ജിൻഷ ഗംഗ

ഇളം നീല

റെഡ് അലർട് പ്രഖ്യാപിച്ച ദിവസമായിരുന്നു. അതിന്റെ ഗൗരവമൊട്ടും കുറയ്ക്കാതെ മഴ പുലർച്ചെ മുതൽ ശക്തി പ്രാപിച്ചിരുന്നു. നാളെ റെഡ് അലർട് ആണ്, തനുവിന് ട്യൂഷൻ ഇല്ല, അമ്മ തിരക്ക് പിടിച്ച് എഴുന്നേൽക്കാതെ നന്നായി ഉറങ്ങിക്കോളൂ എന്ന് തലേദിവസം രാത്രി ശ്വേത വിമലയോട് പറഞ്ഞിരുന്നു. വെറുതെ മൂളിയതല്ലാതെ വിമല മറുപടി പറഞ്ഞില്ല. അമ്മ ഉറങ്ങിയിട്ട് ആഴ്ച്ച ഒന്ന് കഴിഞ്ഞെന്ന് ശ്വേതയ്ക്ക് മനസ്സിലായിരുന്നു. അവളത് അറിയരുതെന്ന് വിമല ആഗ്രഹിച്ചിട്ടുമുണ്ടായിരുന്നു. നാടും വീടും ഓർമ്മ വന്ന് അമ്മ ഉറങ്ങാതെയിരിക്കുന്നെന്ന് അവൾ കളിയാക്കും. ജീവിതത്തിന്റെ മുക്കാൽ ഭാഗവും ഗ്രാമത്തിൽ ജീവിച്ചവർക്ക് മുഴുവനും നഗരജീവിതം അസഹനീയമാണെന്നുള്ള ധാരണ ഈ കുട്ടി എന്നാണ് തിരുത്തുക എന്ന് വിമല പണ്ടേ ആലോചിക്കാറുണ്ടായിരുന്നു. ഹയർസെക്കൻഡറി ടീച്ചറായി ജോലിയിൽ പ്രവേശിച്ച കാലത്ത് പല നഗരങ്ങളിൽ മാറി മാറി താമസിച്ചിട്ടും അമ്മയെയും അച്ഛനെയും അവളങ്ങോട്ട് കൊണ്ടുപോയിട്ടില്ല. അവധി കിട്ടുമ്പോഴൊക്കെ മഹേഷിന്റെ വീട്ടിലും അവളുടെ വീട്ടിലുമായി മാറിമാറി താമസിക്കുകയാണ് ചെയ്തത്. ഇനി അമ്മ ഇവിടെ ഒറ്റയ്ക്ക് താമസിക്കണ്ട, എറണാകുളത്തേക്ക് പോരൂ എന്ന് അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കൊടുക്കം ശ്വേത പറഞ്ഞത് വിമലയ്ക്ക് വലിയ ആശ്വാസമായിരുന്നു. ഉള്ളിൽ അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മകളോടത് എങ്ങനെ ആവശ്യപ്പെടുമെന്ന മടിയുണ്ടായിരുന്നു. ആവശ്യ സാധനങ്ങൾ എടുത്ത് ഇറങ്ങുമ്പോൾ ഇനി ഞാനിങ്ങോട്ട് വരില്ലാട്ടോ എന്ന് വിമല കണ്ണ് തുടച്ച് വീടിനോട് പറഞ്ഞു. പോയി സന്തോഷത്തോടെ ജീവിക്കെന്ന് വീട് യാത്രയാക്കി.

"നാളെ നീ ജിമ്മിൽ പോകുന്നുണ്ടോ...?" രാത്രിയിൽ ഭക്ഷണം കഴിച്ചെന്നു വരുത്തി കൈ കഴുകുമ്പോൾ വിമല ചോദിച്ചു.

"വൈകീട്ട് മഴയില്ലെങ്കിൽ പോകാം" പാത്രങ്ങളുമെടുത്ത് അടുക്കളയിലേക്ക് നടക്കുമ്പോൾ ശ്വേത പറഞ്ഞു.

വിമല മറുപടിയൊന്നും പറഞ്ഞില്ല. അവൾ തിരികെ വരുമ്പോഴേക്കും അവർ മുറിയിൽ കയറി വാതിലടച്ചിരുന്നു. അമ്മയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് മാത്രമാണ് മഹേഷ് വിളിച്ചപ്പോൾ അവൾക്ക് സംസാരിക്കാനുണ്ടായിരുന്നത്.

"ഒരാഴ്ച്ചയായി ഇങ്ങനെ തുടങ്ങിയിട്ട്. സംസാരം കുറവ്. ഉറക്കമാണെങ്കിൽ തീരെ ഇല്ല. പകൽ സമയത്തൊക്കെ ഒറ്റയ്ക്ക് ബാൽക്കണിയിൽ ചെന്ന് കുറേ നേരം ഇരിക്കും. ഇടയ്ക്ക് കരയുന്നതും കാണാം. ഭക്ഷണമൊന്നും കഴിക്കുന്നേയില്ല"

"നാൽപ്പത് വർഷത്തോളം ഒന്നിച്ചു ജീവിച്ച ഒരാള് പെട്ടെന്ന് ഇല്ലാതായതല്ലേ...നോർമലായി വരാൻ സമയമെടുക്കും" മഹേഷ്‌ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

"അത് ഇന്നോ ഇന്നലെയോ അല്ലല്ലോ...ഏഴു മാസമായില്ലേ. ഇവിടെ വന്ന് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ അമ്മ നോർമൽ ആയതാ. ഇടയ്ക്ക് വരുമ്പോൾ നിങ്ങളും കണ്ടതല്ലേ... അടുക്കളയിലൊക്കെ ഫുൾ ടൈം ആക്റ്റീവായിരുന്നു. ഞങ്ങൾ സ്കൂളിൽ നിന്ന് വരുമ്പോഴേക്കും പലഹാരങ്ങളൊക്കെ ഉണ്ടാക്കി വയ്ക്കും. മൊബൈലിൽ കുറെയധികം യൂട്യൂബ് ചാനലൊക്കെ തനു സബ്സ്ക്രൈബ് ചെയ്ത് കൊടുത്തിട്ടുണ്ട്. അതൊക്കെ അമ്മ ആസ്വദിച്ചു കാണുന്നതായിരുന്നു. വായനയും തുടങ്ങിയതാ...നാട്ടിലെപ്പോലെ ഒരു പച്ചക്കറി തോട്ടം ഇവിടെയും വേണമെന്ന് പറഞ്ഞ് ടൗണിൽ പോയി കുറേ വിത്തുകളും വളവുമൊക്കെ വാങ്ങിയതും വീടിന്റെ പിന്നിൽ സ്ഥലമൊക്കെ വൃത്തിയാക്കിയതും അമ്മ ഒറ്റയ്ക്കാ.. കഴിഞ്ഞ ആഴ്ച്ച വരെ അതൊക്കെ കൃത്യമായി നോക്കുന്നുണ്ടായിരുന്നു. ഇന്നലെ ഞാൻ ചെന്ന് നോക്കിയപ്പോൾ ചെടികൾ പുഴു തിന്നും വെള്ളം കിട്ടാതെയും നശിച്ചു തുടങ്ങിയിരുന്നു..."

മഹേഷ്‌ വെറുതെ മൂളുക മാത്രം ചെയ്തു.

"സ്വന്തം കാര്യം തീരെ ശ്രദ്ധിക്കാതെയാണ് ഇപ്പോൾ അമ്മ നടക്കുന്നത്. പണ്ട് അച്ഛൻ കളിയായി പറയാറുണ്ടായിരുന്നു അമ്മയുടെ മുടിയിൽ തൊട്ടാൽ കൈവെള്ളയിൽ കൊള്ളുന്നത്ര എണ്ണ കിട്ടുമെന്ന്. എണ്ണമയമില്ലാത്ത തലമുടിയോടെ ഞാനൊരിക്കലും അമ്മയെ കണ്ടിട്ടില്ല. ഇപ്പൊൾ ഒരാഴ്ച്ചയായി കാണും മുടിയൊക്കെ എണ്ണ തേച്ചിട്ട്"

"ഒറ്റമോളാകുമ്പോൾ ഉത്തരവാദിത്തം കൂടും ശ്വേതാ. അമ്മയോടൊപ്പം കുറച്ചധികം ടൈം സ്പെൻഡ്‌ ചെയ്യാൻ ശ്രമിക്കണം. തനുവിനോടും പറയണം"

"ഞങ്ങൾ ജിമ്മിൽ പോകുമ്പോൾ വരെ അമ്മയെ കൂടെ കൊണ്ടുപോകുന്നത് ഇവിടെ ഒറ്റയ്ക്കിരുന്ന് ബോറടിക്കണ്ട എന്ന് കരുതിയാണ്. പിന്നെ എനിക്കും എന്റേതായ തിരക്കുകളില്ലേ മഹീ.. മോളുടെ കാര്യം, സ്കൂളിലെ കാര്യം. ഇതിനിടയിൽ അമ്മയുടെ കൂടെ ദിവസം മുഴുവൻ ചിലവഴിക്കാൻ കഴിയില്ലല്ലോ..."

"ശ്വേതാ, നീ പറയുന്നതൊക്കെ എനിക്ക് മനസ്സിലാകും. ചിലപ്പോൾ ഇതൊന്നുമായിരിക്കില്ല ആളുടെ പ്രശ്നം... എനിക്കൊരു സംശയം തോന്നുന്നുണ്ട്, ലേറ്റ് ലൈഫ് ഡിപ്രെഷൻ വല്ലതുമാണോയെന്ന്...അമ്മയോട് സംസാരിച്ചിട്ട് ഒരു ട്രീറ്റ്മെന്റ് നോക്കാവുന്നതാണ്"

വിമലയുടെ മുറിയിലേക്ക് നോക്കിക്കൊണ്ട് ശ്വേത മൂളി. ലൈറ്റ് കാണാത്തത് കൊണ്ട് അമ്മ ഉറക്കമായിരിക്കുമെന്നവൾ ആശ്വസിച്ചു.

പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു. വിമല ജനലിനുള്ളിലൂടെ ആ പെയ്ത്ത് നോക്കി നിന്നു. ഒരാഴ്ച്ചയ്ക്ക് മുൻപ് ഇതേ മഴ വിമലയുടെ കണ്മുന്നിൽ നിറഞ്ഞു പെയ്തിരുന്നു. ആ മഴ പെയ്തൊഴിഞ്ഞ അന്തരീക്ഷത്തിലാണ് അവരാ കാഴ്ച്ച കണ്ടത്. രാത്രിമഴയിലേക്ക് നോക്കി നിൽക്കുമ്പോൾ വിമലയുടെ കണ്ണുകളിൽ അന്നത്തെ കാഴ്ച്ച പിന്നെയും പിന്നെയും നിറഞ്ഞു. എന്തിനായിരുന്നു അന്ന് താൻ മുൻവാതിൽ തുറന്ന് മുറ്റത്തേക്ക് ഇറങ്ങിയതെന്ന് കഴിഞ്ഞ ഏഴു ദിവസങ്ങളിലെയും പോലെ അവർ സ്വയം കുറ്റപ്പെടുത്തി. അന്ന് ഹാളിൽ തനുവിനോടും ശ്വേതയോടുമൊപ്പമിരുന്ന് സിനിമ കാണുകയായിരുന്നു. മഴചാറ്റലിന്റെ ശബ്ദത്തോടൊപ്പം പതിഞ്ഞ താളത്തിലുള്ള ഒരു പാട്ടാണ് കേട്ടത്.

"ഇതെവിടുന്നാ ഈ പാട്ട് കേൾക്കുന്നത്...?" സിനിമയിൽ മുഴുകിയിരുന്ന തനുവിന്റെ കയ്യിൽ പിടിച്ച് തിരക്കി.

"ആരോ മരിച്ചതാ അമ്മമേ..." ടി.വി.യിൽ നിന്ന് കണ്ണെടുക്കാതെ തനു പറഞ്ഞു. സംശയത്തോടെ ശ്വേതയെ നോക്കി.

"ക്രിസ്ത്യൻ മരണമാണ് അമ്മേ. പള്ളിയിലേക്ക് അടക്കിനു കൊണ്ടുപോകുന്നതാ. അവരുടെ പാട്ടാണ്"

ആരാണീ മഴയത്ത് മരിച്ചു പോയത് എന്ന് പിറുപിറുത്താണ് സിറ്റൗട്ടിലേക്ക് ഇറങ്ങിയത്. മുറ്റത്തേക്കിറങ്ങിയപ്പോൾ കണ്ടത് റോഡിലൂടെ പതിയെ നീങ്ങുന്ന ശവമഞ്ചമാണ്. അൽപ്പം ധൃതിയിൽ ഗേറ്റിനരികിലേക്ക് നടന്നു. പൂക്കൾ കൊണ്ടലങ്കരിച്ച മഞ്ചത്തിൽ ഉറക്കത്തിലെന്ന പോലെ കിടക്കുന്ന മനുഷ്യനെയും കണ്ടു. അയാളുടെ മുഖം വ്യക്തമായി കാണാമായിരുന്നു. അങ്ങനെയല്ല, താൻ കണ്ടോട്ടെ എന്ന് കരുതി അവർ കുറച്ച് നിമിഷം ആ വാഹനം അവിടെ നിർത്തിയിരുന്നു. കണ്മുന്നിൽ നിന്ന് മറയുന്നത് വരെ മുഖത്ത് നിന്ന് നോട്ടം മാറ്റാൻ തോന്നിയില്ല. ഗേറ്റിൽ ചാരി നിന്നുകൊണ്ട് അന്നേരം ഓർത്തത് മറ്റൊരു മരണത്തെയാണ്. നേർത്ത കുളിരുള്ള വൃശ്ചികമാസത്തിൽ സന്ധ്യ രാത്രിയിലേക്ക് വീഴുന്നത് കണക്കെയുള്ള ഒരു മരണത്തെ. ചന്ദനത്തിരിയുടെ മണവും മുറിത്തേങ്ങയിൽ കത്തുന്ന ഒറ്റത്തിരിയുടെ വെളിച്ചവും ചുറ്റും നിറഞ്ഞപ്പോൾ തലകറങ്ങി. വീട്ടിലേക്ക് തിരിച്ചു കയറുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു.

"ഹാ ബെസ്റ്റ്.. അമ്മാമ പുറത്ത് പോയപ്പോഴാ ഇതില് ട്വിസ്റ്റ്‌ സംഭവിച്ചത്... ഇനീപ്പോ ഇവിടിരുന്നാൽ അമ്മാമയ്ക്ക് ഒന്നും മനസ്സിലാവില്ല" തിരികെ ഹാളിലേക്ക് കയറിയപ്പോൾ തനു പറഞ്ഞു. അത് ശ്രദ്ധിക്കാതെ സിനിമ തീരുന്നത് വരെ വെറുതെ കണ്ണുകളടച്ച് സോഫയിൽ ചാരി ഇരിക്കുകയാണ് ചെയ്തത്.

പുറത്തെ പെയ്ത്തിനൊപ്പം വിമലയുടെ കണ്ണുകൾ വീണ്ടും പെയ്തു. ഒരാഴ്ച്ചയായി തന്റെ അസ്വസ്ഥത നിറഞ്ഞ പെരുമാറ്റം മകളും കൊച്ചുമകളും ശ്രദ്ധിച്ചിട്ടുണ്ടാകുമെന്ന് അവർക്ക് ഉറപ്പായിരുന്നു. നാട്ടിലേക്ക് തിരിച്ചു പോകാൻ വേണ്ടിയുള്ള പുറപ്പാടാണെന്ന് ശ്വേത സംശയിച്ചേക്കുമോ എന്ന് അവർ പേടിച്ചു. വീട്ടിലേക്കുള്ള തിരിച്ചുപോക്ക് തന്നിലേൽപ്പിക്കാൻ പോകുന്ന ആഘാതം സഹിക്കാൻ കഴിയില്ലല്ലോ എന്നോർത്തപ്പോൾ അവർക്ക് കരച്ചിൽ നിയന്ത്രിക്കാൻ കഴിയാതെയായി. ഒഴിഞ്ഞ കഴുത്തിൽ തടവിക്കൊണ്ട് അവർ പൊട്ടിക്കരഞ്ഞു. കരഞ്ഞുകൊണ്ടാണ് ടൈൽസിന്റെ തണുപ്പിലേക്ക് വീണത്. എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് തീർച്ചയില്ല.

"അമ്മയെന്തിനാണ് ഇന്നലെ നിലത്ത് കിടന്നുറങ്ങിയത്" രാവിലെ ഭക്ഷണം കഴിക്കുമ്പോൾ ശ്വേത ചോദിച്ചു. മറുപടി പറയാതെ കൈ കഴുകി വിമല സിറ്റൗട്ടിലേക്ക് നടന്നു.

"അമ്മാമയ്ക്ക് കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട്" വിമലയുടെ പോക്ക് നോക്കിക്കൊണ്ട് തനു പറഞ്ഞു. മൂളുക മാത്രം ചെയ്ത് പാത്രങ്ങളുമെടുത്ത് ശ്വേത അടുക്കളയിലേക്ക് നടന്നു.

ശ്വേത തിരക്കി വന്നപ്പോൾ വിമല റോഡിലേക്ക് നോക്കി ചവിട്ടുപടിയിൽ ഇരിക്കുകയായിരുന്നു. പിങ്ക് നിറമുള്ള വോയിൽ സാരിയുടെ മുന്താണി നിലത്തേക്ക് ഒഴുകി കിടക്കുന്നുണ്ടായിരുന്നു.

"എന്തൊരു മഴയാണ്...നാട്ടിലൊക്കെ ഇതിലുമധികം പെയ്യുന്നുണ്ടാകും അല്ലേ..." ശ്വേത പറഞ്ഞു. വിമല അത് കേട്ടതായി ഭാവിച്ചില്ല.

"അമ്മേ.." നിലത്തേക്കിരുന്ന് ശ്വേത അവരുടെ കൈത്തണ്ടയിൽ പിടിച്ചു. പുഴുവിരിഞ്ഞത് പോലുള്ള അസ്വസ്ഥതയോടെ വിമല കൈ അനക്കി അവളെ നോക്കി.

"അമ്മയ്ക്ക് എന്താ പറ്റിയത്..? എന്തെങ്കിലും പ്രയാസമുണ്ടോ..?"

മറുപടിയൊന്നും പറയാതെ വിമല അവളുടെ മുഖത്തേക്ക് കണ്ണുകൾ തറപ്പിച്ചു. ശ്വേതയ്ക്ക് പരിഭ്രമം തോന്നി.

അമ്മയുടെ പെരുമാറ്റം കാണുമ്പോൾ എനിക്ക് പേടിയാകുന്നു. തനുവും പറയുന്നുണ്ട് അമ്മാമയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്ന്. അമ്മ എത്ര ഉഷാറായി നടക്കാറുള്ള ആളായിരുന്നു. ഒന്നല്ലെങ്കിൽ മറ്റൊരു പണിയിലേക്ക് സ്വയം ഒഴുകുന്ന ആളല്ലേ...? നോക്കൂ, ഡ്രസ്സ്‌ പോലും ശ്രദ്ധിക്കുന്നില്ല. വീട്ടിലാണെങ്കിലും എത്ര നല്ല രീതിയിൽ സാരി ഉടുക്കുന്ന ആളായിരുന്നു. മുടി എണ്ണ തേച്ചിട്ട് ദിവസങ്ങൾ എത്രയായി? അമ്മയ്ക്ക് വീട് മിസ്സ്‌ ചെയ്യുന്നുണ്ടോ? ഇവിടെ അഡ്ജസ്റ്റ് ചെയ്ത് പോകാൻ ബുദ്ധിമുട്ടാകുന്നുണ്ടോ? എന്തെങ്കിലും പേടി തോന്നുന്നുണ്ടോ? ഞാനോ തനുവോ എന്തെങ്കിലും മോശമായി പെരുമാറിയോ? ഹെൽത്ത് ഇഷ്യൂസ് വല്ലതുമുണ്ടോ? ഇങ്ങനെ കുറേ കാര്യങ്ങൾ ശ്വേത പറയുകയും ചോദിക്കുകയും ചെയ്തു.

വിമല ഒന്നും മിണ്ടിയില്ല.

"അമ്മയ്ക്ക് അച്ഛനെ മിസ്സ്‌ ചെയ്യുന്നുണ്ടോ...?" അതുവരെയുള്ള ചോദ്യങ്ങളെക്കാൾ ശബ്ദം കുറച്ച് ശ്വേത ചോദിച്ചു. വിമല അവളുടെ മുഖത്തേക്ക് തുറിച്ചു നോക്കി.

"അച്ഛനെ മിസ്സ്‌ ചെയ്യുന്നുണ്ടോ..?" ശ്വേത ആവർത്തിച്ചു. ഇത്തവണ മകളുടെ കണ്ണുകൾ നിറഞ്ഞത് വിമല കണ്ടു.

"മഹേഷേട്ടൻ വന്നിട്ട് നമുക്ക് ഏതെങ്കിലും ഹോസ്പിറ്റലിൽ പോയാലോ..? അമ്മയുടെ മെന്റൽ ഹെൽത്ത് നോക്കിയാലോ..?" കണ്ണ് തുടച്ചുകൊണ്ട് ശ്വേത ചോദിച്ചു.

"അച്ഛൻ മരിച്ചതിൽപിന്നെ നീ എപ്പോഴെങ്കിലും അദ്ദേഹത്തെ ഓർത്തിട്ടുണ്ടോ...?"

അമ്മയുടെ ചോദ്യം ശ്വേതയെ അമ്പരപ്പിച്ചു. ചുമരിൽ ഫ്രെയിം ചെയ്ത അച്ഛന്റെ ഫോട്ടോയിലേക്ക് അവൾ തിരിഞ്ഞു നോക്കി.

"ഞാൻ ഓർക്കാറുണ്ട്.." ശ്വേത ശബ്ദം താഴ്ത്തി പറഞ്ഞു. വിമല മൂളി.

"മരിച്ചു പോയ വേണ്ടപ്പെട്ടവരെ ഇടക്കൊക്കെ ഓർക്കണം മോളേ. ജീവിച്ചിരുന്നപ്പോൾ അവര് നമുക്ക് തന്ന സ്നേഹവും, സന്തോഷവുമൊക്കെ ഓർക്കണം. അത് അവർക്ക് വേണ്ടീട്ടല്ല. അവര് നമ്മളെ സ്നേഹിച്ചിരുന്നു, ചിരിപ്പിച്ചിരുന്നു,കരയിപ്പിച്ചിരുന്നു തൊട്ടിരുന്നു, നമ്മളോട് മിണ്ടിയിരുന്നൂന്നൊക്കെ നമുക്ക് തന്നെ വിശ്വസിക്കാൻ വേണ്ടിയാ..."

ശ്വേത വെറുതെ മൂളിയതേയുള്ളൂ.

"ഞാൻ പക്ഷേ നിന്റെ അച്ഛനെ ഓർക്കാതിരിക്കാനാ ശ്രമിച്ചത്. അയാളതിന് സമ്മതിക്കുന്നില്ല" വിമലയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ശ്വേത അവരെ സംശയത്തോടെ നോക്കി.

"അച്ഛൻ എപ്പോഴെങ്കിലും നിന്നോട് എന്തെങ്കിലും ആഗ്രഹം പറഞ്ഞിട്ടുണ്ടോ...?"

അങ്ങനെയൊന്നുണ്ടായിരുന്നോ എന്ന് ശ്വേത അൽപനേരം ആലോചിച്ചു.

"ഇല്ല.. എന്നോടൊന്നും പറഞ്ഞിട്ടില്ല" അവൾ പറഞ്ഞു.

വിമല ചിരിക്കാൻ ശ്രമിച്ചു.

"ആഗ്രഹങ്ങളൊന്നും പറയാത്ത മനുഷ്യനായിരുന്നു. നാൽപ്പത് കൊല്ലം കൂടെ ജീവിച്ചിട്ടും എന്നെ ഒന്നിനും നിർബന്ധിച്ചിട്ടില്ല... വാശി കാണിച്ചിട്ടില്ല. വില്ലേജ് ഓഫീസറുടെ കാർക്കശ്യമൊന്നും വീട്ടിൽ കാണിച്ചിട്ടേയില്ല... എന്തൊരു പാവം മനുഷ്യനായിരുന്നു...."

ശ്വേതയും അതു തന്നെ ആലോചിക്കുകയായിരുന്നു. എല്ലായ്‌പ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കണ്ടിരുന്ന അച്ഛൻ. അച്ഛന്റെ കൂട്ടുപുരികവും കുറ്റിമീശയും മെലിഞ്ഞ ശരീരവുമൊക്കെ ശ്വേത ഓർത്തെടുത്തു.

"അദ്ദേഹത്തിന്റെ ഒരേയൊരാഗ്രഹം.... അത് ഞാൻ ചെയ്ത് കൊടുക്കേണ്ടതായിരുന്നു...."വിമലയുടെ ശബ്ദം മുറിഞ്ഞു പോകുന്നുണ്ടായിരുന്നു.

"എന്തായിരുന്നു അത്...?"ശ്വേത ചോദിച്ചു.

നിറഞ്ഞു വന്ന കണ്ണുകൾ സാരിയുടെ അറ്റം കൊണ്ട് തുടച്ച് നിലത്തേക്ക് നോക്കി വിമല പറഞ്ഞു തുടങ്ങി.

"രണ്ട് വർഷം മുൻപ് ഞങ്ങൾ ഒരു യാത്ര പോയിരുന്നു. തലേദിവസം രാത്രീലാണ് ആള് അങ്ങനൊരു കാര്യം പറഞ്ഞത്. കേട്ടപ്പോൾ ഞാൻ മൂക്കിൽ വിരല് വച്ചെന്നുള്ളതാ സത്യം. ആവണ പ്രായത്തില് പോയിട്ടില്ല, പിന്നെയാണോ ഈ വയസ്സാംകാലത്തെന്ന് ഞാൻ കളിയാക്കി. ആള് അത് കേട്ട് കുറേ ചിരിച്ചു. പിറ്റേന്ന് പുലർച്ചെ എഴുന്നേറ്റ് കാർ കഴുകുന്നത് കണ്ടപ്പോഴാ കാര്യായിട്ട് പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായത്. എത്ര ദിവസത്തേക്കാണെന്ന് ചോദിച്ചപ്പോൾ, രണ്ട് ദിവസം കഴിഞ്ഞ് വരാമെന്ന് പറഞ്ഞു. മോളോട് പറയണ്ടാന്നും പറഞ്ഞു. അതെന്താന്ന് ഞാൻ ചോദിച്ചില്ല.

ആദ്യായിട്ടൊരു യാത്ര പോകുന്ന കൗതുകത്തോടെയാണ് ഞാനന്ന് കാറില് ഇരുന്നത്. അല്ല, അത് അങ്ങനെത്തന്നെയായിരുന്നു. എന്റെ ഓർമയില് ആദ്യായിട്ടായിരുന്നു അങ്ങനൊരു യാത്ര. പാലക്കാട്‌ വഴി തമിഴ് നാട്ടിലേക്കാണ് കേറിയത്. നിന്റെ അച്ഛന് ഇത്ര സ്പീഡില് വണ്ടി ഓടിക്കാൻ അറിയുമായിരുന്നൂന്നൊക്കെ ഞാനന്നാ മനസ്സിലാക്കിയത്. ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ കേറിയ ഹോട്ടലിൽ ആരോടൊക്കെയോ അച്ഛൻ തമിഴിൽ സംസാരിക്കുന്നുണ്ടായിരുന്നു. എന്ത് ഭംഗിയായിട്ടാണ്‌ തമിഴ് പറയുന്നതെന്ന് ഞാൻ അതിശയിച്ചുപോയി.

പൊള്ളാച്ചിയിൽ നിന്ന് അൻപത് കിലോമീറ്റർ ഉള്ളിലോട്ടുള്ള ഒരു ഗ്രാമത്തിലേക്കാ വണ്ടി തിരിച്ചത്. കാറിനൊക്കെ കഷ്ടിച്ച് പോകാൻ പറ്റുന്ന വഴിയിലൂടെയായിരുന്നു യാത്ര. ആ വഴിയുടെ അവസാനത്ത് കണ്ട ഒരു ചെറിയ വീടിന്റെ അരികിൽ അച്ഛൻ വണ്ടി നിർത്തി ഇറങ്ങി. അത്ര പഴയതല്ലാത്ത ഒരു ഓടിട്ട വീടായിരുന്നു അത്. മുറ്റത്ത്‌ നിറയെ ചെടികളൊക്കെ ഉണ്ടായിരുന്നു. മുറ്റത്തെ കളിക്കുകയായിരുന്ന ചെറിയ പെൺകുട്ടി ഞങ്ങളെ സംശയത്തോടെ നോക്കി. അകത്തേക്ക് നോക്കി ഉച്ചത്തിൽ അമ്മയെയും അപ്പനെയും വിളിച്ചു. അവളുടെ അപ്പനും അമ്മയും ചെറുപ്പക്കാരായ രണ്ടു പേരായിരുന്നു. അവർ ഒന്നിച്ചാണ് പുറത്തേക്ക് വന്നത്.

ആ ചെറുപ്പക്കാരനെ കണ്ടതും അച്ഛൻ ധൃതിയിൽ അവന്റെ അടുത്തേക്ക് നടന്നു. അച്ഛൻ അടുത്തെത്തിയിട്ടും അവൻ ഒന്നും മിണ്ടിയില്ല. വിശ്വസിക്കാനാവാത്തത് പോലെ അവൻ അച്ഛനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. പെട്ടെന്ന് കരഞ്ഞുകൊണ്ട് നിന്റെ അച്ഛൻ അവനെ തൊഴുതു. അവൻ അനങ്ങാതെ നിൽക്കുകയായിരുന്നു. അടുത്ത നിമിഷം അച്ഛൻ അവന്റെ കൈ പിടിച്ച് തന്റെ മുഖത്ത് അടിപ്പിക്കുന്നതാ ഞാൻ കണ്ടത്. ഞാൻ ഞെട്ടിപ്പോയി. എനിക്ക് നിന്നിടത്തു നിന്ന് അനങ്ങാൻ പോലും പറ്റിയില്ല. അവന്റെ ഭാര്യയും മോളുമൊക്കെ അതേ അവസ്ഥയിലായിരുന്നു. നാലഞ്ച് തവണ അച്ഛൻ രണ്ട് കവിളുകളിലും മാറി മാറി അവനെക്കൊണ്ട് അടിപ്പിച്ചു. അവന്റെ ഭാര്യയാണ് അച്ഛനെ പിടിച്ചു മാറ്റിയത്. മുഖം പൊത്തിക്കൊണ്ട് അച്ഛൻ മണ്ണിലേക്കിരുന്നു. അവൻ അപ്പോഴേക്കും കരഞ്ഞു തുടങ്ങിയിരുന്നു. കരഞ്ഞുകൊണ്ട് അവനാണ് അച്ഛനെ പിടിച്ചെഴുന്നേൽപ്പിച്ചത്. അച്ഛൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ വിലക്കിക്കൊണ്ട് അവൻ മുറുക്കെ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. രണ്ടുപേരും വീണ്ടും കുറേ കരഞ്ഞു. നിന്റെ അച്ഛൻ കരയുന്നത് ഞാൻ അന്നാണ് ആദ്യായിട്ട് കാണുന്നത്. ഒരു പെരുമഴ പെയ്തൊഴിയുന്നത് പോലെയായിരുന്നു അത്. കുറേയധികം നിമിഷങ്ങളിലേക്ക്...കെട്ടിപ്പിടിക്കലും കരച്ചിലുമൊക്കെ കഴിഞ്ഞപ്പോഴാണ് അവനെന്നെ കാണുന്നത്. നിറയെ മുടിയൊക്കെയായി കുട്ടിത്തം തോന്നിക്കുന്ന ഒരു മുഖമായിരുന്നു അവന്റേത്. അക്ക വാ എന്നും പറഞ്ഞ് അവനെന്റെ അടുത്തേക്ക് വന്ന് കയ്യിൽ പിടിച്ചപ്പോൾ ഞാൻ പേടിയോടെ അച്ഛനെ നോക്കി, കണ്ണ് തുടച്ചുകൊണ്ട് അച്ഛൻ പുഞ്ചിരിച്ചു.

ഞങ്ങൾ ഒന്നിച്ചാണ് വീട്ടിലേക്ക് കയറിയത്. ഞങ്ങളോട് അവിടെ ഇരിക്കാൻ പറഞ്ഞിട്ട് അവർ അടുക്കളയിലേക്ക് പോയി. എനിക്ക് അന്നേരമാണ് കുറച്ച് സമാധാനം തോന്നിയത്. ഞാൻ ചോദിക്കാൻ തുടങ്ങിയതും എന്നോടൊന്നും ചോദിക്കല്ലേ എന്ന് അച്ഛൻ വിലക്കി. അച്ഛന്റെ മുഖത്തപ്പോൾ വല്ലാത്തൊരു ആശ്വാസം നിറഞ്ഞിരുന്നു. എന്തോ..എന്റെ സംശയങ്ങൾ ചോദിച്ച് അത് ഇല്ലാതാക്കേണ്ടെന്ന് എനിക്കപ്പോൾ തോന്നി. അച്ഛൻ ആ വീട് മുഴുവൻ നടന്നു കാണുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് കരയുകയും കണ്ണ് തുടയ്ക്കുകയും ചെയ്തു പോന്നു. ഞാൻ ഇരുന്നിടത്തു നിന്ന് അനങ്ങിയതേയില്ല. അവന്റെ ഭാര്യ ചായയും പലഹാരങ്ങളും കൊണ്ടുവന്നു. അച്ഛൻ എന്റെ അടുത്തേക്ക് വന്ന് ഇരുന്നു. എല്ലാവരും കൂടി ഒന്നിച്ചാണ് ചായ കുടിച്ചത്. അവളും മോളും വെറുതെ ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. അച്ഛനും അവനും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഏതോ ഒരു കോവിലിന്റെ പേര് അച്ഛൻ പറഞ്ഞു. അപ്പോൾ തന്നെ അവൻ മൂളുകയും ഞങ്ങളൊന്ന് പുറത്തേക്ക് പോയി വരാമെന്ന് മാത്രം പറഞ്ഞ് അച്ഛനും അവനും പുറത്തേക്കിറങ്ങി നടക്കുകയും ചെയ്തു.

ഞാൻ അവന്റെ ഭാര്യയോടും മകളോടുമൊപ്പം അടുക്കളയിലൊക്കെ ഇരുന്ന് സമയം കളഞ്ഞു. ആ പെൺകുട്ടി അക്കാ എന്ന് വിളിച്ച് കുളിക്കാൻ ചൂടുവെള്ളമൊക്കെ തന്നു. ഞാൻ മലയാളത്തിൽ എന്തൊക്കെയോ ചോദിക്കുകയും അവര് തമിഴിൽ ഉത്തരം പറയുകയും ചെയ്തു. അവന്റെ പേര് രാജ എന്നാണെന്നും അവളുടെ പേര് പൂങ്കാവനം എന്നാണ്, മോളുടെ പേര് മല്ലിക എന്നാണെന്നുമൊക്കെ എനിക്ക് മനസ്സിലായി.

അച്ഛനും അവനും തിരികെ വരുമ്പോൾ സന്ധ്യയായിരുന്നു. അച്ഛൻ വലിയ സന്തോഷത്തിലായിരുന്നു. നെറ്റിയിൽ ചുമന്ന കുറിയൊക്കെ തൊട്ട്, ഒരു തമിഴ് ശൈലിയിലായിരുന്നു വരവ്. നിന്റെ കല്യാണദിവസം പോലും അച്ഛനെ അത്ര സന്തോഷത്തിൽ ഞാൻ കണ്ടിരുന്നില്ല. എന്നോട് വെറുതെ ഒന്ന് ചിരിച്ച് അച്ഛൻ അവനോടൊപ്പം വീടിനെ ചുറ്റി നടന്നു.

രാത്രി ഭക്ഷണം കഴിക്കാനിരുന്നത് എല്ലാവരും ഒന്നിച്ചായിരുന്നു. നിന്റെ അച്ഛൻ അത്രയും ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതൊന്നും ഞാനന്നേ വരെ കണ്ടിരുന്നില്ല. അപ്പോഴും അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുകയും കരയുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു.

പാതിരാത്രി വരെ അവനോടൊപ്പം മുറ്റത്ത്‌ കസേരയിട്ട് ഇരിക്കുകയായിരുന്നു അച്ഛൻ. ആ വീട്ടിൽ ആകെയുള്ള കിടപ്പുമുറി ഞങ്ങൾക്ക് ഒഴിഞ്ഞു തന്ന് അമ്മയും മോളും അടുക്കളയിൽ കിടന്നു. നിന്റെ അച്ഛൻ മുറിയിലേക്ക് വന്ന് വാതിൽ അടച്ചപ്പോഴാണ് അതുവരെ അടക്കിവച്ച സംശയങ്ങളൊക്കെ ചേർന്ന് എനിക്ക് കരച്ചിൽ വന്നത്. മുഖം പൊത്തിക്കൊണ്ട് കട്ടിലിൽ വീണ് ഞാൻ കരഞ്ഞു. എന്റെ കവിളിൽ തൊട്ടുകൊണ്ട് അച്ഛൻ പറഞ്ഞത് എന്നോടൊന്നും ചോദിക്കല്ലേ വിമലേ എന്നായിരുന്നു. എനിക്കന്നേരം പാവം തോന്നി. കണ്ണ് തുടച്ച് ഉറങ്ങിക്കോളൂന്ന് പറഞ്ഞ് ഞാൻ ആളോട് ചിരിക്കാൻ ശ്രമിച്ചു. ഞങ്ങൾ രണ്ടുപേരും പക്ഷേ അന്ന് ഉറങ്ങിയിട്ടില്ലായിരുന്നു. പരസ്പരം ഒന്നും മിണ്ടിയിട്ടുമില്ല.

പിറ്റേന്ന് പുലർച്ചെ തന്നെ അച്ഛൻ പോകാൻ തയ്യാറായി. അടുത്തുള്ള കോവിലിൽ നിന്ന് സുബ്രഹ്മണ്യ സ്വാമിയുടെ പാട്ടൊക്കെ കേൾക്കുന്നുണ്ടായിരുന്നു. കാപ്പി കുടിച്ച് യാത്ര പറയുമ്പോൾ അച്ഛൻ അവന്റെ തലയിൽ തൊട്ട് പിന്നെയും കരഞ്ഞു. അവൻ അച്ഛന്റെ കൈ പിടിച്ച് ഉമ്മ വച്ചു. പിന്നെ അവന്റെ കയ്യിൽ കരുതിയ കവർ നീട്ടി. ശിവപട്ട് എന്ന് അച്ചടിച്ച നീലനിറത്തിലുള്ള പഴയൊരു പ്ലാസ്റ്റിക് കവർ. അച്ഛൻ അതിലേക്ക് നോക്കി കുറേയധികം നേരം നിന്നു. അത് ഏറ്റു വാങ്ങുമ്പോൾ അച്ഛനും അവനും ഒന്നിച്ചു കരയുന്നുണ്ടായിരുന്നു.

എനിക്കവരോട് യാത്ര പറയാനൊന്നും തോന്നിയില്ല. ആരാ എന്താണെന്നറിയാത്തവരോട് ഞാനെങ്ങനെ യാത്ര പറയാനാ... ഞാൻ വെറുതെ നിന്നതേയുള്ളൂ. പക്ഷേ അവൻ കുട്ടിയെക്കൊണ്ട് അച്ഛന്റെയും എന്റെയും കാലൊക്കെ തൊടുവിച്ചു. എന്റെ കൈ പിടിച്ച് കരയുകയും ചെയ്തു. ഞാനന്നേരം ബാഗിനുള്ളിൽ നിന്ന് കുറച്ച് രൂപ എടുത്ത് കുട്ടിയുടെ കയ്യിൽ പിടിപ്പിച്ചു. മിഠായി വാങ്ങിക്കോളൂന്ന് പറയുമ്പോൾ പുഴുപ്പല്ല് കാണിച്ച് അതെന്നോട് ചിരിച്ചു. പറ്റുന്നത്ര വേഗം അവിടെ നിന്നിറങ്ങണമെന്നാ എനിക്കപ്പോൾ തോന്നിയത്. ഞാൻ ധൃതിയിൽ മുറ്റത്തേക്കിറങ്ങി. അത് കണ്ടാണ് അച്ഛൻ പിന്നാലെ നടന്നത്. ഞങ്ങൾ ആ വീട്ടിലേക്കുള്ള വഴി കടന്നുപോകുന്നത് വരെ അവൻ കാറിന്റെ പിന്നാലെ നടക്കുന്നുണ്ടായിരുന്നു. വളവ് തിരിഞ്ഞപ്പോൾ കാർ നിർത്തി അച്ഛൻ കൈവീശിക്കാണിച്ചു.

ഒരു കോവിലിന്റെ മുന്നിലെത്തിയപ്പോൾ അച്ഛൻ കാർ നിർത്തി. വലിയൊരു മയിലിന്റെ ശില്പം കൊത്തിവച്ച ആൽത്തറ ഉണ്ടായിരുന്നു അവിടെ. അച്ഛൻ നേരെ അതിനടുത്തേക്ക് നടന്നു. ഞാൻ ഇറങ്ങുന്നുണ്ടോ എന്ന് തിരിഞ്ഞുനോക്കി. എനിക്ക് തല വേദനിച്ചു തുടങ്ങിയിരുന്നു. ഞാൻ ഇറങ്ങാൻ ഭാവമില്ലെന്ന് കണ്ടപ്പോഴാണ് അച്ഛൻ തിരികെ വന്ന് വിളിച്ചത്. ഡോർ തുറന്ന് പിടിച്ച് ഇറങ്ങെടോ എന്ന് പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ കാറിൽ നിന്നിറങ്ങി ഞാൻ ആളുടെ കൂടെ ആലിന്റെ അടുത്തേക്ക് നടന്നു. ആലിന്റെ കീഴിൽ നിന്ന് അച്ഛൻ ആ കോവിലിലേക്ക് നോക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കണ്ണില് വെള്ളം ഉരുണ്ടുകൂടുന്നത് ഞാൻ കണ്ടു.

"പഠിത്തം കഴിഞ്ഞ് കുറച്ച് കാലം ഞാനീ നാട്ടിൽ ഒരു കമ്പനിയിൽ പണിയെടുത്തിരുന്നു. അന്ന് എന്റെ കൂടെ പണിയെടുത്തതാ രാജയുടെ അപ്പൻ" അച്ഛൻ പറഞ്ഞു. ഞാൻ വെറുതെ മൂളിയതേയുള്ളൂ. എന്നോട് പറയാത്ത കുറേയധികം കാര്യങ്ങൾ ആളുടെ ജീവിതത്തിലുണ്ടെന്ന് എനിക്കെപ്പോഴും തോന്നാറുണ്ടായിരുന്നല്ലോ.

അതൊരുപാട് വർഷങ്ങൾക്ക് മുൻപായിരുന്നെന്നും അതിന് ശേഷം ഇപ്പോഴാണ് രാജയെ കാണുന്നതെന്നും അച്ഛൻ തുടർന്നു.

"ജീവിതത്തിൽ എന്നോട് ശത്രുതയുള്ള ഒരേയൊരാൾ അവനാണ്" അതു പറയുമ്പോൾ നിന്റെ അച്ഛന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു ശത്രുവുണ്ടായിരുന്നു എന്നെനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. അന്നോളം ഒരു മനുഷ്യനോടും ഒച്ചയുയർത്തി അദ്ദേഹം സംസാരിക്കുന്നത് ഞാൻ കണ്ടിരുന്നില്ല. എവിടെയും ഒരു വഴക്കിനുമില്ലാതെ ഒഴിഞ്ഞു മാറി നടക്കുന്ന ആളല്ലേ...അത് കേട്ടപ്പോൾ എന്റെ പരിഭവമൊക്കെ നീങ്ങി. എന്തിനാണ് അവന് നിങ്ങളോട് ശത്രുതയെന്ന് ഞാൻ അമ്പരപ്പോടെ ചോദിച്ചു. കണ്ണ് തുടച്ചുകൊണ്ട് ചിരിച്ചതല്ലാതെ അച്ഛനതിന് മറുപടി പറഞ്ഞില്ല. കുറച്ചധികം നേരം ആ ആൽത്തറയിൽ നിശബ്ദനായി ഇരിക്കുകയാണ് ചെയ്തത്. ഞാൻ ഉത്തരം പ്രതീക്ഷിച്ചിരുന്നു. നമുക്ക് പോകാം എന്ന് പറഞ്ഞ് അദ്ദേഹം എഴുന്നേറ്റപ്പോഴാണ് ഒരിക്കലും ആ ഉത്തരം എനിക്ക് കിട്ടില്ലെന്ന്‌ ബോധ്യമായത്.

അവിടെ നിന്ന് തിരിച്ചു വീട്ടിലേക്കെത്തുന്നത് വരേയ്ക്കും ഞങ്ങൾ ഒന്നും സംസാരിച്ചില്ല. എന്നെങ്കിലും അച്ഛന് തോന്നുമ്പോൾ എന്നോടെല്ലാം പറയുമായിരിക്കും എന്ന് ഞാൻ ആശ്വസിച്ചു. വീട്ടിലെത്തിയപ്പോഴേക്കും എല്ലാം മനഃപൂർവം മറന്ന് ഞാൻ മറ്റു കാര്യങ്ങളിലേക്ക് തിരിഞ്ഞു. രാത്രിയിൽ കിടക്കാൻ നേരത്താണ് ആ കവർ അച്ഛൻ എനിക്ക് നീട്ടിയത്. എന്ത് ചെയ്യേണ്ടൂ എന്നറിയാതെ ഞാൻ കുറേ നേരം അതും പിടിച്ചു നിന്നു. അച്ഛനൊന്നും പറഞ്ഞില്ല. ഞാൻ തന്നെ അത് തുറന്ന് നോക്കി. പഴയ ഒരു സാരിയായിരുന്നു അതിനുള്ളിൽ. വെള്ളയിൽ ഇളംനീല നിറമുള്ള പൂമ്പാറ്റകളെ തുന്നിയ സാരി. കൊല്ലങ്ങൾക്ക് മുൻപ് മടക്കിവച്ചതാണെന്ന് അത് നിവർത്തുമ്പോൾ എനിക്ക് മനസ്സിലായി. അതിന് ഇലഞ്ഞിപ്പൂക്കളുടെ മണമുണ്ടായിരുന്നു. ഞാനതും പിടിച്ചങ്ങനെ നിൽക്കുമ്പോൾ അച്ഛൻ കൈ നീട്ടി പൂമ്പാറ്റകളിൽ ഒന്നിനെ തൊട്ടു. അച്ഛന്റെ മെലിഞ്ഞ വിരലിൽ അതൊട്ടി കിടക്കുന്നത് പോലെയൊക്കെ എനിക്കന്നേരം തോന്നി.

എനിക്കൊരാഗ്രഹമുണ്ട്. നീയത് ചെയ്ത് തരണമെന്ന് അച്ഛൻ പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. ആഗ്രഹം എന്ന വാക്ക് അതിന് മുൻപ് അച്ഛന്റെ നാവിൽ വന്നിട്ടുണ്ടോ എന്ന് ഞാനന്നേരം ചിന്തിച്ചു. ഞാൻ സംശയത്തോടെ നോക്കിയപ്പോൾ അച്ഛനാ പൂമ്പാറ്റയിൽ തന്നെ നോക്കി തലയുയർത്താതെ നിൽക്കുകയായിരുന്നു. അതിനെ തൊട്ടോണ്ട് നിൽക്കുന്ന വിരലുകൾ വിറക്കുന്നത് ഞാൻ കണ്ടു.

"ഞാൻ മരിച്ചു കിടക്കുമ്പോൾ ഈ സാരി എന്നെ ഉടുപ്പിക്കണം. ഇതും ഉടുത്തു വേണം എന്നെ ദഹിപ്പിക്കാൻ" നോട്ടം മാറ്റാതെ പതിഞ്ഞ ഒച്ചയിൽ അച്ഛൻ പറഞ്ഞു. വിരലുകളപ്പോൾ ചലനം നിർത്തിയിരുന്നു. വിറയൽ തുടങ്ങിയത് എനിക്കാണ്. കേട്ടത് സത്യമാണോന്നുള്ള സംശയത്തിൽ ഞാനച്ഛന്റെ മുഖത്തേക്കങ്ങനെ നോക്കി. ആളുടെ കവിളുകളൊക്കെ വിറക്കുന്നുണ്ടായിരുന്നു. എന്റെ മുഖത്തേക്ക് നോക്കാൻ പേടിയുള്ളതായി തോന്നി. നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും ഞാൻ പൊട്ടിക്കരഞ്ഞുപോയി. ആ സാരിയും കയ്യിൽ പിടിച്ച് ഞാൻ നിലത്തേക്ക് ഊർന്നിരുന്നു. എനിക്കീ നാടകമൊന്നും മനസ്സിലാകുന്നില്ല, എനിക്കൊന്നും മനസ്സിലാകുന്നില്ലെന്നും പറഞ്ഞ് ഞാൻ കുറേ കരഞ്ഞു. എന്റെ കരച്ചിലൊടുങ്ങും വരെ അച്ഛൻ ഒരേ നിൽപ്പായിരുന്നു. കരഞ്ഞു കരഞ്ഞ് ക്ഷീണം വന്നപ്പോഴാണ് അച്ഛൻ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചത്. എന്റെ ഒരേയൊരാഗ്രഹമാണ്...ഇതെനിക്ക് നടത്തിത്തരണമെന്ന് പിന്നെയും പറഞ്ഞപ്പോൾ ആ സാരി ഞാൻ നിലത്തേക്ക് വലിച്ചെറിഞ്ഞു. ഒന്നും മിണ്ടാതെ ആള് അത് എടുത്ത് കവറിലേക്ക് വച്ച് മുറിയിലേക്ക് നടന്നു.

അന്ന് ഞങ്ങൾ രണ്ട് മുറിയിലാണ് കിടന്നത്. അങ്ങനൊന്ന് ആദ്യമായിട്ടായിരുന്നു. ആ സമയത്ത് നീയെന്നെ വിളിച്ചിരുന്നു. തല വേദനിക്കുന്നെന്ന് പറഞ്ഞ് ഞാൻ പെട്ടെന്ന് ഫോൺ വയ്ക്കുകയാണ് ചെയ്തത്. സത്യത്തിൽ എനിക്ക് തല പൊട്ടിപ്പിളരുന്ന വേദനയുണ്ടായിരുന്നു. അച്ഛനെവിടെ എന്ന് ചോദിച്ചപ്പോൾ ഉറങ്ങി എന്ന് ഞാൻ കള്ളം പറഞ്ഞു. കണ്മുന്നിൽ കണ്ടതും കേട്ടതുമൊക്കെ സത്യമാണോ നുണയാണോന്നൊക്കെ ചിന്തിച്ച് ചിന്തിച്ച് എനിക്ക് ഭ്രാന്ത്‌ പിടിച്ച് തുടങ്ങിയപ്പോഴാണ് അച്ഛൻ എന്നെ വന്ന് തൊട്ടത്. ആ കൈക്ക് നല്ല ചൂടുണ്ടായിരുന്നു. വല്ലാതെ ചുമയ്ക്കുന്നുണ്ടായിരുന്നു. ഞാൻ വെപ്രാളത്തോടെ എഴുന്നേറ്റ് നെറ്റി തൊട്ടു. പനിയായിരുന്നു. അച്ഛൻ കട്ടിലിലേക്ക് കിടന്നു. ഞാൻ പുതപ്പിച്ചു. അച്ഛൻ എന്റെ മുടിയിൽ തലോടി എന്തോ പറയാൻ തുടങ്ങി. ഒന്നും പറയണ്ടെന്ന് ഞാൻ വിലക്കി. കാപ്പിയും ബിസ്കറ്റുമൊക്കെ കൊടുത്തിട്ടും അതൊന്നും കഴിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോൾ ക്ഷീണം കൊണ്ടായിരിക്കണം, ഉറങ്ങിപോവുകയായിരുന്നു.

രാവിലേക്ക് പനി തണുത്തിരുന്നു. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചൊന്നും ഞാൻ പിന്നെ ചോദിച്ചതേയില്ല. അത്രയും കാലം ആ നിഴലിൽ മാത്രമല്ലേ ഞാൻ ജീവിച്ചത്. ചോദ്യം ചെയ്യാനോ, സങ്കടപ്പെടാനോ എനിക്ക് കഴിയില്ലായിരുന്നു. എല്ലാം മറന്നുകളയാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ. ആ രണ്ട് ദിവസങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ നിന്ന് ഞാൻ മായ്ച്ചു കളയുകയായിരുന്നു.

അച്ഛൻ മരിച്ച ദിവസം നീ ഓർക്കുന്നുണ്ടോ... പ്രതീക്ഷിക്കാതെയാണ് ആള് പോയത്. അന്നും ഇതേപോലെ നല്ല മഴയുണ്ടായിരുന്നു. വൈകീട്ടത്തെ ചുക്കുകാപ്പി നിന്റച്ഛന് പതിവുള്ളതല്ലേ. അതും കുടിച്ചുകൊണ്ട് ഇറയത്തിരുന്ന് മഴ കാണുകയായിരുന്നു. പകുതിയോളം കുടിച്ചു തീർത്തപ്പോൾ കണ്ണിലെന്തോ ഇരുട്ട് കേറുന്നത് പോലെ തോന്നുന്നു ഞാനിത്തിരി കിടക്കട്ടേന്നും പറഞ്ഞ് പോയതാണ്. സന്ധ്യയ്ക്ക് വിളക്ക് കൊളുത്തിക്കഴിഞ്ഞപ്പോഴാണ് ഞാൻ വിളിക്കാൻ ചെല്ലുന്നത്. ബോധം ഇല്ലെന്ന് കണ്ടപ്പോൾ ആൾക്കാരെ കൂട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയതും

മരിച്ചു എന്ന് ഡോക്ടർ പറഞ്ഞതും മാത്രമേ എനിക്കോർമ്മ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെത്തിച്ചതും, നിലത്തേക്ക് കിടത്തിച്ചതും നീ കരഞ്ഞുകൊണ്ട് ഓടി വന്നതും എന്നെ ആരൊക്കെയോ ചേർന്ന് അടുത്ത് കൊണ്ട് ഇരുത്തിയതുമൊക്കെ ഒരു മായ പോലെയാ എനിക്ക് തോന്നിയത്. എന്റെ മനസ്സിൽ ആ സമയം വെറും ഇരുട്ട് മാത്രേ ഉണ്ടായിരുന്നുള്ളൂ....മറ്റൊരു നിറവും ഉണ്ടായിരുന്നില്ല.

ചിതയിലേക്ക് എടുക്കുന്നതിന് തൊട്ട് മുൻപാണ് ഞാൻ അച്ഛനെ അവസാനമായി കാണുന്നത്. നെറ്റിയിൽ ഉമ്മ വച്ചപ്പോൾ എനിക്ക് പൊള്ളി. നല്ല ചൂടുണ്ടായിരുന്നു. അന്നേരമാണ്, സത്യമായിട്ടും അന്നേരമാണ് ഞാൻ ആ സാരി ഓർത്തത്. അച്ഛൻ അത് ഷെൽഫിൽ ഭദ്രമായി വച്ചത് ഞാൻ കണ്ടിട്ടുണ്ടായിരുന്നു. നിന്നോട് പോലും ഒന്നും പറയാൻ പറ്റാതെ അച്ഛന്റെ ദേഹത്തിന് അടുത്തിരുന്ന് ഞാൻ ആ നിമിഷം ഉരുകിത്തീരുന്നുണ്ടായിരുന്നു. എന്റെ മനസ്സിൽ കുറേയധികം ആധികളായിരുന്നു.

അവിടെയുള്ളവരോട് ഞാനെങ്ങനെ ആ കാര്യം പറയും...? കേൾക്കുന്നവർ അദ്ദേഹത്തെ കളിയാക്കില്ലേ...? ജീവിതകാലം മുഴുവൻ അദ്ദേഹത്തിന് ലഭിച്ച ബഹുമാനം ഇല്ലാതാവില്ലേ...? പിന്നെല്ലാക്കാലത്തേക്കും എല്ലാവർക്കും പറഞ്ഞു ചിരിക്കാനുള്ള ഒരവസരമാകില്ലേ അത്....? അതിനൊക്കെ മോളില് മറ്റൊരുവളുടെ സാരി ഉടുപ്പിച്ച് ഞാനെങ്ങനെ എന്റെ ഭർത്താവിനെ ചിതയിലേക്ക് അയക്കും...? അങ്ങനെ ചെയ്‌താൽ അത്രയും കാലം ഞാൻ അയാളുടെ ഭാര്യയായി ജീവിച്ചതിൽ എന്തർത്ഥമാണ് ഉള്ളത്..? ആ മനുഷ്യനോട് എനിക്ക് ജീവിതത്തിൽ ആദ്യമായിട്ട് ദേഷ്യം തോന്നിയത് അപ്പോഴാണ്. എനിക്കതിന് കഴിയില്ലെന്ന് ഞാൻ നിശബ്ദമായി അദ്ദേഹത്തോട് പറഞ്ഞു. പറഞ്ഞു തീർന്നതും ഞാൻ മുറിയിലേക്കോടുകയാണ് ചെയ്തത്. ആ നിമിഷം ഞാനും മരിച്ചു പോകണേ എന്നാണ് ഞാൻ പ്രാർത്ഥിച്ചത്.. അതു മാത്രമാണ് പ്രാർത്ഥിച്ചത്..... "

വിമല പറഞ്ഞു നിർത്തി. അമ്മയ്ക്കും തനിക്കുമിടയിൽ തണുപ്പിന്റെ ഒരു വലയം രൂപം കൊള്ളുന്നതായി ശ്വേതയ്ക്ക് തോന്നി. അവൾ അമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കി. വിമലയുടെ മുഖത്ത് നിർവികാരതയായിരുന്നു.

അവൾ വിമലയുടെ കൈകൾ അമർത്തിപ്പിടിച്ചു.

"എല്ലാം കഴിഞ്ഞില്ലേ അമ്മേ ഇനിയതൊന്നും ഓർക്കണ്ട..."പതിഞ്ഞ ശബ്ദത്തിൽ ശ്വേത പറഞ്ഞു.

"എല്ലാം കഴിഞ്ഞില്ലേ....ശരിയാ.. ഞാനും അങ്ങനെയായിരുന്നു വിചാരിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച്ച വരെ" ശ്വേതയെ നോക്കിക്കൊണ്ട് വിമല തുടർന്നു.

"കഴിഞ്ഞ ആഴ്ച്ച ഇതുവഴി പോയ ആ ശവയാത്ര....ആരാണോ എന്താണെന്നോ അറിയാത്ത, ജീവനോടെ ഞാൻ കണ്ടിട്ടില്ലാത്ത മനുഷ്യൻ. മരവിച്ച അയാളുടെ മുഖം ചില്ലുകൂട്ടിനുള്ളിലൂടെ ഞാൻ വ്യക്തമായി കണ്ടു. അയാളുടെ മുഖത്ത് വല്ലാത്തൊരു സംതൃപ്തിയുണ്ടായിരുന്നു. സർവ്വ ആഗ്രഹങ്ങളും നിറവേറ്റിയതിന്റെ സംതൃപ്തി. ഇനിയൊരാഗ്രഹവും ജീവിതത്തിൽ ബാക്കിയില്ലാത്തതിന്റെ സമാധാനം....." വിമല കരഞ്ഞു തുടങ്ങിരുന്നു.

"നിന്റെ അച്ഛനും അങ്ങനെ മടങ്ങേണ്ട ആളായിരുന്നു...അത്...അത് ഞാൻ നിഷേധിച്ചു.. ഞാൻ ചെയ്തത് വലിയ തെറ്റായിരുന്നു മോളേ..." കരഞ്ഞുകൊണ്ട് വിമല ശ്വേതയുടെ തോളിലേക്ക് ചാഞ്ഞു.അമ്മയുടെ മുടിയിൽ തടവിക്കൊണ്ട് ശ്വേത ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

വിമല മെല്ലെ എഴുന്നേറ്റു. ശ്വേത അവരുടെ കണ്ണുകളിലേക്ക് നോക്കി. അവ രണ്ടും ചുവന്നു കലങ്ങിയിരുന്നു. വിമല അകത്തേക്ക് നടന്നു.

ശ്വേത അച്ഛന്റെ ഫോട്ടോയിലേക്ക് നോക്കി. അന്നേരം ജനലിനുള്ളിലൂടെ ഒരു പൂമ്പാറ്റ ആ ഫോട്ടോയിൽ വന്ന് ചിറകുകൾ തൊടുന്നതും അത് വിമലയുടെ അടുത്തേക്ക് പറക്കുന്നതും അവൾ കണ്ടു. അതിന് ഇളനീല നിറമായിരുന്നു. ആ സാരി ആരുടേതാണെന്ന് അവൾ നിശബ്ദമായി അതിനോട് ചോദിച്ചു.

Comments