അജിജേഷ് പച്ചാട്ട്

ചുള്ളീം
കോലും

‘‘ങ്ങള്​ ന്റെ അലമാരേന്റെ ചാവി കണ്ടീന്യോ?’’, ബാങ്കിലെത്തിയപാടെ സരളയുടെ ആധി പിടിച്ച ഫോൺ വന്നതും അന്നത്തെ എന്റെ സകല ഉന്മേഷവും ഒറ്റയടിക്കങ്ങട്ട് ആവിയായിപ്പോയി.

‘‘അവടെവടെങ്കിലും ണ്ടാവും. യ്യൊന്ന് കണ്ണ് തൊറന്ന് നോക്ക്’’, സമാധാനപ്പെടുത്താൻ അങ്ങനെ പറഞ്ഞെങ്കിലും അൽപം ആശ്വാസം കിട്ടാൻ വറ്റിവരണ്ട തൊണ്ടക്കുഴിയിലേക്ക് സഞ്ചിയിൽ നിന്നും വെള്ളക്കുപ്പിയെടുത്ത് കമിഴ്ത്തേണ്ടിവന്നു എനിക്ക്.

അല്ലെങ്കിൽ തന്നെ പുറത്ത് പോകുന്നതൊക്കെ ഈയിടെയായി വലിയ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. ഇടതുകാലിന്റെ മുട്ടിന് താഴെ ഞെരമ്പുകൾ കുറുകിയിട്ട് കാലം കുറച്ചായി. എന്നോ ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞതാണ്. പേടിയുള്ളതുകൊണ്ട് മാത്രം അതങ്ങനെ നീണ്ടുനീണ്ടുപോവുകയാണ്. പിന്നെ, ബാങ്കിൽ വീടിനടുത്തുള്ള പെൺകുട്ടിയുള്ളത് മാത്രമാണ് ചെറിയൊരാശ്വാസം. തലവെട്ടം കാണുമ്പോഴേക്കും ‘ഏയ് ചാരൂന്റെ അപ്പാപ്പാ, ഇവടെ കമോൺ’ എന്നും പറഞ്ഞ് അത് കൗണ്ടറിൽ നിന്നും തല ചരിച്ച് എന്നെ വിളിക്കും.

എത്രയോ വർഷങ്ങളായി ടൈലറിങ്ങ് പണിയെടുത്ത് സ്വരൂപിച്ച പണം ഫിക്സഡ് ഡിപ്പോസിറ്റാക്കി ഇടാൻ വേണ്ടി ബാങ്കിലേക്ക് പറഞ്ഞുവിട്ടതാണ് സരള എന്നെ. അവൾക്ക് എക്കൗണ്ടില്ലാത്തതുകൊണ്ട് ഞാൻ തന്നെ മിനക്കെടണം. വെറുതെയങ്ങട്ട് ഡിപ്പോസിറ്റ് ചെയ്താലും പോര. മാസാമാസം എന്റെ എ.ടി.എം കാർഡ് കൊണ്ടുപോയി എടുക്കാൻ പാകത്തിൽ പലിശപ്പണം എക്കൗണ്ടിലേക്ക് വരികയും വേണം. കാര്യങ്ങളെല്ലാം പെൺകുട്ടിയെ പറഞ്ഞേൽപ്പിച്ചപ്പോഴേക്കും കാല് കടഞ്ഞു. ആശ്വാസത്തിൽ ഒന്ന് ഇരുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ചാവിപ്രശ്നം.

പിന്നീട് ബാക്കിയുള്ള സമയം അവിടെയിരുന്ന് തള്ളിനീക്കിയതും പരിചയമുള്ള ആളുകളോട് സംസാരിച്ചതും ചിരിച്ചതുമെല്ലാം ഒരു കണക്കിനാണ്. ഒടുവിൽ എല്ലാം ശരിയാക്കി പേപ്പറുകൾ കൈയ്യിൽ തരുമ്പോൾ പെൺകുട്ടി നെറ്റിചുളിച്ച് എന്നെയൊന്നു നോക്കി.

‘‘അങ്കിളിനെന്താ ഇന്ന് പറ്റിയേ, ഇവിടെയെങ്ങും അല്ലാന്ന് തോന്നണ്..’’

‘‘വയസ്സായില്ലേ..’’ ഞാൻ ചിരിച്ചു.

‘‘ആർക്ക്? ങ്ങക്കോ, ഒന്ന് പോയേ അവിടന്ന്’’.

സത്യം പറഞ്ഞാൽ ഇത്തരത്തിലുള്ള ആ പെൺകുട്ടിയുടെ ചില വർത്തമാനങ്ങൾ ബാങ്കിൽ വല്ലപ്പോഴും എത്തിനോക്കുന്ന എന്നെ കുറച്ചുസമയത്തേക്കെങ്കിലും ചെറുപ്പക്കാരനാക്കാറുണ്ട്. അതുകൊണ്ടുതന്നെ മടങ്ങിപ്പോകുന്ന മിക്ക ദിവസങ്ങളിലും ഞാൻ അങ്ങാടിയിലെ ഏതെങ്കിലും ഷോപ്പിെൻ്റ കണ്ണാടിച്ചുമരിൽ ഒന്നു നോക്കും. തലയിലെ നെര എണ്ണാൻ കഴിയുന്നുണ്ടല്ലോ എന്നോർത്ത് വെറുതേ സമാധാനപ്പെടും. പക്ഷേ ഇന്നെന്തുകൊണ്ടോ ആ വർത്തമാനമൊന്നും അത്ര സുഖമുള്ളതായി തോന്നിയില്ല.

പേടിച്ചുകൊണ്ടാണ് വീട്ടിലേക്ക് കയറിച്ചെന്നത്. പക്ഷേ വിചാരിച്ചത്ര പ്രശ്നങ്ങളൊന്നും അവിടെ ഉണ്ടായിട്ടില്ല എന്നറിഞ്ഞപ്പോൾ നേരിയ സമാധാനം തോന്നി.

‘‘ചാവി എവടന്ന് കിട്ടി?’’, ഷർട്ടഴിക്കുംനേരം അതറിയാനായിരുന്നു എനിക്ക് തിടുക്കം.

‘‘അയിനാർക്കാണ് ചാവി കിട്ട്യേത്. എങ്ങാനൊരുത്തുടീല്* തെരഞ്ഞിട്ട് കാണണ്ടേ.. ഇന്നത്തെ തെരച്ചില് ഞാനങ്ങട്ട് മത്യാക്കി. മറ്റന്നാളാണ് മ്പളെ കീരേട്ടന്റെ മോളെ പരിപാടി.. കല്യാണബ്ലൗസടിക്കാൻ ന്ന്യാണ് ഏൽപ്പിച്ചത്.’’

അരയിൽ ഖാദിയുടെ വലിയ തോർത്ത് ചുറ്റി മുണ്ട് വലിച്ചൂരുമ്പോൾ സമാധാനം പിന്നേം പോയി. അപ്പോ നാളെ തിരച്ചില് വീണ്ടും തുടങ്ങും.

ഞാൻ പിന്നെ സരളയെ നോക്കുമ്പോൾ അവൾ പ്രത്യേകിച്ച് ഒരു ഭാവമാറ്റവുമില്ലാതെ തിരക്കിട്ട് ഉപ്പേരിക്കരിയുകയാണ്. വാഷിങ്ങ് മെഷിനിന്റെ വാട്ടർ പൈപ്പ് തുറന്നിട്ട് സോപ്പുപൊടി കലക്കി സ്വിച്ച് ഓൺ ചെയ്തു. യന്ത്രം അതിന്റെ ഓർമകളെല്ലാം കൂടി മുണ്ടിന്റെയും ഷർട്ടിന്റെയുമൊപ്പമിട്ട് ഇടത്തോട്ടും വലത്തോട്ടും കറക്കാൻ തുടങ്ങി.

ചുരുക്കത്തിൽ, സരള എന്തെങ്കിലും വച്ച് മറക്കുന്നതായിരുന്നില്ല എന്റെ പ്രശ്നം. മറന്നുവച്ചത് കിട്ടാൻ വേണ്ടിയുള്ള അവളുടെ തിരച്ചിലുണ്ടല്ലോ, അതാണ് പ്രശ്നം. ആ തിരച്ചിലിൽ മുമ്പ് മറഞ്ഞുകിടന്നവ പതിയെ പൊങ്ങിവരും. അത് ചിലപ്പോ തീരെ പ്രതീക്ഷിക്കാത്ത ഓരോ പ്രശ്നങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ പുതിയതായി ഉണ്ടാക്കുകയും ചെയ്യും. ഓർക്കുമ്പോൾ തന്നെ പേടി തോന്നി. ആദ്യമായി അത്തരത്തിലൊരു പ്രശ്നമുണ്ടാവുന്നത് കല്യാണം കഴിഞ്ഞ് രണ്ടാംസൽക്കാരത്തിന്റെ തലേന്നാണ്.

‘‘പ്രേമേട്ടനെന്റെ മോതിരം കണ്ടീന്യോ?’’ കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ടേബിളിനരികിലെത്തുമ്പോഴാണ് ചോദ്യം.

അവളുടെ നീരറുത്ത വെളിച്ചെണ്ണയോടൊപ്പം കെട്ടിമറിയാൻ തുടങ്ങിയ ലിറിൽ സോപ്പിന്റെ മദിപ്പിക്കുന്ന മണം ആരുമറിയാതെ ആവോളം ഉള്ളിലേക്ക് വലിച്ചുകയറ്റി, ഞാൻ ഇല്ലെന്ന് കുസൃതിയോടെ തലയാട്ടി.

ഭക്ഷണം കഴിച്ചു വന്നതും ആള് തിരച്ചിലോട് തിരച്ചിൽ…
പിന്നെ സ്വയം ദേഷ്യപ്പെടൽ, അതുകഴിഞ്ഞ് കരച്ചിൽ…
ഇതെന്ത് പുകില് എന്നും വിചാരിച്ച് ഞാനാകെ അന്തംവിട്ടു നിന്നു.

‘‘മോതിരമൊക്കെ ആര് കൊണ്ടോകാനാണ്. ഇവടെവടെങ്കിലും കാണും. യ്യ് വന്ന് കെടക്കാൻ നോക്ക്…’’ ഒടുവിൽ പ്രശ്നം പരിഹരിക്കാനായി ഞാൻ പറഞ്ഞു.

‘‘ങ്ങക്കത് പറഞ്ഞാ മതി. നാളെ ആൾക്കാര് ചോദിച്ചാ ഞാനെന്തു പറയും?’’

‘‘പിന്നേ.., അന്റെ കല്യാണമോതിരം നോക്കി നടക്കലല്ലേ ആൾക്കാരെ പണി’’

പെട്ടെന്ന് തിരച്ചിൽ നിർത്തി സരള എന്നെ രൂക്ഷമായി നോക്കി. ‘‘ങ്ങക്കെന്താ അയിന് നിച്ചള്ളത്. കല്യാണമോതിരല്ലാതെ ഞാനെന്തായാലും നാളെ സൽകാരത്തിനില്ല.’’

കളി കാര്യമായതുപോലെ ഞാൻ ഞെട്ടി. അതോടെ അവൾക്കൊപ്പം മോതിരം തിരയേണ്ടത് എന്റെയും കൂടി ബാധ്യതയായി. രണ്ടുപേരും ചേർന്ന് മുറി മുഴുവൻ കുത്തിമറിച്ചു. എല്ലാവരും ഉറക്കം പിടിച്ചപ്പോൾ പതിയെ പുറത്തിറങ്ങി അവൾ പോയ വഴികളും കുളിമുറിയും തൊടിയും എന്നുവേണ്ട കിണറ്റിലേക്ക് വരെ ടോർച്ചടിച്ചുനോക്കി. എല്ലാം കഴിഞ്ഞ് മുറി ഒരിക്കൽക്കൂടി തിരയാൻ തുടങ്ങിയതും ഉറക്കം വന്ന ഞാൻ പതുക്കെ അവള് കാണാതെ കിടക്കയിലേക്ക് ചരിഞ്ഞു.

പിറ്റേന്ന് രാവിലെ കടന്നൽക്കുത്തേറ്റ മുഖവുമായിട്ടാണ് സരള വരവേറ്റത്. മോതിരം കിട്ടാത്തതിന്റെ നിരാശയാവും എന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ മോതിരം മുമ്പത്തേതിനേക്കാൾ ഉഷാറിൽ അവളുടെ കൈവിരലിൽ കിടന്ന് തിളങ്ങുന്നത് കണ്ടപ്പോൾ ഉറപ്പിച്ചു, രാത്രിയിൽ തിരയാൻ കൂടാത്തതിന്റെയായിരിക്കും.

‘‘ലാസ്റ്റ് യ്യത് കണ്ടുപിടിച്ചല്ലേ?’’ കുളിച്ച് ഈറനായി വന്ന അവളെ ഒന്നഭിനന്ദിക്കാനായി ഞാൻ വട്ടംപിടിക്കാൻ നോക്കി.

‘‘തൊടരുതെന്നെ..’’പത്തിവിടർത്തിയ മൂർഖനെപ്പോലെ അവൾ ഒരൊറ്റ നിൽപ്പ്.

ഞെട്ടിപ്പോയി. കല്യാണം കഴിഞ്ഞ് എട്ടുപത്ത് ദിവസമായിട്ടും സരളയ്ക്ക് അങ്ങനെയൊരു മുഖം ഉള്ളതായി തോന്നിയിട്ടേയില്ലായിരുന്നു. പിന്നെ ചോദ്യത്തിനൊന്നും മറുപടിയില്ല, മൂടിക്കെട്ടി നടപ്പായി. ഇറങ്ങാൻ നേരം അമ്മ വന്ന് ഒരു കവർ അവളെ ഏൽപ്പിച്ചു.

‘‘കൊർച്ച് പയറും കുമ്പളവും ആണ്. മ്പളെ പാടത്ത് വിത്തിട്ട് വളംടാതെ കായ്പ്പിച്ചതാണ്.’’

കവറ് വാങ്ങും നേരം ദേഷ്യം അവൾ കുറച്ച് അമ്മയോടും കാണിച്ചു. അതോടെ എന്റെ ക്ഷമയറ്റു. യാത്രക്കിടയിൽ കാറ് ചെമ്മലപ്പള്ളിയുടെ തൊട്ടരികിലുള്ള തെങ്ങിൻതോട്ടത്തിലേക്ക് ഓടിച്ചുകയറ്റി ഓഫ് ചെയ്തു. പ്രശ്നങ്ങളെല്ലാം അപ്പാപ്പം* തീർക്കണം, വെച്ചോണ്ടിരുന്നാൽ ചിലപ്പോൾ കുമ്പളം പോലെ കെട്ടുപോകും.

‘‘എന്താണ് പ്രശ്നം. അന്റെ കളി കണ്ടാൽ തോന്നും ഞാനാണ് മോതിരം എടുത്ത് വെച്ചതെന്ന്…’’

അവൾ എനിക്ക് മുഖം തരാതെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. ചെക്കന്മാർ തെങ്ങുംതോപ്പിൽ രാവിലെത്തന്നെ ക്രിക്കറ്റ് കളി തുടങ്ങിയിട്ടുണ്ട്. ആരവം കാറിനുള്ളിലേക്ക് നേർത്തു കേൾക്കാം.

‘‘മോതിരം കാണാണ്ടായോണ്ട് എനിക്ക് വേറെ പലതും കാണാൻ പറ്റിയല്ലോ’’, അവളുടെ മുഖം അത്രയും കൂടി കനത്തു.

ഒന്നും മനസ്സിലായില്ല.

പെട്ടെന്ന് അവൾ ബാഗിലെ സൈഡ് പോക്കറ്റിന്റെ സിബ്ബ് വലിച്ച് അതിൽ നിന്നും ഒരു കുഞ്ഞുപൊതിയെടുത്ത് നീട്ടി.

‘‘എന്താദ്?’’ ഞാൻ പൊതി വാങ്ങി.

പള്ളിക്കലിലെ അനു സ്റ്റുഡിയോയുടെ പഴയൊരു ഫോട്ടോകവർ റബ്ബർബാൻ്റിട്ട് ചെറുതാക്കിയ ഒരു കുഞ്ഞുപൊതി. പെട്ടെന്ന് ഉള്ളൊന്ന് ആളി.

‘‘ന്തായാലും ഞാൻ പള്ള നെറച്ചും വായിച്ചു..’’ അന്തംവിട്ടിരുന്ന എന്റെ ചെവിക്കുഴിയിലേക്ക് അവളുടെ സ്വരം വന്ന് വിറഞ്ഞു.

പൊടുന്നനെ പകുതി ജീവൻ പോയി. കോളേജ് കഴിഞ്ഞ് പണീംതൊരോം* ഇല്ലാതെ നടക്കുന്ന കാലത്ത് ഒരു പ്രേമമമുണ്ടായിരുന്നു എന്നത് സത്യമാണ്. കാമുകി കൈമാറുന്ന ലൗലെറ്ററുകളെല്ലാം ഒരുപാട് മടക്കുകളാക്കി സ്റ്റുഡിയോയുടെ കവറിലാക്കി സൂക്ഷിച്ച് വച്ചിട്ടുമുണ്ടായിരുന്നു. ആരും കാണാതിരിക്കാനായി മേശവലിപ്പിലെവിടെയോ പൂഴ്ത്തിയതാണ്.പ്രേമം എട്ടുനിലയിൽ പൊട്ടിയപ്പോൾ എല്ലാമെടുത്ത് നശിപ്പിക്കണമെന്ന് കരുതിയതായിരുന്നു. തിരഞ്ഞിട്ട് കണ്ടില്ല. ക്രമേണ അത് മറന്നുപോവുകയും ചെയ്തു. അതാണിപ്പോൾ അവൾ പുഷ്പം പോലെ ഉള്ളംകൈയ്യിൽ വച്ചു തന്നിരിക്കുന്നത്.

‘‘മനുഷ്യന്മാരായാൽ പ്രേമമൊക്കെ ണ്ടാവും. ന്നാലും ന്നോടൊന്ന് പറയേനി ങ്ങക്ക്. ന്തെല്ലാം ഈ ദെവസങ്ങൾക്കെടേല് അങ്ങട്ടുംങ്ങട്ടും പറഞ്ഞു മ്പള്. നാഴികക്ക് നാൽപ്പത് വട്ടം ഓപ്പൺബുക്കാണെന്ന് പറഞ്ഞിട്ട്...?’’ എന്റെ നിശ്ശബ്ദത കണ്ട് അവളൊന്ന് നിർത്തി.
‘‘പ്രേമേട്ടാ, ഈ വിശ്വാസംന്ന് പറയൺത്ണ്ടല്ലോ, അതൊരു കടല് പോലാണ്. പക്ഷേ ആ കടല് വറ്റാൻ ഒരു കടുകുമണിന്റെ അത്ര വലിപ്പള്ള അവിശ്വാസം മതി.’’

പറച്ചിൽ കേട്ടപ്പോൾ അവൾ വല്ല കഥാകാരിയും ആണോ എന്നെനിക്ക് സംശയമുണ്ടായി. ഒന്നും നോക്കിയില്ല. സാഷ്​ടാംഗം കാലിലങ്ങോട്ട് വീണു. തൽകാലം രക്ഷപ്പെട്ടെന്ന് പറയാം. പിന്നീട് അവൾ വീട്ടിൽ പാർക്കാൻ പോവുന്ന ദിവസങ്ങളിൽ മുറി മുഴുവൻ തപ്പി പഴയതെല്ലാം കണ്ടെടുക്കുന്നത് എന്റെ സ്​ഥിരം ഏർപ്പാടായി മാറുകയും ചെയ്തു.

അതുകൊണ്ടുതന്നെ ഏത് കാലത്താണെങ്കിലും സരള എന്തെങ്കിലും കാണാതെപോയി എന്നു പറയുന്നതുമുതൽ എന്റെ നെഞ്ച് കിടുങ്ങാൻ തുടങ്ങും. മറന്നുവച്ച സാധനം പെട്ടെന്ന് കിട്ടാൻ സകല അമ്പലങ്ങളിലേക്കും വഴിപാടിടുന്ന അവളേക്കാൾ ആത്മാർഥതയിൽ അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് ഞാൻ യാതൊരു ഉളുപ്പുമില്ലാതെ പ്രാർത്ഥിക്കുകയും ചെയ്യും.

അവളുടെ ഈ മറവി ചെറുപ്പം മുതൽ ഉള്ളതായിരുന്നോ എന്ന് എനിക്കറിയില്ലായിരുന്നു. ഞാനത് ചോദിക്കാനും മിനക്കെട്ടിരുന്നില്ല. പിന്നെയും സാധനങ്ങൾ വെച്ച് മറക്കുന്നത് തുടർച്ചയായപ്പോൾ ഒരു രാത്രിയിൽ ഞാനവളോട് അൽപം ഗൗരവത്തിൽ കാര്യം അവതരിപ്പിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവൾ എനിക്ക് നേരെ പതിയെ തിരിഞ്ഞുകിടന്നു.

‘‘ഞാൻ സാധനങ്ങളല്ലേ വച്ച് മറക്കുന്നുള്ളൂ പ്രേമേട്ടാ... ങ്ങക്കറിയോ, എന്റെയീ മറവിന്റെ കാര്യം ഞാൻ സതീഷിന്റെ ശ്രുതീനോട് പറഞ്ഞപ്പോ ഓള് ഒടുക്കത്തെ ചിരി. കാര്യന്താന്നറിയോ? ഒരിക്കെ ഓഫീസിൽ പോവുന്ന നേരത്ത് ഓള് ജീരകവെള്ളം തെളപ്പിക്കാൻ സ്റ്റൗവ്വിന്മേൽ വെച്ചീന്യോലെ. ഓഫീസിലെത്തിയ ശേഷമാണ് അതോർമ വന്നത്. അവിടെ നിന്നും ഓട്ടോറിക്ഷ വിളിച്ചു വന്നപ്പം കണ്ട കാഴ്ച, സ്റ്റൗവ്വിന്റെ മോളില് ചുട്ടുപഴുത്തൊരു കുട്ടകം. ശങ്കരേട്ടന്റെ പ്രജീഷിനെ വിളിച്ചിട്ട് ഓനാണ് വല്യൊരു വടിയെടുത്ത് ആ പാത്രം തോണ്ടി പുറത്തേക്കിട്ടത്.’’

അതും പറഞ്ഞ് അവൾ ചിരിയോട് ചിരി.

എനിക്ക് പക്ഷേ ചിരി വന്നില്ല.
ഞാനന്നേരം അവളുടെ മറവികളെ കുറിച്ചോർക്കുകയായിരുന്നു. ഒരിക്കൽ തലയിണക്കടിയിൽ അഴിച്ചുവച്ച സ്വർണമാല അടുക്കള മുഴുവൻ വൈകുന്നേരം വരെ തിരഞ്ഞുനടന്നപ്പോഴാണ് ആദ്യമായി കുടിക്കാൻ ഞാൻ കൊണ്ടുവച്ച മദ്യക്കുപ്പി അവൾ കണ്ടെത്തിയത്, കുടുംബശ്രീയുടെ പാസ്​ബുക്ക് സൗത്ത് മലബാർ ഗ്രാമീണബാങ്കിൽ വച്ചുമറന്ന് വീടുമുഴുവൻ അരിച്ചുപെറുക്കിയപ്പോഴാണ് അവളറിയാതെ ഞാനെടുത്ത ലോണിന്റെ കടലാസ്​ കിട്ടിയത്...
പറയാനാണെങ്കിൽ പുകിലുണ്ടാക്കിയ കേസുകൾ അങ്ങനെയെത്രയെത്ര.

അതെല്ലാം കഴിഞ്ഞിട്ടാണ് കുടുംബത്തിൽ മൊത്തം ചീത്തപ്പേരുണ്ടാക്കിയ സരളയുടെ വിഖ്യാതമായ മറവി വരുന്നത്. അതായത് ഇളയവളായ ആരണ്യയുടെ കല്യാണനിശ്ചയത്തിന്റെ അന്ന്. കാരണവന്മാർ വന്നിരുന്നശേഷം ഒത്തുനോക്കാൻ ജാതകം ചോദിച്ചു. സരള, ജാതകം തിരച്ചിലോട് തിരച്ചിൽ. എവിടെയും കാണാനില്ല. തിരഞ്ഞുതിരഞ്ഞ് പ്രഷറ് കൂടി അവൾ തല കറങ്ങി വീണു. ഒടുവിൽ കുട്ടികളുടെ കാര്യത്തിൽ ഒട്ടും ശുഷ്ക്കാന്തിയില്ല എന്നും പറഞ്ഞ് വന്നവർ മടങ്ങിപ്പോയി. കല്യാണം മുടങ്ങി. നിശ്ചയവീട് മരണവീട് പോലെയായി. പിന്നെ ഐക്കരപ്പടിയിലെ രാഘവപ്പണിക്കര് വിളിച്ചാണറിയുന്നത് ജാതകം അവിടെ പൊരുത്തം നോക്കാൻ പോയപ്പോ സരള മറന്നുവച്ചു പോന്നതാണെന്ന്.

അന്നു രാത്രി കരഞ്ഞുകലങ്ങിയ കണ്ണുമായി എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടക്കുമ്പോൾ അവൾ രഹസ്യമായി പറഞ്ഞു, ​‘‘​പ്രേമേട്ടാ, ക്കി അൽഷിമേഴ്സിന്റെ തൊടക്കാണോന്നൊരു സംശയം ണ്ട്.’’

നെഞ്ച് കീറിപ്പോയി അത് കേട്ടപ്പോൾ. ഞാനവളെ മുറുകെ അണച്ചുപിടിച്ചു. ‘‘യ്യ് വെറുതെ വേണ്ടാത്തതൊന്നും ഓർക്കാൻ നിക്കണ്ട. വച്ച സാധനങ്ങളുടെ സ്​ഥലം മറന്നുപോകുന്നത് അൽഷിമേഴ്സൊന്നുമല്ല.’’

അങ്ങനെ പറഞ്ഞെങ്കിലും സത്യത്തിൽ എനിക്കും ഉള്ളിന്റെയുള്ളിൽ അത്തരത്തിലൊരു ആശങ്കയുണ്ടായിരുന്നു.

‘‘അല്ല ​പ്രേമേട്ടാ, മ്പക്ക് അർജൻ്റായി ഒരു ഡോക്ടറെ കാണ്വന്നെ വേണം.’’ അവൾ ഉറപ്പിച്ചിരുന്നു.

അങ്ങനെയാണ് സരളയുടെ വല്യച്ഛന്റെ മോൻ ജിഗീഷ് പറഞ്ഞുതന്ന മീഞ്ചന്തയിലുള്ള ഡോക്ടറെ തേടി രണ്ടീസം കഴിഞ്ഞപ്പോൾ ഞാനും അവളും കൂടി വീട്ടിൽ നിന്നും ഇറങ്ങിയത്. ടൂവീലർ യാത്ര അവൾക്ക് ഇഷ്​ടമല്ലായിരുന്നു. ബസ്സ് യാത്രയിൽ ഛർദ്ദിക്കുന്ന സ്വഭാവമുള്ളതിനാൽ അവൾക്കായി ഒരു ചെറുനാരങ്ങ വാങ്ങി നേരെ നീട്ടുന്നത് എന്റെ പതിവായിരുന്നു.

‘‘ഛർദ്ദിക്കാൻ ഞാനയിന് വല്ലോം തിന്നണ്ടേ..’’ അവളുടെ ചിരിയിലേക്ക് ചെറുനാരങ്ങയുടെ മഞ്ഞനിറം പടർന്നു. ഞാൻ അവളുടെ തണുത്ത കൈയ്യിലേക്ക് പതിയെ വിരലുകൾ കോർത്തു. ഞങ്ങളുടെ ഹൃദയം പോലെ ചെറുനാരങ്ങ രണ്ട് കൈകൾക്കിടയിൽ കിടന്ന് പടപടേന്ന് മിടിച്ചു.

‘‘ഞ്ഞി ക്കി അഥവാ അൽഷിമേഴ്സാണെങ്കില് ങ്ങള്ന്നെ നല്ലോം നോക്ക്വോ പ്രേമേട്ടാ.’’

എനിക്ക് പെട്ടെന്ന് കരച്ചിൽ വന്നു. ബസ്സിലാണെന്ന് മറന്നുകൊണ്ട് ഞാനവളെ കൂട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു.

അവളൊന്ന് തേങ്ങി. ‘‘എനിക്ക്, വച്ച സാധനങ്ങൾ മറന്നുപോണ പ്രശ്നം മാത്രേള്ളൂ. ഞാനിന്നലെ രാത്രീലും ഇന്ന് എണീറ്റിട്ടും കൊറേ കാര്യങ്ങൾ ഓർത്തുനോക്കി. മറ്റുള്ള ഓർമക്കൊന്നും ഒരു പ്രശ്നോല്ല.’’ അതും പറഞ്ഞ് അവൾ എന്നെ ദയനീയമായി നോക്കി.
‘‘ഇത് അതായിരിക്കൂല ലേ പ്രേമേട്ടാ?’’

‘‘എവടെ’’, ഒച്ച ഇടറാതിരിക്കാൻ ഞാൻ കിണഞ്ഞ് ശ്രമിച്ചു.

ക്ലിനിക്കിലെത്തിയപ്പോൾ ഒരു ചെറുപ്പക്കാരനായിരുന്നു ഡോക്ടർ. എല്ലാം വിശദമായി കേട്ടപ്പോൾ അദ്ദേഹം നിഷ്ക്കളങ്കമായി ചിരിച്ചു. പിന്നെ കുറേ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. ഞാൻ സരളയുടെ പേടി ഡോക്ടറുമായി പങ്കുവച്ചു.

‘‘എല്ലാ ഓർമ്മത്തെറ്റും അൽഷിമേഴ്സാണെന്ന് ആൻ്റിയോട് ആരാണ് പറഞ്ഞത്?’’

ആ ചോദ്യം കേട്ടതും സരളയുടെ ശ്വാസം നേരെ വീണു. ചത്തുപോവാൻ തുടങ്ങിയ അവളുടെ കണ്ണുകൾ എഴുന്നേറ്റുനിന്നു, എന്റെ കൈയ്യിൽ അവളുടെ വിരലുകൾ മുറുകെ അമർന്നു. അവളേക്കാൾ ആശ്വാസം എനിക്കായിരുന്നു.

‘‘ആൻ്റിക്ക് അങ്ങനെ പറയത്തക്കതായ ഒരു പ്രശ്നവുമില്ല. ഇത് എല്ലാ മനുഷ്യർക്കും സംഭവിക്കുന്നതുപോലുള്ള ഷോർട്ടൈം മെമ്മറി ലോസാണ്. കുറച്ച് ശ്രദ്ധിച്ചാൽ നേരയാക്കാവുന്ന ഒന്ന്...’’

സരള ഡോക്ടറെ സൂക്ഷിച്ചുനോക്കി.

‘‘വച്ച സാധനങ്ങൾ മറന്നുപോവുക, ചെയ്ത കാര്യങ്ങൾ മറന്നുപോവുക, ചെയ്യാനുള്ള കാര്യങ്ങൾ മറന്നുപോവുക ഇങ്ങനെ ചെറിയ ചെറിയ മറവികളൊക്കെ മനുഷ്യന്മാർക്ക് സ്വാഭാവികമാണ്. അതൊക്കെ മറികടക്കാൻ ധാരാളം വഴികളുമുണ്ട്. ഫോർ എക്സാമ്പിൾ, എന്തെങ്കിലും സാധനം നമ്മൾ വെക്കുമ്പോൾ അത് വെക്കുന്ന സ്​ഥലം നന്നായി വാച്ച് ചെയ്യുക. അതായത് ആൻ്റിയിപ്പോൾ അലമാരയുടെ ചാവിയാണ് വെക്കുന്നതെന്ന് വിചാരിക്കുക. ചാവി വെക്കുന്ന മൂമെൻ്റില്ലേ.. ആ മൂമെൻ്റിൽ അത് വെക്കുന്ന സ്​ഥലത്തുള്ള എന്തെങ്കിലും ഒരു സാധനം ഫോക്കസ്​ ചെയ്ത് മനസ്സിൽ ജസ്റ്റൊന്ന് ഉരുവിടുക. അതായത് ചാവി വെക്കുമ്പോൾ അതിന് തൊട്ടടുത്ത് ഒരു പൗഡർ ടിന്നുണ്ടായിരുന്നു, അതല്ലെങ്കിൽ തൊട്ടടുത്ത് മുടി ചീവുന്ന ചീപ്പുണ്ടായിരുന്നു. അത്രയേ വേണ്ടൂ. ലൈഫിലെ എല്ലാ കാര്യങ്ങളും ആൻ്റി മറക്കുന്നില്ലല്ലോ. അപ്പോ നോ പ്രോബ്ലം. മൈൻ്റ് കോൺസിഡറേറ്റ് ചെയ്യാനുള്ള കുറച്ച് എക്സർസൈസ്​ പറഞ്ഞുതരാം. അത് വിടാതെ പിന്തുടരുക. മെഡിസിന്റെ ആവശ്യമൊന്നുമില്ല. ഇനി വരികയും വേണ്ട.’’

അതോടെ സരളക്ക് പൂർണസമാധാനമായി, എനിക്കും. വല്ലാത്ത ആഹ്ലാദത്തോടെയാണ് അന്ന് ഞങ്ങൾ അവിടെ നിന്നും വീട്ടിലേക്ക് മടങ്ങിയത്.

പിന്നീടുള്ള കുറേക്കാലം സരളയുടെ ജീവിതത്തിൽ വലിയ മറവികളൊന്നുമില്ലായിരുന്നു. അവൾ ഓരോ സാധനം വെക്കുമ്പോഴും തൊട്ടടുത്തുള്ളതിനെ കണ്ട് മനസ്സിൽ ഉരുവിടുകയും അതോർത്തെടുത്ത്, വച്ചത് കണ്ടെടുക്കുകയും ചെയ്തുകൊണ്ടിരുന്നു. എങ്കിലും എപ്പോഴെങ്കിലും ചില സമയങ്ങളിൽ വീട് കുത്തിമറിച്ച് തിരയുന്നതിനിടയിൽ പഴയ ചിലത് കണ്ടെത്തുകയും അതിനോടനുബന്ധിച്ച് ചില്ലറ പ്രശ്നങ്ങൾ ഉരുത്തിരിയുകയും മറ്റും ചെയ്തിരുന്നു.

കീരേട്ടന്റെ മോളുടെ കല്യാണത്തിന് ഞാൻ പോയില്ല. കൊട്ടും കുരവയും കൂക്കു വിളികളും പാട്ടും വീട്ടിലിരുന്നുകൊണ്ട് കേട്ടു. അവള് കൂട്ടുകാരികൾക്കൊപ്പം കല്യാണത്തിന് പോയപ്പോൾ ഞാൻ വീട് മൊത്തം ഒന്നൂടി അരിച്ചുപെറുക്കി. അടുത്ത തിരച്ചിലിന് പുകിലുണ്ടാക്കാൻ പറ്റിയ എന്തേലും പഴയ ചൊറപരിപാടികൾ ബാക്കിയുണ്ടോ എന്നറിയില്ലല്ലോ. ഭാഗ്യത്തിന് ഒന്നും കൈയ്യിൽ തടഞ്ഞില്ല.

രാത്രിയിൽ പല്ലുതേച്ച് വേരിക്കോസിനുള്ള നാടൻ മരുന്ന് വലതുകാലിൽ അരച്ചിട്ട് നിലത്തൊരു തുണി വിരിച്ച് അതിൽ കിടക്കുകയായിരുന്നു. അപ്പോഴാണ് അവൾ ‘ചാവി തിരഞ്ഞപ്പോൾ കിട്ടിയതാണെന്നും’ പറഞ്ഞ് പഴയൊരു ആൽബവും താങ്ങിപ്പിടിച്ച് മുറിയിലേക്കെത്തുന്നത്.

നെഞ്ചൊന്ന് ആളി.

പേടിയോടെ അവളെ നോക്കിക്കൊണ്ട് ഞാൻ പതുക്കെ ആൽബം വാങ്ങി. കുറേ പഴയതാണ്. ഫോട്ടോകളെല്ലാം മങ്ങിയും പരന്നും ഒരുവിധത്തിൽ ആയിട്ടുണ്ട്. അവൾ തന്നെയാണ് കണ്ണട എടുത്തുകൊണ്ടുവന്നത്. അവൾ പകുത്തുതന്ന പേജിൽ എന്റെ യൗവ്വനം തുളുമ്പുന്ന ഫോട്ടോ. മുടി ഒട്ടും നരയ്ക്കാത്ത ഒത്ത ശരീരമുള്ള അടിച്ചുപോളി ഫോട്ടോ. കല്യാണപ്പുരയിലെ ഗാനമേള ആസ്വദിക്കുമ്പോൾ എടുത്തതാണ്.

‘‘ഇത് മ്പളെ സുജിത്തിന്റെ കല്യാണത്തല*യല്ലേ, എമ്മാരി ചെത്ത് മൻഷ്യനേനി ഞാൻ അന്നൊക്കെ... ലേ?’’

‘‘പിന്നേ.., ങ്ങളെ സൗന്ദര്യം തൂക്കാനല്ലേ ഞാനിതും താങ്ങിപ്പിടിച്ച് വന്നത്.’’ അവള് ചുണ്ടുകോട്ടി. ‘‘ങ്ങക്കാ പാടണ പെങ്കുട്ടീനെ ഓർമ്മണ്ടോ? മ്പളെ നീറങ്ങാട്ടെ ഗോപാലൻ നായരുടെ മോളെ കുട്ടീനെ. പണ്ടൊരു ചെക്കന്റെ കൂടെ ഒളിച്ചോടി പോയില്ലേ’’

പെട്ടെന്ന് എനിക്ക് ഓർമ വന്നു. നാട്ടിൽ വലിയ കോലാഹലമുണ്ടാക്കിയ സംഭവമായിരുന്നു അത്. നന്നായി പാടുമായിരുന്ന അവർ ഏതോ കല്യാണപ്പുരയിൽ പാടാൻ പോയപ്പോഴാണ് ആ ചെക്കനുമായി പ്രേമത്തിൽ പെട്ടത്. അന്യമതക്കാരനായതുകൊണ്ട് വീട്ടുകാർ സമ്മതിച്ചില്ല. അങ്ങനെ ചെക്കനും പെണ്ണും ഒളിച്ചോടി. വർഷങ്ങൾ ഇപ്പോൾ പത്തിരുപതെണ്ണം കഴിഞ്ഞു. അവൾ മൈക്ക് പിടിച്ച് പാട്ടുപാടുന്ന വിവിധ പോസുകളിലുള്ള മൂന്ന് ഫോട്ടോകളാണ് ആ പേജിൽ ഉണ്ടായിരുന്നത്.

‘‘ഇതിലിപ്പോ എന്താണ് പ്രശ്നം?’’ഞാൻ അവളുടെ മുഖത്തേക്കും ആൽബത്തിലേക്കും മാറിമാറി നോക്കി.

അവൾ എനിക്കൊപ്പം ഇരുന്നു. എന്നിട്ട് പതിയെ ഫോട്ടോയിൽ മൈക്ക് പിടിച്ച് പാടുന്ന പെൺകുട്ടിക്ക് കുറേ അപ്പുറത്തായി നീല ചെയറിൽ ഇരിക്കുന്ന ആളെ തൊട്ടുകാണിച്ചു. ‘‘ഈ ഇരിക്കണ ആളെ അറിയോ?’’

ഞാൻ നോക്കുമ്പോൾ ഒരു യുവാവ് കള്ളിമുണ്ട് മടക്കിക്കുത്തി നീല ഷർട്ടുമിട്ട് കസേരയിലിരുന്ന് പാടുന്നയാളെ സസൂക്ഷ്മം നോക്കുകയാണ്. അറിയാവുന്ന ആരെങ്കിലും ആണോന്ന് ഒന്നൂടി സൂക്ഷിച്ചുനോക്കി. അപ്പോഴേക്കും അവൾ ആൽബത്തിൽ കണ്ട ഫോട്ടോ മൊബെലിൽ എടുത്തത് സൂം ചെയ്ത് എനിക്ക് നേരെ നീട്ടി.

ഇപ്പോൾ അവനെ ശരിക്ക് കാണാം.

‘‘ഇത് പ്രസാദല്ലേ? മരമില്ല് നടത്തണ ദിവാകരേട്ടന്റെ മൂത്ത മോൻ. അതായത് പാട്ട് പാടണ കുട്ടിന്റെ മച്ചുണ്യൻ.’’ ആളെ കിട്ടിയ സന്തോഷത്തിൽ ഞാൻ ചിരിച്ചു.

പെട്ടെന്ന് സരളയുടെ മുഖം വലിഞ്ഞുമുറുകി. ‘‘പ്രേമേട്ടൻ ഓന്റെ മുഖം ശ്രദ്ധിച്ചോ? ഒരു ഗാനാസ്വാദകന്റെ നോട്ടമാണോ അത്? കത്തുന്ന പകയില്ലേ ആ കണ്ണുകളിൽ?’’ അതും പറഞ്ഞ് അവൾ അടുത്ത രണ്ട് ഫോട്ടോയും കൂടി സൂം ചെയ്ത് എനിക്ക് പല രീതിയിൽ കാണിച്ചുതന്നു. എന്റെ ശ്രദ്ധ വീണ്ടും ഫോട്ടോകളിലേക്കായി.

‘‘ആ ഗാനമേള കഴിഞ്ഞ രാത്രീലാണ് ഓലെ രണ്ടാളേം കാണാണ്ടായത്.’’ അവൾ പിറുപിറുക്കും പോലെ പറഞ്ഞു.

‘‘അതെ. അന്നാണല്ലോ ഓല് ഒളിച്ചോടീത്.’’

‘‘ന്നട്ട് അയിന് ശേഷം ലോകത്തിലെ ആരെങ്കിലും ഓലെ പിന്നെ കണ്ടോ? ഒളിച്ചോടിയാ എവടെങ്കിലും ജീവനോടെ വേണല്ലോ.. ലേ?’’

ഒരു ഞെട്ടലോടെ എന്റെ കൈയ്യിൽ നിന്നും മൊബെൽ താഴേക്ക് ചാടി. പൊടുന്നനെ അവൾ കൈനീട്ടി പിടിച്ചതുകൊണ്ടു മാത്രം അത് നിലത്ത് വീണില്ല എന്നു പറയാം.

‘‘ആ പെൺകുട്ടി ഇപ്പോൾ ജീവനോടെ ഉണ്ടാവാൻ സാധ്യതല്ല.’’

ഇവളിതെന്താണ് പറഞ്ഞുവരുന്നത്? എന്റെ തൊണ്ട വരണ്ടു.

‘‘ഓൾക്ക് എന്താണ് സംഭവിച്ചന്ന് ഇവനറിയാം. ഇവനുമാേത്ര അതറിയൂ..’’

ഞാൻ സരളയെ തുറിച്ചു നോക്കി. ചെറുപ്പം മുതലേ എനിക്ക് പ്രസാദിനെ അറിയാം. സംസാരിക്കുമ്പോൾ ഒച്ച പൊന്താത്ത കൂട്ടത്തിൽ പെട്ട ആളാണ്. ‘‘വെറുതെ ഒന്നുമറിയാത്ത ആൾക്കാരെപ്പറ്റി ഓരോന്ന് പറയാൻ നിക്കണ്ട.’’ എനിക്ക് ദേഷ്യം വന്നു.

‘‘അല്ലെങ്കിലും ങ്ങക്ക് ന്ത് കുന്താണ് അറിയാ, മാഷേനി പോലും. പഠിപ്പിച്ച കുട്ട്യേള് ഏതെങ്കിലൊക്കെ കയിച്ചിലായിണോന്ന് പടച്ചോനറിയാ...’’ സരള എന്റെ കൈയ്യിൽ നിന്നും ആൽബം പിടിച്ചുവലിച്ചുവാങ്ങി.

എനിക്കും ദേഷ്യം വന്നു. ‘‘യ്യ് വല്യൊരു അടിക്കലാര്ത്തി. പൊയ്ക്കവടന്ന്..’’ ഞാനും കുറ്റപ്പെടുത്തി.

‘‘ന്റെ അടിക്കല്നെന്താണ് പ്രശ്നം. ങ്ങളൊക്കെ കുളൂസെളെക്കി നടക്കൺത് ന്നെപ്പോലെള്ള അടിക്കാര്ണ്ടായിട്ടാ. അളവെടുക്കുമ്പോ നെഞ്ചുവിരിച്ചു നിന്നുതന്നാലൊന്നും കാണാൻ ചൊർക്കുള്ള പാൻ്റും കുപ്പായോം ണ്ടാവൂല. അയ്ന് ഓലെ നടത്തം, ചരിവ്, നിൽപ്പ് ദെല്ലാം മനസ്സിലാക്കി അതിനും കൂടി പാകത്തിലുള്ള ഡ്രസ്സടിക്കണം. അറിഞ്ഞ് ചേറ്യാ പതിര് ഉണ്ടാവൂലാന്നാണ്. മാഷന്മാരും അങ്ങനെത്തന്നെയാവണം. കുട്ടികളെ അറിയണം. അറിഞ്ഞ് പഠിപ്പിക്കുമ്പളാ ജീവിതത്തിൽ കുട്ട്യേൾക്ക് ഏറ്റവും ഭംഗിണ്ടാവ്വാ.. ദൊക്കെ ആരോട് പറയാൻ.’’

അവൾ മുറി വിട്ടിറങ്ങിപ്പോയി.

പറഞ്ഞതിൽ വല്ല കാര്യവുമുണ്ടോ? ശരിക്കും ഫോട്ടോയിലുള്ള പ്രസാദിന്റെ നോട്ടങ്ങൾ അത്രയ്ക്ക് ദുരൂഹത നിറഞ്ഞതാണോ. അവനിപ്പോൾ അൻപതിനോടടുത്ത് പ്രായമായിട്ടുണ്ടാവും. കുറച്ച് മുമ്പൊരുനാൾ ടൗണിൽ വച്ച് ദുരെ നിന്നും കണ്ടിരുന്നു.

അതോടെ രണ്ടുദിവസം എന്റെ ഉറക്കം നഷ്​ടപ്പെട്ടു. പിറ്റേന്ന് വൈകുന്നേരം മീൻ വാങ്ങാനിറങ്ങിയ ഞാൻ നേരെ പോയത് ദിവാകരേട്ടന്റെ മില്ലിലേക്കായിരുന്നു. പ്രസാദിനെ ഒന്നു കാണുക എന്നതുതന്നെയായിരുന്നു ലക്ഷ്യം.

‘‘ഓൻ മില്ലിൽക്ക്യൊക്കെ വന്ന്ട്ട് കാലത്രയായി മാഷേ..’’ ദിവാകരേട്ടൻ സങ്കടത്തോടെ പറഞ്ഞപ്പോൾ ഞാനാകെ അന്തംവിട്ടു.

‘‘ആണോ, ന്നട്ട്പ്പം ന്താണ് പരിപാടി?’’

‘‘ന്ത് പരിപാടി. തല തിരിഞ്ഞ് തെക്കോട്ടും വടക്കോട്ടും നടക്കലെന്നെ..’’ പൊടുന്നനെ ദിവാകരേട്ടന്റെ മുഖം വലിഞ്ഞുമുറുകി. ‘‘ഒരു പ്രേമം ണ്ടേനി. ഓള് വേറെ ആളൊപ്പം പോയി. അതോണ്ടെന്തായി, വയസ്സാൻ കാലത്ത് മില്ലിൽ പണിയെടുത്ത് ഓനെ പോറ്റലായി ഇപ്പോ ന്റെ പണി.’’

ആളെ കാണാൻ എവിടെ പോണം എന്ന ചോദ്യത്തിന് ദിവാകരേട്ടൻ കൈ മലർത്തി. എന്നിട്ട് പരാജയപ്പെട്ട അച്ഛനെപ്പോലെ പണിക്കാരുടെ അടുത്തേക്ക് തല താഴ്ത്തി നടന്നു. പച്ചമരത്തിൽ വീണ്ടും വാള് പായുന്ന ശബ്ദം തുടങ്ങിയതോടെ ഞാനവിടെ നിന്നും മടങ്ങി.

പക്ഷേ എനിക്ക് അവനെ അങ്ങനെയങ്ങട്ട് വിടാൻ കഴിയില്ലായിരുന്നു. തിരച്ചിലുകൾക്കൊടുവിൽ ഒരു ദിവസം വൈകുന്നേരം അവനെ കണ്ടുപിടിക്കുക തന്നെ ചെയ്തു. സംസാരിക്കാൻ നോക്കിയപ്പോഴേക്കും പരസ്​പരവിരുദ്ധമായി എന്തൊക്കെയോ പറഞ്ഞ് പെട്ടെന്ന് കടന്നുകളഞ്ഞു. അതോടെ എനിക്ക് വാശിയായി. അങ്ങനെ ഒരു വൈകുന്നേരം ഞാൻ പ്രസാദിന്റെ പിന്നാലെ കൂടി. അന്തമില്ലാത്ത നടത്തമായിരുന്നു അവന്റേത്. അവന്റേതു മാത്രമല്ല, എന്റേതും. നടന്നുനടന്ന് ഒലിപ്രം പുഴയുടെ അരികിലെത്തി. അപ്പോഴേക്കും ഇരുട്ടായിക്കഴിഞ്ഞിരുന്നു. അവൻ പാലത്തിനരികിലൂടെയുള്ള ചെറിയ വഴിയിലൂടെ താഴേക്കിറങ്ങി കുറേ നേരം പുഴയിലേക്ക് നോക്കിനിന്നു. പിന്നെ മുഖം പൊത്തി പൊട്ടിപൊട്ടിക്കരഞ്ഞു. നീണ്ട മുടിയിഴകൾ പിടിച്ചു വലിക്കുകയും കുമ്പിട്ടിരുന്ന് പൂഴിയിൽ തല തല്ലുകയും ചെയ്തു.

പാലത്തിനപ്പുറത്ത് ചൂണ്ടയിട്ടുകൊണ്ടിരുന്ന ഒന്നുരണ്ടുപേർ ആ പരാക്രമം കണ്ട് ഒരു ഞെട്ടലോടെ എത്തിനോക്കിയ ശേഷം പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മട്ടിൽ വീണ്ടും ചൂണ്ടത്തുമ്പിലേക്ക് ശ്രദ്ധ കൊളുത്തിയിട്ടു.

അതുവരെ പാലത്തിന് താഴെയുള്ള ചെറിയൊരു വാകമരത്തിന്റെ മറവിൽ നിന്നിരുന്ന ഞാൻ വേഗം അവിടെ നിന്നും തിരിഞ്ഞുനടന്നു. അപ്പോഴേക്കും വഴി ഇരുട്ട് പുതച്ചുകഴിഞ്ഞിരുന്നു. ധൃതിപ്പെട്ട് നടക്കുന്നതിനിടയിൽ പെട്ടെന്ന് കാലിൽ എന്തോ തടയുന്നതുപോലെ തോന്നി, ആഴത്തിലേക്ക് പോകുന്നതുപോലെയും. പിന്നെ കണ്ണുകൾ തുറക്കാൻ നോക്കിയപ്പോൾ കഴിഞ്ഞില്ല. പക്ഷേ എന്തൊക്കെയോ ആരൊക്കെയോ പറയുന്നത് മാത്രം കേൾക്കാം..

‘‘അച്ഛനെന്നാണ് ഈ സി.ഐ.ഡി പണി തുടങ്ങിയത്?’’ ആരണ്യയാണ്.

‘‘അമ്മയ്ക്കറിയാവുന്നതല്ലേ ഇല്ലാത്തത് പറഞ്ഞ് ഓരോന്ന് ചെയ്തുകൂട്ടുന്ന അച്ഛന്റെ സ്വഭാവം. അപ്പോൾ പിന്നെ പുറത്ത് പോവുമ്പോൾ അമ്മയ്ക്കൊന്ന് ശ്രദ്ധിക്കാമായിരുന്നില്ലേ?.’’ അനാമികയുടെ ശബ്ദം അൽപം ഉയർന്നുകഴിഞ്ഞിരുന്നു.

‘‘നീയല്ലേ ട്രീറ്റ്മെൻ്റ് തുടങ്ങിയെന്ന് പറഞ്ഞത്?’’ ആരണ്യയുടെ ഭർത്താവ് വിവേകിന്റെ ചോദ്യം.

‘‘പിന്നല്ലാതെ. Zyprexa–യുണ്ട്. അതിനത് കഴിക്കലുണ്ടോന്ന് ആർക്കറിയാം’’ ആരണ്യയുടെ വേവലാതി. ‘‘അച്ഛൻ മരുന്നൊക്കെ കൃത്യമായി കഴിക്കലില്ലേ അമ്മേ?’’ അവൾ ചോദിക്കുന്നു.

‘‘ണ്ട്.’’

സരളയുടെ സ്വരം ഇടറുന്നത് കേട്ടതും പെട്ടെന്ന് ഞാൻ സകല ശകതിയുമെടുത്ത് കണ്ണുകൾ വലിച്ചുതുറന്നു. ഹോസ്​പിറ്റലിന്റെ മണം. അത്ര പരിചിതമല്ലാത്ത സീലിങ്ങ്. എ.സിയുടെ തണുപ്പ്. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴേക്കും സരള വന്ന് തടഞ്ഞു.

‘‘ണീക്കണ്ട. കാലിന് പൊട്ടലുണ്ട്..’’

നോക്കുമ്പോൾ വേരിക്കോസ്​ വെയിനില്ലാത്ത കാലിന് പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. നേരിയ വേദന അരിച്ചുകയറുന്നു. സർജറി കഴിഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി. തൊട്ടരികിൽ തന്നെ ആരണ്യയും അനാമികയും മരുമക്കളും പേരമക്കളും എല്ലാവരുമുണ്ട്.

‘‘രാത്രിയില് എന്തിനാണച്ഛാ വെറുതെയിങ്ങനെ ഇറങ്ങി നടക്കൺത്. ഇതുവരെ ആരുടേയും സഹായം വേണ്ടിയിരുന്നില്ല. ഇനിയിപ്പോ കുറേ കാലത്തേക്ക് വീൽച്ചെയറിലല്ലാതെ കഴിയുമോ വല്ലതിനും?’’ അനാമിക വന്ന് തലയിൽ പതുക്കെ തലോടി.

ഞാൻ സരളയെ നോക്കി, അവൾ ഒന്നുമറിയാത്ത പോലെ എന്നെയും.

ഡിസ്​ചാർജ്ജ് ചെയ്ത് വീട്ടിലെത്തിച്ച് ചില്ലറ ഉപദേശങ്ങളും നിർബന്ധങ്ങളും കരാർ ചെയ്ത്, കസേരയായും ആവശ്യമുള്ളപ്പോൾ കിടക്കയായും ഉപയോഗിക്കാവുന്ന ഒരു അത്യാധുനിക വീൽ ചെയറിലേക്ക് എന്നെ കുറച്ച് കാലത്തേക്ക് നിക്ഷേപിച്ച് അവർ എല്ലാവരും വന്ന വേഗതയിൽ തന്നെ തിരിച്ചുപോയി. ഹോംനഴ്സിനെ വെക്കാമെന്ന് പറഞ്ഞപ്പോൾ സരളയാണ് വേണ്ട എന്ന് പറഞ്ഞത്. വീണ്ടും ഞാനും സരളയും ഒറ്റയ്ക്കായി. അവളോട് എന്താണ് സംഭവിച്ചതെന്ന് പറയണമെന്നുണ്ടായിരുന്നു എനിക്ക്. പിന്നെ വേണ്ടെന്ന് വച്ചു.

പിന്നൊരിക്കൽ രാത്രി, കഞ്ഞി തന്ന് അവൾ അടുക്കളയിലേക്ക് പോയപ്പോഴാണ് ഞാൻ കുറേ ദിവസങ്ങൾക്ക് ശേഷം വാർത്താചാനൽ തുറക്കുന്നത്. അതിൽ ചാലിയാറിൽ നിന്നും വലക്കാർക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കിട്ടിയ ദ്രവിച്ചുതീരാനായ വലിയൊരു വീപ്പയ്ക്കുള്ളിലെ കോൺക്രീറ്റിൽ കണ്ടെത്തിയ കൈപ്പത്തിയെക്കുറിച്ചുള്ള വാർത്തയുടെ തുടർച്ചയാണ് കാണിക്കുന്നത്. കോൺക്രീറ്റ് പൂർണമായി പൊട്ടിച്ചപ്പോൾ ഏകദേശം ഇരുപത്തിനാല് വയസ്സ് പ്രായമുള്ള പെൺകുട്ടിയെ കാലുകൾ കൂട്ടിക്കെട്ടി വീപ്പയിൽ തല കീഴായി ഇരുത്തി കോൺക്രീറ്റ് ചെയ്തതാണെന്ന് വ്യകതമാവുന്ന റിപ്പോർട്ട് ആനിമേഷൻ ചിത്രങ്ങൾ സഹിതം മുന്നിൽ തെളിയുകയാണ്. എന്റെ നാക്കിറങ്ങിയതുപോലെയായി. ഞാൻ സരളയെ ഉറക്കെ വിളിച്ചു. പിന്നെയാണ് വേണ്ടിയിരുന്നില്ല എന്ന് തോന്നിയത്. പൊടുന്നനെ ടി.വി ഓഫ് ചെയ്തു.

‘‘എന്താ?’’ അവൾ ആധിയോടെ ഓടിയെത്തി എന്നെ തുറിച്ചുനോക്കി.

‘‘ഒരു ഗ്ലാസ്സ് വെള്ളം.’’

‘‘വെള്ളത്തിനാണോ ഇങ്ങനെ കെടന്ന് കാറ്യേത്?’’

അതും പറഞ്ഞ് അവൾ പിറുപിറുത്തുകൊണ്ട് ഉള്ളിലേക്ക് പോയപ്പോൾ ഇരുളണിഞ്ഞ ടി.വി സ്​ക്രീനിലേക്ക് ഞാൻ ഭീതിയോടെ നോക്കി. വീൽചെയറിൽ വിറയലോടെ പിടിച്ചു. ഉള്ളിൽ നിന്നും തുടരെത്തുടരെ എക്കിട്ടമുയർന്നു.

അന്ന് രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോഴേക്കും പുഴക്ക് നടുവിൽ വലിയൊരു നീല വീപ്പക്ക് മുകളിൽ കയറിനിന്ന് പാട്ടുപാടുന്ന ആ പെൺകുട്ടിയായിരുന്നു. പലവട്ടം ഞെട്ടിയുണർന്നു. ഉണരുമ്പോഴെല്ലാം പുഴക്കരയിലാണെന്നും ചുറ്റുവട്ടത്തുമായി വലിയൊരാൾക്കൂട്ടം നിന്ന് കൈയ്യടിക്കുന്നുണ്ടെന്നും എനിക്ക് തോന്നി. തൊട്ടപ്പുറത്തെ ബെഡ്ഡിൽ ഗാഢമായി കിടന്നുറങ്ങുന്ന സരളയെ ഞാൻ കൊതിയോടെ നോക്കി. വീൽ ചെയറിൽ ഇരുന്നും കിടന്നും എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചു.

‘‘ഇന്നലെ ഉറങ്ങീലേ ശരിക്ക്?’’ രാവിലത്തെ ഗോതമ്പ് നുറുക്കിലേക്ക് തക്കാളി കൊണ്ടുള്ള സോസ്​ ഒഴിച്ചുതരുമ്പോൾ സരള എന്റെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി.

ഞാൻ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല.

‘‘ഇനി എന്നെ തിരഞ്ഞ് നടക്കാൻ നിക്കണ്ട. നെടുമ്പൊരയിലെ ചേരി മൊത്തം ചെതല് തിന്ന്ണ്. അതൊന്ന് തട്ടിക്കൊടയണം. പണിക്കാരെ കാത്തുനിന്നാ കാര്യം നടക്കൂല.’’ കവറ് പൊട്ടിച്ച് ഗുളികകൾ കൈയ്യിൽ വച്ച് തരുമ്പോൾ അവൾ പറഞ്ഞു.

‘‘എനിക്ക് ഒറ്റയ്ക്കിരിക്കാൻ പേടിയാണ്.’’ ഞാൻ അവളെ ദയനീയമായി നോക്കി. സത്യമായിട്ടും എനിക്ക് പേടിയായിരുന്നു. കണ്ണടച്ചാൽ ആ പെൺകുട്ടിയുടെ മുഖമാണ്, അവളുടെ പാട്ടാണ്.

‘‘എന്നാ ഒരു കാര്യം ചെയ്യ്, ങ്ങളും പോരി ന്റെ കൂടെ..’’

തൊടിയുടെ തെക്കേ അറ്റത്താണ് നെടുമ്പൊരയെങ്കിൽ വലത്തേ അറ്റത്താണ് ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന വീട്. പുതിയ വീടെടുത്തപ്പോൾ പഴയ വീടിന്റെ ഇടച്ചുമരുകൾ മാറ്റി നെടുമ്പൊര ആക്കിയതാണ്. നടുക്ക് പുതിയൊരു കിണർ കുത്തിയതുകൊണ്ട് വീൽ ചെയറാണെങ്കിൽ അവിടെ വരെ പോവുകയുമില്ല. പിന്നെ ഒറ്റയ്ക്ക് നിൽക്കുന്നതിനേക്കാൾ നല്ലത് അവളുടെ കൂടെ അങ്ങോട്ട് പോകുന്നതാണല്ലോ എന്നോർത്താണ് ഞാൻ സമ്മതം മൂളിയത്.

വീൽ ചെയർ അവൾ നെടുമ്പൊരയുടെ അടുത്ത് വരെ ഉരുട്ടി. പിന്നെ എന്നെ എഴുന്നേൽപ്പിച്ച് തോളിലൂടെ കൈയ്യിട്ട് നടത്തിച്ചു. അത്യാവശ്യം ശരീരമുള്ള എന്നെ അങ്ങനെ നടത്തിക്കാൻ അവൾക്ക് കുറച്ച് പ്രയാസമുണ്ടായിരുന്നു. ഉള്ളിലെത്തിയപ്പോഴേക്കും അവളും ഞാനും കിതച്ചു. എന്നെ പഴയൊരു മരക്കസേരയിൽ ഇരുത്തി അവൾ സാരിത്തല കൊണ്ട് മുഖം അമർത്തി തുടച്ചു.

അതിനുള്ളിലും എനിക്ക് അത്ര ഏകാഗ്രമായി ഇരിക്കാൻ കഴിഞ്ഞില്ല. എങ്കിലും കുറേ നേരം അവളുടെ പണി നോക്കിയും ഐഡിയ പറഞ്ഞുകൊടുത്തും ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ‘അയ്യോ ചോറ് വേവധികം ആയിട്ടുണ്ടാവും’ എന്നും പറഞ്ഞ് അവൾ അവിടെ നിന്നും ധൃതിയിലിറങ്ങി.

എന്റെ മനസ്സിലപ്പോഴും ആ പെൺകുട്ടി പാടുന്ന ചിത്രമായിരുന്നു.

സമയം കടന്നുപോകുന്നതിനനുസരിച്ച് എനിക്ക് പേടിയാവാൻ തുടങ്ങി. പത്തുമണിക്കുള്ള ഉപ്പുമാവിന്റെ സമയമാവുമ്പോഴെങ്കിലും അവൾ വരുമെന്ന് വിചാരിച്ചു. അതുണ്ടായില്ല. കുറച്ച് കഴിഞ്ഞാൽ ചോറ് തിന്നാൻ വിളിക്കുമല്ലോ എന്നും കരുതി, അതും ഉണ്ടായില്ല.

അതോടെ എന്റെ നിയന്ത്രണം വിട്ടു. ഞാൻ ഇരുന്നിടത്തു നിന്നും സരളയെ ഉറക്കനെ ഒന്നുരണ്ടു പ്രാവശ്യം വിളിച്ചുനോക്കി. മറുപടിയുണ്ടായില്ല. മൊബെൽ തപ്പിയപ്പോഴാണ് അത് കൈയ്യിൽ വെച്ചില്ലല്ലോ എന്നോർത്തത്.

എഴുന്നേൽക്കാൻ ശ്രമിച്ചുനോക്കി. കഴിയുന്നില്ല. വാതിൽക്കൽ വരെ പോയി അവളെ വിളിച്ചാൽ ചിലപ്പോൾ കേൾക്കുമായിരിക്കും.

ഒന്നൂടി ശ്രമിച്ചു. ആ ശ്രമത്തിനിടയിൽ പെട്ടെന്ന് കസേരയിൽ നിന്നും താഴേക്ക് വീണു. തീരെ പ്രതീക്ഷിച്ചതായിരുന്നില്ല ആ വീഴ്ച. സർജറി ചെയ്ത കാല് പിരിഞ്ഞുപോയി. തലച്ചോർ പൊട്ടിപ്പിളരുന്ന വേദനയിൽ ഉറക്കെ നിലവിളിച്ചു. എന്റെ പരാക്രമം കണ്ടിട്ട് ചകിരിക്കുള്ളിൽ നിന്നും ഒരു കറുത്ത പൂച്ചയും കുഞ്ഞുമക്കളും പുറത്തേക്ക് ചിതറിയോടി. ഞാൻ പതിയെ കസേര പാടുപെട്ട് നിവർത്തിവച്ച് അതു പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല. വീണ്ടും വീണ്ടും ശ്രമിച്ചു. കഴിഞ്ഞതേയില്ല. ഒടുവിൽ തളർന്ന് നിലത്ത് അങ്ങനെത്തന്നെ കിടന്നു.

കുറേനേരം കണ്ണടച്ചു കിടന്നപ്പോൾ, വീഴ്ചയിൽ കാലിനുണ്ടായ വേദനയ്ക്ക് അൽപ്പം ആശ്വാസം തോന്നി. അതോടെ കണ്ണുകൾ തുറന്നു. പൊടുന്നനെ നെടുമ്പൊര മൊത്തം കറങ്ങാൻ തുടങ്ങി. കണ്ണുകൾ ഇറുകെയടച്ച് കൈ കുത്തി ഇരിക്കാൻ ശ്രമിച്ചപ്പോഴാണ് കൈയ്യിൽ വഴുവഴുപ്പ് അനുഭവപ്പെട്ടത്..

നോക്കിയപ്പോൾ തറയിൽ മുഴുവൻ തളംകെട്ടി കിടക്കുന്ന ചോര.

സർജറി കഴിഞ്ഞ കാലിൽ നിന്നാണെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ അങ്ങനെയല്ലായിരുന്നു. വലതുകാലിലെ ഞരമ്പുകളിൽ ഒന്ന് പൊട്ടിയിരിക്കുന്നു! രണ്ടുകൈകൾകൊണ്ടും കാല് പൊത്തിപ്പിടിച്ച് വാതിൽക്കലേക്ക് ഒരിക്കൽക്കൂടി ഞാൻ പ്രതീക്ഷയോടെ നോക്കി.

അവൾ എന്നെ കസേരയിലിരുത്തും നേരം ചകിരിയെന്നോ മരക്കസേരയെന്നോ മറ്റോ ഓർമിച്ചുവച്ചിട്ടുണ്ടാവില്ലേ?

‘‘സരളേ..’’ ഉള്ളിലുള്ള ശബ്ദം ആവുന്നത്ര വലുതാക്കി ഞാൻ ഒന്നൂടി വിളിച്ചുനോക്കി.

മറുപടി പോയിട്ട് ഒരനക്കം പോലും എവിടെനിന്നും കേൾക്കാനില്ല.

പൊടുന്നനെ നെടുമ്പൊരയുടെ നാല് ചുമരുകൾക്കുള്ളിൽ നിന്നും, പണ്ട് സരള മറന്നുവച്ച് കണ്ടെടുക്കാത്ത സാധനങ്ങൾ ഓരോന്നായി എനിക്ക് ചുറ്റും കൊഴിഞ്ഞു വീഴാൻ തുടങ്ങി…

(പണീംതൊരോം: ജോലി.
എങ്ങാനൊരുത്തിടീല്: ഏതെങ്കിലും ഒരു സ്​ഥലത്ത്. അപ്പാപ്പം: സമയാസമയം.
കല്യാണത്തല: കല്യാണദിവസത്തിന്റെ തലേന്ന്).


Summary: chulleem kolum malayalam short story by Ajijesh pachattu published on truecopy webzine Packet 260.


അജിജേഷ് പച്ചാട്ട്

കഥാകൃത്ത്, നോവലിസ്​റ്റ്​. അതിരഴിസൂത്രം, ഏഴാംപതിപ്പിന്റെ ആദ്യപ്രതി എന്നിവ നോവലുകൾ. കിസേബി, ദൈവക്കളി തുടങ്ങിയവ പ്രധാന കഥാസമാഹാരങ്ങൾ.

Comments