ചന്ദ്രലേഖയുടെ മകൾ

1.പന്ത്രണ്ടാമത്തെ കത്ത്

പോസ്റ്റ്ബോക്സിൽ നിന്ന് ശേഖരിച്ച മൂന്നോ നാലോ കത്തുകൾക്കിടയിൽ നിന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ പന്ത്രണ്ടാമത്തെ തവണ കിട്ടുന്ന മേൽവിലാസമില്ലാത്ത ആ കത്തിലേക്ക് നോക്കി പോസ്റ്റ്മാൻ വളരെനേരം അങ്ങനെ നിന്നു. അത്രയും നേരത്തേക്ക് അയാൾ മണിക്കൂറുകൾ പലതായി തന്റെ കുടലിൽ ആരവത്തോടെ കൊട്ടിക്കയറുന്ന വിശപ്പിനെ പാടേയങ്ങ് മറന്നുപോയി. വൃത്തിയായി ഒട്ടിച്ച തവിട്ട് നിറമുള്ള കവറിന്റെ വലതുഭാഗത്ത് മുകളിൽ ഫ്രം എന്നതിനു താഴെയായി പതിവുപോലെ 'Chandralekha Junior' എന്ന് കറുത്ത ബോൾഡ്പെൻ മഷിയിൽ സുന്ദരമായ കൈയക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു. അയാൾ റ്റു അഡ്രസിലേക്ക് നോക്കി.
‘Chandralekha K
The Best Mother of the World’
എല്ലാം പതിവുപോലെ. എന്നിട്ടും പോസ്റ്റ്മാന്റെ വിറയ്ക്കുന്ന വിയർത്ത കൈകൾക്കുള്ളിലിരുന്ന് അടിയൊഴുക്കേറിയൊരു പുഴയോളത്തിൽ വീണ കുരുന്നില കണക്കെ ആ കത്ത് നനഞ്ഞ്, ഉലഞ്ഞ്, നിലവിളിക്കാൻ തുടങ്ങി. ചില്ലയിലേക്ക് തിരിച്ചുപോകാനുള്ള അതിന്റെ വിലാപത്തിൽ വഴി കാണിക്കാനുള്ള ബാധ്യത പുഴയ്ക്കുണ്ടെന്ന് എന്തുകൊണ്ടോ ഇത്തവണ ആദ്യമായി അയാൾക്ക് തോന്നി.

അതുകൊണ്ടാണ് എവിടെയാണെന്നോ എന്താണെന്നോ മനസ്സിലാക്കാൻ കഴിയാത്ത ‘ലോകത്തെ ഏറ്റവും മികച്ച അമ്മ’യാവുന്ന ഈ വിശേഷസ്വീകർത്താവിലേക്ക് സഹനത്തിന്റെ (അതോ ആനന്ദത്തിന്റെയോ) ഏത് നിഗൂഢവഴികൾ താണ്ടിയാണ് താനീ പന്ത്രണ്ട് കത്തുകൾ എത്തിക്കേണ്ടത് എന്ന വിവശതയുടെ പാരമ്യത്തിലും അയാൾ നിസ്സന്ദേഹം ആ കത്ത് പൊട്ടിച്ച് വായിക്കാൻ തുടങ്ങിയതും.

‘അമ്മാ... അമ്മാ... അമ്മാ...
പ്രിയപ്പെട്ട നിലാവെളിച്ചമേ...
എന്റെ വിളി കേൾക്കുന്നുണ്ടോ?...’

2.ചന്ദനത്തിരികളുടെ ഗന്ധം

രു രാപ്പാടിയുടെ നിർത്താതെയുള്ള പാട്ട് കേട്ടാണ് ഞാനിന്ന് ഉറക്കമുണർന്നത്. പുലർച്ചെ നാലര ആയിക്കാണും. എന്തിനാണ് ഇത്ര നേരത്തേ ഈ പക്ഷിയിങ്ങനെ. എഴുന്നേറ്റു നോക്കിയപ്പോൾ കാണാനില്ല. ഒരുപക്ഷേ എനിയ്ക്ക് തോന്നിയതാവണം. അല്ല. തോന്നിയതാവില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാനീ പക്ഷികളെ, സത്യത്തിൽ ഒരു പക്ഷിയാണ്, ആവർത്തിച്ചു കാണുന്നു. എന്റെ ബാൽക്കണിയുടെ ഇടതുവശത്തെ ചുമരിനുമുകളിൽ അത് കൂടുകൂട്ടിയിരിക്കയാണ്. കൂട്ടിൽ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുണ്ട്. ചിലപ്പോഴൊക്കെ അമ്മയെ വിളിച്ചുള്ള പക്ഷിക്കുഞ്ഞുങ്ങളുടെ പരിഭ്രമം പുരണ്ട രോദനവും ഞാൻ കേൾക്കാറുണ്ട്.

വിനോദ് പറയുന്നത് ഇതൊക്കെ എന്റെ ഭാവനയാണെന്നാണ്. രാപ്പാടികൾ കേരളത്തിൽ അത്ര സുലഭമല്ലത്രെ. അതും ഇതുപോലൊരു മെട്രോപൊളിറ്റൻ നഗരത്തിൽ. ‘ഭ്രാന്ത്’ എന്ന വാക്കിന്റെ മുള്ളിനെ സ്വൽപ്പം മധുരത്തിൽ പൊതിഞ്ഞ് അയാൾ ‘ഭാവന’ എന്ന് എന്റെയടുക്കൽ തീർത്തും ഉദാരമതിയാവുന്നു! ഹാ…

സമയം ആറരയോടടുക്കുന്നു. ഞാൻ ശ്രീബാലാജി ഹോട്ടലിൽ പ്രഭാതഭക്ഷണത്തിനായി ഓർഡർ കൊടുത്ത് കാത്തിരിക്കയാണ്.

എന്റെ വാടകവീട് നിൽക്കുന്നത് ഒരു കോളനിയിലാണ്. ഇവിടെ താഴത്തെ രണ്ടു നിലകളിലായി തമിഴ് കുടുംബങ്ങളാണ് താമസിക്കുന്നത്. ഏറ്റവും താഴത്തെ കുടുംബത്തിലെ ചേച്ചിയുടെ ഭർത്താവ് കടവന്ത്ര കവലയിൽ ബജിക്കച്ചവടമാണ് ചെയ്യുന്നത്. ഞാനവിടെ നിന്നും ഒരുപാട് ബജികൾ കഴിച്ചിട്ടുണ്ട്. മുട്ടബജി, കായബജി, മുളക് ബജി. ഇപ്പോൾ കഴിക്കാറില്ല. ഒരേ എണ്ണ ആവർത്തിച്ച് തിളപ്പിച്ച് പൊരിച്ചെടുക്കുന്ന ഭക്ഷണസാധനങ്ങൾ അർബുദത്തിന് കാരണമാവുന്നെന്ന് ഈയിടെ വായിച്ചു. എനിക്കിപ്പോൾ എല്ലാത്തിനെയും പേടിയാണ്. എല്ലാത്തിനെയും. ഞാനറിഞ്ഞിട്ടുള്ളതിൽ വെച്ച് ഏറ്റവും ക്രൂരമായ അസുഖമാണ്.

ചേച്ചി ഇഡ്ഡലിപ്പാത്രം മുന്നിൽ വെച്ചപ്പോൾ ചൂടുള്ള സാമ്പാറിൽ മുക്കി ഓരോ ചെറിയ കഷണങ്ങളായി സ്വാദോടെ നുണഞ്ഞ് കഴിക്കാൻ തുടങ്ങി. ഭക്ഷണസമയങ്ങളിൽ കണ്ണുകൾ പൂർണ്ണമായടച്ച്, ചുറ്റുമുള്ള സകല ശബ്ദങ്ങളെയും തുരത്തിയോടിച്ച്, അതിലെ ചേരുവകളിലേക്ക് മാത്രമായി മുങ്ങാങ്കുഴിയിടുക എന്റെ പ്രിയപ്പെട്ട വിനോദമാണ്. പരിപ്പ്, മല്ലിച്ചപ്പ്, പുതിനയില, വെളിച്ചെണ്ണ, പെരുങ്കായം...

ഞങ്ങളുടെ കോളനിയിൽ ഇരുവശത്തുമായി ഉയർന്നുനിൽക്കുന്ന തിങ്ങിഞെരുങ്ങിയ വീടുകളിൽ ഒരുപാട് തമിഴർ, മലയാളികൾ, ഉത്തരേന്ത്യക്കാർ, അതിൽത്തന്നെ ബജികൾ വിൽക്കുന്നവർ, ഹോട്ടൽ സപ്ലയേഴ്സ്, വിദ്യാർത്ഥികൾ, മഞ്ചട്ടി വിൽപ്പനക്കാർ, ഓവുചാൽ കോരുന്നവർ, പട്ടികൾ, പൂച്ചകൾ, ധാരാളം എലികൾ, ഞാൻ...

അളവിലേറെ കൊഴുപ്പടിഞ്ഞുകൂടിയുണ്ടായ അമിതവണ്ണം കുറയ്ക്കാനായി വ്യായാമത്തിലേർപ്പെട്ട സ്വയംസ്നേഹികളായ പെരുച്ചാഴികൾ മനുഷ്യർനടന്നുപോകുന്ന വഴിയേ ഭയമേതുമില്ലാതെ മുന്നിൽക്കൂടെ വിലങ്ങനെ പായും. ഒരിക്കൽപ്പോലും ഇവിടെ പൂച്ചകൾ എലികളെ പിടിക്കുന്നത് കണ്ടിട്ടില്ല. എന്തതിശയം! ഞാൻ ജീവിക്കുന്ന ലോകത്ത് ആഹാരമോ ആഹാരിയോ ഇല്ല. ഒരുപക്ഷേ സകലതും ആഹാരങ്ങൾ. അല്ലെങ്കിൽ സകലതും ആഹാരികൾ. സ്ഥല-കാല-സന്ദർഭങ്ങൾക്ക് വിധേയപ്പെട്ട് ഏത് വേണമെന്ന് തീരുമാനിക്കപ്പെടുന്നു. (ആരാണ് തീരുമാനിക്കുന്നത്?)

എന്റെ ജനലിലൂടെ എതിർവശത്തേക്ക് നോക്കുമ്പോൾ കാണുന്ന ടെറസിലിരുന്ന് രാവിലെ മുതൽ അന്തിയാവോളം മൗനവ്രതം ചെയ്യുന്ന വിഷാദിയായ പെൺപൂച്ചയെ ഇതിലൊരെലി തിന്നുകളയുമോയെന്ന് ഞാൻ ആശങ്കപ്പെടുന്നു. ആ പൂച്ചയെ പലപ്പോഴും എനിയ്ക്ക് ഞാനായിത്തന്നെ തോന്നാറുണ്ട്. ഒരുപക്ഷേ എന്നത്തെയും പോലെ ലക്ഷ്യമില്ലാതെ നിരത്തിലൂടെ നടന്നുപോകവേ മുഴുത്ത ഒരെലി പാടേ വിഴുങ്ങിയാവണം നാളെ ഞാനും കൊല്ലപ്പെടാൻ പോകുന്നത്!

ചേട്ടൻ മൊബൈലിൽ ഒരു ഹൈന്ദവഭക്തിഗാനം ഓൺ ചെയ്തു. ഗാനം അര മിനിറ്റോടടുത്തപ്പോഴേക്കും കയറിവന്ന ‘റെഡി ടു കുക്ക്’ ചിക്കന്റെ പരസ്യത്തോട് പുരികം കൂർപ്പിച്ചു.

വൈകുന്നേരങ്ങളിൽ ലോകത്തെ എല്ലാ ദൈവങ്ങളും ഈ തെരുവിൽ അദൃശ്യരായി ഒത്തുകൂടാറുണ്ട്. കോളനിവഴിയിലൂടെ നടന്നു വരുമ്പോൾ കേൾക്കാം ചിലയിടങ്ങളിൽ നിന്ന് ക്രിസ്തീയ ഭക്തിഗാനങ്ങൾ, മറുഭാഗത്ത് കീർത്തനങ്ങൾ, ചിലപ്പോൾ അകലെ നിന്ന് വാങ്ക് വിളി.. ഒരിക്കലെങ്കിലും ദൈവത്തെയൊന്ന് കാണാൻ കാത്തിരിക്കയാണ് ഞാൻ. ചിലത് ചോദിക്കാനുണ്ട്. ചിലത് പറയാനും. പലതവണയായി കാണണ....

ചന്ദനത്തിരിയുടെ മണം! എരിയുന്ന ചന്ദനത്തിരിയുടെ രൂക്ഷമായ അതേ മണം! എനിയ്ക്ക് ശ്വാസം മുട്ടുന്നു. കടയിൽ തൂക്കിയിട്ടിരിക്കുന്ന സുവർണചിത്രങ്ങളുടെ ഓരത്ത് ഒന്നിനുപിറകെ ഒന്നായി കൊളുത്തപ്പെടുന്ന ശപിക്കപ്പെട്ട നശിച്ച ചന്ദനത്തിരികൾ. വായിന്റെയും കുടലിന്റെയും നടുവിലെവിടെയോ താഴോട്ട് ചെല്ലാനാവാതെ സ്വാദോടിറക്കിയ ഇഡ്ഡലിക്കഷണങ്ങൾ നിസ്സഹായരായി തടഞ്ഞുനിൽക്കുന്നു.. പിടികിട്ടാതെപോയ ഏതോ കയ്പുരസം വായിലേക്ക് തികട്ടിക്കയറാൻ തുടങ്ങുന്നു.. ശ്വാസം...

ഏറ്റവും ദുരന്തപൂർണമായ രാത്രിയ്ക്കുശേഷം ഫ്രീസറിന്റെ ചില്ലുകൂട് ആരോ കനക്കെ തുറന്നു. ഞാനെന്റെ വിറയ്ക്കുന്ന വിരലുകൾ കൊണ്ട് അലിവോടെ പതിയെ അമ്മയുടെ മുഖത്ത് തൊട്ടു. കല്ല് പോലെ! എനിയ്ക്ക് കരച്ചിൽ വന്നു. പാവം, അമ്മയ്ക്ക് ഒരുപാട്… ഒരുപാട്… തണുത്തിരിക്കണം… വിറങ്ങലിച്ചിരിക്കണം…

കൺപോളയുടെ മുകളിലും പുരികത്തിലും അവിടവിടെയായി പറ്റിപ്പിടിച്ചിരിക്കുന്ന വെളുത്ത നൂൽക്കഷണങ്ങൾ സൂക്ഷ്മതയോടെ എടുത്തുമാറ്റി. ഞങ്ങൾ കുഞ്ഞുങ്ങളായിരിക്കേ, ‘മരിച്ചോര്ടെ തലേലാ വെള്ള നൂലിടുവാ പിള്ളേരേ’ എന്ന് അമ്മമ്മ ചെവി പൊട്ടുമാറ് ശകാരിക്കുന്നു. ഇതെങ്ങനെയാണിവിടെ വന്നത്? അമ്മമ്മ കാണുന്നില്ലേ? പഞ്ഞികൊണ്ട് മുക്കിത്തുടച്ചപ്പോൾ.. ആരാണ് ശുദ്ധിവരുത്താൻ ശ്രമിച്ചത്? ശരീരത്തിലോ മനസ്സിലോ ആത്മാവിലോ ഒരു നേർത്ത അഴുക്കുപോലും പുരളാത്ത എന്റെ അമ്മ. സ്നേഹിക്കാൻ മാത്രമറിയുന്ന, ഞങ്ങളുടെ... ചന്ദനത്തിരികൾ വാശിയോടെ എരിഞ്ഞു കത്തുന്നു... എന്റെ നഷ്ടങ്ങളുടെ, വേദനകളുടെ.. രാപ്പാടിക്കുഞ്ഞുങ്ങൾ നിർത്താതെ കരയുന്നുണ്ട്...

ഞാൻ കടയിൽനിന്നും ഇറങ്ങിയോടി. പിറകിൽ നിന്ന് ചേട്ടൻ 'പൈസ.. പൈസ' എന്ന് വിളിച്ചു പറയുന്നുണ്ടായിരിക്കണം. ഞാൻ കേട്ടില്ല, കേട്ടതേയില്ലാ… എവിടെയാണ് ഓവുചാലുകൾ? പറയൂ, തീട്ടത്തിന്റെ നാറ്റംപേറുന്ന ഉറഞ്ഞ് കൊഴുത്ത ഓവുചാലുകൾ?

3.പാറ്റ

ഞാനിപ്പോൾ എന്റെ വലതുകാലിന്റെ തള്ളവിരൽ കയറിയിറങ്ങി കുളിമുറിയുടെ ഇടത്തേ മൂലയിലേക്ക് പോകുന്ന ഒരു പാറ്റയെ വളരെ നേരമായി നോക്കിയിരിക്കുന്നു. ഒരുപക്ഷേ ഇത് അമ്മയാണോയെന്ന് ഞാൻ സംശയിക്കുന്നു.

അമ്മയെ വിളിച്ച് കരഞ്ഞ കഴിഞ്ഞ കുറേ രാത്രികളിൽ, പകലുകളിൽ - ചുവരിന്റെ മൂലയിലൂടെ, എന്റെ എഴുത്തുമേശയിൽ നിന്നും താഴേക്ക് വീണുകിടക്കുന്ന ലാപ്ടോപ്പ് കേബിളിലൂടെ, മുന്നിൽ പ്രകാശം കിട്ടാതെ മഞ്ഞച്ചുപോയ മണിപ്ലാന്റ് ചെടിയുടെ വലതുഭാഗത്ത് ഇതുവരെ തുറന്നു നോക്കിയിട്ടില്ലാത്ത പുസ്തകക്കെട്ടുകൾക്കിടയിലൂടെ നിശ്ശബ്ദം ഒരു പാറ്റ ഓടിനടക്കുന്നത് ഞാൻ കണ്ടതാണ്. നിലവിളിച്ച് ഞാൻ കരയുമ്പോഴൊന്നും അമ്മ എന്റെ വിളി കേൾക്കാതിരുന്നിട്ടില്ല. സത്യത്തിൽ എനിയ്ക്ക് നിലവിളിക്കേണ്ടിയെ വന്നിട്ടില്ലല്ലോ. എന്തെങ്കിലും കാരണം കൊണ്ട് മനസ്സ് നീറിപ്പുകയാൻ തുടങ്ങുന്ന മാത്രയിൽ ഫോണിൽ അമ്മയുടെ കോൾ തെളിയും. അത് എങ്ങനെയാണെന്നാലോചിച്ച്പലപ്പോഴും ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്. അമ്മയ്ക്ക് ഇതെങ്ങനെ സാധിക്കുന്നു? ഞാനൊന്നും പറയാതെ, ഒരു സൂചന പോലും കൊടുക്കാതെയും, എത്ര സുതാര്യമായി അമ്മയെന്നെ മനസ്സിലാക്കുന്നു. പിന്നെങ്ങനെയാണ് ഇപ്പോൾ മാത്രം അമ്മയ്ക്ക് എന്നെ പാടേ അവഗണിക്കാൻ കഴിയുക? ഇല്ല.

‘അമ്മേ.. അമ്മേ’ യെന്ന് ഓരോ തവണ ഞാൻ നിലവിളിച്ച് കരയുമ്പോഴും അദൃശ്യമായ ഏതോ മറയുടെ പിന്നിൽനിന്ന്, എന്റെ അറിവിനും കഴിവിനും അപ്പുറത്തുള്ള ഏതോ ലോകത്തുനിന്ന്, ഒരുപക്ഷേ എന്റെ തൊട്ടടുത്ത്, വളരെ തൊട്ടടുത്ത് നിന്ന് ‘അക്കപ്പനേ, മോനേ, കരയണ്ടടാ...’ എന്ന് അമ്മ ആവർത്തിച്ചു പറയുന്നുണ്ടാവണം. ‘നീയെന്നെ കേൾക്കുന്നില്ലേ’ എന്ന് വേദനയോടെ ഉരുകി മുറിയുന്നുണ്ടാവണം. എനിയ്ക്ക് കരച്ചിൽ വരുന്നൂ.

അമ്മാ, ഒരു മൺതരിയോളം ചെറിയവളാണ് ഞാൻ. അല്ല, അതിന്റെ നൂറായിരം പകുപ്പുകളിൽ ഒന്നിനോളം. പ്രകടമാക്കാൻ കഴിയാതെ പോകുന്ന സ്നേഹമാണ് ഈ ലോകത്തെ ഏറ്റവും വലിയ വേദനയെന്ന് എന്റെ ഹൃദയം ചുടുരക്തം ചിന്തുന്നു. ഈ സ്നേഹഭാരത്തിന്റെ കുരിശും പേറി മരണമെന്ന മൊട്ടക്കുന്നിന്റെ മുനമ്പ് വരെയും നിർത്താതെ അണയ്ക്കാൻ ശപിക്കപ്പെട്ടവൾ. ദൈവപുത്രനെപ്പോലെ പരിശുദ്ധയല്ല ഞാൻ. പാപം ചെയ്തിരിക്കുന്നു. സ്നേഹരാഹിത്യമല്ല, അവഗണനയാണ് എന്റെ പാപം. ഒളിച്ചോട്ടമാണ്. കൊടുംപാപത്തിന്റെ ഈ കുരിശുംപേറി 'അമ്മേ, അമ്മേ. എവിടെയാണെ'ന്ന് എന്റെ രാത്രികൾ, പകലുകൾ, ജീവന്റെ ഓരോ കണികയും, അവസാനിക്കാത്ത വിലാപഗീതങ്ങളാകുന്നു. അമ്മയെനിക്ക് മാപ്പ് തരുമോ?

‘എടീ, വേഗം ഇറങ്ങേ. എനിക്കൂടെ ഒന്ന് പോണേരുന്നു’, വിനോദ് അക്ഷമയോടെ വാതിലിൽ തട്ടുകയാണ്.
‘നീയിതൊന്നും നോക്ക്ന്നില്ലേ? എന്തോരം പാറ്റകളാ ഇവിടെ. അസുഖം വരുത്തിവെക്കാൻ വേറൊന്നും വേണ്ട. വൈന്നേരം പൊറത്ത് പോവുമ്പോ ഒരു ഹിറ്റ് വാങ്ങാനോർമ്മിപ്പിക്കണേ.’
അരുത്, അരുത്, ഇതെന്റെ...

4.പന്ത്രണ്ടാമത്തെ കത്ത് (2)

ഓരോ ദിവസം കഴിയുന്തോറും ഞാൻ അമ്മയെ മറന്നുപോകുമോയെന്ന് എനിയ്ക്ക് വല്ലാത്ത ഭയം തോന്നും. അപ്പോഴെല്ലാം കൂടുതൽ കൂടുതൽ വാശിയോടെ ഞാൻ അമ്മയെ ഓർത്തെടുക്കും. അമ്മയുടെ മുഖം, ചിരി, ശബ്ദം, വാക്കുകളിലെ സാന്ത്വനം, …

ഇപ്പോൾ മരിച്ചവരുടെ ലോകത്തെ എനിയ്ക്ക് തീരെ ഭയമില്ലാതായിരിക്കുന്നു. മറ്റൊരർത്ഥത്തിൽ ഞാനാ ലോകത്തെ വളരെയധികം സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.

ഇരുട്ട് മുറിയിൽ ഉറക്കം വരാതെ കണ്ണു തുറന്ന് കിടക്കുമ്പോൾ ‘അക്കപ്പനേ, മോനേ’യെന്ന് വിളിച്ചുകൊണ്ട് പെട്ടെന്നമ്മയെന്റെ മുന്നിൽ വന്നുനിന്നാൽ ഞാൻ പേടിക്കുമോയെന്ന് ചിന്തിച്ചപ്പോഴെല്ലാം എനിയ്ക്ക് കരച്ചിൽ വന്നു. ഒരുപക്ഷേ എന്റെ ചിന്തകളെപ്പോലും വായിച്ചെടുക്കാനുള്ള മാന്ത്രികശക്തി അമ്മയ്ക്കിപ്പോളുണ്ടായിരിക്കണം.
‘ഇല്ലമ്മാ.. ഒരിക്കലുമില്ലെ’ന്ന് ഞാൻ കരഞ്ഞ് ആണയിട്ടുകൊണ്ടിരുന്നു. ‘ഞാനോടിവരും. കെട്ടിപ്പിടിയ്ക്കും. തുരുതുരെ ഉമ്മകൾ തരും.’ ചിന്തകളെ മനസ്സിലാക്കാൻ കഴിയുമെങ്കിൽ അമ്മയ്ക്ക് ഇതും മനസ്സിലാവുമെന്ന് എനിയ്ക്കറിയാം.

മുന്നിലേക്ക് വരുന്നേരം ചിലപ്പോൾ അമ്മയ്ക്ക് രൂപമേ ഉണ്ടായിരിക്കയില്ല. പക്ഷേ എനിയ്ക്ക് കാണാനാവുന്ന അമ്മയുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ പറയും, എത്രെയെത്ര.. എത്രയെത്ര.. എനിയ്ക്ക് സ്നേഹമാണെന്ന്.
അമ്മയ്ക്ക് ശബ്ദവുമുണ്ടായേക്കില്ല. പക്ഷേ അമ്മയ്ക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ഞാൻ ആർത്തലച്ച് കരയും. എന്നെക്കൂടെ കൊണ്ടുപോകാമോയെന്ന് ചോദിക്കും. എന്നെയുറക്കിക്കിടത്തി ഇനിയും പൊയ്ക്കളയുമോയെന്ന് വിടാതെ മുറുകെപ്പിടിക്കും. അമ്മ വരും. ഉറപ്പായും വരും. എങ്ങനെയാണ് അമ്മയ്ക്കെന്നെ കാണാതിരിക്കാൻ കഴിയുക? എന്നോട് മിണ്ടാതിരിക്കാൻ? ആർത്തലച്ച് ഞാനിങ്ങനെ കരയുമ്പോൾ എന്നെ വന്ന് മുറുകെ കെട്ടിപ്പിടിക്കാതിരിക്കാൻ? ‘പോട്ടേ മോനേ’യെന്ന് നെറുകയിലോരൊറ്റയുമ്മ കൊണ്ട് പാടേ തണുപ്പിക്കാതിരിക്കാൻ?

മേശവലിപ്പിൽ നിന്ന് കടലാസുകളെടുത്ത് ഞാനെഴുതാൻ തുടങ്ങുന്നു. അമ്മയ്ക്കുള്ള എന്റെ എത്രാമത്തെയോ എഴുത്ത്.

‘അമ്മാ... അമ്മാ... അമ്മാ...
പ്രിയപ്പെട്ട നിലാവെളിച്ചമേ...
എന്റെ വിളി കേൾക്കുന്നുണ്ടോ?...’

5.കൂടിക്കാഴ്ച

ന്ന് വൈകുന്നേരം അസ്തമയം കാണാനെത്തിയ മറൈൻ ഡ്രൈവിലെ ജനസാഗരത്തിനിടയിലൂടെ നടന്നുകൊണ്ടിരിക്കേയാണ് അവിചാരിതമായി ഞാൻ അമ്മയെ കണ്ടത്. ഞാൻ നോക്കുമ്പോൾ എതിർവശത്തുനിന്നും ജ്യൂ സ്ട്രീറ്റിലേക്ക് കടക്കുന്ന വഴിയിലൂടെ ഇടതുകൈയിൽ കറുത്ത ഹാൻഡ്ബാഗും വലതുകൈയിൽ കുടയും ചൂടി അമ്മ അതിവേഗം നടന്നുപോവുകയായിരുന്നു. എനിയ്ക്ക് ആലോചിച്ചു നിൽക്കാൻ സമയമുണ്ടായിരുന്നില്ല. ആളുകളെ തട്ടിമാറ്റി, പരക്കം പായുന്ന വണ്ടികളെ വകവെയ്ക്കാതെ, റോഡുമുറിച്ചുകടന്ന് ഞാൻ ഓടി. അമ്മയെന്റെ കാഴ്ചയിൽ നിന്നും അജ്ഞാതമായ വഴിയേ ഒരിക്കൽക്കൂടെ അപ്രത്യക്ഷയായിക്കളഞ്ഞേക്കുമോയെന്ന് ഞാൻ പേടിച്ചു. ദൂരെ ഒരു മിന്നായം പോലെ അമ്മയുടെ കുട അകന്നുപോകുന്നത് കണ്ടപ്പോൾ എനിയ്ക്ക് അടുത്തെത്താനാകുമെന്ന് പ്രതീക്ഷ തോന്നി. ഓടുന്നതിനിടയിൽ ഞാൻ ഉച്ചത്തിൽ ‘അമ്മാ..’ എന്ന് വിളിച്ചുകൊണ്ടേയിരുന്നു. ജനത്തിരക്കിൽ അമ്മയത് കേട്ടില്ല. നിരത്തിലെ മുഴുവൻ ആളുകളും എന്നെ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. അല്ലെങ്കിൽ ആരും എന്നെ ശ്രദ്ധിച്ചിരുന്നതേയില്ല. എനിയ്ക്ക് കാണാൻ കഴിഞ്ഞില്ല. കരിമ്പ് ജ്യൂസിന്റെ, മധുരപലഹാരങ്ങളുടെ, ഗ്രാമ്പൂവിന്റെയും കട്ടിത്തേയിലയുടെയും, ഇഴചേർന്ന കടുത്ത മണങ്ങൾ പേറുന്ന കടകളുടെ ഇടയിലൂടെ ഞാൻ ഏതോ കുട്ടി തൊടുത്തുവിട്ട പല നിറങ്ങളുള്ളൊരു നീർക്കുമിള പോലെ ഇടനെഞ്ചിൽ അർദ്ധപ്രാണനും പേറി ഭാരം നഷ്ടപ്പെട്ട് കുതറിപ്പാഞ്ഞുകൊണ്ടിരുന്നു.

മധുരപലഹാരങ്ങൾക്കിടയിൽ മഞ്ഞ ജിലേബികൾ. അമ്മയ്ക്ക് മഞ്ഞ ജിലേബി വളരെ ഇഷ്ടമാണ്. ഒരിയ്ക്കൽ എന്നോട് മഞ്ഞ ജിലേബി തിന്നാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അന്ന് വൈകുന്നേരം വായനശാലയിൽ പോയി വരുന്ന വഴി ഞാൻ ജിലേബി മേടിച്ചു കൊടുത്തു. പക്ഷേ അത് ചുവന്ന ജിലേബി ആയിരുന്നു. അതിന് കട്ടി കൂടുതലാണ്. ഒരു ജിലേബിക്കഷ്ണം പോലും തൊണ്ടയിലൂടെ സുഗമമായി ഇറക്കാനുള്ള ആരോഗ്യം അന്ന് അമ്മയ്ക്കുണ്ടായിരുന്നില്ല. വേദനയോടെ അത് നീക്കിവെച്ച് അമ്മ പറഞ്ഞു -

‘ഇറക്കാൻ പറ്റുന്നില്ലെടാ, ഒരു കഷ്ണം അമ്മ കഴിച്ചു. ബാക്കി മോൻ തിന്നോ’, അമ്മയ്ക്ക് കഴിക്കാൻ കഴിയാത്ത ജിലേബിക്കഷണങ്ങൾ ഒന്നൊന്നായി ചവച്ച് തൊണ്ടയിലൂടെ ഇറക്കിക്കൊണ്ടിരുന്നപ്പോഴാണ് ജിലേബികൾക്കൊക്കെ കയ്പുരസമാണെന്ന് ഞാൻ ആദ്യമായി തിരിച്ചറിയുന്നത്. ഈ കയ്പ്പാണോ അമ്മയ്ക്ക് ഇഷ്ടമാണെന്ന് പറഞ്ഞത്?

അമ്മ കണ്മുന്നിൽ നിന്ന് മാഞ്ഞിട്ടില്ല.
സത്യത്തിൽ ഇപ്പോൾ എനിയ്ക്ക് കൂടുതൽ വ്യക്തമായി കാണാം. ഇപ്പോൾ അമ്മ സെന്റർ സ്ക്വയർ മാളിലേക്ക് തിരിയുന്ന വലത്തോട്ടുള്ള മെയിൻറോഡിലേക്ക് കയറി. ജിലേബി വാങ്ങണോ? അമ്മയുടെ വയ്യായ്ക ഒക്കെ മാറിയിട്ടുണ്ടാകാൻ സമയമായി. തൊണ്ടയിലെ മുറിവുകൾ പാടേ ഉണങ്ങിയിട്ടുണ്ടാകും. പക്ഷേ ഇതും വാങ്ങി ഇവിടെ നിന്നാൽ അമ്മയെ ചിലപ്പോ കാണാൻ പറ്റിയേക്കില്ല. കണ്ടിട്ട് ഈ വഴി കൂട്ടിക്കൊണ്ടുവരണം. ഓറഞ്ചല്ല- മഞ്ഞ ജിലേബി തന്നെ മേടിച്ചുകൊടുക്കണം. എന്നിട്ട് അത് ആസ്വദിച്ച് കഴിക്കുന്നത് കൺനിറയെ, കൺനിറയെ കാണണം.

സെന്റർ സ്ക്വയറിന്റെ താഴെ എതിർവശത്തായുള്ള കോഫീ ടേബിൾ കഫേയിലേക്കാണ് അമ്മ കയറിയത്. ചില്ലുവാതിൽ തുറന്ന് വിയർത്തൊലിച്ച് കിതപ്പോടെ ഞാൻ അകത്തേക്ക് കയറുമ്പോൾ റിസപ്ഷനിസ്റ്റുകളും പോളിഷ്ഡ് കാപ്പി കുടിക്കാനായി വന്നിരിക്കുന്ന മറ്റ് കസ്റ്റമേഴ്സും അവജ്ഞയോടെ എന്നെ നോക്കുന്നത് ഞാൻ കണ്ടതേയില്ല. അമ്മയിരിക്കുന്ന വലതു വശത്ത് ഫ്രണ്ടിൽ നിന്നും രണ്ടാമത്തെ ടേബിളിന്റെ അടുത്തേക്ക് ഞാൻ കനപ്പെട്ട് നടന്നു. അമ്മ തൊട്ടുമുന്നിലെ ഒരു സ്ത്രീയോടും അവരുടെ അടുത്തിരിക്കുന്ന ആറ് ഏഴുവയസ്സ് തോന്നിക്കുന്ന ആൺകുട്ടിയോടും എന്തെല്ലാമോ സംസാരിക്കുകയാണ്. അവർ ആരെന്ന് എനിക്കറിയില്ല. ചിലപ്പോൾ അമ്മയുടെ പഴയ കൂട്ടുകാരി ആയിരിക്കാം.

‘അമ്മാ…’
വേദനയോടെ, സന്തോഷാധിക്യത്തോടെ ഞാൻ വിളിച്ചു. അമ്മ അവിശ്വാസത്തോടെ എന്നെ തിരിഞ്ഞുനോക്കി, ആശ്ചര്യപ്പെട്ടു. ഞാൻ തൊട്ടടുത്തുള്ള ടേബിളിന്റെ അരികിൽ നിന്നും വലിയ ശബ്ദത്തോടെ കസേര നിരക്കി അമ്മയുടെ അടുത്തേക്ക് വലിച്ചിട്ടു. അതിലിരുന്നു.

‘അമ്മാ..’
അമ്മയൊന്നും മിണ്ടിയില്ല.
ശാന്തമായി എന്റെ മുഖത്തേക്ക് കുറച്ചുനേരം നോക്കിയിരുന്നു. ഞാൻ അമ്മയുടെയും.
‘അമ്മാ..’
ഇടർച്ചയോടെ ഞാൻ വീണ്ടും വിളിച്ചു. ഞാൻ ഈ മനുഷ്യരുടെ ഇടയിൽനിന്ന് പൊട്ടിക്കരഞ്ഞുപോയേക്കുമോയെന്ന് എനിയ്ക്ക് ഭയം തോന്നി.
‘എവിടെയായിരുന്നു ഇതുവരെ? എന്താ എന്റടുത്തേക്ക് വരാതിരുന്നത്.?’
അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അമ്മ പറഞ്ഞു,‘കുട്ടീ.. ഞാൻ നിന്റെ അമ്മയല്ല!’

‘കുട്ടീ...’, ഞാൻ നിശ്ശബ്ദമായി എഴുന്നേറ്റു. ചില്ലുവാതിൽ തുറന്ന് പുറത്തേക്ക് നടന്നു. ആ കൊച്ചുപയ്യൻ അവരെ ചുറ്റിപ്പിടിച്ച് ‘അമ്മേ’യെന്ന് ഉറക്കെ കരയാൻ തുടങ്ങിയിരുന്നത് എനിയ്ക്ക് കേൾക്കാം. അണവെട്ടിയ പോലെ കവിൾത്തടങ്ങളിലൂടെ കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു. എനിയ്ക്ക് ചിരി വന്നു. ഞാൻ ഉറക്കെയുറക്കെ ചിരിച്ചു. ഉറക്കെയുറക്കെയുറക്കെ ചിരിച്ചു. ജ്യൂ സ്ട്രീറ്റിലെ നൂറ്റിച്ചില്വാനം ജനങ്ങളുടെ കടലിരമ്പത്തിൽ എന്റെ ചിരിശബ്ദം മുങ്ങിമുങ്ങിത്താണ് ശ്വാസം മുട്ടി പിടഞ്ഞു പിടഞ്ഞ്.. അങ്ങകലെ തെരുവിൽ കുട്ടികൾ ഊതിവിടുന്ന നീർക്കുമിളകൾ വായുവിൽ അവശേഷിപ്പുകളില്ലാതെ പൊട്ടിത്തകർന്നുകൊണ്ടേയിരിക്കുന്നു..

6.കടംകഥ

ളം ചൂടുവെള്ളത്തിൽ തോർത്ത് മുക്കിയെടുത്ത് ശ്രദ്ധയോടെ തുടച്ചുകൊണ്ടിരിക്കുമ്പോഴാണ് വനജ പെട്ടെന്ന് നിലവിളിക്കാൻ തുടങ്ങിയത്.

‘ആവൂ... എന്റെ കാലിന്റെ ഉപ്പൂറ്റി... സൂചി കുത്ത്ന്ന പോലെ… ഒന്ന് നോക്കൂ... എന്താ അവ്ടേന്ന് ഒന്ന് നോക്കൂ’, നിവർത്തിവെച്ച തലയിണയോട് ചാരിയിരുന്ന് സഹിക്കാനാവാത്ത വേദനയിൽ ദയനീയമായി ഞരങ്ങുന്നതിനിടെ അവർ വലതുകാലിലേക്ക് ചൂണ്ടി. പോസ്റ്റ്മാൻ അമ്പരപ്പോടെ അവരെ നോക്കി. അയാളവരുടെ കാൽമുട്ടിന് മുകളിൽ അരുമയോടെ കൈചേർത്തു.
‘അവ്ടെയല്ല.. താഴെ.. ഉപ്പൂറ്റിയില്.. പറഞ്ഞില്ലേ.. ഹോ.. ഒന്നു നോക്കൂ....’
വേദനയോടെ, വെറുപ്പോടെ വനജ വീണ്ടും നിലവിളിച്ചു.

ഏഴ് വർഷം മുൻപ് മുട്ടിനു താഴേക്ക് മുറിച്ച് നീക്കേണ്ടി വന്ന അവരുടെ വലതുകാലിന്റെ ശൂന്യതയിലേക്ക് പോസ്റ്റ്മാൻ തീർത്തും നിസ്സഹായനായി, പരാജിതനായി നോക്കിനിന്നു. എവിടെ വേദനിക്കുന്നുവെന്നാണ് വനജ പറയുന്നത്? എവിടെ...?

7.ഒരു മണ്ണിരയും ഉറുമ്പുകളുടെ കൂട്ടവും

ന്ധ്യ.
ഞാനും വിനോദും കോളേജ് ഹോസ്റ്റലിന്റെ വരാന്തയിൽ നിന്ന് മുറ്റത്തേക്ക് കാലുനീട്ടിയിരിക്കുന്നു. ഇവിടെ പതിമൂന്നാം നമ്പർ മുറിയാണ് എന്റേത്. പതിമൂന്ന് എന്റെ പ്രിയപ്പെട്ട സംഖ്യയാണ്. അഡ്മിഷന് വന്നപ്പോൾ അമ്മ കൊണ്ടാക്കിയ ഇടം.

എന്തുകൊണ്ടാണ് ഒരു രാപ്പാടിയുടെ പാട്ട് ഇവിടെയുമെന്നെ പിന്തുടരുന്നതെന്ന് എനിയ്ക്കറിയില്ല. വിനോദിന് ഇത് കേൾക്കാൻ കഴിയുന്നുണ്ടാകുമോ? ഞാൻ ചോദിച്ചില്ല. ചിലപ്പോൾഭ്രാന്ത് തന്നയാവണം. ആവട്ടെ.

ഞങ്ങൾ സത്യത്തിൽ ഇവിടെ പഠനം പൂർത്തിയാക്കിക്കഴിഞ്ഞവരാണ്. സിനിമാ സംവിധാനമാണ് ഞങ്ങൾ പഠിച്ചത്. എന്റെ ഫൈനൽ ഇയർ ഡിപ്ലോമ ഫിലിമിന്റെ അവസാനഘട്ട മിനുക്കുപണികൾക്കും തുടർന്നുള്ള പ്രദർശനത്തിനുമായാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

‘അക്കപ്പന്റെ കൂടെ കോളേജിൽ ഒരിക്കൽ കൂടെ എനിക്ക് പോണം’ എന്ന് അമ്മ പറയുമായിരുന്നു. അമ്മയിപ്പോൾ കൂടെയുണ്ടായിരിക്കണം. ഉണ്ട്. രാപ്പാടികൾക്ക് എങ്ങനെയാണിത്ര മധുരമായി പാടാൻ കഴിയുന്നത്!

സന്ധ്യകൾ ഇത്രത്തോളം എനിയ്ക്ക് പ്രിയങ്കരമായതെങ്ങനെയെന്ന് അറിയില്ല. സന്ധ്യയ്ക്ക് വിഷാദമുഖമാണെന്ന് എവിടെയൊക്കെയോ കേട്ടിട്ടുണ്ട്. എന്റെ സ്ഥായീഭാവം വിഷാദമെന്നാണ് പലരും പറയുന്നത്. വിഷാദം കലർന്ന ഒരുതരം നിസ്സംഗത. സത്യമായിരിക്കണം. കണ്ണാടിയിൽ മുഖം നോക്കിയപ്പോഴൊക്കെ, അപൂർവമായി എടുക്കുന്ന ഫോട്ടോകളിലും, അങ്ങനെ തോന്നിയിട്ടുണ്ട്. ഈയിടെയായി ഞാൻ കണ്ണാടി നോക്കുന്നത് അമ്മയുമായുള്ള എന്റെ സാദൃശ്യങ്ങളെ കണ്ടെത്തുന്നതിനായി മാത്രമാണ്. അമ്മയെ വല്ലാതെ കാണാൻ തോന്നും. കണ്ണാടിയിലേക്ക് നോക്കി ഞാൻ പറയും - അമ്മയുടെ മൂക്ക്, അമ്മയുടെ മുടി, അമ്മയുടെ കണ്ണ്, അമ്മയുടെ കൈവിരലിലെ നഖങ്ങൾ, അമ്മ...

പുറത്ത് പതിയെ ഇരുട്ട് വീഴാൻ തുടങ്ങിയിരിക്കുന്നു. ഞങ്ങൾ വെളിച്ചമിട്ടിട്ടില്ല. ഇരുട്ടത്തിരിക്കുക ഏറെ പ്രിയങ്കരമാണ്. ഞാൻ ഇരുളാണ്. അമ്മ നിലാവും. ചന്ദ്രലേഖയുടെ മകൾ. നിലാവിന്റെ മകളാകുന്ന രാത്രി.

‘എന്തിനാ ചിരിക്കുന്നേ?’
‘ഹേയ്.. ഒന്നൂല്ല’
‘ക്യാന്റീനിന്ന് ഒരു ചായ കുടിച്ചിട്ടുവരാം വാ’
എഴുന്നേറ്റപ്പോൾ വലതുകാലിലെ ചെറുവിരലിൽ ഒരു ഉറുമ്പ് കടിച്ചു പിടിച്ചിരിക്കുന്നു. പറിച്ചെടുത്ത് അമർത്തിപ്പിടിച്ച് ദൂരെയെറിഞ്ഞു. ഉറുമ്പുകളോട് എനിയ്ക്ക് വെറുപ്പാണ്.

ഞാൻ നോക്കുമ്പോൾ അരണ്ട വെളിച്ചത്തിൽ ഉറുമ്പുകളുടെ ഒരു വലിയ വരി. അതങ്ങനെ ചെന്നുചെന്ന് മുറ്റത്ത് പ്രാണനുവേണ്ടി കിടന്ന് പിടയുന്ന മണ്ണിരയെ നാനാഭാഗത്തുനിന്നും നിർദയം കൊത്തിവലിച്ചുകൊണ്ടിരിക്കുന്നു. ചങ്കൊന്ന് കാളി, കനലിൽ കൊണ്ടതുപോലെ! ഒരു ചുള്ളിക്കമ്പെടുത്ത് മണ്ണിരയെ വേട്ടക്കാരിൽ നിന്നും പതിയെ.... പതിയെ...
‘വേണ്ട.. എന്താണീ ചെയ്യുന്നത്..?’
...മോചിപ്പിച്ചെടുത്ത് ദൂരേയ്ക്കിട്ടു. അതവിടെ നിന്നും ഒന്നുകൂടി പിടഞ്ഞ് സാവധാനത്തിൽ വീണ്ടും മുന്നോട്ടിഴയാൻ തുടങ്ങി.
‘നീയിപ്പോ ഉറുമ്പുകളുടെ ഭക്ഷണം നഷ്ടപ്പെടുത്തുകയല്ലേ ചെയ്തത്? അവറ്റ ഇനി എന്തുചെയ്യും?’
‘പോയി വേറെന്തെങ്കിലും തിന്നട്ടെ. അരി, മധുരപലഹാരങ്ങൾ, മിഠായിത്തരികൾ, ചോറിൻവറ്റ്.. അങ്ങനെയെന്തെങ്കിലും.’
ഉറുമ്പുകൾ നിഷ്കരുണം എല്ലായിടത്തും ഇഴഞ്ഞുനടക്കുന്നു. അമ്മയുടെ തൊണ്ടയിൽ ഇടതുഭാഗത്ത് പഴുത്ത് വ്രണപ്പെട്ട മുഴകളിൽ മരുന്നിൽ മുക്കിയ പഞ്ഞികൊണ്ട് ആർദ്രമായി ഒപ്പിയെടുത്ത് ചേച്ചി പതിയെ ഇടറുന്നു -
‘ഉറുമ്പ് വന്നിരിക്കുന്നു..’

അമ്മയിപ്പോഴും കണ്ണ് തുറന്ന് കിടക്കുകയാണ്.
ഒരു വിരോധാഭാസം പോലെ മരക്കൊമ്പിൽ കടിച്ച് തൂങ്ങിക്കിടക്കുന്ന ചുവരിലെ വരയൻ പൂച്ചക്കുഞ്ഞിന്റെ ചിത്രവും നോക്കി. അത് ഞാനാണ് അവിടെ ഒട്ടിച്ചത്. അമ്മയെ ഒന്ന് ചിരിപ്പിക്കണമെന്ന്.

വയ്യാതെ കിടക്കയിലേക്ക് കൊണ്ടിരുത്തുന്ന സമയത്ത് ‘അതിനി എന്നെയും കടിച്ചെടുത്തോണ്ട് പോകുമോ’യെന്ന് ആംഗ്യത്തിലൂടെ ചോദിച്ച് അമ്മ പുഞ്ചിരിച്ചു; എനിയ്ക്ക് വേണ്ടിയായിരുന്നില്ലേ? എങ്ങനെയാണ് ഇത്ര വലിയ വേദനയിലും അമ്മയ്ക്കിങ്ങനെ നിറഞ്ഞ്, സൗമ്യമായി പുഞ്ചിരിക്കാൻ കഴിയുന്നത്? എങ്ങനെയാണ്? നിലാവ് …

‘അതിനെന്തിനാ നീ ദേഷ്യപ്പെടുന്നത്..?’
- ഇല്ല. വിനോദിന് മനസ്സിലാവില്ല. വിശപ്പിന്റെ രാഷ്ട്രീയത്തേക്കാൾ എനിയ്ക്ക് ന്യായീകരിക്കാൻ തോന്നുന്നത് ജീവനുവേണ്ടിയുള്ള പോരാട്ടമാണ്. ആ ചിത്രം എന്നെയെന്തൊക്കെയോ.
‘ദാ നോക്ക്. നീ രക്ഷപ്പെടുത്തിയ മണ്ണിരയ്ക്കുമേലെ പിന്നെയും ഉറുമ്പുകൾ വന്നു. ചാവാനാണ് അതിന്റെ വിധി.’ വിനോദ് കുലുങ്ങിച്ചിരിച്ചു.
ഞാൻ വളരെ പെട്ടെന്ന് വിറകുകൊള്ളിയെടുത്ത് ഓടിച്ചെന്നു. അരിശത്തോടെ, വാശിയോടെ, ഉറുമ്പുകളെ തട്ടിമാറ്റി മണ്ണിരയെ എടുത്ത്.. നോവിക്കാതെ.. ഉറുമ്പുകളില്ലാത്ത മറ്റൊരിടത്തേക്ക് വെച്ചു.
‘വിനോദ് പൊയ്ക്കോളൂ, ഞാൻ വരുന്നില്ല’
അയാൾ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് മുകളിലെ ടാറിട്ട റോഡിലേക്ക് ചാടിക്കയറിപ്പോയി.

ഞാൻ, വീണ്ടും പ്രതീക്ഷയോടെ അൽപപ്രാണനിൽ മുന്നോട്ടിഴയാൻ തുടങ്ങുന്ന മണ്ണിരയെ നോക്കി. സൂക്ഷിക്കണം. ഉറുമ്പുകൾ ഇനിയും വന്നേക്കും. സൂക്ഷിക്കണം..

8.തീ

‘‘ഒരു മഴക്കാലത്ത്
ഒരു പ്രണയകാലത്ത്
ആരും കാണാതെ
കൈയിലൊളിപ്പിച്ചുവെച്ച
കുപ്പിവളപ്പൊട്ടുകളുമായി
വെളിയിലേക്കിറങ്ങിയ ഞാൻ
കൗതുകത്തോടെ ഉണ്ടാക്കിയ
കടലാസുതോണികളിൽ
വളപ്പൊട്ടുകൾ നിറച്ച്
മുറ്റത്തെ ഇറവെള്ളത്തിലേക്കിട്ടു
പെട്ടെന്ന് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്
ഒഴുകിപ്പോയ കടലാസുതോണികൾക്കൊപ്പം
എന്റെ വളപ്പൊട്ടുകളും
ഒഴുകിപ്പോകുന്നത് ഞാൻ കണ്ടു
എവിടെക്കായിരിക്കും അവരുടെ യാത്ര?
അറിയില്ല
എങ്കിലും
അവരും ഒരു മോചനം
ആഗ്രഹിച്ചിരുന്നു.’’

അമ്മയുടെ വരികളിലൂടെ ഇപ്പോൾ കണ്ണോടിക്കുമ്പോഴാണ് അതിൽ നിഗൂഢമായി ഒളിഞ്ഞിരിക്കുന്ന ഏകാന്തതയുടെ, പിരിയലിന്റെ വേദന ആദ്യമായി ഞാൻ കണ്ടെത്തുന്നത്. എന്തുകൊണ്ട് ഇതെഴുതി അമ്മ ഏൽപ്പിച്ച നേരം ഞാനത് കണ്ടെത്തിയില്ലാ എന്നെനിക്ക് വേദന തോന്നുന്നു. ഒന്ന് മുറുകെ കെട്ടിപ്പിടിക്കാമായിരുന്നില്ലേ? കൂടെയുണ്ടെന്ന് പറയാമായിരുന്നില്ലേ? പ്രകടമാക്കാൻ കഴിയാതെ പോകുന്ന സ്നേഹമാണ് ലോകത്തിലെ ഏറ്റവും വലിയ...

‘ഇതെവിടുത്തെ പഠിപ്പാണ്!’ എന്ന നാട്ടുകൂട്ടത്തിന്റെ കപട മര്യാദകളെ വകവെയ്ക്കാതെ എല്ലിൻകൂടുകളെ നുറുക്കുന്ന രാക്ഷസമെഷീൻ ശബ്ദത്തിൽനിന്ന് ഒരു നിമിഷം പോലും അധികം ചെലവഴിക്കാതെ അന്നേ ദിവസമീ നാട്ടിൽ ഞാൻ ഓടിക്കിതച്ചെത്തിയത് അമ്മയുടെ ഈ എഴുത്തുകളും കൊണ്ടായിരുന്നു. എനിക്കിത് മാത്രം മതിയായിരുന്നു. അഗ്നി കൊണ്ട് ശുദ്ധി വരുത്താൻ കപട ജനങ്ങളേ, എന്റെ അമ്മ പാപിയല്ലെന്ന് അക്കൂട്ടത്തിലെ ഓരോ മനുഷ്യനോടും ആർത്തട്ടഹസിക്കണമെന്ന് ഞാൻ കരുതി. പക്ഷെ മതത്തിന്റെ, ആചാരങ്ങളുടെ, ശുദ്ധാശുദ്ധികളുടെ മാലിന്യത്തിൽ മണിയനീച്ചക്കളെപ്പോലെ ആൾക്കൂട്ടം തെല്ലൊന്നയയാതെ പൊതിഞ്ഞുനിന്നു.. ഞാൻ തോറ്റുപോയി! അമ്മയ്ക്ക് പൊള്ളിയാലോ, വേദനിച്ചാലോ എന്ന ചിന്ത എന്റെ ഉള്ളു നീറ്റിച്ചുകൊണ്ടിരുന്നു.. അഗ്നിയെ ഞാൻ വെറുക്കുന്നു.

‘ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഞങ്ങളുടെ അമ്മാ… പേടിക്കണ്ട. കൂടെയുണ്ട് ട്ടോ. പൊള്ളില്ല. അക്കപ്പനിവിടെ അടുത്തുതന്നെയുണ്ട്. അമ്മയെ തൊട്ട് അഗ്നി സ്വയം ശുദ്ധയാവാൻ പോവുകയല്ലേ’ എന്നൊരു കുഞ്ഞെഴുത്ത് അവസാനമായി നെറ്റിയിൽ ഉമ്മവെയ്ക്കുമ്പോൾ ആരും കാണാതെ ഞാൻ അമ്മയുടെ ഉടുപ്പിനുള്ളിൽ വെച്ചു. അമ്മയൊന്ന് പുഞ്ചിരിച്ച പോലെ തോന്നി. എനിയ്ക്ക് മാത്രം കാണാനാവുന്ന പോലെ..

അമ്മയ്ക്ക് പേടിയായെങ്കിലോയെന്ന് ചിത കൊളുത്തുന്നിടത്ത്, സ്ത്രീജനങ്ങളെ അടുപ്പിക്കാത്തിടത്ത്, ഞാൻ പോയിരുന്നു. അമ്മയുടെ തൊട്ടടുത്ത്…

ചിത കൊളുത്തുന്നതിനു തൊട്ടുമുൻപ്, ആളിക്കത്താൻ തുടങ്ങുമ്പോൾ, ഒക്കെയും അമ്മ മാത്രം കേൾക്കുന്ന ശബ്ദത്തിൽ അത്രമേൽ സ്നേഹത്തോടെ ഞാൻ ആവർത്തിച്ചുകൊണ്ടിരുന്നു…

‘പേടിക്കണ്ടാ ട്ടോ, അക്കപ്പനിതാ തൊട്ടടുത്ത് തന്നെ ഉണ്ടേ, ഒന്നൂല്ലാമ്മാ, ഒന്നൂല്ലാ…’

‘മോനേ, വേദനിക്കുന്നടാ…’ എന്നമ്മ പറഞ്ഞാൽ മറുത്തൊന്നാലോചിക്കാതെ ആ തീയിലേക്ക് എടുത്തുചാടി എന്നെയും എരിച്ചുകളയണമെന്ന് ഞാൻ തീരുമാനിച്ചു. പക്ഷേ അമ്മ പുഞ്ചിരിച്ചു, നിറനിലാവുപോലെ.
‘മോനേ, ഇങ്ങനെ ടെൻഷനടിക്കല്ലേ, അമ്മയ്ക്ക് വേദനയില്ലാ ട്ടോ, തീരെയില്ലാ...’

9.തീ (2)

ഞാൻ അടുക്കളയുടെ ജനാലയിലൂടെ വെറുതേ പുറത്തേക്ക് നോക്കിനിൽക്കുകയായിരുന്നു. പെട്ടെന്ന് ഗ്യാസ് സ്റ്റവിൽ നിന്നും മുകളിലുള്ളപത്രക്കടലാസുകളിലേക്ക് തീ പടർന്നു പിടിച്ചു. അവിടെ നിന്നും തുണിക്കഷണങ്ങളിലേക്ക്. ഞാൻ ഞെട്ടി നോക്കുമ്പോൾ എന്റെ വലതു വശത്ത്, ഇടതുവശത്ത്, മുന്നിൽ, പിന്നിലും. അസാധാരണമായി തീ കത്തിക്കയറാൻ തുടങ്ങിയിരിക്കുന്നു. ചൂട്, പൊള്ളുന്ന ചൂട്.
പെട്ടെന്ന് പുറത്ത് കടന്നില്ലെങ്കിൽ ആർത്തിപിടിച്ച രാക്ഷസനാളങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ഈ വീടിനൊപ്പം എന്നെയുമിതാ പാടേ വിഴുങ്ങാൻ പോകുന്നു. ഞാൻ വാതിലിനടുത്തേക്കോടി. പെട്ടെന്ന് തിരിഞ്ഞു നിന്നു. കാലുകൾ കത്തിയമരാൻതുടങ്ങിയ എന്റെ എഴുത്തുമേശയുടെ മുകളിൽ അമ്മയുടെ കൈപ്പടയിലെഴുതിയ രണ്ട് കവിതകളെ ഞാൻ ഓർത്തു. ഈ ലോകത്ത് എനിക്കാകെയുള്ളത്. ഉടുപ്പിലേക്ക് പടരാൻ തുടങ്ങിയ തീനാളങ്ങളെ വിഭ്രാന്തിയോടെ തട്ടിമാറ്റിക്കൊണ്ട് പിന്നെ മേശയ്ക്കടുത്തേക്ക് പാഞ്ഞു. പുസ്തകത്തിനുള്ളിൽ നിന്ന് അമ്മയുടെ രണ്ട് കവിതകളും പുറത്തെടുത്ത് ഭദ്രമായി കൈയിൽമടക്കിപ്പിടിച്ച് തുറന്നിട്ട വാതിലിനടുത്തേക്കോടി. കത്താൻ തുടങ്ങിയ വാതിലിൽ നിന്നും പുറത്തേക്ക് നുഴയുമ്പോൾ എന്റെ പ്രിയപ്പെട്ട കടലാസുകൾക്ക് തീ പിടിച്ചേക്കുമോയെന്ന് ഞാൻ തീർത്തും ഭയപ്പെട്ടു.

വിജനമായ നഗരവീഥിയിലൂടെ, പിറകിൽ നശിച്ച തീനാളങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്തത്രയും സമർത്ഥമായി ഓടിച്ചെന്ന് ടാറിട്ട റോഡിനു വശത്തെ ചുവന്ന മൺപാതയിലേക്ക് അവശതയോടെ പതിച്ചു. ദേഹത്തെവിടെയും ഒരു തരിപോലും പൊള്ളലേൽക്കാതെ തീർത്തും സുരക്ഷിതയായിരിക്കുന്നല്ലോയെന്ന് അത്ഭുതം കൂറി. പിന്നെ ചുരുട്ടിയ കൈത്തലത്തിലേക്ക് ആശ്വാസത്തോടെ നോക്കി. വിരലുകൾ അയച്ച് പതിയെ വിടുവിച്ചു. അപ്പോൾ എന്നെ നടുക്കിക്കൊണ്ട് ഉയരെ തിരശ്ചീനമായി വീശിയടിക്കുന്ന കാറ്റിലേക്ക് ഒരു വെൺപ്രാപ്പറ്റം കണക്കെ വെണ്ണീർത്തരികൾ, എന്നെയുപേക്ഷിച്ച്, പൊടുന്നനേ ചിറകുകൾ വീശി പറന്നു പറന്നു പോയി.. പിന്നെ മേഘച്ചുരുളുകളിൽ അപ്രത്യക്ഷരായി.

ഞെട്ടിയെഴുന്നേറ്റ് നോക്കിയപ്പോൾ എഴുത്തുമേശയും അമ്മയുടെ കവിതകളും ഭദ്രമായിരിക്കുന്നു.

10.അമ്മയെ കണ്ടെത്തുന്നു
(തീയെ അണയ്ക്കാൻ പോന്ന ജലം)

ഴിഞ്ഞ കുറേ ദിവസങ്ങളിലായി ഞാൻ പിന്നെയും ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് 'അമ്മേ…'യെന്ന് നിലവിളിച്ച് കരയുന്നു. ‘മോനേ, അക്കപ്പനേ, കരയണ്ടടാ’ എന്ന് അമ്മ പറയുന്നത് എനിയ്ക്ക് കേൾക്കാൻ കഴിയുന്നില്ല. അമ്മയിവിടെ തൊട്ടരികത്തുണ്ടെന്ന് എനിയ്ക്കറിയാം. ഞാൻ കൈകൾ കൊണ്ട് പരതി നോക്കി. കണ്ണുകളടച്ച്. കാതുകൾ കൂർപ്പിച്ച് നോക്കി.
ഇല്ല, ഇല്ല… ഇരുളും നിശ്ശബ്ദതയും കൂടിച്ചേർന്ന് എനിയ്ക്ക് ചുറ്റിലും വലിയ ഗർത്തം പോലെ. മുകളിൽ സാവധാനത്തിൽ തിരിയുന്ന സീലിംഗ് ഫാനിന്റെ ശബ്ദം മാത്രം കേൾക്കാം. ഞാൻ ലൈറ്റ് ഓൺ ചെയ്തു. ഫാനിലേക്ക് വളരെ നേരം അങ്ങനെ നോക്കിയിരുന്നു.

ഭൗതികലോകം അദൃശ്യമായ ഒരു നേർത്ത മതിൽ അമ്മയ്ക്കും എനിയ്ക്കുമിടയിൽ പണിതുവെച്ചിരിക്കുന്നു. നേർത്തെങ്കിലും ഭേദിക്കുക നന്നേ ദുഷ്കരമായ ഒന്ന്. അതെന്തു തന്നെയായാലും ഞാനതിനെ ഇഷ്ടപ്പെടുന്നില്ല. അമ്മയെ കാണണമെന്ന അതിതീവ്രമായ ആഗ്രഹം ആത്മാവിന്റെ ആഴങ്ങളിലേക്ക് വേരുകൾ പടർത്തുന്നു. ഒരു ചെറു ജലസാന്നിധ്യം പോലും കണ്ടെത്താൻ കഴിയാതെ, ഇലകൾ പൊഴിച്ച്, ഈ തീച്ചൂടിൽ ഞാനെന്ന വൃക്ഷം ഉണങ്ങിക്കരിയാൻ തുടങ്ങുന്നു.

എവിടെ ചെന്നാലാണ് അമ്മയെ കാണാൻ കഴിയുക എന്ന് എനിയ്ക്ക് തിട്ടമില്ല. ഒരുപക്ഷെ അമ്മയിലേക്കെത്താനുള്ള വഴിയിൽ ആരോ പണിത ഭീമാകാരമായ കരിങ്കൽക്കവാടമെന്നപോലെ എതിരേ തലയുയർത്തി നിൽക്കുന്നത് എന്റെയീ ശരീരമാണോയെന്ന് ഞാൻ സംശയിക്കുന്നു. എങ്കിൽ, അമ്മയ്ക്കരികിലേക്ക് എത്താൻ കഴിയുമെങ്കിൽ, ഏറ്റവും സന്തോഷത്തോടെ, സംതൃപ്തിയോടെ, ചുറ്റിലുമുള്ള കാറ്റിലേക്ക് ഈ ആവരണം അഴിച്ചെറിയുവാൻ ഏത് നിമിഷവും ഞാൻ സന്നദ്ധയാണ്.

ഞാൻ തീർത്തും ഒറ്റപ്പെട്ടുപോയിരിക്കുന്നു. അനാഥത്വത്തിന്റെ കയ്പുനീർ കുടിച്ചിറക്കി ദിവസത്തിൽ എത്രയോ തവണ വിലപിച്ചുകൊണ്ടിരിക്കുന്നു.

നഗരത്തിന്റെ നടവഴിയിലൂടെ അലക്ഷ്യമായി (ബോധപൂർവവും) അതിർവരമ്പ് തെറ്റിച്ച് നടന്നുപോകുന്നേരം നിരത്തിൽ ചീറിപ്പായുന്ന വാഹനങ്ങളിൽ ഏതെങ്കിലുമൊന്ന് എന്നെ അതിതീവ്രമായ സ്നേഹത്തോടെ ആലിംഗനം ചെയ്തിരുന്നെങ്കിലെന്ന് ഞാൻ കൊതിച്ചുപോയി. പക്ഷേ.. അടുത്തയാളിലേക്ക് അറിയാതെ കണ്ണൊന്ന് ചൂളിപ്പോവുക പോലും ചെയ്യാനാവാത്ത വിധം സകലരും തിരക്കിലാണ്. വാഹനങ്ങളും!

കടലിന് എന്നോട് ഈ നിസ്സംഗതയുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഏത് വികാരത്തോടെ ചെന്നാലും കടൽ അതേയൊന്ന് പതിന്മടങ്ങായി എപ്പോഴും തിരികെ തന്നിരുന്നത് ഞാൻ ഓർമ്മിക്കുന്നു. സ്‌നേഹം, സന്തോഷം, പ്രണയം, ദുഃഖം… എന്തുമായി ചെന്നപ്പോഴും കടൽ വികാരതീവ്രതയിൽ ഉന്മാദിയായി ‘ഇതാ ഞാനും ഞാനുമെന്ന്’ തീരത്ത് തലതല്ലി കുടുകുടെ ചിരിച്ചു, അട്ടഹസിച്ചു, ഒരു കുഞ്ഞിനേപ്പോലെ വാവിട്ട് നിലവിളിച്ചു, ചിലപ്പോൾ എന്റെ മൗനങ്ങളിൽ കൂടുതൽ നിശബ്ദയായി ആരവങ്ങളില്ലാതെ വെറുതേ നോക്കിനിൽക്കുക മാത്രം ചെയ്തു. എത്ര എളുപ്പത്തിലാണ് തീരത്തെ ഓരോ മനുഷ്യരെയുമീ തിരകൾ പുറമെയും അകമെയും മനസ്സിലാക്കുന്നതെന്ന്, സഹാനുഭൂതിയോടെ വാരിപ്പുണരുന്നതെന്ന് ഞാൻ എത്രയോ തവണ അത്ഭുതം കൂറിയിരിക്കുന്നു. അങ്ങനെയൊരുപക്ഷേ ഇക്കടലിന്റെയങ്ങേയോരത്തായിരിക്കും അമ്മയുണ്ടായിരിക്കുക എന്ന തോന്നലിന്റെ (തിരിച്ചറിവിന്റെ) പുറത്താണ് ഞാനിപ്പോൾ ചെറായി അംബേദ്ക്കർ ബീച്ചിൽ എത്തിയിരിക്കുന്നത്.

സന്ധ്യയ്ക്കുമേൽ പതിയെ ഇരുൾ പരക്കാൻ തുടങ്ങിയിരിക്കുന്നു. വൈകാതെ ആകാശത്ത് അമ്പിളിക്കല തെളിഞ്ഞുകാണും. കടലിലേക്ക് ഓരോ ചുവടുമെടുത്തുവെയ്ക്കുമ്പോൾ ഞാൻ ചുറ്റുമുള്ള മനുഷ്യരെ നോക്കി. മീനുകൾ ലേലം ചെയ്യുന്ന കച്ചവടക്കാർ, വറുത്ത കടലയും ബജിയും ജിലേബിയും വിൽക്കുന്നവർ, കൈനോട്ടക്കാർ, ഉല്ലാസത്തോടെ പട്ടം പറത്തുന്ന കുട്ടികൾ, ‘ദൂരേക്ക് പോകല്ലേ’യെന്ന് അവരെ വാത്സല്യത്തോടെ താക്കീത് ചെയ്യുന്ന അച്ഛനമ്മമാർ..

പിന്നെ ഞാൻ കടലിനെ നോക്കി. കടലിനിപ്പോൾ എന്ത് ഭാവമാണ്? എനിയ്ക്കറിയാഞ്ഞിട്ടല്ല. അതൊരു റെറ്റോറിക്കൽ ചോദ്യമാണ്. കടലിനിപ്പോൾ നിറഞ്ഞു തുളുമ്പുന്ന സ്നേഹമാണ്. ഏറ്റവും പരിശുദ്ധമായ മാതൃവാത്സല്യം. ഞാൻ മുന്നോട്ട് നടന്നു. പെരുവിരൽത്തുമ്പുകളെ ജലം തൊട്ടു. തീയെ അണക്കാൻ പോന്ന ജലം! കടലിന്റെ ആഴത്തിൽ, ഏറ്റവുമേറ്റവുമാഴത്തിൽ എന്റെ അമ്മ നിൽക്കുന്നു. എന്നെയും കാത്ത്. എന്റെ കാല്മുട്ടുകളിലേക്ക് ‘അതേ.. അതേ’യെന്ന് കടൽ ആർത്തിരമ്പി. അമ്മയെയും എന്നെയും വേർതിരിക്കുന്ന തീർത്തും നിഷ്പ്രഭമായ എന്നിലെ ആവരണത്തെ ഞാനിതാ താമസിയാതെ ഓരോ വെള്ളത്തുള്ളിയിലേക്കും എനിക്ക് ചുറ്റിലും ആഞ്ഞുവീശുന്ന കാറ്റിലേക്കും അനായാസമായി, ഹൃദയപൂർവം സമർപ്പിക്കാൻ പോകുന്നു.. ഒരു തിര പാഞ്ഞു വന്ന് എന്റെ വായ്ക്കുള്ളിലേക്ക് ഉപ്പുവെള്ളം ചൊരിഞ്ഞു. ഞാൻ ചിരിച്ചു. ഉപ്പ്! കടലിന്റെ സ്നേഹം. ഉപ്പ് സ്നേഹമാണ്. പൊക്കിൾക്കൊടിയ്ക്ക് മുകളിൽ നെഞ്ചിന് തൊട്ടു താഴെയോളം വെള്ളത്തിലായപ്പോൾ ഞാൻ നിന്നു. കടലും നിന്നു.

‘പേടി തോന്നുന്നുണ്ടോ?’ -
കടൽ അരുമയോടെ ചോദിച്ചു.
‘ഇല്ലല്ലോ, തീരെയില്ല’, ഞാൻ ചിരിച്ചു.
‘എങ്കിൽ തയ്യാറെടുത്തോളൂ…’
‘എപ്പോഴേ…’

പർവ്വതം പോലെ ഒരു കൂറ്റൻ തിരമാല ഞാൻ വിദൂരത്തിൽ കണ്ടു. എന്നെ ലക്ഷ്യമാക്കി അത് മുന്നോട്ട് കുതിച്ചു.
‘അമ്മയോടെനിക്കൊരു രഹസ്യമുണ്ട് പറയാൻ. ഞാനെത്ര സ്...ന്...’ - കടലെന്റെ രഹസ്യമെടുത്തു.

ആ വലിയ തിരയ്ക്കൊപ്പം അടിത്തട്ടിൽ അമ്മയുടെ അടുത്തേക്ക് ഞാൻ ആണ്ടിറങ്ങാൻ തുടങ്ങി. സുഖകരമായ തണുപ്പ് ഉപ്പൂറ്റികടന്ന് ശരീരത്തിലൂടെ എല്ലിൻകൂടുകളിൽ, നാഡീഞരമ്പുകളിൽ, ഓരോ രക്തത്തുള്ളിയിലേക്കും ഇരച്ചു കയറി.. വഴിയെ ദൃശ്യമാക്കിക്കൊണ്ട് ദൂരെ തകർന്നടിയുന്ന കരിങ്കൽക്കവാടം. എന്റെ കണ്ണുകൾ പതിയെ അടഞ്ഞു. ഒരു കൊച്ചു കുരുവിയുടെ നേർത്ത തൂവൽ പോലെ എന്റെ ഭാരം ചോർന്നു ചോർന്നു പോകുന്നു.. ഞാൻ എത്രയോ വർഷങ്ങൾക്കു പിറകിലേക്ക് എടുത്തെറിയപ്പെട്ടു.. ഇപ്പോൾ ശരീരം പാടേ നഷ്ടപ്പെട്ട് അമ്മയുടെ ഗർഭപാത്രത്തിൽ ഭ്രൂണാവസ്ഥയിൽ വിശ്രമിക്കുന്ന ഒരു നേർത്ത തുടിപ്പ് മാത്രമായിരിക്കുന്നു ഞാൻ.

‘മോനേ, കുഞ്ഞേ…’ - അമ്മയെന്നെ സൗമ്യമായി വിളിച്ചു.
‘അമ്മാ...’ - എനിക്ക് കരച്ചിൽ വന്നു.
‘എന്തോ…’
‘എന്താ എന്നെ കാണാൻ വരാതിരുന്നത്? ഞാൻ വിളിച്ചതൊക്കെയും കേട്ടിരുന്നോ?’
‘എല്ലാമെല്ലാം.. ഞാൻ അരികത്തുതന്നെയുണ്ടായിരുന്നല്ലോ.’
എനിയ്ക്ക് സന്തോഷമായി. അമ്മ എന്നെ നോക്കി നിറഞ്ഞു ചിരിക്കുന്നു.
‘ഇനിയെന്നെ ഇട്ടിട്ടു പോവുമോ?’
‘എന്റെ കുട്ടിയെ അമ്മ ഇട്ടിട്ടു പോയതേയില്ലല്ലോ.’
‘പോവല്ലേ, പോവല്ലേ, പോവ...ല്ലേ....’ പതിയേ കണ്ണുകളടഞ്ഞുപോയി.
അമ്മ.
നിലാവ്.
ഇരുട്ട്.
സുഖകരമായ തണുപ്പ്.
നിശ്ശബ്ദത.

എന്റെ ശ്വാസം നിലച്ചു.

ണ്ണുകൾ തുറക്കുമ്പോൾ ഞാൻ നനഞ്ഞ തീരത്ത് കിടക്കുകയായിരുന്നു. പാന്റിന്റെ അടിഭാഗം കുറച്ച് നനഞ്ഞിട്ടുണ്ട്. കാലുകളിൽ വല്ലാത്ത മരവിപ്പ്. തലയ്ക്കകത്തും!
ഞാൻ ആകാശത്തേക്ക് നോക്കി. അമ്പിളിക്കല. എനിയ്ക്ക് സന്തോഷം തോന്നി. നിവർന്നിരുന്ന് ചുറ്റും നോക്കിയപ്പോൾ കൈനോട്ടക്കാരികൾ. പലഹാരവിൽപ്പനക്കാർ.. കുട്ടികൾ.. എല്ലാവരും അവിടെത്തന്നെയുണ്ട്. കുട്ടികൾ പട്ടം പറത്തുന്നത് അവസാനിപ്പിച്ച് തീരത്ത് മണൽക്കൊട്ടാരങ്ങൾ മെനയാൻ തുടങ്ങിയിരിക്കുന്നു.

‘ബലൂൺ ബലൂൺ.. ടോണ്ടി റുപ്പീസ്’,
സംസാരത്തിൽ ബംഗാളിച്ചുവയോടെ മുടി ഇരുവശത്തേക്കുമായി പിന്നിക്കെട്ടി പത്ത് പതിനൊന്ന് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി എന്റെയടുത്തേക്ക് വന്നു. ഞാൻ അവളുടെ കൈയിലെ ഉയരെപ്പറക്കുന്ന പലവർണങ്ങളുള്ള ബലൂണുകളിലേക്ക് നോക്കി. പിന്നെയവളുടെ മുഖത്തേക്കും. ഈ കുട്ടിയെ ഞാൻ എവിടെയൊക്കെയോ മുൻപും...
അങ്ങനെ നോക്കി നോക്കി നിന്നപ്പോഴാണ് അവൾക്ക് അമ്മയുടെ മുഖം! ഞാൻ അത്ഭുതത്തോടെ ചുറ്റിലും കണ്ണോടിച്ചു. പതിയെപ്പതിയെ നാനാപാടുമുള്ള സ്ത്രീകൾക്ക്, പുരുഷന്മാർക്ക്, യാചകർക്ക്, കൊച്ചുകുട്ടികൾക്ക്. എല്ലാവർക്കും അമ്മയുടെ മുഖം!

ഞാൻ എഴുന്നേറ്റു.
പൊട്ടിച്ചിരിച്ചു.
പിന്നെ നിൽക്കാതെയോടി.
ദിക്കും ദൂരവുമറിയാതെ…
മണൽക്കരയിലൂടെ…
വേഗത്തിൽ…
അതിവേഗത്തിൽ…

തീരത്തെ ആൾക്കൂട്ടാരവങ്ങൾക്കിടയിൽ നിന്ന് ആരോ എന്നോട് വിളിച്ച് ചോദിച്ചു, ‘ആരാണ് നീ?’
‘ഞാനോ..? ഞാൻ ചന്ദ്രലേഖയുടെ മകൾ. നിലാവിന്റെ മകളായ രാത്രി.’
ഉറക്കെ ചിരിച്ചുകൊണ്ട് ഞാൻ പാഞ്ഞു, ഉറക്കെയുറക്കെ ചിരിച്ചുകൊണ്ട്.

‘നീ നിലാവിൽ മാത്രം വഴി കണ്ടെത്തുന്നവൾ. സ്വപ്ന സഞ്ചാരിണി. ചുറ്റിലുമുള്ള അനേകമനേകം മനുഷ്യർക്ക് മുന്നേ പ്രഭാതം കാണാൻ വിധിക്കപ്പെട്ടവൾ’ - മരിച്ചവരുടെ ലോകത്തു നിന്നും ഓസ്കാർ വൈൽഡ് ഒരു പൊടിപടലത്തിലും നേർത്ത എന്നെ നോക്കിക്കൊണ്ട് നാലുപാടും പ്രകമ്പനം കൊണ്ടു.

ഞാൻ പിന്നെയുമോടി. ചിരിച്ചുകൊണ്ടോടി. എനിയ്ക്ക്, എനിയ്ക്ക് ചുറ്റിലുമുള്ള എല്ലാവരോടും സ്നേഹം തോന്നുന്നു. എല്ലാത്തിനോടും, ഈ ലോകത്തോട് മുഴുവനും, അസാധാരണമായി എന്നോടുതന്നെയും...
ചിരിയ്ക്കുമ്പോഴും കണ്ണുകൾ നിറഞ്ഞു വാർന്നുകൊണ്ടിരുന്നു.

11.ജീവിതം: രണ്ട് നിർവചനങ്ങൾ

മ്മയെ ഞാനൊരിക്കലും മറന്നുപോവില്ലയെന്ന് ഇപ്പോഴെനിക്ക് ഉറപ്പുണ്ട്.
ഓർമ്മയ്ക്കും മറവിയ്ക്കുമിടയിലുള്ള ഏതോ ഒരു ബിന്ദുവിലെ ശാശ്വതമായ തുലനാവസ്ഥയാണ് ജീവിതമെന്ന് എനിയ്ക്ക് തോന്നുന്നു.
ലോകത്ത് എനിയ്ക്ക് ചുറ്റുമുള്ള സകല ചരാചരങ്ങളിലും ഞാൻ അമ്മയെ കാണുന്നു. പൂക്കളിൽ, ഇലകളിൽ, പക്ഷികളിൽ, വഴിയോരത്ത് കിടന്നുറങ്ങുന്ന മനുഷ്യരിൽ, കുഞ്ഞുങ്ങളിൽ, ഊഷ്മളമായ കാറ്റിൽ, സന്ധ്യയിൽ, നിലാവിൽ, കടലിൽ, എന്റെ പേനയിൽ നിന്നൂറുന്ന മഷിയിൽ.. അമ്മ നിറഞ്ഞു നിൽക്കുന്നു. സ്നേഹമുള്ള ഏതൊന്നിലും ഞാൻ അമ്മയെ കാണുന്നു. എല്ലാത്തിലും ഞാൻ സ്നേഹം കാണുന്നു.

സ്വന്തമായി യാതൊന്നുമില്ലാതാവുന്ന മനുഷ്യരുടെ മുന്നിൽ രണ്ട് സത്യങ്ങളാണുള്ളത്. ഒന്ന്, ഈ ലോകം മുഴുവനും അവരുടേത്. ഈ ആകാശം, ഭൂമി, അതിലെ കോടാനുകോടി മനുഷ്യർ, അവരുടെ ഓരോ സുഖദുഃഖങ്ങളും.. വസുധൈവ കുടുംബകം എന്ന സങ്കല്പം. രണ്ട്, യാതൊന്നും അവരുടേതല്ല. കേവലമൊരു മണൽത്തരിപോലും. എന്തൊരു വൈരുദ്ധ്യാത്മകത!

സത്യത്തിൽ ഒന്നുമില്ലായ്മയുടെയും സ്വന്തങ്ങളുടെയും പരസ്പരവൈരുദ്ധ്യത്തിനിടയിലുള്ള സമതുലനമായ ഏതോ ഒരു ബിന്ദു കൂടെയാണ് ജീവിതം. സ്നേഹമെന്നാണ് അതിന്റെ പേര്. നിലാവുപോലെ പരിശുദ്ധമായ, തെളിമയാർന്ന, സ്നേഹം!

12.പതിമൂന്നാമത്തെ കത്ത്

പോസ്റ്റ്മാന് മേശവലിപ്പിൽ മുഴുവൻ പരതിയശേഷം രണ്ട് ന്യൂസ്പ്രിന്റ് പേപ്പറുകൾ കണ്ടുകിട്ടി. അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയെ സാവധാനം ഊതിക്കളഞ്ഞപ്പോൾ തുറന്നിട്ട ജനാലയിലൂടെ നിലത്ത്, അയാളുടെ വശത്തായി വന്നു വീഴുന്ന വലിയ സൂര്യരശ്മിയിൽ തട്ടി അവ മിന്നിത്തിളങ്ങി. ഡസ്റ്റ് അലർജി കാരണം അയാൾ രണ്ടുതവണ തുമ്മി. സ്വസ്ഥമായി കിടന്നുറങ്ങുന്ന വസന്തയെ തന്റെ തുമ്മൽ അലോസരപ്പെടുത്തിയോ എന്നയാൾ ഒളികണ്ണിട്ടു. ഇല്ല. അവളിപ്പോഴും സുഖമായുറങ്ങുന്നു..

എഴുതിത്തുടങ്ങിയപ്പോൾ ഇത്രനാളും തിരിഞ്ഞുനോക്കിയില്ലല്ലോയെന്ന് ന്യായമായും പേന തെല്ലു നീരസം പയറ്റി. ഒന്നുരണ്ടു തവണ കുടഞ്ഞുകൊണ്ട് അയാൾ നടത്തിയ പുനർസന്ധി ശ്രമത്തിൽ പക്ഷേയത് പണിമുടക്കവസാനിപ്പിച്ച് മുന്നിലുള്ള കടലാസിലേക്ക് സദയം സ്‌നേഹം ചൊരിഞ്ഞു -

‘പ്രിയപ്പെട്ട മോളേ…
അമ്മയിവിടെ സുഖമായിരിക്കുന്നു. നീ വിളിക്കുന്നതെല്ലാം അമ്മ...’

13.പ്രതീക്ഷ തൂവലുകളുള്ള ഒരു പക്ഷിയാണ്

ബാൽക്കണിയിൽ ഞാൻ നട്ട പുതിനത്തണ്ടുകൾക്ക് തളിരിലകൾ വന്നിരിക്കുന്നു. മുകളിൽ നിന്നും ഒരു വെളുത്ത നേർത്ത തൂവൽ നാലാം നിലയിലെ എന്റെ ജനലോരത്തുകൂടെ താഴേക്ക് തുഴഞ്ഞ് തുഴഞ്ഞ് പിന്നെയും ഉയർന്നുപറക്കുന്നു. കുഞ്ഞുരാപ്പാടികളും ഇപ്പോൾ മനോഹരമായി പാടാൻ തുടങ്ങിയിരിക്കുന്നു. ഇവിടെനിന്നും നോക്കുമ്പോൾ ഞാൻ എതിരേ കാണാറുള്ള പൂച്ച ഇപ്പോൾ ടെറസിന്റെ നടുവിൽനിന്ന് ചെടികളെ പിടിച്ച് കളിച്ച് രസിക്കുകയാണ്. വെളിച്ചം കീറിവരുന്ന മേലെയാകാശത്തിൽ രണ്ട് കുരുവികൾ ഇരതേടി ഒരുമിച്ച് പറന്നുപോകുന്നു. പീച്ച് നിറമുള്ള ചുവരുകളുള്ള വീടിന്റെ ഏറ്റവും മുകളിൽ മേൽക്കൂരയിൽ നിന്നും താഴേക്ക് വീണുകിടക്കുന്ന മണിപ്ലാന്റിന്റെ ഇലകൾ കാറ്റിലിളകിയാടുന്നു. ഇളം മഞ്ഞ സാരി ഉടുത്ത് കൈയിൽ നീല സഞ്ചിയുമായി തല പാടെ നരച്ച ഒരു വൃദ്ധ ഉറച്ച കാൽവെയ്പുകളോടെ നടന്നു പോകുന്നു. വീടുകളിൽ ജനാലകളും വാതിലുകളും തുറക്കുന്ന ശബ്ദം. തെരുവ് ഉണരുകയായി.
സമയം 6.21.
അലെക്‌സ ഇപ്പോൾ എനിയ്ക്കുവേണ്ടി എമിലി ഡിക്കിൻസണിന്റെ ‘ഹോപ്പ് ഈസ് ദ് തിങ് വിത് ഫെതേർസ്’ പ്ളേ ചെയ്യാൻ തുടങ്ങവേ ഞാൻ എഴുത്തുമേശയ്ക്കരികിലേക്ക് നടക്കുകയാണ്.

14.മധുരം

ളുകൾ, മരണദിവസങ്ങളെ എന്തിനാണ് ഓർമ്മയിൽ സൂക്ഷിക്കുന്നതെന്ന് എനിയ്ക്കറിയില്ല. ചരമ ആണ്ടുകളിലെ ആഘോഷങ്ങൾ എന്നിൽനിന്നും അകന്നു നിൽക്കുന്നു. ഓർമ്മിക്കപ്പെടേണ്ടത്, ആഘോഷിക്കപ്പെടേണ്ടതും, ജനനദിവസങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു. 1972 ജൂൺ 20 മാത്രമാണ് ഞാൻ ഓർക്കുന്നത്. എനിയ്ക്കത് ഏറ്റവും വിശേഷപ്പെട്ട ദിവസമാണ്. എന്റെ ഭൂമിയിൽ നിലാവുണ്ടായത് അന്നാണ്. ഇന്ന് അമ്മയ്ക്ക് അൻപത് വയസ്സ് തികയുന്നു. ഗോൾഡൻ ജൂബിലീ ഓഫ് ദി മൂൺലൈറ്റ് ഓൺ ഏർത്.
അമ്മയ്ക്ക് എന്താണ് സമ്മാനം നൽകുക എന്ന് എനിയ്ക്ക് ഒട്ടുമേ ആലോചിക്കേണ്ടി വന്നില്ല.

മധുരപലഹാരങ്ങൾ വിൽക്കുന്ന ഒരു കടയിലാണ് ഞാനിപ്പോൾ ഉള്ളത്. എന്റെ കൂടെ ആഷയും ഉണ്ട്. കടൽത്തീരത്ത് വെച്ച് എനിയ്ക്ക് നിറപ്പകിട്ടുള്ള ബലൂണുകൾ നീട്ടിയ പത്തുവയസ്സുകാരി ബംഗാളിപ്പെൺകുട്ടി. അന്നെനിയ്ക്ക് ബലൂണുകൾ വാങ്ങാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ എറണാകുളം കെ എസ് ആർ ടി സിയിലേക്കുള്ള ഓവർ ബ്രിഡ്ജിലൂടെ ഞാൻ മുന്നോട്ട് നടക്കുമ്പോൾ കൈയിൽ നിറയെ ബലൂണുകളുമായി അവൾ വീണ്ടും എതിരെ വന്നപ്പോൾ ഞാൻ പേര് ചോദിച്ചു. എന്റെ ഭാഷ വശമുണ്ടാവാൻ വഴിയില്ലെങ്കിലും തീർത്തും അർത്ഥമറിയാവുന്ന എന്തോ ഒന്നു കേട്ടതുപോലെ പുഞ്ചിരിച്ചുകൊണ്ട് അവൾ പ്രതിവചിച്ചു: 'ആഷാ..'

വെയിറ്റർ മുന്നിലേക്ക് കൊണ്ടുവെച്ച പാത്രത്തിൽ നിന്നും ഞാൻ ഒരു ജിലേബിക്കഷണമെടുത്ത് കുട്ടിയ്ക്ക് നീട്ടി. അവളെന്നെ വിസ്മയത്തോടെ നോക്കി. എന്നിട്ട് ഒരു കഷ്ണം ജിലേബി പൊട്ടിച്ചെടുത്ത് കണ്ണുകളടച്ച് വായിലേക്ക് വെച്ചു. ആസ്വദിച്ച് നുണഞ്ഞു. ഞാൻ കണ്ണെടുക്കാതെ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു. ജിലേബിത്തരികൾ അതിന്റെ ഏറ്റവും ചെറിയ കണികകളായി നേർത്ത് ഉമിനീരിലേക്ക് പതിയേ അലിഞ്ഞലിഞ്ഞ് ചേരുന്നത്...

‘എങ്ങനെയുണ്ടമ്മാ?
- ഞാൻ പതിയെ ചോദിച്ചു.
‘എന്തൊരു ടേസ്റ്റാണ് മോനേ, തേൻപോലെ’
‘ഇറക്കാൻ കഴിയുന്നുണ്ടോ?’
‘നല്ലോണം’
‘ഒരെണ്ണം കൂടി പറയട്ടേ..?’
‘വേണ്ടെടാ അക്കപ്പനേ. ഷുഗറ് വന്നാ നിന്റെ തലേലാവും’
‘സാരമില്ലാട്ടോ. ഞാൻ തലേല് വെച്ച് നടന്നോളാ..’
‘എന്നാ ഓഡറ് ചെയ്യ്, നീ കഴിയ്ക്കുന്നില്ലേ?’
‘അൻപതുകാരി കഴിച്ചിട്ട്. പിന്നീട്.’
‘ഉയ്യോ, ഞാൻ കെളവി ആയി അല്ലേ മോനേ?’
‘അല്ലപിന്നെ, കൊച്ചുകുട്ടിയാണ്’
അമ്മ കുസൃതിയോടെ ചിരിച്ചപ്പോൾ സന്തോഷത്തിന്റെ മഞ്ഞത്തരികൾ ചുണ്ടത്തും താടിയിലുമായി പറ്റി നിന്നു. മധുരമഞ്ഞ. ഞാൻ വെയിറ്ററോട് ഒരു ജിലേബി കൂടി ഓർഡർ ചെയ്തു.

ജിലേബിക്കഷണങ്ങൾക്ക് മധുരമാണെന്നു തന്നെയാണ് ഇതാ, അമ്മയിപ്പോഴും പറയുന്നത്. ഞാനത് വിശ്വസിക്കുന്നു.


Summary: Chandralekhayude makal laya chandralekha short story


ലയ ചന്ദ്രലേഖ

കവി, കഥാകാരി, എഴുത്തുകാരി. വോയ്‌സ് ഓവർ ആർട്ടിസ്റ്റ്. സ്കൂൾ വിദ്യാഭ്യാസകാലത്ത് 'ഓളങ്ങൾ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചലച്ചിത്ര സംവിധാനം, തിരക്കഥാ രചന എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കി. 

Comments