ചിരപരിചിത intimate അപരിചിതർ strangers

ജിബ്രാൻ

2023, ജൂലൈ 26
കോഴിക്കോട്

ദിവസങ്ങളായി അതുല്യയുമായി മിണ്ടിയിട്ട്, ടെലഗ്രാമിലും വാട്സ് ആപ്പിലും ബ്ലോക്കാക്കിയ ശേഷം ജിബ്രാന്റെ മനസ് അതുല്യയുമൊത്തുള്ളൊരു ജീവിതം ഇനി യാഥാർത്ഥ്യമല്ലെന്ന് അംഗീകരിച്ചുതുടങ്ങി. പക്ഷെ, പൂർണമായി അവളെ മറക്കണമെങ്കിൽ ഇന്നത്തെ ദിവസം കൂടി കടന്നു പോകണം. അവളുടെ പിറന്നാൾ ദിനമാണ്.
ഇന്ന്... അവർ പരിചയപ്പെട്ട് പ്രണയിച്ച നഗരത്തിൽ വെച്ച് ഇന്ന് കണ്ടില്ലെങ്കിൽ അവളെ എന്നന്നേക്കുമായി മറന്നുകളയാൻ അതുല്യ ഇറങ്ങിപ്പോയ നാളുകളിൽ തന്നെ ജിബ്രാൻ തീരുമാനമെടുത്തിരുന്നു. പാതിരാവിൽ ദിവസം മാറുന്നതിനായുള്ള നിമിഷങ്ങൾ എണ്ണിക്കൊണ്ട് അയാൾ മൊബൈൽ ഫോണിലേക്ക് കണ്ണും നട്ടിരുന്നു. ഈ സമയം ജിബ്രാന്റെ ഓർമ ഇക്കഴിഞ്ഞ മാർച്ച് 30 ന് അതുല്യയെ പരിചയപ്പെട്ട ദിവസത്തിൽ ചെന്നുനിന്നു. തലച്ചോറിലെ ഓർമ്മകൾ പ്രൊജക്റ്ററിൽ നിന്നും സ്ക്രീനിലേക്കെന്ന പോലെ കാഴ്ചപ്പുറത്തും കേൾവിപ്പുറത്തും അയാൾക്ക് അനുഭവപ്പെട്ട് തുടങ്ങി.

മിലൻ കുന്ദേര മരിച്ച ദിവസം അവൾക്ക് അവസാനമായി അയച്ച മെസേജ് ഉള്ളിലൊരു മുറിപ്പാടിന്റെ ചലംകെട്ടി നിന്ന നീറ്റലു പോലെ അസ്വസ്ഥമാക്കി തുടങ്ങുന്നു. " Love is the longing for the half of ourselves we have lost" - ഇണയില്ലായ്മയുടെ ഫ്രസ്റ്റേഷൻ ജിബ്രാനിൽ രൂക്ഷമായി. അയാൾക്ക് എല്ലാത്തിനോടും ദേഷ്യവും സങ്കടവും അതിനെല്ലാമുപരി തന്നോടുതന്നെ അടക്കാനാവാത്ത പുച്ഛവും അനുഭവപ്പെട്ടു. അതുല്യ ജീവിതത്തിലേക്ക് വരുന്നതിനും മെഹ്സിയാദ ഇറങ്ങിപ്പോയതിനും ഇടയിലുള്ള കാലവും ഇതുപോലെ ആത്മനിന്ദയുടെ ആഴങ്ങളിൽ ശ്വാസം മുട്ടി കിടപ്പായിരുന്നല്ലോ.

ഏതാണ്ട് ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ ഇതുപോലെ വിരസമായിരുന്നു. ഇണയില്ലായ്മയുടെ ഫ്രസ്റ്റേഷൻ പോൺ സൈറ്റുകളിലും വെർച്വൽ രതിയിലും തീർത്ത ശേഷം കുറ്റബോധപ്പെട്ട് കഴിയുക ജിബ്രാെൻ്റ ശീലമാണ്. lncest porn സിനിമകളോടുള്ള അഡിക്ഷൻ, ആത്മഹത്യയുടെ വക്കോളമെത്തിക്കുന്ന പാപബോധത്തിലേക്ക് അയാളെ തള്ളിയിട്ടിരുന്നു.

Ghost writer, script DTP, Assistant director, Associate Director എന്നീ തൊഴിലുകളിൽ നിന്നും മോചനം ലഭിച്ച് തന്റെ ആദ്യ സിനിമ മെഹ്സിയാദയുടെ പോസ്റ്റർ റീലീസ് ചെയ്ത അന്നാണ് ജിബ്രാൻ അതുല്യയെ പരിചയപ്പെടുന്നത്. പരിചയം പ്രണയമാകാനും പിരിയാനും അവർക്ക് വെറും മൂന്നുമാസം പോലും വേണ്ടി വന്നില്ല.

സമയം 12.00 am എന്ന് രേഖപ്പെടുത്തിയതോടെ ജിബ്രാൻ അതുല്യക്ക് പിറന്നാൾ ആശംസകൾ നേർന്നൊരു മെസേജ് അയച്ചു. പ്രണയിച്ച് പിരിഞ്ഞ നഗരത്തിൽ നിങ്ങളുടെ പിറന്നാൾ ആഘോഷിക്കാൻ എത്തീട്ടുണ്ടെന്നും പിണക്കം മാറി വരുമെന്ന് കരുതുന്നു എന്നും പിറന്നാൾ സന്ദേശത്തിൽ കൂട്ടിച്ചേർക്കാൻ മറന്നില്ല. തുടർന്ന് ജിബ്രാൻ അവളെ കോൾ ചെയ്തു. അവൾ ആ കോൾ അറ്റൻ്റ് ചെയ്തില്ല.

2023, ജൂലൈ 31
കൽപ്പറ്റ

പിറന്നാൾ കഴിഞ്ഞ് അഞ്ചാം ദിനമാണ്, ജിബ്രാൻ അയച്ച കത്തും പുസ്​തകവും അതുല്യക്ക് കിട്ടുന്നത്. അവൾ കരുതിയ പോലെ തന്നെ ആ പുസ്​തകം ഓർഹാൻ പാമൂക്കിന്റെ The Museum of Innocence എന്ന നോവലായിരുന്നു. ആദ്യ പേജിൽ തന്നെ പിറന്നാൾ ആശംസയ്ക്കൊപ്പം, നമ്മളെപ്പോൾ കാണും?
യുദ്ധം അവസാനിക്കുമ്പോൾ.
യുദ്ധം എപ്പോൾ തീരും?
നമ്മൾ കണ്ടുമുട്ടുമ്പോൾ
എന്ന ദർവീശിന്റെ വരികൾ കൂടി കുറിച്ചിരുന്നു. പ്രണയകാലത്തും വിരഹകാലത്തും ജിബ്രാൻ ഏറ്റവും കൂടുതൽ തവണ ഈ കവിതയെ കുറിച്ചാണ് അതുല്യയോട് സംസാരിച്ചിട്ടുള്ളത്. ജിബ്രാന്റെ മെഹ്സിയാദ എന്ന സിനിമയിലെ നായികയും നായകനും ദർവീശിന്റെ ഈ വരികളിൽ കുരുങ്ങിപ്പോയ രണ്ടു പേരാണെന്ന്, കൂടെക്കൂടെയവൻ പറയാറുള്ളത് അവൾക്ക് ഓർമ വന്നു. അന്നേരം വിരഹകാലത്തും പ്രണയം ഉള്ളുപൊള്ളിക്കുന്നതായി അതുല്യയറിഞ്ഞു. അവളുടെ ശരീരമാകെ വിറച്ചപോലെ ഒന്ന് ഉലയുകയും കത്തും സമ്മാനങ്ങളും ഊർന്നുവീഴുകയും ചെയ്തു.

മട്ടാഞ്ചേരിക്കാരൻ ഹൈദറുമായുള്ള പ്രണയം പൊട്ടിയ സമയത്ത്, അവനിൽ നിന്ന് പുറത്തു കടക്കാനും ഏകാന്തതയെ ഇല്ലാതാക്കാനുമാണ് അതുല്യ ജിബ്രാനെ പരിചയപ്പെടുന്നത്. ഹൈദർ പറയാറുള്ള ഇതുവരെയും സിനിമ ചെയ്യാൻ ഭാഗ്യം ലഭിക്കാതെ പോയ ജീനിയസായ ഫിലിം മേക്കർ എന്ന ഇമേജിനോടുള്ള ആരാധനയോടൊയാണ് സാറേന്ന് വിളിച്ചു കൊണ്ട് അതുല്യ അയാളെ പരിചയപ്പെടുന്നത്.

നിരവധി വർഷങ്ങളായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ജിബ്രാന്റെ ആദ്യ സിനിമയുടെ പേര് പ്രസിദ്ധപ്പെടുത്തിയ മാർച്ച് 30ന്, ഇൻസ്റ്റഗ്രാമിലയച്ച അഭിനന്ദന സന്ദേശത്തിൽ തുടങ്ങിയ സംസാരം വെറും ഒരാഴ്ചയ്ക്കുള്ളിലാണ് അതുല്യയുടെ ഉള്ളിൽ പ്രണയമായി മാറുന്നത്. അനിയത്തിയുടെ മകൾ മിഴിയുടെ പിറന്നാൽ ആഘോഷത്തിനിടക്ക് രണ്ട് ബിയറടിച്ചതിന്റെ ബലത്തിലാണ് ജിബ്രാനോടുള്ള പ്രണയം അവളങ്ങ് വെളിപ്പെടുത്തുന്നത്.

അതുല്യയ്ക്ക് പ്രണയാഭ്യർത്ഥനക്കുള്ള മറുപടി ലഭിച്ചത് മൂന്നാംനാൾ ആയിരുന്നു. മറുപടിയായി തന്റെ ഷൂട്ടിങ്ങ് തുടങ്ങാൻ പോകുന്ന മെഹ്സിയാദ എന്ന സിനിമയെ കുറിച്ചായിരുന്നു, അയാൾ പറഞ്ഞു തുടങ്ങിയത്. അത് തന്നെയായിരുന്നു, അയാളുടെ നഷ്ടപ്രണയവും. മെഹ്സിയാദയുമായി പിരിഞ്ഞ കാലത്തെ ഏകാന്തതയും പ്രണയപ്പാതി അകന്നതിന്റെ വ്യസനവും ജിബ്രാൻ ഏറെ നേരമെടുത്താണ് അതുല്യയോട് പറഞ്ഞു തീർത്തത്. മെഹ്സിയാദ അകന്നുപോയതിന്റെ ഏകാന്തതയെ മറികടക്കാൻ നടത്തിയ ശ്രമമാണ്, കെ.പി. സുധീർ നിർമിക്കുന്ന തന്റെ മെഹ്സിയാദ എന്ന സിനിമയെന്ന് പറച്ചിലിനിടയിൽ അഭിമാനം കൊണ്ടു. നിലവിലെ കാമുകിമാർ പോൺ സൈറ്റിലെ താരങ്ങളാണ്. സിനിമ, പുസ്തകങ്ങൾ, ലഹരി, യാത്രകൾ, ഇവയിലൊതുങ്ങുന്നതാണ് ജീവിതം കൂടെ കൂടാൻ തനിക്ക് താൽപര്യം ഉണ്ടെങ്കിൽ എനിക്കും ഓക്കെയാണ്. നമുക്കൊന്ന് പ്രേമിച്ചുനോക്കാം. അയാളിങ്ങനെ പറഞ്ഞതോടെ അന്നേരം തിരിച്ചെന്ത് പറയമെന്നറിയാതെ തെല്ലൊന്ന് കുഴങ്ങിയെങ്കിലും, ഷൂട്ടിന് മുമ്പ് സംവിധായകന്റെ ചുണ്ടിൽ നിന്ന് കഥ കേൾക്കാൻ അവസരം കിട്ടിയ പ്രേക്ഷകന്റെ കൗതുകം അവളെയും പിടികൂടി. അന്നേരം അവൾ അയാളുടെ സ്വപ്ന സിനിമയെ കുറിച്ച് ചോദിച്ചു തുടങ്ങി. ജിബ്രാൻ മെഹ്സിയാദയെ ഓർത്ത്, അവരെ കുറിച്ച് പറയാൻ തുടങ്ങി...

ജിബ്രാന്റെ ഓർമയിലെ മെഹ്സിയാദ
-മെഹ്സിയാദ

ണ്ടായിരത്തിൽ പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവേദിയിൽ വെച്ചാണ്, ജിബ്രാൻ ആദ്യമായി മെഹ്സിയാദയെ കാണുന്നത്. നേരിട്ട് കാണുകയായിരുന്നില്ല. ഹയർ സെക്കൻ്ററി വിഭാഗം കഥാരചന മത്സരത്തിൽ അക്കൊല്ലം മെഹ്സിയാദയ്ക്കും ജിബ്രാനുമായിരുന്നു ഒന്നാം സ്ഥാനം. ഇരുവരുടേയും പേരും ഫോട്ടോയും അച്ചടിച്ചുവന്ന മാതൃഭൂമി പത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. ആ കാഴ്ച തന്നെ ജിബ്രാന് അധികമായിരുന്നു, അവളുമായി പ്രണയത്തിലാവാൻ. പത്രത്തിൽ നിന്ന് കിട്ടിയ സ്കൂൾ അഡ്രസിലേക്ക് അങ്ങനെയാണ് ജിബ്രാൻ മെഹ്സിയാദയ്ക്ക് ആദ്യത്തെ കത്ത് എഴുതുന്നത്. പ്രിയപ്പെട്ട എന്റെ ‘മെയ്’ക്ക് ‘ജെ’ കുറിക്കുന്നു. ഞാൻ സ്നേഹിക്കുന്നു. എന്നാൽ എന്തുകൊണ്ട് സ്നേഹിക്കുന്നു എന്ന ചിന്തയ്ക്ക് ഉത്തരമില്ല. എനിക്ക് അത് അറിയണമെന്നുമില്ല. എന്റെ ആത്മാവിലും ഹൃദയത്തിലും നിങ്ങളെ സ്നേഹിക്കുന്നു അത്രമാത്രം.

ജിബ്രാൻ മെഹ്സിയാദയ്ക്കുള്ള ആദ്യത്തെ കത്ത് എഴുതുമ്പോൾ ഉറുദു അദ്ധ്യാപകനായ അവന്റെ ഉപ്പ ജബ്ബാർ മാഷിന്റെ ഗ്രാമഫോൺ കളക്ഷനിലൊന്ന് മിർസ ഗാലിബിന്റെ ഗസൽ ആലപിച്ചു കൊണ്ടിരിക്കുകയായിരുന്നു.
തുജേ ദേഖ്ദാവും തു നസർ ഹും,
ജബ് വി തുബി യാദ് കർത്താഹും തും
യാദ് ഹോ...
നിന്നെ കാണുമ്പോൾ ഞാനാണ് കാഴ്ച,
നിന്നെ ഞാൻ ഓർക്കുമ്പോൾ
നീയാണ് സ്മരണ.

ജിബ്രാന്റെ എഴുത്ത് വായിച്ചതും താൻ തേടി നടക്കുന്ന തന്റെ മറുപാതി ഇവൻ തന്നെയാണല്ലോ എന്ന തോന്നൽ മെഹ്സിയാദയ്ക്ക് തോന്നി. ഇതോടൊപ്പം പ്രണയത്തിന്റെ അരക്ഷിതത്വം രണ്ടു മൂന്നു തവണ അനുഭവിച്ചതിന്റെ പ്രയാസങ്ങളും ഓർമ വന്നു. നാലഞ്ച് ദിവസം ആലോചിച്ചശേഷം അവളൊരു മറുപടി എഴുതി.

‘‘പ്രിയപ്പെട്ട ജെ,
മനുഷ്യർ തമ്മിലുള്ള ഒരു ബന്ധത്തിലും ഒരാൾ മറ്റൊരാളെ കൈവശപ്പെടുത്തരുത്. രണ്ടു മനസ്സുകൾ എപ്പോളും വ്യത്യസ്തമായിരിക്കും, സൗഹൃദത്തിലായാലും പ്രണയത്തിലായാലും. ഒറ്റക്ക് നേടാൻ കഴിയാത്തത് സ്വന്തമാക്കാൻ, ഒരുമിച്ചു നീങ്ങുന്ന രണ്ടു കൈകൾ പോലെയാണ് മനുഷ്യർ. ചരിത്രത്തിലെ മെഹ്സിയാദയും ജിബ്രാനും പോലെ നമ്മളും ഒരിക്കലും കാണരുത്, കത്തുകളിലൂടെ പ്രണയിക്കാം. കണ്ടുമുട്ടുന്ന നാളിൽ നമ്മൾ പിരിയും.’’

തന്നെ മനസിലാക്കുന്നൊരു കൂട്ട് എന്നതായിരുന്നു ജിബ്രാന്റെ ആവശ്യം. തന്റെ കത്തുകൾക്ക് പ്രണയത്തോടെ മറുപടി കുറിക്കുന്നൊരാളെ കിട്ടിയപ്പോൾ ഒറ്റയ്ക്കാന്നെന്നുള്ള അവെൻ്റ സങ്കടമങ്ങ് മാഞ്ഞു പോയി. സിനിമ കരിയറായി തെരഞ്ഞെടുക്കണോ വേണ്ടയോ എന്ന് ആശങ്കപ്പെട്ട അനിശ്ചിതത്വത്തിൽ അവളുടെ കത്തുകളാണ് സിനിമ എന്ന സ്വപ്നത്തെ ജിബ്രാനിൽ ഊട്ടിയുറപ്പിച്ചത്. അവനെപ്പോലെ അവളും ഒരു സിനിമ ബഫായിരുന്നു.

ജിബ്രാനും മെഹ്സിയാദയ്ക്കുമിടയിൽ തൂലികാ സൗഹൃദവും പ്രണയവും തുടങ്ങിയതിന്റെ നാലാം വർഷം iffk വേദിയിൽ വെച്ച് ഇരുവരും കണ്ടെങ്കിലും മെഹ്സിയാദയുടെ ആദ്യത്തെ കത്തിലെ ഭീഷണിയോർത്ത് ജിബ്രാൻ മിണ്ടാൻ പോയില്ല. അന്ന് അവൾ കയറിയ സിനിമയ്ക്കെല്ലാം കയറിയ കൂട്ടത്തിലാണ് അബാസ് കിരസ്താമിയുടെ The wind will carty us, Through the olive trees, Taste of cherry എന്നീ സിനിമകൾ കാണുന്നത്. ഫെസ്റ്റിവൽ കഴിഞ്ഞതോടെ ജിബ്രാനും മെഹ്സിയാദയെപ്പോലെയൊരു കിരസ്താമി ആരാധകനായി.

ഏഴ് വർഷങ്ങൾക്കുശേഷം 2012- ലാണ് ജിബ്രാൻ വീണ്ടും മെഹ്സിയാദയെ കാണുന്നത്. വിഘ്നേഷ് എന്ന നവാഗത സംവിധായകെൻ്റ നിഴലാഴം എന്ന സിനിമയുടെ Associate Director ആയി ജിബ്രാൻ ജോലി ചെയ്തുകൊണ്ടിരിക്കുന്ന അക്കാലത്ത്, ക്യാമറാമാൻ നിഖിലിന്റെ സുഹൃത്തായാണ് അവൾ ആ സിനിമയുടെ Pre-production ക്യാമ്പിലെത്തുന്നത്. വളരെ പെട്ടെന്നുതന്നെ നിഖിലിന്റെ റെക്കമെന്റെഷനിൽ അവൾ നിഴലാഴം സിനിമയുടെ Co writer ആയി.

ഉസ്താദ് ഹോട്ടൽ, അയാളും ഞാനും തമ്മിൽ, റൺബേബി റൺ എന്നീ വൻ സിനിമകൾക്കൊപ്പം നിഴലാഴവും ആ വർഷത്തെ സൂപ്പർ ഹിറ്റുകളിലൊന്നായി മാറി. പുതുമുഖങ്ങളെ വെച്ച് ഹിറ്റടിച്ച വിഘ്നേഷിന് രണ്ടാമത്തെ സിനിമയുടെ അഡ്വാൻസ് കിട്ടുന്നത് നിഖിൽ വഴിയായതുകൊണ്ട് വരാൻ പോകുന്ന പ്രൊജക്റ്റ് മെഹ്സിയാദയെ കൊണ്ട് എഴുതിക്കാൻ തീരുമാനിച്ചു. ഏഴെട്ട് മാസത്തെ കൂടിയിരിക്കലുകൾക്കൊടുവിൽ മെഹ്സിയാദ കഥയും തിരക്കഥയും പൂർത്തിയാക്കി. വിഘ്നേഷ് തന്റെ രണ്ടാമ ത്തെ ചിത്രത്തിന്റെ പേര് ചിറക് എന്ന് പ്രഖ്യാപിച്ചു. തന്നേക്കാൾ എക്സ്പീരിയൻസ് കുറഞ്ഞ, ഇന്നലെ സിനിമയിലേക്ക് വന്ന തന്റെ കാമുകി ഇൻ്റിപെൻ്റൻ്റ് റൈറ്ററായി സിനിമ ചെയ്യാൻ പോകുന്നു, എന്ന വാർത്ത ജിബ്രാനെ അസ്വസ്ഥനാക്കി. അസൂയയും മെയിൽ ഈഗോയും കൂട്ടുകാരുടെ കളിയാക്കലുകളുമെല്ലാം അയാളെ കൂടുതൽ കൂടുതൽ കുപിതനും നിരാശനുമാക്കി. മെഹ്സിയാദയ്ക്ക് ഫോൺ വിളിക്കാതെ, കത്തെഴുതാതെ ജിബ്രാൻ അവളെ മറക്കാൻ ശ്രമിച്ചു. രാപ്പകലില്ലാതെ കഞ്ചാവ് വലിയും പോൺസൈറ്റുകളിൽ അടയിരിക്കലുമായി ജീവിതം. ജിബ്രാനങ്ങനെ അലസനായി മാറിയെങ്കിലും മറ്റുള്ളവർക്കുമുമ്പിൽ, സിനിമാ ചർച്ചകളും ഷൂട്ടിങ്ങുമായി അലഞ്ഞു നടന്നു. വീട്ടിൽ കയറാതെയുള്ള ആ അലച്ചിലിപ്പോളും തുടരുന്നു.

2013 മാർച്ച് 3 ന് മെഹ്സിയാദ ജിബ്രാനെ കാണാനെത്തി. അന്ന് അവളുടെ പിറന്നാളാണെന്ന് അവന് അറിയാം. പക്ഷെ കുന്നിലിങ്ങനെ താനിപ്പോൾ വർക്ക് ചെയ്യുന്ന മമ്മൂട്ടി പടത്തിന്റെ സെറ്റിൽ അവളെത്തുമെന്ന് അവനൊട്ടും പ്രതീക്ഷിച്ചില്ല. കണ്ടപാടെ നിറചിരിയോടെ അവൾ സന്തോഷം പങ്കുവെച്ചു. മമ്മൂക്കയോട് സ്ക്രിപ്റ്റ് പറയാൻ വന്നതാ, അദ്ദേഹത്തിന് ഇഷ്ടമായി എന്നവൾ പറഞ്ഞപ്പോൾ പിറന്നാൾ ഭാഗ്യം, ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ എന്നവൻ മറുപടി നൽകി. നീയൊന്ന് വായിച്ചു നോക്കെന്നും പറഞ്ഞവൾ തിരക്കഥ നീട്ടി. ജിബ്രാൻ അന്ന് ആ തിരക്കഥ വാങ്ങി വെച്ചെങ്കിലും വായിച്ചില്ല. ബജറ്റ് പ്രശ്നം വന്ന് മമ്മൂട്ടി വിഘ്നേഷിെൻ്റയും കൂട്ടുകാരുടേയും പടത്തിൽ നിന്ന് പിന്മാറി. ഇതോടെ വിഘ്നേഷും മറ്റൊരു പ്രൊജക്റ്റിന്റെ പിറകെ പോയി.

ആദ്യമെഴുതിയ തിരക്കഥ സിനിമയായി കാണണമെന്ന് മെഹ്സിയാദയ്ക്ക് വാശിയായിരുന്നു. അവൾ തന്റെ തിരക്കഥ സിനിമയാക്കാൻ നീണ്ട നാല് വർഷം നടന്നു. ഒടുക്കം 2017 ജൂലൈ 26 ന് മെഹ്സിയാദയുടെ ചിറക് എന്ന സിനിമ റിലീസ് ചെയ്തു. ആ മാസം ഇറങ്ങിയ മിന്നാമിനുങ്ങ്, തീരം എന്നീ സിനിമകൾ പോലെ ബോക്സോഫീസിൽ പരാജയപ്പെടാനായിരുന്നു ഈ കുഞ്ഞുചിത്രത്തിേൻ്റയും വിധി. മെഹ്സിയാദ എഴുതി സംവിധാനം ചെയ്ത സിനിമ ആദ്യ ഷോ തന്നെ പോയി കണ്ട് ജിബ്രാനൊരു നിരൂപണം എഴുതി. ചിറക് എന്ന സിനിമ ഫാത്തിഹ് അകിൻ സംവിധാനം ചെയ്ത The edge of heaven എന്ന ചിത്രത്തിന്റെ ഈച്ചക്കോപ്പിയാണെന്നതായിരുന്നു നിരൂപണത്തിെൻ്റ ചുരുക്കം. ഇതോടെയാണ് മെഹ്സിയാദ ജിബ്രാനിൽ നിന്നും കൂടുതലകന്നത്.

‘‘പിണങ്ങിപ്പിരിഞ്ഞ വിരഹകാലത്തും ഇണകൾ പരസ്​പരം ഓർക്കുകയും പ്രണയിക്കുകയും ചെയ്യും. ഒരാളെ നമുക്ക് നഷ്​ടപ്പെട്ട് കഴിയുമ്പോളാണ് അവരെ നമ്മൾ തീവ്രമായി പ്രണയിക്കുക’’, മെഹ്സിയാദയുമായുള്ള വിരഹകാലത്തെ കുറിച്ച് അതുല്യയോട് ജിബ്രാൻ പറഞ്ഞു തുടങ്ങിയത് ഇപ്രകാരമാണ്: ‘‘എന്നോടാണോ അവരോടാണോ കൂടുതൽ പ്രേമം?’’

‘‘പിരിഞ്ഞശേഷം തീവ്രമായി അവളെ ഓർക്കാൻ തുടങ്ങി. ആദ്യത്തെ സിനിമ കഴിഞ്ഞ് പിന്നീട് അവൾക്ക് സിനിമ ചെയ്യാൻ പറ്റാതെയായി. എനിക്ക് ദേ ഈ നിമിഷം വരെ സ്വന്തം സിനിമ എന്ന സ്വപ്നത്തെ സാക്ഷാത്ക്കരിക്കാൻ കഴിഞ്ഞിട്ടില്ല. ആ അർത്ഥത്തിൽ ഇപ്പോളും ഏറെ ബഹുമാനവും പ്രണയക്കൂടുതലും അവരോടുണ്ട്.’’
‘‘ഉം, നിങ്ങള് അവരെ പിന്നെ കണ്ടിരുന്നോ?’’
‘‘രണ്ടു വർഷം കഴിഞ്ഞൊരു IFFK-യിൽ വെച്ച് വീണ്ടും കണ്ടു.’’
‘‘എന്നിട്ട്?’’
‘‘ഞാൻ സോറി പറഞ്ഞ് കരഞ്ഞു, അവള് ചിരിച്ചു. പിന്നെ ഞങ്ങള് ഒന്നിച്ച് സിനിമ കണ്ടു. ജോയിൻ്റടിച്ച് കിളിയായി വീണ്ടും കൂട്ടായി. അവൾക്കും എനിക്കുമന്ന് Yana, The Curious case of benjamin button, A short film about love എന്നീ സിനിമകൾ ഇഷ്​ടപ്പെട്ടു. A Short film about love കണ്ടാണ് കസ്​ലോവ്സ്കിയോട് താൽപര്യം തോന്നിയത്. എനിക്ക് ഏറ്റവും ഇഷ്ട്ടോള്ള സംവിധായകൻ കസ്ലോവ്സ്കിയാണ്. നിന്റെയോ?’’
Clint East wood
‘‘പുള്ളീടെ നിനക്ക് ഏറ്റവും ഇഷ്ടോള്ള സിനിമ ഏതാ?’’
‘‘Mystic River’’
‘‘കണ്ടിട്ടില്ല’’
‘ഉം, കണ്ട് നോക്ക്’
‘ആ’
‘‘അപ്പൊന്നാ ഗുഡ്നൈറ്റ്. നക്ഷത്രത്തൊള്ളായിരം കിനാവുമ്മകൾ സ്വീറ്റ് ഡ്രീംസ്’’

പ്രണയത്തിലായ ശേഷമുള്ള ആദ്യത്തെ ഫോൺ കോൾ break up ആയി കൃത്യം 35–ാം ദിവസം ഓർമ്മ വന്നതോടെ അതുല്യക്ക് ജിബ്രാനെ ഉപേക്ഷിച്ച തീരുമാനം തെറ്റായിപ്പോയെന്ന് ആദ്യമായി തോന്നിത്തുടങ്ങി.

ജിബ്രാൻ Ghost writer ആയ ഇതുവരെ റിലീസ് ആകാത്ത അന്ന് എന്ന ആന്തോളജി സിനിമ ഷൂട്ട് നടക്കുന്ന കാലത്ത്, കൃത്യമായി പഞ്ഞാൽ 2020 ജനുവരി 3നാണ്, പിണക്കങ്ങളെല്ലാം മറന്ന് വീണ്ടും മെഹ്സിയാദയുമായി പ്രണയത്തിലാവുന്നത്. അക്കാലത്ത് മെഹ്സിയാദ സിനിമ എന്ന സ്വപ്നം പൂർണമായി ഉപേക്ഷിക്കുകയും കളമശ്ശേരിയിൽ സുഹൃത്തുക്കൾക്കൊപ്പം ലാപ്പ്ടോപ്പ് ജേർണലിസം എന്ന പേരിലൊരു ഓൺലൈൻ പോർട്ടൽ നടത്തുകയുമായിരുന്നു. അവരുടെ ഓൺലൈൻ പോർട്ടലിന്റെ തുടക്കകാലമായതിനാൽ താൽക്കാലിക കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് കളമശ്ശേരിയിൽ നടന്നൊരു ബലാത്സംഗകേസിൽ ഉന്നതരായ ചില പോലീസുകാർക്ക് പങ്കുണ്ടെന്ന വാർത്ത കൊടുത്തതിന്റെ പേരിൽ മെഹ്സിയാദയേയും കൂട്ടുകാരെയും ഉപദ്രവിക്കുക പോലീസുകാരുടെ വിനോദമായിരുന്നു. തൽഫലമായി കളമശ്ശേരിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ലാപ്പ്ടോപ്പ് ജേർണലിസത്തിെൻ്റ ഓഫീസ് ഒഴിഞ്ഞു കൊടുക്കേണ്ടതായും വന്നു.

ഈയൊരു ഘട്ടത്തിൽ വർഷങ്ങളായി കൊച്ചിയിൽ അതിജീവിച്ചതിന്റെ കരുത്ത് കാട്ടി ജിബ്രാൻ അവളുടെ കൂടെ നിന്നു. പുതിയ ഓഫീസ് കെട്ടിടം അറേഞ്ച് ചെയ്ത് കൊടുത്തു. അതുകൊണ്ടാകണം രണ്ടായിരത്തിൽ തുടങ്ങിയ ജിബ്രാന്റെ പ്രണയത്തെ 20 വർഷങ്ങൾക്കുശേഷം മെഹ്സിയാദ ചുംബനത്താൽ അംഗീകരിച്ചത്. തൊടാതെ പോയ വർഷങ്ങളുടെ കടം വീട്ടാനായി ജിബ്രാൻ വെമ്പൽ കൊണ്ടെങ്കിലും ആർത്തവത്തിന്റെ അസ്വസ്​ഥതകൾ കാരണം പൂർണമായി അവന്റേതാകാൻ അന്നേരമവൾ വിസമ്മതിച്ചു. ഏതാനും ആഴ്ചകൾ കൂടി അവർ പ്രണയിച്ചു. പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിന് ജിബ്രാനെത്തുകയും മെഹ്സിയാദയോട് കാമുകന്റെ അധികാരത്താൽ ഇടപെടുകയും ചുംബിക്കുകയും ചെയ്തു. അയാളുടെ ഈ പെരുമാറ്റം സഹപ്രവർത്തകർക്കുമുമ്പിൽ തന്നെ അവമതിക്കുന്നതും തന്റെ ശരീരത്തിലേക്കുള്ള കടന്നുകയറ്റുവുമായി വിലയിരുത്തി, ഇനി തന്റെ ജീവിതത്തിൽ ജിബ്രാൻ വേണ്ടെന്ന് മെഹ്സിയാദ തീരുമാനിച്ചു. അവൾ അങ്ങനെ അവന്റെ ജീവിതത്തിൽ നിന്നും കാഴ്ചയിൽ നിന്നും മറഞ്ഞു. ഇന്നലെകളെ പോലെ.

അതുല്യ

2023, മാർച്ച് 13
കൽപ്പറ്റ

ൽപ്പറ്റയിലെ ഒരു സ്വകാര്യ കോളേജിൽ കഴിഞ്ഞ ഏഴ് വർഷമായി വാർഡനും ലൈേബ്രറിയനുമായിരുന്നു അതുല്യ. മെച്ചപ്പെട്ടൊരു കോളേജിലേക്ക് മാറാനും സ്വന്തമായൊരു വീട് എന്ന സ്വപ്നം നിറവേറ്റാനുമായി ജോലി രാജിവെച്ചിട്ട് മാസങ്ങളായി. തന്റെ ഇതുവരെയുള്ള സമ്പാദ്യം കൊണ്ട് വീട് പണിയാനുള്ള ശ്രമങ്ങളും അവൾ ആരംഭിച്ചു കഴിഞ്ഞു. കുടിച്ച് വെളിവില്ലാതെ പണിക്കൊന്നും പോകാതെ കഴിഞ്ഞു കൂടുന്ന അലസനായ അച്ഛൻ ചന്ദ്രൻ കാരണം അമ്മ നളിനിയ്ക്കൊപ്പം വീടുപണിക്കായവൾ അക്ഷരാർത്ഥത്തിൽ നെട്ടോട്ടമോടുകയാണ്. വലിയ അകലത്തേക്കല്ലാതെ കെട്ടിച്ചുവിട്ട അനിയത്തി ആരതിയും ഭർത്താവ് സുനിലും ഇടയ്ക്ക് സഹായത്തിന് കൂടാറുണ്ട്. ആരതിയുടെ മകൾ മിഴിയെ ജനിച്ചത് തൊട്ട് നോക്കി വളർത്തുന്നത് അതുല്യ ആയതിനാൽ അവൾ എല്ലായ്പ്പോളും കൂടെ കാണും. ഇക്കഴിഞ്ഞ കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ വെച്ച് ഹൈദറുമായി പിണങ്ങിപ്പിരിയേണ്ടി വന്നതിൽപ്പിനെ ആരും സ്​നേഹത്തോടെയാണ് ചേർത്തുപിടിച്ച് ചുംബിച്ചിട്ടില്ല. വല്ലാതെ ഒറ്റപ്പട്ടെന്ന് തോന്നിയ നേരത്താണ് കഴിഞ്ഞയാഴ്ച ടൗണിൽ വെച്ച് യാദൃച്ഛികമായി കണ്ട യതീന്ദ്രനെ ഓർമ്മ വന്നത്. ബി എഡിന് പഠിക്കുമ്പോൾ തന്റെ സീനിയറായിരുന്ന യതീന്ദ്രനെ അന്നേരം എന്തുകൊണ്ട് ഓർത്തതെന്ന് അവൾക്കൊരു തിട്ടവുമില്ല. വാട്സ് ആപ്പ് കോൺഡാക്റ്റിൽ നിന്നും അവനെ തപ്പിയെടുത്ത്, വീഡിയോ കോൾ ചെയ്തു.

‘‘എടോ മൂന്നാല് മാസായി വീടുപണിടെ മല്ലിക്കെട്ടില് ചടച്ചിരിക്കേണ്. എനിക്ക് എങ്ങോട്ടേലും ഒരു യാത്ര പോണം. ഇയാള് ഫ്രീയാണോ?’’
‘‘എപ്പളാ പോവേണ്ടത്?’’
‘‘കഴിയണതും വേഗം.’’
‘‘നീ പ്ലാൻ ചെയ്ത് ടൈം അറിയിക്കൂ. നമുക്ക് ഈട്ടിയ്ക്കോ കൊടേക്കനാലിനോ ഒരു ട്രിപ്പടിക്കാം.’’
‘ആ…’

യതീന്ദ്രനുമായുള്ള വാട്സ് ആപ്പ് സംസാരം അവസാനിപ്പിച്ചശേഷം അതുല്യ ഇൻസ്റ്റഗ്രാം ഓപ്പൺ ചെയ്ത് അന്ന് വൈകുന്നേരം മിഴിക്കൊപ്പം എടുത്ത സെൽഫി പോസ്റ്റ് ചെയ്തു. തുടർന്ന് ഇൻസ്റ്റഗ്രാം വിശേഷങ്ങളിൽ പരതി നടക്കാൻ തുടങ്ങി. അന്നേരമാണ് ജിബ്രാന്റെ മെഹ്സിയാദ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ണിലുടക്കുന്നത്.

ഹൈദറിന്റെ സുഹൃത്തിന്റെ സിനിമ തുടങ്ങാൻ പോകുന്നതറിഞ്ഞതിന്റെ സന്തോഷമാണോ ഹൈദറിന്റെ വാക്കുകളിൽ എല്ലായ്പ്പോഴും കടന്നു വരാറുള്ള ഒരാളെ പരിചയപ്പെടാനുള്ള കൗതുകമാണോ അതുല്യയെ കീഴടക്കിയതെന്നറിയില്ല. അഭിനന്ദന സന്ദേശത്തോടൊപ്പം സാറിനെ പരിചയപ്പെടാനും കൂട്ടാകാനും ആഗ്രഹമുണ്ടെന്നവൾ അയാൾക്ക് ഇൻസ്റ്റാഗ്രാമിലൊരു വോയ്സ് അയച്ചു. ആ ശബ്ദ സന്ദേശം കാതുകളിലെത്തിയതുമുതൽ ജിബ്രാൻ അതുല്യയുടെ കേൾവിയും മനസ്സുമാകാൻ ശ്രമിച്ചു. അങ്ങനെ ഒരാഴ്ച അടുപ്പിച്ച് ഇടതടവില്ലാതെ മിണ്ടിക്കൊണ്ടിരുന്ന അയാൾ മൂന്നാല് ദിവസം മിണ്ടാതായതോടെ അവളാകെ അസ്വസ്​ഥയായി. അഞ്ചാം ദിവസം അവൾ ജിബ്രാന്റെ വാട്സ് ആപ്പ് ചാറ്റ് ബോക്സിലെത്തി ‘ഹലോ’ എന്ന് മൊഴിഞ്ഞു.

‘‘ഹലോ പ്രണയമേ, ഹലോ ആരാണെന്നറിയാമോ? ടെലഫോൺ കണ്ടുപിടിച്ച അലക്സാണ്ടർ ഗ്രഹാം ബെല്ലിന്റെ പ്രണയിനി. തന്റെ കണ്ടുപിടുത്തങ്ങളിൽ കൂട്ടായിരുന്നവളെ പരീക്ഷണം വിജയിച്ച സന്തോഷം വിളിച്ചറിയച്ചതിന്റെ ഓർമപുതുക്കലാണ് നമ്മൾ പറയുന്ന ഓരോ ഹലോയും. പ്രണയിനി സൗഖ്യമാണോ? നൂറായിരം പ്രേമചുംബനങ്ങൾ.’’

‘‘അയ്യേ! വാട്സ് ആപ്പ് യൂണിവേഴ്സ്റ്റിയിലെ ഫേക്ക് ചരിത്രവും പൊക്കിപ്പിടിച്ച് ഫ്ലർട്ട് ചെയ്യാൻ വരാതെ ജിബ്രാനേ, മെബെൽ ഹബ്ബാർഡ് എന്നാണ് ഗ്രഹാം ബെല്ലിന്റെ പ്രണയിനിയുടെ പേര്. കുറച്ചൂസായി കണ്ടില്ലാല്ലോ? എവിടെയാണെന്നറിയാൻ വിളിച്ചതാ?’’

‘‘ഉം, ഷൂട്ടിങ്ങ് ഡേറ്റ് ഇതുവരെ ഫിക്സ് ആയില്ല. പ്രൊഡക്ഷന്റെ ആ ഒരു വള്ളിക്കെട്ടില് ചുറ്റി കിടക്കേണ്. Pre-production ക്യാമ്പിൽ ഇപ്പൊ എത്തിയതേ ഉള്ളൂ. രാത്രീല് വിളിച്ച് ഡീറ്റെയിലായി മിണ്ടാം.’’
‘ഉം...’

അവളോടങ്ങനെ പറഞ്ഞെങ്കിലും ഒരാഴ്ചത്തേക്ക് അതുല്യയെ വിളിക്കാൻ ജിബ്രാന് കഴിഞ്ഞില്ല. അനിയത്തി ജസ്​നയുടെ നിക്കാഹിനെങ്കിലും കുടുംബത്ത് എത്തണമെന്ന് ഉപ്പാന്റെ കൽപ്പന കിട്ടിയതുകൊണ്ട് ജിബ്രാന് തെരക്കിട്ട് കാക്കനാട്ടെ പ്രീ പ്രൊഡക്ഷൻ ക്യാമ്പിൽ നിന്നും അക്കിക്കാവിലേക്ക് വരേണ്ടിവന്നു. ഒന്നൊന്നര കൊല്ലത്തിനുശേഷം വീട്ടിലെത്തിയ അവനങ്ങനെ അനിയത്തിയുടെ കല്ല്യാണത്തിരക്കിൽ അലിഞ്ഞു പോയി. ജസ്​നയുടെ നിക്കാഹ് കഴിഞ്ഞ പിറ്റേന്ന് തന്നെ പ്രൊഡ്യൂസർ സുധീറിനെ കാണാൻ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ ആദ്യ സിനിമ പലപ്പോളായി മുടങ്ങിപ്പോയതിന്റെ ആശങ്കകളോടെയാണ് ഷൂട്ടിങ്ങിന് അന്തിമ തീരുമാനം എടുക്കാനുള്ള മീറ്റിങ്ങിനായി ജിബ്രാൻ കോഴിക്കോട്ടേക്ക് ബസ് കയറുന്നത്. കരിയറിനെ കുറിച്ചുള്ള അനിശ്ചിതത്വം അരക്ഷിതമാക്കിയ ജീവിതത്തെ കുറിച്ച് ചിന്തിച്ചിരിക്കുമ്പോളാണ് അതുല്യയുടെ കോൾ വരുന്നത്.

‘‘അങ്ങോട്ട് കേറി പ്രപ്പോസ് ചെയ്തത് കൊണ്ടാണോ തിരിഞ്ഞുനോക്കാത്തത്. ഇത്ര വലിയ ജാഡ പാടില്ല’’, എത്ര ദിവസമായി വിളിച്ചിട്ടെന്ന് അവൾ പരിഭവം പറഞ്ഞു.
മറുപടിയായി, ‘‘ഞാൻ കോഴിക്കോട്ടേക്കുള്ള യാത്രയിലാണ്, അവിടെ എത്തീട്ട് എന്തായാലും വിളിക്കാം’’ എന്ന് പറഞ്ഞതും, ‘‘എന്നാ തിരിച്ചു പോണത്?’’ എന്ന് മറുതലക്കൽ നിന്നും ചോദ്യമുയർന്നു.
‘‘മിക്കവാറും നാളെ തന്നെ.’’
‘‘എന്നാ നമുക്ക് നാളെ കണ്ടാലോ?’’
‘ഉം’

2023, ജൂലൈ 31!
കൽപ്പറ്റ

തുല്യ ജിബ്രാനയച്ച കത്ത് വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരുന്നു.
‘‘ജൂലൈ 26 കഴിഞ്ഞാകും നിങ്ങൾക്ക് ഈ കത്ത് കിട്ടുന്നത്. എനിക്ക് ഏറെ പ്രിയപ്പെട്ട സിനിമയായ കെ.ജി. ജോർജിന്റെ മറ്റൊരാളിലെ നായികയുടെ ജീവിതത്തിലേതുപോലെ നിങ്ങളുടെ ഹൃദയം മറ്റൊരാൾ കീഴിടക്കിയെന്ന ഉറപ്പ് ഇപ്പോൾ എനിക്കുണ്ട്. വരുന്ന വർഷങ്ങളിലെ ജൂലൈ 26 ന് നിങ്ങളെ ഓർത്താൽ ഞാൻ ഇതുപോലെ കത്തുകളും സമ്മാനങ്ങളും കരുതിവെക്കും. ഒരു പക്ഷെ അവയൊന്നും നിങ്ങളുടെ വിലാസം തേടിയെത്തില്ല. ഫ്യൂസന്റെ മുടിപ്പിന്നും തൂവാലയും അവൾ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികളും ശേഖരിച്ചു വെച്ച് നിഷ്കളങ്ക പ്രണയത്തിന്റെ മ്യൂസിയം കെമൽ തീർത്ത പോലെ ഞാനുമൊരു മ്യൂസിയം പണിയും. എല്ലായ്പ്പോളും പറയും പോലെ വെറും വാക്കല്ല. നിനക്കായി കുറിക്കുന്ന പ്രണയാക്ഷരങ്ങൾ ഈ കത്തോടെ അവസാനിക്കും. വരും ദിവസങ്ങളിൽ നിങ്ങൾ എന്നെ അവഗണിച്ച് മറന്നപോലെ ഞാനും നിങ്ങളെ മറക്കും.’’
ആവർത്തിച്ചുള്ള കത്ത് വായനയോടെ അയാളെ ആദ്യമായി കണ്ട ദിവസം അവൾക്ക് ഓർമ വന്നു.

2023, ഏപ്രിൽ 19, 20
കോഴിക്കോട്

ഫോണിൽ കണ്ട ആളേ ആയിരുന്നില്ല അതുല്യ നേരിട്ട് കണ്ട ജിബ്രാൻ. വല്ലപ്പോളുമേ മദ്യപിക്കൂ എന്നുപറഞ്ഞ ആള് ഇഴഞ്ഞാണ് അതുല്യയേയും കൂട്ടി പാരഡൈസ് ലോഡ്ജിലെത്തിയത്. കണ്ടപാടെ എന്താണ് നാലുകാലിലെന്ന് അവൾ ഈർഷ്യയോടെ ചോദിച്ചു.

കാത്തുനിന്ന് മുഷിഞ്ഞപ്പോൾ സുഹൃത്തിനൊപ്പം പോയി മദ്യപിച്ചെന്ന് മറുപടി പറഞ്ഞതോടെ അവൾക്ക് അച്ഛനെ ഓർമ വന്നു. അച്ഛെൻ്റ മദ്യപാനം മൂലം താനും അമ്മയും അനുഭവിച്ച മാനക്കേടും വിഷമങ്ങളും അന്നേരം നെഞ്ചിൽ കനം വെച്ചു. കണ്ണൊന്ന് കലങ്ങി. മുറിയിലെത്തിയതും ജിബ്രാൻ അതുല്യയെ ചുംബിക്കാനും വേഴ്ചയിൽ ഏർപ്പെടാനും ശ്രമിച്ചു കൊണ്ടിരുന്നു. കുടിച്ച് ലക്ക് കെട്ടവന്റെ ലക്ഷ്യം കാണാത്ത പാഴ്ശ്രമങ്ങളാൽ അന്നത്തെ സന്ധ്യ ഇരുട്ടി വെളുത്തു. ഉണ്ണാതെ ഉറങ്ങാതെ ജിബ്രാന്റെ ഫ്രസ്റ്റേഷനെല്ലാം ഇറക്കിവെക്കാനുള്ള ഇടം മാത്രമായിപ്പോയോ താനെന്ന് അവൾക്ക് തോന്നി. അന്നേരം അവൾക്ക് അവളോടും അവളുടെ ശരീരത്തോടും വെറുപ്പും ആത്മപുച്ഛവും അനുഭവപ്പെട്ടു. തന്റെ അരക്ഷിതത്വവും സങ്കടങ്ങളും ഏകാന്തതയും ആരിൽ ഇറക്കിവെക്കുമെന്നറിയാതെ സങ്കടം പെരുത്ത് കയറി. താൻ കരഞ്ഞേക്കുമെന്ന ഘട്ടമെത്തിയപ്പോൾ അതുല്യ പോകാൻ തിടുക്കം കൂട്ടി. ലോഡ്ജിൽ നിന്നും ഇറങ്ങി സമീപത്തെ റെസ്റ്റോറൻ്റിൽ നിന്നും പേരിനെന്തോ കഴിക്കുന്നതിനിടയിൽ അതുല്യ അയാളോട് മെഹ്സിയാദയെ ഇപ്പോളും പ്രണയിക്കുന്നുണ്ടോ? എന്ന് ചോദിച്ചു. അന്നേരം അവരോടെ ഇതുവരെ ഏറ്റവും തീവ്രമായി പ്രണയം തോന്നിട്ടുള്ളൂ. അവർക്ക് മുമ്പും ശേഷവും ഉണ്ടായതെല്ലാം കഴപ്പ് തീർക്കലുകൾ മാത്രമാണ്. വെറും വൺനൈറ്റ് സ്ൻ്റാൻ്റുകൾ എന്നങ്ങ് മറുപടിയും പറഞ്ഞു കളഞ്ഞു. ഇതു കേട്ടതും അതുല്യക്ക് എത്രയും പെട്ടെന്ന് വീടെത്തണമെന്നായി. കഴിക്കുന്നത് മതിയാക്കി അവൾ എഴുന്നേറ്റതും അവനും എണീറ്റ് പിറകെ ചെന്നു. കുറേ സോറി പറഞ്ഞു.

ആദ്യത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം അതുല്യ ജിബ്രാനെ അവഗണിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. ‘‘മദ്യലഹരിയിൽ പ്രപ്പോസ് ചെയ്ത കാമുകി, പ്രിയപ്പെട്ടവൻ സ്വപ്നസിനിമ മുടങ്ങിപ്പോയതിെൻ്റ വ്യസനത്തിൽ കൂട്ടുകാരന്റെയൊപ്പം മദ്യപിച്ചതൊരു തെറ്റായി കാണില്ലെന്നറിയാം. കുടിച്ച് ലക്കുകെട്ട് മര്യാദയില്ലാതെയും നിങ്ങൾ ആശിക്കും വിധമല്ലാതെയും പെരുമാറിയപ്പോയതിൽ പൊറുക്കുക. പറ്റിപ്പോയതാണ് സോറി’’ എന്നും പറഞ്ഞ് വാട്സ് ആപ്പിൽ ഒരു വോയ്സ് മെസേജ് കിട്ടിയതോടെ മറുപടി നൽകാതിരിക്കാൻ അതുല്യയ്ക്ക് കഴിഞ്ഞില്ല.

‘‘അച്ഛനെ ഓർമ്മിപ്പിക്കും വിധം കുടിച്ച് ലക്കുകെട്ട് എന്നെ കാണാൻ വന്നതും എന്നേയും എന്റെ പ്രണയത്തേയും അവഗണിച്ച് ട്രോമയിലാക്കിയതും ഉള്ളിൽ നിന്നും പോണില്ല. സോറി സ്വീകരിച്ചിരിക്കുന്നു. love you.’’

2023, മെയ് 7 മുതൽ 10 വരെ
അക്കിക്കാവ് + കോഴിക്കോട് + കൽപ്പറ്റ + ഊട്ടി

‘‘സ്വന്തം പടം നമുക്ക് പിന്നെ ചെയ്യാം. ഇപ്പൊ ചടഞ്ഞിരിക്കാതെ അസോസിയേറ്റ് പണിക്ക് പോകൂ’’ എന്നുള്ള അതുല്യയുടെ നിർബന്ധം കൊണ്ടാണ് സുഹൃത്ത് അഭിറാമിന്റെ നടക്കാവ് ഇരട്ടക്കൊലക്കേസ് എന്ന സിനിമയിൽ ജോയിൻ ചെയ്യുന്നത്. ഷൂട്ടിന് വെറും നാല് ദിവസം മാത്രമുള്ളപ്പോളാണ് ജിബ്രാൻ ക്രൂവിനൊപ്പം കൂടുന്നത്. ലേറ്റായി ജോലി ഏറ്റെടുത്തതുമൂലം ആദ്യത്തെ ഒരു 10 ദിവസത്തോളം ജിബ്രാന് അതുല്യയെ വിളിക്കാനോ സ്വസ്​ഥമായി മിണ്ടാനോ കഴിഞ്ഞില്ല. എന്നാൽ വഴിപാട് കഴിക്കും പോലെ അയാൾ അയച്ചിരുന്ന ഗുഡ് മോണിങ്ങ്, ഗുഡ്നൈറ്റ് സന്ദേശങ്ങൾ അവളിൽ വല്ലാത്തൊരു നിരാശയും അരക്ഷിതബോധവും സ്രഷ്​ടിച്ചു. എന്തിനാണ് ജിബ്രാനെ പരിചയപ്പെട്ടതും പ്രണയിച്ചതെന്നും ഓർത്തവൾ വിഷാദിയായി.

വിഷാദത്തിനൊപ്പം ആർത്തവവും കൂട്ടായി എത്തിയ നേരത്താണ് ഹൈദർ കോൾ ചെയ്യുന്നത്. തന്റെ സുഹൃത്തും എക്സ് കാമുകിയും റിലേഷനിലായതിനെ അഭിനന്ദിച്ചവൻ കോൾ കട്ട് ചെയ്തു. ഇതൊടെ അതുല്യ കുറ്റബോധത്തിന്റെ കയത്തിൽ മുങ്ങിപ്പോയി. അന്നേദിവസം ഒന്നും കഴിക്കാതെ സങ്കടപ്പെട്ടാണ് അവൾ ഉറങ്ങാൻ കിടന്നത്. രാവിലെ എണീറ്റതും അവൾക്ക് ജിബ്രാനെ കാണണമെന്നും മിണ്ടണമെന്നും തോന്നി. അവനെ വിളിച്ചപ്പോൾ ഷൂട്ടിലാണ് ഫ്രീയാകുമ്പോ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു. അയാളന്ന് ഫ്രീയായത് രാത്രി ഒരു മണിക്കായതിനാൽ അവരന്നും കാര്യമായൊന്നും പറഞ്ഞില്ല. അതുല്യയ്ക്കായി സമയം മാറ്റിവെക്കാൻ കഴിയാത്തതിന്റെ നഷ്​ടം നികത്താനെന്നോണം ജിബ്രാൻ അവൾക്കായി പുസ്​തകങ്ങളും ഫാൻസി മാലകളും കമ്മലും സുറുമയുമെല്ലാം വാങ്ങിക്കൂട്ടി കാത്തുവെച്ചു. ഇതൊന്നുമറിയാതെ ജിബ്രാൻ തന്നെ ശ്രദ്ധിക്കുന്നില്ലെന്നും തന്നെ മനസിലാക്കുകയോ കേൾക്കുകയോ ചെയ്യുന്നില്ലെന്നും കരുതിയവൾ വ്യസനിച്ചിരുന്നു. ഈയൊരു സങ്കടപ്പെരുക്കം ചുറ്റും നിറഞ്ഞ് നിൽക്കുന്ന ഏകാകിയായൊരു വൈകുന്നേരത്തിലാണ് ‘‘നാളെ ഫ്രീയാണെങ്കിൽ പ്ലാൻ ചെയ്തപോലെ നമുക്ക് ഊട്ടിക്ക് ടൂറ് പോയാലോ?’’ എന്നു ചോദിച്ച് യതീന്ദ്രന്റെ കോൾ വരുന്നത്.

പങ്കാളി നീനയോട് നുണപറഞ്ഞാണ് യതീന്ദ്രൻ അതുല്യയുമായി ഊട്ടിക്ക് പോയത്. ഭർത്താവ് അയാളുടെ കൂട്ടുകാരി​ക്കൊപ്പമാണ് ടൂർ പോയതെന്ന സംശയത്താലെന്നോണം യാത്രയിലുടനീളെ പലതവണ നീന വിളിക്കുകയും അയാൾ കോൾ എടുക്കാതിരിക്കുകയും ചെയ്തു. "Pick up the call. I will leave you now" എന്നോ മറ്റോ വാട്സ് ആപ്പിലൊരു വോയ്സ് മെസേജും പിറകെ വീഡിയോ കോളും വന്നപ്പോൾ അറ്റൻ്റ് ചെയ്യാതിരിക്കാൻ യതീന്ദ്രന് കഴിഞ്ഞില്ല. അയാൾ അതുല്യയെ ബാത്ത്റൂമിൽ ഒളിപ്പിച്ച് ലോക്ക് ചെയ്ത ശേഷം കോൾ എടുത്ത് സംസാരിക്കാൻ തുടങ്ങി. പങ്കാളിയോട് താൻ ഓഫീഷ്യൽ ട്രിപ്പ് വന്നതാണെന്നുള്ള കള്ളം ആവർത്തിച്ചു. അവന്റെയാ പറച്ചില് കേട്ടതും തന്നെയൊരു കോൾഗേളായി യതി പരിഗണിച്ചതായി തോന്നി അതുല്യയ്ക്ക് സങ്കടവും ദേഷ്യവും അണപൊട്ടി. ഈർഷ്യയോടെ കോൾ കട്ടാകുന്നതും കാത്തവൾ ബാത്ത്റൂമിൽ നിന്നു. കോൾ അവസാനിപ്പിച്ച് ബാത്ത് റൂമിന്റെ ഡോർ തുറന്ന് യതീന്ദ്രൻ അവളോട് ഇറങ്ങി വന്നോളാൻ പറഞ്ഞതും, അവൾ തൊള്ളയിൽ തോന്നിയ തെറിയെല്ലാം വിളിച്ചുപറഞ്ഞ് തല്ലാനാഞ്ഞു. ഇമോഷണലായി പിടുത്തം വിട്ട് പെരുമാറുന്ന അവളെ സമാധാനിപ്പിക്കാൻ അയാൾ ക്ഷമ പറഞ്ഞു. കാല് പിടിക്കും വിധം കേണ് പറഞ്ഞപ്പൊ അവൾ തെല്ലൊന്ന് അലിഞ്ഞു. പിണക്കം മറക്കാൻ അവർ മദ്യപിച്ചു. മദ്യലഹരിയിൽ യതീന്ദ്രൻ അതുല്യയോട് തന്റെ കാമം പ്രകടിപ്പിച്ചു, അവൾ തിരിച്ചും.

കൂട്ടുകാരൻ യതീന്ദ്രനുമായി ടൂറ് പോയെന്നും തങ്ങൾ രതിയിലേർപ്പെട്ടെന്നും അതുല്യ പറയുമ്പോൾ ജിബ്രാൻ നിർവികാരതയോടെ അതെല്ലാം കേട്ട് മൂളി. ഏതോ സിനിമയിലെ കഥാപാത്രമാണോ അതുല്യയെന്ന് ഒരു വേള അവനപ്പോൾ തോന്നിപ്പോയി. അതോ തെൻ്റ തന്നെ ഹാലുസിനേറ്റഡ് തലച്ചോർ സൃഷ്​ടിച്ചൊരു മായയാണോ?.

‘‘നീയെന്താ ഒന്നും മിണ്ടാത്തത്?’’
‘‘ഏയ് ഒന്നൂല്ല, ഞാൻ ആലോചിക്കേരുന്നു.’’
‘എന്ത്?’
‘‘സിനിമയിലായിരുന്നെങ്കിൽ കിടിലനൊരു ബാക്ഗ്രൗണ്ട് സ്​കോറിട്ട് ഊട്ടിയിൽ നിങ്ങള് തങ്ങിയ ഹോട്ടലിന്റെ എക്സ്റ്റീരിയർ വിഷ്വൽസിൽ ഇടവേള എന്ന് എഴുതി കാണിച്ചാ രസമായിരിക്കും. അല്ലാതെ ഇതിലിപ്പൊ ഞാനെന്ത് പറയാൻ. നീയും നിന്റെ കൂട്ടുകാരനും ഊട്ടിയ്ക്ക് ടൂറ് പോയി, സെക്സ് ചെയ്തു ഇതിലിപ്പൊ എനിക്കെന്ത് റോള്?’’

‘‘യതീന്ദ്രനുമായി ഒരു വൺ നൈറ്റ് സ്റ്റാൻ്റ് ഉണ്ടായീന്നല്ലാതെ അയാളോടെനിക്ക് പ്രണയമൊന്നും ഇല്ല. നിങ്ങളെ മാത്രമാണിപ്പോൾ പ്രണയിക്കുന്നത്. ബീലിവ് മീ... സെക്സ് വേറെ പ്രണയം വേറെയെന്ന് നമ്മള് പ്രണയത്തിലാവും മുമ്പേ നിങ്ങള് പറഞ്ഞിട്ടുണ്ട്. ഇതിന്റെ പേരില് പിണങ്ങരുത്. പിണങ്ങിയാൽ തന്നെ ആ പിണക്കം ഈ രാവിനപ്പുറം നീളരുത്. നീണ്ടാലെനിക്ക് സങ്കടാവും. ലവ്യൂ.... മിസ്യൂ.....?.’’

2023, മെയ് 11 മുതൽ 16 വരെ
കോഴിക്കോട് + കൽപ്പറ്റ

തുല്യ ഇന്നലെ പറഞ്ഞതെല്ലാം ഉള്ളിൽ തട്ടിയാണെന്ന് ജിബ്രാന് തോന്നി. മെഹ്സിയാദയേയും അതുല്യയെയും ഇപ്പോളും പ്രണയിക്കുന്ന ഇക്കഴിഞ്ഞ 40 വർഷത്തെ ജീവിതത്തിനുള്ളിൽ മെഹ്സിയാദയടക്കം ഏഴോളം പ്രണയങ്ങളും അതിലേറെ വൺനൈറ്റ് സ്റ്റാൻ്റുകളും ഉണ്ടായിട്ടുള്ള താനെങ്ങനെ അവളെ തള്ളിക്കളയും? അതുല്യ തന്നെ തളത്തിൽ ദിനേശന്റെ മനോനിലയിലുള്ള ഒരു വടക്കുനോക്കി യന്ത്രമായി കാണില്ലേ? ഊക്കും ഉപദേശവും ഒരുമിച്ച് വേണ്ടാ. ‘ഫക്ക് ഓഫ്’ എന്നും പറഞ്ഞ് അവൾ break up പറഞ്ഞങ്ങ് പോയാലോ.

അവൾ പറഞ്ഞ പ്രകാരം പിണക്കം നീട്ടുന്നില്ലെന്ന് തീരുമാനിച്ചുറപ്പിച്ചാണ് ജിബ്രാൻ ഉറങ്ങാൻ കിടന്നത്. കിടന്നപ്പോൾ 3 മണി കഴിഞ്ഞിരുന്നു. കൃത്യം 5 മണിക്ക് അലറാം അടിച്ചതോടെ ഷൂട്ടിങ്ങിന് പോകാനായി എഴുന്നേറ്റ് റെഡിയാകേണ്ടി വന്നു.

ഭാര്യ സൂസന്നയുടെ അവിഹിതം ACP വർഗീസ് ആൻ്റണി അറിഞ്ഞശേഷം ഭാര്യയുടെ കാമുകൻ ദീപനെ കൊല്ലാൻ ഗുണ്ടകൾക്ക് കൊട്ടേഷൻ കൊടുക്കുന്ന സീനാണ് ഇന്ന് ഷൂട്ട് ചെയ്യേണ്ടത്. സിനിമയിൽ ഇത്തരം ഏർപ്പാടുകൾ സ്​ഥിരം നടക്കാറുള്ള ഗോഡൗണാണ് ലൊക്കേഷൻ. ലൊക്കേഷനിലെത്തി ഷോട്ട് ഡിവൈഡ് ചെയ്യുമ്പോൾ ജീവിതവും സിനിമയും തമ്മിലുള്ള അന്തരമോർത്ത് ജിബ്രാന് ചിരിപ്പൊട്ടി. അയാൾക്ക് അന്നേരം അതുല്യയോട് മിണ്ടാൻ തോന്നി. കയ്യിലിരുന്ന ഡയറക്ടറുടെ പാഡ് കസേരയിൽ വെച്ച് തെറുത്ത് വെച്ചിരുന്ന കഞ്ചാവ് ബീഡി പോക്കറ്റിൽ നിന്നും എടുത്ത് കത്തിച്ച് പയ്യെ നടക്കാൻ തുടങ്ങി. ലൊക്കേഷനിലെ ആൾത്തിരക്ക് ഇല്ലാത്തൊരു ഇടത്തേക്ക് മാറി നിന്ന് ജിബ്രാൻ അതുല്യയ്ക്ക് ഫോൺ ചെയ്തു.

ഉറക്കം കളഞ്ഞതിൽ പരിഭവിച്ചെങ്കിലും ഏറെ പ്രണയത്തോടെയാണ് അതുല്യ സംസാരിച്ച് തുടങ്ങിയത്. ഇത്രയും പ്രണയത്തോടെ അതിന് മുമ്പോ ശേഷമോ അതുല്യയും ജിബ്രാനും മിണ്ടീട്ടില്ല. ഈഗോകളും ഉടമസ്​ഥത ബോധവുമില്ലാത്ത രണ്ടു പേർക്കിടയിലെ സൗഹൃദവും പ്രണയവും ഇരുവരും അറിഞ്ഞത് ആ നിമിഷങ്ങളിലായിരുന്നു, പക്ഷെ, ഈയൊരു അനുഭൂതിയ്ക്ക് നിമിഷങ്ങളുടെ ആയുസേ ഉണ്ടായുള്ളു.

‘‘ഡയറക്ടർ വിളിക്കുന്നു ജിബ്രാനിക്കാ വാ’’ എന്ന് അസിസ്റ്റൻ്റ് പ്രവീൺ വന്ന് പറഞ്ഞതോടെ ജിബ്രാന് കോൾ കട്ട് ചെയ്യേണ്ടി വന്നു. ആ കോളിന് ഉടനെ തന്നെയൊരു തുടർച്ച അതുല്യ പ്രതീക്ഷിച്ചെങ്കിലും രണ്ട് ദിവസത്തേക്ക് ജിബ്രാെൻ്റ കോളോ മെസേജോ വന്നില്ല.

‘‘വെറുപ്പാണോ? പിണക്കം തീർന്നില്ലേ?’’ എന്നിങ്ങനെ ഏതാനും വോയ്സ് മെസേജുകൾ വാട്സ് ആപ്പിൽ അയച്ചപ്പോളാണ്, ‘‘ക്ലൈമാക്സ് ഷൂട്ടിലായിരുന്നു രാത്രിവിളിക്കാം’’ എന്ന് മറുപടി കിട്ടിയത്. രാത്രി ഏറെ വൈകിയാണ് ജിബ്രാൻ വീഡിയോ കോളിലെത്തിയത്.

‘‘യതീന്ദ്രനോട് പ്രേമമില്ലെന്ന് പറഞ്ഞതല്ലേ, പിന്നെ എന്തിനാ മിണ്ടാണ്ട് അകന്ന് പോണത്.’’
‘‘അകന്നു പോയതൊന്നുമല്ല, ഷൂട്ടിന്റെ തെരക്കിലായോണ്ടാണ്. പിന്നെ നീയാ യതീന്ദ്രനുമായുള്ള കൂട്ട് വിട്ടേക്ക്.’’
‘‘അതെന്തിനാ സെക്സിന് എന്റെ കൺസൻ്റ് ഉണ്ടായിരുന്നു. ഞാനത് എൻജോയ് ചെയ്യേം ചെയ്തു. ഇയാള് എന്നെ കാണാൻ വന്നപോലെ കുടിച്ച് ലക്കുകെട്ട്, എന്നെ അവൻ അവഗണിച്ചിട്ടില്ല. പട്ടിണിക്കിട്ട് കഴപ്പ് തീർത്തിട്ടില്ല. എന്റെ സുഹൃത്ത് കാറില് ഊട്ടീല് കൊണ്ടുപോയി, റോയലായാണ് ട്രീറ്റ് ചെയ്തത്. അതുകൊണ്ടാണ് കൂടെ കിടന്നത്.’’

‘‘ആയിക്കോട്ടെ.... തന്റെ പങ്കാളിയോട് കൂട്ടുകാരിക്കൊപ്പം ടൂറ് പോന്നത് മറച്ചുവെച്ച ഒരുത്തന്റെ ഇൻ്റൻഷൻ കൂടെ ടൂറ് വരുന്ന നിന്നെ സെക്ഷ്വലി യൂസ് ചെയ്യുക എന്നത് തന്നെയാണ്. അങ്ങനെ ചിന്തിക്കുമ്പൊ നിന്നെ ഊക്കാനായി ഒരു യാത്ര പ്ലാൻ ചെയ്ത് നടപ്പാക്കി. കംഫർട്ടായ സ്​പെയ്സില് വെച്ച് മദ്യം തന്ന് നിന്റെ കൺസൻ്റ് മാനിപ്പുലേറ്റ് ചെയ്തു. ആ നാറിയെ ഒരു അബ്യൂസറായെ എനിക്ക് കാണാൻ പറ്റൂ. നിന്റെ സീനിയർ ഫ്രണ്ടിന്റെ ഇൻ്റൻഷനോടെ ഞാനെന്തായാലും എന്റെ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യാറോ സ്​പെയ്സ് ഷെയറ് ചെയ്യാറോ ഇല്ല. അതല്ല റോയലായി ട്രീറ്റ് ചെയ്യുമ്പൊ വഴങ്ങി കൊട്ക്കണ ഒരു കോൾ ഗേളാണ് നീയെങ്കിൽ ഒരു ക്ലയിൻ്റുമായി കോണ്ടാക്റ്റ് വെക്കണത് തെറ്റൊന്നുമല്ല. ഞാനവന്റെ കോണ്ടാക്റ്റ് ബ്ലോക്ക് ചെയ്യണം അത്രയല്ലേ ഉള്ളൂ.’’

‘‘നിന്റെ ഇഷ്​ടം ഞാൻ പറഞ്ഞെന്നേയുള്ളൂ.’’

ജിബ്രാന്റെ ആഗ്രഹം പോലെ അതുല്യ യതീന്ദ്രന് ബന്ധപ്പെടാൻ കഴിയുന്ന സകല കോൺഡാക്റ്റസും ഡിലീറ്റ് ചെയ്തു, അവളുടെ വിലാസമൊഴികെ.

2023, ജൂൺ 5 മുതൽ 17 വരെ
അക്കിക്കാവ് + കൽപ്പറ്റ

ക്യാമറമാൻ ആന്റോ ആൽബർട്ടിന് വൈറൽ ഫീവറടിച്ചതോടെ നടക്കാവ് ഇരട്ടക്കൊലക്കേസ് എന്ന സിനിമയുടെ ഷൂട്ടിങ്ങ് ഷെഡ്യൂൾ ബ്രേക്കായി. പടം പാതിവഴിക്ക് നിന്നതോടെ ജിബ്രാൻ വീട്ടിലേക്ക് തിരിച്ചെത്തി. അരാജകവാദിയും ഗതിപിടിക്കാത്തവനുമായ മകനോട് പുച്ഛം മാത്രമുള്ള ജബ്ബാർ മാഷിനും ഭക്തയായ ഉമ്മ റംലക്കും ഇടയിൽ കാര്യമായൊന്നും മിണ്ടാനില്ലാതെ വീട്ടിൽ ചടഞ്ഞിരിക്കാൻ തുടങ്ങിയതോടെ ഏകാന്തത ജിബ്രാനെ വലിഞ്ഞു മുറുക്കി. അതുല്യയെ കൂടെക്കൂടെ കോൾ ചെയ്യാനും തുരുതുരാ മെസേജ് അയക്കാനും തുടങ്ങി. മഴക്കാലം ശക്തമാകുന്നതിന് മുമ്പ് വീടിന്റെ കട്ടള വെപ്പ് പൂർത്തിയാക്കാനും വരുന്ന NET പരീക്ഷ എഴുതിയെടുക്കാനുമുള്ള തീവ്ര ശ്രമത്തിലായിരുന്നു അതുല്യ. ഈ ഓട്ടത്തിനിടയിൽ ജിബ്രാന്റെ പഞ്ചാര വർത്താനത്തിനും കൊഞ്ചലുകൾക്കും കാത് കൊടുക്കാനവൾക്ക് പറ്റിയില്ല, തോന്നിയില്ല. എങ്കിലും അയാളെ കഴിയും വിധം പരിഗണിക്കാൻ അവൾ ശ്രമിച്ചിരുന്നു. വീണ്ടും കാണണം എന്ന ആവശ്യം ഈർഷ്യയുണ്ടാക്കും വിധം ജിബ്രാൻ ആവർത്തിക്കുന്നതായി തോന്നിയപ്പോൾ തൽക്കാലത്തേക്കെങ്കിലും ജിബ്രാനിൽ നിന്നും ഇറങ്ങിപ്പോയാലോയെന്ന് അതുല്യക്ക് തോന്നി. എന്നാൽ താനിപ്പോൾ അകന്നുമാറിയാൽ അയാൾ ഏറെ സങ്കടപ്പെടുമല്ലോ എന്നോർത്ത് അവൾക്ക് സങ്കടം വന്നു. ഇതൊടെ തന്റെ തോന്നലുകളുടെ ഊരാക്കുടുക്ക് അഴിച്ച് ഒരു തീരുമാനത്തിൽ ഉടൻ എത്തണമെന്ന് മനസ്സിലുറപ്പിച്ചാണ് കട്ടള വെപ്പിന്റെ തെരക്കുകളെല്ലാം തീർത്ത് പഠിക്കാനിരുന്നത്. പഠിക്കാനിരുന്ന് ഒരു അരമണിക്കൂറ് തികയും മുമ്പ് ജിബ്രാന്റെ കോൾ വന്നു.

‘‘നിന്നെ ശല്യം ചെയ്യണ്ടാന്ന് കരുതി കീവ്ലോസ്കിയുടെ Dekalog സീരിയസ് കാണാർന്നു, വീണ്ടും ഡക്കലോഗ് കണ്ടപ്പൊ ‘നിന്റെ അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുത്’ എന്ന കൽപ്പന കഥയിലെ നായകൻ റോമനായി എനിക്ക് എന്നെ ഫീൽ ചെയ്തു. ഭാര്യ ഹങ്കയായി നിന്നേയും. തന്റെ ലൈംഗികശേഷി നഷ്​ടപ്പെട്ട നായകൻ നായികയോട് വേറെ കാമുകനെ കണ്ടെത്താൻ പറയുന്നതും തുടർന്ന് അവർക്കിടയിൽ നടക്കണ ദുരന്തവുമാണ് മൈൻ്റിലിപ്പൊ ഓട്ണത്. റോമനെപ്പോലെ ആയോണ്ടാണോ നീ അകല്ണത്?’’
‘‘അല്ല താൻ ഷൂട്ടില് തെരക്കിലായ പോലെ ഞാൻ എന്റെ ലോകത്ത് തെരക്കിലാണ്. വീട്, അമ്മ, മിഴി, അച്ഛൻ, ഫ്രണ്ട്സ്​...’’
‘‘അപ്പൊ ഞാനാ ലോകത്ത് ഇല്ലേ?’’!
‘‘അറിഞ്ഞൂടാ, നമ്മള് ഒന്നൂടെ കണ്ടാ ചെലപ്പൊ അറിയുമായിരിക്കും. ഇപ്പൊ എന്റേല് കാശുണ്ട്. ഞാൻ കാണാൻ വരട്ടേ?’’
‘‘വരണ 30 ന് എക്സാമാണ്, അത് കഴിഞ്ഞിട്ട് ഞാൻ പറയാം.’’
‘ഉം’

ആനി

2023, ജൂൺ 17 മുതൽ 21 വരെ
അക്കിക്കാവ് + രാജകുമാരി + കൊച്ചി

‘‘ഞാനൊരു മോശം മനുഷ്യനാണ്. ടോക്സിക്കായൊരു കാമുകനാണ്. പ്രണയിക്കാനും പ്രണയിക്കപ്പെടാനും യോഗ്യതയില്ലാത്തവനാണ്. സ്വന്തം സിനിമയെന്ന സ്വപ്നം എങ്ങുമെത്താതെ തളർന്നുവീണവനാണ്. പാചകം, ഡ്രൈവിങ്ങ്, നീന്തൽ എന്നിങ്ങനെ സാമാന്യ മനുഷ്യർക്കുള്ള സ്​കില്ലുകളോ എന്തിനേറെ പറയാനൊരു നല്ല തൊഴിലോ ഒരു രൂപ സമ്പാദ്യമോ ഇല്ലാത്തവനാണ്. ആയുസിന്റെ പരുക്കേറ്റ് നരച്ച മുടിയും ലഹരിയുടെ ശേഷിപ്പായ കറപ്പിടച്ച പല്ലുകളും മാത്രമാണ് ഈ രൂപത്തിന് ആകെ സ്വന്തമായുള്ള സമ്പാദ്യം. അപകർഷതയുടെ ആഴത്തിലും നിരാശയുടേയും വിഷാദത്തിന്റെയും ഗർത്തത്തിലുമാണ്. രാപ്പകലുകൾ അരക്ഷിതത്വത്തിന്റെ മഴക്കാലമൊരുക്കി, ഏകാന്തമായ പ്യൂപ്പയ്ക്കുള്ളിൽ ഒളിച്ചിരിക്കാൻ പ്രേരിപ്പിക്കുന്നു. എനിക്കൊന്ന് ഉറങ്ങണം. എല്ലാ വിഷാദങ്ങളെയും എല്ലാ ഏകാന്തതകളെയും കൊന്നുകളഞ്ഞൊരു ഉറക്കം. സാധ്യമല്ലെന്നറിഞ്ഞിട്ടും ഒരിക്കലും ഉണരാത്തൊരു ഉറക്കത്തെ സ്വപ്നം കാണുകയാണ്. എല്ലാ സ്വപ്നങ്ങളെയും പോലെ ഈ സ്വപ്നവും എന്നെ ചതിക്കുമെന്ന് ഉറപ്പുണ്ട്. എങ്കിലും ഇനി ഞാനൊന്ന് ഉറങ്ങുന്നതായി സ്വപ്നം കാണുകയാണ്.’’

ആത്മഹത്യാക്കുറിപ്പ് പോലുള്ള ജിബ്രാന്റെ ഈ ഫെയ്സ്​ബുക്ക് പോസ്റ്റ് കണ്ടാണ് ആറു മാസങ്ങൾക്കുശേഷം ആനി വിളിക്കുന്നത്. എന്തു പറ്റിയെന്ന് തിരക്കിയ അവളോട് അതുല്യയുമായുണ്ടായ പ്രണയത്തെ കുറിച്ചും തുടർന്നുണ്ടായ സംഭവങ്ങളെ കുറിച്ചും വിശദമായി പറഞ്ഞു. പറച്ചിലങ്ങനെ നീണ്ടുപോയതോടെ മറുതലയ്ക്കൽ അവൾ ഉണ്ടോയെന്ന് ഉറപ്പ് വരുത്താനായി കേൾക്കുന്നുണ്ടോ? എന്ന ചോദ്യമെന്നറിഞ്ഞു.
‘‘നീ പറയെടൊ’’, ആനിയുടെ മറുപടി കിട്ടിബോധിച്ചു.

‘‘അകറ്റിനിർത്താൻ പറഞ്ഞ യതീന്ദ്രനുമായവൾ വീണ്ടും കൂട്ടായതേ എനിക്ക് ഇഷ്​ടായീല. അവന്റെ കോണ്ടാക്റ്റ്സ് ബ്ലോക്ക് ചെയ്തോണ്ട് വീട് തേടിയെത്തി സോറി പറഞ്ഞപ്പൊ അവൾടെ മനസങ്ങ് അലിഞ്ഞൂന്നാ പറേണത്. ആ നാറിയ്ക്കൊപ്പം 2018 സിനിമ കാണാൻ പൊയ്ക്കോട്ടേന്ന് ചോദിച്ച് അവൾ അയച്ച മെസേജിൽ കടിച്ചു തൂങ്ങി അടിയായാണ് break up ആയത്.’’

‘‘നല്ല ഊള പ്രേമകഥ! പുരോഗമനത്തിന് പ്രാന്തുപിടിച്ച് വയറ്റിളക്കം വന്ന മാതിരിയുണ്ട്. അല്ല സാറെ ഇത് എത്രാമത്തെ പ്രേമാ ഈ പൊട്ടണത്?’’
‘‘വൺവേ പ്രേമമമടക്കം സ്​ക്കൂൾകാലം മുതലുള്ളത് എണ്ണി നോക്കട്ടേ.... പ്രിയ, തസ്ലീമ, രേഖ, സുൽഫത്ത്, ഷെമീഫ, മെഹ്സിയാദ, നസ്രിയ, വർഷ,വീണ, അഥീന, ക്ലാര, അതുല്യ...’’
‘‘ഇത്രയൊക്കെ പ്രണയനഷ്​ടങ്ങളുണ്ടായിട്ടാണോടോ ഇമ്മാതിരി ഈള സ്റ്റാറ്റസൊക്കെ ഇടണത്? cool..... എടാ നമുക്കൊന്ന് കണ്ടാലോ?’’
‘വേണോ?’
‘‘വേണം. പപ്പയുമായി കഴിഞ്ഞ നാലഞ്ച് മാസായി ഞാൻ ഹോസ്​പിറ്റലിലാണ്. ഐ നീഡ് എ റിലേഷൻഷിപ്പ്. മുമ്പ് നമുക്കിടയിൽ നടന്ന ഫോൺ സെക്സിനപ്പുറം ഒരു പ്രേമം വർക്കൗട്ടാവാണേൽ നല്ലതല്ലേ? ഞാനും നിന്നെപ്പൊലൊയൊരു ​ബ്രേക്കപ്പ് ട്രോമയിലാണ്.’’

ആർകിടെക്ക്റ്റ് ആയ ആനി എന്ന സുഹൃത്തിനെ കാണാൻ ജിബ്രാൻ കൊച്ചിയിലെത്തുകയും അവൾക്കൊപ്പം ഒരു രാത്രിയും പകലും പ്രണയിക്കാൻ ശ്രമിച്ച് രതിയിലേർപ്പെടുകയും ചെയ്തു. രതിയിലേർപ്പെടുമ്പോൾ ആനിയെ അതുല്യയെന്ന് വിളിച്ചതിനാൽ ഈ ബന്ധം മുന്നോട്ടു പോകില്ലെന്ന് ഇരുവർക്കും ബോധ്യമായി. ഒറ്റരാത്രി പ്രണയിച്ച് പുലർന്നതോടെ പിരിഞ്ഞ് അപരിചിതരായി ജിബ്രാൻ അക്കിക്കാവിലേക്കും ആനി രാജകുമാരിയിലേക്കും ബസ് കയറി. ആനി കയറിയ ബസിലപ്പോൾ അവൾക്കായെന്നോണം വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ എന്ന ഗാനം നിറഞ്ഞുനിന്നു. അന്നേരം അവളെ തഴുകി കൊണ്ടൊരു കാറ്റ് കടന്നുപോയി.

2023, ജൂലൈ 27
കോഴിക്കോട്

ന്നലെ അതുല്യയെ കാണാനും പിറന്നാൾ സമ്മാനങ്ങൾ നൽകാനും ജിബ്രാൻ കോഴിക്കോട് നഗരത്തിലെത്തുകയും അവൾ അവനെ കാണാൻ വരാതിരിക്കുകയും ചെയ്തതോടെ ജിബ്രാനിലെ കാമുകനാകെ തകർന്നുപോയി. അവളെ കാത്ത് ബീച്ചിലിരുന്നവൻ നേരം വെളുപ്പിച്ചു. നേരം പുലർന്നതും അവൾക്കായി വാങ്ങിയ കേക്കും പൂക്കളും കടലിലെറിഞ്ഞു. അതുല്യയ്ക്കായി വാങ്ങിച്ച പുസ്​തകം കടലിലെറിയാൻ അവന് തോന്നിയില്ല. പുസ്​തകത്തോടൊപ്പം കയ്യിൽ കരുതിയിരുന്ന കത്തും അവൾക്ക് അയക്കാൻ അയാൾ തീരുമാനിച്ചു. The Museum of Innocence എന്ന നോവലും കത്തും അതുല്യയുടെ വിലാസത്തിലേക്ക് അയച്ച ശേഷം പാളയം റോഡിലുള്ള പോസ്റ്റ് ഓഫീസിൽ നിന്ന് ജിബ്രാൻ ഇറങ്ങിനടന്നു. റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കിയുള്ള ആ നടത്തത്തിനിടയിൽ അവന് മെഹ്സിയാദയെ ഓർമ വരികയും അവളിപ്പോൾ എവിടെ ഉണ്ടാകുമെന്നറിയാവുന്ന റിയാസ് എന്ന സുഹൃത്തിനെ ഫോൺ വിളിക്കുകയും ചെയ്തു.

2020-ലെ വാലൻ്റയിൻ ദിനത്തിൽ മെഹ്സിയാദയെ വീണ്ടും പ്രപ്പോസ് ചെയ്ത് ഫെയ്സ് ബുക്കിലൊരു പോസ്റ്റ് ഇട്ടതിനാണ് ബന്ധപ്പെടാവുന്ന കോണ്ടാക്റ്റ്സുകളെല്ലാം ബ്ലോക്ക് ചെയ്തവൾ നമ്പർ മാറ്റുന്നത്. പിന്നീട് അവൾ എവിടെയാണെന്ന് ജിബ്രാൻ അന്വേഷിക്കാൻ പോയിട്ടില്ല. അവളുടെ എക്കാലത്തേയും അടുത്ത സുഹൃത്തായ റിയാസിനെ വിളിച്ചാൽ വിവരങ്ങളറിയാം എന്നുള്ള ജിബ്രാന്റെ ചിന്ത തെറ്റിയില്ല. അവൾ ഡൽഹി ജുമാമസ്​ജിദിനടുത്ത് വിക്റ്റിംസ് എന്നൊരു ന്യൂസ് പോർട്ടൽ നടത്തുകയാണ്. വേറെ വിവരമൊന്നും ഇല്ല. എനിക്കറിയാവുന്ന അഡ്രസ് ഞാൻ ടെക്സ്റ്റ് ചെയ്തു തരാം. റിയാസിന്റെ മറുപടി കേട്ടപാതി കേൾക്കാത്തപാതി ജിബ്രാൻ ഡൽഹിക്ക് ടിക്കറ്റെടുത്തു.

2023, ആഗസ്റ്റ് 1 മുതൽ 14 വരെ
ഡൽഹി

വിക്റ്റിംസ് ന്യൂസ് പോർട്ടലിെൻ്റ ഓഫീസ് പൂട്ടിക്കിടക്കുന്നതാണ് ജിബ്രാൻ കണ്ടത്. പരിസരവാസികളോട് അന്വേഷിച്ചപ്പോൾ മെഹ്സിയാദയെ പോലീസ് പിടിച്ചു കൊണ്ടുപോയതായി അറിയാൻ കഴിഞ്ഞു. ഇതോടെ തന്റെ പ്രിയപ്പെട്ടവൾക്ക് എന്തു പറ്റിയെന്നുള്ള വേവലാതി പൂണ്ട്, അയാൾ ചാന്ദ്നി ചൗക്കിലും വിജയ്ചൗക്കിലും കൊണാട്ട് പ്ലേസിലുമായി അലഞ്ഞു നടക്കാൻ തുടങ്ങി.

മെഹ്സിയാദയെ തേടി ഡൽഹിയെന്ന മഹാനഗരത്തിൽ ജിബ്രാൻ അലച്ചിൽ തുടങ്ങിയതിെൻ്റ ഏഴാം നാൾ മെഹ്സിയാദ അറസ്റ്റ് ചെയ്യപ്പെട്ടത് എന്തിനാണെന്നും അവളിപ്പോൾ Rohini prison കോംപ്ലക്സിലാണെന്നും മനസ്സിലാക്കുന്നു. ഇക്കഴിഞ്ഞ രാമനവമി ഘോഷയാത്രക്കുനേരെ ജുമ മസ്​ജിദ് റോഡിൽ സംഘടിച്ചെത്തിയ തീവ്രവാദികൾ കല്ലെറിയുകയും അവരെ പോലീസ് വെടിവെച്ചുകൊന്ന് കീഴടക്കുകയും ചെയ്തിരുന്നു. ആ തീവ്രവാദികളുടെ കൂട്ടത്തിൽ പെട്ടവളാണ് മെഹ്സിയാദ എന്നതാണ് പോലീസ് ഭാഷ്യം. സത്യം അതല്ലെന്നും എന്താണ് ഉണ്ടായിക്കാണുകയെന്നും ജിബ്രാന് ഊഹിക്കാൻ കഴിഞ്ഞു. Hansul Mehtha സംവിധാനം ചെയ്ത് രാജ്കുമാർ റാവു അഭിനയിച്ച ഷാഹിദ് സിനിമയിലെ ഷാഹിദ് അസ്​മി എന്ന വക്കീലിനെപ്പോലെയൊരു വക്കീലിനെ താൻ കണ്ടുമുട്ടുമെന്ന പ്രതീക്ഷയിൽ ജിബ്രാൻ ഈ മഹാ നഗരത്തിൽ തേടാൻ തുടങ്ങി. നിസ്സഹായമായ ആ ഘട്ടത്തിലവൻ പടച്ചവനോട് ദുഃഅ ചെയ്യും മട്ടിൽ കേണു. അവന്റെ തേടലിന്റെ തീവ്രതയിലെന്നോണം ഒരു വക്കീലിനെ കിട്ടി. മാർക്സിന്റെ മകളുടെ പേരുകാരിയായൊരു വക്കീൽ, Advocate എലനോർ. കാര്യങ്ങളെല്ലാം അവരെ ധരിപ്പിച്ചതോടെ മെഹ്സിയാദയെ കാണാനും സംസാരിക്കാനുമുള്ള വഴിയൊരുങ്ങി. അങ്ങനെ 2023 ആഗസ്റ്റ് 14 ന് അവർ വീണ്ടും കണ്ടുമുട്ടി. പഴയ പോലെ കത്തുകളെഴുതാമെന്ന് പറഞ്ഞാണ് അന്ന് ജിബ്രാനും മെഹ്സിയാദയും പിരിയുന്നത്.

TODAY
രാജകുമാരി, ഇടുക്കി

പ്പ റോബർട്ടിന്റെ മരണശേഷമാണ് താൻ ജിബ്രാന്റെ കുഞ്ഞിനെ ഉദരത്തിൽ പേറുന്ന വിവരം ആനി പൂർണബോധ്യത്തോടെ ഉൾക്കൊണ്ടു തുടങ്ങിയത്. അപ്പോഴേക്കും അബോർഷൻ നടത്താനുള്ള സമയം കടന്നുപോയിരുന്നു. അല്ലെങ്കിലും കുഞ്ഞിനെ ഇല്ലാതാക്കാനവൾ ഒരുക്കമായിരുന്നില്ല. തന്റെ കുഞ്ഞിനെ വളർത്താൻ അതിന്റെ തന്ത വേണമെന്നില്ല എന്ന നിലപാടുകാരിയായിരുന്നു ആനി. ഇക്കാര്യങ്ങളെല്ലാം ജിബ്രാനെയൊന്ന് അറീക്കണമെന്നവൾക്ക് ഉണ്ടായിരുന്നു. മനസ്സും സാഹചര്യവും ഇതുവരെ അതിനനുവദിച്ചില്ല. ഇന്നെന്തോ അവനോട് എല്ലാം പറയണമെന്ന് തോന്നി ഫോണെടുത്ത് ജിബ്രാനെ കോൾ ചെയ്തു. അവൻ കോൾ എടുത്തില്ല.

നാലു ദിവസങ്ങൾക്ക് മുമ്പ്...
കൽപ്പറ്റ

ന്നെ മറ്റാരും പ്രണയിക്കാത്ത അത്രയും തീവ്രമായാണ് ജിബ്രാൻ പ്രണയിച്ചതെന്ന് അതുല്യയ്ക്ക് അനുഭവപ്പെട്ടുതുടങ്ങുന്നു. വിരഹകാലത്ത് തീവ്രമായി പ്രണയം ഹൃദയത്തെ മുറിപ്പെടുത്തുന്നല്ലോ എന്ന ചിന്തയിൽ അവൾക്ക് കരച്ചിൽ വന്നു. അവൾക്കപ്പോൾ ജിബ്രാനെ ഓർമ വരികയും തങ്ങൾ പിരിയേണ്ടവരായിരുന്നില്ലെന്ന തോന്നൽ ശകതമാവുകയും ചെയ്തു. നിലവിലെ കാമുകൻ ക്രിസ്റ്റിയേയും എക്സ് ലൗവറായ ഹൈദറിനേയും നിനക്ക് ഇഷ്​ടമില്ലാത്ത യതീന്ദ്രനേയും ഉപേക്ഷിക്കാം. നീ മാത്രം മതിയെനിക്കെന്ന് കത്തെഴുതി ജിബ്രാന് അയക്കാൻ അവളുടെ മനസ് തിടുക്കം കൂട്ടി. അതുല്യയൊരിക്കലും മറുപടി അയക്കില്ലെന്ന് കരുതി ജിബ്രാനയച്ച കത്തിനവൾ മറുപടി എഴുതാൻ തുടങ്ങി.

‘‘പ്രിയപ്പെട്ടവനേ,
യുദ്ധം അവസാനിച്ചു. നമ്മൾ ഉടനെ കാണും…’’

വാർപ്പിനുള്ള പണിക്കാരെ അറേഞ്ച് ചെയ്യാൻ ടൗണിലേക്ക് പോകും നേരം അതുല്യ ജിബ്രാനുള്ള കത്ത് പോസ്റ്റ് ചെയ്തു.

TODAY
അക്കിക്കാവ് + ഡൽഹി

തുല്യ ജിബ്രാന് അയച്ച കത്ത് ജബ്ബാർ മാഷ് കൈപ്പറ്റുന്നു. മകൻ സ്​ഥലത്തില്ലാത്തതിനാൽ അയാൾ ആ കത്ത് ജിബ്രാന്റെ മുറിയിലെ മേശപ്പുറത്ത് കൊണ്ടു വെച്ചു. സിനിമാക്കാരനായ ജിബ്രാന്റെ ഭാഷയിൽ പറഞ്ഞാൽ മറ്റൊരു ടേബിളിലേക്ക് ഷോട്ട് മാച്ച് കട്ട് ആകുന്നു. ഇന്നത്തെ ഈ സമയം അടയാളപ്പെടുത്തുന്ന ആ ഷോട്ടിൽ ജിബ്രാൻ മെഹ്സിയാദയ്ക്കുള്ള കത്ത് എഴുതുകയാണ്:

‘‘നിന്നെ ജയിലിൽ നിന്നും ഇറക്കാനുള്ള ശ്രമങ്ങൾ ഞാൻ തുടരും. എത്രകാലം എടുത്താണെങ്കിലും ഞാനത് ചെയ്തിരിക്കും. പക്ഷെ നിന്റെ ശത്രുക്കൾ എന്റെ പിറകിലുണ്ട്. ഇന്നലെ മൂന്നാലുപേർ വന്ന് എന്നെ ഇടിച്ച് ഇഞ്ചപ്പരുവമാക്കി, കൊന്നുകളയുമെന്ന് ഭീക്ഷണിപ്പെടുത്തീട്ട് പോയി. മരിച്ചില്ലെങ്കിൽ ഞാനിനിയും നിങ്ങൾക്ക് പ്രണയത്തോടെ കത്തുകളെഴുതാം. നമ്മൾ യുദ്ധം അവസാനിക്കുന്നതോടെ കണ്ടുമുട്ടും.’’


പി. ജിംഷാർ

കഥാകൃത്ത്, സിനിമാപ്രവർത്തകൻ, മാധ്യമപ്രവർത്തകൻ. ‘എന്ന് നിന്റെ മൊയ്തീൻ' എന്ന സിനിമയുടെ അസി. ഡയറക്ടറായിരുന്നു. ദൈവം വല നെയ്യുകയാണ്, ഭൂപടത്തിൽനിന്ന് കുഴിച്ചെടുത്ത കുറിപ്പുകൾ, പടച്ചോന്റെ ചിത്രപ്രദർശനം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments