ഐശ്വര്യ ജലജ പ്രദീപ്.

ബോർഹേസ്
തർജ്ജമാനുഭവത്തെക്കുറിച്ച്
പരിഭാഷക

യിഷ നുസൈബത്ത് അയാളെ ആദ്യമായി കാണുന്നത് പുതിയസ്റ്റാൻഡിനടുത്തുള്ള ആതിരബുക്സ്റ്റാളിന് മുന്നിൽവെച്ചാണ്. കൃത്യമായി പറഞ്ഞാൽ കടയുടെ പുറത്തിട്ടിരുന്ന പുസ്തകത്തട്ടിന്റെ മൂലക്ക് കുന്തിച്ചിരുന്ന് നോർദിക് ഇതിഹാസങ്ങളുടെ ഒരു തടിയൻ സമാഹാരം മറിച്ചുനോക്കുകയായിരുന്നു അയാൾ. മൂക്കിൻതുമ്പ് കടലാസ്സിൽ ഇപ്പോൾ തൊടുമെന്ന മട്ടിലുള്ള അയാളുടെ വായനാരീതിയാണ് അവൾ ആദ്യം ശ്രദ്ധിക്കുന്നത്.

അടുത്തുചെന്നപ്പോൾ ഇടത്തെ കയ്യിൽ മുറുക്കിപ്പിടിച്ച ഭൂതക്കണ്ണാടി കണ്ടു. രഹസ്യാത്മകമായ അവളുടെ ആ നോട്ടം പതിയെ അയാളുടെ പിഞ്ഞിയ ഓഫീസ് ബാഗിലേക്കും, അയഞ്ഞ പോളിസ്റ്റർ പാന്റ്സിലേ‌ക്കും, ഇസ്തിരി വീഴാത്ത കള്ളിഷർട്ടിലേ‌ക്കും തിരിഞ്ഞു. അപൂർവ്വവും ദൈവീകവുമായ ഏതോ ഒരു ഇന്ദ്രജാലം മുന്നിലെ മഞ്ഞച്ച പുസ്തകങ്ങൾക്കുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന് തോന്നിപ്പിച്ചുകൊണ്ട് അയാൾ ഇടയ്ക്കിടെ മുന്നിലെ ഗ്രന്ഥതട്ടിലേക്കൂളിയിട്ടിറങ്ങി. നീണ്ടു മെലിഞ്ഞ ആ വിരലുകൾ തൊട്ട അക്ഷരങ്ങളുടെ അർത്ഥമറിയാൻ നുസൈബത്തിനു പൂതി തോന്നിയെങ്കിലും ഭയം കലർന്ന ഒരു മടി അതിൽ നിന്നുമവളെ പിന്തിരിപ്പിച്ചു.

പിന്നീട് മൂന്ന് നാല് ദിവസം അടുപ്പിച്ച്, സ്റ്റേഡിയം പരിസരത്തെ സെക്കന്റ് ഹാൻഡ് പുസ്തകകടകളിൽ വെച്ച് അയാളെ കണ്ടപ്പോഴാണ് പ്രിയപ്പെട്ട എഴുത്തുകാരനെ പറ്റി അവൾ അയാളോട് മടിച്ച് മടിച്ച് ചോദിക്കുന്നത്. ഹോർഹെ ലൂയി ബോർഹേസ്സിനെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോൾ അയാളുടെ നെറ്റിത്തടം വിയർക്കുന്നതും, ശബ്ദം മുറുകുന്നതും കണ്ണുകൾ വികസിക്കുന്നതും നുസൈബത്ത് കൗതുകത്തോടെ നോക്കി നിന്നു. എന്നാൽ ഇടയ്ക്കെപ്പോഴോ പൂച്ചയ്ക്ക് ചോറ് കൊടുക്കാൻ സമയമായി എന്ന് പിറുപിറുത്തുകൊണ്ട് ദീർഘസംഭാഷണത്തിന്റെ സാധ്യത അവസാനിപ്പിച്ച അയാൾ, അവളോടൊന്ന് യാത്ര പോലും പറയാതെ ബസ് സ്റ്റാൻഡിനടുത്തേക്ക് തിരക്കിട്ടു നടന്നു.

അന്നുതന്നെ, ഇന്റർനെറ്റിലെ ഏതോ ഒരു വിദൂരവലകണ്ണിക്കുള്ളിൽ നിന്ന് നുസൈബത്ത് ബോർഹേസ്സിന്റെ കഥാസമാഹാരത്തിന്റെ പിഡിഎഫ് തപ്പിയെടുത്തു. അവിചാരിതമായാണ് പിറ്റേന്ന് വൈകീട്ട് കോർണേഷന്റെ അടുത്തുള്ള ഇന്ത്യൻ കോഫിഹൗസിൽ വെച്ച് അയാളെ കണ്ടത്. നുസൈബത്തിന്റെ നമസ്കാരം കേട്ട് തെല്ലൊരു പരിഭ്രമത്തോടെ മുന്നിലെ കാപ്പിക്കപ്പിൽ നിന്ന് അയാൾ തലയുയർത്തി. പുസ്തകം കിട്ടിയ വിവരം പറഞ്ഞപ്പോൾ, ഊർന്ന് പോയ കണ്ണട ശരിയാക്കി കൊണ്ടയാൾ അവളെ അത്ഭുതത്തോടെ നോക്കി.

“ബുക്ക് ഓഫ് സാൻഡ്” എന്ന കഥ വായിച്ചു നോക്കൂ എന്ന് മാത്രം പറഞ്ഞൊപ്പിച്ച്, അയാൾ ഓഫീസ് ബാഗുമെടുത്ത് എഴുന്നേറ്റ് പോയി. നിമിഷാർദ്ധം കൊണ്ട് ശൂന്യമായ കസേരയിലേക്കും പാതി കുടിച്ച് ഉപേക്ഷിക്കപ്പെട്ട കാപ്പിയിലേക്കും നുസൈബത്ത് പകപ്പോടെ നോക്കി നിന്നു. അയാൾ കൊടുക്കാൻ മറന്ന ബില്ല് ബെയറർ അവളെയാണ് ഏൽപ്പിച്ചത്. കൗണ്ടറിൽ കാശ് കൊടുത്തിറങ്ങിയ ശേഷം അവൾ സ്റ്റേഡിയത്തിന്റെ ഭാഗത്തേക്ക് പോയില്ല; പകരം മാനാഞ്ചിറയിൽ നിന്ന് ബസ് കയറി.

ആ രാത്രി നുസൈബത്ത് “ബുക്ക് ഓഫ് സാൻഡ്” വായിച്ചു. ലാപ്ടോപ്പിലെ ബോർഹേസ് പിഡിഎഫിനു തുടക്കവും ഒടുക്കവും ഉണ്ടെന്ന് ഉറപ്പു വരുത്തിയിട്ടാണ് കിടന്നതെങ്കിലും അന്തമില്ലാതെ പെരുകുന്ന അക്ഷരങ്ങൾ നിറഞ്ഞ കണ്ണാടിച്ചുമരുകൾക്കിടയിൽ പെട്ടുപോകുന്നത് അവൾ സ്വപ്നം കണ്ടു. ചുറ്റും പടർന്നൊലിച്ച വാക്കുകളും വാക്യങ്ങളും ഉണ്ടാക്കിയ ഭയത്തിന്റെ കുരുക്കിൽപ്പെട്ട് ശ്വാസം കിട്ടാതെ ഞെട്ടിയെഴുന്നേറ്റു.

രണ്ട് ദിവസം കഴിഞ്ഞ് മിഠായിതെരുവിലെ എസ്.കെ പ്രതിമയുടെ അടുത്ത് നിന്ന് ബൂസ്റ്റിട്ട കാപ്പി കുടിച്ചുകൊണ്ടിരുന്ന അയാളെ കണ്ടപ്പോൾ “ബുക്ക് ഓഫ് സാൻഡ്” ഇഷ്ടപ്പെട്ട വിവരം സൂചിപ്പിച്ചു കൊണ്ടാണ് നുസൈബത്ത് സംഭാഷണം ആരംഭിച്ചത്. ഒരു പോസ്റ്റ് കൊളോണിയൽ കഥ എന്നാണ് അവൾ അയാളോട് പറഞ്ഞത്. അത് കേട്ട അയാൾ കുറച്ച് നേരം ചുണ്ട് കടിച്ചു നിന്നു. അയാളുടെ നെറ്റിയുടെ ഓരത്തുള്ള നരച്ച മുടി അപ്പോഴാണ് അവൾ ശ്രദ്ധിക്കുന്നത്. മറുപടി മറന്നുള്ള പതിവ് നടത്തത്തിലേക്ക് അയാൾ തിരിഞ്ഞെന്ന് കണ്ട അവൾ ഇത്തവണ അയാളുടെ പിറകെ നടന്നു. കണ്ണ് കൂർപ്പിച്ച് വെളിച്ചത്തിന്റെ മഞ്ഞ തേടിയുള്ള ആ നടത്തത്തിലുടനീളം അയാൾ മൗനം പാലിച്ചു. പട്ടാളപ്പള്ളിക്ക് മുന്നിലെത്തിയപ്പോൾ “ദ് സൗത്ത്” ആണ് തന്റെ പ്രിയപ്പെട്ട ബോർഹേസ് കഥയെന്ന് പിറുപിറുത്ത അയാൾ അപ്പോൾ കണ്ട ഏതോ ബസിന് പിറകെ ഓടി.

പിറ്റേന്ന് പനിയായത് കാരണം നുസൈബത്ത് ഓഫീസിൽ പോയില്ല. ഉച്ചയ്ക്കൊന്ന് തല പൊങ്ങിയപ്പോഴാണ് “ദ് സൗത്ത്” വായിക്കാനെടുത്തതും ഉറങ്ങിപ്പോയതും. പനിച്ചൂരുള്ള ആ നട്ടുച്ചയിൽ നിന്ന് കണ്ണ് തിരുമ്മിയെഴുന്നേറ്റപ്പോൾ ആദ്യം കണ്ടത് കിടയ്‌ക്കയ്‌ക്കരികിലെ മേശമേലിരുന്ന കഠാരയാണ്. ദാൽമന്റെ1 കാൽക്കൽ വീണ് തിളങ്ങിയ വെല്ലുവിളി പോലെ നഗ്നമായ ആ കഠാര അവളുടെ കട്ടിൽത്തലയ്ക്കൽ കിടന്ന് മുരണ്ടു.

അന്നുതൊട്ടാണ് നുസൈബത്ത് തന്റെ പ്രഭാതങ്ങൾ ബോർഹേസ്സിനായി മാറ്റി വെക്കാൻ തീരുമാനിക്കുന്നത്. ബോർഹേസ്സിൽ മുഖം കഴുകുക എന്നാണ് ആ പുതിയ ദിനചര്യയെ അവൾ വിശേഷിപ്പിച്ചത്. അയാളെ കാണുന്ന സായാഹ്നങ്ങളിൽ അവൾ തന്റെ പ്രഭാതവായനകളെക്കുറിച്ച് വാചാലയായി. അവളുടെ അതിവായനകൾക്കുള്ളിലിരുന്നു കൊണ്ടയാൾ "അതാണ് ബോർഹേസ്" എന്ന് തലയാട്ടി. ആ ദിവസങ്ങളിലൊന്നിൽ മുതലക്കുളം മൈതാനത്തിനടുത്ത് വെച്ച് കണ്ടപ്പോൾ ആ കഠാര അവൾ അയാൾക്ക് കൈമാറി. മീശയും താടിയും കളഞ്ഞ അയാളുടെ മുഖത്ത്, നേർത്ത 'റ' പോലെ പറ്റിപ്പിടിച്ച ചുണ്ട് അവളന്നാദ്യമായിട്ട് കാണുകയായിരുന്നു.

ആ ഇടയ്ക്ക് വി.പി. ശിവകുമാറിന്റെ ബോർഹേസ് പരിഭാഷയെക്കുറിച്ച് അവർ തമ്മിലൊരു തർക്കമുണ്ടായി. ‘ഓൺ എക്സാറ്റിട്യൂഡ് ഇൻ സയൻസിന്റെ” പരിഭാഷയായ “ശാസ്ത്രത്തിന്റെ അതിസൂക്ഷ്മതയെപ്പറ്റി” എന്ന തലക്കെട്ട് ശരിയായില്ലെന്ന് നുസൈബത്ത് അഭിപ്രായപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. വി.പി. ശിവകുമാറിന്റെ പരിഭാഷയെ ചോദ്യം ചെയ്യാനോ വിമർശിക്കാനോ തനിക്കോ അവൾക്കോ യാതോരു യോഗ്യതയുമില്ലെന്ന് അയാൾ ആവർത്തിച്ച് പ്രഖ്യാപിച്ചു. അയാളുടെ കടുംപിടുത്തങ്ങളുടെ മുഷ്ടി അയക്കാൻ പാടാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ അവൾ “ഓൺ എക്‌സാറ്റിട്യൂഡ് ഇൻ സയൻസ്” പരിഭാഷപ്പെടുത്തി. തനിക്കു മുന്നിൽ വരിനിന്ന ബോർഹേസ് ഛായയുള്ള അക്ഷരബീജങ്ങളെ നുസൈബത്ത് അയാളെ ഓർത്ത് ഉള്ളിലേക്കെടുക്കുകയും വാശിയുടെ ചൂടിൽ വിരിയിച്ച് കടലാസിന്റെ വെള്ളപ്പരപ്പിലേക്ക് തുറന്ന് വിടുകയും ചെയ്തു.

എന്നാൽ അവരുടെ അടുത്ത കൂടിക്കാഴ്ചയിൽ ആ പരിഭാഷ ഒരു ചർച്ചാവിഷയമായില്ല. പകരം വി.പി. ശിവകുമാറിന്റെ കാര്യത്തിൽ തനിക്കൊരു തെറ്റ്പറ്റിപ്പോയെന്ന് ആത്മാർത്ഥത തീണ്ടാത്ത കുറ്റസമ്മതം അവൾ നടത്തി. നഗരസഭാഓഫീസിനു മുന്നിലെ ഫുട്പാത്തിന്റെ ഇരുമ്പുകമ്പിയിൽ പിടിച്ച് നടക്കുകയായിരുന്ന അയാൾ അത് കേട്ടതായി ഭാവിച്ചില്ല. ബീച്ചിനും മാനാഞ്ചിറക്കുമിടയിൽ പിരിഞ്ഞു പടർന്ന നഗരനാഡീവ്യൂഹത്തിനുള്ളിലെ പേരറിയാത്ത ഇടവഴികളിലൂടെ നടക്കുന്നതിനിടയിൽ ഒരു ബ്യൂനസ് ഐറിസ്സുക്കാരൻ എഴുതാനിടയുള്ള കോഴിക്കോടിനെക്കുറിച്ചാണയാൾ സംസാരിച്ചത്. തുടർന്നുള്ള പല സായാഹ്നനടത്തങ്ങൾക്കിടയിലും ബോർഹേസ്സിന്റെ ഭൂപടപ്രണയം അനുമതിയില്ലാതെ അവരുടെ സംഭാഷണങ്ങളിലേക്ക് വന്ന് കയറി. ബോർഹേസ് ഒരു കോഴിക്കോടുകാരനായിരുന്നുവെങ്കിൽ നഗരത്തിലെ ഊടുവഴികളുടെ അതിഗൂഢമായൊരു ഭൂപടം ഉണ്ടായേനെ എന്നയാൾ പലതവണ അഭിപ്രായപ്പെട്ടു. അന്നേരങ്ങളിൽ നുസൈബത്ത് അയാളുടെ കൺമുനമ്പിൽ മുളപൊട്ടിയ കാക്കക്കാൽചുളിവുകൾക്കുള്ളിലെ കെട്ടുപിണച്ചിലുകളിലേക്ക് മാത്രം നോക്കി.

വലത്തെക്കണ്ണിൽ പൂർണ്ണമായും അന്ധത വല കെട്ടിയതോടെയാണ് അയാൾ കോട്ടും സ്യൂട്ടും സ്ഥിരമാക്കിയത്. ചാരനിറത്തിലുള്ള കോട്ട് ധരിച്ച് മാവൂർ റോഡ് ജംഗ്ഷനിലെ കുരിശുപള്ളിയുടെ മുന്നിലെ മെഴുകുതിരിക്കച്ചവടക്കാരനോട് സംസാരിച്ചു നിന്ന അയാളെ കണ്ടമാത്രയിൽ നേർരേഖകൾ ഒളിപ്പിക്കുന്ന രാവണൻകോട്ടകളെക്കുറിച്ചും അയാളെ അയാളാക്കി മാറ്റുന്ന യെഹോവയെന്ന ദൈവനാമത്തെക്കുറിച്ചും നുസൈബത്ത് ഓർത്തു2. പിന്നീടൊരു ദിവസം അതേ കോട്ട് ധരിച്ച അയാളെ വല്യങ്ങാടിയിലുള്ള ഒരു സർബത്ത്പീടികയ്ക്കടുത്ത് വെച്ച് കണ്ടപ്പോൾ നുസൈബത്ത് ഓട്ടോക്കാരനോട് വണ്ടി സൈഡ് ആക്കാൻ പറഞ്ഞു.

തണുപ്പിക്കാത്ത നന്നാറി വെള്ളം കുടിക്കുന്നതിനിടയിൽ ആ കോട്ട് തന്റെ വിവാഹത്തിന് വേണ്ടി തയ്പ്പിച്ചതായിരുന്നുവെന്നും, അമ്മച്ചിയുടെ നാൽപ്പതിനും അത് തന്നെയാണ് ധരിച്ചതെന്നും അയാൾ പ്രത്യേകം എടുത്ത് പറഞ്ഞു. അവൾ അനുതാപപൂർവ്വം അയാളുടെ പാതി അടഞ്ഞ കണ്ണുകളിലേക്ക് നോക്കി. അന്നവർ അമ്മച്ചിയെക്കുറിച്ചും അന്ധതയെക്കുറിച്ചും സംസാരിച്ചു. ഒരേസമയം അക്ഷരത്താലും അന്ധതയാലും അനുഗ്രഹിക്കപ്പെടുന്നതിലെ വൈരുധ്യമോർത്ത് അവൾ അത്ഭുതം കൂറി. ഇരുട്ടിന്റെ ചേക്കേറ്റം പൂർത്തിയാവുമ്പോൾ പുസ്തകങ്ങൾ വായിച്ചു കൊടുക്കാനും, കത്തുകൾ വായിച്ച് മറുപടി എഴുതാനും താനുണ്ടാവുമെന്ന് ഉറപ്പ് കൊടുത്ത് നുസൈബത്ത് അയാളെ ആശ്വസിപ്പിച്ചു.

രണ്ടുദിവസത്തിനു ശേഷം, നടക്കാവ് ബസ് സ്റ്റോപ്പിനടുത്ത് വെച്ചു കാണുമ്പോൾ കടുംകാപ്പിനിറത്തിലുള്ള കോട്ട് ധരിച്ച അയാൾ, ഓട്ടോസ്റ്റാൻഡിനടുത്തിരിക്കാറുള്ള മീൻകാരന്റെ അടുത്ത് നിന്ന് തോട് കളഞ്ഞ കടുക്ക വാങ്ങുകയായിരുന്നു. അയാളുടെ ഇടത്തെക്കയ്യിൽ ഒരു ചെറിയ ഊന്നുവടി സ്ഥാനം പിടിച്ചിരുന്നു. നടക്കാവിൽ നിന്ന് വൈ എം സി എ വരെയുള്ള നടത്തത്തിനിടയിൽ “ബേവൂൾഫ്”3 മലയാളത്തിലേക്ക് പരിഭാഷ ചെയ്യുവാനുള്ള തീരുമാനം അയാൾ അവളെ അറിയിച്ചു. സുഹൃത്ത് എന്ന നിലയിൽ അവളുടെ സഹായങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും. അവൾ ചെറുചിരിയോടെ തലയാട്ടി. അടുത്ത ഞായറാഴ്ച്ച പരിഭാഷ ആരംഭിക്കാമെന്നുറപ്പിച്ച അവർ കെഎസ്സ്ആർടിസി സ്റ്റാൻഡിനടുത്ത് വെച്ച് പിരിഞ്ഞു.

നുസൈബത്ത് ചെല്ലുമ്പോൾ വീടിന്റെ മുൻവാതിൽ മലർക്കേ തുറന്നിട്ടിരിക്കുകയായിരുന്നു. ഇരിപ്പുമുറിയിലെ സോഫയിൽ അയാൾ ഇരിക്കുന്നുണ്ടായിരുന്നു. പഴയ ചാരനിറകോട്ട് തന്നെയായിരുന്നു വേഷം. മുറിയിൽ തന്റെ സാന്നിധ്യമറിഞ്ഞ അയാളുടെ ചുണ്ടുകൾ വിറച്ചതും വിരലുകൾ ഊന്നുവടിയിൽ മുറുകിയതും അവൾ ശ്രദ്ധിച്ചു. ലൈബ്രറി എവിടെയാണെന്ന് ചോദിക്കുന്നതിനു മുൻപേ അയാൾ അടുക്കളയ്ക്കടുത്തുള്ള ചെറിയ മുറിയുടെ നേരെ വിരൽ ചൂണ്ടി. പുസ്തകങ്ങളും എഴുത്തുമേശയും പ്രതീക്ഷിച്ച് വാതിൽ തുറന്ന അവൾ പൊടിപിടിച്ച കട്ടിലിലേക്കും തുണിയലമാരയിലേക്കും മാറി മാറി നോക്കി. ഷഡ്ഭുജാകൃതിയിൽ പണിത മുറിയുടെ ചുവരുകളിൽ നിറയെ അക്ഷരങ്ങൾ. പല ലിപികൾ. പല ഭാഷകൾ. അലമാര തുറന്ന അയാൾ പഴകിപ്പിഞ്ഞിയ ഒരു കറുത്ത കുപ്പായവും ബേവൂൾഫിന്റെ പൊടി പിടിച്ച ഒരു കോപ്പിയും അവൾക്ക് നേരെ നീട്ടി. പുസ്തകവും ഉടുപ്പും വാങ്ങുമ്പോൾ നുസൈബത്തിന്റെ കൈ വിറച്ചു. അവളുടെ വിരലറ്റങ്ങളിൽ വിയർപ്പിൽ കലർന്ന കറുത്ത ചെളിയുടെ ഒട്ടുന്ന പാളി. നിശബ്ദതയിൽ പൊതിഞ്ഞ അവളുടെ പകപ്പ് കണ്ട ആറാമിന്ദ്രിയത്തിന്റെ വെളിച്ചത്തിൽ അയാൾ തന്റെ ഊന്നുവടിയുടെ അറ്റം ആ കുപ്പായത്തിൽ മുട്ടിച്ചു.

നുസൈബത്ത് ഉടുപ്പ് മാറാൻ തുടങ്ങിയപ്പോൾ അയാൾ മുറി വിട്ട് പോയില്ല. അയാളുടെ പാട കെട്ടിയ കണ്ണുകൾ അവളുടെ ഉടൽ തൊടാതെ പിടച്ചു. ഉടുപ്പ് മാറി കട്ടിലിലിരുന്ന അവൾ പതിയെ ആ പുസ്തകം തുറന്നു. ആദ്യ പേജിന്റെ വലത്തെ മൂലയിൽ വടിവൊത്ത അക്ഷരത്തിൽ പുസ്തകത്തിന്റെ ഉടമസ്ഥയുടെ പേര് എഴുതിയിരുന്നു. മിസിസ്സ് ലിയോനോർ4. അതുവരെ മുറിയിൽ കെട്ടിക്കിടന്ന നിശ്ശബ്ദത അയാളുടെ കയ്യിൽ നിന്ന് ഊർന്നുവീണ ഊന്നുവടി തട്ടി ഞെട്ടി ഉണർന്ന് ഞെരുങ്ങി. താങ്ങ് നഷ്ട്ടപ്പെട്ട നിസ്സഹായതയോടെ അയാൾ അവളുടെ കട്ടിലിനു താഴെ മുട്ട്കുത്തി വീണു. അയാളുടെ വിതുമ്പലുകൾക്കുള്ളിലെ വിളർച്ച മുറിയിലാകെ വെളിച്ചം പോലെ ചിതറി. അദൃശ്യമായൊരു മിന്നൽ അവശേഷിപ്പിച്ച അത്ഭുതത്തിന്റെ വിറ നുസൈബത്തിന്റെ രോമങ്ങളെ പൊതിഞ്ഞു.

പുസ്തകമടച്ച്, കട്ടിലിൽ നിന്നെഴുന്നേറ്റ അവൾ മെല്ലെ അയാൾക്കരികിലിരുന്നു. അയാളുടെ വിതുമ്പലുകളെ തന്റെ നെഞ്ചിലേക്കമർത്തി. കറുത്ത് പിന്നിയ അവളുടെ ഉടുപ്പിലാകെ വാത്സല്യം കിനിഞ്ഞിറങ്ങിയ ചാലുകൾ. അയാളുടെ നാക്കിൻത്തുമ്പത്തുരുണ്ട് കൂടിയ പഴകിയ പരുത്തിയുടെ പാൽരുചിക്ക് മേൽ അവളുടെ ചുണ്ടുകൾ ചവർപ്പവശേഷിപ്പിച്ച് ഉരസി. ചുംബനം വീണൊട്ടിയ ഒച്ചയിൽ അവൾ അയാൾക്ക് ബേവൂൾഫ് ചൊല്ലികൊടുത്തു. അകക്കണ്ണ് ചുരത്തിയ അയാളുടെ പരിഭാഷ അവളുടെ ഒച്ചയോട് അകന്നും കലർന്നും മുറിയിലാകെ തട്ടിത്തൂവി. ഇടയ്ക്കെപ്പോഴോ അയാളുടെ കാൽക്കൽ ഒരു കഠാര പ്രത്യക്ഷപ്പെട്ടു. അയാളത് അവൾക്ക് കൈമാറി. അയാളുടെ നെഞ്ചിൻകൂടിൽ തെളിഞ്ഞ ചുവന്ന് വീങ്ങിയ അക്ഷരങ്ങളുടെ നിഗൂഢതയെ അയാൾക്കന്യമായ ഏതോ ഭാഷയുടെ കഠാരമൂർച്ചയിൽ അവൾ രാകിയെടുത്തു.

അനുബന്ധം

ഹോർഹെ ലൂയി ബോർഹേസ്സിന്റെ “ഓൺ എക്സാറ്റിട്യൂഡ് ഇൻ സയൻസ്” എന്ന കഥയ്ക്ക് അയിഷ നുസൈബത്ത് നൽകിയ പരിഭാഷ.

ശാസ്ത്രത്തിലെ കൃത്യതയെക്കുറിച്ച്...

ഭൂപടശാസ്ത്രമെന്ന കലയിൽ മികവ് കൈവരിച്ച ആ സാമ്രാജ്യത്തിലെ ഒരു പ്രധാനപ്രവിശ്യയുടെ ഭൂപടം ഒരു നഗരത്തോളമുണ്ടായിരുന്നു. ആ സാമ്രാജ്യത്തിന്റെ ഭൂപടമാകട്ടെ ഒരു പ്രവിശ്യ മുഴുവൻ പടർന്നു കിടന്നു. കാലം കടന്നു പോയി. അതിരില്ലാത്ത ഭൂപടങ്ങൾ പോരാതായി. ഭൂപടവരക്കാരുടെ സഹകരണസംഘം നാടിന്റെ ഭൂമിശാസ്ത്രത്തോട് അണുവിട തെറ്റാത്ത വിധം കൃത്യത പാലിക്കുന്ന ബിന്ദുക്കളുള്ള, സാമ്രാജ്യത്തോളം പോന്ന സാമ്രാജ്യത്തിന്റെ ഒരു കൂറ്റൻ ഭൂപടം നിർമിച്ചു. എന്നാൽ തുടർന്ന് വന്ന തലമുറകൾ തങ്ങളുടെ പ്രപിതാമഹന്മാരെ പോലെ ഭൂപടശാസ്ത്രത്തിൽ താല്പര്യം കാണിച്ചില്ലെന്ന് മാത്രമല്ല, യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ അവരാ ഭൂപടത്തെ വെയിലിന്റെയും മഞ്ഞിന്റെയും ക്രൗര്യത്തിനുള്ളിൽ ഉപേക്ഷിച്ചു. അങ്ങ് ദൂരെ പാശ്ചാത്യമരുഭൂമികളിൽ, ഇന്നും നമുക്ക് കാണാം, വന്യമൃഗങ്ങളും ഭിക്ഷക്കാരും അതിവസിക്കുന്ന ആ ഭൂപടത്തിന്റെ കീറിപ്പറിഞ്ഞ അവശിഷ്ട്ങ്ങൾ; ഇന്നീ ഭൂമിയിൽ ഭൂമിശാസ്ത്രമെന്ന വിജ്ഞാനശാഖയുടെ മറ്റൊരു ശേഷിപ്പും നിലനിൽക്കുന്നില്ല.

1 “ദ സൗത്ത്” എന്ന കഥയിലെ പ്രധാനകഥാപാത്രം.
2 “ഡെത്ത് ആൻഡ് ദി കോമ്പസ്” എന്ന കഥയിലെ പരാമർശം.
3 AD 975-നും 1025- നും ഇടയിൽ ഓൾഡ് ഇംഗ്ലീഷ് ഭാഷയിൽ രചിക്കപ്പെട്ട ഇതിഹാസകാവ്യം. അവസാനനാളുകളിൽ തന്റെ സമയത്തിന്റെ വലിയൊരു പങ്ക് ബോർഹേസ് ബേവൂൾഫ് പഠനത്തിനായി മാറ്റിവെച്ചു.
4 ബോർഹേസിന്റെ അമ്മ. അന്ധനായ ബോർഹേസിന് പുസ്തകങ്ങൾ വായിച്ചു കൊടുത്തിരുന്നതും അദ്ദേഹത്തിന് വരാറുണ്ടായിരുന്ന കത്തുകൾ വായിച്ച് മറുപടിയെഴുതിയിരുന്നതും അമ്മയായ ലിയോനോറായിരുന്നു. ഇന്നും ബോർഹേസിന്റേതായി അറിയപ്പെടുന്ന പല പരിഭാഷകളും യഥാർത്ഥത്തിൽ ലിയോനോറിന്റേതാണെന്ന് പറയപ്പെടുന്നു.

Comments