സ്വന്തം സ്പീഷിസിലെ ഒരു ജീവനെ ഭക്ഷമാക്കുന്നവനാരോ അവനാണ് കാനിബൽ. കാനിബൽ ഭാസ്കരൻ അതെത്ര വട്ടം ചെയ്തിരിക്കുന്നെന്നു മാത്രമല്ല ആസ്വദിക്കുകയും, വീണ്ടും വീണ്ടുമെന്ന് കൊതിക്കുകയും കൂടി ചെയ്തിരിക്കുന്നു.
എന്നാലിപ്പോൾ കർമ്മത്തിന്റെ ബൂമറാങ്ങ് കറങ്ങിത്തിരിഞ്ഞു തന്റെ നേരെ വരുന്നുവല്ലോയെന്നോർത്ത് തലയിൽ ചിറകും ചേർത്ത് മരക്കൊമ്പിലിരിക്കയാണ് ഭാസ്കരൻ. ഭാസ്കരൻ മറ്റു കോഴികളെ തിന്നിട്ടുണ്ട്. അതു പക്ഷെ ഓമനച്ചേച്ചി കൊന്നു കറിവെച്ചു ചോറിനൊപ്പം കൊടുത്തപ്പോൾ മാത്രമായിരുന്നു. പക്ഷെ താഴെ നിൽക്കുന്ന ഒരു പൂവനും രണ്ടു പിടകളും കൂടെ തന്നെ ജീവനോടെ തന്നെ കൊത്തിത്തിന്നാനുള്ള പദ്ധതിയിലാണ്.
തീവ്രവലതുപക്ഷചിന്താഗതിക്കാരായ ചില മനുഷ്യർക്കു സമാനമായിരുന്നു ഭാസ്കരന്റെ ജീവിതം. ഫാമിൽ നടക്കുന്ന സ്വജനങ്ങളുടെ തന്നെ കൊലയിൽ അയാൾക്കു പങ്കില്ല. നേരിട്ടതു കാണുന്നുപോലുമില്ല. എന്നാൽ അവരുടെ ഇറച്ചി കറിവെച്ചതു ചോറും കൂട്ടികൊടുക്കുമ്പോൾ അയാൾ ഭാവഭേദമന്യേ കഴിക്കുന്നു. മരിച്ചുപോയ കോഴികളെ കുറിച്ചോ അവരുടെ ഉറ്റവരെ കുറിച്ചോ ഭാസ്കരൻ ചിന്തിക്കാറില്ല. തന്നെപ്പറ്റി മാത്രമാണ് ഭാസ്കരന്റെ ചിന്തകളത്രയും. ഓമനചേച്ചിയുടെ കുടുംബവും ഇറച്ചിക്കോഴികളും തമ്മിൽ ഒരാഭ്യന്തരപ്രശ്നമുണ്ടായാൽ ഭാസ്കരൻ ഓമനചേച്ചിയുടെ പക്ഷത്തായിരിക്കും ചേരുക.
വർഗ്ഗവഞ്ചകനായ ഭാസ്കരൻ ഓമനച്ചേച്ചിയുടെ കണ്ണിലുണ്ണിയായി തന്റെ ജീവിതം നയിച്ചുവരവേ, രണ്ടുതരം വെല്ലുവിളികൾ അയാൾക്കെതിരെ ഉയർന്നുവരുന്നുണ്ടായിരുന്നു.
ഒന്ന്- ഓമനച്ചേച്ചിയുടെ പൊന്നോമനമകൻ മഹേഷ് മൂപ്പെത്തുമ്പോൾ വെട്ടാൻ ഭാസ്കരനെ നോട്ടമിട്ടിരിക്കുന്നു.
ഫാമിൽ വിൽക്കാനായി വളർത്തുന്ന ബ്രോയ്ലർ കോഴികളേക്കാൾ നെയ്യും മുഴുപ്പുമുള്ള ഭാസ്കരനെ ഓമനച്ചേച്ചിയുടെ സ്പെഷ്യൽ റെസിപ്പി പ്രകാരം കാന്താരിമുളകും ചെറിയുള്ളിയും മറ്റു ചില രഹസ്യകൂട്ടുകളും ചേർത്തരച്ച് കറിവെക്കണമെന്ന അഭിപ്രായക്കാരനാണ് മഹേഷ്. എന്നാൽ ഓമനച്ചേച്ചിക്ക് ഭാസ്കരനോടുള്ള പ്രത്യേക വാത്സല്യം ഒന്നു കൊണ്ടുമാത്രം ഭാസ്കരൻ കാലത്തിന്റെ കറിക്കലത്തിൽ പെടാതെ രക്ഷപ്പെട്ടു പോരുന്നു.

ഓമനച്ചേച്ചിയുടെ ഇരിഞ്ഞാലക്കുടയിലുള്ള ചെറിയമ്മ നാടൻമുട്ട അടവെച്ചു വിരിയിച്ചെടുത്ത ഒൻപതു കുഞ്ഞുങ്ങളിൽ ഒന്നാണ് ഭാസ്കരൻ. ചെറിയച്ചൻ പ്രഭാതസവാരിക്കായി സ്കൂട്ടറിൽ പോകുമ്പോൾ വഴിയരികിൽ നിന്നൊരു ചാരനിറമുള്ള പട്ടി പ്രത്യേകിച്ചൊരു കാരണവുമില്ലാതെ വട്ടം ചാടി, മൂപ്പരുടെ സ്കൂട്ടർ മറിഞ്ഞ് കാലൊടിഞ്ഞ് കിടപ്പായവകയിൽ കാണാൻ പോയപ്പോൾ ചൂരൽസഞ്ചിയിലാക്കി കൊടുത്തുവിട്ടതാണ് ഭാസ്കരനെയും നളിനി എന്ന പിടയെയും. ഇരുവർക്കും പേരുകൾ വന്നതിനു പിന്നിൽ ചെറിയച്ചന്റെ ഇളയ മകൻ രോഹിത് ആണ്. അപ്പുറത്തെ വീട്ടുകാരനും പ്രമുഖ തെങ്ങുകയറ്റക്കാരനുമായ ഭാസ്കരൻ ചേട്ടൻ കപ്പ് എബ്ബാപ്പേ എടുക്കുമെന്നും ഇല്ലെങ്കിൽ എന്റെ പേര് നിന്റെ പട്ടിക്കിട്ടോ എന്ന് രോഹിത്തുമായി ബെറ്റു വെച്ചു തോറ്റതിനുപിറകെ വീട്ടിൽ പട്ടികളില്ലാത്ത രോഹിത്ത് ഭാസ്കരൻ ചേട്ടന്റെയും ഭാര്യയുടെയും പേരുകൾ കോഴികൾക്കിട്ട് സംതൃപ്തിപ്പെടുകയായിരുന്നു.
നളിനിയെന്ന കോഴി ഏതാനും ദിവസങ്ങൾക്കു മുൻപേ അജ്ഞാതമായ കാരണങ്ങളാൽ അകാലചരമമടഞ്ഞതിന്റെ ദുഃഖത്തിൽ നിന്നും ഭാസ്കരനോ ഓമനച്ചേച്ചിയോ ഇതുവരെ കരകയറിയിട്ടില്ല.
ഭാസ്കരനെതിരെയുള്ള രണ്ടാമത്തെ വെല്ലുവിളി കോഴിവർഗ്ഗത്തിൽ നിന്നുതന്നെയുള്ള ചില എതിർശബ്ദങ്ങളായിരുന്നു. എവിടെ അനീതി നടക്കുന്നുവോ അവിടെ വിപ്ലവമുണ്ടാവണമെന്നാണല്ലോ. ബ്രോയ്ലർ കോഴികൾക്ക് ഭാസ്കരനെപ്പോലെ പേരൊന്നുമില്ല. അവരുടെ ഐഡന്റിറ്റി അവരുടെ തൂക്കമാണ്.
ഒന്നേകാൽ, ഒന്ന്, മുക്കാൽ എന്നിങ്ങനെ തൂക്കങ്ങളുള്ള മൂന്നു കോഴികളാണ് ബ്രോയിലർ കോഴികളിലെ വിപ്ലവചിന്താഗതിക്കാർ. സായുധവിപ്ലവത്തിൽ വിശ്വസിക്കാത്തവരായ ഭൂരിപക്ഷം വരുന്ന മറ്റു കോഴികളും തൂക്കമന്യേ ഉള്ളിന്റെയുള്ളിൽ ഇവരെ പിന്തുണച്ചു പോന്നു. അങ്ങനെയാണ് മുക്കാലും ഒന്നും ഒന്നേകാലും കൂടി വീണുകിട്ടിയൊരവസരത്തിൽ കൂടിനു വെളിയിൽ ചാടി ഭാസ്കരനെതിരെ ആക്രമണമഴിച്ചുവിട്ടത്.
ഓമനച്ചേച്ചിയുടെ പച്ചക്കറിത്തോട്ടത്തിനിടയിലൂടെ പതിവ് നടത്തത്തിലേർപ്പെട്ടിരിക്കുകയായിരുന്നു ഭാസ്കരൻ.
കണ്ണുകൾ തടത്തിലെ ജൈവവളത്തിലൂന്നി ചിക്കിച്ചികഞ്ഞ് മുഴുത്തൊരു മണ്ണിരയെ വായിലാക്കിയ അതേ സെക്കന്റിലാണ് മൂന്നിറച്ചിക്കോഴികളും കൂടി ഭാസ്കരന്റെ മുകളിലേക്ക് ചാടിക്കൊത്തിയത്. മൂന്നു വശത്തുനിന്നും വന്ന ആക്രമണത്തിനിടയിൽ നിന്നും ഭാസ്കരൻ നിമിഷനേരത്തിൽ തെന്നിമാറി. ശത്രുക്കളിൽ നിന്നും രക്ഷപ്പെടുന്നത് ഭാസ്കരന് പുതുമയുള്ള കാര്യമൊന്നുമല്ല. നാട്ടിലെ തെരുവുനായക്കൂട്ടങ്ങളുടെ ഇടയിൽ നിന്നും പലവട്ടം ഓടി രക്ഷപ്പെട്ടിട്ടുള്ള ഭാസ്കരനോടാണ് കൂട്ടിൽ കിടന്നു മാത്രം ശീലമുള്ള മൂന്നെണ്ണത്തിന്റെയും കളി.
ഓടിമാറിയ ഭാസ്കരൻ, മനോഹരൻ ചേട്ടൻ തൃശ്ശൂരു നിന്നും തൈ കൊണ്ടുവന്നു നട്ട പതിനെട്ടാം പട്ട തെങ്ങിന്റെ തടത്തിൽ ചെന്ന് വെട്ടിത്തിരിഞ്ഞു നിന്ന് പോരിനു തയ്യാറായി.
ഭാസ്കരൻ തലവെട്ടിച്ച് ചുറ്റുപാടും നോക്കി. കൂടുതലാളുകൾ ആക്രമിക്കാൻ തക്കം പാർക്കുന്നില്ലെന്നുറപ്പുവരുത്തി. കൊത്താൻ ഊറ്റം കൊണ്ടു നിക്കുന്ന മൂന്നുപേരെയും ഒറ്റക്കെതിർക്കാനാഞ്ഞു. ഭാസ്കരന്റെ കണ്ണുകൾ വികസിച്ചു. ഭാസ്കരൻ കാലുകൾ കൊണ്ട് മണ്ണിൽ മാന്തി പൊടിപറത്തി. കഴുത്തുയർത്തി ഉച്ചത്തിൽ കൂവി. മുന്നോട്ടാഞ്ഞ് ഉന്നം പിടിച്ചു. ഭാസ്കരന്റെ ശബ്ദം നാലുദിക്കിലും പ്രതിദ്ധ്വനിച്ചു. കൂട്ടിൽ കിടക്കുന്ന മറ്റിറച്ചിക്കോഴികൾ ശ്വാസമടക്കിപ്പിടിച്ച് ഭാസ്കരനെ തന്നെ നോക്കി നിന്നു. ഗില്ലി സിനിമയുടെ ക്ലൈമാക്സിൽ വിജയ് അണ്ണനെന്ന പോലെ എന്ന് ജനലിലൂടെ ഇതെല്ലാം കണ്ട മഹേഷ് മനോഹരൻ പിനീട് ഈ നിമിഷത്തെ അടയാളപ്പെടുത്തി.

ഭാസ്കരന്റെ കണ്ണുകളിൽ മൂന്നിറച്ചിക്കോഴികളുടെയും രൂപം പ്രതിഫലിച്ചു. അവർ മൂന്നുപേരും ഒരുമിച്ചു ചാടി വന്ന് കീഴ്പെടുത്താനുള്ള നീക്കത്തിലാണെന്ന് അവൻ കണക്കു കൂട്ടി.
ഭാസ്കരൻ ഇടത്തു വശത്തു കൂടി അവർക്കരികിലേക്ക് ചാടി. വലത്തുനിന്ന ഒന്നേകാൽ ഒന്നു നടുങ്ങിയെങ്കിലും സംയമനം പാലിച്ചു കൊണ്ട് അവിടെത്തന്നെ നിന്നു.
ഭാസ്കരനിപ്പോൾ എതിരാളികളുടെ കളത്തിലാണ്. ഭാസ്കരൻ ചിറകു കുടഞ്ഞ് ഉയർന്നു പൊങ്ങി മുക്കാലിന്റെ തലയ്ക്കു മുകളിൽ കൊക്ക് മുട്ടി മുട്ടിയില്ലെന്ന ഭാവത്തിലുരസി മുക്കാലിനെ കടന്ന് കളത്തിനു പുറത്തെത്തി.
അവർ മൂന്നു പേരും തിരിഞ്ഞ് ഭാസ്കരനു ചുറ്റും അകലം പാലിച്ചു നിന്നു. ഭാസ്കരനോളം വേഗമോ ശക്തിയോ തങ്ങൾക്കില്ലെന്ന് അവർക്കറിയാമായിരുന്നു. ആളെണ്ണം മാത്രമാണ് ഭാസ്കരനെ തോൽപ്പിക്കാൻ അവരുടെ കയ്യിലുള്ള ഏക ബലം. അല്ലെങ്കിലും പാവപ്പെട്ടവന്റെ ഏക അതിജീവനമാർഗ്ഗം സംഘടിക്കുക എന്നതാണല്ലോ.
ചുറ്റിനിൽക്കുന്നവരിൽ നിന്നും പുറത്തുകടക്കാൻ ഭാസ്കരൻ വേഗം പുറത്തെടുത്തു മുക്കാലിനും ഒന്നിനും ഇടയിലൂടെ പാഞ്ഞു. ഒന്നേകാലിന്റെ കൊത്തേറ്റ് ഭാസ്കരന്റെ കാലിൽ നിന്നും ചോരയും തൂവലുകളും അവിടം മുഴുവൻ തെറിച്ചു. ഇതുകണ്ട മറ്റു രണ്ടു പേരും ഭാസ്കരനു മുകളിലേക്ക് ചാടി. ഭാസ്കരൻ കൊത്തുകളേറ്റും പുളഞ്ഞു കൊണ്ട് മണ്ണിലേക്കമർന്നു. മൂവർ സംഘം ഭാസ്കരന്റെ ദേഹത്തേക്ക് ആഞ്ഞു കൊത്തി. എങ്ങും പൊടിപടലങ്ങളുയർന്നു.
കൂട്ടിലെ കോഴികൾ കൂകിയാർത്തു. വർഗ്ഗവഞ്ചകനുമേലതാ വിപ്ലവത്തിന്റെ വിജയം. പക്ഷെ അത്ര പെട്ടന്ന് തോറ്റുകൊടുക്കാൻ ഭാസ്കരൻ തയ്യാറായിരുന്നില്ല. അവർ മൂവരെയും കുടഞ്ഞു തെറിപ്പിച്ചുകൊണ്ട് ഭാസ്കരൻ ഇയർന്നു പൊങ്ങി. ഭാസ്കരന്റെ ചിറകടി ശബ്ദം അവിടമാകെ മുഴങ്ങി. അവന്റെ രക്തം കൊണ്ട് മൂവർ സംഘത്തിന്റെ തൂവലുകൾ ചുവപ്പണിഞ്ഞു.
ഒറ്റക്കുതിപ്പിന് ഭാസ്കരൻ പറമ്പിന്റെ മൂലയ്ക്കുനിന്ന ജാതിമരത്തിനു മുകളിലെത്തി. ഒന്നും മുക്കാലും ഒന്നേകാലും മരത്തിനു വലം വച്ചു.
ഭാസ്കരൻ ചിറകുകളിലെ ചോര കുടഞ്ഞുകളഞ്ഞ് മരത്തിലിരുന്നു. എന്തിനാണ് അവർ തന്നെ ആക്രമിക്കുന്നതെന്ന് അവനു മനസ്സിലായിരുന്നില്ല. മുതലാളിത്തത്തിന്റെ ഗുണഫലമനുഭവിക്കുന്നവരെല്ലാം തന്നെ തങ്ങളെന്തെങ്കിലും തെറ്റുചെയ്യുന്നെന്ന് കരുതാറില്ലാത്ത വണ്ണം നിഷ്കളങ്കരായിരിക്കുമല്ലോ.
മൂവർസംഘത്തിന് മരത്തിൽ കയറാൻ കഴിയാത്തതു കൊണ്ട് മരക്കൊമ്പിലവൻ സുരക്ഷിതനാണ്. എന്നാൽ എത്ര നേരം പരിക്കേറ്റ കാലും കൊണ്ട് അവിടെയിരിക്കാൻ കഴിയും.
പെട്ടെന്നാണ് ഭാസ്കരൻ മനുഷ്യരുടെ കാൽപ്പെരുമാറ്റം കേട്ടത്. അതാ പോറ്റിവളർത്തുന്നവർ തന്നെ രക്ഷിക്കാനെത്തുന്നു. ഓമനച്ചേച്ചി ഓടി വന്ന് തന്നെ കയ്യിലെടുക്കും. താഴെ നിൽക്കുന്ന മൂന്നും കറിക്കലത്തിൽ കിടന്നു വേവും. മുളകരച്ചു വെച്ച കറി കുഴച്ച ചോറ് തീറ്റപാത്രത്തിൽ വീഴും. ഭാസ്കരൻ പ്രതീക്ഷയോടെ ശബ്ദം കേട്ടിടത്തേക്ക് നോക്കി.
എന്നാൽ, വന്നത് ഓമനച്ചേച്ചിയോ മഹേഷോ മനോഹരൻ ചേട്ടനോ ആയിരുന്നില്ല. വെളുത്ത വസ്ത്രം കൊണ്ട് ശരീരമാകെ മൂടിയ ചിലർ കോഴിക്കൂടിനരികിലേക്ക് വന്നു. ഓമനചേച്ചിയെ പ്രതീക്ഷിച്ചു ചാടിവന്ന ഭാസ്കരന്റെ കഴുത്തിലാണ് ആദ്യത്തെ പിടി വീണത്. ഒറ്റത്തിരിക്കു കഴുത്തൊടിഞ്ഞ ഭാസ്കരൻ താഴെ വീണു. ഒന്നും ഒന്നേകാലും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശുഭ്രവസ്ത്രധാരികളുടെ കയ്യില്‍ നിന്നും രക്ഷപ്പെടാനായില്ല.

അന്ന് ആ ഫാമിലെ എല്ലാ കോഴികളും തൂക്കഭേദമന്യേ കൊല്ലപ്പെട്ടു.
മുട്ടകളും തീറ്റയും നശിപ്പിക്കപ്പെട്ടു. ചത്ത കോഴികളെ മുഴുവനും വലിയ കുഴിയിലിട്ട് ഉപ്പും ചുണ്ണാമ്പുമിട്ട് മൂടി. കൂടും പരിസരവും വൃത്തിയാക്കി മൂന്നുമാസത്തേക്ക് തുറക്കരുതെന്ന ധാരണയിൽ പൂട്ടിയിട്ടു.
വലിയ നഷ്ടം നേരിടേണ്ടി വന്നെങ്കിലും പടർന്നുപിടിച്ച പക്ഷിപ്പനിയെ തടയാൻ മനോഹരൻ ചേട്ടനു മുന്നിൽ മറ്റു വഴികളില്ലായിരുന്നു.
മഹേഷിനും മൂവർസംഘത്തിനുമൊപ്പം കാനിബൽ ഭാസ്കരനെതിരെ ഫാമിൽ ഉയർന്നു വന്ന മൂന്നാമത്തെ ഭീക്ഷണി അതായിരുന്നു. പക്ഷിപ്പനി!
കാലാന്തരത്തിൽ മനോഹരൻ ചേട്ടൻ മറ്റു ബിസിനസുകൾ തുടങ്ങി വിജയിക്കുകയും വർഗ്ഗഭേദമില്ലാതെ കോഴികളെല്ലാം ഭാസ്കരനൊപ്പം ആ കുഴിയിൽ കിടന്ന് വളമാവുകയും ചെയ്തു.
