മനുഷ്യത്തീനികളുടേത് എന്നാണാ വീട് അറിയപ്പെട്ടിരുന്നത്.
ധാരാളം മരങ്ങളാക്കെയുള്ള തൊടിക്കു നടുവിലൊരു പഴയ ഒറ്റ വീട്.
ഒരു മുത്തശ്ശനും മുത്തശ്ശിയുമാണവിടെ താമസം.
അസമയത്ത് അതുവഴി ആരും നടക്കാറേയില്ല. അപരിചിതരോട് ഉപദേശിക്കുകയും ചെയ്യും: അയ്യോ, മനുഷ്യത്തീനികളുടെ വീടാണേ. അതുവഴി പോയേക്കരുതേ.
ആ വീട്ടിലെ മുത്തശ്ശനും മുത്തശ്ശിയും നല്ല ചക്കര വാക്കൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകും.
അതിഥി സൽക്കാരമൊക്കെ കഴിഞ്ഞ് പിറ്റേന്ന് പക്ഷേ ആരും തിരിച്ചിറങ്ങലുണ്ടാവില്ലത്രേ. രാത്രിയിലെ അതിഥിക്ക് എന്തു സംഭവിക്കുന്നു എന്നതാർക്കുമറിയുകയേ ഇല്ല.
അങ്ങനെയാണത്രേ മനുഷ്യത്തീനികളുടെ ആ വീട് എല്ലാവരുടേയും പേടി സ്വപ്നമാവുന്നത്.
ആരും ഒറ്റക്ക് അതുവഴി പോകരുതേ. അതും അസമയത്ത്...
പക്ഷേ ഇപ്പോഴാ വീട്ടിൽ താമസിക്കുന്നത് രണ്ട് കുട്ടികൾ. ഒരാങ്ങളയും പെങ്ങളും.
മുത്തശ്ശനേയും മുത്തശ്ശിയേയും ഈയ്യിടെയായി ആരുമവിടെ കാണാറില്ല.
എന്താ, അവരിവിടെ ഇല്ലെന്നോ?
എവിടെയോ വിരുന്നു പോയിരിക്കുകയോ?
അല്ലെങ്കിൽ അവർക്കെന്തെങ്കിലും.... ?
ഈ കുട്ടികൾ ആരാണ്?
മുത്തശ്ശിയും മുത്തശ്ശനുമായി ഇവർക്കെന്താ ബന്ധം?
പിള്ളേർ ഏതായാലും അവരിരുവരേയും പോലല്ല.
കുട്ടികൾ പലവ്യഞ്ജനങ്ങൾ വാങ്ങാനായി കടകളിൽ വരാറുണ്ട് . അങ്ങനെയും ഇങ്ങനെയും വർത്താനം പറഞ്ഞൊന്നുമിരിക്കാറില്ലെങ്കിലും പോകെപ്പോകെ അവരോട് നാട്ടുകാർക്ക് അപരിചിതത്വം ഇല്ലാതായി. എന്നാലും മുത്തശ്ശിയേയും മുത്തശ്ശനേയും പറ്റി നേരിട്ടൊന്നും ചോദിക്കാനാരും മുന്നോട്ടു വന്നില്ല. അവരുടെ കഥയറിയാൻ ഒരു കൗതുകത്തിൽ കവിഞ്ഞ താല്പര്യവുമില്ലവർക്ക്. അത്രയും പേടിയാണല്ലോ അവർക്കാ വീടിനോടും വീട്ടുകാരോടും.
കുട്ടികളുമായി പരിചയമായതിനുശേഷം ആൾക്കാർ പഴയ കഥകൾ മറക്കാൻ തുടങ്ങി. അത്യാവശ്യം പേടിക്കാതെ വഴി നടക്കാറായല്ലോ. അസമയത്തും, അപരിചിതർക്കുപോലും അപകട ഭീതിയില്ലാതെ സഞ്ചരിക്കാമെന്നായിട്ടുണ്ടിപ്പോൾ.
ഇപ്പോഴാ വീട് മനുഷ്യത്തീനികൾ മുമ്പ് താമസിച്ചിരുന്ന വീട് മാത്രം.
പേടിപ്പെടുത്തുന്ന കരച്ചിലുകളൊന്നും ഇപ്പോൾ പാതിരയ്ക്കും കൊച്ചുവെളുപ്പാൻ കാലത്തും ഉയരാറില്ല. പിന്നെന്തിനീ വീടിനെയിപ്പോൾ പേടിക്കണം?
കുട്ടികൾ നാടിനും നാട്ടാർക്കും പ്രിയപ്പെട്ടവരുമായല്ലോ...
ആ രണ്ട് കുട്ടികളിലൊരാളുടെ കല്യാണമാണ്, പെങ്ങളുടെ. നാടടച്ചു ക്ഷണമുണ്ട്. ആങ്ങളയും പെങ്ങളും ഒരുമിച്ച് ഓരോ വീട്ടിലുമെത്തി നേരിട്ടാണ് ക്ഷണിക്കുന്നത്. പല വീട്ടുകാരും കുട്ടികളോട് അവരുടെ കഥകൾ ചോദിക്കാൻ ഈ സന്ദർശനങ്ങൾ അവസരമാക്കി.
മുത്തശ്ശിയും മുത്തശ്ശനും എവിടെ? അവർ മനുഷ്യത്തീനികളാണെന്നത് ശരിയാണോ? നിങ്ങളവരുടെ ആരാണ്? എങ്ങനെയാണ് അവരുടെ കൈകളിൽ നിന്ന് ജീവനോടെ നിങ്ങൾ രക്ഷപ്പെട്ടത് ?
എല്ലാ ചോദ്യങ്ങൾക്കുമായി അവർ പറഞ്ഞ മറുപടി ഇത്ര മാത്രം: കല്യാണത്തിന് ഇത്തിരി നേരത്തെ വരൂ. വധൂവരന്മാർ പരസ്പരം മാലയിടുന്നതിനു മുമ്പേ ഞങ്ങൾ ഞങ്ങളുടെ കഥ പറയുന്നുണ്ട്. എല്ലാവരുടേയും അറിവിലേക്കായി. അക്കഥ ഞങ്ങളിരുവരുടേയും മാത്രം കഥയല്ല. മുത്തശ്ശന്റേയും മുത്തശ്ശിയുടേയും കൂടെ കഥയാണ്.
അടുത്ത ഗ്രാമത്തിൽ നിന്നുള്ളയാളാണ് വരൻ.
വരനോടൊപ്പം വരുന്ന സംഘത്തിലെ പലർക്കും ഈ കഥയുടെ ആദ്യ ഭാഗമറിയാം. നിങ്ങൾക്കാണെങ്കിൽ കഥയുടെ ഒടുവിലത്തെ ഭാഗത്തെ പൊട്ടും പൊടിയുമറിയാം, മുഴുവനറിയില്ലെങ്കിലും.
ഏതായാലും കല്യാണത്തിന്റന്ന് എല്ലാർക്കും എല്ലാമറിയാവുന്ന വിധം
എല്ലാ കഥയും പറയാം ഞങ്ങൾ ...
അങ്ങനെ കല്യാണ ദിവസമാവുകയായി.
നാട്ടിൽ ഇത്രയും ഉത്സാഹത്തോടെ ഒരുങ്ങിയ കല്യാണം ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം.
കാശിനൊട്ടും കുറവില്ല, അതുകൊണ്ടു തന്നെ ആർഭാടത്തിനും.
അതിഥികൾക്കിരിക്കാനും സൗകര്യത്തിനു ചടങ്ങുകൾ കാണാനുമായി വലിയൊരു കല്യാണപ്പന്തൽ. ഒരായിരം പേർക്കെങ്കിലും ഇരിക്കാവുന്നത്. അത്രയും പേർക്കിരുന്ന് സദ്യയുണ്ണാവുന്ന വലിയ ഹോളുകൾ വേറെ.
ഒരാഴ്ചക്കു മുമ്പേ മുതൽ അയൽവീടുകൾ, ഉറക്കമൊഴിച്ചുള്ളതെല്ലാം കല്യാണപ്പുരയിലാക്കി.
അത്യാവശ്യം എന്തേലും പണിയിൽ കൂടിക്കൊടുക്കുക മാത്രം. മറുനാട്ടിൽ നിന്നുള്ള പന്തൽ പണിക്കാരും പാചകക്കാരുമാണെത്തിയിരിക്കുന്നത്.
നാളുകൾ പോകെപ്പോകെ നാട്ടുകാരുടെ ഊഹാപോഹങ്ങൾ മുഴുവൻ സദ്യവട്ടങ്ങളെ കുറിച്ചായി. ഒരുങ്ങുന്നത് ജീവിതത്തിൽ തങ്ങളുണ്ണാൻ പോകുന്ന ഏറ്റവും മികച്ച സദ്യയാവുമെന്നതിനെ കുറിച്ച് തർക്കമേയില്ല.
സദ്യ വെജിറ്റേറിയനാവുമെങ്കിലും ഇലത്തലക്കൽ ബീഫും മീനുമുണ്ടാകുമത്രേ. എന്നാൽ പ്രത്യേകം ആവശ്യപ്പെടുന്നവർക്കു മാത്രം.
വെജുകൾക്ക് പ്രത്യേക മേശകളിലൊരുമിച്ചിരുന്ന് ഉണ്ണുകയുമാവാം. പക്ഷേ, ഈ ചർച്ചകൾക്കിടയിലൊന്നും, ജഹ പൊഹ ഒരുക്കങ്ങൾക്കിടയിലൊന്നും പ്രത്യക്ഷപ്പെടാതിരുന്ന രണ്ടുപേർ മുത്തശ്ശിയും മുത്തശ്ശനുമായിരുന്നു.
എന്തുപറ്റി അവർക്ക്? അസുഖമായി കിടപ്പിലാവുമോ?
ചിലർ നേരിട്ടുതന്നെ ചോദിച്ചില്ലെന്നുമില്ല.
വേവോളം കാത്തതല്ലേ, ആറോളം വരെയുമാവാം.
കല്യാണച്ചടങ്ങുകൾ നടക്കുന്നതിനു മുമ്പേ ഞങ്ങളെല്ലാ കഥകളും പറയുമല്ലോ. നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി കൂടിയാകും ആ കഥാകഥനം: കഥ കഥ നായരേ,
കസ്തൂരി നായരേ ...
അങ്ങനെ കാത്തിരുന്ന കല്യാണ ദിവസമായി. ജീവിതത്തിലൊരിക്കലും മറക്കാനിടയില്ലാത്ത കല്യാണസദ്യ മാത്രമല്ല ഇന്ന് നാട്ടുകാർ കാത്തിരിക്കുന്നത്.
ധാരാളം നിഗൂഢതകൾ ഉണ്ടാവാനിടയുള്ള ജീവിത കഥയും കൂടെ. കഥ കേൾക്കാൻ, സ്വന്തം കഥ പറയാൻ മാത്രമല്ല, മറ്റുള്ളവരുടെ കഥ കേൾക്കാനും എല്ലാർക്കും കൗതുകമുണ്ടാകുമല്ലോ.
ഈ നാട്ടുകാരും അങ്ങനെയുള്ളവർ തന്നെ.
പലരും പ്രാതൽ ഉപേക്ഷിച്ചു പോലും താൻ മുമ്പേ താൻ മുമ്പേ എന്ന മട്ടിൽ കല്യാണ വീട്ടിലെത്താൻ തുടങ്ങി.
ഹാ , ഒരു മാന്ത്രിക നഗരത്തെ ഓർമിപ്പിക്കുന്ന വിധമായിരുന്നു കല്യാണ പന്തലപ്പോൾ. പന്ത്രണ്ട് മണിയോടെയാണ് വിവാഹ മുഹൂർത്തം.
ചടങ്ങ് കഴിഞ്ഞാലുടനെ സദ്യവട്ടങ്ങളായി. ചടങ്ങിനു മുമ്പാണ് കഥ പറയാമെന്നേറ്റിട്ടുള്ളത്.
വരന്റെ സംഘവും നേരത്തെത്തന്നെ എത്തി.
അവരും കേൾക്കാനിരിക്കുന്ന കഥയുടെ ത്രില്ലിലാണ്.
വധുവിന്റെ വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് സംഘത്തെ സ്വീകരിച്ച് മുഖ്യാതിഥികൾക്കുള്ള ഇരിപ്പടങ്ങളിലവരെ ഇരുത്തി. അതിനു ശേഷമാണ് ആങ്ങളയും പെങ്ങളും ഒരുമിച്ച് എല്ലാവരുടേയും മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്.
കഥകളിൽ നിന്നിറങ്ങി വരുന്നൊരു രാജകുമാരിയെപ്പോലെ, അല്ലെങ്കിൽ വെള്ളിത്തിരയിൽ നായികയായി പ്രത്യക്ഷപ്പെടുന്നൊരു ചലച്ചിത്ര താരത്തെപ്പോലെ വധുവായൊരുങ്ങിയ പെങ്ങൾ. അയാളാണല്ലോ, അല്ലെങ്കിൽ തന്നെ ഇന്നത്തെ മുഖ്യ ആകർഷണം. വധുവിന്റെ ആങ്ങളയും നന്നായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു. അവരിരുവരും ഇരുന്നു കഴിഞ്ഞ ഉടനെ അതുവരെ മുഴങ്ങിയിരുന്ന സംഗീതം നിലയ്ക്കുകയും ആൾക്കൂട്ടത്തിന്റെ കലപിലകൾ അവസാനിക്കുകയും ചെയ്തു:
പ്രിയരേ , ഞങ്ങൾക്കേറ്റവും വേണ്ടപ്പെട്ടവരേ... എന്ന സംബോധനയോടെ ആങ്ങള സംസാരിച്ചു തുടങ്ങുകയായി ...
കഥയുടെ പകുതി മുതലാണിപ്പോൾ ഞങ്ങൾ പറഞ്ഞു തുടങ്ങുന്നത്.
ആദ്യ പകുതി മനസ്സിലാവുന്ന, മനസ്സിലാവേണ്ട മുഖ്യാതിഥികൾ ഇതുവരെ എത്തിച്ചേർന്നിട്ടില്ല. കല്യാണച്ചെക്കന്റെ നാട്ടിൽ നിന്നുള്ളവരാണവർ. ഒരച്ഛനും അമ്മയും രണ്ട് ചെറു മക്കളും. ഈ കല്യാണം ഇത്രയും ഘോഷത്തോടെ നടത്തുന്നതു തന്നെ അവർക്കു വേണ്ടിയാണ്. അവരാണിന്നത്തെ ചടങ്ങിലെ മുഖ്യാതിഥികൾ. അവർ വരട്ടെ, വരാതിരിക്കില്ല, കഥയുടെ ആദ്യ പകുതി അവർ വന്നിട്ടാവാം. ഇപ്പോൾ ഞങ്ങൾ ഇരുവരും ഇവിടെ എത്തിപ്പെട്ടതു മുതലുള്ള കഥ പറയാം.
ഏതാനും കൊല്ലങ്ങൾക്കു മുമ്പ് ഒരാങ്ങളയും പെങ്ങളും കാട്ടിൽ നിന്ന് പുറത്തു കടക്കാനുള്ള വഴി തേടി അലയുകയായിരുന്നു.
പകൽ മുഴുവൻ ഏതെല്ലാമോ വഴികളിലൂടെ നടക്കുകയായിരുന്നു. നടന്നു നടന്നു ക്ഷീണിച്ചു. ഒരു വീടും കാണുന്നില്ല. അടുത്തെങ്ങും വീടുണ്ടാവാനുള്ള സാധ്യതയും കാണുന്നില്ല .
ഏതായാലും ഭാഗ്യം പരീക്ഷിക്കാമെന്നു വിചാരിച്ചു.
അനാഥരെ ദൈവമങ്ങനെ കൈവെടിയുമോ?
ദൈവം കൂടെയില്ലെങ്കിൽ ഈ ലോകത്തിന്റെ ഗതി എന്തായിത്തീരുമായിരുന്നു,
അല്ലേ?
ആങ്ങളക്ക് മരം കയറ്റമറിയാമായിരുന്നു.
ഏറ്റവും ഉയരമുള്ള മരത്തിൽ കയറി തലങ്ങും വിലങ്ങും നോക്കി.
ഹാവു, ഏറെ ദൂരെയല്ലാത്ത ഒരിടത്തുനിന്ന് പുകയുയരുന്നു.
അതൊരു വീടാവാനിടയുണ്ടല്ലോ.
ആഞ്ഞാഞ്ഞു നടക്കാൻ തുടങ്ങി. വല്ലാതെ ക്ഷീണിച്ചിരുന്നു.
പക്ഷെ ഒടുവിൽ അഭയം കിട്ടുകയാണല്ലോ. നേരം ഏറെ വൈകിയിരുന്നു. വഴിയിലെങ്ങും ആരുമില്ലായിരുന്നു. ആകെ ഇരുട്ടും ചെറു മഞ്ഞും.
ഒടുവിൽ അവരീ വീട്ടിലെത്തി, ആ ആങ്ങളയും പെങ്ങളും എത്തിപ്പെട്ടത് ഈ വീട്ടിലാണ്. അതെ ,മനുഷ്യത്തീനികളായ മുത്തശ്ശിയും മുത്തശ്ശനും താമസിക്കുന്ന ഇതേ വീട്ടിൽ. അത്ഭുതപ്പെടേണ്ട.
ആ ആങ്ങളയും പെങ്ങളും ആരെന്ന് ഇനിയും സംശയിക്കേണ്ട. ഞങ്ങൾ ഇരുവരും തന്നെ. ഈ ആങ്ങളയും പെങ്ങളും തന്നെ. വർഷങ്ങൾക്കു മുമ്പ്, മുന്നിലൂടെ വഴി നടക്കാൻ നിങ്ങളെല്ലാം പേടിച്ചിരുന്ന ഈ വീട്ടിൽ, രാത്രി ഏറെ വൈകി ഞങ്ങളെത്തപ്പെട്ടു ...
എന്തൊരു സ്വീകരണമാണെന്നോ ഞങ്ങൾക്കീ വീട്ടിൽ നിന്നന്ന് കിട്ടിയത്!
മുത്തശ്ശിയും മുത്തശ്ശനും ഇറങ്ങിവന്ന് ഞങ്ങളെ കോലായയിൽ വിരിച്ചിട്ട തടുക്കിൽ പിടിച്ചിരുത്തി: ആകെ ക്ഷീണിച്ചു പോയല്ലോ പൊന്നോമനകൾ. ചോദിക്കലും പറയലുമൊക്കെ പിന്നീടാവാം. ഇപ്പോഴെന്തെങ്കിലും കുടിക്കൂ, ആദ്യം എന്നു പറഞ്ഞ് അകത്തു പോയി ഓരോ മൊന്ത നിറയെ സംഭാരം കൊണ്ടുവന്നു.
ഞങ്ങളിന്ന് ഇതേവരെ ഒരിറുക്ക് വെള്ളം പോലും കുടിച്ചിട്ടില്ല.
എന്തൊരു നല്ല മുത്തശ്ശനും മുത്തശ്ശിയും!
വയസ്സന്മാരേ ഇല്ലാത്ത വീട്ടിൽ നിന്നാണ് ഞങ്ങൾ വരുന്നത്.
വാത്സല്യം എന്തെന്ന് അറിഞ്ഞിട്ടേ ഇല്ലാത്ത മക്കൾ.
അതോണ്ട് എത്ര ഭാഗ്യമായി ഈ വീട്ടിലെത്തിപ്പെട്ടത് എന്ന് പരസ്പരം നോക്കി ഞങ്ങൾ സന്തോഷം പ്രകടിപ്പിച്ചു.
അടുക്കളയിൽ തീ എരിയുന്ന ശബ്ദം. എന്തോ ഞങ്ങൾക്കു വേണ്ടി തകൃതിയായി ഉണ്ടാക്കുകയാണ്. കുശാലായൊന്ന് ഉണ്ട് നീണ്ടു നിവർന്നൊന്ന് കിടന്നുറങ്ങണം . കഥയും കാര്യവുമെല്ലാം രാവിലെ.
ചുമരിൽ ചാരിയിരുന്നൊന്ന് മയങ്ങാൻ തുടങ്ങുമ്പോഴേക്കും അത്താഴമെത്തി, ഹായ്... നോൺവെജിന്റെ മണം.
വീട്ടിൽ വല്ലപ്പോഴേ ഇറച്ചിക്കറി ഉണ്ടാകാറുള്ളു. മുമ്പങ്ങനെയാണല്ലോ. വിഷുത്തലേന്ന് സംക്രമത്തിന് ഇറച്ചിയുണ്ടാകും, ധനുമാസത്തിലെ പത്താമുദയത്തിനും. പിന്നെ ഇറച്ചി കിട്ടണമെങ്കിൽ അത്ര വേണ്ടപ്പെട്ടവരാരാനും വിരുന്നു വരണം. അപ്പോൾ വീട്ടുകോഴിയെ ഓടിച്ചിട്ടു പിടിക്കും.
ഇപ്പോൾ നല്ല വിശപ്പുണ്ട്, ഇറച്ചിയുടെ മണവും. എത്ര നല്ല മുത്തശ്ശനും മുത്തശ്ശിയും! അപ്പോൾ മുറിച്ചുകൊണ്ടുവന്ന വാഴയിലയിൽ ഞങ്ങൾക്ക് ചുടുചോറ് വിളമ്പി.
ഹായ്. ഇറച്ചിക്കഷണത്തിൽ തൊട്ടപ്പോൾ തന്നെ പക്ഷേ, അപകടം മണത്തു. കറിയിലെ ഈ വിരൽകഷണങ്ങൾ, നഖങ്ങൾ ആരുടേത് ? കോഴിയുടെതല്ലല്ലോ. ദൈവമേ, മനുഷ്യന്റേതോ? ...
പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട എന്നു പറയുന്നതു പോലായല്ലോ കാര്യങ്ങൾ, ദൈവമേ!
എത്തിപ്പെട്ടിരിക്കുന്നത് ആരുടെ ഗുഹയിലാണ് നമ്മളിപ്പോൾ, മനുഷ്യത്തീനികളുടെയോ?
പരിഭ്രമം പുറത്തു കാണിച്ചാൽ കൂടുതൽ അപകടത്തിലാവുമല്ലോ. അതുകൊണ്ട് കറിയിൽ നിന്ന് വിരലുകളും നഖങ്ങളും ഇലയുടെ അറ്റത്തേക്ക് മാറ്റിവെച്ച് ചോറുണ്ട് എണീക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. അത്ര വിശപ്പുമുണ്ടല്ലോ.
നല്ല കുത്തരിച്ചോറാണ് താനും. മുത്തശ്ശി നല്ല പാചകക്കാരി തന്നെ.
ഒന്നേമ്പക്കം വിട്ട് എണീറ്റ് കൈ കഴുകി തിരിച്ചെത്തിയപ്പോഴേക്കും പായയും തലയണയും പുതപ്പും തയ്യാർ: വിശേഷങ്ങളെല്ലാം രാവിലെ പറയാം. നല്ല ക്ഷീണമുണ്ടല്ലോ മക്കൾക്ക്. വേഗം ഉറങ്ങിക്കോളു. ഇന്നിവിടെ ഉറങ്ങുകയല്ലാതെ വേറെവ്‌ടെ പോകാനാണ് ഈ നട്ടപ്പാതിരക്ക് ?
ശരി, മുത്തശ്ശാ മുത്തശ്ശി എന്നു പറഞ്ഞ് പായയും തലയണയും പുതപ്പും വാങ്ങി കോലായിൽ തന്നെ കിടക്കാനൊരുങ്ങുമ്പോൾ ഞങ്ങളെ തടഞ്ഞു കൊണ്ടവർ പറഞ്ഞു: വേണ്ട വേണ്ട, പുറത്ത് നല്ല മഞ്ഞുണ്ട്. വൃശ്ചികേ കുളിരാരംഭേ, ധനു മകരേ ഘോരേ എന്നാണല്ലോ. നിങ്ങളകകത്ത് കിടന്നോളു. അകത്ത് രണ്ട് മുറികളുണ്ട്, വാളറയും കൊലയറയും. തെരഞ്ഞെടുത്തോളു, ഏത് മുറിയാണ് നിങ്ങൾക്ക് വേണ്ടത് ?
എന്താണാവോ രണ്ട് മുറികളും തമ്മിലുള്ള വ്യത്യാസം?
രണ്ടാമതൊന്നാലോചിക്കാതെ എന്തോ, ഞങ്ങൾ വാളറ തെരഞ്ഞെടുത്തു. ഏതായാലും ഇന്നാണ്, ഈ രാത്രിയിലാണ്, ഈ വീട്ടിലാണ്, ഞങ്ങളുടെ അവസാനം. അതാണ് വിധിയെങ്കിൽ ...
കൊലയറ കടന്ന് വാളറയിൽ ചെന്നപ്പോഴാണ് ശ്വാസം നേരെ വീണത്.
ആ മുറിക്കൊരു ചെറു ജനലുണ്ട്.
മുറിയുടെ മൂലയിൽ ചാരിവെച്ചൊരു വാളും. ജീവൻ തന്ന ദൈവം രക്ഷപ്പെടാനുള്ള വഴിയും പറഞ്ഞു തരാതിരിക്കില്ലല്ലോ എന്നാശ്വസിച്ച് ഞങ്ങൾ ഉറങ്ങിപ്പോകല്ലേ എന്നു പ്രാർഥിച്ച് മെല്ലെയൊന്നു മയങ്ങി. എന്തേലും ചെയ്ത് രക്ഷപ്പെടാൻ നോക്കണമെങ്കിലും ആ മനുഷ്യത്തീനികളൊന്ന് ഉറങ്ങിക്കിട്ടണമല്ലോ.
അടുത്ത മുറിയിൽനിന്ന് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂർക്കംവലി ഉയർന്നപ്പോൾ മെല്ലെ ഞങ്ങൾ എണീറ്റു.
മുറിയുടെ മൂലയിൽ നിന്ന് വാളെടുത്ത് ദൈവകാരണവന്മാരെ ധ്യാനിച്ച് ജനലിന്റെ അഴികൾ ശബ്ദമുണ്ടാക്കാതെ അറുത്തുമാറ്റാൻ തുടങ്ങി. ഒരാൾക്കു പുറത്തു കടക്കാനുള്ളത്ര ഇടമായപ്പോൾ മെല്ലെ പുറത്തു കടന്നു . വീടിനു പിന്നിൽ വാഴത്തോട്ടവും തെങ്ങുകളുമാണ്. രണ്ട് വാഴ വെട്ടിമാറ്റി വാഴത്തട അകത്തേക്കിട്ടു. വാഴത്തട പായയിൽ കിടത്തി പുതപ്പിച്ചു.
ഇപ്പോൾ ഞങ്ങൾ നീണ്ടു നിവർന്നു കിടക്കുന്നതു പോലെത്തന്നെയുണ്ട്. വാള് പഴയതുപോലെ മുറിയുടെ മൂലയിൽ ചാരി വെച്ചു. മുറിയിൽനിന്നു കിട്ടിയ മുളകുപൊടിയും കൂടെയെടുത്തു, ഉപയോഗമുണ്ടാകും. പുറത്തു കടന്നതിനു ശേഷം ഏറ്റവുമുയരമുള്ളൊരു തെങ്ങ് കണ്ടെത്തി. തെങ്ങിന്റെ മുകളിൽ കയറി വിധി കാത്തിരിക്കുക തന്നെ.
ആങ്ങളക്ക് നന്നായി മരം കയറാനറിയാമെങ്കിലും പെങ്ങൾക്കാ സാമർഥ്യം ഒട്ടുമില്ല. അതുകൊണ്ടവളെ വലിച്ചു കയറ്റേണ്ടി വന്നു.
മരംകേറി പെണ്ണേ എന്ന് കളിയാക്കി വിളിക്കില്ലെന്നവൾക്ക് ഉറപ്പുകൊടുത്തു. പെണ്ണുങ്ങളും മരംകയറ്റം പഠിക്കുന്നത് നന്നെന്ന് ഇപ്പോൾ ബോധ്യമായല്ലോ. മുറിയിൽ നിന്നെടുത്തിരുന്ന മുളകുപൊടി പൊതിഞ്ഞ് അരയിൽ തിരുകിയിരുന്നു. വാള് ഞങ്ങൾക്കെന്തിന്, അതവർക്ക്. വാളെടുത്തവർ വാളാൽ എന്നാണല്ലോ. ഞങ്ങൾക്ക് മുളക് പൊടി മതിയാകും.
വല്ലഭന് പുല്ലും ആയുധം എന്നുണ്ടല്ലോ.
ആരോരുമില്ലാത്തവർക്ക് മുളകുപൊടി തന്നെ ആയുധം.
ഞങ്ങളങ്ങനെ തെങ്ങിൻ മുകളിൽ കാത്തിരിക്കുമ്പോൾ മുറിക്കുള്ളിലെന്താണാവോ സംഭവിക്കുന്നത് ?
ഒരൊറക്കത്തിനു ശേഷം അവർ ഞങ്ങളുറങ്ങിയെന്ന് വാതിൽ മെല്ലെ തുറന്ന് എത്തിനോക്കിയിട്ടുണ്ടാവും.
ഞങ്ങളതാ മൂളിപ്പുതച്ചുറങ്ങുന്നു.
ഇരുവരും മെല്ലെ മുറിയിൽ പ്രവേശിക്കുന്നു.
മുറിയിൽ ചാരി വെച്ചിരിക്കുന്ന വാളെടുത്ത് ഞങ്ങളെ തലങ്ങും വിലങ്ങും വെട്ടുന്നു. അപ്പോഴാണ് അഴികൾ അറുത്തുമാറ്റിയ ജനലും ശ്രദ്ധിക്കുന്നത്. മുളകുപൊടി വെച്ചിരിക്കുന്ന പാത്രവും കാണാനില്ലല്ലോ. കള്ള ചെക്കന്മാർ രക്ഷപ്പെട്ടിരിക്കുന്നു. വാഴ വെട്ടിക്കൊണ്ടുവന്ന് പായയിൽ കിടത്തി പുതപ്പിച്ച് ജനൽ വഴി ചാടി പുറത്തു പോയതാണ്.
മിടുമിടുക്കന്മാരെന്നാണ് ഭാവം.
പക്ഷെ ഈ നട്ടപ്പാതിരക്ക് അവരെവ്‌ടെ പോയി രക്ഷപ്പെടാനാണ്?
വാഴത്തോട്ടത്തിൽ എവിടേലും കാണും. കണ്ടുപിടിക്കുക തന്നെ. ആഹാ,
ഈ മനുഷ്യത്തീനികൾ എത്ര പേരെ കൈകാര്യം ചെയ്തതാണ്. ഒരൊറ്റയാളും ഇതുവരെ രക്ഷപ്പെട്ടിട്ടില്ല . ഇവരും രക്ഷപ്പെടാൻ പോകുന്നില്ല. മുത്തശ്ശിയും മുത്തശ്ശനും പുറത്തു കടന്നു: എവിടെയാടാ നശൂലങ്ങളേ ...?
വാഴത്തോട്ടത്തിലൊന്നും ഞങ്ങളെ കാണാഞ്ഞ്, പിന്നെവ്‌ടെ പോയൊളിച്ചു അശ്രീകരങ്ങൾ എന്ന് തെങ്ങിന്റെ മുകളിലേക്കു നോക്കുമ്പോൾ, അതാ അതാ, ചെക്കന്മാർ! അങ്ങനെ ഞങ്ങൾ കണ്ടുപിടിക്കപ്പെട്ടു. മുത്തശ്ശനാണ് ആദ്യം തെങ്ങിൽ കയറിയത്. ഞങ്ങൾ, പേടിയുണ്ടെങ്കിലും മുകളിലിരുന്നു പ്രോത്സാഹിപ്പിച്ചു: അപ്പ് അപ്പ് .. ആഞ്ഞു കേറ് മുത്തശ്ശാ, അപ്പ് അപ്പ് .
താഴെ നിന്ന് മുത്തശ്ശിയും പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു: രക്ഷപ്പെടാൻ സമ്മതിക്കവരെ. മുത്തശ്ശൻ വലിഞ്ഞുകേറി ഏതാണ്ട് തെങ്ങിൻ മണ്ടയിലെത്താറായപ്പോൾ ഞങ്ങളാ മുളകുപൊടിയെടുത്ത് കണ്ണിൽ വിതറി: ഹ ഹ ഹ ... മുത്തശ്ശനതാ പൊത്തോം, താഴേക്ക് ...
അടുത്തത് മുത്തശ്ശിയുടെ ഊഴം. മുത്തശ്ശനേക്കാൾ മരം കയറാനറിയാം മുത്തശ്ശിക്ക്. പക്ഷെ ഞങ്ങൾ നല്ല ആത്മവിശ്വാസത്തിലാണല്ലോ.
മുകളിലെത്തി ഞങ്ങളെ എത്തിപ്പിടിക്കാനാഞ്ഞപ്പോൾ വീണ്ടുമൊരു മുളകുപൊടി പ്രയോഗം.
മുത്തശ്ശിയുമതാ കീഴോട്ട്!
ഇനിയാരെ പേടിക്കാൻ? ഞങ്ങളും കീഴോട്ടൂർന്നിറങ്ങി.
അയ്യോ അയ്യോ, അന്തം വിട്ട് പിടയുകയായിരുന്ന രണ്ടു പേരേയും വലിച്ചിഴച്ച് ആദ്യം കണ്ട പൊട്ടക്കിണറ്റിലേക്ക് എറിഞ്ഞു.
പൊട്ടക്കിണറ്റിൽ നിന്ന് ഘുമുഘുമാ നാറ്റം. അപരിചിതർ വഴിപോക്കരെ കൊന്ന് ഇവരും ഇതു തന്നെയാവും ചെയ്യുന്നത് .
ആ അജ്ഞാത ശവങ്ങളാവാം നാറുന്നത്. ഏതായാലും ഞങ്ങൾ തിരിച്ച് വീട്ടിലെത്തി നന്നായൊന്നു കുളിച്ച് സുഖമായുറങ്ങി .
എത്ര നാളായെന്നോ അന്തം വിട്ടൊന്നുറങ്ങിയിട്ട്.
രാവിലെ എണീറ്റ് അലമാരകൾ പരിശോധിച്ചപ്പോൾ നിറയെ അറുത്തെടുത്ത കാതിലകൾ, പതക്കങ്ങൾ, കൈവളകൾ, പാദസരങ്ങൾ, അരഞ്ഞാണങ്ങൾ ...
ആ സ്വർണക്കൂമ്പാരമുപയോഗിച്ചാണ് ഞങ്ങളിതുവരെ ജീവിച്ചത്.
നിങ്ങളെയെല്ലാം ഇങ്ങനെ ക്ഷണിച്ചു വരുത്തി ഇവളുടെ കല്യാണം ആർഭാടമായി നടത്താൻ പോണതും.
ഈ കഥ പറയുന്നതിനിടയിൽ നമ്മുടെ മുഖ്യാതിഥികൾ എത്തിക്കഴിഞ്ഞു. പ്രത്യേകം ക്ഷണിച്ചിട്ടുള്ള ആ കുടുംബം എത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞതാണല്ലോ ഞങ്ങൾ. അവരെ സൽക്കരിച്ചിരുത്തിയതിനു ശേഷം അവർ കൂടി കേൾക്കേണ്ടുന്ന ഇക്കഥയുടെ ആദ്യ ഭാഗം പറയാം.
അതുവരെ ഇന്റർവെൽ.
സർബത്തും കശുവണ്ടി പരിപ്പും നിലക്കടലയും നിറച്ച ട്രേയുമായി നിങ്ങൾക്കിടയിലൂടെ അതാ പരിചാരകർ ...
വധുവും ആങ്ങളയും അത്യന്തം വിനയത്തോടെ വേദിയിൽ നിന്ന് ഇറങ്ങിച്ചെന്ന് അവരെ സ്വീകരിച്ചാനയിച്ചു. ഒരച്ഛനുമമ്മയും രണ്ടു മക്കളുമടങ്ങുന്ന സാദാ കുടുംബം. തങ്ങൾക്കു കിട്ടുന്ന പരിഗണനയിൽ അവർ അത്ഭുതസ്തബ്ധരായി. അടുത്ത ഗ്രാമമാണെങ്കിലും ഇതുവരെ ഈ വഴിയൊന്നും വന്നിട്ടേയില്ല. ബന്ധുക്കളാരും, പരിചയക്കാർ പോലുമില്ലാത്ത നാട്ടിൽ നിന്നൊരു വിവാഹത്തിൽ പങ്കെടുക്കാനുള്ള ക്ഷണം വന്നതു തന്നെ ആദ്യത്തെ അത്ഭുതം.
ഇവിടെ എത്തിയപ്പോഴാവട്ടെ, മറ്റൊരത്ഭുതം കാത്തിരിക്കുന്നു. വിവാഹാഘോഷ ചടങ്ങുകളിൽ തങ്ങളാണത്രേ മുഖ്യാതിഥികൾ.
എത്ര രാജോചിതമായ സ്വീകരണം, എന്ത് വിനയമുള്ള കുട്ടികൾ.
മറ്റ് അതിഥികളായെത്തിയ നൂറ് കണക്കിനാളുകൾക്കും അതിശയം തന്നെ കണ്ണുകളിൽ: ആരാണിവർ? ഏതാണീ കുടുംബം? വഴി തെറ്റി എത്തിയവരെപ്പോലെ പരിഭ്രമിച്ചു പോയൊരു സാധാരണ കുടുംബത്തിന് ഇവിടെന്ത് കാര്യം? എന്തു കൊണ്ടിവർക്ക് ഇത്രയും പരിഗണന കിട്ടുന്നു?
ഇതിന്നിടയിൽ വരന്റെ കുടുംബവുമായി വധുവിന്റെ ആങ്ങള ആശയ വിനിമയം നടത്തുന്നു: മുഹൂർത്തമായല്ലോ. മുഖ്യാതിഥികളുമെത്തി. താലികെട്ടങ്ങ് നടത്തിയാലോ? ആവാം.
പക്ഷേ കഥയുടെ ബാക്കിയോ? താലി കെട്ടിയതിനു ശേഷവുമാവാമല്ലോ കഥാശേഷം.
ഏതായാലും മുഹൂർത്തം തെറ്റണ്ട. നമുക്ക് അത്ര വിശ്വാസമുണ്ടോ എന്നതല്ല കാര്യം. പിന്നീടെന്തങ്കിലും സംഭവിച്ചാൽ
നാമീ മുഹൂർത്തം തെറ്റൽ ഓർക്കും. അതോർത്ത് കുറ്റബോധമുള്ളവരാകും.
കുറ്റബോധമില്ലാതെ ജീവിക്കാനാവുന്നവരാണ് ഭാഗ്യവാന്മാർ.
പിന്നെ, ഞങ്ങളുടെ അച്ഛന്റെയും അമ്മയുടേയും സ്ഥാനത്തു നിന്ന് ചടങ്ങുകൾ നടത്തിത്തന്ന് അനുഗ്രഹിക്കണമെന്ന് വരനും വധുവും ചേർന്ന് ആ കുടുംബത്തോട് അഭ്യർഥിക്കുന്നു. ഭൂമിയിലെ ആദ്യത്തെ കന്യാദാനത്തിന്റെ പ്രൗഢിയിൽ വിവാഹച്ചടങ്ങുകൾ നടക്കുന്നു .
താലി കെട്ട്, മോതിരം മാറൽ, ഹാരാർപ്പണം, മധുരം കൊടുക്കൽ, വധുവിന്റെ കൈ പിടിച്ച് വരനെ ഏല്പിക്കൽ ...
ആ അതിഥി കുടുംബത്തിനും സ്വന്തം മകളുടെ വിവാഹമെന്ന് ശരിക്കും തോന്നിക്കാണണം.
ചടങ്ങുകൾ ഏതാണ്ടവസാനിക്കുകയായി. ഊണുമേശകളിലേക്കു നീങ്ങുംമുമ്പേ നമുക്കാ കഥ പറഞ്ഞവസാനിപ്പിക്കാം, അല്ലേ ? കഥയുടെ ആദ്യ ഭാഗമാണിനി പറയാനുള്ളത്:
ഏറെ മുമ്പല്ലാതെ അടുത്ത ഗ്രാമത്തിൽ ഒരു കുടുംബം ജീവിച്ചിരുന്നു. ഒരച്ഛനുമമ്മയും രണ്ട് പൊന്നോമന മക്കളും ...
അച്ഛൻ ജോലിക്കു പോകുന്നു. അമ്മ വീട്ടുകാര്യങ്ങൾ നോക്കുന്നു .
മക്കൾ, കുഞ്ഞേട്ടനും കുഞ്ഞനിയത്തിയും സ്‌കൂളിൽ പോകുന്നു. ഇതിന്നിടെ ഒരു സാദാ കുടുംബത്തിന്റെ ആഹ്ലാദങ്ങളിലേക്കതാ വിധിയുടെ ആഘാതം. അമ്മക്ക് അർബുദം. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇടക്ക് ചിലപ്പോൾ ക്ഷീണമുണ്ടാവാറുണ്ട് എന്നതൊഴിച്ചാൽ. അതത്ര കാര്യമായെടുത്തുമില്ല. ആശുപത്രിയിലെ പരിശോധനാ ഫലമെത്തിയപ്പോൾ ആ കുടുംബം നടുങ്ങുക തന്നെ ചെയ്തു, രോഗം അവസാന ഘട്ടത്തിൽ.
കഴിയുന്നത്ര വേദനയില്ലാത്ത മരണം മാത്രമാണിനി ആശിക്കാവുന്നത്. ഒടുവിൽ ...
അമ്മയില്ലാത്ത ഈ കുരുന്നുകളെ ആരെയേല്പിക്കാൻ ? ജോലിക്കു പോകാതെ ജീവിക്കാനുമാവില്ലല്ലോ. വേറൊരു വിവാഹം എന്ന നിർദേശം അച്ഛന് മനസ്സില്ലാമനസ്സോടെ സ്വീകരിക്കേണ്ടി വരുന്നതങ്ങനെയാണ്.
കുട്ടികൾക്കെന്നാലത് ഒട്ടും ഇഷ്ടമായിരുന്നില്ല എന്ന് പ്രത്യേകം എടുത്തുപറയണം . ഇളയമ്മയെ, രണ്ടാനമ്മയെക്കുറിച്ച് എല്ലാവർക്കുമുള്ള പേടി തന്നെ കാരണം .
പുതു പെണ്ണ് അവരുടെ സ്വന്തം അമ്മയേക്കാൾ കുറച്ചൂടി ചെറുപ്പമാണ്.
പുതിയ അമ്മയും കൂടെ പണിക്കു പോകുന്നതു കൊണ്ട് കുറച്ചൂടി വരുമാനമായി. കുറച്ചൂടി സൗകര്യങ്ങളായി. കുറച്ചൂടി സന്തോഷവും ...
പക്ഷേ, ഏത് മധുവിധുക്കാലവും വേഗമവസാനിക്കുമല്ലോ.
എല്ലാരും ഒരുമിച്ചാണ് കിടക്കേണ്ടതെന്ന് കുട്ടികൾ ശഠിച്ചു.
കുട്ടികൾക്ക് അച്ഛനെ കെട്ടിപ്പിടിച്ചു തന്നെ കിടക്കണം.
ഞാനൊരാളും കൂടെയുണ്ടേ ഈ വീട്ടിൽ. വേറെയും കുഞ്ഞുങ്ങൾ വരാനുള്ള വീടാണേ.
നമുക്കും വേണ്ടേ സ്വന്തം കുഞ്ഞുങ്ങൾ?
എന്നൊരിക്കൽ ഇളയമ്മ ഒറ്റക്കായപ്പോൾ അച്ഛനോട്
പറയുന്നതവർ കേട്ടു.
തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ഇളയമ്മ നുള്ളുന്നേ, പിച്ചുന്നേ എന്നവർ പരാതിപ്പെടാൻ തുടങ്ങി: ഈ നശൂലങ്ങൾ ഒന്നൊറങ്ങാനും സമ്മതിക്കില്ലല്ലോ എന്ന് പറയിപ്പിക്കും വരെ അവരീ പരാതി തുടർന്നു.
അങ്ങനെയാണ് കുട്ടികളുടെ കിടപ്പ് അടുത്ത മുറിയിലേക്കു മാറ്റുന്നത്.
പോകെപ്പോകെ കുട്ടികളുടെ ഭക്ഷണ കാര്യത്തിലും പരാതിയുയരാൻ തുടങ്ങി.
ചില ദിവസങ്ങളിൽ കുട്ടികൾക്ക് പ്രാതലുണ്ടാവാറില്ലത്രേ.
അല്പം വൈകി എണീക്കാറുള്ള കുട്ടികൾക്ക് പ്രാതൽ വിളമ്പി അടച്ചു വെച്ചിട്ടാണല്ലോ പോകാറുള്ളത്.
വല്ല പട്ടിയോ പൂച്ചയോ വന്ന്... എന്നായിരുന്നു ആദ്യത്തെ സംശയം. പിള്ളേർ നുണ പറയുകയാണല്ലോ എന്ന സംശയം ആദ്യം അച്ഛനാണുണ്ടായത്: മൂക്കുമുട്ടെ തിന്ന് ഏമ്പക്കമിട്ട് നുണ പറഞ്ഞ് ചിണുങ്ങുകയാ അസത്തുക്കൾ! അവരുടെ അമ്മ നല്ല ശീലങ്ങൾ മാത്രമാണല്ലോ അവരെ പഠിപ്പിച്ചിട്ടുള്ളത്. മക്കളെ തീറ്റിപ്പോറ്റുന്നത് അച്ഛനാവാം .എന്നാലവരെ രൂപപ്പെടുത്തുന്നത് അമ്മയാണ് എന്നാണല്ലോ ...
എന്നാൽ ഞാനാവും നൊണ പറയണത്. അല്ലേലും ഞാനാണല്ലോ അധികപ്പറ്റ്. അച്ഛനും മക്കളും മതി ഈ വീട്ടിൽ, ഞാനങ്ങ് തിരിച്ചു പോയേക്കാം. ഇത്തരം വഴക്കുകൾ സ്ഥിരമായി.
ഗൃഹനാഥനാണ് ഇടയിൽപെട്ട് ഏറ്റവും സംഘർഷത്തിലായത് : എന്തു ചെയ്യേണ്ടു, ദൈവമേ ...
ഒടുവിലൊരു ദിവസം രാത്രി അച്ഛൻ മക്കളോട് പറഞ്ഞു: രാവിലെ നാമൊരിടത്തേക്ക് പോകുന്നു. ഒരു ബന്ധുവീട്ടിൽ കല്യാണമാണ്. ഇളയമ്മ വരുന്നില്ല. നാമൊരുമിച്ച് അതിരാവിലെത്തന്നെ പുറപ്പെടുന്നു. നല്ല സദ്യയുണ്ടിട്ടും നാമൊരുമിച്ചൊന്ന് പുറത്ത് പോയിട്ടും ഏറെയായല്ലോ ... ഔട്ടിങ്ങെല്ലം കഴിഞ്ഞ് നല്ല സദ്യയൊക്കെ ഉണ്ട് തിരിച്ചു വാ അച്ഛനും മക്കളും, കേട്ടോ എന്ന് ഇളയമ്മ തമാശ പറഞ്ഞതവർക്ക്
ഒട്ടും ഇഷ്ടമായില്ല. കുട്ടികൾ നേരത്തെത്തന്നെ ഉറങ്ങാൻ കിടന്നു.
അച്ഛനുമൊത്ത് പുറത്തുപോയി വെലസണം. ഇളയമ്മ കൂടെയില്ലാത്തതും നന്നായി. ഒരടിപൊളി യാത്ര സ്വപ്നം കണ്ടുറങ്ങി കുട്ടികൾ ...
അച്ഛനും മക്കളും കൊച്ചുവെളുപ്പാൻ കാലത്തു തന്നെ എണീറ്റ് ഒരുങ്ങി, കല്യാണത്തിനു പോകുന്നതല്ലേ, പുറപ്പെട്ടു പോയ് സദ്യയുണ്ടു വരൂ, പുന്നാര മക്കളേ എന്നാശിർവദിച്ചാണ് ഇളയമ്മ യാത്രയാക്കിയത്.
അച്ഛനത്ര സന്തോഷമൊന്നും കണ്ടിട്ടില്ലെങ്കിലും കുട്ടികൾ അത്രമേലത്രമേൽ ആഹ്ലാദഭരിതരായിരുന്നു.പറയൂ അച്ഛാ, സദ്യയെ പറ്റി. അവിയലും സാമ്പാറും പുളിശ്ശേരി എരിശ്ശേരി , മോരൊഴിച്ചു കറി സദ്യയാവുമോ അച്ഛാ? എത്ര തരം പഴം? എത്രയിനം പായസം ?ഉപ്പേരിയും പപ്പടവും എത്ര വീതം ?
ഇങ്ങനെ ചോദിച്ച് ചോദിച്ച് സദ്യയുണ്ണുന്നത് ഓർത്തോത്തവർ, കുട്ടികളിവരും ഓടിയോടി നടന്നു.
ധൃതി അച്ഛനല്ല , കുട്ട്യോൾക്ക്.
അവരച്ഛനെ വലിച്ചുകൊണ്ടു പോകുകയാണ് കല്യാണ സദ്യയിലേക്ക്: നോൺ വെജുണ്ടാവില്ലേ അച്ഛാ? ബിരിയാണിയാവുമോ? നെയ്‌ച്ചോറ് ? കായൽ മീനോ പുഴ മീനോ ? ഹായ് ,ഹായ് ...
ഉച്ചയായ്, കുട്ടികൾക്ക് വിശന്നു തൊടങ്ങി.
കല്യാണ വീടെത്തിയില്ലേ അച്ഛാ?
വീട്ടിനടുത്തെത്തിയാൽ സിനിമാപാട്ട് കേൾക്കുമല്ലോ: കാക്കക്കും പൂച്ചക്കും കല്യാണം എന്നൊക്കെ ...
ഉച്ച കഴിഞ്ഞു.
എന്നിട്ടും നട നട തന്നെ.
വൈകിപ്പോയാൽ സദ്യ തീർന്നു പോവില്ലേ അച്ഛാ ? സാമ്പാറിൽ തിളച്ച വെള്ളമൊഴിച്ച് നേർപ്പിക്കില്ലെ? കൂട്ടുകറികൾ നമുക്ക് കിട്ടാതെ പോവുമല്ലോ , പായസവും തീർന്നു പോവുമല്ലോ. അച്ഛാ ,അച്ഛാ .. വഴിയിത്തിരി തെറ്റിയെന്നാ തോന്നണത്. എന്നാലും പേടിക്കണ്ടാ. സദ്യ തീരുംമുമ്പേ, ഇത്തിരി വൈകിയാലും നാമെത്തും.
അനിയത്തി നടന്നു നടന്ന് വിശന്നു വിശന്ന് ആകെ കുഴഞ്ഞു പോയിരുന്നു.
അച്ഛനവളെ തോളിലെടുത്തു നടന്നു. എത്ര കാലമായി അച്ഛനിങ്ങനെ എടുത്തു നടന്നിട്ട്. മറ്റേ തോളിൽ ഏട്ടനേയും കേറ്റൂ അച്ഛാ. ഞങ്ങളെ രണ്ടാളേയും ഒപ്പാപ്പം തുള്ളിക്കു അച്ഛാ. കുട്ടികൾ തോളിലിരുന്ന് മയങ്ങിപ്പോയിരുന്നു.
അപ്പോഴേക്കും നേരമിരുട്ടുകയും.
അവരിപ്പാൾ ഏതോ ഒരു കാട്ടിടവഴിയിലൂടെയാണ് സഞ്ചരിക്കുന്നത്.
നേരം നന്നായിരുട്ടി.
അവരിപ്പോൾ ഒരു കാട്ടിനു നടുവിലാണ്. നമുക്ക് വഴി തെറ്റിപ്പോയല്ലോ മക്കളേ, ഇനിയിപ്പോൾ ഈ പാറപ്പുറത്തല്പം വിശ്രമിക്കാം,
ഈ മരച്ചുവട്ടിൽ. ഒന്നുറങ്ങിയിട്ട് തിരിച്ചു നടക്കാം. അച്ഛനെ കെട്ടിപ്പിടിച്ചുറങ്ങിക്കോളു. വാവാവോ, വാവാവോ ...
അച്ഛനും അമ്മയും ഒരുമിച്ച് പാടാറുള്ള പഴയ താരാട്ടു പാട്ടോർത്ത് അവരുറങ്ങി. മതിമറന്ന്, അച്ഛനെ വിശ്വസിച്ച്, വിശന്നു തളർന്നെങ്കിലും അച്ഛനോടൊപ്പമല്ലോ എന്നാശ്വസിച്ച് ....
ആ ആങ്ങളയും പെങ്ങളും രാവിലെ എണീറ്റത് കലപിലകളിലേക്കാണ്. കാട്ടിനു നടുവിലോ കിടന്നുറങ്ങിയത്? ചുറ്റും കൂടിയിരിക്കുന്നത് കാട്ടിലെ ജന്തുക്കളാണല്ലോ. പെട്ടെന്നെണീക്കാൻ നോക്കിയപ്പോൾ, ഇതെന്ത്, ചുറ്റും മുള്ളും കല്ലും?
നുള്ളല്ലേ ഇളയമ്മേ , പിച്ചമ്മേ ഇളയമ്മേ എന്നോരോ തവണ തിരിയുമ്പോഴും മറിയുമ്പോഴും അറിയാതെ പഴയ ശീലം വെച്ച് പറഞ്ഞതല്ലെന്നോ ?
കല്ലും മുള്ളും ദേഹത്ത് കൊണ്ടിട്ടെന്നോ?
രാത്രി എന്താണ് സംഭവിച്ചത് ?
കൂടെ കെട്ടിപ്പിടിച്ചു കിടന്നിരുന്ന അച്ഛനെവിടെ ?
ജന്തുക്കൾ ചിലർ വന്ന് കല്ലും മുള്ളുമെടുത്ത് എഴുന്നേല്ക്കാനവരെ സഹായിച്ചു. മറ്റാരോ ഇതിന്നിടെ പുഴ വെള്ളവും കാട്ടുപഴങ്ങളും ശേഖരിച്ച് കൊണ്ടു വന്നിരുന്നു:
നോക്കൂ, ഞങ്ങൾ മനുഷ്യരെപ്പോലെ പെരുമാറാറില്ല.
എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കിപ്പോൾ ഊഹിക്കാനാവും. നിങ്ങളെ എവിടേയെങ്കിലും കൊണ്ടു പോയുപേക്ഷിക്കാൻ തീരുമാനിച്ചിറങ്ങിയതാണ് നിങ്ങളുടെ അച്ഛൻ. നിങ്ങളെ അണിയിച്ചൊരുക്കിയിറക്കാൻ സൃഷ്ടിച്ച നുണക്കഥയായിരുന്നു കല്യാണവും സദ്യയും. അങ്ങനെ
രാത്രി നിങ്ങളീ കാട്ടിലെത്തി. നിങ്ങളുറങ്ങിയപ്പോൾ നിങ്ങൾക്കു ചുറ്റും കല്ലും മുള്ളുമൊക്കെ നിരത്തി അച്ഛൻ സ്ഥലം വിട്ടു.
പെറ്റമ്മയെപ്പോലെ കുട്ടികൾക്കിഷ്ടപ്പെടാനാവില്ല പോറ്റമ്മയെ എന്നാണല്ലോ
നിങ്ങളുടെ കഥകളെല്ലാം പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്. ഇത്രയുമാവണം സംഭവിച്ചിട്ടുണ്ടാവുക.
മൃഗങ്ങൾ മാത്രം ചെയ്യുന്നത് എന്ന് നിങ്ങൾ മനുഷ്യർ പറയും. മൃഗീയം എന്നൊരു വാക്കു തന്നെയുണ്ടല്ലോ നിങ്ങളുടെ ഭാഷയിൽ.
എന്നാൽ ഞങ്ങൾ ഇങ്ങനെയുള്ളവരൊന്നുമല്ല. നോക്കു, നിങ്ങളുടെ മണം കേട്ടെത്തി നിങ്ങളുണരാൻ ആകാംക്ഷയോടെ കാത്തു നില്ക്കുകയായിരുന്നു ഞങ്ങൾ. ഞങ്ങൾ മനുഷ്യരല്ലല്ലോ. മനുഷ്യർ ചെയ്യുന്നതൊന്നും ചെയ്തു കൂടാ ഞങ്ങൾ.
നിങ്ങളുടെ വളർത്തുജന്തുക്കൾ പോലും നിങ്ങളെ അനുകരിക്കാറില്ല.
അതോണ്ട് ഞങ്ങളുടെ ഒപ്പം കാട്ടിൽ കൂടിക്കോളു എന്ന് നിങ്ങളെ ക്ഷണിക്കുന്നില്ല .
നേരം പുലർന്നിട്ടേയുള്ളു.
വൈകുന്നേരമാകുമ്പോഴേക്കും കാട്ടിൽ നിന്ന് രക്ഷപ്പെട്ടോളു.
ഏറെ ദൂരെയല്ലാതെ മനുഷ്യരുടെ ഏതേലും വീടുകൾ കാണും.
പോയി ഭാഗ്യം പരീക്ഷിച്ചോളു. ഇളയമ്മയെക്കുറിച്ചുള്ള പരാതി അവസാനിപ്പിക്കാതെ നിങ്ങളിനി പഴയ വീട്ടിലെക്ക് തിരിച്ചു പോയിട്ടും കാര്യമില്ല. പകൽ വിശപ്പു മാറ്റാനുള്ള കുറച്ച് പഴങ്ങളും കിഴങ്ങുകളും വെള്ളവും തേനും ഏല്പിച്ചതിനു ശേഷം അവർ കുട്ടികളെ യാത്രയാക്കി .
ആ കുട്ടികളാണ് രാത്രി ഏറെ വൈകി മനുഷ്യത്തീനികളുടെ വീട്ടിലെത്തിയത്. അതെ, ആ ആങ്ങളയും പെങ്ങളുമാണ് ഞങ്ങൾ. അന്ന് ഞങ്ങളെ കാട്ടിലുപേക്ഷിച്ച അച്ഛനും ഞങ്ങൾ വല്ലാതെ തെറ്റിദ്ധരിച്ച ഇളയമ്മയും പിന്നീടവർക്കുണ്ടായ മക്കളുമാണിവർ. അതെ, ഇവരാണ് ഇന്നത്തെ നമ്മുടെ മുഖ്യാതിഥികൾ. ഞങ്ങളുടെ അച്ഛനുമമ്മയുമിവർ. ഞങ്ങൾ പിന്നീടിപ്പോഴാണ് കൊല്ലങ്ങൾക്കു ശേഷം വീണ്ടും കാണുന്നത് ....
കഥ പറഞ്ഞവസാനിപ്പിക്കുന്നതിനു മുമ്പേ തന്നെ വധുവും വരനും അടുത്ത ബന്ധുക്കളും ചേർന്ന് ആ അതിഥി കുടുംബത്തിന് സംരക്ഷണ വലയമൊരുക്കിയിരുന്നു.
ഒരു പക്ഷേ കഥക്കിടയിലവർ രക്ഷപ്പെടാൻ നോക്കിയാലോ?
ഇത്രയും ആൾക്കൂട്ടത്തിനിടയിൽ ചമ്മി ചമ്മിയുള്ള നില്പാണല്ലോ. കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ ആൾക്കൂട്ടം അച്ഛനു നേരെ കുതിക്കാനുമിടയുണ്ട്. തെറ്റുകളും കുറ്റങ്ങളും സംഭവിക്കുക സ്വാഭാവികം. പക്ഷേ ശിക്ഷ വിധിക്കാൻ ആൾക്കൂട്ടത്തിന് വിട്ടുകൊടുത്തു കൂടാ. കുറ്റവും ശിക്ഷയും മാത്രമല്ല താനും ജീവിതത്തിലുള്ളത്. കുറ്റമേറ്റു പറയൽ, പ്രായശ്ചിത്തം, മാപ്പു കൊടുക്കൽ ... കുറ്റത്തെ നേരിടാൻ മറ്റെന്തെല്ലാം വഴികൾ കൂടെയുണ്ട്, അല്ലെ?
കഥ പറഞ്ഞവസാനിച്ചപ്പോൾ തല കുനിച്ചു നില്ക്കുന്ന അച്ഛനുമമ്മക്കും മുമ്പിൽ ചെന്ന് ആ ആങ്ങളയും പെങ്ങളുമവരെ ആലിംഗനം ചെയ്തു. പേടിച്ചരണ്ടു നില്ക്കുകയായിരുന്ന കുഞ്ഞനിയന്മാരെ അണച്ചു നിർത്തി: വരൂ ,നമുക്ക് ഭക്ഷണം കഴിക്കാം. അന്ന് കൊതിച്ച സദ്യ ഒരുമിച്ചുണ്ണാൻ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു.
വരന് മറ്റൊന്നാണ് സർപ്രൈസ്.
നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന ബാല്യകാല സഖിയെയാണയാൾക്ക് തിരിച്ചു കിട്ടിയിരിക്കുന്നത്.
കഥ മുഴുവനും കേട്ടു കഴിഞ്ഞപ്പോൾ വരന്റെ സംഘത്തിലെ പ്രായമായവർക്ക് പഴയ കുട്ടികളെ ഓർമ വന്നു: ഇവർ പുറത്തെവിടെയൊ ഹോസ്റ്റലിൽ പഠിക്കുകയാണെന്നാണല്ലോ അച്ഛൻ പ്രചരിപ്പിച്ചിരുന്നത്.
ഏതായാലുമിത് കല്യാണ പന്തലിലെ, ഊണുമുറിയിലെ ഏറെക്കാലത്തിനു ശേഷമുള്ള കൂടിച്ചേരലായിരുന്നു .
ആൾക്കൂട്ടം ആദ്യാദ്യമൊക്കെ മുറുമുറുത്തെങ്കിലും കേമമായാരു സദ്യക്കു ശേഷം വീട്ടിലേക്കു കൊണ്ടുപോകാൻ കിട്ടിയ മധുര പലഹാര പാക്കറ്റുകളിലവർ സംതൃപ്തരായി വലിയ വായിലേ വർത്തമാനം പറഞ്ഞ് പിരിഞ്ഞു പോയി.
ആദ്യ രാത്രി വധുവിന്റെ വീട്ടിൽ തന്നെയായതിനാൽ വരന്റെ സംഘവും പിറ്റേന്ന് കാണാമെന്ന ഉറപ്പിൽ പിരിഞ്ഞു പോയി.
ഇപ്പോൾ ആ രണ്ട് കുടുബങ്ങൾ മാത്രം ബാക്കി. അല്ലല്ല, ഇനിയവർ ഒറ്റ കുടുംബമാണ്. എല്ലാമുണ്ടീ കുട്ടികൾക്ക്, അച്ഛനുമമ്മയുമൊഴികേ. തിരിച്ചു കിട്ടുന്ന അച്ഛനും അമ്മക്കും കുഞ്ഞനിയന്മാർക്കും പുതിയൊരു ജീവിതം കിട്ടുകയുമാണല്ലോ.
ഒരു കൂട്ടു സെൽഫിയെടുത്ത്
ഈ കഥ ഇവിടെ ഇങ്ങനെ അവസാനിപ്പിക്കാം, അല്ലേ?
(നിരക്ഷരയായ അമ്മക്ക് ഒരൊറ്റ കഥയേ അറിയുമായിരുന്നുള്ളു. എപ്പോൾ പറയുമ്പോഴും വിതുമ്പിയും തൊണ്ടയിടറിയും മുഴുവനാക്കാനാവാതെ പോയ പഴയ ഈ കഥ പറച്ചിലിന്റെ രീതിയൊന്നു മാറ്റി ആവർത്തിക്കുക മാത്രം.)