ഒന്ന്
തലേന്നു കഴിച്ച കാട്ടുകിഴങ്ങ് പറങ്കിമാവിൻ്റടിയിൽ തൂറിക്കളയാൻ രാവിലെ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങിയ നേരത്താണ് ദൂരെനിന്ന് ആന കണക്കനെ കുണുങ്ങി കുലുങ്ങി ഒരു പോലീസ് ജീപ്പ് കുന്നിറങ്ങി വരുന്നത് ചൊമാറു കണ്ടത്. ആ കാഴ്ചയിൽ അവൻ ആസകലം കോരിത്തരിച്ചുപോയതും അവൻ്റെ വീട്ടുമുറ്റത്തേക്കു തന്നെ വണ്ടി വന്നു നിന്നു.
ജീപ്പിലുണ്ടായിരുന്ന നാലു പേരിൽ കോൺസ്റ്റബിൾമാരായ പ്രദീപനും സുകേശനും ചൊമാറുവിനു മുന്നിലേക്ക് ചാടി ഇറങ്ങി. ചൊമാറുവിൻ്റെ മുഖം തുടുത്തു;
"എന്ന കൂട്ടാനാ ബന്നെ?", ചൊമാറു ആവേശപ്പെട്ട് പോലീസുകാരോട് ചോദിച്ചു.
ഒന്നും പറയാതെ പ്രദീപൻ അവൻ്റെ മുണ്ടിന് പിടിച്ച് ജീപ്പിൽ കയറ്റാൻ വലിച്ചതും ചൊമാറു ബലം പിടിച്ചു, "എൻക്ക് തൂറാൻ പോണം."
ജീപ്പിലുള്ള ഹെഡ് കോൺസ്റ്റബിൾ ഉദയൻ പോലീസ് ആംഗ്യഭാവേന പ്രദീപനോട് മുണ്ടിലെ പിടിവിടാൻ ആവശ്യപ്പെട്ടു. വിട്ടതും ചൊമാറു വീട്ടു ചെരുവിലെ പറങ്കിമാവിൻ കാടിനു നേർക്ക് ഒരോട്ടം വച്ചു കൊടുത്തു. പോലീസുകാരും പിന്നാലെ ഓടി. ഒരു വാരൽ പറങ്കിമാവിൻ പൂ പറിച്ച് വായിലിട്ട് ചവച്ചുകൊണ്ട് കുരിയ കമഴ്ത്തിയ കണക്കനെയുള്ള വലിയൊരു മാവിൻ്റ ചോട്ടിലേക്ക് ചൊമാറു പരവേശപ്പെട്ട് കേറി.
പോലീസുകാർ ഇലപടർപ്പിനിടയിലൂടെ മാവിൻ ചോട്ടിലേക്ക് തുറിച്ചുനോക്കി. മുണ്ടു പൊന്തിച്ച് കുത്തിയിരുന്ന് വയറൊഴിക്കുന്ന ചൊമാറുവിനെയാണ് അവരവിടെ കണ്ടത്. മൂന്നു നാലു മിനിറ്റ് കഴിഞ്ഞ് ചൊമാറു മാവിന് വെളിയിലേക്കിറങ്ങി. തീട്ടം ചവുട്ടിയ പോലത്തെ മോന്തയും കൊണ്ട് നിൽക്കുന്ന പോലീസുകാരെ നോക്കി അവൻ നന്ദിസൂചകമായി ചിരിച്ചു.
"പോയിറ്റ് ബണ്ടീല് കേറ് സൂൾണ്ട മോനേ’’, പ്രദീപൻ ചൊമാറുവിനോട് അലറി.
"ചന്തി കവ്വണം. അല്ലെങ്കില് ബണ്ടി നാറും."
ചൊമാറു വീടിനു മുന്നിലെ കുട്ടുവത്തിൽ പകുതിയായ വെള്ളം ചിരട്ട കൊണ്ട് കോരി കുത്തിയിരുന്ന് ചന്തി കഴുകാൻ തുടങ്ങി.
"കഴിഞ്ഞില്ലെ?’’, പ്രദീപൻ പിന്നെയും അലറി.
"ഒരിക്ക കുപ്പായം ഇട്ടോട്ട്. എന്ത്യെ നിങ്ങോല്ലം കളിക്ക്ന്ന്. "
ചൊമാറു കാര്യം കഴിഞ്ഞ് നനഞ്ഞ കൈ മുണ്ടിലുരസിക്കൊണ്ട് വീടിനകത്തേക്ക് കലിപ്പിച്ച് കയറിപ്പോയി. പോലീസുകാർ വീടിൻ്റെ ഇഷ്ടികച്ചുവരും മുളിക്കൂരയും വീട്ടുപരിസരത്തെ പറങ്കിമാവുകളും മുളംകാടും നോക്കികൊണ്ട് ചൊമാറുവിനെ കാത്തുനിന്നു.
മൊട്ടപ്പാറപ്പള്ളത്തിൽ ചൊമാറു കുളിക്കാൻ കേറിയ ദിവസം. പാറകേറി പള്ളമെത്തിയപ്പോൾ തോലുകൊത്തി മേല് വിയർത്ത പെണ്ണുങ്ങൾ കൈയും കാലും കഴുകുകയായിരുന്നു. തലക്കെട്ടഴിച്ച് അരയിൽ ചുറ്റി മുണ്ട് മാറ്റുമ്പോൾ പെണ്ണുങ്ങൾ ചൊമാറുവിനോട് പറഞ്ഞു, "എനി നീ ഈല് കുളിക്കണ്ട ചൊമാറു. കുളിച്ചാ ബാക്കി ഇല്ലപ്യക്ക് ചൊറീം."
ചൊമാറു സങ്കടം കൊണ്ട് തല താഴ്ത്തി പള്ളത്തിൽ കാണുന്ന തൻ്റെ നിഴലിലേക്കും നിഴലിനെ തിന്നുന്ന പീരാങ്കുടുക്കകളിലേക്കും നോക്കി നിന്നു. രണ്ടു ദിവസം കഴിഞ്ഞ് ഒരു ചത്ത പട്ടിയുടെ ശവം പള്ളത്തിൽ പൊന്തി. ചെയ്തത് ചൊമാറു ആണെന്ന് ആളുകൾ പിത്തന പറഞ്ഞു. കലി പെരുത്ത ആൾക്കൂട്ടം അവൻ്റെ വീടു തേടി ഇറങ്ങി. ചൊമാറു വീട് ചാരി കാട്ടു കൊല്ലി കേറിയിരുന്നു. പള്ളത്തിൽ പൊന്തിയതിനെ കമ്പിനു കുത്തി കരയ്ക്കടുപ്പിച്ച് കയറിൽ കെട്ടിവലിച്ച് കുഴി വെട്ടി മൂടുവോളം കലി അടങ്ങാതെ ആൾക്കൂട്ടം ചൊമാറുവിനെ പച്ചത്തെറി വിളിച്ചുകൊണ്ടിരുന്നു.
പിന്നൊരു ഉച്ചതിരിഞ്ഞ നേരം. ചൊമാറു അരി വറുത്തതു തിന്നു. അരിപ്പൊടി അവന് തൊണ്ടയ്ക്ക് പിടിച്ചു. കുടിക്കാൻ നോക്കിയപ്പോൾ ചെമ്പിൽ വെള്ളമില്ല. വെള്ളം കോരാൻ ചൊമാറു നേരെ അയക്കുടിക്കാരൻ്റെ കിണറിൻ കരയിലേക്ക് ഓടി.
"നീ ഈട്ന്ന് ബെളളം കോരണ്ട ചൊമാറു’’, അയക്കുടിക്കാരൻ ചൊമാറുവിനോട് അറുത്തുമുറിച്ചു പറഞ്ഞു. അവൻ വെള്ളം കോരാതെ മടങ്ങി. അതിനു പിറ്റേന്ന് അയക്കുടിക്കാരൻ്റെ വയറിളകി. കിണറിൽ ചൊമാറു വിഷം കലക്കിയെന്ന് കാണുന്നവരോട് അയാൾ കരഞ്ഞു കൂവി. ആളുകൾ ചൊമാറുവിൻ്റെ വീടുവളഞ്ഞു. കല്ലിടുക്കും കാട്ടുകുഴിയും മരത്തലപ്പും അവനു വേണ്ടി തപ്പി നടന്നു. ആളെ കിട്ടാഞ്ഞ് ആൾക്കൂട്ടം അവന് മാട്ടം വെക്കാൻ മടങ്ങി. കാടുതെണ്ടി നാലുനാളു കഴിഞ്ഞ് നാടു പിടിച്ച ചൊമാറു ഇത്തവണ തന്നെത്തേടി എന്തായാലും ഒരു പോലീസ് വണ്ടി വരുമെന്ന് രണ്ടാമതൊരു ആലോചനയ്ക്കു നിൽക്കാതെ ഉറപ്പിച്ചിരുന്നു.
പുതിയ കുപ്പായമിട്ട് വീടു ചാരി പുറത്തിറങ്ങിവന്ന ചൊമാറുവിനെ പോലീസുകാർ ജീപ്പിലേക്ക് കയറ്റി. പിൻസീറ്റിൽ പോലീസുകാർക്ക് നടുവിൽ ജീപ്പിൻ്റെ താളത്തിനൊപ്പിച്ച് അവൻ പുറത്തേക്ക് നോക്കി കുത്തിയിരുന്നു. ജീപ്പ് കുന്ന് കയറി കാട്ടുവഴിയിറങ്ങി മരത്തണല് കൊണ്ട് വന്ന വഴിയെ തിരിച്ച് മുന്നോട്ടു പാഞ്ഞു.
‘‘കെൺറ്റ്ല് ബെസം കൽക്കീറ്റല്ലെ. ഒനെന്തിന് ബേണം ഈ ബേണ്ടാത്ത ഒരം’’.
കൊട്ടപ്പഴക്കാടുകൾക്ക് മുകളിലൂടെ തല എത്തിച്ച് നോക്കിക്കൊണ്ട് റോഡരികിലെ തോലുകൊത്തുന്ന പെണ്ണുങ്ങൾ പായുന്ന പോലീസുജീപ്പ് കണ്ടതും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു, "അതൊന്നും അല്ല കാര്യം. ഓൻ പയേ വെടിവെപ്പ് കേസിലെ പ്രതിയാന്ന്."
പണിക്കാരിൽ മൂത്ത ചപ്പില ബെല്ലുമ്മ ഒരു രഹസ്യം ചുരുളഴിക്കുന്നതിൻ്റെ മട്ടിലും ഭാവത്തിലും പെണ്ണുങ്ങളൾക്കു നേരെ മുഖം നീട്ടി.
ഏത് വെടിവെപ്പ് കേസിലെ പ്രതി. പെണ്ണുങ്ങൾ തലമാന്തി നോക്കി. മുള്ളൻപന്നിയെയൊ കാട്ടു കൊമ്പനെയൊ കാട്ടുകോഴിയെയൊ പിടിക്കാൻ കൊല്ലിയിലേക്ക് നായാട്ടിന് പോകുന്നവരുടെ വെടിയൊച്ചയല്ലാതെ അവരാരും മറ്റൊരു വെടിവെപ്പിനെപറ്റീട്ടോ വെടിയൊച്ചയെ പറ്റീട്ടോ ഇന്നുവരെ കേട്ടിട്ടില്ല.
‘‘എന്തായാലും നല്ലേനെന്നെ’’,
നൊട്ട പറയാനുള്ള നേരം നോക്കി വച്ച് പണിക്കാരെല്ലാവരും അവരവരുടെ തോലിൻ കെട്ടുകളിലേക്ക് സാവധാനം കുനിഞ്ഞു. ചൊമാറുവിനെയും കൊണ്ട് പോലീസ് ജീപ്പ് കാട്ടുവഴിയിലേക്ക് നൂണു.
രണ്ട്
പറങ്കിമാങ്ങ വാറ്റ് കുടിക്കുവാനും ഫോറസ്റ്റിൻ്റെ ചരുവിലെ മൊകയരുടെയും മാവിലരുടെയും കോളനികളിലേക്ക് നല്ല പണിക്കാരെ അന്വേഷിച്ചും മുൻപവിടെ വന്ന കാര്യം ജീപ്പു ഡ്രൈവർ മനോജ് കൂടെയുള്ളവരോട് പറഞ്ഞു. കാടിനൊരു കാറ്റു പിടിച്ചു. ഒരു ചാറ്റൽ മഴ തുടങ്ങിയിരുന്നു. ജീപ്പിനിപ്പോൾ ചൊമാറുവിൻ്റെ മണമാണ്. മണം തട്ടിയ മൂക്കു തടവിക്കൊണ്ട് പ്രദീപൻ അവനെ മുട്ടാതെ ഒതുങ്ങി ഇരുന്നു. വലിയൊരുൽസാഹം അടക്കിനിർത്തിക്കൊണ്ട് പിന്നിലെ കാഴ്ചകളിലേക്ക് നോക്കി അടങ്ങി കുത്തിയിരിക്കുകയാണ് ചൊമാറു. വഴിയരികിലുള്ള വരിക്കപ്ലാവിലെ ചക്കക്കൂട്ടം കണ്ട് അവൻ്റെ കണ്ണ് തള്ളി. ചൊമാറു ജീപ്പിൽ നിന്ന് തല വെളിയിലേക്കിട്ടു.
"എളകാണ്ട് ഇരിക്കെടാ.."
സുകേശൻ അവനെ തടഞ്ഞു. ചൊമാറുവിൻ്റെ വായിൽ വെള്ളം നിറഞ്ഞു.
"മനോജെ. ഒന്ന് മുള്ളണം.''
ഉദയൻ പോലീസ് മൂത്രക്കടച്ചിൽ മൂത്തതും മനോജിനോട് പറഞ്ഞു. വഴിയരികിലെ മരച്ചുവട് നോക്കി മനോജ് ജീപ്പ് ചവുട്ടി. ഉദയൻ പോലീസ് ജീപ്പിൽ നിന്നുമിറങ്ങി മരം മറഞ്ഞ് നിന്ന് കാട്ടിലകളിലേക്ക് മൂത്രമൊഴിക്കാൻ തുടങ്ങി.
നല്ല ദൂരമുണ്ട് ഡാമർ റോഡ് പിടിക്കാൻ. വഴി ഗുണമില്ലാത്തതുകൊണ്ട് വണ്ടിയുടെ നാണം കുണുങ്ങലിന് അടുത്തൊന്നും ശമനമുണ്ടാവില്ല. മനോജ് കണക്കുകൂട്ടി. ഉദയൻ പോലീസ് ജീപ്പിലേക്ക് തിരിച്ചു കയറിയതും ജീപ്പ് നീങ്ങിത്തുടങ്ങി. കുറച്ചങ്ങായതും വിശന്ന് ഗ്യാസ് കയറി വയറ്റിൽ ഒന്നു രണ്ടു പേർ മിണ്ടാനും പറയാനും തുടങ്ങിയപ്പോൾ ഉദയൻ പോലീസ് പ്രദീപനോട് പറഞ്ഞു, ‘‘പ്രദീപാ ഫുഡ് റെഡിയായോന്ന് പള്ളേന്ന് ചോയിക്കാൻ തൊടങ്ങീട്ട്ണ്ട്'."
"സാറെ രാവിലെ ഇങ്ങോട്ടൊറങ്ങാൻ നേരത്ത് ഞാൻ ചോദിച്ചതല്ലെ തിന്നാനുള്ളത് എന്തെങ്കില്ലം കൈയില് വാങ്ങി വെക്കണോന്ന്. പൊതിച്ചോറും കൊണ്ട് ഞാനിതുവരെ ഒരുത്തനേം പിടിക്കാൻ പോയിട്ടില്ലാന്ന് പറഞ്ഞ് സാറത് ക്ലോസ് ചെയ്തു. രണ്ട് നേന്ദ്രപഴമെങ്കിലും വാങ്ങി വെക്കായിരുന്നു’’, പ്രദീപൻ പറഞ്ഞു.
"വയറ് ഞെക്കിപ്പിടിച്ചിരുന്നൊ സാറെ. ആദ്യം കാട് വിട്ട് പിടിക്കട്ടെ. അതാ നല്ലത്. മഴ പെയ്യാൻ ചാൻസുണ്ട്. പെയ്താൽ പണി കിട്ടും’’, മനോജ് തിടുക്കം കാട്ടി.
പിന്നെ എല്ലാവരും ഒരു മൗന പ്രാർത്ഥന പോലെ ഒന്നും മിണ്ടാതെ ജീപ്പിലിരുന്നു. ഉദയൻ പോലീസ് മരത്തലപ്പുകൾക്കിടയിലൂടെ ആകാശം നോക്കി. കാറ്റിന് ശക്തി കൂടീട്ടുണ്ട്. ഇടയ്ക്ക് കാണുന്ന ഫോറസ്റ്റിൻ്റെ ആനയുണ്ട് കരടിയുണ്ട് എന്നൊക്കെയുള്ള ബോഡു കാണുമ്പോൾ അതുപോലത്തെ എന്തെങ്കിലും ഒന്ന് വന്നാലെങ്ങനെയിരിക്കും എന്നൊക്കെ ഓർത്ത് ജീപ്പിനൊപ്പം ചാടി ചാടി ഇരുന്നതും ഉദയൻ പോലീസിന് ഉറക്കം പിടിച്ചു.
വായും തുറന്ന് കൂർക്കം വിട്ടുറങ്ങി കൂടെ ഉള്ളവർക്കൊരു കാഴ്ചവസ്തുവാകാൻ അയാൾക്ക് മനസില്ലായിരുന്നു. ഉറക്കത്തിലേക്ക് ഒന്നെത്തിനോക്കിയതും സ്വപ്നത്തിലെന്നപോലെ വൈപ്പർ വടിച്ചെടുത്ത ജീപ്പിൻ്റെ ചില്ലു ഗ്ലാസിലൂടെ പത്ത് പന്ത്രണ്ടോളം പ്രായം വരുന്ന കറുത്ത് മെലിഞ്ഞ ഒരു ചെക്കൻ റോഡിൻ്റെ ഒത്ത നടുക്ക് നിൽക്കുന്നത് ഉദയൻ പോലീസ് കണ്ടു.
" ഏതവനാ ഇത്?’’, ഉദയൻ പോലീസ് മനോജിനോട് ചോദിച്ചു. എന്താ ഇവൻ്റെ ഉദ്ദേശ്യം എന്നറിയാൻ ഉദയൻ പോലീസ് തല ഊന്നി മുന്നിലേക്ക് നോട്ടമുറപ്പിച്ചതും ചെക്കൻ കൈയിൽ കരുതിയിരുന്ന ഉരുളൻ കല്ല് ജീപ്പിനു നേർക്ക് ഓങ്ങി ഒരേറു വച്ചു കൊടുത്തു. ജീപ്പിൻ്റെ ചില്ലു ഗ്ലാസ് ഒരു സ്പോടനത്തോളം പോന്ന ശബ്ദത്തിൽ പൂത്തിരി ചിതറും പോലെ പൊട്ടി ചിതറി. ഉദയൻ പോലീസ് അമ്മേ എന്ന് അലറിപ്പോയിരുന്നു. നിയന്ത്രണം വിട്ട ജീപ്പ് വഴിയരികിലേക്ക് തെന്നി എടുത്തിട്ടതു പോലെ കാട്ടു മരത്തിലിടിച്ച് നിന്നു. അതിൻ്റെ കുലുക്കത്തിനൊപ്പം ചൊമാറു കൂനിയിരിപ്പിൽ നിന്ന് ജീപ്പിൻ്റെ തറയിലേക്ക് മുഖമടിച്ച് വീണു.
" സൂൾണ്ട മോനേ...", ഉദയൻ പോലീസ് അലറിക്കൊണ്ട് ജീപ്പിൽ നിന്നും റോഡിലേക്ക് ചാടിയിറങ്ങി. അയാൾ ചെക്കന് നേർക്ക് ഓടി. സുകേശനും പ്രദീപനും അയാൾക്ക് പിന്നാലെ ഓടി.
വീഴ്ചയിൽ നിന്ന് ഒരു ഞെരക്കത്തോടെ നടു നിവർത്തി ചൊമാറു എഴുന്നേറ്റിരുന്നു. കല്ല് തകർത്ത ജീപ്പിൻ്റെ ചില്ലു വിടവിലൂടെ അവൻ റോഡിലേക്ക് നോക്കി. റോഡിൽ അപ്പോഴും അതേ നിൽപ്പ് തുടരുന്ന ചെക്കനെ ചൊമാറു കണ്ടു. ചൊമാറുവിൻ്റെ കണ്ണുകൾ മെല്ലെ തിളങ്ങി. നന്നേ പരിചയത്തിലുള്ള ഒരാളെ കാലങ്ങൾക്കു ശേഷം കണ്ടവണ്ണം സാവധാനം ചൊമാറുവിൻ്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി തെളിഞ്ഞു. അവൻ കറ കയറിയ പല്ലുകൾ കാട്ടിക്കൊണ്ട് ശബ്ദമില്ലാതെ ചിരിച്ചു.
"പിടിക്കെടാ അവനെ’’, ഉദയൻ പോലീസ് തൊള്ള കീറി വിളിച്ചു. സുകേശനും പ്രദീപനും ഉദയൻ പോലീസിനെ കടന്ന് മൂന്നോട്ടോടി അടുത്തെത്തിയതും കാട്ടിലേക്ക് നീളുന്ന ഒറ്റനട കാട്ടുവഴിയിലേക്ക് ചെക്കൻ എടുത്തു ചാടി.
"അവനെ വിടരുത്’’, ഉദയൻ പോലീസ് ചീറി.
പോലീസുകാരും ഒറ്റനട പാതയിലേക്ക് കയറി ഓട്ടം തുടർന്നു. ഒരു കാട്ടുമൃഗത്തെ കണക്കനെ ഒളിഞ്ഞും തെളിഞ്ഞും ചെക്കൻ മുന്നിലുണ്ട്. സുകേശൻ ഓട്ടത്തിനൊപ്പം കാലിടറിമറിഞ്ഞ് വഴിയിലേക്ക് മുഖമടിച്ചു വീണു. അവൻ്റെ മൂക്കിലൂടെ രക്തമൊഴുകി. പിന്നാലെ ഓടിയെത്തിയ ഉദയൻ പോലീസിനോട് സുകേശൻ പറഞ്ഞു, "കൊഴപ്പമൊന്നുമില്ല സാറെ."
ഓട്ടം തുടരുന്ന പ്രദീപൻ്റെ കൺവട്ടത്തു നിന്ന് ചെക്കൻ പൂർണമായും മറഞ്ഞിരുന്നു.
"അവനെ കിട്ടാതെ നമ്മൾ മടങ്ങിപ്പോവില്ല പ്രദീപാ..’’, പിന്നിൽ നിന്ന് കാടു മുഴക്കികൊണ്ട് ഉദയൻ പോലീസ് വിളിച്ചു കൂവി.
കാടിൻ്റെ ചെരുവിലെത്തിയതും താഴെ ഒരരുവി ഒഴുകുന്നത് പ്രദീപൻ കണ്ടു. അങ്ങോട്ടേക്കാണ് വഴി നീളുന്നത്. അതും കടന്ന് വഴി തുടരുന്നുണ്ട്. അരുവിയിൽ കുനിഞ്ഞ് നിന്ന് ചെക്കൻ ആർത്തിയോടെ വെള്ളം കുടിക്കുന്നത് പ്രദീപൻ കണ്ടു. അവന് ഒരേറുകൊടുക്കുവാൻ പ്രദീപൻ നിലത്തു നിന്നും ഒരു കല്ല് പറക്കി എടുത്തു. അതേ നിമിഷം ചെക്കൻ തലപൊക്കി പ്രദീപനെ നോക്കി. നല്ല മൂർച്ചയുള്ള നോട്ടമായിരുന്നു അത്. പ്രദീപൻ്റെ കൈയിൽ നിന്ന് കല്ല് താനേ താഴെ വീണു. ചെക്കൻ നിവർന്ന് മുഖം കൈത്തണ്ട കൊണ്ട് തുടച്ച് അരുവിക്കപ്പുറത്തെ കാടിൻ്റെ ഇരുട്ടിലേക്ക് ലാഘവത്തോടെ നടന്നു പോയി. പ്രദീപന് പിന്നിലായി ബാക്കിയുള്ളവർ ഓടിയെത്തിയിരുന്നു.
"എന്താടാ നോക്കി നിക്ക്ന്നെ’’, ഉദയൻ പോലീസ് ചോദിച്ചു.
"അവനാ വഴി പോയി സാറെ’’
എല്ലാവരും അരുവിക്കപ്പുറത്തെ കാട്ടിലേക്ക് നോക്കി.
"സാറെ മുന്നോട്ടേക്കല്ലെ?", സുകേശൻ ചോദിച്ചു.
"അല്ലാണ്ട് പിന്നെ. ചില്ലില്ലാത്ത വണ്ടീം കൊണ്ട് നമ്മളെങ്ങനെ സ്റ്റേഷനീ കേറും. പോവുന്നുണ്ടെങ്കിൽ ആ കുരുപ്പിനേം കൊണ്ടേ നമ്മള് പോവൂ. എറങ്ങടാ അങ്ങോട്ട്."
അവർ മൂവരും പ്രയാസകരമായി അരുവി മുറിച്ചുകടന്നു. അടുത്ത ഉദ്യമത്തിനുള്ള തയ്യാറെടുപ്പു പോലെ ഒരു നിമിഷം അവർ അരുവിക്കപ്പുറത്തെ കാട്ടിലേക്കു നോക്കി നിന്നു. നീണ്ടു വളർന്ന കാട്ടുമരങ്ങൾ ആകാശം പൂർണമായും മറച്ചിരുന്നു. പണ്ടെങ്ങോ നടന്നുണ്ടായതിൻ്റെ ഓർമ്മ മാത്രം തെളിഞ്ഞു കിടക്കുന്ന കാട്ടുവഴി ഇരുട്ടിലേക്ക് ലയിച്ചു കിടക്കുകയാണ്. കാട് അതിൻ്റെ തൊള്ളയിലേക്ക് മൂവരെയും അടങ്കനെ വിഴുങ്ങാനൊരുങ്ങി നിൽക്കുന്നത് പോലെ തോന്നിച്ചു അവർക്ക്.
ചില്ലുതകർന്ന ജീപ്പിൽ കുത്തിയിരിപ്പു തുടരുകയാണ് ചൊമാറു. ചാറ്റൽ മഴ കൊള്ളാതിരിക്കാൻ മനോജ് കുട നിവർത്തിപ്പിടിച്ച് പുറത്ത് നിൽപ്പുണ്ട്. നടന്ന സംഭവത്തിൻ്റെ ഞെട്ടൽ പരിസരം വിട്ടുമാറിയിരുന്നില്ല.
" ചാറെ ഒരിക്ക ബീത്രം ബീത്തണായിരുന്നു’’, ചൊമാറു പറഞ്ഞു.
"എന്താ?",
"ബീത്രം."
ചൊമാറു അവൻ്റെ അടിവയറ് തൊട്ടു കാണിച്ചു.
"ങാ നീ ബീത്തണ്ട. എന്നിട്ടാവഴിക്ക് ഓടാനല്ലെ."
"അല്ലപ്പ."
"പോയവര് വരട്ടെ എന്നിട്ട് മതി."
"ഞാൻപ്പൊ ബണ്ടീല് ബീത്തും ചാറെ. ബണ്ടി നാറും."
ചൊമാറു പറഞ്ഞു.
"എന്നാ അതൊന്ന് കാണണല്ലൊ. വണ്ടീല് മൂത്രമൊഴിച്ചാ നിൻ്റെ അണ്ടി ഞാൻ ചവിട്ടി പൊട്ടിക്കും. "
അവനെങ്ങാനും പറഞ്ഞതു പോലെ ചെയ്തേക്കുമോ എന്ന് മനോജ് സംശയിച്ചു. ഓടി പോയവർ ഏതു പരുവത്തിൽ തിരിച്ചു വരുമെന്ന് പറയാൻ പറ്റില്ല. അതിനിടയിൽ വണ്ടി മൂത്രം കൊണ്ട് നാറ്റിക്കുകയും ചെയ്താൽ കാര്യങ്ങൾക്ക് തീരുമാനമാവും. മട്ടും ഭാവവും കണ്ടാൽ അവൻ നിറഞ്ഞ് കവിഞ്ഞ് ഒരണക്കെട്ട് കണക്കനെ വെമ്പി കുത്തിയിരിക്കുകയാണ്. പക്ഷെ പുറത്തിറക്കിയ തഞ്ചത്തിന് എങ്ങാനും ഇവൻ ഓടിപ്പോയാൽ തൻ്റെ പ്രാണനും ആ വഴിക്കങ്ങ് പോവും. മനോജ് ആകുലപ്പെട്ടു, " നീ ഒന്ന് കണ്ട്രോള് ചെയ്യടാ."
ചൊമാറുവിൻ്റെ മുണ്ടിൽ നനവ് പടരുന്നത് മനോജ് കണ്ടു.
"എറങ്ങിവാ നീ. "
മനോജ് ചൊമാറുവിനെ പിടിച്ചെഴുനേൽപ്പിച്ച് ജീപ്പിന് വെളിയിലിറക്കി.
"ഇവിടെ തന്നെ കുത്തിയിരുന്നാ മതി."
മനോജ് ജീപ്പിനരികിൽ ചൊമാറുവിന് കുത്തിയിരിക്കേണ്ട ഇടം കാണിച്ചു കൊടുത്തു. ചൊമാറു അതേ നിൽപ്പിൽതന്നെ നിലത്തേക്ക് കുത്തിയിരുന്നു.
"നീയും ആ ചെക്കനും കൂടിയുള്ള പരിപാടി അല്ലെ ഇത്. അവനേം കൊണ്ട് പോയവര് ഇങ്ങെത്തട്ടെ. രണ്ടിനും കൂടി തരുന്നുണ്ട്."
ചൊമാറു മനോജിനെ നോക്കി മുറുക്കാൻ പല്ലുകാട്ടി ചിരിച്ചു.
"ഓറൊന്നും എനി മടങ്ങി ബെരീല ചാറെ."
മനോജ് ആ കേട്ടതിലേക്ക് വായും പൊളിച്ച് നിന്നു.
''ഓറേല്ലം നരി പിടിക്കും."
മനോജിന് ശ്വാസം മുട്ടി.
മൂന്ന്
ആനയുടെ ചിന്നം വിളി കേട്ടാണ് പോലീസുകാർ കാട്ടിലൂടെയുള്ള ഓട്ടം നിർത്തിയത്. ഒരായിരം ചീവീടുകൾ അവർക്കു വട്ടമിട്ട് കാതു തുളച്ച് തലച്ചോറ് വറുക്കുന്നുണ്ടായിരുന്നു. ചുറ്റിലും മിന്നാമിനുങ്ങുകൾ പറന്ന് വന്ന് തോളിലും തലയിലുമിരുന്ന് അവരെ കാടിനോട് പിന്നെയും ചേർത്തു വച്ചു കൊണ്ടിരുന്നു. ചാറ്റൽ മഴ തുടരുന്നുണ്ട്.
"താൻ മനോജിനെ ഒന്ന് വിളിച്ചെ’’, ഉദയൻ പോലീസ് പറഞ്ഞു.
സുകേശൻ ഫോണെടുത്ത് നോക്കി, " റേഞ്ച് ഇല്ല സാറെ."
ഉദയൻ പോലീസ് ഒന്ന് നെടുവീർപ്പിട്ടു.
"സാറെ മുന്നോട്ട് സേഫായിരിക്കുവൊ?", പ്രദീപൻ ചോദിച്ചു.
"കാടല്ലെ പ്രദീപാ’’, ഉദയൻ പോലീസ് പറഞ്ഞു.
"അവനേതായാലും ഈ വഴീലുണ്ടല്ലൊ. മുന്നോട്ടു പോയാ വല്ല ഊരോ കുടിലോ കാണും’’, ഉദയൻ പോലീസ് ഉറപ്പിച്ചു.
ദേഹത്തേക്ക് ചാടി വീഴുന്ന നഖവും തേറ്റയുമുള്ളതൊന്നിനെ തടയാനുള്ള ഒരു തയ്യാറെടുപ്പിനെ ചേർത്ത് പിടിച്ചു കൊണ്ട് അവർ മുന്നോട്ടേക്കു നടന്നു. മരങ്ങൾക്കിടയിലൂടെ കാടിൻ്റെ ഇരുട്ടു പിടിച്ച് പറന്നു വന്ന ഒരു വെള്ളിമൂങ്ങ മരക്കൊമ്പിലിരുന്ന് അവരെ നോക്കി ഇരുത്തി മൂളുവാൻ തുടങ്ങി. മുട്ടിന് താഴെ പാൻ്റ് നനഞ്ഞൊലിക്കുന്നത് കണ്ട് ഉദയൻ പോലീസ് കുനിഞ്ഞ് നനവ് തൊട്ടു നോക്കി.
"പ്രദീപാ ചോര’’, ഉദയൻ പോലീസ് വിളിച്ചുകൂവി.
പ്രദീപൻ നിലത്ത് കുത്തിയിരുന്ന് ഉദയൻ പോലീസിൻ്റെ ബൂട്ടഴിച്ചു മാറ്റി. ബൂട്ടിൽ നിറയെ ചോരയാണ്. സോക്സ് മൊത്തമായി ചോരയിൽ കുതിർന്നിരിക്കുന്നു. ഉദയൻ പോലീസ് നിലത്തിരുന്നു പോയി. പ്രദീപൻ അയാളുടെ പാൻ്റ് മുകളിലേക്ക് തെറുത്തുകയറ്റി, "അട്ടയാ സാറെ. "
മുട്ടിൻ്റെ ചിരട്ടയ്ക്കു മറുവശം അട്ട വീർത്തു തൂങ്ങി നിൽക്കുകയാണ്. പ്രദീപൻ ലൈറ്റർ കത്തിച്ച് അതിൻ്റെ കടി വിടുവിച്ചു. ഉദയൻ പോലീസ് ആവലാതിയോടെ ചോരയിൽ കുതിർന്ന തൻ്റെ കാൽപാദം നോക്കി തളർന്നിരുന്നു. കാട്ടിലകൾ കൊണ്ട് പ്രദീപൻ ഉദയൻ പോലീസിൻ്റെ കാലിലെ ചോരക്കറ തുടച്ചു. ഉദയൻ പോലീസ് ആവലാതിയോടെ പ്രദീപനോട് ചോദിച്ചു, "പ്രദീപാ.. അവനേം കൊണ്ടല്ലാതെ നമ്മളെങ്ങനെ തിരിച്ച്പോവും?"
ആരുമൊന്നും മിണ്ടിയില്ല. ഉദയൻ പോലീസ് മനസ് കലങ്ങി എത്തും പിടിയും കിട്ടാതെ ചുറ്റിലേക്കും നോക്കി.
"തിരിച്ചുപിടിക്കണൊ പ്രദീപാ?"
പ്രദീപൻ അടക്കിപിടിച്ച ശ്വാസം പുറത്തേക്ക് നീട്ടി പരത്തിവിട്ടു.
"അതല്ലെ സാറെ ഈ അവസ്ഥേല് നല്ലത്. അടുത്തുള്ള കോളനിയൊക്കെ നമുക്ക് പിന്നെ വന്ന് തപ്പി നോക്കാല്ലൊ. അവനെ കിട്ടും. കിട്ടാണ്ടെവിടെ പോവാനാ."
ഉദയൻ പോലീസ് കളിയിൽ തോറ്റ ഒരു കുട്ടിയെപ്പോലെ മുഖം വാടി നിലത്തിരുന്നു. അയാൾ പ്രദീപനെയും സുകേശനെയും മാറി മാറി നോക്കി. അവരുടെ മുഖങ്ങളിൽ വലിയൊരു ആശ്വാസം പടർന്നത് ഉദയൻ പോലീസ് കണ്ടു. അവർക്ക് കൈ കൊടുത്ത് അയാൾ സാവധാനം എഴുന്നേറ്റു നിന്നു.
തലയിലെ തൊപ്പിയൊന്നുറപ്പിച്ച് ചെക്കൻ ഓടി മറഞ്ഞ വഴിയിലേക്ക് അയാൾ പരാജയം പോറിയ കണ്ണുകളോടെ വെറുതെ നോക്കി. ദൂരെ മരക്കൂട്ടങ്ങൾക്കിടയിൽ മരത്തലപ്പ് നാട്ടിയ വെളിച്ചത്തിൽ ഒരാൾരൂപം നിൽക്കുന്നത് ഉദയൻ പോലീസ് കണ്ടു. അതേ ചെക്കൻ. ഉദയൻ പോലീസിൻ്റെ കണ്ണുകൾ വിടർന്നു. ഞരമ്പ് മുറുകി.
''ഡാ.. കുരിപ്പേ..", ഉദയൻ പോലീസ് അലറി.
തൊട്ടുപിന്നാലെ ഒരു കല്ല് മുഴക്കത്തോടെ പറന്നു വന്ന് അയാളുടെ തലയിലെ തൊപ്പി തെറിപ്പിച്ചു കൊണ്ട് മരങ്ങൾക്കിടയിലൂടെ മിന്നി മറഞ്ഞു. ഉദയൻ പോലീസ് മുന്നിലേക്ക് കുതിച്ചു പായുന്നതാണ് പ്രദീപനും സുകേശനും പിന്നെ കണ്ടത്. അയാൾക്കൊപ്പമെത്താൻ അവർ കിതച്ചു.
മുന്നിലോടുന്നവൻ തങ്ങളെ ഒരു കുരുക്കിലേക്ക് കൂട്ടികൊണ്ടു കൊടുക്കും പോലെ ഓട്ടത്തിൻ്റെ വേഗത കൂട്ടിയും കുറച്ചും ഒളിഞ്ഞും തെളിഞ്ഞും വേട്ടമൃഗത്തിൻ്റെ പതിൻമടങ്ങ് ശക്തിയും കൗശലവുമുള്ള ഇര കണക്കനെ കാട്ടിലേക്ക് ഓടികൊണ്ടേയിരുന്നു. ഉദയൻ പോലീസിപ്പോൾ അവനൊത്ത ഒരു വേട്ട മുഗം പോലെ മാറിയിരുന്നു. അയാളുടെ ഊർജ്ജം തങ്ങളെയും ആവേശിക്കുന്നതു പോലെ പ്രദീപനും സുകേശനും തോന്നി.
ചെക്കൻ ഓടി ഓടി കാടിൻ്റെ ഇരുട്ടിൽ നിന്ന് പൊട്ടി മുളക്കുന്ന വെളിച്ചത്തിൻ്റെ ഒരു ബിന്ദുവിലേക്ക് ചുരുങ്ങി ചുരുങ്ങി ഇല്ലാതാവുന്നത് ഓട്ടത്തിനൊപ്പം പോലീസുകാർ കണ്ടു. അതേ വെളിച്ചം വിടർന്നു വരുന്നതായും അത് ആസകലം പൊതിയാൻ പാകത്തിന് വളർന്നു വലുതാവുന്നതായും പോലീസുകാർക്ക് തോന്നി. അവർ ഊർജത്തിൻ്റെ അവസാന കണികയും ഊറ്റിക്കൊണ്ട് മുന്നോട്ടേക്ക് കുതിച്ചു.
വികസിച്ച വെളിച്ചത്തിലേക്ക് ചെക്കൻ ഓടിമറഞ്ഞിരുന്നു. പോലീസുകാർ അടുത്ത ചുവടിൽ നിലത്തേക്ക് കുഴഞ്ഞു വീഴും എന്ന പരുവത്തിലെത്തി. കണ്ണു മിഴിച്ച് തൊണ്ട വരണ്ട് നെഞ്ചുന്തി ഇരുട്ടിൽ നിന്ന് ഓടിയിറങ്ങി വിടർന്നു വലുതായ വെളിച്ചത്തിലേക്ക് പോലീസുകാർ എടുത്തിട്ടതു പാലെ പറന്നു വന്നു വീണു. അവർ തലപൊക്കി ചുറ്റിലും നോക്കി. അവരുടെ കണ്ണുകളിൽ വെട്ടം കുത്തിയിറങ്ങി ഇരുട്ടു കയറി. കിതപ്പിനൊപ്പം സുകേശൻ പൊട്ടി ചിരിച്ചുപോയി.
"എത്തി സാറെ’’, പ്രദീപൻ ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു.
നാല്
മൺകട്ടയിൽ പൊക്കിയ പാറപ്പുല്ല് മേഞ്ഞ കാട്ടുചെടികൾ വകഞ്ഞു നിൽക്കുന്ന കുറേ കുടിലുകളാണ് അവർ വെളിച്ചത്തിൽ കണ്ടത്. ചിലതിന് ഊയിക്കമ്പു നാട്ടി കൈവരി കെട്ടീട്ടുണ്ട്. ചിലതിൻ്റെ മുറ്റത്ത് ചാണകം മെഴുകീട്ടുണ്ട്. കാട്ടുകോഴികളും പന്നിക്കൂട്ടങ്ങളും കുടിലുകളുടെ അകത്തും പുറത്തും ചിക്കി ചികഞ്ഞ് കുത്തിമറിയുന്നുണ്ട്. കാട്ടിലകൾ തൂത്തു മാറ്റിയ വൃത്തത്തിലിരുന്ന് ഒരു കൂട്ടം പ്രായമായ സ്ത്രീകൾ ചൂരിക്കമ്പ് ചീകിയിട്ട് കൊട്ടമെടയുകയാണ്.
കുർക്കൂട്ടിയും കാശാവുമടങ്ങുന്ന കാട്ടുമരങ്ങൾ വീശി വിതറുന്ന ഇരുട്ടും തണുപ്പും ചുറ്റിലും കനം കെട്ടി കിടക്കുന്നുണ്ട്. കുടിലുകളുടെ തണലിൽ ഉറങ്ങുന്ന കറുത്ത് നല്ല ഉശിരുളള ഒരു സംഘം പട്ടികൾ പോലീസുകാരെ കണ്ടതും അവർക്കു നേരെ ചാടി എണീറ്റ് കുരച്ച് ചീറുവാൻ തുടങ്ങി. പരിസരങ്ങളിലെ എല്ലാ ജീവജാലങ്ങളും പോലീസുകാർക്ക് നേരെ മുഖം തിരിച്ചു. പട്ടികളെ കണ്ടതും സുകേശനും പ്രദീപനും ഉദയൻ പോലീസിനു പിന്നിലേക്ക് ചുരുങ്ങി. അവരെ കൈകൊണ്ട് മറച്ച് പേടിയൊന്നും തട്ടാതെ ഉദയൻ പോലീസ് നിന്നു.
കുര കേട്ട് കാടിളകി മരത്തലപ്പുകളിൽ നിന്ന് അനേകം പക്ഷികൾ ആകാശത്തേക്ക് പറന്നുയരുന്നത് അയാൾ കണ്ടു. പരിസരത്തെ ആളുകളിൽ നിന്ന് എഴുപതുകാരി ചെല്ലിച്ചി പട്ടികളെ അടക്കുവാൻ ആവുംവിധം മെനക്കെട്ടുവെങ്കിലും ഒന്നും അനുസരിച്ചില്ല. ഉദയൻ പോലീസ് രണ്ടും കൽപ്പിച്ച് രണ്ട് ചുവട് മുന്നോട്ടു വച്ചതും പട്ടികൾ പിന്നോട്ടേക്ക് വലിഞ്ഞു.
"ഇതവൻ്റെ ഊരാണ് സാറെ’’, സുകേശൻ ഉദയൻ പോലീസിനോട് പറഞ്ഞു. ഉദയൻ പോലീസ് പരിസരത്തുള്ള സകലരെയും ഉഴിഞ്ഞുനോക്കിക്കൊണ്ട് നിൽക്കുകയാണ്.
" സാറെ കുറച്ച് വെള്ളം ചോദിച്ചാലോ."
പ്രദീപൻ കുടല് വരണ്ട് പൊട്ടി ഉദയൻ പോലീസിൻ്റെ സമ്മതം ചോദിച്ചു. അവൻ തൊണ്ടയിലേക്ക് ഉമിനീരിറക്കി. അയാളെന്തു പറയും എന്ന് പ്രദീപൻ കാത്തു. ചുറ്റിലേക്കും പരതി നോക്കികൊണ്ട് ഉദയൻ പോലീസ് ഉച്ചത്തിൽ പറഞ്ഞു, "കൊറച്ച് വെള്ളം എട്ത്തെ."
കുടിലുകളിലെ മനുഷ്യരെല്ലാവരും പുതിയതെന്തോ ഒരു ജനുസിനെ എന്നവണ്ണം പോലീസുകാരെ നോക്കി നിന്നതേ ഉള്ളൂ.
"ചെവി എന്താ കേട്ടൂടെ’’, ഉദയൻ പോലീസ് അലറി.
ഒന്നടങ്ങിയ പട്ടികൾ പിന്നാലെ വീണ്ടും കുരച്ചു ചാടി. പ്രദീപൻ തൊണ്ടയിലേക്ക് അണമുറിയാതെ വെള്ളമിറക്കുന്നത് പകൽ സ്വപ്നം കണ്ടു. അറുപതുകാരൻ കൊർപ്പാളു കൈയിൽ വെള്ളം നിറച്ച മൺകുടവുമായി പോലീസുകാർക്ക് മുന്നിലേക്ക് വന്നു. അയാൾ കുടം ഉദയൻ പോലീസിനു നീട്ടി. കലി മൂത്ത് ഉദയൻ പോലീസ് എങ്ങാനും കുടം തട്ടി തെറുപ്പിച്ചേക്കുമോ എന്ന് പ്രദീപൻ പേടിച്ചു. ഉദയൻ പോലീസ് കുടം രണ്ടു കൈകളിലേക്കും വാങ്ങി വെള്ളം വായിലേക്ക് കമഴ്ത്തി. മതിയായതും അയാൾ കുടം പ്രദീപന് കാട്ടി.
'ആ കൂത്തിച്ചി മോനെ എറക്കി വിട്ടെ. മര്യാദിക്കൊന്ന് കാണട്ടെ അവനെ’, ഉദയൻ പോലീസ് മുന്നിലുള്ളവരോട് ഒച്ച കൂട്ടി. കഥയൊന്നും തിരിയാതെ നിൽക്കുകയാണ് ഊരു നിവാസികൾ.
"എവിടെയാ അവൻ?", ഉദയൻ പോലീസ് ചോദ്യം തുടർന്നു.
"ആരി ചാരെ?", ആൾകൂട്ടത്തിൽ നിന്ന് ചോമു പോലീസുകാരോട് ചോദിച്ചു.
"ഒര്ത്തൻ ഞങ്ങടെ ജീപ്പിൻ്റെ ചില്ല് തകർന്നിട്ട് ഇങ്ങോട്ടോടി വന്നല്ലൊ. ദേ ഇപ്പൊ. ഒരു കുരിപ്പ് പയ്യൻ."
"ഞാങ്ങക്കറീല ചാറെ."
"അവനിവിടെ ഉണ്ടല്ലൊ ചാരെ. മര്യാദക്ക് പറഞ്ഞൊ. അല്ലെങ്കി ഞങ്ങടെ കൊണം മാറും."
ഊരു നിവാസികൾ പരസ്പരം നോക്കി. കാട്ടുമരങ്ങളിൽ നിന്ന് പറന്നകന്ന പക്ഷികൾ തിരികെ വന്ന് ചേക്കേറുന്നത് ഉദയൻ പോലീസ് കണ്ടു. പോലീസുകാർ മൂന്നു പേരും പരിസരത്ത് കൂടിയവരിലെ പത്തും പതിനഞ്ചും പ്രായമായ കുട്ടികളുടെ മുഖത്തേക്ക് തൊട്ടു മുൻപ് കണ്ടവൻ അതിലാരെങ്കിലുമാണോ എന്നറിയാൻ കൂർപ്പിച്ച് നോക്കി.
"ഒന്ന് വെരട്ടാണ്ട് നടപടിയാവുംന്ന് എനിക്ക് തോന്നുന്നില്ല സാറെ’’, സുകേശൻ ഉദയൻ പോലീസിനോട് പറഞ്ഞു.
ഉദയൻ പോലീസ് ഊരിലെ കുടിലുകളിലേക്ക് പകയോടെ നോക്കി.
"ഇപ്പിയക്കെന്തായത്?", ഊരു കൂട്ടത്തിൽ നിന്ന് കൂടെയുള്ളവരോട് ഉണ്ടച്ചി ചോദിച്ചു.
"ഇമ്മപ്പാ.."
അവർ പോലീസുകാരെ നോക്കി മുറുക്കാൻ പല്ലുകാട്ടി കണ്ണുപൂട്ടി ചിരിച്ചു. കലി അടക്കാനാവാതെ ഉദയൻ പോലീസ് സുകേശൻ്റെ കൈയിൽ നിന്ന് കുടം പിടിച്ചു വാങ്ങി നിലത്തേക്ക് ഊക്കിൽ എറിഞ്ഞുടച്ചു. മുറുമുറുപ്പ് പൊന്തിയ ഊര് അതോടെ നിശ്ശബ്ദരായി.
"പ്രദീപാ ഒരു കൂരയും വിടരുത്. എല്ലാം കേറി നോക്കിക്കോണം’’, ഇതും പറഞ്ഞ് ഉദയൻ പോലീസ് ആദ്യം കിട്ടിയ കുടിലിനു നേരെ നടന്നു. എല്ലാവരും സ്തബ്ധരായി അയാളെ നോക്കി നിന്നു. ഉദയൻ പോലീസ് കുടിലിൻ്റെ ഓലമെടഞ്ഞുണ്ടാക്കിയ വാതിൽ ഊക്കിൽ ചവിട്ടിയുടച്ച് തുറന്നു. അകത്തു നിന്നും ഒരു കുഞ്ഞ് കരയുന്നത് അയാൾ കേട്ടു. അയാൾ അകത്തേക്ക് കയറി ഇരുട്ടിലേക്ക് കണ്ണു തുറുപ്പിച്ചു.
നിലത്ത് വിരിച്ച തുണിയിൽ കിടക്കുന്ന രണ്ടു വയസോളം പോരുന്ന ഒരു കുഞ്ഞ് നിർത്താതെ കരയുകയാണ്. അകത്ത് മറ്റാരുമില്ലെന്ന് ഉദയൻ പോലീസ് ഉറപ്പിച്ചു. അയാൾ പാത്രങ്ങളും മറ്റും കാലുകൾ കൊണ്ട് തട്ടിയിട്ട് കുഞ്ഞിനടുത്തേക്ക് വന്നു നിന്നു. അയാളുടെ കാതുകളിൽ അതിൻ്റെ കരച്ചിൽ ഈർക്കില മുന പോലെ തുളച്ചു കയറി. അയാൾ നിലം ചവുട്ടിമെതിച്ചു കൊണ്ട് കുടിലിന് വെളിയിലിറങ്ങി. ഊരു നിവാസികളും സുകേശനും പ്രദീപനും അതേ നിൽപ്പാണ്. അയാൾ പോലീസുകാരോട് അലറി, "എന്ത് നോക്കി നിക്കുകയാടാ.."
രണ്ടാളും തൊട്ടടുത്ത കുടിലുകളിലേക്ക് ഓടിക്കയറി. കുടിലിൻ്റെ ഓരത്ത് അടുപ്പിൻ കല്ലിലുണ്ടായിരുന്നു കലം പ്രദീപൻ പോകുന്ന പോക്കിന് ചവുട്ടിത്തെറുപ്പിച്ചു. അതിനകത്തെ ചുവന്ന വറ്റുകൾ മണ്ണിലേക്ക് ചിതറി തെറിച്ചു. ഊരു നിവാസികൾ താടിക്ക് കൈവച്ചുപോയി. നന്നേ പ്രായമുള്ള ഒരാൾ അകത്ത് പായയിൽ കിടന്നുറങ്ങുന്നത് പ്രദീപൻ കണ്ടു. അവൻ അടുത്തുചെന്ന് അയാളെ തട്ടി വിളിച്ചു. അയാൾ ഞെട്ടി ഉണർന്ന് പ്രദീപനെ കണ്ണ് മിഴിച്ച് നോക്കി. പ്രദീപൻ അകവും അടുക്കള പുറവും നോക്കി കുടിലിനു വെളിയിലിറങ്ങി. അകത്തെ ഇരുട്ടിൽ ഒരാൾരൂപം പമ്മിയിരിക്കുന്ന കാഴ്ച പോലൊന്ന് കണ്ടുവല്ലൊ എന്ന് പ്രദീപൻ ഓർത്തു. വീണ്ടും അകത്തേക്ക് കയറി അവൻ അടുക്കള പുറത്തെ വിറകു കൂട്ടത്തിനിടയിലേക്ക് കുനിഞ്ഞു. അട്ടിവച്ച ഓലക്കിടിക്കൂനയ്ക്കിടയിൽ പത്ത് പതിമൂന്ന് വയസോളം പോരുന്ന ഒരു പെൺകുട്ടി ഒളിച്ചിരിക്കുന്നത് പ്രദീപൻ കണ്ടു.
"എറങ്ങി വാടീ.. ", പ്രദീപൻ അവളോട് പറഞ്ഞു.
അവൾ അനങ്ങിയില്ല. പ്രദീപൻ അവൾക്കടുത്തേക്ക് നീങ്ങി നിന്ന് വലത്തെ കാല് കൊണ്ട് അവൾക്ക് ഒരു തൊഴി വച്ച് കൊടുത്തു. ഒന്ന് ഞെരങ്ങിക്കൊണ്ട് അവൾ തല താഴ്ത്തി എഴുന്നേറ്റു നിന്നു. പ്രദീപൻ അവളുടെ കറുത്തു മെലിഞ്ഞ ശരീരത്തിലേക്ക് ഉഴിഞ്ഞു നോക്കി.
'നീ എന്തിനാ ഇവിടെ ഒളിച്ചിരുന്നെ?", അവളൊന്നും മിണ്ടിയില്ല.
"ഇവിടെ ഒരു തലതെറിച്ച പയ്യനില്ലെ. ഇപ്പൊ ഇങ്ങോട്ട് കാട്ടീന്ന് ഓടി വന്നവൻ. അവൻ എവിടയാ ഉള്ളത്? "
അവൾ മിണ്ടിയില്ല. പ്രദീപൻ അവൾക്കടുത്തേക്ക് ദേഹം മുട്ടാൻ പാകത്തിന് നീങ്ങി നിന്നു.
"പറയടി.."
അവൾ മെല്ലെ കരയുവാൻ തുടങ്ങി. അവളെ മുട്ടിൽ നിർത്തി മുടി കൂട്ടി പിടിച്ച് ചോദ്യം ചെയ്യാൻ പ്രദീപൻ്റെ കൈ തരിച്ചു.
''പ്രദീപാ.. ", പുറത്തുനിന്ന് ഉദയൻ പോലീസാണ്. പ്രദീപൻ കുടിലിനു വെളിയിലേക്കിറങ്ങി.
പ്രഷറ് കേറി കിതച്ചു കൊണ്ട് ഒരു തിണ്ണയിലിരിക്കുകയാണ് ഉദയൻ പോലീസ്. സുകേശൻ മറ്റൊരു കുടിലിനകത്തുനിന്നും വീട്ടു സാധനങ്ങളും മറ്റും തട്ടിയിടുന്നതും ആരോടോ തട്ടിക്കയറുന്നതും കേൾക്കാം.
"ഇനി വഴി ഒന്നേ ഞാൻ കാണുന്നുള്ള സാറെ", പ്രദീപൻ ഉദയൻ പോലീസിനോട് പറഞ്ഞു.
"ഇവടന്ന് കിട്ടുന്ന ആ കഴുവേറീടെ പ്രായത്തിലുള്ള സകല എണ്ണത്തിനേം പിടിച്ച് നിരത്തി നിർത്തി ചന്തി അടിച്ച് പൊട്ടിക്കണം. അവമ്മാര് പറയും ആ കുരിപ്പ് ചെറ്ക്കൻ ആരാന്നും എവിടാന്നും."
പ്രദീപൻ ആൾക്കൂട്ടത്തിലെ ചെക്കൻമാരെ അളന്നുനോക്കി.
"അല്ലാന്നുണ്ടെങ്കി തിരിച്ച് പോവുമ്പൊ നമ്മള് കൂട്ടത്തിലൊന്നിനേം കൊണ്ട് പോവും. അത്രേ ഉള്ളൂ."
കാടിൻ്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ ഊരിലേക്ക് ഓടി കൂടുന്നത് ഉദയൻ പോലീസ് കണ്ടു. മണ്ണിൽ കളിച്ച് പല കോലത്തിൽ നിൽക്കുന്ന എട്ടിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള ഏഴെട്ടോളം കുട്ടികളെ പേലീസുകാൾ പിടികൂടി വലിച്ചിഴച്ച് ഊരിൻ്റെ ഒത്ത നടുക്ക് കൊണ്ട് നിർത്തി. മൂന്നു നാലു പേർ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. ഒരു മരകമ്പും കൈയിൽ പിടിച്ച് ഉദയൻ പോലീസ് പേടിച്ചരണ്ടു നിൽക്കുന്ന കുട്ടികളുടെ മുന്നിലേക്കു വന്നു നിന്നു.
''ഏതവനാടാ ജീപ്പിന് കല്ലെറിഞ്ഞത്?"', ഉദയൻ പോലീസ് ചോദിച്ചു.
കുട്ടികൾ കണ്ണു മിഴിച്ച് നിന്നു. അയാൾ വരിയിൽ നിന്നും ഒരു ചെക്കനെ മുന്നിലേക്ക് നീക്കി നിർത്തി അവൻ്റെ പിൻ തുടയിലേക്ക് മരക്കമ്പു കൊണ്ട് ആഞ്ഞ് തല്ലി. അവൻ പ്രാണവേദനയിൽ നിലവിളിച്ചു. ഉദയൻ പോലീസ് അമറിക്കൊണ്ട് തല്ല് തുടർന്നു. കൂട്ടത്തിലുള്ള മറ്റുള്ളവരെയും സകല ഊക്കും കൊണ്ട് ഉദയൻ പോലീസ് തല്ലുവാൻ തുടങ്ങി. കുട്ടികളുടെ നിലവിളി ഊര് നിറഞ്ഞു. തല്ലരുതെന്ന് ആൾക്കൂട്ടം അയാളോട് നെഞ്ചിനു തല്ലി പറഞ്ഞു. സുകേശൻ ഉദയൻ പോലീസിൻ്റെ വടിക്ക് കേറിപ്പിടിച്ചു.
"സാറെ. ഒരു മയത്തില് മതി’’.
ഊരിൽ തടിച്ചുകൂടിയ ആളുകളെല്ലാവരുടെയും മട്ടും ഭാവവും മാറിക്കഴിഞ്ഞിരുന്നു. അവർ പോലീസുകാരെ വളയും വണ്ണം കൂട്ടമായി രണ്ട് ചുവട് മുന്നോട്ടേക്കെത്തിയിരുന്നു. കനത്ത മഴയ്ക്കുള്ള സാധ്യത കാട്ടികൊണ്ട് മരതലപ്പുകളിൽ കാറ്റുപിടിക്കുന്നതും ആകാശം കനം വെക്കുന്നതും പോലീസുകാർ കണ്ടു. കാറ്റുപിടിച്ച മരങ്ങൾ ആടിയുലഞ്ഞ് പലമാതിരി കരയുവാൻ തുടങ്ങി. നേർത്ത ഇരുട്ട് ഊരിനെ പൊതിഞ്ഞു. പോലീസുകാർ മുഖത്തോടു മുഖം നോക്കി. ഇരുട്ടു കനത്തു വരുന്നതായും കാട്ടുമരങ്ങൾ മേലാകെ ഉലച്ച് ഉറഞ്ഞു തുള്ളുന്നതായും പോലീസുകാർക്ക് തോന്നി. അവരുടെ ഉടലിൽ ഭയത്തിൻ്റെ ചീമുള്ള് ചോര പൊടിയുംവണ്ണം പോറലിട്ടുകൊണ്ട് കിളുർത്ത് വളരുവാനും തുടങ്ങി.
അഞ്ച്
"പൈക്ക്ന്ന് ചാറെ’’, ജീപ്പിനു പിന്നിൽ പഴയതുപോലെ കുത്തിയിരിക്കുകയാണ് ചൊമാറു. അവനെ നോക്കികൊണ്ട് റോഡിൽ കാട്ടുമരം ചാരി കാത്തിരിക്കുന്ന മനോജിന് തല കറങ്ങാൻ തുടങ്ങിയിരുന്നു.
"മിണ്ടാതിരുന്നൊ."
"തായിക്ക്ന്ന് ചാറെ."
"പോയവര് വരട്ടെ."
"ഓന അങ്ങനേന്നും കിട്ടീല ചാറെ."
ചൊമാറു മനോജിനെ നോക്കിക്കൊണ്ട് ചിരിച്ചു. കാട്ടു പക്ഷികൾ അന്നുവരെ കേൾക്കാത്ത കൂർത്ത കരച്ചിലുകൾ കാടു മുഴുക്കനെ എയ്തു വിട്ടുകൊണ്ടിരുന്നു.
"അവനെ നിനക്കറിയുവൊ? ", മനോജ് ചൊമാറുവിനോട് ചോദിച്ചു.
"എൻക്കേ അറിയൂ.. ", മനോജ് ഇരുത്തത്തിൽ നിന്നും മെല്ലെ എണീറ്റു. അവൻ ചൊമാറുവിന് അടുത്തേക്ക് നീങ്ങി നിന്നു.
"അവൻ ഏതാ?"
ചൊമാറുവിൻ്റെ മുഖത്തെ ചിരി പതിയെ മാഞ്ഞു.
"ഓൻ ഐത്തപ്പു ആന്ന്. "
കാടിന് ഒരു കരച്ചിൽ തികട്ടി.
ചൊമാറുവിൻ്റെ കണ്ണുകളിൽ ഒരു തീ പന്തം കാറ്റു തട്ടി മിനുങ്ങി.
പരാജയഭാരം പേറി ചുമല് കുനിഞ്ഞ് മരത്തിണ്ണയിലിരിക്കുന്ന ഉദയൻ പോലീസിനോട് ഇനി എന്താണ് അടുത്ത നടപടി എന്ന് ചോദിക്കണമെന്ന് സുകേശന് തോന്നി. ആ ചുറ്റളവ് മൊത്തമായി വലിയൊരു നിശബ്ദതയിലേക്ക് ഊഴ്ന്നിറങ്ങിക്കഴിഞ്ഞിരുന്നു. അതിൻ്റെ കാഠിന്യം കനപ്പെട്ടതും അതിനെ തകർത്തു കൊണ്ട് ഉദയൻ പോലീസിൻ്റെ പോക്കറ്റിൽ നിന്നും അയാളുടെ മൊബേൽ ഫോൺ കരഞ്ഞു. മനോജാണ്. ഉദയൻ പോലീസ് കോൾ അറ്റൻ്റ് ചെയ്തു.
"സാറെ. ആ കുരിപ്പിനെ ദേ നമ്മടെ കൂടെയുള്ളവനറിയാം. അവൻ്റെ ഊരും അറിയാന്നാ ഇവൻ പറയുന്നെ. അത് പക്ഷെ വേറൊരു വഴിക്കാ സാറെ’’, ഫോണിൽ നിന്നും മനോജിൻ്റെ ശബ്ദം ഉദയൻ പോലീസ് കേട്ടു.
" അവൻ ഏതാടോ."
"പേര് എന്തോ ഒന്ന് പറഞ്ഞു. ഐത്തപ്പൂവോ അങ്ങനെന്തോ. ഊരിവിടുടുത്താ. നെട്ടൊണിഗെ. എനിക്കറിയാം."
''ഉള്ളതാണോ മനോജേ?"
"ങാ സാറെ. ഞാനവിടെ പോയിട്ടുള്ളതാ. അവനെ കിട്ടിയില്ലെങ്കില് കുടുംബത്തിലുള്ള ഏതെങ്കിലും ഒരുത്തനായാലും മതിയല്ലൊ നമ്മക്ക്."
അതിനുത്തരമൊന്നും പറയാതെ ഉദയൻ പോലീസ് ഫോൺ കട്ട് ചെയ്തു. അയാൾ ഇരിപ്പിൽ നിന്ന് ആയാസത്തോടെ എണീറ്റു.
മറ്റൊരു വഴിക്കാണ് പോലീസുകാർ കാട്ടിലൂടെ തിരിച്ചു പോയത്. കൂട്ടിന് രണ്ടാണുങ്ങളുമുണ്ടായിരുന്നു. നെട്ടൊണിഗയെ പറ്റിയും അവിടെയുള്ള മനുഷ്യരെ പറ്റിയും പോകുന്ന പോക്കിന് പോലീസുകാർ കൂട്ടിനു വന്നവരോട് ചോദിച്ചു. മൊകയരാണ് നെട്ടൊണിഗയിൽ കൂടുതലുള്ള വിഭാഗം. അവരെ കൂടാതെ അടിയാളരും മാവിലരും പുലയരുമുണ്ട്. ചീരിക്കമ്പു മെടഞ്ഞ് കൊട്ടയുണ്ടാക്കി വിറ്റും നായാടിയും നായൻമാരുടെ തോട്ടങ്ങളിൽ പണിയെടുത്തും മറ്റുമാണ് അവരുടെ ജീവിതം.
കഴിഞ്ഞുപോയ സമയങ്ങളുടെ കഴച്ചിലും കൊണ്ട് അധികം ദൂരം താണ്ടാതെ തന്നെ അവരെല്ലാവരും പോലീസ് ജീപ്പിനടുത്തെത്തി. ഉദയൻ പോലീസ് നേരെ ജീപ്പിൻ്റെ പിൻസീറ്റിൽ കുത്തിയിരിക്കുന്ന ചൊമാറുവിന് മുന്നിലേക്ക് നടന്നു വന്നു. ചൊമാറു അയാളെ കണ്ട് സീറ്റുകൾക്കിടയിലേക്ക് പിന്നെയും ചുരുണ്ടു.
"പറഞ്ഞത് സത്യമാണോടാ?", ഉദയൻ പോലീസ് ചൊമാറുവിനോട് ചോദിച്ചു.
ചൊമാറു എത്തും പിടിയും കിട്ടാതെ ഉദയൻ പോലീസിനെ നോക്കി.
‘‘ഏതവനാ ജീപ്പിന് കല്ലെറിഞ്ഞത്?", ചൊമാറു ചോദ്യത്തിനു നേർക്ക് ഒന്ന് ചിരിച്ചതേ ഉള്ളൂ.
"പറഞ്ഞൊ."
"ഐത്തപ്പു. "
"ആരാ അത്?"
"ഒര് ചെക്കൻ. "
"എങ്ങനെയാ നിനക്കവനെ അറിയുന്നത്?"
"കണ്ടിറ്റ്ണ്ട്."
"എവിടെ."
"കാട്ട്ല്."
"അവൻ്റെ വീടെവിടെയാ?"
ചൊമാറു കാടിൻ്റെ ഒരു ദിക്കിലേക്ക് കൈ ചൂണ്ടി കാണിച്ചു.
പോലീസുകാർ എല്ലാവരും ജീപ്പിലേക്ക് ചാടി കയറി. ചില്ലുതകർന്ന ജീപ്പും കൊണ്ട് അവർ മുന്നോട്ടുള്ള യാത്ര തുടർന്നു. ചെറിയൊരു കുന്നുകയറി ചാഞ്ഞും ചെരിഞ്ഞും ജീപ്പ് വഴി വിഴുങ്ങിക്കൊണ്ട് മുന്നോട്ട് നീങ്ങി. ചൊമാറു കനപ്പെട്ടൊരു ആലോചനയിലേക്ക് ഒതുങ്ങിയിരുന്നു. അവൻ്റെ കണ്ണുകൾ കൂമ്പിയിരുന്നു. ജീപ്പ് സമതലം പിടിച്ച് ഒരു കൈവഴി കിട്ടുന്ന ഇടത്തേക്ക് അധികം വൈകാതെ തന്നെ എത്തി.
"ഇതാ സാറെ അങ്ങോട്ടേക്കുള്ളഇ വഴി’’, മനോജ് ഉദയൻ പോലീസിനോട് പറഞ്ഞു. തകർന്ന ചില്ലിൻ്റെ വിടവിലൂടെ ഉദയൻ പോലീസ് മുന്നിലേക്ക് നോക്കി.
"വിട്ടൊ’’, മനോജ് ജീപ്പ് കൈവഴിയിലേക്കെടുത്തു. റോഡ് കുറച്ചധികം തകർന്നതാണ്. ജീപ്പിൻ്റെ മതമിളക്കത്തിന് ആക്കം കൂടുതലുണ്ട്. വീൽ എങ്ങാനും കുഴിയിൽ ചാടുമോ എന്ന് മനോജ് പേടിച്ചു. ആരെങ്കിലും എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരുന്നെങ്കിൽ എന്ന് മനോജ് ആശിച്ചു.
റ മട്ടിലുള്ള വളവും തിരിവും കഴിഞ്ഞ് വണ്ടി ഓട്ടം തുടർന്നു. കാടു താണ്ടി അവസാനം ദൂരേന്ന് വണ്ടിയിലിരുന്നു കൊണ്ട് തന്നെ എല്ലാവരും നെട്ടൊണിഗെയിലെ കുടിലുകൾ കണ്ടുതുടങ്ങി.
"സാറെ ഇതാണ് ഇവൻ പറഞ്ഞ ഊര്’’, മനോജ് പറഞ്ഞു.
ഒരു കുടിലിനു മുന്നിലിട്ട പന്തലിൽ ചെറിയൊരാൾക്കൂട്ടം പോലീസുകാർ കണ്ടു. പോലീസു ജീപ്പ് വരുന്നത് കണ്ട് ആശങ്ക പടർന്ന മുഖവുമായി പന്തലിലെ ആളുകളെല്ലാവരും വഴിയിലേക്ക് നോക്കുവാൻ തുടങ്ങി. മൊത്തമായും ആശങ്ക കനപ്പിച്ച പന്തലിനു മുന്നിലേക്ക് പോലീസ് ജീപ്പ് വന്നു നിന്നു. അണീച്ചൊരുക്കിയ പന്തലും അടുക്കള പുറത്തെ ഭക്ഷണമൊരുക്കത്തിൻ്റെ തയ്യാറെടുപ്പും മറ്റും കണ്ടതോടെ അതൊരു കല്യാണവീടാണെന്ന് പോലീസുകാർ ഉറപ്പിച്ചു. അകത്തെ മുറിയിൽ അതിൻ്റെ ചടങ്ങുകൾ നടക്കുകയാണെന്നും പോലീസുകാർക്ക് മനസിലായി. ഉദയൻ പോലീസ് ജീപ്പിൽ നിന്നും ഇറങ്ങി ആളുകൾക്ക് മുന്നിലേക്ക് വന്നു.
"എന്താ ഇവിടെ ചടങ്ങ്?", ആൾക്കൂട്ടത്തോട് ഉദയൻ പോലീസ് ചോദിച്ചു.
"മംഗലവീടാണ് സാറെ’’, കൂട്ടത്തിലുള്ള ഒരാൾ പറഞ്ഞു.
''അവൻ്റെ പേരെന്താ പറഞ്ഞെ?", ഉദയൻ പോലീസ് മനോജിനോട് ചോദിച്ചു.
"ഐത്തപ്പു", മനോജ് പറഞ്ഞു.
"അങ്ങനല്ലേടാ?", മനോജ് ജീപ്പിലിരിക്കുന്ന ചൊമാറുവിനോട് വിളിച്ചു ചോദിച്ചു.
ചൊമാറു തലയാട്ടി.
"ഈ ഐത്തപ്പൂ എന്ന് പേരുള്ള ചെറ്ക്കൻ്റെ വീടേതാ?", ഉദയൻ പോലീസ് ആളുകളോട് ചോദിച്ചു. അവർ ചോദ്യം കേട്ട് പരസ്പരം നോക്കി. അവരുടെ മുഖങ്ങളിൽ ആശ്ചര്യം പടർന്നു പിടിച്ചു. അവർ എന്ത് മറുപടി പറയണം എന്ന് തിരിയാതെ കുഴങ്ങി.
"ഓൻ്റെ ബീടാ സാറെ ഇത്’’, കൂട്ടത്തിലുള്ള ഒരാൾ പറഞ്ഞു. പോലീസുകാർ എല്ലാവരും സമാധാനപ്പെട്ട് ഉള്ളാലെ ദൈവത്തിനെ വിളിച്ചു.
"അവനെ ഞങ്ങക്ക് വേണം. കൊണ്ടോവാനാ വന്നത്’’
ആളുകൾ അന്ധാളിച്ചുനിന്നു.
"അവൻ എവിടെ ഉണ്ട്?"
പന്തലിലുള്ളവർ വീടിൻ്റെ പ്രധാന വാതിലിലേക്ക് സാവധാനം നോക്കി. കാലം കീഴ്മേൽ മറിഞ്ഞതു മാതിരി പിന്നെ അവർ പോലീസുകാരിലേക്കും നോക്കി. പന്തലിലേക്ക് കയറി ആളുകൾക്കിടയിലൂടെ ഉദയൻ പോലീസ് പ്രധാന വാതിലിനു നേർക്ക് നടന്നു. അകത്തെ മുറിയിൽ തെങ്ങിൻ പൂക്കുല നെല്ലിൻ പറയിൽ കുത്തി നിർത്തി നിലവിളക്ക് കത്തിച്ച് തളികയിൽ അരിമണി നിറച്ച് ഒരു കല്യാണത്തിൻ്റെ ഒരുക്കങ്ങൾ ഉദയൻ പോലീസ് കണ്ടു. പെണ്ണിൻ്റെയും ചെക്കൻ്റെയും സ്ഥാനത്ത് കസേരകളിൽ പക്ഷെ രണ്ട് മരപ്പാവകളാണ് ഉള്ളത്. ചുറ്റിലും അണിഞ്ഞൊരുങ്ങിയ ആണ്ണുങ്ങളും പെണ്ണുങ്ങളുമുണ്ട്. തിരഞ്ഞു വന്ന ഐത്തപ്പൂവിൻ്റെ പഴയൊരു ബ്ലാക്ക് ആൻറ് വൈറ്റ് ഫോട്ടൊ ചുവരിൽ തൂങ്ങി കിടക്കുന്നതും ഉദയൻ പോലീസ് കണ്ടു.
''ഇതാരുടെ കല്യാണമാണ്?"
കസേരകളിലിരിക്കുന്ന മരപ്പാവകളിൽ നിന്ന് കണ്ണെടുക്കാതെ തനിക്ക് പിന്നാലെ കൂടിയവരോട് ഉദയൻ പോലീസ് ചോദിച്ചു. ഉത്തരമൊന്നും കിട്ടാഞ്ഞ് അയാൾ തിരിഞ്ഞുനോക്കി.
"ഐത്തപ്പൂൻ്റെ മംഗലാന്ന്."
"ആര്ടെ?"
"ഐത്തപ്പൂൻ്റെ.''
''അവനെവിടെ?"
ഒരാൾ ഉദയൻ പോലീസിന് മുന്നിലേക്ക് കയറി നിന്ന് കസേരയിലെ മരപ്പാവകളിലൊന്നിലേക്ക് വിരൽ ചൂണ്ടി.
"അതാണ് സാറെ ഐത്തപ്പൂ. ഇതോൻ്റെ പ്രേതകല്യാണാന്ന്. ഓൻ ചത്തിറ്റ് ഇന്നേക്ക് പന്ത്രണ്ട് കൊല്ലം ആവും."
ഉദയൻ പോലീസ് രണ്ടു ചുവട് പിന്നിലോട്ടു വലിഞ്ഞു. അയാൾ പിന്നാലെ കൂട്ടിയവരുടെ മുഖങ്ങളിലേക്ക് നോക്കി. അയാൾക്ക് തലകറങ്ങുന്നതായി തോന്നി.
"പണ്ട് ചത്തോൻ ജീവിച്ചിറ്റ്ണ്ടായിനേങ്കില് ഓന് മംഗലത്തിൻ്റെ ബയസ് ആവുന്ന സമേത്ത് അതേ കാലത്ത് ചത്ത പെണ്ണിന പര്തിപിടിച്ചിറ്റ് ഓറെ അണ്ങ്ങ്കള തമ്മില് മംഗലം കയ്പ്പിച്ച് കൊടക്ക്ന്ന ഏർപ്പാടാണ് ഇത്. സാധാരണ മംഗലം പോലെന്നെ. ബന്ധക്കാരും പന്തലും സദ്യേം അരി ഉരിക്കലും എല്ലം ഇണ്ട്. അത് കൈയ്ന്നതോടെ ആ അണ്ങ്ങ്കള് സന്തോഷത്തിലാവും. പിന്ന ഓറെ തൊല്ല ഒന്നും ജീവിലപ്യേക്ക്ണ്ടാവീല."
ഉദയൻ പോലീസ് നിന്നു വിയർത്തു, ജീവനോടെ ഇല്ലെ?
''ഇല്ല സാറെ. ചന്ദനം കടത്ത്ന്ന് പർഞ്ഞിറ്റ് പന്ത്രണ്ട് കൊല്ലം മുമ്പ് ഈ ഊരില് പോലീസ് കാറ് ഒരു രാത്രിക്ക് ബന്നിറ്റ് കൊറേ തെര്ച്ചില് നടത്തി. അന്ന് പേടിച്ച് പാഞ്ഞ മൻച്ചമ്മാറെ കൂട്ടത്തില് ഓനും ഇണ്ടായിന്. കാട്ടില് കുടിങ്ങീറ്റ് ഒറ്റക്കായ ഓന പിന്നെ ഞങ്ങക്ക് ക്ട്ട്ന്നത് ഒര് പൊട്ടക്കുണ്ട്ന്നാണ്. അപ്ലക്കോൻ ചത്ത് ചീഞ്ഞിറ്റ്ണ്ടായിന്’’.
ഉദയൻ പോലീസ് പ്രദീപനെയും സുകേശനെയും നോക്കി. അയാളുടെ ശരീരത്തിൽ ഒരു വിറയൽ കയറിയിരുന്നു. അവിടെയുള്ള സകല മനുഷ്യരും പന്തലിലേക്കിറങ്ങി പോലീസുകാർക്ക് ചുറ്റിലും കൂട്ടം കൂടുവാൻ തുടങ്ങി. അവർ ഇമ ചിമ്മാത്ത പോലീസുകാരിലേക്ക് നോട്ടമിട്ടു നിന്നു. കാടിൻ്റെ മറവിൽ നിന്നും ഒരു കല്ല് പറന്ന് വന്ന് നെഞ്ചിൽ കൊണ്ടേക്കുമെന്ന് ഉദയൻ പോലീസ് അപ്പോഴും പേടിച്ചു. അയാൾ നിന്ന നിൽപ്പിലേക്ക് അങ്ങുറഞ്ഞു പോയി. കാലുകൾ പറിച്ചെടുത്ത് അയാൾ ആളുകൾക്കിടയിലൂടെ ജീപ്പിനു നേർക്ക് നടന്നു. വേച്ച് വേച്ച് നടന്ന് അയാൾ ജീപ്പിലേക്ക് കയറി. മറ്റ് പോലീസുകാരും ജീപ്പിലേക്ക് കയറി. കാട്ടുതീ കൊണ്ട് പൊള്ളിവെന്തുപോയ ചെന്നായ കണക്കനെ പോലീസ് ജീപ്പ് വീട്ടുമുറ്റത്തു നിന്നും വന്ന വഴിയിലേക്ക് നിരങ്ങി നീങ്ങുവാൻ തുടങ്ങി. അത് കാടിൻ്റെ പള്ളയിലേക്ക് നൂർന്നിറങ്ങി.
ആറ്
"അന്ന് ഞാനാന്ന് ഓന കാട്ട് കുണ്ട്ന്ന് ബാരി എട് ത്തിന്", ചൊമാറുവിൻ്റെ ശബ്ദമായിരുന്നു അത്. ആടിയുലയുന്ന ജീപ്പിൽ മരവിച്ചിരിക്കുന്ന പോലീസുകാർ ചൊമാറുവിന് നേർക്ക് മുഖം തിരിച്ചു.
"ചത്ത് ചീഞ്ഞ ഐത്തപ്പൂനെ ബാരി എട്ത്തിറ്റ് ഓൻ്റെ ബീട്ടിൻ്റെ മിറ്റത്ത് കൊണ്ട്ട്ടത് ഞാനാന്ന്. ഓന കൊന്നത് ഞാനാന്ന് പർഞ്ഞിറ്റ് നിങ്ങോല്ലം കൂടീറ്റ് എന്നിറ്റെന്ന പിടിച്ചിറ്റ് കൊണ്ടോയി. എത്ര കൊല്ലം കയ്ഞ്ഞിറ്റാന്ന് ഞാമ്പിന്ന മടങ്ങീറ്റ് ബന്നത്."
ചൊമാറുവിൻ്റെ തലച്ചോറിൽ ആലോചനകളുടെ ഭൂതപ്പാനി പൊട്ടി. അവൻ വിഷാദത്തോടെ തല താഴ്ത്തി ഇരുന്നു. അവൻ്റെ കണ്ണുകൾ നിറഞ്ഞു. കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി.
"ഇയാളെന്തൊക്കെയോ പറയുന്നുണ്ടല്ലൊ സാറെ’’, സുകേശൻ ഉദയൻ പോലീസിനോട് ചോദിച്ചു. ഉദയൻ പോലീസ് ഒന്നും മിണ്ടാതെ അങ്ങനങ്ങിരുന്നതേ ഉള്ളു.
"ഉള്ളതാ സാറെ. ആ കേസ് പിന്നെ ഇവൻ്റെ തലേലായിരുന്നു. അതിൻ്റെ പേരില് ഇവൻ കൊറേ നാള് അകത്തു കെടന്നതാ’’, മനോജത് പറഞ്ഞു തീർന്നതും എടുത്തുകഴ്ത്തിയ പരുവത്തിന് മഴ തിമിർത്ത് പെയ്യുവാൻ തുടങ്ങി. വലിയ മഴത്തുള്ളികൾ തകർന്ന ചില്ലു ഗ്ലാസിൻ്റെ വിടവിലൂടെ ജീപ്പിനകത്തേക്ക് തെറിച്ചു കൊണ്ടിരുന്നു. റോഡിലൂടെ മഴവെള്ളം കുത്തിയൊലിക്കുവാനും തുടങ്ങി.
വലിയൊരു കുലുക്കത്തോടെ ഫ്രണ്ട് ടയർ റോഡിലെ കുഴിയിലേക്ക് ചാടിയതും ചൊമാറു ആലോചനയിൽ നിന്നും കുതറി. ചെളി തെറുപ്പിച്ചു കൊണ്ട് ടയർ കറങ്ങുന്നതല്ലാതെ ജീപ്പ് കുഴിയിൽ നിന്നും കയറിയില്ല. സുകേശനും പ്രദീപനും മഴയിലേക്കിറങ്ങി ജീപ്പു തള്ളുവാൻ തുടങ്ങി. കാറ്റിന് ഊക്ക് പിടിച്ച് തലയിട്ടടിക്കും പാകത്തിന് മരങ്ങൾ ഉലഞ്ഞുകൊണ്ടിരുന്നു. ഉദയൻ പോലീസും മഴയിലേക്കിറങ്ങി മറ്റുള്ളവർക്കൊപ്പം കൂടി. ജീപ്പിൽ കുത്തിയിരിക്കുന്ന ചൊമാറുവിന് പോലീസുകാരുടെ പരാക്രമങ്ങൾ കണ്ട് ഹരം കൊണ്ടിരുന്നു.
''ഇറങ്ങി തള്ളടാ’’, ഉദയൻ പോലീസ് ചൊമാറുവിനോട് പറഞ്ഞു. ചൊമാറു ജീപ്പിൽ നിന്നും ഇറങ്ങി ഉറഞ്ഞു തുള്ളുന്ന കാടിനെ ഒരുൻമാദത്തോടെ നോക്കി. ഉടലൂരി എറിയുവാൻ വെമ്പുന്ന കാട്ടുമരങ്ങൾക്കിടയിൽ കാറ്റിനെയും കൊണ്ടു വന്നവനെന്ന പോലെ നിൽക്കുന്ന ഐത്തപ്പൂവിനെ ചൊമാറു കണ്ടു. ഒരിടിമിന്നൽ ഐത്തപ്പൂവിനെ വ്യക്തമായി ചൊമാറുവിന് കാട്ടികൊടുത്തു. പിന്നാലെ ചൊമാറുവിൻ്റെ കണ്ണുകളിൽ ഒരു വെള്ളിടി പൊട്ടി ചിതറി.
"ഏ.. ചെക്കാ.. ", ചൊമാറു വിളിച്ചു.
ആ വിളിയിലേക്ക് നോക്കിയ പോലീസുകാരും ഐത്തപ്പൂവിനെ കണ്ടു. ആ കാഴ്ചയിലേക്ക് പോലീസുകാർ കൂട്ടമായി നിലവിളിച്ചു. അനങ്ങുവാനാവാതെ പോലീസുകാർ നിന്നു. ഐത്തപ്പു സാവധാനം നിലത്തേക്ക് കുനിഞ്ഞു. അവൻ്റെ കൈയിൽ ഒരു കാട്ട് കല്ല് തടഞ്ഞു. കല്ലുമായി ഐത്തപ്പു നിവർന്നു നിന്നതും അവർക്കു നടുവിൽ ഇടിമിന്നൽ കൊണ്ട് ഒരു കാട്ടുമരം കത്തി. പ്രാണവെപ്രാളത്തോടെ സർവ്വശക്കിയും കൊണ്ട് പോലീസുകാർ ജീപ്പ് റോഡിലേക്ക് എടുത്തിട്ടു. അവർക്കു നേരെ ഐത്തപ്പൂവിൻ്റെ കൈയിലെ കല്ല് പറന്ന് വന്നു. അതിൽ നിന്നും തലതെറ്റിച്ച് ചൊമാറുവിനെയും വലിച്ചു കയറ്റി പോലീസുകാർ ജീപ്പിലേക്ക് ചാടി കയറി. ജീപ്പ് കാട്ടുവഴിയിലൂടെ കുതിച്ചു പാഞ്ഞു. ജീപ്പിനു പിന്നാലെ കൊടുങ്കാറ്റിനെയും കൊണ്ട് ഐത്തപ്പൂവും.
ദേഹത്ത് ചോര പൊടിയും വണ്ണം കാടിൻ്റെ നാനാ വശത്തു നിന്നും കനം കൂടിയ കാട്ടുകല്ലുകൾ ജീപ്പിനു നേർക്ക് ചിതറി വന്നുകൊണ്ടേയിരുന്നു. കശക്കി എറിയും പാകത്തിന് കാറ്റ് വന്ന് പൊതിഞ്ഞതും ജീപ്പ് നിയന്ത്രണം വിട്ട് കാട്ടിലേക്ക് ഇരച്ചു കയറി ഒരു മരത്തിൽ ഇടിച്ചു നിന്നു.
തകർന്ന ചില്ലുവിടവിലൂടെ ഉദയൻ പോലീസ് ജീപ്പിൽ നിന്നും കാട്ടിലേക്ക് തെറിച്ചു വീണു. മനോജും പ്രദീപനും സുകേശനും ജീപ്പിനു വെളിയിലേക്ക് ചാടി ഇറങ്ങി. കാടു മുഴക്കി നിലവിളിച്ചു കൊണ്ട് അവരെല്ലാവരും ദിക്കില്ലാതെ കാട്ടിലൂടെ ഓടുവാൻ തുടങ്ങി.
ചൊമാറു ജീപ്പിൽ നിന്നും കാട്ടിലേക്കിറങ്ങി. ഐത്തപ്പു ചൊമാറുവിനു നേരെ കരഞ്ഞേക്കാവുന്ന മുഖം താഴ്ത്തിപ്പിടിച്ചുകൊണ്ട് സാവധാനം നടന്നു വന്നു. അടുത്ത് വന്ന് തല കുനിച്ച് നിൽക്കുന്ന ഐത്തപ്പൂവിൻ്റെ കവിളിൽ ചൊമാറു കാലങ്ങൾക്കു ശേഷം തൊട്ടു. അവനയാളെ തലയുയർത്തി നോക്കി. അവൻ്റെ കണ്ണുകൾ കലങ്ങിമറിഞ്ഞു. പോലീസുകാർ ഓടി മറഞ്ഞ ദിക്കു നോക്കി അവർ രണ്ടും കടപുഴകുന്ന കാട്ടുമരങ്ങൾക്കു കീഴെ കാട്ടിൽ മഴയത്ത് നിന്നു. ദൂരെ നിന്നും അനേകം നിലവിളികൾ മഴ കൊണ്ട് കാടിനു മുകളിലൂടെ പറന്നു പൊങ്ങുവാൻ തുടങ്ങി.