ചിത്രീകരണം: ദേവപ്രകാശ്

കൊഞ്ചിന്റെ ശരീരം നെടുകെ പിളർന്ന് ദഹനേന്ദ്രിയം തുറന്നു വച്ച് കുട്ടികൾ ഓരോരുത്തരായി ടീച്ചറെ വിളിച്ചു കാണിക്കുന്നു. അവസാന പിരിയഡ് സുവോളജി പ്രാക്ടിക്കലുള്ള ദിവസങ്ങളിൽ അവർക്കാർക്കും ബസ് കിട്ടാറില്ല. പലരും മേശപ്പുറം വൃത്തിയാക്കി ബാഗിന്റെ വള്ളിയിൽ പിടി മുറുക്കി ഇരിപ്പാണ്.

‘എല്ലാരും റെക്കോർഡ് മേശപ്പുറത്ത് വച്ചിട്ട് പൊയ്‌ക്കോ,' നിത്യ ഹരിദാസിന്റെ പതിഞ്ഞ ശബ്ദം.

ടീച്ചറുടെ അനുവാദത്തിനായി കാത്തിരുന്ന പിള്ളേർ ഉയർന്ന സ്റ്റൂളിനു മുകളിൽ നിന്ന് തെറിച്ചു ചാടി ബസ് സ്റ്റോപ്പിലേക്കോടി. സാരിത്തുമ്പിൽ മുഖം തുടച്ചു കൊണ്ട് നിത്യ കൊഞ്ചുകളുടെ മൃതദേഹങ്ങൾ ഓരോന്നായി പരിശോധിച്ചു. ആന്തരികാവയവങ്ങൾ പ്രദർശിപ്പിച്ച് അതുങ്ങളുടെ മലർന്നുള്ള കിടപ്പ്; അവൾക്ക് എന്തൊക്കെയോ ഓർമകൾ തികട്ടിവന്നു.

‘ടീച്ചർ ഇറങ്ങിക്കോ, ഞാൻ എല്ലാം വൃത്തിയാക്കി ലാബ് പൂട്ടി വന്നേക്കാം...'; ലാബ് അസിസ്റ്റന്റ് സൂസമ്മ കൊഞ്ചുകൾക്കുമേൽ തറച്ച സൂചികൾ വലിച്ചൂരിക്കൊണ്ട് പറഞ്ഞു.

പത്ത് വർഷമായി സുവോളജി പഠിപ്പിക്കുന്നു, പക്ഷെ ഈയിടെയായി ലാബിനുള്ളിൽ ജന്തുക്കളുടെ അവയവങ്ങൾ പിളരുമ്പോൾ നിത്യ ഹരിദാസ് വല്ലാതെ അസ്വസ്ഥയാകുന്നു, വണ്ടിയോടിച്ച് വീട്ടിൽ പോകവെ അവൾ ഓർത്തതും അതാണ്; എന്തെ ഞാനിങ്ങനെ!

വീട്ടിലെത്തിയപാടെ നക്ഷത്രയും സോനുവും വന്ന് അവളെ വട്ടംചുറ്റി; ‘അമ്മേ, ഇന്ന് ഡിന്നറിനെന്താ ?'

‘ചപ്പാത്തിയും പ്രോൺസ് മസാലയും, രണ്ടും പോയിരുന്ന് ഹോംവർക്ക് ചെയ്‌തേ, അമ്മയൊന്ന് ഫ്രഷ് ആവട്ടെ...'

മൂത്തവൾ ഏഴിലും ഇളയവൻ മൂന്നിലും ആണ്. ഹരിദാസ് എത്തിയിട്ടില്ല; സൈറ്റ് വിസിറ്റ് ഉള്ള ദിവസങ്ങളിലാണ് നേരത്തെ എത്താറുള്ളത്. കുട്ടികളുടെ മുന്നിൽ ചായയും ബിസ്‌ക്കറ്റും കൊണ്ടുവച്ചിട്ട് അവൾ ഫ്രീസറിൽ നിന്ന് കൊഞ്ച് എടുത്ത് വെള്ളത്തിലിട്ടു. ചപ്പാത്തിക്ക് മാവ് കുഴച്ചുകൊണ്ട് നിന്നപ്പോൾ ഫോൺ വന്നു, കുട്ടികളുടെ അതേ ചോദ്യം, മുഷിയാതെയുള്ള അവളുടെ മറുപടി - ‘കൊഞ്ച് റോസ്റ്റും ചപ്പാത്തിയും ആണ് ഹരിയേട്ടാ..'

ചട്ടിയിൽ നിവർന്നു കിടന്ന കൊഞ്ചുകൾ ചൂടേറ്റ് അട്ട കണക്ക് ചുരുണ്ടു. പെട്ടന്നാണോർത്തത്; ചുരുളുകൾ നിവർത്തി മൂന്നാം ദിവസം ഇവയെല്ലാം ഉയിർത്തെഴുന്നേറ്റാലോ! നിത്യ കറിച്ചട്ടി സിങ്കിൽ കമഴ്ത്തി. ആ വെളുത്ത ചുരുളുകൾ പാതിവെന്ത ഗന്ധവുമായി ഓവിനു ചുറ്റും കൂടിക്കിടന്നു.
‘ഇന്നത്തെ പ്ലാൻ മാറ്റി കേട്ടോ, കൊഞ്ചത്ര പോര, അമ്മ ഉരുളക്കിഴങ്ങ് വക്കാം.'

അസംതൃപ്തിയുടെ ‘ശേ.... ശേ' ശബ്ദങ്ങൾ മുറിയിൽ നിന്നും മുഴങ്ങിക്കേട്ടു.

ഉറങ്ങാൻ നേരം പല്ലു തേച്ചുകൊണ്ട് അവൾ മുന്നിലെ മുടിയിഴകൾ ഇളക്കി പരിശോധിക്കുന്നു. ‘നീ എന്താ നിത്യേ ചികയുന്നത് ?'

‘ഒന്നുമില്ല ഹരിയേട്ടാ, ഇടയ്ക്ക് മൂന്നാല് മുടി നര കേറിയോന്ന് ഒരിത്...'

‘നല്ലതാണന്നേ, കോളേജിൽ പിള്ളേരുടെ മുന്നിലൊരു മെച്യുരിറ്റി തോന്നുമല്ലോ...'

ഹരിദാസ് ഫാനിന്റെ സ്പീഡ് കൂട്ടി കട്ടിലിൽ വന്നു കിടന്നു.
അയാൾ ഉറങ്ങട്ടെ എന്ന് കരുതി നിത്യ അൽപനേരം അടുക്കളയിലും കുട്ടികളുടെ മുറിയിലും കറങ്ങി നടന്നു. ഇല്ല, ഹരിദാസ് ഉറങ്ങുന്നില്ല, അയാൾ കാത്തുകിടക്കുകയാണ്. ഹരിദാസിന് സാമാന്യം നല്ല ആരോഗ്യമുള്ള ശരീരമാണ്. അവളെക്കാൾ പൊക്കവും വണ്ണവും ഉണ്ടെങ്കിലും അവർ തമ്മിൽ ചേർച്ചക്കുറവൊന്നുമില്ല. പതിനഞ്ചാം വിവാഹ വാർഷികം കഴിഞ്ഞിട്ടിപ്പോ ഒരാഴ്ച്ച ആകുന്നേയുള്ളു.

വന്നു കിടന്നപാടെ ഹരിദാസ് അവളെ അമക്കിപ്പിടിച്ചു. ‘നിൽക്ക് ഹരിയേട്ടാ ഞാൻ പുതപ്പൊന്ന് എടുത്തോട്ടെ.'

‘അതൊക്കെ പിന്നെ, നീ ഇങ്ങോട്ട് നീങ്ങി കിട..'

എടുക്കാൻ വയ്യാത്ത ഭാരം പോലെ ശരീരം നിരക്കി നിരക്കി അവൾ അയാൾക്കരികിലേക്ക് ചേർന്നുകിടന്നു. ഹരിദാസിന്റെ മീശ അക്രമകാരിയാണ്; 'ഹോ ഹരിയേട്ടാ ഇതൊന്ന് വെട്ടിക്കൂടെ, ബ്രഷ് പോലെ കുത്തുന്നു... ’; അവൾ കവിൾ തിരുമ്മിക്കൊണ്ട് പറഞ്ഞു.

‘പണ്ടൊക്കെ നിനക്ക് ഈ ബ്രഷ് തട്ടുമ്പോൾ രോമാഞ്ചം ആയിരുന്നല്ലോ....'

അയാൾ കുസൃതിയോടെ ചിരിച്ചുകൊണ്ട് അവളുടെ ചുരിദാർ വലിച്ച് പൊക്കി. അതിന്റെ മധ്യ ഭാഗത്ത് സിങ്കിൽ ചേർന്ന് നിന്ന് പാത്രം കഴുകിയതിന്റെ നനവ്. നിത്യ മനസ്സില്ലാമനസ്സോടെ പാന്റിന്റെ വള്ളി അഴിച്ചു. എന്നിട്ട് രണ്ടു കൈകളും വടി പോലെ ഇരുവശത്തും അനങ്ങാതെ വച്ചുകൊണ്ട് ശ്വാസമടക്കി കിടന്നു; പണ്ട് സ്‌കൂൾ അസംബ്ലിയിൽ അറ്റൻഷൻ ആയി നിന്ന അതേ പടുതി.

കുട്ടിക്കാലത്ത് കേട്ടൊരു കഥയുണ്ട് - രണ്ടു സുഹൃത്തുക്കൾ കാട്ടിൽ പോയി, പെട്ടന്ന് അവരൊരു കരടിയെ കണ്ടു, ഒരുത്തൻ മരത്തിൽ കയറി, മരം കയറാൻ അറിയാത്തവൻ ചത്തത് പോലെ നിലത്ത് കിടന്നു. കരടി വന്ന് അവനെ മണത്ത് നോക്കി, ജഡമെന്നു കരുതി അത് മടങ്ങിപ്പോയി. നിത്യ ഇപ്പോൾ ആ കഥയിലെ മനുഷ്യനെ പോലെ ജഡമായി അഭിനയിക്കുകയാണ്. അയാൾ ഒരു അനുഷ്ഠാനം കണക്ക് തന്റെ ക്രിയകൾ നടത്തിക്കൊണ്ടിരുന്നു. നിത്യക്ക് ശരീരം മരവിച്ചു, ചൂട് തട്ടിയാൽ ചുരുളുന്ന കൊഞ്ചിനെ പോലല്ല, സുവോളജി ലാബിലെ മേശമേൽ സൂചി തറച്ച് പിളർത്തി വച്ച കൊഞ്ചാണവളിപ്പോൾ. നിത്യ കുടിനീരിറക്കി കണ്ണുകൾ അടച്ച്, ചുണ്ടുകൾ കൂട്ടിപ്പിടിച്ച് തയ്യാറെടുത്തു. ഇപ്പൊ കേറ്റും, ഹയ്യോ നിത്യയുടെ കണ്ണുകൾ മേൽക്കൂരയിൽ തറച്ചു. ശബ്ദം പുറത്ത് വരാതിരിക്കാൻ അവൾ ചുണ്ടിൽ പല്ലമർത്തി. ഏതാനും നിമിഷങ്ങൾ കൂടി പിടിച്ചു നിന്നാൽ സംഭവം കഴിയും. നിത്യ കാലുകൾ ആവുന്നതും വിടർത്തി, എങ്കിലും ഇടുപ്പിനു താഴെ ഒരു വലിവും പിടിത്തവും അനുഭവപ്പെടുന്നു, റിലാക്‌സ് ചെയ്യാൻ ആവതും ശ്രമിച്ചു, അതിനതിന് തുടകൾ മുറുകിക്കൊണ്ടിരുന്നു. അവൾ ആകെ വിയർത്തു, ദൈവമേ ഇത് കഴിയുന്നില്ലല്ലോ, ഈ നടക്കുന്ന പ്രക്രിയയെ ജീവിതത്തിൽ നിന്ന് വെട്ടിമാറ്റാൻ പാകത്തിന് ഒരായുധം കിട്ടിയെങ്കിൽ!

ഹരിദാസ് നല്ല ഉന്മേഷത്തിലാണ്, നിത്യയുടെ തലയ്ക്ക് കീഴിൽ നിന്ന് തലയിണ തെന്നി മാറി. അവളുടെ ഉച്ചി കട്ടിലിന്റെ തടിയിൽ താളത്തിൽ ഇടിച്ചുകൊണ്ടിരുന്നു. വയറിനുള്ളിലേക്ക് കട്ടിയുള്ള ഒരു വസ്തു ഉന്തിയുന്തി കയറ്റുന്നു. മുഖം തുടയ്ക്കണമെന്നുണ്ട്, പക്ഷെ ഹരിയേട്ടൻ കണ്ടാലോ! അവൾ അങ്ങിനെ തന്നെ കിടന്നുകൊടുത്തു. അയ്യോ എന്ന വിളിയിൽ ദാമ്പത്യം തകരാൻ സാധ്യതയുള്ളതിനാൽ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു. എന്നിട്ട് പുറത്തെ പട്ടികളുടെ ഓരിയിടലിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു. എത്ര പട്ടികൾ കാണും? അവർ കോളനിയിലെ ചവറു കൂനയ്ക്കരികിൽ നിന്ന് വെയിസ്റ്റു തിന്നുകയാവും, കൂട്ടത്തിൽ പട്ടിക്കുട്ടികളും കാണുമോ?
ഹരീയേട്ടൻ കഴിഞ്ഞിട്ടില്ല!
അവൾ ലാബ് അസിസ്റ്റന്റ് സൂസമ്മ പറഞ്ഞ ദിലീപിന്റെ സിനിമയിലെ ഒന്ന് രണ്ട് വളിപ്പുകൾ ഓർത്തു. ഇല്ല, ചിരി വരുന്നില്ല. ഇതാ, ഒടുവിൽ ഹരിദാസ് വിജയിച്ചു പിന്മാറിയിരിക്കുന്നു. ഹാവൂ; ഇന്നത്തേത് കഴിഞ്ഞല്ലോ!

നിത്യ ആദ്യം ഒന്നു ചുരുണ്ടു, വയറ്റിലെ അസ്വസ്ഥത മാറിയപ്പോൾ എണീറ്റു. കാലുകൾ തമ്മിൽ അടുപ്പിക്കാതെ മെല്ലെ നടന്ന് ടോയിലറ്റിൽ കയറി. മൂത്രം തുള്ളികളായി ഒലിച്ചിറങ്ങുമ്പോൾ നീറ്റൽ, ഹൂ .... നിത്യക്ക് ദേഹം പെരുത്തു. അവൾ മുഖത്ത് വെള്ളം തളിച്ചുകൊണ്ട് പുറത്തിറങ്ങി. ഹരിദാസിന്റെ കൂർക്കം വലി; കട്ടിലിന്റെ കാലിൽ കുരുങ്ങിക്കിടന്ന ലുങ്കി അയാൾക്ക് മേൽ വീശി എറിഞ്ഞിട്ട് അവൾ അടുക്കളയിലേക്ക് പോയി. അല്പം ഉപ്പിട്ട് തിളപ്പിച്ച വെള്ളവുമായി വീണ്ടും ടോയിലറ്റിലേക്ക്. ഉപ്പുവെള്ളം സാവധാനത്തിൽ ഒഴിച്ചുകൊടുത്തപ്പോൾ ഒരാശ്വാസം! അല്പനേരം ക്‌ളോസറ്റിൽ ഇരുന്ന് ശരീരത്തിന്റെ താപവും ശ്വാസവും നേർഗതിയിൽ ആയെന്നുറപ്പായപ്പോൾ ചെന്ന് കിടന്നു. ഹരിദാസിന്റെ കൂർക്കം വലി മന്ദഗതി പ്രാപിച്ചിട്ടുണ്ട്.

പട്ടികളുടെ ജീവസ്പന്ദനങ്ങൾ തെരുവിൽ തകർന്നാടുന്നത് കേട്ട് ഉറക്കം വരാതെ കിടന്നപ്പോൾ വൈകിട്ട് കാറോടിക്കവെ തോന്നിയ അതേ ചിന്ത; എന്തേ ഞാനിങ്ങനെ!

രാവിലെ സ്റ്റാഫ് റൂമിൽ വല്ലാത്ത മ്ലാനത. സ്വപ്ന ടീച്ചറുടെ അമ്മയ്ക്ക് നല്ല സുഖമില്ലത്രെ. നിത്യ മെല്ലെ സ്വപ്ന സതീശിന്റെ അരികിൽ ഒരു ചായയുമായി ചെന്നിരുന്നു. സ്വപ്നയുടെ അമ്മയ്ക്ക് കാൻസർ ആണെന്ന് എല്ലാവർക്കുമറിയാം, പക്ഷെ ഇപ്പോൾ അല്പം സീരിയസ് ആണ്.
‘വിഷമിക്കാതെ സ്വപ്‌നേ, നീ കുട്ടികളെയും കൂട്ടി ഒന്നോ രണ്ടോ മാസം അമ്മയ്‌ക്കൊപ്പം പോയി നിലക്ക്, ഒരാശ്വാസം ആവട്ടെ.'
‘അതൊന്നും നടക്കില്ല നിത്യേ..'
‘എന്തെ? നിനക്ക് അവിടുന്ന് കോളേജിലേക്ക് ബസ് കിട്ടുമല്ലോ, പിള്ളേർക്ക് സ്‌കൂൾ ബസും ഉണ്ടല്ലോ.'
‘സതീശേട്ടനെ അങ്ങിനെ ഇട്ടിട്ട് പോകാനൊക്കുമോ? വച്ചും വിളമ്പിയും കൊടുക്കാൻ ചേട്ടന്റെ അമ്മ കൂടെയുണ്ട്, എങ്കിലും....'
‘വീട്ടിൽ ഒരാളുള്ളപ്പോ നിനക്ക് ധൈര്യമായി അമ്മയ്‌ക്കൊപ്പം നിക്കാല്ലോ, നീ ചെല്ല് സ്വപ്‌നേ..'
‘നിനക്കെന്താ ഒന്നും അറിഞ്ഞൂടാത്ത പോലെ? അങ്ങനൊന്നും നമ്മൾ കെട്ട്യോന്മാരെ ഒറ്റയ്ക്ക് വിട്ടിട്ടു മാറി നിക്കാൻ പാടില്ല.'
‘അതെന്താ സതീശിനെ നിനക്ക് സംശയമുണ്ടോ?'
‘ഹോ, എന്റെ നിത്യേ, പുള്ളിക്ക് എന്നും ലത് വേണം, രണ്ടാമത്തെ പ്രസവത്തിനു പോലും ഞാൻ മാറി നിന്നില്ല. അങ്ങനെ എന്നും വേണോന്നുള്ളോരേ നമ്മള് വേണ്ട പോലെ സന്തോഷിപ്പിച്ചില്ലേൽ നീ പറഞ്ഞ പോലെ വല്ലടത്തും പോയെന്നൊക്കെ ഇരിക്കും.'
അമ്മയെ ഓർത്ത് കരഞ്ഞു ചുവന്ന അവളുടെ മൂക്ക് ഒന്നുകൂടി തുടുത്തു. നിത്യ ആകെ അങ്കലാപ്പിലായി; രാത്രിയുടെ ഏതാനും മിനിറ്റുകളിൽ സംഭവിക്കുന്ന ഈ പ്രക്രിയയുടെ പരാജയം കാരണം ദാമ്പത്യം മുറിയുകയോ! അവൾക്ക് എത്തും പിടിയും കിട്ടുന്നില്ല.

ഇങ്ങനെയുള്ള അവസരങ്ങളിൽ നിത്യക്ക് തുണയായി എത്തുക ഡോ . ജീവ അലക്‌സ് ആണ്. സ്‌കൂളിൽ അവളായിരുന്നു നിത്യയുടെ അടുപ്പക്കാരി. ഒരു ഹായ് അയച്ചപ്പോൾ അവളിന്ന് ഓഫ് ആണെന്ന് മറുപടി വന്നു. മടിച്ചില്ല; നിത്യ ഉടൻ വിളിച്ചു. കോളേജ് സ്റ്റേഡിയത്തിലേക്കുള്ള വഴിയുടെ ഒഴിഞ്ഞ വളവിൽ നിന്ന് അവൾ ജീവയോട് പ്രശ്‌നം പങ്കുവച്ചു.

‘ഹ ഹഹ .... എടീ കോപ്പേ, ഇതൊക്കെയാണോ നിന്റെ മലമറിക്കുന്ന പ്രശ്‌നം, ഒന്ന് പോയേ ..' ജീവയുടെ ചിരിയുടെ പട്ടം പൊട്ടുന്നത് കേട്ട് നിത്യ ഫോണിന്റെ ശബ്ദം കുറച്ച് വച്ചു.
‘പതുക്കെ ചിരി, എടീ, എനിക്ക് സംശയം ഇത് മെനോപ്പോസിന്റെ ലക്ഷണമാണെന്നാ...കഴിഞ്ഞ ഒരു വർഷമായി ഇങ്ങനാ.'
‘നിനക്കും എനിക്കും ഒരേ പ്രായമല്ലേ കൊച്ചെ, നാല്പത്! അതൊക്കെ ഒരു പ്രായമാണോ?'
അവൾ ലക്ഷണങ്ങൾ പരിശോധിച്ചു; നിത്യക്ക് ഡിപ്രഷൻ ഇല്ല, അകാരണമായി എപ്പൊഴും ഉഷ്ണിക്കുന്നില്ല, പിരിയഡ്‌സ് തെറ്റാറില്ല.
‘നീ ഫ്രീ ആകുമ്പോൾ വാ, ഞാനൊരു ലൂബ്രിക്കേഷൻ ജെൽ തരാം, അത് പുരട്ടിയാൽ ടൈറ്റ്‌നസ്സ് ഒന്ന് കുറഞ്ഞുകിട്ടും, വേദനിക്കില്ല.'
‘അപ്പൊ എനിക്കൊരു കുഴപ്പവുമില്ലെന്നാണോ നീ പറയുന്നത്? ഞാൻ സമ്മതിക്കാതിരുന്നാൽ പിന്നെ ഹരിയേട്ടന് ഭയങ്കര ദേഷ്യമാണ്. ആളിന്റെ കോളാകെയങ്ങ് മാറും, എന്തിനും ഏതിനും ചൂടാകും, എന്നെ പിന്നെ കണ്ടൂടാ, എന്റെ ഭക്ഷണം കൊള്ളില്ല, എന്റെ വർത്താനം പിടിക്കില്ല, ചുരുക്കി പറഞ്ഞാ ആകെ അലമ്പാകുമെന്നേ.'
‘സാരമില്ലെടി, ഇതൊക്കെ മടുപ്പിന്റെ ലക്ഷണങ്ങളാ, പ്രണയം നഷ്ടപ്പെട്ടതിന്റെ ആഫ്റ്റർ ഇഫക്ട്.'
‘ഓ പ്രേമം.... ഒന്ന് പോടി, നിനക്കെന്തറിയാം, നീ പീഡിയാട്രീഷൻ അല്ലെ, നിന്നോടു ചോദിച്ച എന്നെത്തന്നെ പറയണം'.
ജീവ ആദ്യത്തേതിലും ഒച്ചയിൽ ചിരിക്കാൻ തുടങ്ങിയപ്പോൾ നിത്യ ഫോൺ കട്ട് ചെയ്തു.

പിന്നീടുള്ള രണ്ടു ദിവസങ്ങൾ നിത്യയുടെ മനസ്സിൽ മാറ്റൊലി കൊണ്ടത് ജീവ പറഞ്ഞ അവസാന വാചകങ്ങൾ ആയിരുന്നു. പ്രേമം; കോളേജ് കാലഘട്ടത്തിൽ ആവോളം അനുഭവിച്ച ഒന്ന്! അവനെ തപ്പണം - ജോർജ്ജ് സാമുവൽ. എഫ്. ബി എന്ന സ്വതന്ത്ര അന്വേഷണ സമ്പ്രദായം ഉള്ളതിനാൽ മറ്റാരുടെയും സഹായം ആവശ്യം വന്നില്ല. എന്തൊരതിശയം! ജോർജ്ജും നിത്യയും എന്നേ എഫ്. ബി ഫ്രണ്ട്‌സ് ആണ്! മൂന്ന് വർഷം നീണ്ട മനോഹര പ്രണയം ഇത്രനാൾ കുടത്തിൽ അടച്ച ഭൂതമായി ഈ ലിസ്റ്റിൽ ഒതുങ്ങി കിടന്നത് അവൾ അറിഞ്ഞത് പോലുമില്ല.

ഒട്ടും സമയം കളയാതെ അവൾ ജോർജ്ജിന് മെസേജ് അയച്ചു. മറുപടി കിട്ടാൻ അല്പം വൈകിയെങ്കിലും തുടർന്ന് നീർപാച്ചിൽ പോലെയായി കാര്യങ്ങൾ. ജോർജ്ജ് സിറ്റിയിൽ തന്നെയുണ്ട്, ബാങ്കിലാണ് ജോലി, സുന്ദരിയായ ഭാര്യ, രണ്ടു മക്കൾ.അയാൾക്ക് ഒരു മാറ്റവുമില്ല; അന്നും ഇന്നും മാന്യൻ. അയാളുടെ ചിത്രങ്ങളിലൂടെ അവളെന്നും സഞ്ചരിക്കും; പണ്ടത്തേതിലും സുന്ദരനായിട്ടുണ്ട്, മെലിഞ്ഞ് കഴുത്ത് നീണ്ട ഒരു കോലൻ ചെക്കനായിരുന്നു. ഇപ്പോൾ നല്ല ജിമ്മൻ ബോഡിയും കട്ടിമീശയുമായി ഗൗരവമുള്ള ഒരു ബാങ്ക് മാനേജർ.
പഴയ ഓർമ്മകൾ; ക്യാന്റീൻ, വാക മരം, ലൈബ്രറി, ബസ് സ്റ്റോപ്പ് - അങ്ങിനെ പോയി ഒരാഴ്ച്ചക്കാലത്തെ ചാറ്റുകൾ. ജോർജ്ജിന് നിത്യയെക്കാൾ ഓർമ്മയുണ്ട്, ഫ്രെഷേഴ്‌സ് ഡേയ്ക്ക് അവളെ ആദ്യമായി കണ്ടപ്പോൾ ധരിച്ചിരുന്ന ചുരിദാറിന്റെ നിറം പോലും അയാൾ ഓർക്കുന്നു. നിത്യയുടെ ഓർമകൾ കോളെജ് സിലബസിലും നക്ഷത്രയുടെ അലർജിയിലും സോനുവിന്റെ സൈനസൈറ്റിസിലും ഹരിയേട്ടനെന്ന സമസ്യയിലും ഉടക്കി പലതായി ചിതറിപ്പോയിരുന്നു.

ജോർജിന് ഒഴിവുള്ളൊരു ദിവസം കോഫി ഹൗസിൽ വച്ച് കാണാമെന്ന് അവളാണ് ഐഡിയ ഇട്ടത്. അവിടെവച്ച് അവർ ഒരുപാട് സംസാരിച്ചു, ചാറ്റിൽ കാണുന്നതിനേക്കാൾ ഏറെ. അവർ ഒരേ കപ്പിൽ നിന്ന് കാപ്പി നുണയുകയും ഒരേ ഓംലറ്റിന്റെ അരികുകളിലൂടെ വട്ടം ചുറ്റി ഒരുമിക്കുകയും ചെയ്തു. അന്ന് വീടെത്തിയപ്പോൾ നേരമിരുട്ടി. ഹരിദാസ് ഏതോ സിനിമ കാണുന്നു, മക്കൾ പഠിക്കുന്നു.

‘ഇന്ന് ചില്ലി ചിക്കനും പറോട്ടയും..' സാരി അഴിക്കവെ അവൾ ഉറക്കെ പറഞ്ഞു. കുട്ടികളുടെ മുറിയിൽ നിന്ന് യാഹൂ വിളികൾ.
ഹരിദാസ് ചോദിച്ചു, ‘ഇന്ന് നല്ല മൂഡിലാണെന്ന് തോന്നുന്നു...'
അവൾ അയാളുടെ മൂക്കിൽ അമർത്തി പിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞു, ‘അതെ അതെ, നല്ല രസമുള്ള മൂഡ്..'
‘ഞാനും! വേഗം വാ..' ഹരിദാസിന്റെ മുഖം വല്ലാതെ ചുവക്കുന്നു.
പെട്ടന്ന് നിത്യ അസംബ്ലി ദേഹഭാവം പൂണ്ടു; കൈകാലുകൾ മുറുകി ഘനീഭവിച്ചു, വഴങ്ങാത്ത ശരീരവുമായി അടുക്കളയിലേക്കവൾ മയമില്ലാതെ കയറിചെന്നു.
പറോട്ടക്ക് മാവ് കുഴക്കവെ ജോർജിന്റെ മെസേജുകൾ തുരുതുരാന്ന് വന്നു. ഫോർവേഡ്‌സ് വായിക്കാറില്ലാത്ത നിത്യ അയാൾ അയക്കുന്നതെന്തും വായിക്കും; ഒന്നാം പാഠത്തിൽ നിന്ന് നൊസ്റ്റാൾജിയ ജനിപ്പിക്കുന്ന കുറെ ശകലങ്ങൾ അടങ്ങുന്ന മെസേജ്. അവളത് സ്‌ക്രോൾ ചെയ്തു നോക്കവെ മക്കൾ പറോട്ടയുടെ പുരോഗതി പരിശോധിക്കുവാനെത്തി, ഹരിദാസിന് ഭക്ഷണം കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ലെന്ന മട്ടാണ്. അയാൾക്കുള്ള ഭക്ഷണമാണ് അടുക്കളയിൽ നിന്ന് ഭക്ഷണമുണ്ടാക്കുന്നത്!

അവൾ ജോർജിന് മറുപടി കൊടുത്തു - സ്‌കൂൾ കാലം എത്ര സുന്ദരം, അത് പോലെ ഈ കാലവും എനിക്ക് സുന്ദരമാക്കണം, എനിക്കൊപ്പം നിൽക്കുമോ ജോർജ്?
ഉടൻ വന്നു ഹൃദയ ചിഹ്നങ്ങളുടെ പെരുമഴ.
എന്നാൽ നമുക്ക് ഇന്നത്തെ സ്ഥലത്ത് നാളെയും കാണാം? - അവൾ ചോദിച്ചു. അല്പം വൈകിയെങ്കിലും തള്ളവിരൽ ഉയർത്തിയുള്ള സമ്മതം എത്താതിരുന്നില്ല.

പൊറോട്ടയും ചില്ലി ചിക്കനും കഴിഞ്ഞു. പാത്രങ്ങൾ നാളെ കഴുകാമെന്നുറച്ച് എല്ലാം സിങ്കിൽ തള്ളി അവൾ ഉറങ്ങാൻ കിടന്നു. ഇന്ന് ഹരിയേട്ടൻ വരും മുൻപ് ഉറങ്ങണം, ആ സിനിമ തീരാൻ ഇനിയും അര മണിക്കൂർ ബാക്കിയുണ്ട്. കണ്ണടഞ്ഞു വന്നപ്പോൾ പട്ടികളുടെ കുരയും ഫാനിന്റെ ശബ്ദവും ഇരട്ടിച്ചു. നോക്കുമ്പോൾ ഹരിദാസ് അരികിൽ കിടക്കുന്നു.

‘നീ ഉറങ്ങിയോ?'

അവൾ ഉണർച്ചയുടെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തിരിഞ്ഞു കിടന്നു. പാതി വെന്ത കൊഞ്ചിൻ ചുരുളായി മാറിയ നിത്യയുടെ ഇടുപ്പിലൂടെ ഹരിദാസ് കൈകടത്തി അവളെ അടുപ്പിച്ചു.

‘കുറേ നാള് കൂടിയല്ലേ നിനക്ക് നല്ല മൂഡ് വന്നത്....സിനിമ ഞാനവിടെ കളഞ്ഞു.'
ഡോ ജീവയുടെ ലൂബ്രിക്കേഷൻ ജെല്ലും, സ്വപ്ന ടീച്ചറിന്റെ ചുവന്ന മൂക്കും കൊഞ്ചിന്റെ ദഹനേന്ദ്രിയവും ചേർന്ന് വിചിത്രമായൊരു ദൃശ്യം നിത്യ മേൽക്കൂരയിൽ കണ്ടു. ലൂബ്രിക്കേഷൻ ജെല്ലിന്റെ വഴുവഴുപ്പിൽ കുതിർന്ന കൊഞ്ചിന്റെ ആമാശയം, ചുവന്ന മൂക്കിനെ വലയം ചെയ്തുകൊണ്ട് അത് കിടന്ന് കറങ്ങുകയാണ്. അവൾക്ക് തലകറങ്ങി, കണ്ണുകളിൽ ഇരുട്ട്, അവൾ നെറ്റിയിൽ കൈവച്ചു.
'ഹെന്ത് പറ്റി? ഏഹ് ?' കിതച്ചുകൊണ്ടുള്ള ഹരിയുടെ ചോദ്യം.
പക്ഷെ അയാൾ പിൻവാങ്ങിയില്ല, ഹരിദാസ് എപ്പോഴും വിജയിച്ചേ പിന്മാറൂ.....

ഒടുവിൽ അയാൾ ജയിച്ചിരിക്കുന്നു!

ഉപ്പുവെള്ളം എടുക്കാൻ പോയപ്പോൾ സിങ്കിലെ എച്ചിൽ പാത്രങ്ങൾ അവളെ ദുർഗന്ധത്താൽ സ്വീകരിച്ചു. നീറ്റൽ, ചുളുചുളുപ്പ്, വേദന. രണ്ടു ഗോൾ പോസ്റ്റുകൾ പോലെ അകന്നു നിന്ന തുടകൾ ബലമായി അടുപ്പിച്ച് വച്ച് അവൾ കട്ടിലിന്റെ ഓരത്തിരുന്നു. ജോർജ്ജിനെ നാളെയും കാണാമല്ലോ; അയാളുടെ തമ്പ്‌സ് അപ് ചിഹ്നത്തെ ഒന്നുകൂടി നോക്കി ഉറപ്പിച്ച് അവൾ കിടന്നു.

രാവിലെ തന്നെ ഡോ. ജീവ പറഞ്ഞ ജെൽ വാങ്ങണം. ഓൺലൈൻ ആയി വാങ്ങാമെന്നോർത്ത് അവൾ നല്ലൊരു ബ്രാന്റിനായി തിരഞ്ഞു. ജോൺസൺ ആന്റ് ജോൺസന്റെ ഒരെണ്ണം കിടപ്പുണ്ട്, it will transform your sex life എന്നാണ് ക്യാപ്ഷൻ. നിത്യ ആലോചിച്ചു, എനിക്കെന്റെ ‘സെക്‌സ് ലൈഫ്' മാറ്റിമറിക്കാൻ താത്പര്യമുണ്ടോ?/ എന്തിന് ? / ആർക്കുവേണ്ടി?/ എന്ത് നേടാൻ?

‘ഇല്ല, ഞാനത് ആഗ്രഹിക്കുന്നില്ല' - പ്രൊസീഡ് റ്റു ബൈ എന്ന മഞ്ഞ അക്ഷരങ്ങളെ നോക്കി അത് പറഞ്ഞുകൊണ്ട് അവൾ ക്യാൻസൽ അമർത്തി. ഹരിദാസിന് വേണ്ടിയാണ് താൻ മാറേണ്ടത്. കറിക്ക് മസാലക്കൂട്ട് മാറ്റുന്നത് പോലെ, പാലിൽ ഹോർലിക്ക്‌സ് കലക്കി രുചി കൂട്ടുന്നത് പോലെ, ഉടുപ്പ് തേച്ച് ചുളിവുകൾ നിവർത്തുന്നത് പോലെ ഒരു പരിഷ്‌കരണം തനിക്ക് ആവശ്യമില്ലെന്നവൾ ഉറപ്പിച്ചു .

കോഫിയിൽ നിന്ന് ഐസ്‌ക്രീമിലേക്ക് മാറിയ വൈകുന്നേരം; ജോർജ് അവൾക്കൊരു ഗിഫ്റ്റ് നൽകി - പണ്ട് സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്ന അതേ ഗോപിപൊട്ടുകൾ. കോളേജിന് മുന്നിൽ പണ്ടേ ഉള്ള ഫാൻസി സ്റ്റോറിൽ നിന്ന് വാങ്ങിയത്. നിത്യ ഗോപിപ്പൊട്ടിൽ നിന്ന് വട്ടപ്പൊട്ടിലേക്ക് മാറിയത് ജോലി കിട്ടിയതിനു ശേഷമാണ്. പൊട്ട് കൈമാറി, അവളത് നെറ്റിയിൽ ഒട്ടിച്ചു, ജോർജ്ജ് പ്രേമപൂർവ്വം അവളെ നോക്കി പുഞ്ചിരിച്ചു; ‘എന്റെ പഴയ നിത്യക്കുട്ടി...'

ജോർജ്ജ് ഐസ്‌ക്രീം നുണഞ്ഞുകൊണ്ട് അവളുടെ വിരലിൽ തൊട്ടു. നിത്യ മെനു നോക്കാനെന്ന ഭാവേന ജോർജ്ജിന്റെ അരികിലേക്ക് കസേര നീക്കിയിട്ടു, ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നു ചുറ്റും നോക്കി. പെട്ടന്നായിരുന്നു അത്; അവൾ ജോർജ്ജിന്റെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു. പിന്നിലേക്ക് ചെരിഞ്ഞുകൊണ്ട് ജോർജ്ജ് ശാസിച്ചു, "നിത്യേ...എന്തായിത്!' പൊടുന്നനെ അവൾ ചോദിച്ചു, "നമുക്കൊരു മുറി എടുത്താലോ?' ജോർജ്ജിന്റെ മുഖത്ത് ആശ്ചര്യവും ഇളിഭ്യതയും കലർന്ന അപരിചിത ഭാവം.

‘ഏഹ് ?' വിയർപ്പ് പൊടിഞ്ഞ മേൽച്ചുണ്ട് തുടച്ചുകൊണ്ട് അയാൾ ചോദിച്ചു.

‘അതെ, ഐ മീൻ ഇറ്റ്. നാളെയോ മറ്റന്നാളോ.....ഞാൻ ലീവെടുക്കാം.' നിത്യക്ക് ആകെ ഉന്മേഷം.

ജോർജ്ജിന്റെ മുന്നിലിരുന്ന ഐസ്‌ക്രീം അലിഞ്ഞു വെള്ളമായി. ദാഹിച്ചു തളർന്ന ഓട്ടക്കാരനെപ്പോലെ അയാളത് ഒറ്റ വലിക്ക് കുടിച്ച് തീർത്തു. അന്ന് രാത്രിയും പിറ്റേന്ന് ഉച്ചവരെയും ജോർജ്ജിന്റെ സന്ദേശങ്ങൾ ഉണ്ടായില്ല. നിത്യയുടെ അന്വേഷണങ്ങൾക്ക് തിരക്കാണെന്ന ഒറ്റവരിയിൽ ജോർജ്ജ് തടയിട്ടു. അവൾക്ക് മനസ്സിലായി; ഇങ്ങോട്ടു ചോദിക്കേണ്ടത് അങ്ങോട്ട് ചോദിച്ചു പോയി. സാരമില്ല, കുറച്ച് ദിവസം കാത്തിരിക്കാം.

അവൾ വെറുതെ ജീവയെ ഡയൽ ചെയ്തു, ഇത്തവണ പാത്തും പതുങ്ങിയുമല്ല, സ്റ്റാഫ് റൂമിലിരുന്ന് പരസ്യമായി തന്നെ.
‘ഞാൻ ഓ.പി യിലാ, നീ പറ...'
‘ജീവേ, പൊതുവെ എല്ലാ സാധനങളും ആവശ്യക്കാരാണല്ലോ ചോദിച്ചു വാങ്ങുക, ഇതെന്താ ഇതിനു മാത്രം ഒരു സൈഡിൽ നിന്ന് മാത്രമേ അപേക്ഷിക്കാൻ പാടുള്ളോ?'

‘നീയെന്താ ഉദ്ദേശിക്കുന്നെ?'

‘ഈ സെക്‌സേയ് , സെക്‌സ് ....'

മുറിയിൽ പേഷ്യൻറ്​ വന്നതിനാലോ എന്തോ ജീവ അലക്‌സ് പെട്ടന്ന് ഫോൺ വച്ചു. സ്റ്റാഫ് റൂമിൽ ഉണ്ടായിരുന്ന സ്വപ്നയുടേതടക്കം പലരുടെയും ഭാവം മാറുന്നത് നിത്യ ശ്രദ്ധിച്ചു.

മൂന്നാലു ദിവസങ്ങൾക്ക് ശേഷം സുഖമാണോ എന്ന് ചോദിച്ചുകൊണ്ട് ജോർജ്ജിന്റെ മെസേജ് വന്നു.
‘ഞാൻ ജോർജ്ജിനെ ഞെട്ടിച്ചോ ?'

‘അല്ലാ...ഞാൻ അപ്പോൾ അത് പ്രതീക്ഷിച്ചില്ല, നീ അങ്ങനൊന്നും ആയിരുന്നില്ലല്ലോ...'

‘എങ്ങനൊന്നും ആയിരുന്നില്ലെന്ന്?'

‘ആ.....അത് വിട്.'
പിന്നെ എന്തൊക്കെയോ ചില്ലറ വിശേഷങ്ങൾ പറഞ്ഞ് അയാൾ നിർത്തി.

അടുത്ത ദിവസങ്ങളിൽ കോളേജിലെ ആർട്ട്‌സ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു നിത്യ. അതിനാൽ ജോർജ്ജിന്റെ സന്ദേശങ്ങളുടെ ആവൃത്തിയിലും ദൈർഘ്യത്തിലും വന്ന കുറവുകൾ അത്രകണ്ട് അവളെ ബാധിച്ചില്ല. അന്ന് മിമിക്രിക്കും മോണോ ആക്ടിനും മത്സരാർത്ഥികൾ അധികമായതിനാൽ പരിപാടി ഏഴ് മണി വരെ നീണ്ടു പോയി. ബസ്സിന് പോകേണ്ടുന്നവർ സ്ഥലം കാലിയാക്കിയപ്പോൾ അധ്യാപകരുടെ ഭാഗത്ത് നിത്യയെപ്പോലെ സ്വന്തം വണ്ടിയുള്ളവർ അഞ്ചാറു പേര് മാത്രമായി .

അതാ, സ്റ്റേജിനു പിന്നിലുള്ള ടോയിലറ്റിന്റെ ഭാഗത്ത് നിന്ന് രണ്ടു പേരെയും കൊണ്ട് അനിൽ മാഷ് അവൾക്കരികിലേക്ക് വരുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ അത് തന്റെ ക്ലാസ്സിലെ നിവേദിത കൃഷ്ണയും വിശാൽ. എസ് ഉം ആണെന്ന് തിരിഞ്ഞു.

"ദേ നിക്കുന്നു അസത്തുക്കള്, ടീച്ചറുടെ പിള്ളേരാ..' അനിലിന്റെ മുഖത്ത് വിദ്യുച്ഛക്തി കണ്ടുപിടിച്ചവന്റെ പ്രകാശം, കുട്ടികളുടെ മുഖത്ത് ഇരുട്ട് വീണ കൊക്കയുടെ ശൂന്യതയും.
‘ഞാനപ്പോൾ ഒരു സിഗരറ്റു കത്തിക്കാൻ പോയില്ലായിരുന്നേൽ
കാണില്ലായിരുന്നു ടീച്ചറെ, ഭാഗ്യത്തിന് കയ്യോടെ പിടിക്കാനൊത്തു.'

നിവേദിതയുടെ കണ്ണിൽ നിന്ന് ഒന്ന് രണ്ടു തുള്ളികൾ ഇറ്റുവീണു. വിശാലിന് വല്ലാതെ വിയർക്കുന്നുമുണ്ട്. ഇങ്ങനുള്ള അവസരങ്ങളിൽ ഏതൊരു അധ്യാപികയും നൽകാറുള്ള "വാണിങ്ങ്' നൽകി നിത്യ അവരെ പറഞ്ഞുവിട്ടു. സ്റ്റാഫ് റൂം കടന്ന് അവർ അപരിചിതരെ പോലെ ഇരുവഴിക്ക് പിരിഞ്ഞു.

‘ആ കൊച്ച് എന്റെ വീടിനടുത്താ, ഫൈനൽ ഇയർ അല്ലെ നിത്യ ടീച്ചറെ, അതിനു കല്യാണം ആലോചിക്കുന്നുണ്ട് തന്ത ..'
പിന്നെ ഒരു പത്ത് മിനിറ്റ് നേരം അനിൽ മാഷ് നിവേദിതയുടെ കുടുംബ പശ്ചാത്തലവും ഇരുട്ടത്ത് കാമുകനൊപ്പം അവൾ കാട്ടിയ എരണംകെട്ട പ്രവർത്തിയും വർണ്ണിച്ചുകൊണ്ടിരുന്നു. പേരന്റ്‌സിനെ അറിയിക്കുമെന്ന് നിവേദിതയ്ക്ക് അവസാന താക്കീത് കൊടുത്തു വിട്ടു എന്നൊക്കെയാണ് അയാൾ ആളുകളോടൊക്കെ ഫോൺ വിളിച്ചു പറയുന്നത്. പക്ഷെ നിവേദിതയോട് അതൊന്നും പറഞ്ഞതായി കേട്ടില്ല; അയാൾ പറയില്ല, വീണ്ടും ഇതുപോലെ ഒഴിഞ്ഞ ഇരുട്ടിടങ്ങളിൽ അവരെ ഒരുമിച്ച് കാണാൻ അയാൾ ആഗ്രഹിക്കുന്നു - നിത്യക്ക് ഉറപ്പാണത്!

രാത്രി വീടെത്താൻ വൈകി, പക്ഷെ ഹരിദാസ് ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. വെള്ളിയാഴ്ച്ചയല്ലേ, നാളെയും മറ്റന്നാളും അവധിയാണല്ലോ, ഈ ദിവസങ്ങളിലാണ് ഹരിദാസ് അല്പം മദ്യപിക്കാറുള്ളത്. ചുവന്ന കണ്ണുകളുമായി അവളെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ഹരിദാസിനോട് "ഭക്ഷണം കഴിച്ചോ?' എന്ന് തിരക്കി. താക്കോൽ അലക്ഷ്യമായി സോഫയിലേക്ക് എറിഞ്ഞിട്ട് അവൾ കുളിക്കാൻ കയറി. ദേഹം തുവർത്തി ഇറങ്ങാൻ നേരം ഫാനിന്റെ സ്പീഡ് കൂടുന്നതും കട്ടിലിന്റെ വിജാഗിരികൾ കരയുന്നതും കേട്ടു . ഫാനിനൊപ്പം നിത്യയുടെ നെഞ്ചും തുടിച്ചു.
‘നല്ല മണം, പുതിയ സോപ്പാണോടീ?'
‘ഇന്ന് പതിവിലും കൂടുതൽ ഉള്ളിൽ ചെന്ന കോളാണല്ലോ?'
‘നിന്നെ കാണുന്നില്ല, ഞാനങ്ങ് ഇരുന്നു മടുത്തു. ബോറടി മാറ്റാൻ മൂന്നാലെണ്ണം കേറ്റി ..'

ഹരിദാസിന്റെ വിരലുകൾ ഇഴഞ്ഞിഴഞ്ഞു വരുന്നു, അവളിന്ന് മാക്‌സിയാണ് വേഷം, ശരീരം ബലം പിടിക്കുമ്പോൾ വസ്ത്രത്തിനെങ്കിലും ഒരയവ് ഉണ്ടാവട്ടെ എന്നോർത്ത് ധരിച്ചതാണ്.
ഹരിദാസിനിന്ന് വല്ലാത്ത ഭാരം. ശരീരത്തിന് മുകളിൽ ഒരു ശവപ്പെട്ടി കയറ്റി വച്ചതു പോലെ, അതവളെ മണ്ണിനോട് ചേർത്ത് അമർത്തുന്നു, ശവപ്പെട്ടിക്കു മേൽ ആരോ മണ്ണ് വാരിയിടുന്ന ശബ്ദം കേൾക്കാം.
‘അയ്യോ ഞാൻ ദാ പെട്ടിക്കടിയിലുണ്ട്, ഞാൻ മരിച്ചിട്ടില്ല' - പക്ഷെ പെട്ടിക്കുള്ളിലെ ശവത്തിന്റെ മറവിൽ അവരാരും അവളെ കാണുന്നില്ല, കേൾക്കുന്നുമില്ല.

നിത്യക്ക് തൊണ്ട വരണ്ടു, ഒന്ന് കൂകി വിളിക്കാനായെങ്കിൽ....ഇത്രയും അഗാധതയിൽ നിന്ന് എത്ര ഉറക്കെ വിളിച്ചാലും പുറത്ത് കേൾക്കില്ല. ഹരിദാസിന്റെ ശക്തി ഒരൊറ്റ അവയവത്തിൽ കേന്ദ്രീകരിക്കപ്പെട്ടതു പോലെ.
പണ്ട് സ്‌കൂളിൽ പോകുന്ന വഴിയ്ക്ക് ഒരു പൊക്കമുള്ള മതിലിനപ്പുറത്ത് നിന്ന് ആ വീട്ടിലെ ആരോ ഓവിന്റെ ദ്വാരത്തിലൂടെ വണ്ണമുള്ളൊരു കമ്പ് കൊണ്ട് ചളി വെള്ളം കുത്തി വിടുന്നത് കണ്ടതോർത്തു . നിശബ്ദമായ വഴി, കൽമതിൽ, അതിനു കീഴിലായി ഒരു ദ്വാരം, അതിലൂടെ നല്ല ഊക്കിൽ ഒരു കറുത്ത വിറകുകമ്പ് പുറത്തേക്ക് നീണ്ടുവരുന്നു, പാമ്പ് എന്ന് കരുതി നിത്യ അയ്യോ എന്നു വിളിച്ചപ്പോൾ കൽമതിലിനപ്പുറം ഒരു ചിരി കേട്ടു, പിന്നെ വർദ്ധിച്ച വേഗത്തിൽ ഓവിലൂടെ ആ കമ്പ് അകത്തേക്കും പുറത്തേക്കും ചലിച്ചുകൊണ്ടിരുന്നു. അവൾക്ക് ചുണ്ടു വരണ്ടു, തലചുറ്റി, അവളോടി....ഓടി രക്ഷപ്പെട്ടു. അതുപോലൊന്ന് ഓടാനായെങ്കിൽ!

നിത്യ കാൽ വിരലുകൾ ചലിപ്പിച്ചു, കൈകൾ അനക്കി; അതെ, ഞാനുണ്ട്, ഞാനിവിടെ തന്നെയുണ്ട്. ഇന്ന് പട്ടികൾ പോലും കുരയ്ക്കുന്നില്ല, ഫാൻ മാത്രം ശബ്ദിക്കുന്നു, ഹരിദാസിന്റെ ഒച്ചകൾ ഫാനിന്റെ ചിറകുകൾ കാറ്റായ് വിഴുങ്ങി. നിത്യയുടെ മാക്‌സി നെഞ്ചൊപ്പം ഉയർത്തി വച്ചിരിക്കുകയാണ്. വയറ്റിൽ ഹരിദാസിന്റെ വിയർപ്പൊട്ടുന്നു, നെഞ്ചത്ത് അയാളുടെ ഉമിനീരും. കുറുക്കൻ ഇരയായ ചത്ത ജന്തുവിനെ മണത്ത് നോക്കുന്നത് പോലെ അയാൾ ഇടക്കിടെ അവളുടെ മുഖത്തേക്ക് താണുവന്നു. ഇടുപ്പ് കിടന്ന് ഉലയുകയാണ്, ചന്തി ഭാഗം വിയർത്ത് ഷീറ്റിലൊട്ടുന്നു, കുളിച്ച് വൃത്തിയായി വന്നുകിടന്നത് ഇന്ന് രാത്രിയോ ഇന്നലെയോ!
രക്തം വാർന്നതു പോലെ നിത്യയുടെ മുഖം വിളറി വെളുത്തു, തന്റെ ശരീരത്തിലെ രക്തം ആകമാനം ഒരൊറ്റ ദ്വാരത്തിലൂടെ ഒലിച്ചിറങ്ങുകയാണോ! ഒരു മനുഷ്യ ശരീരത്തിൽ ആകെ അഞ്ചു ലിറ്റർ രക്തമല്ലേയുള്ളു, പക്ഷെ ഇത് അതല്ല, അങ്ങ് ഒഴുകുകയാണ് ..... ഒഴുകിക്കൊണ്ടേയിരിക്കുന്നു.

നിത്യ കൈകൾ ഉയർത്തി ഹരിദാസിനെ തള്ളിമാറ്റി.
​‘എന്താ എന്താ....' അയാൾ കിതച്ചുകൊണ്ട് ചോദിച്ചു. അവളും കിതച്ചു, ' ആ പട്ടികൾ...അതുങ്ങളെന്താ ഇന്ന് വരാത്തത്? ഞാനൊന്ന് നോക്കട്ടെ...'

അയാൾ അവളിൽ നിന്ന് പിടി വിട്ട് കട്ടിലിൽ എണീറ്റിരുന്നു. അവൾ എണീറ്റ് ടോയിലറ്റിൽ കയറി, കുറെ നേരം കണ്ണാടി നോക്കി നിന്നു. കൂർക്കം വലി തുടങ്ങിയപ്പോൾ ഇറങ്ങിവന്ന് വസ്ത്രം മാറി ചുരിദാർ ധരിച്ചു. അടുക്കളയിലെ സ്‌ളാബിൽ കയറി കാലാട്ടി ഇരുന്നു. വിശന്നപ്പോൾ രണ്ടു ദോശ ചുട്ടു തിന്നു. ശേഷം സ്‌ളാബിൽ ചുരുണ്ടുകൂടി. മാർബിളിന്റെ തണുപ്പിൽ ദേഹം കോരിത്തരിച്ചു. രാവിലെ കുട്ടികൾ ഉണരും മുൻപ് എണീറ്റു ചായയിട്ടു. പല്ലു തേച്ച് വന്ന ഹരിദാസ് അവളെ ഒന്ന് നോക്കി, 'ഇന്നലെ നീ ഈ ഉടുപ്പിട്ടായിരുന്നോ കിടന്നത്? ആഹ്.... റമ്മിന്റെ ഒരിതിൽ എനിക്കൊന്നും ഓർമ്മ കിട്ടുന്നില്ല.'

കുട്ടികളും ഹരിദാസും ഇറങ്ങിക്കഴിഞ്ഞു, നിത്യ ഇന്ന് ലീവ് ആക്കി. അവൾ വാട്ട് സാപ് ഗ്രൂപ്പിൽ നിന്ന് വിശാലിന്റെ നമ്പരെടുത്ത് വിളിച്ചു. ശേഷം നിവേദിതയെയും. രണ്ടാളോടും ഉച്ചക്ക് ശേഷമുള്ള ക്ലാസ്സ് കട്ട് ചെയ്ത് വീട്ടിലേക്കു വരാൻ പറഞ്ഞു. കുട്ടികൾ ഭയന്നപ്പോൾ അവൾ കാര്യം വ്യക്തമാക്കി.
‘നിങ്ങൾ ഇനി കക്കൂസിന്റെയും കുളിമുറിയുടെയും ഇരുട്ട് തേടി പോണ്ട, എന്റെ വീട്ടിൽ ഇടമുണ്ട്.'
ഉച്ചക്ക് 12 . 30 ന് അവൾ അവരെ വീണ്ടും വിളിച്ച് വഴി പറഞ്ഞു കൊടുത്തു. കുട്ടികൾ എത്തും മുൻപ് കിടക്കയിൽ പുത്തൻ വിരി വിരിച്ചു, കുടിക്കാനുള്ള വെള്ളം കൊണ്ടുവച്ചു, ടോയിലറ്റ് വൃത്തിയാക്കി, മുറി തൂത്ത് തുടച്ചു.

അവരെത്തി; രണ്ടാളുടെയും മുഖത്ത് അങ്കലാപ്പ്; "ടീച്ചർ ഞങ്ങളെ കളിയാക്കുകയാണോ?'
‘ആര് പറഞ്ഞു? എന്റെ കിടപ്പു മുറിക്ക് വല്ലാത്ത വിമ്മിഷ്ടമാണ്, നിങ്ങളെ പോലെ അടങ്ങാത്ത ആഗ്രഹങ്ങളുള്ള രണ്ടു പേർ ഉരുകി തീരുമ്പോൾ അവിടമൊന്ന് അയയും.'
ഒന്നും മനസ്സിലാകാതെ നിന്ന പിള്ളേർക്ക് അവൾ മുറി കാട്ടിക്കൊടുത്തു. എന്നിട്ട് മക്കളെ വിളിക്കാനെന്ന പേരിൽ അവിടുന്നിറങ്ങി, അവർക്ക് ടീച്ചറിന്റെ സാന്നിധ്യം ശല്യമാകണ്ട. ഗേറ്റിന്റെ താക്കോൽ വിശാലിന്റെ കയ്യിൽ കൊടുത്തു, ‘വീട് പൂട്ടണമെന്നില്ല, ഞാൻ വൈകുകയാണെങ്കിൽ നിങ്ങൾ ഇറങ്ങിക്കോ.'

നക്ഷത്രയെയും സോനുവിനെയും സ്‌കൂളിൽ നിന്ന് വിളിച്ച് കൊണ്ടുപോയി പിസ്സ വാങ്ങിക്കൊടുത്തു. എന്നിട്ട് പാർക്കിൽ പോയിരുന്നു. ഏകദേശം രണ്ടര മൂന്നു മണിക്കൂർ കഴിഞ്ഞുകാണും, കളിച്ചുകൊണ്ടു നിന്ന മക്കളെ അവൾ വിളിച്ച് വണ്ടിയിൽ കയറ്റി.

അമ്മയുടെ ഫോണിൽ ഗെയിംസ് കളിക്കാനൊരുങ്ങിയ സോനു വിളിച്ച് കൂവി, ‘അമ്മേ, ദേ അച്ഛന്റെ മെസേജ്, ഒരു ചേട്ടന്റെയും ചേച്ചിയുടെയും പടം.'

സീറ്റ് ബൽറ്റ് വലിച്ച് മുറുക്കുകയായിരുന്ന നിത്യ സോനുവിന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് നോക്കി. നിവേദിതയും വിശാലും; അവൾ കരയുകയാണ്, അവനും. സ്ഥലം ഏതോ ഓഫീസ് മുറി പോലുണ്ട്, ഗാന്ധിപടമാണ് പിന്നിൽ കാണുന്നത്.
ഹരിദാസിനിന്ന് സൈറ്റ് വിസിറ്റ് ആയിരുന്നുവോ? അറിയില്ല!

നിത്യ ഫോട്ടോയിൽ നോക്കിയിരുന്നപ്പോൾ ഇതാ അടുത്ത മെസേജ് ചാടിവന്നു. അത് ഹരിദാസിന്റെ സെല്ഫിയാണ്, പിന്നിൽ കാണുന്ന ബോർഡ് പോലീസ് സ്റ്റേഷന്റേത്. തള്ളവിരൽ ഉയർത്തി വിജയഭാവത്തിൽ നിൽക്കുന്ന ഹരിയേട്ടന് അവളൊരു മറുപടി അയച്ചു - ‘ആ ബെഡ് ഷീറ്റ് മാറ്റരുത്, ഞാനിതാ വരുന്നു.'

വീട്ടിൽ വന്നു കയറിയപ്പോൾ ഹരിദാസ് കുതിച്ചുകൊണ്ട് അവൾക്ക് നേരെ ചാടി, ‘നീയൊക്കെ ഒരു അധ്യാപികയാണോടീ? കൂട്ടിക്കൊടുപ്പിനാണോ നീയെന്നും ബാഗുംകെട്ടി ഇറങ്ങുന്നത്? രണ്ടിന്റെയും തള്ളേം തന്തേം വിളിപ്പിച്ചിട്ടുണ്ട്. ഇപ്പൊ വന്നുകാണും ഇറക്കിക്കൊണ്ടു പോകാൻ.' അവൾ അയാൾ പറഞ്ഞതൊന്നും കേട്ടില്ലെന്ന ഭാവേന കിടപ്പുമുറിയിലേക്ക് ഓടിച്ചെന്നു. കിടക്ക വിരി വലിച്ചെടുത്ത് നെഞ്ചോട് ചേർത്തു.

ഹരിദാസ് അവളെ ശക്തമായി പിടിച്ചു കുലുക്കി, "നീ കാണിച്ച വൃത്തികേടിനു മറുപടി താ..'
‘ഇതിലും ശക്തമായി കുലുക്കിയപ്പൊഴും എന്റെയുള്ളിൽ ഒന്നിനും അനക്കം വച്ചില്ലല്ലോ. ഇനി മതി! പിന്നെ ആ നിവേദിതയും വിശാലും; അവർക്കൊന്നും സംഭവിക്കില്ല.'

ഹരിദാസ് നോക്കി നിൽക്കെ അവൾ കിടക്ക വിരിയും വാരിക്കൂട്ടി രണ്ടാം നിലയുടെ മുകളിലെ ടെറസിലേക്കോടി. തലയ്ക്ക് മുകളിൽ വിരി ഉയർത്തി പിടിച്ചു, കാറ്റിന്റെ ദിശ നോക്കി അത് മെല്ലെ വീശി, ഒരുനിമിഷം കണ്ണുകൾ അടച്ചു, ശേഷം അവൾ കൈകൾ സ്വതന്ത്രമാക്കി. കിടക്ക വിരി അതിന്റെ മഞ്ഞ പൂക്കൾ വിടർത്തി പറന്നുയർന്നു, അവൾ കണ്ണു തുറന്നു. അതങ്ങനെ ദൂരെ കാറ്റിലുലഞ്ഞു കളിക്കുകയാണ്. നിത്യ ചിരിച്ചു, ആ ചിരിയിൽ അവളുടെ തലയ്ക്കു മുകളിലെ ആകാശം ചുരുൾ നിവർന്നു. ▮


സോണിയ റഫീക്ക്

കഥാകൃത്ത്, നോവലിസ്റ്റ്​, വിവർത്തക. ഇസ്​തിരി, പെൺകുരിശ്, ഭഗത് ഭാസിൽ (കഥാ സമാഹാരങ്ങൾ), ഹെർബേറിയം (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. വെർജീനിയ വുൾഫിന്റെ ആത്മകഥാപാരമായ കുറിപ്പുകൾ സമാഹരിച്ച് പരിഭാഷപ്പെടുത്തിയ അപൂർണ വിഷാദങ്ങൾ എന്ന പുസ്തകവും​ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. യു.എ .ഇ യിൽ താമസിക്കുന്നു.

Comments