ക്ലൗഡ് മെസഞ്ചർ

""കശ്മീരിലെ സിയാച്ചിൻ ഗ്ലേസിയർ പിടിച്ചെടുക്കാനുള്ള നീക്കത്തിന് "ഓപ്പറേഷൻ മേഘദൂത്' എന്നു പേരിട്ടത് ഞാനാണെന്ന് അന്ന് പലരും സംശയിച്ചിരുന്നു. അതിന് ന്യായമുണ്ട്. 1978 മുതൽ തന്നെ സിയാച്ചിൻ യുദ്ധം ഒരുതരത്തിൽ തുടങ്ങിയിട്ടുണ്ട്. പിന്നീട് 1984 ഏപ്രിൽ 13നാണ് ഓപ്പറേഷൻ സക്‌സസ്സാകുന്നത്. അന്ന് "ചീറ്റ' ഹെലികോപ്റ്ററുകളിൽ കമാന്റോകൾക്കുള്ള റേഷനും തപാലും എത്തിക്കാനായി പോയ കൂട്ടത്തിൽ, താഴേക്ക് കയറിൽ ഞങ്ങൾ സന്ദേശമെത്തിച്ചു; "പത്തുമിനിറ്റിനുള്ളിൽ ഞങ്ങൾ തിരിച്ചെത്തും. അതിനിടയ്ക്ക് ഉറ്റവർക്കുള്ള കത്തുകൾ എഴുതിത്തയ്യാറാക്കി നിങ്ങൾ ഈ പെട്ടിയിൽ നിക്ഷേപിക്കണ'മെന്ന്. ഞങ്ങൾ തിരിച്ചെത്തി, പെട്ട വലിച്ചെടുത്തു നോക്കിയപ്പോൾ, നേരത്തേ എഴുതിയ കടലാസിന്റെ പിറകിൽ രക്തം കൊണ്ടെഴുതിയ ദയനീയമായ ആ വരികൾ കണ്ടു, "സാഹിബ്, ഞങ്ങളിവിടെ ജീവിച്ചിരിക്കുന്നു എന്ന് പ്രിയപ്പെട്ടവരെ കത്തെഴുതി അറിയിക്കാനായി കുറച്ചു കടലാസുകഷണങ്ങളും ഒരു പേനയും കൂടി ഇട്ടുതരണം' എന്ന്.

അതുവായിച്ച് ഞങ്ങൾ കരഞ്ഞുപോയി. തിങ്ങിനിറഞ്ഞ മഞ്ഞുമേഘങ്ങൾക്കിടയിൽ ദയനീയമായി മുകളിലേക്കു നോക്കിനിൽക്കുന്ന ആ ജവാന്മാരുടെ കാഴ്ച ഇപ്പൊഴും കണ്ണിൽ കാണുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയാണ് സിയാച്ചിൻ എന്നോർക്കണം. മൈനസ് നാല്പതുമുതൽ എഴുപതുവരെയാണ് അവിടത്തെ താപനില. കരഞ്ഞാൽ കണ്ണീര് കുപ്പിച്ചില്ലുപോലായി കണ്ണിൽ കുത്തി മുറിവേൽക്കുന്ന അവസ്ഥ. റോപ്പുകൊണ്ട് പരസ്പരം ബന്ധിച്ചാണ് ട്രൂപ്പുകൾ മഞ്ഞിലൂടെ സഞ്ചരിക്കുക. ആരെങ്കിലും ഇടയിൽ മഞ്ഞിൽ പുതഞ്ഞുപോയാൽ എല്ലാവരും നിലച്ചുപോകും. പിന്നെ മഞ്ഞുപാളികൾ വെട്ടിപ്പൊളിച്ച് തന്റെ കൂട്ടുകാരന്റെ ശരീരം പുറത്തെടുത്ത്, കയറുപൊട്ടിച്ചുമാറ്റി വേണം യാത്ര തുടരാൻ. അതാണ് സിയാച്ചിൻ ഓപ്പറേഷൻ. അവിടത്തെ വില്ലൻ പാക്കിസ്ഥാനി സേനയല്ല, അതിക്രൂരയായ പ്രകൃതി തന്നെയാണ്. എക്‌സ്ട്രീം ക്ലൈമറ്റിൽ മരണവുമായാണ് യുദ്ധം. ഞങ്ങൾ തമാശപറയാറുണ്ട്, കൊടുംമഞ്ഞിൽ ആഹാരം കിട്ടാതെ മരിക്കാറായ പാക്കിസ്ഥാനി സോൾജ്യേഴ്‌സിന് റേഷൻ കൊടുത്ത് അവരെ ജീവിപ്പിച്ച് പിന്നെ വേണം വെടിവെച്ചുകൊല്ലാൻ എന്ന്.

കാളിദാസ കാവ്യത്തിലെ "തേനാർത്ഥിത്വം ത്വയി വിധിവശാദ് ദൂരബന്ധൂർഗ്ഗതോഹം'* എന്ന വരി അന്ന് ഞാനറിയാതെ ഓർത്തുപോയി. യുദ്ധവും യക്ഷന്റെ വിരഹവും തമ്മിലെന്തു ബന്ധം എന്നു ചോദിക്കരുത്. യുദ്ധത്തേക്കാൾ വലുതാണ്, തങ്ങളുടെ മരണം പോലും ഉറ്റവരറിയില്ലെന്ന് ഓർക്കുമ്പോഴുള്ള പരമമായ നിസ്സഹായത. ആരൊക്കെയോ പറഞ്ഞു, സംസ്‌കൃത പ്രൊഫസർ ഇളയതുമാഷിന്റെ മകനായതിനാൽ കമാന്റർ വെറും റൊമാന്റിക്കാണെന്ന്. ആയിരിക്കാം, ഒരു റൊമാന്റിക്കിനേ ശരിക്കും മരണത്തിന്റെ അതിശൈത്യം അനുഭവിച്ചറിയാനാവൂ, അല്ലേ?''

പറഞ്ഞുനിർത്തി, ട്രേയിൽനിന്ന് ചുരുട്ടെടുത്ത് കനൽ ഊതിത്തെളിയിച്ച് അദ്ദേഹം ഒരുപുക ഉള്ളിലേക്കെടുത്തു. കട്ടിയായ വെളുത്ത പുക ഒരു കുഞ്ഞുമേഘമായി മുറിയിൽ നിറഞ്ഞപ്പോൾ തോബിയാസ് ക്യാമറ ഓഫ്‌ചെയ്യാൻ ആംഗ്യം കാണിച്ചു. നാല്പതുനിലയുള്ള ഫ്‌ളാറ്റിലെ മുപ്പത്തിയേഴാം നിലയിൽ, സഫാരി ടി.വി.ചാനലിലെ "ചരിത്രം എന്നിലൂടെ' എന്ന പരിപാടിക്കുവേണ്ടിയുള്ള റെക്കോർഡിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്. ഇനിയും മുകളിലേക്ക് താമസിക്കാവുന്ന ഫ്‌ളാറ്റുകളില്ലാത്തതിനാൽ മാത്രമാണ് വിങ് കമാന്റർ നീൽ എന്നറിയപ്പെടുന്ന നീലകണ്ഠൻ ഇളയത്, ഈ നിലകൊണ്ട്​ തൃപ്തനായത്. ബാൽക്കണിയിലേക്കുള്ള വാതിലിനടുത്ത് ഇരുപതടി നീളത്തിലുള്ള കണ്ണാടിച്ചുമരാണ് ഈ ഫ്‌ളാറ്റിന്റെ ഏറ്റവും വലിയ ആകർഷണം. ആകാശത്തിന്റെ ഒത്തനടുക്ക് നിൽക്കുന്ന പ്രതീതി! ലാൻഡ് ചെയ്യാനനുവാദം കിട്ടാതെ ആകാശത്ത് നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു "ഫീൽ'! പകൽ ഫ്‌ളാറ്റിലേക്കു മുഴുവൻ പരന്നുതുളുമ്പുന്ന വെളിച്ചം. രാത്രികാലങ്ങളിൽ തെളിഞ്ഞ ആകാശത്തിന്റെ ഏറ്റവും വലിയ കാൻവാസിൽ വരച്ചിട്ട നക്ഷത്രപടങ്ങളുടെ മാസ്മരികവിന്യാസം. ഇടിയും മിന്നലുമൊക്കെയുള്ള രാത്രികളിൽ ഈ കണ്ണാടിച്ചുമരും നോക്കി ഇരുട്ടത്ത് തനിച്ചിരിക്കുക അദ്ദേഹത്തിന് വല്ലാത്ത ഹരമാണ്. പശ്ചാത്തലത്തിൽ കിഷോർകുമാറിന്റെ "ഭീഗി ഭീഗി രാതോം മേ മീഠി മീഠി ബാതോം മേ കൈസാ ലഗ്താ ഹേ...' എന്ന ഗാനം ആവർത്തിച്ചു കേട്ടുകൊണ്ടിരിക്കും. കൂടെ, വിദേശത്തുനിന്ന് വരുത്തിച്ച ക്യൂബൻ ചുരുട്ടിൽനിന്ന് മേഘശകലങ്ങൾ പോലെ പുകവിടർത്തിക്കൊണ്ടിരിക്കും. ഗ്ലാസിൽ പകർന്നുവച്ച "മങ്കി ഷോൾഡ'റിൽ ഐസ് ക്യൂബുകൾ അനാഥമായി അലിഞ്ഞുചേരുന്നത് വെറുതേ നോക്കിയിരിക്കും. ചുണ്ടോടടുപ്പിക്കാതെ എത്ര മണിക്കൂർ പിടിച്ചുനിൽക്കാനാവും എന്ന വാതുവച്ചതുപോലെ!

അദ്ദേഹത്തോടൊപ്പം നാല്പതുവർഷമായി അബൂബക്കറുമുണ്ട്. കാര്യസ്ഥൻ, സുഹൃത്ത്, പാചകക്കാരൻ, ഡോക്ടർ, നഴ്‌സ്, ഡ്രൈവർ, മഹാഗുരു, മന്ദബുദ്ധിശിഷ്യൻ, കാമുകി, ചവറ്റുകൊട്ട - ‘ഓൾ ഇൻ വൺ'.
ഈ എൺപത്തിയാറാം വയസ്സിലെ കമാന്ററുടെ ശീലങ്ങളും വാശികളും ദൗർബ്ബല്യങ്ങളും അബുവിന് നന്നായറിയാം. സ്വന്തമായി ഇഷ്ടാനിഷ്ടങ്ങളില്ലാത്ത സൂഫിവര്യൻ! അദ്ദേഹം തന്റെ മുഴങ്ങുന്ന ശബ്ദത്തിൽ ‘ബൂ...' എന്നു വിളിച്ചാൽ എത്ര തിരക്കുപിടിച്ച ജോലിയിലാണെങ്കിലും അബു ഓടിയെത്തുകയായി. കുളിക്കിടയിൽപ്പോലും പാതിനിർത്തി തലതുവർത്തിക്കൊണ്ട് അബു ഇറങ്ങിവന്നിട്ടുണ്ട്. അഞ്ചുനേരം നിസ്‌ക്കരിക്കുമ്പോഴും അപ്പുറത്തുനിന്ന് വിളി കേൾക്കുന്നുണ്ടോ എന്നയാൾ കാതോർക്കും. ദേഷ്യം വന്നാലും സങ്കടം വന്നാലും അദ്ദേഹത്തിന് ഒരൊറ്റവിളിയേയുള്ളൂ, ‘ബൂ' എന്ന്. അതിൽ ഒരുജന്മത്തിന്റെ മുഴുവൻ അഹങ്കാരവും അനാഥത്വവും അടങ്ങിയിരിക്കും. ഭാര്യമരിച്ചിട്ട് പത്തിരുപതുവർഷമായി. മക്കളുമില്ല. കാണാൻ ഹിമാലയം പോലെയുണ്ടെങ്കിലും കിളിക്കുഞ്ഞിന്റെ ഹൃദയമാണെന്ന് അബുവിനറിയാം.

എടോ... നീയെന്നെ നല്ലോണം നോക്കിയാൽ എനിക്കുള്ളതെല്ലാം എന്റെ കാലശേഷം നിനക്കാ... ഈ തടി മെഡിക്കൽ കോളേജ് പിള്ളേർക്കും...

കമാന്റർ ഇടയ്ക്കിടെ പറയാറുണ്ട്. ഒരർത്ഥത്തിൽ അദ്ദേഹത്തേക്കാൾ വിരക്തി വന്നയാളാണ് അബു. സ്വന്തമായി ഒരു താല്പര്യങ്ങളുമില്ലാതെ, സ്വന്തം പരാധീനതകളും വയ്യായ്കകളും വകവെയ്ക്കാതെ, വർഷങ്ങളായി കൂടെക്കൂടിയതല്ലേ? ഒന്നും മോഹിച്ചിട്ടല്ല. പെങ്ങന്മാരുടെ മുഴുവൻ വിവാഹം കഴിപ്പിച്ചതും, വീടു പുതുക്കിപ്പണിതതും വാപ്പാന്റെയും ഉമ്മാന്റെയും ചികിത്സ നടത്തുന്നതും ഈയൊരൊറ്റ വ്യക്തികാരണമാണ്. പതിനഞ്ചാം വയസ്സിൽ കുപ്പയിൽനിന്നെന്നപോലെ തന്നെ പെറുക്കിയെടുത്തതാണ്. സ്വന്തമായി ഒരു കുടുംബമുണ്ടാക്കാൻ പലതവണ നിർബ്ബന്ധിച്ചപ്പൊഴൊക്കെയും ഒഴികഴിവുകൾ പറഞ്ഞു തടിതപ്പി. ഇപ്പോൾ അമ്പത്താറാം വയസ്സിൽ, തനിക്ക് ഇങ്ങനെയല്ലാത്തൊരു ജീവിതം സാധ്യമല്ലെന്ന് ഉറപ്പിച്ചിരിക്കുമ്പോൾ എന്തിനാണ് ഫ്‌ലാറ്റും കാറും ബാങ്ക് ബാലൻസുമൊക്കെ?

അബു ഇടവേളകളിൽ എല്ലാവർക്കും ചായ വിളമ്പി. കൂടെ വറുത്ത അണ്ടിപ്പരിപ്പും.
ക്യാമറയുടെ പൊസിഷൻ മാറ്റാൻ തോബിയാസ് ആംഗ്യം കാണിച്ചു.
കമാന്ററെ ഭയത്തോടെ നോക്കിക്കൊണ്ടാണ് അവരുടെ നീക്കങ്ങളെല്ലാം. കഴിഞ്ഞ ദിവസം ഈ ഇന്റർവ്യൂവിന്റെ പ്രൊമോ ഷൂട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ പ്രകടനം അത്ര ഗംഭീരമായിരുന്നല്ലോ. ചാനലിൽ ഇതുവരെ ഒരു പരിപാടിക്കും ഇല്ലാത്ത ഒരു വീഡിയോ മുഹൂർത്തമായിരിക്കും അത് എന്ന് തോബിയാസ് ആവർത്തിച്ചു പറഞ്ഞുനോക്കിയതാണ്. പരിപാടിയുടെ പ്രാരംഭ ദൃശ്യമായി, പതിനേഴും പത്തൊമ്പതും നിലയുള്ള കൂറ്റൻ ഫ്‌ളാറ്റുകൾ നിലംപൊത്തുന്നത്, കമാന്ററുടെ പശ്ചാത്തലത്തിൽ കാണിക്കാനുദ്ദേശിച്ച് എത്തിയതാണ് ടീം. ജീവിച്ചിരിക്കുന്ന രാഷ്ട്രീയ അതികായന്മാരെവരെ കൂസലില്ലാതെ ആക്രമിക്കുന്ന, ഔദ്യോഗിക ജീവിതത്തിലെ നാടകീയമായ സംഭവങ്ങൾ വിവരിക്കുന്ന, ഒരു യുഗം പോലെ, നീണ്ട സംഭവബഹുലമായ ജീവിതകഥ അനാവരണം ചെയ്യാൻ പോവുകയാണല്ലോ! അതിന് ഏറ്റവും അനുയോജ്യമായ പശ്ചാത്തലമായിരിക്കും ആ ദൃശ്യം എന്ന് എല്ലാവരും ഉറപ്പിച്ചതാണ്. എന്നാൽ അന്ന് അതിരാവിലെ മുതൽത്തന്നെ കമാന്റർ അസ്വസ്ഥനായിരുന്നെന്ന് അബൂബക്കർ പറഞ്ഞു. തന്റെ ഒറ്റക്കുഴൽ ബൈനോക്കുലറുപയോഗിച്ച് നെട്ടൂരിലെ ഇരട്ട ടവറുകളായ "ആൽഫാ സെറീ'നെ ഇവിടെനിന്നദ്ദേഹം കൂടെക്കൂടെ നോക്കിനിന്നു. ആദ്യത്തെ ഫ്‌ളാറ്റ്​പൊളിക്കുന്നതിന്റെ ടെലിവിഷൻ ദൃശ്യങ്ങൾ കണ്ട് അദ്ദേഹം നെടുവീർപ്പിട്ട് തലയിൽ കയ്യുംവച്ച് കസേരയിൽ കണ്ണടച്ചിരുന്നു. ഷൂട്ടിംഗിനായി ക്യാമറയും ലൈറ്റിംഗും സർവ്വസജ്ജീകരണങ്ങളുമായി എത്തിയവരോട് അകാരണമായി ക്ഷോഭിച്ച് മുറിക്കുള്ളിൽ തലങ്ങും വിലങ്ങും അതിവേഗം നടന്നുകൊണ്ടിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തെ സൈറനുകളെ പെട്ടെന്നോർത്തതുകൊണ്ടോ എന്തോ നിലത്തുകമിഴ്ന്നു കിടക്കാൻ അദ്ദേഹം എല്ലാവരോടും ആജ്ഞാപിച്ചു. ആരും അനുസരിക്കാത്തതു കണ്ട് ബോധത്തിലേക്കുണർന്ന കമാന്റർ ചുമരിൽ സ്ഥാപിച്ചിരുന്ന ഇരട്ടക്കുഴൽ തോക്കുചൂണ്ടി എല്ലാവരെയും വിരട്ടി. എല്ലാവരും പേടിച്ചരണ്ടിരുന്ന ആ നിമിഷങ്ങളിൽ സാമാന്യം വ്യക്തമായി ഇവിടെനിന്നു കാണാമായിരുന്ന ഇരട്ട ടവറുകളുടെ പതനം അങ്ങനെ അവർക്കെല്ലാവർക്കും നഷ്ടമായി. അണുബോംബുവർഷിച്ചാലുയരുന്ന കൂൺമേഘം പോലെ സ്ലോമോഷനിൽ ആ ഫ്‌ളാറ്റുകൾ നിന്നിടത്തുനിന്ന് പൊടിപടലങ്ങൾ പരന്നുയരുന്നതുമാത്രം കുറച്ചുകഴിഞ്ഞപ്പോൾ എല്ലാവരും നോക്കിനിന്നു. പ്രൊമോ ഷൂട്ടിംഗ് എന്ന സ്വപ്നം ഉപേക്ഷിച്ച് തോബിയാസും കൂട്ടരും അന്ന് മടങ്ങിയത് എല്ലാവരെയും നടുക്കിയിരുന്നു. ആ കൂട്ടത്തിൽ രണ്ടുപേർ ടീമിൽനിന്നുതന്നെ പിൻവാങ്ങി.

ഇടവേളയിൽ ക്യാമറക്കാരന്റെ നോട്ടം മുഴുവൻ അദ്ദേഹത്തിന്റെ ലൈബ്രറിയിലായിരുന്നു. മിക്കതും കട്ടിയുള്ള പഴകി ദ്രവിച്ച പുസ്തകങ്ങൾ. കമാന്റർ പറഞ്ഞു, ""അച്ഛന്റെ പുസ്തകങ്ങളാ. തൃപ്പൂണിത്തുറ ആർ.എൽ.വി.യിലേക്കു കൊടുക്കാമെന്നു വച്ചതാണ്. പക്ഷേ എന്റെ കാലശേഷം മതി എന്നു ഞാൻ അബുവിനോടു പറഞ്ഞിട്ടുണ്ട്. എനിക്കും ഒരല്പം സംസ്‌കൃതത്തിന്റെ അസ്‌ക്യതയുണ്ടേ... അച്ഛനെപ്പോലെ വ്യാഖ്യാനിക്കാനൊന്നുമറിയില്ല. പക്ഷേ ആ കാഴ്ചയുടെയൊക്കെ ഒരു "ഹൈറ്റ്' മറ്റൊരു പുസ്തകത്തിലും കാണാനാവില്ല.''

തോബിയാസിന്റെ കണ്ണുവായിച്ച് ക്യാമറാമാൻ ആ പുസ്തകങ്ങളുടെ കുറച്ചു ക്ലോസ് ഷോട്ടുകളെടുത്തു. പുസ്തകമെടുത്തു നിവർത്തി മറിച്ചുനോക്കുന്ന കമാന്ററുടെ ലോ ആംഗിൾ ദൃശ്യങ്ങളും.
""ക്ഷീണമുണ്ടെങ്കിൽ നമുക്ക് അടുത്തദിവസം തുടരാം സാർ'', തോബിയാസ് പറഞ്ഞു.
""ആർക്കാ ക്ഷീണം? നിങ്ങൾക്കോ എനിക്കോ?''
""അതല്ല, ഒറ്റയടിക്ക് തീർക്കണമെന്നില്ല. നമുക്ക് ലെങ്ത് ഒരു പ്രശ്‌നമല്ല. അരമണിക്കൂറുവീതം അറുപത് എപ്പിസോഡുവരെയൊക്കെ സംസാരിച്ചവരുണ്ട്.. അതുകൊണ്ടാ.''
""നിങ്ങൾക്കു മടുത്താൽ നിർത്തിക്കോ. ഞാനിവിടെത്തന്നെ കാണും.''
വിഷമത്തിലായ തോബിയാസ് "എന്നാൽ ഒരു ടേക്കുകൂടിയെടുക്കാ'മെന്ന് ടീമിനോടു പറഞ്ഞു. "ടച്ചപ്പി'ന് സെൽവനെ നോക്കി. കമാന്റർ കഥാപാത്രത്തെ ഉൾക്കൊണ്ടു.

""ഫോഴ്‌സിൽനിന്നു പിരിഞ്ഞ് ഞാൻ സിവിൽ ഏവിയേഷനിൽ ചേർന്നപ്പോൾ ഭൂമി കുറേക്കൂടി ഉരുണ്ടതായി''
ആ പ്രയോഗം കേട്ട് അന്തംവിട്ടുനിന്ന "സഫാരി'ക്കാരെ നോക്കി, കമാന്റർ കുലുങ്ങിച്ചിരിച്ചു.
""എന്നുവച്ചാൽ ഞാൻ കൂടുതൽ സമയം ആകാശത്തുതന്നെയായി എന്നർത്ഥം. പൈലറ്റ് ട്രെയിനിംഗിന് അന്ന് ഇന്നത്തെപ്പോലെ സിമുലേഷൻ മെത്തേഡൊന്നുമില്ലല്ലോ. നേരിട്ട് ആകാശത്ത് ഇത്രമണിക്കൂർ വിമാനം പറത്തിയിരിക്കണം എന്ന് നിയമമുണ്ട്. എങ്കിൽ മാത്രമേ ലൈസൻസുകിട്ടൂ. ഡ്രൈവിംഗ് പഠിപ്പിക്കുന്നതുപോലെയല്ല, ആകാശത്ത് എട്ടുംപൊട്ടും തിരിയാത്ത പയ്യന്മാരുടെ കയ്യിൽ സർവ്വ കൺട്രോളുംകൊടുത്ത് വിമാനത്തിൽ കൂടെ യാത്രചെയ്യുന്നത്. കോക്ക്പിറ്റിലെ ആയിരക്കണക്കിന് സ്വിച്ചുകൾ ഓരോന്നും എന്താണെന്നു പഠിക്കാൻ തന്നെ മാസങ്ങളെടുക്കും. ഒരെണ്ണം മാറി ഉപയോഗിച്ചാൽ മതി മൂക്കുകുത്തി താഴെവീഴാൻ. ട്രെയിനികളാണെങ്കിൽ പരിഭ്രമിച്ച് കയ്യുംകാലും വിറച്ച് റോങ്‌സ്വിച്ചുകൾ മാത്രമേ പ്രയോഗിക്കൂ. ഭയങ്കരടെൻഷൻ പിടിച്ച പണിയായിരുന്നു. ഭാഗ്യത്തിന് അപകടമൊന്നുമുണ്ടായില്ല.

അന്നേ എനിക്ക് മേഘങ്ങൾ ഹരമായിരുന്നു. യൂ സീ... നമ്മൾ എയർപോർട്ടിൽനിന്ന് ടാക്‌സി ഔട്ട് ചെയ്തു, റൺ വേ ലൈൻ അപ് ചെയ്തു, ത്രോട്ടിൽ ഓപ്പറേറ്റ് ചെയ്തു, സാമാന്യം എയർബോൺ ആയിക്കഴിഞ്ഞാൽ പിന്നെ നമ്മുടെ കൂട്ട് വലുതും ചെറുതും വിധത്തിലും തരത്തിലുമുള്ള മേഘങ്ങൾ മാത്രമാണ്. കോ-പൈലറ്റ് ഭൂമിയിലെ കാര്യങ്ങൾ പറഞ്ഞ് ശല്യം ചെയ്തില്ലെങ്കിൽ നമുക്ക് അതിർത്തിയോ അറ്റമോ ഇല്ലാത്ത ആകാശത്തിൽ, താന്തോന്നികളായ മേഘക്കൂട്ടങ്ങളെപ്പോലെ അലയാം.

നോക്കൂ ഞാൻ പറഞ്ഞത് ‘ഭൂമി'യിലെ എന്നാണ്!
മേഘത്തിനും മുകളിലൂടെ പറക്കുമ്പോൾ സൂര്യന്റെ വെള്ളിവെളിച്ചം വിരിക്കുന്ന സുൽത്താന്റെ പട്ടുമെത്തയുണ്ട്. ഹോ! ആ ഹൈറ്റിൽനിന്ന് ചാടിച്ചാവാൻ തോന്നും! അത്രയ്ക്ക് ശക്തിയുള്ള വിളിയാണ്. ആദ്യമൊന്നുമല്ല കേട്ടോ, ഇരുപത്തിരണ്ടു വർഷം ഞാൻ വിമാനത്തിലായിരുന്നു. പിന്നെപ്പിന്നെ എനിക്ക് ലഹരിയായി. രാത്രിയിലെ ആകാശം, സൂര്യനുണരുന്നതിനു തൊട്ടുമുമ്പുള്ള ആകാശം, നട്ടുച്ചയിലെ കണ്ണുപൊട്ടിക്കുന്ന ആകാശം.... യെസ്.. രാത്രിയിൽ നിങ്ങൾക്ക് എല്ലാം വ്യക്തമായി കാണാം. പകൽ, നട്ടുച്ചയ്ക്കാണ് ഫ്‌ളൈറ്റിൽ നിങ്ങൾ ബ്ലൈൻഡ് ആയിപ്പോകുന്നത്. ചന്ദ്രനില്ലാത്ത ആകാശമാണ് നിലാവിനേക്കാൾ റൊമാന്റിക്ക്. അപ്പൊഴും മേഘം, മേഘം, മേഘം!

ട്രെയിനികളെ പലതരം മേഘങ്ങളുടെ രൂപവും സ്വഭാവവും പഠിപ്പിക്കണം. "യൂ ഹാവ് ടു അവോയ്ഡ് ക്ലൗഡ്‌സ് വൈൽ ഫ്‌ളൈയിംഗ്' അല്ലേ... അതിനു വേറെ വഴിയൊന്നുമില്ല. ഇന്നൊക്കെ അത്യാധുനികസൗകര്യങ്ങളും മെഷിനറികളുമുണ്ട്. കാണുന്ന കാഴ്ചകൊണ്ട് ഏതുതരം മേഘമാണ്, എത്ര വ്യാപ്തിയിൽ അതുണ്ടാവും എന്നൊക്കെ തിരിച്ചറിഞ്ഞ് ഉയരം കൂട്ടുകയോ കുറയ്ക്കുകയോ വശംതിരിക്കുകയോ ഒക്കെ ചെയ്യണം. പിന്നെ ഓരോന്നിന്റെയും ഇലക്ട്രിക്കൽ ചാർജ്ജും കെമിക്കൽ ഇൻഗ്രീഡിയൻസും അറിയണം.

‘‘ബൈ ദ് ബൈ, നിങ്ങൾക്ക് വിഷ്വൽസ് കാണിക്കാൻ സൗകര്യമുണ്ടെങ്കിൽ ഞാനൊരു ചാർട്ട് കാണിച്ചുതരാം. ഉയരത്തിനും രൂപത്തിനുമനുസരിച്ച് മേഘങ്ങളുടെ വ്യത്യാസം എന്തെന്ന് മനസ്സിലാക്കാൻ. അങ്ങനെ പ്രൊവിഷനുണ്ടോ തോബിയാസ്?''
""ഉവ്വ് സാർ. വ്യൂവേഴ്‌സിന് അത് ഉപകരിക്കും. ആയിരം വാക്കിനു പകരം ഒരു ചിത്രം മതിയല്ലോ.''
""എക്‌സാറ്റ്‌ലി. ഞാനത് ഒന്നു തപ്പിയെടുത്തോട്ടെ. ഒന്നു പോസ് ചെയ്യണേ...''
കമാന്റർ ചുമരലമാരയിലെ താഴേത്തട്ടിൽ അടുക്കിവച്ചിരുന്ന കടലാസുകൾ പുറത്തെടുത്തു. അതിനിടയിൽ മറ്റു പല ഫോട്ടോകളിലും കണ്ണുടക്കി കുറച്ചുനേരം ധ്യാനിച്ച് അവ തിരികെ വച്ചു.
""ബൂ...''

കമാന്ററുടെ വിളിയുടെ അറ്റത്ത്, കാറ്റുപോലെ അബു പറന്നെത്തി.
""മറ്റേ... ഇത്... എവിടെ വച്ചൂന്ന് ഓർമ്മയുണ്ടോ?''
""ഏതാ സാർ?''അതിനു മറുപടി പറയാതെ കമാന്റർ കടലാസുകൾ വാരിവലിച്ചിട്ടു. എന്താണ് തിരയുന്നതെന്നറിയാതെ അബുവും ഷെൽഫിന്റെ പലഭാഗത്തും കയറ്റിവച്ചിരുന്ന ഫയലുകളും പേപ്പറുകളും എടുത്ത് കാണിച്ചു. "കണ്ടില്ലേ ഇതാണ് പ്രകൃതം' എന്ന് തോബിയാസിനെ കണ്ണുകൊണ്ടുകാണിച്ച് അബു മാറിനിന്നു. കമാന്റർക്ക് ക്ഷമ നശിച്ചു.

""ഇവിടെയുണ്ടായിരുന്നതാ. ഞാനെന്തായാലും നിങ്ങടെ ഷൂട്ടിംഗ് കഴിയുമ്പൊഴേക്കും സംഘടിപ്പിച്ചുതരാം. അതിൽ ഇത്ര ഫീറ്റ് ഏ.ജി.എൽ. - എബൗവ് ഗ്രൗണ്ട് ലെവൽ എന്നൊക്കെ വൃത്തിയായി പറഞ്ഞിട്ടുണ്ട്. പൈലറ്റ്‌സ് ട്രെയിനിംഗിൽ മനഃപാഠമാക്കേണ്ട ചിത്രമാണത്.

ചെമ്മരിയാട്ടിൻപറ്റം പോലെ അനങ്ങാതെ നിൽക്കുന്ന മേഘങ്ങൾ കണ്ടിട്ടില്ലേ? അതാണ് ഏറ്റവും ഉയരത്തിലുള്ളവ. അതല്ലെങ്കിൽ നീണ്ട തലമുടിനാരുപോലെ പരന്ന് അനന്തതയിൽ അലിഞ്ഞുചേരുന്നവ. അതാണ് "സിറോ സ്റ്റാറ്റസ്' എന്നുപറയുന്നത്. രാവിലെയെണീറ്റ് ആരോ വലിയൊരു ചൂലുകൊണ്ട് ആകാശമുറ്റം അടിച്ചുവാരിയതുപോലെ തോന്നും കണ്ടാൽ. മുറ്റത്ത് ഈർക്കിൽ പാടുകൾ കോറിയിട്ടതുപോലെ. സിറോ എന്ന ലാറ്റിൻവാക്കിന് "തലമുടിനാര്' എന്നാണർത്ഥം. അത്തരം മേഘങ്ങൾ ഇരുപതിനായിരം അടിക്കുമേൽ ഉയരത്തിലാണ് കേട്ടോ. ഐസ് ക്രിസ്റ്റൽസാണ് ആ കാണുന്നത്.

അവിടുന്നുതുടങ്ങി ആറായിരത്തഞ്ഞൂറടി വരെ ഉയരത്തിൽ കാണുന്നവ ഓൾട്ടോ സ്ട്രാറ്റസ് എന്നും ഓൾട്ടോ ക്യുമുലസ് എന്നും പേരുള്ളവ. ക്യുമുലസ് എന്നു പറഞ്ഞാൽ കൂനപോലെയുള്ളവയാണ്. ടെക്ക്‌നിക്കലായി ഒരുപാടു പറയാനുണ്ട്. അതിനും താഴെ, ഏറ്റവും താഴെ കാണുന്നവയാണ് ക്യുമുലോ നിംബസ് അഥവാ സി.ബി. ക്ലൗഡ്‌സ്. കട്ടിക്കറുപ്പായി തിങ്ങിനിറഞ്ഞ് പ്രളയം പൊഴിക്കുന്ന മഴമേഘങ്ങൾ. ഇതാണ് ആകാശത്തിലെ യഥാർത്ഥ വില്ലൻ. ഹൈ ഇലക്ട്രിക്ക് ചാർജ്ജാണ്. അതിൽ പെട്ടാൽ പെട്ടു.

പത്ത് പതിനഞ്ചായിരം അടി ഉയരം വരെയൊക്കെയേ മേഘങ്ങൾ കാണൂ. അതിനുമുകളിൽ ശരിക്കും മെഡിറ്റേറ്റീവ് മൂഡാണ്. ടൈം ഇല്ലാതാവുന്ന അവസ്ഥ സങ്കല്പിക്കാനാവുമോ? അതാണവിടെ. അറ്റ്‌ലാന്റിക്കിന്റെ മുകളിലൂടെ പതിനെട്ടുമണിക്കൂറൊക്കെ നിർത്താതെ ഫ്‌ലൈ ചെയ്ത ഓർമ്മയുണ്ട് എനിക്ക്. എന്താ പറയുക! യു വിൽ ബികം നതിംഗ്! വിഷനീല നിറഞ്ഞ മേലാപ്പിനു കീഴെ കടലുപോലെ പതഞ്ഞുകിടക്കുന്ന മേഘമെത്ത. ചക്രവാളം വളഞ്ഞുവലയം ചെയ്ത് കാന്തംപോലെ നമ്മെ വിളിച്ചുകൊണ്ടിരിക്കും. ആയിരം മൈൽ വേഗതയിൽ നമ്മൾ സഞ്ചരിക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം.

മേഘങ്ങളൊഴിഞ്ഞ ഇടവേളകളിൽ താഴേക്കുനോക്കി ഭൂമി അവിടെത്തന്നെയുണ്ട് എന്ന് ഉറപ്പിക്കും. അതുമതി. പിന്നെ.... ഹാ....''

കമാന്റർ കണ്ണടച്ച് ആ അവസ്ഥ ഓർമ്മയിൽ ആവാഹിക്കാൻ ശ്രമിച്ചു.
ആർക്കും ആ ധ്യാനം മുടക്കാൻ ധൈര്യം വന്നില്ല.
തൊട്ടാൽ പൊള്ളുന്ന നിശ്ശബ്ദത.

എല്ലാവരുടെയും കണ്ണുകൾ അദ്ദേഹത്തിൽത്തന്നെ ഉറച്ചുനിന്നു. ക്യാമറ പ്രവർത്തിച്ചുകൊണ്ടിരുന്നു.

എഡിറ്റിംഗിൽ ഈ മുഹൂർത്തങ്ങൾ ഉപേക്ഷിക്കാതെ നിർത്തണമെന്ന് തോബിയാസ് ഉറപ്പിച്ചു. നിർത്താതെ ചിലക്കുന്ന കുരുവികളുടെ ഉയരമല്ല, ധ്യാനബുദ്ധരായ കഴുകന്മാരുടെ ഉയരമാണ് ഇവിടെ ആവശ്യം. "ഞാൻ' ഇല്ലാതാകുന്ന ഒരിത്തിരി സന്ദർഭം കാഴ്ചക്കാർക്കും കിട്ടട്ടെ.

അദ്ദേഹം ക്ഷമാപണത്തോടെ ഉണർന്നു, കുറച്ചുവെള്ളം കുടിച്ച്, വീണ്ടും സംസാരിച്ചുതുടങ്ങി.
""ഞാനാ ടേം വേഗം തീർത്ത് എ.റ്റി.സി.യിൽ ചാർജ്ജെടുത്തു, എയർ ട്രാഫിക്ക് കൺട്രോൾ സെന്റർ. അവിടെയാവുമ്പോ നമുക്ക് കാര്യങ്ങൾ പറഞ്ഞുചെയ്യിക്കാനും സിസ്റ്റം മെച്ചപ്പെടുത്താനും അവസരമുണ്ടാവും. മിടുക്കന്മാരായ കുറേ ചെറുപ്പക്കാരുടെ ഒരു നിരതന്നെയുണ്ടായിരുന്നു, എന്തിനും തയ്യാറായി. ഒഴപ്പന്മാരെ ഞാൻ കൈയോടെ പിടികൂടും. അന്നൊരു ഡോക്ടർ സേതുരാമയ്യരുണ്ടായിരുന്നു. കോക്ക്പിറ്റിൽ കയറുംമുമ്പ് പൈലറ്റുമാർക്ക് മെഡിക്കൽ ഫിറ്റ്‌നസ് ചെക്കപ്പുണ്ട്. ഡോക്ടർക്കാണ് ചാർജ്ജ്. പരിശോധിച്ച് യാതൊരു കുഴപ്പവുമില്ല എന്നു ഡോക്ടർ സർട്ടിഫൈ ചെയ്യണം. സേതുരാമയ്യർ വീട്ടിലിരുന്നാണ് പരിശോധന. ഓഫീസിൽ വരാറേയില്ല. പൈലറ്റുമാർ ഡ്യൂട്ടിക്കു കയറുംമുമ്പ് ഡോക്ടറെ ഫോണിൽ വിളിക്കും. ഡോക്ടർ ചോദിക്കും, ഹൗ ആർ യൂ? ഫൈൻ സാർ. അത്രതന്നെ. വീട്ടിലിരുന്ന് സർട്ടിഫൈ ചെയ്യും.

ഇതു ഞാൻ കണ്ടുപിടിച്ചു. ഓഫീസർ ഇൻ ചാർജ്ജിനോട് ഞാൻ ചോദിച്ചു, "Give me his phone number'.
ഞാൻ വിളിച്ചു, "Hello Mr Sethuramayyar, don't you have a room at ATC?'

ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ ടിപ്പിക്കൽ ട്രിവാൻഡ്രം സ്‌റ്റൈലിൽ സേതുരാമയ്യർ വന്നു.

ഞാൻ പറഞ്ഞു, Mr Iyer, You are younger than me. Don't play this game in aviation. Tomorrow onwards, you will have to be here at the airport, check the pilots. I will conduct surprise checks on your register. ദൈവീകമായൊരു ക്രോസ് ബെൽട്ട് ദാ, നെഞ്ചിനു കുറുകേ കിടക്കുന്നില്ലേ? അതിനോടെങ്കിലും സത്യസന്ധനാവണ്ടേ മിസ്റ്റർ?

മൂന്നുനേരം നൂറ്റെട്ടു ഗായത്രി ജപിക്കുന്ന സേതുരാമയ്യർ എന്റെ കാലിലേക്കു കുനിഞ്ഞു. ഞാൻ പരിഭ്രമിച്ച് കാലുവലിച്ചെടുത്തില്ലെങ്കിൽ അങ്ങേര് അതും ചെയ്‌തേനേ.

ഇങ്ങനത്തെ കുറേ കേസുണ്ട്. "ചൽത്താ ഹേ...' എന്നാണ് പൊതുവേ ആളുകളുടെ നിലപാട്. ഇതൊക്കെ ഇങ്ങനെയങ്ങു പൊയ്‌ക്കോളും. എന്നോ ആരോ എന്തിനോ തുടങ്ങിവച്ച സമ്പ്രദായം. കാര്യമറിയാതെ നമ്മൾ അനുസരിച്ചുപോരുന്നു, അത്രതന്നെ. പക്ഷേ പിടിക്കാൻ തുടങ്ങിയപ്പോൾ ഒരറ്റത്തുനിന്ന് ഞാൻ തൂത്തുവൃത്തിയാക്കാൻ തുടങ്ങി. നമ്മൾ നമ്മുടെ പണി വൃത്തിയായി ചെയ്താൽ ആരുടെയും മുമ്പിൽ ഓച്ഛാനിച്ചു നിൽക്കണ്ട. അല്ലേ? സിവിൽ ഏവിയേഷൻ മന്ത്രിവന്നാൽ ഞാൻ പോയി കാണാറൊന്നുമില്ല. ഫോണിൽ പറയും, സോറി സർ, എനിക്കല്പം തിരക്കുണ്ട്, വന്നുകാണാൻ പറ്റില്ല. മന്ത്രിക്ക് ഞാൻ കൃത്യമായി ജോലിചെയ്യുമെന്നറിയാം. അതുമതി.

പിന്നെയും കുറേക്കാലം പല സെന്റേർസിലും ഉണ്ടായിരുന്നു. ങാ... അതിനിടക്ക് തിരുവനന്തപുരത്ത് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് ഒരു സംഭവമുണ്ടായി. ഡി.ജി.സി.എ.- ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കഴിഞ്ഞാൽ തൊട്ടുതാഴെയുള്ള പോസ്റ്റായിരുന്നു. ശരിക്കുപറഞ്ഞാൽ നല്ല റിസ്‌ക്കും എന്നാൽ അത്രയ്ക്കത്രയ്ക്കു സാറ്റിസ്ഫാക്ഷനും ഉള്ള കാലം. അതൊക്കെ കഴിഞ്ഞിട്ട് കുറേക്കാലമായെങ്കിലും ഇനിയും ഇക്കാര്യങ്ങളൊക്കെ പുറത്തുവിടാമോ എന്നെനിക്കറിഞ്ഞുകൂടാ കേട്ടോ. ഇൻവെസ്റ്റിഗേഷൻ ഡീറ്റെയിൽസൊന്നും പൊതുവേ പുറത്തുവിടാൻ പാടില്ലെന്നാണ്. എന്നാലും പറയാം. അത് അങ്ങനെയൊരു കാര്യമായതുകൊണ്ടാണ്. ഇന്നും എന്റെ ഉറക്കം കെടുത്തുന്ന ഓർമ്മകളായതുകൊണ്ടാണ്.''

കമാന്റർ ഒരിത്തിരി ഇടവേളയെടുക്കുന്നതായി തോന്നിയപ്പോൾ തോബിയാസ് ക്യാമറാമാനെ നോക്കി. ലൈറ്റുകൾ ഒന്നിച്ച് അണഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ഇരുട്ടിൽ എല്ലാവരും കമാന്റർ ഇരുന്നയിടത്തേക്കു സൂക്ഷിച്ചുനോക്കി. അവിടെനിന്ന് കട്ടിയായ പുകയുയരുന്നതു കാൺകെ, തോബിയാസിനും വായ്ക്കകം പൊരിച്ചിൽ തുടങ്ങി. പതുക്കെ മറുപുറത്തെ ബാൽക്കണി ലക്ഷ്യമാക്കി, പോക്കറ്റിൽനിന്ന് സിഗരറ്റെടുത്തു കൊളുത്തി. കാര്യമായ സംഭവങ്ങളില്ലാതെ ഇദ്ദേഹം ഇങ്ങനെ വിവരണം തുടർന്നാൽ മിക്കവാറും കത്തിവയ്‌ക്കേണ്ടിവരുമല്ലോ എന്നയാൾ ഓർത്തു. ഇല്ല. എന്തോ കാര്യമായി പറയാൻ തുടങ്ങുകയായിരുന്നല്ലോ.
അത്രയും നേരം അദൃശ്യനായിരുന്ന അബു വീണ്ടും ഒരു ട്രേയിൽ കഴുകി മുറിച്ച കുറേ പഴങ്ങൾ വിളമ്പി.

പെട്ടെന്നുതന്നെ എല്ലാവരും ഫ്രഷായി തിരിച്ചെത്തിയതും കമാന്റർ ഷെൽഫിൽനിന്ന് വക്കു പിഞ്ഞിത്തുടങ്ങിയ ഒരു പുസ്തകമെടുത്ത് കാണിച്ചു. ""മേഘം കവികളുടെ ഒഴിയാബാധയാണ്. അതിൽ എന്തൊക്കെയോ നിഗൂഢതയുണ്ടെന്ന് കാളിദാസൻ പല കൃതികളിലും പറഞ്ഞിട്ടുണ്ട്. പലകാരണം കൊണ്ടും ഒറ്റപ്പെട്ടുപോയ മനുഷ്യന് മേഘങ്ങളാണ് ഒരേയൊരു സുഹൃത്ത്. അത് മഹാരാജാവിനും പരമദരിദ്രനും ഒരുപോലെയാണ്. മേഘം എല്ലാം കാണുന്നു, അറിയുന്നു, സമാശ്വസിപ്പിക്കുന്നു...''

കമാന്റർ സാഹിത്യം തുടങ്ങിയപ്പോൾ തോബിയാസ് പെട്ടെന്ന് ലൈറ്റുകളിട്ട് റെക്കോർഡിംഗ് തുടങ്ങി. അദ്ദേഹം പതുക്കെ മൂഡിലെത്തുകയാണ്. ക്ലാസിക്കുകൾ ഇത്രയ്ക്കു ഹൃദിസ്ഥമാക്കിയ വൈമാനികൻ ഒരു അത്ഭുതം തന്നെയാണ്. ഇരിപ്പിടത്തിൽ രാജകീയമായി ഇരുന്നുകൊണ്ട് കമാന്റർ തുടർന്നു.
""കാളിദാസനെപ്പോലെ, ഷെല്ലി, വേഡ്‌സ് വർത്ത്, റസ്‌കിൻ എല്ലാവർക്കും മേഘം ഒരു ഒബ്‌സെഷനായിരുന്നു. നമ്മുടെ ശങ്കുണ്ണിനായരുടെ കുറിക്കുകൊള്ളുന്ന ഒരു പഠനമുണ്ട്, മേഘാലോകം എന്നു പറഞ്ഞ്....''
സഫാരിക്കാർ പരസ്പരം നോക്കി, ""ഏതു ശങ്കുണ്ണിനായർ?''
കമാന്റർ ഷെൽഫിൽനിന്ന് ഛത്രവും ചാമരവും എന്നൊരു പുസ്തകം തപ്പിയെടുത്ത് അതിലെ പേജുകൾ മറിച്ചു.
""നോക്കൂ, മൂപ്പര് ഗഥേയെ ഉദ്ധരിച്ചിരിക്കുന്നത്...
"The first acquaintance with such a work always makes an epoch in our life'

കാളിദാസന്റെ മേഘദൂതത്തെക്കുറിച്ചാണ്.
ജീവിതത്തിന്റെ ആ മിസ്റ്ററി ഉണ്ടല്ലോ... അതിനെ ആവിഷ്‌ക്കരിക്കാൻ കാളിദാസൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് മേഘത്തിന്റെ പല പല ഡൈമെൻഷൻസാണ്. പുരൂരവസ്സ് ഉർവ്വശിയോട്, മിന്നലും മഴവില്ലുമുള്ള മേഘത്തെ ചൂണ്ടിക്കാട്ടി "എയർഹോസ്റ്റസ്സിനോടെന്നപോലെ' തന്നെ കൊട്ടാരത്തിലെത്തിച്ചാലും എന്നു പറയുന്നതൊക്കെ ശങ്കുണ്ണിനായർ എടുത്തുകാണിക്കുന്നുണ്ട്.''

പുസ്തകം അടച്ച് തിരിച്ചും മറിച്ചും നോക്കി കമാന്റർ പറഞ്ഞു,
""അസാധ്യ പുസ്തകമാണിത്... പക്ഷേ ആളുകൾ അദ്ദേഹത്തിന്റെ ഒപ്പമെത്താനാവാതെ ഇതിനെ തീരെ മൈൻഡ് ചെയ്തില്ല.''

""നമ്മൾ പറഞ്ഞുവന്നത്, തിരുവനന്തപുരം എ.ടി.സി.യിലുണ്ടായിരുന്ന കാലത്തെ സംഭവമായിരുന്നല്ലോ. കുറേക്കാലത്തേക്ക് ഉറക്കം കെടുത്തിയ ആ എയർക്രാഷിന്റെ കഥ. ഒരു ചെറിയ എയർക്രാഫ്റ്റ്, കൊച്ചിയിൽനിന്നു പുറപ്പെട്ട് തിരുവനന്തപുരത്തേക്കു പറക്കുന്നതിനിടയിൽ കാണാതായി. ട്രെയിനിംഗിനിടയിൽ അവർക്ക് ക്രോസ് കണ്ട്രി എന്നൊരു സെഷനുണ്ട്. ചെറിയ ദൂരങ്ങൾ അധികം ഉയരത്തിലല്ലാതെ ഓടിച്ചു പരിശീലിക്കുക. കൊച്ചിയിൽനിന്ന് ടേയ്ക്ക് ഓഫ് ചെയ്തപ്പോൾ ട്രിവാൻഡ്രം ഏ.ടി.സി.യിൽ വിവരം കിട്ടി. എക്‌സ്‌പെക്ടഡ് ടൈം ഓഫ് അറൈവൽ 7പി.എം. "റിപ്പോർട്ട് ടു അസ് അറ്റ് ഈച്ച് പോയിന്റ്‌സ്' എന്നുംപറഞ്ഞ് ഞാൻ വേറെ ജോലികളിൽ ഏർപ്പെട്ടു.

സമയം എട്ടായി, ഒമ്പതായി എയർക്രാഫ്റ്റിനെക്കുറിച്ച് യാതൊരു വിവരവുമില്ല. പൈലറ്റും കോ-പൈലറ്റും പിന്നെയൊരു ട്രെയിനിയും മാത്രമാണ് വിമാനത്തിലുള്ളത്. മൂന്നുപേരും മിടുമിടുക്കരായിരുന്നു. ഒരുതരത്തിലും അബദ്ധം പിണയാൻ സാധ്യതയില്ലാത്ത ടീം. അതിലൊരാളുടെ ഭാര്യ കാബിനെറ്റ് സെക്രട്ടറിയുടെ ഓഫീസിലെ സീനിയർ സ്റ്റാഫായിരുന്നു. മന്ത്രിയുമായി നേരിട്ടു ബന്ധമുള്ള കക്ഷി. പത്തുമണിയായപ്പോൾ അയാളുടെ ഭാര്യ ഡൽഹിയിൽനിന്നു വിളിക്കുന്നു. ഭർത്താവിനെ വിളിച്ചിട്ടു കിട്ടുന്നില്ല, ഏഴുമണിക്ക് ട്രിവാൻഡ്രത്ത് എത്തുമെന്നാണ് പറഞ്ഞിരുന്നത് എന്നും പറഞ്ഞ്. ഞാൻ അന്വേഷിക്കട്ടെ എന്നുപറഞ്ഞ് ഫോൺവച്ചു. പിന്നെ തുരുതുരാ അന്വേഷണങ്ങളായി. എങ്ങനെയോ സംഗതി പത്രങ്ങൾക്കും ലീക്കായി. പോരേ പൂരം. ഡി.ജി.സി.എ. വിളിക്കുന്നു, മന്ത്രി സിന്ധ്യ വിളിക്കുന്നു, പോലീസും നാട്ടുകാരും, ആകപ്പാടെ ബഹളം. ഞാനന്ന് രാത്രി ഉറങ്ങിയില്ല.

വി.ഓ.ആർ. എന്നൊരു സംവിധാനമുണ്ട്. വിർച്വൽ ഓമ്‌നി റേഞ്ച്. അതൊരു സിഗ്‌നലിംഗ് സിസ്റ്റമാണ്. അത് പല ഏരിയയിലും ഉണ്ടാവും. അതുനോക്കിയാണ് ചെറിയ എയർ ക്രാഫ്റ്റുകളൊക്കെ അവരുടെ പൊസിഷൻ കണ്ടുപിടിക്കുക. കൊല്ലം വരെയുള്ള സിഗ്‌നൽ ലഭിച്ചിട്ടുണ്ട്. അതിനുശേഷം സംഗതി മിസ്സിംഗ് ആയിപ്പോയി. ഏതാണ്ട് കടലോരത്തിനുമുകളിലൂടെയാണ് അവരുടെ റൂട്ട് എന്ന് ഊഹിക്കാം. രണ്ടായിരം, രണ്ടായിരത്തഞ്ഞൂറ് അടിയൊക്കെയേ ഉയരം കാണൂ. തീരപ്രദേശത്തെവിടെയും ഒരു വിമാനാപകടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പിന്നെന്തുപറ്റി? ഞാൻ തിരിച്ചും മറിച്ചും ആലോചിച്ച് നേരം വെളുപ്പിച്ചു.

എന്തെങ്കിലും കൺഫ്യൂഷനോ യന്ത്രത്തകരാറോ ഉണ്ടായാൽ പൈലറ്റ് കോൺടാക്ട് ചെയ്യേണ്ടതാണ്. ഒന്നുമുണ്ടായില്ല. അതുകൊണ്ടുതന്നെ ഒരു പ്രശ്‌നത്തിൽപെട്ട് നിവൃത്തിയില്ലാതെ ലാൻഡ് ചെയ്തപ്പോഴുണ്ടായ അപകടമല്ല എന്ന് ഉറപ്പ്. ടെയിൽവിൻഡ് ഉണ്ടെങ്കിൽ, അതായത് പിന്നിൽനിന്ന് കാറ്റ് ശക്തിയായി അടിച്ചാൽ വിമാനത്തിന്റെ നിയന്ത്രണം വിട്ട് വഴിതിരിഞ്ഞുപോകാം. അതും ഉണ്ടായിരിക്കാൻ വഴിയില്ല. പിന്നെ എന്തുപറ്റി? ഞാൻ പലരുമായും വിളിച്ച് ചോദിച്ചു. ഒരു എത്തുംപിടിയും കിട്ടുന്നില്ല. കൊല്ലം വരെയുള്ള വി.ഓ.ആർ. റെസ്‌പോൺസ് ഉണ്ടായതുകൊണ്ട് അവിടെ ചെന്ന് അന്വേഷിക്കാമെന്നു വിചാരിച്ചു. ഞാനും അസിസ്റ്റന്റ് ഒരു രൺവീർ ഉണ്ട്, പഞ്ചാബി ഓഫീസറാണ്, ഞങ്ങൾ രണ്ടുപേരും കൂടി കൊല്ലത്തേക്കു വിട്ടു. പലവഴിക്കും അന്വേഷിച്ചുനോക്കി. രാത്രിയിൽ ആകാശത്ത് ഒരു തീഗോളം കണ്ടു എന്നൊക്കെ നാട്ടുകാർ തട്ടിവിട്ടു. ഒരു കുന്നിന്റെ മുകളിലാണതെന്നു പറഞ്ഞ് അവിടെയൊക്കെ ചെന്നു നോക്കി. ഒന്നും കിട്ടിയില്ല. തീരമായ തീരമെല്ലാം അരിച്ചുപെറുക്കി. നത്തിംഗ്! അപ്പോഴാണ് കൂടെയുള്ള ഒരു പോലീസുകാരൻ അഞ്ചലിനടുത്ത് ഒരു ഗ്രാമത്തിൽ ഒരു സ്ത്രീ ഇതൊക്കെ പ്രവചിക്കുമെന്നും, പല പ്രമാദമായ കേസുകളും അവരുടെ വെളിപാടുപറച്ചിലിൽ തെളിഞ്ഞിട്ടുണ്ട് എന്നുമൊക്കെ പറഞ്ഞത്. ശരി, അങ്ങോട്ടു വച്ചുപിടിക്കാം എന്നു കരുതി.

ചെന്നപ്പോഴുണ്ട് പത്തഞ്ഞൂറുമീറ്റർ ക്യൂവായി ആളുകൾ നിൽക്കുന്നു, വെളിപാടുകേൾക്കാൻ. എന്തുചെയ്യും? ഞങ്ങടെ കേന്ദ്ര സർക്കാർ വാഹനവും പോലീസും ഒക്കെ കണ്ട് ആരൊക്കെയോ ഞങ്ങളെ വേഗം കടത്തിവിട്ടു. ആ സ്ത്രീ പലതും ഗണിച്ച്, പിറുപിറുക്കുംപോലെ എന്തൊക്കെയോ മന്ത്രമൊക്കെ ജപിച്ച്, മുറ്റത്തിറങ്ങി, മണ്ണിലേക്ക് മൂന്നുതവണ കാർക്കിച്ചു തുപ്പി. എന്നിട്ടുപറഞ്ഞു, കോട്ടയത്തിനടുത്ത് - ഏതോ കുഗ്രാമത്തിന്റെ പേരുപറഞ്ഞു - ഒരു മലയുടെ മുകളിൽ പൂജയും വിളക്കുമൊന്നുമില്ലാത്ത ഒരു ശിവക്ഷേത്രമുണ്ട്. അതിന്റെ പടിഞ്ഞാറ് ഒരു പൊട്ടക്കുളമുണ്ട്. അവിടെ വിമാനം വീണിരിക്കുന്നു എന്നു പറഞ്ഞു. ഞങ്ങൾ ശരിക്കും വാ പൊളിച്ചുപോയി, റഡാറും ജി.പി.എസും ഒന്നുമില്ലാത്ത കാലത്ത് ആ സ്ത്രീയുടെ ദിവ്യശക്തി പ്രവർത്തിക്കുന്ന വിധം കണ്ട്! ദക്ഷിണവച്ച് ആയമ്മയെ കാലിൽതൊട്ടു വണങ്ങി, ഞങ്ങൾ നേരെ കോട്ടയത്തേക്കു വിട്ടു. അവിടത്തെ കളക്ടറേയും കൂട്ടി, ആ പറഞ്ഞ ഗ്രാമത്തിലേക്കു ചെന്നു. നോക്കുമ്പോൾ ശരിയാണ് ആളനക്കങ്ങളൊന്നുമില്ലാതെ തലയുയർത്തിനിൽക്കുന്ന മല. കയറാൻ വഴിയൊന്നുമില്ല, മലയുടെ മുകളിലെ മൊട്ടപ്പാറയുടെ ഒത്തനടുക്ക് ഒരു ക്ഷേത്രം ഇവിടുന്നേ കാണാം. വഴുക്കുന്ന പാറയിൽ പൊത്തിപ്പിടിച്ചു കയറി, ഞാനും രൺവീറും, പാവം യു.പി.കേഡർ കളക്ടറും. മുകളിലെത്തുംമുമ്പേ വലിയൊരു നന്ദികേശന്റെ പ്രതിമകണ്ടപ്പോൾ ഞങ്ങളുടെ നെഞ്ചിടിപ്പു കൂടാൻതുടങ്ങി. അമ്മേ... എന്നറിയാതെ വിളിച്ചുപോയി. എന്തൊരത്ഭുതം! ഇത്ര കൃത്യമായി കാര്യങ്ങൾ കാണാനുള്ള ആ കഴിവ്! അടഞ്ഞ നടയ്ക്കലെത്തി ഉള്ളഴിഞ്ഞ് പ്രാർത്ഥിച്ചു. ഹുണ്ടികയിൽ നൂറുരൂപയുടെ നോട്ടും നിക്ഷേപിച്ച് പിന്നിലെ പൊട്ടക്കുളം ലക്ഷ്യമാക്കി നടന്നു.

പൊട്ടക്കുളമുണ്ട്. പക്ഷേ അതിൽ തീരെ വെള്ളമില്ല. പാറവെട്ടിയുണ്ടാക്കിയ കുഴിയാണ്. മഴക്കാലത്ത് വെള്ളം നിന്നാലായി. പോലീസും ഞങ്ങളും ആ മലമുഴുവൻ അരിച്ചുപെറുക്കി. ഒരു ഇരുമ്പിന്റെ കഷണം പോലും കിട്ടിയില്ല. സംഗതി മഹാ ചമ്മലായിപ്പോയി. അതിനിടക്ക് പോലീസും ഉദ്യോഗസ്ഥന്മാരുമൊക്കെ മലകയറുന്നതുകണ്ട് താഴ്വാരത്തിൽനിന്ന് നാട്ടുകാർ കുറേപ്പേർ പലവഴിക്ക് കയറിവന്നു. എന്തുപറയും? എത്രയും പെട്ടെന്ന് സ്ഥലംകാലിയാക്കാൻ നിർദ്ദേശംകൊടുത്ത് ഞങ്ങൾ ഇറങ്ങി. അന്ന് ആ കളക്ടറുടെ മുഖമൊന്നു കാണണം. എന്നെ ഇഞ്ചിഞ്ചായി അരിഞ്ഞ് കറിവച്ച് തിന്നാനുള്ള ദേഷ്യം കാണും. ഞങ്ങൾ തലയും താഴ്ത്തി മലയിറങ്ങി. വണ്ടി തിരിച്ചുവിട്ടു. അത്രതന്നെ.''

കമാന്റർ ദീർഘമായി നിശ്വസിച്ചു. കുറേ വെള്ളം കുടിച്ച്, നിരാശയോടെ നെഞ്ചു തടവിക്കൊണ്ട് മുറിയിൽ അങ്ങുമിങ്ങും നടന്നു. തോബിയാസ് എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. എന്താണ് പറഞ്ഞുവരുന്നത്? അതോ പറഞ്ഞുകഴിഞ്ഞോ? ഇങ്ങനെയൊരു അമളി പറ്റിയതിനെക്കുറിച്ചാണോ പറയാനുണ്ടായിരുന്നത്?

""സകല ദൈവങ്ങളെയും തെറി പറഞ്ഞ് ഞങ്ങൾ മലയിറങ്ങാൻ നേരത്ത് ആകാശത്ത് ഒറ്റയ്‌ക്കൊരു പടുകൂറ്റൻ മേഘം നിന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. "ജാതം വംശേ ഭുവനവിദിതേ പുഷ്‌കലാവർത്തകാനാം...' എനിക്ക് പെട്ടെന്ന് മേഘദൂതത്തിലെ വരികൾ ഓർമ വന്നു. താങ്കൾ ലോകപ്രശസ്തമായ പുഷ്‌കലാവർത്തകന്മാരുടെ വംശത്തിൽ പിറന്നവനാണല്ലോ എന്ന്. പുഷ്‌കലാവർത്തകങ്ങൾ, പ്രളയകാലത്ത് മഴചൊരിഞ്ഞ് ലോകത്തെ മുക്കുവാൻ ഒരുക്കി നിർത്തിയ പെരും മേഘങ്ങളാണ്. മേഘങ്ങളുടെ കുലകൂടസ്ഥന്മാർ. അവനാണാ നിൽക്കുന്നത്. പണ്ട് പ്രിയപത്‌നിയെ പിരിഞ്ഞ് രാമഗിരി ആശ്രമത്തിൽ ഒറ്റപ്പെട്ടുപോയ യക്ഷന്റെമുന്നിൽ അനുഗ്രഹരൂപത്തിൽ ആഷാഢമാസത്തിലെ ആദ്യദിവസത്തിൽ വന്നു നിന്നവൻ. കുമ്പിട്ടു കൊമ്പുകുത്തിനിൽക്കുന്ന വലിയൊരാനയെപ്പോലെയുള്ള മേഘം. ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ സി.ബി. ക്ലൗഡ്! കറുകറുത്ത് ജെറ്റ് ബ്ലാക്ക് എന്നൊക്കെ പറയുന്ന നിറത്തിലുള്ള ഒറ്റ മേഘം! അത് ശരിക്കും ഒരു അത്ഭുതം തന്നെയായിരുന്നു. അങ്ങനെ ആ മേഘം ഒറ്റയ്ക്ക് കാണാറില്ല. മഴമേഘങ്ങൾ കൂട്ടത്തോടെയാണ് വരിക. കാളിദാസൻ കണ്ടതുപോലെ ഒറ്റയ്‌ക്കൊരു മേഘം എന്തായാലും ഒരു നിഗൂഢചിഹ്നം തന്നെ, ഞാൻ ഉറപ്പിച്ചു.

വൈമാനികരുടെ പേടിസ്വപ്നമാണ് ഈ മേഘക്കൂട്ടം. അന്തരീക്ഷത്തിലെ പല കെമിക്കൽ കോംപൗണ്ട്‌സും ചേർന്നാണ് സി.ബി. ക്ലൗഡായി രൂപപ്പെടുക. വളരെ അഗ്രസീവാണവൻ. ആഗ്രയിൽ എന്റെ കൺമുന്നിൽവച്ച് ഒരു എയർക്രാഫ്റ്റ് ഈ മേഘക്കൂട്ടത്തിൽ പെട്ട് കഷ്ണം കഷ്ണമായി ചിതറിപ്പോയിട്ടുണ്ട്. അത്രയ്ക്ക് ഇലക്​ട്രിക്​ചാർജ്ജുള്ള ബോഡിയാണ്. വാഹനത്തിൽ നാണംകെട്ട് തലതാഴ്ത്തിയിരിക്കെ എന്റെ മനസ്സിൽ ചില ചിത്രങ്ങൾ തെളിഞ്ഞു. കലക്ടറെ ഓഫീസിൽചെന്നിറക്കി, നൂറു ക്ഷമാപണം പറഞ്ഞ്, ഞങ്ങൾ കൊല്ലത്തേക്കു വിട്ടു. രൺവീർ അന്തംവിട്ട് കൂടെയുണ്ട്. അയാൾക്ക് ഒന്നും മനസ്സിലാകുന്നില്ല. ഒരിക്കൽ അവിടം മുഴുവൻ തിരഞ്ഞതാണല്ലോ. ഞാൻ പറഞ്ഞു, അതല്ല, അവിടെ ഒരു പള്ളിയുണ്ട്. പള്ളീലച്ചനെ ചെന്നുകണ്ട് അന്വേഷിക്കണം. പാവം, മിണ്ടാതെ കൂടെയിരുന്നു.

വഴിനീളെ ആകാശത്ത് ആ മേഘം ഞങ്ങളെ അനുഗമിക്കുന്നതായി എനിക്കുതോന്നി.
ചങ്ങനാശ്ശേരി, കരുനാഗപ്പള്ളി വഴി നേരെ വച്ചുപിടിച്ചു, കൊല്ലം പോർട്ടിലേക്ക്. അവിടെ ഒരു പള്ളിയിൽ എനിക്ക് പരിചയമുള്ള ഒരച്ചനുണ്ടായിരുന്നു. "ശുദ്ധീകരണമാതാവിന്റെ പള്ളി' അതാണ് പേരെന്നാണോർമ്മ. അച്ചനേയും കാത്ത് ഞങ്ങൾ പള്ളിമുറ്റത്ത് നിൽക്കുമ്പോൾ കണ്ട കാഴ്ച എന്നെ ശരിക്കും ഞെട്ടിച്ചു. നേരം സന്ധ്യകഴിയുന്നു. ചക്രവാളത്തിൽ മാത്രം വെളിച്ചമുണ്ട്. കരയിൽ ഇരുട്ട് പരന്നുതുടങ്ങി. മീൻപിടിക്കാനായി ചെറിയ ബോട്ടുകളുടെ ഒരു നിര കടലിലേക്കു പോവുകയാണ്. അവരുടെ തോണിയിൽ കാറ്റത്തുകെടാത്ത വിളക്കുകളുണ്ടാവും, "ഗൂസ് നെക്ക് ലാംപ്‌സ്', അതുമായി അവർ നിരനിരയായി കടലിലേക്കു പോകുന്ന കാഴ്ചയാണ് ഞങ്ങൾ കാണുന്നത്. കടലിലേക്ക് നീട്ടിയിട്ട മാലപോലെ വിളക്കുകളുടെ വെളിച്ചം മാത്രം കാണാം.

അച്ചൻ വന്നപ്പോൾ ഞാൻ കാര്യം തിരക്കി. കഴിഞ്ഞ ദിവസം ഇടിയോ മഴയോ മറ്റോ ഉണ്ടായിരുന്നോ എന്നും കടലിൽ എന്തെങ്കിലും ശബ്ദം കേട്ടതായി മുക്കുവർ പറഞ്ഞുകേട്ടോ എന്നുമൊക്കെ ചോദിച്ചു. മഴ പെയ്തില്ലെങ്കിലും പെയ്യാൻ നിൽക്കുംമട്ടിൽ ആകാശം മുഴുവൻ കട്ടിക്കറുപ്പു മേഘങ്ങളായിരുന്നെന്ന് അച്ചൻ പറഞ്ഞു. മുക്കുവർ കടലിൽ പോകാൻ മടിച്ചെങ്കിലും മേഘം കാറ്റടിച്ചുപോകുമെന്നറിഞ്ഞ് അവരിറങ്ങി എന്നും പറഞ്ഞു. ഞാനോർത്തു, സി.ബി. ക്ലൗഡ്‌സ്, ടെയിൽവിൻഡ്, റൺവേ! ഞാൻ അച്ചനോട് യാത്രപറഞ്ഞ് തിരുവനന്തപുരത്തേക്കു തിരിച്ചു. പോകുംവഴി എഴുതിത്തയ്യാറാക്കേണ്ട റിപ്പോർട്ടിലെ വാചകങ്ങൾ എനിക്ക് തികട്ടി വരുന്നുണ്ടായിരുന്നു.

ശംഖുമുഖം പോലീസ് ഒരു എഫ്.ഐ.ആറൊക്കെ തയ്യാറാക്കിയെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നില്ല. സിവിൽ ഏവിയേഷൻ മന്ത്രിയുടെ ഓഫീസിൽനിന്ന് എന്നോട് റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കാരണം, ഞാൻ പറഞ്ഞല്ലോ, ആ കോ-പൈലറ്റിന്റെ ഭാര്യ. ഞാൻ ഉറപ്പിച്ചു പറഞ്ഞു, അവരിനി വരില്ല. ഒരു അടിസ്ഥാനവുമില്ലാത്ത പൊട്ടധൈര്യമായിരുന്നു എന്നെനിക്കറിയാം. പക്ഷേ എനിക്ക് നൂറുശതമാനം ഉറപ്പായിരുന്നു. പരന്നുകിടക്കുന്ന കടൽവെള്ളത്തിന് വല്ലാത്തൊരു പുള്ളിംഗ് ഫോഴ്‌സുണ്ട്. അതിന്റെ അടുത്തുമുകളിൽ പറക്കുന്നവയെ അത് വലിച്ചടുപ്പിക്കും. എന്റെ നിഗമനം ഇതായിരുന്നു, പൈലറ്റിന് കൊല്ലം കടപ്പുറം കണ്ടപ്പോൾ അത് ലക്ഷ്യസ്ഥലമായെന്നു തോന്നി. സി.ബി. ക്ലൗഡ് അവോയ്ഡ് ചെയ്യാൻ ഒന്നുകൂടി താഴ്ന്നു പറന്നപ്പോൾ അതാ കാണുന്നു, നിരനിരയായി വിളക്കുതെളിയിച്ച റൺവേ. മേഘങ്ങൾക്കിടയിലൂടെയുള്ള കാഴ്ചയായതിനാൽ ആ വെളിച്ചത്തിന്റെ നിര നീങ്ങുന്നുണ്ടോ എന്നറിയുന്നില്ലായിരുന്നു. ഫ്‌ലാപ്പുകളെല്ലാം നേരെയാക്കി, താഴേക്കു ഗ്ലൈഡുചെയ്തു വരുമ്പോഴാണ് പെട്ടെന്ന് അത് മുക്കുവരുടെ ബോട്ടുകളുടെ നിരയാണെന്നറിയുന്നത്. ലാൻഡിംഗ് സമയത്ത് എഞ്ചിൻ ഹൈ പവറായിരിക്കും, എന്തെങ്കിലും കാരണവശാൽ ഇറങ്ങാൻ പറ്റിയില്ലെങ്കിൽ പെട്ടെന്ന് ഉയർന്നു പൊങ്ങാനായിട്ട്. പക്ഷേ അതിനുള്ള ഇട കിട്ടിക്കാണില്ല, വെള്ളത്തിന്റെ വലിവ് അപ്പോഴേക്കും എയർക്രാഫ്റ്റിനെ വിഴുങ്ങിക്കാണും. വേഗതകൊണ്ട് മുക്കുവരുടെ കൺവെട്ടത്തുനിന്ന് അകന്നു പോയിരിക്കണം, രാത്രിയല്ലേ, പിന്നെ എന്തുചെയ്തിട്ടും രക്ഷകാണില്ല. ഇതായിരുന്നു എന്റെ നിഗമനം. ഞാനത് കാര്യകാരണസഹിതം വിവരിച്ചെഴുതി മിനിസ്ട്രിക്ക് സമർപ്പിച്ചു. സിന്ധ്യ പ്രത്യേകം വിളിച്ച് അഭിനന്ദിച്ചു. ഞാൻ പറഞ്ഞു, മൂന്നു കുടുംബത്തിനും കോംപൻസേഷൻ കൊടുക്കണം. ബിലീവ് മീ, അന്നത്തെ കാലത്ത് ഓരോ ഫാമിലിക്കും ഇരുപതുലക്ഷം വീതം നഷ്ടപരിഹാരം ലഭിച്ചു. മന്ത്രിക്ക് എന്റെ റിപ്പോർട്ട് അത്രയ്ക്കു ബോധിച്ചതാണ് കാര്യം. വാസ്തവത്തിൽ ഒരാൾ മിസ്സിംഗ് ആയാൽ ഏഴുകൊല്ലം വരെ കാത്തിരിക്കണമെന്നാണ് സർക്കാർ നിയമം. എന്നിട്ടും ഒരു വിവരവുമില്ലെങ്കിൽ മാത്രമേ അനന്തരനടപടികളിലേക്കു കടക്കാനാവൂ. അന്നത്തെ ഐ.സി.പി. പങ്കജാക്ഷൻ നായർ എന്നോടു ചോദിച്ചു, ഡോ, തന്റെയീ കെട്ടുകഥയും വിശ്വസിച്ചിരുന്ന്, ഒരു സുപ്രഭാതത്തിൽ മൂന്നാളും കൂടി സ്റ്റേഷനിൽ കയറിവരുമോ? ഞാൻ പറഞ്ഞു, ഇല്ല സാറേ, അവരിനി വരില്ല. ഏഴുദിവസം പോലും കാക്കണ്ട.

സംഭവം നടന്നിട്ട് ഇന്നേക്ക് ഇരുപത്തെട്ടു വർഷം കഴിഞ്ഞു. ഒരാളും തിരിച്ചുവന്നിട്ടില്ല. വരില്ല. അതെനിക്ക് അത്രയ്ക്കു നിശ്ചയമായിരുന്നു. ആ കോട്ടയം മലമുകളിൽനിന്ന് ഒറ്റമേഘം എനിക്കുതന്ന സന്ദേശം അതായിരുന്നു.''

ഒരു ദീർഘനിശ്വാസത്തോടെ കസേരയിൽനിന്നെഴുന്നേറ്റ കമാന്റർ ചുരുട്ടിനായി തപ്പി. ലൈറ്റുകൾ ഓഫ് ചെയ്തപ്പോഴാണ്, വലിയ കണ്ണാടിച്ചുമരിനുപുറത്തെ ഇരുണ്ട ആകാശം തെളിഞ്ഞുവന്നത്. യാദൃശ്ചികതയുടെ കറുപ്പ് മുഖത്തടിച്ചതുപോലെ അദ്ദേഹം തോബിയാസിനോട് "വാ...' എന്നു പറഞ്ഞ് പുറത്തേക്കു നടന്നു. ഗോവണിപ്പടവുകൾ അമർത്തിച്ചവുട്ടി, ചുവന്ന പെയിന്റടിച്ച വാതിലിനടുത്തെത്തി. "ഹെലിപ്പാഡ് ആക്‌സസ്' എന്ന് എഴുതിവച്ച ആ വാതിൽ സെക്യൂരിറ്റിക്കാരനെക്കൊണ്ട് തുറപ്പിച്ച്, കമാന്റർ ധൃതിയിൽ പടികൾ കയറി. തോബിയാസും ക്യാമറാമാനും കൂടെ ഓടിയെത്താൻ പാടുപെട്ടു. പെട്ടെന്ന്, വൃത്താകൃതിയിലുള്ള പരപ്പിലെത്തി, പടികൾ നിലച്ചു. കട്ടിക്കറുപ്പുള്ള ഒരു മഹാമേഘം അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. കണ്ണുപൊട്ടിക്കുന്ന കറുപ്പിൽ കാമരൂപിയായി അവൻ ആകാശമടച്ചു നിന്നു. ഇടിമുഴക്കങ്ങൾ അർത്ഥഗർഭമായി. വലുതായി വെളുത്ത നിറത്തിൽ "H' എന്നെഴുതിയ ഹെലിപ്പാടിന്റെ ഒത്ത നടുവിൽ, ആധാരങ്ങളോ ആശ്രയങ്ങളോ ഇല്ലാത്ത ആ ആകാശമുനമ്പിൽ കമാന്റർ നഗ്‌നനെപ്പോലെ നിന്ന് കൈവീശി.

തോബിയാസ് ക്യാമറ പിടിച്ചുവാങ്ങി ആ രംഗം മുഴുവൻ ആർത്തിയോടെ ഒപ്പിയെടുത്തു. നാനൂറ്റമ്പതടി ഉയരത്തിൽ, ഗോവർദ്ധനം ഉദ്ധരിക്കുന്ന ഭാവത്തിൽ മേഘലോകത്തെ മുഴുവൻ കൈകളിലേറ്റ്, മരണത്തെ വെല്ലുവിളിച്ചു നിൽക്കുന്ന ആ നിൽപ്പ് ഒരു മിന്നൽപ്പിണറിന്റെ തരിപ്പോടെ അയാൾ ക്യാമറയിൽ പകർത്തി. ▮​

* ""അതുകൊണ്ടാണ്, വിധിവശാൽ ഉറ്റവരകന്ന ഞാൻ താങ്കളുടെ അടുക്കൽ അപേക്ഷയുമായി വന്നത്'' - മേഘസന്ദേശം (ഗദ്യപരിഭാഷ - കുട്ടിക്കൃഷ്ണമാരാർ)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ടി. ശ്രീവത്സൻ

കഥാകൃത്ത്​. പാലക്കാട്​ ചിറ്റൂർ ഗവ. കോളേജിൽ മലയാളം അധ്യാപകൻ. ആംബുലൻസ്​, നിസ്സാരോപദേശകഥകൾ, നവ​മനോവിശ്ലേഷണം, മതേതരത്വത്തിനുശേഷം തുടങ്ങിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments