ചുണ്ടുകൾ കുടിക്കുന്നു

''നൈറ്റ് ഡ്യൂട്ടിക്കു പോകാനായി അതുല്യ കുളിച്ചിറങ്ങി യൂണിഫോം ധരിച്ചു തുടങ്ങി. ""ആദ്യായിട്ടാടോ ഒരാൾ കാക്കിയിടുന്നത് ഇങ്ങനെ കൺമുന്നിൽ കാണുന്നത്''- അവളുടെ ഷർട്ടിന്റെ ബട്ടൻസുകൾ ഞാനാണിട്ടത്. ""എന്നാൽ സിബ്ബും കൂടിയിട്''- അതുല്യ അനുവദിച്ചു''.

""പ്പോ ഏതു സ്‌റ്റേഷനിലാ?''
""ഓ.. അവക്കങ്ങനെ പ്രത്യേകിച്ചൊരു സ്‌റ്റേഷനൊന്നും ഇല്ലല്ലോ''
""അതല്ലാശാനേ, ശരിക്കും സ്‌റ്റേഷന്റെ കാര്യമാ ചോദിച്ചത്''
""ഓ.. അതോ.. പനങ്കാട്ടില്. മറ്റേത് രാജീവും''
""ഏത് നമ്മുടെ മുട്ടാളനോ?''

ഓരോ വരവിനും ഓരോരോ കഥകളാണ് പൊലീസുകാരിയെ കുറിച്ച്. കേൾക്കുന്നത് മറ്റാരും കാണില്ലല്ലോ. മടങ്ങിപ്പോകും വരെ അവിടന്നും ഇവിടന്നും കുറേ കേൾക്കും. ആ തരിപ്പോടെ അവളെ വഴിയിൽ വെച്ച് കാണും. വേറെയെന്തോക്കെയോ ചിന്തിച്ച് അവളങ്ങ് ഓടിച്ചുപോകും. ചിലപ്പോൾ അതുല്യ ചിരിച്ചാലായി.

പൊലീസുകാരിയും അവനും തമ്മിലുള്ള എടപാടു കേൾക്കാനുള്ള കഠിനമായ പൂതിയോടെ, തെങ്ങുകയറാനുണ്ടെന്നും പറഞ്ഞ് രാജീവനെ സൂത്രത്തിൽ വിളിച്ചു വരുത്തി

രാജീവൻ. ഒന്നിച്ച് അണ്ടി കളിച്ച് വളർന്നവരാണ്. അവൻ സ്‌കൂളിൽ രണ്ടു ക്ലാസ് താഴെയായിരുന്നു. മരമായ മരത്തിലൊക്കെ കയറി നല്ല തിടമാണ്. പൊലീസുകാരിയും അവനും തമ്മിലുള്ള എടപാടു കേൾക്കാനുള്ള കഠിനമായ പൂതിയോടെ, തെങ്ങുകയറാനുണ്ടെന്നും പറഞ്ഞ് രാജീവനെ സൂത്രത്തിൽ വിളിച്ചു വരുത്തി. കയറാനുള്ള മെഷീനും സൈക്കിളിനു പിന്നിൽ വെച്ച് പാന്റിട്ട രാജീവ് സൈക്കിൾ ചവിട്ടിവന്നു. ഞാനവനെ സൽക്കരിക്കാൻ പൊട്ടിക്കാത്ത കുപ്പി തന്നെയെടുത്ത് കാത്തുനിൽക്കുകയാണ്. വന്നതും അവൻ തെങ്ങിൻ ചോട്ടിലേയ്ക്കാണ് പോയത്. കുറേനാളായി കയറാത്തതിനാൽ വള്ളി പടർന്നിട്ടുണ്ട്. അതു വെട്ടി കയറിയപ്പോൾ അവനോട് വിളിച്ചു പറഞ്ഞു- ""മുട്ടാളാ നമ്മക്കുള്ള കരിക്കിട്ടോട്ടോ''
കയറിക്കൊണ്ടു തന്നെ അവൻ പറഞ്ഞു- ""കുടി നിർത്തി. ഇപ്പോ യോഗയാ''.
കുടി നിർത്തുകയോ- ""അതെന്താ?''.
കേറിക്കൊണ്ടുതന്നെ അവൻ എനിക്കു മാത്രമുള്ള ഒച്ച താഴേയ്ക്കിട്ടു- ""കേറുമ്പോ ഒരു കെതപ്പ്''
മുട്ടാളൻ എനിക്കുള്ള കരിക്കിട്ടിട്ടാണ് ഇറങ്ങിയത്. രണ്ടാമത്തെ തെങ്ങും കയറിയതോടെ മഴ വീണു. യന്ത്രത്തിലായതു കൊണ്ട് മഴയൊന്നും പ്രശ്‌നമില്ലെന്നവൻ പറഞ്ഞിട്ടും ഞാനൊട്ടു സമ്മതിച്ചില്ല. ഇന്നിനി കേറണ്ട, കൂലി തന്നേക്കാമെന്നു സമാധാനിപ്പിച്ചപ്പോൾ മുട്ടാളനത് അത്രയ്ക്കങ്ങ് ഇഷ്ടമായില്ല- ""അല്ലേത്തന്നെ ഇന്നു കേറണ്ടെന്നു കരുതിയതാ. നോട്ടത്ര കൂടുതലുണ്ടേൽ തന്നേക്ക്''
""നോട്ടു ചുരുട്ടിപ്പിടിച്ചാൽ നല്ല മിനുമിനുപ്പാ''ന്ന് പേപ്പറിന്റെ മിനുമിനുപ്പിനെ പറ്റി ഓർമ്മിപ്പിച്ചതും മുട്ടാളൻ പറഞ്ഞു- ''ആശാൻ ഇപ്പഴും പേപ്പറും ചുരുട്ടി നടപ്പാ''

""പാല് വരും''
""മുലപ്പാലാ?''
""അത് മൊലേന്നല്ലേ. ഇത് വേറെ''
മൂന്നര കിലോമീറ്റർ നടന്ന് ആറാം ക്ലാസിലേയ്ക്കു പോകുന്ന വഴിയാണ് ഉണ്ണിയത് പറഞ്ഞത്. മൂത്രമല്ലാത്തതൊന്ന് അവിടന്നെങ്ങനെ വരുമെന്ന പരീക്ഷണങ്ങളിൽ പിന്നീട് ഞങ്ങളൊന്നിച്ച് വ്യാപരിക്കുകയും പരസ്പരം സഹായിക്കുകയും വിജയിക്കുകയും ചെയ്ത കാലം. എലി കുത്തിയിട്ട കരിക്കിൽ ചെളി നിറയ്ക്കാം എന്നൊരു തന്ത്രം ആവിഷക്കരിക്കപ്പെട്ടതിനു ശേഷമാണ് മിനുസമുള്ള പേപ്പറിലെ വിദ്യ ഉണ്ണി അവതരിപ്പിച്ചത്. മിനുസമുള്ള പേപ്പറുകൾ കിട്ടാൻ നന്നേ പാടുള്ള കാലം. വനിതയുടെ കവറാണാശ്രയം. അതിൽ ചുരുട്ടിപ്പിടിച്ചാൽ ഒരിച്ചിരി ഇക്കിളി കൂടുതൽ കിട്ടും.

സുഖങ്ങളിൽ ഞങ്ങളുടെ ആശാനായതു കൊണ്ട്, ആശാനെ എന്നു തന്നെയാണിപ്പോഴും ഉണ്ണിയെ വിളിച്ചു പോരുന്നത്. അമ്മയുടെ വീട്ടിൽ നിന്നു പഠിക്കാൻ വന്ന സുമേഷായിരുന്നു മറ്റൊരു കേമൻ. കടുക്, പഴത്തൊലി എന്നീ നൂതന വിദ്യകളിലൂടെ പഴം സുമേഷെന്ന് പേരായി പിന്നീടവന്. പഴമിപ്പോൾ പൊലീസിലാണ്.

അതിനാശാൻ ഇപ്പോ പേപ്പറു ചുരുട്ടണ്ട കാര്യമില്ലല്ലോ. കല്യാണമൊക്കെ കഴിഞ്ഞു. വേറെയും ചില പോക്കുവരവുകളുമുണ്ട്. അവന്റെ മൂത്തമകൻ ഇപ്പോൾ ഏഴിലോ മറ്റോ എത്തുകയും ചെയ്തു. :അവനിന്നാള് എന്നെ വരെ ട്രൈ ചെയ്തു''- മുട്ടാളൻ മഴയിലേയ്ക്കു തുപ്പി. ഷർട്ടഴിച്ചു മഴ തുടച്ചു. ദൃഢമായ അവന്റെ ശരീരം കണ്ടപ്പോൾ പുറത്തിന്നാണോ അകത്തിന്നാണോ എന്നറിയാത്തൊരു കാറ്റങ്ങു വീശി. മുട്ടാളൻ മഴയിലേയ്ക്കു പിന്നെയും കാറിത്തുപ്പുകയാണ്. ""അതിനിപ്പോ എന്താ. ഓരോരുത്തർക്ക് ഓരോ സുഖങ്ങളല്ലേ''- എനിക്കാ തുപ്പത്ര പിടിച്ചില്ല. ""കുഞ്ഞുന്നാളില് കളിച്ചതും ഓർത്തുവെച്ച് ഇപ്രായത്തില് വന്നാ... എനിക്കൊരൊറ്റ തൊഴി കൊടുക്കാനാ തോന്നിയത്'' മുട്ടാളൻ പെട്ടന്നു പ്രകോപിതനായി.
""ആശാനിന്ന് പോയിക്കാണുമോ''- എനിക്കിപ്പോൾ ഇക്കൂടെ ഉണ്ണിയാശാനും ഉണ്ടായിരുന്നെങ്കിലെന്നു തോന്നി.

ഇറയത്തുനിന്നും ഞങ്ങൾ അകത്തേയ്ക്കു കയറി. ഇടയ്ക്കു ഞാൻ വരുമ്പോൾ മാത്രമാണ് വീടു തുറക്കുന്നത്. എല്ലാവരും രാമായണം കാണാൻ ഇവിടേയ്ക്കാണ് വന്നിരുന്നത്. പറമ്പിലെ രണ്ടു കുളങ്ങളിലും പിന്നിലെ തോട്ടിലും ചൂണ്ടയിട്ടും മാങ്ങാ പറിച്ചുമെല്ലാം ഞങ്ങളെല്ലാവരും ഇവിടെത്തന്നെയായിരുന്നു. എത്ര വട്ടമുണ്ടെന്ന് തിട്ടമില്ലാത്ത കിണറിലേക്കാണ് ഇന്നാട്ടിലെ കുഞ്ഞുങ്ങൾ എത്തിനോക്കി എണ്ണാൻ പഠിച്ചത്. കൈതോലകൾ തലങ്ങും വിലങ്ങും നിറഞ്ഞ തോടുകൾ. വേനലായാൽ വെള്ളം വറ്റി പഞ്ചാര മണൽ തെളിയും. തോടുകൾക്കു മുകളിൽ കൈതകൾ മറ വിരിച്ചു നിൽക്കും. തോട്ടിലേയ്ക്കിറങ്ങി, അപ്പോഴേയ്ക്കും ഗുഹയായി മാറിയ ആ കൈതക്കാടുകളിലാണ് പിന്നെ കളി മുഴുവനും. കുട്ടികൾ കഥപ്പുസ്തകം വായിക്കുകയാണെന്ന് എല്ലാവരും കരുതിക്കോളും. ഇടയ്ക്കവിടെ ഞങ്ങളെ നാണം കെടുത്താൻ കടുകു മുളയ്ക്കുമായിരുന്നു. അപ്പോ തന്നെ പറിച്ചും കളഞ്ഞ് ഞങ്ങൾ കൂട്ടനാണക്കേടിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു.

ഷർട്ടൂരി കസേരയിലേയ്ക്കിട്ട് ഞാൻ കുപ്പിയെടുത്തപ്പോൾ മുട്ടാളൻ മഴയത്തേയ്ക്കിറങ്ങി കരിക്കു വെട്ടി. ഒരു ആപ്പിൾ മുറിക്കുന്ന കൈമിടുക്കോടെ അവനാ കരിക്കു ചെത്തുന്നതും നനയുന്നതും കണ്ടപ്പോൾ ഞാനും മഴയത്തേക്കിറങ്ങി. ""എനിക്കിതു പണിയാ... നിനക്ക് വല്ല പനിയും പിടിക്കും'' അവന്റെ താക്കീതിന്റെ മൃദുത്വം എന്നെ കൂടുതൽ നനയിച്ചു. അവനൊരു കരിക്ക് വെട്ടി എനിക്കു നീട്ടി. കരിക്കു കുടിക്കാൻ മുഖമുയർത്തിയപ്പോൾ മഴ മുഖത്തേയ്ക്ക് കുത്തി വീണു. കരിക്കിന്റെ മധുരത്തിനൊപ്പം മഴയുടെ ചവർപ്പും. ""മഴയ്ക്കാ കൂടുതൽ ടേസ്റ്റ്''- ഞാനവനോട് ആർദ്രനായി. അവൻ നനഞ്ഞ് അകത്തേയ്ക്ക് കയറി, ഒരു ഗ്ലാസിൽ മദ്യം പകർന്ന് മഴയത്തേയ്ക്കു തന്നെ തിരിച്ചിറങ്ങി. എന്നിട്ടു നീട്ടി. മഴ ഗ്ലാസിനുള്ളിൽ വീണു. മുട്ടാളൻ കൈക്കുമ്പിളിൽ മഴ നിറച്ച് ഗ്ലാസിൽ ഒഴിച്ചു. മുറ്റത്തെ ചെമ്പരത്തിയിൽ നിന്നും ഒരു മൊട്ടടർത്തി. ഇതളുകൾ അകറ്റി പൂമ്പൊടി പല്ലുകൾ കൊണ്ടുതിർത്തി അവനോട് പറഞ്ഞു- ""ടച്ചിങ്‌സിന് ബെസ്റ്റാ''
""കല്ലുപെൻസിലാ അതിലും ബെസ്റ്റ്''- അവനും സ്‌കൂൾക്കാലം പറഞ്ഞു. ""ഡാ കൃഷ്ണാമ്പലത്തിന്റെ അവിടുണ്ടായിരുന്ന മൂക്കട്ടപ്പഴം ഇപ്പോഴുമുണ്ടോ''- കുട്ടിക്കാലത്തെ ഓരോരോ കമ്പങ്ങൾ.
""എവിടേങ്കിലും തേച്ചു വെച്ചാ, ആരേലും കണ്ടാലോന്ന് പേടിച്ച് ഞാനതങ്ങോട്ട് ഒരൊറ്റക്കുടിയായിരുന്നു, കണ്ണുംമ്പൂട്ടി''- ഞാനാ പരമരഹസ്യം ആദ്യമായി പറഞ്ഞു.

പൊലീസുകാരിയും അവനും തമ്മിലുള്ള എടപാടു കേൾക്കാനുള്ള കഠിനമായ പൂതിയോടെ, തെങ്ങുകയറാനുണ്ടെന്നും പറഞ്ഞ് രാജീവനെ സൂത്രത്തിൽ വിളിച്ചു വരുത്തി

""എന്ത് മൂക്കട്ടയാ?''- മുട്ടാളൻ അറിയാത്ത പോലെ ചോദിച്ചു.
""ശരിയാല്ലേ... മൂക്കട്ടേട പോലൊരു ടേസ്റ്റാ''- ഞാനാ രുചിയോർത്തു.

ഉണ്ണിയാശാൻ വന്നപ്പോൾ ഞങ്ങൾ രണ്ടും തോർത്തുടുത്തു നിൽക്കുകയാണ്. മുട്ടാളൻ വെച്ച മീങ്കറിയുടെ മണവും മഴയുടെ പെരുപ്പും. സമയം കളയാതെ വേഗം രണ്ടെണ്ണമടിച്ച് ഒപ്പത്തിലേക്കുയർന്ന് ആശാൻ ചോദിച്ചു- ""നീ ഇത്തവണയെങ്കിലും അവളോട് ചോദിക്കുമോ?'' മുട്ടാളൻ കേൾക്കും മിണ്ടല്ലേടായെന്ന് ഞാൻ കണ്ണടച്ചു. ആശാനത് വകവെച്ചില്ല- ""അവനല്ലേ സെറ്റിങ്‌സു മുഴുവൻ. നീയിവനോട് ചോദിക്ക്'' മുട്ടാളനത് കേട്ടമട്ട് നടിച്ചില്ല. അതുല്യയോടുള്ള എന്റെ കമ്പം ആശാനറിയാം. ""ഫോൺ നമ്പര് ഞാന്തരാം. നീ നേരിട്ടങ്ങ് ചോദിക്ക്'' ആശാനാ വിഷയം വെറുതെ പിടിച്ചു പഴുപ്പിക്കുകയാണ്. മുട്ടാളനോട് ഇത്തിരി മയത്തിൽ കാര്യങ്ങൾ ചോദിച്ചറിയാമെന്നേ ഞാൻ കരുതിയുള്ളു. രണ്ടെണ്ണം വിട്ടാൽ അവൻ കഥയൊക്കെ പറഞ്ഞു തരുമെന്നും. മുട്ടാളൻ അപ്രതീക്ഷിതമായി ചോദിച്ചു- ""ആര് പൊലീസാ... ഞാഞ്ചോദിക്കാം''. വേഗം ഫോണെടുത്ത് അവനങ്ങ് വിളിച്ചു- ""അതുല്യേ നിനക്കടിക്കണാ?'' എന്റടുത്താണെന്നും രണ്ടാളേയുള്ളു എന്നുമെല്ലാം അവൻ പറയുന്നതു വിറയലോടെയാണ് കേട്ടത്. ആശാൻ ഇടയ്ക്കു കയറി- ""യൂണിഫോമില് വരാമ്പറ മുട്ടാളാ.. അതാണിവന്റെ പൂതി''. എന്നോ പൂസായപ്പോ പറഞ്ഞതാണ്. ആശാനതുമെടുത്ത് പുറത്തോട്ടിട്ടതോടെ, നെഞ്ചിലൊരു പുകച്ചിൽ. മുട്ടാളനൊരു ഉളുപ്പുമില്ലാതെ ചോദിച്ചു- ""യൂണിഫോമില് വരാമോന്ന്...'' അതുല്യ ഫോണിൽ പറയുന്നതു കേട്ട് അവൻ ഇപ്പുറത്ത് ഉറക്കെ ചിരിച്ചു. ഫോൺ വെച്ചിട്ടും ചിരിച്ചു കൊണ്ടേയിരുന്നു. ഇത്ര ചിരിക്കാൻ അവളെന്തായിരിക്കും പറഞ്ഞിരിക്കുക. മുട്ടാളനത് പറയാൻ ഇത്തിരി നേരം കാത്തെങ്കിലും പറഞ്ഞില്ല. കണ്ടോ അവരു തമ്മിലുള്ള ഇരിപ്പ് എന്നവിധം, ആശാനെന്റെ കണ്ണിൽ നോക്കി. ഞാനാവട്ടെ എന്നെ ചുമ്മാ മണത്തി നോക്കി. എന്നെത്തന്നെ എനിക്ക് നാറി.

വീട്ടിലേയ്ക്ക് വന്നയുടൻ ബെഡ്ഡിലേയ്ക്കിട്ട എയർബാഗ് ഇപ്പോഴും തുറന്നു മലച്ചു കിടപ്പുണ്ട്. കോണ്ടമുണ്ടോ എന്നാദ്യം തപ്പി. രണ്ടെണ്ണം വേഗം കിട്ടി. ബാക്കിക്കായി എല്ലാമെടുത്ത് പുറത്തിട്ടു. പെർഫ്യൂമെടുത്ത് മുറിയാകെ പൂശിയ ശേഷമാണ് കുളിക്കാൻ കയറിയത്. ഷവറു തുറന്നപ്പോൾ മഴയിരമ്പത്തിനൊപ്പം അതുല്യയുടെ ശബ്ദം. താഴേയ്ക്ക് കാതോർത്തു. ഇല്ല, അതു മഴതന്നെയാണ്. ആ മഴയൊച്ചയിലേയ്ക്ക് കണ്ണടച്ചു. എന്നിട്ടു പതിയെ വായ തുറന്ന് വായുവിനെ നുണഞ്ഞു. ഒരൊറ്റ കുളിരായിരുന്നു, ഒപ്പം ഉടലും മിന്നി.

""അവളൊരാണാ''- അതുല്യയെ കുറിച്ച് നാട്ടിലെ സകലോരും അതുതന്നെ പറഞ്ഞു. പാകമായ യൂണിഫോമിൽ സ്‌കൂളിലൊന്നും അതുല്യയെ കണ്ടൊരോർമ്മയില്ല. വേഗം വളരുന്നതു കൊണ്ടാകണം ഒരുകുപ്പായത്തിന്റെയും പാകത്തിനവൾ നിന്നു കൊടുത്തില്ല. അതുല്യ നെഞ്ചുവിരിച്ചു കയ്യും വീശി നടന്നു. പെണ്ണുങ്ങളുമായി പൊതുവെ കമ്പനി കൂടാറേയില്ല. ഏറ്റവും തലതെറിച്ചവന്മാരുടെ തോളത്ത് കയ്യുമിട്ട് നടക്കും. മാർക്കിനൊരു പഞ്ഞവുമില്ലാത്തതിനാൽ വഴക്കിടാനൊന്നും ഒരു ടീച്ചറും ധൈര്യപ്പെടില്ല. മനോരമയും മംഗളവും ക്ലാസിലിരുന്ന് വായിക്കും. നോവലിറങ്ങുമ്പോൾ തന്നെ വായിച്ചു തീർത്തില്ലേൽ അവൾക്കൊരാധിയാണ്. മൊബൈലും തോണ്ടി പിള്ളേരിപ്പോൾ റോഡിലൂടെ നടക്കുന്ന കാണുമ്പോൾ അതുല്യയെ ഓർക്കും. ആഴ്ചപ്പതിപ്പും മടക്കിപ്പിടിച്ച് അതുല്യ സ്‌കൂളിലേയ്ക്ക് നടക്കുന്നത് ആര് മറക്കാൻ. വായിച്ചു കൊണ്ട് സൈക്കിളും ചവിട്ടും. "അവക്ക് കഴപ്പാ'- നാട്ടുകാർ അവളെ ഉപസംഹരിച്ചു.

""വണ്ടികള് വരുന്നുണ്ട്''- അവൾ കോളജിലേയ്ക്കു പോയപ്പോൾ അതായി സംസാരം. ടൗണിന്നൊള്ള ആമ്പിള്ളേരാണ്. ബൈക്ക് പറമ്പില് വെച്ച് തടിപ്പാലം കടന്നു വേണം അന്ന് അതുല്യയുടെ വീട്ടിലെത്താൻ. ഒരു രാത്രി വന്ന ബൈക്കിന്റെ കാറ്റങ്ങ് കുത്തിവിട്ടു. ആ വന്നവന്മാരെ ആ രാത്രി വീട്ടിൽ താമസിപ്പിച്ച ശേഷം പിറ്റേന്ന് അവരുടെ കൂടെ ബൈക്കും തള്ളി വർക്ക്‌ഷോപ്പിലേയ്ക്ക് അതുല്യ പോയൊരു പോക്കുണ്ട്. ""പൂച്ചേം കോഴീം നടക്കണ വഴീക്കൂടി എന്റെ വീട്ടില് പലരും വരും. അതുകണ്ട് ചൊറിയണവര്, നന്നായിട്ടങ്ങ് പിടിച്ച് കുലുക്കിയാ മതി''- ബൈക്കും തള്ളിപ്പോകുന്ന വഴി എതിരെ വന്ന മെമ്പറെ അതുല്യ തടഞ്ഞു നിർത്തി. ""അതിന് കുഞ്ഞേ ഞാനതിന്'' മെമ്പർക്ക് പറയാൻ തുടക്കോം കിട്ടിയില്ല, ഒടുക്കോം കിട്ടിയില്ല. ""അങ്കിളല്ലേ റെപ്രസന്റേറ്റീവ്''- അതുല്യ പറഞ്ഞതാവട്ടെ മെമ്പർക്ക് മനസിലായതുമില്ല.

വിൽസിന്റെ പാക്കറ്റിനുള്ളിൽ ബീഡിയിട്ടു വലിക്കുന്നതിനാൽ, വിൽസെന്നു പേരുവീണവൻ ഒരു ദിവസം ഒരു പെരുപ്പിന് നേരെ അതുല്യയുടെ വീട്ടിലേയ്ക്ക് കയറി ചെന്നു. അതുല്യ നൈറ്റിയും കേറ്റിക്കുത്തി പറമ്പു കിളക്കുകയായിരുന്നു. ""ഞാങ്കെളക്കെട്ടെ''- വിൽസ് വല്ലാത്തൊരു നിൽപ്പോടെ ചോദിച്ചു. അതുല്യ തൂമ്പയെടുത്ത് വിൽസിന്റെ കയ്യിലേയ്ക്കു കൊടുത്തു. അന്നു വൈകിട്ടു വരെ നിന്നു പറമ്പു കിളച്ചു കഴിഞ്ഞപ്പോൾ, അതുല്യ 50 രൂപ എടുത്തു കയ്യേ വെച്ചു കൊടുത്തിട്ടു പറഞ്ഞു- ""നാളേം വരണം''

ഒരു കമ്പിപ്പടത്തിന്റെ ഷൂട്ടിങ് പൊക്കിയ സംഭവം ഓർക്കുന്നുണ്ടോ. വെളിപ്പുറത്ത് പള്ളീടെ ബാക്കില്. അതില് രണ്ടു പെമ്പിള്ളേരുണ്ടായിരുന്നു. അഭിനയിക്കാൻ വന്നതാ. അവളുമാരെയും കൊണ്ട് സി.ഐ ഒരൊറ്റ മുങ്ങങ്ങ് മുങ്ങി. അറസ്റ്റ് ചെയ്ത സംഭവം അറിഞ്ഞ് പെമ്പിള്ളേരുടെ വീട്ടിന്നാളുകൾ തിരക്കി വന്നു. കേസെടുത്ത് വാർത്ത കൊടുക്കണോ അതോ കുറച്ചു ദിവസം ചോദ്യം ചെയ്തിട്ടു വിട്ടാ മതിയോന്ന് സി.ഐ പച്ചയ്ക്കങ്ങ് ചോദിച്ചു. വീട്ടുകാര് കരഞ്ഞു കാലുപിടിച്ചിട്ടും അയാളയഞ്ഞില്ല. ""ആ സിഐക്ക് അതുല്യ കൊടുത്ത പണിയറിയാമോ'' പൊലീസിനുള്ളിലെ രഹസ്യമാണ്, പഴം സുമേഷ് പറഞ്ഞു തന്നത്. പ്രസ്തുത സി.ഐക്ക് അതുല്യയോട് വലിയ പൂതി. പിന്നെയത് മൂത്ത് പ്രേമമായി. അതുല്യ തിരിച്ചു കേറിയങ്ങു പ്രേമിച്ചു. പ്രേമം തലയ്ക്ക് കൊണ്ടപ്പോൾ അയാള് ഭാര്യയെ ക്വാർട്ടേഴ്‌സിന്നു തല്ലിപ്പുറത്താക്കി. അവര് നേരെ പോയി ഡിവൈ.എസ്.പിയെ കണ്ടു പരാതിയോട് പരാതി. പുള്ളിക്കാരൻ സി.ഐയേും അതുല്യയേയും വിളിപ്പിച്ചു. എന്നെ പ്രേമിച്ചാ ഞാനും പ്രേമിക്കും സാറേ; ഭാര്യയുണ്ടോ മക്കളുണ്ടോന്നൊന്നും ഞാന്നോക്കത്തില്ലെന്ന് അതുല്യയങ്ങ് വെട്ടിത്തുറന്നു പറഞ്ഞു. ഡിവൈ.എസ്.പി അതുല്യയെ വേറെ സ്റ്റേഷനിലേയ്ക്ക് തട്ടി. അതോടെ സി.ഐയുടെ ഡ്യൂട്ടിയാകെ തെറ്റി. കണ്ണു തെറ്റിയാ പുള്ളി ജീപ്പുമെടുത്ത് മറ്റേ സ്റ്റേഷനിലേയ്ക്ക് ചെല്ലും. അതുല്യ ഡ്യൂട്ടിക്കു പോണിടത്തെല്ലാം പുള്ളീം ഉണ്ടാകും. കാര്യമാകെ കുഴഞ്ഞില്ലേ. അതുല്യയുടെ സ്റ്റേഷനിലെ സി.ഐയുമായി കാമുകൻ സി.ഐ ഓരോന്നു പറഞ്ഞു കശപിശയായി. രണ്ടും കൂടി സ്‌റ്റേഷനുള്ളിൽ അടിപിടിയായി. സംഭവം വാർത്തയൊക്കെയായി ആകെ നാറി. എസ്.പി നേരിട്ടു വിളിപ്പിച്ചു. അതുല്യ എസ്.പിയോടും പറഞ്ഞു- ""എനിക്ക് പ്രേമമാ സാറേ'' ആരുപറഞ്ഞിട്ടും കേൾക്കാതായപ്പോ സി.ഐയെ പിടിച്ചങ്ങ് എസ്.പി സസ്‌പെൻഡ് ചെയ്തു. അയാക്കത് സൗകര്യമായി. അതുല്യയെ വീട്ടിൽ നിന്നും സ്റ്റേഷനിലേയ്ക്ക് എത്തിക്കുക. തിരിച്ചു കൊണ്ടുകൊണ്ടുവരിക എന്നതായി പിന്നയാളുടെ ഡ്യൂട്ടി. ഒരു ദിവസം അയാൾടെ ഭാര്യേം മക്കളും കൂടി നേരെ അതുല്യയുടെ വീട്ടിലേയ്ക്കു വന്നു. കരച്ചിലും നെലവിളിയുമായി. അതുകഴിഞ്ഞ് ഏതാണ്ട് ഒരുമാസം കഴിഞ്ഞപ്പഴാ അതുല്യ ആദ്യത്തെ കല്യാണം കഴിച്ചത്. പിന്നെയാ സി.ഐയെ പറ്റി ഒന്നും കേട്ടിട്ടില്ല. അയാടെ കുറേക്കാശ് പോയെന്നാ കേട്ടത്- പഴം തെളിവില്ലാത്ത ആരോപണം ഉന്നയിച്ചു. ""അവളു വെച്ച വീട് കണ്ടാ... മാസ ശമ്പളം പറ്റണ ഒരാളുടെ വീടാണാ അത്''- പഴം ഇനിയും വീട് വെച്ചിട്ടില്ല.

ഒരു കമ്പിപ്പടത്തിന്റെ ഷൂട്ടിങ് പൊക്കിയ സംഭവം ഓർക്കുന്നുണ്ടോ. വെളിപ്പുറത്ത് പള്ളീടെ ബാക്കില്. അതില് രണ്ടു പെമ്പിള്ളേരുണ്ടായിരുന്നു. അഭിനയിക്കാൻ വന്നതാ.

കുറേ നാൾ അതുല്യയെ കാണാതായി. എന്തോ ട്രെയിനിങ്ങിന് പോയെന്നാണ് അറിഞ്ഞത്. കൂടുതലറിയാൻ വേലിക്കൽ ചെന്ന് ആരെങ്കിലും അമ്മയോട് ചോദിച്ചാൽ പറയും, ""കോച്ചിങ്ങിന് പേയേക്കുവാ, അയ്യേയെസ്സിന്റെ''. മുൻപേ തന്നെ ഇവരുടെ സ്വഭാവം ഇതാണ്. പൊലീസിൽ കിട്ടി, ട്രെയിനിങ്ങിന് പോയപ്പോഴും അയ്യേയെസ്സിന് പേയേക്കുവാന്നേ പറയു. ഇത്തിരി ദിവസം കാണാതായാൽ, അപ്പോൾ പറയും അയ്യേയെസ്സിന് പോയേക്കുവാ. അതുല്യ സിവിൽ സർവ്വീസ് കോച്ചിങ്ങിന് പോയതാണ്. അവൾക്കതിനുള്ള ബുദ്ധിയൊക്കെയുണ്ട്. ആരാകണം എന്നു ചോദിക്കുമ്പോൾ ഡോക്ടറാകണം, എഞ്ചിനീയറാകണം എന്നല്ല, ഐഎഎസ് എന്നു തന്നെയാണ് അതുല്യ പറഞ്ഞിരുന്നത്. അതെന്താണെന്ന് നാലിലൊക്കെ പഠിക്കുന്ന കൂട്ടുകാർക്കറിയാതെ വായ പൊളിക്കും. ഓ വെരി ഗുഡ് എന്നു ടീച്ചർ പറയുമ്പോൾ, അതെന്തോ വലിയ ജോലിയാണെന്ന് കരുതി അഞ്ചിലേയ്ക്ക് പല സ്‌കൂളുകളിൽ പോയവർ അയ്യേയെസ് എന്നും അംബീഷൻ പറഞ്ഞിട്ടുണ്ട്.

""നിനക്ക് ആരാകണം എന്നായിരുന്നു''- ഉണ്ണിയാശാന് ചോദ്യം പിടികിട്ടിയില്ല. സ്‌കൂളിലൊക്കെ ചോദിക്കുമ്പോൾ പറയാറില്ലേയെന്ന് ആവർത്തിച്ചപ്പോൾ ഉണ്ണി പറഞ്ഞു- ""ലൈറ്റ് ആൻഡ് സൗണ്ട് തന്നെ''. ""ഇപ്പോ പ്ലംബിങ്ങാ കൂടുതൽ'' മുട്ടാളൻ അതുപറഞ്ഞ് ഉറക്കെ ചിരിച്ചു. കണികാണിക്കാൻ പോകുമ്പോൾ കിരീടത്തിൽ ബാറ്ററി വെച്ച് ബൾബു തെളിയിച്ച് ആശാൻ ഞങ്ങളെ അൽഭുതപ്പെടുത്തിയിട്ടുണ്ട്. പത്തു കഴിഞ്ഞപ്പോൾ മൈക്കു സെറ്റിന്റെ പിന്നാലെ പോയി.

അതുല്യ കയറി വന്നപ്പോൾ പൊതുവെ കാക്കി കാണുമ്പോഴുള്ള പിടച്ചിലോടെ കസേരയിൽ നിന്നും എഴുന്നേറ്റു. തൊപ്പിയൂരി കസേരയിലേയ്ക്ക് എറിഞ്ഞ്, കുപ്പിയെടുത്ത് പേര് നോക്കിയ ശേഷം അതുല്യ ഇരുന്നു. ആശാൻ കൂസാത്ത മട്ടിൽ ഇരുന്നിരിപ്പിൽ മുട്ടുകാലാട്ടി. ""മുഖം നുണപറഞ്ഞാലും മുട്ടുകാല് സത്യമേ പറയു''- അതുല്യയതു പറഞ്ഞു നിർത്തിയതും ആട്ടം നിർത്തി ആശാൻ നേരെയിരുന്നു. ഞാനും മുട്ടുകാലാട്ടം പിടിച്ചു നിർത്തി. മുട്ടാളൻ നാലു ഗ്ലാസിൽ മദ്യം നിറച്ചു. അതുല്യയ്ക്ക് സോഡയും വെള്ളവും പ്രത്യേക അളവിലാണ് ഒഴിച്ചത്. അവനത് കൃത്യം അറിയാം. മദ്യം കയ്യിൽ വന്നതും കുറച്ചു മുന്തിരി കൂടി കയ്യിലെടുത്ത് അതുല്യ പറഞ്ഞു- ""എനിക്ക് രണ്ടു കാര്യങ്ങളേ പറയാനുള്ളു. പാട്ട് പാടിക്കോ... പ്രേമപ്പാട്ട് പാടരുത്. രണ്ടാമത്തേത് എന്റെ അവിടേട്ടും ഇവിടേട്ടും നോക്കരുത്. രണ്ടായാലും എനിക്ക് ടെമ്പറ് തെറ്റും''

പിറ്റേന്ന് രാവിലെ എലിയോടുന്ന ഒച്ച കേട്ട് പെട്ടന്ന് കണ്ണു തുറന്നു. ഓരോന്നായി ഓർത്തു. എവിടെയാണുള്ളതെന്ന്... എന്താണ് സംഭവിച്ചതെന്ന്. തൊട്ടടുത്ത് ശാന്തമായ ഒരുറക്കത്തിന്റെ കാറ്റനക്കം. ആരാണതെന്ന് ഓർത്തു നോക്കി. ഉത്തരം കിട്ടുന്നില്ല. ഉമയാകുമെന്ന് കരുതി ചെരിഞ്ഞു നോക്കി. അതുല്യയായിരുന്നു. ഇവളെതെങ്ങിനെ ഇവിടെയെത്തി എന്നാലോചിച്ചു തുടങ്ങിയപ്പോഴാണ്, തണുത്ത കാറ്റിൽ കുളിർന്നതും തരിത്തുണിയുടെ മറപോലും ശരീരത്തിൽ ഇല്ലെന്നത് തിരിച്ചറിഞ്ഞതും. മൂത്രമൊഴിക്കാൻ തിരക്കു കൂട്ടുന്ന അടിവയറ് ശ്രദ്ധിച്ചപ്പോഴാണ്, അവിടെ എന്തോ ഒട്ടിപ്പിടിച്ചിട്ടുണ്ടെന്നു തോന്നിയത്. വല്ലാത്ത വഴുവഴുപ്പ്. എഴുന്നേറ്റ് അതെന്താണെന്നു നോക്കിയപ്പോൾ കോണ്ടമിട്ടിരിക്കുകയാണ്. തുമ്പിൽ പിടിച്ചു നോക്കി. നിറഞ്ഞിട്ടുണ്ട്. തലയ്ക്ക് വല്ലാത്ത ഭാരം. അതുല്യ ശാന്തമായി ഉറങ്ങുകയാണ്. അവൾ യൂണിഫോമിലല്ല. എന്റെ ഷർട്ടാണ്. ജാലകവിരിയുടെ അനക്കത്തിലേയ്ക്ക് നോക്കിയിരിക്കെ ഓർമ്മയുടെ ചില മിന്നായങ്ങൾ. റൂമിൽ കണ്ണോടിച്ചപ്പോൾ അതുല്യയുടെ യൂണിഫോം ചുളിവില്ലാതെ മടക്കി വെച്ചിട്ടുണ്ട്. ആശാനും രാജീവനും ഉണ്ടായിരുന്നല്ലോ, അവരെവിടെ...!

പടികളിറങ്ങി. തുടച്ചു വൃത്തിയാക്കിയ ഡൈനിങ് ടേബിൾ. വാതിൽ ചാരിയിട്ടേയുള്ളു. പ്രത്യേകമായി ഒന്നും സംഭവിച്ചിട്ടില്ല. പടികളിലിരുന്ന് മഴമുറ്റത്തേയ്ക്ക് കാലിട്ട് തലേന്നത്തെ കാര്യങ്ങൾ ഓർക്കാനുള്ള ശ്രമങ്ങൾ വിഫലമായി. പക്ഷെ, എന്തൊന്നില്ലാതെ ഒരാഹ്ലാദത്തിന്റെ മരം പെയ്തു. പുറത്ത് രാജീവന്റെ സൈക്കിളിരിപ്പുണ്ട്. അതുല്യ വന്ന കാറുമുണ്ട്. അടുക്കളപ്പുറത്ത് എന്തോ ശബ്ദം. എഴുന്നേറ്റു ചെന്നപ്പോൾ ആശാനും മുട്ടാളനും ഒരു മുയലിന്റെ തൊലിയുരിയുകയാണ്. എന്നെക്കണ്ട്, ചിരിച്ച് അവരുടെ പണി തുടർന്നു. അവരുടെ ചിരിയിൽ അത്രനേരമായി വട്ടം ചുറ്റിയ കുറ്റബോധമലിഞ്ഞു. ""നീ രണ്ട് തേങ്ങാ പൊതിക്ക്''- എന്നോട് പറഞ്ഞ് അവന്മാർ മുയലിന്റെ ഓരോ കാലുകളിലായി പിടിച്ചുയർത്തി. മുയൽത്തല ചട്ടിയിലെ വെള്ളത്തിൽ മുങ്ങി. ചത്തമുയലെന്നു ഞാൻ മറന്നു- ""അതിന് ശ്വാസം മുട്ടും''. അവരിരുവരും ഉറക്കെ ചിരിച്ചു.

തിരികെ അതുല്യയുടെ അടുത്തു പോയി കിടന്നു. സ്വപ്‌നം കാണുകയാണോ എന്ന് മുഖത്തേയ്ക്ക് നോക്കി. കാണുന്ന സ്വപ്‌നം മുഖത്തുണ്ടാകും. അതുല്യ സ്വപ്‌നം കാണുകയല്ല. ഉറക്കത്തിനോ, ഉണർച്ചയ്‌ക്കോ ധൃതിയില്ലാത്ത മയക്കം. തിരിഞ്ഞു കിടന്ന് അവളുടെ കാൽവിരലുകളിൽ നോക്കി. ചായം തേച്ചിട്ടില്ല. അവളുടെ വിരലുകൾക്കു താഴെയായി ഉള്ളങ്കാലിൽ എന്തോ പറ്റിപ്പിടിച്ചിട്ടുണ്ട്. നാവ് നീട്ടി രുചിച്ചു. പുളിയുള്ളതെന്തോ. അവളുടെ മയക്കത്തിന്റെ അലയിളക്കാതെ ആ മുന്തിരി നുണഞ്ഞതും...

കണ്ടത് അമിത സാവധാനത്തിൽ പരക്കം പായുന്നൊരു നഗരമാണ്. ഞാനും തിരക്കിടുകയാണ്. പെട്ടെന്ന് എന്തിലോ ചവിട്ടി. ഷൂ ഉയർത്തി നോക്കിയപ്പോൾ ഒരു വിത്താണ്. അതെടുക്കാൻ കുനിഞ്ഞപ്പോൾ മുന്നിൽ വേറെയും കുറേ വിത്തുകൾ. പലാകൃതിയുള്ളവ. ചുറ്റും വേറെയാരൊക്കയോ വിത്തുകൾ പെറുക്കി കൂട്ടുന്നുണ്ട്. അതിനെക്കാൾ രസകരമായ ഒരു കാര്യം, ഞാനെന്നെ തന്നെ റോഡരികിൽ കണ്ടുവെന്നതാണ്. മറ്റൊന്നും ശ്രദ്ധിക്കാതെ തേങ്ങാ പൊതിച്ചു കൊണ്ടിരിക്കുകയാണ് ഞാൻ. എന്നെ നോക്കി ഞാൻ ചിരിച്ചു. ഞാൻ തിരിച്ചും ചിരിച്ചു. കുറേ ആളുകൾക്കൊപ്പം, അവരുടെയൊന്നും മുഖം വ്യക്തമല്ല, ചെയ്യുന്നതു മാത്രമേ കാണാനാവുന്നുള്ളു. അവരെല്ലാം കുഴികൾ എടുക്കുകയും വിത്തുകൾ പാകുകയും ചെയ്യുകയാണ്. പാകിയ വഴി തന്നെ വിത്ത് പൊട്ടുകയും ചെടിയാവുകയും മരമാവുകയും പഴമാവുകയും ചെയ്തു. ആരു നട്ടതെന്നില്ലാതെ ആളുകൾ മരത്തിൽ കയറി പഴങ്ങൾ പറിക്കുകയും വായിലിട്ടു ചവയ്ക്കുകയും ചെയ്തു. ചവച്ചതല്ലാതെ ആരും അതു വിഴുങ്ങിയില്ല. അടുത്തയാളുടെ വായിലേയ്ക്ക് പകർന്നു കൊടുത്തതേയുള്ളു. എന്നിട്ടവർ പരസ്പരം ചുണ്ടുകൾ കുടിച്ചു. ഉമയെ ഒരു മരത്തിലേയ്ക്കു കയറുന്ന നിലയ്ക്കാണ് കണ്ടത്. അതുല്യയെ കണ്ടോയെന്ന് ഞാൻ ഉമയോട് ചോദിച്ചു. അവളെന്നെ ശ്രദ്ധിച്ചതു പോലുമില്ല. വളർന്നു പൊന്തുന്ന മരങ്ങൾക്കും കൊഴിഞ്ഞു വീഴുന്ന പഴങ്ങൾക്കും പരസ്പരം കുടിക്കുന്നവർക്കും ഇടയിലൂടെ അതുല്യയെ തേടി ഞാൻ നടന്നു. പെട്ടന്ന് മരത്തിന്റെ കൊമ്പ് ആഞ്ഞു കുലിക്കി മുട്ടാളൻ എന്നോട് ചോദിച്ചു- ""രാധേ... തേങ്ങാ പൊതിച്ചോ നീ''

""ഞാൻ പൊതിക്കാം''- അതുല്യയുടെ ശബ്ദം. കണ്ണു തുറക്കാതെ തന്നെ ചുറ്റുമുള്ള ശബ്ദത്തിലേയ്ക്ക് ഞാൻ തിരിച്ചു വന്നു. ""ഇന്ന് ഡ്യൂട്ടിക്ക് പോകണ്ടേ'' ആശാൻ അതുല്യയോട് ചോദിക്കുകയാണ്. ""നൈറ്റാക്കി'' അതുല്യ മറുപടി പറഞ്ഞു. ചോദ്യത്തിലും ഉത്തരത്തിലും അതീവ സ്‌നേഹം. ""എന്നിട്ട് ഉമയിപ്പോൾ എവിടാ ഉണ്ണി?''- അതുല്യയാണ് ചോദിക്കുന്നത്. ഉത്തരത്തിനായി ഞാൻ ചെവിയോർത്തു. ആശാനല്ല, മുട്ടാളനാണ് പറഞ്ഞത്- ""ഉമ ഡൽഹിയിലാണ്. കുട്ടികളും അവളുടെ കൂടെയാണ്''. ഉമയേയും കുട്ടികളേയും കുറിച്ചു കേട്ടപ്പോൾ ഉള്ളൊന്നു പൊടിഞ്ഞു. പെട്ടന്നത് പിടിച്ചു നിർത്താനാവാത്തൊരു കരച്ചിലായി. ഞാൻ എഴുന്നേറ്റിരുന്നു. അത്രതന്നെ ശക്തമായൊരു മഴ പുറത്തുമുണ്ട്.

അവർ മൂവരും എന്റെ കരച്ചിലിനെ ശ്രദ്ധിച്ചതേയില്ല. അവർ കാലങ്ങളായി തമ്മാമ്മിൽ പരിശീലിച്ച് പാടവം നേടിയതു പോലെ ഒന്നൊന്നായി ചേർന്നു ചെയ്യാൻ തുടങ്ങി. പരസ്പരം സംസാരിക്കുന്നതേയില്ല. ഉപ്പിട്ടത് ഒരാളെങ്കിൽ മുളകിട്ടത് മറ്റൊരാൾ. മുട്ടാളൻ ചിന്തിച്ചപ്പോഴേയ്ക്കും ആശാൻ മഞ്ഞൾ എടുത്തു കൊടുത്തു. മുയലിറച്ചി കറിയാക്കി വാങ്ങിവെച്ച ശേഷം, നാലു ഗ്ലാസുകളിൽ മദ്യം പകരുകയും അതിലൊന്ന് എനിക്കൊഴിച്ചു തന്ന് അവരെന്റെ അടുത്തു വന്നിരിക്കുകയും ചെയ്തു.

അതുല്യയാണ് ചോദിച്ചത്-""ഓർക്കാനാവുന്നുണ്ടോ''
എനിക്കൊന്നും ഓർക്കാനാവുന്നുണ്ടായിരുന്നില്ല.
അതുല്യ തന്നെയാണ് പറഞ്ഞത്- "നല്ലതാ, അതാ ഓർക്കാത്തത്'
പെട്ടന്ന് മുട്ടാളൻ ഉറക്കെ ചിരിച്ചു പറഞ്ഞു- "രാവിലെ ഞാൻ മുയലിനെ വാങ്ങാൻ പോയപ്പോൾ ഒരു രസമുണ്ടായി. വഴിയിൽ വെച്ച് കണ്ട പെണ്ണുങ്ങളുടെയെല്ലാം ചുണ്ടു മാത്രമേ ഞാൻ കണ്ടുള്ളു. ഇവനെന്താ ഇങ്ങനെ വായേട്ടു നോക്കുന്നതെന്നു കരുതിക്കാണും അവരെല്ലാം'
മുട്ടാളനെന്താണീ പറയുന്നതെന്ന് എനിക്കു മനസിലായതേയില്ല. ആശാനും അതുല്യയും ചിരിച്ചു. ""ഒരുവളുടെ ചുണ്ടിന്റെ ഷേപ്പായിരിക്കും അവളുടേതിനെന്ന് ഞാനിന്നലെ പറഞ്ഞില്ലേ''- അതുല്യ എന്നെ ഓർമ്മിപ്പിച്ചു. "അവനവന്റേതിന് മൂക്കിന്റേം'- ആശാനും അതെല്ലാം ഓർമ്മിപ്പിക്കാൻ ശ്രമിച്ചു. അതുല്യ ചിരിച്ചു പറഞ്ഞു- ""നല്ലതൊന്നും ഓർക്കില്ലെന്ന് ഞാനതാ പറഞ്ഞത്''. എനിക്കാണെങ്കിൽ അപ്പോൾ മുതൽ അതുല്യയുടെ മുഖത്തേയ്ക്കു നോക്കാൻ നാണമായി. മുട്ടാളന്റെയും ആശാന്റെയും മുഖത്തു നോക്കി ഞാനറിയാതെ, ശരിയാണല്ലോയെന്ന് നാണിച്ചു.

അതുല്യയുടെ അടിവസ്ത്രങ്ങൾ ആശാൻ കഴുകി വെയിലത്ത് വിരിച്ചപ്പോൾ ഞങ്ങൾ മൂവരും കൂട്ടിരുന്നു. അപ്പോൾ അതുല്യ പറഞ്ഞു കൊണ്ടിരുന്നത്, കഴിഞ്ഞിടയ്ക്ക് ഒരു പയ്യൻ അവളോട് പറഞ്ഞ ഒരു സംഭവമായിരുന്നു. അവന്റെ കൂട്ടുകാരന് വൃക്കയ്ക്ക് തകരാർ. അമ്മ മാത്രമേയുള്ളു. ഭർത്താവിനെ ഉപേക്ഷിച്ചു പോന്ന സ്ത്രീയാണ്. വേറാരുമില്ല. സഹായം ചോദിച്ച് എം.എൽ.എയുടെ അടുത്തു ചെന്നപ്പോൾ മന്ത്രി പുരുഷനെ കാണാൻ പറഞ്ഞു. പുരുഷന്റെ കോട്ടയത്തെ വീട്ടിലെ ഓഫീസ് മുറിയിൽ വെച്ച് ആ സ്ത്രീ കരഞ്ഞ് കാര്യം പറഞ്ഞോണ്ടിരിക്കുകയാണ്. പെട്ടന്ന് പുരുഷൻ ആ സ്ത്രീയുടെ മുലയിൽ ഒരൊറ്റപ്പിടുത്തം. ആ സ്ത്രീ പേടിച്ച്, ഇറങ്ങിയോടി. വാതിൽക്കൻ നിന്നവൻ പിടിച്ചു വെക്കാൻ നോക്കിയപ്പോൾ കൂടുതൽ പേടിച്ച്, കുതറി നേരെ റോഡിലേയ്ക്ക് ഓടിയിറങ്ങിയതും ഒരു ലോറി വന്നിടിച്ച് തെറിപ്പിച്ചു. ഒരു വർഷമായി അവര് കിടപ്പിലാണ്.

""എന്നിട്ടാ മകനോ?'' കുറേ നേരത്തിനു ശേഷം ഞാൻ സംസാരിച്ചു.
""അവന്റെ ഓപ്പറേഷൻ കൂട്ടുകാരെല്ലാം കൂടി നടത്തി'' അതുല്യ പറഞ്ഞു, എന്നിട്ടു കൂട്ടിച്ചേർത്തു. ""ഇപ്പോ ആരെങ്കിലും മൊലക്കിട്ടു നോക്കിയാൽ ഞാനാ മൈരനെ ഓർക്കും''
""അതിനങ്ങനെ നോക്കണ സ്ഥലം മനസിലാകുമോ?'' ആശാൻ അലക്കിയത് വിരിക്കുന്നതിനിടയിൽ ചോദിച്ചു.
അതുല്യ എഴുന്നേറ്റു നിന്നു. എന്നിട്ട് എന്നോട് പറഞ്ഞു- ""നീ നോക്കിക്കേ''
ഞാൻ നോക്കി.
അതുല്യ പറഞ്ഞു- ""കമ്മലിൽ''
ഞാൻ നോക്കി.
അതുല്യ പറഞ്ഞു- ""തോളിൽ''
ഞാൻ നോക്കി.
അതുല്യ പറഞ്ഞു- ""നെറ്റിയിൽ''
ഞാൻ നോക്കി.
അതുല്യ പറഞ്ഞു- ""ചുണ്ടിൽ''
മുട്ടാളൻ ചിരിച്ചു ചോദിച്ചു- ""ഏതു ചുണ്ടിലാടി?''
അതുല്യയും ചിരിച്ചതേയുള്ളു. ഉത്തരം പറഞ്ഞില്ല.

കോളിങ് ബെല്ലടിച്ചു. അവർ മൂവരും പെട്ടന്നൊളിച്ചു. അങ്ങനെ ഒളിക്കേണ്ട
കാര്യമൊന്നുമില്ലെങ്കിലും. എന്റെ വീടാണ് ആരു വരണമെന്നും വരേണ്ടന്നും തീരുമാനിക്കേണ്ടത് ഞാനാണ്. ഇപ്പോഴാകട്ടെ, ഞാനങ്ങനെ ഒരാളെ പ്രതീക്ഷിക്കുന്നുമില്ല. ശല്യമായല്ലോയെന്ന വിധം വാതിൽ തുറന്നപ്പോൾ, അമ്മാവനാണ്. ഈ പുരയിടം കഴിഞ്ഞാൽ വയലാണ്. അതിനക്കരെയാണ് അമ്മാവന്റെ താമസം. ""ന്നാ നീയ് മടങ്ങണേ''- അകത്തേയ്ക്ക് കയറിയതും ചോദിച്ചു. ഇത്തവണ വന്നിട്ട് അമ്മാവനെ കണ്ടതേയില്ല. അതിനിയും തീരുമാനിച്ചിട്ടില്ല. ""ഉമേടെ വീട്ടിന്ന് വിളിച്ചിരുന്നു. നീ ഒരു ട്രീറ്റ്‌മെന്റെടുക്കണം എന്നേ അവർക്കഭിപ്രായോള്ളു രാധാകൃഷ്ണാ''. അമ്മാവൻ മുഖത്തേയ്ക്ക് നോക്കിയില്ല. ""അവരെല്ലാം ഡോക്ടർമാരാണ്... പക്ഷെയമ്മാവാ ഞാൻ പേഷ്യന്റല്ലല്ലോ''- എനിക്ക് സങ്കടമാണ് വന്നത്. അതുമനസിലായിട്ടാവണം അമ്മാവൻ വിഷയം മാറ്റി- ""എന്തായിരുന്നു രാത്രീലിവിടെ... പാട്ടും ലൈറ്റും''. ഞാനൊന്നു പതറി- ""അതുണ്ണിം രാജീവും''. ""ഒറക്കത്തില് ഒച്ച കേട്ടിങ്ങട് നോക്കുമ്പോ, കളറും ബഹളോം...''- കണ്ടതോർത്ത് അമ്മാവൻ സന്തോഷിച്ചു. ഉത്സവങ്ങളുടെ ലൈറ്റുംവെട്ടത്തിലേയ്ക്ക് എന്നെയും സൈക്കിളിനു മുന്നിലിരുത്തി ചവിട്ടിക്കൊണ്ടു പോയ ആളാണ്. അമ്മാവനിറങ്ങിയ പിന്നാലെ പുറത്തിറങ്ങി നോക്കിയപ്പോൾ ശരിയാണ്. വീടാകെ സീരിയൽ ബൾബിട്ടിരിക്കുകയാണ്.

തിരിച്ചകത്തേയ്ക്കു കയറിയപ്പോൾ മൂവരുമില്ല. ഓരോ മുറിയിലും ചെന്നു നോക്കി. വാതിൽപ്പാളികൾ മാറ്റി നോക്കി. കട്ടിലിനടിയിലോ, അലമാരയ്ക്കുള്ളിലോ, മൂലകളിലോ, മറവുകളിലോ അവരില്ലായിരുന്നു. അച്ഛനും അമ്മയും ഉപയോഗിച്ചിരുന്ന വിശാലമായ മുറി തള്ളിത്തുറന്നതും ഫാനിൽ തൂങ്ങിക്കിടക്കുന്ന കയർ കണ്ടു. തൂങ്ങി മരിച്ച ആരെയോ അറുത്തെടുത്തതിന്റെ ബാക്കി. പെട്ടന്നൊരുൾപ്രേരണയാൽ ഞാനെന്റെ കഴുത്തിൽ തിനർപ്പു തടവി. ഇല്ല, ഒന്നുമില്ല.

പിന്നാമ്പുറത്തെ തേങ്ങാപ്പുരയിലേയ്ക്കുള്ള വഴിയിലെ പായലിൽ ആരോ തെന്നിവീണ പാടുണ്ട്. കൂട്ടിയിട്ട തേങ്ങകൾക്കു മുകളിൽ പിടിക്കപ്പെടരുതെന്ന നിശബ്ദതയോടെ അവർ എന്നെയും കാത്തിരിക്കുകയായിരുന്നു. ഞാനും തേങ്ങക്കൂനയ്ക്കു മുകളിലേയ്ക്കു കയറി. ഇരുണ്ടതും ചതുരാകൃതിയിലുമുള്ള വെളിച്ചം ഓടിളക്കി നിലത്തേയ്ക്ക് വീണു. അവരുടെ മൂവരുടേയും കഴുത്തിലും തിനർപ്പില്ലായിരുന്നു. അതുല്യയാണ് ആ കുട്ടിയിട്ടിരുന്ന തേങ്ങകൾക്കുള്ളിൽ മറച്ചു വെച്ച എന്തോ വീണ്ടെടുക്കാനെന്ന വിധം പെറുക്കി മാറ്റാൻ തുടങ്ങിയത്. ആശാനും മുട്ടാളനും വേഗം അവളുടെ അതേ താളത്തിൽ തേങ്ങാ പെറുക്കൽ തുടങ്ങി. ആകാംഷയോടെ ഞാനും.
""ആരാണിന്നലെ ഫാനിൽ തൂങ്ങിയത്'' ഞാൻ ചോദിച്ചു.
""ഓ അതോ... അത് ഊഞ്ഞാലായിരുന്നു'' ആശാൻ പറഞ്ഞു.
""മൂന്നാം മുറ''- മുട്ടാളൻ കണ്ണിറുക്കി.
അതുല്യ എന്റെ മുഖത്തേയ്ക്ക് നോക്കി, എന്നിട്ട് ഏറ്റവും ശാന്തമായി ചിരിച്ചു.

ഇവരെന്തൊക്കെയാണീ പറയുന്നത്?

തേങ്ങകൾ മാറ്റിക്കഴിഞ്ഞപ്പോൾ, തറയിൽ വിരിച്ച പലകകളിൽ ഇളകിയത് ഏതെന്ന് അതുല്യ നിലത്തേയ്ക്കിരുന്നു നോക്കിയപ്പോൾ, കുറ്റാമ്പേഷകയുടെ ഒരു ശരീരജാഗ്രത അവളിലേയ്ക്ക് വന്നു ചേർന്നു. പെടുന്നനെ ഓർമ്മയിലേയ്ക്കുണർന്ന് കിറുകൃത്യം പലക ഞാനങ്ങുയർത്തി. അതിനടിയിൽ തുരന്നുണ്ടാക്കിയ ഒരറയിൽ, പൊടിഞ്ഞു തടങ്ങിയ പ്ലാസ്റ്റിക് കവർ പുറത്തെടുത്തു. കേടുവന്നിട്ടില്ലാത്ത സചിത്ര പുസ്തകം. അതിലൊന്ന് കൈക്കലാക്കാൻ പെട്ടന്നൊരു ധൃതി. മഞ്ഞക്കറയുള്ള ഒട്ടിപ്പിടിച്ച പേജുകൾ മറിച്ചു.
""ആരാണ് ഇതെല്ലാം ഇവിടെയുണ്ടെന്ന് പറഞ്ഞത്?''- എനിക്കൊന്നും മനസിലാകുന്നില്ല. ഞാൻ തന്നെ മറന്നു പോയ ഇടങ്ങൾ ആരാകും ഇവരേട് പറഞ്ഞത്, അതും എനിക്കു മാത്രം അറിയാവുന്നത്!

മുയലിറച്ചി കറിച്ചട്ടിയോടെ നിലത്തു വെച്ച് ചുറ്റുമിരിക്കുമ്പോൾ പുറത്ത് മഴയാറി. മുട്ടാളനും ആശാനും ഒന്നു പോയിത്തന്നിരുന്നെങ്കിൽ എന്നെനിക്ക് തോന്നിത്തുടങ്ങി.

മൈര്...! എന്തൊക്കയോ വിചിത്രമായ സംഭവങ്ങൾ തലേന്നു നടന്നു എന്നിരിക്കെ, അതൊന്നും ഓർക്കാനാവാത്തത് അപ്പോഴേയ്ക്കും എനിക്ക് ചെറിയ തോതിൽ അലോസരമായി തുടങ്ങിയിരുന്നു. അവർ മൂവരുമാകട്ടെ ആ സംഭവങ്ങളുടെ ആഹ്ലാദകരമായ അനുഭൂതിയിൽ ഇപ്പോഴും തുടരുകയുമാണ്. എനിക്കവരോട് അസൂയ തോന്നി. അവരുടെ ലയം എനിക്ക് കിട്ടാത്തതിൽ അൽപ്പമല്ലാത്ത ഈർഷ്യയോടെ ഞാൻ ചോദിച്ചു- ""ഇന്നലെ എന്താണ് സംഭവിച്ചത്?'' അവർ മൂവരും ഏതോ ഗൂഢസന്ദേശം പരസ്പരം കൈമാറുന്നതായി എനിക്ക് തോന്നി. ""ഇത് ശരിയല്ല''- ഞാൻ കടുപ്പിച്ചു പറഞ്ഞു. ആശാനെന്റെ തുടയിൽ കൈവെച്ച് സമാധാനിപ്പിച്ചു- ""നല്ല രസമായിരുന്നു''
""കൂടുതൽ സന്തോഷിച്ചത് നീയാണ്. അതൊക്കെ ഓർത്തെടുക്കാൻ ഞങ്ങൾക്കു പോലും പറ്റണില്ലെടാ. നിനക്ക് വല്ലതും ഓർമ്മയുണ്ടോ?''- മുട്ടാളൻ അതുല്യയോട് ചോദിച്ചു.
""ഇല്ല. നല്ല രസമായിരുന്നു. ശരീരം കൊണ്ടറിഞ്ഞത് എങ്ങനെ മനസുകൊണ്ട് ഓർത്തെടുക്കാനാവും?''- അതുല്യയും പറഞ്ഞു.
""നിങ്ങൾ നുണ പറയുകയാണ്. നിങ്ങൾ ഓർക്കുന്നുണ്ടല്ലോ''- എനിക്ക് ദേഷ്യം വന്നു.
""നീയായിരുന്നു എല്ലാമങ്ങ് മറന്നത്. ഞങ്ങൾക്കത്രയ്ക്ക് പറ്റിയില്ല''- മുട്ടാളൻ എന്നെ ചേർത്തു പിടിച്ചു.
അവനവരോട് പറഞ്ഞു- ""വന്നേ... ഇവനെയൊന്ന് കെട്ടിപ്പിടിച്ചേ''. സ്‌നേഹത്തിന്റെ സ്പർശം. പരസ്പരം കാടുപിടിച്ചു.

മുയലിനു പിന്നാലെ ഞങ്ങൾ നാൽവർ സംഘം അത്രയേറെ നിശബ്ദമായി കാട്ടിലെത്തി. ചില ഇലയനക്കങ്ങളിൽ മുയൽ പരിസരത്തെവിടെയോ ഉണ്ടെന്നുറപ്പായിരുന്നു. തലേന്നത്തെ മഴയുടെ നനവിൽ നീളൻ പുല്ലുകൾ. ""കേൾക്കുന്നുണ്ടോ''- ആശാൻ പതിയെ ചോദിച്ചു. ഞങ്ങൾ ആശാൻ പറഞ്ഞതു കേട്ടു. മുളയൂതുന്ന ശബ്ദം. വേഗം മുയലിനെ പിടിക്കാനും മുളമ്പാട്ടിലേയ്ക്ക് എത്താനും കൊതിയായി. അതുകൊണ്ടാകണം ഞങ്ങളുടെ തിരച്ചിലിനു വേഗം കൂടി. മുയലിനെ തേടുന്തോറും മുളമ്പാട്ട് കൂടുതലടുത്തെത്തി. പെട്ടെന്നതാ തൊട്ടുമുന്നിൽ, ആ മുളങ്കാട് കൂട്ടമായി നിന്ന് പാടുകയാണ്. ""മുളയുടെ ചുണ്ടുകൾ കാറ്റിനെ കുടിക്കുകയാണ്''- അതുല്യയുടെ കണ്ണുകൾ കൂമ്പി. പിന്നെയും മുയൽ ഞങ്ങളെയും കൊണ്ട് കാടു കയറി. പാട്ട് പിന്നിലകന്നു.

മുയലിറച്ചി കറിച്ചട്ടിയോടെ നിലത്തു വെച്ച് ചുറ്റുമിരിക്കുമ്പോൾ പുറത്ത് മഴയാറി. മുട്ടാളനും ആശാനും ഒന്നു പോയിത്തന്നിരുന്നെങ്കിൽ എന്നെനിക്ക് തോന്നിത്തുടങ്ങി. അതുല്യ അവർക്കു രണ്ടുപേർക്കും നടുവിലാണ് ഇരിക്കുന്നത്. അവർ മൂവരും ചട്ടിയിൽ കയ്യിട്ട് ഇറച്ചി എടുത്തു തിന്നുകയാണ്. പെട്ടന്നൊരു അറപ്പ് എന്റെ തൊണ്ടയിൽ തടഞ്ഞു. ഞാൻ കയ്യിടാതെ ഇരിക്കുന്നത് കണ്ടപ്പോൾ, അതുല്യ ഒരു കഷണമെടുത്ത് എനിക്ക് നീട്ടി. എനിക്കത് വാങ്ങാതിരിക്കാനായില്ല. പക്ഷെ അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് അംഗീകരിക്കാനാവാതെ ഞാനവന്മാരോട് അലറി- ""എന്റെ വീട്, എന്റെ മോഹം... നിനക്കൊക്കെ ഒന്നിറങ്ങിപ്പൊക്കൂടേ''. അതുകേട്ടതും മുട്ടാളനും ആശാനും അതുല്യയും തമ്മിൽ നോക്കി. അവരൊന്നും പറഞ്ഞില്ല. സാവധാനമിരുന്ന് ആ മുയലിറച്ചി അപ്പാടെ തിന്നു തീർത്തു. ഞാനത് കണ്ടിരുന്നു. എന്നിട്ടവർ ഒന്നിച്ച് എഴുന്നേറ്റു പോയി, കയ്യും വായയും സോപ്പിട്ടു കഴുകി മടങ്ങി വന്നു. മൂവരും ചേർന്ന് എന്നെ വാരിയെടുത്ത് കൊണ്ടു പോയി കുളിപ്പിച്ചു. അവരെന്നെ എടുക്കുമ്പോഴോ തൊടുമ്പോഴേ എനിക്ക് വേദനിച്ചില്ല. പിന്നെയവർ എന്നെയുമെടുത്ത് മുകളിലത്തെ നിലയിലേയ്ക്കു പോയി. കട്ടിലിൽ കിടത്തിയ ശേഷം വിരലുകളിലേയും മുഖത്തേയുമടക്കം എല്ലാ ചുണ്ടുകളും കൊണ്ട് തീരെ സാവധാനത്തിൽ എന്നെ കുടിച്ചു തുടങ്ങി. അതിലേതാണ് അതുല്യയുടെ ചുണ്ടുകളെന്ന് ആദ്യമാദ്യം തിരിച്ചറിയാൻ വൃഥാ ശ്രമിച്ചു. പൊടുന്നനെ ആദ്യം വിരലുകളിലെ ചുണ്ടുകളാലും പിന്നെ മുഖത്തേതിനാലും മറ്റെല്ലാ ചുണ്ടുകളാലും ഞാനവരെ ചുംബിച്ചു. ബഹുരസം എന്താണെന്നു വെച്ചാൽ, പലപ്പോഴും ഞാൻ ചുംബിച്ചത് എന്നെത്തന്നെയായിരുന്നു എന്നതുപോലും ഞാനറിഞ്ഞതേയില്ല.

നൈറ്റ് ഡ്യൂട്ടിക്കു പോകാനായി അതുല്യ കുളിച്ചിറങ്ങി യൂണിഫോം ധരിച്ചു തുടങ്ങി. ""ആദ്യായിട്ടാടോ ഒരാൾ കാക്കിയിടുന്നത് ഇങ്ങനെ കൺമുന്നിൽ കാണുന്നത്''- അവളുടെ ഷർട്ടിന്റെ ബട്ടൻസുകൾ ഞാനാണിട്ടത്. ""എന്നാൽ സിബ്ബും കൂടിയിട്''- അതുല്യ അനുവദിച്ചു. ആശാനോ മുട്ടാളനോ അപ്പോൾ ഉണർന്നിട്ടുണ്ടായിരുന്നില്ല. അതുല്യയെ കാറിൽ കയറുവോളം പിന്തുടർന്നു. ""നല്ലതാകാം മറന്നത്, എങ്കിലും എന്തായിരുന്നു... പ്ലീസ്'' ഞാനഭ്യർത്ഥിച്ചു. അതുല്യ ഉള്ളു തുറന്നു ചിരിച്ചു, എന്നിട്ട് കാറിൽ നിന്നിറങ്ങി കെട്ടിപ്പിടിച്ച് ചെവിയിൽ പറഞ്ഞു- ""രാധേ നിനക്കൊരു കുപ്പായമുണ്ടായിരുന്നു. നമ്മളതങ്ങ് അഴിച്ചു...'', എന്തായിരുന്നു അതിന്റെ നിറമെന്ന ചോദ്യം പുറത്തേക്കു വന്നില്ല. ഞാനിട്ടിരിക്കുന്നതിലും കാക്കി, എന്ന അവളുടെ ഉത്തരം ഞാൻ കേട്ടു.

അതുല്യയുടെ കാറു പോയപ്പോൾ, കിണറ്റിൻ കരയിലേയ്ക്ക് ചെന്നു. മേലോട്ടും താഴോട്ടും എണ്ണി. പലവട്ടം. ഓരോ വട്ടവും എണ്ണം തെറ്റി.

ആശാന്റെയും മുട്ടാളന്റെയും നടുവിൽ ചെന്നു കിടന്നപ്പോൾ, അവർ കെട്ടിപ്പിടിച്ചു. വേരിലേക്ക് പടർന്നു വന്നു. അവരുടെ ശ്വാസഗതിയിലേയ്ക്ക് പതിയെ എന്റേതും ലയിച്ചു. ഒരേ വേഗത്തിലങ്ങനെ കിടക്കേ മെസേജ് വന്നു. അതുല്യയുടേതാണ്. സ്റ്റേഷനിലെത്തിയെന്ന്. പിന്നെ യോഗയുടെ ലിങ്കും. മുട്ടാളനോട് വീണ്ടും ചോദിച്ചു- ""നീ യോഗ ചെയ്യുന്നതെന്തിനാ?'' മുട്ടാളൻ അവന്റെ കാലുകൾ കൊണ്ട് എന്റെ കണങ്കാലിൽ സ്പർശിച്ചു. അവിടെ തിണർത്തു കിടന്നിരുന്ന കൊലുസ് കരഞ്ഞു.

Comments