സമയം രാത്രി രണ്ടുമണി കഴിഞ്ഞ് രണ്ടു മിനുറ്റ്. എന്റെ നീല ഹോണ്ടാസിറ്റി ആയാസപ്പെട്ടുകൊണ്ട് കയറ്റം കയറുന്നു. കാറിനകത്ത് ഞങ്ങൾ മൂന്നുപേരുണ്ട്. ഞാനും ചന്ദ്രികയും പിന്നെ പേരറിയാത്ത ഒരു ശവവും.
ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഞാൻ ചന്ദ്രികയുടെ പത്തായപ്പുരയ്ക്കകത്തായിരുന്നു. തീരെ വായുസഞ്ചാരം കുറഞ്ഞ ഒരിടമായിരുന്നു അത്. തടിപ്പത്തായത്തിനും ചുമരിനും ഇടയ്ക്കുള്ള ഇടുങ്ങിയ സ്ഥലത്ത് ഞാൻ കാലുകൾ മടക്കിവെച്ച് കുറേനേരമിരുന്നു. തലയ്ക്ക് മുകളിൽ മുനിഞ്ഞു കത്തുന്ന സീറോവാട്ട് ബൾബിലേക്കു നോക്കിയപ്പോൾ എനിക്ക് കവലയിലെ എ. ടി. എം കൗണ്ടറിനു മുൻപിൽ ഉറക്കംതൂങ്ങിയിരിക്കാറുള്ള അവശനായ കാവൽക്കാരനെ ഓർമ്മവന്നു. പേരിനു മാത്രമുള്ള വെളിച്ചം, പേരിനു മാത്രമുള്ള കാവൽ. പല തവണ എനിക്ക് മൂത്രമൊഴിക്കണമെന്നു തോന്നി. ബാത്ത്റൂം എവിടെയായിരിക്കുമെന്നും മുറിയിൽനിന്നു പുറത്തിറങ്ങാമോ എന്നുമൊക്കെ സംശയിച്ച് ഞാൻ അവിടെത്തന്നെ കഴിച്ചുകൂട്ടി. കനത്ത പട്ടുസാരിക്കും ലൈനിങ് വെച്ചടിച്ച ബ്ലൗസിനുമടിയിൽ ശരീരം വിയർത്തുപൊട്ടുന്നുണ്ടായിരുന്നു. "സൗഗന്ധിക'എന്ന എന്റെ ഡാൻസ് ട്രൂപ്പിന്റെ നാലുമാസം നീണ്ട് നിൽക്കുന്ന വിദേശപര്യടനം തുടങ്ങുകയാണ് നാളെ. അവസാനവട്ട ഒരുക്കങ്ങളെല്ലാം നടത്തിയെന്നുറപ്പിച്ച് സ്വച്ഛശീതളമായ മുറിയിൽ ഉറങ്ങാൻ കിടക്കാതെ അകലെയേതോ വീടിന്റെ പത്തായപ്പുരയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്ന എന്നെ ഞാനൊരു അബദ്ധനാടകത്തിലെ കഥാപാത്രമായി സങ്കല്പിച്ചു.
ബാഗിന്റെ സൈഡുവലിപ്പിൽനിന്ന് ചന്ദ്രികയുടെ കത്തെടുത്ത് ഒരിക്കൽക്കൂടി വായിച്ചു; "" പ്രിയപ്പെട്ട നവ്യാ,
നിന്റെ കത്തെനിക്കു കിട്ടിയിരുന്നു. മറുപടി അയയ്ക്കാൻ വൈകിയതിൽ ക്ഷമിക്കുമല്ലോ. ഒഴിവാക്കാനാകാത്ത ചില ജീവിതത്തിരക്കുകളിലായിരുന്നു ഞാൻ. ഇപ്പോഴെന്തോ നിന്നെ വല്ലാതെ ഓർമ്മ വരുന്നു. ഈ പതിനാറാം തീയ്യതി എന്റെ പിറന്നാളാണ്. വീട്ടിലേക്കുള്ള വഴി ഞാനീ കത്തിന്റെ മറുവശത്ത് വിശദമായി എഴുതിയിട്ടുണ്ട്. നീ വരണം. പഴയതുപോലെ കളികൾ പറഞ്ഞ് ഞാനും നീയും മാത്രമായി കുറച്ചു സമയം... ഞാൻ കാത്തിരിക്കും. എന്ന്, സ്വന്തം ചന്ദ്രിക.(NB: ""നിനക്കു കാറുണ്ടെങ്കിൽ എടുത്തോ ... നമുക്ക് പഴയ സ്‌കൂളിന്റെയവിടെയൊക്കെ ഒന്നു ചുറ്റിയടിക്കാം.'')
ഞാൻ കത്ത് മൂക്കിനോടടുപ്പിച്ചു, ഗുളികയുടെ മണമുണ്ടോ? ഇല്ല.
ബാഗിൽ സൂക്ഷിച്ചിരുന്ന ചെറിയ സെൻറ് കുപ്പിയിൽനിന്ന് കത്തിലേക്കു സെൻറ് പടർന്നിരുന്നു. കത്തിനപ്പോൾ സെന്റിന്റെ കടുത്ത മണമായിരുന്നു. ഒരാഴ്ച മുമ്പ് എങ്ങോട്ടോ പോവാൻ തിരക്കിട്ടിറങ്ങിയപ്പോഴാണ് പോസ്റ്റുമാൻ ആ കത്തു കൊണ്ടുവന്നുതന്നത്. ബാങ്കിൽനിന്നും എൽ.ഐ.സി യിൽനിന്നുമൊക്കെ അയയ്ക്കുന്ന ഔദ്യോഗിക സ്വഭാവമുള്ള കത്തുകൾ മാത്രമാണ് അടുത്തിടെയായി തപാലിൽ വരാറുള്ളത്. അതുകൊണ്ട് തന്നെ പിങ്ക് കവറിൽ വന്ന എഴുത്ത് ഞാൻ കൗതുകത്തോടെ അപ്പോൾത്തന്നെ പൊട്ടിച്ചു വായിച്ചു. വായിച്ചപ്പോൾ ഇതെന്തു ഭ്രാന്ത് എന്നാണ് ആദ്യം തോന്നിയത്. അഞ്ചു വർഷങ്ങൾക്കുമുൻപുള്ള ഏതോ ഒരു നരച്ച ദിവസത്തിലാണ് ഞാൻ ചന്ദ്രികയ്ക്കു കത്തയയ്ക്കുന്നത്. തട്ടിൻപുറത്തുണ്ടായിരുന്ന പഴയ പുസ്തകങ്ങൾ തൂക്കിക്കൊടുക്കാൻ അടുക്കിവെയ്ക്കുന്ന കൂട്ടത്തിൽ അഞ്ചാം ക്ലാസ്സിലെ കേരള പാഠാവലിയുടെ ഉള്ളിൽ നിന്നാണ് ചന്ദ്രികയുടെ അഡ്രസ്സ് എഴുതിയ പേപ്പർ കിട്ടുന്നത്. അങ്ങനെയാണ് വെറുതെയൊരു രസത്തിന് പഴയ കുസൃതികൾക്കൊക്കെ മാപ്പുചോദിച്ചുകൊണ്ട് അവൾക്കൊരു കത്തെഴുതുന്നത്. വർഷങ്ങൾക്കുശേഷം അതിനു ചന്ദ്രിക അയച്ച മറുപടിയാണ് അപ്പോൾ എന്റെ കയ്യിലിരുന്നത്.
അഞ്ചാം ക്ലാസ്സിലെ ആദ്യ ദിവസം. പതുങ്ങി പതുങ്ങിയാണ് ഞാൻ ക്ലാസ്സിൽ കയറിയത്. ബസ് സ്റ്റോപ്പിൽവെച്ച് ഇടയ്ക്കു കാണാറുണ്ടായിരുന്ന കാത്‌റീൻ അവളുടെ അടുത്ത് ഇരിക്കാനായി എന്നെ ക്ഷണിച്ചു. റോസ് നിറമുള്ള കവിളുകളും ഇരുവശത്തേക്കും കെട്ടിവെച്ചിരിക്കുന്ന പൂക്കുലപോലുള്ള മുടിയുമുള്ള കാത്‌റീനോട് അന്നെനിക്ക് കടുത്ത ആരാധനയായിരുന്നു. ആഹ്‌ളാദത്തോടെ കാത്‌റീന്റെ അടുത്തേക്ക് നടക്കുമ്പോഴാണ് സൈഡ് ബെഞ്ചിൽനിന്ന് ഒരു പെൺകുട്ടിയെന്നെ കൈപിടിച്ചുവലിച്ച് അവളുടെ അടുത്തിരുത്തിയത്. ഞാൻ ഇച്ഛാഭംഗത്തോടെ അവളെ നോക്കി. ഇരുനിറവും കൊലുന്നനെയുള്ള ശരീരവും. വെള്ള യൂണിഫോം ഷർട്ടിൽ നീലം മുക്കിയ പാടുകളുണ്ടായിരുന്നു. മുട്ടിനൊപ്പം ഇറക്കമുള്ള ഹാപ്പി ബ്ലൂ സ്‌കേർട്ട് നരച്ചുതുടങ്ങിയിരുന്നു. ഒന്നും സംസാരിച്ചില്ലെങ്കിലും ക്ലാസ്സ് തീരുന്നതുവരെ അവൾ ഇടയ്ക്കിടയ്ക്ക് എന്നെനോക്കി ചിരിച്ചുകൊണ്ടിരുന്നു. അവൾക്കും തെക്കേമുറിയിൽ വയ്യാതെ കിടക്കുന്ന അമ്മായിക്കും ഒരേ മണമായിരുന്നു. പേരറിയാത്ത ഏതൊക്കെയോ ഗുളികകളുടെ മണം.
ഇന്റർവെൽ സമയത്ത് ഞാനവളോട് മടിച്ചു മടിച്ചു ചോദിച്ചു;
""കുട്ടിയ്ക്ക് എന്തെങ്കിലും അസുഖണ്ടാ ?''
""ഇല്ലല്ലോ'' ചിരിച്ചുകൊണ്ടുതന്നെയായിരുന്നു അവളുടെ മറുപടി.
പിന്നത്തെ പീരിയഡ് എല്ലാവരും സ്വയം പരിചയപ്പെടുത്തുന്ന കൂട്ടത്തിലാണ് ഞാനവളുടെ പേര് ആദ്യമായി കേൾക്കുന്നത്.
""ചന്ദ്രിക''
"അയ്യേ, എന്ത് പേരാ ഇത്' ഞാൻ മനസ്സിൽ ചിന്തിച്ചു. എന്റെ അമ്മൂമ്മയ്ക്ക് ആ പേരിൽ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. ഞാൻ ക്ലാസ്സിൽ മറ്റു കുട്ടികളുടെ പേരു നോക്കി... സുഹാന, സുരഭില, ദൃശ്യ, കാത്‌റീൻ, അലീന എല്ലാം നല്ല സ്‌റ്റൈലൻ പേരുകൾ. എനിക്ക് ചന്ദ്രികയോടും അവളുടെ പേരിനോടും ഒരു ഇഷ്ടക്കേട് തോന്നിത്തുടങ്ങി.
എങ്കിലും എന്റെ ഇരുപ്പ് സ്ഥിരമായി ചന്ദ്രികയുടെ അടുത്തായി. ഞാൻ ക്ലാസ്സിൽ കയറുമ്പോഴേ അവൾ കൈപിടിച്ചു കൊണ്ടുപോയി അവളുടെ അടുത്തിരുത്തും. അവൾക്ക് ക്ലാസിൽ മറ്റാരുമായും കമ്പനി ഉണ്ടായിരുന്നില്ല. ഞാൻ ചന്ദ്രികയുടെ അടുത്തിരിക്കാൻ തുടങ്ങിയതോടെ കാത്‌റീനും എന്നെ അവഗണിക്കാൻ തുടങ്ങി. അതെന്റെ സങ്കടം ഇരട്ടിപ്പിച്ചു. ചന്ദ്രികയോട് എനിക്ക് ദേഷ്യം തോന്നിത്തുടങ്ങി. എങ്ങനെയെങ്കിലും ചന്ദ്രികയ്‌ക്കൊപ്പമുള്ള ഇരുപ്പ് അവസാനിപ്പിച്ച് കാത്‌റീനുമായി സൗഹൃദമുണ്ടാക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചു.
ചന്ദ്രിക അപൂർവ്വമായി മാത്രമേ അവളെക്കുറിച്ചു സംസാരിച്ചിരുന്നുള്ളൂ.
""ഡെയിലി ചിക്കനൊക്കെ തിന്നിട്ടാവും നീങ്ങനെ തടിച്ചിരിക്കുന്നത് അല്ലേ?'' ഒരിക്കൽ അവളെന്റെ കൈമുട്ടിനു മുകളിലുള്ള മാംസളതയിൽ പിടിച്ചമർത്തിക്കൊണ്ടു ചോദിച്ചു. ഞാൻ വെറുതെ തലയാട്ടി. ""എനിക്കു ചിക്കൻ ഇഷ്ടാ....അമ്മ അമ്പലത്തീ അടിച്ചുവാരാൻ പോണോണ്ട് വീട്ടിൽ വാങ്ങാറില്ല. പിന്നെ,പൈസീം ഇല്ല. പക്ഷേ, ബിരിയാണിക്കല്യാണത്തിനൊക്കെ പോവുമ്പോ ഞാൻ നെറച്ചും ചിക്കൻതിന്നും. ഇനി നെന്റെ വീട്ടീ ചിക്കൻ ഇണ്ടാക്കുമ്പോ നിക്ക് കൊണ്ടന്നരണംട്ടാ''
ചന്ദ്രികയ്ക്കു ചിക്കൻ കൊണ്ടുവന്നുകൊടുക്കാൻ യാതൊരു ഉദ്ദേശവും ഇല്ലാതിരുന്നിട്ടുകൂടി അതിനും ഞാൻ സമ്മതാർത്ഥത്തിൽ തലയാട്ടി. പിന്നീടുള്ള ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിനിരിക്കുമ്പോൾ അവളെന്റെ ചോറ്റുപാത്രത്തിലേക്ക് ആർത്തിയോടെ എത്തിനോക്കാറുണ്ടായിരുന്നു.
ഇന്റർവെല്ലിനു മൂത്രമൊഴിക്കാൻ പോവുമ്പോഴും ചോറുണ്ട് കൈകഴുകി തിരിച്ചു വരുമ്പോഴുമെല്ലാം ഞങ്ങൾ വിരലുകൾ കോർത്താണു നടക്കാറുണ്ടായിരുന്നത്. ഞാൻ ബലമായി കൈ വിടുവിക്കാൻ ശ്രമിച്ചാലും അവൾ സമ്മതിക്കില്ല. ആ ദിവസങ്ങളിൽ വീട്ടിൽ ചെന്നാലുടനെ ആദ്യംതന്നെ ഞാൻ ഗുളികമണമുള്ള എന്റെ കൈകൾ സോപ്പിട്ടു കഴുകുമായിരുന്നു.
ചിക്കനു പുറമേ ചന്ദ്രിക ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് പ്രഭുദേവയേയും പ്രാവുകളേയുമാണ്. കാതലനൊക്കെ ഇറങ്ങി ഹിറ്റായി നില്ക്കുന്ന സമയമായിരുന്നു. ചന്ദ്രിക മിക്കപ്പോഴും ക്ലാസ്സിലിരുന്ന് പ്രഭുദേവയുടെ ഡാൻസിനെപ്പറ്റി പറയും. ഒരിക്കൽ പ്രഭുദേവ മൈക്കിൾ ജാക്‌സണെക്കാൾ നന്നായി ഡാൻസ് ചെയ്യും എന്നുപറഞ്ഞത് കട്ട മൈക്കിൾ ജാക്‌സൺ ഫാനായ എനിക്കു സഹിച്ചില്ല. ദേഷ്യംവന്ന് അവളുടെ ഷർട്ട് വലിച്ചുകീറി. പിറ്റേന്ന് അവൾ അതേ ഷർട്ടുതന്നെ തുന്നിക്കുത്തിയിട്ടു ക്ലാസ്സിൽ വന്നപ്പോഴാണ് അവൾക്കു വേറെ ഷർട്ടുണ്ടായിരുന്നില്ല എന്നെനിക്കു മനസ്സിലായത്. പിന്നീടുള്ള ദിവസങ്ങളിൽ അതിന്റെ കുറ്റബോധം ഉണ്ടായിരുന്നെങ്കിലും ചന്ദ്രികയെ എനിക്കൊട്ടും ഇഷ്ടപ്പെടാൻ കഴിഞ്ഞില്ല.
പ്രാവുകൾ ചന്ദ്രികയുടെ ഒരു വീക്‌നെസ്സ് ആയിരുന്നു. ഒരു കൂടുണ്ടാക്കി അതിൽ നിറയെ പ്രാവുകളെ വളർത്തുക എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ മോഹം. അവളെ കൊതിപ്പിക്കാനായി എന്റെ വീട്ടിൽ വലിയ കൂടുണ്ടെന്നും അതിൽ പല ഇനങ്ങളിലുള്ള പ്രാവുകളുണ്ടെന്നുമൊക്കെ ഞാൻ തട്ടിവിട്ടു. അമ്മാവന്റെ വീട്ടിൽ വളർത്തുന്ന പ്രാവുകളെ കണ്ടുപരിചയമുള്ളതിനാൽ ഞാൻ മയിൽ പ്രാവിനെക്കുറിച്ചും കുറത്തി പ്രാവിനെക്കുറിച്ചുമൊക്കെ ചന്ദ്രികയോട് വിശദമായിത്തന്നെ വർണ്ണിച്ചു. എന്റെ വർണ്ണനകൾ സഹിക്കാനാവാതെ ചന്ദ്രിക ഒരു ദിവസം പ്രാവുകളെ കാണാൻ വീട്ടിലേക്കു വരാമെന്നു പറഞ്ഞു. ഞാനാകെ അങ്കലാപ്പിലായി. എന്റെ കള്ളങ്ങളെല്ലാം പൊളിയാൻ പോവുന്നു. അങ്ങനെയാണ് ഞാനെന്റെ വീട്ടിലേക്കുള്ള വഴി തെറ്റിച്ചു പറഞ്ഞുകൊടുത്തത്. പിറ്റേന്നു ക്ലാസ്സിൽ വന്നയുടനെ ചന്ദ്രിക അവളുടെ കണങ്കാലുകളിലെ ചുവന്നു തിണർത്ത പാടുകൾ കാണിച്ചുതന്നു. തലേന്ന് എന്റെ വീടു തിരഞ്ഞിറങ്ങി വഴിതെറ്റിയലഞ്ഞ ചന്ദ്രികയെ ഇരുട്ടിയതിനുശേഷം ആരോ വീട്ടിലെത്തിക്കുകയായിരുന്നു. അതിന്റെ ദേഷ്യത്തിൽ അമ്മ മടലുവെട്ടിയടിച്ചതാണ്.
""നീയ്യ് മനപ്പൂർവ്വം വഴിതെറ്റിച്ചു പറഞ്ഞതാണല്ലേ ?''
ഇന്റർവെല്ലിനു ചന്ദ്രിക എന്റെ കയ്യിൽ പിടിച്ചമർത്തിക്കൊണ്ടു ചോദിച്ചു. അവളുടെ മുഖത്തപ്പോൾ കള്ളം കണ്ടുപിടിച്ച ചിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഞാൻ പിന്നേയും ചന്ദ്രികയുടെ കൂടെ നടന്നു. അപ്പോഴും എന്റെ മനസ്സിലെ ഏക ലക്ഷ്യം എങ്ങനെയെങ്കിലും കാത്‌റീന്റെ ഗ്യാങിൽ ഒരു സ്ഥാനം ഉറപ്പിക്കുക എന്നതായിരുന്നു. അതിനുള്ള എന്റെ പ്രതീക്ഷ സ്‌കൂൾ യൂത്ത് ഫെസ്റ്റിവലായിരുന്നു. ഇതിനു മുൻപ് പഠിച്ച സ്‌കൂളിൽനിന്നും നാട്ടിലെ ക്ലബ്ബിൽനിന്നുമൊക്കെ എനിക്ക് നൃത്തത്തിന് ധാരാളം സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടായിരുന്നു. ഇവിടേയും അതാവർത്തിക്കുമെന്ന് ഞാൻ കണക്കുകൂട്ടി. യൂത്ത് ഫെസ്റ്റിവലിൽ സ്റ്റാറായാൽ കാത്‌റീനും സംഘവും എന്നെ അവരുടെ ഗ്യാങ്ങിലേക്കു ക്ഷണിക്കുമെന്നുറപ്പാണ്. എന്റെ പ്രതീക്ഷകളെ തെറ്റിച്ചത് മഴയുള്ള ഒരു വൈകുന്നേരത്തെ ഫ്രീ പീരിയഡ് ആണ്. ക്ലാസ്സിലേക്കു കയറിവന്ന ഗ്രേസി ടീച്ചർ കുട്ടികളെ അവർക്കിഷ്ടമുള്ള കലാപരിപാടികൾ അവതരിപ്പിക്കാൻ ക്ഷണിച്ചു. ചന്ദ്രിക നൃത്തം ചെയ്യുമെന്ന് എനിക്കതുവരെ അറിയില്ലായിരുന്നു. അലൈപായുതേ മൂളി ചന്ദ്രിക ക്ലാസ്സിനുമുന്നിൽ ചുവടുകൾ വെച്ചു. കാറ്റിലൊഴുകുന്നതുപോലെ അവളുടെ ശരീരം ചലിച്ചു. നിമിഷങ്ങൾക്കൊണ്ടു മുഖത്തു ഭാവങ്ങൾ മാറിമറിഞ്ഞു. ഞാനും മുഴുവൻ ക്ലാസ്സും കണ്ണെടുക്കാനാവാതെ അവളെത്തന്നെ നോക്കിയിരുന്നു. എന്നെ കടുത്ത അപകർഷതാബോധം പിടികൂടി. എന്റെ ഊഴമെത്തിയപ്പോൾ ഞാൻ സുഖമില്ലെന്നു പറഞ്ഞൊഴിഞ്ഞു. എങ്കിലും ഞാൻ യൂത്ത്‌ഫെസ്റ്റിവലിലെ എല്ലാ നൃത്തയിനങ്ങൾക്കും പേരു കൊടുത്തു. പരമാവധി പ്രാക്ടീസ് ചെയ്യുകയും പരിപാടിയുടെ അന്ന് ചന്ദ്രിക എന്തെങ്കിലും അസുഖം വന്നു കിടപ്പിലാവാൻ പ്രാർത്ഥിക്കുകയും ചെയ്തു.
അങ്ങനെയിരിക്കെ ഒരു ദിവസം കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് ചന്ദ്രിക ക്ലാസ്സിലേക്കു വന്നത്. ഞാനവളോടു കാരണം ചോദിച്ചു.
""അമ്മേടെ കയ്യില് ഡാൻസിന്റെ ഡ്രെസ്സൊന്നും വാടകയ്ക്ക് എടുക്കാൻ പൈസല്ല്യ. ഞാപ്രാവശ്യം ഡാൻസിനൊന്നും കൂട്ണ്ടാവില്ല്യ''അവൾ വിതുമ്പിക്കൊണ്ടു പറഞ്ഞു. എനിക്കു ചന്ദ്രികയോട് ആദ്യമായി സ്‌നേഹവും സഹതാപവും തോന്നി.
""അതിനെന്താ, ഞാൻ നിനക്കെന്റെ ഡാൻസ് ഡ്രെസ്സസ് തരാലോ. എനിക്കെന്തായാലും പുത്യേത് വാങ്ങിക്കുന്നുണ്ട്.'' അധികം ആലോചിക്കാതെയാണ് ഞാനങ്ങനെ പറഞ്ഞത്. പുതിയ ഡ്രസ് വാങ്ങുന്നതിനെപ്പറ്റിയൊന്നും അമ്മ പറഞ്ഞിട്ടില്ല. എന്തായാലും അതു കേട്ടയുടെനെ ചന്ദ്രികയുടെ മുഖം തെളിഞ്ഞു. അവൾ പെട്ടെന്നു തന്നെ തന്റെ സ്വതസിദ്ധമായ പുഞ്ചിരി വീണ്ടെടുത്തു. പക്ഷേ,വീട്ടിൽചെന്നു പുതിയ ഡ്രെസ്സിന്റെ കാര്യം പറഞ്ഞപ്പോൾ അമ്മ കൈമലർത്തി. ഈ വർഷംകൂടി പഴയ ഡ്രെസ്സിട്ടു കളിച്ചേ ഒക്കൂ എന്നു തറപ്പിച്ചു പറഞ്ഞു. പക്ഷേ, ഡ്രെസ്സ് പ്രതീക്ഷിച്ചിരിക്കുന്ന ചന്ദ്രികയോട് അതു തുറന്നുപറയാൻ എന്റെ ആത്മാഭിമാനം അനുവദിച്ചില്ല.
"തലേ ദിവസം ആവട്ടെ, എന്തെങ്കിലും കാരണമുണ്ടാക്കിപ്പറയാം' ഞാൻ ചിന്തിച്ചു. അവസാന നിമിഷം വസ്ത്രങ്ങൾ കിട്ടാതാവുമ്പോൾ ചന്ദ്രിക നൃത്തയിനങ്ങളിൽനിന്നു പിന്മാറും. പിന്നെയെനിക്ക് ഒന്നാം സമ്മാനം ഉറപ്പ്. എന്റെ കണക്കുകൂട്ടലുകളിൽ എനിക്കുതന്നെ അഭിമാനം തോന്നി.
യൂത്ത്‌ഫെസ്റ്റിവലിനു തലേന്ന് പ്രാക്ടീസീനായി സ്‌കൂളിലേക്കെത്തിയ ചന്ദ്രികയോട് അവൾക്കെന്റെ വസ്ത്രങ്ങൾ താരാനാവില്ലെന്നു ഞാൻ തുറന്നുപറഞ്ഞു. അതിനു ഞാനെന്തോ ലൊട്ടുലൊടുക്ക് കാരണവും കണ്ടെത്തി. ചന്ദ്രിക ഒന്നും മിണ്ടാതെ കുറച്ചുനേരം എന്നെത്തന്നെ നോക്കിനിന്നു. പിന്നെ പ്രാക്ടീസിന് നിൽക്കാതെ വീട്ടിലേക്കു തിരിച്ചുപോയി.
പിറ്റേന്നു ജയമുറപ്പിച്ചുകൊണ്ടു ഗ്രീൻ റൂമിൽ മേക്കപ്പിട്ടുകൊണ്ടിരിക്കെയാണ് നൃത്തവേഷത്തിൽ സർവ്വാഭരണവിഭൂഷിതയായി ചന്ദ്രിക കയറിവന്നത്. വന്നപാടെ അവളെന്നെ കെട്ടിപ്പിടിച്ചു.
""എടീ ...ഡ്രസ് കിട്ടി ...ഇന്നലെ വൈകുന്നേരം ഗ്രേസിട്ടീച്ചറ് കൊണ്ടന്നുതന്നു.മോഹിനിയാട്ടത്തിന്റേം ഇണ്ട്''
ഞാനും കൃത്രിമ ചിരിയോടെ അവളുടെ സന്തോഷത്തിൽ പങ്കുചേർന്നു. ചന്ദ്രിക സ്റ്റേജിൽ കാറ്റത്തെ ഇലപോലെയൊഴുകി. കാണികൾ വായതുറന്നിരുന്നു. എല്ലാ നൃത്തയിനങ്ങളിലും അവൾ ഫസ്റ്റ് അടിച്ചെടുത്തു. അവൾ സ്‌കൂളിലെ സ്റ്റാർ ആയി. കാത്‌റീൻ ഇടയ്ക്കുവന്ന് അവളോടു തമാശകൾ പറയാൻ തുടങ്ങി. സെക്കൻഡ് കിട്ടിയ എന്നെ ആരും മൈൻഡ് ചെയ്തതുകൂടി ഇല്ല. ഞാൻ ചന്ദ്രികയെ കണക്കിലധികം വെറുത്തു. ഞാനെന്നും വൈകുന്നേരം വീടിനടുത്തെ സർപ്പക്കാവിൽപോയി ചന്ദ്രിക പാമ്പുകൊത്തിച്ചാവാൻ പ്രാർത്ഥിച്ചു. നാളേറെകഴിഞ്ഞിട്ടും എന്റെ പ്രാർത്ഥന ഫലം കണ്ടില്ല. ഉപജില്ലാ മത്സരത്തിന്റെ തയ്യാറെടുപ്പുകളുമായി ചന്ദ്രിക ഓടിനടന്നു. കാത്‌റീൻ അവളെ ക്ഷണിച്ചു തന്റെ ബെഞ്ചിൽ കൊണ്ടുചെന്നിരുത്തി. ഞാൻ സൈഡ് ബെഞ്ചിൽ ഒറ്റയ്ക്കായി. എങ്കിലും ദിവസവും ചന്ദ്രിക എന്റെയരികിൽവന്നു വിശേഷങ്ങൾ പറഞ്ഞു.
ഒരു ദിവസം ചന്ദ്രികയെ ഞാൻ മുള്ളുംകായയും തെച്ചിപ്പഴവും പറിച്ചുകൊടുക്കാമെന്നു പറഞ്ഞ് എരിഞ്ഞിക്കുന്നിലേക്കു കൊണ്ടുപോയി. സ്‌കൂളിനു പിന്നിലുള്ള ഊടുവഴിയും അമ്പലക്കാട് എന്നറിയപ്പെടുന്ന വെളിമ്പ്രദേശവും കടന്നാൽ എരിഞ്ഞിക്കുന്നിന്റെ താഴ്വാരത്തിലെത്തും. മുൻപൊരിക്കൽ അങ്ങോട്ട് പോയതിന് എനിക്കു അമ്മയുടെ കയ്യിൽനിന്ന് അടികിട്ടിയിട്ടുണ്ട്. അതിനുകാരണം എരിഞ്ഞിക്കുന്നിന്റെ ഉച്ചിയിൽനിന്നു നോക്കിയാൽകാണുന്ന അഗാധമായ കൊക്കയാണ്. ചന്ദ്രികയ്ക്ക് എരിഞ്ഞിക്കുന്ന് നന്നേ ഇഷ്ടപ്പെട്ടു. പഴങ്ങൾ പറിച്ചുപറിച്ചു ഞങ്ങൾ ഉച്ചിയിലെത്തി. സൂര്യൻ അസ്തമിച്ചു തുടങ്ങിയിരുന്നു. വീട്ടിലെത്തിയാൽ അടികിട്ടുമെന്നുറപ്പാണ്. ഒരു സൂത്രം കാണിച്ചുതരാമെന്നുപറഞ്ഞു ചന്ദ്രികയെ ഞാൻ കൊക്കയിലേക്കു തള്ളിനില്ക്കുന്ന ഒറ്റപ്പാറയുടെ മുകളിലേക്കു കൈപിടിച്ചു കൊണ്ടുപോയി. എന്റെ കാലുകൾ വിറച്ചുതുടങ്ങിയിരുന്നു. പാറക്കെട്ടിനു താഴെയുള്ള അഗാധത എന്നെ വല്ലാതെ ഭയപ്പെടുത്തി. ചന്ദ്രിക പക്ഷേ നടന്നു പാറക്കെട്ടിന്റെ വിളുമ്പിൽ പോയിനിന്നു. പതുക്കെ പിന്നിൽചെന്നുനിന്ന് ഒരു തള്ളു വെച്ചുകൊടുത്താൽ മതി, എന്റെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. പക്ഷേ,പേടികൊണ്ട് എന്റെ ശരീരമാകെ മരവിച്ചുപോയിരുന്നു. ചന്ദ്രിക വിളുമ്പിൽനിന്ന് എന്നെനോക്കി ചിരിച്ചു. അസ്തമന സൂര്യന്റെ അവസാന രശ്മികളിൽ അവളുടെ മുഖം തിളങ്ങി.
ആ വർഷം ഞാൻ സ്‌കൂൾ മാറി. അച്ഛന് ഒരു കുഗ്രാമത്തിലേക്കു ട്രാൻഫർ കിട്ടിയിരുന്നു. ചന്ദ്രികയെ അവസാനമായി കാണാനോ യാത്ര പറയാനോ കഴിഞ്ഞില്ല. അതിനു തോന്നിയതുമില്ല. പുതിയ ആളുകളും അനുഭവങ്ങളുമായി ജീവിതം മുന്നോട്ടുപോയി. പിന്നീട് വർഷങ്ങൾക്കിപ്പുറം ഒരു ബന്ധമേൽപ്പിച്ച മുറിവിൽനിന്നു രക്ഷപ്പെടാൻ കതകടച്ചിരുന്ന ദിവസങ്ങളിലൊന്നിലാണ് ചന്ദ്രികയുടെ അഡ്രസ് കിട്ടുന്നതും അവൾക്ക് കത്തയയ്ക്കുന്നതും. ആ ഒരൊറ്റ ദിവസത്തെ കൗതുകത്തിനു ശേഷം ഞാൻ ചന്ദ്രികയെ വീണ്ടും മറവിയിലേക്കു തള്ളിയിട്ടു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സൗഗന്ധിക എന്ന എന്റെ ഡാൻസ് ട്രൂപ്പിന്റെ ആദ്യ വിദേശപര്യടനത്തിന്റെ ആവേശത്തിലും ആകുലതകളിലും മുഴുകിയിരിക്കുമ്പോഴാണ് പിറന്നാളിന് ക്ഷണിച്ചുകൊണ്ടുള്ള ചന്ദ്രികയുടെ മറുപടിയെനിക്കു കിട്ടുന്നത്. എനിക്കു വല്ലാത്ത കുറ്റബോധം തോന്നി. ഞാനൊരിക്കലും ചന്ദ്രികയെ സ്‌നേഹിച്ചിട്ടില്ല. മറിച്ച് അവളെന്നെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരാളായി കണക്കാക്കുന്നു. ഇന്റർനാഷ്ണൽ ഓഡിയൻസിനു മുന്നിലുള്ള സൗഗന്ധികയുടെ ആദ്യ പ്രകടനം എന്റെ കരിയറിലെ ഒരു പുതിയ തുടക്കമായിരിക്കും. അതിനുശേഷം ഞാൻ കൂടുതൽ തിരക്കുകളിൽ മുങ്ങിപ്പോകാനിടയുണ്ട്. അതിനുമുൻപ് ഒരു പകൽ ചന്ദ്രികയ്‌ക്കൊപ്പം ചെലവഴിച്ച് അവളെ സന്തോഷിപ്പിക്കണമെന്നു ഞാൻ മനസ്സിലുറപ്പിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ വീണുകിട്ടിയ ഒഴിവുവേളകളിലെല്ലാം ഞാനവൾക്കു പിറന്നാൾ സമ്മാനങ്ങൾ തിരഞ്ഞുനടന്നു. ഒരു സെറ്റു ചിലങ്കയാണ് ഞാനാദ്യം വാങ്ങിയത്. ചന്ദ്രിക ഇപ്പോഴും നൃത്തം ചെയ്യുന്നുണ്ടാവണമെന്നു ഞാൻ കണക്കുകൂട്ടി. നൃത്തം ഇല്ലാതെ അവൾക്കു ജീവിക്കാനാവില്ല. പിന്നെ ഒരു ജോഡി മയിൽപ്രാവുകളേയും അവയ്ക്കായി മനോഹരമായ ഒരു കൂടും വാങ്ങി. വെള്ളിക്കസവുള്ള ഒരു ബനാറസി സാരി കൂടിയായപ്പോൾ എനിക്കു തൃപ്തിയായി. ചന്ദ്രികയെ കാണാൻ പോവുന്നതിന്റെയന്ന് കാലത്തെഴുന്നേറ്റ് ഞാൻ നല്ല കൃസ്പി ചിക്കൻ 65 ഉണ്ടാക്കി അലുമിനിയം ഫോയിലിൽ പൊതിഞ്ഞെടുത്തു. ചന്ദ്രിക പറഞ്ഞുതന്ന വഴിയിലൂടെ വണ്ടിയോടിക്കെ അവളുടെ ഇപ്പോഴത്തെ രൂപം സങ്കല്പ്പിക്കാൻ ശ്രമിച്ചു ഞാൻ പരാജയപ്പെട്ടു. ഉദ്ദേശിച്ചതിലും സമയമെടുത്തു ചന്ദ്രികയുടെ വീട്ടിലെത്താൻ. നിറയെ വളവുകളും തിരിവുകളുമുള്ള വഴി. ജനവാസം നന്നേ കുറഞ്ഞ പ്രദേശമായിരുന്നു അത്. കുന്നിറങ്ങി വരുമ്പോൾ കാണുന്ന മരക്കൂട്ടങ്ങൾക്കിടയിൽനിന്ന് മഞ്ഞപ്പെയിന്റടിച്ച ആ വീടു ഞാൻ കണ്ടുപിടിച്ചു.
ചന്ദ്രിക എന്നെ മാറ്റമില്ലായ്മകൾകൊണ്ട് അത്ഭുതപ്പെടുത്തി.
അല്പം ഉയരം വെച്ചതൊഴിച്ചാൽ അതേ മുഖം, അതേ രൂപം. പക്ഷേ സംസാരിച്ചു തുടങ്ങിയപ്പോൾ ആ വലിയ മാറ്റം ഞാൻ തിരിച്ചറിഞ്ഞു. ചന്ദ്രികയുടെ മുഖത്തെ ആ ചിരി. സ്‌കൂൾ ദിവസങ്ങളിൽ ആ ചിരിയില്ലാതെ ചന്ദ്രികയെ കണ്ടിട്ടേയില്ല. ഇതിപ്പോൾ കാലങ്ങൾക്കുശേഷം എന്നെ കണ്ടിട്ടും ചന്ദ്രിക ചിരിച്ചില്ല. മറിച്ച് കണ്ണുകളിലെ ഒരു ആർദ്രഭാവത്തോടെയാണ് അവളെന്നെ വരവേറ്റത്. നരച്ചു തുടങ്ങിയ ഒരു പഴയ നൈറ്റിയായിരുന്നു ചന്ദ്രികയുടെ വേഷം. ദേഹത്ത് യാതൊരുതരം ആഭരണങ്ങളുമുണ്ടായിരുന്നില്ല. ആ സ്വീകരണമുറിയുടെ ആർഭാടവും അവളുടെ വേഷവിധാനവും ഒരു തരത്തിലും യോജിച്ചുപോവുന്നുണ്ടായിരുന്നില്ല. ഞാൻ പിറന്നാളാശംസകൾ നേർന്നുകൊണ്ട് കൊണ്ടുവന്ന സമ്മാനങ്ങൾ ഓരോന്നായി അവളെ ഏല്പിച്ചു. ആദ്യംതന്നെ ചന്ദ്രിക പ്രാവിൻകൂട് കയ്യിലെടുത്ത് കൗതുകത്തോടെ നോക്കി. പിന്നെ വീടിനു പുറത്തിറങ്ങി കൂടു തുറന്ന് രണ്ടു പ്രാവുകളേയും പറത്തിവിട്ടു. എനിക്കിത്തിരി ദേഷ്യം വന്നു. ഞാനൊരുപാട് അലഞ്ഞ് നിറവും ബ്രീഡും നോക്കി വാങ്ങിയതായിരുന്നു. ചിലങ്കകളേയും ചന്ദ്രിക ഗൗനിച്ചില്ല. അവയെ അലക്ഷ്യമായി പുറകിലെ ടീപോയിലേക്ക് വലിച്ചെറിഞ്ഞു. പട്ടുസാരിയിലേക്ക് അവൾ വിരക്തിയോടെ ഒന്നു നോക്കി. എന്നിട്ട് തിരികെ കവറിലിട്ട് കവർ മടക്കിവെച്ചു. പുറത്തു നല്ല മഴപെയ്തു തുടങ്ങിയിരുന്നു. തുറന്നിട്ട വാതിലിലൂടെ ശീതക്കാറ്റ് ഉള്ളിലേക്കടിച്ചുകയറി. ചന്ദ്രിക ഒരു ചിക്കൻ കഷ്ണമെടുത്ത് വായിലിട്ടു ചവച്ചു. അവൾക്ക് ചിക്കനെങ്കിലും ഇഷ്ടമായല്ലോ എന്നോർത്ത് ഞാൻ സമാധാനിച്ചു.
എന്റെ കണ്ണുകൾ വീണ്ടും ടീപ്പോയിൽ കിടക്കുന്ന ചിലങ്കകളിലേക്കു പോയി.
""നവ്യ അതു തിരിച്ചു കൊണ്ടുപൊയ്‌ക്കൊളൂ ....ഞാൻ ഡാൻസൊക്കെ വിട്ടു...'' വളരെ നിസ്സാരകാര്യം പോലെയാണ് ചന്ദ്രിക അതു പറഞ്ഞതെങ്കിലും ഞാൻ ചെറുതായൊന്നു ഞെട്ടി. ഇതിനോടകംതന്നെ പ്രശസ്തരും അപ്രശസ്തരുമായ ധാരാളം പേരുടെ നൃത്തപരിപാടികളിൽ സംബന്ധിച്ചിട്ടുണ്ട്. പക്ഷേ ചന്ദ്രികയുടെ ചലനങ്ങളോളം ചാരുതയാർന്ന ചലനങ്ങൾ മാറ്റാരിലും കണ്ടിട്ടില്ല. നൃത്തം തുടർന്നിരുന്നെങ്കിൽ വന്നുചേർന്നേക്കാമായിരുന്ന പേരും പ്രശസ്തിയുമൊക്കെ ഒഴിവാക്കി ചന്ദ്രിക ഈ കാട്ടുപ്രദേശത്തുവന്ന് ഒളിച്ചിരിക്കുന്നതെന്തിനാണ്? പക്ഷേ നൃത്തത്തെകുറിച്ച് കൂടുതൽ സംസാരിക്കാൻ ചന്ദ്രികയ്ക്കു താത്പര്യമില്ലെന്ന് അവളുടെ ഭാവാദികൾ കണ്ടപ്പോൾ എനിക്കു മനസ്സിലായി. നൃത്തം ഒഴിവാക്കിയതിന് ചന്ദ്രികയ്ക്ക് അവളുടേതായ കാരണങ്ങൾ ഉണ്ടാവും. ചിലപ്പോൾ അവളൊരു മാറാരോഗിയാണെങ്കിലോ. ആ നിമിഷത്തിലാണ് ഞാൻ സ്വീകരണ മുറിയിൽ തങ്ങിനിന്നിരുന്ന നേർത്ത ഗുളികമണത്തെക്കുറിച്ചു ബോധവതിയായത്. അതേ,ആ പഴയ മണംതന്നെ. പക്ഷേ അതിന്റെ തീഷ്ണത കുറച്ചു കുറഞ്ഞിട്ടുണ്ട്. എങ്കിലും അതെന്റെ ഓർമ്മയിലെ ഗുളികമണം തന്നെ.
ചന്ദ്രികയ്ക്ക് സോഷ്യൽ മീഡിയയിലൊന്നും അക്കൗണ്ടോ എന്തിന് കയ്യിലൊരു മൊബൈൽ ഫോൺ പോലുമോ ഇല്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. എന്തുതരം ജീവിതമാണ് അവൾ ജീവിക്കുന്നത്. ചന്ദ്രികയ്ക്ക് വീടിനു പുറകുവശത്ത് ഒരു കൃഷിത്തോട്ടമുണ്ടായിരുന്നു. ഒരു ഭാഗത്തു മുഴുവൻ മഞ്ഞൾ കൃഷിയായിരുന്നു. മറുഭാഗത്ത് ഇഞ്ചിയും കപ്പയും. അവളെന്നെ അതൊക്കെ കൊണ്ടുനടന്നു കാണിച്ചു. പ്രധാനമായും പഴയ കൂട്ടുകാരികളെക്കുറിച്ചും സ്‌കൂൾ കാലഘട്ടത്തെക്കുറിച്ചു മൊക്കെയാണ് ചന്ദ്രിക സംസാരിച്ചത്. വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളിൽനിന്നെല്ലാം അവൾ ബുദ്ധിപൂർവ്വം വഴുതിമാറി.
അതൊരു പഴയ മാതൃകയിലുള്ള വീടായിരുന്നു. പക്ഷേ സ്വീകരണമുറിയും കിടപ്പുമുറികളുമൊക്കെ അല്പം കാര്യമായിത്തന്നെ നവീകരിക്കപ്പെട്ടിട്ടുണ്ട്. ഇറ്റാലിയൻ മാർബിൾ കൊണ്ടുള്ള തിളങ്ങുന്ന തറയും നിറം മങ്ങി ദ്രവിച്ചുതുടങ്ങിയ തടികൊണ്ടുള്ള സീലിങ്ങും തമ്മിൽ വലിയ പൊരുത്തക്കേടു തോന്നിച്ചു. ചന്ദ്രികയെപ്പോലെത്തന്നെ അവളുടെ വീടും വൈരുദ്ധ്യങ്ങളുടെ സമ്മേളനമായിരുന്നു. സ്വീകരണമുറിക്കും ഊണുമുറിക്കുമിടയ്ക്കുള്ള വിശാലമായ ഇടന്നാഴിയിൽ തടികൊണ്ടുള്ള ഒരു വലിയ ബുക്ക് ഷെൽഫുണ്ടായിരുന്നു. ചന്ദ്രിക തന്റെ പുസ്തകശേഖരം എനിക്കു പരിചയപ്പെടുത്തി. അധികവും ക്രൈം ഫിക്ഷനായിരുന്നു. ചില എഴുത്തുകാരെ മാത്രമേ എനിക്കു കേട്ടുപരിചയമുണ്ടായിരുന്നുള്ളൂ. എനിക്കു പുസ്തകങ്ങളോടു വലിയ താത്പര്യമില്ല. രാത്രി ഉറക്കം വരാതിരിക്കുമ്പോൾ വായിക്കാനായി ചേതൻ ഭഗത്തിന്റെ ഒരു പുസ്തകം ഞാനെന്റെ കിടയ്ക്കരികിൽ വെച്ചിട്ടുണ്ട്. അഞ്ഞൂറോ ആയിരമോ എന്ന് തീർച്ചയില്ലാത്ത ചന്ദ്രികയുടെ പുസ്തകശേഖരം എന്നിൽ ജാള്യതയും അസ്വസ്ഥതയുമുണ്ടാക്കി.
""നീയെന്നെയൊന്നു സഹായിക്കണം...''
വിഭവസമൃദ്ധമായ ഉച്ചയൂണിനുശേഷം ഞാൻ സുഖകരമായ ഒരു മയക്കത്തിലേക്കു വഴുതിവീണുകൊണ്ടിരിക്കുകയായിരുന്നു. കിടക്കയിൽ എന്റെ അടുത്തു വന്നിരുന്ന് അസാധാരണമാംവിധം അവളുടെ മുഖം എന്റെ മുഖത്തോടടുപ്പിച്ചാണ് ചന്ദ്രിക അങ്ങനെ പറഞ്ഞത്. ഞാൻ പെട്ടെന്ന് ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന് അന്ധാളിപ്പോടെ അവളെ നോക്കി. അവളുടെ കണ്ണുകളിലെ തീഷ്ണത എന്നെ ഭയപ്പെടുത്തി. കുറച്ചു നേരത്തേക്ക് ചന്ദ്രിക ഒന്നും പറഞ്ഞില്ല. അതേസമയം അവൾ ചോദിക്കാനിടയുള്ള സഹായം എന്തായിരിക്കുമെന്നത് ഒരു മൾട്ടിപ്പിൾ ചോയ്‌സ് ക്വസ്റ്റ്യന്റെ ഓപ്ഷനുകൾപോലെ എന്റെ മനസ്സിലൂടെ കടന്നുപോയി. ആദ്യം മനസ്സിൽ വന്നത് പണമായിരുന്നു. ചിലപ്പോൾ ഈ വലിയ വീടും പറമ്പുമൊക്കെ കടത്തിലായിരിക്കാം. ഇനിയൊരുപക്ഷേ അവളെ ഉപേക്ഷിച്ചുപോയ കാമുകനെയോ ഭർത്താവിനെയോ തിരിച്ചു കൊണ്ടുവരാൻ സഹായിക്കണമെന്നായിരിക്കുമോ? അതോ എന്റെ നൃത്തഗ്രൂപ്പിൽ ഒരു ജോലി? ഇനി ചന്ദ്രികയെങ്ങാനും ലെസ്ബിയൻ ആണോ, അവൾക്കെന്നോട് പ്രണയമുണ്ടാവുമോ? ഇന്ന് അവളുടെകൂടെ ഇവിടെ കഴിയാനോ മറ്റോ ആണോ ആവശ്യപ്പെടാൻ പോവുന്നത്? ചിന്തകൾ അവിടംവരെയായപ്പോൾ ഞാനെന്നെ സ്വയം ശാസിച്ചു തിരികെക്കൊണ്ടുവന്നു.
""ഇന്ന് ഞാനൊരാളെ കൊല്ലും, ഡെഡ്‌ബോഡി മറവുചെയ്യാൻ നീയെന്നെ സഹായിക്കണം.''
ഞാൻ ഞെട്ടിപ്പിണഞ്ഞെഴുന്നേറ്റിരുന്ന് അവിശ്വസനീയതയോടെ ചന്ദ്രികയെ നോക്കി. അവളുടെ മുഖത്ത് പ്രത്യേകിച്ചു ഭാവവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. അവൾ പൂർണബോധത്തോടെയാണ് അതു പറഞ്ഞതെന്ന് എനിക്കു മനസ്സിലായി.
""ആരെയാണ് കൊല്ലാൻ പോവുന്നത്?''
ഒന്നും മിണ്ടാതെ ബാഗുമെടുത്ത് അവിടെനിന്നിറങ്ങുന്നതിനുപകരം അങ്ങനെയൊരു ചോദ്യം ചോദിച്ചതിനു എനിക്കു സ്വയം അമർഷം തോന്നി.
""എന്റെ ഭർത്താവിനെ ...'' ചന്ദ്രിക നിസ്സംഗതയോടെ പറഞ്ഞു.
എന്തിനാണ് ചന്ദ്രിക ഭർത്താവിനെ കൊല്ലുന്നത് എന്നറിയാൻ എനിക്കൊട്ടും താത്പര്യം തോന്നിയില്ല. ഇപ്പോഴിറങ്ങിയാൽ എനിക്കു അഞ്ചുമണിക്കു മുൻപേ വീട്ടിലെത്താം. കുറച്ചുകൂടി ഒരുക്കങ്ങൾ പൂർത്തിയാക്കാനുണ്ട്. ചില ഫോൺകോളുകൾ ചെയ്യാനുണ്ട്. ഞാൻ ധൃതിയിൽ കിടയ്ക്ക വിട്ടെഴുന്നേറ്റു.
""നിക്ക് ...നീയെന്നെ സഹായിച്ചേ പറ്റൂ ..'' ചന്ദ്രിക എന്റെ കയ്യിൽ കടന്നുപിടിച്ചു. ""തന്നതിന്റെ ഒരംശംപോലും തിരിച്ചു തരാതെ സ്‌നേഹരാഹിത്യത്തിന്റെ വേദന ആദ്യമായി എനിക്കു മനസ്സിലാക്കിത്തന്നത് നീയാണ്. പിന്നെ ഭർത്താവെന്ന മനുഷ്യനിൽനിന്ന് ഞാനത് പൂർണ്ണമായ അർത്ഥത്തിൽ അനുഭവിച്ചു. എനിക്കിനി ജീവിക്കണമെങ്കിൽ അയാളില്ലാതായേ പറ്റൂ.''
""നിനക്ക് ഭ്രാന്താണ്. അഞ്ചാംക്ലാസ്സിലെ ഏതോ തമാശയ്ക്ക് പകരം വീട്ടാനാണോ നീയെന്നെ വിളിച്ചുവരുത്തിയത്.'' ഞാൻ ചന്ദ്രികയുടെ അനുവാദത്തിന് കാത്തുനില്ക്കാതെ മുറിവിട്ടിറങ്ങി. ചന്ദ്രിക വഴി തടസ്സപ്പെടുത്തിക്കൊണ്ട് എന്റെ മുൻപിൽ വന്നുനിന്നു.
""നീയൊന്നും ചെയ്യണ്ട, ഡെഡ്‌ബോഡി മാറ്റാൻ ഒന്നു സഹായിച്ചാൽ മതി'' ചന്ദ്രിക ഒരു നിസ്സാരകാര്യംപോലെ പറഞ്ഞു. ഞാൻ അതിനു ചെവികൊടുക്കാതെ ഉമ്മറവാതിൽ ലക്ഷ്യമാക്കി ഓടി.
""നീ പോയാൽ ഞാനിന്ന് ആത്മഹത്യ ചെയ്യും.'' ചന്ദ്രിക പുറകിൽനിന്നു വിളിച്ചുപറഞ്ഞു. എനിക്കെന്റെ വിറക്കുന്ന കാലുകൾ മുൻപോട്ടു വെക്കാനായില്ല. ഞാൻ തളർന്ന് സോഫയിൽ ചെന്നിരുന്നു. ചന്ദ്രിക എന്റെ അടുത്തുവന്നിരുന്ന് വിതുമ്പിക്കരഞ്ഞു.
""നമുക്ക് ഒരു ഡിവോഴ്‌സിനെക്കുറിച്ച് ചിന്തിച്ചുകൂടെ...ഞാൻ എല്ലാ സഹായങ്ങളും ചെയ്തുതരാം...കൊല്ലുകയും ചാവുകയും ഒന്നും വേണ്ട...നീയിപ്പോൾ എന്റെ കൂടെ ഇറങ്ങിക്കൊ...നിന്നെ ഞാൻ സുരക്ഷിതമായ ഒരു ഇടത്തേക്കു കൊണ്ടുപോവാം...എന്റെ തിരക്കുകൾ ഒന്നൊതുങ്ങിയാൽ നമുക്കൊരു നല്ല വക്കീലിനെ പോയി കാണാം.''
ചന്ദ്രിക എന്നെ കളിയാക്കിയപോലെ ഒന്നു ചിരിച്ചു.
""അയാളിൽനിന്ന് സുരക്ഷിതമായി എനിക്ക് ഓടിയൊളിക്കാവുന്നയിടം മരണം മാത്രമാണ്.''
""അയാൾ അത്രയ്ക്ക് ഭീകരനാണോ ?...നീ വെറുതെ ഓരോന്ന് സങ്കല്പ്പിച്ചുണ്ടാക്കുന്നതാണ്.''
""അല്ല നവ്യ ...അയാളില്ലാത്ത ഒരു ലോകത്തിൽ മാത്രമേ ഇനിയെനിക്കു മനുഷ്യനെപ്പോലെ ജീവിക്കാനാവൂ. എനിക്കും നിന്നെപ്പോലെ നല്ല വസ്ത്രങ്ങൾ ധരിക്കണം, നൃത്തം ചെയ്യണം ...''
ഞാൻ അനുതാപത്തോടെ ചന്ദ്രികയുടെ മുഖത്തേക്കു നോക്കി.
""അയാളെ ഞാൻ ഒറ്റയ്ക്കു കൊല്ലും. അതിനെനിക്ക് ആരുടേയും സഹായം വേണ്ട. പക്ഷേ തെളിവുകളില്ലാതെ ശവശരീരം നശിപ്പിക്കാൻ എനിക്കു പരസഹായം വേണം. ഇത്ര കാലത്തെ നരകയാതനകൾക്കൊടുവിൽ ശിഷ്ടജീവിതം ജയിലിൽ കഴിയ്ക്കാൻ ഞാനൊരുക്കമല്ല. അതിലും നല്ലത് ഒരു ആത്മഹത്യയിലൂടെയുള്ള രക്ഷപ്പെടലാണ്.''
വല്ലാത്തൊരു ഭയം എന്നെ ബാധിച്ചുതുടങ്ങിയിരുന്നു. ചന്ദ്രികയുടെ വീട്ടിലേക്കു വരാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു. പക്ഷെ പ്രതീക്ഷ നഷ്ടപ്പെടാതെ ഞാൻ മനസ്സിലൊരു പദ്ധതി ആസൂത്രണം ചെയ്തുകൊണ്ടിരുന്നു. തത്കാലം ചന്ദ്രികയെ സമ്മതം അറിയിക്കാം. എന്നിട്ട് അവളോട് ഒരു ഗ്ലാസ് വെള്ളം എടുത്ത് തരാൻ ആവശ്യപ്പെടാം. ചന്ദ്രിക അകത്തേക്ക് പോവുന്ന സമയത്ത് കാറുമെടുത്ത് രക്ഷപ്പെടാം. ഞാനങ്ങനെ പ്ലാൻ ചെയ്തുകൊണ്ടിരിക്കെ പുറത്ത് ഒരു വണ്ടിയുടെ ഹോൺ കേട്ടു. ചന്ദ്രിക എന്റെ കൈപിടിച്ചു അകത്തേക്കോടി. വീടിനുപുറകിൽ അടുക്കളയോടു ചേർന്നുള്ള പത്തായപ്പുരയിലേക്കാണ് അവളെന്നെ കൊണ്ടുപോയത്.
""നീയിവിടെ ഇരിക്ക് ...ഞാൻ വിളിക്കാം'' എന്നു പറഞ്ഞ് പത്തായപ്പുരയുടെ കതകും ചാരിയിട്ട് ചന്ദ്രിക പുറത്തേക്കിറങ്ങിപ്പോയി. അഞ്ചാറു മണിക്കൂർ ഞാനവിടെ ഒറ്റയി രുപ്പിരുന്നു. മൊബൈൽ ഫോൺ കയ്യിലുണ്ടായിരുന്നു. പക്ഷേ റേഞ്ച് ഇല്ല. സമയം പോവാനായി ഞാൻ ഗ്യാലറിയിലെ പഴയ ചിത്രങ്ങളിലൂടെ കുറെ ചികഞ്ഞുനടന്നു. മുൻപ് ഇൻസ്റ്റാൾ ചെയ്തുവെച്ചിരുന്ന ചില ഗെയിമുകൾ കളിച്ചു. സമയം ഇഴഞ്ഞിഴഞ്ഞുപോയി. ഒരു ഗുഹാമുഖത്തിനപ്പുറത്തുനിന്നെന്നപോലെ ഞാൻ സ്ത്രീ പുരുഷ ശബ്ദങ്ങൾ മാറിമാറി കേട്ടു. ഒന്നിനും വ്യക്തതയുണ്ടായിരുന്നില്ല, ചില മുഴക്കങ്ങൾ മാത്രം. അല്പം കഴിഞ്ഞപ്പോൾ അടുക്കളയിൽനിന്ന് പാത്രങ്ങളുടെ കലമ്പൽ കേട്ടു. അത്താഴത്തിനുള്ള നേരമായിരുന്നിരിക്കണം. ഞാൻ ചുമരിൽ ചാരിക്കിടന്നു. ദാഹംകൊണ്ട് എന്റെ തൊണ്ട വരണ്ടുപൊട്ടുന്നുണ്ടായിരുന്നു. വർദ്ധിച്ച ക്ഷീണത്താൽ എന്റെ കണ്ണുകളടഞ്ഞുപോയി. ഏതോ അസുഖകരമായ സ്വപ്നത്തിൽക്കിടന്നു കൈകാലിട്ടടിക്കുമ്പോഴാണ് കതകിൽ മുട്ടുകേട്ട് ഞെട്ടിയുണർന്നത്. ഞാനോടിച്ചെന്നു വാതിൽതുറന്നു. ചന്ദ്രിക നിന്നുകിതയ്ക്കുന്നു. അവളെന്റെ കൈപിടിച്ചുവലിച്ചു ഹാളിലേക്കുകൊണ്ടുപോയി.
""എടീ ...തീർന്നു .....ഞാൻ തീർത്തു.'' അവൾ കിതപ്പിനിടയിൽ പറഞ്ഞു. അവളെന്തിനെക്കുറിച്ചാണ് പറയുന്നതെന്നു മനസ്സിലാക്കാൻ എനിക്കധികനേരം വേണ്ടിവന്നില്ല. ഞാൻ ചന്ദ്രികയെ കിടപ്പുമുറിയിലേക്കു പിന്തുടർന്നു. കിടക്കയിൽ ആജാനുബാഹുവായ ഒരു മനുഷ്യൻ മലർന്നുകിടക്കുന്നു. അയാളുടെ കൈകാലുകൾ കട്ടിലിനോടുചേർത്തു ബന്ധിച്ചിട്ടുണ്ട്. മുഖത്തിനടുത്ത് വലിയൊരു തലയിണ കിടക്കുന്നു. കിടക്കവിരി ചുളിഞ്ഞു സ്ഥാനംതെറ്റിയിരിക്കുന്നു.
""വരുമ്പോൾത്തന്നെ മൂക്കറ്റം കുടിച്ചിരുന്നു. എങ്കിലും റിസ്‌ക് എടുക്കേണ്ടെന്നുകരുതി ഭക്ഷണത്തിലും ഞാൻ ആവശ്യത്തിനു ഉറക്കഗുളിക പൊടിച്ചുചേർത്തു. അതെന്തായാലും നന്നായി. കയ്യും കാലും കെട്ടിയിട്ടിട്ടും എന്തൊരു പരാക്രമമായിരുന്നു. നോക്ക്, ഒരു ലയെർ കയർ വലിഞ്ഞുപൊട്ടി.'' ഭ്രാന്തമായൊരാവേശത്തോടെ ചന്ദ്രിക പറഞ്ഞു. അപ്പോഴാണ് ഞാൻ അയാളുടെ കൈകൾ ശ്രദ്ധിക്കുന്നത്. ശ്വാസം കിട്ടാത്ത വെപ്രാളത്തിൽ കൈകാലിട്ടടിച്ചതുകൊണ്ട് കയർ വലിഞ്ഞ് കയ്യിൽ ആഴത്തിലുള്ള വടുവുണ്ടായിരിക്കുന്നു. അതിൽനിന്നു കിനിഞ്ഞ രക്തം വെളുത്ത ബെഡ്ഷീറ്റിൽ പലമാതിരിപ്പെട്ട ഡിസൈനുകൾ ഉണ്ടാക്കിയിരിക്കുന്നു. ഒരുനിമിഷം മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത പേരോ ഊരോ അറിയാത്ത ആ വ്യക്തിയുടെ അടുത്തെനിക്ക് വല്ലാത്ത സഹതാപം തോന്നി. ഒപ്പം അതികഠിനമായ കുറ്റബോധവും. അറിഞ്ഞോ അറിയാതെയോ ഞാനും ഈ മരണത്തിനുത്തരവാദിയാണ്. അല്ല, അറിയാതെയല്ല. അറിഞ്ഞിട്ടുതന്നെ. എനിക്കീ കൊലപാതകം തടയാമായിരുന്നു. ചന്ദ്രിക അവളുടെ പ്ലാൻ പറഞ്ഞ നിമിഷത്തിൽത്തന്നെ ഇവിടെനിന്നിറങ്ങിയോടി വല്ല പോലീസ് സ്റ്റേഷനിലും ചെന്ന് സത്യം മുഴുവനും പറയാമായിരുന്നു. ഞാൻ അൽപം കൂടി വിൽപവർ കാണിച്ചിരുന്നെങ്കിൽ ഇയാളിപ്പോൾ ജീവനോടെയിരുന്നിരുന്നു. ചന്ദ്രിക ഈസ് എ കോൾഡ് ബ്ലഡ് മർഡറർ. അവളുടെ ട്രാപ്പിൽ വീഴാൻ പാടില്ലായിരുന്നു. എനിക്ക് എന്നോടുതന്നെ അവജ്ഞ തോന്നി. ഇപ്പോൾ ബാത്റൂമിൽ ചെന്നു പോലീസിനെ വിളിച്ചാലോ. ഞാനൊരു നിമിഷം ആലോചിച്ചു. അപ്പോൾത്തന്നെ ആ ചിന്തയിലെ ബുദ്ധിശൂന്യത ഞാൻ തിരിച്ചറിഞ്ഞു. പോലീസ് വന്നാൽ ഞാൻ കൂട്ടുപ്രതിയാവുകയെയുള്ളൂ. ഭയവും ആധിയും വിശപ്പുമെല്ലാംചേർന്ന് എന്റെ കണ്ണിൽ ഇരുട്ടു കയറ്റി. ഞാൻ കട്ടിൽകാലിനോടുചേർന്ന് തളർന്നിരുന്നു.
കുറച്ചുനേരം ആ ഇരുപ്പിരുന്നപ്പോൾ എനിക്കെന്റെ ബോധം തിരിച്ചുകിട്ടി. കണ്ണിലേക്കു വെളിച്ചം തിരിച്ചുവന്നു. ഞാനറിയുന്ന ചന്ദ്രിക പാവമായിരുന്നു. ഇപ്പോൾ ഇവിടെ കണ്ട ചന്ദ്രികയേയും എനിക്കൊരു ക്രൂരയായി സങ്കല്പിക്കാനാവുന്നില്ല. മരിച്ചുകിടക്കുന്ന മനുഷ്യനെക്കുറിച്ച് എനിക്കൊന്നുമറിയില്ല. ചിലപ്പോൾ അയാളൊരു കൊലപാതകിയോ റേപ്പിസ്റ്റോ ആവാം. എന്തായാലും അയാൾ ചന്ദ്രികയുടെ ജീവിതത്തെ തകർത്തെറിഞ്ഞിട്ടുണ്ട്. അയാൾ കാരണമാണ് ചന്ദ്രിക നൃത്തംവരെ വേണ്ടെന്നുവെച്ചത്. അതിനാൽ വലിയ കുറ്റബോധത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. തത്കാലം ശവം ഡിസ്‌പോസ് ചെയ്യാൻ ചന്ദ്രികയെ സഹായിക്കുക, എന്നിട്ട് പിടിക്കപ്പെടില്ലെന്നുറപ്പിച്ചു വീട്ടിലേക്കുപോവുക. അത്രയേ എനിക്കിപ്പോൾ ചെയ്യാനുള്ളൂ. ഞാൻ എഴുന്നേറ്റുചെന്ന് മേശപ്പുറത്തുകണ്ട വെള്ളക്കുപ്പിയെടുത്ത് വായിലേക്കു കമഴ്ത്തി.
ശവശരീരത്തെ ഞാനും ചന്ദ്രികയും കൂടി കിടപ്പുമുറിയിൽനിന്നു വലിച്ചിഴച്ചാണ് കാറിനടുത്തേക്കു കൊണ്ടുപോയത്. പത്തു നൂറു കിലോ ഭാരമുള്ള അയാളുടെ ശരീരം കാറിൽ കയറ്റുക എന്നതായിരുന്നു ഞാനിന്നോളം ചെയ്ത ഏറ്റവും ദുഷ്‌കരമായ പ്രവർത്തി. കുറച്ചുനേരം ഞാൻ ശ്വാസം കിട്ടാതെ ഡ്രൈവിംഗ് സീറ്റിൽ കിതച്ചിരുന്നു.
"" പറ, ഇതെങ്ങോട്ടാ കൊണ്ടുപോവേണ്ടത് ?...''
ഞാൻ മുഷിപ്പോടെ ചന്ദ്രികയോടു ചോദിച്ചു.
""പണ്ടു നീയെന്നെ മുള്ളുംകായ പറിച്ചുതരാമെന്നു പറഞ്ഞു കൊണ്ടുപോയ സ്ഥലമില്ലേ...എരിഞ്ഞിക്കുന്ന്. അങ്ങോട്ടു വിട്ടോ''
ചന്ദ്രിക ഭാവമാറ്റമൊന്നുമില്ലാതെ പറഞ്ഞു.
ഞാൻ പതുക്കെ ആളൊഴിഞ്ഞ വഴിയിലൂടെ വണ്ടിയോടിച്ചു. ഏതെങ്കിലുമൊരു വളവിൽവെച്ച് നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പോലീസുകാരാരെങ്കിലും എന്റെ വണ്ടിക്കു കൈ കാണിക്കുമെന്നും എല്ലാ കള്ളങ്ങളും പൊളിയുമെന്നും ഞാനോരോ നിമിഷവും ഭയപ്പെട്ടു.
എരിഞ്ഞിക്കുന്ന് ഇപ്പോൾ ചെറിയൊരു ടൂറിസ്റ്റ് സ്‌പോട്ടാണ്. വ്യൂ പോയിന്റിലേക്കുള്ള വഴിയിൽ ഒരു ധ്യാനകേന്ദ്രവും ഏതാനും ചെറിയ കടകളുമുണ്ട്. മിക്ക കടകളും ഇരുളിൽ മുങ്ങിക്കിടക്കുന്നു. ചില കടകൾക്ക് മുൻപിൽ തൂക്കിയിട്ടിരിക്കുന്ന സിഎഫ്എൽ വിളക്കുകളുണ്ട്. ആളനക്കമില്ലാതെ ഉറങ്ങിക്കിടക്കുന്ന മൊട്ടക്കുന്നുകൾ. ഞാൻ കൊക്കയിലേക്കുള്ള പാറക്കെട്ടിനു അധികമകലെയല്ലാതെ വണ്ടിയൊതുക്കി പരിസരമെല്ലാം ഒന്നുകൂടി നിരീക്ഷിച്ചു. ചിലപ്പോൾ വല്ല മദ്യപാനസംഘങ്ങളോ രാത്രി ക്യാമ്പിങ്ങിനു വന്നവരോ ഉണ്ടാവാനിടയുണ്ട്. വലിയ നിലാവെട്ടമില്ല. മേഘങ്ങൾക്കിടയിൽനിന്ന് ചന്ദ്രക്കലയുടെ ഒരു തുണ്ടുമാത്രം പുറത്തുകാണാം. കണ്ണെത്തുന്ന ദൂരത്തൊന്നും ആരുമില്ലെന്നുറപ്പായപ്പോൾ ഞാനും ചന്ദ്രികയും ചേർന്ന് അയാളുടെ ശവശരീരം കാറിൽനിന്നു വലിച്ചുപുറത്തിട്ടു. അയാളെ പൊതിഞ്ഞിരുന്ന മരണഗന്ധമുള്ള ബെഡ്ഷീറ്റ് ചന്ദ്രിക ഉന്മാദത്തോടെ മുഖത്തോടു ചേർത്തു. ആ ഇരുട്ടിലും വ്യക്തമായിക്കണ്ട അവളുടെ കണ്ണുകളിലെ തിളക്കം എന്നെ ഭയപ്പെടുത്തി.
""പണ്ട് നീയെന്നെ ഇങ്ങോട്ട് കൊല്ലാൻ കൊണ്ടുവന്നു. ഇപ്പൊ നമ്മള് രണ്ടാളുംകൂടി ഒരു ശവം വലിച്ച് താഴെയിടാൻ പോവുന്നു ...കാലത്തിന്റെ ഓരോ തമാശകളെ ...'' ചന്ദ്രിക ചിരിച്ചു. ഞാൻ ഞെട്ടലോടെ ഒരടി പിന്നോട്ടുമാറി. അപ്പൊ അവൾക്കെല്ലാം അറിയാം. ചന്ദ്രികയ്ക്ക് എന്റെ മനസ്സു വായിക്കാനാവും. എനിക്ക് പണ്ടെപ്പോഴോ കണ്ട "പെയിന്റഡ് സ്‌കിൻ' എന്ന സിനിമയിലെ നിഗൂഢയായ നായികാ കഥാപാത്രത്തെ ഓർമ്മവന്നു.
കൂടുതലെന്തെങ്കിലും ചിന്തിച്ചുതുടങ്ങും മുൻപ് തന്നെ ചന്ദ്രിക മൃതദേഹവും വലിച്ചു കൊക്കയുടെ വിളുംബിലെത്തിക്കഴിഞ്ഞിരുന്നു. ആ കനത്ത ശരീരം ഉന്തിത്തള്ളി കൊക്കയിലിടുക എന്നത് ഏറെ ആയാസകരമായിരുന്നു. കൊക്കയിലെ ഇരുട്ടിൽ ഒരു വെള്ളപ്പൊട്ടുപോലെ അയാളുടെ ശരീരം മറഞ്ഞില്ലാതായി. ആഴമറിയാത്ത ആ ഇരുട്ടിലേക്കുനോക്കി സംഭവിച്ചതെല്ലാം ഓർത്തെടുക്കാൻ ശ്രമിക്കവെ തൊട്ടുപുറകിൽ ഗുളികഗന്ധമുള്ള ഒരു നിശ്വാസം ഞാനറിഞ്ഞു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.