ധൈര്യലക്ഷ്മി

വര്‍ രണ്ടുപേരും കണ്ടുമുട്ടാനിടയായ സാഹചര്യം രസകരമായിരുന്നു.

ആ ചെറുകിട നഗരത്തില്‍ ഫുഡ് വ്ലോഗര്‍മാര്‍ അതിപ്രശസ്തമാക്കിയ റസ്റ്ററണ്ട് തിരഞ്ഞു വന്നതായിരുന്നു അയാള്‍. സീറ്റു ബുക്ക് ചെയ്ത വാഹനം വളരെ വൈകിയാണോടുന്നതെന്ന അറിയിപ്പു കിട്ടിയപ്പോള്‍ ചൂടും തിരക്കും ഒരുപോലെ അസഹ്യതയുണ്ടാക്കുന്ന ബസ് സ്റ്റാന്‍ഡില്‍ നിന്നു കുറച്ചു നേരത്തേക്ക്​ രക്ഷപ്പെടാമെന്ന ഉദ്ദേശ്യ ത്തിലാണ് അയാള്‍ റസ്റ്ററണ്ടന്വേഷിച്ചത്. അവിടത്തെ സ്‌പെഷ്യലായ മധുരവിഭവം രുചിക്കാം, സമയവും നീങ്ങിക്കിട്ടും. ഇന്നത്തെ ദിവസമേല്‍പ്പിച്ച മുറിവുകളെ കുറച്ചെങ്കിലും ആറ്റിത്തണുപ്പിക്കാനായാല്‍ അത്രയുമായി.

അധികം തിരഞ്ഞു നടക്കാതെ തന്നെ റസ്റ്ററണ്ട് കണ്ടുപിടിച്ചെങ്കിലും അതിനുള്ളിലെ തിരക്ക് അപ്രതീക്ഷിതമായിരുന്നു. നഗരത്തിലെ മുഴുവനാളുകളും അടുക്കളകളടച്ചിട്ട് ഇന്നിവിടെ ഭക്ഷണത്തിനു വന്നിരിക്കുന്നതുപോലെ! ഒറ്റയ്ക്കാണെന്നു കണ്ടപ്പോള്‍ വാതില്‍ക്കല്‍ ആളുകളെ നിയന്ത്രിച്ചുകൊണ്ടിരുന്ന ആള്‍ മൂലയ്ക്കുള്ള ഇരിപ്പിടം ചൂണ്ടിക്കാട്ടി അയാളെ അകത്തേക്കു കയറ്റിവിട്ടു. രണ്ടു പേര്‍ക്കുള്ള ചെറിയ മേശ, രണ്ടു കസേരകള്‍.

എതിര്‍വശത്തിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു അവള്‍. അയാളടുത്തു വന്നിരുന്നപ്പോള്‍ അവളുടെ മുഖത്ത് അസ്വസ്ഥത പ്രകടമായി. വളരെച്ചെറിയ ആ മേശ അപരിചിതരുമായി ഷെയര്‍ ചെയ്യാന്‍ പറ്റുന്നതല്ല. പ്ലേറ്റുകളും വിഭവങ്ങളും കൂടിക്കലര്‍ന്നു പോവാം, കൈകള്‍ പരസ്പരം തൊട്ടെന്നു വരാം. കമിതാക്കള്‍ക്കും ദമ്പതിമാര്‍ക്കും മാത്രം പറ്റിയ ഇടം! അവിടെ അവളൊറ്റയ്ക്കു തന്റെ രുചികളുടെ സാമ്രാജ്യം മെനഞ്ഞെടുക്കുകയായിരുന്നു .അതു തകര്‍ക്കാന്‍ വന്നവനോടുള്ള അമര്‍ഷമായിരിക്കണം അവളുടേത്.

അയാള്‍ക്കു ചിരി വന്നു.

അയാള്‍ കഴിക്കാനാഗ്രഹിച്ച വിഭവം തീര്‍ന്നു പോയെന്ന്​ വെയിറ്റര്‍ നിര്‍വ്വികാരതയോടെ പറഞ്ഞു. അവസാനത്തെ പ്ലേറ്റ് ദാ ഈ മാഡമാണ് ഓര്‍ഡര്‍ ചെയ്തത്. ഇന്നിനി ഇല്ല. താന്‍ കഴിക്കേണ്ടിയിരുന്ന മധുരം തനിക്കു മുന്നേ സ്വന്തമാക്കിയവളെ അയാള്‍ നീരസത്തോടെ നോക്കി. അതിനുവേണ്ടി മാത്രമാണ് ഇത്രയും മെനക്കെട്ട് ഇവിടം തിരഞ്ഞു വന്നത്. ഇനി?
ഇങ്ങനെ ആളുകളിരമ്പുന്ന ഒരിടത്തിരുന്നു ഭക്ഷണം കഴിക്കാന്‍ ഒട്ടും താല്പര്യമില്ലാഞ്ഞിട്ടും അയാള്‍ പുറത്തെ തിരക്കിലേക്കും ചൂടിലേക്കും ഇറങ്ങിപ്പോവാനുള്ള മടി കൊണ്ട്​ മെനുകാര്‍ഡ് നോക്കി എന്തെല്ലാമോ ഓര്‍ഡര്‍ ചെയ്തു.

ഭക്ഷണമെത്തുന്നതു വരെ, അയാള്‍ തൊട്ടെതിര്‍വശത്തിരിക്കുന്ന സ്ത്രീയെ നോക്കാതിരിക്കാന്‍ വേണ്ടി മാത്രം ഫോണിലേക്കു തല കുനിച്ചിരുന്നു. ഇടയ്ക്ക് വീണ്ടും കണ്ടക്ടറെ വിളിച്ചു നോക്കി. തന്റെ ബസ് പിന്നെയുമൊരു ട്രാഫിക്ക്‌ബ്ലോക്കിലകപ്പെട്ടിരിക്കുകയാണെന്നു അയാള്‍ക്കു മനസ്സിലായി. കണ്ടക്ടറുടെ ശബ്ദത്തില്‍ നീരസവും മടുപ്പും കലങ്ങിയിട്ടുണ്ടെന്നും തോന്നി ,ആദ്യത്തെ രണ്ടു തവണയും, 'ദാ ഞങ്ങളെത്തുകയായി, വൈകിയിട്ടുണ്ട്, പക്ഷേ പരമാവധി വേഗം, നിങ്ങള്‍ക്കധികം കാത്തു നില്‍ക്കേണ്ടിവരില്ല' എന്നൊക്കെ ഊര്‍ജ്ജസ്വലതയോടെ പറഞ്ഞ ആളാണ് ഇപ്പോള്‍, 'ഒരു രക്ഷയുമില്ല, ഈ ബ്ലോക്ക് എപ്പോള്‍ കടന്നുകിട്ടുമെന്നു പറയാനും വയ്യ, നിങ്ങളിങ്ങനെ വിളിച്ചുകൊണ്ടിരിക്കണമെന്നില്ല, നിങ്ങളുടെ സ്റ്റാന്‍ഡില്‍ കാത്തു നില്‍ക്കൂ, എത്ര വൈകിയാലും എത്താതിരിക്കില്ല' എന്ന്​ തണുത്തുറഞ്ഞ ഒച്ചയില്‍ പിറുപിറുത്തത്.
ഇനി വിളിക്കരുത് എന്ന താക്കീത് അതില്‍ മുഴച്ചു നിന്നു.

റിസര്‍വ്വേഷനില്ലാത്തതു സാരമില്ലായിരുന്നു, ജനറല്‍കമ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിപ്പിടിച്ചു കിടന്നിട്ടായാലും ട്രെയിനില്‍ത്തന്നെ പോയാല്‍ മതിയായിരുന്നു. കഴിഞ്ഞ രാത്രിയും ഒട്ടുമുറങ്ങിയിട്ടില്ല, ഇന്നത്തെ കഠിനമായ പകല്‍! രാത്രി സെമി സ്ലീപ്പര്‍ എ.സി ബസിനുള്ളില്‍ ചാരിക്കിടന്നുറങ്ങാമെന്ന പ്രതീക്ഷ വല്ലാത്ത പ്രലോഭനമായിപ്പോയി. അപരിചിതമായ നഗരത്തില്‍ കുരുങ്ങിപ്പോയതിന്റെ വെപ്രാളം അയാളെ കൂടുതല്‍ക്കൂടുതല്‍ അസ്വസ്ഥനാക്കുന്നതിനിടയില്‍ ഭക്ഷണം വന്നു. ഇതൊക്കെയാണോ താന്‍ ഓര്‍ഡര്‍ ചെയ്തതെന്ന അമ്പരപ്പോടെ വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ട്​ പെട്ടന്നു കഴിച്ചു തുടങ്ങുകയും ചെയ്തു.

പൊറോട്ട, എന്തോ തരം ചിക്കന്‍ കറി, ഗ്രീന്‍ സലാഡ്. രുചികരമായിരുന്നു ഭക്ഷണം. പക്ഷേ പരിചിതമല്ലാത്ത രുചികളോട് എപ്പോഴും തോന്നാറുള്ള വിരസത കൊണ്ട് അയാള്‍ നുള്ളിപ്പെറുക്കിയിരുന്നതേയുള്ളു.

'എന്താ കഴിക്കാത്തത്? ഇത്രയും ഗ്രേവി, ചിക്കന്‍ പീസ് ... വേണ്ടെങ്കില്‍ പാഴ്‌സലാക്കൂ', അതായിരുന്നു അവളുടെ ആദ്യത്തെ വാക്കുകള്‍.

അയാള്‍ അമ്പരപ്പോടെ സ്വന്തം പാത്രത്തിലേക്കു നോക്കി, നൂല്‍പ്പൊറോട്ട തിന്നുകഴിഞ്ഞിരിക്കുന്നു. കറിപ്പാത്രത്തില്‍ മുക്കാല്‍ പങ്കും ബാക്കിയാണ്. പക്ഷേ അപരിചിതയായ ഒരു സ്ത്രീ തന്റെ പാത്രത്തിലേക്കു നോക്കിയിരിക്കുന്നതെന്തിനാണ്? അയാള്‍ അവളുടെ പാത്രത്തിലേക്കും നോക്കി, അവളും തീരെ കഴിച്ചിട്ടില്ല.

'ഒന്നും വിചാരിക്കരുത്, ഇത്രയും വേസ്റ്റാക്കുന്നതു കണ്ട് പറഞ്ഞതാണ്, ആക്ച്വലി ഇതിവിടുത്തെ സ്‌പെഷ്യലാണ്. തേങ്ങ വറുത്തരച്ച ചിക്കന്‍, അമ്മായീസ് കോഴിക്കറി എന്നാണു മെനുവില്‍. അമ്മായിമാര്‍ പുയ്യാപ്ലമാര്‍ക്കുവേണ്ടി അളവില്ലാത്ത സ്‌നേഹം കൂടി ചാലിച്ചുണ്ടാക്കുന്ന അതേ പഴയ റെസിപ്പി തന്നാണ് ഇവിടേം ഫോളോ ചെയ്യുന്നത്, ഉണ്ടാക്കുന്നത് ബംഗാളിയോ ബീഹാറിയോ ഒക്കെ ആവും ട്ടോ. പക്ഷേ ഒരു സ്വര്‍ണവളകിലുക്കത്തിന്റെ ഒച്ച ഒന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാം.'

ഒറ്റയടിക്ക് അവളത്രയും പറയുകയും വള കിലുങ്ങുന്നതു പോലെ ചിരിക്കുകയും ചെയ്തു. അയാള്‍ അസ്വസ്ഥതയോടെ അവളെ നോക്കി.

'പഴ്‌സലാക്കാന്‍ പറയട്ടെ? ' എന്നു ചോദിച്ചുകൊണ്ട് അവള്‍ വെയിറ്ററെ വിളിച്ചപ്പോള്‍ അയാള്‍ തടഞ്ഞു.
'വേണ്ട, ഞാന്‍ വളരെ ദൂരേയ്ക്കാണ്, ഇതുകൊണ്ടു പോവാന്‍ സാധിക്കില്ല, പുലര്‍ച്ചേ അവിടെത്തുമ്പോഴേക്ക് ചീത്തയാവും, പുലര്‍ച്ചേ അവിടെത്തും എന്നല്ല, എന്റെ ബസ്​ ചിലപ്പോ ഇവിടെ വരാന്‍ തന്നെ പുലര്‍ച്ചേയാവും. എനിക്കു മതി, ഫിനിഷു ചെയ്തു. നിങ്ങളും കഴിച്ചുതീര്‍ത്തില്ലല്ലോ? പാഴ്‌സലാക്കൂ.'

അവള്‍ തന്നോടു കാണിച്ച പരിഗണന തിരിച്ചു കൊടുക്കണമെന്നേ അയാള്‍ വിചാരിച്ചുള്ളൂ. കടപ്പാടുകളൊന്നും ഉണ്ടാക്കി വെക്കണ്ട, ഇവിടുന്നിറങ്ങിയാല്‍ ഇനിയൊരിക്കലും കാണാനിടയില്ലാത്ത രണ്ടു പേര്‍.

'ശരിക്കും എനിക്കു മധുരം ഇഷ്ടമല്ല. പക്ഷേ ഇന്നു ഞാനൊരു മധുരക്കെണിയുമായിറങ്ങിത്തിരിച്ചിരിക്കുകയാണ്, അതോണ്ട് അല്പം മധുരോന്മത്തയാകാമെന്നു നിശ്ചയിച്ചു. നിങ്ങള്‍ ഇതു കിട്ടുമോന്നന്വേഷിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. പ്ലീസ്, പ്രയാസമില്ലെങ്കില്‍ ഇതു കഴിക്കൂ. ഞാനൊരല്പമേ എടുത്തിട്ടുള്ളൂ… എച്ചിലാണെന്നു വിചാരിക്കില്ലെങ്കില്‍ ... '

അയാള്‍ മടിച്ചിരിക്കുമ്പോള്‍ അവള്‍ സങ്കോചമില്ലാതെ അയാളുടെ കറിപ്പാത്രം തനിക്കരികിലേക്കു നീക്കി.

'ഇനി പ്രശ്‌നമില്ലല്ലോ. ഞാനിതെടുക്കാം, അതിമധുരം കഴിച്ച് എന്റെ നാവു മരച്ചിരിക്കുകയാണ്, ഇത്തിരി എരിവും പുളിയുമാവട്ടെ.'

അവള്‍ വെയ്റ്ററെ വിളിച്ച് ചപ്പാത്തി ഓര്‍ഡര്‍ ചെയ്യുകയും കറിയില്‍ മുക്കി സ്വാദോടെ തിന്നുകയും ചെയ്യുന്നതു നോക്കിയിരുന്ന് അയാളും മടിയില്ലാതെ അവളുടെ പ്ലേറ്റിലേക്കു വിരല്‍ നീട്ടി. വളരെവേഗം അയാള്‍ക്കതു മടുത്തു. സ്വര്‍ഗ്ഗം കാണുന്നത്രയും മധുരമെന്നെല്ലാം പറഞ്ഞ വ്ലോഗറോടു നീരസത്തോടെ, പക്ഷേ അവളെന്തു വിചാരിക്കുമെന്ന തോന്നലില്‍ അയാള്‍ കുറച്ചധികം തിന്നിട്ടുണ്ടാവണം. രണ്ടുപേര്‍ക്കുമുള്ള ബില്ലു വരുന്നതിനിടയില്‍ അവളുടെ ചോദ്യങ്ങള്‍ക്കുത്തരമായി അയാള്‍ താന്‍ ബസ്​ കാത്തു നില്‍ക്കുകയാണെന്നും അതില്‍ ടിക്കറ്റു ബുക്കു ചെയ്തിട്ടുണ്ടെന്നും അതില്‍ത്തന്നെയേ പോകാന്‍ പറ്റൂ എന്നും പറഞ്ഞു.

'മറ്റൊരു ബസ്, മറ്റൊരു ചോയ്‌സ്?' അവള്‍ തിരിച്ചു ചോദിച്ചു.'
കാശു പോവും, എന്നാലും ഈ അനിശ്ചിതമായ കാത്തിരിപ്പൊഴിവാക്കാമല്ലോ? അതും അറിയാത്ത നഗരത്തില്‍? '

'ലേറ്റായാലും വരാതിരിക്കില്ല, അതില്‍ തനിക്കായൊരു പുഷ്ബാക്ക് സീറ്റ് നീക്കിവെക്കപ്പെട്ടിട്ടുണ്ട്. ചാരിക്കിടന്നു സ്വസ്ഥമായൊന്നുറങ്ങിപ്പോകണം. തിരക്കുള്ള വാഹനത്തില്‍ ഇടിച്ചു കയറാന്‍ വയ്യ’, അയാള്‍ തല വിലങ്ങനെയാട്ടി അവളുടെ നിര്‍ദ്ദേശം നിരസിച്ചു.

എന്നിട്ടും ആ ഭക്ഷണശാലയ്ക്കുള്ളില്‍ ചെലവഴിച്ച അരമുക്കാല്‍ മണിക്കൂറിനു ശേഷം ബില്ലുകള്‍ കൊടുത്ത് ബേക്കറിയിലെ പലഹാരങ്ങള്‍ തിരയുന്ന അവള്‍ക്കു പിന്നാലെ ചുറ്റിത്തിരിഞ്ഞ് പുറത്തെത്തുമ്പോഴേക്ക് അയാള്‍ തന്റെ യാത്രാപദ്ധതി പരിഷ്‌കരിച്ചിരുന്നു. അമ്പതു കിലോമീറ്റര്‍ അകലെയുള്ള വലിയ നഗരത്തിലേക്കാണ് അവളുടെ യാത്ര. അവളുടെ കാറില്‍ സ്വസ്ഥമായി ചാരിക്കിടന്നുറങ്ങി അയാള്‍ക്കും പോകാം. ആ നഗരത്തില്‍ നിന്നു പുറപ്പെടുന്ന ഏതെങ്കിലും ബസില്‍, അല്ലെങ്കില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള അവിടത്തെ വെയിറ്റിങ് റൂമില്‍ കാത്തിരുന്ന് അയാള്‍ ബുക്ക് ചെയ്ത ബസില്‍ത്തന്നെ ... ഈ ചെറിയ ടൗണില്‍ ചുറ്റിത്തിരിയുന്നതിലും ഭേദം അതായിരിക്കുമെന്ന തോന്നലിലാവാം അയാള്‍ കൂടുതല്‍ ആലോചിക്കാതെ സമ്മതം മൂളി.

'ബാക്ക് സീറ്റിലിരുന്നാല്‍ ഞാന്‍ നിങ്ങളുടെ ഡ്രൈവറാവും, സോ മുന്നില്‍ത്തന്നെ കേറൂ’, പാര്‍ക്കിങില്‍ നിന്നു വണ്ടിയെടുത്തുവന്ന് അവള്‍ ആവശ്യപ്പെട്ടു. അല്പമുയരത്തിലുള്ള മെയിന്‍ റോഡിലേക്ക് അനായാസമായി വണ്ടി കയറ്റിക്കൊണ്ടു അവള്‍ അയാളോടു സംസാരിച്ചു തുടങ്ങി.

‘ഉറങ്ങണമെങ്കില്‍ സീറ്റു പുറകോട്ടു ചായിച്ചാല്‍ മതി. അതല്ല മിണ്ടണമെങ്കില്‍ അതുമാവാം. രണ്ടാമത്തേതാണ് എനിക്കിഷ്ടം. ഡ്രൈവു ചെയ്യുമ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുക. ഞങ്ങളുടെ കലഹങ്ങളെല്ലാം ഡ്രൈവിങ്ങിനിടയിലായിരുന്നു. ലൈസന്‍സെടുത്തതിന്റെ പിറ്റേന്ന് ഓടിച്ചു പഠിക്കാന്‍ ഞാനീ സ്വിഫ്റ്റുമെടുത്തിറങ്ങി, മൂപ്പരാണു ഗുരു. പേടിച്ചു വിറച്ചും എത്രയോ അബദ്ധങ്ങള്‍ കാണിച്ചും മുന്നോട്ടു പോകുന്നതിനിടയില്‍ എന്തോ നിസ്സാരകാര്യത്തെച്ചൊല്ലി ഞങ്ങള്‍ വഴക്കുണ്ടാക്കി. ആ വഴക്കു തീരുമ്പോഴേക്ക് ഞാന്‍ കഠിനമായ ഹെയര്‍പിന്‍ വളവുകള്‍ കയറി മലമുകളിലെത്തിയിരുന്നു, ഒരു നിര്‍ദ്ദേശവും കിട്ടാതെ, സ്വീകരിക്കാതെ എന്റെ സ്വന്തമിഷ്ടത്തിന്, ഏറ്റവും സുരക്ഷിതമായി! അങ്ങനാണു ഞാന്‍ മികച്ച ഡ്രൈവറായത്, പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.'

അവള്‍ ഉറക്കെച്ചിരിച്ചുകൊണ്ട്​ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ വണ്ടിയോടിച്ചു. ഉറക്കം വരുന്നുണ്ടോയെന്നു കുശലം ചോദിച്ചു. എങ്ങോട്ടാണു പോകേണ്ടതെന്നും എന്തിനാണു വന്നതെന്നും ചോദിച്ചു.
അതിനിടയില്‍ത്തന്നെ, 'പറയാന്‍ ബുദ്ധിമുട്ടുള്ളതൊന്നും പറയണ്ട കേട്ടോ, ഞാന്‍ വെറുതെ ചോദിക്കുന്നെന്നു മാത്രം' എന്നു ചിരിക്കുകയും ചെയ്തു.

കഴിഞ്ഞ രാത്രിയുടെയും ഇന്നത്തെ പകലിന്റെയും ക്ലേശങ്ങളൊക്കെയും പെട്ടന്നോര്‍മ്മയിലേക്കു വന്നപ്പോള്‍ മിന്നല്‍ പോലൊരു വേദന നിമിഷനേരം അയാളുടെ തലയെ പിളര്‍ത്തി. ഛര്‍ദിക്കണമെന്നു തോന്നി. ഇനിയെല്ലാക്കാലത്തും ഈ ദിവസത്തെക്കുറിച്ചു താനോര്‍ക്കുക ഈ കടുത്ത തലവേദനയുമായി ബന്ധപ്പെട്ടു മാത്രമായിരിക്കും. ഓര്‍ക്കുമ്പോള്‍ത്തന്നെ ഇതേ വേദന ഇതേ തീവ്രതയിലനുഭവപ്പെടുകയും ചെയ്യും.

അവളുടെ ദേഹത്തു തൊട്ട് വണ്ടിയൊന്നു സൈഡാക്കി നിര്‍ത്താന്‍ അയാളാവശ്യപ്പെട്ടു. പെ​ട്ടെന്ന്​, വായില്‍ ഉപ്പുരസം കുമിയുന്നു. ഛര്‍ദ്ദിച്ചേ മതിയാവൂ.

ഇടുങ്ങിയൊരു പാലത്തിനടുത്തെത്തിയിരുന്നു അവർ. ഭാഗ്യവശാല്‍ അതിനോടു ചേര്‍ന്നു പുതിയ പാലം പണി നടക്കുന്നിടത്ത് ധാരാളം ഒഴിവിടങ്ങളുണ്ട്. അയാള്‍ വണ്ടിയില്‍ നിന്നിറങ്ങി കുറ്റിക്കാട്ടിലേക്കു കുനിഞ്ഞു. അവള്‍ നീട്ടിയ വെള്ളക്കുപ്പി തുറന്നു മുഖം കഴുകി. സോറി, നിങ്ങള്‍ക്കു കൂടി ബുദ്ധിമുട്ടായെന്നു ഉപചാരം പറഞ്ഞു.

അവള്‍ എനിക്കു ഒട്ടും തിരക്കില്ല, അല്പം കാറ്റുകൊണ്ടു തലവേദനയും അസ്വസ്ഥതകളും നീങ്ങിയിട്ടു പോയാല്‍ മതിയെന്ന് അയാളുടെ വാക്കുകളെ ഇടയില്‍ മുറിച്ചു. നിര്‍ത്താതെയൊഴുകിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലേക്കു നോക്കി കാറില്‍ ചാരിനില്‍ക്കുമ്പോള്‍ അയാള്‍ക്കു ആശ്വാസം തോന്നി. തലയുടെ വിങ്ങല്‍ മാറിവരുന്നു. മുന്നില്‍ വെളിച്ചത്തിന്റെ പുഴ, പിന്നില്‍ ഇരുട്ടു പുതഞ്ഞു കറുത്ത പുഴ. ഇളംകാറ്റ്.

വീണ്ടും യാത്രയാരംഭിക്കുന്നതിനു മുമ്പ് അവള്‍, നമുക്കൊരു സെല്‍ഫിയെടുക്കാമെന്നു അയാളെ അടുത്തേക്കു ചേര്‍ത്തു നിര്‍ത്തി. വണ്ടിയിലിരിക്കുമ്പോള്‍, 'നമ്മളിതുവരെ പരിചയപ്പെട്ടില്ലല്ലോ'യെന്ന്​ അയാളാശങ്കപ്പെട്ടു. അതിസൂക്ഷ്മതയോടെ ഒരു കുരുക്കില്‍ നിന്ന്​ വണ്ടി പുറത്തെടുക്കുന്നതിനിടയില്‍ അവള്‍ ഉച്ചത്തില്‍ ചിരിച്ചു കൊണ്ട്, 'യേസ്, പരിചയപ്പെട്ടിട്ടു പോലുമില്ല, എന്നിട്ടും എന്തു ധൈര്യത്തിലാണ് എന്റൊപ്പം പുറപ്പെട്ടത്? ഞാന്‍ നിങ്ങളെ ട്രാപ്പിലകപ്പെടുത്തില്ലെന്നു എന്താണുറപ്പ്?' എന്നു തിരിച്ചുചോദിച്ചു.

ആ നിമിഷമാണ് അയാളും അതിനെപ്പറ്റിയോര്‍ത്തത്. പക്ഷേ അവള്‍ പറഞ്ഞതൊരു തമാശയായിരിക്കുമല്ലോ എന്നോര്‍ത്ത് അയാള്‍ ചിരിച്ചുകൊണ്ടു പ്രതിരോധിച്ചു; 'നിങ്ങളങ്ങനെ ചെയ്യില്ലെന്നറിയാം, നമ്മള്‍ പരിചയപ്പെട്ടില്ല, പക്ഷേ ഭക്ഷണം ഷെയര്‍ ചെയ്തു, ഒരേ വാഹനത്തില്‍ യാത്ര ചെയ്യുന്നു.'

'ഇക്കാലത്ത് ആരെയും വിശ്വസിക്കരുത്. പെണ്ണുങ്ങളെ ഒട്ടും’, അവള്‍ ചിരിയില്ലാതെ പറഞ്ഞപ്പോള്‍ അയാള്‍ വേവലാതിയോടെ അവളുടെ മുഖത്തേക്കു പാളി നോക്കി, ഇല്ല അസ്വാഭാവികമായി ഒന്നുമില്ല. അവള്‍ കളി പറയുകയാണ്.

അയാള്‍ സ്വന്തം പേരു പറഞ്ഞിട്ട് അവളോടു പേരു ചോദിച്ചു.
'അതൊക്കെ വേണോ, ഈ യാത്ര കഴിഞ്ഞാല്‍ നമ്മളിനി കാണാനേ പോകുന്നില്ലല്ലോ'യെന്ന്​ അവളൊഴിഞ്ഞു മാറി.

'ഇനിയുള്ള കാലത്ത് നിങ്ങളെപ്പറ്റി, നിങ്ങള്‍ നീട്ടിയ മധുരത്തെപ്പറ്റി, ഈ യാത്രയെക്കുറിച്ച് ഞാനോര്‍ക്കുമ്പോള്‍ എനിക്കതിനൊപ്പം നിങ്ങളുടെ പേരു കൂടി വേണം.'

അയാള്‍ വാശിപിടിച്ചപ്പോള്‍ ധൈര്യലക്ഷ്മിയെന്നു അവള്‍ ലജ്ജയോടെ മന്ത്രിച്ചു. അങ്ങനെയൊരു പേരിതുവരെ കേള്‍ക്കാത്തതു കൊണ്ട് അയാളതു കൗതുകത്തോടെ ഉരുവിട്ടു.

''അഞ്ചു പെണ്മക്കള്‍. കോമണ്‍ ആയ ലക്ഷ്മികളെ ചേച്ചിമാര്‍ക്കു കിട്ടി. ധനലക്ഷ്മി, ഭാഗ്യലക്ഷ്മി, സേതുലക്ഷ്മി, ജയലക്ഷ്മി... അഞ്ചാമത്തവള്‍ക്ക് ധൈര്യലക്ഷ്മി. ഒട്ടും ധൈര്യമില്ലാത്ത ഒരുത്തിക്ക്! ഏറ്റവും കഷ്ടം, എല്ലാരുമെന്നെ ധൈര്യം ന്ന് ചുരുക്കപ്പേരു വിളിക്കുന്നതായിരുന്നു. ഭാഗ്യം ന്നും ധനം ന്നുമൊക്കെ വിളിക്കുന്നതു പോലെ ധൈര്യം ന്നും!’’

അയാളും അവള്‍ക്കൊപ്പം ചിരിച്ചുപോയി. ധൈര്യലക്ഷ്മിയെന്നു വിളിക്കാനെന്തു രസമാണെന്നു വെറുതെയോര്‍ത്തു. ധൈര്യമില്ലാത്തവളെന്നു പറയുന്നതു കളവാണ്. അപരിചിതനായ ഒരു പുരുഷനെയും കൂട്ടി യാത്ര ചെയ്യുന്നവള്‍ എന്തായാലും അധൈര്യ ലക്ഷ്മിയാവില്ല. സ്വീറ്റ് നെയിമെന്നയാള്‍ അറിയാതെ പറഞ്ഞുപോയി.

‘സ്വീറ്റല്ല, ഇത്തിരി ഷാര്‍പ്പായ പേരാണ്. ധനവും ഭാഗ്യവും ജയവുമൊക്കെ ഓ കെ. പെണ്ണുങ്ങള്‍ക്കു ചേരും… ധൈര്യം പെണ്ണുങ്ങള്‍ക്കത്ര അഭിലഷണീയമായ ഗുണമല്ല. ഇപ്പോത്തന്നെ നോക്കൂ, അടുത്തടുത്തിരുന്നു ഭക്ഷണം കഴിച്ച പരിചയത്തിന്റെ പിന്‍ബലത്തില്‍ മാത്രം ഒരപരിചിതനെയും കൂട്ടി ഞാനിതാ യാത്ര ചെയ്യുന്നു. നമ്മളൊന്നിച്ചെടുത്ത സെല്‍ഫി ഞാനെന്റെ ഭര്‍ത്താവിനു സെന്റു ചെയ്തുകഴിഞ്ഞു. അങ്ങേരിപ്പോ വിറളി പിടിച്ചുതുടങ്ങിയിട്ടുണ്ടാവും.'

അവളുടെ ഉറക്കെയുള്ള ചിരിക്കിടയില്‍ ‘അതെന്തിന്, അതിനു നമ്മള്‍ തമ്മിലെന്ത്’ ന്നൊക്കെ അയാള്‍ പതര്‍ച്ചയോടെ ചോദിച്ചു.

'വിഷമിക്കാതിരിക്കൂ. മൂപ്പരെ ഒന്നു അപ്‌സെറ്റാക്കണം. അത്രേയുള്ളൂ. നിങ്ങളെ ഇതൊന്നും ബാധിക്കാന്‍ പോകുന്നില്ല. ബ്ലോക്കൊന്നുമില്ലെങ്കില്‍ പരമാവധി മുക്കാല്‍ മണിക്കൂറിനിടയില്‍ നമ്മള്‍ അപരിചിതരായിത്തന്നെ പിരിയും. എവിടെ നിന്നു വന്നെന്നോ എന്തു ചെയ്യുന്നുവെന്നോ ഒന്നും ഞാന്‍ അറിയാന്‍ ശ്രമിക്കാത്തതു മനഃപൂര്‍വ്വമാണ്. എനിക്ക് നിങ്ങളെക്കുറിച്ചു ഒന്നുമറിയേണ്ട.'

അവളുടെ ശബ്ദത്തിലെ കാര്‍ക്കശ്യം അയാളെ ഒരു മാത്ര നിശ്ശബ്ദനാക്കി. ഇന്നത്തെ ദിവസത്തെക്കുറിച്ചു ആരോടെങ്കിലും പറയണമെന്ന ശ്വാസംമുട്ടല്‍ അയാള്‍ക്കുളളിലപ്പോള്‍ അധികരിക്കുകയും ചെയ്തു. ധൈര്യലക്ഷ്മി അതിനു പറ്റിയ ആളായിരുന്നു. തന്നെക്കുറിച്ചൊന്നും അറിയില്ലാത്തതു കൊണ്ടു അവളോടു എല്ലാം തുറന്നു പറയാം. തൊലി പൊളിച്ചു ഉള്ളിലുള്ളതു വെളിപ്പെടുത്താം. അവള്‍ക്ക് തന്നെ ശപിക്കാനോ വെറുക്കാനോ തോന്നില്ല, കാരണം അവള്‍ക്കു തന്നെ അറിയില്ല. ഏതോ ഒരാള്‍! ലിഫ്റ്റു കൊടുത്ത അപരിചിതന്‍! സ്‌നേഹിക്കാനെന്ന പോലെ വെറുക്കാനും പകയോടെ ഓര്‍ക്കാനുമൊക്കെ പരസ്പരം പരിചയം വേണം, പരസ്പരം വിനിമയങ്ങള്‍ വേണം!

തിരക്കു നിറഞ്ഞ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ഇരിക്കാനിടം പോലും കിട്ടാതെ ചെയ്ത യാത്രയും ഇന്നത്തെ പകലും പിന്നെയും അയാളോര്‍ത്തെടുത്തു. അങ്ങോട്ടുള്ള വഴി അറിയില്ലായിരുന്നു. ടൗണില്‍ നിന്ന് അത്ര ദൂരെയാണെന്ന് ഒട്ടുമറിയില്ലായിരുന്നു. പലരോടും ചോദിച്ച് പലവഴികളിലലഞ്ഞ് പലതരം വാഹനങ്ങളില്‍ സഞ്ചരിച്ച് ഉച്ചയോടടുത്താണ് അയാളാ വീട്ടിലെത്തിയത്. പണിതീരാത്തൊരു കോണ്‍ക്രീറ്റ് വീട്, അതിന്റെ തേക്കാത്ത ചുവരുകളും ചില്ലുകള്‍ പിടിപ്പിക്കാത്ത ജനാലകളും പോളിഷ് ചെയ്യാത്ത വാതിലുമൊക്കെയായി വൈരസ്യത്തോടെ അയാളെ നോക്കി. വാതില്‍മണി രണ്ടുവട്ട മടിച്ചതിനു ശേഷമാണ് വിളറി വെളുത്ത ആ സ്ത്രീ വാതില്‍ തുറന്നത്. അവളുടെ മുഖത്തും വിരസതയായിരുന്നു. ഒരു ചിരി കൊണ്ടുപോലും അവളയാളുടെ സാന്നിദ്ധ്യത്തെ അംഗീകരിച്ചില്ല.

‘ഞാന്‍ ജയപാലനെ’ന്നു ദുര്‍ബലമായ ഒച്ചയില്‍ പരിചയപ്പെടുത്തിയപ്പോള്‍പ്പോലും അറിയാമെന്നു നിര്‍വ്വികാരമായി പറഞ്ഞതേയുള്ളൂ അവള്‍. ഇനിയെന്തു പറയണമെന്നറിയാതെ, അതിനേക്കാള്‍ ഇനിയെന്തു ചെയ്യണമെന്നറിയാതെ അയാളുഴറി. ഇങ്ങോട്ടു വരാതെയുമിരിക്കാമായിരുന്നു. ജോലി സ്ഥലത്ത് റൂം ഷെയര്‍ ചെയ്തിരുന്ന സഹപ്രവര്‍ത്തകന്‍ പെട്ടന്നു മരിച്ചുപോകുന്നു. മൃതദേഹത്തിനൊപ്പം നാട്ടിലേക്കന്നു വരാന്‍ കഴിഞ്ഞില്ല. അവനെ ആശുപത്രിയിലെത്തിക്കുക, പ്രതീക്ഷിക്കാനില്ലെന്നറിഞ്ഞിട്ടും എന്തെങ്കിലുമത്ഭുതം എന്നു പ്രാര്‍ത്ഥിച്ച് ഐ സി യുവിനു മുന്നില്‍ കാത്തിരിക്കുക, ആശങ്കകളും സമ്മര്‍ദ്ദങ്ങളുമേറി തല ചുറ്റി വീണപ്പോഴേക്ക് അവിടെത്തന്നെ അഡ്മിറ്റ് ചെയ്ത് ഒബ്‌സര്‍വേഷനും എണ്ണമറ്റ പരിശോധനകളും!

അതിനിടയില്‍ അവന്റെ പോസ്റ്റ്മാര്‍ട്ടവും നാട്ടിലേക്കുള്ള യാത്രയും സംസ്‌കാരവുമൊക്കെ കഴിഞ്ഞു. പിന്നെ ഇത്രയും ദിവസങ്ങള്‍ക്കു ശേഷം റൂം വെക്കേറ്റു ചെയ്യുന്നതിനിടയില്‍ കണ്ണില്‍ത്തടഞ്ഞ അവന്റെ സാധനങ്ങളുമായി ദുഃഖമന്വേഷിച്ചുള്ള ഈ യാത്ര. എല്ലാം വാരിക്കൂട്ടി ഓഫീസിലോ മറ്റോ സൂക്ഷിച്ചാലും മതിയായിരുന്നു. എന്നെങ്കിലും ആരെങ്കിലും വന്നെടുത്തു കൊള്ളട്ടെ എന്നു വിചാരിക്കാമായിരുന്നു. പക്ഷേ, അയാള്‍ക്കു തോന്നി, രണ്ടുവര്‍ഷം ഒരേ മുറി പങ്കിട്ടവനാണ്, ഒരേ ഓഫീസില്‍ ജോലി ചെയ്തവനുമാണ്, ആ വീട്ടില്‍ പോകണം, ഈ സാധനങ്ങള്‍ തിരിച്ചേല്പിക്കണം, ദുഃഖമറിയിക്കണം.

അങ്ങനെ വേറൊന്നുമാലോചിക്കാതെ പുറപ്പെട്ടതാണ്. ഈ സ്ത്രീയുടെ നിശ്ചലമായ നില്‍പ്പും മരവിച്ച മുഖവും ഭയപ്പെടുത്തുന്നു. തനിക്ക് അവന്റെ മരണത്തില്‍ മനസ്സറിവില്ലെന്ന് അവളോടു പറയണമെന്നു തോന്നി. ഒരു കള്ളം! അവന്റെ കാര്യങ്ങളറിയാമായിരുന്നു, പ്രോത്സാഹിപ്പിച്ചിരുന്നു, സൗകര്യത്തിനു ചിലപ്പോള്‍ മുറിയൊഴിഞ്ഞു കൊടുത്തിട്ടുണ്ട്.

അവന്‍ പറയുന്ന വര്‍ണ്ണനകള്‍ ലഹരി പിടിച്ച് കേട്ടിരുന്നിട്ടുണ്ട്.... ഒടുവില്‍ പ്രതിസന്ധിയിലായപ്പോള്‍ നീയായി നിന്റെ പാടായി എന്ന മട്ടില്‍ കൈ മലര്‍ത്തിയിട്ടുമുണ്ട്...

അവന്റെ അമ്മയാവണം, മുടി നരച്ചു മെലിഞ്ഞു നീണ്ട ഒരു സ്ത്രീ പുറത്തേക്കു വരികയും അയാളുടെ അനിശ്ചിതമായ നില്പ് അവസാനിക്കുകയും ചെയ്തു. ആതിഥ്യമര്യാദകള്‍, ചായ, ഊണ് അതിനിടയില്‍ വേറെയും ബന്ധുക്കള്‍, എണ്ണിപ്പറച്ചിലുകള്‍,നിലവിളി… അയാള്‍ കൊണ്ടുവന്ന പെട്ടി ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു

മൃതദേഹത്തെപ്പോലെ ആ ഹാളിന്റെ നടുക്കിരുന്നു. അതു തുറന്നു നോക്കാന്‍ ആര്‍ക്കും താല്പര്യമുണ്ടാവില്ല, മരിച്ചവന്റെ ഉടുപ്പുകള്‍, പലതരം ബില്ലുകള്‍, പഴ്‌സ്, കണക്കെഴുതി വെച്ച ഡയറി... പഴ്‌സിനുള്ളിലെ കുടുംബഫോട്ടോ… അതിലൊക്കെയിനി ആര്‍ക്കാണു താല്പര്യം?

യാത്ര പറഞ്ഞിറങ്ങുമ്പോഴാണ് വീണ്ടും അവന്റെ ഭാര്യയെക്കണ്ടത്. അവളുടെ കണ്ണുകളില്‍ ഒരു നവവിധവയുടെ വിഷാദമല്ലെന്നും തിളച്ചു തൂവുന്ന പകയാണെന്നും പെട്ടന്നയാള്‍ക്കു തോന്നി.

‘കാണുമ്പോ മരിച്ചിട്ടുണ്ടായിരുന്നില്യ അല്ലേ? എന്തേലും പറഞ്ഞിരുന്നോ, എന്നെപ്പറ്റി? രണ്ടു ഫോണുണ്ടായിരുന്നു. അതൊന്നും ഇവിടെ ആരും എത്തിച്ചിട്ട് ല്ല. നിങ്ങളും അതു കൊണ്ടു വന്നിട്ടില്ലല്ലോ? ഒക്കെ മുന്നേ നശിപ്പിച്ചിട്ടുണ്ടാവും ല്ലേ?', അവള്‍ ഉറച്ച ശബ്ദത്തില്‍ ചോദിച്ചു.

അയാള്‍ വാക്കു മുട്ടി നിന്നു. ആ ദിവസത്തെക്കുറിച്ച് ഓര്‍ത്തെടുക്കാന്‍ പോലും വയ്യ. കുളിമുറിയില്‍ ചോര വാര്‍ന്നു കിടന്ന അവനെയെടുത്തു ആശുപത്രിയിലെത്തിക്കാനുള്ള വെപ്രാളം, അവന്റെ രക്തസമ്മര്‍ദ്ദം താണിരുന്നു, കണ്ണുകള്‍ മുകളിലോട്ടു മറിഞ്ഞിരുന്നു. ബോധം മങ്ങിയിരുന്നു. ഒന്നും പറയാനുള്ള ശേഷി അവനിലവശേഷിച്ചിരുന്നില്ല. എയര്‍ എംബോളിസമെന്നു ഡോക്ടര്‍ കാഷ്വാലിറ്റിയിലെ ആദ്യപരിശോധനയില്‍ത്തന്നെ പറഞ്ഞു. അതൊക്കെ ഇവളോടു പറഞ്ഞിട്ടെന്താണ്!

'എന്നെപ്പറ്റി ഒന്നും പറഞ്ഞിട്ടുണ്ടാവ് ല്യ. ഓര്‍ത്തിട്ടേ ഉണ്ടാവ് ല്യ, ഉണ്ടെങ്കില്‍ ഇതൊന്നും ഇങ്ങനെയാവൂലല്ലോ… എന്തു ചോദിച്ചാലും എനിക്ക് സംശയരോഗമാന്നു പറയും. അവസാനം എന്തേലും ട്രാപ്പിലായിട്ടുണ്ടാവും. അല്ലാണ്ടെന്തിനാ ഇങ്ങനെ ചെയ്തത്? ഫോണൊക്കെ നശിപ്പിച്ചതെന്തിനാ?'

അവളുടെ ഒച്ചയില്‍ പകയും ദേഷ്യവും മുറ്റി. മിക്ക കാര്യങ്ങളും അറിയുന്നതുകൊണ്ട് അയാള്‍ നിസ്സഹായതയോടെ തല കുനിച്ചുനിന്നു. പെട്ടന്നവള്‍ അരിശത്തോടെ, 'ഒന്നും പറയ്ല്ലാല്ലേ? ചങ്ങാതിയോടുള്ള ആത്മാര്‍ത്ഥത! ആയ്‌ക്കോട്ടെ, ഒക്കെ കണക്കാണ് ചത്തവനും ചങ്ങാതീം ഒക്കെ! ഈട് ന്ന് പൊയ്‌ക്കോ വേഗം. ഇനിക്ക് കാണണ്ട ഒരുത്തനേം’, എന്ന്​ പൊട്ടിത്തെറിച്ചു.

അവളുടെ അലര്‍ച്ച അയാളെ ഭയപ്പെടുത്തി. വീട്ടിനുള്ളില്‍ നിന്നു ആരൊക്കെയോ വാതില്‍ക്കല്‍ വന്നെത്തി നോക്കി. അയാള്‍ അപമാനിതനായി നിസ്സഹായതയോടെ വിളറി നിന്നു..

'ഉറങ്ങാണോ?'

ധൈര്യലക്ഷ്മി ചോദിച്ചപ്പോള്‍ അയാള്‍ ഞെട്ടലോടെ നാട്ടിന്‍പുറത്തെ പണിതീരാത്ത വീട്ടിലെ വിളര്‍ത്തു മെലിഞ്ഞ അവന്റെ ഭാര്യയുടെ മുന്നില്‍നിന്നു കാറിനുള്ളിലേക്കു തിരിച്ചെത്തി.

'റോട്ടിലു നല്ല തിരക്കുണ്ട്, നമ്മളു വിചാരിച്ചതിലും വൈകും. എനിക്കു തിരക്കില്ല, എത്ര വൈകിയെത്തുന്നോ അത്രയും നല്ലത്. ഞാനൊരു ഹണി ട്രാപ്പുമായി പോകുകയാണ് ന്ന് പറഞ്ഞിട്ടും നിങ്ങളീ വണ്ടിയില്‍ കേറിയല്ലോന്നാണ് ഞാനോര്‍ക്കുന്നത്.'- അവള്‍ ചിരിച്ചുകൊണ്ടാണു പറയുന്നത്. അവള്‍ എന്തു പണ്ടാരത്തിനു പോകുന്നതുമാവട്ടെ, അര മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ നഗരത്തിലെത്തുമായിരിക്കും. കിട്ടുന്ന ബസ്സിനു ചാടിക്കയറി ഈ നാട്ടില്‍ നിന്നേ പൊയ്ക്കളയാം. അനിശ്ചിതമായി ലേറ്റാവുന്ന ആ ബസ്സിലെ സുഖകരമായ ഇരിപ്പിടത്തെക്കുറിച്ചു ഇനി ഓര്‍ക്കേണ്ട.

'നിങ്ങള്‍ക്ക് ഒന്നിനെക്കുറിച്ചും ആകാംക്ഷയില്ലല്ലോ?. ഞാന്‍ അത്രയ്ക്കും വിരൂപയാണോ? അടുത്തടുത്തിരുന്നു യാത്ര ചെയ്യുമ്പോഴും ഒന്നു നോക്കാന്‍ പോലും തോന്നാത്തത്ര വൃദ്ധയായിക്കഴിഞ്ഞോ ഞാന്‍? ഓപ്പസിറ്റ് സെക്‌സിനോടു തോന്നാവുന്ന ഒരു മിനിമംകൗതുകം പോലും ..? ഞാനതര്‍ഹിക്കുന്നില്ലെന്നാണോ? '

അവളുടെ ശബ്ദത്തില്‍ ചിരിയുണ്ടെന്നറിഞ്ഞിട്ടും അയാള്‍ ഭയന്നു വിളറി. എന്തൊക്കെയാണീ പറയുന്നതെന്നും നിങ്ങളെ ഞാനെന്തിനു ശ്രദ്ധിക്കണമെന്നും എന്തെല്ലാമോ അതിനിടയില്‍ തപ്പിത്തടഞ്ഞു പറഞ്ഞിട്ടുമുണ്ടാവും.

'ഇറ്റ്‌സ് ഓ കെ. തമാശ പറഞ്ഞതാണ്. നിങ്ങള്‍ എനിക്കൊപ്പം വരുമെന്നു ഒട്ടും പ്രതീക്ഷിച്ചല്ല ഞാന്‍ കൂടെ വിളിച്ചത്. വന്നപ്പഴോ വാക്കു കൊണ്ടോ നോക്കു കൊണ്ടോ എങ്കിലും നിങ്ങള്‍ ചാപല്യം കാണിക്കുമെന്നും ബഹളം വെച്ച് ആളെക്കൂട്ടി എനിക്കു നല്ലൊരു സീന്‍ ക്രിയേറ്റു ചെയ്യാമെന്നും വിചാരിച്ചു. ഒന്നുമിതുവരെ സംഭവിച്ചില്ല. ഇനി കുറച്ചു ദൂരമല്ലേയുള്ളൂ. അത്തരം പ്ലാനൊന്നും മനസ്സിലില്ലല്ലോ? '

അവളുടെ ചോദ്യം ഗൗരവത്തിലായിരുന്നു. ഒന്നുമില്ലെന്നയാള്‍ ദുര്‍ബലമായി തലയാട്ടി.

'എന്നാല്‍ പോട്ടെ! ഞാന്‍ മറ്റാരെയെങ്കിലും ക്ഷണിച്ചാല്‍ മതിയാരുന്നു. ഒരു ലിഫ്റ്റിന്റെ, അതും ചെറുപ്പക്കാരിയും കാഴ്ചക്കു തരക്കേടില്ലാത്തവളുമായ ഒരുത്തി വാഗ്ദാനം ചെയ്യുന്ന ലിഫ്റ്റിന്റെ പ്രലോഭനത്തില്‍ വീഴാന്‍ ആ ബസ് സ്റ്റോപ്പില്‍ത്തന്നെ ആളുകളിഷ്ടം പോലെ കണ്ടേനെ. എന്റെ പ്ലാന്‍ പാളിപ്പോയി! ലീവിറ്റ്, സാരമില്ല.'

അവള്‍ തന്നോടു തന്നെയെന്നോണം പിറുപിറുത്തു. അതായിരുന്നോ അവളുദ്ദേശിച്ച ഹണിട്രാപ്പെന്നയാള്‍ഭയന്നു. താന്‍ അവളുടെ വണ്ടിക്കുള്ളിലാണ്. അവള്‍ക്കെന്തും പറയാം. അതു വിശ്വസിക്കാനേ ആളുകളുണ്ടാവൂ.അങ്ങനെ വിശ്വസിക്കുന്നതില്‍ അസ്വാഭാവികതയുമില്ല.

'പേടിക്കണ്ട, നിങ്ങളെ ഞാന്‍ സുരക്ഷിതമായിറക്കി വിടും. നമ്മളെടുത്ത ആ സെല്‍ഫി അയച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ കുറെ വിളികള്‍ വന്നിട്ടുണ്ട്. ഞാന്‍ ഫോണ്‍ സൈലന്റാക്കി വെച്ചിരിക്കുകയാണ്. വേറൊന്നുമായിരിക്കില്ല, വെറും ക്യൂരിയോസിറ്റി. അപരിചിതനായ ആള്‍ ആരെന്നറിയാനുള്ള ആകാംക്ഷ. മൂപ്പര് പാവമാണ്, എടുത്തുചാട്ടം കൊണ്ടു ഞാന്‍ ചതികളില്‍പ്പെടുമോ എന്ന ഭയമാണെപ്പോഴും. ഞാനാണെങ്കില്‍ എപ്പോഴും ഇത്തരം ഓരോന്നു ചെയ്യുകേം! ഇപ്പോത്തന്നെ നിങ്ങളെന്തു തരം മനുഷ്യനാണെന്നറിയാതെ വിളിച്ച്​ കാറില്‍ കയറ്റുന്നു! എന്നെ ബലാത്ക്കാരം ചെയ്യാം, നഗ്‌നയാക്കി ഫോട്ടോ എടുത്തു ബ്ലാക്ക്‌മെയില്‍ ചെയ്യാം, എന്നെ തള്ളിത്താഴെയിട്ടു കാറും തട്ടിയെടുത്തു പോവാം… എന്തൊക്കെ അപകടസാധ്യതകള്‍! ഇതൊന്നും നടന്നില്ലേല്‍ ഞങ്ങളുടെ ഒരു കുടുംബസുഹൃത്തോ ബന്ധുവോ നമ്മളെ ഈ അസമയത്ത് ഒരുമിച്ചു കണ്ടാലും പോരേ? '

ഞാന്‍ ആവശ്യപ്പെട്ടില്ലല്ലോ എന്നും നിര്‍ബന്ധിച്ചു കേറ്റിയതല്ലേയെന്നും അയാള്‍ പരിഭവത്തോടെ ചോദിച്ചു.
'വെറുതെ നിന്ന എന്നെ ...! ഇതൊന്നും കേള്‍ക്കേണ്ട ആവശ്യം എനിക്കില്ല, ഞാനത്തരക്കാരനല്ല.'
'പിണങ്ങാതെ, പലവിധം ചാന്‍സുകളെപ്പറ്റി സൂചിപ്പിച്ചതാണ്. നിങ്ങള്‍ മാന്യനാണെന്ന് എനിക്കറിയാം. പക്ഷേ ഞാന്‍ അങ്ങനെയല്ല. ഒട്ടും മാന്യയല്ല. ഞാന്‍ പോണതു തന്നെ ഒന്നാന്തരമൊരു ചതിയുടെ പ്ലാനുമായാണ്. ഒരു ഭവനഭേദനം, കള്ളത്താക്കോലൊക്കെ ഞാന്‍ ഉണ്ടാക്കി വെച്ചിരിക്കുന്നു. തുറക്കും, അകത്തുകയറും, എല്ലാ അലമാരകളും പെട്ടികളും കുത്തിത്തുറന്നു പരിശോധിക്കും. വേണ്ടതൊക്കെ, അത് എനിക്ക് ആവശ്യമുള്ളതിലുമധികമുണ്ടാകും എങ്കിലും മുഴുവനും ശേഖരിക്കും…'

'സീരിയസ് ലി? നിങ്ങള്‍ തമാശ പറയുന്നതായിരിക്കും അല്ലേ?’, അയാള്‍ ചോദിച്ചു.

'നെവര്‍! ഒരിക്കലുമല്ല, ശരിക്കും ഞാന്‍ ഭവനഭേദനത്തിനു പോകുകയാണ്. നഗരത്തില്‍ എന്റെ ഭര്‍ത്താവു താമസിക്കുന്ന വാടകവീട്! മൂപ്പരിപ്പോ ഒഫീഷ്യല്‍ ട്രിപ്പിലാണ്. തിരിച്ചു വരും മുമ്പ് എന്റെ മോഷണം പൂര്‍ത്തിയാക്കണം. ഞാനന്വേഷിക്കുന്നതൊക്കെ അദ്ദേഹത്തിന്റെ ഫോണിലാണെന്നെറിയാതെയല്ല. പക്ഷേ അതിലു നിറഞ്ഞു കവിഞ്ഞത്, അതില് കൊള്ളാതെ വന്നത് അങ്ങനെന്തെങ്കിലുമൊക്കെ ആ വീട്ടിലുണ്ടാവും. ചില തെളിവുകള്‍ വേണം. അതെനിക്കു കിട്ടാതിരിക്കില്ല. '

അവളുടെ മുഖം കടുത്തു. വണ്ടി നഗരത്തിലേക്കു കടന്നുവെന്ന് പുറത്തുനോക്കിയപ്പോള്‍ അയാള്‍ക്കു മനസ്സിലായി. മഴ പെയ്യാന്‍ തുടങ്ങിയതും പെട്ടന്നാണ്. വൈപ്പര്‍ ഓണ്‍ ചെയ്യുന്നതിനിടയില്‍ ‘രാത്രി, മഴയത്ത് ഈ തിരക്കിലൂടെ വണ്ടിയോടിക്കാനെന്തു രസമാന്നറിയോ, എതിരെ വരുന്ന വണ്ടികളുടെ വെളിച്ചത്തില്‍ കണ്ണു മഞ്ഞളിച്ചു ഒന്നും കാണാത്ത പോലാവും, കണ്ണു കാണാതെ വണ്ടിയോടിച്ചിട്ടുണ്ടോ, ഭയങ്കര രസാ' എന്നവള്‍ പറഞ്ഞു.

അയാള്‍ പിന്നെയും നടുങ്ങി.

ബസ് സ്റ്റാന്‍ഡിനടുത്തു വണ്ടി നിര്‍ത്തി, ‘എന്നാല്‍ ശരി, ഇനിയൊരിക്കലും കാണില്ല’ എന്നവള്‍ യാത്ര പറഞ്ഞപ്പോള്‍, പക്ഷേ അയാള്‍ക്കുള്ളില്‍ അസ്വസ്ഥത തോന്നി. ഡോര്‍ തുറക്കുന്നതിനു മുമ്പ്, നിങ്ങളാ വീട്ടില്‍ നിന്നെടുക്കുന്നതൊക്കെ എന്തു ചെയ്യുമെന്നയാള്‍ ചോദിച്ചു പോയി .

ഏതു വീട്? അവള്‍ അമ്പരന്നു.

ഭവനഭേദനത്തിനുപോകുന്ന വീട്...?

'യേസേസ്. ഞാനതു കൊണ്ടൊരു കെണി ഉണ്ടാക്കും. അദ്ദേഹത്തെ കുരുക്കാന്‍! ഇപ്പോത്തന്നെ അതിന്റെ പണി മുക്കാലും കഴിഞ്ഞു, ഇന്നു രാത്രിയതു കംപ്ലീറ്റു ചെയ്യാനാവും. പിന്നെ വന്നു കുരുങ്ങിയാല്‍ മതി. മൂപ്പര് ഇനിയുള്ള ജീവിതത്തിലൊരിക്കലുമതു മറക്കാന്‍ പോണില്ല. പക്ഷേ അതൊക്കെ നിങ്ങളറിയുന്നതെന്തിന്? നണ്‍ ഓഫ് യുവര്‍ ബിസിനസ് .വണ്ടിയില്‍ നിന്നിറങ്ങൂ.' അവളുടെ ഒച്ച കൂര്‍ത്തു.

നന്ദി പറഞ്ഞ് ആ പെരുമഴയത്തേക്കിറങ്ങുമ്പോള്‍ അയാള്‍ക്കുള്ളില്‍ എന്തെല്ലാമോ കൂടിക്കലങ്ങി. ഏതോ അപായസൂചന ഹൃദയമിടിപ്പുയര്‍ത്തി.

അവളെ വിലക്കണമെന്നും ആശ്വസിപ്പിക്കണമെന്നും വെപ്രാളം തോന്നി. പക്ഷേ ഇടതടവില്ലാതെയൊഴുകുന്ന വാഹനങ്ങള്‍ക്കിടയില്‍ അവളുടെ വണ്ടി കണ്ടെത്താനോ വേര്‍തിരിച്ചറിയാനോ കഴിയാതെ അയാള്‍ മഴ നനഞ്ഞു നിശ്ചലം നിന്നു.


Summary: DhairyaLakshmi Malayalam short story by Jisa Jose.


ജിസ ജോസ്​

കഥാകാരി, അധ്യാപിക. സ്വന്തം ഇടങ്ങൾ, മുദ്രിത, ഇരുപതാം നിലയിൽ ഒരു പുഴ, സർവ മനുഷ്യരുടെയും രക്ഷക്കുവേണ്ടിയുള്ള കൃപ, ഡാർക്ക്​ ഫാൻറസി, മുക്തി ബാഹിനി തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments