ജിൻഷ ഗംഗ

ചലനം

ച്ചവെയിലത്ത് തുണികൾ അലക്കുന്നതിനിടയിലാണ് മാവിന്റെ കൊമ്പില് നീലനിറമുള്ള കുഞ്ഞനൊരു പക്ഷി ഇരിക്കുന്നത് ഗീത കണ്ടത്. അലക്ക് നിർത്തി അവൾ അതിന്റെ ചലനങ്ങൾ നോക്കി നിന്നു.

കൊമ്പിലിരുന്ന് സാവധാനത്തിൽ അത് ചുറ്റിനും നോക്കുകയാണ്, ഇടയ്ക്കെപ്പഴോ പക്ഷി തനിക്ക് നേരെ നോക്കിയതായി ഗീതയ്ക്ക് തോന്നി. പിന്നെ പൊടുന്നനെ ദൂരേക്കെങ്ങോ പറന്നു.

ആ ദിശ നോക്കി നിൽക്കുമ്പോ ഗീതയ്ക്ക് ഒരു യാത്രാപ്പൂതി തോന്നി. അടുത്തുവച്ചിരുന്ന ഫോണെടുത്ത് നോക്കി. സമയം ഒരു മണി. ഒന്നരയുടെ ബസ് പിടിച്ചാൽ കണ്ണൂരിൽ നിന്ന് ട്രെയിൻ കിട്ടും. അലക്കിയ തുണികൾ മുഴുവൻ അയക്കിലേക്ക് തോരാനിട്ട് ബാക്കിയുള്ള തുണികൾ ബക്കറ്റിലേക്ക് വച്ച് കുളിമുറിയിലേക്ക് ഓടി. മേല് മാത്രം കഴുകി കയ്യിൽ തടഞ്ഞ ഒരു സാരി എടുത്ത് ഉടുത്തപ്പോഴേക്കും സമയം ഒന്നേ കാല്. മുടി ചീകിയെന്ന് വരുത്തി കണ്മഷി ഇട്ട് പൊട്ടും കൂടി വച്ചപ്പോഴാണ് ബാഗിലേക്ക് ഒരു ജോഡി ഡ്രസ്സ് എടുത്ത് വച്ചില്ലല്ലോ എന്നോർത്തത്. ഷെൽഫിനുള്ളിൽ നിന്ന് കഴിഞ്ഞ മാസം വാങ്ങിയ ചുരിദാർ എടുത്ത് ബാഗിലേക്ക് വച്ചപ്പോഴേക്കും ബസ് വരാനുള്ള സമയം ഏകദേശം ആയിരുന്നു. വാതില് പൂട്ടി റോഡിലേക്ക് നടക്കുമ്പോൾ അയല്പക്കത്തെ വീടുകളിൽ നിന്നും എങ്ങോട്ടേക്കാണെന്ന ചോദ്യമെത്തി.

‘‘ആങ്ങളയുടെ വീട് വരെ പോണം’’, എല്ലാവരോടും ഗീത മറുപടി പറഞ്ഞു. ബസിൽ കയറിയപ്പോഴും പരിചയക്കാരൊക്കെ എവിടേക്കാണെന്ന ചോദ്യവുമായി വന്നു.

‘‘കണ്ണൂര്, ആങ്ങളയുടെ വീട്ടില്’’ ഇനിയും ചോദ്യങ്ങൾ വേണ്ടെന്ന മട്ടിൽ ഉറക്കം വരാഞ്ഞിട്ടും കണ്ണുകളടച്ച് സീറ്റിലേക്ക് ചാരിക്കിടന്നു.

റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴാണ് ഗിരീഷിന്റെ കാര്യം ഗീതയ്ക്ക് ഓർമ്മ വന്നത്. ബാല്യകാല സുഹൃത്ത്, പ്രീഡിഗ്രി വരെ അവരൊന്നിച്ചായിരുന്നു പഠിച്ചത്. കൊച്ചിയിൽ ബിസിനസ്സ് ചെയ്യുകയാണ്. ടിക്കറ്റ് വാങ്ങിയതിന് ശേഷം വാട്സ്ആപ്പിൽ ഗിരീഷിന്റെ നമ്പറിലേക്ക് ഒരു വോയിസ് അയച്ച് ഗീത ഫോൺ എടുത്ത് ബാഗിലേക്ക് വച്ചു.

‘‘ഗിരീ ഞാൻ ഇന്റർസിറ്റിക്ക് കൊച്ചീല് വരുന്നുണ്ട്. നിനക്ക് സമയമുണ്ടെങ്കിൽ വണ്ടി എത്തുമ്പോ സ്റ്റേഷനിലേക്ക് വരാമോ..?’’

ട്രെയിനിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നെങ്കിലും ഇരിക്കാൻ സ്ഥലം കിട്ടിയിരുന്നു. മാഹി എത്തിയപ്പോഴേക്കും ആൾക്കാർ ഇറങ്ങാൻ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. സൈഡ് സീറ്റ് ഒഴിഞ്ഞപ്പോഴേക്കും അവിടേക്ക് നീങ്ങിയിരുന്ന് ഗീത പുറത്തെ ബോർഡിലേക്ക് നോക്കി. മയ്യഴി എന്നെഴുതിയ ബോർഡിന് മുകളിലൂടെ തുമ്പികൾ പറക്കുന്നതായി ഗീതയ്ക്ക് തോന്നി. ആ ബോർഡ് കാണുമ്പോഴൊക്കെ ഗീതയ്ക്ക് മധുവിധു നാളുകൾ ഓർമ്മ വരും.. ആ ദിവസങ്ങളിലെന്നോ ആണ് സുധാകരൻ അവൾക്ക് വെള്ളിയാംകല്ലിനെയും തുമ്പികളെയും പരിചയപ്പെടുത്തിക്കൊടുത്തത്.

മാഹിയിൽ നിന്ന് വണ്ടി എടുത്തതും ഗീത ബാഗിനുള്ളിലെ നോട്ടും പേനയും പുറത്തെടുത്തു. കൂടെയുള്ള യാത്രക്കാരിൽ ചിലരൊക്കെ ഉറങ്ങാൻ തുടങ്ങിയിരുന്നു. തലശ്ശേരിയിൽ നിന്നും കയറിയ കോളേജ് കുട്ടികളുടെ ഉച്ചത്തിലുള്ള വർത്തമാനവും ചിരിയും, ചിലരുടെ ഫോണിൽ നിന്നുള്ള വീഡിയോസിന്റെ ശബ്ദങ്ങൾ, ഇടയ്ക്ക് വരുന്ന ചായ, കാപ്പി വിളികൾ... കൊയിലാണ്ടിയിൽ ട്രെയിൻ നിർത്തിയപ്പോൾ ഒരു കുപ്പി വെള്ളം വാങ്ങിച്ചു. കൊയിലാണ്ടിയിൽ എത്തുമ്പോഴൊക്കെ അവൾക്ക് അച്ഛനെ ഓർമ്മ വരുമായിരുന്നു. ചെറുപ്പത്തിലൊരിക്കൽ അച്ഛനെ കാണാതെയായി. ബന്ധുക്കൾ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുമ്പോഴാണ് ഒരു കത്ത് വന്നത്.

‘‘ജാനകിയും മക്കളും അറിയാൻ, ഞാൻ കൊയിലാണ്ടിയിൽ നമ്മുടെ ഭാസ്കരേട്ടന്റെ വീട്ടിൽ സുഖമായിരിക്കുന്നുണ്ട്’’.

‘‘എട്യാ അമ്മേ ഈ കൊയിലാണ്ടി..?’’ എന്ന് ഗീത ചോദിച്ചപ്പോൾ അമ്മ തീ പാറുന്ന പോലെ ഒരു നോട്ടമെറിഞ്ഞു. പിന്നെ എത്രയോ കാലം കഴിഞ്ഞപ്പോഴാണ് കൊയിലാണ്ടി കോഴിക്കോടുള്ള ഒരു സ്ഥലമാണെന്ന് അവൾക്ക് മനസ്സിലാകുന്നത്.

‘‘ചേച്ചി എങ്ങോട്ടേക്കാ...?’’ അഭിമുഖമായി ഇരുന്ന പെൺകുട്ടി ഗീതയോട് ചോദിച്ചു.

‘‘എറണാകുളത്തേക്ക്’’.

‘‘ഞാൻ തൃശൂരാ. ഫോണില് അലാറം വച്ചിട്ടുണ്ട്. എന്നാലും ഞാൻ ചിലപ്പോ അറീലാ... ഉറങ്ങിപ്പോയാൽ ഒന്ന് വിളിച്ചേക്കണേ’’.

‘‘വിളിക്കാം..’’, ഗീത ചിരിച്ചു.

‘‘ഇനി ചേച്ചിയും ഉറങ്ങിപ്പോവോ...?’’

‘‘ഇല്ല..യാത്രയ്ക്കിടയിൽ ഞാൻ ഉറങ്ങൂല’’.

‘‘അപ്പൊ സെറ്റ്... എന്നെ വിളിക്കാൻ മറക്കല്ലേ…’’ ചാഞ്ഞിരുന്ന് ഉറങ്ങാൻ തുടങ്ങുമ്പോൾ പെൺകുട്ടി പറഞ്ഞു. ഗീത അവളെ വാത്സല്യത്തോടെ നോക്കി.

ഷൊർണൂർ എത്താറായപ്പോഴേക്കും നോട്ടിലെ ആറോളം പേജുകൾ നിറഞ്ഞിരുന്നു. വഴിയിൽ കണ്ട കൗതുകമുള്ള ഡിസൈൻ വീടുകളൊക്കെ ഗീത ചെറുതായി വരച്ചിട്ടിരുന്നു. ഷൊർണൂർ എത്തിയപ്പോഴേക്കും ഫോൺ വൈബ്രേറ്റ് ചെയ്തു. ഗിരീഷിന്റെ നമ്പർ ഫോണിൽ തെളിഞ്ഞു.

‘‘പറയ് ഗിരീ..’’
‘‘നിന്റെ മെസ്സേജ് ഞാനിപ്പഴാ കണ്ടത്. എവിടെത്തി..?’’
‘‘ദേ ഷൊർണൂർ എത്താൻ പോകുന്നു’’.
‘‘ഓക്കേ... ഞാൻ റെയിൽവേ സ്റ്റേഷനിൽ വന്നു നിൽക്കാം.. രാത്രിയാകും ഇവിടെത്താൻ’’.

സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനുകളെയും ചിത്രം വരച്ച കണക്ക് പലവരികളായി കിടക്കുന്ന പാളങ്ങളെയും നോക്കിക്കൊണ്ട് ഗീത ഇരുന്നു. മുൻപിലിരുന്ന പെൺകുട്ടി നല്ല ഉറക്കമായിരുന്നു.

ഇടയ്ക്കെപ്പഴോ പുറത്തൊരു മഴ ചാറിയപ്പോൾ ഗീതയ്ക്ക് തണുത്തു. സാരിയുടെ മുന്താണി തോളിൽക്കൂടി ചുറ്റിക്കൊണ്ട് മഴയെ നോക്കി ഇരിക്കുമ്പോഴാണ് നല്ല വിശപ്പ് തോന്നിയത്.

വണ്ടി ലേറ്റ് ആയതുകൊണ്ട് തൃശ്ശൂർ എത്തുമ്പോഴേക്കും നന്നായി ഇരുട്ടിയിരുന്നു. മുന്നിലെ പെൺകുട്ടിയെ വിളിച്ചെണീപ്പിച്ചപ്പോൾ അവൾ ഉറക്കച്ചടവോടെ ഗീതയെ നോക്കി.

‘‘തൃശൂർ എത്തി’’.

‘‘എത്തിയല്ലേ... എന്നാപ്പിന്നെ ഞാനിറങ്ങട്ടെ ചേച്ചി’’, എഴുന്നേൽക്കുമ്പോൾ ഗീതയുടെ കയ്യിൽ പെൺകുട്ടി തൊട്ടു. അവൾക്ക് വല്ലായ്മ തോന്നി.

എറണാകുളത്തെത്തിയപ്പോഴേക്കും വല്ലാതെ ഇരുട്ടിയിരുന്നു. ഇതിനിടയിൽ രണ്ടുതവണ ഗിരീഷ് വിളിച്ചു. അയാൾ പറഞ്ഞത് പോലെ ടൗൺ സ്റ്റേഷനിൽ ഗീത ഇറങ്ങി. പ്ലാറ്റ്ഫോമിന് പുറത്ത് അയാൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവളെ കണ്ടപ്പോൾ അയാൾ സന്തോഷത്തോടെ ഓടിവന്നു.

‘‘എത്രയായി കണ്ടിട്ട്...?’’ ഗീതയുടെ ബാഗ് കയ്യിലേക്ക് വാങ്ങുമ്പോൾ അയാൾ പറഞ്ഞു.
‘‘രണ്ടു കൊല്ലം കഴിഞ്ഞു" ഗീത ചിരിച്ചു.
‘‘നീ വല്ലതും കഴിച്ചോ...?’’
‘‘ഇല്ല’’
‘‘എന്നാൽ ആദ്യം എന്തേലും കഴിക്കാം. ബാക്കിയൊക്കെ പിന്നെ’’.

റെയിൽവേ സ്റ്റേഷന് പുറത്തിട്ട കാറിലേക്ക് കയറുമ്പോൾ ഗീത തിരക്കിട്ട് പായുന്ന ആൾക്കാരെ നോക്കി. ഒരു ചെറുപുഞ്ചിരിയോടെ ഗിരീഷിനെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
‘‘എന്തൊരു തിരക്കാ ഇവർക്കൊക്കെ...’’ ഗിരീഷ് മറുപടി പറയാതെ ചിരിച്ചു.

നഗരത്തിന്റെ തിരക്കുകളിലേക്ക് കാർ തിരിഞ്ഞപ്പോൾ ഗീത ഓരോന്നും കൗതുകത്തോടെ നോക്കി. ഫ്ലാറ്റുകളിൽ നിന്നുമുള്ള വെളിച്ചപ്പൊട്ടുകൾ അവളുടെ മുഖത്ത് തിളങ്ങി.

‘‘കുറച്ചു മെല്ലെ ഓടിക്കെടാ... ഞാൻ സ്ഥലങ്ങളൊക്കെ ഒന്ന് കണ്ടോട്ടെ’’.

‘‘ഈ രാത്രീല് എന്ത് കാണാനാ’’

‘‘പകലും രാത്രിയും ഒരേപോലെയാണോ..? സ്ഥലങ്ങൾക്ക് പകല് ഒരു ചേലും രാത്രീല് മറ്റൊരു ചേലുമുണ്ട്. എനിക്കിതൊക്കെ മനസ്സിലായത് രണ്ടു കൊല്ലം മുൻപാ...’’ ഗ്ലാസ് താഴ്ത്തി പുറത്തേക്ക് നോക്കിക്കൊണ്ട് ഗീത പറഞ്ഞു.

‘‘കുട്ടിക്കാലത്തും നിനക്കീ സ്വഭാവമുണ്ടായിരുന്നു’’, ഗിരീഷ് ചിരിച്ചു.

‘‘എന്ത് സ്വഭാവം...?’’ ഗീത തല ചെരിച്ച് അയാളെ നോക്കി.

‘‘ഇതുപോലെ ഓരോ തത്വം പറച്ചില്’’.

ഗീത ചിരിച്ചു. ചിരിച്ചു ചിരിച്ച് അവൾക്ക് ചുമ വന്നു.

‘‘നിനക്ക് ഗ്രാന്റ് ഫുഡ് വേണോ... അതോ തട്ടുകട വേണോ...?’’, ഗിരീഷ് ചോദിച്ചു.

‘‘എനിക്ക് രണ്ടും വേണം. ആദ്യം ഗ്രാന്റ് ആയ്ക്കോട്ടെ’’, കാറിന്റെ ഉള്ളിലേക്ക് കേറിയൊരു കാറ്റിന്റെ പൊടി ഉള്ളംകയ്യിലേക്ക് പിടിച്ചുകൊണ്ട് ഗീത പറഞ്ഞു.

രണ്ട്

‘‘നീ എന്നാ തിരിച്ചു പോകുന്നത്..?’’ ഗിരീഷ് ചോദിച്ചു. റെസ്റ്റോറന്റിന്റെ ചുമരിലുള്ള ചിത്രങ്ങൾ കൗതുകത്തോടെ നോക്കുകയായിരുന്നു ഗീത. എ.സി.യുടെ തണുപ്പിൽ അവളിടയ്ക്ക് വിറക്കുന്നതും ഗിരീഷ് ശ്രദ്ധിച്ചു.

‘‘നാളെ രാത്രി മടങ്ങണം. കുറേ തുണികൾ തയ്ച്ചു കൊടുക്കാനുണ്ട്’’.

‘‘നാളെ എനിക്ക് ലീവില്ല’’, ഗിരീഷ് പരിഭവത്തോടെ പറഞ്ഞു.

‘‘എനിക്ക് നാട് കാണാൻ നീ വേണമെന്നൊന്നൂലാ... അല്ലെങ്കിൽ തന്നെ എനിക്ക് എല്ലായിടത്തും ഒറ്റയ്ക്ക് പോവാനാ ഇഷ്ടം. പിന്നെ ഇവിടെയെത്തീട്ട് ഒരേയൊരു ബാല്യകാലസുഹൃത്തായ നിന്നെ വിളിച്ചില്ലെങ്കിൽ മോശമല്ലേന്നുള്ളതോണ്ട് വിളിച്ചതല്ലേ...’’, സാരിയുടെ പ്ലീറ്റിന് കുത്തിയ പിൻ അഴിച്ച് ഒറ്റയിതളാക്കി കൊണ്ട് ഗീത തുടർന്നു.

‘‘ഈ സാരി എങ്ങനുണ്ട്...?’’

‘‘കടുംപച്ച കളറ്. നിനക്ക് നന്നായിട്ട് ചേരുന്നുണ്ട്’’.

‘‘കഴിഞ്ഞ മാസം വാങ്ങിയതാ...നല്ല പൈസയുണ്ട്’’, ഗീത ചിരിച്ചു.

ഓർഡർ ചെയ്ത ഭക്ഷണം ടേബിളിൽ നിരത്തി ഹോട്ടൽബോയ് മടങ്ങുമ്പോൾ ഗിരീഷ് താടിക്ക് കൈ കൊടുത്ത് ഗീതയുടെ മുഖത്തേക്ക് നോക്കി. എന്താണെന്ന് ഗീത നെറ്റി ചുളിച്ചു.

‘‘ഇത് മുഴുവൻ നീ തിന്നാൻ പോവാണോ... തടി നന്നായിട്ട് കൂടുന്നുണ്ട്’’.

‘‘തടിയല്ലേ... കൂടും കുറയും’’, ഗീത ഭക്ഷണം രുചിച്ചുകൊണ്ട് പറഞ്ഞു.

ഉറക്കെ ചിരിച്ചും സംസാരിച്ചും കൊണ്ടാണ് അവർ ഭക്ഷണം കഴിച്ചു തീർത്തത്. ബിൽ പേ ചെയ്തത് ഗീതയായിരുന്നു.

‘‘ബില്ല് ഞാൻ കൊടുക്കാമായിരുന്നു’’, കാറിൽ കയറുമ്പോൾ ഗിരീഷ് പറഞ്ഞു.

‘‘നിനക്ക് പിന്നെ അവസരം തരാം’’, ഗീത ചിരിച്ചു.

‘‘നീ എറണാകുളത്ത് ആദ്യമായാണോ..?’’, മറൈൻ ഡ്രൈവിലേക്ക് പോകണമെന്ന് ഗീത പറഞ്ഞതുകൊണ്ട് ആ വഴിയേ പോകുമ്പോൾ ഗിരീഷ് ചോദിച്ചു. ഗീത ചുണ്ട് കോട്ടിക്കൊണ്ട് അതേയെന്ന് ആംഗ്യം കാണിച്ചു. ചെറുപ്പത്തിൽ അവളങ്ങനെ കോപ്രായം കാണിക്കാറുള്ളത് ഗിരീഷ് ഓർത്തു.

‘‘എടാ നീ വല്ലാണ്ട് കഷണ്ടിയായല്ലോ...’’

‘‘പ്രായമാവുകയല്ലേ..?’’ ഗിരീഷ് ചിരിച്ചു.

‘‘എനിക്ക് നിന്റെ അതേ പ്രായമല്ലേ... നോക്കിയേ ഒറ്റ മുടി നരച്ചിട്ടുണ്ടോന്ന്’’, ക്രാബ് കൊണ്ട് കെട്ടിവച്ച മുടി അഴിച്ചിടുമ്പോൾ ഗീത പറഞ്ഞു. ഡ്രൈവിങ്ങിന്റെ ഇടയിൽ അതിലേക്കൊന്ന് പാളി നോക്കിക്കൊണ്ട് ഗിരീഷ് ചോദിച്ചു.

‘‘നീയിത് ഡൈ ചെയ്യുന്നുണ്ടോ...?’’

‘‘ഹ ഹാ...ഡൈ അല്ല, കളർ ചെയ്തു... പിന്നെ ഓരോ ഹെയർ സ്റ്റൈൽ പരീക്ഷിക്കാനും തീരുമാനിച്ചു. ഇതിപ്പോ കഴിഞ്ഞയാഴ്ച്ച പോയി സ്റ്റെപ് അടിച്ചതാ’’.

അവസാനം കാണുമ്പോൾ ഗീതയുടെ മുടി വല്ലാതെ നരച്ചു തുടങ്ങിയിട്ടുണ്ടായിരുന്നെന്ന് ഗിരീഷ് ഓർത്തു.

‘‘ഈ വണ്ടീല് പാട്ടൊന്നും ഇല്ലേ...?’’

‘‘ഗീതമേ... നീയല്ലേ അടുത്തിരിക്കുന്നത്. പ്രപഞ്ചസംഗീതം’’, ഗിരീഷ് ചിരിച്ചു.

‘‘എന്നാ ഞാൻ പാടട്ടെ...?’’ ഗീതമേ എന്ന വിളി കാലങ്ങൾക്കിപ്പുറം കേട്ടതിന്റെ സന്തോഷത്തുടിപ്പോടെ ഗീത ചോദിച്ചു. വേഗമാകട്ടെ എന്ന ഭാവത്തോടെ ഗിരീഷ് തലയാട്ടി. "അനുരാഗിണീ ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ...." എന്ന് ഗീത താളത്തിൽ പാടുമ്പോൾ കലോത്സവവേദികളിൽ നിറഞ്ഞു നിന്നിരുന്ന പഴയ ഗീതയെ ഗിരീഷ് കാലങ്ങൾക്കിപ്പുറം കേൾക്കുകയായിരുന്നു. ഇടയ്ക്കെപ്പഴോ അയാളുടെ കണ്ണുകൾ നിറഞ്ഞു. പാട്ട് തീരുമ്പോഴേക്കും അവർ മറൈൻ ഡ്രൈവിലെത്തിയിരുന്നു.

‘‘എത്ര കാലമായി നിന്റെ പാട്ട് കേട്ടിട്ട്’’, കാർ നിർത്തുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് ഗിരീഷ് പറഞ്ഞു. അയാളുടെ കണ്ണിലെ നനവ് ഗീത കണ്ടില്ലെന്ന് വച്ചു.

കുലുക്കിസർബത്തിന്റെ ഒച്ചപ്പാട് കേട്ടപ്പോൾ അവൾ അങ്ങോട്ടേക്ക് നടന്നു.

‘‘ഏതാ നിനക്ക് വേണ്ടത്’’, ഗിരീഷ് ചോദിച്ചു.

‘‘പച്ചമാങ്ങ സർബത്ത്’’, പേരുകളെഴുതിയ ബോർഡിലേക്ക് നോക്കിക്കൊണ്ട് ഗീത പറഞ്ഞു.

‘‘ഇതാണ് കൊച്ചിക്കായൽ…’’, സർബത്ത് കുടിച്ചുകഴിഞ്ഞ് മുന്നോട്ട് നടക്കുമ്പോൾ ചിലയിടത്ത് ഇരുട്ട് മൂടിയും ചിലയിടത്ത് മിന്നാമിനുങ്ങുകൾ നീന്തുന്നത് കണക്കേ അക്കരെയുള്ള ഫ്ലാറ്റുകളുടെ വെളിച്ചങ്ങളെ പേറിയും നിൽക്കുന്ന കായൽ ചൂണ്ടിക്കൊണ്ട് ഗിരീഷ് പറഞ്ഞു. അതിലേക്കും, അടുത്തുകൂടി നടക്കുന്ന മനുഷ്യരിലേക്കും അവൾ നോക്കിക്കൊണ്ടിരുന്നു.

‘‘പകലാണെങ്കിൽ വാട്ടർ മെട്രോയിൽ കേറാമായിരുന്നു’’ മെട്രോ സ്റ്റേഷന്റെ മുന്നിലെത്തിയപ്പോൾ ഗിരീഷ് പറഞ്ഞു."ആ നാളെ നീ വന്ന് കേറിനോക്ക്".

‘‘ഓക്കേ....’’ അടുത്തുള്ള സിമന്റ്ബെഞ്ചിനടുത്തേക്ക് നടക്കുന്നതിനിടെ ചെറുതായൊന്ന് ചാടിക്കൊണ്ട് ഗീത പറഞ്ഞു. ഗിരീഷ് അതിശയത്തോടെ നോക്കി.

‘‘രാത്രീല് ഒന്ന് തുള്ളിച്ചിയായതാ..’’ അവൾ ചിരിച്ചു.

‘‘നീ ശരിക്കും ഇപ്പൊ ആ പഴയ പോക്കിരിപെണ്ണായല്ലോ...’’ ഗിരീഷ് അവളുടെ ചിരിയിൽ പങ്കുചേർന്നു.

‘‘കാല് വേദനിക്കുന്നു’’, ഇരുന്നപ്പോൾ സാരിയുടെ അറ്റം ഉയർത്തി കാല് തടവിക്കൊണ്ട് ഗീത പറഞ്ഞു.

‘‘ട്രെയിനില് ഒരേ ഇരുത്തം ഇരുന്നതിന്റെയാകും...’’

‘‘ഉം...’’, അവൾ അലസമായി മൂളി.

‘‘കഴിഞ്ഞ പ്രളയത്തിന് ഈ കായലും കവിഞ്ഞു വെള്ളം വന്നിരുന്നു. ഇവിടെയാകെ മൂടിയിരുന്നു’’, ഗിരീഷ് പറഞ്ഞു.

‘‘ഇരുട്ടത്തെ കായല് കാണുമ്പോൾ നമ്മുടെ കുട്ടിക്കാലം ഓർമ്മ വരുന്നുണ്ട്’’, ഗീത ചിരിച്ചു.

‘‘തോട്ടില് തിമിർത്ത കാലം അല്ലേ...?എന്ത് രസമായിരുന്നു..ഞാനും നീയും പ്രസന്നയും...തോട്ടീന്ന് കേറാതെ രാവും പകലും. രാത്രീല് മാമന്മാരുട കൂടെ വലയിടാൻ പോകലും, നീർക്കോലിയുടെ വീട് പരതി അതിന്റെ പിന്നാലെ നീന്തിയതും. ഒരിക്കൽ അങ്ങനെ നീന്തിയപ്പോ നിന്റെ അച്ഛമ്മ പറയാറുള്ള കല്ലക്കുടിയന്റെ ഗുഹ നമ്മള് കണ്ടുപിടിച്ചതോർമ്മയുണ്ടോ...?’’

‘‘ഞാനിതൊക്കെ എപ്പഴും ഓർക്കാറുണ്ട്’’, ഗീത പറഞ്ഞു.

‘‘എന്നാലും കല്ലക്കുടിയന്റെ കഥ മാത്രം അച്ഛമ്മ പറഞ്ഞുതന്നില്ല’’, ഗിരീഷ് മുഖം ചുളിച്ചു. അത് കണ്ട് ഗീത ചിരിച്ചു.

‘‘എന്നാ ഞാനൊരു രഹസ്യം പറയട്ടെ..?’’, ഒച്ച താഴ്ത്തിക്കൊണ്ട് അവൾ ചോദിച്ചു.

‘‘എന്താ...?’’, മുഖം അവളുടെ മുഖത്തോട് അടുപ്പിച്ച് അതേ അളവിൽ ഒച്ച താഴ്ത്തി ഗിരീഷ് ചോദിച്ചു.

‘‘കല്ലക്കുടിയന്റെ കഥ അച്ഛമ്മയുടെ നാവീന്ന് തന്നെ ഞാൻ കേട്ടിരുന്നു..." ഗീത ഗിരീഷിന്റെ മൂക്കിന്റെ തുമ്പത്ത് ചെറുവിരൽ കൊണ്ട് തൊട്ടു.

‘‘ഏഹ്...?"

‘‘അതേടാ..."കായലിലേക്ക് നോക്കിക്കൊണ്ട് ഗീത പറഞ്ഞു.

‘‘മരിക്കാനായ ദിവസങ്ങളില് അച്ഛമ്മക്ക് ഓർമ്മ നശിച്ചിരുന്നു. അക്കരെ വീട്ടിലായിട്ടും ഇടക്ക് തോട്ടിലേക്ക് നോക്കിക്കൊണ്ട് ചോദിക്കും, ഇക്കരേല് വിളക്ക് കത്തിച്ചോന്നൊക്കെ...അമ്മൂന് അന്നേരം ഏഴു വയസ്സാ. ഒരു ദിവസം അവള് സന്ധ്യയ്ക്ക് തോട്ടില് കുളിക്കാൻ പോകുമ്പോ അച്ഛമ്മ തടഞ്ഞു. ഇപ്പൊ കല്ലക്കുടിയൻ കീയുന്ന സമയാന്ന് പറഞ്ഞു. ആരാ അതെന്ന് ഓള് തിരിച്ചു ചോദിച്ചപ്പോ അച്ഛമ്മ ആ കഥ പറഞ്ഞു. അച്ഛമ്മ അറിയാണ്ട് പടിഞ്ഞാറേ അകത്ത് കട്ടിളപ്പടീല് ചാരി ഒളിഞ്ഞുനിന്നാ ഞാനത് പിടിച്ചെടുത്തത്’’.

‘‘എന്താരുന്നു ആ കഥ...?’’, ഗിരീഷിന്റെ കണ്ണുകൾ വിടർന്നു. കായലുകൾപ്പുറത്ത് വെളിച്ചം പൊട്ടുകളായി തിളങ്ങി. കായലൊന്ന് ഇളകി.

‘‘പണ്ടേതോ കാലത്ത് നമ്മുടെ തോട്ടിന്റെ കരേല് ചാപ്പ കുത്തി താമസിച്ചായാളാ കുടിയൻ. അയാൾക്ക് അച്ഛനും അമ്മയും ഒന്നൂണ്ടാരുന്നില്ലാന്നാ അച്ഛമ്മ പറഞ്ഞേ... പകല് പൈസയുള്ളോരുടെയൊക്കെ പറമ്പിലും മറ്റും പണിയെടുക്കും. രാത്രീല് നല്ലോണം റാക്ക് വാറ്റി കുടിക്കും..അയാക്ക് എപ്പോഴും ഭയങ്കര സന്തോഷമായിരുന്നൂന്ന്. അതുകണ്ട് നാട്ടാർക്ക് മുഴുവൻ അസൂയയായി. എപ്പോഴും ചിരിച്ചോണ്ടിരിക്കുന്ന ആളെക്കണ്ടാല് നാട്ടാർക്ക് സഹിക്കോ...? അയാളെക്കുറിച്ച് പലരും പല വൃത്തികേടുകളും പറയാൻ തുടങ്ങി... ഒടുക്കം സഹികെട്ട് ഇനി ഞാനീ നാട്ടില് നിൽക്കൂലാന്ന് പറഞ്ഞ് നാട്ടാരുടെ മുന്നില് വച്ച് അയാളൊരു പാറക്കല്ലായി രൂപം മാറി. എന്നിട്ട് തോടിന്റെ മീതേക്കൂടി ഒഴുകി നമ്മള് കാണുന്ന പാറക്കെട്ടില് പോയി ഒളിച്ചൂന്ന്.... അതാ അച്ഛമ്മ പറഞ്ഞ കല്ലക്കുടിയന്റെ കഥ’’.

‘‘ആഹാ... എന്ത് മനോഹരമായ കഥ’’, ഗിരീഷ് ഉറക്കെ ചിരിച്ചു.

‘‘നീ അച്ഛമ്മയെ കളിയാക്കുവാണോ...? അന്ന് ഈ കഥ അറിയാൻ അച്ഛമ്മേന്റെ പിന്നാലെ എത്ര നടന്നൂന്ന് ഓർക്കുന്നുണ്ടോ...?’’, ഗീത പരിഭവത്തോടെ നോക്കി.

‘‘ഞാൻ വെറുതെ പറഞ്ഞതാടോ...’’

‘‘ഉം...’’

"അങ്ങനെ ആ ആ കഥ അറിയാത്തതിന്റെ സങ്കടം തീർന്നു’’, ഗിരീഷ് പറഞ്ഞു. ഗീത ഇത്തവണ ഉറക്കെ ചിരിച്ചു.

‘‘അല്ലെടോ വേറൊന്നൂടെ ചോദിക്കട്ടെ? പണ്ട് നീ വലിയ പേടിത്തൊണ്ടിയായിരുന്നല്ലോ. നട്ടുച്ചയ്ക്ക് പോലും ഒറ്റയ്ക്ക് പുറത്തിറങ്ങാത്തവള്...ഇപ്പൊ എങ്ങനെയാ ആ വീട്ടില് നീ ഒറ്റയ്ക്ക് നിൽക്കുന്നത്?’’

‘‘ജീവിതമല്ലേ...ചിലപ്പോഴൊക്കെ ഉള്ളില് ഒളിച്ചിരിക്കുന്ന ധൈര്യം കണ്ടെത്താൻ പറ്റും’’.

‘‘ആഹാ... പണ്ടത്തെ വായനക്കാരി ഉണർന്നല്ലോ.. എന്താ സ്റ്റേറ്റ്മെന്റ്’’, ഗിരീഷ് ചിരിച്ചു.

‘‘നീ നോക്കിയേ കായലിന്റെ അപ്പുറത്തെ ആ വെളിച്ചമൊക്കെ കാണുമ്പോ എന്തേലും ഓർമ വരുന്നുണ്ടോ’’, ഗീത ചോദിച്ചു.

‘‘ഇല്ല’’.

‘‘തണുപ്പുകാലത്തെ തോടിന്റെ അക്കരെ രാത്രീല് കണ്ണപ്പപ്പാപ്പന്റെ വളപ്പില് തീ കൂട്ടുന്നത് ഓർമ വന്നു’’.

‘‘ഹാ..ശരിയാ, തണുപ്പ് മാറാൻ ചുള്ളി പെറുക്കി തീയുമിട്ട് അടുത്ത് ഒരു കുപ്പി ബ്രാണ്ടിയും....’’ ഗിരീഷ് ഓർത്തു.

‘‘പിന്നെ കുറേ നാടൻപാട്ടുകളും....’’

ഗീത ബാഗ് തുറന്ന് നോട്ട് എടുത്ത് അയാൾക്ക് നേരെ നീട്ടി. മൊബൈൽ ഫ്ലാഷ് ഓൺ ചെയ്ത് അത് വായിക്കുമ്പോൾ അയാൾക്ക് ആശ്ചര്യം തോന്നി.

‘‘ഇതെന്താ യാത്രാവിവരണമോ...കൊള്ളാലോ’’.

‘‘കുറേ സ്ഥലങ്ങളിലൊന്നും പോയില്ല.. ആകെക്കൂടി ഏഴു യാത്രകൾ. രണ്ടെണ്ണം നമ്മളെ നാട്ടില് തന്നെ. അഞ്ചെണ്ണം വയനാട്, കാസർഗോഡ്, കോഴിക്കോട്, വടകര, ദേ ഇപ്പൊ ഇവിടേം...കേരളം മൊത്തം കാണണം. എന്നിട്ട് ഇന്ത്യ മൊത്തം കാണണം...എന്നിട്ട് ഒരു പുസ്തകം അങ്ങെറക്കണം’’, അവൾ ചിരിച്ചു.

‘‘നമ്മുടെ നാട്ടുകാര് ഇതൊന്നും അറിയുന്നില്ലേ...? നിന്റെയീ യാത്രകളൊക്കെ കാണുമ്പോൾ അവർക്ക് മനസമാധാനം കിട്ടൂല്ലല്ലോ...?’’

‘‘എങ്ങോട്ട് പോകുന്നൂന്ന് ചോദിക്കുന്നോരോടൊക്കെ ഏട്ടന്റെ വീട്ടിലേക്കാണെന്ന് പറയും. ഏട്ടനും ഏട്ടത്തിയമ്മയും ഫുൾ സപ്പോർട്ടാ. പിന്നെ നാട്ടുകാര് വല്ലാണ്ട് പറയാൻ നിന്നാല് കല്ലക്കുടിയനെ പോലെ ഞാനും പോകും.. പേടിച്ച് ഗുഹയിലേക്കല്ല...വല്ല പറവയായോ മറ്റോ മാറി ആകാശത്തേക്ക്....’’, ഗീത കുറച്ചുനേരം ചിരിച്ചു. പിന്നെ നിശബ്ദയായി. ഗിരീഷ് മറുപടിയൊന്നും പറഞ്ഞില്ല.

‘‘പന്ത്രണ്ട് മണി കഴിഞ്ഞാ ഇവിടിരിക്കാൻ സമ്മതിക്കൂല... നിനക്ക് ഇന്നിനി വേറെങ്ങോട്ടേലും പോകണോ’’, വാച്ചിൽ നോക്കിക്കൊണ്ട് ഗിരീഷ് ചോദിച്ചു.

‘‘നീ നല്ല ഏതെങ്കിലും ഹോട്ടലിന്റെ മുന്നില് കൊണ്ട് ഇറക്ക്. കുളിക്കണം.. സുഖായിട്ട് ഉറങ്ങണം’’.

‘‘സവിതയോട് ഞാൻ പറഞ്ഞിട്ടുണ്ട് നീ വീട്ടിലേക്ക് വരുമെന്ന്’’, ഗിരീഷ് നെറ്റി ചുളിച്ചു.

‘‘നടക്കൂല...ഹോട്ടലില് ഒറ്റയ്ക്കൊരു മുറിയില് സുഖവാസം. യാത്രേടെ സന്തോഷം അതും കൂടിയാ’’, ഗീത എഴുന്നേറ്റു.

‘‘ഈ വെള്ളം ഇങ്ങനെ ഇരുപത്തിനാല് മണിക്കൂറും അനങ്ങിക്കൊണ്ടിരിക്കും...കുളത്തിലെ വെള്ളതിനേക്കാളും നല്ലത് ഈ ചളി പിടിച്ച കായലാ....’’, കായലിലേക്ക് നോക്കിക്കൊണ്ട് ഗീത പറഞ്ഞു. നീലലൈറ്റ് പുതഞ്ഞ ഒരു ക്രൂയിസ് കായലിൽക്കൂടി ഒഴുകുന്നുണ്ടായിരുന്നു. കായലിലേക്കും ചുറ്റുമുള്ള മനുഷ്യരെയും നോക്കിക്കൊണ്ട് മൂളിപ്പാട്ടും പാടി നടക്കുന്ന ഗീതയെ ഗിരീഷ് അതിശയത്തോടെ നോക്കി.

‘‘എടാ... ഞാൻ വെളുത്തോ...?’’, കാറിൽ കേറുമ്പോൾ കൈ നീട്ടിക്കൊണ്ട് ഗീത ചോദിച്ചു.

‘‘ഇല്ല പഴേ ഇരുനിറം തന്നെയാ... എന്താ വെളുക്കണോ...?’’

‘‘വെളുത്തൂന്ന് നീ പറഞ്ഞെങ്കി നാളെ കൊറേ നേരം വെയിലത്തു നിക്കാൻ വേണ്ടീട്ടാരുന്നു. എനിക്ക് വെളുക്കണ്ടായേ.....’’, ഗീത ചിരിച്ചു.

യാത്രയ്ക്കിടയിൽ കുട്ടിക്കാലത്തെ കഥകളോരോന്നായി ഗിരീഷ് ഓർത്തോർത്ത് പറഞ്ഞു. ഗീത ചിരിച്ചും പാട്ട് പാടിയും കോപ്രായം കാണിച്ചുമൊക്കെ അതിന് മറുപടി പറയുമ്പോൾ ഗിരീഷ് പലപ്പോഴും അതിശയത്തോടെ അവളെ നോക്കി.

ഹോട്ടലിൽ റൂം എടുത്ത് ചാവി വാങ്ങിയതിന് ശേഷം ഗീത ഗിരീഷിന് നേരെ കൈ നീട്ടി.

‘‘അപ്പൊ നന്ദി’’.

‘‘നാളെ നീ പോകുന്നതിനു മുൻപ് ഞാനും സവിതയും വരും’’, തിരിച്ചു കൈകൊടുക്കുമ്പോൾ ഗിരീഷ് പറഞ്ഞു. ചിരിച്ചുകൊണ്ട് ഗീത മുറിയിലേക്ക് നടന്നു. അവൾ കണ്ണിൽ നിന്ന് മറയുന്നത് വരെ ഗിരീഷ് നോക്കിനിന്നു.

മൂന്ന്

എട്ടു മണിക്ക് അലാറം വച്ചാണ് ഗീത കിടന്നത്. എഴുന്നേറ്റപ്പോൾ മുറിയിലേക്ക് വെളിച്ചം നിറഞ്ഞിരുന്നു. എ.സി തണുപ്പ് കുറച്ചുവച്ച് ഗീത ജനൽ വാതിലുകളിലൊന്ന് തുറന്നിട്ടു. നഗരത്തിന്റെ വെളിച്ചവും കാറ്റും അവളെ കെട്ടിപ്പിടിച്ചു. കുറച്ചധികം നേരം ജനൽക്കാഴ്ച്ചകൾ നോക്കിനിന്നതിന് ശേഷം ഗീത കുളിക്കാൻ കയറി. നഗ്നയായി ഉടഞ്ഞു തൂങ്ങിയ മുലകളും വരകളുള്ള വയറും പ്രേമംപൂർവം നോക്കിക്കൊണ്ട് ഹീറ്ററിന്റെ ചൂട് തട്ടിയ വെള്ളം ദേഹത്തേക്ക് വീഴ്ത്തുമ്പോൾ ഗീതയ്ക്ക് സന്തോഷം തോന്നി. കുളിച്ചിറങ്ങി ചുരിദാർ ധരിച്ച് ഒഴിഞ്ഞ കഴുത്തിലേക്ക് വലിയ ലോക്കറ്റുള്ള ഒരു മുത്തുമാല ഇട്ട് നെറ്റിയിൽ വലിയ കറുത്ത പൊട്ടും തൊട്ട് പുറത്തേക്കിറങ്ങുമ്പോഴേക്കും ഗിരീഷിന്റെ വിളി വന്നിരുന്നു.

‘‘നീ ഇറങ്ങിയോ?’’

‘‘ഇപ്പൊ ഇറങ്ങി’’

‘‘ആദ്യം എങ്ങോട്ടാ...?’’

‘‘അങ്ങനൊന്നുമില്ല.. എങ്ങോട്ട് പോകാൻ തോന്നുന്നോ അങ്ങോട്ട് പോകും’’, ഗീത ചിരിച്ചു. വൈകീട്ട് കാണാമെന്ന് പറഞ്ഞു ഗിരീഷ് ഫോൺ വച്ചതിന് ശേഷം ഗീത റോഡിലേക്കിറങ്ങി ഓട്ടോ വിളിച്ചു.

‘‘നല്ല ഏതെങ്കിലും ഹോട്ടലിലേക്ക്’’, എങ്ങോട്ടേക്കാണെന്ന് ചോദിച്ച ഡ്രൈവറോട് അവൾ പറഞ്ഞു. ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ കഴിച്ചതിനു ശേഷം വാട്ടർ മെട്രോയിലേക്ക് പോകാനാണ് തോന്നിയത്. ഓട്ടോ പിടിച്ച് എത്തുമ്പോഴേക്കും അത്യാവശ്യത്തിന് തിരക്കുണ്ടായിരുന്നു. മെട്രോയിൽ കയറി യാത്ര ആസ്വദിച്ചുകൊണ്ട് ഇരിക്കുമ്പോൾ കൂടെയുള്ള ചിലരെയൊക്കെ ഗീത പരിചയപ്പെടുകയും ചെയ്തു. പാട്ടൊക്കെ മൂളി ഓരോന്നും അതിശയത്തോടെ നോക്കുന്ന ഗീതയെ ചിലർക്കൊക്കെ വല്ലാതെ ഇഷ്ടപ്പെട്ടു.

മെട്രോയിൽ നിന്നിറങ്ങിയതിന് ശേഷം ലുലുമാളിലേക്ക് പോകാനാണ് ഗീതയ്ക്ക് തോന്നിയത്. മെട്രോ റെയിൽ വഴി കയറാമെന്ന് തലേ രാത്രിയിൽ ഗിരീഷ് പറഞ്ഞത് അവളോർത്തു. ഓട്ടോ പിടിച്ച് സ്റ്റേഷനിൽ എത്തി ടിക്കറ്റ് എടുത്തതിന് ശേഷം സ്കാൻ ചെയ്യുന്നതെങ്ങനെയെന്ന് സംശയിച്ചു നിന്ന ഗീതയെ അടുത്തുണ്ടായിരുന്ന പെൺകുട്ടി സഹായിച്ചു. അകത്തേക്ക് കയറിയതിനു ശേഷം ടിക്കറ്റിലേക്കും തിരിഞ്ഞ് മെഷീനിലേക്കും ആത്മവിശ്വാസത്തോടെ നോക്കി.

നഗരത്തിലെ ആകാശക്കാഴ്ച്ചകൾ കണ്ടുകൊണ്ടുള്ള മെട്രോ യാത്ര, ലുലുവിലെ എണ്ണമറ്റ വസ്തുക്കൾ, വിലകൂടിയ ചെരുപ്പുകൾ, വസ്ത്രങ്ങൾ... എല്ലാം സാവധാനത്തോടെ എടുത്തും തൊട്ടുംനോക്കിക്കൊണ്ട് ഗീത നടന്നു. ഇഷ്ടം തോന്നിയ ഒന്നുരണ്ട് വസ്ത്രങ്ങൾ വാങ്ങി. കോസ്മെറ്റിക്ക് സെക്ഷനിൽ ചെന്ന് ഓരോന്നായി എടുത്ത് നോക്കുമ്പോൾ അടുത്തുണ്ടായിരുന്ന സെയിൽസ് ഗേൾസിൽ ഒരാൾ അടുത്തേക്ക് വന്നു.

‘‘ലിപ്സ്റ്റിക് വേണോ മാഡം...?’’

‘‘എന്റെ ചുണ്ടുകള് കുറച്ച് കറുത്തിട്ടാ... ചേരുന്നത് ഏതാണെന്ന് അറീല’’, ഗീത പറഞ്ഞു.

പെൺകുട്ടി കൂട്ടത്തിൽ നിന്നൊരു ലിപ്സ്റ്റിക് എടുത്ത് ഗീതയുടെ അടുത്തേക്ക് വന്നു.

‘‘ഞങ്ങൾ ഇത് അപ്ലൈ ചെയ്ത് കാണിച്ചു തരട്ടെ...?’’

ആയ്ക്കോട്ടെയെന്ന് ഗീത തല ചെരിച്ചു. നേർത്ത നനവുള്ള ലിപ്സ്റ്റിക് ചുണ്ടിലൂടെ പടരുമ്പോൾ ഗീതയ്ക്ക് കുളിർത്തു. നോക്കൂ എന്ന് പറഞ്ഞ് പെൺകുട്ടി കണ്ണാടി നീട്ടിയപ്പോൾ ഗീത അതിശയിച്ചുപോയി. ചുണ്ടും മുഖവും ആകെ മാറിയത് പോലെ. അതിശയത്തോടെ നോക്കിക്കൊണ്ട് ഗീത പെൺകുട്ടിയോട് ചിരിച്ചു. ലിപ്സ്റ്റിക് വാങ്ങി മുന്നോട്ട് നടന്നപ്പോൾ മിഞ്ചി നിരത്തി വച്ച ഒരു ബോക്സ് കണ്ടു. പെട്ടെന്ന് കണ്ണ് അവിടെ തറച്ചെങ്കിലും അൽപ്പനേരം മറ്റെന്തോ ഓർത്തു നിന്ന് ഗീത അങ്ങോട്ടേക്ക് നടന്നു. ഭംഗിയുള്ള കുറേയധികം മിഞ്ചികൾ.. ഗീത സുധാകരനെ ഓർത്തു, ഭംഗിയായി നെയിൽപോളിഷ് ചെയ്ത കാൽനഖങ്ങളിലേക്ക് നോക്കി. പിന്നെ നക്ഷത്രചിഹ്നമുള്ള മിഞ്ചികളിൽ ഒന്നെടുത്ത് കാലിന്റെ ചെറുവിരലിലേക്കിട്ടു. നക്ഷത്രം അവളെ നോക്കി ചിരിച്ചു.

ഫുഡ് കോർട്ടിൽ നിന്ന് അന്നേവരെ പേര് കേട്ടിട്ടില്ലാത്ത കുറച്ച് ഭക്ഷണം വാങ്ങി രുചിച്ചതിന് ശേഷം ഗീത ഫോർട്ട് കൊച്ചിയിലേക്കുള്ള വഴി അന്വേഷിച്ചു. ബോട്ട് കയറി ഫോർട്ട് കൊച്ചിയിലൂടെ നടന്നു... മീനിന്റെ മണം, കടലിന്റെ മണം, വിൽക്കാൻ വച്ച പലവിധ സാധനങ്ങളുടെ മണം, ആരെയും കൂസാതെ നടക്കുന്ന മനുഷ്യരുടെ മണം... കടലിനോട് ചേർന്ന് കിടക്കുന്ന ചരിത്രകാലത്തുള്ള സെമിത്തേരിക്ക് അടുത്തെത്തിയപ്പോൾ ഗീത താഴിട്ട ഗേറ്റിലൂടെ അകത്തേക്ക് നോക്കി, ആ നേരം ഒരു കുഞ്ഞുപൂമ്പാറ്റ മതിലിനരികിൽ വന്ന് ഒട്ടിക്കിടന്നു. അവർ പരസ്പരം ചിരിച്ചു...

വൈകീട്ട് ഗിരീഷിനോടൊപ്പം വന്ന സവിത ഗീതയെ കണ്ട് അതിശയത്തോടെ നോക്കി.

‘‘ഗീതേച്ചി ആളാകെ മാറി.. സുന്ദരിയായി’’, ഗീതയെ കെട്ടിപ്പിടിച്ചുകൊണ്ട് സവിത തുടർന്നു.

‘‘ചുരിദാറില് ഞാൻ ആദ്യായിട്ടാ കാണുന്നേ....സാരീല് മാത്രമേ കണ്ടിട്ടുള്ളൂ’’.

‘‘ഇതൊക്കെ ഇപ്പൊ ഇട്ടുതുടങ്ങിയതാ’’, ചെറിയ ചമ്മലോടെ ഗീത ചിരിച്ചു.

‘‘ഈ മാറ്റം എനിക്കിഷ്ടായി ഗീതേച്ചീ’’, സവിത പറഞ്ഞു.

ഗീത സൗമ്യമായി ചിരിച്ചു.

‘‘സന്ധ്യയാവാറായി...നിനക്ക് ഇന്ന് പോവണമെന്ന് നിർബന്ധമാണോ...?’’, കാർ സൈഡിലേക്ക് ഒതുക്കിനിർത്തിക്കൊണ്ട് ഗിരീഷ് ചോദിച്ചു.

‘‘വേണം’’, രണ്ടുപേരെയും നോക്കിക്കൊണ്ട് ഗീത പറഞ്ഞു.

റെയിൽവേ സ്റ്റേഷൻ എത്തുന്നത് വരേയ്ക്കും ഗീത വാ പൂട്ടാതെ സവിതയോട് സംസാരിക്കുന്നത് കേട്ടപ്പോഴൊക്കെ ഇടക്കിടക്ക് അവർ കാണാതെ ഗിരീഷ് പുഞ്ചിരിച്ചു. സ്റ്റേഷൻ എത്തിയപ്പോഴേക്കും ഇരുട്ടിയിരുന്നു.

‘‘റിസർവേഷൻ ഒന്നൂല്ലാതെ?’’, സ്റ്റേഷനിലെ തിരക്ക് കണ്ടപ്പോ സവിത ആശങ്കയോടെ ചോദിച്ചു.

‘‘അതല്ലേ രസം...ആളും തിരക്കും... ഉറക്കമൊഴിക്കലും...ഇതൊക്കെ അനുഭവിക്കണം’’, ഗീത ചിരിച്ചു.

‘‘അടുത്ത യാത്ര എങ്ങോട്ടാ...?’’ ഗിരീഷ് ചോദിച്ചു.

‘‘അങ്ങനെ പ്ലാൻ ഒന്നൂലാ... പോവാൻ തോന്നുമ്പോ ഒറ്റപ്പോക്ക് പോകും’’.

‘‘ചേച്ചി ട്രെയിൻ കേറീട്ട് ഞങ്ങള് പൊക്കോളാം’’, സവിത പറഞ്ഞു.

‘‘അത് വേണ്ടാ.. വണ്ടി വരുന്നത് വരെ ഞാനിതിലൂടെ ചുമ്മാ നടന്നോളും. നിങ്ങള് പൊയ്ക്കോ’’.

മറുത്തു പറഞ്ഞിട്ട് കാര്യമില്ലെന്നറിഞ്ഞതുകൊണ്ട് ഗിരീഷ് സവിതയെയും കൂട്ടി പുറത്തേക്കിറങ്ങി. സവിത ഗീതയെ മുറുക്കെ കെട്ടിപ്പിടിച്ചു. അവളുടെ കണ്ണ് നിറഞ്ഞത് ഗീത കണ്ടു. കാണാം എന്ന് പറഞ്ഞു കൈ കൊടുക്കുമ്പോൾ ഗിരീഷിന്റെ കണ്ണിലും നനവ് കണ്ടു.

‘‘എനിക്കിപ്പോ വല്ലാത്ത സന്തോഷം തോന്നുന്നു’’, ഗിരീഷ് പറഞ്ഞു. ഗീത ചിരിച്ചു. പുറത്തേക്കിറങ്ങിയപ്പോൾ ഗിരീഷ് ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കി. പാവാടയും ബ്ലൗസുമിട്ട് കൊത്തങ്കലും കക്കും കളിക്കുന്ന, തോട്ടിലും കുളത്തിലും നീന്തിതോൽപ്പിക്കുന്ന, പാട്ടു പാടുന്ന, ഉറക്കെ ചിരിക്കുന്ന കൂട്ടുകാരിയെ അയാളവിടെ കണ്ടു. കരഞ്ഞു കരഞ്ഞു വീങ്ങിയ കണ്ണും, മുഷിഞ്ഞ നൈറ്റിയും, അഴിഞ്ഞുലഞ്ഞ മുടിയും, ഒട്ടിയ കവിളുകളുമായി രണ്ടു കൊല്ലം മുൻപ് മനസ്സിൽ പതിഞ്ഞ അവളുടെ മുഖം മായ്ച്ചുകളയാൻ പറ്റിയതിൽ അയാൾക്ക് സന്തോഷം തോന്നി.

അന്ന് രാത്രീല് ഗിരീഷിനോട് ചേർന്ന് കിടക്കുമ്പോൾ സവിത ചോദിച്ചു.

‘‘ഗീതേച്ചീനെ കാണുമ്പോ വല്ലാത്ത അതിശയം തോന്നുന്നു...നല്ല പ്രായത്തില് വിധവയായി...പൊന്നു പോലെ വളർത്തിക്കൊണ്ടുവന്ന മോള് ഒരുത്തൻ പ്രേമിച്ചുപേക്ഷിച്ചൂന്നും പറഞ്ഞ് പത്തൊൻപതാം വയസ്സില് ആത്മഹത്യ ചെയ്തു. ഗീതേച്ചി അതിന്റെ പിന്നാലെ എന്തേലും വേണ്ടാത്തത് ചെയ്യുംന്ന് സത്യായിട്ടും എനിക്ക് അന്നൊക്കെ പേടിയുണ്ടായിരുന്നു...മോൾക്ക് വേണ്ടി മാത്രല്ലേ അവര് ഇത്രേം കാലം ജീവിച്ചത്. ഇപ്പൊ ശരിക്കും അവനോന് ജീവിക്കാൻ പഠിച്ചു..അല്ലേ...?’’

‘‘ഓള് കല്ലക്കുടിയന്റെ പത്താം ജന്മമാ...’’ ചിരിച്ചുകൊണ്ട് ഗിരീഷ് പറഞ്ഞു.

‘‘കല്ലക്കുടിയനോ...അതാരാ....?’’

‘‘അത് ഒരു ചാത്തനാ... ഗുഹയില് തപസ്സിരിക്കുന്ന ചാത്തൻ’’, ഗിരീഷ് ചിരിച്ചു. സവിതയ്ക്കൊന്നും മനസ്സിലായില്ല. അന്നേരം അയാൾക്ക് ഗീതയുടെ വിളി വന്നു.

‘‘എടാ ഒരു കാര്യം പറയാൻ മറന്നു. എന്റെ യാത്രാ പുസ്തകം പൂർത്തിയായാല് ഞാൻ അതിന് ഇടാൻ പോന്ന പേര് എന്താന്നോ...’’

‘‘എന്താ...?’’, ഗിരീഷ് ചോദിച്ചു.

‘‘ചലനം’’.

പറഞ്ഞുതീർന്നതും ഫോൺ കട്ടായി. ഒന്നും മിണ്ടാതെ സവിതയുടെ കയ്യിൽ പിടിച്ച് ഗിരീഷ് ചിരിച്ചു.

ട്രെയിനിലെ ബഹളം ആസ്വദിച്ചുകൊണ്ട് സമാധാനത്തോടെ, സാവധാനത്തിൽ ഗീത സീറ്റിലേക്ക് ചാഞ്ഞ് ഇരുന്നു. നിലത്തിരുന്ന് മുഷിഞ്ഞ ബ്ലൗസ് നീക്കി കുഞ്ഞിന് മുല കൊടുക്കുന്ന ഒരു സ്ത്രീ അവളെ സ്നേഹത്തോടെ നോക്കി.

Comments