ഒന്ന്: കിക്ക് ഓഫ്
5 മാർച്ച് 2023
മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് 7 -0 നു തോറ്റ വിഖ്യാത രാത്രിയിലായിരുന്നു വഹാബിനെ കാണാതാകുന്നത്.
ടി വിയിൽ അത്യുച്ചത്തിൽ മുഴങ്ങിയ പീറ്റർ ഡുറിയുടെ കമന്ററിയുടെ ശബ്ദം ഭേദിച്ച് സുറൂറയുടെ അലർച്ച ഉമ്മറത്തേക്ക് പ്രളയം പോലെ ഒഴുകി. ഒച്ച കേട്ടിടത്തേക്ക് സിനു ഓടിപ്പാഞ്ഞെത്തുമ്പോഴേക്കും റോബർട്ട് ഫെർമീനോ യുണൈറ്റഡിന്റെ നെഞ്ചിലെ ഏഴാമത്തെ ആണിയും അടിച്ചു തീർത്തിരുന്നു.
‘‘… ഇത്തിരി മുമ്പേ വരെ ഈടെ കളീം കണ്ട് ഇരിക്ക്യേനും..ഇനി നോക്കാൻ സ്ഥലം ബാക്കിയില്ല.. ങ്ങളൊന്ന് നോക്കീൻ.. ഞാൻ ജമാൽക്കാനേ ഒന്ന് വിളിച്ചോക്കട്ടേ…", പാതിശ്വാസത്തിൽ സുറൂറ കാര്യങ്ങൾ പറഞ്ഞു തീർത്തു. വീടും പരിസരവും ബന്ധു വീടുകളുമെല്ലാം അരിച്ചു പെറുക്കിയിട്ടും വഹാബിനെ കാണാഞ്ഞപ്പോൾ അയൽവാസി ജമാൽ സിനുവിന്റെ ചെവിയിൽ പറഞ്ഞു; ‘‘നീ വന്നേ, ഈടെ വട്ടം ചുറ്റീട്ട് കാര്യല്ല. നമ്മക്കാ റോഡിലും വഴിക്കുമെല്ലാം ഒന്ന് നോക്കാലോ’’.
ടോർച്ചും സന്നാഹവുമെല്ലാമെടുത്ത് വെളിയിലേക്കിറങ്ങാൻ നേരത്ത് സിനുവിന്റെ കാലുകളിൽ ഇറുക്കിപ്പിടിച്ച് മറിയംബി തന്റെ പരാതിക്കെട്ടഴിക്കാൻ ഒരുങ്ങി.
‘‘പ്പാ, മറിയംബീടെ പന്ത് പോയി, അതുണ്ടല്ലോ..."
മുഴുവൻ കേട്ടുനിൽക്കാൻ നേരമില്ലാത്തതിനാൽ മറിയംബിയുടെ കവിളിൽ പതിയെ തടകി സിനു ആശ്വസിപ്പിച്ചു; ‘‘ഉപ്പ പോയിട്ട് വേഗം വരാമേ..ന്നിട്ട് മറിയംബീടെ കൂടെ കളിക്കാം’’.
ജമാലിന്റെ വാക്കിനുപിറകെ ഇറങ്ങിയെങ്കിലും എവിടെ തിരയണമെന്ന തിട്ടം സിനുവിനുമില്ലായിരുന്നു. കുറെയേറെ ദൂരം ഇരുട്ട് തുളച്ചു മുന്നോട്ട് നടന്നുവെങ്കിലും വഹാബിനെ കണ്ടവരോ കേട്ടവരോ അവർക്കു മുന്നിൽ പ്രത്യക്ഷരായതുമില്ല. നടപ്പിന്റെ കിതപ്പാറ്റാൻ ഒരു നിമിഷം നിന്ന് ജമാൽ പിന്നെയും പ്രസ്താവിച്ചു:
‘‘മോനെ സിനൂ..പോയത് ലക്കും ലഗാനുമില്ലാത്ത മനിച്ചനാണ്. ഏടെയെങ്കിലും പോയി കല്ലത്താവും മുമ്പേ പോലീസിൽ പറയുന്നതാ ബുദ്ധി’’.
‘‘കാണാതായാളുടെ പേര്..?"
‘‘വഹാബ്.. വയസ്സ് 60’’.
‘‘വെറും വഹാബാണോ?’’
‘‘വഹാബ് ഫെർഗൂസൻ ന്ന് എഴുതിക്കോ സാറെ, അങ്ങനെയാ നാട്ടാര് വിളിക്കാറ്’’.
എ എസ് ഐ അജയൻ ജമാലിനെ അടിമുടിയൊന്ന് നോക്കി.

‘‘… പിന്നെ ലേശം ഓർമ്മക്കുറവും നൊസ്സുമൊക്കെ ഉണ്ടായിരുന്നു സാറേ. അതാ പേടിച്ചിട്ട് വേഗം ഇങ്ങോട്ട് പാഞ്ഞ് വന്നിന്’’.
‘‘തന്റെ അച്ഛനാണോ..?"
‘‘അല്ല സാറേ, ഇവന്റെയാ’’.
അജയൻ പിന്നെയും ജമാലിനെ കണ്ണാലെ ഉഴിഞ്ഞു.
‘‘… എന്നിട്ട് ഓനൊന്നും മിണ്ടുന്നില്ലല്ലോ. എന്താടോ തന്റെ പേര്’’.
‘‘സിനദിൻ’’.
‘‘ഫെർഗൂസനും സിനദിനും… കൊള്ളാല്ലോ… ഫുട്ബോൾ ഫാമിലിയാ...?"
സിനു ഒന്നും പറഞ്ഞില്ല.
‘‘… താനൊരു കാര്യം ചെയ്യ്. അച്ഛൻ ഇന്നിട്ട വേഷവും പുള്ളീടെ ഏകദേശ രൂപവും ഒക്കെ വച്ച് ഒരു പരാതി എഴുതിത്താ. ഫോട്ടോ ഉണ്ടെങ്കിൽ അതും കൂടെ കൊടുത്തോ..അന്വേഷിക്കാം".
സിനു തന്റെ കൈകൾ പിണച്ച് ചുണ്ടോടു ചേർത്തുവച്ചു. എന്ത് മറുപടി പറയണം എന്നറിയാതെ അയാൾ വാക്കുകൾക്കായി തപ്പി.
‘‘… എന്താടോ, പറഞ്ഞത് കേട്ടില്ലേ", അജയൻ ശബ്ദം കടുപ്പിച്ചു
"സർ..ഞാൻ വൈഫിനോട് ഒന്ന് ചോദിച്ചിട്ട്. ആൾക്ക് അറിയുന്നുണ്ടാകും..!"
അജയൻ ജമാലിനെയും സിനുവിനെയും മാറി മാറി നോക്കി. ആശ്ചര്യവും അവജ്ഞയും സമം ചേർത്ത ആ നോട്ടത്തിൽ അയാൾക്ക് ചോദിക്കാനുള്ളത് സകലതും അന്തർലീനമായിരുന്നു.
‘‘ഓരത്ര രസത്തിലല്ല സാറേ..വന്നാട്ടെ. ഞാൻ പറയാ’’, ജമാൽ അജയന് മറുപടിയായി.
‘‘എന്നാലോടോ, സ്വന്തം അച്ഛനല്ലേ’’, അജയൻ കൈകൾ മലർത്തി.
മറുപടികൾ പരിസരത്തെവിടെയോ മറന്നുവച്ചുവെന്ന പോലെ സിനു ചുറ്റിലും കണ്ണോടിച്ചു. എന്തോ തിരഞ്ഞെന്നവണ്ണം അയാൾ സ്റ്റേഷന് വെളിയിലേക്ക് നടന്നു. വരാന്തയിലെ ഭിത്തിയിൽ ചേർന്ന് നിന്ന് വഹാബിന്റെ രൂപവും വേഷവുമെല്ലാം ഓർത്തെടുക്കാൻ കിണഞ്ഞു ശ്രമിച്ചു. വർഷങ്ങൾക്കു മുമ്പുള്ള ഏതോ ഒരു രൂപമല്ലാതെ അയാളുടെ മനസ്സിൽ യാതൊന്നും തെളിഞ്ഞു വന്നില്ല.
‘ടോ ...’, ഓർമകളുടെ ഊരാക്കുടുക്കുകളിലേക്ക് തെന്നി വീഴും മുമ്പേ അജയൻ അയാളെ തട്ടിയുണർത്തി.
‘‘ങ്ങള് പഴേ ഫുട്ബോളുകാരാന്നാണല്ലോ ഇയാള് പറയുന്നത്. ഇന്നിവിടുത്തെ ലോക്കൽ ടൂർണമെന്റിന്റെ ഫൈനലല്ലേ. പുതിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ. ആടെയൊക്കെ ഒന്ന് നോക്കായിരുന്നില്ലേ…’’
▮
രണ്ട്: കോർണർ
18 മെയ് 2013
‘‘കെട്ടുകെട്ടിച്ചേ… കെട്ടുകെട്ടിച്ചേ … കോടോത്ത് എഫ് സിയെ കെട്ടുകട്ടിച്ചേ.."
ഡ്യൂമാൻസ് കപ്പിന്റെ സെമി ഫൈനൽ കഴിഞ്ഞന്ന് രാത്രി യങ്ബോയ്സ് പെരുവാമ്പയുടെ ആരാധകർ ആഹ്ലാദത്തിൽ ആറാടി. ചരിത്രത്തിലാദ്യമായി തങ്ങളുടെ ടീം ഫൈനലിലെത്തിയതിന്റെ തിമിർപ്പിലായിരുന്നു ഡ്രസിങ് റൂം.
‘‘സെബാൻ കൊടുത്ത ഡയഗണൽ ബോളിൽ സിനദിന്റെ ആ ചിപ്പ് പാസ്..ശോ..! ആലോചിക്കുമ്പോ തന്നെ കുളിരു കുത്തുന്നു", അഷ്‌റഫ് ആവേശം മൂത്ത് ഒരു ഷാംപൈൻ ബോട്ടിൽ ഉടച്ചു.
‘‘ഓൻ മുത്തല്ലേ. ഇക്കൊല്ലം ഓനെ കൊണ്ടന്നേ പിന്നല്ലേ കളി മാറിയത്. അറിഞ്ഞിട്ട പേരാ..ശരിക്കും സിദാന്റെ കളി’’.
വിക്ടർ അഷ്‌റഫിനെ ശരിവച്ച് ഒരു സിപ്പ് ഷാംപൈൻ നുകർന്നു. ആരവങ്ങളുടെ പരകോടിയിലും സിനദിൻ മൗനിയായി ഒരു മൂലയിലിരിക്കുകയായിരുന്നു. മാനേജർ ആൽബർട്ട് പതിയെ അയാൾക്കരികിലേക്കു നീങ്ങി. സിനദിന്റെ ചിന്തകളെ ഉലയ്ക്കാതെ ആൽബർട്ട് സമീപത്തിരുന്നു.

‘‘രണ്ടുമൂന്ന് മിസ് പാസ്.. അതിലൊരണ്ണം ഗോളായി. അതിന്റെ വിഷമമാണോടോ..? നമ്മൾ ജയിച്ചില്ലേ..അതും തന്റെ രണ്ട് എണ്ണം പറഞ്ഞ അസ്സിസ്റ്റ് കൊണ്ട്, പിന്നെന്താ’’.
സിനദിൻ ഒന്നും മിണ്ടിയില്ല.
‘‘കൂൾ ഡ്രിങ്ക്സ്… കൂൾ ഡ്രിങ്ക്സ്… വേണ്ടൊരോക്കെ എടുത്തോളിൻ’’.
അതിനിടെ കൂൾ ഡ്രിങ്ക്സ് ബോട്ടിലുകളുമായി ഫവാസ് ഡ്രസിങ് റൂമിലെത്തി.
‘‘സിനൂ, ഇന്നത്തെ ആ മാരക അസ്സിസ്റ്റിന് നിനക്ക് മാത്രം എന്റെ വക സ്പെഷ്യൽ ഗ്രീൻ ആപ്പിൾ ഫ്ലേവർ’’, മൂലയ്ക്ക് മാറിയിരുന്ന സിനദിനു നേരെ ഫവാസ് കൂൾ ഡ്രിങ്ക്സ് ട്രേ നീട്ടി.
പതിവിൽ കവിഞ്ഞ സൂക്ഷ്മതയോടെ സിനദിൻ ട്രേയിലേക്കു നോക്കി. മാങ്കോയും പൈനാപ്പിളും ബ്ലൂബെറിയും ഫ്ലേവറുകൾ നിറഞ്ഞ ട്രേയിൽ നിന്ന് അയാൾ തനിക്കുള്ള സ്പെഷ്യൽ ഗ്രീൻ ആപ്പിൾ ബോട്ടിൽ സസൂക്ഷ്മം തിരഞ്ഞു. ഫവാസും ആൽബർട്ടും തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന ചിന്ത അയാളെ ജാഗരൂകനാക്കി. ട്രേയിലാകമാനം ഒരുവട്ടം കണ്ണോടിച്ച് അയാൾ ഒരു ബോട്ടിൽ എടുത്തു.
ഫവാസും ആൽബർട്ടും ആശ്ചര്യത്തോടെ പരസ്പരം നോക്കി. അവരുടെ നോട്ടത്തിന്റെ അർഥം പിടി കിട്ടാതെ സിനു പരിഭ്രമത്തിന്റെ ചിരി ചിരിച്ചു.
‘‘ഓന് നിന്റെ സ്പെഷൽ ഒന്നും വേണ്ട.. അല്ലേടാ സിനൂ..! ഫവാസേ, നീ ചെല്ല്..എല്ലാർക്കും വെള്ളം കൊടുക്ക്..പോ..ഞങ്ങൾ ഇത്തിരി ടാറ്റിക്സ് പറയട്ടെ’’.
രംഗം വഷളാക്കാതെ ആൽബർട്ട് ഫവാസിനെ പറഞ്ഞയച്ചു.
കയ്യിൽ ഒരു ബോട്ടിൽ പൈനാപ്പിൾ ജ്യൂസുമായി വിറങ്ങലിച്ചു നിന്ന സിനുവിനെ മുറുക്കിപ്പിടിച്ച് ആൽബർട്ട് ചോദിച്ചു, ‘‘നിനക്കെന്നോട് എന്തെങ്കിലും പറയാനുണ്ടോ..!?"
സിനു മനസ്സ് തുറന്നു.
പൊടുന്നനെ കൂൾഡ്രിങ്ക്‌സ് ട്രേ ഒരു ഫുട്ബോൾ ഫീൽഡായി. ഗ്രീൻ ആപ്പിൾ തിരഞ്ഞു പാഞ്ഞ സിനുവിന്റെ കണ്ണുകൾ, പന്ത് കാലിൽ കൊരുത്ത് ഫീൽഡിലൂടെ പായുന്ന മിഡ്ഫീൽഡറുടേതായി. പന്ത് കൈമാറാൻ ടീമിലെ കളിക്കാർക്കായി ചുറ്റിലും നോക്കി തുടങ്ങി. എല്ലാവരുടെ ജേഴ്സികൾക്കും ഒരേ നിറം. ചുറ്റിലും ‘പാസ്… പാസ്…’ എന്ന ആരവങ്ങൾ മാത്രം. മാത്രയുടെ നൂറിലൊരംശം കൊണ്ട് തീരുമാനങ്ങൾ എടുക്കേണ്ടുന്നവൻ സംശയാലുവാകുന്നു. തെരഞ്ഞെടുപ്പുകൾ ആകമാനം പിഴയ്ക്കുന്നു.
ആൽബർട്ട് ഒരു ദീർഘനിശ്വാസം തൊടുത്തു.
‘‘നിറങ്ങൾ ഒട്ടുമേ കാണാതെയുണ്ടോ..?" ആൽബർട്ട് ചോദിച്ചു.
‘‘കാണാം, എനിക്കെല്ലാം കളറിൽ തന്നെ കാണാം. പക്ഷെ പച്ചയും മഞ്ഞയും അടുത്തടുത്തു വരുമ്പോൾ ഒരു കൺഫ്യുഷൻ. ചെലപ്പളൊക്കെ നീലയും..! കഴിഞ്ഞേനു മുന്നത്തെ സീസണിൽ ഒരു ഹെഡ് ഇഞ്ചുറി വന്നിരുന്നു. അയ്ന് ശേഷം, ഇങ്ങനെ ചെലപ്പളൊക്കെ തോന്നീനും. പക്ഷെ, പക്ഷെ വെറും തോന്നലാന്നാ ഞാൻ..! എനക്കറീല കോച്ച്..ന്താ വേണ്ടതെന്ന് എനക്കറീല്ല’’.
സിനദിന്റെ നിയന്ത്രണം വിട്ടു. ഇപ്പോൾ പെയ്തിറ്റും എന്ന് തോന്നിയൊരു കാലവർഷം അയാളുടെ കണ്ണുകളിൽ നിറഞ്ഞു.
‘‘എടോ, താൻ കൂളാവ്. ഞങ്ങള് ഈ സീസണിൽ തന്നെ വാങ്ങിയത് തന്റെ ക്വാളിറ്റി കണ്ടിട്ടാ. അത് താൻ മെയ്ന്റൈൻ ചെയ്യുന്നുമുണ്ട്. ഇപ്പൊ കളി ടാക്ടിക്കലി സെറ്റ് ചെയ്തിരിക്കുന്നത് തന്റെ ചുറ്റിലുമാ. എന്തോ ആയിക്കോട്ടെ. ഇനി ഒരു കളി. ഒരൊറ്റ കളി. അതുമാത്രം നോക്കിയാ മതി. നമ്മക്ക് ജയിക്കണം. ബാക്കിയൊക്കെ പിന്നെ ആലോചിക്കാം’’.

ആൽബർട്ട് സിനദിനെ ചേർത്ത് പിടിച്ചു.
‘‘അതാണ് കോച്ച് എന്റെ പ്രശ്നം. ഫൈനൽ എവർ സ്റ്റാറുമായിട്ടാ. ഓരുടെ കോച്ച് വാപ്പിയാ’’.
ആൽബർട്ട് ഒരു നിമിഷം അസ്വസ്ഥനായി.
‘‘പുള്ളിക്കറിയോ ഈ കാര്യം? മനസ്സിലായിക്കാണുമോ?’’
അറിയുമെന്നോ അറിയില്ലയെന്നോ തീർച്ചയില്ലാതെ സിനദിൻ മുഖം പൊത്തി.
‘‘അഥവാ അറിഞ്ഞാലും… പുള്ളി, പുള്ളി എത്തിക്സ് വിട്ട് കളിക്കുമോ’’
▮
മൂന്ന്: ത്രോ ഇൻ
18 മെയ് 2013
‘‘… അപ്പൊ വഹാബെ, പറഞ്ഞുവന്നത് എന്താച്ചാൽ ഈ സീസൺ കൂടെ കപ്പടിച്ചില്ലെങ്കിൽ ക്ലബ് പൂട്ടേണ്ട സ്ഥിതിയാണ്. ള്ളത് പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കറ്.. ഇതുവരെ കളിച്ച കളിയാണെങ്കിൽ ഫൈനലിൽ യങ്‌ബോയ്സ് കപ്പും കൊണ്ട് പോവുന്നത് നോക്കി നിക്കേണ്ടി വരും’’.
ഡ്യൂമാൻസ് കപ്പിന്റെ സെമിഫൈനൽ കഴിഞ്ഞന്നു രാത്രി ചേർന്ന എവർസ്റ്റാർ കരിക്കച്ചാലിന്റെ അടിയന്തര സ്റ്റീയറിങ് കമ്മറ്റിയിൽ ചർച്ചകൾക്ക് തീ പൂണ്ടു.
‘‘അതെന്ന് വർത്താനം വൽസേട്ടാ ങ്ങള് പറയുന്ന്..കോച്ച് വഹാബിക്കയായോണ്ട് ഇത്ര വരെ എത്തി. വേറെ വല്ലോരും ആയിരുന്നേൽ ഈ ടീമും വച്ച് മുക്രിയിട്ടേനെ’’, ട്രഷറർ റഷീദ് കോപാകുലനായി.
‘‘റഷീ.. നീ കാര്യം അറിയാത്ത പോലെ സംസാരിക്കല്ല്. ഫൈനലിൽ കേറീ ന്ന് പറഞ്ഞിട്ട് കാര്യല്ല. പത്തിന്റെ പൈസ കയ്യിൽ കിട്ടണേൽ കപ്പ് കിട്ടണം. അറിയാലോ ടൂർണമെന്റ് റൂൾ. ഓൾ ഓർ നത്തിങ്. ഇതൊരു ഗാമ്പിളാ. നമ്മൾ ഇതിലേക്ക് ഇറങ്ങും ചെയ്തു. ഇതിന്റെ പൊറത്ത് പൈശ ഇറക്കിയോരോട് സമാധാനം പറയേണ്ടത് നമ്മൾ ഓരോരാളുമാ. അത് മറക്കണ്ട’’, വത്സൻ മുഷ്ടി ചുരുട്ടി.
പ്രസിഡന്റ് മീത്തലെ നാരായണൻ എഴുന്നേറ്റു നിന്ന് കൈകൾ ഉയർത്തി … രംഗം ശാന്തമായി.
‘‘അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറയുവല്ല വേണ്ടത്. നടന്ന കഥയൊക്കെ എല്ലാർക്കും അറിയാം. വഹാബിനെ വിശ്വസിച്ച് നമ്മളൊരു കളിക്കിറങ്ങി. പക്ഷെ ഈ സീസണിലെ ടൂർണമെന്റ് എഗ്രിമെന്റ് ഒപ്പിട്ട ശേഷാണ് നമ്മൾ അറിയണത് അയാളുടെ മോൻ ക്ലബ് മാറുന്നെണ്ടെന്ന്. വഹാബത് നേരത്തെ അറിഞ്ഞോ ഇല്ല്യോ എന്നുള്ളത് വേറെ വിഷയം. പക്ഷെ ആ ക്വാളിറ്റി ഉള്ള ആൾട്ടർനേട്ടീവിനെ സൈൻ ചെയ്യാൻ നമ്മടെ കയ്യിൽ പൈസ ഇല്ലേനും. ഈ ടൂർണമെന്റ് ജയിച്ചില്ലെങ്കിൽ വിഷയമാണ്. ഫൈനലിലെത്തി, അത് നല്ലത്. പക്ഷെ ഇതുവരെയുള്ള കളികളിലെ പെർഫോമൻസ് ശോകാണ്. ആദ്യത്തെ മൂന്ന് കളി 0 -0 ആയിട്ട് സഡൻ ഡത്തിലാണ് ജയിച്ചത്. ഇന്നത്തെ സെമി ഫൈനൽ ജയിച്ചത് ഇഞ്ചുറി ടൈമിൽ വീണ ഒരു ഗോളിന്, 1 -0 ന്. ആൾക്കാർ ‘ഫെർഗി ടൈം’ എന്നും പറഞ്ഞ് നിങ്ങളെ പിന്നേം പൊക്കി നടക്കുമെങ്കിലും അത് ഫൈനൽ വരെയേ ഉണ്ടാകൂ. ഹൈ പ്രെസ്സിങ് ആണ്, ഡിഫൻസ് സ്ട്രോങ്ങ് ആണ് എന്നൊക്കെ ന്യായം പറഞ്ഞിട്ട് കാര്യല്ല. ഗോൾ വീഴുന്നില്ല’’.
ഇത്രയും പറഞ്ഞ് നാരായണൻ ഒന്ന് നിർത്തി… ഒരുകുറി മുരടനക്കിയ ശേഷം അയാൾ തുടർന്നു, ‘‘ഇനി വഹാബ് പറയൂ… എന്താണ് ഫൈനലിൽ നമ്മടെ ടാറ്റിക്സ്’’.
വഹാബ് പതുക്കെ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു. '95 ൽ, ക്ലബ്ബിലെ തന്റെ ആദ്യ സീസണിൽ, മൂന്ന് ട്രോഫികളുമായി കളം വാണ കാലം തൊട്ടിങ്ങോട്ടുള്ള ചരിത്രങ്ങളോരോന്നും തിരശ്ശീലയിലെന്ന പോലെ അയാളുടെ മുന്നിൽ തെളിഞ്ഞു.
2001 -ലെ ആൽവറോസ് ട്രോഫിയുടെ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ചെമ്മൊട്ടുംകാവ് എഫ് സി യെ ഇഞ്ചുറി ടൈമിലെ വണ്ടർ ഗോളിൽ വീഴ്ത്തിയ പ്രകടനത്തോടെ അബ്ദുൽ വഹാബ് ഫാൻസിന് വഹാബ് ഫെർഗൂസനായി. വലിയ താരങ്ങൾക്ക് പിറകെ പോകാതെ നാട്ടിലെ യുവാക്കളെ കളിക്കാരായി വളർത്തിയെടുത്ത മലബാറിന്റെ ഫെർഗൂസൻ. കളിയുടെ അവസാന സെക്കന്റ് വരെയും ജയം പ്രതീക്ഷിക്കാൻ എവർസ്റ്റാറിനെ പഠിപ്പിച്ച മാസ്റ്റർ ടാക്റ്റീഷ്യൻ. പുഷ്കലകാലം മാറി തീരാക്കടത്തിലേക്കും സെറ്റ് ബാക്കുകളിലേക്കും ക്ലബ് മൂക്കുകുത്തിയപ്പോഴും, വളർത്തിക്കൊണ്ടുവന്ന സകല താരങ്ങളും കൊഴിഞ്ഞു പോയിട്ടും ക്ലബ് വിട്ടു പോകാൻ തയ്യാറാകാത്ത വിശ്വസ്തൻ.
‘‘പതിനൊന്ന് മരക്കഷ്ണങ്ങളും വഹാബ് എന്ന പരിശീലകനുമുണ്ടെങ്കിൽ ഞാൻ കണ്ണും പൂട്ടി ടീമിനെയിറക്കും" എന്ന് '95 ലെ ആദ്യ വിജയാഘോഷ യോഗത്തിൽ ആവേശം പൂണ്ട ക്ലബ് പ്രസിഡന്റ്, അതേ മീത്തലെ നാരായണന് മുന്നിൽ, അയാൾ അന്നാദ്യമായി കുരിശിലേറ്റപ്പെട്ടവനെ പോലെ സ്തബ്ധനായി.
ഒരുപാട് പറയാനുണ്ടായിട്ടും ഒന്നും പറയാനാകാതെ അയാൾ ഒരു നിമിഷം കണ്ണുകൾ ഇറുക്കിച്ചിമ്മി. ഭൂതകാലത്തിൽ നിന്നെടുത്ത ഒരു ദീർഘശ്വാസം നെഞ്ചിൽ നിറച്ച് വഹാബ് യോഗത്തിനു മുന്നിൽ പ്രസ്താവിച്ചു, ‘നമ്മൾ ജയിക്കും’.
▮
നാല്: ഫൗൾ
‘‘ഹലോ… അജയൻ സാറേ… ഈ ഫുട്ബോൾ സ്റ്റേഡിയത്തിന്റെ ഭാഗത്തൊന്നും ആളില്ല ട്ടോ. ഞങ്ങൾ പരമാവധി അരിച്ചു പെറുക്കി..ഇവിടെ ജനപ്രളയാ.. അതാ ലേറ്റ് ആയത്’’, P C സതീശൻ അജയന്റെ കോളിന് മറുപടിയായി പറഞ്ഞു.
‘‘ഓക്കേ, ആ വഹാബിന്റെ വേറെ കൊറേ ബന്ധുക്കൾ വന്ന് ഇവിടെ ബഹളാണ്..ങ്ങള് ആ ചെക്കനേം കൂട്ടി പെട്ടെന്ന് സ്റ്റേഷനിലേക്ക് വന്നാട്ടെ’’, അജയൻ പല്ലിറുമ്മി.
സ്റ്റേഷനിലെത്തി അകത്തേക്ക് കയറാനൊരുങ്ങിയ സിനദിന്റെ നേരെ ഹെൻറി പാഞ്ഞടുത്തു.
‘‘ഇവൻ കൊണ്ടോയി കളഞ്ഞതാവും സാറേ..ഈ നന്ദീല്ലാത്തോൻ അതും ചെയ്യും’’, സിനദിന്റെ ടീ ഷർട്ടിൽ കുത്തിപ്പിടിച്ച് അയാൾ പറഞ്ഞു.
‘‘ങ്ങട്ട് മാറി നിക്കടോ..ചോയ്ക്കാനും പറയാനും ഇവിടെ ഞങ്ങളുണ്ട്’’, അജയൻ ചൂടായി.
‘‘… ല്ല സാറേ… ഇവൻ അത് ചെയ്യും. വാപ്പീനെ നാട്ടാരുടെ മുന്നിലിട്ട് നാറ്റിച്ചോനാ ഇവൻ..കൊല്ലാൻ നോക്കിയോനാ. ഇവനൊരുത്തൻ കാരണാ അങ്ങേർക്ക് നൊസ്സ് വന്ന് ഈ നിലയ്ക്കായത്’’, ഹെൻറി കണ്ണുകൾ തുടച്ചു..
‘‘എന്നാൽ പിന്നെ നിങ്ങക്ക് കൂട്ടിക്കൊണ്ടോയി നോക്കിക്കൂടായിരുന്നോ..കാണാണ്ടായിട്ട് പുകിലുണ്ടാക്കീട്ടെന്ത് കാര്യം’’, അജയൻ പിന്നെയും കലിപ്പിട്ടു.
‘‘വരൂല്ലല്ലോ സാറേ. ഞാനും ദാ ഇവളും എത്ര വിളിച്ചതാ. കാട്ടിയാലും പറഞ്ഞാലും ഓന്റെ കൂടെയല്ലേ നിക്കൂ.. ഫുട്ബോളർ മോനല്ലേ. വാപ്പീനെ ചതിച്ച് കായിന് വേണ്ടി രാത്രിക്ക് രാത്രി ക്ലബ് മാറിയ ഫുട്ബോളർ’’, ഹെൻറി ഒന്ന് നീട്ടിത്തുപ്പി.
‘‘അങ്ങനൊന്നുമല്ല സാറേ. കടോം കടത്തുമ്മക്കടോം ആയി നിക്കുമ്പോളാ ഓൻ ക്ലബ് മാറിയത്. അല്ലാണ്ട് ചതിക്കാനൊന്നുവല്ല’’, ജമാൽ ഇടയിൽ കയറി.
പറഞ്ഞതൊന്നിനും മറുത്തൊരു വാക്ക് പറയാതെ സിനദിൻ ആ മുറിയുടെ നടുത്തളത്തിൽ നിന്നു. തോറ്റുപോയൊരു മത്സരത്തിനൊടുവിൽ മൈതാനത്തിൽ ഒറ്റപ്പെട്ടുപോയൊരു കളിക്കാരനെ പോലെ അയാൾ നിസ്സംഗനായി. കൂക്കുവിളികളുമായി ചുറ്റും കൂടിയ കാണികളോട് തെല്ലും പരിഭവമില്ലാതെ, മറുത്തൊന്നും പറയാതെ അയാൾ നിരാശ തിന്നു.
അജയൻ തന്റെ സിറ്റിംഗ് ഡെസ്ക്കിൽ ആഞ്ഞൊരടിയടിച്ചു.
‘‘ഇയാളൊഴിച്ച് എല്ലാരും ഇപ്പൊ ഇറങ്ങണം ഇവിടന്ന്. ഇറങ്ങിക്കോ. ഇറങ്ങിക്കോ. എന്തേലും വിവരം കിട്ടിയാൽ ഞങ്ങൾ അറിയിക്കുണ്ട്.. ഇറങ്ങിക്കോ’’, സിനദിന്റെ നേരെ വിരൽ ചൂണ്ടി അയാൾ പറഞ്ഞു
അതൊരാജ്ഞയായിരുന്നു. സകലരും നിന്ന നിൽപ്പിൽ അപ്രത്യക്ഷരായി.
‘‘തനിക്കിനി പ്രത്യേകം നോട്ടീസ് അടിക്കണോ?’’, സിനുവിന് കൂട്ടാവാൻ ആ പരിസരത്ത് ചുറ്റിപ്പറ്റി നിന്ന ജമാലിനെ നോക്കി അജയൻ ചോദിച്ചു.
മുറിയിൽ അജയനും സിനുവും മാത്രമായി. നിർവികാരനായി നിന്ന സിനദിന്റെ നേരെ അയാൾ നടന്നടുത്തു, ‘‘എടോ, ഈ പറഞ്ഞതിലൊക്കെ എന്തേലും വാസ്തവമുണ്ടോ?"
▮
അഞ്ച്: പെനാൽറ്റി
2013 മെയ് 19
താഴത്താനം മൈതാനിയിൽ ഫ്ളഡ് ലൈറ്റ് തെളിഞ്ഞു. ഡ്യൂമാൻസ് കപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടാനായി എവർസ്റ്റാർ കരിക്കച്ചാലും യങ്‌ബോയ്സ് പെരുവാമ്പയും ബൂട്ടുകെട്ടി. പന്തയങ്ങളും വെല്ലുവിളിയുമായി കാണികൾ കളം നിറഞ്ഞു. ആഞ്ഞൊന്ന് നെഞ്ചുവിരിക്കാൻ പോലും ഇടമില്ലാത്തവണ്ണം താല്ക്കാലിക ഗാലറികളിൽ ആളുകൾ തിങ്ങിക്കൂടി. ട്രെയിനിങ് ഗിയറിൽ വാം അപ്പ് പൂർത്തിയാക്കി ഇരു ടീമുകളും ഡ്രസിങ് റൂമിലേക്ക് പാഞ്ഞു.
അൽപ്പനിമിഷത്തിനകം ആരാധകരെ ആവേശത്തിരയിലാഴ്ത്തി ടീമുകൾ ഫീൽഡിലേക്കിറങ്ങിത്തുടങ്ങി. കൺവെൻഷനൽ യെല്ലോ ആൻഡ് ബ്ലൂവിൽ ആദ്യം ഫീൽഡിലേക്കിറങ്ങിയ യങ് ബോയ്‌സ് മൈതാനത്തിന്റെ ഇടതു ഭാഗം കയ്യേറി. തൊട്ടു പിന്നാലെ എവർസ്റ്റാർ താരങ്ങൾ കളത്തിലേക്കിറങ്ങി.
ശബ്‌ദഘോഷത്താൽ പൊട്ടിത്തെറിച്ചിരുന്ന സ്റ്റേഡിയം ഒരു നിമിഷം ശാന്തമായി. തങ്ങളുടെ കൺവെൻഷനൽ റെഡ് ആൻഡ് ബ്ലാക്ക് ഇൽ ഇറങ്ങേണ്ടിയിരുന്ന എവർസ്റ്റാർ ലൈറ്റ് ഗ്രീൻ ആൻഡ് ബ്ലാക്കിലേക്ക് മാറിയത് കണ്ട് കടുത്ത ആരാധകർ പോലും ഒരു നിമിഷം അന്തിച്ചു.
കോപത്താൽ വിറച്ച യങ് ബോയ്സ് കോച്ച് ആൽബർട്ട് മൈക്ക് പോയിന്റിലേക്ക് പാഞ്ഞു, ‘‘തോന്നുമ്പോ തോന്നുന്ന ജേഴ്സിയോ..ടൂർണമെന്റിന് രജിസ്റ്റർ ചെയ്യുമ്പോ കൊടുത്ത കിറ്റല്ലേ ഇടാൻ പറ്റൂ... ഇതെന്താ ഇത്... ഇത് ഫൗളാണ്’’, ആൽബർട്ട് ആർത്തു.
‘‘എന്റെ മാനേജരെ, എല്ലാ ടീമും രണ്ട് കിറ്റ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.. ഓരുടെ എവേ കിറ്റ് ഗ്രീൻ ആൻഡ് ബ്ലാക്ക് ആ. ദാ ഈ എഗ്രിമെന്റ് നോക്ക്. നിങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ടല്ലോ എവേ കിറ്റ്. കാര്യറിയാതെ കലിപ്പാവല്ലേ’’, മൈക്ക് പോയിന്റിൽ നിന്നു കിട്ടിയ മറുപടിയിൽ ആൽബർട്ട് മൗനിയായി.
അയാൾ സിനദിനിലേക്ക് കണ്ണെറിഞ്ഞു. സിനദിൻ വഹാബിലേക്കും. ഒന്നും സംഭവിച്ചില്ലായെന്ന മട്ടിൽ വഹാബ് തന്റെ തനതു ശൈലിയിൽ ടച്ച് ലൈനിനു വെളിയിൽ ഉലാത്തി.
മാച്ച്ബോളുമായി റഫറിമാർ സെൻട്രൽ സർക്കിളിലേക്കു നടന്ന് വന്നപ്പോൾ ആലസ്യം വിട്ട് സ്റ്റേഡിയം പിന്നെയും പൊട്ടിത്തെറിച്ചു.
ടോസ്സിൽ പോൾ പൊസിഷൻ കിട്ടിയ യങ്ബോയ്സ് കിക്ക് ഓഫിലെ ഫസ്റ്റ് ടച്ച് എടുത്തു. റൈറ്റ് കോർണറിൽ നിന്നും നീട്ടിയടിച്ച പന്ത് നേരെ വിങ്ങർ ഫവാസിന് കാലുകളിലേക്ക്. എവർസ്റ്റാറിന്റെ ഹൈ പ്രെസ്സിങ് ലെഫ്റ്റ് ബാക്കിനെ വിദഗ്ദമായി ഡ്രിബിൾ ചെയ്‌ത് അയാൾ സിക്സ് യാർഡ് ബോക്സിന്റെ സമീപത്തെത്തി. പന്ത് കാലിൽ കൊരുത്ത് കളിയൊന്ന് പോസ്സ് ചെയ്ത മാത്ര രണ്ട് സെൻട്രൽ ഡിഫൻഡർമാരുടെ ഇടയിലൂടെ കുതിച്ചു തുടങ്ങിയ അറ്റാക്കിങ് മിഡ് സിനദന്റെ റണ്ണപ്പ് അയാൾ പിക്ക് ചെയ്യുന്നു. കാലിൽ പന്തെത്തിയതും ഗോളിയെ ചിപ്പ് ചെയ്‌ത് സിനദിന്റെ ഒരസാധ്യ ഫിനിഷ്.
കളി തുടങ്ങി രണ്ടാം മിനുട്ടിൽ ഏവർസ്റ്റാറിന്റെ പുകൾപെറ്റ ഡിഫൻസ് ലൈൻ ബ്രേക്ക് ചെയ്‌ത് ഒരുജ്വല ഗോൾ. ഗോൾ ആഘോഷിക്കാൻ കാണികൾക്കിടയിലേക്ക് ചീറിപ്പാഞ്ഞ സിനദിനെ അമ്പേ തകർത്ത് കൊണ്ട് ലൈൻ റഫറിയുടെ മഞ്ഞക്കൊടിയുയർന്നു..ഓഫ് സൈഡ്.
സിനദിൻ അക്ഷരാർത്ഥത്തിൽ തകർന്നു. കേവലമൊരു ഗോൾ എന്നതിനപ്പുറം താൻ കാണുന്ന കാഴ്ചകൾ സത്യമാണെന്നുള്ള വിശ്വാസത്തെയായിരുന്നു അയാൾ ഗോൾ പോസ്റ്റിലേക്ക് തൊടുത്തത്. അയാളുടെ ശരിക്കു നേരെയുയർന്ന ചുവപ്പു കാർഡായിരുന്നു ആ ഫ്‌ളാഗ്.
പിന്നീടൊരിക്കലും സിനദിൻ മത്സരത്തിലേക്ക് തിരിച്ചു വന്നില്ല. കാലിലേക്ക് പന്ത് വന്നപ്പോഴെല്ലാം അയാൾ സംശയാലുവായി. ഫാസ്റ്റ് ഫുട്ബോളിന്റെ ഉസ്താദുമാരായ എവർസ്റ്റാർ സംശയത്തിന്റെ അർദ്ധയാമങ്ങൾ പോലും തങ്ങൾക്കനുകൂലമാക്കി. കാലിൽ പന്ത് ഒട്ടിച്ചു വച്ചതു പോലെ മൈതാനമാകെ നിറഞ്ഞു പായുന്ന അറ്റാക്കിങ് മിഡിന്റെ പതർച്ച യങ്ബോയ്സിനെ ആകെ ഉലച്ചു. ഹാഫ് ടൈമിന് തൊട്ടു മുമ്പേ പൊസഷനിലെ പിഴവ് മുതലെടുത്ത് യങ്ബോയ്സിന്റെ ബോക്സിൽ എവർസ്റ്റാറിന്റെ ആദ്യ വെടി പൊട്ടി. ഹാഫ് ടൈമിന് ശേഷമുള്ള ആദ്യ മിനുട്ടിൽ കിടിലനൊരു കോർണർ കിക്കിലൂടെ രണ്ടാം ഗോളും. അതിനിടെ കളിയുടെ ഫ്രസ്‌ട്രേഷനിൽ എതിർകളിക്കാരനോട് വാക്കേറ്റം നടത്തിയതിന് സിനദിൻ ഒരു മഞ്ഞക്കാർഡും വാങ്ങിയെടുത്തു.

ഹാഫ് ടൈം കഴിഞ്ഞു പതിമൂന്നാം മിനുട്ടിൽ സബ്സ്റ്റിറ്റിയൂഷൻ ബോർഡിൽ സിനദിന്റെ നമ്പർ തെളിഞ്ഞു. പേരിനെ അന്വർത്ഥമാക്കും വിധം, തന്റെ ജീവിതത്തിലെ സുപ്രധാന കളിയിൽ സകലതും നഷ്ടപ്പെട്ടവനായി അയാൾ ടച്ച് ലൈനിലേക്ക് നടന്നു. സബ്ബ് ഇറങ്ങുന്ന കളിക്കാരന് കൈകൾ നൽകി ടച്ച് ലൈനിനിപ്പുറത്തേക്ക് നടക്കുമ്പോൾ അയാൾ വഹാബിനെ ഒന്ന് കൂടെ നോക്കി. വഹാബ് അപ്പോഴും നിർവികാരനായിരുന്നു. വലം കൈയ്യിൽ കെട്ടിയ ടൈറ്റൻ വാച്ചിൽ സമയമെണ്ണി ടച്ച് ലൈനിനു കുറുകെ അയാൾ അങ്ങിങ്ങായി നടന്നു.
പിന്നീടെല്ലാം കേവലം ചടങ്ങുകളായിരുന്നു. എഴുപതാം മിനുട്ടിൽ തന്റെ അറ്റാക്കേഴ്‌സിനെ വലിച്ച് ഡിഫൻസ് സ്ട്രോങ്ങ് ആക്കി വഹാബ് കളിക്ക് നങ്കൂരമിട്ടു. സബ്സ്റ്റിറ്റ്യൂഷനുകൾ പിന്നെയും ഇട്ടു നോക്കിയെങ്കിലും ആദ്യ മിനുട്ടിൽ തകർന്നുപോയ ആത്മവിശ്വാസം വീണ്ടെടുക്കാൻ യങ് ബോയ്സിനുമായില്ല.
ഇഞ്ചുറി ടൈമിനൊടുവിൽ ഫൈനൽ വിസിൽ മുഴങ്ങി.
എവർസ്റ്റാർ കരിക്കച്ചാൽ 2,
യങ്‌ബോയ്സ് പെരുവാമ്പ 0
എവർസ്റ്റാറിന്റെ ആരാധകർ ആറാടി. അതിനകം സംഘടിപ്പിച്ച തങ്ങളുടെ ‘ഭാഗ്യപ്പച്ച’ ജേഴ്‌സിയണിഞ്ഞ് അവർ സ്റ്റേഡിയം കയ്യേറി. താഴത്താനം അക്ഷരാർത്ഥത്തിൽ ഒരു പച്ചത്തുരുത്തായി.
വിന്നേഴ്സ് മെഡൽ വിതരണച്ചടങ്ങിൽ പരാജിതരുടെ വെള്ളിമെഡലുമണിഞ്ഞഞ്ഞ് സിനദിനും കൂട്ടരും പോഡിയത്തിന്റെ താഴേക്കിറങ്ങി. അവരാരും പരസ്പരം മിണ്ടിയില്ല. ഒന്ന് നോക്കുക പോലും ചെയ്തില്ല.
ടൂർണമെന്റ് വിജയികളുടെ എവർറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും വാങ്ങാൻ വഹാബെത്തിയത് എവർസ്റ്റാറിന്റെ ട്രെഡിഷണൽ ചുവപ്പണിഞ്ഞായിരുന്നു. പച്ചത്തുരുത്തിനടയിൽപ്പെട്ട മഞ്ചാടിക്കുരുപോലെ ഒരു മനുഷ്യൻ..! ക്യാപ്റ്റൻ ബാസ്ട്യൻ ട്രോഫി വാങ്ങി മുത്തി കോച്ചിന് നേരെ നീട്ടിയെങ്കിലും അയാളത് വാങ്ങിയില്ല. ട്രോഫി ലിഫ്റ്റ് കണ്ട് കാണികളിൽ ആവേശം ഇരമ്പി. ചിലർ മുദ്രാവാക്യങ്ങങ്ങൾ മുഴക്കി.
‘‘പൊട്ടിച്ചേ പൊട്ടിച്ചേ… മൂക്കള ചെക്കരെ പൊട്ടിച്ചേ…’’
‘‘പൊട്ടിച്ചേ പൊട്ടിച്ചേ… ചതിയൻ സിനദിനെ പൊട്ടിച്ചേ…’’
അതുവരെ ശാന്തനായിരുന്ന സിനദിന് ഇത് താങ്ങാവുന്നതിലുമധികമായിരുന്നു. കഴുത്തിലിട്ട മെഡൽ വലിച്ചൂരി അയാൾ എവർസ്റ്റാർ ആരാധകർക്ക് നേരെയെറിഞ്ഞു. എന്നിട്ടും ദേഷ്യമടങ്ങാതെ കാലിലെ ബൂട്ട്സൂരി പോടിയത്തിലെ ചുവന്ന ബിന്ദുവിനെ ലക്ഷ്യമാക്കി എറിഞ്ഞു. ഏറു കൊണ്ട് ഞെട്ടിയ വഹാബിന് നേരെ അയാൾ ഈറ്റപ്പുലിയെ പോലെ പാഞ്ഞടുത്തു. രംഗം കലുഷിതമായി. അധികൃതർ ഇരുവരെയും പിടിച്ചു മാറ്റി. പ്ലെയേഴ്‌സും ആരാധകരും ഒന്നും രണ്ടും പറഞ്ഞു വഴക്കായി.
തനിക്ക് നേർക്ക് നീട്ടിയ മൈക്കിൽ ‘‘ഇതെന്റെ അവസാന കളിയായിരുന്നു’’ എന്നു മാത്രം പറഞ്ഞ് കണ്ണുകൾ ഇറുക്കിത്തോർത്തി ആഘോഷങ്ങളിലൊന്നും കൂടാതെ വഹാബ് മൈതാനത്തിന്റെ പുറത്തേക്ക് നടന്നു. യുണൈറ്റഡിന് അവസാന പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്ത് അലക്സ് ഫെർഗുസൻ പടിയിറങ്ങിയതും അന്നായിരുന്നു.
പലതു കൊണ്ടും വേറിട്ട് നിന്ന ആ സീസണ് അങ്ങനെ വിരാമമായി.
സിനദിൻ പിന്നീട് ബൂട്ടണിഞ്ഞില്ല. കളിക്കളത്തിൽ നിന്നും മാറി അയാൾ മരപ്പണിക്കിറങ്ങി. കളിക്കളത്തിൽ രചിക്കേണ്ട ശില്പചാരുത അയാൾ മരത്തടികളിൽ തീർത്തു. ഭൂതകാലത്തെയാകെ കുഴികുത്തി മൂടി അയാൾ തന്നിലേക്ക് തന്നെയൊതുങ്ങി. വഹാബ് ഓർമകളിൽ നീറുന്ന ഒറ്റത്തുരുത്തായി. വിഷാദവും നിരാശയും അയാളെ ഒരുപോലെ വേട്ടയാടി. മറവിയുടെ ചിതലുകൾ അയാളുടെ മസ്തിഷ്ക്കത്തെ കാലേന തിന്നുതുടങ്ങി.
പക്ഷെ, എത്ര നിർബന്ധിച്ചിട്ടും അയാൾ തറവാട് വീട് വിട്ടിറങ്ങാൻ കൂട്ടാക്കിയില്ല. ചുവന്ന ജേഴ്സിയുമണിഞ്ഞ് ചിലപ്പോഴൊക്കെ മൈതാനങ്ങളിൽ പോയി വെറുതെ നിൽക്കും. ടി വി യിൽ ഫുട്ബോളിട്ടു കൊടുത്താൽ ചിലപ്പോളൊക്കെ നോക്കിയിരിക്കും. അത്രമാത്രം.
പരസ്പരം മിണ്ടാതെ.. പറയാതെ... അറിയാതെ.. ഒരു കൂരയ്ക്ക് താഴെ വർഷങ്ങളോളമായി ജീവിക്കുന്ന രണ്ട് മനുഷ്യർ.
അങ്ങനെയിരിക്കെ, മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപ്പൂളിനോട് 7 -0 നു തോറ്റ വിഖ്യാത രാത്രിയിലായിരുന്നു വഹാബിനെ കാണാതാകുന്നത്.
▮
ആറ്: ഫൈനൽ വിസിൽ
… പീ… പ്പ്…, കാതുതുളയ്ക്കുന്ന ഒച്ചയിൽ വിസിൽ മുഴങ്ങി.
താഴത്താനം ഗ്രൗണ്ടിൽ U 13 കുട്ടികളുടെ സെവൻസ് മത്സരത്തിന്റെ പ്രാക്ടീസ് മാച്ച്.
എവർ സ്റ്റാർ മെയിൻസ് Vs എവർ സ്റ്റാർ റിസേർവ്സ്
മെയിൻ ടീമിനുവേണ്ടി പതിനേഴാം നമ്പർ ജേഴ്സിയിൽ സിനദിൻ വഹാബ്. പരിശീലകന്റെ കുപ്പായത്തിൽ വിസിലൂതിപ്പായുന്ന വഹാബ് ഫെർഗൂസൻ.
ഡിഫൻസ് ലൈനിൽ നിന്ന് വന്ന ത്രൂ ബോൾ മൂന്നാം തവണയും അലക്ഷ്യമായി ഡ്രിബ്ബിൾ ചെയ്‌ത് പൊസ്സെഷൻ നഷ്ടപ്പെടുത്തുന്ന സിനദിൻ. വഹാബിന്റെ വിസിൽ അത്യുച്ചത്തിൽ മുഴങ്ങി. ആകാശത്തിലേക്കുയർന്ന അയാളുടെ ചൂണ്ടുവിരലുകൾ പരസ്പരം നോക്കി രണ്ടുകുറി വട്ടം കറങ്ങി. അമ്പരപ്പ് മാറും മുമ്പേ സബ്സ്റ്റിട്യൂഷൻ ബോർഡിൽ സിനദിന്റെ നമ്പർ തെളിഞ്ഞു..! കൂട്ടത്തിലെ ഏറ്റവും മികച്ച പ്ലേയർ പത്താം മിനുട്ടിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്നതുകണ്ട് കളിക്കളത്തിലെ സകലരും സ്തബ്ധരായി. കാറ്റ് വറ്റിയ പന്ത് പോലെ സിനദിൻ മൈതാന മധ്യത്തിരുന്നു. വഹാബിന്റെ വിസിൽ ഒന്ന് കൂടെ മുഴങ്ങി. സിനദിൻ പതുക്കെ എഴുന്നേറ്റ് ടച്ച് ലൈനിലേക്ക് നടന്നു. കൈകൾ കുലുക്കി 20 ആം നമ്പർ ജേർസിക്കാരൻ ഇക്ബാലിനെ പകരക്കാരനായി ഗ്രൗണ്ടിലേക്ക് വിടുമ്പോഴും സിനദിന്റെ കണ്ണിൽ ഒരു ചോദ്യചിഹ്നം ജ്വലിച്ചിരുന്നു’’.
‘‘… വാപ്പീ...’’
സ്റ്റേഷന് വെളിയിലെ കസേരയിൽ ചാഞ്ഞ് അറിയാതൊന്ന് കണ്ണ് ചിമ്മിപ്പോയ സിനു ഒരുൾവിളിയിലേക്കെന്ന പോലെ ഞെട്ടിയുണർന്നു. സ്വപ്നത്തിന്റെ പാതിയിൽ ആരോ വിളിച്ചുണർത്തിയെന്ന അന്ധാളിപ്പ് അയാളുടെ മുഖത്ത് പ്രകടമായിരുന്നു. സജലമായ കണ്ണുകൾ തുടച്ച് അയാൾ സ്റ്റേഷന്റെ ഉമ്മറത്തേക്കിറങ്ങി. സ്റ്റേഷന്റെ വടക്കേ മൂലയിൽ ഒരു പുക പുകയ്ക്കാനായി മാറി നിന്ന അജയൻ പോലീസിന്റെയടുത്തേക്ക് അയാൾ പതുക്കെ നടന്നു.
‘‘പൊയ്‌ക്കോടോ..പോയി രാവിലെ വാ..പറ്റാവുന്നിടത്തെല്ലാം മ്മള് നോക്കീലെ … അടുത്തുള്ള ഹോസ്പിറ്റലുകളിലേക്ക് ആളെ വിട്ടിട്ടുണ്ട്.. ഇനി ആ വഴിക്ക് നോക്കീലാ ന്ന് വേണ്ട’’, സിനു എന്തെങ്കിലും ചോദിച്ചു തുടങ്ങും മുമ്പേ അജയൻ പറഞ്ഞു.
ഒന്നും മിണ്ടാതെ സിനു തിരികെ വീട്ടിലേക്കു നടന്നു. കോലായിൽ സുറൂറയും മറിയംബിയും അയാളെയും കാത്ത് ഉറക്കമളച്ചിരിക്കുന്നുണ്ടായിരുന്നു.
‘‘എത്രയായി നോക്ക്ന്ന്… എന്തേലും വിവരം കിട്ടിയാ?’’
ചോദ്യത്തിനുത്തരമായി അയാൾ സുറുവിനെ ഒന്ന് നോക്കുക മാത്രം ചെയ്തു.
‘‘പിന്നീണ്ടല്ലോ വാപ്പ, മറിയമ്പീടെ പന്ത് പോയി’’.
പരാതിക്കെട്ട് പിന്നെയുമഴിച്ച മറിയമ്പിയെ നെഞ്ചിൽ ചേർത്ത് അയാൾ ഉമ്മറത്തെ ചാരുകസേരയിലേക്ക് ചാഞ്ഞു. കണ്ണുകൾ ഓരോ തവണ അടയ്ക്കുമ്പോഴും താഴത്താനം ഗ്രൗണ്ടിലെ ആ പഴയ വൈകുന്നേരം മാത്രം അയാളുടെ ഓർമ്മകളിൽ തെളിഞ്ഞു.
… പ്രാക്ടീസ് മാച്ച് പൂർത്തിയാക്കി വഹാബ് ഫെർഗൂസനൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുന്ന കുഞ്ഞു സിനദിൻ…
രണ്ടു മൗനങ്ങൾ...
കടലോളം ആഴമുള്ള രണ്ടു മൗനങ്ങൾ,
വിണ്ണോളം പരപ്പുള്ള രണ്ട് മൗനങ്ങൾ…
കായിക്കാന്റെ ചായപ്പീടികയിൽ നിന്ന് മൂന്ന് അമ്പട പൊതിഞ്ഞെടുക്കാൻ പറഞ്ഞ് വഹാബ് സിനദിന്റെ മേലാകെ ഒന്ന് തലോടി.
‘‘വിഷമായോടാ നിനക്ക്..?", സിനദിൻ ഒന്നും മിണ്ടിയില്ല.
‘‘വിഷമായിട്ട് കാര്യല്ല… യ്യ് കളിക്കണ്ട പോലെയല്ല കളിച്ചത്. അതോണ്ടാ വലിച്ചത്. മറ്റുള്ളോരെ കൊറച്ച് കാട്ടണതല്ല. ന്നാലും പിച്ചിൽ നിന്റെ പിന്നിലുള്ളോരു കളിക്കണത് മേന്യോണ്ടാ… മുന്നിലുള്ളോര് കണ്ണോണ്ടും. തല കൊണ്ട് കളിക്കേണ്ടവൻ നീയാ. കളി തോൽക്കുന്നതും ജയിക്കുന്നതും മിഡ്ഫീൽഡിലാ. തിരിഞ്ഞിനാ’’.
മിന്നലേറ്റതു പോലെ സിനദിൻ ചാരു കസേരയിൽ നിവർന്നിരുന്നു.
‘‘മറ്റുള്ളോരെ കൊറച്ച് കാണുവല്ല. പക്ഷെ, തലകൊണ്ട് കളിക്കേണ്ടവൻ നീയാ..."
വഹാബിന്റെ വാക്കുകൾ അയാളുടെ നെഞ്ചിൽ കടലിരമ്പമായി.
തന്റെ മാറത്ത് തല ചായ്ച്ച് മയക്കത്തിലേക്ക് വഴുതിവീണുകൊണ്ടിരുന്ന മറിയമ്പിയെ തട്ടിയുണർത്തി അയാൾ ചോദിച്ചു, ‘‘എവിടാ മറിയമ്പിയുടെ പന്ത് പോയത്’’.
‘‘അതില്ലേ ഉപ്പാ, താഴത്താനത്ത് വൈന്നേരം കളിക്കാൻ പോയപ്പോ അവ്ടത്തെ കിണറ്റിൽ വീണു. ഞാനല്ല അടിച്ചിട്ടത്, ഷമീറാ. ഓനോട് ഞാൻ കളിക്കാൻ കൂട്ടില്ല പറഞ്ഞതാ’’.
അയാളുടെ കണ്ണുകൾ തിളങ്ങി.
‘‘മറിയമ്പി... ഇത് ഉപ്പൂപ്പാനോട് പറഞ്ഞിരുന്നാ’’.
‘‘പറഞ്ഞല്ലോ. പക്ഷെ ഉപ്പൂപ്പ ഒന്നും മിണ്ടീല... എന്നിട്ടുണ്ടല്ലോ’’.
മറിയംബിയെ താഴെയിറക്കി ആരോടും ചോദിക്കാനും പറയാനും നിൽക്കാതെ അസ്ത്രവേഗത്തിൽ അയാൾ താഴത്താനത്തെ പഴയ മൈതാനിയിലേക്ക് കുതിച്ചു.
നിലാവ് ഫ്ലഡ് ലൈറ്റ് വിരിച്ച താഴത്താനം മൈതാനിയുടെ തെക്കേ മൂലക്കലെ ആൾമറ തകർന്നു തുടങ്ങിയ കിണറിനരികത്തേക്ക് സിനദിൻ ഓടിപ്പാഞ്ഞു. ഊക്കനൊരു ഷോട്ട് തടുത്തിട്ട് പന്ത് ഗ്രൗണ്ട് ചെയ്തു ചേർത്തു പിടിച്ച ഗോൾക്കീപ്പറുടെ ഭാവത്തിൽ മറിയമ്പിയുടെ കളർപ്പന്ത് മാറോട് ചേർത്ത് കിണറ്റുവക്കത്ത് തണുത്തു വിറങ്ങലിച്ചിരിക്കുന്ന വഹാബിനെ കണ്ട് സിനദിൻ ആഴത്തിലൊരു നെടുവീർപ്പിട്ടു.
സിനദിൻ വഹാബിനെ ആകമാനമൊന്നു നോക്കി. വഹാബ് തിരിച്ചും. ഒരായുസ്സിനുപ്പുറം കാണുന്നുവെന്ന പോലെയുള്ള നോട്ടങ്ങൾ.
കളിക്കളത്തിൽ പരിക്കേറ്റ് വീണ എതിർ ടീം കളിക്കാരനുനേരെയെന്നതു പോലെ സിനദിൻ തന്റെ കൈകൾ വഹാബിനു നേരെ നീട്ടി. നനഞ്ഞു കുതിർന്ന വഹാബിന്റെ ചുവന്ന ജേഴ്സി ഊരിപ്പിഴിഞ്ഞ് ചുമലിലിട്ട് തന്റെ മഞ്ഞ ജേഴ്‌സി ഊരി അയാൾക്കിട്ട് കൊടുത്തു. ഫൈനൽ വിസ്സിലിനിപ്പുറമെന്നതുപോലെ കൈകൾ ചേർത്തുപിടിച്ച് അവരിരുവരും മൈതാനത്തിനു പുറത്തേക്കുനടന്നു.