ദൈവവിളി

ഒന്ന്​

കുറച്ചു വർഷങ്ങൾക്കുപുറകിൽ, അതായത് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയായിരുന്ന കാലം.
കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ ചീക്കാട് സെൻറ് ജോസഫ് ദേവാലയത്തിലെ ഒരു കെട്ടുകല്യാണത്തിൽ വച്ച് ‘വി. പൗലോ സ്ലീഹാ എഫെസോസുകാർക്ക് എഴുതിയ ലേഖനം അഞ്ചാം അദ്ധ്യായം ഇരുപത്തിരണ്ട് മുതലുള്ള വാക്യങ്ങൾ', ‘ഭാര്യമാരെ... കർത്താവിന് എന്നപോലെ നിങ്ങളുടെ സ്വന്തം ഭർത്താക്കൻമാർക്കു വിധേയരായിരിപ്പിൻ ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസും അതിന്റെ രക്ഷകനുമായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ ശിരസാകുന്നു. സഭ ക്രിസ്തുവിന് കീഴ്‌പ്പെട്ടിരിക്കുന്നതുപോലെ ഭാര്യമാരും തങ്ങളുടെ ഭർത്താക്കൻമാർക്ക് സകലത്തിനും കീഴ്‌പ്പെട്ടിരിക്കട്ടെ...'

വികാരിയച്ചന് സഹായിയായി നിന്ന ശെമ്മാച്ചന്റെ ബൈബിളിലെ രണ്ടാം വായന ഇത്രേടമെത്തിയതും ചെറുക്കന്റെയും പെണ്ണിന്റെയും പുറകിൽ മൂന്നാമത്തെ വരിയിൽ നില്ക്കുകയായിരുന്ന ജെൻസിക്ക് മൂന്നാം തവണയും ദൈവവിളിയുണ്ടായി...

കുർബാന കഴിഞ്ഞ് വധുവരൻമാർ കാണിക്കയിടാൻ നേർച്ചതൊട്ടിയുടെ അടുത്തേക്ക് പോകുന്നതിനിടെ ജെൻസി ഓടിപ്പോയി അമ്മച്ചിയുടെ കൈ സാരിക്കുള്ളിൽനിന്ന് പുറത്തെടുത്ത് ചുറ്റിപ്പിടിച്ചുകൊണ്ട് സ്വകാര്യമായി പറഞ്ഞു; ‘അമ്മച്ചി, എനിക്ക് ദൈവവിളി ഒണ്ടായി, മഠത്തീ പോകണം.’
ജെൻസിയെ തള്ളി മാറ്റിയ 'പൗളി' മകളെ രൂക്ഷമായ ഒരുനോട്ടം നോക്കി.

‘പൊയ്‌ക്കോണം അവിടുന്ന്, അവൾടെ ഒരു ദൈവവിളി'
'പെണ്ണെ നീ പോയി പിള്ളേരെം കൂട്ടി ആ ജീപ്പേലോട്ട് കേറ്. ഞാനി പെണ്ണിന്റെ സാരി മാറ്റി മന്ത്രകോടി ഉടുപ്പിച്ചേച്ച് അടുത്ത ട്രിപ്പേല് വന്നോളാം കെട്ടോ'

ജെൻസി പള്ളിയുടെ നടുവിൽ മുട്ടേൽനിന്ന് കുരിശു വരച്ചു. വിലാപുറത്ത് നിന്ന് രക്തമൊഴുക്കി, കുരിശേൽ തുങ്ങികിടക്കുന്നവന്റെ മുഖത്തേക്ക് ഇടം കണ്ണിട്ട് ഒന്ന് നോക്കി.
‘നിന്റെ തിരുവിഷ്ടം അതാണെങ്കിൽ പിന്നെ അതാവട്ടെ’ എന്നവൾ പറഞ്ഞു.
അവൻ തലയാട്ടിയതുപോലെ തോന്നി.

മുമ്പ് രണ്ടുവട്ടം ജെൻസിക്ക് ദൈവവിളിയുടെ അനുഭവമുണ്ടായിട്ടുണ്ട്.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണൊരിക്കൽ. ആന്റണി സാറ് ബയോളജിയുടെ ക്ലാസിൽ 7ാം പാഠം പ്രത്യുത്പാദനത്തെ കുറിച്ചു ക്ലാസെടുത്തു.
‘പുംബീജം അണ്ഡവുമായി സംയോജിച്ച് സിക്താണ്ഡം ഉണ്ടാകുന്നു, അത് പിന്നീട് ഭ്രൂണമായി മാറി കുഞ്ഞുണ്ടാകുന്നു.’

ആമ്പിളെരുടെ പുറകിലെ ബഞ്ചിൽ നിന്ന് തുടങ്ങിയ ഒരു കുശുകുശുപ്പും അടക്കിച്ചിരിയും ക്ലാസിലാകെ പടർന്നുകയറി. ആന്റണിസാറ് വടിയെടുത്ത് മേശക്കുപുറത്ത് കനത്തിലൊരു അടികൊടുത്തു. ചോക്കിൻപൊടി അന്തരീക്ഷത്തിലുയർന്നു പ്രത്യുത്പാദനക്ലാസുണ്ടാക്കിയ ഉൽക്കണ്​ഠക്ക് മുഖം കൊടുക്കാതെ, ഉയർന്നുപൊങ്ങിയ ചോക്കിൻപൊടിയുടെ വെളുത്ത മറവിൽ ആന്റണി സാർ ഒളിച്ചുനിന്നു.

കുട്ടിയുണ്ടാകുന്ന ഭാഗം മനസ്സിലായെങ്കിലും എങ്ങനെ സംയോജനം നടക്കുന്നു എന്നതിൽ ജെൻസിക്ക് സംശയം ബാക്കി കിടന്നു. തൊട്ടടുത്തിരുന്ന ശ്രീജയുടെ തൊടയ്ക്ക് നുള്ളി ചോദിച്ചെങ്കിലും, ശ്രീജയിൽ നിന്ന് ഒരു ആക്കിയ ചിരിയാണ് തിരിച്ചുകിട്ടിയത്​.
ഉച്ചയ്ക്ക് ചോറുണ്ണാൻ സ്‌കൂളിനുപുറകിലെ റബ്ബറ്‌തോട്ടത്തിലേക്ക് പോകും വഴി വീണ്ടും ചോദിച്ചു; ‘എങ്ങനാടി ഈ പുംബീജം സംയോജിക്കുന്നെ, കെട്ടിയോനും കെട്ടിയോളും കെട്ടിപ്പിടിച്ച് ഉമ്മവെക്കുമ്പോഴാല്ലെ, പറയെടീ?'
ശ്രീജയും ബിന്ദുവും വാപോത്തി തിരിച്ചുനിന്ന് ചിരിച്ചു.

ചോറ്മണിയൊന്നുപോലും പുറത്തുപോകാതെ വട്ടപാത്രത്തിൽ വിരലുകൊണ്ട് കുഴിയുണ്ടാക്കിക്കൊണ്ട് ബിന്ദുവാണ് സംയോജിക്കാൻ അകത്തേക്ക് തുളച്ചുകയറേണ്ടവയെകുറിച്ചുള്ള ജെൻസിയുടെ അജ്ഞതയെ തകർത്തുകളഞ്ഞത്.

അന്നുവൈകീട്ട് വീട്ടിലെത്തി പിന്നാമ്പുറത്ത് പോയി ഓലമറയിൽ മുള്ളാൻ ഇരുന്നപ്പോൾ സാധാരണയിൽ നിന്ന് വ്യത്യസ്തമായ ഒരു തരിപ്പ് ജെൻസിക്കുണ്ടായി; ''അതങ്ങനെയാവില്ല, ബിന്ദു വെറുതെ പറഞ്ഞതാവും, എങ്ങനെ സംഭവിക്കാൻ, അത്ര വലിയ സുഷിരം ആർക്കാണ് ഈലോകത്തുള്ളത്..!''

തനിക്കെന്തായാലും അതില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്തി; ‘തന്റേത് തുളച്ച് കയറ്റാൻ ആർക്കും കഴിയില്ല. മാത്രല്ല, ദ്ദേഹം വേദനിപ്പിക്കുന്ന ഒന്നും ആരെയും അനുവദിച്ചുകൂടാ…’
അങ്ങനെ അവിടെവച്ച് ദൈവവിളിയുടെ ആദ്യാനുഭവം ജെൻസി അനുഭവിച്ചു.
‘പത്താം ക്ലാസ് കഴിഞ്ഞാൽ മഠത്തിൽ പോകണം’ അന്നാണാദ്യമായി മനസിൽ ആ വിചാരമുണ്ടായത്.

പിന്നീടൊരിക്കൽ പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ അടിപൊട്ടിപ്പുറപ്പെട്ടു, ആളുകൾ നാലുപാടും ചിതറിപ്പാഞ്ഞു. അമ്മച്ചിടെ കൈവിട്ടുപോയ ജെൻസിടെ കക്ഷത്തിനിടയിലേക്ക് പുറകീന്ന് മറ്റൊരു കൈ കേറിവന്ന് നെഞ്ചിന്റെ മുൻഭാഗത്താകെ ഉഴിഞ്ഞത് ഇറങ്ങിപ്പോയി; ഒരു പാമ്പ് കയറി ഉടലിൽ ചുറ്റും പോലെ ശരീരമാകെ ഒരു വിറയൽ അനുഭവപ്പെട്ടു, ജെൻസിക്ക് കരച്ചിൽ തികട്ടിവന്നു.
വീട്ടിലെത്തി കണ്ണാടിക്കുമുമ്പിൽ നിന്ന് മുമ്പോട്ടുതള്ളി നിൽക്കുന്ന തന്റെ നെഞ്ച് നോക്കിയപ്പോൾ ആകെയൊരു വല്ലായ്ക തോന്നി. ഉറങ്ങാൻ കിടക്കുമ്പോൾ നെഞ്ച് കാണാൻ പറ്റാത്ത അൽഫോൻസാമ്മയുടെ വലിയ കാപ്പിപ്പൊടിയുടെ നിറമുള്ള ഉടുപ്പ് ഓർമ്മ വന്നു. ജെൻസി ആ ഉടുപ്പിട്ട് അന്ന് സ്വസ്​ഥമായുറങ്ങി.

അമ്മയുടെ മൂത്ത ആങ്ങള ജോയിക്കൂട്ടീടെ മോന്റെ കെട്ടുകല്യാണമാണ്. വീട്ടിലേക്ക് സദ്യയുണ്ണാൻ പോകുന്നവരുടെ തള്ളിക്കയറ്റത്തിനിടയിൽ ജീപ്പിന്റെ പിന്നിൽ ജെൻസിയും തരപടിക്കാരായ കുറെ പിള്ളേരും നൂണ്ട് കയറി. ആലീസ് ചേച്ചിയും കത്തരക്കാട്ട് സിബിയും മോളിയാന്റിയുമുണ്ട്. ആലീസിന്റെ കാൽമുട്ട് സിബിച്ചന്റെതുമായി ഉരസികൊണ്ടിക്കുന്നത് രണ്ടു പേരും കണ്ണടച്ചിരുന്ന് അറിയുകയും അതിൽ ആഹ്ലാദിക്കുകയും ചെയ്​തു. ജീപ്പിന്റെ കുലുക്കത്തിൽ സംഭവിക്കുന്നതിൽ കവിഞ്ഞ് ജെൻസിക്കതിൽ മറ്റൊന്നും തോന്നിയില്ല.

പോത്ത് മപ്പാസും കാച്ചിയമോരും തുണ്ടംമീൻഅച്ചാറും ഇറച്ചി വരട്ടിയതും അവിയലും കാബേജ്‌തോരനും ക്രമത്തിൽ വിളമ്പിയപ്പോൾ അവസാനമായി വന്ന ഐറ്റത്തിൽ ജെൻസിക്ക് കിട്ടിയ പൂവൻപഴം ഇരട്ടയായിരുന്നു.
‘പെണ്ണെ, നീയതിങ്ങോട്ട് വച്ചേക്ക്. ഇരട്ടപ്പഴം കഴിച്ചാ എരട്ട പെറെണ്ടിവരുംന്നാ’, മോളിയാന്റി അതും പറഞ്ഞ് രണ്ടു പേരുടെയും പഴങ്ങൾ വച്ചു മാറി.
‘അപ്പോ ആന്റിക്ക് കഴിക്കാവോ’
‘അതിന് ഞങ്ങടെ അതൊക്കെ കഴിഞ്ഞതല്ലേ കൊച്ചേ...! പേറും എടുപ്പുമൊക്കെ… ഇനിയെന്നാ പിന്നെ’, മോളിയാന്റി കുലുങ്ങിച്ചിരിച്ചു.

തന്റെ ശരീരം കൊണ്ട് എന്തൊക്കെയോ ഇനിയും സംഭവിക്കാനുണ്ടെന്നതിൽ അരിശം തോന്നിയ ജെൻസി പൂവൻപഴം ചോറിന്റെ കൂടെ ഞെരിച്ചുടച്ച് വാരിത്തിന്നു.

രണ്ട്​

പത്താം ക്ലാസിലെ പരീക്ഷയെഴുതിനിൽക്കുന്ന പെൺകുട്ടികളുള്ള വീടുകളിൽ വൈദവിളി കിട്ടിയവരുണ്ടോ എന്നന്വേഷിച്ച് വിവിധ മഠങ്ങളിലെ സിസ്റ്ററുമാർ വീടുവീടാന്തരം കയറിയിറങ്ങി.
‘മോളേ ഇശോയുടെ മണവാട്ടിയാക്കൻ വിടണം, അതിന് ഒറപ്പായും കർത്താവിന്റെ പ്രത്യേകമായ സ്‌നേഹവും കരുതലും ഈ കുടുംബത്തിനുണ്ടാകും.’ അടുക്കളയുടെ കതകിനുപുറകിൽ നില്ക്കുകയായിരുന്ന ജെൻസിക്ക് അതു കേട്ടപ്പോൾ ആഹ്ലാദമുണ്ടായി. തന്റെ അടിവയറ്റിൽ നിന്ന് ഒരു ചൂട് ഉയർന്നുവന്നതവളറിഞ്ഞു. കന്യാമറിയത്തിന്റെ ഉദരത്തിൽ പിറന്നവന്റെ മണവാട്ടിയാകാൻ കഴിയുന്നതിൽ പരം മറ്റെന്ത്, ബിന്ദുവും ശ്രീജയും പറഞ്ഞതുപോലെ തുളച്ചുകയറ്റാൻ തന്റെ ശരീരത്തെ ഈ ലോകത്തിനുമുമ്പിൽതുറന്നുവയ്ക്കാതിരിക്കാൻ എന്തും ചെയ്യാൻ ജെൻസി ഒരുക്കമായിരുന്നു.

സമ്മർ അവധിക്കാലത്തെ വേദപാഠക്ലാസിനിടെ പത്താം ക്ലാസിലെ പെൺകുട്ടികളെ പ്രത്യേകം വിളിപ്പിച്ച് ചോദിച്ചപ്പോ, ട്രീസ സിസ്റ്ററോട് തനിക്കുണ്ടായ ദൈവവിളിയെകുറിച്ച് പറഞ്ഞിരുന്നു.
അപ്പനേം അമ്മേം സിസ്റ്റർ സമ്മതിപ്പിക്കണം, അതായിരുന്നു ഡിമാന്റ്.

തനിക്ക് ദൈവവിളി ഉണ്ടാകാനിടയായ ഒന്നും രണ്ടും മൂന്നും സാഹചര്യം ജെൻസിയെ പലപ്പോഴും പേടിപ്പിച്ചുകൊണ്ടിരുന്നു.
‘അവൾക്ക് പഠിക്കാൻ ആഗ്രഹമുണ്ടേൽ മഠത്തീന്ന് പഠിപ്പിക്കും. നമ്മടെ കോളജും സ്‌കൂളുമൊക്കെ ഇല്ലേ... പിള്ളേരെ പഠിപ്പിക്കാനോ ജോലി ചെയ്യാനോ ഒക്കെ ഒള്ള സാഹചര്യമൊണ്ടല്ലോ. നമ്മുക്കെ, അവിടെ... ബേബിം പൗളിം കൂടെ കർത്താവിനോട് പ്രാർത്ഥിക്ക്. തമ്പുരാനൊരു ഉത്തരം തരും, എന്നിട്ട്ങ്ങ് പറഞ്ഞാ മതി...’
ട്രീസ സിസ്റ്റർ പറയുന്ന കേട്ട് അപ്പനും അമ്മയയും കണ്ണിൽ കണ്ണിൽ നോക്കി.
‘എന്നാലും സിസ്റ്ററെ, അവളൊന്നെ പെണ്ണായിട്ടൊള്ളൂ ഞങ്ങൾക്ക്’, അപ്പനും പതംപറഞ്ഞുകൊണ്ടിരുന്നു.
‘അതിനെന്നാ ബേബി കുഴപ്പം, ഇതിപ്പോ ദോഷത്തിനൊന്നുമല്ലല്ലോ. അവക്ക് അങ്ങനെ ഒരു ആഗ്രഹമൊണ്ടെൽ കർത്താവ് തോന്നിച്ചതാന്നെ. ഇന്നത്തെക്കാലത്ത് എത്ര പെൺപിള്ളേർക്ക് ഇതൊക്കെ തോന്നും, അതൊന്ന് ആലോചിച്ചാപോരെ…’

‘ഇനിയിപ്പം ഇവിടെ നിന്നാലോ, നാലഞ്ച് വർഷത്തിനൊള്ളിൽ നിങ്ങക്കവളെ ഒരുത്തന്റെ കൂടെ ഒള്ള സ്വത്തും വിറ്റ് എറക്കിവിടണ്ടെ, പിന്നെ നിങ്ങക്ക് കിട്ടുവോ...’

ആ പോയിന്റ് ജെൻസിക്ക് ബോധിച്ചു. അതിലപ്പൻ പെട്ടുപോകാൻ സാധ്യതയുണ്ടെന്നു തോന്നി.

‘പെണ്ണിനെ കെട്ടിക്കാനൊള്ള കാശ്’
‘കൊച്ചിനെ കെട്ടിച്ച് വിടണ്ടതല്ലേ, ഈ റബ്ബറ് ഉന്താൻ പോയി കിട്ടുന്നെനെ​ക്കൊണ്ട് നടക്കുവോ വല്ലതും...?’- അമ്മച്ചിയും അപ്പനും തമ്മിലുള്ള ഇത്തരം അടക്കംപറച്ചിലിൽ അപ്പൻ പലപ്പോഴും പരുങ്ങുന്നത് ജെൻസി കണ്ടിട്ടുണ്ട്.

മെയ് മാസം പതിനേഴാം തിയ്യതി വെളിയാഴ്ച ദിവസം എസ്.എസ്.എൽ. സി റിസൽറ്റു വന്നു. ജെൻസി 234 മാർക്കിൽ തേർഡ് ക്ലാസിൽ പാസായി. പ്രീഡിഗ്രിക്ക് തേഡ് ഗ്രൂപ്പെടുത്ത് ട്യൂ​ട്ടോറിയൽ കോളേജിൽ ചേർക്കണോ എന്ന അപ്പന്റെ ചോദ്യത്തിനു മുമ്പിൽ ജെൻസി അൽഫോൻസാമ്മയെ മാധ്യസ്ഥം നിർത്തി.
അങ്ങനെ അപ്പന്റെ ചോദ്യം ഇല്ലാതായി.

അന്ന് പകലെ മുതൽ ചിന്ന ചേടത്തിയും അമ്മച്ചിയും ചേർന്ന് അവിലോസ് പൊടിഉണ്ടാക്കികൊണ്ടിരുന്നു. മോളിയാന്റി ചക്കവെട്ടി ഒരുക്കിയെടുത്ത് പുഴുക്കിന് വേവിക്കുന്നതിലും കുറച്ച് കനത്തിലരിഞ്ഞ് എണ്ണയിലിട്ട് നല്ല കിലു -കില എന്ന ശബ്ദമാകുന്നതുവരെ അധികം മൂത്തുപോകാതെ ശ്രദ്ധയോടെ വറുത്തു കോരി.

മോൾക്ക് ഇഷ്ടപ്പെട്ട മീനച്ചാറും കടുമാങ്ങാ അച്ചാറും പെട്ടിയിലേക്കിറക്കിവയ്ക്കുമ്പോൾ അമ്മച്ചിയുടെ കണ്ണ് നിറഞ്ഞ് മറിയുന്നത് ജെൻസി കാണുന്നുണ്ടായിരുന്നു. നാളെ കാലത്തെ ആദ്യത്തെ സ്റ്റേറ്റ് ബസിന് ജെൻസിമോൾ കർത്താവിന്റെ മണവാട്ടിയാകാൻ പോകുന്നതിന്റെ നിർവികാരതയിൽ ആ രാത്രി വളരെ വേഗത്തിൽ വെളുത്തത് വന്നതുപോലെ ബേബിക്ക് അനുഭവപ്പെട്ടു. വളർന്നതിനുശേഷം ആദ്യമായി അമ്മച്ചിയുടെയും അപ്പന്റെയും ഒന്നിച്ചാണ് ജെൻസി ആ രാത്രി ഉറങ്ങിയത്.

മൂന്ന്​

ഇടവക പള്ളീലെ അച്ചന്റെ കത്തും കൂടെ ട്രീസ സിസ്റ്ററിന്റെ ഉപദേശവും വാങ്ങി തൃശൂരെ പുളിങ്കുന്നം തിരുഹൃദയ മഠത്തിൽ അപ്പൻ കൊണ്ടുവന്നാക്കി​പ്പോയീട്ട് നാലാമത്തെ ദിവസമാണ്. വന്ന ദിവസം തന്നെ അമ്മച്ചി ഉണ്ടാക്കി കൊടുത്തുവിട്ട മീനച്ചാറും അവിലോസുപൊടിയും മദർസുപ്പീരിയർ എടുത്തുകൊണ്ടുപോയി റൂമിൽ വച്ച് പൂട്ടി.

‘എന്റെ ആങ്ങളെടെ മോന് വല്ല്യ ഇഷ്ടവാ അവിലോസ്, അവൻ വരുമ്പോ കൊടുത്തേക്കാം...’ അതുകേട്ട് ജെൻസി ചെറുതായി ചിരിക്കുക മാത്രം ചെയ്​തു.

സീനിയർ സിസ്റ്ററുമാർ വന്ന് ബാക്കിയുള്ള ചക്ക വറുത്തതും മാങ്ങാ അച്ചാറും പങ്കിട്ടെടുത്തു.

‘അവരെന്റെ മേലങ്കി നാലായി ഭാഗിച്ചെടുത്തു’ എന്ന തിരുവെഴുത്തു പൂർത്തിയായപ്പോൾ കർത്താവ് വേദന സഹിച്ചതോർത്തപ്പോൾ ഉള്ളിലുണ്ടായ പ്രയാസം ജെൻസി പുറത്തുകാണിച്ചില്ല.

നാലാം നാൾ മുതൽ അടുക്കള ഡ്യൂട്ടിയായിരുന്നു. പതിനാറ് പേരുള്ള മഠത്തിൽ രാവിലെ കാപ്പികുടി കഴിഞ്ഞപ്പോഴേക്കും കഴുകാനുള്ള എച്ചിൽ പാത്രം കുമ്പാരമായി ജെൻസിക്കു മുമ്പിൽകൂടി കിടന്നു. പാത്രം കഴുകിത്തീർത്തിട്ടു വേണം ഉച്ചയ്ക്കത്തെ ചോറും കറികളും ഒരുക്കാൻ. മുമ്പിൽ കിടക്കുന്ന എച്ചിൽ പാത്രങ്ങളിൽ അമ്മച്ചിയുടെ മുഖം തെളിഞ്ഞുവന്നു. എല്ലാം വൃത്തിയാക്കി ജെൻസി കൈ കഴുകി മുഖം തുടച്ചു.

കോൺവെന്റിലെ പുതിയ അന്തേവാസികളെയാണ് പാത്രം കഴുകൽ, പൂന്തോട്ടം നനയ്ക്കൽ, പശുവിനെ കുളിപ്പീര്, തുണി കഴുക്കൽ തുടങ്ങിയ പണികൾ ഏല്പിക്കാറ്. സഹനം എന്ന കഴിവ് ആർജ്ജിക്കാൻകഴിയുമെന്നാതാണ് ഇതിന്റെ ഉദ്ദേശ്യം.

ചോറ് വേവ് കൂടിപ്പോയതിന് മദർ സൂപ്പിരിയർ പരസ്യമായി ശാസിച്ച ദിവസം ജെൻസി റൂമിൽ പോയി കുറെ കരഞ്ഞു. പിന്നിട് കറക്കുന്നതിനിടെ പശു പാൽപാത്രം തൊഴിച്ചു തെറിപ്പിച്ച ദിവസവും രാവിലെ എഴുന്നേൽക്കാൻ ആറ് മിനുട്ട് വൈകിയ ദിവസവും പ്രാർത്ഥനക്കിടെ ഉറക്കം തൂങ്ങിയ ദിവസവും ജെൻസിക്ക് കരയേണ്ടിവന്നു. എങ്കിലും അനുസരണം- ബ്രഹ്മചര്യം- ദാരിദ്രം എന്നിവ വ്രതമായി സ്വീകരിക്കുന്നു എന്ന ഏറ്റുപറച്ചിൽ എല്ലാ ദിവസത്തെയും സന്ധ്യപ്രാർത്ഥനയിലും അമർത്തി ചൊല്ലിക്കൊണ്ടിരുന്നു.

‘സാരമില്ല, ഇതൊക്കെ ശീലമായിക്കൊള്ളും. കുട്ടി ആദ്യമായതുകൊണ്ടാ, കരഞ്ഞിട്ടെന്ത് കാര്യം’ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചത് സീനിയറായ സിസ്റ്റർ അനുപമ ആയിരുന്നു. അവരാണ് ജെൻസിയോട് പ്രിഡിഗ്രി പഠിക്കാൻ പൊയ്‌ക്കോ എന്നുപദേശിച്ചത്. ആദ്യം പഠിക്കാൻ പോകാൻ മടിയായിരുന്നു. കോൺവെന്റിലെ യാന്ത്രികവും ചിലപ്പോൾ ഭയാനകവുമായ ദിനചര്യകളിൽ നിന്ന് കുറച്ച് മണിക്കുറെങ്കിലും ഒളിച്ചിരിക്കാൻ കഴിയും എന്നോർത്തപ്പോൾ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല, പത്താം ക്ലാസ് പാസായതുകൊണ്ട് പഠിക്കാൻ വിടണം എന്നത് അപ്പന്റെ ഒരു നിബന്ധനയായിരുന്നു. മദർ അക്കാര്യം അപ്പനോട് സമ്മതിച്ചതുകൊണ്ടാണ് മഠത്തിൽ പോകണം എന്ന ആഗ്രഹത്തിന് അപ്പൻ എതിര് നില്ക്കാതിരുന്നത്. ആദ്യത്തെ ഒരു വർഷം കഴിഞ്ഞാൽ പഠിക്കാൻ പോകാമെന്ന് ചേരുമ്പോ പറഞ്ഞിട്ടുണ്ട്, അതുവരെ ബൈബിളും കനോൻ നിയമങ്ങളും മറ്റ് ആരാധന ക്രമങ്ങളുമാണ് പഠിക്കാനുള്ളത്.

മഠത്തിൽ വന്നതിന്റെ ആദ്യത്തെ ദിവസങ്ങൾ ജെൻസിക്ക് താൻ ഏതോ ഒരു അന്യഗ്രഹത്തിൽ എത്തിപ്പെട്ട സ്വപ്നം കണ്ടതാണോ എന്ന് സംശയിച്ചു. മുമ്പിൽ കാണുന്നവർ മനുഷ്യരല്ലാത്തതുപോലെ, എല്ലാവരും തന്നെ ചുഴിഞ്ഞുനോക്കുന്നു. തന്റെ കയ്യിലെ വസ്തുവകകളെല്ലാം പിടിച്ചുപറിക്കുന്നു. ചിലപ്പോൾ അട്ടഹസിക്കുന്ന പോലെയും ചില ദിവസങ്ങൾ മൗനിയായി ഇരിക്കുകയും ചെയ്യുന്ന വിചിത്രരായ ജീവികളുടെ ലോകം. യാന്ത്രികമായി ചലിക്കുകയും മിണ്ടുകയും പ്രാർത്ഥിക്കുകയും കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നവർ, ശാസിക്കാൻ മാത്രം നാക്ക് നീട്ടുന്നവർ, എന്തിനും ഏതിനും കുറവ് കണ്ടെത്താൻ കഴിവുള്ളവർ.

ആദ്യത്തെ കുറെ ദിവസം പുതിയ അഡ്മിഷനിൽ വന്നവരെ ഹാളിലാണ് കിടത്തിയത്. പിന്നീട് പുതിയ അറുപേരേയും ഒരോ റൂമുകളിലേക്ക് മാറ്റി. ജെൻസിക് കിടക്കാൻ അനുവദിക്കപ്പെട്ട റൂമിൽ ഒരു കട്ടിലുണ്ടെങ്കിലും അതിൽ സീനിയറായ സിസ്റ്ററായിരുന്നു കിടന്നത്. എല്ലാ റൂമിലും ഒരു സീനിയർ സിസ്റ്ററും പുതുതായി വന്ന ഒരാളും എന്ന പ്രകാരമാണ് റൂം അനുവദിച്ചിരുന്നത്. പുതിയ കുട്ടികളെ ഒന്നിച്ചു റൂമിൽ കിടത്തിയാൽ അവർക്കിടയിൽ അന്യചിന്തകൾ ഉണ്ടാകുമെന്നും ദൈവത്തിന്റെ പദ്ധതി നടക്കില്ലെന്നുമാണ് സന്യസ്ഥത്തിന്റെ നിയമം.

ജെൻസി താഴെ കോസടി വിരിച്ച് കിടന്നു. ഒരു ഇരുമ്പ് മേശയും മരത്തിന്റെ മൂന്ന് അടപ്പുകളോടുകൂടിയ അലമാരയും എല്ലാ റൂമുകൾക്കും പൊതുവായി അനുവദിക്കപ്പെട്ടിരുന്നു. കിടക്കുന്നതിന്റെ അഭിമുഖമായി ഭിത്തിയുടെ നടുക്കായി ഇരുണ്ട നിറമുള്ള ഏതോ മരത്തിൽ കൊത്തിയെടുത്ത ഒരു ക്രൂശിതന്റെ രൂപവും തൂക്കിയിരുന്നു. കുരിശിൽ തൂക്കപ്പെട്ട കവിളും വയറുമൊട്ടിയ ക്രിസ്തുവിനെ ജെൻസിക്ക് ചെറുപ്പത്തിലെ ഇഷ്ടമായിരുന്നു. സൂക്ഷിച്ചു നോക്കിയാൽ തല ചെരിച്ച് തന്നെ തന്നെനോക്കുന്നത് പോലെ തോന്നും. ആ കണ്ണുകളിലേക്ക് നോക്കി ഏറെ നേരം കിടക്കാറുണ്ട്.

പുറത്ത് വൈകീട്ട് തുടങ്ങിയ മഴ കാരണം മുറിക്കുള്ളിലും തണുപ്പ് മൂടിയിരുന്നു. ഉറങ്ങുന്നതിനു മുമ്പ് ചമ്രം പടഞ്ഞിരുന്ന് കണ്ണുകളടച്ച് പ്രാർത്ഥിച്ചു. അത് കുഞ്ഞു നാളിൽ വീട്ടിലേയുള്ള ശീലമാണ്.

‘വേണ്ടാത്ത സ്വപ്നങ്ങള് കണ്ട് ഞെട്ടാതിരിക്കാൻ ഗീവർഗീസ് പുണ്യാളനോട് കുന്തം കൊണ്ട് കാവല്‌നില്ക്കാൻ പ്രാത്ഥിച്ചേച്ച് കിടക്ക് പെണ്ണെ’- വല്ല്യമച്ചിയുടെ സ്വരം എവിടെയോ നിന്ന് കേട്ടതുപോലെ തോന്നി.

വല്യമ്മച്ചി ഇപ്പോൾ എവിടെയായിരിക്കും?
സ്വർഗ്ഗത്തിൽ കർത്താവിന്റെയടുത്ത് നിത്യതയിൽ ഉറങ്ങുകയായിരിക്കുമോ? വല്യമ്മച്ചിടെ കുഞ്ഞുമോള് ഇവിടെ വന്നത് അവിടെ അറിഞ്ഞിരിക്കുമോ?
വല്യമ്മച്ചിയുടെ കാതിലെ വലിയ കുണുക്ക് കമ്മൽ തന്റെ ഓർമ്മകളെ പിടിച്ച് കുലുക്കിയപ്പോൾ,ജെൻസി തന്റെ കാതുകളിൽ തടവിനോക്കി രണ്ട് സുഷിരങ്ങൾ മാത്രം. അഞ്ചാം വയസിൽ തനിക്കു നേരേ വന്ന ഗോവിന്ദൻ തട്ടാന്റെ സ്വർണ്ണസൂചി കണ്ട് പേടിച്ച് കരഞ്ഞപ്പോൾ അമ്മച്ചി പച്ചക്കല്ലു വച്ച പൂക്കമ്മലുകൾ കാണിച്ചതിന്റെ സന്തോഷം നിറയുന്ന സമയത്തിനിടയ്ക്ക് സൂത്രത്തിൽ ഗോവിന്ദൻ തട്ടാൻ കാതു കുത്തിക്കഴിഞ്ഞിരുന്നു.

വല്യമ്മച്ചിടെ നിത്യേനയുള്ള ശാസന കേട്ട് കിടക്കപ്പായേൽ നിരന്നിരുന്ന് ഒരു കണ്ണടച്ച് മറ്റേ കണ്ണ് കൊണ്ട് ജോനാപ്പനെയും പയസിനെയും നോക്കി.
‘ദേ, അവര് കണ്ണടച്ചില്ലമ്മച്ചി...’ എന്ന് പരാതി പറയാറുള്ളത് ഓർത്തതും ജെൻസിയുടെ ഒരു കണ്ണ് പതുക്കെ തുറന്നുപോയി.
അപ്പോൾ അനുപമ സിസ്റ്ററ് കട്ടിലിലിരുന്ന് തലയുടുപ്പ് അഴിച്ചുവയ്ക്കുകയായിരുന്നു. ഇടതുർന്ന് തഴച്ചു വളന്ന കറുത്ത മുടി രണ്ട് മാറത്തേക്കും പകുത്തിട്ട് പുറകിലേക്ക് കൈ കുത്തി നടു അല്പം ചായ്ചിരുന്നു.

സിസ്റ്ററുമാരുടെ തലമുടി ആദ്യമായി കണ്ടപ്പോൾ ജെൻസിക്ക് ആകാംക്ഷ തോന്നി, എങ്കിലും വേഗം പുതപ്പ് തലയ്ക്കലേക്ക് വലിച്ചിട്ട് ശ്വാസമടക്കിപ്പിടിച്ചുകിടന്നു. പുതപ്പിനുള്ളിലൂടെ അവ്യക്തമായ നിഴലുകളിൽ അവർ ഉടുപ്പ് ഊരിമാറ്റി വരിഞ്ഞുകെട്ടിയ മാറിടം അഴിച്ചിട്ടു. നെടുവീർപ്പെടുന്നതുകണ്ടപ്പോൾ ജെൻസിയുടെ നെഞ്ചിടിപ്പ് വർദ്ധിച്ചുവന്നു. ചുമച്ചുകൊണ്ട് തിരിഞ്ഞു കിടന്നു, മനസ്സടങ്ങിയപ്പോൾ എപ്പോഴോ ഉറങ്ങിപ്പോയി.

കപ്പ വാട്ടിന് രണ്ടു ദിവസം സ്‌കൂളിൽ പോവണ്ട എന്ന സന്തോഷത്തിലാണ് ജെൻസിയും ജോനാപ്പനും പയസും.
കപ്പ കുലുക്കി പറിക്കാനും തൊലി ചൊരണ്ടാനുമെല്ലാം കുട്ടികൾ ആവശ്യമാണെന്നതുകൊണ്ട് മുതിർന്നവർ കുട്ടികളെ അംഗീകരിച്ചിരുന്നത് ഇത്തരം ദിവസങ്ങളിൽ മാത്രമാണ്.
പി​റ്റേന്ന് ചെല്ലുമ്പോ തോമസ് മാഷിനോട് കപ്പവാട്ട് ആയോണ്ട വരാഞ്ഞെന്ന് പറഞ്ഞപ്പോ, മാഷ് ചോദിച്ച ചോദ്യം, ‘എത്ര ചെമ്പ് ഒണ്ടാരുന്നെടീ, വാട്ടാൻ’ എന്നാണ്.
ആറ് ചെമ്പ് മാഷെ എന്ന് മറുപടി പറഞ്ഞപ്പോ, ആകെ ഒരു ഗമയുണ്ടായി.
കപ്പ വാട്ടിക്കഴിഞ്ഞ കപ്പകാല അടിച്ചൊരുക്കി അമ്മച്ചി രാവിലെ തീയിട്ടു. അപ്പോൾ കഴിഞ്ഞവർഷം പറമ്പിലെ കാച്ചില് നട്ട മരങ്ങൾക്കുചോട്ടിൽ പോയി കുട്ടികൾ മുകളിലേക്കു കേറിയ വള്ളികൾ ഉണങ്ങിനില്ക്കുന്നത് പിടിച്ച് താഴേക്ക് വലിച്ചിട്ടു. കുറെ 'മേക്കാച്ചിക്ക'കൾ കിട്ടി. മുകളിലോട്ട് പടർന്നുകയറുന്ന കാച്ചിൽ വള്ളിയിലുണ്ടാക്കുന്ന കിഴങ്ങുകളാണത്. തീയിലിട്ട് ചുട്ട്​, വെന്തതെടുത്ത് പൊളിച്ച് വായിലിട്ടു. ‘ആ... ആഹ് എന്ന ശബ്ദത്തോടെ ആവി പറത്തി.

ജെൻസിക്ക് വാ പൊള്ളിയതും അപ്പോഴേക്കും ഉറക്കമുണർന്നുപോയി. ദേഹത്താകെ തണുപ്പ്. തീയുടെ അടുത്തേക്ക് നീങ്ങിയിരുന്നു. എന്നിട്ടും തണുപ്പ് തന്നെ. പുതപ്പ് നന്നായി വലിച്ച് പുതയ്ക്കാൻശ്രമിച്ചു. അപ്പോൾ ചെറിയ ഒരു കുളിര് അനുഭവപ്പെട്ടു. ഇത് തീയുടെ ചൂടല്ല, ആരോ തന്നെ കെട്ടിപ്പിടിച്ചിരിക്കുന്നതിന്റെ ചൂട് പോലോന്ന് അനുഭവപ്പെടുന്നുണ്ടോ, ഒരു സന്ദേഹമുണ്ടായി.

അപ്പോഴേക്ക് തീ കാഞ്ഞുകൊണ്ടിരുന്ന ജെൻസി ഉണർന്നിരുന്നു. ഇടത്തേക്ക് ചെരിഞ്ഞാണ് കിടന്നതെങ്കിലും ഒരുകൈ ഉയർത്തി തന്നെ വരിഞ്ഞുപിടിച്ചിരിക്കുന്ന കൈയിൽ ഒരു വിധത്തിൽ ധൈര്യം സംഭരിച്ച് ഒന്ന് തൊട്ടുനോക്കി.
അമ്മച്ചി ചില രാത്രികളിൽ ഇങ്ങനെ വന്ന് കെട്ടിപിടിച്ച് കൂടെ ഉറങ്ങാറുണ്ട്. അപ്പനോട് എന്തെലും ദേഷ്യപ്പെടുന്ന ദിവസമായിരിക്കും അതെന്ന് ഉറപ്പാക്കാം. പക്ഷെ, ഇത് അമ്മച്ചിയുടെ എല്ലുമുഴച്ച പരുപരുത്ത തൊലിയുള്ള കയ്യല്ല, മാർദ്വവമുള്ളതും ചെറു രോമമുള്ളതുമാണ്. അമ്മച്ചിയുടെ കൈകളിൽ രോമമില്ല.

ഇപ്പോൾ താൻ മേക്കാച്ചിക്ക ചുട്ടു തിന്നാൻ തീയിനടുത്ത് പയസിന്റെയും ജോനാപ്പന്റെയും കൂടെയല്ല എന്നും ഉറങ്ങുന്നതെവിടെയെയാണെന്നും ജെൻസിയിൽ ബോധം വച്ചു. തുടർന്ന്, ശരീരം ഒന്ന് പിടച്ചു. അപ്പോൾ പുറകിൽ ഒരാൾ തന്നോട് ഒട്ടി കിടക്കുന്നതും ആ കൈ തന്റെ ശരീരത്തിൽ സ്പർശിരിക്കുന്നതായും മൃദുവായതെന്തോ അമരുന്നതും അറിഞ്ഞ മാത്രയിൽ, തൊണ്ടക്കുഴി വരെ വരണ്ടുപോയി.
ഒന്ന് കുതറി നേരെ കിടക്കാൻ ശ്രമിച്ചതും ആ നിഴൽ രൂപം തന്നിൽനിന്ന് അടർന്നുമാറി എഴുന്നേറ്റ് നിൽക്കുന്നതും അഴിഞ്ഞുകിടന്ന മുടി വാരിക്കെട്ടുന്നതും കണ്ടു. ജെൻസി കണ്ണിറുക്കിയടച്ച് പുതപ്പുകൊണ്ട് തല മൂടി കമിഴ്ന്നു കിടന്നു.

അമ്മച്ചിയല്ലാതെ മറ്റോരു സ്ത്രീ ഇതുവരെ അങ്ങനെ അമർത്തി കെട്ടിപിടിച്ചിട്ടില്ല. ഇതാണെ, നഗ്‌നമായിട്ട്, താൻ ആർക്കും അടിപ്പെടുത്താതെ കാത്തുവച്ച എന്റെ ദേഹത്തിലൂടെ…

ആളുങ്ങളല്ലേ സാധാരണ പെണ്ണുങ്ങളെ കെട്ടിപ്പിടിക്കുക, ഇതിപ്പോ സിസ്റ്ററായ, ഒരു സ്ത്രീയായ ഇവരെന്തിനാണ് വസ്ത്രമെല്ലാം ഊരിമാറ്റി എന്റെ ശരീരത്തോട് ഒട്ടിക്കിടക്കാൻ വന്നത്? തണുത്തതുകൊണ്ടായിരിക്കുമോ?

അതോ അവർ ഒരു പെണ്ണ് അല്ലാതെ വരുമോ? ചിലർക്ക് രാത്രി ഇഷ്ടമുള്ളതുപോലെ രൂപം മാറാനുള്ള സിദ്ധിയുണ്ടെന്ന് മാത്തച്ചൻ പാപ്പി പണ്ട് പറഞ്ഞത് ഓർത്തു.

ചിന്തകൾ കാടുകയറാൻ തുടങ്ങിയപ്പോൾ ജെൻസി ഗീവർഗീസ് പുണ്യളന്റെ മാധ്യസ്ഥ പ്രാർത്ഥന ചൊല്ലാൻ തുടങ്ങി.
സമയം ഒരു പാട് രാത്രിയായിട്ടുണ്ടാകും, കപ്പകാലയിൽ തീയും കാഞ്ഞിരിക്കാൻ നല്ല സുഖമുണ്ടായിരുന്നു. അവിടെയ്ക്കിനിയെന്തായാലും തിരിച്ചുചെല്ലാൻ പോയിട്ട്, ഉറക്കം പോലും വരില്ല. ജെൻസി തിരിഞ്ഞും മറിഞ്ഞും കിടന്ന് ആ രാത്രി മുഴുവൻ പ്രാർത്ഥിച്ചു.

ഇന്നലെത്തെ സംഭവം, മേക്കാച്ചിക്ക ചുട്ടു തിന്നത് പോലൊരു രാത്രികാലത്തെ സ്വപ്നമായിരുന്നോ അതോ ശരിക്കും സംഭവിച്ചതാണോ എന്ന കാര്യത്തിൽ സംശയിക്കാൻ കാരണം, പിറ്റേന്ന് സിസ്റ്ററിൽ പ്രത്യേകിച്ച് ഭാവവിത്യാസം ഒന്നും കാണാത്താതുകൊണ്ടായിരുന്നു.
പകല് കാര്യമായി ഒന്നും സംസാരിക്കാറില്ല. എങ്കിലും കാണുമ്പോഴൊക്കെ ചിരിക്കും. ആ ചിരി വളരെ സ്‌നേഹപൂർവ്വമാണെന്ന് തോന്നാറുണ്ട്. താനറിയാതെ തന്നെ നോക്കുന്നതുപോലെ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.

‘ജെൻസിക്ക് എപ്പഴാ പീരിഡ്‌സ് വന്നേ?’, ഒരു ദിവസം വൈകിട്ടത്തെ സന്ധ്യാപ്രാർത്ഥന കഴിഞ്ഞ് റൂമിലേക്ക് ചെന്നപ്പോൾ അനുപമ സിസ്റ്റർ പൊടുന്നനെയാണത് ചോദിച്ചത്.
ആദ്യം ഒരു ചമ്മലുണ്ടായി എങ്കിലും, ‘ഒമ്പതിൽ പഠിക്കുമ്പോ’ എന്ന് ഒരു വിധം മറുപടി പറഞ്ഞു.
‘ജെൻസിടെ വയറ് കാണാൻ നല്ല രസമുണ്ട്, അപ്പോഴ് ആ സമയത്ത് വയറ് വേദനിക്കാറുണ്ടോ...?’
‘കുറച്ചൊക്കെ..., അമ്മച്ചി തടവിത്തരും. ചൂടു വെള്ളം കുപ്പിലാക്കി വയ്ക്കും’, അപ്പോഴേക്ക് ആദ്യത്തെ അങ്കലാപ്പ് മാറിയിരുന്നു. അതുകൊണ്ട് മടിയില്ലാതെ അതൊക്കെ പറയാൻ പറ്റി.
‘ഇനി ആവുമ്പോ ഞാൻ തടവിത്തരാല്ലോ’, ജെൻസിക്ക് അപ്പോഴൊരു എന്തെന്നില്ലാത്ത ആശ്വാസമുണ്ടായി.

നാല്​

എം.എ കഴിഞ്ഞശേഷം സിസ്റ്റർ അനുപമ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന നിർമ്മല കോളേജിൽ തന്നെയാണ് ജെൻസിയും പ്രീ ഡിഗ്രിക്കു ചേർന്നത്. രൂപതയുടെ കീഴിലുള്ള ഈ കോളേജിൽ മഠത്തിൽ നിന്ന് ഏഴ് അന്തേവാസികൾ പഠിക്കുന്നുണ്ട്. അനുപമ സിസ്റ്റർ ഉൾപ്പെടെ രണ്ട് സിസ്റ്ററുമാർ അധ്യാപകരുമാണ്. കോളേജിൽ നിന്ന് നടക്കാനുള്ള ദൂരമേ മഠത്തിലേക്കുള്ളൂ. പോകുമ്പോഴും വരുമ്പോഴും സിസ്റ്റർ എല്ലാ ദിവസവും വരാൻ കാത്തുനില്ക്കും. മഴയുള്ളപ്പോൾ തന്റെ കുടയിൽ ഒപ്പം കൂട്ടും, ഉച്ചക്ക് കഴിക്കാനുള്ളത് കോൺവെന്റിൽനിന്ന് എടുക്കുമെങ്കിലും സ്റ്റാഫ് റൂമിലിരുന്ന് കഴിക്കാറില്ല. രണ്ടുപേരും ഒന്നിച്ചാണ് കാന്റീനീൽ ഇരിക്കുക. അപ്പന്റെയും അമ്മച്ചിയുടെയും അടുത്തൂന്ന് നഷ്ടപ്പെട്ട പലതും തിരിച്ചു കിട്ടിയ പോലെ ജെൻസിക്ക് അനുഭവപ്പെട്ടു. തന്റെ എല്ലാ താളവും നിയന്ത്രിക്കുന്ന ഒരാളായി അവര് മാറിയെന്നത് അത്ഭുതത്തോടെയാണ് മനസിലാക്കിയത്. ടീച്ചറാണെങ്കിലും തന്നോട് ഒരു കൂട്ടുകാരിയായി മാറാൻ അവർ ആഗ്രഹിച്ചതു പോലെ പലപ്പോഴും തോന്നി.

അന്നൊരു എട്ട് നോമ്പിന്റെ കാലം.
സന്ധ്യപ്രാർത്ഥനക്കുമുമ്പ് കുളി കഴിഞ്ഞ് നനഞ്ഞ മുടിയോടെ റൂമിലേക്ക് കയറിവന്ന ജെൻസിയെ പെട്ടെന്നൊരു കരവലയം വലിച്ചടുപ്പിച്ചു. വാതിലുകൾ അടഞ്ഞു. പുറകോട്ടാഞ്ഞ് നിന്നെങ്കിലും അപ്പോഴേക്ക് രണ്ടുടലുകളും മുടിത്തുമ്പിൽനിന്നൊഴുകിയ വെള്ളത്തുള്ളികളിൽ ഒട്ടിപ്പിടിച്ചു. ദേഹമാസകലം അതുവരെ അനുഭവിക്കാത്ത ഒരു വൈദ്യുതിതരംഗം പ്രവഹിച്ചു. സിസ്റ്റർ അനുപമയുടെ ചുണ്ടുകൾ ജെൻസിയുടെ കഴുത്തിൽ ആഴത്തിൽ അമർന്നു.
ദീർഘമായ ദാഹത്താൽ മരുഭുമിയിലെ മീവൽ പക്ഷികളെന്ന പോലെ അവരുടെ ചുണ്ടുകൾ താണുയർന്നുകൊണ്ടിരുന്നു.

അന്ന് രാത്രി കിടക്കാൻ നേരം ജെൻസി പുണ്യാനോട് പ്രാർത്ഥിച്ചില്ല. തന്റെ സ്വപ്ന​ങ്ങളിൽ കുന്തം കൊണ്ട് കാവൽ നില്ക്കാൻ മറ്റാരോ ഉള്ളതുപോലെ ഒരു തോന്നലുണ്ടായിരിക്കുന്നു.

ഒരു കൂട്ട് വേണമെന്ന പെണ്ണിന്റെ ആഗ്രഹം ആദ്യമായി ദൈവത്തിന്റെ നിശ്ചയം പോലെ തന്നിലുണ്ടായിരിക്കുന്നതാണോ. താനൊരു പെണ്ണായി മാറുന്നതുപോലെ ജെൻസിക്ക് ഈയടുത്ത ദിവസങ്ങളിൽ തോന്നിതുടങ്ങിയിരിക്കുന്നു. അനുപമ സിസ്റ്റർ അടുത്ത് വരുമ്പോ തന്റെ മാറിടം വികസിച്ചുയരുന്നതും സിസ്റ്ററില്ലാത്ത സമയങ്ങൾ സ്വയം വിരസമായി മാറുന്നതും എന്തുകൊണ്ടാണെന്നതിൽ ജെൻസിക്ക് ഉത്തരമില്ലായിരുന്നു.

‘ജെൻസി, കൊച്ചേ, മോളെ... നമ്മക്ക് പുറത്തേക്ക് ഇറങ്ങിയാലോ...?’

‘ഇപ്പോഴോ സിസ്റ്ററേ, ഈ രാത്രി എന്തിനാ പുറത്തിറങ്ങുന്നേ?’

സിസ്റ്റർ അനുപമ ചിരിച്ചു;
‘നീയൊരു മണ്ടിയാണല്ലോ.’

‘നീയേ, സോളമൻ രാജകുമാരനെ കുറിച്ച് വായിച്ചിട്ടില്ലേ? കിന്നരമീട്ടി രാത്രി പ്രിയപ്പെട്ടവളെ കാത്തിരിക്കുന്ന രാജകുമാരനെകുറിച്ച്, അതേ, ഈ രാത്രിയാണ് സുന്ദരമായ സമയം.’
‘ഞാനിപ്പോ പുറത്തിറങ്ങുന്നതിനെ കുറിച്ച് പറഞ്ഞത് എന്തിനാണെന്ന് നിനക്ക് പിന്നെയെങ്കിലും മനസിലാകട്ടെ.’

സിസ്റ്റർ അനുപമ കട്ടിലിലിരുന്ന് വായിക്കുന്നത് കേട്ടുകൊണ്ട് ജെൻസി നിവർന്ന് കിടന്നു.
‘രാത്രി മുഴുവൻ എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ പ്രതീക്ഷിച്ചു. ഞാൻ അവനെ പ്രതീക്ഷിച്ചുവെങ്കിലും അവനെ ഞാൻ കണ്ടെത്തിയില്ല’
‘ഞാൻ എഴുന്നേറ്റ് നഗരത്തിൽ ചുറ്റിനടന്ന് അതിന്റെ വീഥികളിലൂടെയും കവലകളിലൂടെയും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും. അങ്ങനെ ഞാൻ അവനെ അന്വേഷിച്ചു, പക്ഷെ അവനെ കണ്ടെത്തിയില്ല.’
‘നഗരത്തിൽ സഞ്ചരിക്കുന്ന കാവൽക്കാർ എന്നെ കണ്ടു, എന്റെ പ്രാണപ്രിയനെ നിങ്ങൾ കണ്ടോ?’

നെഞ്ചിടിപ്പ്പുറത്ത് കേൾക്കുമോ എന്നോർത്ത് ജെൻസി തലയിണ നെഞ്ചോടമർത്തി.

അഞ്ച്​

ദേവികുളത്തെ നീണ്ടും ചെരിഞ്ഞും കണ്ണെത്താദൂരമുള്ളതുമായ തേയില എസ്റ്റേറ്റിന്റെ നടുക്കായുള്ള ബംഗ്ലാവ് വീടിന്റെ ടെറസിലിരുന്നാൽ മൂന്ന് കിലോമീറ്റർ അപ്പുറത്ത് ദേവികുളം പഴയ കലക്ടറാപ്പീസും പൊളിഞ്ഞ പഴയ ലയങ്ങളുടെ ശേഷിച്ച ഭാഗവും വളഞ്ഞു പുളഞ്ഞ് ബംഗ്ലാവിലേക്ക് വള്ളി പോലെ വളർന്ന് കയറിവരുന്ന വെള്ളമണ്ണ് കട്ടിപിടിച്ചിട്ടുള്ള നടവഴിയും കാണാം.

‘കൊളുന്ത് നുള്ളി കൊട്ടയും ചുമന്നുവരുന്ന പണിക്കാരെ കാണാൻ ഇവിടെ ഈ ടെറസിൽ ഫെർണാണ്ടസ് മുതലാളി ഇരിക്കുമായിരുന്നത്രെ. അങ്ങ് നിന്ന് കുന്നുകയറി വരുന്ന പണിക്കാരി പെമ്പിള്ളേരെയെല്ലാം ജർമ്മൻ ബൈനോകുലർ വച്ച് നോക്കി മുതലാളി പ്രേമിച്ചുകൊണ്ടിരുന്നു. അങ്ങനെയൊരു പ്രേമത്തിന്റെ കായ്ഫലമാണ് മോളേ, ഈ സിസ്റ്റർ അനുപമ.’

തൂക്കുകട്ടിലിൽ മടിയിൽ കിടക്കുന്ന ജെൻസിയുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് അനുപമ തനിക്ക് ദൈവവിളിയുണ്ടായ കഥ കൂട്ടുകാരിക്ക് പറഞ്ഞുകൊടുത്തു.

1984- ലെ ഒരു മഞ്ഞുകാലത്ത് ആസ്​ത്​മ രൂക്ഷമായി ഫെർണാണ്ട് മരിച്ചപ്പോൾ അനുപമയുടെ അമ്മ ‘നല്ല പെണ്ണിന്റെ’ പേരിലാണ് ബംഗ്ലാവ് ഭാഗപത്രമെഴുതിവച്ചിരുന്നത്. ബോർഡിംങ്ങിൽ സ്‌കൂൾ കാലം പൂർണമായി കഴിച്ചുകൂട്ടിയ അനുപമ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് നല്ല പെണ്ണ് മഞ്ഞപ്പിത്തം പിടിച്ച് മരിക്കുന്നത്. അല്ലെങ്കിലും മൂന്നു മാസങ്ങളിലെ ഇടവേളകളിലുള്ള ഒരോർമ മാത്രമായിരുന്നു അനുപമയ്ക്ക് അമ്മയെന്നത്.

‘ഫെർണാണ്ടിന്റെ മരണശേഷം ശേഷം നല്ല പെണ്ണ് പിന്നെയും പല ബംഗ്ലാവുകളിലും മുതലാളിമാർക്ക് വിരുന്നൊരുക്കിയിരുന്നു. ബോർഡിംങ്ങിൽ നിന്ന് മദർ സെലീനയുടെ പ്രേരണയാൽ പത്താം തരം കഴിഞ്ഞ ഈ ഞാൻ ദൈവവിളിയുമായി തൃശൂരേക്ക് ചുരമിറങ്ങിപ്പോന്നു.’- സിസ്റ്റർഅനുപമ കഥ പറഞ്ഞുനിർത്തി. കുറച്ചുനേരം നിശ്ശബ്ദത അവർക്കിടയിൽ തിങ്ങിയിറങ്ങി.

ആ നിമിഷങ്ങളെ ഒരു അവിചാരിതമായ ദുഖഭാവത്തിലേക്ക് കൂട്ടി​ക്കൊണ്ടുപോയത് മനസിലാക്കിയതു കൊണ്ടാവണം സിസ്റ്റർ അനുപമ ആ മൂഢ് ഒന്ന് മാറ്റാൻ മൂളിപ്പാട്ട് പാടാനരംഭിച്ചു.
താലപ്പൊലിയേകാൻ, തംബുരു മീട്ടുവാൻ,
താരാട്ടു പാടിയുറക്കീടുവാൻ...
താരാഗണങ്ങളാൽ ആഗതരാകുന്നു
വാനാരൂപികൾ ഗായകർ ശ്രേഷ്ഠർ..’

ഡിസംബറിലെ ക്രിസ്മസ് വെക്കേഷൻ തുടങ്ങുന്നതിന്റെ തലേന്ന് കോളേജിലേക്കുപോയ സിസ്സ്റ്റർ അനുപമയും ജെൻസിയും പുളിങ്കുന്നം തിരുഹൃദയമoത്തിലേക്ക് തിരിച്ചുപോയില്ല. കോതമംഗലത്തേക്ക് അവർ ബസ് കയറി, അവിടുന്ന് മൂന്നാറിലേക്കും.

‘ശിരസുകൊണ്ട് കീഴ്‌പ്പെടാതിരിക്കാനും
ശരീരത്തിൽ മറ്റാരും തുളച്ച് കയറ്റാതിരിക്കാനും’ ദൈവവിളിയിൽ എത്തിച്ചേർന്ന ജെൻസിയുടെ ജീവിതത്തിലേക്ക് ഇളം തേയില തളിരിന്റെ മണം പടർന്നുകയറുകയായിരുന്നു.

അപ്പോൾ അവരുടെ സ്വർഗ്ഗത്തിൽനിന്ന് വചനമുണ്ടായി; അതിപ്രകാരം വായിക്കപ്പെട്ടു: ‘ദൈവവിളി കേൾക്കുന്നവർ ഭാഗ്യവാന്മാർ. അവർ സ്വർഗത്തിൽ വാഗ്ദാനം ചെയ്യപ്പെടും. ആനന്ദമന്വേഷിക്കുന്നവർ ഭാഗ്യവാൻമാർ, എന്തെന്നാൽ അവർ അത് നേടും.’

Comments