ഹാഫിസ് അന്നുച്ചക്ക് ഇട്ട്യേരേട്ടന്റെ പറമ്പിലെ പൊട്ടക്കുളത്തിൽ ചൂണ്ടയിടാൻ പോയില്ലായിരുന്നുവെങ്കിൽ ഒരു മൂന്ന് മൂന്നരക്ക് ഉമ്മക്കൊപ്പം ചുങ്കാലയിലുള്ള ഉമ്മുമ്മയുടെ വീട്ടിലേക്ക് പോകേണ്ടി വന്നേനെ. അങ്ങനെയെങ്കിൽ വേനലവധിയിലെ രണ്ടുമാസത്തിൽ ഒരു മാസമെങ്കിലും അവിടെത്തന്നെ നിൽക്കേണ്ടി വന്നേനെ. അങ്ങനെയെങ്കിൽ അടുത്ത അധ്യയന വർഷം ഒൻപത് ബിയിലെ മൂന്നാമത്തെ ബഞ്ചിൽ വന്നിരുന്ന് തൊട്ടരികിലിരിക്കുന്ന കിഷോറിനോട് കൂട്ടുകൂടിയേനെ. അങ്ങനെയെങ്കിൽ അവരിരുവരും തുണ്ട് കൈമാറി കോപ്പിയടിച്ച് കട്ട ചങ്കുകൾ ആയേനെ.അങ്ങനെയെങ്കിൽ സ്‌കൂൾ ഫുട്‌ബോൾ ടീമിൽ അവരൊരുമിച്ച് കളിച്ച് ഗോളുകൾ അടിച്ചു കൂട്ടിയേനെ. അങ്ങനെയെങ്കിൽ കിഷോറിന്റെ ഇഷ്ടടീമായ ബാഴ്‌സലോണക്ക് ഹാഫിസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചേനെ. അങ്ങനെയെങ്കിൽ സ്‌കൂൾ കഴിഞ്ഞ് പ്‌ളസ് ടു കഴിഞ്ഞ് ഒരുമിച്ചൊരു കോളേജിൽ ഒരേ ഡിഗിക്ക് പോയിത്തുടങ്ങിയേനെ. അങ്ങനെയായിരുന്നുവെങ്കിൽ റയൽ മാഡ്രിഡും എഫ് സി ബാഴ്‌സലോണയും തമ്മിലുള്ള എൽക്‌ളാസിക്കോ മത്സരം ബാഴ്‌സലോണ തട്ടകമായ ക്യാമ്പ് നൗവിൽ പോയി കാണുവാനുള്ള രണ്ട് ടിക്കറ്റുകൾ കിഷോർ ഇറ്റലിയിലുള്ള ഫുട്‌ബോൾ ഭ്രാന്തനായ ചിറ്റപ്പൻ വഴി എങ്ങനെയെങ്കിലും ഒപ്പിക്കുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ പാർട്ട് ടൈം വർക്കിനു പോയിട്ടോ കടം വാങ്ങിയോ ബാഴ്‌സലോണ വരെ പോയി കളി കാണാനുള്ള പൈസ രണ്ടു പേരും കൂടി സെറ്റാക്കിയേനെ. അങ്ങനെയായിരുന്നുവെങ്കിൽ ക്യാമ്പ് നൗവിലിരുന്ന് ബാഴ്‌സലോണയുടെ ജഴ്‌സിയണിഞ്ഞ് ‘അലേ അലേ അലേ അലേയലേയലേ' പാട്ട് അവർ ഒരുമിച്ച് ചൊല്ലിയേനെ.
എന്നാൽ അതൊന്നുമല്ല സംഭവിച്ചത്
ഹാഫിസ് അന്നുച്ചക്ക് ഇട്ട്യേരേട്ടന്റെ പറമ്പിലെ പൊട്ടക്കുളത്തിൽ ഇട്ട ചൂണ്ട പൊന്തി താഴുന്നത് കണ്ട് ആഞ്ഞൊരു വലി കൊടുത്തു. അതിനു തൊട്ടു മുന്നേ ചൂണ്ടക്കൊളുത്തിലെ മണ്ണിരയുടെ തുമ്പ് മാത്രം കടിച്ചു പറിച്ച്, പൊട്ടക്കുളത്തിൽ വീണ് ചത്ത് പിന്നെ മീനായി മാറിയ ചെമ്മണ്ട ദിനേശൻ എന്ന കരിപ്പിടി ചളിയിലേക്ക് പുതഞ്ഞു. ചൂണ്ടക്കൊളുത്തിൽ മീനൊന്നുമില്ലെന്ന് കണ്ട് നിരാശനായി ഹാഫിസ് വീണ്ടും ചൂണ്ട കുളത്തിലേക്കൊരു വീശുവീശി.
ഇട്ട്യേരേട്ടന്റെ പറമ്പിലൂടെ തൊട്ടടുത്തുള്ള പാടത്തേക്ക് ഫുട്‌ബോൾ കളിക്കാൻ പോകുകയായിരുന്ന പിള്ളേരു സെറ്റിലെ കിഷോറെന്ന എട്ടാം ക്‌ളാസുകാരന്റെ പുരികത്തിനു താഴെ ചൂണ്ടക്കൊളുത്ത് കുരുങ്ങി. അതൊന്നും ശ്രദ്ധിക്കാതെ വല്ല ചെടിപ്പടർപ്പിലും കൊളുത്ത് പെട്ടതാവുമെന്ന് കരുതി ഹാഫിസ് ഒന്നു കൂടി വലിച്ചു. ഈ വട്ടം ചൂണ്ടക്കൊളുത്ത് കുളത്തിലെത്തി. പിറകിൽ കിഷോറിന്റെ "അമ്മച്ച്യേ' എന്നുവിളിക്കുന്ന കരച്ചിലും കേട്ടു. കമ്യൂണിസ്റ്റ് പച്ച കൊണ്ടും തെങ്ങിൻ പട്ടയുടെ ഓരത്തെ തൊലികൊണ്ടും ചോര നിൽക്കാഞ്ഞതിനാൽ കിഷോറിന്റെ അപ്പൻ അവനെ ഡോക്ടറുടെ അടുത്ത് കൊണ്ടു പോയി. പോകുന്ന പോക്കിൽ തുടയിൽ നല്ലൊരു പിച്ചും കൊടുത്തു.
‘‘ഒരു ചിമ്മല്ക്ക് രക്ഷപ്പെട്ടൂട്ടാ ഇല്ലെങ്കി ചെക്കന്റെ കണ്ണാ പോയേനെ'', ഡോക്ടർ പറഞ്ഞു. മുറിവിൽ രണ്ട് സ്റ്റിച്ച് ഇടേണ്ടി വന്നു.
അപ്പന്റെ കഷ്ടകാലത്തിനുണ്ടായ മകനാണ് കിഷോറെന്ന് പണ്ടേ അപ്പൻ തങ്കച്ചന് ഒരഭിപ്രായമുള്ളത് അന്ന് ഡോക്ടറുടെ മുന്നിൽ വച്ച് അങ്ങേർ ആവർത്തിച്ചു. ഭേദമായി ഓടിക്കൊണ്ടിരുന്ന ഒരു ബിസിനസ് കിഷോർ ജനിച്ച ശേഷം പൊട്ടിപ്പാളീസായതാണ് ഈ ആരോപണത്തിന്റെ അടിസ്ഥാനം. വേദനക്കു പുറമേ അപമാനവും പേറേണ്ടി വന്ന കിഷോറിന് തന്റെ മേലെ ചൂണ്ടയെറിഞ്ഞ ഹാഫിസിനോട് ദേഷ്യം തോന്നി. വരുന്ന വഴിക്ക് കണ്ട ഒരു കപ്പേളയുടെ മുന്നിൽ വച്ച് കണ്ണടച്ച് പ്രാർത്ഥിച്ച് അവൻ ഹാഫിസിനെ ഉള്ളിൽ പ്രാകി.
കണ്ണിനോരം ചേർന്ന് സ്റ്റിച്ചിട്ടതിന്റെ പേരിൽ ഒരു മാസക്കാലം ഫുട്‌ബോൾ കളിക്കാൻ കിഷോറിനു വീട്ടിൽ നിന്നും അനുവാദം ലഭിച്ചിരുന്നില്ല. അതിനാൽ തന്നെ പാടത്തെ വരമ്പിലിരുന്ന് ചുറ്റിലുള്ള പുല്ലു പിടിച്ച് വലിച്ച് അവൻ എന്നും കളി കണ്ടു. ഹാഫിസ് പാടത്ത് കളിക്കുവാൻ വരുന്നതും ഗോളടിക്കുന്നതും എല്ലാം അവന് വരമ്പത്തിരുന്ന് നോക്കി കാണേണ്ടി വന്നു. ഹാഫിസ് ഏത് ടീമിലുണ്ടോ അതിന്റെ എതിർടീമാണ് തന്റെ ടീമെന്ന് കിഷോർ മനസിൽ ഉറപ്പിക്കും. അവരുടെ മുന്നേറ്റങ്ങളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കും. ഹാഫിസിനെ തന്റെ ഔദ്യോഗിക ശത്രുവായി കിഷോർ പ്രഖ്യാപിച്ച ദിവസം പാടത്ത് ചോര പൊടിച്ചു. മുന്നിലോടുന്ന കിരണിനെ ടാക്കിൾ ചെയ്യാനായി നിരങ്ങി വന്ന ഹാഫിസിന്റെ കാല് നേരെ വന്നു വീണത് വരമ്പിലിരുന്ന കിഷോറിന്റെ നെഞ്ചിൻ കൂട്ടിലായിരുന്നു. കിഷോറപ്പോൾ തന്നെ ഹാഫിസിനെ പിടിച്ച് തള്ളി വീഴ്ത്തി. അതോടെ അതൊരു ഉന്തും തള്ളുമായി. കളിക്കാരവരെ പിടിച്ചു മാറ്റിയെങ്കിലും സംഗതി അവിടം കൊണ്ട് തീർന്നില്ല.
സ്റ്റിച്ചഴിച്ച് കളിക്കാനുള്ള അനുവാദവും വാങ്ങി കിഷോർ വന്നതോടെ പോര് മുറുകി. ഹാഫിസും കിഷോറും എന്നും എതിർ ടീമുകളിലായി. അവർ തമ്മിൽ എപ്പോഴൊക്കെ മുട്ടുന്നുവോ അപ്പോഴൊക്കെ വരമ്പിലിരുന്ന് കാണികൾ അവരെ പ്രോത്സാഹിപ്പിച്ചു. അതു വരെ താളത്തിൽ പോയിക്കൊണ്ടിരിക്കുന്ന കളി അതോടെ മുറുകും.
തൊട്ടടുത്ത അധ്യയന വർഷത്തിൽ രണ്ടു പേരും ഒരൊറ്റ ക്ലാസിലായതോടെ കാര്യങ്ങൾ പിന്നേയും വഷളായി. ക്ലാസിലെ ആൺകുട്ടികൾ രണ്ടു ഗ്രൂപ്പായി. പി ടി പിരിഡ് കണക്ക് മാഷ് വന്നില്ലെങ്കിൽ ഫുട്‌ബോൾ കളിക്കാൻ സ്‌കൂൾ ഗ്രൗണ്ടിൽ പോകുമ്പോഴൊക്കെ ഹാഫിസിനും കിഷോറിനും പിറകിലായി കുട്ടികൾ നിരന്നു. എന്തൊക്കെ പറഞ്ഞാലും കിഷോറിനു സ്വന്തമായി ഒരു വീടുണ്ടോടാ എന്നു ഹാഫിസിന്റെ കൂട്ടുകാരും എന്തൊക്കെ പറഞ്ഞാലും അവന്റെ മുറിയണ്ടിയല്ലേയെന്ന് കിഷോറിന്റെ കൂട്ടുകാരും പരസ്പരം പറഞ്ഞ് ചിരിച്ചു.
അതിനും വർഷങ്ങൾ കഴിഞ്ഞാണ് കിഷോർ ബാഴ്‌സലോണ എഫ്.സി ഫാനായി മാറിയത്. അതിനുള്ളിൽ രണ്ടു പേരും പത്ത് പാസായി. പ്ലസ് ടുവിന് വെവ്വേറെ സ്‌കൂളുകളിൽ ചേർന്നു. കിഷോറിന്റെ ടീം എഫ്.സി ബാഴ്‌സലോണയാണെന്ന് അറിഞ്ഞ നാൾ തന്നെ ബാഴ്‌സലോണക്ക് ഒപ്പത്തിനൊപ്പം നിൽക്കുന്ന റയൽ മാഡ്രിഡിനെ സ്വന്തം ടീമായി ഹാഫിസ് തെരഞ്ഞെടുത്തു. ഒരു വട്ടം ടൗണിൽ പോയി വന്ന കിഷോർ ഗ്രൗണ്ടിൽ വന്നപ്പോൾ ഇട്ടിരിക്കുന്ന മെസിയുടെ പത്താം നമ്പർ ബാഴ്‌സലോണ ജേഴ്‌സി കണ്ട് ഹാഫിസ് പിറ്റേ ആഴ്ച തന്നെ ക്രിസ്റ്റ്യാനോയുടെ ഒൻപതാം നമ്പർ റയൽ മാഡ്രിഡ് ജഴ്‌സി ഇട്ടു വന്നു.
മറ്റാർക്കും പാസ് കൊടുക്കാതെ ഒറ്റക്ക് കൊണ്ടുപോയി ഗോളടിക്കാൻ നോക്കി പന്ത് കൈവിട്ട ഹാഫിസിനെ നോക്കി സിന്റോ CR7 എന്നു ചൊറിഞ്ഞതിന് രണ്ടും കൂടി മുട്ടൻ അടിയായി. സിന്റോനെ സപ്പോർട്ട് ചെയ്യാൻ കിഷോർ വന്നതോടെ പിന്നെ അടി ഒന്നും രണ്ടും പറഞ്ഞ് ഹാഫിസും കിഷോറും തമ്മിലായി. ക്രിസ്റ്റ്യാനോയും മെസിയും അന്ന് കുറേ തെറി വാങ്ങിക്കൂട്ടി. അതിപ്പിന്നെയാണ് മെസിയുടേയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും ഫാൻ ഫൈറ്റായി ഇവരുടെ ശത്രുത വളർന്നത്. രണ്ടു ടീമിലും ആളുകൾ ചേർന്നു. ഒടുവിൽ ഈ രണ്ട് ഫാൻസ് ക്‌ളബ്ബുകൾ വരന്തരപ്പിള്ളി എന്ന ഗ്രാമത്തിൽ രണ്ട് ഫുട്‌ബോൾ ടീമുകൾ സ്ഥാപിച്ചു. എഫ്.സി ബാർസലോണയും റയൽ മാഡ്രിഡും.
ഹാഫിസും കിഷോറും ഡിഗ്രിക്ക് ചേരാൻ നിൽക്കുന്ന സമയത്താണ് ഇരു ടീമുകളും അവരവരുടെ ഹോം ഗ്രൗണ്ട് തെരഞ്ഞെടുത്തതും സെവൻസ് ടൂർണ്ണമെന്റിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നതും. എഫ്.സി ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ട് ലോർഡ്‌സ് സ്‌കൂളിന്റെ മൈതാനമായിരുന്നു. റയൽ മാഡ്രിഡിന്റേത് കൊവേന്തപ്പള്ളി ഗ്രൗണ്ടും. ഹാഫിസിന്റെ വീടിനടുത്താണ് എഫ്.സി ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ട്. പക്ഷെ അങ്ങോട്ടൊന്ന് എത്തിനോക്കാൻ പോലും അവൻ ശ്രമിക്കാറില്ല. ശത്രുപാളയത്തിൽ ഒരു ചാരനുള്ളത് നല്ലതാണെടായെന്ന് റയൽ ക്യാപ്റ്റൻ സഞ്ചുവേട്ടൻ പറയുന്നത് അവൻ കേക്കാത്ത പോലെ അവഗണിക്കും. വീട് ഈ അറ്റത്താണെങ്കിലും സൈക്കിൾ ചവിട്ടിയും ഓടിക്കിതച്ചും ഹാഫിസ് കൊവേന്ത പള്ളി ഗ്രൗണ്ടിൽ സമയത്ത് എത്തും.
അടുത്തു പുറത്തുള്ള പ്രധാനപ്പെട്ട എല്ലാ ടൂർണ്ണമെന്റുകളിലും ഇരു ടീമുകളും പേരു കൊടുക്കും. ബദ്ധശത്രുക്കളായ ഇരുവരും മുഖാമുഖം കാണുന്ന മത്സരങ്ങളിൽ കാണികൾ പതിവിലും അധികമായിരിക്കും. അന്ന് കോളയും ചിപ്‌സും വിൽക്കുന്ന ഔസേപ്പേട്ടനു കാശിത്തിരി കിട്ടും. ലോകം മുഴുവൻ അറിയപ്പെട്ടിരുന്ന ‘എൽ ക്ലാസിക്കോ' എന്ന പേരിൽ തന്നെയാണ് ഈ മത്സരങ്ങളും അറിയപ്പെട്ടിരുന്നത്. റയൽ മാഡ്രിഡ് ടീമിന്റെ പ്രധാന സ്‌ട്രൈക്കറാണ് ഹാഫിസ്. എന്നാൽ എഫ്.സി ബാഴ്‌സലോണക്കെതിരെ കളിക്കുമ്പോൾ മാത്രം ഹാഫിസ് നിറം മങ്ങും. അവൻ പന്തുമായി മുന്നേറുന്ന സമയമെല്ലാം ശരീരം മറന്ന് ടാക്കിൾ ചെയ്യാനും ഫൗൾ ചെയ്യാനും കിഷോർ പറന്നെത്തും. മിക്ക കളികളിലും രണ്ടുപേർക്കും മഞ്ഞയും ചുവപ്പും കാർഡുകൾ റഫറിമാർ കാട്ടിക്കൊടുക്കും. എൽ ക്ലാസിക്കോ വരുന്ന ദിവസങ്ങളിൽ സംഘാടകർ കൂടുതൽ സമിതി അംഗങ്ങളെ കളി നിയന്ത്രിക്കുവാൻ ചുമതലപ്പെടുത്താറുണ്ട്. മിക്കവാറും കളികൾ തല്ലും പിടിയിലുമാണ് അവസാനിക്കാറ് എന്നതിനാൽ സമാധാന കാംക്ഷികളായ കാണികൾ രണ്ടാം പകുതിയിൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി നിൽക്കാൻ ശ്രദ്ധിക്കും.
രണ്ട്
കോപ്പ കേരള എന്ന സെവൻസ് ടൂർണ്ണമെന്റിലെ റയൽ മാഡ്രിഡ് v/s വെള്ളിക്കുളങ്ങര എഫ്.സി കളിക്ക് തൊട്ടു മുൻപാണ് ശുപ്പുരു എഫ്.സി ബാഴ്‌സലോണയുടെ ക്ലബ്ബിലേക്ക് ഓടിക്കയറിയത്.
‘‘അറിഞ്ഞാ റയല് വെള്ളിക്കുളങ്ങരക്ക് തോറ്റ് കൊടുക്കാൻ പോകാണെന്ന്''
‘‘അവരങ്ങനെ ചെയ്യോ?''
‘‘ചെയ്യും''
കളി റയൽ തോറ്റാലും അവർ ക്വാർട്ടർ കടക്കും പക്ഷെ വെള്ളിക്കുളങ്ങര രണ്ട് ഗോൾ വ്യത്യാസത്തിൽ ജയിച്ചാൽ എഫ് സി ബാർഴ്‌സലോണ പുറത്താവും. പകരം വെള്ളിക്കുളങ്ങരയും റയലും ക്വാർട്ടറിൽ കേറും.
‘‘അമ്മാതിരി ചെറ്റത്തരം അവരു ചെയ്യോടാ?'' ക്യാപ്റ്റൻ അനിൽ നെറ്റിചുളിച്ചു
‘‘ചെയ്യും അനിലേട്ടാ''
‘‘എന്നാ ആ പന്നികളുടെ കാലിന്റെ ചെരട്ട ഞാൻ തല്ലിപ്പൊട്ടിക്കും'', കിഷോർ ചാടിയിറങ്ങി
‘‘കളിയെപ്പഴാ?''
‘‘രാത്രി എട്ട് മണിക്ക്''
‘‘നിങ്ങളിവിടെ ഇരിക്ക് ഞാനിപ്പോ വരാം'' അനിലേട്ടൻ എല്ലാവരോടുമായി പറഞ്ഞു
‘‘ഞാനും വരാം'' കിഷോർ തയ്യാറായി എഴുന്നേറ്റു
‘‘നീ അവിടെ ഇരുന്നാ മതി''
‘‘ശുപ്പുരു നീ വന്നേ നമുക്കാ സാജനെക്കാണാം. അവന്മാരുടെ ഇടേൽ അവനേയുള്ളു ഇത്തിരി മനുഷ്യപ്പറ്റ്''
‘‘എങ്ങാനും അവർ മനഃപൂർവ്വം തോൽക്കട്ടെ. കാണിച്ചു തരാം ഞാൻ'', കിഷോർ അരികിൽ കിടന്ന പന്ത് ദേഷ്യത്തിൽ തട്ടി
‘‘നീയാ ചൊമരു പൊളിക്കോ'' കിഷോറിന്റെ ദേഷ്യം വിനീഷിനത്ര പിടിച്ചില്ല.
എട്ടുമണിക്കുള്ള കളി കാണാൻ അനിൽ, കിഷോർ, ശുപ്പുരു, മണിക്കുട്ടൻ എന്നിവർ പോയി. വെള്ളിക്കുളങ്ങരയും മോശമല്ലാത്തൊരു ടീമാണ്. കളി കാണാൻ അത്യാവശ്യം തിരക്കുണ്ട് അതിനിടയിലൂടെ കൂൾ ഡ്രിങ്ക്‌സും ചിപ്‌സും കടന്നു പോകുന്നുണ്ട്. ബൂട്ടുകൾക്കിടയിൽ പെട്ട് മണ്ണ് ഞെരിഞ്ഞമരുന്ന ശബ്ദങ്ങളും കൂക്കി വിളികളും മൈതാനത്തിൽ കേട്ടുതുടങ്ങി. ആദ്യത്തെ അഞ്ചു മിനിറ്റിൽ തന്നെ വെള്ളിക്കുളങ്ങര സ്‌കോർ ചെയ്തു. വലതു വിംഗിൽ നിന്നും വന്നൊരു പാസ് ഹെഡ് ചെയ്ത് ഗോളാക്കിയതാണ്.
കളി സാവധാനത്തിൽ പോയിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ അവസാന പത്തു മിനിറ്റിൽ ആവേശം കൊടുമുടി കയറി. മിഡ്ഫീൽഡിൽ കളിച്ച ഹാഫിസിന്റെ ഏകദേശം മധ്യത്തിൽ നിന്നുള്ള ഒരു ലോങ്ങ് ബാക്ക് പാസ്. സ്വന്തം ഗോൾക്കീപ്പറെ ലക്ഷ്യം വച്ച് കൊടുത്തതായിരുന്നു എങ്കിലും വന്നു വീണത് സ്വന്തം ഗോൾ പോസ്റ്റിനുള്ളിൽ. തോറ്റാലും ക്വാർട്ടറിൽ കടക്കുമെന്നതിനാൽ വലിയ പ്രശ്‌നങ്ങളൊന്നും റയലിലെ കളിക്കാർക്ക് തോന്നിയില്ല. പക്ഷെ സംഭവം ഹാഫിസ് ആയതുകൊണ്ട് ഇത് എഫ് സി ബാഴ്‌സലോണക്കായുള്ള പണിയാണെന്ന് കരുതി കാണികൾ കൂക്കി വിളിച്ചു. പുറത്ത് നിന്ന് ശുപ്പുരു വിളിച്ചു പറഞ്ഞു.
‘‘കളിച്ച് തോൽക്കടാ മൈരാണ്ടികളെ''
അനിൽ അവനെ വിലക്കി.
‘‘നോക്ക് അനിലേട്ടാ അവൻ സ്‌ട്രൈക്കറല്ലേ പിന്നെന്തിനാ ഇന്ന് മിഡ് കളിച്ചത്? അവന്റെ കാല് തല്ലി ഒടിക്കണ്ടേ. നായിന്റെ മോൻ''
‘‘നീ ഇങ്കട് വന്നേ പ്രശ്‌നണ്ടാക്കാണ്ട്'' അനിലേട്ടൻ അവനെ പിടിച്ച് വലിച്ചു.
റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ കൊവേന്ത പള്ളിയുടെ കളിത്തട്ടിലേക്ക് പോകുവാൻ മെയിൻ റോട്ടീന്ന് ഒരു ഇടവഴിയുണ്ട്. അപ്പുറത്ത് സിമിത്തേരി മതിൽ ആയതിനാൽ രാത്രിസമയം ആ വഴി ആളുകളുടെ നടപ്പ് കുറവായിരിക്കും. പതിവു പോലെ കൊത്തു പൊറോട്ടയും പെപ്‌സിയും വാങ്ങി ക്വാർട്ടർ പ്രവേശനം ആഘോഷിക്കാൻ വന്നതായിരുന്നു ഹാഫിസടക്കം റയൽ മാഡ്രിഡിലെ മൂന്നു പേർ. അവരെക്കാത്ത് കിഷോറും അനിലും ശുപ്പുരുവും മണിക്കുട്ടനും പൊന്തക്കുള്ളിൽ ഒളിച്ചു നിന്നു. ഒഴിവു സമയം ക്‌ളബ്ബിൽ കളിക്കുന്ന ക്രിക്കറ്റിനുപയോഗിക്കുന്ന സ്റ്റമ്പുകളും ബാറ്റും അവർ കരുതിയിരുന്നു.
ആദ്യത്തെ അടി കിഷോറിന്റേതായിരുന്നു. കൊണ്ടത് ഹാഫിസിനും. കിട്ടിയ അടിയിൽ അവനൊന്ന് വട്ടം കറങ്ങി. സ്റ്റമ്പിൽ ചോര പറ്റി. മേഘം മാറിയ ചാന്ദ്രവെളിച്ചത്തിൽ ചുവപ്പ് നിന്ന് തിളങ്ങി. ആദ്യത്തെ അടിക്ക് മുൻപുണ്ടായ ശുപ്പുരുവിന്റെ അലർച്ചയിൽ തന്നെ റയൽ മാഡ്രിഡുകാർ മിക്കവരും ചിതറിയോടിയിരുന്നു. ഇരുട്ടിൽ ആരെല്ലാം എങ്ങോട്ടാണോടിയതെന്ന് ആർക്കും പിടികിട്ടിയില്ല. ബാഴ്‌സലോണക്കൂട്ടം ഹാഫിസിനെ താങ്ങിപ്പിടിച്ചു.
‘‘എന്തു പണിയാടപ്പാ കാണിച്ചേ''
‘‘തലക്കാണോ അടിക്കണത്''
ക്യാപ്റ്റൻ അനിലേട്ടൻ ഹാഫിസിനെ താങ്ങി.
‘‘മൈര്, ഇവന്റെ ബോധം പോയി''
‘‘അന്തം വിഴുങ്ങി നിക്കാണ്ട് പോയി വണ്ടി എടുത്തോണ്ട് വാടാ''
അവർ ഹാഫിസിനെ ബൈക്കിന്റെ നടുവിലിരുത്തി ട്രിപ്പളടിച്ച് ഹോസ്പിറ്റലിലേക്ക് വച്ചു പിടിച്ചു. തലയും ചെവിയും ചൂടുപിടിച്ച കിഷോർ സ്റ്റമ്പ് കാട്ടു പൊന്തയിൽ ഉപേക്ഷിച്ച് മറ്റൊരു ബൈക്കിൽ അവരെ പിന്തുടർന്നു.
ഹാഫിസിന്റെ തല കിഷോർ തല്ലിപ്പൊട്ടിച്ചതിന്റെ മൂന്നാം ദിവസം ബാഴ്‌സലോണ എഫ്.സിയുടെ മൂന്ന് കളിക്കാരെ ഇരുട്ടടി അടിക്കുവാനുള്ള ആറംഗസംഘത്തിന്റെ ശ്രമം ചെറുതായി പാളി പോയി. അടി തുടങ്ങിയ സമയം അകലെ നിന്ന് ജീപ്പ് വരുന്ന ശബ്ദം കേട്ട് പോലീസാണെന്ന് കരുതി ഓടിയതാണ് രണ്ടു കൂട്ടരും. വലിയ പരിക്കൊന്നുമില്ലാതെയാണ് കിഷോർ അടക്കം മൂന്നും രക്ഷപ്പെട്ടത്. അതിൽ പിന്നെ അടി തിരിച്ചടികൾക്കായി ഇരു ടീമുകളും തക്കം പാർത്ത് നടന്നു. കളിക്കളത്തിനുള്ളിലെ പോരാട്ടമായിട്ടേ ആളുകളതിനെ കൂട്ടിയുള്ളൂ.
‘‘ഇപ്പോ സ്‌കോറെത്രയാ വിശ്വംഭരേട്ടാ'', സർബത്ത് കുടിക്കാൻ വന്ന വിൻസെൻറ് ചോദിച്ചു.
‘3-1'
അതിലൊന്ന് റയലിലെ ഹാഫിസും മൂന്നുപേർ എഫ്.സി ബാഴ്‌സലോണയിലേതുമാണ്. അടുത്ത അടിക്ക് കോപ്പുകൂട്ടന്നതിനിടയിലായിരുന്നു ചായക്കടക്കാരൻ സധുവേട്ടന്റെ അധ്യക്ഷതയിൽ സമാധാന ചർച്ച നടന്നത്.
‘‘ഹാഫിസ് തലേൽ ഇപ്പഴും കെട്ടുംകെട്ടി കെടപ്പാണ്. ഇതിനൊന്നും ഒരു കോമ്പ്രമൈസുമില്ല'' ഡിഫന്റർ ലാലച്ചനാണ്.
അന്ന് അടിയിൽ ചിതറിയോടിയവരിൽ മുൻപനായിരുന്നു ലാലപ്പൻ. വലിയ ശരീരമാണ് ലാലപ്പന്. പന്ത് പാസ് ചെയ്യുന്നതിനേക്കാൾ ലാലപ്പനിഷ്ടം ഫൗൾ ചെയ്യാനാണ്.
‘‘ഒരൊറ്റ കോമ്പ്രമൈസ് ഉള്ളൂ ഇതിന്. നല്ല ഇടി. അവന്മാർക്കിട്ട് നല്ല ഇടി കൊടുക്കണം''
‘‘എന്തു വർത്താനാടാ ഈ പറയണേ''
‘‘കേസും കൂട്ടോം പൊല്ലാപ്പും''
‘‘ഇതൊന്നും ആരും അറിഞ്ഞോണ്ട് ചെയ്തതല്ലല്ലോ''
‘‘ഓ, ഈ സമാധാനം ഒക്കെ എവിടായിരുന്നു ഇത്ര നാളും. കണ്ടില്ലല്ലോ?''
‘‘ചെക്കനൊന്ന് ഇറങ്ങിക്കോട്ടെ, എല്ലാത്തിനേയും ആശുപത്രി കേറ്റിക്കും''
‘‘നീയൊക്കെ ഒലത്തും''
‘‘എന്നാലുമെന്റെ ലാലപ്പാ ക്രിസ്റ്റ്യാനോ പോലും ഇമ്മാതിരി ഓട്ടം ഓടിട്ടില്ലാട്ടാ. എജ്ജാതി ഓട്ടാർന്നു അന്ന് രാത്രി. വല്ല പൊട്ടക്കെണറ്റീ വീണ് ചത്തേനെ''
‘‘നിന്റെയൊക്കെ കുള്ളൻ മെസി ആർന്നേൽ മൂഞ്ചിയേനെ''
‘‘ദേ എന്നെ പറഞ്ഞോ ഞങ്ങടെ മെസിയെപ്പറ്റി പറഞ്ഞാലുണ്ടല്ലോ''
അതോടെ രണ്ടു ഭാഗത്തു നിന്നും ആളുകൾ എണീറ്റ് സംസാരമായി. അത് ചീത്ത വിളിയായി. ഉന്തും തള്ളുമായി. രണ്ടു ടീമിന്റേയും ക്യാപ്റ്റന്മാർ നിലത്ത് കിടന്ന് പിരണ്ടു. സംഗതി കൈവിടുമെന്ന് തോന്നിയപ്പോൾ സധുവേട്ടൻ എഴുന്നേറ്റ് അലറി. ആ അലർച്ചയിൽ അടിപിടി രണ്ട് നിമിഷത്തേക്ക് ഒതുങ്ങിയെങ്കിലും വീണ്ടും തുടങ്ങി.
‘‘അവന്റെ അമ്മേടെയൊരു മെസിയും ക്രിസ്റ്റ്യാനോയും''
പഞ്ചായത്തിൽ നിന്നും റോഡ് പണി കോൺട്രാക്റ്റ് എടുക്കുന്ന ബാബു എഴുന്നേറ്റ് മേശയിൽ ആഞ്ഞടിച്ചു. ഭീമാകാരനായ അയാളുടെ അടിയിൽ മേശ രണ്ടു വട്ടം വിറച്ചു. ആ ചർച്ച അതോടെ തെറ്റിപ്പിരിഞ്ഞു. എന്നാൽ ഇതെല്ലാം സംഗതിയുടെ തീക്ഷണത വർദ്ധിപ്പിക്കുവാൻ മാത്രമേ ഉപകരിച്ചുള്ളൂ. രണ്ട് ദിവസം കഴിഞ്ഞ് റയൽ മാഡ്രിഡ് ഹോം ഗ്രൗണ്ടിനടുത്തുള്ള മെഡിക്കൽ ഷോപ്പിൽ വന്ന ശുപ്പുരുവിനെ റയലിലെ മൂന്നു പേർ അടിക്കാൻ ഓടിപ്പിച്ചു. അതിനു പകരമായി കുപ്പിയിൽ പെട്രോൾ വാങ്ങാൻ ബാഴ്‌സ ഗ്രൗണ്ടിന്റെ അടുത്തുള്ള പമ്പിലേക്ക് വന്ന ടിന്റപ്പനെ ശുപ്പുരുവും കണ്ണനും കൂടെ സൈക്കിളിൽ നിന്നും തള്ളിത്താഴെയിട്ടു. അതോടെ തങ്ങളുടെ അതിർത്തി ലംഘിച്ചു വരുന്ന എതിർ ടീമിലെ ആളുകളെ വെറുതെ വിടുകയില്ല എന്ന ഒരു അലിഖിത നിയമം അവിടെ നിലവിൽ വന്നു. അതിർത്തിയായി പരിഗണിച്ചത് ജനതാ എൽ.പി സ്‌കൂളിന്റെ റോഡായിരുന്നു.
അടിയും പ്രശ്‌നങ്ങളും കൂടി വന്നതോടെ ജനതാ സ്‌കൂളിന്റെ റോഡ്, ഗ്രാമത്തെ രണ്ടായി മുറിച്ചു. ജനതാ സ്‌കൂളിൽ നിന്ന് കിഴക്കോട്ട് റയൽ മാഡ്രിഡിന്റെ ഏരിയ ആയും, ജനതാ സ്‌കൂളിനു പടിഞ്ഞാറോട്ട് ബാഴ്‌സലോണയുടെ ഏരിയ ആയും തിരിഞ്ഞു. ഏരിയ ക്രോസ് ചെയ്ത് എതിർ ടീമിന്റെ ആരു വന്നാലും പൊക്കും. ആരെങ്കിലും ക്രോസ് ചെയ്യുന്നുണ്ടോ എന്ന വിവരം അറിയിക്കാൻ കളിച്ചു തുടങ്ങുന്ന സ്‌കൂൾ പിള്ളേരെ ഇരുടീമുകളും ഏർപ്പാട് ചെയ്തു. ബാഴ്‌സലോണയുടെ ഏരിയയിൽ വീടുള്ള റയലിന്റെ ഒരേയൊരു കളിക്കാരൻ ഹാഫിസാണ്. അവനാണേൽ കിടപ്പിലും. പശുവിനു കൊടുക്കാൻ കാലിത്തീറ്റ വാങ്ങാൻ ഏരിയ കടന്നു വന്ന ബോളു പെറുക്കി സിന്റോനു ആയിരുന്നു അടുത്ത അടി. അതിനു ശേഷം എടിയെമ്മിൽ വന്നവർക്കുള്ള അടി, പോസ്റ്റാഫീസിൽ വന്നവനുള്ള അടി എന്നിങ്ങനെ രണ്ടു മൂന്നു അടികൾ കൂടി ആ നാട്ടിൽ നടന്നു.
സ്‌കോർ 6-7 ആയി.
ഒറ്റക്ക് പുറത്തിറങ്ങുവാൻ ഇരുടീമുകളിലേയും ആളുകൾക്ക് ഭയമായി തുടങ്ങി.
ഏതൊരു സമയത്തും ആക്രമണം പ്രതീക്ഷിച്ച് ചിലർ കയ്യിൽ ഒതുങ്ങുന്ന ചെറിയ ആയുധങ്ങൾ ഒളിപ്പിച്ച് നടന്നു. എന്നാൽ ഹാഫിസിന്റെ തലയടിച്ച് പൊട്ടിച്ച കേസിൽ പോലീസുകാർ അന്വേഷണത്തിനു വന്നതോടെ സംഭവം ഗ്രൂപ്പ് കളിയിൽ നിന്നും വളർന്നു. കേസ് സ്‌ട്രോങ്ങ് ആയതോടെ എല്ലാവരും കിഷോറിനെ പഴിചാരി.
‘‘അടുത്ത മാസം വിസ വരാനുള്ളതാണ്. ഈ കേസ് കാരണം പൊല്ലാപ്പാവോ?''
ശുപ്പുരു കണ്ണു മിഴിച്ചു
‘‘അരിം മണ്ണണ്ണേം മൂഞ്ചാനുള്ള സാധ്യത കാണുന്നുണ്ട്.’’
എന്തു വില കൊടുത്തും ഈ കേസും പ്രശ്‌നങ്ങളും ഒഴിവാക്കണമെന്ന് വീട്ടുകാരും നാട്ടുകാരും ഉപദേശിച്ചു തുടങ്ങി. ഇടനിലക്കാർ വഴി ഒരു കോമ്പ്രമൈസിന് ബാഴ്‌സ ശ്രമിച്ചു കൊണ്ടിരുന്നു. അടുത്ത സമാധാന ചർച്ചക്ക് തലയിലും കയ്യിലും വെളുത്ത തുണി ചുറ്റി ഹാഫിസും എത്തി. ഈ വട്ടം സമാധാന ചർച്ച സംഘടിപ്പിച്ചത് സ്ഥലം എസ്.ഐ. ആയിരുന്നു. എന്നിട്ടു പോലും ഹാഫിസും കൂട്ടരും ഒരു ഒത്തുതീർപ്പിനു വഴങ്ങിയില്ല.
‘‘ചോരക്ക് ചോര'', ഹാഫിസിന്റെ കൂടെ വന്ന മുന്ന വിരൽ ചൂണ്ടി.
പോലീസുകാരൻ നോക്കിയപ്പോൾ അവനത് താഴ്ത്തി. കിഷോറിന്റെ തല പൊട്ടിക്കാതെ ഇനിയൊരു ചർച്ചക്കില്ലെന്ന് ക്യാപ്റ്റൻ സഞ്ചുവും കട്ടായം പറഞ്ഞു. എന്നാൽ അടുത്താഴ്ച്ച ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് സമാധാന ചർച്ച ഒത്തുതീർപ്പായി. അതിന് കാരണമായതോ രണ്ടേ രണ്ട് വാക്കുകളും.
‘‘എൽ ക്ലാസിക്കോ ടിക്കറ്റ്''
ആദ്യം അത് കേട്ട് ഹാഫിസ് ഒന്നു കൂടെ ചോദിച്ചു
‘‘എന്തോന്ന്?''
‘‘എൽ ക്ലാസിക്കോ ടിക്കറ്റും യാത്രാച്ചെലവും''
‘‘ഏത് യൂറോപ്പിൽ നടക്കുന്ന?''
‘‘അതെ ബാഴ്‌സലോണ V/s റയൽ മാഡ്രിഡ്''
‘‘ലാലിഗ''
അത് കേട്ട എല്ലാവരും വായപൊളിച്ചു.
കിഷോറിന്റെ ഒരു ചിറ്റപ്പൻ എങ്ങാണ്ട് ഇറ്റലിയിലുണ്ട്. അങ്ങേർക്ക് ഫ്രീ ആയി കിട്ടിയതാണ് ടിക്കറ്റ്. ബാഴ്‌സ ഫാനായ കിഷോറിനെ അങ്ങേർക്ക് അത്ര ഇഷ്ടമൊന്നുമല്ല എങ്കിലും ബർത്ത്ഡേ ഗിഫ്റ്റായി പുള്ളി ടിക്കറ്റയച്ചു കൊടുത്തു. ബാക്കി പൈസക്കായി ക്‌ളബ്ബ് പിരിവിടും. ശുപ്പുരുവിനാണേൽ ദുബായ്ക്കുള്ള വിളി വന്നു നിൽക്കുന്നു. ഒരുത്തനു പി.എസ്.സി. ഒരാൾ അയ്യായിരം വച്ചിട്ടാൽ മതിയാവും. പൈസ കൊടുത്ത് ഒതുക്കാൻ എല്ലാവരും റെഡിയാണ്.
കിഷോർ തുടർന്നു: ‘‘അങ്ങോട്ടുള്ള വിസ നിങ്ങൾ എടുക്കണം ഒരു എണ്ണായിരം വരും. ടിക്കറ്റ് റിട്ടേൺ അടക്കം അൻപതാവും. അതിൽ മുപ്പത് ഞങ്ങൾ തരാം. ബാക്കി ഒക്കെ നിങ്ങളുടെ ഉത്തരവാദിത്തം''
ഹാഫിസിന്റെ മുഖം തെളിഞ്ഞു. എൽ ക്ലാസിക്കോ. അവൻ മനസിൽ ബാക്കി പൈസക്കുള്ള വഴി ആലോചിച്ചു. തത്ക്കാലം കുറച്ചു പൈസ കടം വാങ്ങാം.വരുന്ന മാസം കാറ്ററിംഗ് വർക്കിനും കല്യാണ മണ്ഡപം ഒരുക്കുന്നതിനും ഒക്കെയായി പൈസ കുറച്ച് ഒപ്പിക്കാം.
‘‘ഹേയ് ഇതൊന്നും ശരിയാവില്ല''
റയൽ മാഡ്രിഡ് ക്യാപ്റ്റൻ സഞ്ചു ഇടപെട്ടു.
‘‘സഞ്ചൂ, ചുമ്മാ എളക്കാൻ നിക്കണ്ട. ഹാഫിസ് പറയട്ടെ''
‘‘ഹാഫിസിനു വേണ്ടിത്തന്നാ പറഞ്ഞേ. ഇമ്മാതിരി ഉഡായിപ്പൊന്നും നമ്മുടെ അടുത്ത് ചെലവാവൂലാ അനിലേ''
ഹാഫിസ് പതിയെ എഴുന്നേറ്റ് നടുവിലിരിക്കുന്നുണ്ടായിരുന്ന സധുവേട്ടന്റെ കൈ പിടിച്ചു എന്നിട്ടു പറഞ്ഞു
‘‘എൽ ക്ലാസിക്കോ മതി''
സംഗതി ഒത്തുതീർപ്പായതോടെ എസ്.ഐ.യുടെ മുൻപിൽ വച്ച് ഇരുടീമുകളും കൈകൾ കൊടുത്തു പിരിഞ്ഞു. പലതും പറഞ്ഞ് ഒത്തുതീർപ്പ് കലക്കാൻ നോക്കിയവരിൽ ചിലർ അന്നത്തെ ആ അടി സ്വന്തം തലയിൽ കിട്ടാഞ്ഞതിൽ വിഷമിച്ചു ഉറക്കപ്പിച്ച് പറഞ്ഞു.
മൂന്ന്
ബാഴ്‌സലോണയിൽ വന്നിറങ്ങിയപ്പോൾ ചക്കാലക്കൽ വീട്ടിലെ ഷാലറ്റ് കാത്തു നിൽപ്പുണ്ടായിരുന്നു. കണ്ടപ്പോൾത്തന്നെ കെട്ടിപ്പിടിക്കാൻ ആയുന്നത് കണ്ട് ഹാഫിസിന് ചെറിയ ബുദ്ധിമുട്ട് തോന്നി.
‘‘നീയിവിടെ ഭയങ്കര മോഡേണാണല്ലോ?'' ബാഗും വലിച്ചു കൊണ്ട് ഹാഫിസ് അവളുടെ വസ്ത്രങ്ങളിലേക്ക് നോക്കി
‘‘ചേട്ടനൊരു മാറ്റവുമില്ലല്ലോ പഴയ പരട്ട സ്വഭാവം തന്നെ''
ഹാഫിസ് ചിരിച്ചു
‘‘നീയിവിടെ ഉണ്ടായത് എന്തായാലും നന്നായി. അല്ലാ നിനക്കിവിടെ എന്താ പരിപാടി''
‘‘ഇവിടുത്തെ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുവാ സ്‌കോളർഷിപ്പുണ്ട്. ചേട്ടൻ കളികാണാൻ വന്നതല്ലേ അമ്മച്ചി പറഞ്ഞണ്ടാർന്നു''
‘‘ആ വിസ കിട്ടോന്ന് ആയിരുന്നു പേടി. മുസ്ലിം ആയതോണ്ട്. ഇവിടെ മൊത്തം ഇസ്‌ലാമോഫോബിയ ആണല്ലോ''
‘‘ഹേയ് അങ്ങനെയൊന്നുമില്ല. ആ എന്തൊക്കെ പറഞ്ഞാലും ഇതു കാരണം യൂറോപ്പ് കാണാൻ പറ്റിയല്ലോ''
‘‘ദേ ഈ ബാഗ് നിറച്ചും നിന്റെ അമ്മച്ചിയുടെ പൊടികളാ''
''ഓ ഈ അമ്മച്ചിയോട് എത്ര പറഞ്ഞട്ടും കാര്യമില്ല. ആരെങ്കിലും ഈ വഴിക്കു വരുന്ന കാര്യം അറിഞ്ഞാൽ അപ്പോ പൊടിപ്പിക്കാൻ തുടങ്ങും''
‘‘എനിക്ക് ബുക്ക് ചെയ്ത മുറി അടുത്തെങ്ങാനുമുള്ളതാണോ?''
‘‘അല്ല ഇവിടുന്നു E90 ബസ് പിടിക്കണം''
‘‘ശോ''
‘‘നമുക്ക് എന്തേലും കഴിച്ചിട്ട് പോകാം. ഫ്‌ലൈറ്റിൽ നിന്ന് എന്തേലും കഴിച്ചായിരുന്നോ''
‘‘പിന്നേ പുട്ടും പയറും'' അവർ ചിരിച്ചു
‘‘ഇവിടെ നല്ല പാസ്ത കിട്ടും. സിറ്റിയിൽ പല രാജ്യക്കാരുടെ പല ഫുഡ്‌സും കിട്ടും. നമുക്ക് ഒരു ദിവസം ഇറങ്ങാം''
‘‘എന്നാ പാസ്ത കഴിച്ച് തുടങ്ങിയാലോ നമുക്ക്''
അവർ അടുത്ത് കണ്ട റെസ്റ്റോറന്റിലെ സീറ്റുകളിലിരുന്നു പാസ്ത ഓർഡർ ചെയ്തു. ഹാഫിസ് ചുറ്റും നോക്കി. ട്രൗസർ ഇട്ടു നടക്കുന്ന പെൺകുട്ടികൾ.
‘‘എന്തൊരു ഗ്ലാമറാണല്ലേ? ഫാഷൻ ടി.വിയിൽ പെട്ട പോലുണ്ട്''
‘‘ഇത് ചെർത്. ബീച്ചിലൊക്കെ പോകുമ്പോ കാണാം''
‘‘ആ ഫ്‌ലൈറ്റിലിരിക്കുമ്പോ കണ്ടു. ഫുൾ കടലാണല്ലേ''
‘‘ആ ഒരു ബിയർ പറഞ്ഞാലോ?''
‘‘ഓ നീയടിക്കും ലേ''
‘‘എന്റെ ചേട്ടാ ഈ ബിയർന്ന് പറയണത് ഇവിടത്തെ ദേശീയ പാനീയം ആണ്. നമ്മടെ നാട്ടില് നാരങ്ങ വെള്ളം കുടിക്കണ പോല്യാണ്. നാരങ്ങ പിഴിഞ്ഞട്ട് ഒരു ബിയറ്ണ്ട് ക്ലാര. അതൊരെണ്ണം പറയാം. ദാഹം മാറട്ടെ അതോ വെർമൂത്ത് വേണോ?''
‘‘തൽക്കാലം ക്ലാര വരട്ടെ. ക്ലാരയും നാരങ്ങാ വെള്ളോം നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ''
പഴയ നാട്ടു വർത്തമാനങ്ങൾ പറയുന്നതിനിടെ ഹാഫിസ് ബാഴ്‌സലോണയെ നോക്കി. വല്ലാത്ത വെളിച്ചം. റസ്റ്റോറന്റുകൾക്കെല്ലാം നല്ല വൃത്തി. സുന്ദരികളായ സ്ത്രീകൾ. പകുതി വെളിപ്പെട്ട അവരുടെ മാറിടങ്ങൾ. വളർത്തു മൃഗങ്ങളേയും കൊണ്ട് നടക്കുന്നവർ. വ്യായാമത്തിനായി ജോഗിംഗ് നടത്തുന്നവർ. റോഡ് മുറിച്ചു കടക്കുന്നവർക്കായി വാഹനം നിർത്തി തരുന്നവർ. നാട് ചുറ്റുന്നവർ. കുട്ടികളെ ബാഗിലിട്ട് നടക്കുന്നവർ.
‘‘കൂടെ പഠിക്കുന്ന ഒരു പയ്യൻ നാട്ടിൽ പോയിരിക്കയാണ്. അവന്റെ റൂമിലാണ് ചേട്ടൻ കിടക്കാൻ പോകുന്നത്''
‘‘ഫ്രണ്ടോ, ലൈനാണോ?''
അവൾ അവനെ തുറിച്ചു നോക്കി
‘‘ഇമ്മാതിരി സുന്ദരന്മാർ ഇവിടെ ഉള്ളപ്പോ എന്തിനാ ചേട്ടാ നാട്ടിലെ ഒരോന്നിനെ തലയിലേറ്റണേ. പിന്നെ തൊടങ്ങും. ആ ഡ്രസ് പാടില്ല. ഈ ഡ്രസ് പാടില്ല. അത് കാണിക്കരുത് ഇത് കാണിക്കരുത്. ബീച്ചിൽ പോവാൻ പാടില്ല. ബിക്കിനി ഇടാൻ പാടില്ല. രാത്രി കറങ്ങരുത്.''
‘‘ഓ ബീച്ചിൽ നീന്താൻ പോകുമോ?''
‘‘വെറും ബീച്ചല്ല ന്യൂഡ് ബീച്ച്. നമുക്ക് ഒരു ദിവസം പോകാം''
‘‘വേറെ എന്തൊക്കെയാ ഉള്ളത് ഇവിടെ?''
‘‘കാണണ്ട കുറച്ച് ബിൽഡിംഗ്‌സ് ഉണ്ട്. സാഗ്രധ ഫമിലിയ, കാസബാതിയോ പിന്നെ കുടിക്കാൻ കവ ഉണ്ട്. ഇവിടെ നല്ല വൈൻ കിട്ടും റേറ്റും കുറവാ, സാൻഗ്രിയ എന്നു പറഞ്ഞൊരു ഡ്രിങ്ക് ഉണ്ട്. പലതരം ഫുഡ്‌സ് കിട്ടും. പിന്നെ തിരക്കൊള്ളൊരു സ്ട്രീറ്റ് ഉണ്ട്. ഒരു ദിവസം നമുക്ക് ഇറങ്ങാം. പിന്നെ ട്രെക്കിംങിനു പോകാം. കുറേ കുന്നും മലകളും ഉണ്ട്. പഴയ കോട്ടകളുണ്ട്. ആ ചേട്ടൻ നിൽക്കാൻ പോണ ബിൾഡിംഗിന്റെ ഏറ്റവും മുകളിൽ ബാർബിക്യൂ ചെയ്യാനുള്ള സെറ്റ് അപ് ഉണ്ട്.''
‘‘ബാർബിക്യൂ?''
‘‘കരി വച്ച് തീ കത്തിച്ച് ഒരു പോത്തിന്റെ തുട ചുട്ടെടുക്കണ പരിപാടി''
‘‘പോത്തിന്റെ തുടയോ അതിനൊക്കെ നല്ല പൈസ ആവില്ലേ? ചിക്കന്റെ തുട മതിയോ?''
‘‘ആ അതെങ്ങെ അത്'' അവൾക്ക് ചിരി വന്നു.
‘‘ഞാൻ ഉദ്ദേശിച്ച പാസ്ത ഇതല്ലാന്ന് തോന്നുന്നു. ഇതിനത്ര ഉപ്പും പുളിയുമൊന്നുമില്ലല്ലോ''
അവൾ സോസുകൾ എടുത്ത് നീക്കി വച്ചു കൊടുത്തു. കഴിച്ചു കഴിഞ്ഞ് പൈസ കൊടുത്തത് ഷാലറ്റാണ്. അവൾ സാലഡ് കഴിക്കുന്നതിനിടെ പറഞ്ഞു.
‘‘ഇത് തക്കാളികളുടെ രാജ്യമാണ്. സൂപ്പുണ്ടാക്കാനൊരു തരം സോസുണ്ടാക്കാൻ മറ്റൊന്ന് പിന്നെയൊന്ന് സാലഡിൽ കറിയിലിടാൻ വേറൊന്ന്.''
‘‘പാസ്തയിൽ പോർക്ക് കാണുമോ?''
അവൾ ചിരിച്ചു.
‘‘ചേട്ടന് പൈസ ആവശ്യമുണ്ടെങ്കിൽ പറയണം ഒരു യൂറോ പത്തെൺപത് രൂപയാ വച്ച് പട്ടിണി കിടക്കരുത്. നമുക്ക് എപ്പോഴുമുള്ള ഒരു സ്വഭാവമാണേ വന്നു കഴിഞ്ഞാൽ ആദ്യത്തെ ഒരു മാസം സാധനങ്ങൾ വാങ്ങുമ്പോൾ ഇന്ത്യൻ രൂപയിലേക്ക് മാറ്റി കണക്കു കൂട്ടും''
അവർ അവിടുന്ന് നേരെ ഹാഫിസിനുള്ള മുറിയിലേക്കാണ് പോയത്.
‘‘ഇവിടൊരുത്തനുണ്ടായിരുന്നു പേര് തോമാച്ചൻ. കറക്ട് സമയത്ത് അവൻ നാട്ടിൽ പോയതു കൊണ്ട് ചേട്ടനു ഫ്രീ ആയിട്ട് സ്ഥലം കിട്ടി അതും ഒരു ഫുൾ റൂം. എന്റെ റൂം ഇവിടുന്ന് വലിയ ദൂരമില്ല. രണ്ട് സ്റ്റോപ്പ് ട്രാമിൽ. പുറത്തിറങ്ങുമ്പോൾ ഞാൻ തന്ന ടിക്കറ്റ് കയ്യിൽ വക്കണം. ടി 10. പത്ത് ട്രിപ്പിന് അത് മതിയാവും. ഏതു വണ്ടിയിൽ കയറിയാലും ഈ ടിക്കറ്റ് ഞാൻ കാണിച്ച ബോക്‌സിൽ ഇടണം അപ്പോൾ ഡേറ്റ് അടിച്ചു കിട്ടും''
‘‘നീയാ ബാഗ് എടുത്തേ, സാധനങ്ങളൊക്കെ മാറ്റാം. ഇവടെ മലയാളികൾ ആരെങ്കിലും?''
‘‘ഇല്ല ഒരു ഇറാൻ ഒരു ആഫ്രിക്കക്കാരൻ പാവങ്ങളാ ശല്യമില്ല''
‘‘ആ''
‘‘പക്ഷെ ഇവിടെ എല്ലാം കോമണാ''
അവൾ ഹാൾ, കിച്ചൻ, ബാൽക്കണി, ബാത്ത് റൂം എല്ലാം കാണിച്ചു കൊടുത്തു.
‘‘ഇവിടെ പുറത്ത്ന്ന് കഴിച്ചാൽ വലിയ പൈസ ആകില്ലേ?''
‘‘ചേട്ടൻ ഒരു കാര്യം ചെയ്യ് അമ്മ തന്ന പലഹാരങ്ങളൊക്കെ കയ്യിൽ വച്ചോ. അരിയും പ്രഷർ കുക്കറും ഞാൻ കാണിച്ചു തരാം. തന്നെ ഭക്ഷണം ഉണ്ടാക്കി കഴിച്ചാൽ വലിയ പൈസ വരില്ല. തോമാച്ചന്റെ സാധനങ്ങൾ ഇവിടെ ഇരിപ്പുണ്ട്. അപ്പുറത്ത് സൂപ്പർ മാർക്കറ്റുണ്ട്. നമുക്കു നാളെ പോകാം. അതായിരിക്കും നല്ലത് വയറിന്''
‘‘വയറിനു മാത്രമല്ല പേഴ്‌സിനും''
‘‘ഹ ചേട്ടൻ മെസി ഫാനാണോ. അങ്ങേരുടെ വീട് ഇവിടെ അടുത്താ. വേണേൽ കാണാൻ പോകാം.''
‘‘ഹേയ് ഞാനതിന് മെസി ഫാനല്ല.''
‘‘പിന്നെ?''
‘‘ക്രിസ്റ്റ്യാനോ''
‘‘ങ്ങേ?''
അവൾ ചിരിച്ചു.
‘‘ഞാനേ ചിരിച്ചതേ എന്താന്നോ എപ്പോ നോക്ക്യാലും ഇങ്ങനെ ങ്ങേ ങ്ങേ എന്നു ചോദിക്കും. ഇവിടെ എല്ലാരുമെന്നെ കളിയാക്കും അതോർത്തു പെട്ടന്ന്''
‘‘ങ്ങേ?''
ഹാഫിസിന് മനസിലായില്ല
‘‘ഒന്നൂല്ല എന്റെ പൊന്നോ ഞാൻ പോട്ടെ''
‘‘അല്ല അപ്പോ ക്രിസ്റ്റ്യാനോനെ കാണാനാണോ ബാഴ്‌സലോണക്ക് വന്നേക്കുന്നേ?''
ഹാഫിസ് പെട്ടി തുറന്ന് ഒൻപത് എന്നെഴുതിയ വെള്ള ജഴ്‌സി എടുത്ത് കാണിച്ച് പറഞ്ഞു
‘‘ഹലാ മാഡ്രിഡ്''
‘‘അല്ലാ എന്നാ പിന്നെ മാഡ്രിഡിൽ കളി കാണാൻ പോകായിരുന്നില്ലേ''
‘‘ഓ അതൊക്കെ വലിയ കഥയാ. അമ്മച്ചിയൊന്നും പറഞ്ഞില്ലേ നിന്നോട്?''
‘‘ഇല്ല. ആ എന്തേലുമാവട്ടേ. ഞാനിറങ്ങാ. വൈഫൈ കണക്റ്റായില്ലേ? എന്തേലുമുണ്ടെങ്കിൽ മെസേജ് ചെയ്താൽ മതി. സെറ്റാവ്. ഞാനേ നൈസായിട്ട് ഇറങ്ങട്ടെ. ജോലിക്ക് സമയമായി '
നാല്
റയൽ മാഡ്രിഡിന്റെ ജഴ്‌സിയണിഞ്ഞ് ഷാലറ്റിന്റേയും സുഹൃത്ത് റോബർത്തോക്കുമൊപ്പമാണ് ഹാഫിസ് കളി കാണാൻ ക്യാമ്പ് നൗവിലേക്ക് പുറപ്പെട്ടത്. റോബർത്തോവിന്റെ ബോയ്ഫ്രണ്ടായ വിക്ടർ അവരെ കാത്ത് സ്റ്റേഡിയത്തിനു മുൻപിൽ നിൽപ്പുണ്ടാകും. ബസിറങ്ങി നടന്നു തുടങ്ങിയ ഹാഫിസിനെ ചിലർ തുറിച്ച് നോക്കി. മറ്റു ചിലർ എന്തോ പറയുന്നുണ്ട്.‘‘How is Barcelona man?’’ റോബർത്തോയാണ് ചോദിച്ചത്.
‘‘യാ നൈസ്. ഇവളെന്നെ ന്യൂഡ് ബീച്ചിൽ കൊണ്ടു പോയി. പക്ഷെ അത് ഗേ ബീച്ചായിരുന്നു. നിറച്ചും തുണി ഉടുക്കാത്ത ആണുങ്ങൾ. ഇവൾക്ക് നല്ല കോളായിരുന്നു''
‘‘ആ ഒന്നു രണ്ടെണ്ണം കൊള്ളായിരുന്നു''‘‘What is he talking about?’’‘‘Gay nude beach. He was uncomfortable’’
എല്ലാവരും ചിരിച്ചു.
‘‘എന്താ ഈ പൂത്ത മാഡ്രിഡ് പൂത്ത മാഡ്രിഡ് എന്നു പറയുന്നേ?''
‘‘പൂത്ത മാഡ്രിഡ്''
‘‘റോബർത്തോ ഡു യു നോ വാട്ട് ഈസ് പൂത്ത മാഡ്രിഡ് ഇൻ മലയാളം?''
‘‘നോ''
‘‘പൂത്ത മീൻസ് ബ്‌ളോസ്സംഡ്, ബ്ലൊസ്സംഡ് മാഡ്രിഡ്. വാട്ട് എ ബ്യൂട്ടിഫുൾ ലാങ്വേജ്''
‘‘ഡു യു നോ വാട്ട് ഈസ് പൂത്ത മാഡ്രിഡ് ഇൻ ബാഴ്‌സലോണ''
‘‘നോ''
‘‘ഫക്ക് മാഡ്രിഡ്''
ഹാഫിസ് ഒഴിച്ച് എല്ലാവരും ചിരിച്ചു.
റോബർത്തോ ബാഴ്‌സലോണയിൽ വളർന്നവനാണ്. അവൻ എഫ്.സി ബാഴ്‌സലോണ ഫാനാണ്. ബാഴ്‌സയുടെ ഒരു ജഴ്‌സിയും തോളിൽ തൂക്കിയിട്ടാണ് നടപ്പ്.
‘‘ഇത് ഇടുന്നില്ലേ?''
‘‘യാ''
‘‘ഇവിടെ മൊത്തം ബാഴ്‌സലോണ ഫാൻസാണല്ലോ. റയൽ ഫാൻസ് ഉള്ളിൽ കാണുമായിരിക്കും അല്ലേ?''
‘‘കാണുമായിരിക്കും'', ഷാലറ്റിനു അതിലൊന്നും താത്പര്യമില്ലായിരുന്നു. അവൾ ഫോണിൽ കുത്തിക്കൊണ്ടിരുന്നു. ബാഴ്‌സയുടെ വിജയങ്ങളും കപ്പുകളും മറ്റ് വിവരങ്ങളും സ്റ്റേഡിയത്തിനു സമീപമായി കാണാം.
സ്റ്റേഡിയത്തിനുള്ളിലേക്ക് പോകുന്ന പോക്കിൽ ആജാനബാഹുവായ ഒരുത്തൻ തോളു വച്ച് ഹാഫിസിനെ തട്ടി. വേദനയെടുത്ത് അവൻ തോളുഴിഞ്ഞു. തിരക്കു കാരണം ആളുകൾ അതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. ആളുകളുടെ നോട്ടവും പെരുമാറ്റവും പന്തിയല്ലെന്ന് കണ്ട് ഹാഫിസ് ഷാലറ്റിന്റെ ബാഗ് വാങ്ങിപ്പിടിച്ച് ജഴ്‌സിയുടെ മുൻഭാഗം മറച്ചു. ഒടുവിൽ ഗാലറിയിലെ സീറ്റിൽ ഇരുന്നപ്പോഴാണ് അവന് ആശ്വാസം തോന്നിയത്. കാമ്പ് നൗ നീലയും ചുവപ്പും മറൂണും നിറങ്ങളുള്ള ഇരിപ്പിടങ്ങളിൽ വിരിഞ്ഞു നിൽക്കുന്നു. ആളുകൾ വന്നു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.
‘‘ഞാൻ മഞ്ഞപ്പടയിൽ ഉണ്ട്. കൊച്ചിയിൽ പോയി കളി കണ്ടിരുന്നു''
‘‘ങ്ങേ''
‘‘കേരളാ ബ്ലാസ്റ്റേഴ്‌സ്''
‘‘ആ''
അവർക്കരികിൽ ഒന്നു രണ്ട് ബാഴ്‌സാ ഫാൻസ് വന്നിരുന്നു.
‘‘പ്രശ്‌നാവോ? ജഴ്‌സി ഊരിവക്കണോ?''
‘‘ഹേയ് ഇതൊരു ടൂറിസ്റ്റ് പ്ലേസാണ്. ഏതൊക്കെ രാജ്യക്കാരാ ഇവിടെ വരുന്നത്. ഒരു പ്രശ്‌നോം ഇല്ല. പേടിക്കാതെ ഇരിക്ക്''
ഷാലറ്റ് കോട്ടൂരിയപ്പോൾ ഉള്ളിൽ ഒരു ബാഴ്‌സ ജേഴ്‌സി.
‘‘അതു ശരി അപ്പോ ഞാൻ മാത്രം റയൽ അല്ലേ''
‘‘ദേ ആ അറ്റത്ത് കുറച്ച് റയൽ ഫാൻസ് ഉണ്ട്'' ദൂരെയുള്ള ഒരു വെള്ളയിലേക്ക് ചൂണ്ടി ഷാലറ്റ് പറഞ്ഞു.
‘‘അങ്ങോട്ട് പോയാലോ. ഇവന്മാരുടെ ഒക്കെ നോട്ടം കണ്ടിട്ട് പേടിയാകുന്നു''
‘‘അങ്ങനൊന്നും പോകാൻ പറ്റില്ല''
‘‘അങ്ങനെ എന്റെ ഒരു ഡ്രീം ഇതാ പൂർത്തിയാവാൻ പോകുന്നു യേ''
‘‘യേ'' ഷാലറ്റും അവന് ഒരു ഹൈ ഫൈവ് കൊടുത്തു.
‘‘കുറച്ച് സെൽഫി എടുക്കാം. അല്ലേൽ അവന്മാരെ വീഡിയോ കോൾ വിളിച്ചാലോ?''
ടിക്കറ്റിനൊപ്പം ലഭിച്ച പീപ്പി വച്ച് ഓരോരുത്തരായി ഊതിത്തുടങ്ങി.
‘‘ആ വിളിക്ക്''
ഹാഫിസ് റയൽ മാഡ്രിഡ് സെവൻസിന്റെ ക്യാപ്റ്റൻ സഞ്ചുവിനെ വീഡിയോ കോൾ ചെയ്തു.
‘‘സഞ്ചുവേട്ടാ എന്നെ കാണാനുണ്ടോ?''
പക്ഷെ ആളുകളുടെ ശബ്ദം കാരണം ഫോണിൽ ഒന്നും കേൾക്കുന്നില്ലായിരുന്നു. ഹാഫിസ് ഫോൺ വച്ച് ചുറ്റിലും ഒന്ന് കറങ്ങി അപ്പോഴേക്കും റേഞ്ച് പോയി വീഡിയോ അപ്രത്യക്ഷമായി.
‘‘അവർക്കൊക്കെ ഫുൾ അസൂയ ആവും''
‘‘ങ്ങേ?''
‘‘ആ ഒന്നുമില്ല''
ബാഴ്‌സയുടെ പതാകകൾ അവിടെ മൊത്തം നിവർന്നു. പിന്നെ ഇളകി കാറ്റിലെന്ന പോലെ.
‘‘ഇതെന്താ പല തരത്തിലുള്ള ഫ്‌ളാഗുകൾ''
‘‘അത് കാറ്റലാൻ പതാകയാ. മറ്റേതാണ് ബാഴ്‌സയുടെ. പിന്നെ റയലിന്റെ''
''അതാരാണ് കാറ്റലാൻ''
‘‘ഇവിടെയുള്ള ലോക്കൽ ആളുകൾ കാറ്റലാൻകാരാണ്. ബാഴ്‌സയുടെ ഫ്‌ളാഗിൽ അവരുടെ ഫ്‌ളാഗ് ഉണ്ട്''
അവിടെ മൊത്തം മഞ്ഞയും ചുവപ്പും ഉൾക്കൊള്ളുന്ന കാറ്റലാൻ ഫ്‌ളാഗുകൾ പതിയെ വന്നു നിറഞ്ഞു.
‘‘എന്തോരം ആൾക്കാരാണല്ലേ. തിരമാല എളകണ പോലെ''
ശബ്ദങ്ങൾക്കിടയിൽ ഹാഫിസ് സംസാരിക്കുന്നത് ഷാലറ്റിന് കേൾക്കാനായില്ല.
കളി തുടങ്ങുന്നതിനു മുൻപ് ബാഴ്‌സലോണയുടെ ഔദ്യോഗിക ഗാനം വന്നപ്പോൾ ഹാഫിസ് മാത്രം സീറ്റിൽ നിന്നും എഴുന്നേറ്റില്ല. പിറകിലിരിക്കുന്നവരും മുൻപിലിരിക്കുന്നവരും അവനെ നോക്കി പേടിപ്പിച്ചു. അവൻ വലിയ മൈൻറ് കൊടുത്തില്ല. പക്ഷെ റയൽ മാഡ്രിഡിന്റെ ഔദ്യോഗിക ഗാനത്തിൽ അവനെഴുന്നേറ്റ് കൂടെ പാടി. അവനു ചുറ്റും പിറു പിറുപ്പ് ഉയർന്നു. അവന് സന്തോഷമായി. കുരു പൊട്ടുന്നുണ്ട്. പെട്ടെന്ന് ഒഴിഞ്ഞൊരു ബിയർകാൻ ഗാനം തീരുന്ന മുറക്ക് അവന്റെ മേൽ വന്നു തട്ടി, താഴെ വീണു. അരികിലിരിക്കുന്നുണ്ടായിരുന്ന റോബർത്തോ എന്തോ വിളിച്ചു പറഞ്ഞു. അപ്പോഴേക്കും അടുത്തുണ്ടായിരുന്ന ഒരു സെക്യൂരിറ്റികാരൻ അങ്ങോട്ട് വന്ന് കാനെടുത്ത് നീക്കി. കാര്യങ്ങൾ പതുക്കെ ആണെങ്കിലും പഴയ പടിയായപ്പോൾ സെക്യൂരിറ്റിക്കാരൻ അവിടെ നിന്നും മാറി. ക്യാമ്പ് നൗവ്വിൽ അപ്പോൾ സംഗീതോപകരണങ്ങളാൽ ആരാധകർ പാട്ടു തുടങ്ങി. എല്ലാവരും അതേറ്റു പാടി.
‘‘എന്താ ഇവരീ പാടുന്നേ''
‘‘ഈ പാട്ട് കേട്ടിട്ടില്ലേ? ഫേമസ് ആണല്ലോ'' ഷാലറ്റ് അതിനൊപ്പം കൂടെപ്പാടി.
റോബർത്തോ അവനെ ഞോണ്ടി ചോദിച്ചു; ‘‘ഈ പാട്ടിനർത്ഥം അറിയാമോ?''
‘‘ഇല്ല''
‘‘ഞാൻ മലയാളത്തിൽ പറഞ്ഞു കൊടുക്കാം റോബർത്തോ''
‘‘ഒരു കളി ദിവസം ഞാൻ ഗോൾനോർദ്ദിൽ പോയി. (ഈ ഗോൾ നോർദ് എന്നു പറയുന്നത് ബാഴ്‌സ സപ്പോർട്ടേഴ്‌സ് മാത്രം ഇരിക്കുന്ന സ്ഥലമാണ്.) സ്റ്റേഡിയത്തിലെത്തിയപ്പോൾ തന്നെ ഞാനങ്ങ് പ്രണയത്തിലായി. എന്റെ ഹൃദയം പെരുമ്പറ കൊട്ടി. എന്തു കൊണ്ടെന്നൊന്നും ചോദിക്കരുത്. ഞാനൊരു ബാഴ്‌സാ ഫാനാണ്. അവർക്കു വേണ്ടി ഞാനെന്നുമെന്നും ആർപ്പു വിളിക്കും. ആലേ ആലേ ആലേ ആലേയലേയലേ''
പാട്ടു നിന്നപ്പോൾ അടുത്ത ശബ്ദം ആരംഭിച്ചു.
‘‘വിസ്‌കാ ബാർസ വിസ്‌കാ എൽ കാറ്റലൂണിയ''
കാമ്പ് നൗവ്വിൽ പ്രതിധ്വനികൾ അലയടിച്ചു. അത് കേട്ട് ഹാഫിസിനു അരിശം തോന്നി. ഇതെന്തൊരു അഹങ്കാരം. എന്തൊരു ജനാധിപത്യമില്ലായ്മ. ഏറ്റവും ദുർബലന്റെ ശബ്ദം അവഗണിക്കപ്പെടുന്നു. ഇടക്കു വന്നൊരു നിശബ്ദതയിൽ അവൻ എഴുന്നേറ്റു നിന്ന് അലറി;
‘‘മാ....ഡ്രിഡ്
മാ....ഡ്രിഡ്
മാ....ഡ്രിഡ്
ഹലാ മാഡ്രിഡ്
ഇനാദമാ
ഇനാദമാ
ഹലാ മാഡ്രിഡ്''
തീരുന്നതിനു മുൻപേ അവനു ചുറ്റും ബഹളം ഉയർന്നു.
‘‘എന്താ ഇവരു പറയുന്നേ'' ഷാലറ്റിന്റെ ചെവിയിലേക്ക് തല ചായ്ച്ച് ഹാഫിസ് ചോദിച്ചു; ‘‘ഇത് കാറ്റലാൻ ഭാഷയാ ലോക്കൽ എനിക്ക് മനസിലാകുന്നില്ല''
അതേ പോലെ തിരിച്ച് ഷാലറ്റും കുനിഞ്ഞു. റോബർത്തോയും വിക്ടറും എഴുന്നേറ്റ് നിന്ന് ആളുകളോട് പോരടിക്കുന്നുണ്ടായിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥൻ വന്നതോടെ എല്ലാവരും വീണ്ടും കളിയിലേക്ക് തിരിച്ചു പോയി.
ബാഴ്‌സലോണ ഫാൻസിന്റെ തിരയിളക്കത്തിൽ ഹാഫിസിന്റെ ശബ്ദം പുറത്ത് വരാതായി. എന്നാൽ ഇരുപത്തി മൂന്നാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ ഹെഡ്ഡർ. കോർണറിൽ നിന്നൊരു റ വട്ടം വലയിലേക്ക് ചെത്തിയിട്ടു. കാമ്പ് നൗ നിശബ്ദമായി. അറിയാതെ ഹാഫിസ് എഴുന്നേറ്റ് കൂവി. ക്രിസ്റ്റ്യാനോയെന്ന് കൂക്കി വിളിച്ചു. മൂന്നാമത്തെ കൂവലിനു തൊട്ടു മുൻപ് മുൻപിലിരുന്ന് ബിയർ കുടിച്ചു കൊണ്ടിരുന്ന ഒരുവൻ ബിയർ എടുത്ത് ഹാഫിസിന്റെ മുഖത്തേക്കൊഴിച്ചു. വേരൊരുത്തൻ കയ്യിലുണ്ടായിരുന്ന ഭക്ഷണം എറിഞ്ഞു. മയോണൈസ് അവന്റെ മുഖത്ത് പറ്റിപ്പിടിച്ചു. പെട്ടന്ന് അവിടെ ആൾക്കൂട്ടമായി. വിക്ടറും റോബർത്തോയും ആരെയോ പിടിച്ച് തള്ളിയതും അവസരം നോക്കി നിന്നവർ ഇളകി. സെക്യൂരിറ്റിക്കാർ ഓടിയെത്തിയപ്പോഴേക്കും രണ്ടുമൂന്നിടി അങ്ങട്ടുമിങ്ങോട്ടും വീണിരുന്നു. കൂടുതൽ പോലീസുകാർ വന്ന് അവർക്ക് ചുറ്റും ഒരു വലയം തീർത്തു. ഷാലറ്റ് കയ്യിലുണ്ടായ കോട്ട് വച്ച് ഹാഫിസിന്റെ കീറിയ ജഴ്‌സിക്ക് മേലെയിട്ടു കൊടുത്തു. സെക്യൂരിറ്റിക്കാർ അവരെ പുറത്തേക്ക് കൊണ്ടു പോയി. പോകുന്ന വഴിയിലെല്ലാം ആക്രോശങ്ങൾ കേട്ടു. ഹാഫിസിന് ഭാഷ മനസിലായില്ല. ഭാഷയറിയാത്ത ഒരു അഭയാർത്ഥിയായി മറ്റൊരു രാജ്യത്തിലെത്തിയതായി മനസിലായപ്പോൾ സെക്യൂരിറ്റിക്കാരുടെ കയ്യിൽ കിടന്ന് അവൻ കുതറി. ഉണ്ടായിരുന്ന ശക്തിയെല്ലാം പ്രയോഗിച്ച് തളർന്നപ്പോൾ അവൻ പ്രതിരോധം അവസാനിപ്പിച്ചു. അവന് അപ്പോൾ നാട് ഓർമ്മ വന്നു. കിഷോറിന്റെ ആദ്യത്തെ അടിയിൽ നിശ്ചലമായ നിമിഷം പോലെ കാലം അനക്കമറ്റതായി തോന്നി. ശത്രുത, ഫുട്‌ബോൾ, അടി, ടിക്കറ്റ്, വിമാനം അവൻ അവർക്കുള്ളിൽ കിടന്ന് വലിഞ്ഞു മുറുകി.
അഞ്ച്
പുറത്ത് പോലീസ് വാഹനം നിൽപ്പുണ്ടായിരുന്നു.
റയൽ മാഡ്രിഡിന്റെ കീറിപ്പറിഞ്ഞ ജഴ്‌സി ഹാഫിസിന്റെ കോട്ടിനുള്ളിലൂടെ പുറത്തേക്ക് കാണാമായിരുന്നത് നോക്കി ഒരു പോലീസുകാരൻ ചിരിച്ചു. അയാളെ നോക്കി ഹാഫിസ് തനിക്ക് സ്റ്റേഡിയത്തിലേക്ക് തിരിച്ചു പോകണമെന്ന് ഇംഗ്ലീഷിൽ അഭ്യർത്ഥിച്ചു. ഇംഗ്ലീഷ് അറിഞ്ഞിട്ടും അറിയാത്ത ഭാഷയിൽ അയാൾ തലവെട്ടിച്ചു. പോലീസ് കാറിലിരുന്ന് റോബർത്തോയും വിക്ടറും എന്തൊക്കെയോ പറഞ്ഞ് കയർത്തു കൊണ്ടിരുന്നു. ‘‘You know hafis, i am a barcelona fan but this is unfair. They can't treat anyone like that. This is shit.’’
റോബർത്തോ ഹാഫിസിനെ പിന്തുണച്ചു. പക്ഷെ വിക്ടർ അപ്പോഴും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഹാഫിസ് ഷാലറ്റിനെ നോക്കി. എന്താണീപ്പറയുന്നത്?
അവരുടെ ഭാഷ, മനസിലാകില്ല.
ഗ്രൗണ്ടിനടുത്തായിരുന്നതിനാൽ പോലീസ് അവരെ ഡ്രോപ് ചെയ്തത് വിക്ടറിന്റെ വീട്ടിലാണ്. വിക്ടർ ലോക്കൽ ആയതിനാൽ സംഗതി വലിയ പ്രശ്‌നങ്ങളില്ലാതെ പരിഹരിച്ചു.
എന്നിട്ടും പോലീസുകാരൻ മുറുമുറുക്കുന്നത് ഹാഫിസിനു മനസിലായി. അവർ അവന്റെ പേരു ചോദിക്കുന്നതും ഉറ്റുനോക്കുന്നതും ഏവരേയും അസ്വസ്ഥരാക്കി. എല്ലാം കഴിഞ്ഞ് വീട്ടിൽ കയറി ചെന്നപ്പോഴേ വിക്ടർ ഓരോ ബിയർ പൊട്ടിച്ച് എല്ലാവർക്കും കൊടുത്തു. പിടി വലിയിലും അടിയിലും ശരീരം മൊത്തം നീറുന്നുണ്ടായിരുന്നെങ്കിലും മുറിവുകൾ ഒന്നും സാരമുള്ളതായിരുന്നില്ല.
‘‘കളി വെക്ക്''
വിക്ടർ കളി വച്ചു കൊടുത്തു. അതും നോക്കി എല്ലാവരും നിശബ്ദരായി ഇരുന്നു. അവർക്കിടയിലപ്പോൾ ആർപ്പു വിളികളില്ല. നിശബ്ദതയുടെ കനം കുറഞ്ഞ പ്രയാസം. അപ്പോഴേക്കും വിക്ടറിന്റെ അമ്മ വന്നു. അവർ സ്വയം പരിചയപ്പെടുത്തി.
മറീന. ഭർത്താവ് ഇക്വഡോറിലാണ്. കൂടെ അപ്പൻ ഉണ്ട്. ഡേവിഡ്. മറീന ജോലിക്ക് പോകുന്നുണ്ട്. വിക്ടർ അവരുടെ ആദ്യ ഭർത്താവിലുള്ള മകനാണ്. ഡിവോഴ്‌സ് കഴിഞ്ഞ ആദ്യ ഭർത്താവ് ഇപ്പോൾ ഒസ്ട്രിയയിൽ ആണ്.
‘‘ഇക്വഡോർ അത് ലാറ്റിനമേരിക്കയിലല്ലേ? എങ്ങനെ?''
ഹാഫിസിന് സംശയം മാറിയില്ല
‘‘അദ്ദേഹം എന്റെ ആദ്യ ബോയ്ഫ്രണ്ടായിരുന്നു''
‘‘ഓ ഇവിടെ ആയിരുന്നോ പുള്ളി''
‘‘അല്ല. ഞങ്ങൾ അവിടെ ആയിരുന്നു. നമുക്ക് ഒരു കാര്യം ചെയ്യാം ഫുഡ് ഇരിപ്പുണ്ട്. കഴിച്ചാലോ? ഇന്നലെ ഒരു പാർട്ടിയുണ്ടായിരുന്നു. ഒരുപാട് ഭക്ഷണം ബാക്കിയായി''
''ഓക്കെ'' കളി കഴിഞ്ഞത് ആരും ശ്രദ്ധിച്ചില്ല. വിജയിച്ചതാരെന്ന് അറിയുന്നതിൽ പോലും ആർക്കും താത്പര്യമില്ല. എല്ലാവരും പതിയെ ടേബിളിനു മുൻപിൽ വന്നിരുന്നു.
ഭക്ഷണം ചൂടാക്കി ടേബിളിൽ വയ്ക്കുന്ന തിരക്കിനിടയിൽ മറീന വിളിച്ചു
‘‘വിക്ടർ അപ്പാപ്പനെ വിളിക്ക്''
അവൻ മുകളിലേക്ക് പോയി
‘‘കളി മുഴുവനാക്കിയില്ല അല്ലേ. കുഴപ്പൊമൊന്നുമില്ലല്ലോ എല്ലാവരും ഓക്കെ അല്ലേ''
‘‘അതെ''
‘‘പണ്ട് സ്പാനിഷ് കോളനികളായിരുന്നല്ലോ മിക്ക ലാറ്റിനമേരിക്കൻ രാജ്യങ്ങളും. സ്പാനിഷ് ഭാഷ പടർന്നത് അങ്ങനെയല്ലേ. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയിൽ ഒന്ന് സ്പാനിഷാണ്. പല പല വകഭേദങ്ങളുണ്ടെന്നേയുള്ളൂ.''
മുകളിൽ നിന്ന് വിക്ടറിനൊപ്പം അപ്പാപ്പനും പടിയിറങ്ങി വരുന്ന ശബ്ദം കേൾക്കാം.
‘‘എന്റെ കുട്ടിക്കാലം മുഴുവൻ ഇക്വഡോറിലായിരുന്നു. ആ സമയത്തായിരുന്നു ഇപ്പോഴത്തെ ഭർത്താവിനെ കണ്ടുമുട്ടിയത് പക്ഷെ പിന്നീട് ഇങ്ങോട്ട് വന്നതോടെ ആ ബന്ധം അവസാനിച്ചു. പിന്നെ ഇവിടെ ഒരാളുമായി ഇഷ്ടത്തിലായി. വിക്ടർ ഉണ്ടായി. സ്‌നേഹം ഇല്ലാതായപ്പോൾ പിരിഞ്ഞു. പിന്നീട് ബന്ധുക്കളെ കാണാൻ ഇക്വഡോർ പോയപ്പോൾ പഴയ പ്രേമം പൊടിത്തട്ടിയെടുത്തു. അങ്ങനെ വീണ്ടും ഒരു വിവാഹം കൂടി കഴിച്ചു. ഇപ്പോൾ രണ്ടു മാസം കൂടുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വിസിറ്റ് ആണ് പണി. എന്നാലും ഞാൻ ഹാപ്പിയാണ്.''
‘‘ആവാ ദാ ഇവിടെ''
അപ്പാപ്പൻ വന്നിരുന്നു എല്ലാവരേയും പരിചയപ്പെട്ടു. മറീന ഭക്ഷണം വിളമ്പുന്നതനുസരിച്ച് ഓരോ വിഭവങ്ങളെ കുറിച്ചും വിവരിച്ചു കൊണ്ടിരുന്നു.
‘‘പാആമ്പ് ടൊമാറ്റോ, ബ്രഡിൽ വെളുത്തുള്ളിയും തക്കാളിയും ഒലീവ് ഓയിലും വച്ച് തേച്ച് റോസ്റ്റ് ചെയ്തത്. ഉരുളക്കിഴങ്ങും മഞ്ഞ സവാളയും നിറച്ച മുഴുത്ത ഓം ലെറ്റ് . ആസ്പരാഗസ് തണ്ടുകൾ ചുട്ടെടുത്തത്. ഗെസ്പാച്ചോ തക്കാളി ജ്യൂസ്. അനെക് ആമ്പരസ് താറാവും സബർ ജില്ലിയും കൂടിയുള്ള കറി'', അപ്പാപ്പൻ ഓരോരുത്തരെയായി പരിചയപ്പെടുവാൻ തുടങ്ങി.
‘‘ഓ ഇന്ത്യൻസ്. ഐ ലൈക്ക് ഇന്ത്യ. സ്‌പൈസി ഫുഡ് മസാല. ബിരിയാണി''
എല്ലാവരും ചിരിച്ചു
‘‘എന്റെ പേര് ഹാഫിസ്''
അത് കേട്ടപ്പോൾ അപ്പാപ്പൻ ചോദിച്ചു
‘‘ഹാഫിസ് മുസ്ലിമാണോ?''
പെട്ടെന്ന് ഹാഫിസിന്റെ മുഖത്തെ ചിരി മാഞ്ഞു
‘‘അതെ''
വിഷയം മാറ്റുവാനായി വിക്ടർ ഇന്നത്തെ പ്രശ്‌നം അവതരിപ്പിച്ചു. മുറിവ് കാട്ടിക്കൊടുത്തു.
അപ്പാപ്പൻ എല്ലാം ഗൗരവപൂർവ്വം കേട്ടു.
‘‘കെ മാല ഐ ആം സോറി'', അദ്ദേഹം ക്ഷമാപണം നടത്തി
‘‘നിങ്ങളൊരു റയൽ മാഡ്രിഡ് ഫാനാണ് അല്ലെ?'' അപ്പാപ്പൻ ഹാഫിസിനോട് ചോദിച്ചു.
ഹാഫിസ് ഒന്നും പറഞ്ഞില്ല. എങ്ങനെയെങ്കിലും ഇവിടെ നിന്ന് ഒന്ന് ഇറങ്ങിയാൽ മതിയെന്ന് അവനു തോന്നിത്തുടങ്ങി.
അപ്പാപ്പൻ കട്ട ബാഴ്‌സ ഫാനാണെന്ന് വിക്ടർ മുന്നറിയിപ്പ് നൽകി
അപ്പാപ്പൻ ഹാഫിനെ നോക്കി ഭക്ഷണം കഴിക്കുന്നത് നിർത്തി വച്ചു. ഹാഫിസ് ഒരു മുസ്ലിമല്ലേ നിങ്ങൾ എന്നു ഒരിക്കൽ കൂടി ചോദിച്ചു കൊണ്ടെഴുന്നേറ്റ് കൈകൾ തുടച്ചു.
ഹാഫിസിനുള്ളിൽ ഭയം തോന്നി.
ഹാഫിസ് കഴിച്ചു തീരും വരെ അപ്പാപ്പൻ സോഫയിൽ ഇരുന്നു. അവൻ വരുവാൻ കാത്തു നിന്നതു പോലെ കൈ കഴുകി കഴിഞ്ഞപ്പോൾ ഹാഫിസിനെ വിളിച്ചു;
‘‘എന്റെ കൂടെ വരൂ''
ഹാഫിസിനെ മാത്രം വിളിച്ച് അപ്പാപ്പൻ താഴേക്ക് ഇറങ്ങിപ്പോയതു കണ്ട് പന്തികേട് തോന്നിയതിനാൽ ഷാലറ്റ് വിക്ടറിനോട് ചോദിച്ചു; ‘‘നിന്റെ ഗ്രാൻഡ്പ ഇസ്‌ളാമോഫോബിക് ഒന്നുമല്ലല്ലോ''
‘‘ഹേയ് അല്ല''
‘‘റേസിസ്റ്റ്?''
‘‘നെവർ''
ബേസ്‌മെന്റിൽ ഇറങ്ങിയപാടെ അപ്പാപ്പൻ കതകടച്ച് കുറ്റിയിട്ടത് ഹാഫിസിന്റെ പേടി കൂട്ടി. യൂറോപ്പിലെ റേസിസത്തെക്കുറിച്ച് അവൻ വായിച്ചിട്ടുണ്ട്. വാതിലിനു താഴേക്ക് പടികളാണ്. ഡേവിഡ് താഴോട്ട് കോണിപ്പടികളിറങ്ങി ചെന്ന് ലൈറ്റിട്ടു. ബേസ്‌മെന്റിൽ പലതരത്തിലുള്ള ഉപകരണങ്ങൾ കിടക്കുന്നുണ്ടായിരുന്നു. കസേര, ചെടിച്ചട്ടികൾ, പഴയ ചിത്രങ്ങൾ, സൈക്കിൾ മിക്കതും ഇരുമ്പ് സാധനങ്ങൾ. അതിനുള്ളിൽ അപ്പാപ്പൻ കിടന്നു തപ്പി. ഹാഫിസിനു പേടി ഇരട്ടിച്ചു. കത്തികളും കമ്പികളും കിടക്കുന്നു. അപ്പാപ്പൻ തിരച്ചിൽ നിർത്തി എഴുന്നേറ്റു.
ഇരുമ്പിൽ ഇരുമ്പ് ഉരസുന്ന ശബ്ദം. മൂലക്കിട്ടിരിക്കുന്ന ഒരു മേശക്കരികിൽ വന്ന് അത് തള്ളി മാറ്റുവാൻ ശ്രമിക്കുന്നത് കണ്ട് ഹാഫിസ് അയാളെ സഹായിച്ചു. അതിനടിയിൽ വിരിച്ച കാർപ്പറ്റും അതേ രീതിയിൽ ഇരുവരും കൂടി എടുത്തു മാറ്റി. കണ്ടതിനേക്കാൾ കരുത്തനാണ് അപ്പാപ്പനെന്ന് ഹാഫിസ് തിരിച്ചറിഞ്ഞു. കാർപ്പറ്റ് മാറ്റിയപ്പോൾ അവിടെയൊരു താക്കോൽ ദ്വാരം ഉണ്ടായിരുന്നു. അപ്പാപ്പൻ കയ്യിൽ ഒളിപ്പിച്ച് വച്ചിരുന്ന താക്കോലെടുത്ത് അത് തുറന്നു. ആറടിയോളം കാണും. ഒരു ശവപ്പെട്ടി പോലെ അവനത് തോന്നി. ഹാഫിസിന്റെ ഹൃദയം വേഗത്തിലിടിച്ചു. പെട്ടെന്ന് പുറത്തു നിന്ന് വാതിലിൽ മുട്ടു കേട്ടു. പേരുകൾ വിളിക്കുന്ന ശബ്ദവും കൂടെ വന്നു. ഹാഫിസിനു ഓടിപ്പോയി ആ വാതിലൊന്നു തുറന്ന് ആഞ്ഞൊന്ന് ശ്വസിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അപ്പാപ്പൻ കൈകൾ കൊണ്ട് വിലക്കി.
അനുസരിക്കാതിരുന്നാൽ അയാൾ കയ്യിൽ കിട്ടുന്നത് വച്ച് ഉപദ്രവിച്ചേക്കുമെന്ന് തോന്നിയതു കൊണ്ട് അവൻ ആത്മസംയമനം പാലിച്ചു. തട്ടും മുട്ടലും കഴിഞ്ഞ് എല്ലാമൊതുങ്ങിയപ്പോൾ അപ്പാപ്പൻ ഹാഫിസിനെ വിളിച്ചു. ശവപ്പെട്ടിക്കുള്ളിൽ ഒരു പുസ്തകം. അവനത് എടുത്തു കൊടുത്തു. പഴകിയ പുസ്തകം. അപ്പാപ്പൻ അത് തുറന്നു നോക്കി. അതിലേക്ക് ഉറ്റുനോക്കും തോറും അപ്പാപ്പൻ വിഷാദത്തിലേക്ക് കോണിപ്പടികൾ ഇറങ്ങുന്നതായി ഹാഫിസിനു തോന്നി
‘‘എന്തു പറ്റി?''
അപ്പാപ്പൻ എന്തോ പറഞ്ഞു ഒന്നും ഹാഫിസിനു മനസിലായില്ല. ഭാഷ മറ്റൊന്ന്.
‘‘ഇംഗ്ലീഷ്'', ഹാഫിസ് ചോദിച്ചു.
അദ്ദേഹം ഇംഗ്‌ളീഷിൽ സംസാരിച്ചു തുടങ്ങി:
‘‘പ്രിയപ്പെട്ട റയൽ മാഡ്രിഡുകാരാ,
1943 ൽ നടന്ന എൽക്‌ളാസിക്കോ ഓർമ്മയുണ്ടാവുമല്ലോ 11-1 ന് റയൽ മാഡ്രിഡ് അന്ന് ജയിച്ചത് പറഞ്ഞ് ഇന്നും നിങ്ങൾ ബാഴ്‌സക്കാരെ അടിച്ചിരുത്തുന്നുണ്ടാവും. എന്നാലന്ന് എന്താണ് നടന്നതെന്ന് ഓർമ്മ കാണില്ല. ആദ്യപാദം കളി ബാഴ്‌സലോണയിൽ ആയിരുന്നു നടന്നത്. 3-0 ന് ബാഴ്‌സ ജയിച്ചു. അതിനടുത്ത കളി നടന്നത് ഭരണകൂട തലസ്ഥാനമായ മാഡ്രിഡിൽ. കിക്കോഫിനു മുൻപ് ബാഴ്‌സലോണ കളിക്കാരുടെ ലോക്കർ റൂമിൽ അന്നൊരാൾ വന്നു. ഭരണാധികാരി ഫ്രാങ്കോയുടെ ജനറൽ. ഭീഷണിയുടെ സ്വരങ്ങളൊന്നും തന്നെ അദ്ദേഹത്തിന്റെ നാവിൽ നിന്നും പുറത്തു വന്നില്ല. എന്നാൽ ഒരു വാചകം മാത്രം അയാൾ കടുപ്പിച്ചു പറഞ്ഞു. അതെന്താണെന്ന് അറിയാമോ?
‘നിങ്ങളോർത്തുകൊള്ളൂ ദേശസ്‌നേഹം ഇല്ലാഞ്ഞിട്ടും നിങ്ങളിവിടെ കളിക്കുന്നത് ഭരണകൂടത്തിന്റെ ഔദാര്യം കൊണ്ടു മാത്രമാണ്'. മാഡ്രിഡ് പോലെ ഒരു നഗരത്തിൽ അതും ബാഴ്‌സലോണയിൽ നിന്നും വളരെയകലെ, ഫാസിസ്റ്റ് ഭരണകർത്താവിന്റെ തലസ്ഥാനത്ത് അത്തരമൊരു വാചകം കളിക്കാരുടെ തലയ്ക്കുനേരെ ചൂണ്ടിയ തോക്കായിരുന്നു. അന്ന് സ്വന്തം കുടുംബങ്ങളെ ഓർത്ത് ബാഴ്‌സ കളിക്കാർ കളിച്ചു തുടങ്ങി. അല്ല ബോക്‌സിനു വെളിയിൽ നിന്നു കൊടുത്തു. ജനറലിന്റെ സമ്മതം ഇല്ലാതെ ഇവിടെ നിന്നൊരു തിരിച്ചു പോക്ക് ഉണ്ടാകില്ലെന്ന് അവർക്ക് അറിയാമായിരുന്നു. കളിയുടെ ആദ്യപകുതിയിൽ 8-0 നും പിന്നീട് മുഴുവൻ സമയം 11-1 നും കളി റയൽ മാഡ്രിഡ് ജയിച്ചു. അല്ല ബാഴ്‌സലോണ തോറ്റുകൊടുത്തു.
എന്റെ അപ്പയുടെ മരണവും അതേ സമയങ്ങളിൽ തന്നെയായിരുന്നു. കൊന്നത് അതേ ഫ്രാങ്കോയുടെ പട്ടാളക്കാർ. അന്ന് പട്ടാളക്കാരുടെ പിടിയിൽ നിന്ന് ഞാൻ ഒളിച്ചിരുന്നത് എവിടെയാണെന്നോ ഇവിടെ ഈ ശവപ്പെട്ടിപോലെ ഇരിക്കുന്നില്ലേ ഈ അലമാരക്കുള്ളിൽ.''
അപ്പാപ്പൻ കിതച്ചു. ഹാഫിസ് ഓരോ വാക്കും ശ്രദ്ധിച്ചു കേട്ടു.
‘‘1939 ലെ സിവിൽ വാറ് അവസാനിച്ചപ്പോൾ സ്‌പെയിന്റെ ഭരണം മുഴുവനായി ഫ്രാങ്കോയുടെ നാഷ്‌നലിസ്റ്റ് പാർട്ടി പിടിച്ചെടുത്തു. അതിനു പിന്നോടിയായി പുതിയ പ്രഖ്യാപനം വന്നു: ‘നമുക്ക് വേണ്ടത് രാജ്യത്തിന്റെ സമ്പൂർണ്ണമായ ഐക്യമാണ്. ഒരേ ഒരു ഭാഷ സ്പാനിഷ്, ഒരേ ഒരു സ്വത്വം സ്പാനിഷ്.’
ബാഴ്‌സലോണയിൽ കാറ്റലാൻ സമൂഹമായിരുന്നു ജീവിച്ചിരുന്നത്. കാറ്റലാനും സ്പാനിഷും രണ്ട് ഭാഷയാണ്, രണ്ട് സംസ്‌കാരമാണ്. കാറ്റലാൻ സ്വത്വത്തെ റദ്ദു ചെയ്യുവാൻ ഫ്രാങ്കോ രണ്ടിനും വിലക്ക് ഏർപ്പെടുത്തി. കാറ്റലാൻ പിന്തുണക്കാരെ അമർച്ച ചെയ്യുവാൻ പോലീസിനും പട്ടാളത്തിനും ആഹ്വാനം നൽകി. ഔദ്യോഗിക ഭാഷ സ്പാനിഷ് ആക്കിയതോടെ ബാഴ്‌സലോണയിൽ അത് പഠിപ്പിക്കുന്നതിന് പുറത്തു നിന്നും അധ്യാപകരെ കൊണ്ടുവന്നു നിയമിച്ചു. സ്‌കൂളുകളിൽ നിന്നും കോടതികളിൽ നിന്നും പോലീസ് സ്റ്റേഷനിൽ നിന്നും മാധ്യമങ്ങളിൽ നിന്നും റേഡിയോവിൽ നിന്നുമെല്ലാം കാറ്റലാൻ എന്ന ഭാഷ നീക്കം ചെയ്തു. ബാഴ്‌സലോണയിലെ മില്ലുകളും ഫാക്ടറികളും പൊളിച്ചു നീക്കാൻ ഉത്തരവിറങ്ങി. സാമ്പത്തികമായും ബാഴ്‌സലോണയെ കൈപ്പിടിലൊതുക്കുക എന്ന ലക്ഷ്യമായിരുന്നു അവർക്കുണ്ടായിരുന്നത്.
അന്നത്തെ ആയൊരു നീക്കം കൊണ്ട് ഒരു ലക്ഷത്തിലധികം ആളുകൾ ജയിൽവാസമനുഭവിച്ചു. മൂവായിരം പേർ കാറ്റലാനു വേണ്ടി മരണം വരിച്ചു. അടുത്ത പടിയായി ബാഴ്‌സലോണയിലെ കാറ്റലാൻ യൂണിവേഴ്‌സിറ്റികളുടെ പേരുകൾ സ്പാനിഷിലാക്കുകയാണ് സർക്കാർ ചെയ്തത്. കടകളുടേയും കമ്പനികളുടേയും മാഗസീനുകളുടേയും പേരുകൾ സ്പാനിഷിലേക്ക് മാറ്റി. പകുതിയോളം കാറ്റലാൻ പ്രൊഫസർമാരെ പിരിച്ചു വിട്ടു. കാറ്റലാൻ പുസ്തകങ്ങൾ തെരുവിൽ കൂട്ടിയിട്ട് കത്തിച്ചു. കാറ്റലാൻ സ്വതന്ത്ര്യമായി പുറത്ത് സംസാരിക്കുന്ന ആരേയും പിടിച്ച് ജയിലിലിടുന്നതിന് പോലീസുകാർക്ക് അധികാരമുണ്ടായിരുന്നു. കയ്യിൽ കിട്ടുന്നവരെയെല്ലാം പോലീസ് അടിച്ച് ഓടിപ്പിച്ചു. ഓരോ ലാത്തി വീശലിനുമിടയിൽ അവർ വിളിച്ചു വിളിച്ചു പറയുമായിരുന്നു. ""സ്പീക്ക് ക്രിസ്റ്റ്യൻ'' ക്രിസ്റ്റ്യൻ എന്നു വച്ചാൽ കാസ്റ്റിലിയൻ അതായത് സ്പാനിഷ്. സ്പാനിഷ് പറയിനെടാ എന്ന്. പോലീസിന്റേയും പട്ടാളക്കാരുടേയും അടി കൊണ്ട് മരിച്ചു പോയ വിപ്‌ളവകാരികളുടെ കല്ലറകളിൽ പോലും കാറ്റലാൻ ഭാഷ അന്ന് അനുവദിച്ചില്ല. അത്തരമൊരു ക്രൂരത ചെയ്ത ഭരണകാരിയുടെ സിരാകേന്ദ്രമായിരുന്നു മാഡ്രിഡ്.
എന്റെ അപ്പ ഒരു ടീച്ചറായിരുന്നു. ഒരു ഭാഷാ അധ്യാപകൻ. കാറ്റലാൻ ഭാഷാ അധ്യാപകൻ. അദ്ദേഹം അതേ ഭാഷയിൽ തന്നെ പുസ്തകങ്ങളുമെഴുതി. ഫ്രാങ്കോ അധികാരത്തിൽ വന്നതിനു ശേഷം ജോലി നഷ്ടപ്പെട്ട ആയിരക്കണക്കിന് അധ്യാപകരിൽ ഒരാൾ. കാറ്റലാൻ ഭാഷ വീടിനുള്ളിൽ മാത്രം ഒതുങ്ങുന്നതിൽ മറ്റുള്ള കാറ്റലാൻകാരെപ്പോലെ തന്നെ അദ്ദേഹവും അസ്വസ്ഥനായിരുന്നു. ഒരു പക്ഷെ അവരേക്കാളധികം. തൊട്ടടുത്ത തലമുറക്ക് കാറ്റലാൻ സ്വത്വം അന്യമാക്കണമെന്ന ഫ്രാങ്കോയുടെ ഗൂഢ ലക്ഷ്യം ആദ്യ ഘട്ടത്തിൽ വിജയം കൈവരിച്ചുവെന്ന് പറയാം. അത് സത്യമായിരുന്നു. പുതിയ കുട്ടികൾക്ക് അന്ന് കാറ്റലാൻ വായിക്കാൻ അറിയുമായിരുന്നില്ല. എന്നാൽ ഭാഷക്കായി അപ്പ പൊരുതി. ജോലി പോയ സമയത്ത് തന്നെ അദ്ദേഹം കയ്യിൽ കിട്ടിയ കുറച്ച് കാറ്റലാൻ പുസ്തകങ്ങൾ വീട്ടിൽ ഒളിപ്പിച്ചു. ഈ ബേസ്‌മെന്റിലെ ഈ ശവപ്പെട്ടിക്കുള്ളിൽ.
ജോലി പോയ തന്റെ സുഹൃത്തുക്കളായ ഏഴോളം അധ്യാപർക്കൊപ്പം അദ്ദേഹം ഒരു രഹസ്യ സംഘടനക്ക് രൂപം കൊടുത്തു. കുട്ടികൾക്ക് കാറ്റലാൻ ഭാഷ പകർന്നു നൽകുക എന്നതായിരുന്നു ആ സംഘടനയുടെ പ്രാഥമിക ലക്ഷ്യം. അതിന് ഈ ബേസ് മെന്റിൽ ഒരു ക്ലാസ് മുറിക്ക് രൂപം കൊടുത്തു. ഓരോ ആഴ്ച്ചയിലും ഡാൻസ് പാർട്ടിക്കെന്ന് പറഞ്ഞ് കുടുംബങ്ങൾ ഒന്നിക്കുമ്പോൾ കുട്ടികളെയെല്ലാം കൊണ്ട് അധ്യാപകർ ബേസ്‌മെന്റിൽ ചെല്ലും. ഭാഷ പുതുക്കുന്നതിന്. അതിനിടയിൽ ഗവണ്മെൻറ് ആപ്പീസിൽ കാറ്റലാനിൽ നിന്നും സ്പാനിഷിലേക്കുള്ള ഔദ്യോഗിക വിവർത്തകനായി അപ്പാക്ക് ജോലി ലഭിച്ചു. കാറ്റലാൻ ഭാഷക്ക് കേടുപറ്റാതെ തന്നെ രേഖകൾ സ്പാനിഷിലേക്ക് വിവർത്തനം ചെയ്യുവാൻ അപ്പക്ക് കഴിഞ്ഞു. രണ്ടു ഭാഷയിലുമുള്ള പൊതുവാക്കുകൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് വിവർത്തനങ്ങൾ നടത്തി. പല കാറ്റലാൻ പുസ്തകങ്ങളും അദ്ദേഹം അവിടെ നിന്നും വീടുകളിലേക്ക് കടത്തി. അതിന്റെ കോപ്പി എഴുതി പലയിടത്തായി സംഭരിക്കുകയും ചെയ്തു. ദേശീയ വാദമെന്ന പേരിൽ കാറ്റലാൻ സംസ്‌ക്കാരത്തെ ഇല്ലാതാക്കുവാനുള്ള നീക്കത്തിൽ ഭരണകൂടം പോലീസുകാർക്ക് പുറമേ പട്ടാളത്തിനും പരിപൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു.
അപ്പയുടെ രഹസ്യ പ്രവർത്തനങ്ങൾ പ്രതിപക്ഷമായ റെബൽസ് പാർട്ടിയുടെ ശ്രദ്ധ ക്ഷണിച്ചു വരുത്തി. അവർ സാമ്പത്തികമായും സാമൂഹികമായുമുള്ള സഹകരണം ഉറപ്പു നൽകി. എന്നാൽ എന്റെയും സഹോദരിയുടേയും ചെറിയൊരു ശ്രദ്ധക്കുറവിൽ എല്ലാം തകിടം മറിഞ്ഞു. പാർക്കിൽ കളിക്കുവാൻ പോയതായിരുന്നു ഞങ്ങളന്ന്. കളിക്കുന്നതിനിടെ ഞാൻ തൊട്ട് മുൻപ് പഠിപ്പിച്ച കാറ്റലാൻ മുദ്രാവാക്യം പതുക്കെ പാടി. അത് കേട്ട് എന്റെ സഹോദരി കുറച്ചു കൂടെ ഉറക്കെ പാടി. അത് കേട്ട് ഞാനും ഉറക്കെ പാടി. പിന്നെ അവൾ പിന്നെ ഞാൻ പിന്നെ അവൾ.
അതു വഴി പോയ പട്ടാളക്കാരൻ അവളുടെ അടുത്തു വന്നതും ഞാനോടി. നേരെ വീട്ടിൽ പോയി അപ്പയോട് കാര്യം പറഞ്ഞു. അപ്പ ജനലിലൂടെ പുറത്തേക്ക് നോക്കി. പിന്നെ വേഗം എന്നെയും കൊണ്ട് ബേസ്‌മെന്റിലേക്ക് ഓടി. ഒളിപ്പിച്ചു വച്ച പുസ്തകങ്ങളെല്ലാം പുറത്തെടുത്തിട്ട് എന്നെ അതിനുള്ളിൽ ഒളിപ്പിച്ചു. കിടക്കുമ്പോൾ തല വേദനിക്കാതിരിക്കുവാൻ ഒരു പുസ്തകം മാത്രം തലക്കാം ഭാഗത്ത് വച്ചു തന്നു. അലമാര പൂട്ടി മുകളിൽ ഒരു മേശയിട്ടു. ബാക്കി പുസ്തകങ്ങൾ കുറച്ച് ദൂരേക്ക് കൂട്ടിയിട്ടു. ബൂട്ടുകളുടെ ശബ്ദം അന്ന് കേട്ടത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. പേടികാരണം ശ്വസിക്കാൻ പറ്റാതെ ഉള്ളിൽ കിടന്നത്. അന്ന് പട്ടാളക്കാർ പിടിച്ചു കൊണ്ടു പോയ അപ്പ പിന്നെ തിരികെ വന്നില്ല. ആണുങ്ങളെ ഒഴിച്ചുള്ളവരെയെല്ലാം വെറുതെ വിട്ടു. പിന്നെ ഈ വീട്ടിൽ ഞങ്ങൾക്ക് നിൽക്കാനായില്ല. അങ്ങനെ എനിക്കും അമ്മക്കും സഹോദരിക്കും ബന്ധുക്കൾക്കൊപ്പം ഇക്വഡോറിലേക്ക് ഒളിച്ചോടേണ്ടി വന്നു. പോകുമ്പോൾ അപ്പ എനിക്ക് വച്ചു തന്ന ആ പുസ്തകം മാത്രമേ കൊണ്ടു പോകാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. ഈ പുസ്തകം.''
അപ്പാപ്പൻ പുസ്തകത്തിൽ മുത്തി.
‘‘സ്വന്തം നാട്ടിൽ നിന്ന് ഇറങ്ങിപ്പോയി അലയേണ്ടവന്റെ വിധി''
‘‘അതുകൊണ്ട് അതുകൊണ്ട്'', അപ്പാപ്പൻ നെഞ്ച് തടവി.
‘‘അന്നും ഇന്നും ഞങ്ങൾക്ക് ബാഴ്‌സലോണ ക്ലബ് കാറ്റലാൻകാരുടേയും റയൽ മാഡ്രിഡ് ഫ്രാങ്കോയുടേതുമാണ്. എൽക്‌ളാസിക്കോ ഒരു ഫുട്‌ബോൾ കളിയല്ല ഫ്രാങ്കോയുടെ ഫാസിസത്തിനെതിരെയുള്ള പ്രതിരോധമാണ്. ഇന്നും സ്റ്റേഡിയത്തിലെ ആ കാറ്റലാൻ പതാകകൾ പാറുന്നത് സ്വാതന്ത്ര്യത്തിനായാണ്. നിങ്ങൾക്കിത് മെസി റൊണാൾഡോ ഫാൻസ്‌ഫൈറ്റ് ആയിരിക്കും ഞങ്ങൾക്കിത് ചരിത്രമാണ്. ജീവിതവും.''
‘‘വിസ്‌ക ബാഴ്‌സ വിസ്‌കായെൽ കാറ്റലൂണിയ''
‘‘ഹാഫിസ് നിങ്ങൾക്കിത് മനസിലാകുമല്ലോ. നിങ്ങളൊരു ഇന്ത്യക്കാരനല്ലേ? ഒരു മുസ്ലിമല്ലേ? നിങ്ങളുടെ രാജ്യത്ത് ഇരുപതോളം ഭാഷകളില്ലേ? അത്ര തന്നെ സംസ്‌ക്കാരങ്ങളില്ലേ നിങ്ങളുടെ രാജ്യത്തല്ലേ കാശ്മീർ. നിങ്ങൾക്ക് മനസിലാകും.''
അപ്പാപ്പൻ കിതച്ചു കൊണ്ട് താഴെ വീണു. ഹാഫിസ് പേടിച്ചു നിലവിളിച്ചു. പുറത്ത് നിന്നും വീണ്ടും തട്ടുമുട്ടു കേട്ടു. അവൻ വേഗം ഓടിപ്പോയി വാതിൽ തുറന്നു. അവനെ കണ്ട് ഷാലറ്റ് ആശ്വസിച്ചു. അവളെ കണ്ട് ഹാഫിസും ആശ്വസിച്ചു. ഹാഫിസിന്റെ വെപ്രാളം കണ്ട് റോബർത്തോ അവർക്കൊപ്പം ഉള്ളിലേക്കിറങ്ങി നോക്കി. എല്ലാവരും കൂടി അപ്പാപ്പനെ താങ്ങിയെടുത്ത് പടവുകളേറി.
ആറ്
ഹാഫിസ് വിക്ടറിന്റെ അപ്പാപ്പനായ ഡേവിഡിനെ കണ്ടില്ലായിരുന്നുവെങ്കിൽ കളിയും ഡിന്നറും കഴിഞ്ഞ് മുറിയിലെത്തി ഒറ്റക്കാവുന്ന സമയം അവൻ മൂലക്കിരുന്ന് കരഞ്ഞേനെ. അങ്ങനെയായിരുന്നുവെങ്കിൽ ദേഷ്യവും സങ്കടവും സഹിക്ക വയ്യാതെ റയൽ മാഡ്രിഡിന്റെ ഏഴ് ജഴ്‌സികൾ ബാഴ്‌സലോണയിൽ നിന്നും വാങ്ങി തിരികെ നാട്ടിൽ പോകുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ തിരിച്ച് നാട്ടിൽ ചെന്ന് അതേ ജേഴ്‌സിയിട്ട് തന്റെ ഉള്ള ദേഷ്യമെല്ലാം ബാഴ്‌സക്കാരോട് ഫൗൾ ചെയ്തും ടാക്കിൾ ചെയ്തും തീർക്കുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ വീണ്ടും പഴയ പോലെ റയലും ബാഴ്‌സയും സെവൻസ് ടൂർണമെന്റിൽ അടിപിടിയാകുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ കിട്ടുന്ന അവസരത്തിൽ ഹാഫിസ് കിഷോറിനെ ഫൗൾ ചെയ്ത് ഇടതു കാലൊടിക്കുവാൻ നോക്കുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ അത്തരമൊരു ടാക്കിളിൽ കിഷോറിന്റെ മൂക്ക് പൊട്ടി ചോരയൊലിച്ചേനെ. അങ്ങനെയായിരുന്നുവെങ്കിൽ പിന്നീടങ്ങോട്ട് ജീവിതത്തിൽ മുഴുക്കെ കിഷോർ സംസാരിക്കുമ്പോൾ ചെറിയൊരു കൊഞ്ഞപ്പ് കാണുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ
പക്ഷെ അങ്ങനെയൊന്നുമല്ല സംഭവിച്ചത്
ഹാഫിസ് തിരികെ വന്ന ദിവസം നേരെ കിഷോറിന്റെ വീട്ടിൽ പോയി പെട്ടി തുറന്ന് ബാഴ്‌സയുടെ ഒരു പത്താം നമ്പർ ഒറിജിനൽ ജേഴ്‌സി അവനായി നിവർത്തി. അതുവരെ കൂട്ടിവച്ചിരുന്ന സങ്കടങ്ങളെല്ലാം അവരുടെ കെട്ടിപ്പിടുത്തങ്ങളിൽ കണ്ണുനീരായി ഒഴുകി. കിഷോറിന്റെ പുരികത്തിനു താഴെ പൊറുത്ത ഒരു മുറിവിന്റെ പാടിൽ ഹാഫിസ് വിരലുകളാൽ തലോടി. ▮