ചുവന്ന
തുമ്പക്കുടം

റെയിൽപാളത്തിനടുത്തായിരുന്നു ഞങ്ങളുടെ വീട്‌. പാളത്തിനടുത്ത് തോട്ടികൾ താമസിക്കുന്ന ശബ്ദമുഖരിതമായ കോളനിയും മുഷിഞ്ഞ ചന്ദനക്കളറിൽ പെയിന്റടിച്ച പഴയ റെയിൽവേ ക്വാർട്ടേഴ്സുകളും കഴിഞ്ഞുള്ള ഇടവഴിയുടെ അറ്റത്ത്.

കാടുകയറിയ ക്വാർട്ടേഴ്സുകളുടെ പെയ്ന്റിളകിയ ഭാഗങ്ങൾഎന്തെങ്കിലും വച്ച് മറയ്ക്കാൻ അവിടെ താമസിക്കുന്നവരാരും അന്ന് ശ്രമിച്ചിരുന്നില്ല. ആ കാടുകയറിയ പഴക്കവും ചുറ്റുവട്ടത്തിന്റെ വൃത്തിയില്ലായ്മയും തങ്ങളുടെ മുഷിഞ്ഞ ജീവിതത്തിന്റെ അടർത്താനാവാത്ത ഭാഗമെന്നോണം അവരെല്ലാം ഇഷ്ടപ്പെട്ടിരിക്കണം.

റെയിൽപാളത്തിലൂടെ പോകുന്ന തീവണ്ടികളുടെ ലോഹ ഒച്ചയിലുള്ള താളവ്യതിയാനവും, ആവൃത്തിയും ശ്രദ്ധിച്ച് തീവണ്ടിയുടെ പേരു തിരിച്ചറിയാനുള്ള ഒരു മനക്കണക്ക് അക്കാലത്ത് ഞാൻ സ്വായത്തമാക്കാൻ ശ്രമിച്ചിരുന്നു. ഭൂതകാലത്തെ അപ്പാടെ തള്ളികളയാതെ  ആസക്തിയോടെ ചേർത്തു നിർത്താൻ ശ്രമിക്കുമ്പോളെല്ലാം അതിനിടയിലേക്ക് റെയിൽപാളങ്ങൾ കയറി വന്ന് നീണ്ടു നിവർന്നു കിടക്കും.

നരച്ച ചെമ്മണ്ണുപാതയുടെ ഇരുവശത്തുമുള്ള കാട്ടു പൊന്തകളിൽ നിറയെ ചുവന്ന കൃഷ്ണകിരീടവും മഞ്ഞ കാട്ടുസൂര്യകാന്തിയും പൂത്തു നില്ക്കുന്ന ഓറഞ്ചു വൈകുന്നേരങ്ങളിൽ റെയിൽവേ പാളം മുറിച്ചുകടന്ന് അമ്മുമ്മയോടൊപ്പം മുഷിഞ്ഞ സഞ്ചിയും പിടിച്ച് ഞാൻ മീൻമാർക്കറ്റിലേക്കു പോയിരുന്നു. റെയിൽവേ ക്വാർട്ടേഴ്സിനോടു ചേർന്നു പോകുന്ന ലൈനിലൂടെ പതുക്കെ കടന്നുവരുന്ന ഗുഡ്സ് ട്രെയിനിൽ നിന്ന് സിമന്റു ചാക്ക് ചുമന്ന് ഗോഡൗണിലേക്കു മാറ്റുന്ന പരിചയക്കാരിലാരെങ്കിലും അപ്പോൾ അമ്മുമ്മയോട് കൈ വീശി കാണിക്കും.

തിരിച്ചുവരുമ്പോൾ കാവിന്റെ അരികിലൂടെ കുത്തനെ താഴോട്ടിറങ്ങുന്ന വീതി കുറഞ്ഞ ഇടവഴി താണ്ടി കൽപ്പടവുകൾ കേറി ശങ്കരപാപ്പന്റെ വീട്ടിൽ കയറുമെന്നും അവിടെ ശാരദേടത്തി ചായേം പലഹാരോം എടുത്തു വച്ചിരിക്കും എന്നുമോർത്ത് നാവിൽ വെള്ളമൂറ്റി മുഷിഞ്ഞ സഞ്ചിയോടൊപ്പം എന്റെ തലമുടിയുമാട്ടി മാർക്കറ്റിലേക്ക് അമ്മുമ്മയുടെ മുന്നിലോടുമ്പോൾ വടക്കുനിന്ന് തീവണ്ടിയുടെ ചൂളം വിളി കേൾക്കും.

ആഞ്ഞു നടന്ന് ശങ്കരപാപ്പന്റെ തൊടിയിലേക്കുള്ള കൽപ്പടവുകളിൽ കയറുമ്പോൾ ഇടയ്ക്കെല്ലാം കാൽ വഴുക്കും. കൂടാതെ ഓണക്കാലത്ത് അത്തം തൊട്ട് പത്തു ദിവസവും ഞങ്ങൾ കുട്ടികൾ ശങ്കരപാപ്പന്റെ തൊടിയിലേക്ക് അനുവാദത്തിനു കാത്തു നില്ക്കാതെ പൂ പറിക്കാൻ ഓടിക്കയറുമായിരുന്നു.. അത്തത്തിന്റെ തലേന്ന് കോഴിക്കോട്ടങ്ങാടിയിൽ നിന്ന് അമ്മമ്മ പണി കഴിഞ്ഞു വരുമ്പോൾ കുരുമുളകു മണക്കുന്ന മുണ്ടിൻ കോന്തലയിൽ തിരുകി രണ്ടു ചെറിയ പൂവട്ടികൾ കൊണ്ടുവരും.ഒന്നെനിക്കും മറ്റേത് അനിയത്തിക്കും.ഞങ്ങൾ പൂവട്ടിയുടെ ചന്തം നോക്കി മയങ്ങുമ്പോൾ കല്ലായി പുഴയും കടന്ന്  തണുത്ത കാറ്റു വീശും. അതിൽ പുഴയിലൂടെ ഒഴുകി വരുന്ന കൂറ്റൻ മരത്തടികളുടെ ജാതിയും പഴക്കവും ഗുണവും മണക്കും. ചിങ്ങമാസത്തിന്റെ ഹൃദയകുതിപ്പിന്റെ ഹർഷം ഹമ്മിങ്ങായി തുടക്കത്തിലുള്ള വാണീജയറാമിന്റെ പാട്ട്

‘ആ...ആ....ആ .... ആ ....
തിരുവോണപുലരിതൻ 
തിരുമുൽ കാഴ്ച വാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങി…’

കാവിൽ തിറ കെട്ടുന്ന കുഞ്ഞിരാമേട്ടന്റെ പൊരയ്ക്കു പിന്നിലുള്ള ദുബായ്ക്കാരൻ ദാസേട്ടന്റെ വലിയ റേഡിയോയിൽ നിന്ന് പരന്നൊഴുകും. അത് കേൾക്കുമ്പോൾ ഞങ്ങളുടെ പൂവട്ടിയിൽ തനിയെ പൂക്കൾ നിറയും. രാത്രി തീവണ്ടിയുടെയുടെ ചൂളം വിളിയോടൊപ്പം ലോഹം ലോഹത്തിലുരസുന്ന കനമേറിയ ശബ്ദത്തിലെ താളത്തിൽ ലയിച്ച്  ഞങ്ങൾ ചാണകം മെഴുകിയ നിലത്ത് വിരിച്ചിട്ട നിറം മങ്ങിയ തഴപ്പായയിലുറങ്ങുമ്പോൾ പൂവട്ടികൾ തൊട്ടരികിലുണ്ടാവും. കുറച്ചു വർഷങ്ങൾ ഞങ്ങൾ എളയത്തും വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കോഴിക്കോട് കല്ലായിയിൽ റെയിൽവേ പാളത്തിനപ്പുറം മുരിങ്ങത്തെ കാവിനടുത്ത്.

ഓണക്കാലത്ത് തുമ്പയും മുക്കുറ്റിയും ചെട്ടിച്ചിയും തെച്ചിയും ധാരാളമുള്ള തൊടികളിലൊന്നായിരുന്നു ശങ്കരപ്പാപ്പന്റെത്. അമ്മയുടെ വീട്ടിൽ നിന്നിറങ്ങി സരോജിന്യേടത്തിയുടെ മുറ്റത്തൂടെ നടന്ന് കാർത്ത്യാനിയമ്മയുടെ പടി കടന്ന്, വല്ല്യേടത്തെ തൊടി കഴിഞ്ഞാൽ ശങ്കരപാപ്പന്റെ യും, ശാരദേടത്തിയുടെയും വീട്ടിലേയ്ക്കുള്ള ഇടവഴി തുടങ്ങുകയായി. ഇരുവശത്തും ചെങ്കൽ മതിൽ കെട്ടിയ പോലുള്ള ഇടവഴിയുടെ മുകളിൽ അപ്പുറത്തും ഇപ്പുറത്തുമായ് ശങ്കരപാപ്പൻ്റേം വല്ല്യേടത്തേം തൊടി പരസ്പരം മുഖത്തോടു മുഖം നോക്കി പ്രണയിച്ചു നിന്നു. അതിനു നടുവിലായി താഴെ നീളത്തിൽ ദൂരെ റെയിൽപാളം വരെ നീണ്ടു കിടക്കുന്ന ഇടുങ്ങിയ വീതി കുറഞ്ഞ ചെങ്കൽ ചുവപ്പാർന്ന ഇടവഴി.ആ ഇടവഴിയിലൂടെ നടന്നു് റെയിൽവേ പാളം മുറിച്ചുകടന്നാണ് ഞങ്ങൾ ദിവസവും കല്ലായി സ്ക്കൂളിലേക്ക് പോയിരുന്നത്.

അന്നാട്ടിലെ പൈസക്കാരുടെ വീടുകളായിരുന്നു ശങ്കരപാപ്പൻ്റേം വല്ല്യേടത്തേം. അമ്മയുടെ അച്ഛന്റെ അനിയനായിരുന്നു  ശങ്കരപാപ്പൻ...നാട്ടിലെ പ്രമാണി. കച്ചോടക്കാരൻ. ദയാലു .  അമ്മേടച്ഛൻ മരിച്ച് അമ്മമ്മയ്ക്ക് രണ്ടു കുട്ടികളെ നോക്കാൻ നിവൃത്തിയില്ലാതായപ്പോൾ ശങ്കരപാപ്പനും ശാരദേടത്തിയും അമ്മയെ അവരുടെ മാളിക വീട്ടിലേക്കു കൊണ്ടു പോയി. പിന്നെ അമ്മയുടെ കല്ല്യാണം വരെ അമ്മ ശങ്കരപാപ്പന്റെ വീട്ടിലായിരുന്നു. അതിരാവിലെ ഞാനും അനിയത്തിയും, പുഷ്പയും മല്ലികയും ഗീതയും അനിയും എല്ലാവരും കൂടി പായൽ പിടിച്ച് വഴുക്കുന്ന കൽപടവുകൾ കയറി ശങ്കരപാപ്പന്റെ മുറ്റത്തേക്കു കയറുമ്പോൾ കിണറ്റിൻകരയിൽ ശാരദേടത്തിയുണ്ടാവും.കുളിച്ച് വൃത്തിയുള്ള പരുത്തി സാരിയുടുത്ത് ചന്ദനവും ഭസ്മവും തൊട്ട് . എന്തു ഭംഗിയായിരുന്നു ശാരദേടത്തിയെ കാണാൻ അന്നൊക്കെ.

പുളിയും ഭസ്മവുമിട്ടു തേച്ചുവെളുപ്പിച്ച കിണ്ടിയിൽ വെള്ളം നിറച്ച് തൂശനിലയിൽ വച്ച് അതിൽ തുമ്പയും തെച്ചിയും തുളസിയിലയും ഇട്ട് കിഴക്കോട്ട് വാലുതിരിച്ച് തേച്ചു കഴുകിയ മര പലകയിൽ വച്ചിട്ടുണ്ടാവും. അരികിൽ നിറയെ എണ്ണയുമായി നിലവിളക്കു കത്തിച്ചുവച്ചിരിക്കും. ആ നിലവിളക്കിനും ശാരദേടത്തിക്കും ഇടയിൽ അദൃശ്യമായ എന്തിന്റെ യോ സാന്നിദ്ധ്യം അവരെ വെളിച്ചത്താൽ സമാനരാക്കിയിരുന്നു. ഞങ്ങൾ പൂ തേടി ചെല്ലുമ്പോൾ ശങ്കരപാപ്പന്റെ വീട്ടിൽ സഹായിക്കാനായി വരുന്ന അമ്മുട്ട്യമ്മ തന്റെ ഞാന്നു കിടക്കുന്ന കാതിലെ കടുക്കൻ ആട്ടികൊണ്ട് ഈണത്തിൽ മുറ്റമടിക്കുന്നുണ്ടാവും.. അവരുടെ കാതു പോലെ നീണ്ട മുലകൾ ബ്ളൗസിനുള്ളിൽ നിന്നു് താഴോട്ട് ഊർന്നിറങ്ങി കാതിലെ കടുക്കനൊപ്പം ആടും.

ഞങ്ങൾ കയറി ചെല്ലുന്നതു കാണുമ്പോൾ ശാരദേടത്തി മുറ്റമടിക്കുന്ന അമ്മുട്ടിമ്മ്യേ നോക്കി പറയും, ‘അമ്മുട്ട്യേ കുട്ട്യോൾക്ക് തുമ്പേം മുക്കുറ്റീം നില്ക്കണ സ്ഥലം കാണിച്ചു കൊടുക്ക് 'ഓര് പറിച്ചോട്ടെ’.  
വട്ടി നിറയെ പൂക്കൾ പറിച്ച് കലപില കൂട്ടി ഞങ്ങൾ ശങ്കരപാപ്പന്റെ കൽപടവിറങ്ങാൻ തുടങ്ങുമ്പോൾ ശാരദേടത്തി  പിന്നിൽ നിന്ന് വിളിച്ചു ചോദിക്കും, ‘മോളേ, അമ്മ എന്തെടുക്കുന്നു. ചോദിച്ചൂന്നു പറയണേ’.
അടുക്കളയിൽ പണിയിലാണെന്നോ, മുറ്റമടിക്കുകയാണെന്നോ ഉത്തരം പറഞ്ഞ് ഞാൻ വട്ടിയിലെ പൂക്കളും കൊണ്ടോടും.  അമ്മയെ അത്രയ്ക്കിഷ്ടമായിരുന്നു ശാരദേട്ടത്തിയ്ക്ക്...

അമ്മയെ ചെറുപ്പത്തിൽ കുറെ വർഷങ്ങൾ അവരുടെ മക്കളെ പോലെ തന്നെ  നോക്കി വളർത്തിയതല്ലേ. അമ്മയുടെ ഭൂതകാലത്തിൽ പച്ച പിടിച്ചു നില്ക്കുന്ന ഓർമ്മ എന്നും ശങ്കരപാപ്പന്റെ വീടിനെക്കുറിച്ചുള്ളതായിരിക്കണം.

പൂത്തറ ഒരുക്കാൻ തൊടിയിലെ ആരെങ്കിലുമൊക്കെ ചേർന്ന് അമ്മുമ്മ റെയിൽവേ പാളത്തിന്റെ അരികിലുള്ള ചെങ്കൽ തിണ്ടുകൾ അടർത്തി ചെങ്കൽ പൊടി കൊണ്ടുവരും. പാളത്തിനരികെ ചെമ്മണ്ണുള്ള സ്ഥലമെല്ലാം റെയിൽവേക്കാരുടെ സ്വത്തായിരുന്നു. റെയിൽവേ പോലീസ് റോന്തുചുറ്റുമ്പോൾ ചെങ്കൽ പൊടി വാരുന്നവരെ കണ്ടാൽ അവർ ഓടിക്കും. റെയിൽവേ പോലീസ് വരുമെന്നു പേടിച്ച് ധൃതിയിൽ അലൂമിനിയം ബക്കറ്റിൽ അമ്മമ്മേം പടിഞ്ഞാറേതിലെ കൗസേടത്തിയും ചെങ്കൽ പൊടി നിറയ്ക്കുന്നത്  പേടിയോടെ ഞങ്ങൾ കുട്ടികൾ  നോക്കി നില്ക്കും. ചെങ്കൽ പൊടി വീട്ടിൽ കൊണ്ടുവന്ന് ഒരു തട്ടോ മൂന്നു തട്ടോ അഞ്ചു തട്ടോ ഉള്ള പൂത്തറകളുണ്ടാക്കും.

അക്കാലത്ത് ചെമ്മണ്ണുവാരിയാൽ റെയിൽവേകാർ പിടിച്ച് ജയിലിലടയ്ക്കുമെന്ന് പറഞ്ഞു പേടിച്ചത് വെറുതെയായിരുന്നെന്ന് പിന്നീടെപ്പോഴോ അമ്മാവൻ ഞങ്ങളോട് പറഞ്ഞു. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്നെയും അനിയത്തിയെയും അനിയനെയും അമ്മയെയും അച്ഛൻ കൊടുങ്ങല്ലൂർക്ക് തിരികെ കൊണ്ടു പോകുന്നത്..വീണ്ടും ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേയ്ക്കുള്ള പറിച്ചു നടൽ ഞങ്ങളുടെ കുഞ്ഞു മനസ്സുകളെ വേദനിപ്പിച്ചു. അക്കൊല്ലത്തെ ഓണവും ഓണപ്പരീക്ഷയും കഴിഞ്ഞായിരുന്നത്.

അത്തം കഴിഞ്ഞ് മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ  അഞ്ചു നിലയുള്ള പൂത്തറയുടെ വക്കുകൾ ഇടിഞ്ഞു. അത് നന്നാക്കാൻ കുറച്ചു കൂടി ചെങ്കൽ പൊടിയിടുക്കാമെന്നു് പറഞ്ഞ് അമ്മമ്മേം പടിഞ്ഞാറേലെ കൗസുഏടത്തിയും റെയിൽവേ പാളത്തിനടുത്തേക്ക് ബക്കറ്റുമായി പോയി.ഞങ്ങൾ കുട്ടികളപ്പോൾ വടക്കേ തൊടിയിലെ വഴിയിറമ്പത്തുള്ള തോട്ടിൽ പൊടിമീനുകളെ പിടിച്ചു കളിക്കുകയായിരുന്നു.തുമ്പയോ മറ്റേതെങ്കിലും പൂവോ കിട്ടുമോ എന്നു കരുതി പൂവട്ടി എന്റെ അരയിൽ കെട്ടിയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ മുരിങ്ങത്തെ കാവിലേക്കു പോകുന്ന പെണ്ണുങ്ങളുടെ പിന്നിലായി അമ്മമ്മയും കൗസുഏടത്തിയും ബക്കറ്റുമായ് കരഞ്ഞു ഓളിയിട്ടു ഓടി വരുന്നുണ്ടായിരുന്നു ചെമ്മണ്ണു കുഴിച്ചെടുക്കുന്നത് കണ്ട് റെയിൽവേ പോലീസ് അവരെ. പിടിക്കാൻ വന്നിട്ടുണ്ടാവും എന്നാണ് ഞങ്ങൾ കുട്ടികൾ കരുതിയത് -തോട്ടിന്റെ വക്കത്തിരുന്ന് സൊറ പറഞ്ഞിരുന്ന ശ്രീധരേട്ടനും അമ്മാവനും എന്താണ് എന്താണ് എന്ന് അവരോട് ചോദിക്കുന്നുണ്ടായിരുന്നു. അമ്മാവനും ശ്രീധരേട്ടനും സമപ്രായക്കാരായിരുന്നു. സദാ ഒന്നിച്ചു നടന്നിരുന്നവരും. അവർ തോട്ടും വക്കത്തോ, റെയിൽപാളത്തിനരികിലോ ഇരുന്ന് ദിനവും സന്ധ്യ ചുവന്നു വരുന്നതു കണ്ടു. നാടിനെക്കുറിച്ച് ഏറെ മിണ്ടിപ്പറഞ്ഞു. വാല്യക്കാരത്തികളായ പെൺകുട്ടികളെക്കുറിച്ച് അപൂർവ്വമായി മിണ്ടി - ആരെ കുറിച്ചും കുറ്റം പറഞ്ഞില്ല.  പെര നോക്കാൻ അന്നാന്നു കിട്ടുന്ന പണിയെടുത്തു. ഒരിക്കലും റാക്കു കുടിച്ചില്ല.

അമ്മമ്മയും, കൗസേടത്തിയും ഓടിക്കിതച്ചുവന്നതു കണ്ട് അവർ വാ പൊളിച്ചു. റെയിൽപാളമിരിക്കുന്ന ഭാഗത്തേക്കു ചൂണ്ടി അവർ എന്തോ പറയുന്നത് അമ്മാവനും ശ്രീധരേട്ടേനും തിരിഞ്ഞില്ല. വീണ്ടും ചോദിച്ചപ്പോൾ കൗസേടത്തി കിതച്ചുകൊണ്ട് പറഞ്ഞു, ‘അവിടെ റെയിൽ പാളത്തിൽ ആരോ തീവണ്ടിയ്‌ക്ക് തലവച്ചു. തലവച്ചയാളുടെ അറ്റകൈ ഞങ്ങളുടെ തൊട്ടടുത്തു വന്നു വീണു. ഞങ്ങൾ തിരിഞ്ഞു നോക്കാതെ ഓടി’.

മുഴുവൻ കേൾക്കാൻ നില്ക്കാതെ  ശ്രീധരേട്ടനും അമ്മാവനും ഞങ്ങൾ കുട്ടികളും റെയിൽ പാളത്തിന്റെ അരികിലേക്കോടി. ഞങ്ങളുടെ ഓട്ടം കണ്ട് സ്റ്റോറുമ്മേലത്തെ ലതേടത്തി എന്താ മണ്ടുന്നേ എന്ന് മുകളിൽ നിന്നു് ഉറക്കെ വിളിച്ചു ചോദിച്ചു. ശ്രീധരേട്ടൻ എന്തോ മറുപടി പറഞ്ഞു. ഞങ്ങളെല്ലാം റെയിൽപാളമെത്തുന്നതു വരെ നിർത്താതെ മണ്ടി. അവിടെ വലിയൊരു ആൾക്കൂട്ടമുണ്ടായിരുന്നു.

കൂട്ടം കൂടി നിന്ന ആളുകളെ വകഞ്ഞു മാറ്റി പാളത്തിലേക്ക് എത്തിനോക്കാൻ എനിക്കു ധൈര്യമുണ്ടായിരുന്നില്ല. അമ്മാവനും ശ്രീധരേട്ടനും ബാക്കിയുള്ളവരും ആൾക്കൂട്ടത്തിനിടയിലൂടെ തിക്കിതിരക്കി പാളത്തിനകത്തേക്കു പോകുന്നതു കണ്ടു. റെയിൽവേ പോലീസുകാരുണ്ടായിരുന്നു ചുറ്റും. ഭയന്ന് വിറച്ച് ആൾക്കൂട്ടത്തിൽ നിന്ന് മാറിനിന്നിരുന്ന എന്റെ യടുത്തായി നിന്നിരുന്ന രണ്ടു പോലീസുകാർ പതുക്കെ പിറുപിറുക്കുന്നതു കേട്ടു;
‘മെഡിക്കൽ കോളേജിൽ ഡോക്ടർ ഭാഗത്തിനു പഠിക്കുന്ന പെങ്കുട്ടിയാത്രേ തൃശൂർക്കാരി.. മെഡിക്കൽ കോളേജിൽ ക്ലാസീ കൂടെ പഠിക്കണ ഏതോ ആണു ഡോക്ടറുമായി  ലോഗ്യായിരുന്നു.. ഓൻ ഈ ഓണത്തിനു് വേറെ മംഗലം കഴിക്കാൻ പോണതറിഞ്ഞ് ഡോക്ടറുപെൺക്കുട്ടി തീവണ്ടിക്കു തല വച്ചു. ഓൻ ഓള് തലവച്ച തീവണ്ടിയിൽ നാട്ടിലേക്കു പോവായിരുന്നു.. പാവം ഓനോടു പെരുത്ത് സ്നേഹായിരുന്നെന്ന്’.

എന്റെ അരയിൽ കെട്ടിയ പൂവട്ടിയിൽ തോട്ടിറമ്പത്തു നിന്നു് പൊട്ടിച്ച രണ്ടോ മൂന്നോ തുമ്പക്കുട മുണ്ടായിരുന്നു - അതിലെ ഒരു തുമ്പക്കുടം വട്ടിക്കു പുറത്തേക്കു തല നീട്ടി നിന്നു. ഡോക്ടറുപെൺകുട്ടിയുടെ ചിതറിയ ശരീരം കാണാതെ മാറി നിന്നെങ്കിലും പാളത്തിലേക്ക് തെറിച്ചു വീണിരുന്ന അനേകം ചോര തുള്ളികൾ ഞാൻ കണ്ടു. തൊട്ടടുത്ത് കർപ്പകവും, മുത്തുസ്വാമിയും താമസിച്ചിരുന്ന റെയിൽവേ ക്വാർട്ടേഴ്സിന്റെ മുറ്റത്തു കെട്ടിയ അഴയിൽ ആ പെൺകുട്ടിയുടെ തലയിലെ ചുവന്ന തട്ടം പാറി പറന്നുവന്ന് തൂങ്ങിക്കിടന്നിരുന്നു. എന്റെ വട്ടിയിലിരുന്ന് പുറത്തേക്ക് തല നീട്ടുന്ന വെളുത്ത തുമ്പക്കുടം പെട്ടെന്ന്ചുവന്നു പോയതായി എനിക്ക് തോന്നി. റെയിൽവേ പാളത്തിലെ ചോന്ന ചോര തുള്ളികളിൽ മനസ്സുകൊരുത്ത്  പാളത്തിനരികെ നിന്നു് വീട്ടിലേക്ക് തിരിച്ചുവരുമ്പോൾ ഞങ്ങൾ കുട്ടികൾ പതിവില്ലാതെ നിശ്ശബ്ദരായിരുന്നു. വളരെ ശബ്ദം താഴ്ത്തി ശ്രീധരേട്ടൻ അമ്മാവനോട് പറയുന്നത് കേട്ടു,
‘അപ്പെങ്കുട്ടി തീവണ്ടിയ്ക്ക് തലവയ്ക്കണേനു മുമ്പ് വാസുട്ട്യേട്ടന്റെ പീട്യേന്ന് നന്നാറി സർവ്വത്ത് വാങ്ങി കുടിച്ചെന്ന്’.
അമ്മാവൻ ഒന്നും പറയാതെ ശ്രീധരേട്ടന്റെ തോളിൽ കയ്യിട്ട് ചേർത്തു പിടിച്ചു നടന്നു. എന്റെ കൺമുമ്പിലപ്പോൾ കർപ്പകത്തിന്റെ അഴയിൽ തൂങ്ങിയാടുന്ന ചുവന്ന തട്ടമായിരുന്നു.

പിറ്റേന്നു രാത്രി തോരാതെ മഴ പെയ്തു. മഴ കനത്തപ്പോൾ ഇരുട്ടു നിറഞ്ഞ  ഇടവഴിയിലൂടെ ചെങ്കല്ലുപുഴ ചോന്നു പുളഞ്ഞ് ഇരമ്പി പായുന്നത് ഞാൻ സ്വപ്നം കണ്ടു. ചെങ്കല്ലുവെള്ളം നിറഞ്ഞ ഇടവഴി ഏതോ വിദൂരദേശത്തേക്ക് നീണ്ടു വളഞ്ഞു പോയി.. ആകാശത്തു നിന്ന് മിന്നൽവേരുകൾ ഭൂമിയിലേക്കിറങ്ങി വന്നു. ഇടിമുഴക്കത്തിന്റെ പ്രകമ്പനത്തിൽ അടുക്കളയിലെ കവിടി പിഞ്ഞാണങ്ങൾ കിലുങ്ങി . വാതിൽ പാളികൾ വിറച്ചു.. ഇടവഴിയുടെ മധ്യേ മുകളിലേക്ക് കൽപ്പടവുകൾ കെട്ടി ചെങ്കല്ലു ചെത്തി പടുത്തുയർത്തിയ സ്റ്റോറുമ്മേലത്തെ ലതേടത്തിയുടെ മാളിക വീട് ഇടിഞ്ഞ് വീണ് ഒലിച്ചുപോകുമോ എന്ന് ഞാൻ ഭയന്നു. .റെയിൽ പാളത്തിൽ ദുഃഖം സഹിക്കാതെ ആരെങ്കിലും വീണ്ടും തലവച്ചേക്കാമെന്നും അവരുടെ തലയും കൈകാലുകളും മിന്നൽ വെട്ടത്തിൽ പാളത്തിനു മീതെ പറന്നു നടക്കുമെന്നും ഭയന്ന് കിടക്കപ്പായയിൽ ഞാൻ എഴുന്നേറ്റിരുന്നു. ഓണത്തിനു മുമ്പ്  തോരാതെ മഴ പെയ്താൽ തിരുവോണത്തിനു് കത്തുന്ന വെയിലായിരിക്കുമെന്ന് അമ്മമ്മ പായയിൽ തിരിഞ്ഞുകിടന്ന് പിറുപിറുക്കുന്നത് കേട്ടു. അന്നേരം അമ്മമ്മയുടെ ദേഹത്തു നിന്ന് കുരുമുളകിന്റെ യും മല്ലിയുടെയും ഏലക്കായുടെയും മണം മുറിയിലാകെ പരന്ന് ഓലക്കീറിനിടയിലൂടെ കോലായിലേക്ക് ഒഴുകവെ വീണ്ടും വലിയ ഇടിവെട്ടി.

ഞങ്ങളുടെ വക്കു പൊട്ടിയ പൂത്തറയിലെ പൂക്കളം പിന്നീടുള്ള ദിവസങ്ങളിൽ ഒരിക്കലും ഭംഗിയുള്ളതായില്ല. അത് ഭംഗിയുള്ളതാക്കാൻ ചെങ്കൽ പൊടി വാരാൻ റെയിൽ പാളത്തിനടുത്തേക്കും പൂ പറിക്കാൻ വഴുക്കുന്ന ചെങ്കൽ പടവുകൾ കയറി ശങ്കരപാപ്പന്റെ പൂ തൊടിയിലേക്കും ഞങ്ങൾ പോയതുമില്ല. ഭീദിതവും നിരാശാജനകവുമായ എന്തോ ഒന്ന് ചുവപ്പുനിറത്തിൽ സദാ സമയവും ഞങ്ങൾ കുട്ടികളെ ചൂഴ്ന്നു നിന്നു. അതിന്റെ ചുവപ്പു നിറമുള്ള ജഢത്വത്തെ പൂർണ്ണമായും കുത്തിക്കീറി വലിച്ചു പറിച്ചു കളഞ്ഞ് ചലനമുള്ളതാക്കാൻ അക്കൊല്ലത്തെ ഗൃഹാതുരതയാർന്ന ഓണ വരവിനായില്ല.

അക്കൊല്ലം ഓണം കഴിഞ്ഞ് ഒരു ദിവസം ചെറിയ സൂട്ട് കേസും തൂക്കിപ്പിടിച്ച് അച്ഛൻ വന്നു.  അപ്പോൾ അമ്മ വടക്കേ തൊടിയിൽ പശുവിനെ മേയ്ച്ചു നിന്നിരുന്ന അമ്മയുടെ ചങ്ങായ്ച്ചി സരോജിന്യേടത്തിയോട് വർത്തമാനം പറഞ്ഞു നില്ക്കുകയായിരുന്നു.ഞങ്ങൾ കുട്ടികൾ അവർക്കു ചുറ്റും തൊടിയിൽ പേരറിയാത്ത ഏതൊക്കെയോ കളികൾ കളിച്ചു കൊണ്ട് ഓടി നടന്നു.

ഇരുന്ന് കൊത്തങ്കല്ല് കളിക്കാമെന്നു ഞാൻ പറഞ്ഞപ്പോൾ ആരും കൂട്ടാക്കിയിരുന്നില്ല. ഒറ്റയ്ക്കായ പെണ്ണുങ്ങളുടെ ചുറ്റും മാത്രം കറങ്ങുന്ന പടിഞ്ഞാറൻ കാറ്റ് അമ്മയ്ക്കു ചുറ്റും കറങ്ങുന്നത് ഞാൻ മാത്രം കണ്ടു.  സരോന്യേടത്തിയോട് മിണ്ടീം പറഞ്ഞും നില്ക്കുമ്പോൾ പലവട്ടം പെയ്തു തോർന്ന മഴയിൽ തണുക്കുന്നതു പോലെ അന്നാളിൽ അമ്മ തണുത്തിരിയ്ക്കണം.. അച്ഛൻ അമ്മയ്ക്ക് കത്തൊന്നും അയച്ചിരുന്നില്ല. അമ്മ പക്ഷേ ഇൻലൻറിന്റെ വക്കത്തുപോലും എഴുതി നിറച്ച് മറുപടി പ്രതീക്ഷിക്കാതെ അച്ഛന് നീണ്ട കത്തുകൾ അയച്ചു. അമ്മാവൻ അതു കൊണ്ടു പോയി പോസ്റ്റ് ഓഫീസിലെ എഴുത്തുപ്പെട്ടിയിൽ ഇട്ടു. കത്തയയ്ക്കാതെ , പറയാതെ  കറുത്ത സൂട്ട് കേസും തൂക്കി അച്ഛൻ ഇടയ്ക്ക് കയറി വന്നു. .ഓരോ തവണ വരുമ്പോഴും സരോജിന്യേടത്തി അമ്മയോട് ലോഗ്യം ചോദിക്കും, ‘ഇത്തവണ അന്നെ ഓന്റെ നാട്ടിലേക്കു കൊണ്ടു പോകുമോ?’
അമ്മ ഒന്നും പറയാതെ ചിരിച്ചു തലകുമ്പിട്ട് തിരിഞ്ഞു നടക്കും.
എന്നെങ്കിലും നടക്കാനിടയുള്ള ആ തിരിച്ചുപോക്ക് ഒരേ പോലെ ആധിയായും ആശ്വാസമായും അമ്മയുടെ ഉള്ളിൽ അക്കാലത്ത് പടർന്നിരിക്കണം.

അച്ഛൻ വരുന്നതു കണ്ട് അമ്മ സാരി പൊക്കിപ്പിടിച്ച് ഓടി അച്ഛന് കാൽ കഴുകാൻ കിണ്ടീം വെള്ളോം  എടുത്തു കൊടുത്തു. അച്ഛൻ വരുമ്പോൾ മാത്രം പുറത്തെടുക്കുന്ന കവിടിപ്പിഞ്ഞാണങ്ങളും കുപ്പി ഗ്ലാസുകളും അടുക്കളയിലെ പഴകിയ റാക്കുകളിലേക്കെടുത്തു വച്ചു. ചായ കാച്ചാൻ ആട്ടിൻ പാലിനായി മൊന്തയുമായി പടിഞ്ഞാറേതിലെ കൗസേടത്തിയുടെ വീട്ടിലേക്കോടി..പീഞ്ഞപ്പെട്ടിയിൽ നിന്നു് കാരത്തിൽ മുക്കി തിരുമ്മി കഞ്ഞി പിഴിഞ്ഞ വെള്ളമുണ്ടുകളും തോർത്തും ചായ്പിലെ അഴയിലേക്ക് കുടഞ്ഞിട്ടു.അമ്മ കൊടുത്ത ആട്ടിൻ പാലൊഴിച്ച ചായയും കുടിച്ച് കോലായിലിരിക്കുമ്പോൾ അച്ഛൻ അമ്മയുടെ മുഖത്ത് നോക്കാതെ പറഞ്ഞു, ‘നാളെ പോകാൻ റെഡിയായിക്കൊള്ളൂ’.
അച്ഛൻ പറഞ്ഞതു കേട്ട് അമ്മ ഒന്നും മനസ്സിലാവാത്തതു പോലെ മിഴിച്ചു നിന്നു.

പിറ്റേന്ന് കൊണ്ടു പോകാവുന്നതെല്ലാം ബാഗിലും സഞ്ചിയിലും കുത്തി നിറച്ച് നിറകണ്ണുകളോടെ നില്ക്കുന്ന അമ്മുമ്മയുടെയും അമ്മാവന്റെ യും പക്കൽ നിന്നു് ഹൃദയം പറിച്ചെടുത്ത് തലയും താഴ്ത്തി ഞങ്ങളെല്ലാം അച്ഛന്റെ കൂടെ കൊടുങ്ങല്ലൂരിലേക്ക് പോകാൻ തയ്യാറായി .പൊക്കത്തിലുള്ള തൊടിയുടെ അറ്റത്ത് അവരുടെ അടുക്കളയുടെ പിന്നിലുള്ള തെങ്ങിൻ ചോട്ടിൽ നിന്ന് സരോജിന്യേടത്തി ചോദിച്ചു, ‘യ്യ് പോവ്വാ, ഇനിയെന്ന് വരും?’
അമ്മ കയ്യുയർത്തി എതോ വിഷാദ ആംഗ്യം കാണിച്ചു.

നടക്കുന്നതിന്‌ തൊട്ടുമുമ്പ് നീണ്ട ആറു വർഷം ഞങ്ങളെ പോറ്റാൻ വേണ്ടി അത്രമേൽ വിയർപ്പൊഴുക്കി ചേറ്റിയും കൊഴിച്ചും അങ്ങാടിപ്പണി ചെയ്ത് തഴമ്പിച്ച പരുക്കൻ കൈ കൊണ്ട് അമ്മുമ്മ എന്റെ നെറുകയിൽ തലോടി. കണ്ണു തുളുമ്പുന്നത്‌ കാണാതിരിക്കാൻ ഞാൻ തല കുമ്പിട്ടു.

അച്ഛന്റെ കൂടെ ഇടവഴിയിലൂടെ നടന്ന് തോട്ടികളുടെ കോളനിയ്ക്കടു ത്തെത്തിയപ്പോൾ അരക്ഷിതരായ മനുഷ്യരുടെ തീട്ടം മണക്കുന്ന, റാക്കിൽ കുഴഞ്ഞ നിറങ്ങളൊഴിഞ്ഞ ദ്രാവിഡ കലമ്പലുകൾ കേട്ടു. അവരോട് അനുതാപമുണ്ടായിട്ടും അടിവയറ്റിനെ ഇളക്കിമറിച്ച് മുകളിലേക്ക് എന്തോ കയറിവന്നു. ഞാനത് മൂക്കും വായയും പൊത്തിപ്പിടിച്ച് താഴേക്ക് തന്നെ അമർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. അഴുക്കും അഴുകിയ ഗന്ധവും എന്നെ വന്നു മൂടി. അന്നേരം ഞങ്ങളെല്ലാം വിലയില്ലാത്ത മനുഷ്യരാണെന്ന് എനിക്ക് വെറുതെ തോന്നി.

തോട്ടി കോളനിയുടെ അറ്റത്ത് ഓവുചാലിനരികെ തോട്ടിപ്പണി ചെയ്യാൻ പോയവരുടെ അഴുകിയ തുണികൾ ഒന്നിച്ചു കൂട്ടിയിട്ട് അരോ തിരുമ്മുന്നുണ്ടായിരുന്നു. അതിന്റെ അഴുക്കു വെള്ളം തെറിക്കുന്ന തിരുമ്മൊച്ചയ്ക്കിടയിൽ കുട്ടികൾ മൂക്കൊലിപ്പിച്ച് എന്തിനോ കാറി കരഞ്ഞു. കുടിച്ചു ലക്കുകെട്ട ആണിന്റെയും പെണ്ണിന്റെയും ഉറക്കെയുള്ള ശകാരത്തിനൊപ്പം റാക്കിന്റെ കുപ്പികൾ വീണുടയുന്ന ഒച്ച ചിതറി തെറിച്ചപ്പോൾ വിറയ്ക്കുന്ന ചങ്കോടെ ഞാൻ  അമ്മയുടെ കൈ മുറുകെ പിടിച്ചു. അത് വല്ലാതെ തണുത്തിരുന്നു. അമ്മയുടെ തോളത്ത് കിടന്ന് അനിയൻ ഉറക്കമായിരുന്നു. ഞാൻ തലയുയർത്തി നോക്കിയപ്പോൾ തല താഴ്ത്തി നിശ്ശബ്ദയായി നടക്കുന്ന അമ്മയുടെ കണ്ണിൽ ഒരു തുള്ളി കണ്ണീർ പൊടിയാൻ ശങ്കിച്ചു നില്ക്കുന്നതു കണ്ടു. 

അഴുക്കു വെള്ളമൊഴുകുന്ന ഇടുങ്ങിയ വഴിയുടെ അരികിലൂടെ സൂക്ഷിച്ചു നടന്ന് പൊന്ത വകഞ്ഞ് റെയിൽപാളത്തിലേക്ക് കയറുമ്പോൾ കർപ്പകത്തിന്റെ റെയിൽവേ ക്വാർട്ടേഴ്സിലേക്ക് ഞാൻ ഭീതിയോടെ എത്തിനോക്കി. കർപ്പകം പഴയ പോലെ മുറ്റമടിക്കുകയും കരയുന്ന കുഞ്ഞുങ്ങളെ ഉറക്കെ ശകാരിക്കുകയും ചെയ്തു കൊണ്ടിരുന്നു. മുറ്റത്തെ അഴയിൽ നിറയെ പഴകിയ അടിവസ്ത്രങ്ങളും കർപ്പകത്തിന്റെ നരച്ചു പിന്നിയ സാരികളും കരിമ്പനടിച്ച ബോഡീസും തൂങ്ങി കിടന്നു. നീണ്ട അഴയിൽ നിന്ന് ഇരുണ്ട ചുവപ്പൊഴിഞ്ഞിരുന്നു. റാക്കു മോന്തി ലക്കുകെട്ട മുത്തുസാമി തീവണ്ടി വരാത്ത താഴെയിറക്കത്തിലെ നീളമുള്ള പുല്ലുകയറിയ റെയിൽപാളത്തിലിരുന്ന്  കർപ്പകം ,കർപ്പകം എന്നു് ബോധമില്ലാതെ നീട്ടി വിളിക്കുന്നുണ്ടായിരുന്നു. ചുവന്ന തട്ടത്തിനുള്ളിലെ സുറുമയെഴുതിയ നീണ്ട മിഴികളുള്ള ഡോക്ടറു പെങ്കുട്ടിയുടെ ചിതറിത്തെറിച്ചു പോയ മൊഞ്ച് കർപ്പകവും മുത്തുസാമിയും മറ്റുള്ളവരും  മറന്നുപോയിരുന്നു.

അച്ഛന്റെ പുറകിൽ ഒരാൾക്കു പിന്നിൽ മറ്റൊരാളെന്ന കണക്ക് ഏറ്റവും പുറകെ അമ്മ റെയിൽപാളം മുറിച്ചുകടന്ന് അപ്പുറത്തേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ ദൂരെ തെക്കു നിന്നു് വടക്കോട്ടു പോകുന്ന തീവണ്ടിയുടെ നീണ്ട ചൂളം വിളി കേട്ടു. ഏതോ ബ്ലാക്ക് ആൻ്റ് വൈറ്റ് ആർട്ട് സിനിമയിലെ ഏകാന്ത യാത്രികരെ പോലെ പാളം മുറിച്ചു കടക്കുമ്പോൾഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നില്ല. ശാന്തരായി ഉറച്ച കാൽവയ്പോടെ മുന്നിൽ നടക്കുന്ന അച്ഛന്റെ യും അനിയത്തിയുടെയും ഒപ്പമെത്താൻ ഞാൻ രണ്ടടി ഓടി . തീവണ്ടി കടന്നു പോയപ്പോൾ അമ്മയുടെ തോളത്തു കിടന്നിരുന്ന അനിയൻ ഒന്നു ഞെട്ടിയെഴുന്നേറ്റു കരഞ്ഞു..

ഡോക്ടറുപെങ്കുട്ടി തല വച്ച അതേ പാളത്തിലൂടെ ഞങ്ങൾ കയറിയ തീവണ്ടി കുറച്ചു നേരം കഴിഞ്ഞ് തെക്കോട്ടു പാഞ്ഞു പോയി. തീവണ്ടി അവിടെയെത്തിയപ്പോൾ വിഷാദത്തോടെ ഞാൻ ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി തുടങ്ങുന്നിടത്തെ ചെങ്കല്ലു നിറങ്ങളുടെ ഏറ്റക്കുറച്ചിലുകളിലേക്ക് നോക്കി. ജനലിനപ്പുറം ചുവന്ന കൃഷ്ണ കീരീട പൊട്ടുകളുള്ള ഇരുണ്ട പച്ചപ്പാർന്ന കാട്ടു പൊന്തകൾ ഒരു സ്നേഹലോകത്തിലേക്കുള്ള വഴിയുടെ ഇങ്ങേയറ്റത്തെ ചുംബിക്കുന്നത് മുഴിഞ്ഞ തീവണ്ടി ജനാലഴികളിലൂടെ ഈറൻ മിഴിയിണകൾ എന്നെ കാണിച്ചു തന്നു... കർപ്പകം ശകാരങ്ങൾ നിർത്തി പ്രണയ പൂർവ്വം മുത്തുസ്വാമിയെ പാളത്തിൽ നിന്നു് താങ്ങി എഴുന്നേൽപ്പിച്ച്  ക്വാർട്ടേഴ്സിലേക്ക് കൊണ്ടു പോകുന്നതു കണ്ടു. തോട്ടി കോളനിയിൽ തുണി തിരുമ്മിയിരുന്ന തോട്ടി തീട്ടം പുരണ്ട അഴുക്കു തുണികളുടെ തിരുമ്മും ഒലുമ്പും കഴിഞ്ഞ് വേലി നിറയെ അതെല്ലാം വിരിച്ചിട്ടിരുന്നു. തോട്ടികൾ തീട്ടം തലയിൽ ചുമന്ന്  കൊണ്ടു പോകുന്ന വലിയ തുരുപ്പിച്ച ഇരുമ്പു ബക്കറ്റുകൾ കഴുകി കമഴ്ത്തി നിരനിരയായി വച്ചിരുന്നു. ഞങ്ങളുടെ തൊടിയിലെയും തൊട്ടടുത്ത തൊടികളിലെയും കക്കൂസുകളിലെ തീട്ടം എടുത്തിരുന്ന കറപ്പൻ തോട്ടി തീട്ടം നിറച്ച ബക്കറ്റ് തലയിലേറ്റി പോകുമ്പോൾ തുളമ്പുന്ന തീട്ടത്തിന്റെ അംശങ്ങൾ വശങ്ങളിലൂടെ ഒലിച്ചിറങ്ങി കറപ്പൻ തോട്ടിയുടെ മുഖത്തും മുടിയിലും കഴുത്തിലും മങ്ങിയ സ്വർണ്ണ നിറത്തിലുള്ള തീട്ടച്ചാലുകൾ തീർക്കുന്നത് എനിക്ക് ഓർമ്മ വന്നു.

രണ്ടു കൈകൾ കൊണ്ടും ബക്കറ്റു ചുമന്നിരുന്നതിനാൽ ഒഴുകിയിറങ്ങുന്ന തീട്ടച്ചാലുകൾ  കറപ്പൻ തോട്ടി മുഖം കൊണ്ട് ഇടത്തോട്ടും വലത്തോട്ടും ഗോഷ്ടികൾ കാണിച്ചു തുടച്ചു കൊണ്ടിരുന്നു. എനിക്ക് കരച്ചിൽ വന്നു. എനിക്കത് ഓടിച്ചെന്ന് തുടച്ചു കൊടുക്കാൻ ചിലപ്പോഴൊക്കെ തോന്നിയിരുന്നു. പക്ഷേ അടുത്തേക്ക് പോയിരുന്നില്ല. ഞാൻ തിരിഞ്ഞ് അടുത്ത സീറ്റിലിരുന്ന അമ്മയെ നോക്കി. അനിയനെ സീറ്റിലേക്ക് കിടത്തി അമ്മ സാരിത്തല അടങ്കം പുതച്ച് നിശ്ശബ്ദം തല കുമ്പിട്ടിരിക്കുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ സൂട്ട് കേസിൽ നിന്ന് ഏതോ നാടകഗ്രന്ഥമെടുത്ത് അഗാധമായ വായന തുടങ്ങിയിരുന്നു. ശാന്തനായി ഏകനായി യാതൊന്നും അലട്ടാതെ അച്ഛൻ പുസ്തകത്തിലെ കഥാപാത്രങ്ങളും രംഗങ്ങളും പ്രകൃതിയുമായും വിനിമയം നടത്തികൊണ്ടിരുന്നു. നാടകം രംഗത്തവതരിപ്പിക്കുമ്പോൾ പാശ്ചാത്തലമായി ഇടേണ്ട സംഗീതത്തെക്കുറിച്ചും രംഗത്തു വരേണ്ട നടീനടന്മാരുടെ തെരെഞ്ഞെടുപ്പു കളെക്കുറിച്ചുമുള്ള ചിന്ത അച്ഛന്റെ കണ്ണുകളിലും മുഖത്തും കണ്ട പേശീ ചലനങ്ങളുടെ മുറുക്കങ്ങളിൽ പ്രതിഫലിച്ചു. തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം കാണാൻ കഴിഞ്ഞ തവണ വെക്കേഷൻ കാലത്ത് അച്ഛൻ കോഴിക്കോടു വന്നപ്പോൾ എന്നെയും കൊണ്ട് ടാഗോറിൽ പോയത് എനിക്കോർമ്മ വന്നു. മങ്ങിയ വെളിച്ചത്തിൽ സ്‌റ്റേജിലെ പ്രധാന കഥാപാത്രങ്ങളുടെ മുഖത്ത്‌ മാത്രം വട്ടത്തിൽ ചുവന്ന നിറത്തിൽ വെളിച്ചം വീണപ്പോൾ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രമറിയാത്ത കുട്ടിയായ എനിക്ക് സുഖകരമായ മയക്കം വന്നു. പ്രസ്ഥാനത്തിന്റെ അനേകം പോരാട്ടങ്ങളുടെയും സമരങ്ങളുടെയും മനുഷ്യാന്തസ്സും നേരും സാമൂഹിക സമത്വവും ഉറപ്പിക്കാനുള്ള രക്ത സാക്ഷിത്വങ്ങളുടെയും രക്തചൊരിച്ചിലുകളുടെയും പൊള്ളുന്ന ചരിത്ര ചൂടിൽ മയങ്ങി പ്രത്യയശാസ്ത്രങ്ങളുടെ കനത്ത ഭാരമറിയാത്ത ഞാൻ സുഖമായി ഉറങ്ങിയിരിക്കാം. നാടകം കഴിഞ്ഞ് വീട്ടിലെത്തി എന്നെ പായയിലേക്ക് കിടത്തുമ്പോൾ ഉറങ്ങിയ എന്നെയും കൊണ്ട് വീട്ടിലെത്താൽ ബുദ്ധിമുട്ടിയെന്ന് അച്ഛൻ അമ്മയോട് പറയുന്നത് പാതിയുറക്കത്തിൽ ഞാൻ കേട്ടു.

വേഗത കുറഞ്ഞ തീവണ്ടി അവിടം വിട്ട് കടന്നു പോകുന്നതിനു മുമ്പ് ഒരിക്കൽ കൂടി ഞാൻ തിരിഞ്ഞ് കർപ്പകത്തിന്റെ മുറ്റത്തെ അഴയിലേക്ക് നോക്കി.  ചോന്നുകലങ്ങിയ ഒരു റെയിലിനു തലവയ്ക്കലിന്റെ ഓർമ്മപ്പിടച്ചിലിൽ  ചോരതുള്ളികൾ മുഖത്തേക്കു തെറിച്ചുവീണ പോലെ ഞാൻ ജനലിൽ നിന്ന് മുഖം തിരിച്ച് അനിയത്തിയുടെ കൈയ്യിൽ അമർത്തിപ്പിടിച്ച് തല കുമ്പിട്ടിരുന്നു...

ഒറ്റയ്ക്കാവുന്ന പെണ്ണുങ്ങളുടെ ചുറ്റും മാത്രം വീശുന്ന പടിഞ്ഞാറൻ കള്ളക്കാറ്റ് അമ്മയുടെ നീണ്ട മുടിയിഴകൾ പറത്തികൊണ്ട് തീവണ്ടി ജനാലയിലൂടെ പുറത്തേക്ക് ഒഴുകി കല്ലായി പാലം ലക്ഷ്യമാക്കി നീങ്ങുന്നത് തലയുയർത്തി നോക്കിയില്ലെങ്കിലും എനിക്ക് കാണാമായിരുന്നു. തീവണ്ടി പന്നിയങ്കര റെയിൽവേ ഗേറ്റ് കടന്ന് പായുമ്പോൾ അറ്റം കാണാത്ത റെയിൽപാളം പോലെ അന്തമില്ലാത്ത ജീവിതം നീണ്ട നാടകത്തിന്റെ തിരശ്ശീല ഉയർത്താതെ മുന്നിലേക്കു നീണ്ടു കിടപ്പുണ്ടായിരുന്നു.

പിന്നീടെപ്പോഴോ ഒരു വിഭ്രാന്തിയുടെ നിമിഷങ്ങളിൽ ഭൂമി വിട്ടു പോകാൻ വെമ്പുന്ന മരണത്തിന്റെ  തിരഞ്ഞെടുപ്പുകളിൽ തീവണ്ടിയ്ക്ക് തലവയ്ക്കലിന് ഒരു ചോന്ന നിറത്തിലുള്ള സങ്കീർണ്ണ സർഗ്ഗാത്മകതയുണ്ടെന്ന് ഞാൻ ചിന്തിച്ചു.

കുറച്ചു ദിവസങ്ങൾക്കു ശേഷം മീനമാസത്തിലെ സൂര്യൻ ഉച്ചിയിൽ കത്തുന്ന ഭരണിക്കാലത്ത് മിഥിലാ പുരി ചുട്ടെരിച്ച, എന്നിട്ടും കലിയടങ്ങാതെ  എരച്ചു കയറുന്ന രോഷത്താൽ ചിലമ്പിട്ടു തുള്ളുന്ന കണ്ണകിയുടെ നാടായ കൊടുങ്ങല്ലൂരിൽ അച്ഛൻ ഞങ്ങളെ പുതിയ സ്ക്കൂളിൽ ചേർത്തു.

Comments