ചിത്രീകരണം: ദേവപ്രകാശ്

മ്രാൻ അജ്മൽ, ഞങ്ങളുടെ ലൈബ്രറിയിൽ താൽക്കാലികമായി ജോലിനോക്കുന്ന മെലിഞ്ഞ് ഉയരം കൂടിയ ചെറുപ്പക്കാരൻ, അയാളുടെ ജീവിതത്തിലെ വിചിത്രമായ ചില സംഗതികൾ ഇടയ്‌ക്കൊക്കെ എന്നോടു പറയാറുണ്ടായിരുന്നു.
ഫിനാൻസിലും മാനേജ്‌മെൻറ്​ വിഷയങ്ങളിലും ഗവേഷണം ചെയ്തിരുന്ന ആളുകൾ സന്ദർശിക്കുന്ന ഏറെക്കുറെ ഒഴിഞ്ഞ ഒരിടമായിരുന്നു ആ ലൈബ്രറി. ചില വിദേശമാസികകളും അപൂർവ്വമായി മാത്രം ഉണ്ടാവാറുള്ള കഥ, നോവൽ പുസ്തകങ്ങളും തിരക്കി ചില വൈകുന്നേരങ്ങളിൽ ഞാനവിടെ പോകാറുണ്ട്. ഏതാണ്ട് എട്ടുമണിയോടെ ലൈബ്രറി അടയ്ക്കും. ആ സമയമാവുമ്പോഴേക്കും മിക്കവാറും ഞങ്ങൾ മാത്രമേ അവിടെയുണ്ടാവാറുള്ളൂ.
അങ്ങനെ അപൂർവ്വം അവസരങ്ങളിലാണ് അയാൾ തന്റെ ജീവിതം പറയുന്നത് - അതും ഏതെങ്കിലും ചില സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്. ഉദാഹരണത്തിന്, ഒരു ദിവസം കുറച്ച് ഉയരമുള്ള ഒരു പുസ്തകത്തട്ടിൽ നിന്ന്​ എനിക്ക് ആവശ്യമുള്ള ഒരു ജേണലിന്റെ പഴയ പ്രതി അയാൾ എടുത്തുതന്നു. വളരെ പ്രയാസപ്പെട്ട്, വീതികുറഞ്ഞ ഒരു ഭിത്തിയിലൂടെ പതുക്കെ, ഒറ്റക്കാലിൽ നടന്നാണ് അജ്മൽ ആ പുസ്തകത്തിനടുത്തെത്തിയത്.

"ഏയ്, അജ്മൽ. വേണ്ട, വേണ്ട'; ഞാൻ അയാളെ വിളിച്ചു, "താഴെ വീഴും.'
"വീഴില്ല,' അയാൾ എന്നെ നോക്കാതെ പറഞ്ഞു. "എനിക്കിതു പ്രാക്ടീസുള്ളതാ.'
"അതെന്താ നിങ്ങൾ സർക്കസ്സിലായിരുന്നോ?'; ഞാൻ പരിഹസിച്ചു.
"ആയിരുന്നു'; പുസ്തകവും എടുത്തുകൊണ്ടു താഴേക്കു ചാടുന്നതിനിടയിൽ അജ്മൽ ചിരിച്ചുകൊണ്ടു പറഞ്ഞു.
കുറെ നാളായി തിരഞ്ഞുകൊണ്ടിരുന്ന ആ ജേണൽ കിട്ടിയ ആഹ്ലാദത്തിൽ ഞാനും ചിരിച്ചു.

"തമാശ പറഞ്ഞതല്ലാ, കേട്ടോ.' പുസ്തകം തരുന്നത് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നതിനിടയിൽ അയാൾ പറഞ്ഞു; "എന്റെ ഉപ്പ തെരുവുസർക്കസ്സുകാരനായിരുന്നു. വലിച്ചുകെട്ടിയ ഒരു കയറിലൂടെ നടന്ന് അഭ്യാസങ്ങൾ കാണിക്കുമായിരുന്നു. ഇടയ്ക്ക് ഞങ്ങൾ കുട്ടികളും ഉപ്പയെ സഹായിക്കാൻ പോകും. അങ്ങനെ പഠിച്ചതാണ് ഇതെല്ലാം.'
"അമ്പോ!' എനിക്കു അത്ഭുതം തോന്നി. ആദ്യമായിട്ടാണ് ഒരു സർക്കസ്സുകാരനെ ഇത്രയും അടുത്തു കാണുന്നത്.
"ഉപ്പ ഒരു സംഭവമായിരുന്നു. കത്തിച്ച ടയറിന്റെ ഇടയിലൂടെ ചാടുക, ഒറ്റച്ചക്രത്തിൽ സൈക്കിളോട്ടുക, തലമുടിയിൽ കയറുകെട്ടി വലിയ ഭാരം കയറ്റിയ ഒരു തള്ളുവണ്ടി വലിക്കുക: ഒക്കെ പുള്ളിക്കു നിസ്സാരമാണ്.'
"എന്നിട്ടിപ്പോൾ എന്താ പരിപാടി?'
"ഒരു ചാട്ടം പിഴച്ചു. സർക്കസ്സുകാർക്കു പറഞ്ഞിട്ടുള്ളതാ. വീണു. മുടന്തായി.'

മറ്റുതൊഴിലുകൾ പോലെയല്ല സർക്കസ്​. പിഴവുകൾ പിന്നീടു തിരുത്താമെന്നുവച്ചാൽ സാധിക്കില്ല.

"ഉപ്പയ്ക്കു ശരീരത്തിനേക്കാൾ മനസ്സിനായിരുന്നു കൂടുതൽ മുറിവ്. കാഞ്ഞ അഭ്യാസിയായിരുന്നിട്ടും വീണു പരിക്കേറ്റുപോയത് വലിയ ക്ഷീണമായി. ആളുകളെ കാണുമ്പോൾ തല കുനിച്ചായി നടത്തം.'
"പിന്നെ സർക്കസ്സു വിട്ടു അല്ലേ?'
"തെരുവിലെ സർക്കസ്സു വിട്ടു എന്നേ പറയാനാവൂ'; അജ്മൽ എന്റെ മുഖത്തേക്കു നോക്കി.
"കാലു വയ്യാത്തവരെ വേറെ വല്ല സർക്കസ്സിലും ചേർക്കുമോ?'; എനിക്കു മനസ്സിലായില്ല.
"ഏയ്, സർക്കസിലല്ല. ജീവിതം തുടർന്നു. പിന്നെ ഒന്നാലോചിച്ചാൽ, അതിനേക്കാൾ വലിയൊരു സർക്കസുണ്ടോ?', അയാൾ ഉറക്കെച്ചിരിച്ചു.

പലതരം പണികൾ ചെയ്താണ് അജ്മൽ ഇവിടെയെത്തിയത്. അതിൽ പെയിന്റു പണി മുതൽ ലാടവൈദ്യം വരെയുണ്ട്. ഇടയ്ക്കിടെ അയാൾ ഓരോ ജോലിയിലേയും രസകരമായ ചില കാര്യങ്ങൾ പറയും. സ്വന്തം ദുരിതങ്ങൾ വിവരിക്കുമ്പോൾ പൊട്ടിച്ചിരിക്കും. എല്ലാം കേൾക്കുമ്പോൾ ജീവിതം വലിയൊരു അസംബന്ധമാണെന്നു തോന്നുമായിരുന്നു.

ലൈബ്രറി ജോലിയിൽ ഒരു പരിചയവുമില്ലാതിരുന്നിട്ടും കുറഞ്ഞസമയം കൊണ്ടുതന്നെ അയാൾ വലിയ മികവു കാണിച്ചു. ചെറിയ ഒരു ഡിപ്ലോമയോ മറ്റോ ഈവനിംഗ് ക്ലാസ്സിൽ പോയി നേടിയെടുത്തു. പക്ഷേ, അതൊക്കെയായിട്ടും അജ്മലിനെ സ്ഥിരമാക്കിയിട്ടില്ല. ആഗസ്തിൽ കാലാവധി തീർന്ന് അയാൾക്കു പുറത്തുപോകേണ്ടിവന്നേക്കാം. ലൈബ്രറിയിൽ വരുന്നവരോടൊക്കെ അയാൾ തന്റെ കാര്യം ഇടയ്ക്കിടെ ഓർമ്മിപ്പിക്കും. ആരെങ്കിലും ഡയറക്ടറോട് പറഞ്ഞ് ജോലി സ്ഥിരമാക്കിക്കിട്ടിയാൽ നന്നായിരുന്നു. നോക്കട്ടെ, എല്ലാവരും പറയും. ആരെങ്കിലും അതു കാര്യമായിട്ടെടുത്തിട്ടുണ്ടോ എന്നറിഞ്ഞുകൂടാ.

"ഈ ജോലി പോയാൽ ഇനി വേറെയെങ്ങും പോകാനില്ല. സർക്കസ്സിലൊക്കെ ഇപ്പോൾ വലിയ മത്സരമാണ്', അയാൾ ഒരിക്കൽ തമാശമട്ടിൽ പറഞ്ഞു.

***

അതിനുശേഷം ഒരു ദിവസം, ഞങ്ങൾ മൂന്നുപേർ - സന്ദീപ് വൈഷ്ണവ്, ഇമ്രാൻ അജ്മൽ, പിന്നെ ഞാൻ - മുമ്പു ഞങ്ങളുടെയൊപ്പം ജോലി ചെയ്തിരുന്ന അഭയ്കുമാർ പട്‌നായിക് എന്ന പഴയ സഹപ്രവർത്തകന്റെ ഫ്‌ളാറ്റിൽ ഇരിക്കുകയായിരുന്നു. മുംബൈ പൂനെ ഹൈവേയുടെ സമീപം കാലെവാഡി എന്നൊരു സ്ഥലത്ത് ഒരല്പം ഉള്ളിലേക്കു മാറിയിട്ടായിരുന്നു അത്. വൈകുന്നേരം ഏഴുമണി നേരമായിട്ടുണ്ട്. പക്ഷേ, പുറത്തു വെളിച്ചമുള്ളതുകൊണ്ട് അത്ര തോന്നുകയില്ല. ഫ്‌ളാറ്റിനു തൊട്ടടുത്തായിട്ടാണ് ഞങ്ങളുടെ കുട്ടികൾ പഠിച്ചിരുന്ന ബ്ലോസം പബ്ലിക് സ്‌കൂൾ. സ്‌കൂളിൽ നിന്നുള്ള കൊട്ടും പാട്ടുമെല്ലാം മൂന്നാം നിലയിലുള്ള ഈ ഫ്‌ളാറ്റിലിരുന്നാൽ വ്യക്തമായി കേൾക്കാം.

അന്ന് അവിടെ ആനിവേഴ്‌സറി ദിവസമായിരുന്നു.

രാവിലെ മുതൽ കുട്ടികളുടെ പാട്ടും ഡാൻസും നാടകവുമെല്ലാം നടക്കുന്നു.
അവിടെ പഠിക്കുന്ന കുട്ടികളെല്ലാവരും ഒരു ഇനത്തിലെങ്കിലും പങ്കെടുക്കണം എന്നു നിർബ്ബന്ധമുള്ളതുകൊണ്ട് പരിപാടികളുടെ എണ്ണം കൂടുതലാണ്. എല്ലാം കഴിഞ്ഞിട്ടേ കുട്ടികളെ പുറത്തേക്കു വിടൂ. അക്കാര്യത്തിലുമുണ്ട് വലിയ നിർബ്ബന്ധം. അതിനിനി എത്ര നേരം പിടിക്കും എന്നറിഞ്ഞുകൂടാ. ഏതായാലും ഇങ്ങനെ വൈകുന്നതിന്റെ കാര്യം സൂചിപ്പിച്ചപ്പോൾത്തന്നെ കുട്ടികളെ സ്ഥിരമായി കൊണ്ടുപോയിരുന്ന ഓട്ടോറിക്ഷക്കാരും ജീപ്പുകാരുമൊക്കെ ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞ് ഒഴിഞ്ഞു. അങ്ങനെയാണ് മൂന്നുപേരും ചേർന്ന് ഒരാളുടെ കാറിൽ സ്‌കൂളിൽ ചെന്നു കുട്ടികളെ കൂട്ടിക്കൊണ്ടുവരാം എന്നു തീരുമാനിച്ചത്. അവിടെ ചെന്നപ്പോൾ പുറത്തു നിറയെ വാഹനങ്ങൾ കണ്ടു. പാർക്കിംഗിനു സ്ഥലം കിട്ടാതെവന്നപ്പോൾ ഒന്നുരണ്ടു തവണ സ്‌കൂളിനെ വലംവച്ചു. ഒരു രക്ഷയുമില്ല. ഓഡിറ്റോറിയത്തിൽ ഇടമില്ലാത്തതുകൊണ്ടോ എന്തോ, രക്ഷിതാക്കളിൽ കുറേ പേർ കലാപരിപാടികൾ ഇപ്പോൾ തീരും എന്നു പ്രതീക്ഷിച്ചുകൊണ്ട് പുറത്തു കാത്തുനില്പുണ്ടായിരുന്നു. സ്‌കൂളിനകത്തുനിന്നും അപ്പോൾ കൊച്ചുകുട്ടികളുടെ ഒരു സംഘഗാനം കേട്ടു. ഗിറ്റാറിന്റെയും ഡ്രമ്മിന്റെയും വലിയ ഒച്ചകളെ മറികടക്കാനാവാത്തതുകൊണ്ട് അവർ ഏതു ഗാനമാണ് പാടുന്നതെന്ന് മനസ്സിലാക്കാൻ പ്രയാസമായിരുന്നു. തങ്ങളുടെ മക്കളുടെ ശബ്ദം അതിനിടയിൽ നിന്നും വേർതിരിച്ചെടുക്കാനാവുമോ എന്നു വിചാരിച്ചുകൊണ്ടാവണം, പുറത്തുള്ള മാതാപിതാക്കൾ കാതുകൂർപ്പിച്ച് വലിയ ശ്രദ്ധയോടെ സ്‌കൂളിന്റെ വശത്തേക്കു തിരിഞ്ഞുനില്ക്കുന്നതുകണ്ടു.

"അഭയ് സാറിന്റെ ഫ്‌ളാറ്റ് ഇതിനടുത്തല്ലേ? നമുക്കൊന്നു പോയി നോക്കിയാലോ?', ഇമ്രാൻ അജ്മൽ ചോദിച്ചു. ആ ഫ്‌ളാറ്റിനു താഴെ പാർക്കു ചെയ്യാൻ കഴിഞ്ഞാൽ സ്‌കൂൾ വിടുമ്പോൾ വന്നു കുട്ടികളെ കൂട്ടാൻ പ്രയാസമില്ല.

"ആരേയും തള്ളിക്കളയാൻ പാടില്ലെന്നു പറയുന്നത് എത്ര സത്യം!' ഞാൻ പറഞ്ഞു. "പോയിപ്പോയി അഭയനെക്കൊണ്ടുപോലും പ്രയോജനമുണ്ടെന്നായി.' അയാൾ സ്‌കൂളിനടുത്താണ് താമസിക്കുന്നത് എന്ന കാര്യം ഇപ്പോൾ ഓർമ്മിച്ചതിന് അജ്മലിനെ ഞങ്ങൾ രണ്ടുപേരും അഭിനന്ദിച്ചു.
"അഭയ് സാർ ഡയറക്ടറോട് എന്റെ കാര്യം പറയാമെന്നു സമ്മതിച്ചിട്ടുണ്ട്. അതും ഒന്നോർമ്മിപ്പിക്കാമല്ലോ.' അയാൾ പറഞ്ഞു.
"അങ്ങേരു പറഞ്ഞാൽ ഡയറക്ടർ കേൾക്കുമോ?' സന്ദീപ് സംശയിച്ചു.
"പോയാൽ ഒരു വാക്കല്ലേ,' ഞാൻ പറഞ്ഞു.

അജ്മലിന്റെ കുട്ടി തീരെ ചെറിയ ക്ലാസ്സിലാണ് പഠിക്കുന്നത്. കരാറിന്റെ സമയം തീരാറായി എന്നുണ്ടെങ്കിലും ജോലി സ്ഥിരമാവും എന്നൊരു പ്രതീക്ഷയിൽ അയാൾ കുടുംബത്തെ കൂട്ടിക്കൊണ്ടുവന്ന് വാടകവീടെടുത്തു താമസിക്കുകയാണ്.

ഈ അഭയ് കുമാർ പട്‌നായിക് രണ്ടു വർഷം മുന്നേ റിട്ടയർ ചെയ്തിരുന്നു. അയാൾ തിരിച്ചു ഭുവനേശ്വറിലേക്കു പോയില്ല. അങ്ങനെയായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. പക്ഷേ അയാളുടെ ഭാര്യ വീട്ടിൽത്തന്നെ കുറച്ചുപേർക്ക് മ്യൂസിക് ക്ലാസ്സുകളെടുത്തിരുന്നു. അങ്ങനെയിരിക്കെ, ഭർത്താവിന്റെ റിട്ടയർമെൻറിനു തൊട്ടുമുമ്പ് ബ്ലോസം സ്‌കൂളിലെ പഴയ സംഗീതാദ്ധ്യാപിക വിട്ടുപോയപ്പോൾ അവർക്ക് അവിടെ ജോലി കിട്ടി. എന്നാൽപ്പിന്നെ സ്‌കൂളിനു മുമ്പിൽത്തന്നെ ഒരു ഫ്‌ളാറ്റുവാങ്ങി താമസിക്കാം എന്ന് അഭയ് വിചാരിച്ചു. അതൊരു കെണിയായിപ്പോയി എന്ന് കാണുമ്പോഴെല്ലാം അയാൾ പറയും. ഇടയ്ക്കിടെ ഭാര്യ സ്‌കൂളിൽ നിന്നു വന്നു കാര്യങ്ങൾ അന്വേഷിക്കുന്നു. "അങ്ങനെയാണ് പുറത്തേക്കു പറയുന്നതെങ്കിലും ചാരപ്രവർത്തനമാണ് സംഗതി. പകൽ കുടിക്കുന്നുണ്ടോ എന്നുള്ള പരിശോധനയാണ്.' അയാൾ വിശദീകരിക്കും. മുമ്പും ഭാര്യയെക്കുറിച്ചു ദുഷിച്ചുപറയുന്നതു കേട്ടിട്ടുള്ളതുകൊണ്ട് ആരും അയാൾ പറയുന്നതു ഗൗനിക്കാറില്ലായിരുന്നു.

"കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ അതിനെ മറികടക്കാൻ മനുഷ്യർ ശ്രമിക്കും', ഏറ്റവും ഒടുവിൽ കണ്ടപ്പോൾ പട്‌നായിക് പറഞ്ഞു; "അങ്ങനെയാണ് ഞാൻ ഇംഗ്ലീഷ് ഭാഷ കൂടുതൽ പഠിക്കാൻ തീരുമാനിച്ചത്.'
അതെനിക്കു മനസ്സിലായില്ല.
എന്നാൽ പട്‌നായിക്കിന്റെ ഭാഷാപഠനം വളരെ ലളിതമായിരുന്നു.
പുസ്തകത്തട്ടിലെ തടിച്ച ഇംഗ്ലീഷ് നിഘണ്ടുക്കൾക്കു പിന്നിൽ കുപ്പിയും വെള്ളവും കരുതും. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ വാക്കുകളുടെ അർത്ഥത്തേയും പ്രയോഗത്തേയും കുറിച്ചു സംശയം വരും.
"ഇതു വെറും മദ്യപാനമല്ല, ട്രൂലി റെസ്‌പോൺസിബിൾ ഡ്രിങ്കിംഗ്', ഓരോ സ്മാൾ കഴിക്കുമ്പോഴും ഒരു വാക്കെങ്കിലും പഠിച്ചിരിക്കണം എന്നു നിർബ്ബന്ധമാണ്. അക്കാര്യത്തിൽ അയാൾ വെള്ളം ചേർക്കാറില്ല.

അതേസമയം, വെറുമൊരു മദ്യപൻ മാത്രമായിരുന്നില്ല, അഭയ്.
ലഹരിയെക്കുറിച്ച് അഗാധമായ അറിവുള്ളയാളുമായിരുന്നു.
വിവിധയിനം മദ്യങ്ങൾ, അവയുടെ പാകം, പഴക്കം, നിർമ്മാണം, രുചികൾ, ഉപയോഗിക്കുന്ന വിധം എന്നിവയെക്കുറിച്ചെല്ലാം അയാൾക്കു വേണമെങ്കിൽ ഒരു ഗ്രന്ഥം തന്നെ രചിക്കാൻ പോന്നത്ര വിവരമുണ്ടായിരുന്നു. ഒരിക്കൽ, അയാൾ മുമ്പു താമസിച്ചിരുന്ന വീട്ടിൽ പോയപ്പോൾ മദ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു വലിയ പുസ്തകം അഭയ് പട്‌നായിക് എനിക്കു കാണിച്ചുതന്നു.
പോയൊരു നൂറ്റാണ്ടിലിറങ്ങിയ ബൈബിൾ പോലെ തുകൽച്ചട്ടയിട്ട് സൂക്ഷിച്ചിട്ടുള്ള നല്ല കനമുള്ള ഒരു ഗ്രന്ഥം. അതിനുള്ളിൽ നിരവധി പെയിന്റിംഗുകൾ, വിവരണങ്ങൾ. പ്രാചീനകാലത്ത് മദ്യം വാറ്റാൻ വേണ്ടുന്ന പാത്രങ്ങളും ഉപകരണങ്ങളും കുഴലുകളും, വാറ്റിയ ദ്രാവകങ്ങൾ സൂക്ഷിക്കാനുപയോഗിച്ചിരുന്ന വലിയ ഭരണികൾ, പകർത്തിയെടുക്കാനുപയോഗിക്കുന്ന കോപ്പകൾ; എല്ലാം ആ പുസ്തകത്തിലുണ്ടായിരുന്നു.

"ഭാര്യക്ക് ഞാൻ കുടിക്കുന്നത് പണ്ടേ ഇഷ്ടമല്ല', അഭയ് പട്‌നായിക് തുകൽച്ചട്ടയിട്ട പുസ്തകം പകുത്തു കാണിച്ചുതരുന്നതിനിടയിൽ എന്നോടു പറഞ്ഞു.
"എല്ലാ ഭാര്യമാരും അങ്ങനെത്തന്നെയല്ലേ?', ഞാൻ ചോദിച്ചു.

"അങ്ങനെയല്ല ഇവിടെ. വാസ്തവത്തിൽ ഞാൻ കുടിച്ചു മിണ്ടാതിരിക്കുകയാണെങ്കിൽ അവൾക്കു പ്രശ്‌നമില്ല. പക്ഷേ, ഞാൻ രണ്ടെണ്ണം അടിച്ചാൽ അവളുടെ പാട്ടിലെ രാഗങ്ങൾ തെറ്റുന്നതും താളം പിഴയ്ക്കുന്നതുമെല്ലാം ഉറക്കെ വിളിച്ചുപറയും. മദ്യം നമ്മളെ സത്യസന്ധരാക്കുമല്ലോ. അതാണ് ഞങ്ങൾ തമ്മിലുള്ള വഴക്ക്', പിന്നെ ഒരു രഹസ്യം പറയുന്നതുപോലെ അഭയ് ശബ്ദം കുറച്ച് എന്നോടു പറഞ്ഞു. "നിങ്ങളോടായതുകൊണ്ടു പറയുകയാണു കേട്ടോ, ഇത്രയും മോശമായി ഗസലുകൾ പാടുന്ന ഒരു സ്ത്രീയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഭാര്യയാണെന്നു വച്ചിട്ട് കാര്യം പറയാതിരിക്കുന്നതെങ്ങനെ?'
"മാഡത്തിനു പുറത്തു നല്ല പേരാണല്ലോ', ഒരിക്കൽ ഞാൻ ചോദിച്ചു.
"പുറത്തുമുഴുവൻ മണ്ടന്മാരാണ് എന്നു മാത്രമാണ് അപ്പറഞ്ഞതിന്റെയർത്ഥം', അഭയ് പരിഹാസത്തോടെ എന്നെ നോക്കി.

"പെണ്ണുകാണാൻ ചെന്നപ്പോൾ അവളുടെ തന്ത ചോദിച്ചതാ, പുത്രിയെക്കൊണ്ട് ഒരു പാട്ടു പാടിക്കണോ എന്ന്. അവിടെ അങ്ങനെയൊരു സമ്പ്രദായമുണ്ടു പോലും. ഞാനൊരു മര്യാദയുടെ പേരിൽ വേണ്ടെന്നു പറഞ്ഞു. അന്നു പാടിച്ചിരുന്നെങ്കിൽ എന്റെ ജീവിതം തന്നെ രക്ഷപ്പെട്ടുപോയേനേ. എന്തു തോന്നുന്നു?'
പ്രത്യേകിച്ച് ഒന്നും തോന്നാത്തതുകൊണ്ട് ഞാൻ മറുപടി പറഞ്ഞില്ല.

ഞങ്ങൾ കാർ വെളിയിൽ മതിലിന്റെ ഓരം ചേർത്തിട്ട് അഭയ് കുമാറിന്റെ ഫ്‌ളാറ്റിലേക്കു ചെന്നു. ഭാഗ്യത്തിന് അയാൾ അവിടെത്തന്നെയുണ്ടായിരുന്നു. കുറേ നാൾക്കു ശേഷം കണ്ടതിന്റെ ആഹ്ലാദത്തിൽ അയാൾ എല്ലാവരേയും ആലിംഗനം ചെയ്തു സ്വീകരിച്ചു. അത്രനാളും അവിടെ വരാത്തതിന് തെറി വിളിച്ചു.

"അഭയ് സാർ ഏതു സമയവും പാട്ടുകേൾക്കുകയാണോ?', അയാളുടെ ചെവിയിലെ ഇയർ ഫോൺ കണ്ടിട്ടാവണം, സന്ദീപ് വൈഷ്ണവ് തിരക്കി. ചോദ്യം കേൾക്കാത്തതു കൊണ്ട് അഭയ് ഇയർ ഫോണുകൾ ഊരി അയാളെ നോക്കി. സന്ദീപ് ചോദ്യം ആവർത്തിച്ചു.

"ഹഹഹ, ഇതു പാട്ടുകേൾക്കാതിരിക്കാനുള്ള സൂത്രമാണ്', അഭയ് ചിരിച്ചു. അതു ശരിയായിരുന്നു. ആ ഇയർ ഫോണുകൾ വെറുതെ ചെവിയിൽ തിരുകിവച്ചിരിക്കുകയായിരുന്നു. ഫോണുമായി ഘടിപ്പിച്ചിരുന്നില്ല.
"കുട്ടികളുടെ പാട്ടല്ലേ, കുറച്ചു കേട്ടാലെന്താ കുഴപ്പം?', സന്ദീപ് ചോദിച്ചു.
"അതിൽ പ്രശ്‌നമുണ്ടായിട്ടല്ല. ഇടയ്ക്കിടെ അവരുടെ മ്യൂസിക് ടീച്ചർ കൂടി പാടുന്നുണ്ട്. അപ്പോൾപ്പിന്നെ ഞാൻ നോക്കിയിട്ട് ഇതേ ഒരു വഴി കണ്ടുള്ളൂ.'

ഞങ്ങൾ മൂന്നുപേരും ജനാലയുടെ അടുത്തുചെന്ന് പുറത്തേക്കു നോക്കി. അപാർട്‌മെന്റിലെ മുൻഭാഗത്തെ കെട്ടിടം സ്‌കൂളിന്റെ കാഴ്ചയെ മറയ്ക്കുന്നുണ്ടെങ്കിലും ശബ്ദത്തിനു തടസ്സമില്ലായിരുന്നു.

"അഭയ് സാറിന്റെ ഇംഗ്ലീഷ് പഠനം പുരോഗമിക്കുന്നുണ്ടോ?', ഞാൻ ചോദിച്ചു. അജ്മലിനും സന്ദീപിനും അതു മനസ്സിലായില്ലെന്നു തോന്നുന്നു.
"വയോജനവിദ്യാഭ്യാസം നിലച്ചു', പട്‌നായിക് പറഞ്ഞു; "ഇനി നിങ്ങൾ വലിയ സായിപ്പാവാനൊന്നും പോകേണ്ടെന്നു പറഞ്ഞുകൊണ്ട് ഭാര്യ ആ ഡിക്ഷനറികൾ വലിച്ചു നിലത്തേക്കിട്ടു. മഹത്തായ മെറിയം വെബ്സ്റ്ററിന്റെ നിഘണ്ടുവിനെക്കുറിച്ച് അവൾക്കെന്തറിയാം?'
"വേറെ ഒന്നും കണ്ടുപിടിച്ചില്ലേ?'
"ഒപ്പം രണ്ടുകുപ്പികളും ഉണ്ടായിരുന്നു. സ്ംഗിൾ മാൾട്ട് വിസ്‌ക്കികൾ. അതു ഞാൻ ക്ഷമിച്ചു. ഒരു കൊലാറ്റരൽ ഡാമേജ് എന്ന നിലയ്ക്ക്.'

ഞങ്ങളെ അവിടെ ഇരുത്തിയ ശേഷം അയാൾ ഉള്ളിലേക്കു പോയി. അകത്തുനിന്നും എന്തൊക്കെയോ വലിച്ചുപുറത്തേക്കിടുന്നതിന്റെ ഒച്ച കേട്ടു. കുറച്ചുനേരം കഴിഞ്ഞപ്പോൾ വിചിത്രമായ ഒരാകൃതിയിലുള്ള ഒരു മദ്യക്കുപ്പി എടുത്തുകൊണ്ടുവന്നു. "കണ്ടോ, പുതിയ ഇറക്കുമതി. ഒരു ചങ്ങാതി സിംഗപ്പൂരു വഴി വന്നപ്പോ കൊണ്ടുവന്നതാ. രണ്ടു മാസമായി. വച്ച സ്ഥലത്തു നോക്കുമ്പോൾ കാണാനില്ല. ഒളിപ്പിച്ചു വച്ചതാവും. ഇന്ന് ആനിവേഴ്‌സറിയായതുകൊണ്ട് ആകെയൊന്നു പരിശോധിക്കാനുള്ള സമയം കിട്ടി. ഏതായാലും നിങ്ങൾക്കു ഭാഗ്യമുണ്ട്. '

"ഔ, എന്തൊരു ഷേപ്പ്! പക്ഷേ, ഞാൻ എങ്ങനെ കഴിക്കും?', കുപ്പിയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് സന്ദീപ് ചോദിച്ചു.
"തിരിച്ചു കാറോടിക്കേണ്ടേ? '
"എന്തിന്? നിങ്ങളൊക്കെ ഇന്നിവിടെ താമസിച്ചോ! കാലത്തെണീറ്റു പോകാം.', അഭയ് പട്‌നായിക് നിർദ്ദേശിച്ചു.
"അതു പറ്റില്ല. ഞങ്ങൾക്കു മക്കളെ തിരിച്ചു കൊണ്ടാക്കണം', ഞാൻ പറഞ്ഞു.
"വണ്ടി ഞാനോടിച്ചേക്കാം.' അജ്മൽ പറഞ്ഞു. അയാൾ മുമ്പു ടാക്‌സിയോടിച്ചിരുന്ന കാര്യം പറഞ്ഞിട്ടുള്ളത് ഞാനോർത്തു.
"അപ്പോ നീ കഴിക്കുന്നില്ലേ?', പട്‌നായിക് ചോദിച്ചു.
"ഇല്ല സർ. ഇതുവരെ കഴിച്ചിട്ടില്ല.'
"ങേ! അതുകൊള്ളാം. ആട്ടേ, നിന്റെ ജോലിക്കാര്യം എന്തായി?'
"അതു സാറിനോടു പറയാമെന്നുവച്ചിട്ടാണ് അയാൾ വന്നിരിക്കുന്നത്', ഞാൻ പറഞ്ഞു.
"ശരിയാക്കാം. പക്ഷേ, ജോലി സ്ഥിരമായാൽ പിന്നെ കുറേശ്ശേ കഴിക്കണം', മൂന്നു ഗ്ലാസ്സുകളിലേക്ക് മദ്യം പകർന്നുകൊണ്ട് പട്‌നായിക് ഉപദേശിച്ചു. പിന്നെ ഒഴിച്ച അളവുകൾ കൃത്യമല്ലേ എന്ന് ഒരല്പം മാറിനിന്നു പരിശോധിച്ചു.

അപ്പോൾ സ്‌കൂളിൽ നിന്നും വരുന്ന സംഗീതം കുറച്ച് ഉച്ചത്തിലായി. തപ്പുവാദ്യങ്ങളുടെ അകമ്പടിയുള്ള ഒരു നാടൻ പാട്ടാണെന്നു തോന്നി. മുതിർന്നവരുടെ ശബ്ദമാണ്, അധ്യാപകരായിരിക്കണം. അഭയ്കുമാർ പട്‌നായിക് മദ്യത്തിന്റെ രുചി നോക്കിയ ശേഷം പതുക്കെ തന്റെ ഇയർ ഫോണെടുത്ത് വീണ്ടും ചെവിയിൽ തിരുകുന്നതായി ഭാവിച്ചു. എല്ലാവരും ചിരിച്ചു.
"ഓ! എനിക്കു മടുത്തു. നിങ്ങളാർക്കെങ്കിലും ഈ ഫ്‌ളാറ്റു വേണമെങ്കിൽ തരാം. പാതിവില തന്നാൽ മതി.' അയാൾ പറഞ്ഞു.
മദ്യപിക്കുന്നതിന്റെ തിരക്കിലായതുകൊണ്ട് ആരും മിണ്ടിയില്ല.

"ഒന്നാലോചിച്ചാൽ അവളുടെ കുഴപ്പമല്ല. ഇത്തരം സംഗതികളൊക്കെ നല്ല ഗുരുക്കന്മാരിൽ നിന്നും വേണം പഠിക്കാൻ....' എന്തോ ആലോചിച്ച് പട്‌നായിക് ഇടയ്ക്കുവച്ചു നിർത്തി.
"മാഡത്തിന്റെ ഗുരു വലിയൊരാളല്ലേ?' അക്വാഗാഡിൽ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്തുകുടിക്കുന്നതിനിടയിൽ അജ്മൽ ചോദിച്ചു. "ലൈബ്രറിയിൽ അദ്ദേഹത്തെപ്പറ്റി ഒരു പുസ്തകമുണ്ട്.'
പട്‌നായിക് അതു കേട്ടില്ലെന്നു നടിച്ചു.

അല്പം കഴിഞ്ഞപ്പോൾ അജ്മൽ ടോയ്‌ലറ്റിലേക്കു പോയി. പട്‌നായിക് എന്തോ ഉറപ്പുവരുത്താനെന്നോണം വിളിച്ചുചോദിച്ചു. "വാഷ്‌റൂമിലെ ലൈറ്റിന്റെ സ്വിച്ചു കണ്ടോ? പുറത്താണ്. ഇടത്തേ അറ്റത്തെ'.
ഫ്‌ളഷ് ചെയ്യുന്നതിന്റെ ഒച്ച കേട്ടു.

പട്‌നായിക് പറഞ്ഞു: "അവൻ പറഞ്ഞതുകേട്ടില്ലേ? ഒരു വലിയ ഗുരു പോലും! ഏതോ മൊല്ലാക്കയാണ്. സൂഫിയോ സിദ്ധനോ എന്തോ. അയാൾ ഏതോ ദിവ്യനായിരുന്നുവെന്ന മട്ടിലാ ഇവന്മാരുടെ സംസാരം. ജപിച്ചുകെട്ടി പേടിമാറ്റുമെന്നോ, പ്രാർത്ഥിച്ചു രോഗം മാറ്റുമെന്നോ ഒക്കെ എന്റെ ഭാര്യയും ഓരോ വിടുവായത്തം പറയുന്നതു കേൾക്കാം.'

അജ്മൽ തിരിച്ചുവന്നു.

"വിളക്കിന്റെ സ്വിച്ചു കണ്ടില്ലേ മോനേ?' പട്‌നായിക് സ്‌നേഹഭാവത്തിൽ തിരക്കി.
"അതു നോക്കിയില്ല.' അയാൾ പറഞ്ഞു. "അല്ലാതെത്തന്നെ വെളിച്ചമുണ്ടായിരുന്നല്ലോ.'

"ങാ, അപ്പോൾ നമ്മളെന്താ പറഞ്ഞുകൊണ്ടുവന്നത്? സംഗീതം. റൈറ്റ്. സംഗീതം ഒരു പ്രാർത്ഥനയാണെന്നാണ് ഞാൻ പറയുക. അതു നന്നാവണമെങ്കിൽ സംസ്‌കൃതം പഠിക്കണം.' പട്‌നായിക് ഗൗരവത്തോടെ പറഞ്ഞു. ആ വിഷയത്തിൽ വലിയ വിവരമില്ലാത്തതുകൊണ്ടാവും, ആരും ഒന്നും പറഞ്ഞില്ല. സംഭാഷണം വഴി മുട്ടിയതുപോലെ തോന്നി.

"ഞാൻ പ്ലസ് ടു വരെ സംസ്‌കൃതം പഠിച്ചിട്ടുണ്ട്', സന്ദീപ് പറഞ്ഞു.
"നിനക്ക് അതിന്റെ സംസ്‌കാരവും കാണും', അഭയ് ഒരിറക്കുകൂടി മദ്യം കഴിച്ചുകൊണ്ടു പറഞ്ഞു​; "ഏറ്റവും ആധുനികമായ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ പോലും സംസ്‌കൃതത്തിലാണ് എന്നാ ഞാൻ കേട്ടിട്ടുള്ളത്.'
"എവിടെ കേട്ടു?' ഞാൻ പെട്ടെന്നു ചോദിച്ചു. പിന്നെ അതു ചോദിക്കേണ്ടിയിരുന്നില്ലെന്നു തോന്നി. പട്‌നായിക്കിനോട് തർക്കിക്കാൻ പോയാൽ ഈ വൈകുന്നേരം കുളമാവും.
"അതു സത്യമാണ്', സന്ദീപ് എന്റെ നേർക്കു തിരിഞ്ഞുകൊണ്ടു ഗൗരവത്തോടെ പറഞ്ഞു. ‘അമേരിക്കയിലുള്ള എന്റെ കസിൻ ഗൂഗിളിൽ ഒരു പ്രോഗ്രാമറാണ്. അവൻ അതിനേക്കുറിച്ച് ഒരു ആർട്ടിക്കിൾ എനിക്കയച്ചിരുന്നു. ഞാനതിന്റെ ലിങ്ക് ഫോർവേഡു ചെയ്തു തരാം.'
"ഒന്നല്ല, നൂറുനൂറ് ആർട്ടിക്കിളുകളുടെ ലിങ്ക് എന്റെയടുത്തുണ്ട്.' അഭയ് പറഞ്ഞു. "സംസ്‌കൃതം കൈവിട്ടുകളഞ്ഞതാണ് നമുക്കുപറ്റിയ വലിയ പിഴവ് എന്നു ഞാൻ പറയും.'
"അപ്പോൾ ഒരു സംസ്‌കൃത നിഘണ്ടു വാങ്ങി പരിശീലനം തുടങ്ങിയാലോ?' ഞാൻ ചോദിച്ചു.
"അയ്യോ! സംസ്‌കൃതം പഠിക്കുമ്പോൾ തമാശ പറ്റില്ല', പട്‌നായിക് എന്റെ നേർക്കുനോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു; "ദേവഭാഷയല്ലേ?'

എല്ലാവരും ആദ്യത്തെ പെഗ്ഗ് തീർത്ത ശേഷം അഭയ് പട്‌നായിക്ക് വീണ്ടും ഒഴിക്കുന്നതു ശ്രദ്ധിച്ചുകൊണ്ട് നിശ്ശബ്ദരായി ഇരുന്നു. ഇത്തവണ അയാൾ പഴയതുപോലെ അളവു കൃത്യമാക്കാൻ ശ്രമിക്കുന്നില്ലെന്നു തോന്നി.

"ഓ! ഞാനെന്റെ ഫോൺ കാറിൽ മറന്നുവച്ചു', അജ്മൽ പറഞ്ഞു; "സന്ദീപ് സർ, ആ താക്കോലൊന്നു തരൂ.'

താക്കോൽ വാങ്ങി അയാൾ താഴേക്കു പോയി.

"പൊണ്ണനെപ്പോലെ വലുതായി എന്നേയുള്ളൂ. വിവരമില്ല.' പട്‌നായിക് അയാൾ പോകുന്നതു നോക്കിക്കൊണ്ടു പറഞ്ഞു. "മൊത്തത്തിൽ ഇവന്മാരുടെ പ്രശ്‌നം അതാണ്.'
"എഡ്യുക്കേഷന്റെ പ്രശ്‌നമാണ്.' വിഷയം ഒന്നു തണുപ്പിക്കാനെന്നോണം സന്ദീപ് പറഞ്ഞു.
"എന്താ എഡ്യുക്കേഷന്റെ പ്രശ്‌നം? ആരെങ്കിലും പഠിക്കണ്ടാ എന്നു തടയുന്നുണ്ടോ? "അഭയ് പട്‌നായിക് ചോദിച്ചു.
"എല്ലാവരും മുഖ്യധാരയിലേക്ക് വരണം.' സന്ദീപ് പുറത്തേക്കു നോക്കിക്കൊണ്ടു കുറഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
"എന്നു പറഞ്ഞാൽ എന്താ, ആരെങ്കിലും പോയി കൊണ്ടുവരണോ?' അഭയ് ചിരിച്ചു.
"കേരളത്തിലൊക്കെ എല്ലാവർക്കും വിദ്യാഭ്യാസമുണ്ട്.' ഞാൻ പറഞ്ഞു.
"ഹോ! കേരളം.' അയാൾ ഉറക്കെ ചിരിച്ചു. "മല്ലു ഹെൽ! എ ഹോറിബിൾ പ്ലേസ്!'
"ഗോഡ്‌സ് ഓൺ കണ്ട്രിയെക്കുറിച്ചാണ് അഭയ് സാർ ഇങ്ങനെ പറയുന്നത്!' സന്ദീപ് ചിരിച്ചു.
"എന്തു ഗോഡ്‌സ് ഓൺ കണ്ട്രി? നോൺസെൻസ്! പാക്കിസ്ഥാൻ കളി ജയിച്ചാൽ മലയാളികൾ പടക്കം പൊട്ടിക്കും എന്നു ഞാൻ കേട്ടിട്ടുണ്ട്. ശരിയല്ലേ?'
"ശരിയല്ല.' ഞാൻ പറഞ്ഞു.
"അതു ശരിയാണ്.' സന്ദീപ് വൈഷ്ണവ് ഉറപ്പിച്ചുപറഞ്ഞു. "എന്റെ കൈയ്യിൽ അതിന്റെ വീഡിയോ ക്ലിപ്പുകളുണ്ട്. ഫോർവേഡ് ചെയ്യാം.'
"സംഗതി കുറച്ചു കാടും വീടും വെള്ളക്കെട്ടുമൊക്കെയുണ്ട്. ശരിതന്നെ. അതുകൊണ്ടെന്താ! വന്നുവന്ന് പപ്പുമോനും പച്ചക്കൊടിയും മാത്രമായി. ഡോഗ്‌സ് ഓൺ കണ്ട്രി!'

അപ്പോഴേക്കും അജ്മൽ വാതിൽ തുറന്ന് അകത്തേക്കുവന്നു. പൊടുന്നനെ എല്ലാവരും നിശ്ശബ്ദരായി. ആരും മിണ്ടാതിരിക്കുന്നത് അജ്മലിന് അസ്വാഭാവികമായി തോന്നിയേക്കാം എന്നു തോന്നിയപ്പോൾ ഞാൻ വെറുതെ ചുമച്ചു.

പുറത്ത് ബ്ലോസം സ്‌കൂളിൽ നിന്നും ഉറക്കെയുറക്കെ ആരൊക്കെയോ സംസാരിക്കുന്നതു കേട്ടു. ശ്രദ്ധിച്ചപ്പോൾ ഒരു നാടകം അരങ്ങേറുകയാണെന്നു മനസ്സിലായി.

അജ്മലിന്റെ കൈയ്യിൽ കടല വറുത്തതിന്റേയും മിക്‌സ്ചറിന്റേയും ചെറിയ പാക്കറ്റുകളുണ്ടായിരുന്നു. "വേറൊന്നും കിട്ടാനില്ല. കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്നിട്ടുള്ളവർ എല്ലാം തിന്നുതീർത്തു.' അയാൾ പറഞ്ഞു.

"വെരി ഗുഡ്!' കടലപ്പൊതി തുറന്നുകൊണ്ട് അഭയ് പട്‌നായിക് പറഞ്ഞു. സംസാരിക്കാൻ ഒരു വിഷയം കിട്ടിയതിൽ എല്ലാവരും സന്തോഷിക്കുന്നതായി തോന്നി.

"ഈ അജ്മൽ ഇല്ലേ, അവൻ കൊള്ളാം കേട്ടോ. അറിഞ്ഞു പെരുമാറാനറിയാം. നല്ല ബുദ്ധി, വിവരം ഒക്കെയുണ്ട്. കൾച്ചേഡ്.' അയാൾ പറഞ്ഞു.

അജ്മൽ ചിരിയോടെ സോഫയിൽ ഇരുന്നു.

"ഞാനെന്താ അവനെ മദ്യപിക്കാൻ നിർബ്ബന്ധിക്കാതിരുന്നത്? ഹീയിസ് ഏൻ എക്‌സ്പഷ്ൻ. ഏൻ ഓണറബിൾ എക്‌സപ്ഷൻ. മുമ്പൊരിക്കൽ അവൻ വീട്ടിൽ വന്നിരുന്നു. ഞാൻ ക്യാമ്പസിനടുത്തു താമസിക്കുന്ന സമയത്താണ്. എന്റെ ഭാര്യക്ക് ഏതോ സംഗീതപുസ്തകം കൊണ്ടുകൊടുക്കാൻ വന്നതാണ്. നീ ഓർക്കുന്നില്ലേ, അജ്മൽ?'
അജ്മൽ തലയാട്ടി.
"ങാ, അന്ന് എന്റെ അമ്മ വീട്ടിലുണ്ട്. ഇവൻ പോയപ്പോ അമ്മ എന്നോടു ചോദിക്കുകയാ, ഏതാ ആ പയ്യൻ? ബ്രാഹ്മണനാണോ എന്ന്? എന്താ കാരണം?'

എന്താണ് കാരണം എന്നു ഞങ്ങൾക്കാർക്കും - അജ്മലിനു പോലും - മനസ്സിലായില്ല.

"അവനെ കണ്ടാലറിയാം. അതാണ് ആ എക്‌സപ്ഷൻ. ചിക്കൻ വറുത്തുകൊടുത്തിട്ടും തൊട്ടില്ല. നിങ്ങൾക്കറിയാമോ, ഹീയീസ് എ സ്ട്രിക്റ്റ് വെജിറ്റേറിയൻ. ക്യാൻ യു ബിലീവിറ്റ്? സംശയമുണ്ടെങ്കിൽ ചോദിച്ചുനോക്ക്.'
"നോൺ കഴിച്ചാൽ ചെറിയൊരു അലർജിയുണ്ട്. അതുകൊണ്ടാ.' അജ്മൽ പറഞ്ഞു.

ഗ്ലാസുകൾ നിറയുകയും ഒഴിയുകയും ചെയ്തുകൊണ്ടിരുന്നു. കടലയും മിക്‌സ്ചറും തീർന്നു. പുറത്തുനിന്നും മിമിക്രിയും പാട്ടും പ്രസംഗവും നാടകവും മാറിമാറിവന്നു. ഫ്‌ളാറ്റിനുള്ളിൽ പരസ്പരമുള്ള സംഭാഷണങ്ങൾ ആരാണ് കേൾക്കുന്നത്, പറയുന്നത് എന്നു തിരിച്ചറിയാനാവാതെ നാഥനില്ലാക്കളരി പോലെയായി.

"ഏയ്, അജ്മൽ.' അതിന്റെ ഇടവേളയിൽ അഭയ് കുമാർ പട്‌നായിക് വിളിച്ചു. ' ഒരു പാട്ടുപാട്. നീ നന്നായി പാടും എന്നെനിക്കറിയാം.'
"വരികളൊന്നും ഓർമ്മയില്ല, സർ.' അജ്മൽ പറഞ്ഞു.
"അതു സാരമില്ല. ഞങ്ങളൊക്കെ ഇവിടെയില്ലേ! നീ തുടങ്ങിക്കോ.'

"ബഹാരോം ഫൂല് ബർസാവോ...' അജ്മൽ തുടങ്ങി. നല്ല ശബ്ദം. ഇയാൾ പാട്ടും പഠിച്ചിട്ടുണ്ടോ?
"മേരാ മെഹബൂബ് ആയാ ഹേ...' സന്ദീപും പട്‌നായിക്കും കൂടെച്ചേർന്നു. ഞാൻ സോഫയുടെ കൈയ്യിൽ താളം പിടിക്കാൻ ശ്രമിച്ചു.
"മേരാ മെഹബൂബ്' അഭയ്കുമാർ സ്‌കൂളിന്റെ നേർക്കു നോക്കി പുച്ഛഭാവത്തിൽ ചിരിച്ചു.

എല്ലാവരും പാട്ടിൽ മുഴുകി, ഇടയ്‌ക്കൊക്കെ സോഫയിൽ നിന്ന് എഴുന്നേൽക്കുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്തു.

കടലയും മിക്‌സ്ചറും കൊണ്ടുവന്ന പൊതികൾ കളയാൻ വേസ്റ്റ്ബിൻ നോക്കി അജ്മൽ അടുക്കളയിലേക്കു പോയി.
"മുഹമ്മദ് റാഫി,' സന്ദീപ് അജ്മൽ പോകുന്നതിന്റെ ദിശയിലേക്കു ചൂണ്ടിക്കൊണ്ടു പറഞ്ഞു.
"ഉറപ്പല്ലേ! അവൻ പിന്നെ വേറെയാരെയെങ്കിലും പാടുമോ?' പട്‌നായിക് പരിഹാസത്തോടെ ചിരിച്ചു.
ഞങ്ങൾ നിശ്ശബ്ദരായി.

കുറച്ചു കഴിഞ്ഞപ്പോൾ സ്‌കൂളിൽ നിന്ന് വീണ്ടും ഒരു പാട്ടു കേൾക്കാൻ തുടങ്ങി.
"അരോചകം!' പട്‌നായിക് തലയിൽ അടിച്ചുകൊണ്ടു പറഞ്ഞു. ' ഏതു സമയത്താണ് ഈ സ്‌കൂളിനടുത്തു താമസിക്കാൻ തോന്നിയത്?'

അയാൾ ഒരു സിഗററ്റെടുത്തു കത്തിച്ച് പുകയൂതി വിട്ടു. പുകയുടെ വലയം അയാൾക്കുമുകളിൽ തങ്ങിനില്ക്കുന്നതായി തോന്നി.
അജ്മൽ ഒരു ഗ്ലാസ്സിൽ വെള്ളവുമായി തിരികെ വന്നു.
"എന്താ അവന്റെ ശബ്ദം! അരേ, വാഹ്! നീയിങ്ങ് അടുത്തു വന്നേ മോനേ.' പൊടുന്നനെ വാത്സല്യത്തിന്റെ ആധിക്യം അഭയ് പട്‌നായിക്കിനെ ആവേശിച്ചു. അജ്മൽ അടുത്തുവന്നപ്പോൾ അയാൾ അടുത്തുചേർത്തു നിർത്തി നിറുകയിൽ ഉമ്മ വച്ചു. എല്ലാവരും കൈയ്യടിച്ചു. മദ്യം ഏവരേയും സ്വതന്ത്രമാക്കിയതുപോലെ തോന്നി.

"കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ഈ അഭയ് കുമാർ പട്‌നായിക്ക് ഒരിക്കലും മടിച്ചിട്ടില്ല.' പിന്നെ എല്ലാവരുടേയും നേർക്കുനോക്കിക്കൊണ്ടു പറഞ്ഞു. "നിങ്ങൾ നോക്കിക്കോ, ഇവന്റെ ജോലി ഞാൻ ശരിയാക്കും. ഡയറക്ടറുടെ വീട്ടുപടിക്കൽ സത്യാഗ്രഹമിരുന്നിട്ടായാൽ പോലും.'

"സ്ഥിരമാക്കാൻ എന്തോ ബുദ്ധിമുട്ടുണ്ടെന്നാ ഡയറക്ടർ സാറു പറഞ്ഞത്.' അജ്മൽ പറഞ്ഞു.
"മനുഷ്യർ വിചാരിച്ചാൽ തീർക്കാൻ പറ്റാത്ത എന്തു ബുദ്ധിമുട്ടാണ് ഈ ലോകത്തുള്ളത്?' പട്‌നായിക് ചിരിച്ചു.

ഗ്ലാസ്സിലെ മദ്യം ഒരു കവിൾ കൂടി കുടിച്ച ശേഷം അയാൾ തുടർന്നു. "നമ്മുടെ നാട്ടിൽ ചെറുപ്പക്കാർക്കു നല്ല ജോലി കിട്ടുന്നില്ല. വെരി സാഡ്. ആരുടേയും കുറ്റമല്ല. അത്രയേറെ ചെറുപ്പക്കാരുണ്ട്.'
"പോപുലേഷൻ ഗ്രാഫ് നോക്കിയിട്ടുണ്ടോ? വൈകാതെ നമ്മളു ചൈനയെ തോല്പിക്കും.' സന്ദീപ് പറഞ്ഞു.
"അക്കാര്യത്തിലെങ്കിലും ആ ബ്ലഡി ചൈനീസ് തോറ്റുപോകുന്നുണ്ടല്ലോ എന്നുള്ള ആശ്വാസം എനിക്കുണ്ട്.' അഭയ് പട്‌നായിക് ചിരിച്ചു.

"ഇതാ, ഒരു സിഗററ്റു വലിക്ക്.' പട്‌നായിക് ഒന്നെടുത്ത് അജ്മലിനു നീട്ടി.
"പുകവലിയല്ല, സർ.' അയാൾ പറഞ്ഞു.
"നിന്നെ എന്തിനു കൊള്ളാം? കുടിയില്ല, വലിയില്ല, തീറ്റിയില്ല. ബാക്കിയെന്തെങ്കിലുമൊക്കെയുണ്ടോ എന്ന് ഇനി ആ പെണ്ണിനോടു ചോദിക്കണം.' എല്ലാവരും ചിരിച്ചു.

"പോപുലേഷൻ ഗ്രോത്ത് ഒരു ഗൂഢാലോചനയാണെന്നാ എന്റെ പക്ഷം. പത്തും ഇരുപതും വച്ചല്ലേ പെറ്റുകൂട്ടുന്നത്? ഈ രാജ്യത്തെ തോല്പിക്കാൻ വേറെന്താ വഴി? എന്തു തോന്നുന്നു?' സിഗററ്റിന്റെ കുറ്റി കുത്തിക്കെടുത്തിക്കൊണ്ട് പട്‌നായിക് ചോദിച്ചു.
"സംശയമില്ല.' സന്ദീപ് പറഞ്ഞു.
"ഭാഗ്യത്തിന് എനിക്കു കുട്ടികളേ ഇല്ല.' പട്‌നായിക് കുറച്ചു മദ്യം സ്വന്തം ഗ്ലാസ്സിലേക്ക് ഒഴിച്ചു.
"എന്റെ കാര്യം നോക്കൂ, ഒരു കുട്ടി മതി എന്നാണ് വച്ചിരിക്കുന്നത്.' സന്ദീപ് പറഞ്ഞു.
"ദാറ്റീസ് എ പാട്രിയോട്ടിക് ഡിസിഷൻ.' പട്‌നായിക് പറഞ്ഞു.

പൂനെ മുംബൈ ഹൈവേയിലൂടെ ഒരു ഫയർ എഞ്ചിൻ കടന്നുപോകുന്നതിന്റെ ഒച്ച കേട്ടു.

"അജ്മൽ നിനക്ക് എത്ര സഹോദരങ്ങളുണ്ട്?' ഫയറെഞ്ചിന്റെ ശബ്ദം നിലച്ചപ്പോൾ അഭയ് അന്വേഷിച്ചു.
"ഞാൻ അവസാനത്തെയാളാണ്.' അജ്മൽ നേരിയ കുറ്റബോധത്തോടെ പറഞ്ഞു.
"അതു ശരി. പക്ഷേ, നിനക്കു മുമ്പേ എത്ര പേരുണ്ട് വീട്ടിൽ?' അഭയ് ഒന്നുകൂടി ഊന്നി.
"എട്ട്.' അയാൾ ശബ്ദം കുറച്ചു. "ഞാൻ ഒമ്പതാമത്തെ ആളാണ്.'
അഭയ് ചിരിച്ചെങ്കിലും പെട്ടെന്നു നിർത്തി.
"അതിൽ മൂന്നുപേർ ഇപ്പോൾ ജീവിച്ചിരിപ്പില്ല സർ,' അജ്മൽ പറഞ്ഞു.

"ഓ, ഞാൻ ചോദിച്ചെന്നേയുള്ളൂ,' പട്‌നായിക് അയാളെ ആശ്വസിപ്പിക്കുന്ന മട്ടിൽ തുടർന്നു. "പുതിയ തലമുറ അങ്ങനെ പെരുമാറാതിരുന്നാൽ മതി.'

"അക്കാര്യത്തിൽ വേറൊരു ചെറുപ്പക്കാരൻ ഗാന്ധിയായിരുന്നു ഭേദം.' സന്ദീപ് പറഞ്ഞു. "ഞാനയാളുടെ ഒരു ഫാനാ.'
"യു മീൻ സഞ്ജയ്? ഐ അഗ്രീ വിഥ് യു. ചിയേഴ്‌സ്! ഈ രാജ്യത്ത് ഉണ്ടായിട്ടുള്ള, ഇനി ഉണ്ടാകാൻ പോകുന്ന സകല ഗാന്ധിമാരേയും എനിക്കു പുച്ഛമാണ്. ഒറിജിനലായാലും ഈ കാണുന്ന ഡ്യൂപ്ലിക്കേറ്റുകളായാലും.'

അഭയ് പട്‌നായിക് തന്റെ കണ്ണടയൂരി ടീ ഷേർട്ടിന്റെ അറ്റം ഉയർത്തി പൊടി തുടച്ചു.

"പക്ഷേ സന്ദീപ്, നീ പറഞ്ഞ ആ ചങ്ങാതി ഒഴികെ. അവനൊരു ആൺകുട്ടിയായിരുന്നു. ഏൻ ഓണറബിൾ എക്‌സപ്ഷൻ. പക്ഷേ, നല്ലവർക്ക് ആയുസ്സു കിട്ടുകയില്ലല്ലോ. ഒരു കാര്യം ഉറപ്പാ. അയാളുണ്ടായിരുന്നെങ്കിൽ ഈ രാജ്യത്തിൽ ഒരു കൺട്രോളുണ്ടാകുമായിരുന്നു.'
"ശരിക്കും. അഭയ് സാറിനറിയാമോ, ഞാനെന്റെ മകന് സഞ്ജയ് എന്നാ പേരിട്ടിരിക്കുന്നത്.' സന്ദീപ് പറഞ്ഞു.
"റിയലി? ഔ! സോ നൈസോഫ് യു. എല്ലാവരും പപ്പു എന്നു പേരിട്ടു നടക്കുന്ന കാലത്താണ്! വെരി ബോൾഡ്, യു ആൾസോ ഡിസർവ് മൈ കിസ്.' അയാൾ സന്ദീപിന്റെയടുത്തേക്കു രണ്ടു ചുവടുകൾ വച്ചു.

"എവിടേ നമ്മുടെ അജ്മൽ?' സ്വരത്തിൽ അഭയ് പട്‌നായിക് വാത്സല്യം കലർത്തി ചോദിച്ചു.
ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ അയാളെ കണ്ടില്ല. ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നതാണല്ലോ.
"ആശ്വാസമായി.' പുറത്തുനിന്നും അജ്മൽ കയറി വന്നപ്പോൾ അഭയ് പട്‌നായിക് കുറച്ചു നാടകീയമായി അവനെ നോക്കി. "നീയിതെപ്പോ പുറത്തു പോയി?'
"ഞാൻ ഇടനാഴിയിലുണ്ടായിരുന്നു. ഒരു ഫോൺ വന്നു.' അയാൾ പറഞ്ഞു.

"ഹി ലുക്‌സ് ബ്യൂട്ടിഫുൾ. അല്ലേ?' പട്‌നായിക് ചിരിച്ചു. "ആന്റ് സിംഗ്‌സ് ബ്യൂട്ടിഫുളി വെൽ.'

"ഓ, അതോ! എന്താ എന്റെ പേരിന്റെ അർത്ഥം എന്നറിയാമോ?' അജ്മൽ തിരക്കി. അവന്റെ ചുണ്ടുകളിൽ ഒരു കുസൃതിച്ചിരിയുണ്ടായിരുന്നു.
"എനിക്കറിഞ്ഞുകൂടാ.' ഞാൻ പറഞ്ഞു.
"എനിക്കും.' സന്ദീപ് പറഞ്ഞു.
"ഒരു പേര്.' അഭയ് പട്‌നായിക് പറഞ്ഞു. "അതിനിപ്പോ എന്താ അത്ര വലിയ അർത്ഥം?'
"എല്ലാവരും തോറ്റോ? എങ്കിൽ ഞാൻ പറയാം.' അവൻ ചിരിച്ചു. "അജ്മൽ എന്നാൽ സുന്ദരൻ. എങ്ങനെയുണ്ട്?'
"കറക്റ്റ്! മോനേ, സുന്ദരാ! നീ ശരിക്കും സുന്ദരൻ തന്നെ.' അഭയ് പട്‌നായിക് ചിരിച്ചു. അയാൾ വീണ്ടും തന്നെ ഉമ്മ വയ്ക്കുമെന്നു പേടിച്ചിട്ടെന്ന പോലെ അജ്മൽ മാറിക്കളഞ്ഞു.

സന്ദീപ് പറഞ്ഞു. "അഭയ് സർ, പ്രോഗ്രാംസ് തീർന്നു. അനൗൺസ്‌മെന്റ് കേട്ടില്ലേ?'

"ഹൂ കെയേഴ്‌സ്? ' അയാൾ ക്ഷോഭത്തോടെ പറഞ്ഞു. "നാശം! ആരെങ്കിലും ഒരു ബോംബുകൊണ്ടുപോയി അവിടെ ഇട്ടിരുന്നെങ്കിൽ! '

ദേഹത്തിനു കുറുകെ മൂർച്ചയുള്ള ഒരു വാൾ പാഞ്ഞുകയറുന്നതുപോലെ തോന്നി. എല്ലാവരും പൊടുന്നനെ നിശ്ശബ്ദരായി. അഭയ് പട്‌നായിക് ഒന്നും ശ്രദ്ധിക്കാത്ത മട്ടിൽ വാഷ്‌റൂമിലേക്കു നടന്നു.

അല്പം കഴിഞ്ഞപ്പോൾ ദേശീയഗാനം ആലപിക്കുന്നതു കേട്ടു. ആനിവേഴ്‌സറി പരിപാടികൾ തീരുകയാണ്.

"ഓ! കഴിഞ്ഞു സംഗതി.' സന്ദീപ് പറഞ്ഞു. അയാളുടെ വാക്കുകളിൽ ആശ്വാസമുണ്ടായിരുന്നു. "അഞ്ചുമിനിട്ടു കഴിഞ്ഞാൽ നമുക്കിറങ്ങാം.'

ഞാനും സന്ദീപും ചേർന്ന് കുപ്പിയും ഗ്ലാസ്സുകളും ഒതുക്കി. കുനിഞ്ഞ് നിലത്തുവീണ ഭക്ഷണത്തുണ്ടുകൾ പെറുക്കിയെടുത്തു. നിവരുമ്പോൾ ഞാൻ അജ്മലിനെ പാളിനോക്കി. അത്ഭുതം! അയാൾ മാത്രം നിവർന്ന് അറ്റൻഷനായി നിന്ന് ദേശീയഗാനം ഉരുവിടുകയാണ്.

"അജ്മൽ,' ഞാൻ വിളിച്ചു. അയാൾ കേട്ടില്ല.
"അജ്മൽ!' സന്ദീപ് വിളിച്ചു. മറുപടിയുണ്ടായില്ല.

ഞാൻ പതുക്കെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. അവന്റെ കൂടെ അറ്റൻഷനായി നില്ക്കണോ എന്നൊരു സംശയം എനിക്കും ഉണ്ടായി. ഞാൻ അഭയ് കുമാർ പട്‌നായിക്കിന്റെ മുഖത്തേക്കു നോക്കി.

"ഓ! ഇതാ നമ്മുടെ അജ്മൽ കസബ് അറ്റൻഷനായല്ലോ! എക്‌സലന്റ്!' വാഷ് റൂമിൽ നിന്നും വരുമ്പോൾ ഞങ്ങളെ നോക്കിക്കൊണ്ട് അഭയ് കുമാർ പട്‌നായിക് പറഞ്ഞു.
അജ്മൽ അതു കേട്ടിട്ടുണ്ടാവില്ലെന്ന് ഞാൻ സ്വയം ആശ്വസിപ്പിച്ചു.

"വെള്ളമടിച്ചിരിക്കുമ്പോൾ ദേശീയഗാനത്തിന് എഴുന്നേറ്റു നില്ക്കണം എന്നു നിർബ്ബന്ധമില്ല.' പട്‌നായിക് പതുക്കെ പറഞ്ഞു. "അല്ലെങ്കിൽത്തന്നെ നമ്മൾ ദേശസ്‌നേഹികളാണെന്ന്, ഇങ്ങനെ എഴുന്നേറ്റുനിന്നിട്ട് ആരോടെങ്കിലും തെളിയിക്കേണ്ടതുണ്ടോ? ഇറ്റീസ് എ ഗിവൺ. എല്ലാവർക്കും അതറിയാം. '
"പെഴ്‌സണലി, ഐ വിൽ പ്രിഫർ ബങ്കിം ചന്ദ്ര.' സന്ദീപ് പിറുപിറുത്തു.
"യേസ്, യേസ്. ടാഗോർ വാസ് സ്റ്റുപിഡ്. പിന്നെ, എന്തായാലും ദേശീയ ഗാനമായിപ്പോയില്ലേ?' പട്‌നായിക് ചിരിച്ചു.

അജ്മൽ ഞങ്ങളെയാരേയും ശ്രദ്ധിക്കാതെ, അപ്പോഴും അതേപടി നില്ക്കുകയായിരുന്നു. തോൾ ഒരല്പം കുനിച്ച് കൈകൾ ശരീരത്തോടു ചേർത്തുവച്ച് അങ്ങനെ നില്ക്കുമ്പോൾ അയാൾ വലിയൊരു ഭാരം ചുമക്കുകയാണെന്ന് എനിക്കു തോന്നി.

ജനഗണമനയുടെ അവസാനത്തെ പാദങ്ങളിലേക്കു കടക്കുമ്പോൾ ഹൈവേയിൽ നിന്നും വാഹനങ്ങളുടെ ഒച്ച കേട്ടു. ഭാരമുള്ള വണ്ടികൾ സാവധാനം കടന്നുപോകുന്നതുപോലെ തോന്നി.

"ഇനി ആർക്കെങ്കിലും കഴിക്കണോ? ' ദേശീയഗാനം ചൊല്ലിത്തീർന്നപ്പോൾ അഭയ്കുമാർ പട്‌നായിക് ചോദിച്ചു. ഞാനും സന്ദീപും വേണ്ടെന്നു പറഞ്ഞു. ഒന്നും സംഭവിക്കാത്ത മട്ടിൽ അജ്മൽ സോഫയിൽ ഇരുന്നു.

"എന്നാൽ ഞാൻ പറയാം. ഇപ്പോൾ ഇറങ്ങണ്ട. അവിടത്തെ തിരക്കൊന്ന് ഒഴിയട്ടെ. ചുരുങ്ങിയത് പത്തുപതിനഞ്ചു മിനിട്ടു സമയമെടുക്കും. അപ്പോൾ ഓരോ സ്‌മോൾ കൂടിയാവാം. ജസ്റ്റ് തേട്ടി മില്ലി ഈച്ച്. വൺ ഫോർ ദ റോഡ്.' അയാൾ വീണ്ടും കുപ്പിയെടുത്തുകൊണ്ടുവന്ന് ചെറിയ അളവിൽ മദ്യം ഞങ്ങൾ രണ്ടു പേർക്കും ഒഴിച്ചു. പിന്നെ വെള്ളം ചേർക്കാതെ കുപ്പിയിൽ നിന്നുതന്നെ കുറച്ചു സ്വന്തം വായിലേക്കൊഴിച്ചു.

ഞാൻ സാവധാനം എന്റെ ഗ്ലാസ്സിൽ പാതിയോളം വെള്ളം ചേർത്തു.

- പിന്നെ, പുറത്തു വളർന്നുവലുതായി വരുന്ന ഇരുട്ടിലേക്കു നോക്കി സാവധാനം കുടിച്ചു.

***

ജൂലൈ മാസത്തിൽ ഓഫീസിലെ താല്ക്കാലിക ജീവനക്കാരിൽ ചിലരെ പിരിച്ചുവിട്ടു. അജ്മലിന്റെ കാര്യം അപ്പോഴും തീരുമാനമായിരുന്നില്ല. രണ്ടുവർഷം തികയാൻ അയാൾക്ക് കുറച്ചു ദിവസങ്ങൾ കൂടിയുണ്ടായിരുന്നു. ഒരു ദിവസം ലൈബ്രറി പൂട്ടി പുറത്തിറങ്ങുമ്പോൾ അജ്മൽ പറഞ്ഞു: "എന്നേയും പിരിച്ചുവിടും. ഉറപ്പാ.'

അതിനാണ് സാധ്യത എന്നറിയാവുന്നതുകൊണ്ട് ഞാനൊന്നും മിണ്ടിയില്ല.

"ഇനിയപ്പോൾ എന്താ പരിപാടി?' അയാൾക്കു ബസ്സു കിട്ടുന്ന സ്‌റ്റോപ്പിലേക്ക് ഒപ്പം നടക്കുമ്പോൾ ഞാൻ തിരക്കി. ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് അയാൾ പറഞ്ഞു.
കുറച്ചുനേരം ഞങ്ങൾ സംസാരിച്ചില്ല.

"ഞാനെന്താ ചിക്കൻ കഴിക്കാത്തതെന്നറിയാമോ?' ബസ്സ് സ്റ്റോപ്പിലെത്തിയപ്പോൾ അയാൾ ചോദിച്ചു. യാതൊരു ബന്ധവുമില്ലാത്ത ആ ചോദ്യം കേട്ട് ഞാൻ അമ്പരന്നു.

"ഉപ്പ സർക്കസ്സ് അവസാനിപ്പിച്ചു പോന്നപ്പോൾ വലിയ കഷ്ടപ്പാടായിരുന്നു. തീരെ ചെറിയ കുട്ടിയായിരുന്നിട്ടും എനിക്കും ജോലിക്കു പോകേണ്ടിവന്നു. ഒരു കോഴിക്കച്ചവടക്കാരൻ തടിമാടന്റെയൊപ്പമായിരുന്നു ഞാൻ. ഇറച്ചിവില്പന. കക്ഷിക്ക് കണക്കറിയില്ലായിരുന്നു. തൂക്കം കണക്കാക്കി വില എഴുതിക്കൂട്ടുമ്പോൾ ഞാൻ കോഴികളെ നോക്കും. അവ എന്നെയല്ല, ആ കച്ചവടക്കാരനെയാണ് നോക്കിക്കൊണ്ടിരുന്നത്. എപ്പോഴും. അയാളുടെ കൂറ്റൻ ശരീരം പതുക്കെ ആ കൂട്ടിനടുത്തേക്ക് വരുന്നത്, മൊത്തത്തിൽ ഒന്നു നോക്കി അവരിലൊരാളെ തിരഞ്ഞെടുക്കുന്നത്, മരത്തടിയിന്മേൽ വച്ച് കഴുത്തു കണ്ടിക്കുന്നത്, വീപ്പയിലേക്കിടുന്നത്... എല്ലാം. വലിയ വീപ്പയ്ക്കുള്ളിൽ നിന്നും പിന്നെ പ്രാണന്റെ പിടച്ചിൽ കേൾക്കാം. അത് ആ കോഴികളും കേൾക്കുന്നുണ്ടാവുമല്ലോ എന്നു ഞാനോർക്കും. അതാലോചിക്കുമ്പോൾ എനിക്കു കണക്കു തെറ്റും.'

"അയാൾക്ക് അതൊരു ജോലി മാത്രമായിരുന്നു. തോലുരിക്കുന്നതും ഇറച്ചി തുണ്ടമാക്കുന്നതുമെല്ലാം ഒരു മറയുമില്ലാതെ ചെയ്യും. വെളിച്ചം മറച്ചുകൊണ്ട് അയാൾ അടുത്തുവരുമ്പോൾ കോഴികൾ മിണ്ടാതിരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. ഒതുങ്ങിക്കൂടി... വൈകാതെ തങ്ങളേയും കൊല്ലും എന്ന് അവയ്ക്കറിയാം. പക്ഷേ, ഒച്ചവച്ച് അതു നേരത്തേയാക്കേണ്ടല്ലോ എന്നൊരു കരുതൽ.'

ഞാൻ അജ്മലിനെ നോക്കി. ചില വാഹനങ്ങളുടെ വെളിച്ചത്തിൽ ഞങ്ങൾ പരസ്പരം കണ്ടു.

"കരഞ്ഞില്ലെങ്കിലും പക്ഷേ, അവയെല്ലാം അയാളെ ഇങ്ങനെ ഉറ്റുനോക്കും.' തല ചെരിച്ച് അജ്മൽ അഭിനയിച്ചു കാണിച്ചു.

- അയാളുടെ കണ്ണുകളിലപ്പോൾ പക്ഷികളുടെ ഭയം തെളിഞ്ഞുകണ്ടു.

"പിന്നീട് മുന്നിൽ കൊണ്ടുവയ്ക്കുന്ന ഇറച്ചിപ്പാത്രത്തിലേക്കു നോക്കുമ്പോൾ ആ ഉറ്റുനോട്ടം എനിക്കോർമ്മ വരും.' അയാൾ പറഞ്ഞു.▮


ഇ. സന്തോഷ് കുമാർ

നോവലിസ്റ്റ്, കഥാകൃത്ത്. അമ്യൂസ്‌മെന്റ് പാർക്ക്, അന്ധകാരനഴി, തങ്കച്ചൻ മഞ്ഞക്കാരൻ, വാക്കുകൾ (നോവലുകൾ), മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, ചാവുകളി, മൂന്നുവിരലുകൾ, പണയം (കഥകൾ) പ്രധാന കൃതികളാണ്.

Comments