ഷബ്ന മറിയം

ദൂരം

നാലു വർഷം കൊണ്ട് പ്രണയം ഇങ്ങനെ വറ്റിപ്പോകുമോ? പണ്ട് താൻ സ്​നേഹിച്ചുരുകി തേനൊലിപ്പിച്ചുപിടിച്ചിരുന്നൊരു നിധിൻ പൂർണമായും ഇല്ലാതായപോലെ.

യാത്ര തീരുമാനിച്ചപ്പോ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ലെങ്കിലും നിധിന്റെ അമ്മയുടെ യാത്രയാക്കൽ കണ്ടപ്പോ ഉള്ളൊന്ന് കാളി. സത്യങ്ങളെല്ലാം അവരോട് തുറന്നുപറഞ്ഞാലോ എന്ന് പലവട്ടം ആലോചിച്ചതാണ്; പക്ഷേ, ധൈര്യം കിട്ടിയില്ല.

വീട്ടിൽ നിന്നിറങ്ങി റെയിൽവെ സ്റ്റേഷനിലേക്ക് ബസിലിരിക്കുമ്പോഴെല്ലാം എന്നെ അമ്പരപ്പെടുത്തിയത് നിധിനോട് ഇത് തുറന്ന് പറയാത്തതിൽ എനിക്കൊട്ടും കുറ്റബോധം തോന്നുന്നില്ലല്ലോ എന്നതാണ്.

പുതിയ സ്റ്റാൻ്റിറങ്ങി ഓട്ടോ പിടിക്കുന്നതിന് മുമ്പായി ഒരു പബ്സും ചായയും കുടിച്ചു.
അത് മതി, ലൈറ്റായിട്ടല്ലാതെ കഴിച്ചാൽ യാത്രയിൽ ഛർദ്ദിയെങ്ങാനും വന്നാലോ. തിരക്കിട്ട് പോകേണ്ട കാര്യമൊന്നുമില്ല, കാരണം ട്രെയിൻ വരാൻ ഇനിയും ഒരു മണിക്കൂറിൽ കൂടുതലുണ്ട്.

അമ്മ ചോറും എന്തൊക്കെയോ കറികളും സ്​നേഹത്തോടെ കെട്ടിത്തന്നിട്ടുണ്ട്. തനിക്കിഷ്ട്ടപ്പെട്ടതെല്ലാം അത്യാവശ്യം അതിലുണ്ടാവുമെന്നറിയാം. പക്ഷേ, വിശപ്പില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്യാവശ്യം തലചുറ്റലുണ്ട്, സ്ട്രെസ്സിന്റേതാണെന്നുറപ്പാണ്. പണ്ടേ ടെൻഷൻ കൂടുമ്പോ തനിക്കിത് പതിവാണല്ലോ, ഈ സാഹചര്യത്തിലാകുമ്പോൾ പ്രത്യേകിച്ചും. ഇന്നലെ ഡോക്ടറെ കാണാനിരുന്നതാ. പക്ഷേ, സിതാര വിളിച്ച് ഇന്നുതന്നെ കയറാൻ പറഞ്ഞപ്പോൾ ഇനി അവിടെ എത്തിയിട്ട് കാണാമെന്ന് കരുതി.

റെയിൽവെ സ്​റ്റേഷനിലെത്തിയപ്പോൾതന്നെ ട്രെയിനിന്റെ വിവരങ്ങൾ പങ്ക് വെക്കുന്നത് കേട്ടു. ഈ സമയമായിട്ടും ക്യൂവിൽ അധികം തിരക്കില്ല, മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണ് വണ്ടിയെത്തുന്നതെന്നും അറിയിപ്പിലുണ്ട്. നേരത്തെതന്നെ അവിടെയെത്തി ഇരുന്നിട്ടും വലിയ കാര്യമൊന്നുമില്ലല്ലോ? ബുക്ക് ചെയ്യാത്തതിനാൽ ലേഡീസിലോ ജനറലിലോ കയറേണ്ടിവരും. അതിലൊന്നും സീറ്റുണ്ടാവാനുള്ള യാതൊരു സാദ്ധ്യതയുമില്ലതാനും. ഒരു ലേയ്സ്​ പാക്കും വാങ്ങി വളരെ പതുക്കെ സ്​റ്റെപ്പ് കയറി. നടക്കുമ്പോഴോ വണ്ടിയിലിരിക്കുമ്പോഴോ ഒക്കെയാണ് ഈ തലകറക്കം, ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ എന്ത് പണിയെടുക്കുമ്പോഴും വലിയ കുഴപ്പമില്ല. എന്തായാലും രാത്രിയിലെ ഉറക്കം കണക്ക്തന്നെ. ട്രെയിൻ വന്ന് കയറുന്നതുവരെ ലേഡീസോ ജനറലോ എന്നാലോചിച്ചെങ്കിലും ഓടിക്കയറിയത് ലേഡീസിലേക്കാണ്.

നല്ല തിരക്കുണ്ട്, ഡോറിലും ബാത്ത്റൂമിനടുത്തുമെല്ലാം ആളുകൾ കുത്തിനിറഞ്ഞിരിക്കുന്നു. ബാത്ത്റൂം മണമടിച്ച് ഓക്കാനം വന്നു. ട്രെയിൻ കയറിയെന്ന് അമ്മയെ വിളിച്ചറിയിക്കാൻവേണ്ടി ഫോണെടുത്തപ്പോഴാണ് നിധിൻ രണ്ട് തവണ വിളിച്ചത് കണ്ടത്. എന്നാലും അവനെ വിളിക്കാൻ തോന്നിയില്ല. അമ്മയെത്തന്നെ വിളിച്ച് കാര്യങ്ങൾ പറഞ്ഞുവെച്ചു, അമ്മയ്ക്ക് ടെൻഷനാവേണ്ടെന്ന് കരുതി സീറ്റുണ്ടെന്നാ പറഞ്ഞത്. ഇനിയവൻ ഇപ്പോ വിളിക്കാൻ സാധ്യതയില്ല. എന്നാലും ഈ നഗരത്തിെൻ്റ പേര് കേൾക്കുമ്പോഴേ അവനെ ഓർമ വരുമായിരുന്നിടത്ത് നിന്ന് ഇനിയിവിടേക്ക് തിരിച്ച് വരിക പോലും വേണ്ടെന്ന് തോന്നുന്ന തരത്തിലായിരിക്കുന്നു കാര്യങ്ങൾ. നാലു വർഷം കൊണ്ട് പ്രണയം ഇങ്ങനെ വറ്റിപ്പോകുമോ? പണ്ട് താൻ സ്​നേഹിച്ചുരുകി തേനൊലിപ്പിച്ചുപിടിച്ചിരുന്നൊരു നിധിൻ പൂർണമായും ഇല്ലാതായപോലെ. ഇപ്പോഴവന്റെ മുഴുവൻ സ്വപ്നവും സമയവും സിനിമയുമായി ബന്ധപ്പെട്ട് കിടക്കുന്നു. വീട്ടിൽ വന്നാലും വന്നില്ലെങ്കിലും കിടക്കയിലേക്ക് വീണാലും വീണില്ലെങ്കിലും സംസാരം സിനിമയെക്കുറിച്ച് മാത്രം. അതും ഒന്നിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ പ്രശ്നമില്ല. ഇത് ഒന്നുരണ്ട് മാസം ഒരു കഥ പറയും, അതിനുവേണ്ടി കുറച്ചോടും, പിന്നെ അടുത്ത കഥ പറയും. അതിന്റെ സംഘർഷങ്ങൾ പറയും.
രണ്ടോ മൂന്നോ കൊല്ലം അമൃത നോക്കുമോ നമ്മളെ? എന്നാൽ സിനിമ കൊണ്ട് ഞാൻ വലിയ നിലയിൽ എത്താമെന്നും തന്നതിന്റെ നൂറിരട്ടി തിരിച്ചുതരാമെന്നും നിരന്തരം പറഞ്ഞ് പ്രലോഭിപ്പിച്ചപ്പോ ഒരു തരത്തിലും സമ്മതിച്ച് കൊടുക്കാൻ പാടില്ലായിരുന്നു, വലിയ മണ്ടത്തരമായിപ്പോയി. ട്രെയിൻ മുന്നോട്ട് പോകുന്തോറും തലകറക്കം കൂടി വരുന്നതുപോലെ.

കണ്ണടച്ച് കൈ മേലെപ്പിടിച്ച് ആകുന്നത്രയും ഉറപ്പോടെ നിന്നു. നിധിൻ പറഞ്ഞ പല സിനിമാക്കഥകളും ഓർമ വന്നപ്പോ, എന്തോ അറപ്പ് തോന്നി. ശവമൊരുപ്പുകാരിയായ ഒരു സ്​ത്രീയുടെ കഥ പറഞ്ഞിരുന്നു, ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരു സ്​ത്രീ, നിലനിൽപ്പിനായി തുടങ്ങിയ സംരംഭം. അവസാനം അവർ മരിച്ചപ്പോൾ ആരുമറിയാതെ മൂന്നാലു ദിവസം ഈ ഡെക്കറേഷൻ സ്​ഥലത്ത് കിടന്ന് മണം പരന്നതും പള്ളി, ആ സ്​ത്രീ പല ആളുകളുമായി ശരീരം പങ്കുവെച്ചിരുന്നെന്നും പറഞ്ഞ് പള്ളിയിലടക്കാൻ സമ്മതിക്കാതിരുന്നതും എല്ലാം വരുന്ന ഒരു ത്രഡ്. പിന്നെ ഒരു ത്രില്ലർ കണ്ടൻ്റ്. അത് പ്രൊഡ്യൂസർ വരെയായി മുന്നോട്ട് പോകുന്നെന്ന് പറഞ്ഞിടത്തുനിന്ന് എന്തോ ശരിയാവാതെ അടുത്തതിലേക്ക് പോയി. അത് ഒരു ക്യാമ്പസ്​ ലവ് സ്​റ്റോറിയായിരുന്നു. ഗംഭീര ത്രഡ് എന്ന് അവന്റെ സുഹൃത്തുക്കളെല്ലാരും പറഞ്ഞുപോലും.

അതിലെ പ്രണയവും റൊമാൻ്റിക് സീനുകളും മൂളിമൂളി പറഞ്ഞ് നടന്നിരുന്നതിൽ ഒരു ദിവസമാണ് അവസാനമായത് സംഭവിച്ചത്.
അന്ന് ശരിക്കും എന്തോ പ്രത്യേകത തോന്നിയതാ, പിറ്റേദിവസം രാവിലെയായിട്ടും ആ ഹാങ്ങ് ഓവർ മാറിയില്ല. വീണ്ടും വീണ്ടും കൊതി തോന്നുന്നത് പോലെയാണന്നത് അവസാനിച്ചത്.
അവനോട് അത്രയ്ക്കൊന്നും സ്​നേഹം തോന്നിയിരുന്നില്ല അന്നും, പക്ഷേ ആ അനുഭവം വീണ്ടും വീണ്ടും ആവർത്തിക്കാൻ കൊതി തോന്നി. പിരീഡാകാതിരുന്നപ്പോ മനസ്സിലായി വെറുതെയായിരുന്നില്ല, ആ തോന്നലെന്ന്.

കല്ല്യാണം കഴിഞ്ഞ തുടക്കനാളുകളിൽ നിരന്തരം കുഞ്ഞാവാൻ ശ്രമിച്ചുകൊണ്ടിരുന്നതാ. രണ്ടാൾക്കും ഭ്രാന്തായിരുന്നു കുഞ്ഞുങ്ങളെ. പക്ഷേ, ഒന്നും സംഭവിച്ചില്ല. അന്ന് ഡോക്ടറെ കണ്ട് കുറേ മരുന്നും കഴിച്ചു. പിന്നെ പരസ്​പരം താൽപ്പര്യം കുറഞ്ഞപ്പോ ഡോക്ടറെ കാണലും അങ്ങനെ കാണലും നിന്നു.
എന്നാലും ഇപ്പോഴിത്, തല പെരുക്കുന്നു ഓർത്തിട്ട്. അവനോട് പറഞ്ഞാൽ കണ്ടിന്യൂ ചെയ്യണമെന്ന് പറയുമോ? അറിയില്ല. പക്ഷേ അവൻ തന്നെ മനസ്സിലില്ലാത്ത സ്​ഥിതിക്ക് തനിക്കിത് വേണ്ടേവേണ്ട. അതും ബന്ധം തന്നെ നിലനിർത്തണോ എന്ന സംശയത്തിലിരിക്കുമ്പോ. അമ്മയോട് പറയാതെ വേണ്ടെന്നു വെക്കുന്നതിൽ മാത്രമേയുള്ളൂ വിഷമം. നിധിനെയും തന്നെയും ജീവനു തുല്യം സ്​നേഹിക്കുന്നുണ്ട് അവന്റെ അമ്മ. തങ്ങളുടെ കുഞ്ഞിനെ വേണ്ടെന്ന് വെക്കാൻ അവന്റെ അമ്മയറിഞ്ഞാൽ എന്തായാലും സമ്മതിക്കില്ലായിരുന്നു. ഈ പോക്ക് അതിനാണെന്നറിഞ്ഞിരുന്നെങ്കിൽ അമ്മയെങ്ങനെ പ്രതികരിക്കുമായിരുന്നു?

‘മോളേ, ഞ്ഞ് എങ്ങോട്ട് പോക്വാ? ’ അടുത്ത് നിൽക്കുന്നൊരു സ്​ത്രീയാണ്.
‘ഞാൻ തിരുവനന്തപുരത്തേക്കാ. നിങ്ങളോ?’
‘ഞാൻ കോട്ടയം. ന്തൊരു തിരക്കാ. ഇങ്ങനെ നേരം വെളുക്കുന്ന വരെ നിക്കണേ പ്പം ന്താ ചെയ്യാ’.
‘അതേ ചേച്ചീ, എനിക്കാണേ തല ചുറ്റുന്നു. ഞാനതാ കണ്ണുമടച്ചിങ്ങനെ നിക്കുന്നേ’.
‘നോക്കിക്കേ, ഇത്രേം ആൾക്കാര് ഇവിടിങ്ങനെ കാല് കുത്താൻ സ്​ഥലമില്ലാതെ നിക്കുമ്പം നിലത്ത് മൊത്തം പേപ്പറും വിരിച്ച് കിടക്കുന്നത് കണ്ടില്ലേ?’
‘ഉം’.

അപ്പോഴാണ് ബോഗിക്കകം ശരിക്കുമൊന്ന് നോക്കിയത്. കാലുകുത്താൻ സ്​ഥലമില്ലെങ്കിലും അഞ്ചാറ് സ്​ത്രീകൾ പേപ്പറിലും അല്ലാതെയും നിലത്ത് കിടക്കുന്നുണ്ട്. മൂന്നാല് തമിഴ് സ്​ത്രീകൾ ഡോറിനോട് ചേർന്ന് കാല് നീട്ടിയിരിക്കുന്നുമുണ്ട്. ബാത്ത്റൂമിലേക്ക് പോകാനുള്ള വഴി വരെ അടച്ചുകൊണ്ട് കുറച്ച് കോളേജ് കുട്ടികളും ഇരിക്കുന്നു. നല്ല വസ്​ത്രങ്ങളൊക്കെയാണ് ഇട്ടിരിക്കുന്നത്. മോളില് ബാഗ് വെക്കേണ്ട സ്​ഥലത്ത് മൂന്നാല് കുട്ടികൾ കയറിക്കിടക്കുന്നുണ്ട്. ആരെന്ത് തെറി വിളിച്ചിട്ടും അവരനങ്ങുന്നില്ല, കേൾക്കാത്ത പോലെ ഇരിക്കുന്നു.

‘തല കറക്കത്തിനുള്ള ഗുളിക വല്ലതും എടുത്തിട്ടുണ്ടോ മോളേ. അവിടെ വരെ എത്തേണ്ടതല്ലേ’, നേരത്തെ സംസാരിച്ച സ്​ത്രീ പിന്നെയും ചോദിച്ചു.
‘ഇല്ല, ഒരൊറ്റ രാത്രിയല്ലേ ഉള്ളൂ എന്ന് കരുതി. എന്റെ കൂട്ടുകാരി നെഴ്സാണ്, അവളെ കാണാനാണ് പോകുന്നത്. പിന്നെ ഇവിടെ വെറുതെ കാണിക്കേണ്ടെന്ന് കരുതി’.
‘ആ, ആ’.

അപ്പോൾ താഴെ സീറ്റിലിരിക്കുന്ന ഒരു സ്​ത്രീ എന്നെ തൊട്ടുവിളിച്ച്, അവരൽപ്പം ഒതുങ്ങിയിരിക്കാം അവിടെയിരുന്നോളാൻ പറഞ്ഞു. ഞാനവർക്ക് നന്ദി പറഞ്ഞുകൊണ്ട് അവിടേക്ക് വീണു. അപ്പോഴാണ് കണ്ടത്, നിൽക്കുന്ന ചേച്ചിയുടെ കയ്യിൽ നിറയെ കവറുകളും ബാഗുകളുമാണ്. അവരതും തൂക്കിയാണ് നിൽക്കുന്നത്. അടുത്തിരുന്ന ചേച്ചി അവരോട് പറയുന്നത് കേട്ടു, ‘നിങ്ങൾക്കിത് അവിടെ എവിടെയെങ്കിലും വെച്ചുകൂടെ, എന്തിനാ ഈ കനവും തൂക്കി ചൂടത്തിങ്ങനെ നിൽക്കുന്നത്?’

മറ്റവര് ഒന്നും മിണ്ടാതെ ചിരിക്കുക മാത്രം ചെയ്തു. അപ്പോ ഒരു വയസ്സായ സ്​ത്രീ പറയുന്നത് കേട്ടു, ‘ഇത്രേം തിരക്കാണെന്ന് അറിഞ്ഞിരുന്നെങ്കി ജനറലില് കയറായിരുന്നു. ഇതിപ്പം ഇരിക്കാണെങ്കിലും മേലേക്കുള്ള തള്ള് കാരണം ഒട്ടും വയ്യ. അവിടെ ആണുങ്ങളാണെങ്കില് ഒരു ദയയൊക്കെ ഉണ്ടാവും. ഇപ്പെണ്ണുങ്ങളാ വെടക്കുകള്. ഒരു നൻമേം ല്ലാത്ത വക’. ഞാനപ്പോ ചിരിച്ചുകൊണ്ട്, നിൽക്കുന്ന സ്​ത്രീയോട് പറഞ്ഞു, ‘കണ്ടോ ചേച്ചീ, എനിക്ക് നൻമയുള്ളതുകൊണ്ടാ അധികം നിന്ന് വിഷമിക്കുന്നതിന് മുമ്പേതന്നെ ഇരിക്കാൻ സ്​ഥലം കിട്ടിയത്’.
നിൽക്കുന്ന ചേച്ചി ചിരിച്ചതേയുള്ളൂ.
അപ്പോ ഇരിക്കുന്ന ചേച്ചി, ‘അല്ല, നിങ്ങളെങ്ങോട്ടാ. ഇവള് പറഞ്ഞപോലെ ചേച്ചിക്കത് കമ്പിയിലെങ്കിലും ഒന്ന് തൂക്കിയിട്ടൂടേ?’
നിൽക്കുന്ന ചേച്ചി അതുകേട്ട് പണിപ്പെട്ട് സ്വകാര്യംപോലെ പറഞ്ഞു, ‘അതേയ്, ഞാനിത് ഒരു സ്​ഥലത്ത് കൊടുക്കാൻ കൊണ്ടോക്വാ. കൊല്ലത്തിലൊരിക്കല് ങ്ങനെ പോകും. ആടെ കോട്ടയത്തൊരു ഓർഫനേജിലെ പെണ്ണ്ങ്ങക്ക് ഉടുക്കാനുള്ള സാരിയും ചുരിദാറുകളും ഒക്കെയാ ദ്. ഇനിക്ക് ള്ളതായ്നേങ്കില് പ്രശ്നം ല്ലായ്നു. ഇതിപ്പം മ്മള് ഓര്ക്ക് അത്രേം സ്​നേഹത്തോടെ കൊടുക്കുന്നത് വെടിപ്പില്ലാതെ കൊടുക്കുന്നത് ശരില്ലല്ലോ. നമ്മള് കളയാനുള്ളത് കൊടുക്കുമ്പോലെ കൊടുക്കാൻ പറ്റൂലാലോ. ഞാനത് അത്രേം വൃത്തീല് അത്രയൊന്നും ഉപയോഗിക്കാത്തത് ആൾക്കാരോട് വാങ്ങി നല്ലോണം തേച്ചൊണക്കി പുത്യ പോലെ കൊടുക്കുന്നതാ. ഇത് കാണുമ്പോ ആടുള്ളോരെ മൊഖത്ത് ള്ള സന്തോഷം കണ്ടാ മതി എന്ത് യാത്രാക്ഷീണോം മാറാൻ’.
അതുകേട്ട് ഞാനും ഇരിക്കുന്ന ചേച്ചിയും മുഖത്തോട് മുഖം നോക്കി. അപ്പോ ഞങ്ങൾക്കപ്പുറത്തിരുന്ന പത്തിരുപത് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി പറഞ്ഞു, ‘ഇപ്പം കണ്ടില്ലേ, നൻമയുള്ളോർക്ക് അത്ര നല്ലതൊന്നും വരൂലാന്ന്. ഇക്കാലത്ത് തിൻമേല് കോൺസൺേട്രറ്റ് ചെയ്താൽ വലിയ പരിക്കില്ലാതെ അങ്ങ് പോകാം’.
അപ്പോ ഇരിക്കുന്ന ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ആ എത്രനേരം ഇങ്ങനെ നിക്കാനാ? ഒരു രണ്ടുമൂന്ന് മണിയാകുമ്പോ കാണാം. ഉള്ളിലുള്ള ഏതെങ്കിലും സാരിയും എടുത്തിട്ട് താഴേയ്ക്ക് ചായുന്ന ആയമ്മയെ’.

എന്തോ ഭാഗ്യത്തിന് പുറത്ത് നല്ല കാറ്റുണ്ടായിരുന്നു. ഈ ഉഷ്ണത്തിന് നല്ല കാറ്റും കൂടിയില്ലായിരുന്നെങ്കിൽ പെട്ടുപോയേനെ എന്നുമോർത്ത് പുറത്ത് നോക്കിയിരുന്നെങ്കിലും മനസ്സ് വല്ലാതെ അസ്വസ്​ഥമാകാൻ തുടങ്ങി. പലവട്ടം നിധിന്റെ നമ്പറെടുത്ത് വിളിക്കാൻ നോക്കി, വാട്ട്സ്​ ആപ്പെടുത്ത് മെസ്സേജയക്കാൻ നോക്കി. അവനോട് പറയേണ്ടതുണ്ടോ, ഞങ്ങളുടെ കുഞ്ഞിനെ ഞാനില്ലാതാക്കാൻ പോവുകയാണെന്ന്. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി സിത്താര അവിടെ കാത്തിരിക്കുകയാണെന്ന്. എന്തോ വെപ്രാളം കൂടിക്കൂടി വരുന്നു. മൂന്നാല് വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്നതുപോലെ തീവ്രപ്രണയത്തിലേക്ക് ഞങ്ങൾ വീണ്ടും തിരിച്ചെത്തിയാൽ ഇക്കാര്യം മറച്ചുവെച്ചതിന് എന്നും കുറ്റബോധമുണ്ടാകും. അവനെന്നോട് ക്ഷമിക്കുമോ?
പക്ഷേ ഇപ്പോഴുള്ള നിധിൻ,
ആലോചിക്കുംതോറും സ്​നേഹവും വെറുപ്പും ഒരുപോലെ കൂടിക്കൂടി വന്നു.

ആദ്യമായി ചുംബിച്ചപ്പോഴുള്ള അവന്റെ കുഞ്ഞുങ്ങളുടേതുപോലുള്ള തുപ്പൽമണം.

എല്ലാ ശനിയാഴ്ച്ചയും ഇതുപോലെ ജനറൽ കംപാർട്ട്മെൻ്റിലെങ്കിലും കയറി പിറ്റേന്ന് തിരുവനന്തപുരത്തെത്തി ഒഴിവുള്ള ഒരേയൊരു ഞായറാഴ്ച്ച തന്റെ അരികിൽനിന്ന് മാറാതിരുന്ന നിധിൻ.
ഞങ്ങൾ പഠിച്ച എഞ്ചിനീയറിങ്ങ് കോളേജിലെ നടപ്പാതയിൽ തന്നെക്കാത്ത് അക്ഷമനായി നിൽക്കുന്ന നിധിൻ.
തന്നെ സ്വന്തമാക്കാൻ ഈ ലോകം തന്നെ കീഴടക്കാൻ തയ്യാറായി ചെറിയ പ്രായത്തിൽ ഓടിപ്പാഞ്ഞ നിധിൻ.
വെറുപ്പിനൊപ്പം പ്രണയമിറ്റി.
പക്ഷേ, ഇപ്പോഴുള്ള സിനിമ മാത്രം ജീവനിലും പ്രാണനിലും സ്വപ്നത്തിലുമുള്ള നിധിൻ. എത്രനാളായി തന്റെ മുഖത്തേക്ക്, മറ്റെല്ലാവരെയും തള്ളിപ്പറഞ്ഞ് അവന്റെ മാത്രമായി നിന്ന തന്നിലേക്ക് അവനൊന്ന് നോക്കിയിട്ട്. ഒരു തീരുമാനമെടുക്കാനാവുന്നില്ല. നാളെ അവിടെയെത്തി സിതാരയുടെ അഭിപ്രായം കൂടികേട്ട് ഫൈനലാക്കാം.

ചെറുതായൊന്ന് ഉറങ്ങിപ്പോയെന്ന് തോന്നുന്നു, ഉണർന്നപ്പോൾ വല്ലാത്ത നടുവേദന. ഇരിപ്പിന്റേതാണ്, ശരീരത്തിന്റെ മുക്കാൽഭാഗവും പുറത്താണ്. ഇനിയങ്ങനെ ഇരിക്കാനും വയ്യ, എഴുന്നേറ്റ് നിൽക്കാം. ചേച്ചിയെങ്കിലും നന്നായി ഇരുന്നോട്ടെ. ചേച്ചിയോട് പറഞ്ഞ് എഴുന്നേറ്റു. ഞാനുറങ്ങിപ്പോയപ്പോ വന്ന ഒരു സ്​ത്രീ ഉറങ്ങുന്നവരെ വരെ വിളിച്ചുണർത്തി എവിടെയാണിറങ്ങുന്നതെന്ന് ചോദിക്കുന്നത് കേട്ടു. എന്തൊരക്ഷമയാണ്. മറ്റേ ചേച്ചി ഇപ്പോഴും ബാഗും പിടിച്ച് അതേ നിൽപ്പ് തന്നെ. അവരുടെ ആത്മസമർപ്പണം സമ്മതിച്ച് കൊടുക്കണം.

അങ്ങനെ നിൽക്കുമ്പോ വല്ലാതെ സങ്കടം വന്നു. വേനൽക്കാലത്ത് ഈ സമയത്ത് പുറത്ത് ചാരുകസേരയിലിരുന്ന് തന്നേയും മടിയിലിരുത്തി അമ്മേയോട് സംസാരിച്ചിരുന്ന അച്ഛനെ ഓർമ വന്നു, കരച്ചിൽ പൊട്ടി. അച്ഛന് ആഗ്രഹമുണ്ടാകുമോ തെൻ്റ കുഞ്ഞിനെ കാണാൻ.

കണ്ണടച്ചു. കറക്കം.
അമ്മ പൊതിഞ്ഞുവെച്ച പൊതിച്ചോറിന്റെ മണം നാവിൻത്തുമ്പിൽ. ഇന്നലെ ചെന്നുകയറുമ്പോ മീൻ വെട്ടുകയായിരുന്ന അമ്മയുടെ കയ്യിലെ മീൻതലയിൽ കണ്ട വലിയ കണ്ണ്. കഴിഞ്ഞ ദിവസം അമ്മ പറിച്ചുകളഞ്ഞ ചേമ്പിൻപൂവി​ന്റെ മണം. നിധിന്റെ നെഞ്ചിലേക്ക് ആണ്ടുപോകാൻ തോന്നി. അവന് രോമക്കാടുണ്ട് അവിടെ. പ്രേമം കൂടുമ്പോ നെഞ്ചിൽകിടന്ന് അത് കടിച്ചുപറിച്ച് തുപ്പിക്കളയുന്നതോർമ വന്നു. കറക്കം, ഇറക്കം. ദാഹം. കണ്ണുകൾ ഇറുക്കിയടച്ചു. രക്ഷയില്ല. വീണോ, വീണില്ലേ? ഓർമയില്ല. ഇരുന്ന ചേച്ചി എഴുന്നേറ്റുനിന്ന് സാവധാനം മടിയിലേക്കിരുത്തി.

‘എന്താ മോളേ പറ്റിയത്. ഒട്ടും വയ്യേ?’

‘എന്തോ ഒട്ടും പറ്റുന്നില്ല ചേച്ചീ’ കണ്ണ് നിറയുന്നു. ചേച്ചിയോട് പറഞ്ഞാലോ, രണ്ടര മാസം ഗർഭിണിയാണെന്ന്. കുറച്ചുനേരത്തെ യാത്രയല്ലേ. അവരിൽ നിന്നെങ്കിലും തനിക്കുവേണ്ട സ്​നേഹം കിട്ടിയാലോ?

‘മോളേ, എന്താ പറ്റിയത്? ഈ അവസ്ഥയില് തിരുവനന്തപുരം വരെ നിന്നുപോകാൻ പറ്റുമോ? എന്താ ഇപ്പം ചെയ്യാ. ഞാനാണെങ്കി എറണാകുളത്തിറങ്ങും. ഇനിയിപ്പം ഒരു സമാധാനമുണ്ടാവില്ലല്ലോ കൊച്ചേ ഇങ്ങനെ കണ്ട് പോയാൽ’, അൽപ്പം നിർത്തി വീണ്ടും സങ്കടത്തോടെ, ‘എന്റെ മോളേ, എനിക്കും ഉള്ളതാ നെന്റെ പ്രായത്തിലൊരു കൊച്ച്. അതും വേറെ സ്​ഥലത്ത് ജോലിക്ക് പോയി താമസിക്ക്യാ. എനിക്ക് മോളെ കണ്ടപ്പം മുതൽ അവളെയാ ഓർമ വരുന്നത്’. അവർ കുറച്ചുകൂടി സ്​നേഹത്തോടെ ഇറുക്കിപ്പിടിച്ചു. ഞാനൊന്നുകൂടി അവരിലേക്ക് ചേർന്ന് ഒട്ടിയിരുന്നു. അമ്മമണം.
‘ചേച്ചീ, ചേച്ചിക്ക് വേദനയുണ്ടോ?’
‘ഏയ്, എന്റെ തടി കണ്ടില്ലേ കൊച്ചേ. നീ അവിടെ നന്നായിരിക്ക്. ബലം പിടിക്ക്വൊന്നും വേണ്ട’.
‘അല്ല ചേച്ചീ, ചേച്ചി എങ്ങോട്ട് പോവുകയാ. എറണാകുളത്താണോ വീട്? ഇവിടെ എവിടെ വന്നതാ?’ നിൽക്കുന്ന സ്​ത്രീ.
‘അല്ലല്ല, ഞാൻ കാഞ്ഞങ്ങാട്ടാ താമസിക്കുന്നത്. കെട്ടിക്കോണ്ട് വന്നതാ. സ്വന്തം വീടാ എറണാകുളത്ത് തമ്മനത്ത്. ഇപ്പോ അങ്ങോട്ടേക്ക് പോവുകയാ’.
‘പിന്നെയൊന്നും ചോദിക്കേണ്ടി വന്നില്ല. അവര് പറഞ്ഞുകൊണ്ടേയിരുന്നു.
‘ഞാൻ വല്ലാത്തൊരു ദുഷ്​ടയാ ചേച്ചീ. ചേച്ചി പറഞ്ഞില്ലേ ആർക്കോ ഒരു കൊല്ലം കുത്തിയിരുന്ന് വസ്​ത്രങ്ങളുമായി പോവുകയാണെന്ന്. ഞാനെെൻ്റ പൂർണമായും തളർന്നുകിടക്കുന്ന അമ്മയെ വരെ തിരിഞ്ഞ് നോക്കാത്തവളാ. കെടപ്പിലായിട്ടിപ്പം ഒന്നൊന്നര കൊല്ലായി. അവ്ടെ ആങ്ങളയുടെ വീട്ടിലാണേ. അവനും കെട്ടിയോളും ജോലിക്കാരാ. അവര് രണ്ടാളും അമ്മയ്ക്കുള്ളതും കെടയ്കക്കടുത്ത് എടുത്തുവെച്ച് രാവിലെ എറങ്ങും. അമ്മ ഒറ്റയ്ക്ക് കെടയ്ക്ക്വാ ചെയ്യാ, രാവിലെ തൊട്ട് വൈകീട്ട് വരെ. പിന്നെ നമ്മളെങ്ങാനും അവിടെപ്പോയി നിക്കാന്ന് വെച്ചാ അവരെ രീതികളൊന്നും നമ്മക്ക് ഇഷ്​ടാവൂല. അവളധികം വെപ്പൊന്നുമില്ല, മൊത്തം പൊറത്ത് ന്നാ. നമുക്കൊന്നും ആവൂല എല്ലാ നേരോം ഹോട്ടൽ ഫുഡും തിന്ന് കെടക്കാൻ. ഒരിയ്ക്കെ പോയപ്പോ കുറച്ച് കഞ്ഞി വെച്ച്കുടിച്ചതിന് തന്നെ അവളുടെ ചാട്ടം കാണണ്ടതായിരുന്നു’, അപ്പോ അടുത്തിരുന്ന പെണ്ണ് പൊടുന്നനെ ചോദിച്ചു; ‘അപ്പോ കെടപ്പിലായ അമ്മയ്ക്കും ഹോട്ടൽഫുഡാണോ കൊടുക്കുന്നത്?’
‘ആദ്യമൊക്കെ ആയിരുന്നെന്നാ കൊച്ചേ തോന്നുന്നത്. ഈ പൊറേട്ടേം ബീഫും എല്ലാം. പിന്നെ ഞാനും അനിയത്തീം ആങ്ങളേനെ വിളിച്ച് പറഞ്ഞുപറഞ്ഞ് ഇപ്പോ അവൻ രാവിലെ എഴുന്നേറ്റ് അമ്മയ്ക്ക് വല്ല കഞ്ഞിയും ഉപ്പേരിയും ഒക്കെ വെച്ചിട്ടേ പോകൂ. എന്നാലും പെറ്റ തള്ള ഇങ്ങനെ കെടക്കുമ്പം… ’ അവരെന്നെ പിടിച്ചിരുന്ന കയ്യെടുത്ത് കണ്ണീരൊപ്പി.
‘എന്നാപ്പിന്നെ ചേച്ചിക്ക് അമ്മയെ വീട്ടിലേക്ക് കൊണ്ടുവന്നൂടെ?’
‘അതും ആങ്ങള സമ്മതിക്കൂല മോളേ, ഞാനെത്ര ചോദിച്ചതാന്നറിയോ. ബന്ധുക്കളൊക്കെ അറിഞ്ഞാ മോശം അല്ലേ ’ വീണ്ടും അൽപ്പം നിർത്തിയിട്ട്, ‘അല്ല, ഞാനിപ്പം എന്തിനാ പോകുന്നേന്നറിയുമോ. ഇന്ന് അവളുടെ വീട്ടിൽ എന്തോ ചടങ്ങുണ്ടവർക്ക്. അവര് കുടുംബത്തോടെ അമ്മയ്ക്കുള്ളതും എല്ലാം എടുത്തേച്ച് പോയിരിക്ക്യാ. ഈ സമയത്ത് ഞങ്ങളാരെങ്കിലും ചെല്ലുമോന്ന് അവനോ അവളോ വിചാരിക്കില്ല. എനിക്ക് അമ്മ ശരിക്കും ഏതവസ്ഥേലാ കെടക്കുന്നതെന്ന് ഒന്നറിയണം. എന്തോ ഭാഗ്യത്തിന്, കഴിഞ്ഞ തവണ വന്നപ്പോ എക്സ്​ട്രാ കീ ഞാനെടുത്ത് കൊണ്ടുവന്നത് അവനോ അവൾക്കോ അറിയില്ല. എനിക്കറിയണം എന്റെ അമ്മ സന്തോഷത്തോടെ അല്ലേ അവിടെ കെടക്കുന്നതെന്ന്. അല്ലെങ്കിൽപ്പിന്നെ കേസ്​ കൊടുത്തിട്ടാണെങ്കിലും ഞാൻ കൊണ്ടോരും എന്റെ അമ്മയെ. എന്നിട്ട് പൊന്നു പോലെ നോക്കുകേം ചെയ്യും’.
അവര് വീണ്ടും കണ്ണ്തുടച്ചു.
എന്നെ വയറ്റിലൂടെ പിടിച്ച് ഒന്നുകൂടി വയറ്റിലേക്കടുപ്പിച്ചു. എനിക്കും കണ്ണ് നിറഞ്ഞു.

കുറേനേരമായി പിടിച്ചുവെച്ച മൂത്രശങ്ക ഒരു തരത്തിലും നിയന്ത്രിക്കാനാവാതെ വന്നപ്പോഴാണ് ഞാനെഴുന്നേറ്റ് പോകാമെന്ന് തീരുമാനിച്ചത്. എഴുന്നേറ്റ് ആളുകൾക്കിടയിലൂടെ ഉന്തിത്തള്ളി പകുതി എത്തിയതേയുള്ളൂ. കണ്ണിലേക്ക് ഇരുട്ടുകയറി ആരുടേയോ മടിയിലേക്ക് മറിഞ്ഞു. എന്നെത്തന്നെ നോക്കിനിൽക്കുകയായിരുന്ന ചേച്ചി എങ്ങനെയൊക്കെയോ ഓടിവന്ന് ബാത്ത്റൂമിൽ കൊണ്ടുപോയി എന്നെ വീണ്ടും മടിയിലേക്ക് കൊണ്ടിരുത്തി ചെവിയിൽ മന്ത്രിച്ചു

‘ഈ അവസ്​ഥേല് മോള് അവിടെവരെ ഒറ്റയ്ക്ക് പോണ്ട. നമുക്കൊരു കാര്യം ചെയ്യാം. മോള് എന്റൊപ്പം പോര്. നമുക്ക് രാത്രി അവിടെ കിടന്നുറങ്ങി നാളെ രാവിലെ വെളുത്തിട്ട് കൊച്ചിനെ ഞാൻ റെയിൽവേ സ്റ്റേഷനില് കൊണ്ടുവിടാം. ഒന്നില്ലെങ്കിലും പകലല്ലേ. ഇരിക്കാനും സ്​ഥലം ണ്ടാകും. തൽക്കാലത്തേക്ക് അവിടെയെത്താൻ തല ചുറ്റലിന് വല്ല മരുന്നും വാങ്ങേം ചെയ്യാം’, ഞാനത് കേൾക്കാൻ കാത്തിരുന്നതുപോലെ ചേച്ചിയിലേക്ക് വീണ്ടുമൊട്ടി.

എറണാകുളത്തെത്തിയപ്പോ ചേച്ചിയാണ് വിളിച്ചുണർത്തിയത്. ഞങ്ങൾ മെല്ലെ പുറത്തേക്കുനടന്ന് ഒരു കോഫിയും സ്​നാക്ക്സുമെല്ലാം കഴിച്ചാണ് ഓട്ടോയിൽ കയറിയത്. കണ്ണടച്ചുതന്നെ പിടിച്ചിരുന്നു. അപ്പോഴും ചേച്ചി വഴി പറഞ്ഞുകൊടുക്കുന്നത് കേൾക്കാം. ഇടയ്ക്ക് വാട്ട്സ്​ ആപ്പെടുത്ത് നോക്കിയപ്പോ നിധിന്റെ ‘മിസ്സ് യൂ ’ മെസേജ് കണ്ടു. സ്വർഗ്ഗം കിട്ടിയത് പോലെയായി. അവനോട് കാര്യം പറയാമെന്നുതന്നെ തീരുമാനിച്ചു. വീടെത്തി. ചേച്ചി അപ്പുറത്തേക്കും ഇപ്പുറത്തേക്കുമൊക്കെ നോക്കിയിട്ട് വീട് തുറന്ന് അകത്തുകടന്ന് തപ്പിത്തടഞ്ഞ് ലൈറ്റുമിട്ടു.
‘അമ്മേ, അമ്മേ’, രണ്ടുമൂന്ന് തവണ വിളിച്ചു. ഞാൻ എന്തോ ചോദിക്കാൻ തുടങ്ങിയതാണ്. അപ്പോ ഒരു വൃദ്ധയായ സ്​ത്രീ ചിരിച്ചുകൊണ്ട് എഴുന്നേറ്റുവന്ന് മുന്നിലിരുന്നു. ഷോക്കേറ്റ പോലെ നിന്നിരുന്ന എന്നെയും നോക്കിക്കൊണ്ട് ചേച്ചി പോയി വാതിൽ പൂട്ടി.

തളർച്ചയോടെ നോക്കിനിൽക്കെ ചേച്ചി മറ്റൊരാളായി വന്നു.


ഷബ്ന മറിയം

കഥാകൃത്ത്, നോവലിസ്റ്റ്. കണ്ടന്റ് റൈറ്ററായും പ്രൊഫഷനൽ അവതാരകയായും ജോലി ചെയ്യുന്നു. ആദ്യ നോവൽ പിഗ്മെന്റ്. ഹവ്വ, ആയതി എന്നീ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments