ല’, അമല്‍ പറഞ്ഞു.

'നിന്റെ ഫോണില്‍ നിന്നോ മറ്റോ ആണോ? ഒരു കൊച്ചിന്റെ ശബ്ദം?'

ഇവിടെ എന്തൊക്കെയോ അസ്വാഭാവികതകള്‍ ഉണ്ടെന്ന് മനസ്സിലായി തുടങ്ങിയ ആദ്യത്തെ സന്ദര്‍ഭമായിരുന്നു അത്.

പുട്ടും കടലയും വിളമ്പി മോളി മേശപ്പുറത്ത് വെച്ചു.

'കുട്ടിയെവിടെ?', ഞാന്‍ സൗഹൃദം നടിച്ചു ചോദിച്ചു.

'സ്‌കൂളില്‍ പോയി’, അവര്‍ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

ആ ദിവസം ഞാനും അമലും പരസ്പരം തീരെ സംസാരിച്ചില്ല.
പകല്‍ ഉറങ്ങാന്‍ തോന്നിയെങ്കിലും എന്തോ ഒരു വല്ലാത്ത ഭയം. കണ്ണടക്കുമ്പോഴൊക്കെ ഇരുചെവിയിലും വല്ലായ്മ. തിണ്ണയിലിരുന്ന് ഇടക്കെപ്പൊഴോ മയങ്ങിയെങ്കിലും പെട്ടന്നുതന്നെ അമല്‍ ഞെട്ടിയുണര്‍ന്നു. മലമുകളില്‍ നിന്നു സൂര്യന്‍ താഴ്ന്നു താഴ്ന്നു പോകുന്നതും ഇരുട്ടു വീഴുന്നതും വരാന്തയില്‍ നിന്നും ഞങ്ങള്‍ വെറുതെ നോക്കിനിന്നു. പ്രണയിക്കുമ്പോഴും ഞങ്ങള്‍ക്ക് എപ്പോഴും തമ്മില്‍ മിണ്ടണമെന്നില്ലായിരുന്നു. ഒരാളുടെ മനസ്സില്‍ എന്താണെന്ന് മറ്റേയാള്‍ക്ക് പറയാതെ തന്നെ മനസ്സിലാകും. അങ്ങനെ രണ്ടാമത്തെ രാത്രി വന്നു.

പുതപ്പിനടിയില്‍ ഞങ്ങള്‍ ഉടല്‍ കോര്‍ത്തു കിടന്നു. അമലിന്റെ കണ്ണുകള്‍ അടഞ്ഞുപോകുന്നത് എനിക്ക് കാണാമായിരുന്നു. ഞാനുറങ്ങിയെന്നു മനസ്സിലായത് ഒരു സ്ത്രീയുടെ തേങ്ങികരച്ചില്‍ കേട്ടു തുടങ്ങിയപ്പോഴാണ്.

'എന്റെ കുഞ്ഞെവിടെ, ഒന്നു പറയുമോ...
എന്റെ കുഞ്ഞ്...'

ചാറ്റല്‍ മഴയും കാറ്റും ജനാലയില്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നു. കാറ്റിന്റെ ഇരമ്പത്തിനെക്കാള്‍ ഉച്ചത്തില്‍, ചിലപ്പോള്‍ പതിഞ്ഞ്, ആ സ്ത്രീ കരഞ്ഞു കൊണ്ടിരുന്നു… 'എന്റെ കുഞ്ഞ്... എന്റെ കുഞ്ഞിനെ എനിക്ക് വേണം..'

തലേന്നത്തെപ്പോലെ ഞാന്‍ കിടക്കയില്‍ അനങ്ങാനാവാതെ അമര്‍ന്നു. എന്റെ കുഞ്ഞെവിടെ? ഭയവും നിരാശയും പടരുകയാണ്. ആ സ്ത്രീയുടെ പതിഞ്ഞ കരച്ചില്‍ ഇപ്പോള്‍ വല്ലാത്തൊരു നിലവിളിയായി; 'എന്റെ കുഞ്ഞ്...’

ഞാന്‍ ഇരുകൈകളും പാല്‍ചുരത്തുന്ന എന്റെ നെഞ്ചിലേക്ക് അമര്‍ത്തി നിലവിളിച്ചു.

'എന്റെ കുഞ്ഞിനെ താ...'

ഞാന്‍ ചെയ്ത തെറ്റിന് എന്റെ കുഞ്ഞിനെ ശിക്ഷിക്കുന്നതെന്തിന്? ഇത് വലിയ അന്യായമാണ്. നീതിയും ന്യായവും പറഞ്ഞു തര്‍ക്കിക്കാവുന്നിടത്തല്ല എന്റെ കുഞ്ഞ്. മരണം തട്ടിക്കൊണ്ടു പോയിരിക്കുകയാണ്. അതിന്റെ ജനാലയില്‍ കാറ്റുപോലെ ഞാന്‍ ആഞ്ഞിടിക്കുന്നു.

'എന്റെ കുഞ്ഞ്...'

ഉണരുമ്പോള്‍ മുഖത്ത് കണ്ണീരുണങ്ങിയ ചാലുകളുണ്ടായിരുന്നു.

'എണീക്ക്', അമല്‍ കോപത്തോടെ കല്പിച്ചു.

രണ്ടു ദിവസത്തെ ഉറക്കമില്ലായ്മയില്‍ ഞാന്‍ തളര്‍ന്നു പോയിരുന്നു.
ഉറങ്ങുന്നുണ്ട്. പക്ഷേ അത് ഉറക്കമല്ല. ഞാന്‍ ഈ ശരീരത്തില്‍ വെറുതെ കുടുങ്ങിപ്പോകുകയാണ്. ആരൊക്കെയോ എന്റെ ശരീരത്തില്‍ യഥേഷ്ടം വന്നു പോകുന്നു. എന്റെ ഇന്ദ്രിയങ്ങളെ തോന്നുംപോലെ ഉപയോഗിക്കുന്നു.

'ഇവിടുത്തെ ബഹളം എന്താണെന്ന് അറിഞ്ഞിട്ടു തന്നെ കാര്യം’, അമല്‍ കലി തുള്ളി അടുക്കളയിലേക്ക് പോയി.

അവിടെ മോളി ഒന്നും മിണ്ടാതെ നില്‍പ്പുണ്ട്. കൂടെ ഭര്‍ത്താവും. അവരെ ചോദ്യം ചെയ്യുന്ന അമലിന്റെ ശബ്ദം വല്ലാതെ വികൃതമായി തോന്നി. എന്നെ കണ്ടപ്പോള്‍ മോളിക്ക് ആശ്വാസമായി.

'ആ കൊച്ചെണീറ്റോ. ഇന്ന് പുട്ടും കടലയുമാണ്’, അവര്‍ അമലിനെ പാടേ അവഗണിച്ചു.

'പുട്ടും കടലയും!'- അവന്‍ ആ പാത്രം തട്ടിത്തെറിപ്പിച്ചു.

നിലക്കാത്ത ഒച്ചയില്‍ പേടിച്ച് ഞാന്‍ ചെവി പൊത്തി. മോളി ഒരു പരിഭവവുമില്ലാതെ അവിടം വൃത്തിയാക്കാന്‍ തുടങ്ങി.

'ഇത് പറഞ്ഞിട്ടേ നിങ്ങളെ വിടത്തൊള്ളൂ’, അവന്‍ അടുക്കള വാതില്‍ വഴി ഇറങ്ങി പുറത്തേക്ക് പോയി.

ഉച്ചയൂണിന്റെ നേരമായിട്ടും കാണാഞ്ഞപ്പോള്‍ ഞാന്‍ അവന്റെ പേരും വിളിച്ച് പറമ്പു വഴി നടന്നു. ഒരു കശുമാവിന്റെ തണലില്‍ കിടന്ന് അവന്‍ സുഖമായി ഉറങ്ങുന്നു. ഒന്നും മിണ്ടിയില്ലെങ്കിലും എണീറ്റത് ചമ്മലോടെയാണ്. വൈകുന്നേരം ആയപ്പോള്‍ ഞാന്‍ പതുക്കെ സംസാരിക്കാന്‍ ശ്രമിച്ചു.

'നമ്മള്‍ വഴക്കിട്ടിട്ടോ ഒച്ചയെടുത്തിട്ടോ ഒന്നും കാര്യമില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ ഇതിന്റെ നേരത്തത്തെ ഉടമസ്ഥരെ വിളിച്ചു ചോദിക്കണം’, അമലിന്റെ മൂഡ് അല്പം ഭേദപ്പെട്ടു എന്ന് തോന്നുന്നു.

'ചോദിക്കാന്‍ ഒന്നും ഇല്ല. ഇത് അവരാണ്. നിനക്ക് അറിയാത്ത ഒത്തിരി കാര്യം ഇതിനാത്തുണ്ട്.'

'എന്ത് കാര്യം?’

'ആ മോളീടെ ചേച്ചീടെ എന്തോ മോന്‍. ഗള്‍ഫില്‍ എങ്ങാണ്ട് പോയി കുറേ കാശുണ്ടാക്കി. എന്നിട്ട് ഈ വീട് മേടിക്കാന്‍ നോക്കീതാ. പക്ഷേ അവര്‍ കൊടുത്തില്ല. എങ്ങനെ കൊടുക്കാനാ? അവരൊക്കെ കുടുംബമായിട്ട് ഇവിടുത്തെ പണിക്കാര്‍ ആയിരുന്നില്ലേ. അതിന്റെ കലിപ്പിന് അവര്‍ എന്തോ ചെയ്യുന്നതാ. നീ നോക്കിക്കോ. ഞാന്‍ കണ്ടുപിടിക്കും.'

ഞാന്‍ കൂടുതലൊന്നും പറഞ്ഞില്ല. മോളിയെക്കാളും വലുതാണ് ഈ സംഭവങ്ങളൊക്കെ എന്നെനിക്ക്​ തോന്നിയിരുന്നു. രാത്രിയില്‍ ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ പാതിര കഴിഞ്ഞിരുന്നു. ഒരുപാട് സംസാരിക്കാന്‍ ഉണ്ടായിരുന്നതു കൊണ്ടല്ല. എന്തിനെയോ അവഗണിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കൂര്‍ത്ത കനമുള്ള എന്തോ ഒന്ന് തലയോട് പിളര്‍ന്നപ്പോള്‍ ഞാന്‍ കട്ടിലില്‍ കിടന്നു പുളഞ്ഞു. ചോര മുഖം കുതിര്‍ക്കുന്നു. വീണ്ടും ആഞ്ഞാഞ്ഞ് ആ ആയുധം ഇരുട്ടത്ത് വന്നു പതിച്ചു. ഞാന്‍ അമ്മയെ വിളിച്ചു കരഞ്ഞു. കേട്ടത് ഒരു പുരുഷന്റെ ശബ്ദം, ഒരു പയ്യന്റെ.

എന്റെ തല പൂര്‍ണമായും രണ്ടായി മാറിയിരുന്നു. എനിക്ക് കൈകള്‍ ഉണ്ടായിരുന്നില്ല. കാലുകളും. ഇപ്പോള്‍ തലയും. ഒരു മാംസപിണ്ഡമായി ഞാന്‍ അമ്മയെ വിളിച്ചു കരഞ്ഞപ്പോള്‍ ആരോ എന്റെ വായ കൂട്ടിത്തുന്നുന്നു. സൂചിയും നൂലും കയറിയിറങ്ങുന്നതില്‍ എനിക്ക് വേദനിക്കുന്നില്ല. ഞാന്‍ വേദന മറന്നു പോയിരുന്നു. അടര്‍ന്നു മാറിയ തലയില്‍ ഉറുമ്പരിക്കുന്നത് എനിക്കു കാണാം. അമല്‍ കിടന്നുറങ്ങിയ കശുമാവിന്റെ ചോട്ടില്‍ അതങ്ങനെ ഉപേക്ഷിക്കപ്പെട്ടു കിടന്നു. വെട്ടുകത്തി തലയോട്ടിയില്‍ വന്നു വീഴുന്ന വലിയ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അമല്‍ വലിയൊരു ചുറ്റിക കൊണ്ട് ഭിത്തി ഇടിച്ചു പൊളിക്കുകയാണ്.

'എവിടെയാ സ്പീക്കര്‍ ഇരിക്കുന്നത്? പറ'

മോളി ഒന്നും മിണ്ടുന്നില്ലെങ്കിലും അവരുടെ മുഖത്തെ കോപം എനിക്ക് കാണാം. പെയിന്റും കട്ടകളുമൊക്കെ ചെറുതായി പൊടിയുന്നതല്ലാതെ ഭിത്തിക്കൊന്നും സംഭവിക്കുന്നില്ല. ഇത്രയായിട്ടും വീട്ടില്‍ വിളിച്ചു പറയാത്തത് വീട്ടുകാരെന്നെ കുറ്റപ്പെടുത്തും എന്നു പേടിച്ചിട്ടാണ്. ഞാന്‍ ഒരിക്കലും അവരുടെ പ്രിയപ്പെട്ട മകള്‍ ആയിരുന്നില്ല. പെട്ടെന്ന് ചുറ്റികയുടെ ശബ്ദം നിലച്ചു. ഞാന്‍ തലയുയര്‍ത്തി നോക്കി. ഭിത്തിയിലെ ഭൂരിഭാഗം പെയിന്റും സിമന്റും ഇളകി. കട്ടകള്‍ക്കിടയില്‍ ഒരു ചെറിയ അസ്ഥികൂടം. ഒരു കുഞ്ഞിന്റേതാണെന്ന് തോന്നുന്നു. നിലവിളിക്കാന്‍ ഒരുങ്ങിയ എന്നെ മോളി തടഞ്ഞു, 'നമുക്കിത് കുഴിച്ചിടാം.'

അമല്‍ ഒരു മൂലയില്‍ കുത്തിയിരുന്ന് കരയുന്നതും നോക്കി ഞങ്ങള്‍ പുറത്തേക്കിറങ്ങി. എന്റെ കൈകാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. പറമ്പിലെ ഒരു മൂലയ്ക്ക് മോളി അത്യാവശ്യം ആഴത്തിലുള്ള ഒരു കുഴിയെടുത്തു. ചാക്കില്‍ വാരിയെടുത്ത ആ കുഞ്ഞ് തലയോട്ടിയും കുറച്ച് അസ്ഥികളും അവര്‍ മണ്ണിട്ട് മൂടി.

'പോലീസില്‍ അറിയിക്കണ്ടേ?'

മോളി വേണ്ടെന്ന് ആംഗ്യം കാണിച്ചു.

'ഇനീപ്പോ എന്താ ചെയ്യണ്ടേ?', ഞാന്‍ കരച്ചിലിന്റെ വക്കിലായിരുന്നു.

'സാറാമ്മേം കൊച്ചിനേം വിളിക്ക്. എന്നിട്ട് കാര്യങ്ങളൊക്കെ പറ.'
മോളി അലസമായി തൂമ്പ തോളില്‍ വെച്ച് അടുക്കളയിലേക്ക് നടന്നു.

ഞാന്‍ പേടിച്ചരണ്ട കുട്ടിയെപ്പോലെ അവരുടെ പിന്നാലെ. അവര്‍ തൂമ്പയും കയ്യും കാലും കഴുകി ഉച്ചഭക്ഷണത്തിന്റെ തിരക്കില്‍ മുഴുകി. ഞാന്‍ വീണ്ടും പലതും ചോദിച്ചുകൊണ്ടിരുന്നു. സാറാമ്മയെ വിളിക്ക് എന്നു മാത്രം അവര്‍ മറുപടി പറഞ്ഞു. അമല്‍ കരഞ്ഞു കരഞ്ഞ് ഉറങ്ങിപ്പോയിരുന്നു. എനിക്ക് അവനോട് സഹതാപം തോന്നിയില്ല.

എന്റെ ടെക്​സ്​റ്റ്​ മെസ്സേജുകള്‍ക്ക് രാത്രിയായിരുന്നെങ്കിലും തെരേസ പെട്ടെന്ന് മറുപടി തന്നു. എനിക്ക് സംസാരിക്കാനു ഉണ്ടെന്നു പറഞ്ഞപ്പോള്‍ സ്‌കൈപ്പ് കോളിലും വന്നു. കാര്യങ്ങളൊക്കെ വിവരിച്ചപ്പോള്‍ അവരുടെ മുഖം വിളറി വെളുക്കുന്നത് ഞാന്‍ കണ്ടു.

'ഞങ്ങളോര്‍ത്തത് വേറേ ഫാമിലി വന്നാല്‍ എല്ലാം ശരിയാകുമെന്നാ. '

അവരുടെ ശബ്ദത്തില്‍ പേടിയും അമ്പരപ്പും നിരാശയും എല്ലാം ഉണ്ടായിരുന്നു.

ഞാന്‍ ഒന്നും മിണ്ടിയില്ല. തെരേസ തുടര്‍ന്നു, 'യു സീ. ഞങ്ങളുടെ ഗ്രെയ്റ്റ് ഗ്രാന്‍ഫാദര്‍ അത്ര ഡീസന്റ് മാന്‍ അല്ലായിരുന്നു. ഞങ്ങളുടെ തറവാട് ശരിക്കും പാലായിലാണ്. ഇത് വല്യപ്പച്ചന്‍ വേറേ ചില ആവശ്യങ്ങള്‍ക്ക് പണിത വീടാണ്.'

'എന്ത് ആവശ്യം?'

'നൂറു വര്‍ഷം മുന്‍പ് മര്‍ഫി സായിപ്പ് വരുമ്പോഴാണ്​ അവിടെ സെറ്റില്‍മെന്റ്‌സ് ഒക്കെ ഉണ്ടാകുന്നത്. കുറേ വര്‍ഷം മുന്‍പാണ് അപ്പച്ചന്‍ ഈ വീട് പണിയുന്നത്. അന്നത്തെ കാലമല്ലേ, തറവാട്ടില്‍ കുറേ പണിക്കാരൊക്കെയുണ്ടായിരുന്നു. ബോണ്ടഡ് ലേബറേഴ്‌സ്. സ്ലേവറി പോലെ. അവര്‍ എന്തേലും തെറ്റ് ചെയ്താലൊക്കെ കൊണ്ടു താമസിപ്പിക്കുന്ന പണിഷ്‌മെന്റ് ഹൗസായിരുന്നു അത്. '

'പണിഷ്‌മെന്റ് എന്നു വെച്ചാല്‍ കയ്യും കാലും വെട്ടി മാറ്റുന്നതും കുഞ്ഞുങ്ങളെ വരെ കൊന്നു ഭിത്തിയില്‍ അടക്കുന്നതും ഒക്കെ ആണോ?', ഞാനിരുന്ന്​ വിറച്ചു.

'അന്നത്തെ കാലമല്ലേ? നമ്മുടെ ഇപ്പോഴത്തെ മോറല്‍സ് വെച്ച് ജഡ്ജ് ചെയ്യാന്‍ പറ്റുമോ?'

തെരേസ വിളറി ചിരിച്ചു. അതു ശരിയാണെന്ന് എനിക്കും തോന്നി.

'നമ്മള്‍ കുറേ ശരിയാക്കാന്‍ നോക്കിയിരുന്നു. അച്ചന്മാരെ വിളിച്ചു. പൂജാരികളെ വിളിച്ചു. മൊല്ലാക്കമാരെ വരെ വിളിച്ചു. എന്നിട്ടും രക്ഷയില്ല. ആ വീട്ടില്‍ ആര്‍ക്കും സമാധാനമായി ഉറങ്ങാന്‍ കഴിയില്ല. ഞങ്ങളോര്‍ത്തത് ഞങ്ങളുടെ കുടുംബത്തോട് മാത്രമായിരിക്കും ആത്മാക്കളുടെ പക എന്നാണ്. പിന്നെ കുറേ എല്ലൊക്കെ ഞങ്ങള്‍ക്കും കിട്ടിയിട്ടുണ്ട്. അതൊക്കെ അടക്കിയതും മോളി ആണ്. അവര്‍ നല്ല മനുഷ്യരാ.'

'കുറേ എന്നു പറഞ്ഞാല്‍ എത്ര?'

'കുറേ’, തെരേസ പിന്നെയും ആ വിളറിയ ചിരി ചിരിച്ചു.

'പറയൂ’, ഞാന്‍ അക്ഷമയായി.

'ഒരു പത്തിരുപതു പേരുടെ’, തെരേസ മുഖത്തെ ചിരി നിലനിര്‍ത്താന്‍ പാടുപെട്ടു. എന്റെ മുഖം മങ്ങുന്നത് അവര്‍ കണ്ടു.

തെരേസയുടെ അമ്മ ഇടക്കു കയറി, 'എന്റെ വല്യമ്മയൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്, ഒരു പത്തു നൂറ് പേരെങ്കിലും അവിടെ ചത്തിട്ടൊണ്ടെന്ന്. അതും തൊലിയുരിച്ചും ജീവനോടെ തുണ്ടം തുണ്ടം ആക്കിയും പട്ടിണിക്കിട്ടും വെള്ളത്തിന് ദാഹിച്ചും.'

ഞാന്‍ തരിച്ചിരുന്നു.

'മമ്മിയൊന്ന് അപ്രത്ത് പോയേ. എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നത്?', തെരേസ ശബ്ദമുയര്‍ത്തി.

'വല്യപ്പന്‍ കതകു തുറന്നു വരുന്നതും കതക് അടച്ചിട്ട് പോകുന്നതും അകത്ത് പൂട്ടിയിട്ടിരിക്കുന്നവര് കേള്‍ക്കാതിരിക്കാന്‍ അങ്ങേര് ആദ്യം തന്നെ ഒരു കമ്പി കൊണ്ട് അവര്‍ടെ ചെവി കുത്തിപ്പൊട്ടിക്കും. അയാള് കുളിക്കുന്നത് പെലേര്‍ടെ ചോരേലായിരുന്നു.'

'മമ്മീ!'

തെരേസ എണീറ്റ് അമ്മയെ സര്‍വ്വബലവുമെടുത്ത് തള്ളി മാറ്റി. പിന്നെയും ഒച്ചകള്‍. അവസാനം വീണ്ടും തെരേസ ക്യാമറയുടെ മുന്നില്‍ വന്നു.

'ഇനി ഇതിന്റെ പേരില്‍ വിളിച്ചു ബുദ്ധിമുട്ടിക്കില്ല എന്ന് കരുതുന്നു.'

കൃത്രിമമായ ഒരു ചിരിയോടെ അവര്‍ കോള്‍ അവസാനിപ്പിച്ചു. പ്രേതക്കഥകളില്‍ വിശ്വസിക്കേണ്ട ഒരു സാഹചര്യം എനിക്കിതുവരെ ഉണ്ടായിട്ടില്ലായിരുന്നു. പക്ഷേ ഞാനിപ്പോള്‍ ഓരോ രാത്രിയിലും ഓരോ പ്രേതക്കഥകളില്‍ അകപ്പെടുകയാണ്. വ്യത്യസ്തം എങ്കിലും സമാനമായ അവരുടെ ട്രോമകള്‍ അതേ കാഠിന്യത്തില്‍ അനുഭവിക്കുകയാണ്.

അടുക്കളയില്‍ നിന്ന് ബഹളം കേട്ടപ്പോള്‍ ഞാന്‍ അങ്ങോട്ടോടി. അമല്‍ മോളിയെ ചോദ്യം ചെയ്യുകയാണ്; 'നീയാണോ ആ കൊച്ചിനെ കൊന്നത്? പറയെടീ.'

മോളി നിസ്സഹായതയോടെ എന്നെ നോക്കി.

'എന്നിട്ട് ഞങ്ങളുടെ തലയില്‍ കെട്ടി വെച്ച് ഞങ്ങളെ ജയിലില്‍ വിട്ട് നിനക്കും കൂട്ടര്‍ക്കും ഇവിടെ താമസിക്കണം. അല്ലേ?'

പ്രേതങ്ങളെക്കാള്‍ എനിക്കിപ്പോള്‍ പേടി തോന്നുന്നത് അമലിനെയാണ്.

'ഇങ്ങു വന്നേ. ഞാന്‍ പറയട്ടെ.'

ഞാന്‍ അവന്റെ കയ്യില്‍ പിടിച്ചുവലിച്ചു. അവന്‍ മറ്റേ കയ്യുയര്‍ത്തി എന്റെ രണ്ടു കവിളിലും ആഞ്ഞടിച്ചു. എന്നിട്ട് എങ്ങോട്ടോ ഇറങ്ങിപ്പോയി. ഞാന്‍ അവിടെ തറയില്‍ കുത്തിയിരുന്നു മുഖം പൊത്തി കരഞ്ഞു. എന്റെ ജീവിതം വെറും ദിവസങ്ങള്‍ കൊണ്ട് എന്റെ മുന്നില്‍ പൊടിഞ്ഞു വീഴുന്നു. ഏറ്റവും സന്തോഷം തരേണ്ട തീരുമാനങ്ങള്‍ വലിയ ദുരന്തങ്ങളായി മാറുന്നു.

പെട്ടെന്ന് രണ്ടു കൈകള്‍ എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ അമ്മയെ എന്നപോലെ മോളിയുടെ നെഞ്ചില്‍ കിടന്ന് ഉറക്കെ നിലവിളിച്ചു കരഞ്ഞു.

'എന്റെ വെല്യമ്മ പറഞ്ഞ ഒരു കഥയുണ്ട്. ഈ മൈരന്റെ വീട്ടില്‍ പണിക്കു നിന്ന ഒരു കൊച്ച്. പത്തോ പതിനാലോ വയസുകാണും. ഒരു ദിവസം വെള്ളമെടുത്ത് കൊടുത്തപ്പോ പേടിച്ചു വിറച്ച് കയ്യീന്നു താഴെപ്പോയി. കൊച്ച് ഓടി പെരപ്പുറത്തു കയറി താഴോട്ടു ചാടി ചത്തു. ഈ വീട്ടില്‍ വന്നു എല്ലാ വേദനയും സഹിച്ച് ചാകുന്നതിലും ഭേദമല്ലേ?'

മോളി പറഞ്ഞതൊന്നും എന്നെ ആശ്വസിപ്പിച്ചില്ല.

'ഈ വീട്ടുകാര് എന്നെത്തന്നെ ഇവിടെ പണിക്കു നിര്‍ത്തിയേക്കുന്നത് എന്താന്നറിയോ? എനിക്ക് ചത്തുപോയോരോട് സംസാരിക്കാന്‍ പറ്റും. കൊച്ച് വാ.'

അവര്‍ എന്നെ എഴുന്നേല്‍പ്പിച്ച് എന്റെ കണ്ണുനീരൊക്കെ തുടച്ചു. എന്നിട്ട് എന്റെ കയ്യില്‍ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി. ജനലും വാതിലുമടച്ച് ഇരുട്ടു വരുത്തി. എന്തോക്കെയോ പിറുപിറുത്തു വിളക്കുകള്‍ തെളിച്ചു. ഞാന്‍ ഒന്നും ശ്രദ്ധിച്ചില്ല. പെട്ടെന്ന് അവരുടെ ശബ്ദം ഇടിമുഴക്കം പോലെ അവിടമാകെ കുലുങ്ങി.

'ഞങ്ങളെ വിളിച്ചതെന്തിന്?'

മോളി പതിനായിരം പേരുടെ ഒച്ചയില്‍ ചോദിച്ചു. അവരുടെ കൃഷ്ണമണി അപ്രത്യക്ഷമായി കണ്ണുകള്‍ വെളുത്തിരുന്നു. പേടികൊണ്ട് എന്റെ ഓരോ രോമങ്ങളും എഴുന്നേറ്റു.

'ഇവിടുന്നു പോണം, ഞങ്ങള്‍ക്ക് സമാധാനമായി ജീവിക്കണം.'

ഞാന്‍ കരഞ്ഞു പറഞ്ഞു.

'എങ്ങോട്ട്?'

വീണ്ടും ഇടിമുഴക്കം.

'ഞങ്ങളുടെ ചോരയാണ് ഈ വീടിന്റെ അടിത്തറ നനക്കുന്നത്. ഞങ്ങളുടെ ചോര കുടിച്ചാണ് ഇവിടുത്തെ മരങ്ങള്‍ തഴക്കുന്നത്. ഞങ്ങളുടെ കരച്ചിലും കണ്ണുനീരുമാണ് ഇവിടുത്തെ കാറ്റും മഴയും. ഈ വീട് ഞങ്ങളുടേതാണ്. ഞങ്ങളുടേതാണ്. ഞങ്ങളുടേതാണ്.'

ഞാന്‍ മിണ്ടാനാവാതെ മോളിയുടെ മുഖത്തേക്ക് നോക്കിയിരുന്നു. അവരുടെ കൃഷ്ണമണികളില്ലാത്ത കണ്ണുകളില്‍ നൂറ്റാണ്ടുകളുടെ വേദന.


Summary: Bhoothakalam Malayalam Short story by Aleena


അലീന

കവി, മോഡൽ. സിൽക്ക്​ റൂട്ട്​ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments