കഴിഞ്ഞവർഷം പരിചയപ്പെട്ട സിനിമാക്കാരനായ ഒരു സുഹൃത്തിൽനിന്നാണ് ഞാൻ ട്രിപ്പ് എന്ന വാക്കിന് ചില പുതിയ അർത്ഥങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നത്. അതിനുമുൻപ്, കാഞ്ഞിരക്കൊല്ലിയിലേക്ക് ജീപ്പ് ട്രിപ്പടിക്കുന്നുണ്ട്, തലശ്ശേരിക്കുള്ള ബസ്സിൻെറ ട്രിപ്പ് മുടങ്ങി എന്നിങ്ങനെയൊക്കെയുള്ള വാക്യങ്ങളിൽ കിടക്കുന്ന ട്രിപ്പു മാത്രമാണ് മനസ്സിലുണ്ടായിരുന്നത്.
‘നമുക്ക് ഒരു ട്രിപ്പു പിടിച്ചാലോ?’
ഇടുക്കി കുളമാവിലെ ഒരു കുന്നിൻമുകളിൽ, തെന്നിവന്നുമാറുന്ന കോടമഞ്ഞിനിടയിൽ ചെറിയൊരു ലഹരിയുമായി നിൽക്കുമ്പോൾ ആ സുഹൃത്ത് എന്നോട് ചോദിച്ചു.
‘ട്രിപ്പോ?’ എന്താണ് അങ്ങേര് ഉദ്ദേശിക്കുന്നതെന്ന് എനിക്കു മനസ്സിലായില്ല.
‘ഉം, ഞാൻ പറയുന്നതുപോലെ മനസ്സിൽ വിചാരിച്ചു വിചാരിച്ചു കൂടെപ്പോരണം’.
ഒരു മെഡിറ്റേഷനാശാനേപ്പോലെ പുള്ളി എന്നെ നിയന്ത്രിച്ചു തുടങ്ങി.
എന്തെങ്കിലുമാകട്ടെ എന്നുകരുതി ഞാൻ എൻെറ മനസ്സിനെ സുഹൃത്തിനു വിട്ടുകൊടുത്തു.
മഞ്ഞ് നമ്മുടെയടുത്തേക്ക് വരികയല്ല ചെയ്യുന്നത്. നമ്മൾ പതുക്കെ മഞ്ഞിലേക്ക് നടന്നുകയറുന്നു. വെളുത്ത തൂവൽപ്പുതപ്പിട്ടതുപോലുള്ള മഞ്ഞിെൻറ ഇരിപ്പിടത്തിൽ നമ്മൾ ഇരിക്കുകയാണ്. ആ ഇരിപ്പിടം മെല്ലെ ഇളകിത്തുടങ്ങുന്നുണ്ടല്ലോ. അപ്പുറത്തു കാണുന്ന പുൽമേട്ടിലേക്ക് അത് നീങ്ങിനീങ്ങി പോവുകയാണ്.
സോപ്പുപതപോലെ കുറച്ചു വെള്ളത്തുള്ളികളെ കൈയിലെടുത്ത് മുഖത്തേക്കു ചേർത്തപ്പോൾ കുളിർത്തുകുളിർത്ത് നമ്മൾ പതവെള്ളമായി മാറിപ്പോവുകയാണ്.
മറ്റൊരു മേഘക്കൂട്ടം നമ്മളെ മൂടി എതിർവശത്തേക്ക് കടന്നുപോയി. പുൽമേടിൻെറ ഉയരത്തിൽനിന്ന് താഴെ വീഴാതെ പതഞ്ഞുപതഞ്ഞു നിൽക്കുന്ന വെള്ളച്ചാട്ടത്തിൻെറ അരികിലാണ് നമ്മളിപ്പോൾ. സോപ്പുപതപോലെ കുറച്ചു വെള്ളത്തുള്ളികളെ കൈയിലെടുത്ത് മുഖത്തേക്കു ചേർത്തപ്പോൾ കുളിർത്തുകുളിർത്ത് നമ്മൾ പതവെള്ളമായി മാറിപ്പോവുകയാണ്.
പതഞ്ഞുനിൽക്കുന്ന നമ്മളെ കാറ്റ് എങ്ങോട്ടാണ് വീശിയെടുത്തു കൊണ്ടുപോകുന്നത്. പുൽമേടിൻെറ തുഞ്ചത്ത് താഴേക്കു നോക്കിനിൽക്കുന്ന പാറയുടെയരികിൽ വേരുകളിൽ ഇല വന്നതുപോലെ വളർന്നുപോയ വെളുത്ത മരത്തിൻെറ പലനിറങ്ങളുള്ള പൂവുകളിൽ നമ്മൾ ആകെയുരുമ്മി കടന്നുപോവുകയാണ്. നമ്മുടെ പതശരീരത്തിൻെറ കുറേഭാഗം ആ പൂവുകളിൽ പറ്റിപ്പിടിച്ചുപോയിരിക്കുന്നു.
കാറ്റ് വീണ്ടും തിരികെ വീശി പൂവുകളിൽനിന്ന് നമ്മളെ മുഴുവനായും വടിച്ചെടുത്ത് മലകളെ കവച്ചു കടന്നു. അപ്പുറത്ത് ആ ഗുഹ തുറക്കുന്നിടത്ത് നിറയൗവനത്താൽ തുളുമ്പിനിൽക്കുന്ന വൈശാലി സുപർണ്ണ ‘വർഷാമയൂരമെങ്ങോ പീലിനിവർത്തിടുമ്പോൾ ഹർഷാശ്രു പൂക്കളിൽനിന്നുതിർന്നതെന്തേ... അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ....’ എന്നു പാടിക്കൊണ്ട് കൈകൾ വിരിച്ച് നമ്മളെ സ്വീകരിക്കുന്നു....
എന്നിങ്ങനെ കറങ്ങിക്കറങ്ങി പല അനുഭവങ്ങളിലൂടെ കടന്ന് തിരികെയെത്തുമ്പോഴേക്കും ഞാൻ എൻെറ സുഹൃത്തിന് ശിഷ്യപ്പെട്ടുപോയിരുന്നു. പിറ്റേദിവസം ഞാൻ അങ്ങേരോടു ചോദിച്ചു.
‘ഇന്നലെ ചെറിയ തരിപ്പുണ്ടായിരുന്നതുകൊണ്ടല്ലേ നമ്മൾക്കങ്ങനെ ട്രിപ്പ് പോകാൻ പറ്റിയത്?’
‘ഒന്നുവല്ലടോ, തന്നെയിനി എന്തെല്ലാം പഠിപ്പിക്കാനുൺട്രോ. താൻ കണ്ടോ’.
പിന്നീട് ഒരു ദിവസം മലയാറ്റൂരിൽ പെരിയാറിൻെറ തീരത്തുള്ള കാട്ടിൽക്കൂടി നടക്കുമ്പോഴാണ് ആശാൻ അടുത്ത പാഠം പറഞ്ഞുതന്നത്. കുറച്ചു ദിവസങ്ങളായി ഒരു ലഹരിയുമില്ലാതെ പരസ്പരം സംസാരിച്ചു ജീവിക്കുകയായിരുന്നു ഞങ്ങൾ. ആ ഇരിപ്പിൻെറ ആലസ്യം ഇല്ലാതാക്കാനാണ് കാട്ടിലേക്കിറങ്ങിയത്.
കാട്ടിലൂടെ വളരെ സാവധാനം നടന്ന് കാടിൻേറതുമാത്രമായ ചലനങ്ങളുള്ളിടത്ത് എത്തിയപ്പോൾ ആശാൻ ഇവിടെ നിൽക്ക് എന്നു പറഞ്ഞു. ഞാൻ അനുസരിച്ചു.
‘ഇനി കണ്ണുകളടച്ച് ശബ്ദങ്ങളിൽ മാത്രം ശ്രദ്ധിക്ക്’.
ആശാൻെറ നിർദ്ദേശം പാലിച്ച് ഞാൻ കാടിൻെറ ശബ്ദങ്ങളിലേക്ക് മാത്രമായി ഇറങ്ങി. ചെവിയിലേക്ക് ഇരച്ചുകയറുന്ന ചീവീടിൻെറ ശബ്ദമാണ് ആദ്യം കേട്ടത്. മെല്ലെമെല്ലെ ആ ശബ്ദത്തിൻെറ കയറ്റിറക്കങ്ങൾ വ്യക്തമായിത്തുടങ്ങി. അനേകം വഴികളിലൂടെ ശബ്ദം വന്നുകൊണ്ടിരുന്നു. ഒരിടത്തേത് നിൽക്കുമ്പോൾ അടുത്തസ്ഥലത്തുനിന്ന് തുടങ്ങും. ഇടയ്ക്ക് എല്ലാം നിലയ്ക്കും. പെട്ടെന്ന് എല്ലാംകൂടി ഒരുമിച്ച് തുടങ്ങും.
കുറച്ചുനേരം കഴിഞ്ഞപ്പോൾ ചീവീടുകളുടെ ശബ്ദം കാടിൻെറ പശ്ചാത്തലസംഗീതം പോലെ പിന്നണിയിലേക്ക് പോവുകയും ചെറിയ ചെറിയ ഒച്ചകളിലേക്ക് എൻെറ ശ്രദ്ധ തിരിയുകയും ചെയ്തു. അകലെനിന്ന് ഒറ്റപ്പെട്ട ഒരു പക്ഷി കരഞ്ഞുകൊണ്ട് പറന്നുപോകുന്നത്, മേയാൻവിട്ട കന്നുകാലികളിലൊന്ന് തിരികെപ്പോകാനായി അമറുന്നത്, ഇല്ലിക്കൂട്ടങ്ങൾ കാറ്റിലിളകുമ്പോൾ തമ്മിലുരയുന്നത്, ഒരു അരണക്കുഞ്ഞാകാം കരിയിലകൾക്കു മുകളിലൂടെ ശ്രദ്ധയില്ലാതെ ഇഴഞ്ഞുപോകുന്നത്, ചെറുപറവയുടെ വേഗത്തിലുള്ള ചിറകനക്കങ്ങൾ, ഏതോ ചെറിയ മരക്കൊമ്പ് പതുക്കെ ഞെരിഞ്ഞൊടിയുന്നത്, കരിയിലകൾ പാറി മറ്റൊരിടത്തുപോയി വീഴുന്നത്, ഉണങ്ങിയ ചപ്പുകൾക്കു മുകളിലിലേക്ക് ഒരു പഴുത്തയില അടർന്നുവീഴുന്നത്. വള്ളികളിൽനിന്ന് അടുത്തുള്ള കുറ്റിച്ചെടിയിലേക്ക് ചാടുന്ന ചിലന്തിയുടെ കാലനക്കങ്ങൾ....
ശബ്ദങ്ങളിലൂടെയുള്ള ആ ട്രിപ്പ് എൻെറ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു. നമ്മൾ നിൽക്കുന്ന അവസ്ഥകളിൽ നിന്ന് അകലേയ്ക്ക് അകലേയ്ക്ക് നിമിഷങ്ങൾക്കൊണ്ട് യാത്ര ചെയ്യുന്നതെങ്ങനെയെന്നാണ് ആശാൻ എന്നെ പഠിപ്പിക്കുന്നത്.
ട്രിപ്പിന് മറ്റൊരു ലഹരിയുടെയും സഹായം ആവശ്യമില്ലെന്ന് ആശാൻ എപ്പോഴും പറയും. ട്രിപ്പുതന്നെ ലഹരിയാണ്. അത് ചിലപ്പോൾ ടൈംമെഷീനിൽ കയറിയതുപോലെ കാലങ്ങൾക്കപ്പുറമിപ്പുറം നമ്മളെ കൊണ്ടുപോകും. അത്തരം ട്രിപ്പ് എനിക്കു കിട്ടിയതും മലയാറ്റൂരെ ആ കാട്ടിനുള്ളിൽ വെച്ചുതന്നെയായിരുന്നു.
വെറുതെ കാട്ടിലൂടെ നടക്കുന്നതിനിടയിൽ ആ കാട്ടിലെ ഏറ്റവും പഴക്കമുള്ള മരത്തിൻെറ ചുവട്ടിൽ ഞങ്ങൾ കുറച്ചുനേരം നിന്നു.
’ദേണ്ട്ര, ആ മരത്തിൻെറ ജരയുണ്ടല്ലോ, പൊറംപൊളി. അതിലങ്ങ് നോട്ടം പിടിക്ക്. വേറൊരു സാധനം കിട്ടും’. ആശാൻ നിർദ്ദേശം തന്നു. ഞാൻ ആ മരത്തിൻെറ വിണ്ടുകീറിയ തൊലിപ്പുറത്തേക്ക് മാത്രം ശ്രദ്ധിച്ച് അടുത്തുള്ള പാറയിലിരുന്നു.
ആദിമഭൂമി പോലെ വിശാലമാണ് വരണ്ടുകീറിയ ആ മരത്തൊലി. ജലമില്ലാത്ത സമുദ്രങ്ങളുടെ അനേകം ചാലുകൾ. ജലമുണ്ടാകുന്നതിനു മുൻപേ അതവിടെയുണ്ട്. വീശിയടിക്കുന്ന പൊടിക്കാറ്റിലാണത് തെളിഞ്ഞുവന്നത്. ഒരു രൂപമാതൃകയുടെയും നിയമവ്യവസ്ഥയ്ക്ക് വഴങ്ങാതെ അത് തോന്നിയതുപോലെ ഒഴുകിമാറാൻ തുടങ്ങി.
ശബ്ദങ്ങളിലൂടെയുള്ള ആ ട്രിപ്പ് എൻെറ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു. നമ്മൾ നിൽക്കുന്ന അവസ്ഥകളിൽ നിന്ന് അകലേയ്ക്ക് അകലേയ്ക്ക് നിമിഷങ്ങൾക്കൊണ്ട് യാത്ര ചെയ്യുന്നതെങ്ങനെയെന്നാണ് ആശാൻ എന്നെ പഠിപ്പിക്കുന്നത്.
അവയിൽ ജലവും ജലജീവികളുമുണ്ടാകുന്നു. അതിലൊന്ന് കരയിലേക്ക് കയറിയുണ്ടായ ഉരഗം, ചെറുജീവികൾ, മൃഗങ്ങൾ, പക്ഷികൾ, മനുഷ്യർ, സംസ്കാരങ്ങൾ, ജനപഥങ്ങൾ, ആകാശസഞ്ചാരങ്ങൾ, പൊട്ടിത്തെറികൾ, അഗ്നിപ്രളയം, പുക, പൊടി, ശാന്തത. ഒടുവിൽ വിണ്ടുകീറിയ അനേകം ചാലുകളായി കാലങ്ങൾക്കപ്പുറത്തുനിന്ന് മരജര എൻെറ കണ്ണിനുമുമ്പിൽ നിന്നു.
ഇങ്ങനെ മഹാട്രിപ്പുകളിലേക്ക് നമ്മളെ കൊണ്ടുപോകുന്ന ഈ ഗുരു ഒരിക്കലും ഒരു സന്യാസിയല്ല. വെറും വായാടിയും വളിപ്പടിക്കുന്നവനും എന്തും ആഘോഷമാക്കി മാറ്റുന്നവനുമൊക്കെയാണ്. ഈ കോവിഡ്കാലത്ത് ആ ഗുരു ഫോൺവഴി എന്നോട് പങ്കുവെച്ച ചില ട്രിപ്പുകളേക്കുറിച്ചാണ് പറയാനുള്ളത്.
കോവിഡ്ഭീഷണി തുടങ്ങുന്ന സമയത്ത് ഗുരുവിൻെറ മകൾ ഇംഗ്ലണ്ടിൽ പഠിക്കുകയാണ്. ഇംഗ്ലണ്ടിലെ അവസ്ഥ മോശമായി ഇന്ത്യയിലേക്ക് വിമാനം നിർത്തും എന്ന ഘട്ടം വന്നപ്പോൾ അവിടെനിന്നുള്ള അവസാനത്തെ വിമാനത്തിൽ അദ്ദേഹത്തിൻെറ മകൾ നാട്ടിലെത്തി. വളരെക്കരുതലോടെ വീട്ടിലുള്ളവരെയെല്ലാം മാറ്റിപ്പാർപ്പിച്ച് സ്വന്തം വണ്ടിയിൽ എയർപ്പോർട്ടിൽ പോയി മകളെ അദ്ദേഹം കൂട്ടിക്കൊണ്ടുവന്നു.
കേരളം മൊത്തത്തിൽ അടച്ചുപൂട്ടുന്നതിനു മുേമ്പ അപ്പനും മകളും നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കി വീട്ടിൽ ഏകാന്തജീവിതം ആരംഭിച്ചിരുന്നു. നാലഞ്ചുദിവസം കഴിഞ്ഞപ്പോൾ മകൾക്ക് പനി വരികയും അവളുടെ കോവിഡ് പരിശോധനാഫലം പോസറ്റീവാകുകയും ചെയ്തു. മകളെ ആശുപത്രിയിലേക്ക് മാറ്റിയതോടെ ശരിക്കും അദ്ദേഹം ഏകാന്തജീവിതത്തിലായി.
ഏറെക്കാലമായി രാവിലെയും വൈകുന്നേരവും സൂര്യരശ്മികളിൽനിന്ന് ഊർജ്ജം സ്വീകരിക്കുന്ന ഒരു പരിപാടി അങ്ങേർക്കുണ്ട്. ഈ ഏകാന്തവാസത്തിനിടയിലും അത് മുടങ്ങിയിട്ടില്ലെന്ന് ഫോൺ വിളിക്കുമ്പോൾ അദ്ദേഹം പറയും.
‘ഇതുവരെ പ്രാക്ടീസ് ചെയ്യാത്ത ചില ട്രിപ്പാണ്ട്രോ ഇപ്പം പിടിക്കുന്നത്’ എന്ന് പുള്ളി പറഞ്ഞപ്പോൾ ഞാൻ അതിനെക്കുറിച്ച് വിശദമായി അന്വേഷിച്ചു. ആദ്യത്തെ ട്രിപ്പ് ഭയങ്കരമായ സംഭാഷണങ്ങളുടേതായിരുന്നത്രേ.
മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി രണ്ടുദിവസം കഴിഞ്ഞാണത് സംഭവിക്കുന്നത്. നേരിട്ട് ഒന്നു മിണ്ടാനും പറയാനും ആരുമില്ല. മകൾക്ക് കോവിഡുണ്ടെന്നറിഞ്ഞതോടെ പുറത്ത് മുറ്റത്തെങ്കിലും ഇറങ്ങിനിന്ന് അയൽക്കാരെ കാണാൻ പറ്റാത്ത അവസ്ഥ വന്നു. പിന്നെ വീട്ടിൽ തന്നെയായി ലോകം. ആരോടെങ്കിലും നേരിട്ട് ഒന്നു മിണ്ടണമല്ലോ എന്ന തോന്നൽ മനസ്സിൽവന്നങ്ങ് നിറയാൻ തുടങ്ങി.
അപ്പോഴാണ് ഒരു സന്ധ്യയ്ക്ക് അവർ രണ്ടുപേർ ഇറങ്ങിവരുന്നത്. മുമ്പ് വീട്ടിൽ എപ്പോൾ കണ്ടാലും ചൂലെടുത്തടിച്ച് അവരെ ഓടിച്ചു വിടുമായിരുന്നു. പക്ഷെ ഇപ്പോൾ ആ ശത്രുതയൊന്നും മനസ്സിൽ വെക്കാതെ അവർ ഭിത്തിയിൽ വന്നിരുന്നു.
മിടുക്കരായ രണ്ട് പല്ലികൾ. പ്രാണികളെ പിടിക്കാനാണ് അവർ ഇറങ്ങിവന്നത്. പക്ഷെ ഇവിടെ തങ്ങളെ തല്ലാനുള്ള ചൂലിന് പരതാതെ ഒരു മനുഷ്യൻ നിസ്സഹായനായി ഇരിക്കുന്നു. ശ്ശെടാ ഇതു കൊള്ളാല്ലോ എന്നോർത്ത് അവർ ഇരപിടുത്തം മാറ്റിവെച്ച് എന്തൊക്കെയോ സംസാരിച്ചുതുടങ്ങി.
പല്ലികൾ സംസാരിക്കുന്നതു കണ്ടപ്പോൾ വീട്ടിലെ മനുഷ്യനും മിണ്ടാനുള്ള കൊതികൂടി. സംസാരത്തിന് തന്നെയും കൂട്ടുമോയെന്ന് പല്ലികളോട് ആദ്യം ആംഗ്യംകൊണ്ട് ചോദിച്ചു. ഓ, കൂടിക്കോയെന്ന് അവരും ആംഗ്യം കാണിച്ചു.
പല്ലികൾ സംസാരിക്കുന്നതു കണ്ടപ്പോൾ വീട്ടിലെ മനുഷ്യനും മിണ്ടാനുള്ള കൊതികൂടി. സംസാരത്തിന് തന്നെയും കൂട്ടുമോയെന്ന് പല്ലികളോട് ആദ്യം ആംഗ്യംകൊണ്ട് ചോദിച്ചു.
പതുക്കെ പതുക്കെ ആംഗ്യങ്ങൾ മാറി മനുഷ്യൻ സംസാരിക്കുന്നത് അവർക്ക് മനസ്സിലായിത്തുടങ്ങി. അവരിലൊരാൾ ചോദിച്ചു:
പല്ലി (ഏതു പല്ലിയുമാകാം) - എന്താണ് വീട്ടിനുള്ളിൽ കയറി ഞങ്ങളേപ്പോലെ ഒളിച്ചിരിക്കുന്നത്?
മനുഷ്യൻ - ചുറ്റിലും രോഗമാണ്. പുറത്തിറങ്ങാൻ പറ്റില്ല.
പല്ലി - ഓ, രോഗന്ന് പറഞ്ഞാൽ ഒത്തിരി വലിയ ജീവിയാണോ?
മനുഷ്യൻ - വലിപ്പമൊന്നുമില്ല. കാണാൻ പറ്റാത്തത്ര കുഞ്ഞിക്കുഞ്ഞനാണ്. പക്ഷെ അതിന് മരുന്നില്ലെന്നേ.
പല്ലി - അല്ലെങ്കിലും ഈ വലുപ്പത്തിലൊന്നും കാര്യമില്ല. ഞങ്ങടെ അപ്പൂപ്പൻമാര് എന്തൊരു വലിപ്പമുള്ളവരായിരുന്നു. പറഞ്ഞിട്ടെന്താ, ഒറ്റയൊരെണ്ണമില്ലാതെ ചത്തൊടുങ്ങി പോയില്ലേ? ഞങ്ങൾ മുടിഞ്ഞുപോകാതെ രക്ഷപെട്ടത് എന്തുകൊണ്ടാണെന്നറിയുവോ?
മനുഷ്യൻ - എന്തുകൊണ്ടാ?
പല്ലി - ഒന്നാമത് ഞങ്ങൾക്ക് വലിപ്പമില്ല. പിന്നെ നിങ്ങളിപ്പോ ഇരിക്കുന്നില്ലേ, അതുപോലെ അപകടം വരുമ്പോഴൊക്കെ ഞങ്ങൾ എവിടെയെങ്കിലും കയറി ഒളിച്ചിരിക്കും.
കൂടുതലും പല്ലികളാണ് സംസാരിച്ചത്. കാലങ്ങൾക്കുമുൻപേയുള്ള ഭൂമിയേക്കുറിച്ചും പൊത്തിനുള്ളിലെ ഇരുട്ടുനിറഞ്ഞ ജീവിതം ആസ്വദിക്കുന്നതിനേക്കുറിച്ചും ഓരോ അപകടങ്ങളും വരുമ്പോൾ നഷ്ടപ്പെട്ടുപോകുന്ന വാലുകളേക്കുറിച്ചും മനുഷ്യന്മാർ തലകീഴായി നടക്കുകയും ഇരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ ആ സംസാരങ്ങൾ നീണ്ടുപോയി.
റോബിൻസൺ ക്രൂസോ ഇത്തരം ട്രിപ്പുകൾ പിടിക്കാനറിയുന്ന ഒരാളായിരിക്കുമെന്ന് ഞാൻ വിളിച്ചപ്പോൾ ഗുരു എന്നോട് പറഞ്ഞു.
‘ഭക്ഷണമുണ്ടാക്കലെങ്ങനെയാണ്?’
എല്ലാ ദേശത്തേയും വിഭവങ്ങളെ ഏറ്റവും ആസ്വദിച്ച് കഴിക്കുന്ന ശീലമുണ്ടായിരുന്ന ഗുരുവിനോട് ഞാൻ ചോദിച്ചു. അപ്പോഴാണ് തീറ്റക്കാര്യത്തിൽ താൻ ഇപ്പോൾ പിടിക്കുന്ന ട്രിപ്പിനെപ്പറ്റി അങ്ങേര് പറഞ്ഞത്.
അത്യാവശ്യത്തിന് അരിയും സാധനങ്ങളും വീട്ടിലുണ്ട്. എങ്കിലും ഈ ഏകാന്തവാസത്തിെൻറ കാലം അവസാനിക്കുന്നതുവരെ കഴിയുന്നതും പുറത്തുനിന്ന് സാധനങ്ങൾ വാങ്ങിക്കാതിരിക്കണമെന്നു കരുതിയാണ് വിഭവങ്ങൾ ചുരുക്കിയത്. അരി, പയറ് എല്ലാംകൂടിയിട്ട് വേവിച്ച് ഒരു കഞ്ഞികുടിയായിരുന്നു ആദ്യദിവസങ്ങളിലൊക്കെ.
സകല കാര്യത്തിലും ഒരു പിശുക്കുണ്ടായിരുന്നു. സവോളയുടെ ഒറ്റ പുറംതൊലി മാത്രമാണ് പാഴ്‍വസ്തുവായി കളയാനുള്ളത്. വീട്ടിൽ ഭക്ഷണവെയ്സ്റ്റ് ഉണ്ടാകുന്നേയില്ല.
മൂന്നാംദിവസം വീട്ടിലെ ഒരു മുറിയുടെ ജനൽ പതുക്കെയൊന്നു തുറന്നുനോക്കി. അപ്പോൾ അപ്പുറത്തെ പറമ്പിൽ നിൽക്കുന്ന മുരിങ്ങയുടെ നിറയെ ഇലയുള്ള ഒരു കൊമ്പ് അകത്തേക്ക് വന്നു. ആ സമയം മുതൽ ഭക്ഷണത്തേക്കുറിച്ചുള്ള പുതിയ ആലോചനകളായി. പിന്നെ പാചകവും കഴിപ്പുമൊക്കെ ട്രിപ്പുകളായിരുന്നു.
മുരിങ്ങയുടെ ഇലകൾ അടർത്തിയെടുക്കുക, അതിലെ ഓരോ ഇലകളും സൂഷ്മതയോടെ പരിശോധിച്ച് വൃത്തിയാക്കുക, പരിപ്പും തക്കാളിയും മഞ്ഞളും ചേർത്ത് വേവിക്കുക, വെന്തുവരുന്ന മുരിങ്ങയിലസൂപ്പ് ഒരു കോപ്പയിലാക്കി ഓരോ സ്പൂൺ രുചിച്ചിറക്കുക.
മതിലിനപ്പുറവും ഇപ്പുറവുമായിക്കിടക്കുന്ന മണ്ണിലൂടെ പടർന്നുപോകുന്ന മുരിങ്ങവേരുകളായിരുന്നു അപ്പോൾ മനസ്സിൽ. വിഷമുള്ള ജലം, ലവണങ്ങൾ ഒക്കെ വേരുകൾ വലിച്ചെടുക്കുന്നു. പിന്നെ വലിയൊരു ഫാർമസ്യൂട്ടിക്കൽ ലാബ്പോലുള്ള വേരിലും തടിയിലുമൊക്കെ വെച്ച് അരിച്ചും ശുദ്ധീകരിച്ചും ഔഷധമാക്കിമാറ്റി ഇലകളിലൂടെ വിതരണത്തിന് വെച്ചിരിക്കുന്നു.
ചെറുകയ്പ് നിറഞ്ഞ ആ മരുന്ന് ശാന്തമായി രുചിച്ചിറക്കി കുറേനേരമിരുന്നപ്പോൾ വിശപ്പുമാത്രമല്ല ഇല്ലാതായത്.
പിന്നെയുള്ള ദിവസങ്ങളിൽ ഭക്ഷണമായിട്ടല്ല ഓരോന്നും കഴിച്ചത്. കുരുമുളകുഭരണി തുറന്ന് കൈയിലേക്ക് കറുത്ത കുഞ്ഞൻമണികളെടുക്കുമ്പോൾ നൂറ്റാണ്ടുകൾക്കു മുമ്പ് കേരളത്തിലെ കാട്ടുപുരകളിൽ പനിപിടിച്ച് കൂഞ്ഞിക്കൂടിയിരിക്കുന്ന മനുഷ്യൻെറ മൂക്കിലേക്കും വായിലേക്കും ആവിയായിക്കയറുന്ന പുകച്ചിലിൻെറ സ്വാസ്ഥ്യമാണ് കിട്ടുന്നത്.
വളരെ പഴയ ഒരമ്മ പേരറിയാത്ത അസുഖംകൊണ്ട് നിർത്താതെ കരയുന്ന കുഞ്ഞിനെയുമെടുത്ത് തൊടിയിലേക്കിറങ്ങുന്നുണ്ട്. എന്തൊക്കെയോ ഇലകളും പൂവുകളും വിത്തുകളും പറിച്ച് കുഞ്ഞിനു കൊടുത്ത് കരച്ചിലടക്കുന്നുണ്ട്.
അങ്ങനെ ഭക്ഷണമായി മാറിയ കടുകും ജീരകവും മഞ്ഞളും ഉലുവയും എള്ളും മല്ലിയും കരയാമ്പുവും ഏലവും പട്ടയുമൊക്കെ എടുക്കുമ്പോൾ മനസ്സിലേക്കു വരുന്നത് ആ പഴയ അമ്മയുടെ കരുതലാണ്. മരുന്നുപയോഗിക്കുന്നത്ര സൂക്ഷ്മതയോടെയായി പിന്നെ ഭക്ഷണം കഴിക്കൽ.
മുരിങ്ങയില തന്ന ജനൽ പിന്നെയുള്ള ദിവസങ്ങളിൽ ഇടയ്ക്കൊക്കെ തുറക്കും. മുരിങ്ങക്കൊമ്പുകൾക്കപ്പുറമുള്ള കൂട്ടുകാരെ ശ്രദ്ധിച്ചുതുടങ്ങിയത് അപ്പോഴാണ്. അവരോടൊത്തുള്ള ട്രിപ്പുകളായി പിന്നെ.
നിലത്തുകൂടെ ഇഴഞ്ഞുവന്ന് മതിൽ വിടവിലേക്ക് ഒളിച്ചുകയറാൻ തുടങ്ങിയ ഉടുമ്പ് മനുഷ്യൻ കൂട്ടിലാണെന്നുകണ്ട് സ്വാതന്ത്ര്യത്തോടെ മുറ്റത്ത് വെയിൽ കായാൻ തുടങ്ങി. ജനലിലുള്ളിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യൻ നിസ്സാരനെന്ന ഭാവത്തിലല്ല അവൻ ഇപ്പോഴും നോക്കിക്കാണുന്നത്. അക്കാര്യം മനസ്സിലായത് അവനോട് വിശേഷങ്ങൾ പറയാൻ തുടങ്ങിയപ്പോഴാണ്. മനുഷ്യൻമാരെല്ലാവരും കൂട്ടിലാണല്ലോ എന്ന് ഒരു സംസാരം നാട്ടിലെ മറ്റുജീവികൾക്കിടയിലുണ്ടത്രെ. ഈ കൂട്ടിൽകിടക്കലും മനുഷ്യൻമാരുടെ അടവ് മാത്രമാണെന്നാണ് ചിലരുടെ അഭിപ്രായം.
ഒരു പെരുച്ചാഴിയമ്മ മുറ്റത്തുവന്ന് ജനലിലേക്ക് നോക്കിയിട്ട് വേഗം തിരിച്ചുപോയി. കുറച്ചുകഴിഞ്ഞപ്പോൾ അത് കൊച്ചുപിച്ചടക്കമുള്ള കുടുംബക്കാരെ മുഴുവൻ കൂട്ടിക്കൊണ്ടു വന്നു. പെരിച്ചാഴിയമ്മ മനുഷ്യപ്പെട്ടിയിൽ കെണിഞ്ഞുപോയ മനുഷ്യനെ ചൂണ്ടിക്കാണിച്ചുകൊടുത്ത് ചിരി തുടങ്ങി. കുറേനേരം ആ കാഴ്ച കണ്ട് ഉല്ലസിച്ചിട്ടാണ് എലിക്കൂട്ടം തിരിച്ചുപോയത്.
രണ്ടുകഷണം പറമ്പുകൾക്കപ്പുറത്ത് മണ്ടയില്ലാത്ത ഒരു തെങ്ങിൻെറ പൊത്തിൽ താമസിച്ചിരുന്ന തത്ത ഗെയിറ്റിനു മുകളിൽ വന്നിരുന്ന് ജനലിലേക്കു നോക്കി. കൂട്ടിൽ കിടക്കുന്ന തത്തകൾക്കില്ലാത്ത പച്ചനിറവും സൗന്ദര്യവുമായിരുന്നു ആ തത്തയ്ക്ക്.
രണ്ടുകഷണം പറമ്പുകൾക്കപ്പുറത്ത് മണ്ടയില്ലാത്ത ഒരു തെങ്ങിൻെറ പൊത്തിൽ താമസിച്ചിരുന്ന തത്ത ഗെയിറ്റിനു മുകളിൽ വന്നിരുന്ന് ജനലിലേക്കു നോക്കി. കൂട്ടിൽ കിടക്കുന്ന തത്തകൾക്കില്ലാത്ത പച്ചനിറവും സൗന്ദര്യവുമായിരുന്നു ആ തത്തയ്ക്ക്. അതിൻെറ കഴുത്തിലെ ചുവപ്പുവളയത്തിൻെറ പളപളപ്പിൽ മാത്രം കണ്ണുപതിപ്പിച്ച് ഗുരു ട്രിപ്പു പിടിച്ചു. അപ്പോൾ ആകാശനീലയിലൂടെ പറക്കുന്ന ഒരു ചുവപ്പുവളയത്തിൽ തൂങ്ങിനിൽക്കുകയായിരുന്നത്രെ അങ്ങേര്. ആ കറക്കം തത്ത പറന്നുപോകുന്ന വഴിയിലൂടെ ചുറ്റിത്തിരിഞ്ഞ് തിരിച്ചുവരാൻ കുറേ സമയമെടുത്തു.
എപ്പോഴും തിരക്കുള്ളവനായി കാണുന്ന ഒരു കീരി മനുഷ്യരാരും പുറത്തില്ല എന്നറിഞ്ഞതോടെ വേട്ടയുടെ എല്ലാ രസങ്ങളും ആസ്വദിച്ച് ഒരു ഓന്തിനെ പിടിച്ചു. മുറ്റത്തെ മണലിൽ കൊണ്ടുവന്നിട്ട് ഓന്തിനെ കീറിയുണക്കി സമയമെടുത്ത് രുചിയറിഞ്ഞ് തിന്നാൻ തുടങ്ങി. ഇടയ്ക്ക് കീരി തലയുയർത്തി ജനലിനുള്ളിലെ മനുഷ്യനോട് തെൻറ വിഭവം വേണോ എന്ന് തലകൊണ്ടുള്ള ആംഗ്യത്തിലൂടെ ചോദിച്ചത്രെ.
പിന്നീട് ഗുരുവിന് ഓരോന്നും ട്രിപ്പുകളായിരുന്നു. പൂവുകൾ, ചെടിയുടെ ഇലകൾ, മുറ്റത്തെ ചരൽകല്ലുകൾ, പാറ്റകൾ, നിരയിട്ടുപോകുന്ന ഉറുമ്പുകൾ, നിറം മാറുന്ന ആകാശം, ആകാശത്തിലേക്ക് ഉന്തിനിൽക്കുന്ന ബോറൻ കെട്ടിടങ്ങൾ ഇങ്ങനെയിങ്ങനെ അനേകമനേകം ട്രിപ്പുകൾ.
ഈ വിശേഷങ്ങളൊക്കെ ഫോണിലൂടെ വിളിച്ചുപറയുമ്പോൾ ഞാൻ ആ സാധാരണ മലയാളംമാഷായി ഗുരുവിനോട് പറഞ്ഞു.
‘സാറേ, പണ്ട് പത്താംക്ലാസ്സിൽ പഠിപ്പിക്കാനുണ്ടായിരുന്ന അക്കിത്തത്തിെൻറ ‘അടുത്തൂൺ’ എന്ന കവിതയിൽ ഇതുപോലെ ഒന്ന് പറഞ്ഞിട്ടുണ്ട്. കവി റിട്ടയറായി വീട്ടിലിരുന്നപ്പോഴാണ് ചില കാര്യങ്ങൾ തിരിച്ചറിഞ്ഞതത്രേ. ആ വരികൾ ഞാനൊന്ന് ചൊല്ലട്ടെ.
മൂന്നു മാസമായല്ലോ ഗ്രാമജീവിത്തിെൻറ
മൂകവേദനയിൽ നീ മുങ്ങിക്കിടക്കുന്നു!
മടുത്തില്ലയോ നിനക്കേകതാനത? ഞാനോ
മനസ്സിൽ പരക്കംപാഞ്ഞൊടുവിൽ പറയുന്നു.
മുക്തകണ്ഠം ഞാനിന്നു ഘോഷിപ്പൂ നിസ്സന്ദേഹം
മുറ്റത്തെ നിലപ്പനപ്പൂവിനാറിതളത്രേ!”
എന്തോതരം ആത്മീയനിറവിലെത്തിയിരുന്ന ഗുരു ഫോണിലൂടെ പതുക്കെയൊന്ന് ചിരിക്കുക മാത്രം ചെയ്തു.