ബിജു

ദ്രാവിഡ ശ്മശാനം

ബിജു

ന്റെ ബാല്യകാലസുഹൃത്തും ബന്ധുവുമായ ശിവദാസന്റെ സഹോദരിയുടെ മകൻ കോയമ്പത്തൂരുവച്ച് ടൂവീലറിൽ പോയിക്കൊണ്ടിരിക്കേ, പിന്നാലെ കമ്പി കയറ്റിവന്ന ലോറിയിടിച്ച് തൽക്ഷണം മരണപ്പെട്ട വിവരം വൈകുന്നേരം പാർട്ടി ഓഫീസിൽ ഒരു മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോഴാണ് ഞാനറിഞ്ഞത്. നാളെ ലീവ് കിട്ടാൻ പ്രയാസമായതുകൊണ്ട് കാവശ്ശേരിയിലുള്ള മരണ വീട്ടിലേക്ക് ഇന്നു രാത്രി തന്നെ പോയിവരാമെന്നും ശിവദാസനെ എങ്ങനെ കൊണ്ടു പോകുമെന്നുമുള്ള എന്റെ ആശങ്ക, വിവരമറിയിച്ച മറ്റൊരു ബന്ധു കൂടിയായ അനീഷിനോട് ഞാനപ്പോൾ തന്നെ പങ്കുവയ്ക്കുകയുമുണ്ടായി.

“ഞാനും അത് ആലോചിച്ചിരുന്നു’’, അവൻ പറഞ്ഞു.
‘പക്ഷേ …’
“അതെ. മരിച്ചത് അവന്റെ പെങ്ങളുടെ മകനാണ്. അവളുടെ ഭർത്താവാണെങ്കി മരണപ്പെട്ടിട്ട് രണ്ട് വർഷല്ലേ ആയുള്ളൂ. മകൾ ഈയടുത്ത് ഒരുത്തനോടൊപ്പം പോവുകയും ചെയ്തു. ആകെ ഉണ്ടായിരുന്ന ആൺതരിയാണ് ഇപ്പോൾ...” ഞാൻ നിറുത്തി. ഒന്നാലോചിച്ച്, തുടർന്നു; “അതുകൊണ്ട് രക്തബന്ധമുള്ള ഒരാളെങ്കിലും അവളോടൊപ്പം ഇപ്പോഴുണ്ടാകണം’’.
“അപ്പോൾ മാമനെ കൊണ്ടോണം. അല്ലേ”
“ഉം..”

ശിവദാസനെ കൊണ്ടുപോകാം എന്നു പറഞ്ഞെങ്കിലും അത് എത്ര എളുപ്പമുള്ള കാര്യമല്ലെന്നറിയാം. അമ്പതു കിലോമീറ്ററോളം ദൂരമുണ്ട് ഇവിടെ നിന്ന് കാവശ്ശേരിയിലേക്ക്. രണ്ടര മണിക്കൂറോളം വരും യാത്ര. അതൊക്കെ സഹിക്കാമെന്ന് വയ്ക്കാം. ശിവദാസിനെ കൊണ്ടു പോകുന്ന കാര്യമാണ് കഷ്ടം. അതിനെന്താണ് വഴി യെന്ന് ആലോചിച്ച് നിൽക്കേ; “കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണമെങ്കിൽ ചേട്ടൻ തന്നെ വരണം’’, അനീഷിന്റെ വാക്കുകളെത്തി.
“വേറെ ആര് പറഞ്ഞാലും മാമൻ കേൾക്കില്ല. അതുകൊണ്ട്, ചേട്ടൻ എത്രയും പെട്ടെന്ന് …”

അനീഷ് ഫോൺ വച്ചു. സഖാവ് ശിവരാമന്റെ വാക്കുകൾ മനസ്സിലേക്ക് കയറുന്നില്ല. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട മീറ്റിംഗാണ് നടന്നുകൊണ്ടിരിക്കുന്നത്. പക്ഷേ, ഇപ്പോഴിത് അതിലും വലിയ പ്രശ്നമായി മാറി. ശിവദാസനെ എങ്ങനെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കാം എന്നതിലായി പിന്നെ ആലോചന. ശിവദാസൻ ഇന്നേവരെ ഒരു മരണവീട്ടിലേക്കും പോയിട്ടില്ല എന്നുള്ളത് ആ കരക്കാർക്കൊക്കെ അറിയാവുന്ന കാര്യമാണ്. ഭയമാണ് പ്രശ്നം. നാട്ടിൽ ആരെങ്കിലും മരണപ്പെട്ടെന്നറിഞ്ഞാൽ പിന്നെ ശിവദാസന്റെ മട്ടു മാറും. പിന്നീട് ഒരാഴ്ചയോളം വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങാതാവും. മുറിക്കുള്ളിലിരുന്നുകൊണ്ട് വഴിയിലൂടെ പോകുന്നവരെ വെറുതെ നോക്കിയിരിക്കും. മരണപ്പെട്ട ആളുടെ സഞ്ചയനവും അടിയന്തിരവും കഴിഞ്ഞേ പിന്നെ വെളിയിലേക്കിറങ്ങൂ. ഇതിനൊക്കെ ചില കാരണങ്ങളുമുണ്ടെന്നുള്ളത് നേരുതന്നെ.

ചെറുപ്പത്തിൽ, ഞങ്ങൾ ശിവദാസനുൾപ്പെടെയുള്ള പിള്ളേർക്ക് പഴയ പള്ളിയുടെ സെമിത്തേരി സ്ഥിരം കളിസ്ഥലമായിരുന്നു. വൈവിദ്ധ്യമാർന്ന ഒട്ടേറെ കളികൾ ഞങ്ങളന്ന് കളിച്ചിട്ടുണ്ട്. ഇന്നത്തെ കുട്ടികൾക്ക് അതൊക്കെ പറഞ്ഞാൽ മനസിലാകുമോന്നറിയില്ല. ഓടിപ്രാന്തി, കോട്ടകളി എന്നീ കളികൾ അന്ന് വളരെ പ്രധാനപ്പെട്ടവയാണ്. ഒളിച്ചുകളിയും ഉണ്ടാകും. പലപ്പോഴും കല്ലറകൾക്കിടയിലാണ് ഞങ്ങളന്ന് ഒളിക്കുക. കുട്ടൻ അന്നും ഇന്നും വികൃതികളൊപ്പിക്കുന്നവനാണ്. അവൻ ഞങ്ങള പേടിപിടിപ്പിക്കാൻ നോക്കും. ഒളിച്ചിരുന്നപ്പോൾ കല്ലറക്കുള്ളിൽ നിന്നും പ്ലാശുമ്മലെ വർക്ക്യച്ചന്റെ കൂർക്കംവലി കേട്ടൂന്ന് ഒരിക്കൽ പറഞ്ഞു. ഞങ്ങളന്ന് സ്വപ്നത്തിൽ വർക്ക്യച്ചന്റെ കൂർക്കംവലി കേട്ട് ഞെട്ടിയുണർന്നു. ചിലർ പേടി കൊണ്ട് അന്ന് ഉറങ്ങാതെയുമിരുന്നു.

മിക്കവാറും ദിവസങ്ങളിൽ കോട്ടയാവും കളിക്കുക. സെമിത്തേരിക്ക് പുറകിലുള്ള മച്ചു മുരടിച്ച രണ്ടു തെങ്ങു കളാണ് കോട്ടകളാവുക. അങ്ങനെയുള്ള ഒരു ദിവസം, കളി തീരാൻ ഏറെ വൈകിയപ്പോൾ, മുരളിയും വിനുവും, കൂടെ ഞാനും ചേർന്ന് ശിവദാസനെ ഒന്ന് പേടിപ്പിക്കാൻ തീരുമാനിച്ചു. കൂട്ടത്തിൽ ശിവദാസനാണ് അല്പം പേടിയും മറ്റ് പ്രത്യേകതകളുമൊക്കെയുള്ളത്. സെമിത്തേരിയുടെ പുറകിലുള്ള ചെരിഞ്ഞ നീളൻപറമ്പ് മുഴുവൻ ഇരുൾ പരന്നു കഴിഞ്ഞിരുന്നു. പഴയ പള്ളിയുടെ മുന്നിൽ നനഞ്ഞ വെട്ടത്തിൽ ഒരു ബൾബ് മാത്രം പ്രകാശിക്കുന്നുണ്ട്. കയ്യും കാലും കഴുകാൻ പോയ ശിവദാസൻ വരും മുൻപ് സെമിത്തേരിക്ക് പുറത്തേക്ക് കടക്കുന്ന ഇരുമ്പുവാതിൽ മുരളിയും കുട്ടനും കൂടി അടച്ചു കുറ്റിയിട്ടു. വിനുവും ഞാനും മറ്റുള്ളവരേയും കൊണ്ട് പള്ളിപ്പറമ്പ് കടക്കുമ്പോഴേക്കും അവർ ഓടിക്കിതച്ചെത്തി. വിനുവിനും എനിക്കും മറ്റുള്ളവരെ പള്ളിപ്പറമ്പ് കടത്താനായിരുന്നു ചുമതല.

പറമ്പിന്റെ പടിഞ്ഞാറേ അതിരിൽ വലിയ പൊക്കമാണ്. അവിടെ നിന്ന് പിന്നിലേക്ക് നോക്കിയ ഞങ്ങൾക്ക് പേടിയായി. ശിവദാസൻ പേടിച്ച് വിറങ്ങലിച്ച് ഉറക്കെ കരയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ഞങ്ങൾ ഓടി വീടുകളിൽ അണഞ്ഞു. വീട്ടിലെത്തി മുരളിയാണ് അച്ഛനോട് വിവരങ്ങൾ പറഞ്ഞത്. ഞങ്ങൾക്ക് ഒരു അബദ്ധം പറ്റിയെന്ന്... കൃഷ്ണൻ മുറ്റത്ത് ഉണങ്ങി പോളച്ചു കിടന്ന കവണമ്പട്ട കുനിഞ്ഞെടുത്തു. തല്ലാനാണ് അച്ഛനൊരുങ്ങുന്നതെന്ന് കണ്ട മുരളി കരഞ്ഞ് ഓടാൻ തുടങ്ങി.. ഇങ്ങു വാടാന്ന് പറഞ്ഞ് കവണമ്പട്ടയുമായി കൃഷ്ണൻ മുരളിയുടെ പിന്നാലെ ചെന്നു. മുരളിയുടെ പുറത്തും കാലിലും മാറിമാറിത്തല്ലി. പിന്നെ നേരെ പള്ളിപ്പറമ്പിലേക്ക് ഓടി. ഓട്ടം കണ്ട് കവലയിലുണ്ടായിരുന്നവരും വിവരമന്വേഷിച്ച് പിന്നാലെ ചെന്നു. സെമിത്തേരിയുടെ ഇരുമ്പുവാതിലിനു സമീപമെത്തിയ കൃഷ്ണൻ കുറ്റി തള്ളിത്തുറന്ന് സെമിത്തേരിയിലേക്ക് എടുത്തുചാടി. വായിൽ നുരയും പതയും വന്ന് ബോധമില്ലാതെ തറയിൽ മലർന്നുകിടന്ന ശിവദാസിനെ പൊക്കിയെടുത്ത് ബീരാൻ ഡോക്ടറുടെ വീട്ടിലേക്ക് കൃഷ്ണനോടി.

ഞങ്ങളുടെ ബാല്യകാലം അങ്ങേയറ്റം രസകരമായിരുന്നു. അന്നവിടെ പാറമടയുള്ള കാലമായിരുന്നു. പാറപൊട്ടിക്കാനും മറ്റും ധാരാളം തൊഴിലാളികൾ വന്നിരുന്ന കാലം. പതിവായി കോട്ടപ്പുറത്തേക്ക് പോകുന്ന അവസാന ലോറിയിലാണ് അന്ന് എല്ലാവരും കൊടുങ്ങല്ലൂർക്ക് സിനിമയ്ക്ക് പോകാറുള്ളത്. ശിവദാസന് സിനിമ വലിയ ഇഷ്ടമായിരുന്നു. കുറച്ചുനാളത്തെ ഇടവേളക്കുശേഷം പിണക്കമൊക്കെ മാറി ശിവദാസൻ വീണ്ടും ഞങ്ങളോടൊപ്പം കൂടി. ലോറിയിൽ ലോഡുണ്ടെങ്കിലും ഞങ്ങളെല്ലാവരും ലോറിയുടെ പുറകിൽ കയറും. കോട്ടപ്പുറത്തെ ഔസേപ്പ് മാപ്പിളയാണ് ലോറിക്കാരൻ. സിനിമക്ക് പോകുന്നുണ്ടെന്നറിഞ്ഞാൽ ശിവദാസനാണ് ആദ്യം വരിക. പണമുണ്ടാക്കേണ്ട ചുമതല സലാമിനാണ്. ഞങ്ങളെ വൈകീട്ട് മടയിൽ കണ്ടാൽ മടനടത്തിപ്പുകാരൻ കുഞ്ഞുമോൻ ചൂടാകും. കാശിന്റെ ഇടപാട് തീർക്കുന്നതിനിടയിൽ കുഞ്ഞുമോനോട് മാപ്പിള പറയും. “പിള്ളേരല്ലേ.. കയറിക്കോട്ടെ കുഞ്ഞോനെ…”
“നിങ്ങൾ ഈ പിള്ളേരെ ചീത്ത്യാക്കും..” തിരിച്ചൊരു താക്കീത് കുഞ്ഞുമോനും നൽകും.

ഒരു ദിവസം സലാമ് വരാൻ വൈകി. ദിവസവും നാലു മണിക്ക് തിരിച്ചു പോകാറുള്ള ഔസേപ്പ് മാപ്പിള സലാമിന് വേണ്ടി കാത്തുനിന്ന് കാത്തുനിന്ന് നേരം ഇരുട്ടി. അറുപത് വയസ്സ് പിന്നിട്ട ഔസേപ്പ് തലയിലെ വെളുത്തകുറ്റിരോമങ്ങളെ തലോടി ലോറിയിൽ നിന്ന് തലപ്പുറത്തേക്കിട്ട് അലറി.
“എവിട്റാ ആ മരപ്പട്ടി.. ഷാപ്പ് പൂട്ടണേന് മുമ്പ് കോളനീലെത്തണം. ആ മുതലാളിച്ചി പണ്ടാരം ഗെയ്റ്റിന് മുമ്പില്ണ്ടാവും..”
ഞങ്ങള് വണ്ടിയുടെ മുമ്പിൽ നിന്ന് കെഞ്ചി.
“ഇപ്പോ വരും ചേട്ടാ അഞ്ച് മിനിറ്റ്..”

സിനിമയ്ക്ക് പോകാൻ തീരുമാനിച്ചാൽ സലാമ് കണ്ണെത്താ ദൂരത്തോളം പരന്ന് കെടക്കണ തറവാട്ടു പറമ്പിലേക്കിറങ്ങും. അവിടെ നിറയെ കായ്ച്ച് നിക്കണ തെങ്ങുകളാണ്. തെങ്ങുകയറ്റത്തിന് തളപ്പില്ലാതെ കേറാൻ ഡിപ്ലോമ നേടിയ സലാമിന് ആവശ്യമുള്ള തേങ്ങ പറിച്ചിടാൻ അല്പ നേരം മതി. സെയ്ദ് മുഹമ്മദിന്റെ പലചരക്ക് കടയിൽ തേങ്ങയും കൊടുത്ത് കാശുമായിട്ടാണ് സലാമ് സിനിമയ്ക്ക് വരിക.

ഔസേപ്പ് മാപ്പിള കാവനാട്ടമ്മ എന്ന് പേരുള്ള തൊണ്ണൂറു വയസ്സു പിന്നിട്ട കപ്പലു പോലുള്ള വണ്ടി സ്റ്റാർട്ട് ചെയ്തു. കറുത്ത പുക പിന്നിലൂടെ ചീറ്റച്ചപ്പോഴേക്കും സലാമ് പണ്ടം കലങ്ങി ഓടിയെത്തി. എന്താടാ വൈകിയേന്ന് മുരളി ചോദിച്ചെങ്കിലും കയറെന്ന് പറഞ്ഞ് സലാമ് വണ്ടിയിൽ അള്ളിപിടിച്ച് കയറി. കൂടെ ഞങ്ങളും. വലിയ പാറക്കല്ലുകൾക്ക് മുകളിലിരുന്നാണ് സലാം നേരം വൈകിയ കഥ പറഞ്ഞത്.

പതിവുപോലെ തളിപ്പിലാണ്ട് തെങ്ങിന്റെ മോളിലേക്ക് വലിഞ്ഞു കയറിയ സലാമ് തേങ്ങ ഇടുന്നതിനു മുമ്പാണ് ‘ശ്റൂ..’ എന്ന ശബ്ദം താഴേന്ന് കേട്ടത്. താഴേക്ക് നോക്കിയ സലാം ഞെട്ടിപ്പോയി. മുത്താപ്പ ഹൈദ്രോസ് മുണ്ട് പൊക്കി തെങ്ങിന്റെ ചോട്ടിൽ വന്ന് തൂറാനിരിക്കുന്നു. സലാം തെങ്ങിന്റെ മണ്ടയിലേക്ക് ശബ്ദമുണ്ടാക്കാതെ കയറിയിരുന്നു. മൂത്താപ്പ പെട്ടെന്നൊന്നും പോകാനിടയില്ലാന്ന് കണ്ട സലാമ് ഒരു മച്ചില് പിരിച്ചെടുത്ത് താഴേക്കെറിഞ്ഞു. കുന്തുകാലിൽ തൂറാനിരുന്ന മൂത്താപ്പേടെ പെരടീമ്മെ തൊട്ടു തൊട്ടില്ല എന്ന വിധമാണ് മച്ചില് വന്ന് വീണത്. ഇരുന്ന ഇരിപ്പിൽ മച്ചില് കയ്യെത്തിച്ചെടുത്ത മൂത്താപ്പ അതിന്റെ കുഞ്ചിയിലേക്ക് കൊണ്ട് പറഞ്ഞു, “എലിക്കുത്തുണ്ട്...”
പിന്നെ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ മുണ്ടെറക്കിയിട്ട് നടന്നുപോയി.

അതാ ഇത്ര വൈകിയതെന്ന സലാമിന്റെ വാക്കുകൾ കേട്ട് ഞങ്ങൾ ഉച്ചത്തിൽ ചിരിച്ചാർത്തത് ഔസേപ്പ് മാപ്ലയുടെ കപ്പലു വണ്ടിയുടെ കറകറാ ശബ്ദം മുക്കികളഞ്ഞു.

സെക്കൻഡ് ഷോ കഴിഞ്ഞ് ഞങ്ങൾ ചിലപ്പോൾ നടക്കും, അല്ലെങ്കിൽ കോട്ടപ്പുറം ചന്തയിൽ പച്ചക്കറി ലോഡെറക്കി തിരിച്ചുപോണ പാണ്ടിലോറികളിൽ തിരിച്ചുപോരും. വെള്ളാങ്കല്ലൂരിൽ തിരിച്ചിറങ്ങുന്ന ഞങ്ങളിൽ നിന്നും കാശ് വാങ്ങാൻ വണ്ടിയുടെ കിളി ഇറങ്ങി വരുമ്പോഴേക്കും ഞങ്ങള് ലോറിയിൽ നിന്നിറങ്ങി ഇരുണ്ട പറമ്പിലേക്ക് ഓടിയിട്ടുണ്ടാകും. കിളിയുടെ പ്രാക്ക് കേട്ട് ഞങ്ങള് ചിരിക്കും. “പണ്ടാരങ്ങള്...”

വണ്ടി കിട്ടാതെ വരുമ്പോഴാണ് ഞങ്ങളുടെ തനിനിറം കാണുക. കൊടുങ്ങല്ലൂര് നിന്ന് ഞങ്ങൾ നടക്കും. പുല്ലൂറ്റെത്തുമ്പോ റോഡിന്റെ പടിഞ്ഞാറ് പൊക്കം കുറഞ്ഞ തെങ്ങുകളുണ്ട്. തെങ്ങിമേലുള്ള കരിക്കെല്ലാം പറിക്കും. തെങ്ങിൻ ശിവദാസനും വലിഞ്ഞ് കേറും. പാലത്തിന്റെ കൈവരിമ്മെ തേങ്ങ കുത്തിപ്പൊട്ടിക്കും. വെള്ളവും കാമ്പും നടന്ന് തിന്നും. കൊടുക്കാപറമ്പ് അമ്പലം എത്തുമ്പോൾ റോഡരികിലുള്ള പറമ്പിൽ നിറയെ കൊള്ളികൾ കാലായി നിൽക്കുന്നത് കാണാം. അടുത്ത ഊഴം അവിടേക്കാണ്. കൊള്ളിവാരത്തേക്ക് ഞങ്ങള് കൂട്ടമായി ഇറങ്ങും. എത്ര കട പറിച്ചൂന്ന് നോക്കില്ല. വയറു നിറച്ച് പച്ച കൊള്ളിയും തിന്നിട്ടാണ് ഞങ്ങൾ വീടെത്തുക. അപ്പോഴേക്കും നേരം വെളുത്തിട്ടുണ്ടാകും. ശിവദാസന്റെയും ഞങ്ങളുടേയും ബാല്യകാലം ഇങ്ങനെയൊക്കെ ഏറെ സംഭവബഹുലമായിരുന്നു.

സലാമാണ് ശിവദാസന്റെ ഉറ്റ ചങ്ങാതി. ശിവദാസന്റെ അച്ഛൻ മരിച്ച അന്നാണ് ശിവദാസനിൽ ചില മാറ്റങ്ങൾ ഞങ്ങൾ ആദ്യമായി കാണുന്നത്. ഞങ്ങൾക്കന്ന് പത്തിരുപത് വയസ്സ് പ്രയം കാണും.

അച്ഛൻ മരിച്ചു എന്നറിഞ്ഞ നിമിഷം ശിവദാസൻ വീടിനു പുറത്തു കടന്നു. എങ്ങോട്ടെന്നില്ലാതെ നടന്നിട്ടൊടുവിൽ കവലയിലെ കലുങ്കിൽ പോയിരുന്നു. ശിവദാസനെ വിളിക്കാൻ പുറപ്പെട്ടത് സലാമായിരുന്നു. സലാം ചെല്ലുമ്പോൾ ശിവദാസന്റെ ചുറ്റുവട്ടത്തായി കുറച്ചുപേർ നില്പുണ്ട്. അവർ ഒരത്ഭുത ജീവിയെ കാണും പോലെ ശിവദാസിനെ നോക്കി നിൽക്കുകയാണ്. സലാമ് ശിവദാസിന്റെ അരികിലെത്തി. “നീയെന്തേ ഇവിടെ ഇരിക്കണെ..?” എന്ന് സലാമ് ചോദിച്ചു.
“അച്ഛൻ മരിച്ചു. ഇനിയങ്ങോട്ട് പോകാനൊക്കില്ല’’, ശിവദാസൻ പറഞ്ഞു.
“ അത് നിന്റെ അച്ഛനല്ലേ...?” സലാമു അല്പം ശബ്ദമുയർത്തി ചോദിച്ചു.
“അല്ല. അച്ഛൻ മരിച്ചു. ഇപ്പോഴത് ശവമാണ്. ശവത്തെ എനിക്ക് പേടിയാണ്’’.
ശിവദാസൻ പറഞ്ഞു തീർന്നതും സലാമ് കൈമടക്കി വലതുകവിളിലൊന്നു കൊടുക്കുകയും ചെയ്തു. അടിയുടെ പ്രഹരത്തിൽ ശിവദാസൻ കലിങ്കിൽ നിന്ന് വീണു. വീണ്ടും തല്ലാനോങ്ങിയ സലാമിനെ കൂടി നിന്നവർ തടുത്തു. സലാമ് ഉറക്കെ ശിവദാസനെ വഴക്കുപറഞ്ഞു, “ആറാം പെറന്ന പന്നി. തന്ത ചത്ത് കിടക്കുമ്പോൾ പെരക്ക് പുറത്തിറങ്ങി നിൽക്കുന്നോടാ..”

സലാമിനെ ആളുകൾ പിടിച്ചു കൊണ്ടുപോയി. ശവമെടുക്കാറായപ്പോൾ മൂന്നാല് പേര് വന്ന് ശിവദാസനെ എടുത്തു. എന്നിട്ട് അച്ഛന്റെ മുന്നിൽ കൊണ്ട് ചെന്ന് നിറുത്തി. ശിവദാസിന്റെ മുഖത്ത് മയില് പീലി വിടർത്തുന്നതുപോലെ വിരിഞ്ഞു വന്ന ഭാവങ്ങൾ കണ്ട് നാട്ടുകാര് അമ്പരന്നു.

ശിവരാമൻ സഖാവിന്റെ പ്രസംഗം തീർന്നിരുന്നില്ല. ആരോടും ഒന്നും പറയാതെ ഗോവണിയിറങ്ങി സ്കൂട്ടറുമെടുത്ത് നേരെ ശിവദാസിന്റെ വീട്ടിലേക്ക് ചെന്നു.

എനിക്ക് നേരത്തെ ഫോൺ ചെയത അനീഷും അവന്റെ സഹോദരനും അവിടെയുണ്ടായിരുന്നു. അവനോട് വിശേഷങ്ങൾ ബോധിപ്പിച്ചോ എന്ന എന്റെ നോട്ടത്തിന് ഇളയവൻ തലയാട്ടി. ശിവദാസൻ ഞാൻ വന്നതറിഞ്ഞിട്ടും മുഖമുയർത്തി നോക്കാതെ തറയിലേക്ക് നോക്കിയിരിപ്പാണ്. വണ്ടി പറഞ്ഞോ എന്ന് ഞാൻ ചോദിച്ചതിന് ഇപ്പോഴെത്തും എന്ന് മൂത്തവനാണ് മറുപടി നൽകിയത്. ദാസൻ പോരുന്നുണ്ടോ എന്ന് കണ്ണുകൊണ്ട് തിരക്കിയപ്പോൾ ഉണ്ടെന്ന് അവർ തലയാട്ടിയപ്പോഴാണ് സമാധാനമായത്. എങ്ങനെ ഇത് ഒപ്പിച്ചെടുത്തു എന്ന് എന്റെ കുസൃതി നിറഞ്ഞ നോട്ടത്തിന് മറുപടിയെന്നോണം അവർക്ക് ചിരിക്കാതിരിക്കാനായില്ല.

ഡ്രൈവർ വേലായേട്ടന്റെ ടാക്സിയുടെ വെളിച്ചം മുഖത്ത് തട്ടി. ഞങ്ങൾ നാലുപേരും കാറിനടുത്തേക്ക് നടന്നു. കാറിലിരുന്നുകൊണ്ട് ശിവദാസൻ പറഞ്ഞു, “അവിടെ ചെന്നാൽ ഞാൻ കാറിൽ നിന്നും ഇറങ്ങില്ല. മരണവീട്ടിൽ ഞാൻ പോകാറില്ലെന്ന് നിങ്ങൾക്കറിയാല്ലോ. അവനെന്നെ കൊല്ലാൻ നടന്നവനല്ലേ...”

ആരും ഒന്നും മിണ്ടിയില്ല ഡ്രൈവർ വേലായേട്ടന്റെ വലതുകാൽ ആക്സിലേറ്ററിൽ അമരുന്നത് വെറുത നോക്കിയിരുന്നു.

“എത്ര തവണയാ അവനെന്നെ കൊല്ലാൻ വന്നതെന്ന് അറിയോ. ഭാഗ്യം കൊണ്ടാ ഞാൻ രക്ഷപ്പെട്ടത്’’, ശിവദാസൻ ആരോടെന്നില്ലാതെ പറഞ്ഞു.
“നിന്നെ എന്തിനാ അവൻ കൊല്ലാൻ വരുന്നത്.?” എന്റെ ചോദ്യം കേട്ടപ്പോൾ അവനുത്സാഹമായി.
“സ്വത്തു തട്ടിയെടുക്കാൻ. എനിക്ക് പെണ്ണും പെടക്കോഴിയും ഇല്ലല്ലോ. അമ്മാവനെ കൊന്നാൽ പിന്നെ അവരല്ലേ അവകാശികൾ’’.
“നിനക്കെന്താ പെണ്ണും പെടക്കോഴിം വേണ്ടാതായത് …?”
ഒരു നേരം പോക്ക് തോന്നി ചോദിച്ചതാണ്.
“പെണ്ണ് കെട്ടണമെങ്കിൽ നദിയ മൊയ്തൂനെ പോലുള്ള പെണ്ണുവേണം’’, ശിവദാസൻ പറഞ്ഞു.
വളരെ മുൻപ് തന്നെ അവൻ മനസ്സിൽ ഉറപ്പിച്ച ആഗ്രഹമാണത്.
“അവർക്ക് നിന്നേക്കാൾ പ്രായം വളരെ കുറവല്ലേ. ഒന്ന് മാറ്റി പിടിയെടാ’’, പതിയെ ഒന്ന് വലിച്ചുവിട്ടു.
“ഇല്ല. നദിയാ മൊയ്തൂന്റെ പോലത്തെ ഒരു പെണ്ണ് വേറെ ഉണ്ടായിട്ടില്ല’’, അവൻ ഉറച്ചുനിന്നു.
“ദാ ഇതാണ് നിന്റെ കുഴപ്പം. പിന്ന പെണ്ണിനെ അന്വേഷിച്ച് നടന്നാ പെണ്ണ് കിട്ടോ. നദിയാ മൊയ്തുവിനെ തന്നെ കിട്ടണം എന്ന് പറഞ്ഞാ നടപ്പുള്ള കാര്യാണോ’’, ഞാനവനെ കളിയാക്കി.
അല്പം കഴിഞ്ഞ്, “നീ ഭക്ഷണം വല്ലതും കഴിച്ചോ..?” ഉള്ളിൽ നിന്ന് തീയാളുന്നതറിഞ്ഞ് ഞാൻ ചോദിച്ചു.
ഒന്നും വേണ്ടെന്നവൻ പറഞ്ഞു. നല്ല സ്പീഡിലാണ് കാർ ഓടിക്കൊണ്ടിരുന്നത്. വിശപ്പു കൊണ്ടാകാം ഞാൻ പെട്ടെന്ന് മയക്കത്തിലേക്ക് വഴുതിവീണത്.

ആരോ ശക്തിയായി തോളിൽ പിടിച്ച് കുലുക്കുന്നു എന്നറിഞ്ഞപ്പോഴാണ് കണ്ണു തുറന്നത്. മരണവീട്ടിലെത്തി. ഹരിതാഭമായ പാലക്കാടിന്റെ ഉൾഗ്രാമം. റോഡരികിൽ ഒരു അരയാലുണ്ട്. തെരുവു വിളക്കിന്റെ പ്രകാശത്താൽ അത്രയേ കാണാനൊത്തുള്ളൂ.

പാലക്കാടൻ ചായ തോന്നിച്ച, ഷർട്ടിടാതെ കൈലിമുണ്ട് മാത്രം ധരിച്ച, താടിയും മുടിയും വളർന്ന് മുറുക്കിച്ചുവപ്പിച്ച ചുണ്ടുമായി രണ്ട് പേർ അടുത്തേക്ക് വന്നു. വീടിന്റെ ഇറയത്ത് നാലഞ്ചു പേർ ഇരിപ്പുണ്ട്. ഞാൻ വാച്ചിൽ നോക്കി. പതിനൊന്നര. ആളുകളൊക്കെ ഉറക്കം പിടിച്ചു കിടപ്പായിട്ടുണ്ടാകും.
“ആരാണ്? മനസിലായില്ല...?” അവരിലൊരാൾ ചോദിച്ചു.
“തൃശ്ശൂരിന്നാണ്’’.
“അവളുടെ ആങ്ങള വന്നിട്ടുണ്ടോ.?”
“ഉവ്വ്”
“എവിടെ?”
“കാറിലുണ്ട്”
“വിളിക്ക്”
കാറിനടുത്തേക്ക് നീങ്ങിയ ആളെ ഞാൻ തടഞ്ഞു, “അത് വേണ്ട”
“അവളെ കാണാനല്ലേ വന്നത്..? അവന്റെ പെങ്ങളല്ലേ അകത്തിരിക്കുന്നത്…?”
“ഒക്കെ ശരിയാണ്” സമ്മതിക്കാതെ തരമില്ലല്ലോ.
“പക്ഷേ, ഒരു പ്രശ്നമുണ്ട്. മരണവീട്ടിലേക്ക് കയറിയാൽ അവന്റെ സമനില തെറ്റും. അത് അവന്റെ രോഗമാണ്’’.
“കാര്യമൊക്കെ ശരി. ബോഡി കൊണ്ടരാൻ നിങ്ങ നാളെ പോണം’’.
“ക്ഷമിക്കണം. ഇച്ചിരി ബുദ്ധിമുട്ടുണ്ട്. നാളെ പിടിപ്പതു പണിയാണ്. ഇന്നു തന്നെ തിരിച്ചു പോണം’’.
“നടക്കില്ല.. മോർച്ചറിന്ന് ബോഡി കിട്ടണെങ്കിൽ ബന്ധുക്കള് വേണം’’.

അവര് പറയുന്നതിൽ ന്യായമുണ്ട്. ഈ അവസ്ഥയിൽ ഉറ്റവരെന്ന് പറയുന്ന ഞങ്ങൾ തിരിച്ചു പോരുന്നത് മര്യാദകേടാണ്. ഇന്നത്തെ രാത്രി ഇവിടെ തങ്ങാതെ തരമില്ല. കാർ ഡ്രൈവറെ പറഞ്ഞുവിടണം. ശിവദാസിനെ എവിടെയിരുത്തും എന്ന് ആലോചിച്ചു. അത് അവരുമായി പങ്കുവെച്ചപ്പോൾ അവര് പറഞ്ഞു, അതിനു വഴിയുണ്ടെന്ന്. അവർ പരസ്പരം മുഖത്തോട് മുഖം നോക്കിക്കൊണ്ട് ഒരു പോംവഴി പറഞ്ഞു.
“അതാവുമ്പോ അവന്റെ പേടീം മാറിക്കിട്ടും”, കൂടെയുള്ള ആളിന്റെ വെള്ള പല്ല് പുറത്തുവന്നു. അയാൾ ചിരിക്കുകയാണ്. വേലായുധേട്ടനോട് വിവരങ്ങൾ പറഞ്ഞു. കുറച്ചു കാശും കൊടുത്തു. ബാക്കി അവിടെ വന്നിട്ട് തരാമെന്ന് പറഞ്ഞു. ശിവദാസിനെ കാറിൽ നിന്ന് ഇറക്കി. അരയാലും കഴിഞ്ഞ് അകലേക്ക് അവർ നടത്തിക്കൊണ്ടുപോയി.

“മോനേ... എന്നെ നിനക്ക് ഓർമ്മയുണ്ടോ..?” ശിവദാസന്റെ വലതുവശം ചേർന്ന് നടന്ന ആൾ ചോദിച്ചു.
“ഞാൻ നിന്റെ അളിയന്റെ വല്യച്ചൻ ആണ്. നിനക്കെന്താ പറ്റീത് മോനേ..?”

ശിവദാസൻ ഒന്നും മിണ്ടിയില്ല. രണ്ടു പോലീസുകാർക്കിടയിൽ നടക്കുന്ന തടവുപുള്ളിയെ പോലെ ഇരുളിലൂടെ നടക്കുക മാത്രം ചെയ്തു. കുറച്ചു ദൂരം നടന്ന അവർ ഒരു കൊച്ചു വീടിന്റെ മുന്നിലെത്തി. കൂടെ വന്നവർ ചെറുചേരിയോടെ അകത്തുള്ള ആളെ വിളിച്ചു, “ചിന്നമ്മോ...?”
ഒന്നുകൂടി അവർ നീട്ടി വിളിച്ചു. അകത്ത് വെളിച്ചം വന്നു. ഉമ്മറത്ത് വെളിച്ചമിടാതെ ചിന്നമ്മ വാതിൽ തുറന്നു, “ആരടാദ്.. ഈ നട്ടപാതിരക്ക്..?”
“ഞങ്ങളാണേ.. ഒരു ഉപകാരം ചെയ്യണം. മരിച്ച വീട്ടിൽ വന്നവനാ. ജയയുടെ ആങ്ങളയാ. പേടി കൊണ്ട് അവിടെ കിടക്കാമ്പറ്റണില്ല. ഇവിടാവുമ്പൊ ഇവന്റെ പേടീം മാറല്ലോ..” മഞ്ഞപ്പല്ല് വെളീക്കാട്ടി അയാൾ ചിരിച്ചു.
“പ്രായം കൊറേ ആയല്ലോടാ. എന്നിട്ടും പേടി പോയില്ലേ.. ഉം.. കേറി വാ..”
“കേറിക്കോടാ. വെളുക്കുമ്പം ആരേലും വരും’’.

ശിവദാസൻ വീടിനുള്ളിലേക്ക് കയറി. ചിന്നമ്മ മുറുക്കാൻ പാത്രത്തിന് അടുത്ത് വന്നിരുന്നു. പാത്രം തുറന്നു ഒരു മുഴോൻ വെറ്റിലയെടുത്ത് തല നുള്ളി കറുപ്പഴകാർന്ന തലയിൽ തേച്ചുകൊണ്ട് ശിവദാസിനെ ആപാദചൂഡം നോക്കി. പിന്നെ വെറ്റിലയിൽ ചുണ്ണാമ്പു തേച്ച് അടക്കയുമിട്ട് വായിലേക്ക് വച്ചു. ഒരു നീളം പൊകല വിരലുകൊണ്ട് അറുത്തെടുത്ത് അതും വായിലാക്കി. ചിന്നമ്മേടെ വാ ചുമക്കാൻ തുടങ്ങി. ഓട്ടുകോളമ്പി അരികിലേക്കെടുത്ത് ചിന്നമ്മ ചോദിച്ചു. നിനക്കെത്ര വയസ്സായി..?”
“അമ്പത്തെട്ട്’’.
“ന്റെ ഭഗവാനേ.. ന്നിട്ടും പേടിയോ..?”
“ആട്ടെ എനിക്ക് എത്ര വയസ്സായിന്ന് പറയാവോ..?”
“ നാല്പത്തി…”
“പോരട്ടെ, നീ ആള് മോശില്ലല്ലോ”
“നാല്പത്തെട്ട്”
“എന്നാപ്പിന്നെ നാല്പതു കാര്യാവാം ഞാൻ”

ചിന്നമ്മ എണീറ്റു. ജാക്കറ്റും മുണ്ടും മാത്രമാണ് അവർ ധരിച്ചിരുന്നത്. ഈ പ്രായത്തിലും അവരെ കാണാൻ നല്ല ചേലാണ്. ചിന്നമ്മ ജാക്കറ്റ് അഴിക്കാൻ തുടങ്ങി. ശിവദാസൻ അതുകണ്ട് മുഖം തിരിച്ചു.
“നിങ്ങളെന്താണി കാണിക്കുന്നത്..?” ശിവദാസൻ ചോദിച്ചു.

ചിന്നമ്മ ജാക്കറ്റ് മുഴുവനായിട്ടും ഊരി. മുഴുത്ത മാറിടങ്ങൾ ജമ്പറിനുള്ളിൽ തിങ്ങിനിറഞ്ഞു. അവൻ കട്ടിലിലേക്ക് മറിഞ്ഞ് പുതപ്പു വലിച്ചിട്ട് ശരീരമാസകലം മൂടി. ചിന്നമ്മ ലൈറ്റ് ഓഫ് ചെയ്തു. അവരുടെ തടിച്ച ശരീരം കട്ടിലിലേക്കമർന്നു. അവർ ശിവദാസിന്റെ പുതപ്പു വലിച്ചു മാറ്റി. ചൂടുള്ള അവരുടെ നിശ്വാസം ശിവദാസന്റെ മുഖത്തു തട്ടി. അവരുടെ കൈകൾ ബലമായി ശിവദാസനെ വരിഞ്ഞു.

ശിവദാസൻ പിടഞ്ഞു. ഞെളിപിരികൊണ്ടു. കൈകാലിട്ടടിച്ചിട്ടും രക്ഷപ്പെടാമെന്ന മട്ടില്ലാതായി. ഒടുവിൽ സർവ്വശക്തിയുമെടുക്കേണ്ടി വന്നു. ഇരു കൈകളിലും പരമാവധി ബലം കൊടുത്ത് ചിന്നമ്മയെ ഒറ്റ തള്ളു തള്ളി. കട്ടിലിൽ നിന്ന് പിടഞ്ഞെണീറ്റ് വാതിലിന്റെ ഓടാമ്പലു നീക്കി പുറത്തുകടന്നു. ചിന്നമ്മ കോപം കൊണ്ടല്ലറി. അഴിഞ്ഞ ഉടുമുണ്ട് ചുറ്റുന്നതിനിടയിൽ അവർ അമറി, “പുണ്ടാച്ചിമോൻ’’, അവർ വാതിൽ കൊട്ടിയടച്ചു.

റോഡിന്റെ അങ്ങകലെ തിരുവിളക്കിന്റെ വെളിച്ചം കണ്ടു. വിളക്കിന്റെ മങ്ങിയ വെളിച്ചം റോഡിലേക്ക് വീണ് ഇടക്കിടെ പ്രതിഫലിച്ചു കിടന്നത് ഒരു രേഖാചിത്രം പോലെ തെളിഞ്ഞുകിടന്നു. വന്ന വഴി തന്നെ തിരിച്ചു പോകാൻ പറ്റില്ല . അവിടെ മരണവീടുണ്ട്. എതെങ്കിലുമൊരു അഭയസ്ഥാനം കിട്ടുവാനായി അടുത്ത ശ്രമം. ഇരുട്ടിനെ പകുത്ത് വെള്ളിനാര് പോലെ കിടന്ന റോഡിനെ ലക്ഷ്യം വെച്ച് മുന്നോട്ടു നടന്നു. നടക്കായിരുന്നില്ല മരണവീട് തൊട്ടു പിന്നിലുണ്ട് എന്ന നടുക്കത്തിൽ ഓടുകയായിരുന്നു. റോഡരികിൽ കിടന്നുറങ്ങിയ ചാവാലി നായ്ക്കൾ ശിവദാസന്റെ ഓട്ടം കണ്ട് ഓരിയിട്ടു. ചിലത് പിന്നാലെ ഓടിച്ചു. ശിവദാസൻ ഓട്ടം നിറുത്തിയില്ല. കരിമ്പനകൾ ശിവദാസിന്റെ ഓട്ടം കണ്ട് പിന്നിലേക്ക് ഓടിയൊളിച്ചു.

എത്ര മണിക്കൂറാണ് ഓടിയത് എന്ന് നിശ്ചയമില്ല. അങ്ങേയറ്റം വിജനമായ ഒരു പറമ്പിന്റെ അരികിലെത്തിയപ്പോൾ ശിവദാസൻ നിന്നു. റോഡിന്റെ ഓരത്ത് മയിൽക്കുറ്റിയിൽ ദ്രാവിഡ കഴകം, പൂജ്യം എന്ന് അടയാളപ്പെടുത്തിയിരുന്നു. പറമ്പിന്റെ അങ്ങേതലക്കൽ ഒരു തീനാളം കണ്ടു. റോഡിൽ നിന്നിറങ്ങി തീ നാളം കണ്ട ഭാഗത്തേക്ക് പിന്നെയും ഓടി. ഓടിയോടിക്കിതച്ച് ഒടുവിൽ ആ തീനാളത്തിനരികിലെത്തി.

വലിയൊരു തീക്കൂനയായിരുന്നു അത്. ഒരാൾ അതിനരികിലിരുന്ന് തീ കായുന്നുണ്ട്. ശിവദാസൻ അയാൾക്കരികിലെത്തി. കിതപ്പുമാറ്റാൻ രണ്ടുകയ്യും മുട്ടുകാലിൽ ഊന്നി കുറച്ചു നേരം കുന്തിച്ചു നിന്നു. കിതപ്പൊന്നകന്നപ്പോൾ ശിവദാസൻ ചോദിച്ചു, “ഇതേതാ സ്ഥലം...?”
അയാൾ ശിവദാസനെ തിരിഞ്ഞു നോക്കിയില്ല. ഒരു ഒരു വടി കൊണ്ട് കനലുകളെ ഇളക്കി തീയുടെ പ്രവാഹത്തെ പൊലിപ്പിച്ച് അയാൾ തിരിച്ചു ചോദിച്ചു, “എണ്ണ സൊണ്ണെ? ഊറാ... ഇത് ദ്രാവിഡ കഴകം. ഒനക്ക് എങ്ക പോണം...?”
“ഇത് പാലക്കാടല്ലേ...?”
“പാലക്കാട്ടക്ക് അങ്ക പോണം. കൊഞ്ചം ദൂരം ഇരിക്കരുത്” അയാൾ കൈ മറ്റൊരു ഭാഗത്തേക്ക് ചൂണ്ടിക്കൊണ്ടു പറഞ്ഞു.
“അപ്പോൾ …?”
“ഇതാ, ഇത് ദ്രാവിഡ ചുടുകാട് തമ്പീ”
“ചുടുകാടോ, ഈശ്വരാ.. ഞാനിനി എവിടെ പോകും?”
“എണ്ണ സൊല്ലറുത് തമ്പീ, ഇത് ഒരു ചിന്ന പയ്യനൊടെ പ്രേതം. കോയമ്പത്തൂര് കമ്പി ഏത്തിക്കിട്ട് വന്ത ലോറി ഇടിച്ചു സെത്ത് പോയിട്ടാൻ. അവനോടെ മാമ ആളെ വച്ച് കൊണ്ണിട്ടാൻ”
ശിവദാസൻ സ്തബ്ധനായി. അയാൾ തീക്കൂനയിലേക്ക് വന്നു നോക്കി.
“ഇയാളുടെ ഊരെങ്കെ..?”
“ഇന്ത പയ്യൻ ഊറോ..? പാലക്കാടയ്യാ, നീ ഉക്കാറ് തമ്പീ, ഉക്കാറ്”

മരമൂട്ടിയിൽ ഇരുന്ന അയാളുടെ അരികിലായി ശിവദാസനും ഇരുന്നു.
“ഒണ്ണൊടെ കവല എന്ന തമ്പീ.. സൊല്ല്..”

ശിവദാസനപ്പോൾ അല്പം ആശ്വാസം തോന്നി. ഇന്നേവരെ ആരും ഇങ്ങനെ ചോദിച്ചിട്ടില്ല. ഇവിടെ മുൻപേ എത്തിച്ചേരേണ്ടതായിരുന്നെന്ന വിചാരം ഉള്ളിൽ മുളപൊട്ടി.
ശിവദാസൻ പറഞ്ഞു, “എനിക്ക് മരണം, ശവം, മരണവീട് എന്നൊക്കെ കേൾക്കുമ്പോൾ വലിയ പേടിയാണ്. അത് മാറാൻ എന്താണൊരു വഴി സ്വാമീ”
“നാൻ സാമിയല്ലമില്ലെ. സാധാരണ മനിതൻ. നാളേക്ക് നാണും ഇന്ത പിണം താൻ. പിറന്താൾ ഒരുനാൾ ഇറപ്പും ഇരിക്കും. ഒണ്ണ പോലെ ഒരുത്തനെ നാൻ പാത്തതേ ഇല്ല”
അയാൾ ശിവദാസിന്റെ വാക്കുകൾ കേട്ട് ചിരിച്ചു. തീകൂനയുടെ മറുവശത്തേക്ക് കനലിനെ കയ്യിലിരുന്ന അഗ്രം കൂർത്ത മൂന്നു തലയുള്ള ദണ്ഡുകൊണ്ട് ഇളക്കിയിട്ടു. ഒരു തീനാളം ഉഗ്രപ്രതാപിയായി മുകളിലേക്ക് ഉയർന്നുപൊങ്ങി. അയാൾ പറഞ്ഞു, “തമ്പീ, ഇത് ദ്രാവിഡ ചുടുകാട്. എത്ത്ന സവങ്കളെ ചുട്ട മണ്ണിത്. മനിതർകൾ ഭയം വിവറമില്ലാത്തതിലെ ഇരുന്ത് വറുകിറത്. നിങ്കളെല്ലാം പെരിയ പെരിയ ആൾകൾ. ആണ വെവറം കെടയാത്.”

അയാൾ ശിവദാസനെ വിളിച്ചു. “വന്ത് പാറ് സാർ. ഇത് മനിത പ്രേതം. ആണ മിഞ്ചുനത് എലുമ്പ് മട്ടും താൻ.. ഇവളവുതാൻ, ഭയം കൂടിയിറുക്കിറ ഒണ്ണോടെ ഒടമ്പും തെരിയുമാ തമ്പീ...?”

ശിവദാസൻ ബലി ചോറു തിന്നാൻ വന്ന കാക്കയുടേതുപോലെ ഒന്നും മനസ്സിലാകാതെ കുന്തുകാലിൽ അയാളെ നോക്കിയിരുന്നു.

“എണ്ണ തമ്പി ഒണ്ണും പുരിയാതവൻ മാതിരി ഇരിക്കിറേ. വാ.. വന്ത് കടസി എലുമ്പും എരിഞ്ച് തീരുവത് പാറ്", ശിവദാസൻ അനുസരണയോടെ എഴുന്നേറ്റു.
“വാ..വാ.. ഓൻ ഭയത്തെല്ലാം. വിറട്ടിരുത്. വാ..വാ..”

ശിവദാസൻ അയാളുടെ കാൽച്ചുവട്ടിലിരുന്ന് തലയോട്ടില് തീ പടരണത് കണ്ണു തുറന്ന് കണ്ടു. പെങ്ങളുടെ മകന്റെ തലയോട്ടിയാണ് കത്തുന്നത്. തന്നെ കൊല്ലാൻ വെട്ടുകത്തിയുമായി ഓടി നടന്നവന്റെ തലയോട്ടി. ഇനി കുറച്ചേയുള്ളൂ കത്തി തീരാൻ. അതുകൂടി കഴിയുമ്പോൾ തീയണയും.

ശിവദാസന്റെ മനസ് വായിച്ചെടുത്ത പോലെ ശ്മശാനപാലകന്റെ ശബ്ദമുയർന്നു.
“ഇത് ദ്രാവിഡ ചുടുകാട് തമ്പീ, ഇന്ത ചുടുകാട്ടിലെ തീ അമറാത്, അമറാത്...”

ഒരു കാൽപാദം പിന്നിൽനിന്ന് തള്ളിയിട്ടത് ശിവദാസന് ഓർമയുണ്ട്. ചെറുപ്പത്തിൽ കുളപ്പടവിൽ മുങ്ങാംകുഴിയിടാനായി ഇരിക്കുമ്പോൾ പിന്നിൽ നിന്ന് കുട്ടൻ തള്ളിയിട്ടതുപോലെ. ഇരുമ്പുദണ്ഡിന്റെ കൂർത്തമുനകൾ കഞ്ചി കഴുത്തിലാണ് ആഴ്ന്നിറങ്ങിയത്. ശവത്തെ പേടിയുള്ളയാൾ സ്വയം ശവമായി മാറിയതറിഞ്ഞ് ശിവദാസൻ സന്തോഷിച്ചു. മാംസദാഹം തീരാത്ത ഒരു തീനാളം ഇരയെ കിട്ടിയ ആർത്തിയോടെ ആളിത്തിമിർത്തുപൊങ്ങി. ശിവദാസന്റെ ഉടലും കാലുകളും ആതീനാളങ്ങൾക്കുള്ളിൽ ഉയർന്നു.

ചിലമ്പിച്ച ശ്മശാനപാലകന്റെ അട്ടഹാസം അവിടമാകെ മുഴങ്ങി.


Summary: Dravida Shmashanam - A Short Story written by Biju.


ബിജു

കഥാകൃത്ത്, നോവലിസ്റ്റ്.

Comments