ചിത്രീകരണം: ദേവപ്രകാശ്

ളംദേശത്തേയ്ക്ക് എത്താൻ, തൊടുപുഴയിൽ നിന്നും പൂമാല, പന്നിമറ്റം റൂട്ടിലോടുന്ന ഏതെങ്കിലുമൊരു ബസ്സിൽ കയറിയാൽ മതിയെന്നായിരുന്നു റോസമ്മ പറഞ്ഞത്. അതു പ്രകാരം ഞാൻ, തൊടുപുഴ സ്റ്റാൻഡിൽ നിന്നും സുൽത്താന എന്ന ബസ്സിൽ ക്കയറിയിരുന്നു. മഴക്കാല ദിവസമാണ്. എന്നിട്ടും സാരിയാണ് ഉടുത്തത്. കാരണം, ഞാനെത്തേണ്ട ഇളംദേശം, ഏറെ പ്രകൃതി ഭംഗി നിറഞ്ഞ സ്ഥലമാണെന്ന് മുൻപ്‌കേട്ടിട്ടുണ്ട്. അവിടംപശ്ചാത്തലമാക്കി, ഫോണിൽക്കുറേ സ്വന്തം ചിത്രങ്ങൾ എടുക്കണം. ജനിച്ചു വളർന്ന ഈ സ്ഥലം, മലകളും കാടും പുഴയും ചേർന്ന ഒരിടമാണ്. എന്നിട്ടും അതിന്റെ വില എനിക്ക് മനസിലാവുന്നത്, ഉദ്യോഗത്തിനും വിവാഹത്തിനും ശേഷം മറ്റു പല സ്ഥലങ്ങളിലും മാറി മാറി വസിച്ചപ്പോഴാണ്. ഇപ്പോൾ താമസിക്കുന്ന തൃക്കാക്കരയിലെ ഫ്‌ളാറ്റ്, അതിന്റെ ഇടുക്കങ്ങളിലും പുറം തിരക്കുകളിലും വല്ലാതെ മടുപ്പിക്കുന്നുണ്ട്. കൂടാതെ ജോലി സ്ഥലത്തെ ചില്ലറ പ്രശ്‌നങ്ങൾ, നോക്കാൻ ആളില്ലാത്ത ചെറിയ കുഞ്ഞ് തുടങ്ങിയ ബദ്ധപ്പാടുകൾ വേറെയും.. കുറച്ചു ദിവസം അതിൽ നിന്നൊക്കെയൊന്ന് ഒളിച്ചോടിപ്പോകണമെന്ന് കരുതിയ സമയത്താണ് തന്നെയാണ് റോസമ്മയുടെ കത്തു വന്നത്.
കത്തിങ്ങനെയായിരുന്നു:

എന്റെ പ്രിയപ്പെട്ട ശോശക്കൊച്ചിന്, സ്വന്തം റോസമ്മ എഴുതുന്നു. കൊച്ചിന് സുഖവല്ലേ. എത്ര നാളായി വിവരങ്ങൾ അറിഞ്ഞിട്ട്? കൊച്ചെന്നെ മറന്നോ? ചേട്ടൻ എന്നാടുക്കുന്നു? കുഞ്ഞാവ വെല്ലുതായോ? കുഞ്ഞാവയ്ക്ക് ടുട്ടി മോനെന്നാ പേരിട്ടതെന്ന് അമ്മച്ചി എന്നോട് പറഞ്ഞു. അതെന്നാ പേരാ കൊച്ചേ?അത് വെല്ലുതാവുമ്പം ഒരു ഡോക്ടറായാല് ഡോക്ടർ ടുട്ടി മോൻ എന്നൊക്കെ വിളിക്കുമ്പം എന്നാ ഒരു ഏനക്കേടാ? കൊച്ച് എന്നായാലും മോൻ കുട്ടന്റെ പേര് മാറ്റണം. പിള്ളേർക്ക് നമ്മൾ ഒറപ്പൊള്ള പേര് ഇടണം. പിന്നെ കൊച്ച് ജോലിക്ക് പോണില്ലേ? ചേട്ടന്റെ വീട്ടുകാർക്കൊക്കെ സുഖവല്ലേ? അങ്ങോട്ട് പോവാറുണ്ടോ? അവടെ മഴയൊണ്ടോ? കൊച്ച് തടി വെച്ചന്ന് അമ്മച്ചി പറഞ്ഞു. ഞാനിന്നലെ അവടെ പോയാരുന്നു. കൊച്ച് അടുത്തയാഴ്ച രണ്ടു മൂന്നു ദിവസത്തേക്ക് ഇങ്ങോട്ട് വരുന്നൊണ്ടന്ന് അമ്മച്ചി പറഞ്ഞു. അതറിഞ്ഞപ്പോഴ് എനിക്ക് ഒത്തിരി സന്തോഷവായി. ഞാൻ വിളിച്ചോളാം. പിന്നെ ഒരു പ്രത്യേക കാര്യം പറയാനാ ഈ എഴുത്ത് എഴുതുന്നത്. കൊച്ചിന് ജോലിക്കാര്യത്തിലോ വീടു വാങ്ങുന്ന കാര്യത്തിലോ, എന്നാണ്ടൊക്കെ ടെൻഷനൊണ്ടെന്ന് അമ്മച്ചി പറഞ്ഞു. ഒന്നും പേടിക്കണ്ട. അതൊക്കെ ശരിയാക്കാൻ നമ്മടെ കൈയ്യില് ഇപ്പോ ആളുകളുണ്ട്. കൊച്ചിങ്ങ് വന്നാ മതി. ഞാൻ ഒരാളെ കാണിക്കാൻ കൊണ്ടു പോകാം. ആള് നോക്കിയാ ദൈവം തമ്പുരാൻ കാണാത്ത കാര്യങ്ങളും കണ്ടു പിടിച്ച് പറയും. പരിഹാരോം പറയും. അത്രേം അച്ചട്ടാ. അങ്ങേര് തലേ കൈ വെച്ച് പ്രാർത്ഥിച്ചാ എല്ലാ പ്രശ്‌നങ്ങളും മാറും. ഒത്തിരി സിദ്ധിയൊള്ള ഒരാളാ.കൊച്ച് എന്നായാലും വാ. മുഖതാവിൽ കാര്യങ്ങള് പറയാം. എന്നാ പ്രശ്‌നവൊണ്ടേലും വെഷമിക്കരുത് കേട്ടോ. ഇവടെ എല്ലാവർക്കും സുഖം. നല്ല മഴയൊണ്ട്. ചൂട് കൊറവൊണ്ട്. നേരിൽ കാണാമെന്ന് പ്രതീക്ഷിച്ച് കത്ത് ചുരുക്കുന്നു.കൊച്ചിനും, മോൻ കുട്ടനും ഉമ്മകൾ. സ്‌നേഹത്തോടെ , കൊച്ചിന്റെ സ്വന്തം റോസമ്മ.

നീല ബോൾ പേന കൊണ്ട് അമർത്തിയുരുട്ടി എഴുതിയ എഴുത്തിന്റെ അടിയിൽ റോസമ്മ വരഞ്ഞ പൂക്കളുടെ വള്ളികൾ നീണ്ടു പടർന്ന് കിടപ്പുണ്ട്.
മൊബൈൽ ഫോണും വാട്‌സപ്പുമൊക്കെയുള്ള ഇക്കാലത്തും റോസമ്മ ആ വിധ സംവിധാനങ്ങളെയൊന്നും അടുപ്പിക്കില്ല. ലാന്റ് ഫോൺ കാലത്ത് മാത്രം ഇടയ്‌ക്കൊക്കെ ഏതെങ്കിലും ബൂത്തിൽ നിന്നും വിളിച്ചിരുന്നു. ഫോൺ ബൂത്തുകൾ ഏറെക്കുറെ അപ്രത്യക്ഷമായപ്പോഴും, റോസമ്മ കത്തുകളിൽ മാത്രം സംസാരിച്ചു. ഞാൻ പുറത്ത് പഠിക്കാൻ പോയപ്പോഴും, എനിക്ക് ബാങ്കിൽ ജോലി കിട്ടിയപ്പോഴും, ഇടപ്പള്ളിയിലേക്ക് കല്യാണം കഴിച്ചെത്തിയപ്പോഴും റോസമ്മ ഇൻലന്റിലും കാർഡുകളിലും സന്ദേശങ്ങൾ അയച്ചു കൊണ്ടിരുന്നു. വിവാഹിതയായി ഭർതൃഗൃഹത്തിൽ ചെന്ന ഉടൻ തന്നെ റോസമ്മ അയച്ച പോസ്റ്റ് കാർഡ് എനിക്കവിടെ ലേശം മാനക്കേട് ഉണ്ടാക്കാതിരുന്നില്ല. ഇൻലന്റ് കിട്ടാത്തതിനാൽ, പോസ്റ്റ് കാർഡിൽ റോസമ്മ കുത്തിക്കുറിച്ച ചില വരികൾ ഏകദേശം ഇങ്ങനെയൊക്കെയായിരുന്നു:

".. കൊച്ചിന്റെ ഭർത്താവിന്റെ വീട്ടുകാര് നല്ല ആൾക്കാരാണോ? അമ്മായിയമ്മയെ ക്കൊണ്ട് പ്രശ്‌നം വല്ലതുവൊണ്ടോ? കൊച്ച് ബൈബിളൊക്കെ ഇപ്പഴും വായിക്കാറൊണ്ടോ? കഴിഞ്ഞാഴ്ച ഞാൻ നമ്മള് ധ്യാനം കൂടിയ ഏഴുമുട്ടം പള്ളീല് പോയിട്ടൊണ്ടാരുന്നു. അച്ചനോട് പ്രത്യേകം പറഞ്ഞ് കൊച്ചിന്റെ കുടുംബ സമാധാന സൗഖ്യങ്ങൾക്ക് വേണ്ടി തിരി കത്തിച്ച് പ്രാർത്ഥിച്ചിട്ടൊണ്ട്. ചേട്ടന് സിഗരറ്റ് വലിയും, കള്ളുകുടിയുവൊന്നുമില്ലല്ലോ? ആള് പാവവാണോ? കൊച്ചിന് അടുക്കളപ്പണിയൊന്നുവറിയത്തില്ലെന്ന് അവരോടൊന്നും പറയണ്ട, അമ്മായിയമ്മ എന്നതേലുവൊക്കെ ചെയ്യുമ്പവങ്ങ് ഒപ്പം നിന്നാ മതി. കൊച്ചിന്റെ ആ പെട്ടിടെ അടീല് ഞാനൊരു ബുക്കേല് കൊറേ സാധനങ്ങള് ഒണ്ടാക്കുന്ന വിധവൊക്കെ എഴുതി വെച്ചിട്ടൊണ്ട്. എന്നാ സംശയവൊണ്ടേലും അതെടുത്ത് വായിച്ചാ മതി.'

ഇങ്ങനെ ഇടയില്ലാതെ തിക്കി നിറച്ചെഴുതിയ പോസ്റ്റ് കാർഡ്, അതു വന്നപ്പോൾ, ഞാൻ വീട്ടിലില്ലാതിരുന്നതിനാൽ, ഭർതൃവീട്ടുകാരാണ് ആദ്യം വായിച്ചതെന്ന് പറയേണ്ടതില്ലല്ലോ.

ആരാണീ റോസമ്മ എന്നും, ഹിന്ദുവായ ഞാൻ എന്തിനാണ് ധ്യാനം കൂടാൻ പോയതെന്നും എന്റെ കൈയ്യിൽ ബൈബിളെന്തിനാണ്, രാമായണവും ഭാരതവുമല്ലേ വേണ്ടതെന്നും മറ്റും അധ്യാപികയായ അവിടുത്തെ അമ്മ, എന്റെ ഭർത്താവിനോട് വേവലാതിപ്പെട്ടതും പിന്നീട് ഞാനറിഞ്ഞു.
ഭർത്താവിന്റെ അമ്മ ആകുലപ്പെട്ടതു പോലെ റോസമ്മ എന്റെ ആരാണ് എന്നതാണ്!

റോസമ്മയും ഞാനും പരിചയമായത് എത്രയോ വർഷങ്ങൾക്ക് മുൻപാണ്. പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ ബസ്സിലാണ് കോളേജിൽ പോയിരുന്നത്. ഒരിക്കൽ കോളേജ് സ്റ്റോപ്പിൽ ഞാൻ ഇറങ്ങുന്നതിന് മുന്നെ ബസ് മുന്നോട്ട് എടുത്തു. ഒരു കാൽ ഫുട്ബോർഡിലും മറ്റേക്കാൽ റോഡിലുമായി വീഴാൻ പോയി. പിന്നാലെ ഇറങ്ങിയ ഹാഫ് സാരിക്കാരി പിടിച്ചില്ലായിരുന്നുവെങ്കിൽ എന്റെ കാര്യം അവിടെ ത്തീർന്നു പോയേനേ. ഹാഫ് സാരിക്കാരി ഉറക്കെ ബസ്സിലെ കിളിയെ വഴക്കു പറഞ്ഞു. ബസ്സുകാർ മാപ്പ് പറഞ്ഞു.
ബസ് വിട്ടു പോയിട്ടും എനിക്ക് നടക്കാൻ പ്രയാസം. ഭാഗ്യത്തിന് കാൽ ഉളുക്കിയതല്ലാതെ മറ്റു പ്രശ്‌നങ്ങൾ ഉണ്ടായില്ല. ഹാഫ് സാരി ഉടുത്ത ആ പെൺകുട്ടി ഒരു ഓട്ടോറിക്ഷ പിടിച്ച്, പേടിച്ചു പോയ എന്നെത്താങ്ങി, വീട്ടിൽ കൊണ്ടുവിട്ടു.
അത്, റോസമ്മയായിരുന്നു. റോസമ്മയും ഞാനും തമ്മിൽ ഒരു വയസിന്റെ വ്യത്യാസമേയുള്ളു. അക്കാലത്ത് റോസമ്മ പട്ടണത്തിലെ ഒരു ടെക്സ്റ്റയിൽസിൽ സെയിൽസ് ഗേളായി ജോലി ചെയ്യുകയായിരുന്നു. റോസമ്മയ്ക്ക് മാതാപിതാക്കളോ, കൂടപ്പിറപ്പുകളോ ഇല്ല. ഏഴല്ലൂര് താമസിക്കുന്ന എളാമ്മയാണ് റോസമ്മയെ നോക്കി വളർത്തിയത്. അവർക്ക് ചില വീടുകളിൽ പണിയുണ്ട്. റോസമ്മ നന്നായി പഠിച്ചെങ്കിലും പത്താം ക്ലാസ്സ് കടന്നപ്പോൾ തുടർന്നില്ല. പഠിക്കാൻ പോവുന്നത് റോസമ്മയ്ക്ക് വലിയ ഇഷ്ടവുമായിരുന്നില്ല. റോസമ്മ ഭക്തയാണ്. ഇടവകപ്പള്ളിയിലെ സന്നദ്ധ സംഘത്തിലുണ്ട്. പാട്ടു പാടും. തയ്യൽ അറിയാം. നന്നായി പാചകം ചെയ്യും. ഇപ്പോൾ അവളുടെ നാട്ടിലെ കുടുംബശ്രീയുടെ ഒരു ഭാരവാഹിയുമാണ്.

എന്തുകൊണ്ടോ, റോസമ്മയ്ക്ക് എന്നെ വലിയ ഇഷ്ടമായി. വീട്ടിലെ നമ്പരിലേക്ക് ഇടയ്ക്കിടെ ഏതെങ്കിലും ബൂത്തിൽ നിന്നും വിളിക്കും. കത്തുകൾ എഴുതും. എന്റെ പേര് വേറൊന്നാണെങ്കിലും ശോശക്കുട്ടീ എന്നും ശോശക്കൊച്ചേ എന്നുമൊക്കെയാണ് റോസമ്മ വിളിക്കുക. ശോശക്കുട്ടിയെന്ന നാമം, റോസമ്മ ചെറുപ്പത്തിൽ, ഒത്തിരി സ്‌നേഹിച്ചു വളർത്തിയ ഒരു ആട്ടിൻകുട്ടിക്കിട്ട പേരായിരുന്നുവത്രേ! അത് എന്തോ ഇല തിന്ന് ചത്ത് പോയപ്പോൾ കൂടപ്പിറപ്പുകളില്ലാത്ത റോസമ്മയ്ക്ക് സുഖമില്ലാതായി. റോസമ്മ ഒരു മാസം തൊടുപുഴ താലൂക്കാശുപത്രിയിൽ കിടപ്പിലായും പോയി. ആ ശോശക്കുട്ടി നടക്കുന്നതു പോലെയും, നോക്കുന്നതു പോലെയും ഈയുള്ളവളുടെ ചലനങ്ങൾ റോസമ്മയ്ക്ക് തോന്നിപ്പോയതുകൊണ്ടാണ്, റോസമ്മ എന്നെ ആ പേര് ഇഷ്ടം കൊണ്ട് വിളിക്കുന്നത്. എന്തായാലും റോസമ്മ ശോശക്കൊച്ചേ എന്ന് വിളിക്കുന്നത് ഞാൻ ആസ്വദിക്കാറുണ്ട്.

അന്നു തുടങ്ങിയ സൗഹൃദം ഇന്നും അതേപോലെ തുടരുന്നത് റോസമ്മയുടെ കഴിവ് മാത്രമാണ്. കാരണം, ഞാൻ തിരികെ കത്തയയ്ക്കാനോ, ഫോൺ ചെയ്യാനോ എന്നും മടിച്ചിയായിരുന്നു. പക്ഷെ പതിനാറ് വയസു മുതൽ ഇതുവരെയുള്ള ജീവിത സന്ദർഭങ്ങളിലും റോസമ്മയുണ്ട്. എനിക്ക് അസുഖം വരുമ്പോൾ റോസമ്മ വീട്ടിൽ വന്നു ശുശ്രൂഷിക്കുന്നത്, ഞങ്ങൾ സിനിമയ്ക്ക് പോകുന്നത്, എന്റെ പല കാലങ്ങളിലെ നിശ്ശബ്ദ പ്രണയങ്ങളുടെ നിലയ്ക്കാത്ത ആത്മഗതങ്ങൾ ക്ഷമയോടെ കേട്ട്, റോസമ്മ ഒപ്പം നിൽക്കുന്നത്,അത്തരമൊരു പ്രണയ പരാജയ കാലത്ത് റോസമ്മ എന്നെ ധ്യാനം കൂടാൻ കൊണ്ടുപോയത്, ബാങ്കിൽ ജോലി കിട്ടിയപ്പോൾ തിരുവനന്തപുരത്തെ വാടകവീട്ടിൽ കുറേ നാൾ റോസമ്മ വന്ന് ഒപ്പം നിന്നത്, ഞാൻ കല്യാണം കഴിഞ്ഞ് കുട ചൂടി ഇറങ്ങുമ്പോൾ അച്ഛന് പിന്നിൽ നിന്ന് റോസമ്മ കരഞ്ഞത്, പിന്നീട് പ്രസവിച്ചു കിടക്കുമ്പോൾ ആശുപത്രിയിൽ റോസമ്മ തുണയ്ക്ക് വന്നത്, ഞാനില്ലാത്തപ്പോഴും ഇടയ്‌ക്കൊക്കെ വീട്ടിൽപ്പോയി അമ്മയെ കാണുന്നത്, എന്നിങ്ങനെ റോസമ്മയെ ചേർത്തുവെയ്ക്കാതെ, ഇതുവരെയുള്ള എന്റെ ജീവിത ചിത്രണം പൂർത്തീകരിക്കാനേ സാധ്യമല്ല.

അങ്ങനെ പ്രിയങ്കരിയായ റോസമ്മ പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാനിന്ന് ഇളംദേശം വഴി പോകുന്ന ഈ ബസിൽ, ഇങ്ങനെ യാത്ര ചെയ്യുന്നത്. റോസമ്മ പറഞ്ഞ ഏതോ ഒരാളെക്കാണാൻ ഇങ്ങോട്ട് വരുന്നത്.
ഈ സ്ഥലം ഏതാണോ?
ഇളംദേശം അടുത്തോ? ചാറമഴ കാരണം ബസ്സിന്റെ ഷട്ടർ പാതി താഴ്ത്തിയിട്ടുണ്ട്. പുറത്തേയ്ക്ക് നോക്കിയപ്പോൾ, റോഡിനിരുവശത്തും റബ്ബർത്തോട്ടങ്ങൾ മാത്രമാണ് കാണുന്നത്. ഉച്ചനേരം ആയതു കൊണ്ടാവും ബസ്സിൽ തിരക്കും കുറവാണ്. പെട്ടിപ്പുറത്തിരുന്ന് കണ്ടക്ടർ ഡ്രൈവറോട് മിണ്ടുന്നുണ്ട്. അടുത്തിരുന്ന, കോളേജ് ബാഗ് മടിയിൽ വെച്ച് മൊബൈൽ നോക്കുന്ന പെൺകുട്ടിയോട് ചോദിച്ചപ്പോൾ സ്ഥലം കലയന്താനിയായി എന്നു പറഞ്ഞു.

അങ്ങനെയെങ്കിൽ, റോസമ്മ വിവരിച്ച റൂട്ട് മാപ്പിലെ മങ്ങാട്ടുകവല, കാരിക്കോട്, കുമ്മംകല്ല്, ഇടവെട്ടി, മീൻമുട്ടി ആലക്കോട് ഒക്കെ കഴിഞ്ഞിട്ടുണ്ട്. ഓരോന്നോർത്തിരുന്ന് പുറം കാഴ്ചകൾ ശ്രദ്ധിക്കാൻ മറന്നു.. കലയന്താനി കഴിഞ്ഞാണ്, റോസമ്മ പറഞ്ഞതിൻ പ്രകാരം ഇളംദേശം. വളഞ്ഞു തിരിഞ്ഞു പോവുകയാണ് റോഡ്. അതിനിരുവശങ്ങളിലും മഴക്കാറ്റിൽ ഇളകി മറിയുന്ന റബ്ബർ മരങ്ങൾ, കാർമേഘങ്ങൾ തൂർന്ന ആകാശം, രാത്രി പോലെ തന്നെ, നട്ടുച്ചയിലും മനുഷ്യനെ ഏകാന്തരാക്കുന്ന ഏതോ ഒരുതരം ഇരുട്ടുണ്ട്. പൊടുന്നനെ, ഈ യാത്രയോട് ഒരു മടുപ്പ് തോന്നി. രണ്ടു ദിവസം അവധിയെടുത്ത് വിശ്രമത്തിനായി വീട്ടിൽ വന്ന ഉടൻ തന്നെ, ഇങ്ങനെ ഒരിടത്തേയ്ക്ക് ഇത്ര മെനക്കെട്ട് റോസമ്മ പറഞ്ഞത് കേട്ട് വരേണ്ടതില്ലായിരുന്നു. വീട്ടിൽ അമ്മ ഉണ്ടാക്കിയ കപ്പപ്പുഴുങ്ങിയതും, മീൻ കൂട്ടാനും കഴിച്ച്, സുഖമായി കിടന്നൊന്ന് ഉറങ്ങാമായിരുന്നു.

"സെൽബിച്ചനച്ചനെ ശോശക്കൊച്ച് ഒന്ന് കണ്ടാ മതി. കൊച്ചിന്റെ എല്ലാ ടെൻഷനും പോകും. അച്ചന് ചെല പ്രത്യേക ദിവ്യസിദ്ധികളൊണ്ട്. ശനിയാഴ്ച ഒറ്റ ദിവസവേ അച്ചൻ മനുഷേരെ കാണത്തൊള്ളു. അന്നവിടെയൊക്കെ എന്നാ തെരക്കാന്നറിയാവോ. എന്തോരം ദൂരേന്നൊക്കെയാ ആൾക്കാര് അച്ചന്റെ വീട്ടിവരുന്നേന്നറിയാവോ? അച്ചനെന്നാ പറഞ്ഞാലും അച്ചട്ടാ. ഫലിക്കും. കൊച്ച് ഒന്ന് വന്നാ മതി. നമക്കെല്ലാം ശരിയാക്കാം. എന്റെ ശോശക്കൊച്ചിനേം കൊണ്ട് വരാന്ന് ഞാനച്ചനോട് പറഞ്ഞ് വെച്ചിട്ടൊണ്ട്...'

ഞാൻ, നാട്ടിൽ വന്ന ദിവസം തന്നെ, എളാമ്മയുടെ മൊബൈൽ ഫോണിൽ നിന്നും റോസമ്മ എന്നെ വിളിച്ച് പ്രത്യേകം പറഞ്ഞതാണിത്.
"നിനക്കെങ്ങനാ ഇയാളെ പരിചയം?'
സെൽബിച്ചനച്ചൻ എന്ന കഥാപാത്രത്തെപ്പറ്റി റോസമ്മ ഇടയ്‌ക്കെപ്പോഴോ പറഞ്ഞിട്ടുണ്ട്.
എങ്കിലും, ചോദിക്കാതെ കഴിഞ്ഞില്ല."ഓ,അതോ, ശോശക്കൊച്ചിന്റെ കല്യാണം കഴിഞ്ഞ് കൊച്ചങ്ങ് പോയി. ഫാഷൻ സെന്ററിലെ ജോലീംവിട്ടു. എനിക്കാകെ എന്നാണ്ടൊക്കെ മനപ്രയാസം. സെൽബിയച്ചൻ ഞങ്ങടെ പള്ളില് ഒരിക്കല് ഒരു പ്രസംഗത്തിന് വന്നതാ. ഈ അച്ചനെന്ന് പറയുമ്പം സെൽബിയച്ചൻ പള്ളീലച്ചനല്ല കേട്ടോ. ഒരു സാധാരണ മനിഷേനാ. അച്ചനാവാൻ പണ്ട്‌പോയതാ സെമിനാരീന്ന് പോന്നു. സെൽബിച്ചനച്ചൻ എന്നു വെച്ചാ ആ നാട്ടുകാർക്കൊക്കെ എന്നാ ഒരു ഇഷ്ടവാന്നോ. വെല്യ പ്രായവൊന്നുവില്ല. ഒരു നാപ്പത് വയസ് കൂടി വന്നാ കാണും. അച്ചന് എന്നാ വിവരവാന്നോ! കൊറേ ഭാഷയൊക്കെ അറിയാം. ആൾക്കാര് എന്നാ പ്രശ്‌നവായിട്ട് ചെന്നാലും സെൽബിയച്ചൻ ശരിയാക്കി വിടും. മന്ത്രവാദവാണോ, പ്രാർത്ഥനയാണോ, മാജിക്കാണോ, കൂടോത്രവാണോ ഒന്നുമറിയത്തില്ല. ആൾക്കാരടെ കൈയ്യീന്ന് അഞ്ചു പൈസ വാങ്ങത്തില്ല. എന്നാ ഒരു മിടുക്കനാന്നോ. നമ്മളോടൊക്കെ നല്ല സ്‌നേഹവൊള്ള പെരുമാറ്റവാ.ഞാനവിടെ എടക്കിടെ പോകും.എന്നായാലും കൊച്ച് വാ. നമക്ക് അച്ചനെ കണ്ടു നോക്കാം കേട്ടോ ' ലോഹ്യം പറഞ്ഞ് റോസമ്മ ഫോൺ വെച്ചു.

ബസ്സ് ഇപ്പോൾ, ഇളംദേശത്ത് എത്തിയിട്ടുണ്ട്.മഴ പെയ്ത് നനുത്ത് ഇഴുകിക്കിടക്കുന്ന വഴികൾ. കുട ബാഗിലില്ലേ എന്ന് പരതി. ഇറുക്കു പാലം ജംഗ്ഷനിൽ ഇറങ്ങാനാണ് റോസമ്മ പറഞ്ഞത്. ഇറുക്കു പാലം ചെറുകവലയാണ്. ബസ് സ്റ്റോപ്പിനടുത്ത് നിന്നും റോസമ്മ ചിരിച്ചു കൊണ്ട് വെളിപ്പെട്ടു.

"എന്റെ ശോശക്കൊച്ചേ, എങ്ങോട്ടാ ഇങ്ങനെ തടിവെച്ച് വയറും ചാടി? അയ്യോ, മുടിയൊക്കെ വെട്ടിക്കളഞ്ഞോ? കൊച്ചപ്പിടി കറത്തും പോയല്ലോ '

എന്റെ കൈയ്യിൽ പിടിച്ച്, ഒറ്റ നോട്ടം നോക്കി റോസമ്മ ആകുലപ്പെട്ടു.
റോസമ്മ ഇന്നും ആദ്യം കണ്ടതുപോലെ തന്നെയിരിക്കുന്നു.
നോക്കി നോക്കിയിരിക്കാൻ ഇഷ്ടം തോന്നുന്ന ഒരു തരം മുഖമാണ് അവളുടേത്.

"നമ്മക്ക് ഇനി ഒരഞ്ചു മിനിട്ട്, ദാണ്ട്, അങ്ങു മോളിലോട്ട് നടക്കണം കൊച്ചേ. ആ വഴി കഴിഞ്ഞാ ഒരു റബ്ബറും തോട്ടവൊണ്ട്. അതിലെ ഒരു തൊണ്ടിലൂടെ മോളിലോട്ട് എളുപ്പവഴിയൊണ്ട് അച്ചന്റെ വീട്ടിലേക്ക്. വേഗവെത്തും. നമ്മക്കതിലേ പോവാം. മറ്റേ വഴി വളഞ്ഞു ചുറ്റണം.'

റോസമ്മ ജംഗ്ഷനിൽ നിന്നും മുന്നിലേക്ക് ചൂണ്ടി. സമയം രണ്ടു മണിയാവാറായിട്ടുണ്ട്. പെയ്തു തോർന്നിട്ടും മൂടിക്കെട്ടിയ അന്തരീക്ഷം. റോഡിന്റെ വലതു വശത്തുള്ള റബ്ബർത്തോട്ടത്തിന്റെ കയ്യാലകൾക്കിടയിലെ വീതി കുറഞ്ഞ തൊണ്ടിലൂടെ ഞങ്ങൾ കയറ്റം കയറി മുകളിലോട്ട് നടന്നു. ഇരുവശത്തും കൽത്തിണ്ടുകളാണ്. മഴ പെയ്തു തളം കെട്ടിയ വെള്ളത്തിൽ, കൊഴിഞ്ഞുണങ്ങിയ റബ്ബറിലകൾ കെട്ടിക്കിടക്കുന്നു.
ദൂരെ കോടമൂടിയ മലകളുടെ വിദൂരച്ഛായ. അവയുടെ നെറുകയിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളച്ചാലുകൾ.
കയറ്റം നടന്നു കയറുമ്പോൾ കാലിന്റെ മസിൽ പിടിക്കുന്നതു പോലെ തോന്നി. പച്ച നിറമുള്ള ഖാദിക്കോട്ടൺ സാരിയുടെ ഞൊറികളിലെ സാരി ഫാൾ വഴിയിലെ ചെളി പിടിച്ചെടുക്കുന്നു. റോസമ്മ അനായാസം, ഉത്സാഹത്തോടെ മുന്നിൽ, ഓരോന്നൊക്കെപ്പറഞ്ഞ് നടക്കുകയാണ്.

"നീ ഇവിടെ ഇടയ്ക്കിടെ വരാറുണ്ടോ? ഒറ്റയ്ക്ക് ഇതിലെയൊക്കെ വരാൻ പേടിയാവില്ലേ?'
ഞാൻ ചോദിച്ചു.
കാറ്റിൽ റബ്ബറിലകൾ വെള്ളം ഞങ്ങളുടെ ദേഹത്തേക്ക് കുടഞ്ഞു. എനിക്ക് തണുത്തു കുളിർന്നു."പിന്നെ, ഞാനിവിടെ മിക്കാറും എല്ലാ ആഴ്‌ച്ചേലും വരും. സെൽബിയച്ചന്റെ അമ്മ ഏലമ്മച്ചിക്ക് എന്നെ വെല്യ കാര്യവാ. എന്നോടവടെ താമസിക്കാൻ വരെ അമ്മച്ചി പറയും. അമ്മച്ചിക്കാണേല്, ഈ ഒറ്റ മകൻ മാത്രവേയൊള്ളു. അച്ചനാണേല്, അങ്ങനെ മിണ്ടത്തൊന്നുവില്ല. എപ്പഴും മുറി അടച്ചിട്ടിരുന്ന് വായനേം, പഠിത്തോം ഒക്കെയല്ലേ? ഭയങ്കര ബുദ്ധിയൊള്ള ആളല്ലേ. അമ്മച്ചി എപ്പഴും ഒറ്റയ്ക്കാ പാവം. ആടും, കോഴീം, പൂച്ചേം പട്ടീം എല്ലാവൊണ്ട്. ഇങ്ങനൊള്ള സ്ഥലത്ത് അയലോക്കോം കൊറവല്ലേ.ഞാൻ ഇവടെ വന്നാല്, ഞങ്ങള് കപ്പ മൂടുപറിച്ച് അരിഞ്ഞ് പാറേലിട്ട് ഒണക്കും, ചക്കയിട്ട് വെട്ടിപ്പുഴുങ്ങും, ഞാൻ അമ്മച്ചീടെ കൂടെ ആടിനെ മാറ്റി കെട്ടാമ്പോവും. ഓലീന്ന് വെള്ളം കോരി, മോളില് വീട്ടിൽ ക്കൊണ്ടോയിക്കൊടുക്കും'

എന്റെ കൈത്തണ്ടയിലെ വെള്ളം സാരിത്തുമ്പു കൊണ്ട് തുടച്ചു കളഞ്ഞ്, റോസമ്മ പറഞ്ഞു. "ഓഹോ, അപ്പോൾ അങ്ങനാ കാര്യങ്ങളുടെ കെടപ്പ്. ഈ സെൽബിച്ചനച്ചൻ കെട്ടീതല്ലല്ലോ? നിനക്കയാളെ കെട്ടി, എന്നാൽ ഇവടെ നിന്ന് കൂടെ? അമ്മച്ചിക്കും കൂട്ടാകും, നിനക്കും കൂട്ടാവും. നമുക്കതങ്ങാലോചിച്ചാലോ?'

ഞാൻ റോസമ്മയുടെ മുഖത്തേക്ക് നോക്കി.ആ കണ്ണുകളിൽ, മലകളുടെ നെറുകയിൽ നിന്നുമഴിഞ്ഞു വീഴുന്ന വെള്ളച്ചാട്ടം പൂത്തിര പോലെ പതയുന്നത് കണ്ടു.

"അയ്യടാ, എന്റെ ശോശക്കൊച്ചിന്റെ പൂതി കൊള്ളാല്ലോ. പക്ഷേല്, ഞാന് എപ്പഴുമിത് ശോശക്കൊച്ചിനോട് പറയണമെന്ന് കരുതും. എനിക്ക് അച്ചനെ വെല്യ ഇഷ്ടവാ കൊച്ചേ. വെല്യ ഇഷ്ടംന്ന് വെച്ചാല് എന്റെ ജീവിതത്തില് ഇത്രേം ഇഷ്ടം ഒരാളോടും തോന്നിട്ടില്ല. എനിക്ക് കെട്ടണോങ്കി എപ്പഴേ ആരെ വേണേലും കെട്ടാം. സത്യത്തില് അങ്ങനൊന്ന് വേണമെന്ന് തോന്നിയിട്ടില്ല ഇതുവരെ. പക്ഷേ, എന്നാ ഒരു നല്ല സൊഭാവമാന്നോ അച്ചന്റെ. എന്നാലും അത്രേം പഠിച്ച ഒരാളല്ലേ? എന്നെപ്പോലെ വിദ്യാഭ്യാസവോ, ലോക പരിചയവോ ഇല്ലാത്ത ഒരാളെ ഇഷ്ടാകുമോ? പിന്നെ, വേറൊരു കാര്യവുവൊണ്ട് കൊച്ചേ, അവരടെ ജീവിതവൊന്നും ഒട്ടും സുഖവല്ല. നല്ല ബുദ്ധിമുട്ടാ. അച്ചനൊരു പാവവല്ലേ, പണിക്കൊന്നും പോവത്തില്ല. പറമ്പിന്ന് ചില്ലറ ആദായവൊക്കെയെടുത്തും ആടിനേം ,കോഴിയേം വളർത്തീവൊക്കെയാ ഏലമ്മച്ചി കാര്യങ്ങള് ഓടിക്കുന്നെ. ആ വീടും പറമ്പുവൊക്കെ കോടതി ജപ്തിലാ. എനിക്കതൊന്നും സാരവില്ല. അത്രേം നല്ല മനിഷരാ. .അച്ചനും, അമ്മേം... ഞാനെന്നാ വേണമെന്ന് എനിക്ക് തന്നെ അറിയത്തില്ല കൊച്ചേ'

റോസമ്മയുടെ സ്വരം അലുത്തുതീർന്ന പോലെ..കണ്ണുകളിലെ തിരകൾ കവിളിലേക്ക് കവിഞ്ഞു.
ആദ്യമായാണ് റോസമ്മ ഒരാളെ ഇഷ്ടപ്പെട്ടു എന്ന് കേൾക്കുന്നത്. സന്തോഷവും അത്ഭുതവും തോന്നി.

"നീ വെഷമിക്കണ്ട, കരയാതെ, എന്തിനാ സങ്കടപ്പെടുന്നെ? നമ്മക്കത് ശരിയാക്കാം. ഞാൻ സംസാരിക്കാം. നിന്റെ സെൽബിച്ചനച്ചനോട്. ഞാനയാളെ ആദ്യവൊന്ന് കണ്ട് നോക്കട്ടെ'

ഞാൻ റോസമ്മയുടെ കവിൾ തുടച്ചു..

എനിക്ക് ഇപ്പോൾ മറ്റൊരു ദൗത്യവുമുണ്ട്. സെൽബിയച്ചന്റെ വീട്ടുസാഹചര്യങ്ങൾ കൃത്യമായി മനസിലാക്കണം. സത്യത്തിൽ ഒരു കല്യാണാലോചനയ്ക്കാണ് ഞാനങ്ങോട്ട് പോവുന്നതെന്ന് തോന്നി. സന്ദർഭം ഗൗരവമുള്ളതാണ്.
ഫോണിൽ സാരിയുടുത്ത ചിത്രങ്ങൾ എടുക്കാൻ ഇപ്പോൾ തോന്നുന്നതേയില്ല..
സെൽബിച്ചനച്ചന്റെ വീട് ഓലയും വൈക്കോലും മേഞ്ഞതായിരുന്നു. അതിന് മുകളിൽ ചെറുപച്ചിലച്ചെടികൾ കിളിർത്തിരുന്നു. മോന്തായത്തിൽ നിന്നും വീട്ടു വരാന്തയിലേയ്ക്ക് കാട്ടു വള്ളികളിൽ ചെറു പൂക്കൾ തൂങ്ങിക്കിടന്നു. പറമ്പിൽ കൊക്കോയും, കാപ്പിയും, ചേനയും കപ്പയുമൊക്കെ കൃഷിയുണ്ട്. തെന്നുന്ന മുറ്റത്തെ മഴവെള്ളം വീട്ടിലേക്ക് കയറുന്ന കുത്തുകല്ലുകളിലേക്ക് ഒഴുകി വീഴുന്നു. അടുക്കള വരാന്തയിലേക്കാണ് റോസമ്മ എന്നെ നയിച്ചത്.

ഞങ്ങൾ ചെന്നപ്പോൾ ഏലമ്മച്ചി അവിടെയിരുന്ന് ഒരു മുറത്തിലേക്ക് ചക്ക വെട്ടിയിടുകയായിരുന്നു. ആ വീട്, നന്നാക്കിയിട്ടോ, മേൽക്കൂര കെട്ടിമേഞ്ഞിട്ടോ കാലങ്ങളായതുപോലെ തോന്നി. വീടിന്റെ നാലു ഭാഗവുമുള്ള പുറവരാന്തയിൽ ചില ഇടങ്ങൾക്ക് ചോർച്ചയുണ്ട്. അടുക്കള വരാന്തയുടെ മൺ ഭിത്തിയിൽ, കത്തിക്കാനുള്ള ഉണങ്ങിയ ഓലയും കൊതുമ്പുമൊക്കെ കെട്ടുകളാക്കി കയറിൽ തൂക്കിയിട്ടിരുന്നു.

ഏലമ്മച്ചി, എന്നോട് ചിരിച്ചു. മുഷിഞ്ഞ ചട്ടയും, കറകൾ പിടിച്ച നീല കള്ളിമുണ്ടുമായിരുന്നു അവരുടെ വേഷം.
ഒന്നും ചോദിക്കാതെ, മുറത്തിൽ നിന്നും ഒരു ചക്കച്ചുളയെടുത്ത് നീട്ടി. അവർ അധികം സംസാരിക്കാത്ത, സ്‌നേഹവതിയായ ഒരാളെന്ന് ഒറ്റനോട്ടത്തിൽ തോന്നി. ആ കൺതടങ്ങൾ പരീക്ഷീണങ്ങളായിരുന്നു.

റോസമ്മ അപ്പോഴേയ്ക്കും സാരി ഇടുപ്പിലേക്ക് കയറ്റി ക്കുത്തി അടുക്കളപ്പുറത്തെ ആട്ടിൻകൂട്ടിൽ എത്തിക്കഴിഞ്ഞു. ആടുകൾ അവളെ നോക്കി കരയുന്നുണ്ട്. റോസമ്മയുടെ കാൽപ്പാദങ്ങൾക്കു ചുറ്റും പൂച്ചകൾ നക്കിപ്പതുങ്ങുന്നു. കോഴികൾ കൊക്കിക്കൂടുന്നു. റോസമ്മ എന്നാടീ അയിഷേ എന്ന് ചോദിച്ച് ആടിന് പ്ലാവില നീക്കിയിട്ടുകൊടുക്കുന്നു. എന്റെ ചിഞ്ചു മോളെ എന്നു വിളിച്ച് പൂച്ചക്കുട്ടിയെ നെഞ്ചത്തെടുക്കുന്നു. വരാന്തയിലെ ഉറിയിൽ നിന്നും നുറുക്കരിയെടുത്ത് ബബബ്ബാ വെച്ച് കോഴികൾക്കിട്ടു കൊടുക്കുന്നു.

സെൽബിച്ചനച്ചന്റെ വീട് റോസമ്മയ്ക്കായി കാത്തിരുന്നതു പോലെ തോന്നി. "സെൽബിയച്ചൻ മുറിക്കകത്താന്ന് തോന്നുന്നു. കൊച്ച് വാ, സെൽബിച്ചനെ ക്കാണാം. കണ്ടേച്ച്, വേഗം തൊടുപൊഴക്കെത്തണ്ടേ? കുഞ്ഞിച്ചെറുക്കനെ ഇട്ടേച്ച് വന്നതല്ലേ.'

റോസമ്മ ഉള്ളിലേക്ക് എത്തി നോക്കി. "മോളേ, കൊച്ചിന് ചായയോ, വെള്ളവോ എന്നാന്ന് വെച്ചാ എടുത്ത് കൊടുക്ക്, എന്റെ കൈയ്യിലപ്പിടി ചക്ക മൊളഞ്ഞീനാ '
ഏലമ്മച്ചി റോസമ്മയോട് പറഞ്ഞു.
റോസമ്മ എന്നെ അടുക്കളയിലേക്ക് കൊണ്ടുപോയി.അവിടാകെ ഇരുട്ടാണ്. ചാണകം മെഴുകിയ പാതകത്തറ. പുക ഉയരുന്ന അടുപ്പ്, ഉണക്കമീനും, പുളിയും സൂക്ഷിച്ച പനയോല ഉറികൾ.
അലുമിനിയം കലത്തിൽ വാർത്തിട്ട ചോറ്.
ചോർച്ചയിൽ നനഞ്ഞ തറയിൽ പലടത്തും ചാക്ക് വിരിച്ചിട്ടിട്ടുണ്ട്.
"ഒണക്ക സ്രാവ് കൊടമ്പുളിയിട്ട് പറ്റിച്ചതൊണ്ട്. ശകലം ചോറെടുക്കട്ടെ കൊച്ചേ?'
റോസമ്മ കറിച്ചട്ടി അടപ്പു മാറ്റി നോക്കി ചോദിച്ചു.
"വേണ്ട ,എനിക്കിത്തിരി വെള്ളം മാത്രം മതി '
ഞാൻ പറഞ്ഞു.

അടുക്കളയിലേക്ക് കടക്കുമ്പോൾ, പടിയിൽത്തട്ടി കാല് വേദനിക്കുന്നു. നനഞ്ഞ സാരിയുടെ അടിഭാഗം കാലിൽ ചുറ്റിപ്പിടിക്കുന്നുണ്ട്.
റോസമ്മ,അടുപ്പിലെ കലത്തിൽ തിളപ്പിച്ചു വെച്ച വെള്ളം ഒരു ഗ്ലാസ്സിൽ പകർന്ന് തന്നു. അതിനാകെ പുക രുചി തോന്നി. കുടിച്ചിറക്കാനേ പറ്റുന്നില്ല.
പാതി കുടിച്ച ഗ്ലാസ് വാങ്ങി, റോസമ്മ അകമുറിയിലെ ഇരുട്ടിൽക്കൂടി സെൽബിച്ചനച്ചന്റെ മുറിയിലേക്ക് എന്നെ നയിച്ചു. ജനാലകളില്ലാത്ത മുറികളിൽ തങ്ങി നിന്ന ഇരുട്ടും, അസുഖ ഗന്ധവും, കുടിച്ച വെള്ളത്തിന്റെ പുക രുചിയും എന്നെ ശ്വാസം മുട്ടിച്ചു. പെൺ സ്പർശങ്ങളും, വെളിച്ചവും, വെടിപ്പുകളുമൊക്കെ കുറഞ്ഞ വീടുകൾക്കെല്ലാം അതേ വിരസതയുണ്ടാവുമല്ലോ എന്ന് ഓർത്തു.
സെൽബിച്ചനച്ചന്, ഞാൻ സങ്കൽപ്പിച്ച ഒരു രൂപമേയായിരുന്നില്ല. ഏറെ സിദ്ധികളുള്ള ആൾ എന്നു റോസമ്മ പറഞ്ഞപ്പോൾ, രൂപഭാവങ്ങളിൽ ഗാംഭീര്യവും പ്രസന്നതയും ആത്മവിശ്വാസവുമുള്ള ഒരു വ്യക്തിയെയാണ് പ്രതീക്ഷിച്ചത്. സെൽബിയച്ചൻ, മറിച്ച്, ഇരുൾ നിറമുള്ള കുറിയ ഒരാളായിരുന്നു. റോസമ്മയുടെ ചെവിക്കൊപ്പം പൊക്കം വന്നേക്കും. മുടി നീട്ടിവളർത്തി പിന്നിൽ റബ്ബർ ബാൻഡിട്ട് കെട്ടിവെച്ചിട്ടുണ്ട്. ക്ലീൻ ഷേവ് ചെയ്ത മുഖം. വീർത്ത കവിളുകൾ, ഇടുങ്ങി, നേരിയ മഞ്ഞ നിറമുള്ള കണ്ണുകൾ. തടിച്ച്, ചുവന്ന ചുണ്ടുകൾ. ഷർട്ട് മേൽക്കുടുക്ക് വരെ ഇട്ടിട്ടുണ്ട്. സ്വയം കെട്ടിപ്പിടിക്കുന്നതു പോലെ കൈകാലുകൾ ചേർത്തുവെച്ച് ഒതുങ്ങിയിരിക്കുന്ന ആ ചെറുമനുഷ്യനെ, രൂപവതിയും ,സാമർത്ഥ്യക്കാരിയുമായ റോസമ്മയ്ക്ക് എങ്ങനെ ബോധിച്ചു എന്നോർത്ത് എനിക്ക് ലേശം നിരാശ തോന്നാതിരുന്നില്ല.

"ശോശക്കൊച്ചിരി, ദാണ്ട്, സെൽബിച്ചാ, ഇദാ എന്റെ കൊച്ച് കേട്ടോ, അച്ചനെന്നാന്ന് വെച്ചാല്‌ക്കേട്ട് കൊച്ചിന്റെ കാര്യങ്ങൾക്കൊക്കെ പരിഹാരം പറഞ്ഞ് കൊടുക്കണേ, ഞാനപ്പഴത്തേക്കും ചായയിട്ട് ചക്കപ്പുഴുക്കുവൊണ്ടാക്കി ക്കൊണ്ട് വരാം.'

ഇതു പറഞ്ഞ് റോസമ്മ, ഉത്സാഹത്തോടെ അകത്തേയ്ക്ക് പിൻവാങ്ങി.
സെൽബിച്ചനച്ചന് മുന്നിൽ മേശയ്ക്കിപ്പുറം ഞാനിരുന്നു. ആ മുറിയിൽ ആ മേശയും ചില കസേരകളും പൂട്ടുള്ള പഴയ അലമാരയും മാത്രമേയുള്ളു. വിരിപ്പിടാത്ത തടികൊണ്ടുണ്ടാക്കിയ മേശപ്പുറത്ത് ഒരു പുസ്തകം ഇരിപ്പുണ്ട്. പുസ്തകത്തിന് അടുത്തു വെച്ച ചുവന്ന നിറമുള്ള നെയിൽ പോളീഷ് കുപ്പി കൗതുകത്തോടെ ഞാൻ ശ്രദ്ധിച്ചു.

ജനാലകൾ അടച്ചിട്ട മുറിയിൽ തങ്ങി നിൽക്കുന്ന പൂതലിച്ച പോലുള്ള അതേ ഗന്ധം വീണ്ടും വീർപ്പുമുട്ടിച്ചു. മുറിയുടെ മുകളിൽ കഴുക്കോലിൽ നിന്നും തൂക്കിയിട്ട ബൾബ് വോൾട്ടേജ് കുറഞ്ഞ് മങ്ങിക്കത്തുന്നുണ്ട്. കുമ്മായം മായുന്ന ഭിത്തിയിലൂടെ പാഞ്ഞു നടക്കുന്ന ഒരു പല്ലി.

"ശോശക്കൊച്ചിന്റെ കാര്യങ്ങളൊക്കെ റോസമ്മ പറഞ്ഞിട്ടുണ്ട് കേട്ടോ '

സെൽബിച്ചനച്ചൻ എന്നെ നോക്കി പുഞ്ചിരിച്ചു.
ആ സ്വരത്തിൽ മൃദുത്വം തോന്നി. എന്റെ യഥാർത്ഥ പേര് മറ്റൊന്നാണല്ലോ. റോസമ്മയല്ലാതെ ഈ ഉലകത്തിൽ, മറ്റാരും ശോശക്കൊച്ചെന്ന് വിളിച്ചാൽ ഞാൻ പൊറുക്കില്ല. സെൽബിച്ചനച്ചനോട് കലിപ്പ് തോന്നിപ്പോയി. ഈ പേര് സെൽബിയച്ചന് പറഞ്ഞു കൊടുത്തതിന് റോസമ്മയ്ക്കിട്ട് നാല് ഇടി കൊടുക്കണം.

"ഞാനങ്ങനെ അസ്‌ട്രോളജർ ഒന്നുമല്ല.ഒക്കെ ഒരു രസത്തിന് വേണ്ടി പഠിക്കും. പഠിച്ചത് ബോട്ടണിയാണ്. പിന്നെ സെമിനാരിയിൽപ്പോയി. തർക്കശാസ്ത്രവും ദൈവശാസ്ത്രവും രസിച്ചു. ജെ.എൻ.യുവിൽ പഠിച്ചത് ഫിലോസഫി. ഡോക്ടറേറ്റ് കിട്ടിയത് ഹിസ്റ്ററിയിൽ. സെമിനാരി ജീവിതത്തിന്റെ ചട്ടക്കൂടുകളൊന്നും എനിക്ക് പറ്റിയില്ല. അവിടെ നിന്നും ഇറങ്ങി. സൈക്കോളജി പഠിച്ചു. പാർട്ട് ടൈമും, ഫുൾ ടൈമുമായി പല നാടുകളിൽ പല ജോലികൾ ചെയ്തു. കുറച്ചു നാൾ കവിതയ്ക്കും നാടകത്തിനും ആക്ടിവിസത്തിനുമൊക്കെ പിന്നാലെ നടന്നു. ഇവിടെ അമ്മ തനിച്ചല്ലേ? എവിടേയും അധികകാലം നിന്നില്ല. വീട്ടിൽ ഇരിക്കുമ്പോഴും ചിലത് പഠിക്കാൻ ശ്രമിച്ചു. മന്ത്രവാദം കൈനോട്ടം, യോഗ,ആഭിചാരം, മഷിനോട്ടം, ഒഴിപ്പിക്കൽ, ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം രീതികളിലുള്ള പ്രേതോച്ചാടനം, കുറു വിദ്യകൾ,ജാതകനോട്ടം, ധ്യാനിപ്പിക്കൽ, ജപിക്കൽ, ഒക്കെ ഒരു രസം. വേറൊന്നുമല്ല.'

സെൽബിയച്ചൻ എന്റെ നെഞ്ചിലേക്ക് നോക്കി ചിരിച്ചു. അയാളുടെ കൈത്തണ്ടയിലെ രോമങ്ങൾ ഷേവ് ചെയ്തതുപോലെ തോന്നി. എനിക്ക് സങ്കോചം തോന്നി. ഈ മനുഷ്യനിൽ എന്തോ നിഗൂഢതയുണ്ട്. അത് സന്തോഷം തരുന്നതല്ല എന്നത് ഉറപ്പ്. ആ നോട്ടത്തെ അവഗണിച്ച്, മേശപ്പുറത്തിരുന്ന പുസ്തകത്തിന്റെ പേര് ഞാൻ വായിച്ചു. അത് ഇറ്റാലോ കാൽവിനോയുടെ "The Castle of Crossed Destinies'എന്ന ബുക്കാണ്. അപ്പോൾ സെൽബിച്ചനച്ചൻ, പുസ്തകമെടുത്ത് താൾ മറിച്ച് പറഞ്ഞു.

"ഈ പുസ്തകം വായിച്ചാണ്, എനിക്ക് ടാരറ്റ് കാർഡുകളെപ്പറ്റി പഠിക്കണമെന്ന് തോന്നിയത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന കാർഡുകൾ നിരത്തി, അവയുടെ ചിത്രങ്ങളും ചിഹ്നങ്ങളും വായിച്ചെടുത്ത് ഭാവി പറയുന്ന ഒരു രീതി. കുറത്തിമാരുടെ തത്തമ്മ ചീട്ട് പോലെ എന്നും വേണമെങ്കിൽ പറയാം. നമുക്കിന്ന് ഇത് നോക്കാം.'

സെൽബിയച്ചന്റെ നോട്ടം ഇപ്പോഴും നെഞ്ചിൽത്തന്നെ. എനിക്ക് ജാള്യതയും അറപ്പും തോന്നി.സെൽബിയച്ചൻ ഒരു പാട് വായിക്കുമെന്നാണ് റോസമ്മ പറഞ്ഞത്. ചുവരിലുള്ള ഷെൽഫിലോ മറ്റെങ്ങുമോ, ഞാനൊരു പുസ്തകവും കണ്ടില്ല. സൂക്ഷിച്ച് നോക്കിയപ്പോൾ ഒരു സിന്ദൂരച്ചെപ്പും, മുഖക്കണ്ണാടിയും മയിൽപ്പീലിയും ഷേവിങ്ങ് സെറ്റും അവിടെ ഇരിക്കുന്നത് കണ്ടു. പലവിധ മന്ത്രവാദങ്ങളൊക്കെ ചെയ്യുന്ന ആളല്ലേ, അതാവും അവയൊക്കെ അവിടെ വെച്ചിട്ടുള്ളത്.

"പുസ്തകങ്ങളൊന്നും ഞാനിവിടെ സൂക്ഷിക്കാറില്ല. വായിക്കും, വാഴയ്ക്കും കവുങ്ങിനും തടമെടുക്കുമ്പോൾ കുഴികുത്തി കുഴിച്ചുമൂടും. നല്ല വളമാണ്.'

എന്റെ ഉള്ളിലിരുപ്പ് മനസിലാക്കിയപോലെ സെൽബിച്ചനച്ചൻ പറഞ്ഞു. കേട്ടപ്പോൾ, രസക്കേട് കൂടി. പുസ്തകങ്ങൾ വായിച്ചു കുഴിച്ചുമൂടുന്ന കള്ള ശബ്ദമുള്ള, സംസാരിക്കുമ്പോൾ എന്റെ നെഞ്ചിലേയ്ക്ക് നോക്കുന്ന ഇയാളെ എനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ലല്ലോ. എന്താണിത് ? റോസമ്മയുടെ ഈ സെൽബിയച്ചൻ ഒരു തട്ടിപ്പാണെന്ന് ഉറപ്പാണ്. അല്ലെങ്കിൽ അത്ര നോർമലല്ലാത്ത ഒരാൾ.പാവം റോസമ്മയ്ക്ക് അത് മനസിലാവുന്നില്ല. എനിക്കവിടെ നിന്ന് ഇറങ്ങിപ്പോവാൻ തോന്നി. എന്തിനാണ് മഴയുള്ള ഈ ദിവസം, റോസമ്മയുടെ വാക്ക് കേട്ട്, വിജനമായ മലയോരത്തുള്ള, ഈ വീട്ടിൽ, ഒരു വ്യാജ സിദ്ധനെക്കാണാൻ ഞാൻ വന്നത്? റോസമ്മയോടുള്ള ഇഷ്ടം, അവളിലുള്ള വിശ്വാസം അതു മാത്രമാണ് കാരണം. മനുഷ്യരുടെ വാക്കുകളും പൂക്കളുടെ ചിരിയും ശ്വാശ്വതമോ വിശ്വസനീയമോ ആവില്ല എന്നത് ഞാൻ മറക്കരുതായിരുന്നു.

"കാർഡുകൾ നോക്കുന്നതിന് മുന്നെ, റോസമ്മയുടെ സുഹൃത്ത് എന്ന നിലയിൽ ശോശക്കൊച്ചിനെ എനിക്ക് ചിലത് ധരിപ്പിക്കാനുണ്ട്.'

സെൽബിയച്ചൻ പെട്ടെന്ന് കസേരയിൽ നിന്നെഴുന്നേറ്റ് ഞങ്ങൾ ഇരുന്ന മുറിയുടെ വാതിലടച്ചു. എന്റെ നെഞ്ചിൽ അപകടം മിന്നി. ഞാനൂഹിച്ചത് ശരി തന്നെ.ഇയാൾ ആളു ശരിയല്ല.
ഈ റോസമ്മ വാസ്തവത്തിൽ ആരാണ്? ഇയാളുടെ കൂട്ടിക്കൊടുപ്പുകാരിയാണോ?
എനിക്ക് ദേഷ്യവും പേടിയും കൂടി.

"നിങ്ങൾ, എന്തിനാണ്, എന്തിനാ വാതിലടച്ചത്? അതു തുറക്കൂ..തുറന്നിടൂ. '

വാതിലടച്ച് കുറ്റിയിട്ട് നേരെ വരുന്ന സെൽബിച്ചനച്ചനോട് ഞാൻ ശബ്ദമുയർത്തി. പുറത്ത് മഴ ശക്തമായി പെയ്തു തുടങ്ങിയെന്ന് തോന്നി. വീടിന്റെ മുകളിലും, അടച്ച ജനാല മേലും മഴയുടെ അലപ്പുകൾ കേൾക്കാം.
സെൽബിച്ചനച്ചൻ എനിക്ക് നേരെ നിന്നു.നോട്ടം ഇപ്പോഴും നെഞ്ചിൽത്തന്നെ.

"ശോശക്കൊച്ചിന്റെ ഈ കറുത്ത ചരട് മാല നല്ല രസവുണ്ട്. വന്നപ്പോൾ മുതൽ ഞാനതിന്റെ ലോക്കറ്റ് നോക്കുന്നു. എന്തൊരു ഭംഗിയാണിത്.. ഈ മാല സ്വർണമല്ലല്ലോ.എനിക്ക് തന്നു കൂടെ?'

അപ്പോൾ വന്നപ്പോൾ മുതൽ ഇയാൾ എന്റെ നെഞ്ചിൽക്കിടക്കുന്ന ലോക്കറ്റാണ് ശ്രദ്ധിക്കുന്നത്. ഇത്ര അറിവുള്ള ഒരാൾ നിസ്സാരമായൊരു പെൺ മാല കൊതിക്കുന്നത് എന്തിനാണ്? ഇയാൾക്ക് വട്ടുണ്ടോ? അതോ, എന്തെങ്കിലും കോഡുഭാഷ പറഞ്ഞതാണോ? ഞാൻ മാലയുടെ ലോക്കറ്റ് അറിയാതെ പൊത്തിപ്പിടിച്ചു. എന്തൊരു അനർത്ഥമാണിത്..! എന്തൊരു ഏടാകൂടം പിടിച്ച ഒരാളുടെ മുന്നിലേക്കാണ് റോസമ്മ എന്നെ കൊണ്ടുവിട്ടത്..!

"ശോശക്കൊച്ച് പേടിക്കരുത്, ഞാനാണ് പേടിക്കണ്ടത്. ഞാൻ എല്ലാവരേയും പേടിച്ച് നടക്കുന്ന ഒരു പാവമാണ്. '

എന്റെ മനസ്സിലിരുപ്പ് വീണ്ടും പിടിച്ചെടുത്ത പോലെ അയാൾ നെഞ്ചിൽ കൈവെച്ച് പറഞ്ഞു..

"എന്താണിപ്പോൾ പറയേണ്ടതെന്ന് അറിഞ്ഞുകൂടാതായിപ്പോയി '

അയാൾ തല താഴ്ത്തി.
വാതിൽ തുറക്കാൻ പോയ ഞാനവിടെത്തന്നെ നിന്നു പോയി.ഇയാൾക്ക് ജീവിതത്തിൽ ആദ്യം കാണുന്ന എന്നോട് എന്താണ് ധരിപ്പിക്കാനുള്ളത്?
നോക്കുമ്പോൾ സെൽബിയച്ചൻ നടന്നു പോയി, അലമാര തുറക്കയാണ്. അതിൽ, അടുക്കി വെച്ച കുറച്ച് ഉടുപ്പുകൾക്കിടയിൽ നിന്നും ഒരു പട്ടുസാരിയും ബ്ലൗസും വലിച്ചെടുക്കുന്നു. അവ നെഞ്ചത്തടുക്കിപ്പിടിച്ച് എന്നെ വീണ്ടും നോക്കുന്നു.. കണ്ണുകൾ നനഞ്ഞിട്ടുണ്ട്.
ശേഷം, തിടുക്കത്തിൽ, ഷർട്ടുമാറ്റി ബ്‌ളൗസ് ഇട്ടു!
ഇയാൾ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്?
ശ്വാസം നിലയ്ക്കുന്ന പോലൊരു പരവേശം തോന്നി.
അയാളുടെ നെഞ്ചിലെ രോമങ്ങളൊക്കെ വടിച്ചു കളഞ്ഞിട്ടുണ്ട്.
ഇപ്പോൾ സെൽബിയച്ചൻ ഉടുമുണ്ടിന് മീതേ, കരവിരുതോടെ ആ സാരി ക്ഷണനേരം കൊണ്ട് ഞൊറിഞ്ഞുടുത്തു. പിന്നെ ഷെൽഫിൽ വെച്ച ചെറുകണ്ണാടി എടുത്ത് നോക്കി ചുവന്ന സിന്ദൂരം കൊണ്ട് പൊട്ട് ഉരുട്ടിത്തൊടുന്നു. കൺമഷിയെടുത്ത് കണ്ണിലെഴുതുന്നു. എവിടുന്നോ കൈയ്യിൽ വളകൾ എടുത്തണിയുന്നു...

നിമിഷ നേരത്തിൽ പെൺവേഷമണിഞ്ഞിട്ടുമണിഞ്ഞിട്ടും തീരാത്ത പോലെ ഒരാൾ..
അയാൾ, എന്റെ മുന്നിൽ എല്ലാം മറന്ന് ഉന്മാദത്തിലെന്ന പോലെ മറ്റൊരാളായിക്കൊണ്ടിരിക്കുകയാണ്...!
എനിക്ക് ശബ്ദം പോയതുപോലെ തോന്നി. എന്റെ മുന്നിലുള്ള, സെൽബിയച്ചന്റെ ഈ വേഷ മാറ്റം, അയാളെക്കുറിച്ചുള്ള മുൻ വിധികളെ പെട്ടന്ന് തോൽപ്പിച്ചു.
എന്റെ ഭയവും വെറുപ്പും, നിസ്സഹായമായൊരു വേദനയായി രൂപാന്തരപ്പെട്ടു. ശരീരം തളർന്നു പോകുന്നു വെറും നിലത്ത് ഇരുന്നു പോയി...
മഴക്കാറ്റ് ജനാലകൾ തുറന്നടയ്ക്കുന്നുണ്ട്.
പുറത്ത് കാറ്റിൽ, ആകാശം മുകളിലേക്ക് ചുറ്റി വലിക്കുന്ന, ഭൂമി താഴേയ്ക്ക് വലിച്ചു താഴ്ത്തുന്ന ഒരു മരച്ചില്ലയുടെ നനഞ്ഞ നിഴലുകൾ ജനൽപ്പാളികളിലൂടെ എത്തിനോക്കിപ്പിടഞ്ഞു കൊണ്ടിരിക്കുന്നു.

മുറിക്കുള്ളിൽ സ്വത്വബോധത്തോട് അനുരഞ്ജനപ്പെടാനും, കുതറി മാറാനും നടത്തുന്ന ശ്രമങ്ങളേതും പാഴാവുന്ന ഒരാളുടെ പ്രാണസങ്കടങ്ങൾ ആർത്തലമ്പുന്നു..
സെൽബിച്ചനച്ചനെക്കുറിച്ചുള്ള പുതിയ തിരിച്ചറിവ് എന്നെ സ്തബ്ധയാക്കി. റോസമ്മയ്ക്കു വേണ്ടി ഒന്നും തന്നെ ഇനി അയാളോട് പറയേണ്ടതില്ല എന്ന് തോന്നി.
സെൽബിച്ചനച്ചൻ അടുത്ത് വന്ന് മുട്ടുകുത്തി. എന്റെ കൈകൾ വാരിപ്പിടിച്ച് ഏങ്ങലടിച്ചു. കണ്ണുകൾ ചേർത്തു .
ഭിന്നസ്വത്വങ്ങളുടെ നിസഹായക്കണ്ണീരിൽ എന്റെ കൈത്തലം നനഞ്ഞു.

"ഞാൻ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ. ഒരാൺകുട്ടി രൂപം കൊണ്ടിരിക്കുന്നു എന്നു പറഞ്ഞ രാത്രി ശപിക്കപ്പെടട്ടെ! ജനിച്ചയുടനെ ഞാൻ മരിക്കാഞ്ഞതെന്ത്? ഞാൻ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ'

ഇയ്യോബിന്റെ കാലം തെറ്റിയ ഏങ്ങലുകളിലേക്ക് ആ കണ്ണീർ ഭാഷാന്തരപ്പെട്ടു... എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടാണ് രണ്ടു ജന്മ രഹസ്യങ്ങൾ, അവിടുന്ന് എന്നിലൊന്നിച്ച് നിക്ഷേപിച്ചത്? എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടാണ് എന്നെ സ്‌നേഹിക്കുന്ന സ്ത്രീയെ നിരസിക്കുവാൻ അവിടുന്നെന്നെ വിലക്കുന്നത്? എന്റെ ദൈവമേ, എന്റെ ദൈവമേ, കാറ്റും മഴയും കവിയുന്ന ഭൂമിയിൽ എന്നെ മൂടുന്ന നിന്റെ രഹസ്യങ്ങളെ ഒളിപ്പിക്കുവാൻ നീയെന്തു കൊണ്ട് എനിക്കൊരു ചോരാത്ത കൂടാരം പോലും തന്നില്ല? ഞാൻ ക്ഷീണിതനും ഏകനുമാണ്.. എന്റെ ലോകത്തിന് രണ്ടു സന്ദേഹങ്ങളാണ്. രണ്ടു കാഴ്ചകളിൽ നിന്നും ജീവിതം എന്നെ കരുണയില്ലാതെ തളളിയിടുന്നു ഞാൻ ഉറയ്‌ക്കേണ്ടിടത്ത് എനിക്ക് രൂപമില്ല. എന്റെ ഉടൽ എന്നെ വലിച്ചു പുറത്തിടുന്നു. എന്റെ ആത്മാവ് കരഞ്ഞുകൊണ്ട് എന്നെ വീണ്ടും ചേർത്തു പിടിക്കുന്നു. ഇരുട്ട്, എല്ലായിടവും ഇരുട്ട്, എന്നിൽ ഞാനല്ലാത്ത രഹസ്യമുണ്ട്. ഞാനാകെ, എന്റേതല്ലാത്ത സങ്കടങ്ങളാണ്.. ഞാനാരാണ്? ഞാനാരാണ്? ഞാനാരാണ്? ദൈവമേ, ഞാനെങ്ങനെയാണ് ഇങ്ങനെയായത്..!

സെൽബിയച്ചൻ ഏറെ നേരം തേങ്ങിക്കൊണ്ടിരുന്നു.
സാവധാനം, വളരെ സാവധാനം ആ കരച്ചിൽ തോർന്നു.
പുറത്തും മഴ നിന്നതു പോലെ തോന്നി.
അയാൾ കണ്ണീർ തുടച്ച് എഴുന്നേറ്റു. ആ മനുഷ്യന് നേരെ ഞാൻ കൈകൂപ്പി.
സെൽബിയച്ചൻ സമയമെടുത്ത് വേഷം മാറ്റി. മുഖം ശാന്തമായി. പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മട്ടിൽ കസേരയിൽ വന്നിരുന്നു. എനിക്ക് മുന്നിൽ ടാരറ്റ് കാർഡുകൾ നിരന്നു.
വാതിലിൽ, മുട്ടു കേട്ടു..
ഞാൻ ചെന്ന് കതക് തുറന്നു.
പാത്രങ്ങളിൽ ചക്കപ്പുഴുക്കുമായി ഉത്സാഹത്തോടെ റോസമ്മ കയറി വന്നു. ▮

Comments