കാമാക്ഷി ഗുപ്ത പറഞ്ഞതെല്ലാം ശരിയായിരുന്നല്ലോ എന്നാലോചിച്ചുകൊണ്ട് ഞാൻ പുറത്തെ കാഴ്ചകൾ കാണുകയായിരുന്നു. ഖർബൂജ, പപിത എന്നൊക്കെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ട് ഫ്രൂട്ട് വാല ഭയ്യ വീടിന്റെ മുന്നിലത്തെ റോഡിൽ എന്റെ മറുപടി കാത്തു നിൽക്കുന്നു. പപ്പായയും മസ്ക് മെലോനുമാണ്. ഒന്നും വേണ്ടാന്ന് അയാൾക്ക് ഹാൻഡ് സിഗ്നൽ കൊടുത്തറിയിച്ചപ്പോൾ ടുക് ടുക് വണ്ടി അവിടം വിട്ടുപോയി.
പെട്ടെന്ന് കാലാവസ്ഥ മാറിയിരിക്കുന്നു. ഇലകൾ പൊഴിഞ്ഞിരിക്കുന്നു. വീടിന് മുന്നിൽത്തന്നെയുള്ള പേരറിയാത്ത ആ വലിയ മരത്തിന്റെ തുമ്പത്തൊരു കൂടുകൂട്ടി പരുന്തൊരെണ്ണം മുട്ടയിട്ട് അടയിരിക്കുന്നുണ്ടെന്നും ഞാൻ ആ നില്പിൽ കണ്ടുപിടിച്ചു. ദൂരെയല്ലാത്ത ഒരു വിളക്കുകാലിൽ നിന്ന് മറ്റൊരു പരുന്ത് ഐസ് റിങ്ങിലെ സ്കേറ്ററുടെ നൃത്യചലനങ്ങളെ ഓർമ്മിപ്പിക്കുന്ന മട്ടിൽ താണു പറന്ന് ഈ കൂട്ടിൽ വരും, പിന്നെ പോകും.
ഓരോരോ ക്രമങ്ങളിലേക്ക് സസ്യങ്ങളും മൃഗങ്ങളും പറവകളും എത്തിച്ചേരുന്ന പ്രകൃതിയുടെ മായാമാജിക്.
എല്ലാം ഋതുക്കളുടെ മാറ്റങ്ങളിലൂടെ കണ്ടും അനുഭവിച്ചും അറിയുന്ന കാലമായിരുന്നെനിക്ക്. അപ്രതീക്ഷിതമായിരുന്നു ജോലിയുമായി ബന്ധപ്പെട്ട് പുതിയ സ്ഥലത്തേയ്ക്കുള്ള മാറ്റം.
പിന്നെയും കാമാക്ഷി പറഞ്ഞ കാര്യങ്ങളോരോന്നും ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു… തണുപ്പുകാലത്ത് പാർക്കിലൂടെ നടക്കുമ്പോൾ അവരെനിക്ക് സ്റ്റഡി ക്ലാസ്സ് തരുന്നതുപോലെ പുതിയ സ്ഥലത്തെ ജീവിതത്തിന്റെ പ്രത്യേകതകൾ ഓരോന്നായി പഠിപ്പിച്ചു തന്നിരുന്നു. അവരുടെ വീടിന്റെ മുകളിലത്തെ നിലയിൽ താമസിക്കാനെത്തിയ സൗത്ത് ഇന്ത്യൻ അവിവാഹിതയെ കംഫർട്ടബിൾ ആക്കുകയെന്നത് അവർക്കും സന്തോഷമുള്ള കാര്യമായിരുന്നു.
തണുപ്പത്ത് നോർത്ത് ഇന്ത്യയിലോട്ട് വന്നിറങ്ങിയ ഒരാൾക്ക് തരാനുള്ള കരുതലും സൂചനകളും അവർ സമയാസമയം തന്നു കൊണ്ടിരുന്നു. പോരാത്തതിന് ബ്ലാങ്കറ്റ് വേണോന്നു മനസ്സു തുറന്നുള്ള ചോദ്യവും, ഇടയ്ക്കിടെ എള്ളുകൊണ്ട് ഉണ്ടാക്കിയ ലഡ്ഡുവും കാരറ്റ്റ് ഹൽവയുമായി വീട്ടിലേക്കുള്ള വരവും. ഇത്രയൊക്കെ പോരെ മറുനാട്ടിൽ ജീവിച്ചു പോകാനും ആരെങ്കിലുമൊക്കെ നമുക്കുണ്ടെന്ന് തോന്നിക്കാനും.
സത്യത്തിൽ മനുഷ്യരെയൊക്കെ ശരിയായ രൂപത്തിൽ ഇപ്പോഴാണ് കാണുന്നത്. പഫഡ് ജാക്കറ്റിൽ പലരെയും ഇരട്ടിച്ചാണ് അന്നൊക്കെ കണ്ടത്. അറോറാസ് എന്ന് വെണ്ടയ്ക്കാ അക്ഷരത്തിൽ പേരു പതിപ്പിച്ച വീട്ടിലെ കാവൽക്കാരൻ ഇത്രേം മെലിഞ്ഞിട്ടായിരുന്നോ?അവിടുത്തെ മമ്ത ദീദിയെ ഇങ്ങനെ ചെറിയ കുപ്പായത്തിൽ കാണുമ്പോൾ എന്തൊരഴകാണ്. എത്ര ഫിറ്റ് ആയിട്ടുള്ള ബോഡിയാണ് മേളിലത്തെ സർദാജിയുടേത്. അയാൾ സ്റ്റെപ്പിറങ്ങി പോകുമ്പോൾ കാണാവുന്ന പാകത്തിൽ സോഫയിലിരുന്നൊരു പത്രം വായന എനിക്കുണ്ട്.അതൊക്കെ എന്റെ ചില ഉള്ളുകളികൾ.

ഓരോന്ന് ആലോചിച്ചു നിൽക്കെ മുന്നിൽക്കണ്ട വെയില് കളയേണ്ടെന്നു തോന്നി. തുണികൾ വിരിച്ചിടുമ്പോൾ മറ്റൊരു കാഴ്ച്ചയും ഞാനാദ്യമായി കണ്ടു. തൊട്ടപ്പുറത്തെ കൊഹ്‌ലി അങ്കിളിന്റെ വീടിന്റെയും ഞാനിപ്പോൾ താമസിക്കുന്ന വാടകവീടിന്റെയും മതിലിനോട് ചേർന്ന് ഒരു മാവ് പൂത്തുലഞ്ഞു നിൽക്കുന്നു. ആ നിമിഷത്തിലോട്ട് വലിയൊരു സന്തോഷം വന്നു പതിച്ചതു മാതിരി. എനിക്കാകെ കുളിരു കോരി.
ഞാനുടനെ കാമാക്ഷി ഗുപ്തയെ വിളിച്ചു, ഈ മാവിന്റെ പേരെന്താണ് ദീദി?
‘ചന്ദ്രക്കാരൻ’ എന്നവര് പറയണേമേയെന്ന് ആഗ്രഹിച്ച് എന്റെ നെഞ്ച് വിങ്ങിക്കൊണ്ടിരുന്നു.
എടുത്ത വായിലെ കാമാക്ഷി പറഞ്ഞു, “അത് അൽഫോൻസോ…”
കോട്ടയത്ത് ഞാൻ പഠിച്ച റെസിഡെൻഷ്യൽ സ്കൂളിന്റെ പേരും അതായിരുന്നു.
പക്ഷെ ചന്ദ്രക്കാരൻ! ബെഞ്ചിയമ്മ, എന്റെ വല്യമ്മ, അവർക്ക് എൺപത്തിയൊൻപത് വയസ്സുള്ളപ്പോഴും മുട്ടായി നുണയുന്ന പോലെ വീട്ടുമുറ്റത്തെ ചന്ദ്രക്കാരനെ നോക്കി നോക്കിയിരുന്നിരുന്നു. ഉറക്കം വരാത്ത രാത്രികളിൽ അവർ ഒരുമിച്ച് നേരം വെളുപ്പിച്ചെടുത്തു. ഒരു മരവും ഒരു സ്ത്രീയും മറ്റാരുമറിയാതെ ജീവിതത്തെ നിർവചിച്ചുകൊണ്ടിരുന്നു. ആർക്കുമറിയില്ലായിരുന്നു അതിന്റെ ഗുട്ടൻസ്.
എന്റെ ചെറുപ്പത്തിൽ ഓരോ വേനൽക്കാലത്തും ബോർഡിങ്ങിന്ന് കൂനമ്മാവിലെ വീട്ടിൽ ചെല്ലുമ്പോൾ ബെഞ്ചിയമ്മ അകത്തോട്ട് നോക്കി വിളിച്ചു പറയും. “ന്റെ മക്കള് വന്നിട്ടുണ്ടേ. മൂക്ക് ചെത്തിയ ചന്ദ്രക്കാരനെ ഉമ്മറത്തോട്ട് കൊണ്ടുത്താ’’ എന്ന്. മാങ്ങയ്ക്ക് മൂക്കുണ്ടെന്നും തേങ്ങയ്ക്ക് കണ്ണുണ്ടെന്നും വാഴയ്ക്ക് കൈയുണ്ടെന്നും വല്യമ്മയിൽ നിന്നാണ് ഞാൻ പഠിച്ചത്.
അകത്തൂന്ന് എൽസി ചേച്ചിയോ അപ്പോളവിടെയുള്ള മറ്റാരെങ്കിലുമോ കുഞ്ഞൊരു വല്ലക്കുട്ടയുമായി ഉമ്മറത്തോട്ട് വന്നിരിക്കും. മൊറത്തിലോട്ട് മാങ്ങ കുടഞ്ഞിട്ട് മേശക്കത്തി വച്ച് തോല് ചെത്താൻ തുടങ്ങുമ്പോൾ ബെഞ്ചിയമ്മ അലറും.
“നിങ്ങ അവക്കടെ കൈയിലോട്ടതങ്ങ് മൂക്ക് ചെത്തീട്ട് കൊട് എൽസിപ്പെമ്ബ്ലെ…”
നല്ല ഓറഞ്ചുനിറത്തിലുള്ള മധുരവെള്ളം നിറഞ്ഞു തുളുമ്പുന്ന കുഞ്ഞൻ മാമ്പഴങ്ങൾ ഞാൻ ആസ്വദിച്ച് ഈമ്പി കുടിക്കുന്നതിനിടെ ബെഞ്ചിയമ്മയുടെ ശ്രദ്ധ മുഴുവനും മുറ്റത്തോട്ടു വീഴുന്ന മാമ്പഴങ്ങളിലേക്കായിരിക്കും. ഇനി വീണില്ലേലും അവരിങ്ങനെ പ്രാർത്ഥിക്കും.
“ആകാശങ്ങളിലിരിക്കുന്ന ബാവ തമ്പുരാൻ കൂട്ടുകാരാ, ഒരു കാറ്റു വീശിച്ചു കുറച്ചേറേ ചന്ദ്രക്കാരന്മാരെ നിലം തൊടുവിക്കണേ. എന്റെ കുഞ്ഞു തിരികെപ്പോകുമ്പോൾ കടലാസ്സി പൊതിഞ്ഞു കൊടുക്കാനാണെ’’.
അങ്ങനെ പല തവണ ഞാൻ കൊണ്ടുപോയിട്ടുണ്ട്. ബോർഡിങ്ങിലെ കൂട്ടുകാരൊക്കെ അതിനായിട്ട് കാത്തിരുന്നിട്ടുമുണ്ട്.
ബെഞ്ചിയമ്മ എന്റെ വല്യമ്മയായിരുന്നു. ഞാൻ അവരുടെ മരിച്ചുപോയ മകന്റെ മകൾ. എന്റപ്പൻ മാർട്ടിൻ ലോനപ്പൻ എനിക്ക് പത്തുവയസ്സുള്ളപ്പോൾ ടെറസ്സേന്ന് വീണു മരിച്ചു. അത് സംഭവിച്ചത് എങ്ങനെയെന്ന് എന്റമ്മ നീനയുടെ പതം പറച്ചിലിൽ നിന്ന് ഞാൻ മനസ്സിലാക്കിയെടുത്തിരുന്നു. ചന്ദ്രക്കാരന്റെ കമ്പോരേണ്ണം നിറയെ കുലകളുമായി ഗോവണിമുറിയുടെ മുന്നിലേക്ക് ചാഞ്ഞു വന്നപ്പോൾ തോട്ടിവച്ചു വലിക്കുന്നതിനിടെ കാല് തെറ്റി വീണതാന്ന്. എന്റമ്മ നീന ദണ്ണത്തോടെ മൂക്കു ചീറ്റിക്കൊണ്ട് പല വട്ടമത് പറഞ്ഞിട്ടുമുണ്ട്.

“മാട്ടി ഠപ്പേന്ന് അടിച്ചു കെട്ടി നെലത്തോട്ട് വീണു.ആശുപത്രീലെത്തീട്ടും അനങ്ങിയില്ല. പൾസ് പോയെന്ന് അവിടുള്ള കന്യാസ്ത്രീ സിസ്റ്ററു പറഞ്ഞു. അവര് മാട്ടിയെ സ്‌ട്രെച്ചറെ കേറ്റിക്കിടത്തി അകത്തോട്ടു കൊണ്ടു പോയി. ഇട്ടിരുന്ന നൈറ്റിവേഷത്തി ഞാൻ പൊറത്തിരുന്നു… അവര് പൾസ് കൊടുത്തിട്ട് മാട്ടിയെ തിരിച്ചുകൊണ്ടുവരുമെന്ന് ഞാനോർത്തു.പക്ഷെ വന്നത് താടിക്കടിയിൽ തുണിയിട്ടുമുറുക്കിക്കെട്ടി കണ്ണും തിരുമ്മിയടച്ച് കൈയുംകൂപ്പിച്ചാ… ഒരു കൊന്തേം കുരിശും നെഞ്ചത്തൊരു ബാഡ്ജും. എന്റീശോയെ, അപ്പളാ, മാട്ടീടെ ഉള്ളിലെ സമയം ചത്തു പോയെന്ന് എനിക്കു മനസ്സിലായത്. അതുവരെ ഈ പൾസെന്ന് പറയുന്നത് കീ കൊടുക്കുന്നതുപോലെ തിരിച്ചുകൊടുത്താ അനക്കം വച്ചു വരുന്നതാന്ന് ഞാനോർത്തിരുന്നു. സമയം കഴിഞ്ഞെന്നൊക്കെ ഓരോരുത്തരെപ്പറ്റി മറ്റുള്ളോര് പറയുമ്പോ ഇങ്ങനെയൊക്കെയാ അത് തീർന്നു പോവുന്നതെന്ന് ഞാനോർത്തതേയില്ല.അവര്ടെ ഒടുക്കത്തെ മാങ്ങാ പറി…’’
എല്ലാ സങ്കടങ്ങൾക്കും അവസാനം,എല്ലാ വഴക്കുകൾക്കും അവസാനം, ഒരു വല്യ സത്യം പോലെ അമ്മയത് വിളിച്ചു പറഞ്ഞു. അത് കേട്ടിട്ടും കുലുങ്ങാതെ, “കർത്താവ് തന്നു: കർത്താവ് എടുത്തു. അവിടുത്തെ നാമം വാഴ്ത്തിപ്പെടട്ടെയെന്ന്’’ വല്യമ്മച്ചി ജപം പോലെ പറഞ്ഞും നടന്നു. കേൾക്കുന്തോറും എന്റമ്മക്ക് പിന്നെയും ഭ്രാന്ത് മൂത്തു. മകനെ മാങ്ങ പറിക്കാൻ പറഞ്ഞു വിട്ടത് നിങ്ങളല്ലേയെന്ന് അമ്മ പലവട്ടം ബെഞ്ചിയമ്മയോട് കയർത്ത് ചോദിക്കുന്നതും ഞാൻ കേട്ടിട്ടുണ്ട്. അതിനു മറുപടിയൊന്നും ഉണ്ടായില്ല. മരണത്തിന്റെ കാര്യമായിരുന്നതുകൊണ്ട് മരുമകളോട് പറയാൻ ബെഞ്ചിയമ്മയ്ക്കൊരു മറുവാക്കു പോലും ഇല്ലായിരുന്നു. അത്രയ്ക്ക് തീർപ്പല്ലേ ഈ മരണത്തിന്. എന്നാലും എന്തോ ഒരു നിശ്ചയം ബാധിച്ച മാതിരി പിന്നാരെക്കൊണ്ടും തോട്ടി വച്ചു വലിപ്പിച്ചോ ഏണിവച്ചു കേറ്റിച്ചോ ചന്ദ്രക്കാരനെ താഴേക്ക് കൊണ്ടുവന്നില്ല എന്റെ അപ്പന്റമ്മ.
“ചന്ദ്രക്കാരൻ സ്നേഹമുള്ളവനാ, അവൻ നിലത്തിട്ടു തരുമ്പോൾ മാത്രം ഇവിടുള്ളവരും ചുറ്റുവട്ടത്തുള്ളോരും നാട്ടാരും കൂട്ടാരും പള്ളീലച്ചനും ഇനി മാമ്പഴം കഴിച്ചാൽ മതി’’.
കട്ടായം പോലെ അവരത് പറഞ്ഞിട്ട് തീർപ്പു കൽപ്പിച്ച് മുറ്റത്തെ ചരലിലോട്ട് നീട്ടിതുപ്പും.ധർമ്മ സങ്കടങ്ങളുടെ ഒരു കൊഴുത്ത ദ്രാവകം അവരുടെ അടിവയറ്റിൽ നിന്ന് ശക്തിയോടെ പുറത്തേയ്ക്ക് ഒഴുകും.
പിന്നെപ്പിന്നെ എന്റമ്മയും ബെഞ്ചിയമ്മയും രണ്ടു ലോകങ്ങളിലായി. ഒരേ വീട്ടിൽത്തന്നെ കുറേക്കാലം പാർത്തു.എന്നാൽ അവർ അന്യോന്യം അധികം സംസാരിച്ചിരുന്നില്ല. അവർ കലഹിക്കുകയോ പരസ്പരം പഴിചാരുകയോ ചെയ്തില്ല. പക്ഷെ അമ്മയുടെ വയ്യായ്ക കണ്ടറിഞ്ഞ നാട്ടുകാരും വീട്ടുകാരും കുട്ടിയെ വീട്ടിൽ നിന്നും മാറ്റണമെന്ന് പറഞ്ഞു.അവരതിന് കൃത്യമായി പറഞ്ഞ വാക്ക് ‘അതിനെ രക്ഷിച്ചെടുക്കണം’ എന്നാണ്. ഭ്രാന്തു പിടിച്ച രണ്ടെണ്ണത്തിന്റെയിടയിൽ നിന്ന് അതിനെയെങ്കിലും രക്ഷിച്ചെടുക്കണം.
പതുങ്ങിയിരുന്ന് കേട്ടതൊക്കെ എന്റെ വളർച്ചയുടെ ഓരോ തിരിവിലും സൂചനകളായി പൊങ്ങി വന്നുകൊണ്ടുമിരുന്നു. ഞാനതൊക്കെ നെടുവീർപ്പുകളാക്കി മാറ്റി അകത്തോട്ട് വലിച്ചെടുത്ത് പുറത്തേയ്ക്ക് നിശ്വസിച്ചു. എന്റെ മജ്ജയും മാംസവും സന്ധിബന്ധങ്ങളും അറിഞ്ഞുകൊണ്ടുള്ള കളിതന്നെയായിരുന്നത്.
ഞങ്ങളുടേത് തറവാട് വീടായിരുന്നു. അറയും നിരയുമുള്ള പരന്ന വീട്. അകത്തോട്ടകത്തോട്ട് ഒത്തിരി മുറിയൊക്കെയുണ്ട്. അമ്മയ്ക്കും ബെഞ്ചിയമ്മയ്ക്കും കൂടി ഒരു കൂട്ടിരുപ്പുകാരിയെയും കോട്ടയത്തെ അമ്മാവന്മാർ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. പക്ഷെങ്കിൽ പ്രായമാകുന്തോറും ബെഞ്ചിയമ്മ സിറ്റൗട്ടിൽ തന്നെയിരിക്കണമെന്ന് വാശി പിടിച്ചു. വഴിയേ പോണ നാലാളെ എനിക്ക് കാണാമല്ലോ, കിഴക്കെപ്പള്ളിലെ മാതാവിനേം, തിരി തെളിക്കാനെത്തുന്ന മനുഷ്യരേം പിന്നെന്റെ ചന്ദ്രനെയും. അതും പറഞ്ഞിട്ട് വല്യമ്മച്ചി ചന്ദ്രക്കാരനെ നോക്കിയിട്ട് മറുപടി കാത്ത് താടിയെല്ല് ഉയർത്തിപ്പിടിക്കും. എന്തേലുമൊരു അനക്കം അപ്പോളതിൽ നിന്നുണ്ടാവും. ഒരില പൊഴിയും, അല്ലെങ്കിലൊരു കിളിയോ അണ്ണാനോ ചിലപ്പ് കേൾപ്പിക്കും. “കണ്ടോ ന്റെ ഉണ്ണിപ്പെണ്ണേ ഈ ചന്ദ്രക്കാരന് ജീവനൊണ്ട്’’.
ഈ ലോകത്ത് വല്യ കാല്പനിക ഭാവത്തിൽ കവികളൊക്കെ പാടി നടക്കുന്ന ആ കുന്ത്രാണ്ടം -പ്രണയം -അതാണപ്പോൾ ബെഞ്ചിയമ്മേടെ മുഖത്ത് തെളിയുക. കുറെ നേരം അതിങ്ങനെ കത്തിക്കത്തി നിൽക്കും. ഒരിക്കൽ കണ്ണെടുക്കാതെ അതങ്ങനെ നോക്കിയിരുന്നപ്പോൾ ബെഞ്ചിയമ്മ എന്നോട് ചോദിച്ചു.
“കൊച്ചിക്കയ്ക്ക് കോളേജിലൊക്കെ ഇപ്പറയുന്ന പ്രേമമൊക്കെയുണ്ടോഡീ’’.
എടീയെന്ന് കൂട്ടി വിളിച്ചത് എനിക്കത്ര ഇഷ്ടപ്പെട്ടില്ല. മുഖമൊന്ന് കടുപ്പിച്ച് അനിഷ്ടം വരുത്തീട്ട് -ഇല്ലാന്ന് -ഞാൻ കള്ളം പറഞ്ഞപ്പോ, ‘‘ഹംമ്പടി കൊച്ചുകള്ളി നെനക്ക് ലബ് ഇല്ലാന്നോ” എന്നും പറഞ്ഞ് ഒറ്റ അടി എന്റെ തോളേലോട്ട് വീണു. നല്ല എല്ലുകട്ടി ഉള്ള കൈയാണല്ലോന്നോർത്ത് തരിച്ചു നിന്നപ്പോ, എന്റെ കവിൾലോട്ട് ‘ചുമ്ച്’ എന്ന ഒച്ചയിൽ പശയുള്ള ഉമ്മ വന്നു വീണു. അത്തരമൊരു ശബ്ദത്തിൽ തണുപ്പുള്ള ഉമ്മ വേറാരും എനിക്ക് തന്നിട്ടില്ല.
*(പേറ്റന്റൊക്കെ വേണമൊന്ന് നമ്മെ തോന്നിപ്പിക്കുന്ന ഒരു കിടുക്കാച്ചി ഉമ്മയാണ് ബെഞ്ചിയമ്മയുടേത്. -അതിന്റെ ടൈമിംഗ് അത്ര കൃത്യമാണ്.)*
“നീയെന്നെ പറ്റിക്കാമെന്ന് ഓർക്കേണ്ട, ആരാ നിന്റെ വല്യമ്മാ, ങ്ഹാ. .ഈ ഞാനാ“.
കര്യച്ഛൻകുന്നെലെ മാത്തു മകളാ ഇക്കാണുന്ന മൊതല് “എന്നൊരു താക്കീതും തന്നിട്ട് ബെഞ്ചിയമ്മ എന്റെ കൈയെടുത്ത് മടിയിൽ വച്ചു തിരുമ്മിക്കൊണ്ട് നെടുവീർപ്പിടും .എന്നിട്ട് പതുക്കെ പറയും ചെവീലോട്ട്.
“എനിക്കങ്ങനെത്തെയൊക്കെ ജീവിതത്തിൽ എപ്പോളോ വന്ന് പൊട്ടാസു പോലെ പൊട്ടിയിട്ട് ചുമ്മാ ശൂന്ന് ആയിപ്പോയി. നിലനിൽക്കുന്നതൊന്നും മനുഷ്യന്മാരിലൊട്ട് പിന്നെ കണ്ടിട്ടുമില്ല. എനിക്കീ ചന്ദ്രക്കാരൻ മാവ് മതി“.
സത്യത്തിൽ അന്നെനിക്കൊന്നും മനസ്സിലായില്ല. ശരിയായ സമയത്ത് ആ വീട്ടിൽ നിന്ന് അമ്മാച്ചന്മാർ എന്നേ ഹോസ്റ്റലിലോട്ട് മാറ്റിയല്ലോ എന്ന ആശ്വാസമായിരുന്നെനിക്കപ്പോൾ .അല്ലേൽ ആ വൈബിൽ പെട്ട് ഞാനും ലോകത്തിന് ചേരാത്തവളായി മാറുമായിരുന്നു.
രണ്ടായിരത്തി പതിനെട്ടിൽ പ്രളയം വന്നപ്പളാ, സംഗതി വഷളായത്.ഡാമൊക്കെ തൊറന്നുവിട്ടപ്പോൾ അതൊക്കെ ദൂരെ നടക്കുന്ന കാര്യമായിട്ട് നാട്ടുകാരെല്ലാം കരുതി. മുന്നറിയിപ്പെല്ലാം മൈക്കിക്കൂടെ വഴിയേ വിളിച്ചും പറഞ്ഞും കൂവിയും പോയി. അപ്പുറത്തൂന്നും ഇപ്പുറത്തൂന്നും ആൾക്കാരെല്ലാം കെട്ടിപ്പെറുക്കി തിടുക്കം കൂട്ടി വെളിയിൽചാടി. ആ സമയത്ത് ഞാൻ സ്റ്റഡി ലീവ് ആയിട്ട് വീട്ടിലുണ്ട്.
വഴിയേ പോകുന്നോരെല്ലാം വിളിച്ചു ചോദിച്ചു. നിങ്ങ പോണില്ലേ. മലവെള്ളം കുത്തിമറിഞ്ഞിങ്ങു വരില്ലേ?
“വെള്ളം മതിലുങ്കൽ നിന്നോളും. കിഴക്കെപ്പള്ളിലെ മാതാവ് കാത്തോളും. ഞങ്ങ വരീല്ല” എന്ന് എന്റെ ബെഞ്ചിയമ്മ
“ബഞ്ചിയമ്മേ, ഇറങ്ങണീല്ലേ , പെരിയാര് പിണങ്ങീട്ടോ”.
വഴീക്കൂടെ ആടിനേം കോഴീനേം പിള്ളേരേം പിറുങ്ങണിയുമായി പോയവരെല്ലാം വിളിച്ചു ചോദിച്ചു.
“എന്നോടാർക്കും പിണക്കോമില്ല. ഇണക്കോമില്ല.അദ്ദാണ് സത്യം മക്കളെ.പക്ഷെ ഞാന് ഇവിടം വിട്ടു പോവീല്ല .ചത്താലും ഇക്കര വിട്ടു പോവില്ല.” ബഞ്ചിയമ്മ അന്നെന്നെ വട്ടം പിടിച്ചു കരഞ്ഞു.
“എന്റെ ചന്ദ്രക്കാരനെ വിട്ട് ഞാനെങ്ങനെ പോവൂടി ട്രീശായെ.”
അവര് ആകെ അലങ്കോലപ്പെട്ട ഭാവത്തിൽ എന്റെ മുന്നിൽ കൈ കൂപ്പി.എത്ര ഭീകരമായ നിസ്സഹായത.എന്റെ ചങ്ക് പൊട്ടി. .

വളരെപ്പെട്ടെന്ന്, ഞാൻ ,അവരുടെ കൊച്ചുമകൾ ട്രീസ മാർട്ടിൻ അന്നേരം ഒരു കാർന്നോത്തിയായി.
“ചുമ്മാ കളിക്കാണ്ടിരിയെന്ന്. വല്യമ്മയെന്തൂട്ട് ഫ്രാന്താ പറയുന്നത്? വട്ടുണ്ടോ? മുങ്ങി ചാകാതിരിക്കാൻ തലേൽ കൊമ്പുണ്ടോ? എല്ലാവരും ഈ കരേം വിട്ടു പോകുന്നത് കാണാഞ്ഞിട്ടാണോ? “
അതിലും കഷ്ടമായിരുന്നു എന്റമ്മേടെ കാര്യം.
എന്താ ചുറ്റുവട്ടത്ത് നടക്കുന്നുവെന്നുപോലും മനസ്സിലാക്കാനാവാതെ അവര് ചിരിച്ചു കൊണ്ടിരുന്നു.അക്കാലത്ത് അമ്മയുടെ തലയ്ക്കകത്ത് ഒരു ട്യൂമറുകൂടി കണ്ടെത്തിയിരുന്നു. രണ്ടു കാലിൽ നേരെ നടന്നിരുന്ന അമ്മ നാലുകാലിൽ മുറിക്കുള്ളിൽ വട്ടം കറങ്ങി.അമ്മയുടെ വളർച്ച തല തിരിഞ്ഞതു പോലെയായി.
“അമ്മേ വേഗം റെഡിയായി വന്നേ, നമുക്ക് ഇവിടുന്ന് പോകാം. പെരിയാറു നിറഞ്ഞു കവിഞ്ഞിട്ടുണ്ട്.“
”ആഹാ മലവെള്ളം വന്നാൽ ഞാൻ കൂടെപ്പോകും വെള്ളത്തിന്റെ രൂപത്തിൽ മാട്ടിച്ചായൻ വിളിക്കാൻ വരുന്നതാ. ഞാങ്കൂടെ പോകും. നിങ്ങളേ രണ്ടാളേം ഇട്ടേച്ചും പോകും.“
അതു തന്നെ പറഞ്ഞ് അമ്മ പൊട്ടിച്ചിരിച്ചു.ആരോ വന്ന് മരുന്നു കൊടുത്തു. പിന്നെയമ്മ ബോധം കേട്ടപോലെ ഉറങ്ങി.
അങ്ങനെ മിണ്ടീം പറഞ്ഞും കാര്യങ്ങൾക്ക് തീരുമാനമാക്കാതെ നേരം പൊക്കോണ്ടിരുന്നു. അന്നാട്ടിൽ ഞങ്ങടെ വീടു മാത്രം ആളൊഴിയാതെ നിന്നു. മലവെള്ളം കുത്തിയൊലിച്ചു തിട്ടേലോട്ട് കേറാനും തുടങ്ങി. പുറത്തെ കപ്പേളയിലെ മാതാവ് നടുവൊടിഞ്ഞു വെള്ളത്തിലും വീണു. ആകെ മൊത്തം ജകപൊഗ. ..
അങ്ങനെ നാലാളു കൂടി രണ്ടാളെയും വലിച്ചിറക്കി വള്ളത്തി കേറ്റി. ചൂരൽക്കസേരയോടെ വള്ളത്തിലേക്ക് എടുത്തുകേറ്റും മുൻപും ആശാത്തി ചന്ദ്രക്കാരനെ വട്ടത്തിൽ പിടിച്ചു കരഞ്ഞു. ആർക്കും ഒന്നും പിടികിട്ടിയതുമില്ല. നീനയ്ക്ക് മാത്രോല്ല തള്ളയ്ക്കും കിനാ ന്ന് പറഞ്ഞു പഴിച്ചു.

വള്ളം ചെന്നു നിന്നിടത്തു കണ്ട വണ്ടിയേൽ കേറി ഞങ്ങൾ മൂന്നാളും കട്ടച്ചിറേലെ അമ്മവീട്ടിൽ ചെന്നു. അത് ഉണക്കുള്ള കരയായിരുന്നു. ചീവിടിന്റെ ഒച്ച ഭരിക്കുന്ന രാത്രിയുള്ള റബ്ബർ തോട്ടത്തിന് നടുവിലായിരുന്നു വീട്.ഇളയ ആങ്ങള യായിരുന്നു അവിടുത്തെ വീട്ടുകാരൻ.അമ്മായി പുതയ്ക്കാൻ തന്ന പൊതപ്പിന് പോലും വെയിലിന്റെ മണവും സുഖവും .എന്റമ്മ സ്വന്തം വീട്ടിൽ കൂർക്കം വലിച്ചുറങ്ങുന്നത് ഞാൻ അത്ഭുതത്തോടെ കണ്ടു നിന്നു. ഈ ഉറക്കമായിരുന്നല്ലോ അമ്മയ്ക്ക് വർഷങ്ങളായി ഇല്ലാണ്ടിരുന്നത് ? എന്തിന്റെ പേരിൽ? വെറും വിവാഹത്തിന്റെ പേരിൽ. കെട്ടിച്ചു വിടുക എന്ന പദം എത്ര നികൃഷ്ടമാണെന്നും ഞാനോർത്തു.
ഒറ്റ ദിവസത്തെ രാജകുമാരി പട്ടം കൊടുത്തിട്ട് പെണ്ണൊരുവളോട് പറയുന്നത് “എന്റെ പുത്രി, നീ ശ്രദ്ധിച്ചു കേൾക്കുക, നിന്റെ ജനത്തെയും പിതൃഗൃഹത്തെയും നീ മറന്നുകളയുക” എന്നാണ്. പിന്നെ വരുന്നതെല്ലാം സഹിച്ചോണമെന്ന് അപ്പോ മുതൽ പെണ്ണ് വിചാരിച്ചു തുടങ്ങും.
തിരിച്ചു വരരുത്. തിരിച്ചു പോയേക്കരുത്.
ബോധ്യങ്ങളുടെ യുദ്ധക്കളത്തിൽ നിന്ന് കാഹളം മുഴങ്ങിക്കൊണ്ടേയിരിക്കും .ഒരു തരത്തിൽ വിവാഹം എന്നത് മറവിയാണ്.നിർബന്ധിത മറവി…വിഷമകാലത്ത് അമ്മയെ മറന്ന വീട്ടിലിരുന്ന് സന്തോഷത്തോടെ ഒരിക്കൽ അവിടെ ജീവിച്ച കൗമാരക്കാരി നീന ലൂക്കോസിനെ ഞാനോർത്തു. ഇപ്പോൾ രോഗിയും വിധവയുമായ നീന മാർട്ടിന്റെ പൂർവ്വകാലം.
വീടുകളെല്ലാം പെണ്മക്കളെ ചേർത്തു പിടിക്കുന്ന ഒരു സുന്ദരകാലം ആ നട്ടപ്പാതിരയ്ക്ക് അവിടുത്തെ വലിയപ്പൻറെ ചാരുകസേരയിൽ കിടന്നുകൊണ്ട് ഞാൻ സ്വപ്നം കണ്ടു. കടുകട്ടി വരയൻ തുണിയേൽന്ന് എന്റെ അമ്മേടപ്പൻ ലൂക്കാച്ചൻ കരഞ്ഞുകൊണ്ട് എന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു.അഞ്ചു വയസ്സുള്ളപ്പോൾ കുന്തിരിക്കവും പൂക്കളും കുഴിയിലേക്ക് എറിയിച്ചിട്ട് എന്റമ്മ എന്നെ തിരിച്ചു നടത്തിയത് ഓർത്തപ്പോൾ ഞാനുണർന്ന് ആ കസേര വിട്ട് ബഞ്ചിയമ്മ കിടക്കുന്ന നടുമുറിയിലേക്ക് പോയി. ആ പോണ പോക്കിൽ എന്റെ നെഞ്ചിനു കുറുകെ മറ്റൊരു ഓർമ്മകൂടി കടന്നു പോയി. ചാരുകസേരയിലെ വല്യപ്പന്റെ മുന്നിൽ കരഞ്ഞോണ്ട് നിൽക്കുന്ന എന്റമ്മ . ആരും കാണാതെ കസേരത്തുണിയുടെ അടിയിലത്തെ ഉരുളൻകോല് ഊരി മാറ്റിയിട്ട് കാത്തുനിന്നു. അന്നാ വീട്ടിൽ നടന്ന കോലാഹലങ്ങൾ. .നീയല്ലേയെന്ന നോട്ടത്തിൽ അമ്മയെന്നെ ഒതുക്കി നിർത്തി. അതാരാവും എന്ന സംശയത്തിൽ ആ വീട് മൊത്തം തല പുകച്ചു. കുഞ്ഞുങ്ങളുടെ മൗനത്തിൽ ഒത്തിരി സത്യങ്ങൾ കുടികൊള്ളുന്നുണ്ടെന്ന് വിചാരിക്കാൻ മാത്രം അവിടാരും വളർന്നിട്ടില്ലായിരുന്നു.തളിരിലകൾക്കിടയിൽനിന്ന് ലോകം കാണാനിറങ്ങിയ കുഞ്ഞുപൂമൊട്ടിൽ പ്രതികാരത്തിന്റെ കീടങ്ങൾ ആവേശിച്ച നേരമായിരുന്നത്. വല്യപ്പന്റെ നടുവ് നേരെയാകാൻ അമ്മയെന്നെക്കൊണ്ട് എത്ര തവണ മാതാവിന്റെ കപ്പേളയിൽ തിരി കത്തിപ്പിച്ചു. എല്ലാ ഓർമ്മകളും കുറ്റബോധത്തിൽ ചെന്നു മുട്ടും.
അന്ന് രാത്രി ഒറങ്ങാൻ കിടന്നിട്ടും അത് മറ്റൊരു വീടാണെന്ന തോന്നലിൽപ്പെട്ട് ബെഞ്ചിയമ്മയ്ക്ക് ഒറക്കം വന്നില്ല.മച്ചിലോട്ട് നോക്കി ഒരേ കിടപ്പ്.ആ കിടപ്പിൽക്കിടന്ന് ബെഞ്ചിയമ്മ ചന്ദ്രക്കാരന്റെ ഉടലിലോട്ട് കേറുന്ന വെള്ളത്തിന്റെ വരപ്പാട് ഓർത്തോണ്ട് പിറുപിറുത്തു. അരയ്ക്കൊപ്പം വെള്ളത്തിൽ മുങ്ങിക്കിടന്ന വീടോ സാമാനങ്ങളോ അല്ല അവരുടെ ഉള്ള് പിടപ്പിച്ചത്.സാക്ഷാൽ ചന്ദ്രക്കാരൻ തന്നെയായിരുന്നു ബെഞ്ചിയമ്മയുടെ ദുഃഖത്തിന്റെ ഒന്നാം രഹസ്യം.
‘ ചന്ദ്രക്കാരന്റെ കഥ‘ എന്നോട് പറയാനൊരുങ്ങവെ ബെഞ്ചിയമ്മ റൗക്കക്കുള്ളിൽ നിന്ന് തമ്പുരാൻ കർത്താവിന്റെ തൂങ്ങപ്പെട്ട രൂപം വലിച്ചു പുറത്തേക്കിട്ട്, അതിലോട്ട് എന്റെ ചുണ്ടുമുത്തിച്ചുകൊണ്ട് പശയുള്ള ശബ്ദത്തിൽ കഥ പോലെ ജീവിതം പറഞ്ഞു തുടങ്ങി.
ഒന്നാം പാലും രണ്ടാം പാലുമെടുത്തുകഴിഞ്ഞ റബ്ബർ മരത്തിന്റെ മുറിപ്പാടിൽ നിന്ന് വലിഞ്ഞു വലിഞ്ഞു പോരുന്ന ഒട്ടുപാലിന്റെ വലിവോടെ എന്റെ വല്യമ്മേടെ ഒച്ച നേർത്തു നേർത്തു വന്നു അത് പറയുമ്പോൾ .
“ഞങ്ങ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച്ച കഴിഞ്ഞ് ആലപ്പുഴെലെ നാത്തൂന്റെ വീട്ടി വിരുന്നിനു പോയി. തിരിച്ചു വരുമ്പോളാണ് അരൂര് ചന്തേന്ന് ഒരു കൂട ചന്ദ്രക്കാരൻ വാങ്ങിയത്. ട്രീശാമോടെ വല്യപ്പന് ഉറങ്ങാൻ പോകും മുൻപ് അതൊരു ഹരമായി. പത്തു ദിവസി മൂക്കു ചെത്തിയ ചന്ദ്രക്കാരൻ അങ്ങേര് കഴിച്ചു. മുറ്റത്തോട്ട് അണ്ടി വലിച്ചെറിയുമ്പോ എന്നോട് ‘ചോദിക്കും .“കൂട്ടിനു പോകുന്നോടീന്ന്’.

ഞാനത് കേട്ടഭാവം നടിക്കാതെ കിടക്ക വിരിച്ചിട്ട് അതിയാനെ കാത്തിരിക്കും. അങ്ങനെ പുറത്തോട്ട് എറിഞ്ഞു വിട്ടത് കിളിച്ചു വന്നതാ നമ്മുടെ ചന്ദ്രക്കാരൻ. അതിന്റെ ഈരില കണ്ടപ്പോ കളിയായിട്ട് എന്നോട് പറഞ്ഞു. അത് മാവല്ല, ഞാനാ. ഈ ലോനപ്പൻ. ശേഷം പതിനൊന്നാം മാസം അങ്ങേര് ഹൃദയം സ്തംഭിച്ചു മരിച്ചു. അതിന് മുന്നേ നിന്റെ അപ്പനെയും ഒരു നോക്ക് കണ്ടു.
അപ്പാന്ന് മാർട്ടിൻമോൻ വിളിക്കുന്നത് കേൾക്കാൻ കാത്തു നിൽക്കാതെ ആള് പോയി. മുറ്റത്തെ മുളപ്പിലൊക്കെ നോക്കിയിരുന്ന് ജീവിതത്തിന് ലഹരി പിടിപ്പിച്ച് ഞാനവനെ ഒറ്റയ്ക്കങ്ങ് വളർത്തി. ഒരു വേനക്കാലത്തെ എന്റെ തന്നെ അത്യാഗ്രഹം അവനേം അപ്പന്റടുത്തേയ്ക്ക് പറഞ്ഞു വിട്ടു.നിന്റമ്മ നീനാമോൾക്ക് എങ്ങനെ നൊസ്സ് വരാതിരിക്കും? അമ്മാതിരി നഷ്ടമല്ലേ ഈ തള്ളായൊരുത്തി അവക്ക് ഉണ്ടാക്കിക്കൊടുത്തത്? ഞാനെന്തൂട്ടാ ഇപ്പ പറയാ..
ഞാനൊന്നും മിണ്ടീല്ല. ആരുമില്ലെന്ന തോന്നലിൽ നിന്ന് അക്വാറിയത്തിലെ മീനുകളും ഇൻഡോർ പ്ലാന്റ്റുകളിലെ തളിർപ്പുകളും എന്നെയും രക്ഷിക്കുന്ന കാലമായിരുന്നത്.ഞാൻ ബെഞ്ചിയമ്മയെ ഇറുക്കെ കെട്ടിപ്പിടിച്ചുകൊണ്ട് ഒരു കുഞ്ഞിനെപ്പോലെ അവരെ ഉറക്കത്തിലോട്ട് പറഞ്ഞു വിട്ടു.
മൂന്നാല് ദിവസം കഴിഞ്ഞ് വെള്ളമിറങ്ങുന്നതൊക്കെ ടീവിയിൽ കണ്ടിട്ട് തിരിച്ചു പോകാൻ ബെഞ്ചിയമ്മ ധൃതി കൂട്ടി. ഞാനത് സമ്മതിച്ചില്ല. രണ്ടാളെയും കൂടെക്കൂട്ടാതെ ഒറ്റയ്ക്ക് കൂനമ്മാവിലെ വീട്ടിൽ ചെന്നു. വീടിനകത്ത് വെള്ളം കേറിയിറങ്ങി ആകെ നാശമാക്കിയിരുന്നു. പന്ത്രണ്ടടി പൊക്കത്തിലൊരു വരപ്പാട് പ്രളയജലം ചന്ദ്രക്കാരനിൽ പതിപ്പിച്ചിട്ടുണ്ട്. താഴോട്ടു മുഴുവൻ ചേറാണ്. ഒരു ഹോസു വച്ച് ചീറ്റിച്ച് ഞാനതിനെ കുളിപ്പിച്ചു. എന്റെ അപ്പനെയെന്ന പോലെ. ശുദ്ധ ജലത്തിൽ എന്റെ അപ്പൻ മാർട്ടിൻ കുളിച്ചു മിനുങ്ങിയപ്പോൾ അപ്പനു പിന്നിൽ നിന്ന് എന്റെ വല്യപ്പൻ ലോനപ്പൻ തെളിഞ്ഞൂ വന്നു. ജനിമൃതികളുടെ രഹസ്യഗേഹങ്ങളിൽ നിന്ന് ചിതലുകൾ നനഞ്ഞു കുതിർന്ന മരപ്പോളകളോട് ജീവന്റെ മന്ത്രണം ഉരുവിട്ടുകൊണ്ടിരുന്നു.

“ബെഞ്ചിയമ്മേ, പന്ത്രണ്ട് അടിയിൽ കഴുത്തിന് വട്ടം പിടിച്ച് നമ്മുടെ ചന്ദ്രക്കാരൻ. മറ്റു കുഴപ്പങ്ങളൊന്നുമില്ല. വീടും വൃത്തിയാക്കിയിട്ടുണ്ട്.മല വെള്ളം അളവെടുത്തിട്ട് തിരിച്ചു പോയന്ന് പറയാൻ പറഞ്ഞു. “
ഞങ്ങൾ മടക്കയാത്രയിൽ ആയിരുന്നു.
“ഹോ ഒരാഴ്ച്ച. ജന്മത്ത് വിചാരിച്ചില്ല നീനാമോടെ വീട്ടി പോയി കിടക്കൂന്ന്. പക്ഷെങ്കിൽ അവള് നമ്മടെ കൂടെ തിരികെ വന്നില്ലല്ലോ.“
”നീന ഈ അവസ്ഥയിൽ തിരികെ പോകേണ്ട. എന്റെ കൂടെ നിൽക്കട്ടെ. ഇപ്പോഴും അവളിവിടുത്തെ തന്നെയാ’’.
റോബിനമ്മാവനത് പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ അന്തിച്ചുപോയി. പ്രളയം പതുങ്ങിവന്ന് അമ്മാവന്റെയും അളവെടുത്തോ? പെട്ടെന്ന് മനുഷ്യർക്കുണ്ടാവുന്ന മാറ്റങ്ങൾ നല്ലതാണ് എങ്കിൽ സ്വീകരിക്ക മാത്രം ചെയ്യ, ഇപ്പോളെന്നാ ഇങ്ങനൊക്കെ തോന്നുന്നത്, പണ്ടെവിടെപ്പോയ് അമ്മവീട്ടുകാരെല്ലാം എന്നൊന്നും വിചാരിച്ചുകൂട്ടുകയൊന്നും വേണ്ടാ, അതിന്റെ കാരണങ്ങൾ ചികഞ്ഞു പോകുന്നതിലൊന്നും യാതൊരു അർത്ഥമില്ലായെന്നും ഉള്ളിലിരുന്ന് ആരോ എന്നോട് മന്ത്രിച്ചു.
വന്നുഭവിക്കുന്നതിനോടൊക്കെ വിവേകം കാണിക്കണം.
വല്ലാത്തൊരു ചേറുമണമുള്ള വീട്ടിലേയ്ക്ക് മൂക്ക് പൊത്തിക്കൊണ്ട് ബെഞ്ചിയമ്മ കേറി.സാവധാനത്തിൽ എല്ലാം നോർമ്മലായി. കൂട്ടിരുപ്പുകാരിയും ബെഞ്ചിയമ്മയും സിറ്റ്ഔട്ടിലെ ഇരുപ്പും കപ്പേളയിലെ മാതാവും ചന്ദ്രക്കാരനും പഴേപോലെ ഒരേ ടീമായി. കോട്ടയത്ത് നിന്ന് ഇടയ്ക്കൊക്കെ ഞാനും അമ്മവീട് -ബെഞ്ചിയമ്മ -ഹോസ്റ്റൽ എന്നീ ബിന്ദുക്കൾ കൂടിമുട്ടിച്ച് ത്രികോണജീവിതം ജീവിച്ചുകൊണ്ടിരുന്നു.
പിറ്റേക്കൊല്ലവും ചന്ദ്രക്കാരൻ ആർത്തലച്ചു പൂത്തു. ഒരൊറ്റ മാമ്പൂപോലും മണ്ണിലോട്ട് നേരിട്ട് വീഴാതെ ഒരു ടർപ്പായ മുറ്റത്തു വിരിച്ചിട്ടു ബെഞ്ചിയമ്മ. ഡാ മോനെ നീ കണ്ണീര് പൊഴിക്കല്ലേയെന്ന് ഓരോ പൂക്കളേം നോക്കി വിതുമ്പിപ്പറഞ്ഞു. സിറ്റ്ഔട്ടിൽനിന്ന് മുറ്റത്തേയ്ക്ക് ചൂരൽക്കസേര വലിച്ചിട്ട് അതിലൊരു കുഷ്യനിട്ട് എന്റെ വല്യമ്മ നോക്കിനോക്കിയിരുന്ന് ഉണ്ണികളെയോരൊന്നും കണ്ണിമാങ്ങ പരുവത്തിലെത്തിച്ചു. കണ്ണിയെ നോക്കിനോക്കിയിരുന്ന് മൂപ്പെത്തിച്ചു.
“ഒരൊറ്റ കല്ലുപോലും ദേഹത്തു വീഴാതെ കാത്തതാണെന്റെ ചന്ദ്രക്കാരനെ’’ എന്ന ബെഞ്ചിയമ്മ പാട്ടും അങ്ങനെയുണ്ടായി.
അങ്ങനെയൊരു മാമ്പഴക്കാലത്ത് ചന്ദ്രക്കാരന്റെ തല കൊയ്യാൻ കച്ചവടക്കാര് വന്നു. “മാമ്പഴപ്പുളിശ്ശേരിക്ക് സ്വയമ്പൻ മാങ്ങയാ’’, ഹോട്ടലുടമയായ കുറി തൊട്ട പട്ടരണ്ണൻ വെള്ളമിറക്കി.
‘‘നമുക്കിത് ഒറപ്പിക്കാം ല്ലേ? കൊടുക്കട്ടെ ചേട്ടത്തി’’.
അപ്പന്റെ കുടുംബത്തിലെ നടത്തിപ്പുകാരനായ ഉറുമീസു ചേട്ടൻ ബെഞ്ചിയമ്മയോട് ചോദിച്ചു.(ഏതാണ്ട് കല്യാണക്കേസ് കൈകാര്യം ചെയ്യുന്ന പോലെ)
“ബേണ്ടാന്ന്”, ഒരലർച്ച.
“കാർന്നോത്തി, നിങ്ങ പറയ്. ഇക്കണ്ട മാമ്പഴം മൊത്തം നമ്മ ഒറ്റയ്ക്ക് തീർക്കോ. തൂറ്റിച്ചാകൂട്ടോ’’.
‘‘ഞാ ചാറു പിഴിഞ്ഞു തെരയാക്കും’’, ബെഞ്ചിയമ്മ പറഞ്ഞു.
“വയസ്സാങ്കാലത്ത് പായേൽ നെരങ്ങാനോ, ചുരുളാൻ നോക്ക് ചേട്ടത്തിയാരെ’’.
ഉറുമീസ് കലിപ്പിലായി.
നല്ല തഴപ്പായുടെ മെടച്ചിൽപ്പാടുള്ള മാമ്പഴത്തെര ഡയമണ്ട് ഷേപ്പിൽ മുറിച്ച് ഒരു ഹോർലിക്‌സ് കുപ്പിയിലിട്ട് വല്യമ്മ കഴിഞ്ഞാണ്ട് എനിക്ക് തന്നു വിട്ടിരുന്നു. ഇപ്പോ എല്ലാത്തിനും തീരുമാനമായി. ഞാൻ മിണ്ടാതെ നിന്നു.
“ഞാറാഴ്ച്ച പോരെ, ഒരു കുട്ട നെറയെ ഈ വീട്ടി കൊടുത്തിട്ട് ബാക്കി മൊത്തോം എടുത്ത് വെല എത്രയാന്നാ ചേട്ടത്തിയാരെ ഏല്പിച്ചോ. അല്ലേല് ഈ കൊച്ചുമോളെ’’.
എന്നെ നോക്കിയിട്ട് ഉറുമിസുചേട്ടൻ പട്ടരോട് പറഞ്ഞു. അയാളുടെ നോട്ടം വരുന്നതിലും വേഗത്തിൽ ഞാനവിടെ നിന്നും മറഞ്ഞുകളഞ്ഞു.
ബെഞ്ചിയമ്മ പിന്നെ സിറ്റ്ഔട്ടിൽ ഇരുന്നിട്ടില്ല. ചൂരൽക്കസേര നെരക്കിനെരക്കി അകത്തെ മുറിയിലേക്ക് കൊണ്ടുചെന്നിട്ടു. എന്തോ ദുരന്തം പ്രതീക്ഷിച്ചെന്നവണ്ണം വല്യമ്മ പുറത്തേയ്ക്ക് നോക്കിയിരുന്നതും ഞാനിപ്പോൾ ഓർക്കുന്നു.
ബെഞ്ചിയമ്മയ്ക്ക് തൊണ്ണൂറ് തികയുന്ന ആ ഞാറാഴ്ച്ച, പള്ളീന്നും കഴിഞ്ഞ് ഞാൻ വേഗം വീട്ടിലേക്ക് നടന്നു. കൈതോലകൾ അതിരിട്ട വഴിയിലൂടെ എനിക്ക് മുന്നിലും പിന്നിലുമായി പതിവ് ഞാറാഴ്ച്ചക്കൂട്ടം തലേൽ നിന്ന് തുണി മാറ്റാതെ കൂമ്പിയ ദേഹത്തോടെ പതുക്കെ മിണ്ടിക്കൊണ്ട് നടക്കുന്നു. മുറ്റത്തുനിന്ന് പത്രോമെടുത്ത് അകത്തു കയറി, ഫാനിട്ട്, ഫ്രിഡ്ജിൽ നിന്ന് മാവെടുത്ത് പുറത്തുവച്ച്, പാലും വെള്ളവും കൂട്ടി തിളപ്പിക്കാൻ വച്ചിട്ട് അകത്തെ മുറിയിലോട്ട് ചെന്നു. വെടിച്ചില്ല് പോലെ ആരോ ഉടലൊഴിഞ്ഞു പുറത്തേയ്ക്ക് പോയിരിക്കുന്നു. പള്ളി കഴിഞ്ഞു മടങ്ങുന്ന ഭക്തജനപ്രവാഹത്തിന്റെ കണ്ണ് വെട്ടിച്ച് പറന്ന് പോയിരിക്കുന്നു. അതു പോയ വഴി? …ആർക്കറിയാം?
ഞാൻ കുനിഞ്ഞിട്ട് ബെഞ്ചിയമ്മയുടെ ശ്വാസം തേടിപ്പോയപ്പോൾ,
..ചുമ്ച്… എന്നൊരു തണുപ്പ് എന്റെ വലത്തെ കവിളത്ത് ഓർമ്മ കൊണ്ടുവന്ന് മുത്തിച്ചു തന്നു, തിരുശേഷിപ്പ് പോലെ.
എന്റെ വല്യമ്മയ്ക്ക് ജീവിക്കാനുള്ള പ്രേരണയായിരുന്നു ചന്ദ്രക്കാരൻ.
വെയില് മൂത്തു വരുന്നുണ്ട്. ഇവിടുത്തെ വഴികളിലും വീടുകൾക്ക് മുന്നിലും വല്ലാത്തൊരു കാഴ്ചയാണ് തലങ്ങും വിലങ്ങും തൂങ്ങിക്കിടക്കുന്ന കേബിളുകളും കമ്പികളും. ശരീരത്തീന്ന് പണ്ടോം കൊടലും പുറത്തു ചാടിച്ചിട്ടപോലെ.
എന്റെ കൺവെട്ടത്തു കാണുന്ന പൂത്തു നിൽക്കുന്ന മാവിന്റെ ഒരു ഭാഗം ഉണങ്ങിപ്പോയിട്ടുമുണ്ട്. കറന്റ് കമ്പിയോരെണ്ണം തൊട്ടു തൊട്ടില്ലായെന്ന പോലെ. എന്റെ മേലാകെ പൊള്ളിപ്പിടഞ്ഞു. കൊടിയ ദുഃഖം കണ്ണിനുള്ളിലേക്ക് സൂചി വച്ചു കുത്തുന്നപോലെ. എന്നാലത് കണ്ണുനീരായിട്ട് ചാലു കീറുന്നുമില്ല.
*(എപ്പോഴെങ്കിലും അത് അനുഭവിച്ചിട്ടുള്ളവർക്കേ എന്റെ പ്രയാസമെന്തെന്ന് മനസ്സിലാവൂ)*
പിന്നെയും ഞാൻ കാമക്ഷിയെ വിളിച്ചു.
‘‘നമ്മുടെ മതിലിനോട് ചേർന്നുനിൽക്കുന്ന ഈ മാവിന്റെ പേരെന്താ ദീദി?”
“ഞാനിപ്പോൾ പറഞ്ഞതല്ലേയുള്ളൂ അൽഫോൻസോന്ന്’’.
ഒരു കല്ലേറ് ദൂരത്തിൽ ഇവിടേം ഒരു ഫലവൃക്ഷം. എന്റെ മനസ്സ് കാമാക്ഷിയുടെ മുത്തശ്ശനെ തേടിപ്പോയി.
