പൊലീസ് സ്റ്റേഷനിലേക്ക് കയറിവന്ന് അപരിചിതൻ ചോദിച്ചു, “സ്റ്റേഷൻ ഓഫീസറുടെ പേരെന്താണ്?”
പേര് ചോദിക്കുന്നതൊക്കെ ധിക്കാരമല്ലേ എന്ന വിധം റിസപ്ഷനിലെ കാക്കി: “പേരറിഞ്ഞിട്ടെന്തിനാ, നോട്ടീസിൽ വെക്കാനാണോ?”
സഗൗരവം അതിഥി പറഞ്ഞു, “എനിക്കൊരു സാക്ഷി പറയാനുണ്ട്”.
“ഈ സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത പഴയൊരു കേസാണ്.
1996 ജനുവരി 18.
അന്നത് പത്രങ്ങളിലെല്ലാം വന്നിരുന്നു. മലമ്പുഴ യക്ഷിക്ക് ബ്ലൗസും ഷഡ്ഡിയും വരച്ച് ശിൽപ്പം വികൃതമാക്കിയ സംഭവം. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകളുണ്ടാകും. ഞാൻ അതിലൊരു പ്രതിയാണ്, ഒപ്പമുണ്ടായിപ്പോയി. ചെയ്തയാളെ എനിക്കറിയാം”, മാപ്പുസാക്ഷിയാകാനുള്ള സമ്മതം ഓഫീസറോട് പറഞ്ഞു.
“താങ്കളുടെ പേര്’’, ഓഫീസർ സൗമ്യമായി ചോദിച്ചു.
സാക്ഷി ആധാർ കാർഡ് എടുത്ത് മേശപ്പുറത്തു വെച്ചു. ഓഫീസർ അതെടുത്തു വായിച്ചു: “ആലപ്പുഴയിലാണോ വീട്?’’
“അഡ്രസ് അതിലുണ്ടല്ലോ’’, സാക്ഷിക്ക് ഓഫീസറുടെ അനാവശ്യ ചോദ്യം ഇഷ്ടപ്പെട്ടില്ല.
“ശരി താങ്കൾക്ക് പറയാനുള്ളത് ഒരു പേപ്പറിലെഴുതി റൈറ്ററെ ഏൽപ്പിച്ചോളൂ”, ഓഫീസർ തനിക്ക് വേറെ പണിയുണ്ട് എന്നാണ് പറയാൻ ശ്രമിച്ചതെന്നു മനസിലാക്കിയ സാക്ഷി, കസേരയിലേക്ക് ഒന്നു കൂടി അമർന്നിരുന്ന്, ഓഫീസറെ നോക്കി. കുറ്റപ്പെടുത്തലാണ്.
“ഇങ്ങനെ നോക്കണ്ട… കാര്യം പറയൂ”, സാക്ഷിയുടെ കുത്തിനോട്ടം അലോസരപ്പെടുത്തുന്നത് ഓഫീസറും മറച്ചുവെച്ചില്ല.
“എന്നോ ഏതോ വഴി പോയ കേസല്ലേ സാർ… ഇനിയത് കുത്തിപ്പൊക്കണോ. മാത്രമല്ല ഈ കേസിനു ലീഗൽ വാലിഡിറ്റി ഇല്ലല്ലോ”, ഡിവൈ എസ്.പിയോട് വിളിച്ചു ചോദിച്ചു.
“സാജു, അയാൾ കൂടി ചേർന്നു ചെയ്തതല്ലേ. ഇത് കൺഫഷനല്ലേ, വകുപ്പുണ്ട്. താനത് വിട്… വാർത്തയാകും, അതാണ് കാര്യം… ഇടക്കങ്ങനെ നമ്മുടെ സ്റ്റേഷനീന്നും പ്രക്ഷേപണം വേണ്ടേടോ… 28 വർഷം പഴക്കമുള്ള ഒരു കേസല്ലേ, ശിൽപ്പമായാലും തുണിയില്ലാതെ നിൽക്കുവല്ലേ… ഒന്നാം പേജിൽ ഉറപ്പാ”- ജേണലിസം പഠിച്ച ഡിവൈ എസ്.പിയ്ക്ക് വേറെ തരം പുളപ്പുകളിലാണ് കമ്പം.

സാജുവിനറിയാം, ഫോൺ വെച്ചാലുടൻ ഏതെങ്കിലും എഡിറ്ററെ നേരിട്ടു വിളിച്ച് ഡിവൈ എസ്.പി വാർത്ത കൊടുക്കുമെന്ന്. ഡിവൈ എസ്.പി എന്തോ രഹസ്യം പോലെ പറഞ്ഞു; “എടോ ഈ യക്ഷിയുടെ അകത്ത് ശരിക്കും എന്താന്നറിയാമോ”
സാജുവിന് അറിയില്ല. ഡിവൈ എസ്.പി ശബ്ദം താഴ്ത്തി പറഞ്ഞു: “കമ്പി”.
സിമന്റിൽ പണിത ശിൽപ്പത്തിന്റെ അകത്ത് കമ്പി ഉണ്ടെന്ന് ഇയാള് പ്രത്യേകം പറയണോ എന്നാണ് സാജുവിന് മനസിൽ തോന്നിയത്. പക്ഷെ, സീനിയേഴ്സ് ഊളത്തരം പറയുമ്പോൾ, ഹഹഹ, എന്നു ചിരിക്കേണ്ടത് കാലാതീതമായ കാലമായി ജൂനിയേഴ്സിന്റെ കടമയാണല്ലോ.
“സാർ അനിയന്റെ കല്യാണമാണ്. വീടിന്റെ പണി തീർക്കാനുണ്ട്… അവനോ നാട്ടിലില്ല”, സി.ഐ വ്യക്തിപരമായ തിരക്കുകളുടെ തലവേദന പറഞ്ഞു.
“താനെന്തായും ഫയൽ വരുത്തൂ, സാക്ഷി പറയുന്നത് കേൾക്കൂ”- ഡിവൈ എസ്.പി ഇതിൽ തലയിടണം എന്നു തന്നെയാണ് പറയുന്നത്. മാത്രമല്ല, അയാൾ മാപ്പുസാക്ഷിയുമാണ്. സത്യത്തിൽ, വന്നയാളുടെ കുറ്റബോധമോ, മറ്റെന്തിങ്കിലുമോ കാരണത്താലോ ഉള്ള ഇത്തരം ഏറ്റു പറച്ചിലിന്റെ പിന്നാലെ ഫയലും തപ്പി പോകേണ്ട വല്ല കാര്യവുമുണ്ടോ… ഒന്നാം പേജിലെ യക്ഷിയാകും ഡിവൈ എസ്.പിയുടെ മനസ് നിറയെ. പുള്ളി അത് നാളത്തെ പത്രത്തിൽ കണ്ടേ ഈ കളി അവസാനിപ്പിക്കൂ. ഓരോരുത്തർക്ക് ഓരോ തരം ഭ്രമങ്ങൾ.
സാക്ഷി, ബാഗിൽ നിന്ന് രേഖകൾ ഓഫീസറുടെ മേശപ്പുറത്ത് നിരത്തി. അതിൽ ആദ്യത്തേത് ഒരു ആൽബമായിരുന്നു. ചേർത്തല എസ്എൻ കോളേജിലെ പ്രീഡിഗ്രി ഫോർത്ത് ഗ്രൂപ്പിന്റെ കോളേജ് ടൂർ. ബാംഗ്ലൂരും മൈസൂരും ഊട്ടിയും കടന്ന് ആ ടൂർ പാലക്കാട് മലമ്പുഴ പാർക്കിനു മുന്നിലെത്തി.
“ഇതിലേതാണ് ഒന്നാം പ്രതി?”- സിഐ ചോദിച്ചു.
സാക്ഷി ഒരാളെ ചൂണ്ടി, “ഇയാളാണ്, സി.കെ. ബഷീർ”
“നിങ്ങള് എത്രപേരായിരുന്നു”
“നാല്’’ എന്ന ഉത്തരം നൽകി, മൊബൈൽ ഫോൺ ഓഫീസർക്ക് മുഖാമുഖമുയർത്തി പറഞ്ഞു- “ഇതാണ് സി.കെ ബഷീർ”.
ഓഫീസർ ആ ഫോൺ വാങ്ങി, സാക്ഷി കാണിച്ച ഫേസ് ബുക്കിലെ സി.കെ. ബഷീറിനെ കണ്ടു. ഓഫീസർക്ക് സി.കെ ബഷീറിനെ മനസിലായി.
“താങ്കൾ ഒരൽപ്പസമയം പുറത്തിരിക്കുമോ”, ആ ഫേസ്ബുക്ക് പേജിലൂടെ സ്ക്രോൾ ചെയ്യുകയാണ് എന്ന വ്യാജേന സി.ഐ സാജു ചോദിച്ചു.
അപ്പോൾ തന്നെ മറ്റൊരു പേപ്പർ എടുത്ത് മേശപ്പുറത്തു വെച്ച് സാക്ഷി പറഞ്ഞു; “ഇതെന്റെ പരാതിയാണ്. ഇത് സ്വീകരിച്ച് ഒരു രസീത് തന്ന ശേഷം ഞാൻ പുറത്തിരുന്നാൽ മതിയോ”.
വിശദമായി തയ്യാറാക്കിയ ആ പരാതിയിൽ, സ്റ്റേഷനിൽ വന്ന് സാക്ഷി പറഞ്ഞതിനെ തുടർന്ന് സി.കെ. ബഷീർ തന്നെ വധിക്കുകയും കുടുംബം നശിപ്പിക്കുകയും ചെയ്യുമെന്നതാണ്: “ജീവനും സ്വത്തിനും സംരക്ഷണം വേണം”.
“ജ്യൂറിസ്ട്രിക്ഷൻ ഇതല്ല. താങ്കളുടെ വീടിരിക്കുന്ന പൊലീസ് സ്റ്റേഷനിൽ കൊടുക്കൂ”, സി.ഐ ആ അതിസാമർത്ഥ്യം ഇഷ്ടപ്പെടാതെ നിയമം പറയാൻ നോക്കി.
“സംഭവം നടന്ന ഇടമിതല്ലേ, എനിക്കിവിടെയും ബോധിപ്പിക്കാം, ഇവിടെ നടന്ന സംഭവത്തിന്റെ തുടർച്ചയിലാണ് എന്റെ മരണം ഇനി ഏതു നിമിഷവും സംഭവിക്കാൻ പോകുന്നത്”, സാക്ഷി വകുപ്പ് പറഞ്ഞു. ആ പരാതിയും സ്വീകരിക്കാതെ തരമില്ലായിരുന്നു.

സാക്ഷി പുറത്തേക്കിറങ്ങി. മുന്നിലെ ചായക്കടയിൽ പോയിരുന്ന് പൊടിച്ചമ്മന്തിയും സാമ്പാറും ചേർത്ത് ഇഡലി ആസ്വദിച്ചു കഴിച്ചു. “നാല് നേരവും ഇഡലി കിട്ടുന്ന വേറൊരു സ്ഥലവും ഈ ലോകത്തുണ്ടാകില്ല”, വിളമ്പുകാരനോട് കുശലവും പറഞ്ഞു.
ഇതൊന്നുമറിയാതെ സി.കെ. ബഷീർ, അപ്പോൾ, തന്റെ പ്ലൈവുഡ് ഫാക്ടറിയിൽ പാലക്കാട് സെയിൽസ് മാനേജരെ കച്ചവടം കേറാത്തതിന് ചീത്തവിളിക്കുകയായിരുന്നു.
“പ്ലൈവുഡ് കച്ചവടത്തിൽ പാലക്കാടിനെ നമ്പാൻ പറ്റില്ല സാർ. അവിടെ അന്തരീക്ഷത്തിൽ നനവ് കുറവായതിനാലാകും മറ്റെവിടത്തെക്കാളും കാലപ്പഴക്കമാണ്”, മാനേജർ പറഞ്ഞു.
“ശാസ്ത്രം ഒണ്ടാക്കാനല്ല തന്നെ പാലക്കാട്ടേക്ക് അയച്ചത്”, സി.കെ. ബഷീർ ക്ഷുഭിതനായതും പാലക്കാട് ഡിവൈ എസ്.പിയുടെ കോൾ വന്നതും ഏതാണ്ട് ഒരേ സമയമായതിനാൽ, സെയിൽസ് മാനേജർ രക്ഷപ്പെട്ടു.
പാലക്കാട്ടേക്ക് ആംബുലൻസ് പായുകയാണ്.
അത്രക്ക് വേഗമെത്തേണ്ട സമയങ്ങളിൽ തന്റെ ആശുപത്രിയിലെ ആംബുലൻസാണ് ബഷീറിന്റെ വാഹനം. അതാകുമ്പോ സ്പീഡ് കൂടുന്നു എന്ന പ്രശ്നമില്ലല്ലോ. അതിനിടയിൽ ആകാവുന്നത്ര വേഗത്തിൽ ഫോൺ പലവഴി വിളിച്ച് ഡിവൈ എസ്.പിയുടെ ചരിത്രം ചികയുന്നുണ്ട് ബഷീർ. പൈസ വാങ്ങുന്ന ആളൊന്നുമല്ല. കിടിലൻ ഓഫീസർ. പക്ഷെ, പൊലീസ് രഹസ്യങ്ങൾ എപ്പോൾ പത്രത്തിലടിച്ചു വന്നാലും ആ കുറ്റം കറങ്ങിത്തിരിഞ്ഞ് താക്കീതോ, സ്ഥലം മാറ്റമോ ആയി ഡിവൈ എസ്.പിക്കെത്തും. അതറിഞ്ഞതും ബഷീർ പിന്നിലുള്ളവരോട് ഡ്രൈവിങ് ക്യാബിനിൽ നിന്നുള്ള കിളിവാതിലിലൂടെ വിളിച്ചു പറഞ്ഞു- “പിടിച്ചിരുന്നോ”, ഉത്തരവ് മനസിലായ ഡ്രൈവർ, ഇതേവരെ മറ്റൊരു ആംബുലൻസിനും പോകാൻ കഴിയാത്ത വേഗത്തിലേക്ക് ഓടിച്ചു കയറി. തങ്ങളുടെ മൊതലാളിക്ക് കാര്യമായി എന്തോ സംഭവിക്കാനുണ്ടെന്ന ഓവർ ആത്മാർത്ഥതയുടെ സൈറൺ മുഴങ്ങുന്ന മരണപ്പാച്ചിൽ…
സി. കെ. ബഷീറും സി.കെ. സാജിറും സഹോദരങ്ങളാണ്. രണ്ട് അമ്മമാർ, ഒരച്ഛൻ. സാജിറാണ് രണ്ടു വയസിന് മൂത്തത്. പക്ഷെ അങ്ങോട്ടും ഇങ്ങോട്ടും തോറ്റ് അവരൊന്നിച്ചാണ് പ്രീഡിഗ്രിക്ക് എത്തിയത്.
കോളേജ് ടൂറിൽ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. “ബഷീറെ നമുക്ക് ഇങ്ങനെ ചെയ്താലോ…” “സാജിറേ നമുക്ക് അങ്ങനെ പോയാലോ”എന്ന് ചോദിച്ചുചോദിച്ചാണ് ടൂറ് മുന്നോട്ട് പോയത്. ചുമതലയുള്ള സുശാന്ത് സാർ ഒരു പേരിന് കൂടെയുണ്ട് എന്നേയുള്ളു. ബഷീറും സാജിറും പറയുന്നതേ നടക്കൂ. വൃന്ദാവൻ ഗാർഡനിൽ കൊക്കുരുമ്മിയിരുന്ന മിഥുനങ്ങളിലെ പെൺകുട്ടിയുടെ ഫോട്ടോ എടുത്തു എന്ന പേരിൽ സാജിറിനെ വട്ടം പിടിച്ചു വെച്ചു. ഫിലിം റോൾ മൊത്തത്തിൽ ഊരികൊടുത്തതു കൊണ്ട് രക്ഷപ്പെട്ടു. മൈസൂർ സൂവിൽ വെയിലു കാഞ്ഞു കിടന്ന മുതലക്കൂട്ടത്തെ കല്ലെറിഞ്ഞതായിരുന്നു മറ്റൊരു കേസ്. മൊത്തം സ്റ്റാഫും ഇളകി. മുഴുവൻപേരെയും പിടിച്ചുവെച്ചു.
“അന്ന് മൈസൂർ സൂവിൽ മാപ്പപേക്ഷ എഴുതി കൊടുത്താണ് രക്ഷപ്പെട്ടത്. അതിന്റെ കോപ്പി”, സാക്ഷി, രേഖകളൊന്നും വിട്ടു പോകാതെ ശേഖരിച്ചിട്ടുണ്ട്.
സാക്ഷി പുറത്തെടുത്ത ഓരോ തെളിവുകളും വരാൻ പോകുന്ന അത്യുഗ്രമായ ഒരു വാർത്തയുടെ തെളിവുകളാണല്ലോയെന്ന് ഡിവൈ എസ്.പി മണത്തറിഞ്ഞു. ഓരോ മീഡിയക്കും ഓരോന്നായി കൊടുക്കാം. എല്ലാവർക്കും എക്സ്ക്ലൂസീവ് അടിക്കാം. ഓഫീസർക്ക് ത്രില്ലടിച്ചു.
“വീട്ടിൽ…?”, ഡിവൈ എസ്.പി ചോദിച്ചു. ഒരു വൈകാരിക അടുപ്പത്തിനുള്ള ശ്രമം.
“അവരെയെല്ലാം സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ച ശേഷമാണ് ഞാൻ ഇവിടേയ്ക്ക് വന്നത്”, സാക്ഷി നിർവികാരനായി പറഞ്ഞു.
“ഇങ്ങനെ തെളിവുകളുമായി… താങ്കളുടെ ഉദ്ദേശ്യം വ്യക്തമാകുന്നില്ല”, സാക്ഷിയുടെ വ്യക്തിപരമായ താൽപ്പര്യം ചികയുകയാണ് ഓഫീസർ.
“സത്യം അങ്ങനെയാണ് ഓഫീസർ, എനിക്കത് മറച്ചു വെക്കാനായില്ല”, സാക്ഷിക്ക് വസ്തുതകൾ സംസാരിക്കാൻ മാത്രമാണ് താൽപ്പര്യം.
അതൊരു വീഡിയോ കോച്ച് ബസായിരുന്നു. സല്ലാപം, ബോംബെ, കുരുതിപ്പുനൽ എന്നീ സിനിമകളാണ് പലപ്പോഴായി ഇട്ടത്. മലമ്പുഴയിൽ ബസിറങ്ങിയപ്പോൾ, കുറച്ചു പേർക്കു മാത്രം അറിയാവുന്ന രഹസ്യമായിരുന്നു അതിനുള്ളിൽ യക്ഷിയുണ്ടെന്ന്. സാക്ഷിക്കും കൂട്ടർക്കും അറിയാമായിരുന്നു. മുൻപ് കണ്ടവർ ആരുമുണ്ടായിരുന്നില്ല. സുശാന്ത് സാറും കണ്ടിട്ടില്ല. മലമ്പുഴ പാർക്കിൽ നിറയെ ആളുകളുണ്ടായിരുന്നു. തൂക്കുപാലത്തിൽ കയറുമ്പോൾ- സുശാന്ത് സാർ ബഷീറിന്റെ കാതിൽ പറഞ്ഞു; “യക്ഷിയെ കണ്ട് പിള്ളേര് പേടിക്കുമോടേയ്”.

തൂക്കുപാലമിറങ്ങി, ആദ്യം കണ്ട പാലം കടന്ന് ചെന്നാൽ കയറുന്നത് ഡാമിന്റെ മുകളിലേക്കാണ്. ഗേറ്റിൽ നിന്ന് ഗൈഡായി കൂടെ കൂടിയ ബേബി ഡാമിന്റെ മുകളിൽ കയറാനാണ് കൂട്ടി കൊണ്ടു പോയത്. ഡാമിനോട് പറ്റിച്ചേർന്ന് വരിവരിയായി കയറണം. പരന്ന് കിടപ്പുണ്ട്, പകൽ മാഞ്ഞിട്ടില്ലാത്ത തടാകം. ഗ്രൂപ്പ് ഫോട്ടോ അവിടെ വെച്ച് എടുത്തു. മഞ്ഞിൽ മറഞ്ഞ മലകൾ പിന്നിൽ. “പടയോട്ടം ഇവിടെയാണ് ഷൂട്ട് ചെയ്തത്, മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ്”, സുശാന്ത് സാർ പി.എസ്.സി അറിവുവിളമ്പി.
അതിനിടയിൽ യക്ഷിയുടെ അടുത്തേക്കുള്ള വഴി സാജിർ ബേബിയോട് ചോദിച്ചറിഞ്ഞിരുന്നു. ഡാമിൽ നിന്ന് സാജിറാണ് ആദ്യം ഇറങ്ങിയത്. ബഷീറും സാക്ഷിയും രാരീസും സാജിറിന്റെ കൂടെ നടന്നു. പിന്നാലെ വർത്തമാനം പറഞ്ഞുവന്നവർ അവർക്കു പിന്നാലെ എങ്ങോട്ടെന്നറിയാതെ നടന്നു. മുന്നിൽ യക്ഷിയുണ്ടെന്ന് അവരാരും അറിഞ്ഞില്ല.
യക്ഷിക്കു ചുറ്റും ആൾക്കൂട്ടം ഉണ്ടായിരുന്നു. ജീവിതത്തിൽ അതേവരെ കണ്ട എല്ലാ കാഴ്ചകളേയും ഉലയ്ക്കുന്നതായിരുന്നു ആ കാഴ്ച. കാലും കവച്ച് മുടിയും കോന്തി ഇരിക്കുന്ന സ്ത്രീയെ കണ്ട് സുശാന്ത് സാറിന്റെ വായ മലക്കെ തുറന്നു പോയി. അപ്പോൾ കുട്ടികളുടെ കാര്യം പറയണ്ടല്ലോ. ഒരാളു പോലും യക്ഷിയിൽ നിന്ന് കണ്ണെടുത്തില്ല. നോട്ടങ്ങളുടെ പാമ്പിഴച്ചിലാണ് യക്ഷിയുടെ ദേഹത്താകെ… ആരും നോക്കാതിരിക്കുന്നില്ല…
പക്ഷെ, ടൂറിലുടനീളം അലമ്പുണ്ടാക്കി കൊണ്ടിരുന്ന ബഷീറും സാജിറും യക്ഷിയെ നോക്കി. പിന്നെ പരസ്പരം നോക്കി. സാജിർ യക്ഷീമുഖത്തേക്ക് ഒന്നു കൂടി നോക്കി. ബഷീർ തല താഴ്ത്തി. സാജിർ ചുറ്റും നിൽക്കുന്നവരുടെ കണ്ണുകൾ യക്ഷിയുടെ ശരീരത്തിലിഴയുന്നത് നോക്കി. ബഷീറിന് ഛർദ്ദിക്കാൻ മുട്ടി. അവൻ കൂട്ടത്തിൽ നിന്നും വേഗം മാറി. പിന്നാലെ സാജിറും രാരിസും സാക്ഷിയും ചെന്നു. സാജിറിന്റെ മുതുകു തടകുന്നതിനിടയിൽ സാക്ഷി അശ്ലീലം പറഞ്ഞു- “മുകളിന്ന് നോക്കി വരിയേരുന്നു. താഴെ വരെ എത്തിയില്ല… അപ്പോഴേക്കും ഛർദ്ദി. സാജിറേ നമുക്ക് ഒന്നൂടെ പോയാലോടാ..” രാരിസ് അതിലും വലിയ അശ്ലീലം പറഞ്ഞു- “ഇനി എനിക്കൊന്നു മുള്ളാൻ പോയാൽ മതി”
സാജിറോ, ബഷീറോ പിന്നീട് കൂടുതലൊന്നും മിണ്ടിയില്ല. മലമ്പുഴ പാർക്കിന് അകത്തു വെച്ചു തന്നെ എല്ലാവരും വട്ടം കൂടി നിന്നു. ടൂർ അവസാനിക്കുകയാണെന്നും ഉറങ്ങി എഴുന്നേൽക്കുമ്പോൾ വീട്ടിലെത്തുമെന്നും പറഞ്ഞു. ശ്രീലത ഒരു പാട്ടു പാടി.
“ഏതു പാട്ടായിരുന്നു”, ഡിവൈ എസ്.പിയുടെ ഒരു കാര്യവുമില്ലാത്ത ചോദ്യം കേട്ട് സി.ഐ സാജുവിന് ദേഷ്യം വന്നു.
“എന്തിനു വേറൊരു സൂര്യോദയം…”, സാക്ഷി ഒന്നും മറന്നിട്ടില്ല. അത് പാടുമ്പോൾ സുശാന്ത് സാറിനെ ശ്രീലത ഒളികണ്ണിട്ടതടക്കം.
“സുശാന്ത് സാറിപ്പോൾ റിട്ടയറായി”, എന്നു പറഞ്ഞ്, സാക്ഷി മൊബൈലിലെ വോയ്സ് ക്ലിപ്പ് ഓൺ ചെയ്തു.
“പിന്നില്ലേ ഞാനോർക്കുന്നുണ്ടെടോ… പാർക്കിന്നിറങ്ങി, പാലക്കാട് ടൗണെത്തും മുൻപ് സാജിറാണ് എന്നോട് പാലക്കാട് ഇറങ്ങണമെന്ന് പറഞ്ഞത്. അമ്മ വീടുണ്ടെന്നു പറഞ്ഞു. ബഷീറന്ന് വയ്യാണ്ടായില്ലേ. അന്നേ അവനൊക്കെ പതിനെട്ട് കഴിഞ്ഞതല്ലേ. തടഞ്ഞു വെക്കാൻ പറ്റുവോ. പക്ഷെ, താനും രാരിസും കൂടെ ഇറങ്ങുവാന്നു പറഞ്ഞപ്പോ, ഞാനെതിർത്തു. തന്നേം രാരിസിനേം വീട്ടുകാര് അവമ്മാരുടെ ഉറപ്പിലാ ടൂറിന് വിട്ടേക്കുന്നതെന്ന് എനിക്കറിയാല്ലോ. നിങ്ങളു നാലും കൂടി ബലം പിടിച്ചങ്ങ് ഇറങ്ങി. ഞാനതിനാ പ്രിൻസിപ്പളിന്റെ കയ്യിന്ന് എന്തൊരു ചീത്തയാണ് കേട്ടതെന്ന് അറിയാവോ. ബഷീറ് ആദ്യം എം എൽ എ ആകുമ്പോ, ഞാനവനെ ഒരിക്കല് കാണാമ്പോയായിരുന്ന്. ഞാനിതൊക്കെ അവനോട് പറഞ്ഞു ചിരിച്ചു. അവനത് അത്രക്കങ്ങ് ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു എല്ലാവരുടേം മുന്നില് വെച്ച് ഞാൻ ശ്രീലതയെ കല്യാണം കഴിച്ചതിനെ പറ്റി അവനും എന്തോ മോശമായിട്ട് പറഞ്ഞു. എനിക്കും അതിഷ്ടപ്പെട്ടില്ല. ഞാമ്പിന്നെ ആ വഴിക്ക് പോയില്ല”- സുശാന്ത് സാർ തുടരുകയാണ്.
“രാരിസ് നോയിഡയില് വെച്ച് ഒരു ബൈക്ക് ആക്സിഡന്റില്. സാജിറിന്റെ കാറില് ഒരു ലോറി വന്നിടിച്ച് നിർത്താതെ പോയി. രണ്ടും കൊലപാതകമാണ് ഓഫീസർ. ഇനി ഞാൻ മാത്രമേയുള്ളു”, സാക്ഷി, മൊഴി നൽകി. ഡിവൈ എസ്.പി കണ്ണട ഊരി മേശപ്പുറത്തേക്ക് വെച്ച്, സി.ഐ സാജുവിനെ നോക്കി.
ഓ… അപ്പോ ഇതാണ് കാര്യം.
സി.കെ. ബഷീർ എം എൽ എയെ അറസ്റ്റു ചെയ്യുന്നതും കേസിന്റെ ചുമതല തനിക്ക് വരുന്നതും അനിയന്റെ കല്യാണം കുളമാകുന്നതും സാജു ഒരു നിമിഷം ചിന്തിച്ചു. സി.കെ. ബഷീറും നാല് എംഎൽമാരും താങ്ങിനിർത്തിയ സർക്കാർ വീഴുന്നതും തുടർന്നുണ്ടാകാൻ പോകുന്ന കോളിളക്കവും ഡിവൈ എസ്.പിയും.
“ഓ… വലിയ സംഭവമാണപ്പോൾ”, കാര്യം ഗൗരവത്തിൽ എടുത്തുവെന്ന് ഡിവൈ എസ്.പി സാക്ഷിയെ ബോധ്യപ്പെടുത്തി.
ആംബുലൻസ് വഴിയിൽ നിർത്തി, അമ്മാവന്റെ വീട്ടിൽ നിന്നു വന്ന കാറിൽ കയറി, ഫോർട്ട് പാലസിൽ വന്ന് സി.കെ. ബഷീർ കൂടെയുള്ള ഉണ്ണിയുടെ പേരിൽ റൂമെടുത്തു. ഡിവൈ എസ്.പി ഒറ്റയ്ക്കാണ് കാണാൻ ചെന്നത്.
“നിങ്ങളന്ന് അമ്മയുടെ വീട്ടിൽ പോയി. രാത്രി അവിടെ തങ്ങി. രാവിലെ അമ്മാവന്റെ കയ്യിൽ നിന്ന് കുറേ കാശും വാങ്ങി വീണ്ടും മലമ്പുഴയ്ക്കു പോയി, എന്നാണയാൾ പറയുന്നത്”; ഡിവൈ എസ്.പി, സാക്ഷി പറഞ്ഞത് വിശ്വസിച്ചിട്ടില്ലന്ന മട്ടിലാണ് ബഷീറിനോട് പറയുന്നത്…
ബഷീർ ചിരിച്ചു, ഏതോ കഥ കേൾക്കുന്ന പോലെ- “എന്നിട്ട്?”
“വീണ്ടും മലമ്പുഴയിൽ പോകുന്നത് യക്ഷിയെ കാണാനാണ് എന്നു നിങ്ങൾ കൂട്ടുകാരോട് പറഞ്ഞു. രാത്രിവരെ നിങ്ങൾ പാർക്കിൽ കറങ്ങി. എല്ലാം മനസിലാക്കി. അതിനിടയിൽ യക്ഷിയുടെ ഭാഗത്ത് കാവൽ നിൽക്കുന്ന വാച്ച്മാനുമായി അടുപ്പം കൂടി. അയാൾക്ക് ഇത്തിരി ഇളക്കമുള്ള ആളാണെന്നു മനസിലായി. നാട്ടിൽ നിങ്ങളുടെ വീട്ടിലേക്ക് ഫോൺ വിളിച്ച്, രാരിസിന്റെയും ഈ പരാതിക്കാരന്റെ വീട്ടിലും പറയാൻ ഏൽപ്പിച്ചു. അന്നു രാത്രി നിങ്ങൾ വീണ്ടും അമ്മാവന്റെ അടുത്തേക്കു തന്നെ പോയി”, ഡിവൈ എസ്.പി കഥ പറയുകയാണ്.
“എന്നൊക്കെയാണോ സാലി മോൻ നിങ്ങളോട് പറഞ്ഞത്”, സാക്ഷി ആരെന്ന് ബഷീറിന് വ്യക്തമാണ്. സമയം കളയാനില്ലാത്തതുപോലെ ബഷീർ അക്ഷമനായി; “ഈ പറഞ്ഞതെല്ലാം ശരിയാണ്. ഞാനാണ് പെയിന്റടിച്ചത്. അതൊന്നും ഇനി തെളിയിക്കാനും പറ്റില്ല. അതൊക്കെ പിള്ളേരു പ്രായത്തിലെ ഒരു ഞൊരിപ്പ്…”
“തെളിയിക്കാൻ പറ്റുമോ ഇല്ലയോ എന്നതല്ല, സാർ പ്രശ്നം… സാക്ഷി, അയാൾ കുറ്റം ഏൽക്കുന്നതു മാത്രമല്ല. തെളിവുകളുമുണ്ട്. ഞങ്ങളുടെ പണി അയാൾ എളുപ്പമാക്കിയിട്ടുണ്ട്”, ഡിവൈ എസ്.പി വേറൊരു ഭാഷയിൽ സംസാരിച്ചു.
വീണ്ടും വിശദീകരിച്ചു: “ഉദാഹരണത്തിന് ആ വാച്ച്മാൻ, അയാളടക്കം ഹാജരാകും, വീഡിയോയിൽ വാച്ച്മാൻ സംഭവങ്ങൾ വിശദീകരിക്കുന്നുണ്ട്. അയാളുടെ വായിൽ തുണി തിരുകി കെട്ടിയിട്ടതും അതോടെ ജോലി പോയതും മാത്രമാണോ നിങ്ങൾ ചെയ്തതത്…”
“പക്ഷെ, ഓഫീസർ 23 വർഷം മുൻപുള്ള എന്നെ അയാളെങ്ങനെ ഇപ്പോൾ തിരിച്ചറിയും… വ്യക്തിപരമായി അറിയാത്ത സ്ഥിതിക്ക് പ്രത്യേകിച്ച്”, തെളിവും മൊഴിയും തന്നെ പഠിപ്പിക്കേണ്ട എന്നു തന്നെയാണ് ബഷീറിന്റെ ചിരി ഓഫീസറെ പരിഹസിച്ചത്.
“പക്ഷെ, സാക്ഷിക്ക് നിങ്ങളെ വ്യക്തിപരമായി അറിയാമല്ലോ… അയാൾ വാച്ച്മാനെ തിരിച്ചറിയുകയും ചെയ്യുന്നുണ്ടല്ലോ”, ഓഫീസറും കുരുക്കു മുറുക്കി.
ബഷീറതു കേട്ട് ചിരിക്കുകയാണ് ചെയ്തത്; “ഒരു പെയിന്റടി കേസ്… ഒരു കലാപ്രവർത്തനം?”
ഡിവൈ എസ്.പി, ചോദ്യത്തിന്റെ കുരുക്കു മുറുക്കി- “സാലിമോൻ പറയുന്നത് രണ്ട് കൊലപാതകങ്ങളിലേക്കുള്ള ലീഡാണെന്നാണ്… അല്ലാതെ വെറുമൊരു പെയിന്റടി കേസല്ല”.
ബഷീറും സംഘവും രണ്ടാം ദിവസം പാർക്കിലേക്ക് ചെന്നത് പെയിന്റും ബ്രഷും ഒരു ജോഡി പുതിയ ഉടുപ്പുമായാണ്. ഉച്ചയോടെ എത്തി. എല്ലായിടവും നോക്കി. ഡാമിൽ നിന്നും കനാലിലേക്ക് വെള്ളം ഒഴുകുന്ന ചാലുണ്ട്. വെള്ളത്തിൽ മുങ്ങിയ ഇരുമ്പു ഗേറ്റ് റോഡുമായുള്ള ഭാഗത്തുണ്ട്. പക്ഷെയത്, വെള്ളത്തിന്റെ ഒരു മീറ്റർ താഴെ വരെയേ ഉള്ളു എന്നു മനസിലാക്കിയത് സാജിറാണ്. മുങ്ങാങ്കുഴിയിട്ടാൽ അതിനടിയിലൂടെ, പാലത്തിന് താഴെയെത്തി ചെക്ക് ഡാമിൽ പൊങ്ങാം.
ബഷീറിന്റെയും സാജിറിന്റെയും പദ്ധതിയൊന്നും അറിഞ്ഞല്ല സാലിമോനും രാരിസും കൂടെക്കൂടുന്നത്. അവരറിയേണ്ട കാര്യം ഉണ്ടെന്ന് സാജീറോ ബഷീറോ കരുതുന്നുമില്ല. അറിയാതെയാണല്ലോ എല്ലാത്തിലും ചെന്നു ചാടുന്നതെന്ന തോന്നലും രാരിസിനോ സാലിമോനോ ഇല്ല. ഇരുവരേയും സംബന്ധിച്ച് ജീവിതത്തിൽ ആകെയുള്ള വലിയ കാര്യം ഈ സഹോദരങ്ങളോടുള്ള അടുപ്പമാണ്”.
“തുമ്പേ തൂങ്ങി നടന്നോ… ആ ഫാമിലി മൊത്തത്തില് ക്രിമിനൽസാണ്“, രാരിസിന്റെ അച്ഛൻ താക്കീത് പറഞ്ഞതാണ്. പക്ഷെ, അവന്റെ അമ്മയ്ക്കോ അമ്മാവനോ അതിൽ എതിരേയില്ല. “മൊതലാളിക്ക് വയസായി… പിന്നെ ഇവരാ ഭരണം… കയ്യായിട്ട് നിന്നോ”.
സാലിമോന് അമ്മയേയുള്ളു. എപ്പോഴും തിരക്കിട്ട് പോകുന്നതു കാണാം. കയർ കമ്പനിയിലേക്കും തിരിച്ചും. എവിടെയോ വേഗമെത്തിയിട്ട് എന്തോ ചെയ്തു തീർക്കാനുള്ള തിരക്കാണ് എപ്പോഴും.
ആ ദിവസം, നാലായി പിരിഞ്ഞും രണ്ടായി കൂടിയും പലതവണ നടന്ന് യക്ഷിക്കു മുന്നിലെത്തി. രാത്രിയിലെ പ്ലാനുകൾ മനസിലിട്ടു. “പുല്ലേലിങ്ങനെ തുണീം പറിച്ചിരുന്നാ കുത്തിക്കൊള്ളിയേലേ…”, രാരിസ് ഓരോ തവണ കാണുമ്പോഴും വർണ്ണിച്ചു കൊണ്ടിരുന്നു.
എല്ലാവരും പോയെന്നറിയിക്കാൻ വാച്ച്മാൻ തൂക്കുപാലത്തിലേക്കുള്ള ഗേറ്റടച്ചു. യക്ഷിയും അവർ അഞ്ചു പേരും മാത്രമായി. ചായയും സർബത്തും വിൽക്കുന്ന ഒന്നു രണ്ടു കടകൾ യക്ഷിയുടെ ഇടതു വശത്തുണ്ട്. വെറുതെ കതക് ചാരിയിടുന്നവ. അതിനകത്തേക്ക് വാച്ച്മാനെത്തി; “കാശല്ല, ഒരാഗ്രഹമല്ലേ… അതാണ് സമ്മതിച്ചത്”. ബ്രാൻഡി കുപ്പി തുറന്ന് വാച്ച്മാൻ സാജീറിന്റെ അടുത്തിരുന്നു.
“കാണാൻ വരുന്നവര് തെന്നി വീഴരുത്”, ബാക്കി മൂവരും പുറത്തേക്കിറങ്ങിയപ്പോൾ വാച്ച്മാൻ ചെയ്യാൻ പോകുന്നതെന്ന് അയാൾ കരുതുന്നതിനെ പ്രോത്സാഹിപ്പിച്ചു. തുടർന്നു നടക്കാൻ പോകുന്നതൊന്നും രാരിസിനോ സാലിമോനോ അറിയില്ല. വാച്ച്മാൻ കരുതിയതാണ് നടക്കാൻ പോകുന്നതെന്നേ അവരും കരുതിയുള്ളു.
ബഷീർ ആയുധങ്ങൾ പുറത്തെടുത്തു. ബ്രഷ്, പെയിന്റ്. എന്നിട്ട്, യക്ഷിയുടെ കവച്ചു വെച്ച തുടകൾക്ക് ഇടയിലേക്ക് കടന്നു. എന്നിട്ടവിടെ പെയിന്റു പൂശാൻ തുടങ്ങി. സാലിമോനും രാരിസും അന്തിച്ചുനിന്നപ്പോൾ, രണ്ടു ബ്രഷുകൾ അവർക്കും എറിഞ്ഞു കൊടുത്തു. നാലാളും കൂടി വരക്കാൻ തുടങ്ങി.
വരയെല്ലാം കഴിഞ്ഞപ്പോൾ, രസിച്ച് നോക്കി, രാരിസ് പറഞ്ഞു; “ഇതിപ്പോ ഷഡി ഇട്ട പോലെയുണ്ട്. അല്ലേലും മൊത്തം ഒറ്റയടിക്ക് കാണുന്നതിലും സുഖം, ഇതാണ്”, അതുകേട്ടതും പൊടുന്നനെ ബഷീർ രാരിസിനെ അടിക്കാൻ തുടങ്ങി. സാജീറും ബഷീറും ഇങ്ങനെ അടിക്കുന്നത് എന്തിനെന്ന് സാലിമോനോ രാരിസോ ചോദിക്കാറില്ല. മറ്റാരോടെങ്കിലും ദേഷ്യം ഉള്ളപ്പോഴോ, വെറുതെ രസത്തിനോ എല്ലാം ഇത്തരം ആക്രമണങ്ങൾ പതിവാണ്. നന്നായി നോവുമ്പോൾ ഓടി രക്ഷപ്പെടുക എന്നതേ രക്ഷയുള്ളു. രാരിസ് ഓടി.
നാൽവരും കൂടി ചെക്ക് ഡാമിന്റെ കരയിലെത്തി നനഞ്ഞതെല്ലാം മാറ്റി. റോഡിലൂടെ കഞ്ചിക്കോട് ഭാഗത്തേക്ക് നടന്നു. അവിടെ എത്തിയാൽ കോയമ്പത്തൂർ ഹൈവേയാണ്. “മൊളക് തേച്ചു”, നടക്കുമ്പോൾ സാജീർ പറഞ്ഞു. കൂരിരുട്ടിലെ കാട്ടിൽ, ഗവർണമെന്റ് പ്രസിനു മുന്നിലെത്തിയപ്പോൾ, കാൽപ്പെരുമാറ്റം കേട്ട് അവിടുത്തെ വാച്ച്മാൻ ഞെട്ടി ഉണർന്നു.
പിറ്റേന്ന് പൊലീസുകാർ വന്നപ്പോൾ അയാൾ പറഞ്ഞു, “നാലു പിള്ളേരായിരുന്നു സാറേ… അവന്മാരോട് കാടാണ്, ആനയുണ്ടാകും എന്നെല്ലാം ഞാൻ പറഞ്ഞതാണ്. വഴിതെറ്റിപ്പോയതാണെന്നു പറഞ്ഞ് ഓടി…”
പഴയ റെക്കോർഡിൽ അതെല്ലാം ഉണ്ടായിരുന്നു. ഡിവൈ എസ്.പി അതെല്ലാം വായിച്ചു. ഓരോ പേജ് മറിക്കുമ്പോഴും പൊടിപാറി; “ഈ വാച്ച്മാനെ പറ്റി അയാൾ വല്ലതും പറയുന്നുണ്ടോ”
“ഇല്ല”, ഇതുവരെ അതു പറഞ്ഞതേയില്ല.
“പ്രസിലെ വാച്ച്മാനെ നമുക്ക് കണ്ടെത്താം, ഇനി അയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ, ഒരു തിരിച്ചറിയൽ പരേഡ് നടത്തുകയും സാക്ഷി അയാളെ തിരിച്ചറിയുകയും ചെയ്താൽ തെളിവാകും സാർ”, സി.ഐ പറഞ്ഞു.
പ്രസിലെ വാച്ച്മാൻ പാലക്കാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണെന്നും നാർക്കോട്ടിക്ക് കേസിൽ അയാളെ ആരോ കുടുക്കിയതാണെന്നും മനസിലാക്കി സിഐ പറഞ്ഞു: “സാറിത്, സാലിമോന്റെ ബുദ്ധിയാണ്. ജയിലിലായതു കൊണ്ട് ആള് സേഫാണ്.
ഡിവൈ എസ്.പി, ഒരു പേപ്പറെടുത്ത് രാരിസിന്റെയും സാജീറിന്റെയും മരണം മുതലിങ്ങോട്ട് കണ്ണികൾ പൂരിപ്പിക്കാൻ തുടങ്ങി. സാക്ഷി പറയുന്ന കഥയുമായി കാര്യങ്ങൾ ചേരുന്നുണ്ട്. “ദുരഭിമാന കൊല”, എ സി പി വിളിച്ചപ്പോൾ ഡിവൈ എസ്.പി പറഞ്ഞു, “ഈ ബഷീറിന് എന്തോ മറയ്ക്കാനുണ്ട് സാർ. അല്ലെങ്കിൽ, ഇങ്ങനെ നിസാരമായ പഴയ കേസിലെ സാക്ഷികളെ ഇല്ലാതാക്കേണ്ട കാര്യമില്ല. അയാളാണ് യക്ഷിക്ക് ബ്ലൗസും പാന്റീസും വരച്ചതെന്ന് നാട്ടുകാരറിയുന്നതിൽ അയാൾക്ക് എന്തോ പ്രശ്നമുണ്ട്. ഓരോ തരം സൈക്കിയാണല്ലോ…”, ഡിവൈ എസ്.പി വിശദീകരിച്ചു.

“താനൊന്ന് വെയ്റ്റ് ചെയ്യ്. ഞാൻ ഡി ജി പിയെ കൂടി കണക്ട് ചെയ്യുകയാണ്, സാറിന് എന്തോ പറയാനുണ്ട്”, എസ്പി എല്ലാം കേട്ടശേഷം പറഞ്ഞു.
“ഈ ബഷീർ എം എൽ എ രാജിവെച്ചാൽ, സടപട എല്ലാം വീഴും. സർക്കാർ വീഴുന്നതല്ല പ്രശ്നം. വീണാൽ പൊലീസു മൊത്തം അഴിയും. അങ്ങനെ ഒന്നിനുള്ള ശേഷി സേനയ്ക്ക് ഇപ്പോഴില്ല”, ഡി ജി പിയുടെ ആജ്ഞ ഏതു പൊലീസുകാരനും മനസിലാകുന്നതായിരുന്നു.
“സാറേ ഇനി പെട്ടന്നൊരു സ്ഥലംമാറ്റം, അതെനിക്ക് നടക്കില്ല സാറേ. അനിയന്റെ കല്യാണം, അച്ഛന്റെ സ്ഥാനത്താ ഞാൻ”, സി.ഐയുടെ അഭ്യർത്ഥനയും ഡിവൈ എസ്.പിക്കു മനസിലായി. ബഷീറുമായി തമ്മിൽ കാണാൻ സാക്ഷി സമ്മതിച്ചു. പക്ഷെയത് അടച്ചിട്ട മുറിയിൽ വേണ്ടെന്നും സിസിടിവി ഉള്ളിടത്ത് റോഡിൽ മതിയെന്നും സാക്ഷി പറഞ്ഞു.
ബഷീർ, ജനറൽ ആശുപത്രിക്കു സമീപം അഞ്ചു വിളക്കു ജംങ്ഷനിൽ വെച്ച് പഴയ സുഹൃത്തിനെ അവിചാരിതമായി കണ്ട ഭാവത്തിൽ കാറിൽ നിന്നിറങ്ങി. സാക്ഷിയുടെ അടുത്തേക്ക് ചെന്നു. കയ്യകലവും കഴിഞ്ഞ് അടുത്തേക്ക് വന്നപ്പോൾ, ദൂരെ നിൽക്കൂ എന്ന് സാക്ഷി കൈകൊണ്ട് കാണിച്ചു.
മരണപ്പെടാൻ താൻ ഒരുക്കമല്ലെന്ന് അറിയിച്ച് ചോദിച്ചു, “അടുത്തത് ഞാനല്ലേ?”
ദൂരെ മാറ്റിയിട്ട ജീപ്പിലിരുന്ന് ഡിവൈ എസ്.പിയും സി.ഐയും അവരുടെ സംസാരം കാണുന്നുണ്ടായിരുന്നു. അര മണിക്കൂർ സംസാരിച്ചു കാണും. തുടർന്ന് സാക്ഷി ബഷീറിന്റെ കാറിൽ കയറി. പൊലീസ് ജീപ്പ് അവരെ പിന്തുടർന്നു. ബഷീറിന്റെ കാർ മലമ്പുഴയിലേക്കാണ് നീങ്ങിയത്. മലമ്പുഴ പാർക്കിൽ നിറയെ സന്ദർകരുണ്ടായിരുന്നു. മുന്നിലിരുന്ന് ഒരന്ധനും കുടുംബവും പാടുന്നുണ്ട്. സാക്ഷി അവിടെ കാറിറങ്ങി. ബഷീറും പുറത്തിറങ്ങി അവർ പരസ്പരം കെട്ടിപ്പിടിച്ചു. ബഷീറിന്റെ കാർ കഞ്ചിക്കോട് ഭാഗത്തേക്ക് തിരിഞ്ഞു. പൊലീസ് ജീപ്പ് അതിനെ പിന്തുടർന്നു.
ആനക്കല്ലിൽ നിന്നും ചാക്കോ റോഡിലേക്ക് കയറി ബഷീർ കാർ നിർത്തി. ഡിവൈ എസ്.പി അതിൽ ചെന്നു കയറി.
“സാറടിക്കുമോ… സൊയമ്പൻ ഡിക്കീലുണ്ട്”, ബഷീർ ചോദിച്ചു. അതേ കാറിലിരുന്ന് എ സി പിയുടെ കോളെടുത്ത് ഡിവൈ എസ്.പി കുറച്ചു കഴിഞ്ഞ് പറഞ്ഞു, “നല്ല സൊയമ്പനായിട്ട് തീർത്തു, സാക്ഷി പോയി…”
സാക്ഷി, ടിക്കറ്റെടുത്ത് മലമ്പുഴ പാർക്കിലേക്ക് കയറി. ആദ്യത്തെ വലത്തോട്ട് തിരിഞ്ഞു. നീന്തൽ കുളത്തിന് അടുത്തു കൂടി വേഗം തൂക്കുപാലത്തിലേക്കെത്തി. പാലം അനങ്ങുന്നുണ്ട്.
അടുത്തത് ഞാനല്ലേയെന്ന് സാക്ഷി ചോദിച്ചപ്പോൾ, ബഷീർ, ചിരിച്ചു.
“നീയിത് എവിടായിരുന്നു സാലി”എന്നാണ് ബഷീർ ആദ്യം ചോദിച്ചത്.
“നീ എന്നെ കുറേ തിരക്കും, എനിക്കറിയാമായിരുന്നു”, തമ്മിൽ കണ്ടാൽ പറയാനുറപ്പിച്ച, കാണാപാഠം പഠിച്ച വാക്കുകളാണ് പറയുന്നത്.
ഇവനിതെന്താണ് പറയുന്നതെന്ന ഭാവം ബഷീറിൽ വന്നു.
“സാജിറ് നിന്റെ ബ്രദറല്ലേ… എന്നിട്ടും”, സാക്ഷി കുറ്റപ്പെടുത്തി.
ബഷീർ, സാക്ഷിയുടെ ഭയം കണ്ട്, ഒന്നും മനസിലാകാതെ നിന്നു.
“രാരിസ്… മണ്ടൻ… പിന്നെയും നിന്റെ പൊറകെ നടന്നു…”, സാക്ഷിക്ക് കലി തികട്ടി.
ബഷീറിൽ നിന്ന് പലതരം നീക്കങ്ങളും സാക്ഷി പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇപ്പോൾ, തൊട്ടു മുന്നിൽ സംഭവിക്കുന്നത് പ്രതീക്ഷിച്ചതേയില്ല. ബഷീറിന്റെ കണ്ണുകൾ നിറയുകയാണ്. അങ്ങനെ കണ്ണീര് പുറഞ്ചാടുന്നത് സാക്ഷി ഒരിക്കലും കണ്ടിട്ടില്ല. ബഷീർ താനൊരു എം എൽ എയാണെന്നും നിൽക്കുന്നത് നടുറോഡിലാണെന്നും മറന്നു കരഞ്ഞു. സാക്ഷി പതറി. പെട്ടെന്ന് ഏങ്ങലിനിടയിൽ ബഷീർ ചോദിച്ചൊപ്പിച്ചു, “നിന്റെ ഉമ്മയെ തുണിയില്ലാതെ ആരെങ്കിലും വരച്ചു വെച്ചാൽ നീ എന്തു ചെയ്യും”.
എപ്പോഴും തിരക്കിട്ട് നടക്കുന്ന ഉമ്മ. വേഗം നടക്കുന്നതിനിടയിൽ ഉടുപ്പുകളോരോന്നും അഴിഞ്ഞഴിഞ്ഞ് വീഴുന്നതും അതൊന്നും അറിയാതെ പിന്നെയും എവിടേയ്ക്കോ എത്താനുള്ള തത്രപ്പാടിൽ നടക്കുന്നതും സാക്ഷി ഒരു മാത്ര കണ്ടു. തലയങ്ങു പെരുത്തു വന്നു സാക്ഷിക്ക്.
ബഷീർ, ചോദിക്കുകയാണ്, “പറയ് സാലി..”
ബഷീർ പൊടുന്നനെ സൃഷ്ടിച്ച അസാധാരണമായ അന്തരീക്ഷമാണ് സാക്ഷിക്കുചുറ്റും. സാക്ഷിക്ക് ഒന്നും പറയാനാവുന്നില്ല. സാക്ഷി ബഷീർ പറയുന്നതിനായി കാത്തു.
“നിന്റുമ്മാനെ തുണിയില്ലാണ്ട് വരച്ചാൽ… നീ കീറിക്കളയും അല്ലേ… അന്നത്രേ ഉണ്ടായുള്ളൂ”, ബഷീർ ആരോടും വെളിപ്പെടുത്താത്ത രഹസ്യം സാക്ഷിയോട് പറഞ്ഞു. സാക്ഷിക്ക് ഒന്നും മനസിലായില്ല.
പ്രീഡിഗ്രിയിലെ ടൂറിനിടയിൽ യക്ഷിയുടെ അടുത്തെത്തിയതും ബഷീറും നോക്കിയത് യക്ഷിയുടെ മുലയിലാണ്. പിന്നെ നോട്ടം നേരെ താഴേക്ക് നീട്ടി. സാജിറാണ് ചെവിയിൽ പറഞ്ഞത്, “ബഷീറേ മൊഖത്തോട്ട് നോക്കിയേ…”
ബഷീർ യക്ഷീമുഖം കണ്ടു. അത് ബഷീറിന്റെ ഉമ്മയായിരുന്നു. അതേ മുഖം. അതേ കണ്ണും മൂക്കും മുടിയും. അതു കണ്ടതും ബഷീറിന് ഛർദ്ദിയാണ് തികട്ടിയത്.
“ആ ഒരു തരിപ്പില് അങ്ങു ചെയ്തതാ”, ബഷീർ പറഞ്ഞത് സാലി സംശയമേയില്ലാതെ വിശ്വസിച്ചു. ആ തരിപ്പിലാണോ ഒപ്പമുണ്ടായിരുന്ന രണ്ടാളെ കൂടി കൊന്നത് പോലുള്ള കൂട്ടചോദ്യങ്ങളെല്ലാം സാക്ഷിക്ക് നഷ്ടപ്പെട്ടു.
എന്തിനെന്നില്ലാതെ, സാക്ഷിയുടെ കണ്ണും നിറഞ്ഞു. നിറഞ്ഞു കവിഞ്ഞു. കണ്ണീരു കൊണ്ട് കണ്ണുകാണാനാവാത്ത അത്രയും നനഞ്ഞു.
“നീ വേണേ പോയി ഒന്നൂടി നോക്ക്… അതെന്റ ഉമ്മയല്ലേന്ന്..”, ബഷീറിന്റെ ശബ്ദം ഉള്ളിന്റെ ഉള്ളിൽ നിന്നുള്ളതായി സാക്ഷിക്കു തോന്നി.
മലമ്പുഴ പാർക്കിനു മുന്നിൽ കാറിറങ്ങുമ്പോൾ, അക്കാലമത്രയും അയാൾ ബഷീറിനെതിരെ ശേഖരിച്ചുവെച്ച എല്ലാ തെളിവുകളുടേയും ഫയൽ കാറിൽ നിന്ന് എടുത്തില്ല.
ബഷീറിന്റെ ഉമ്മാന്റെ മുഖം എങ്ങനെയായിരുന്നു… സാക്ഷി ഓർക്കാൻ ശ്രമിച്ചു. റോപ്പ് വേയിലൂടെ പോകുന്ന രണ്ടു സ്ത്രീകൾ, ഉറക്കെ പാടുന്നത് സാക്ഷി തലയുയർത്തി നോക്കി. യക്ഷിയുടെ അടുത്തു നിന്ന് ഒരു ഫാമിലി സെൽഫി എടുക്കുന്നുണ്ട്. അടുത്തേക്ക് ചെല്ലാനാവാത്ത വിധം ചുറ്റും മറ്റൊരു മതിലുമുണ്ട്. അന്നിത് ഇല്ലായിരുന്നു. ബഷീർ പറഞ്ഞത് സത്യമാണോ എന്നറിയാൻ സാക്ഷി യക്ഷിയുടെ മുഖത്തേക്കു മാത്രം നോക്കി. ആദ്യമായി യക്ഷിയുടെ മുഖം കാണുകയാണ്.
സാക്ഷിക്ക് വീണ്ടും കരച്ചിൽ വന്നു. വിശ്വസിക്കാനാവാതെ കണ്ണടച്ച് വീണ്ടും വീണ്ടും നോക്കി. യക്ഷിക്ക് സാക്ഷിയുടെ ഉമ്മയുടെ മുഖമാണ്. എന്നും തല നിറയെ എണ്ണ തേക്കാൻ ഉമ്മ ഇങ്ങനെയാണ് പലകയിൽ ഇരിക്കുന്നത്- “ഉമ്മാ…”- ഉള്ളിന്റെ ഉള്ളിൽ നിന്ന് സാക്ഷി വിളിച്ചു.
പിന്നെ അയാൾ റോഡിലൂടെ നടന്നു. ബിസിറങ്ങി, ട്രയിനിറങ്ങി, വിമാനമിറങ്ങി സാക്ഷി നടന്നു.
പിന്തിരിഞ്ഞു നോക്കാതെ നടന്നു. പെട്ടന്നൊരു കാറ് പിന്നിലെത്തി, ഇടിച്ചിട്ടു പാഞ്ഞു പോയപ്പോൾ, തികച്ചും സ്വാഭാവികമായ, റോഡിൽ സ്ഥിരമായി സംഭവിക്കുന്ന ഏതൊരു ആക്സിഡന്റും പോലെയെന്ന വിധം ആളുകൾ അത്ര ധൃതിയില്ലാതെ ചുറ്റും കൂടി.
അത്ര ധൃതിയില്ലാത്ത ഒരാൾക്കൂട്ടം അപ്പോൾ യക്ഷിക്കുചുറ്റും ഉണ്ടായിരുന്നു, അതിലൊരു കുട്ടി യക്ഷിയുടെ മുഖത്തേക്ക് നോക്കാൻ തലയുയർത്തി.
