ഇംത്യാസ് മരിച്ച് മൂന്നാല് ദിവസം കഴിഞ്ഞിട്ടും കടലുപോലെ ചിതറിത്തെറിക്കുന്ന ഇംത്യാസ്ച്ചിരികൾ കുന്നിൻമുകളിലെ ഒറ്റവീട്ടിൽനിന്ന് നുരഞ്ഞ് അലയടിക്കുന്നതായി തോന്നി.
ചത്തുകിടന്നപ്പോഴും അവന്റെ മീൻകണ്ണിലെ ചൂണ്ടക്കൊളുത്തുകൾ മലച്ചുനിന്നു. അതിൽ അള്ളിപ്പിടിച്ചിരുന്ന അവസാനത്തെ മുഖം ആരുടേതാണ്? രജനിയുടേതോ…?
ഇംത്യാസിന് മരിക്കാൻ ഒന്നിലധികം കാരണങ്ങളുണ്ടായിരുന്നു. അവന്റെ കുലുങ്ങിക്കൊഞ്ചുന്ന ഭാഷയിൽ പറഞ്ഞാൽ ‘ചുണ്ണാപ്പി' കാരണങ്ങൾ മുതൽ ബല്യബല്യ കാരണങ്ങൾ വരെ. ഓന്റെ മുന്നീന്നു ഓന്റെ ഉപ്പ പൊഴേല് വീണു ചത്തത് മുതൽ അപ്പുറത്തെ വീട്ടിലെ കാർന്നോര് കുഞ്ഞിംത്യാസിന്റെ മേൽ തൊട്ട് നാശാക്കിയത് വരെയുള്ള കാരണക്കൂട്ടങ്ങൾ...
കാർന്നോരുടെ നഖക്കോറലിൽ ഇംത്യാസ് എന്നും പുകഞ്ഞു എരിപിരി കൊണ്ടു...
അവന്റെ മീൻകണ്ണിൽ പിടയുന്ന ഓരോ ‘കാരണത്തിലും’ അവൻ മുങ്ങിപ്പിടഞ്ഞു.
ഏത് വെള്ളത്തിൽ ചാടിയാലും ആ പുകച്ചിലിൽ അവനു വല്ലാണ്ടായി.
ഇത്രയും കാരണങ്ങൾ തിങ്ങിനിറഞ്ഞിട്ടും, പെരുങ്കാടുകൾ പോലെ അവ പടർന്നുനിന്നിട്ടും പള്ളിക്കാട്ടിലേക്ക് എടുത്തപ്പോൾ എല്ലാരും ചോദിച്ചു, ഇതിനുമാത്രം എന്തേ എന്ന്. ജീവിതത്തിന്റെ രഹസ്യാത്മകത ഇംത്യാസിന്റെ മരണത്തിനും അത്രകണ്ടുതന്നെ കിട്ടി. ആത്മഹത്യ ചെയ്ത ഏതൊരു മനുഷ്യനും അവശേഷിപ്പിക്കുന്ന നിഗൂഢത അവനുമുണ്ടായിരുന്നു. ഇംത്യാസിൽ കുതിർന്നൊട്ടി വെള്ളം കുടഞ്ഞെഴുന്നേറ്റ പെണ്ണുങ്ങളുടെ എണ്ണം കാക്കത്തൊള്ളായിരമാണ്. കാക്കത്തൊള്ളായിരം പെൺ-ഉമ്മകളിൽ ഇംത്യാസ് ഉരുമ്മിനിന്നു. ഇംത്യാസിന്റെ ഭാഷയിൽ ‘ഭൂമിമലയാളം മുഴുക്കെയുള്ള മലർക്കൊടികള്...’ മറ്റു വടവൃക്ഷങ്ങളിലേക്ക് ആ മലർക്കൊടികൾ പടന്നുകയറിയിട്ടും അവന്റെ കിടക്കമണത്തിലും കേലവാസനയിലും അവർ ഉടുമ്പിച്ചുകിടന്നു.
മുറ്റിയ ശവ്വാൽചന്ദ്രിക കുന്നിന്റെ മണ്ടയിലാകെ ഒലിക്കുമ്പോൾ ഇംത്യാസിനോട് ഞാൻ ആ രഹസ്യം ചോദിച്ചു:
‘എങ്ങനാണ്ടാ പെണ്ണുങ്ങള് അന്നെ തേടിവരണത്’.
നിലാവ് ചിന്തിയപോലെ ചിരിച്ചുമറിഞ്ഞ്, വരട്ടിയ പോർക്കെടുത്ത് ഇംത്യാസ് തൊള്ളയിലിട്ടു. കൈലി ഒന്നൂടെ അരക്കെട്ടിനോട് ചേർത്തുവെച്ച് മടക്കിക്കുത്തി കള്ള് മോന്തിക്കൊണ്ട് പറഞ്ഞു,
‘ഇനിക്ക് നല്ലോണം പ്രേമിക്കാനറിയാം ഉസൈനേ... ഖൽബ് തൊട്ട് അതങ്ങോട്ട് കൊടുത്താ ഓര് മൊഞ്ചിലങ്ങട്ട് വന്നോളും’.
▮
‘അരപ്പിരീം കള്ളും പെണ്ണും പന്നിയെറച്ചീം… തറവാടിന്റെ പേര് മുടിച്ച പടപ്പ്’, ഇബ്‌ലീസിനെ കൂട്ടിത്തൊട്ട മാതിരി സാബിറ ഉറഞ്ഞുതുള്ളി.
വറ്റിച്ച മത്തിച്ചട്ടിയിൽ മട്ടയരിച്ചോറിട്ട് തൈരും കാന്താരിയും ഞരടി മൂക്കിലേക്ക് എരിവലിച്ചെടുക്കുമ്പോ, ഉമ്മച്ചി തുപ്പിയിട്ട പ്രാക്കൊന്നും ഇംത്യാസിന്റെ തലയിൽ തൊട്ടില്ല. സാബിറയുടെ കലി പിടിച്ച ചാട്ടം ഇംത്യാസ് കണ്ടില്ല. മത്തിയെരിവിന്റെ മാളത്തിലേക്ക് നാക്കുനീട്ടിക്കൊണ്ട് ഇംത്യാസിരുന്നു.

▮
അവനിലേക്ക് ഏറ്റവുമൊടുവിൽ ചെന്നുപതിച്ച പെണ്ണ് തണ്ടക്കാട്ടെ രജനിയായിരുന്നു. നാട്ടിലെ ഒരുവിധപ്പെട്ട ആണുങ്ങളൊക്കെ വലിച്ചുനോക്കിയിട്ടും ഒട്ടിവരാത്ത പെണ്ണ്. അവരിൽനിന്നൊക്കെ വരാല് പോലെ പുറഞ്ഞ് വഴുതിപ്പോയ പെണ്ണായിരുന്നു രജനി.
‘‘പെണ്ണായാ അങ്ങനെ വേണം ഉസൈനേ... ഓളെ ഖൽബിലങ്ങനെ പ്രേമത്തിന്റെ പിരിശാണ്. അതാണ് ഓള് വരാല് മായിരി പൊളയണത്’’.
വഴുതിയും തെന്നിമാറിയും ഭംഗിയുള്ള മൂക്കുത്തിച്ചിരിയിൽ രജനി മിനുങ്ങിനിന്നു.
തണ്ടപ്പാട്ടെ ഇടവഴീലെ കള്ളുഷാപ്പില് രാത്രിവെളിച്ചം മുറുക്കംപിടിച്ചാൽ ആണുങ്ങളൊക്കെ അങ്ങോട്ട് പാഞ്ഞുതുടങ്ങും. കണ്ടിച്ച പോത്തിൽ രജനി കുരുമുളക് വിതറിയതിന്റെ എരി കാത്ത്, രജനിയുടെ ഇടുപ്പെളക്കിയുള്ള നട നോക്കി അവറ്റകള് അവിടെ കൂടും.
രജനീന്റെ കെട്ട്യോൻ അറുമുഖൻ പണ്ട് നെന്മാറ വേല കാണാൻ പോയതാണ്. കൊല്ലം കൊറേ കയിഞ്ഞിട്ടും അറുമുഖൻ വന്നില്ല.
‘‘വന്നില്ലെങ്കിൽ വരണ്ട, ഇനിക്കി ഓൻ വന്നാലും ഇല്ല്യേലും നേരം വെളുക്കും... രാത്രിയാവും’’.
ഒറ്റയ്ക്ക് പൊറുക്കുന്നതിന്റെ രാത്രി വാതിൽമുട്ടിനെ തെറിപറഞ്ഞാട്ടിവിട്ടുകൊണ്ട് രജനിയുടെ ഉള്ളിലെ കടലുറങ്ങി. ഇംത്യാസിൽ മാത്രം അത് അലയടിച്ചുയർന്നു.

▮
നീണ്ട ഇടതൂർന്ന കറുത്ത മുടി, നീണ്ട താടി, കറുത്ത് മിനുത്ത ശരീരം- ആലിഞ്ഞി കൊളത്തില് മുങ്ങാങ്കുഴിയിട്ട് മീൻപിടിക്കാൻ ഇംത്യാസ് ചാടുമ്പോൾ കരിമുടി വെള്ളത്തിൽ ചിതറിവീഴും. നനഞ്ഞുകുതിർന്ന് ഒറ്റവാലായി മുടി ഉയർത്തി ഇംത്യാസ് പൊങ്ങുമ്പോൾ കുളിക്കാൻ വന്ന പെണ്ണുങ്ങള് ചോദിക്കും, ഇത് പെണ്ണോ, ആണോ?
ജലനാഴികയുടെ രഹസ്യങ്ങളിലേക്ക് നൂണ്ടുപോയി പൊളപ്പ് മാറാത്ത മീനിനെ പിടിക്കാൻ ഇംത്യാസോളം വിരുതന്മാർ അന്നാട്ടില് വേറെയില്ല. ഉച്ച ഉച്ചരയ്ക്ക് ഗുളികൻ മോളില് കത്തിനിക്കുമ്പോഴും പെരുന്നാങ്കാവിലെ ദൈവം കൊളത്തില് നീരാട്ടിന് വെരുമ്പോഴുമൊക്കെ ഇംത്യാസ് വെള്ളത്തിൽക്കിടന്ന് തുടിച്ചു. ചിറകും വാലും കുടഞ്ഞ് മൂപ്പെത്തിയ മീൻ കണക്കെ ലങ്കിമറിഞ്ഞു.
കൊളത്തിലെ മീനെല്ലാം ചന്ത തൊടാതെ രജനിയുടെ ഷാപ്പിൽ വെന്തുതുടങ്ങിയപ്പോ നാട്ടുകാരൊക്കെ ഒരുജാതി ചിരി ചിരിച്ചു.

▮
അരക്കെട്ട് വരെ നീണ്ടുകിടക്കുന്ന അവന്റെ മുടിയിഴകൾക്ക് എപ്പോഴും രജനിയുടെ മണമായിരുന്നു. ഷാപ്പിന്റെ അതിരിൽ വിരിയുന്ന മന്ദാരപ്പൂവുകൾ നുള്ളിയെടുത്ത് അവൾ ഇംത്യാസിന്റെ ചുരുളൻ മുടിയിൽ ഒളിപ്പിച്ചുവെച്ചു. ഇംത്യാസ് തലനിവർത്തുമ്പോൾ കറുത്ത ഇഴകളിൽനിന്നും ആ മന്ദാരങ്ങൾ ഇളകിവീണു.
പ്രേമത്തിന്റെ ചൂരുള്ള കിടക്കയിൽ രജനിയിലേക്ക് സ്വയം ഒതുങ്ങുമ്പോൾ ഇംത്യാസിനെ ചെമ്പകപ്പൂമണം പൊതിയുന്നതായി രജനിക്ക് തോന്നി. കാർമേഘച്ചുരുളുകളിൽ അവളുടെ ദേഹം പൊതിഞ്ഞുനിന്നു.
എത്ര കഴിച്ചിട്ടും മതിയാകാത്തൊരു പലഹാരം പോലെ, രജനി ഇംത്യാസിനായി കൊതിപൂണ്ടുകൊണ്ടു. തൊട്ടാൽ പുളയുന്ന വരാൽപ്പെണ്ണായ രജനിയുടെ കണ്ണിൽ ഇംത്യാസ് ഒരു കടലുപോലെ നിന്നു.
സ്വതവേ ആണുങ്ങൾക്ക് മെരുങ്ങാത്ത അവളുടെ പ്രണയപ്പുളപ്പിൽ ഇംത്യാസ് ജീവൻ കണ്ടെത്തി. തോന്ന്യാസി ഇംത്യാസിന്റെ വീടായി അവൾ മാറി. കൈക്കുടന്ന നിറയെ അവൻ പ്രണയം വാരിയെടുത്തു. ചുമരില്ലാത്ത ആ രജനിവീട്ടില് ഇംത്യാസ് ചിരിച്ചു...കരഞ്ഞു…വേദനവെയിലുകളിൽ ഒളിച്ചിരുന്നു. തോരാതെ പെയ്യുന്ന കണ്ണീർമഴയിൽ ആ വീടവന് കുടയായി. രജനിയിൽ, ഇംത്യാസ് ഇംത്യാസായി താമസിച്ചു.

▮
കോയമ്പത്തൂരുനിന്ന് പാത്രം കൊണ്ടുവന്ന് വീടുവീടാന്തരം വിൽക്കുന്ന പളനിസ്വാമി മൂന്നാമത്തെ വട്ടം നാട്ടില് വന്നപ്പോ അയാളുടെ കൂടെ അന്നുവരെ ആരും കാണാത്ത കറുത്തുതിളങ്ങുന്നരു സുന്ദരിപ്പെണ്ണ് അറുകരയിലെത്തി-മീനാക്ഷി. ഇരുട്ടിനെ ആവോളം കോരിക്കുടിച്ച, അവളുടെ തൊലിമിനുപ്പിലും കുപ്പിവളത്താളത്തിലും അറുകരയിലെ കാറ്റുവരെ ഒന്നു മയങ്ങിനിന്നു.
ഉളുമ്പ്‌വാടയുള്ള അറുകരയിലെ കാറ്റിൽ മൂവന്തിച്ചോപ്പിന്റെ നിറമുള്ള ധാവണി ഇളക്കിയാടി ‘പളനിസ്വാമീ, കെട്ട്യോളാ? എന്ന് ഇംത്യാസിന്റെ ഉമ്മച്ചി കുന്നെറങ്ങി വന്നു ചോദിച്ചു.
‘മോളാ ഉന്റെ?’ അറിയാവുന്ന തമിഴും മലയാളവും കൂട്ടിച്ചേർത്ത് നാട്ടുകാർ മുഴുവൻ അയാളോട് ചോദിച്ചു.
രജനിയുടെ ഷാപ്പിന്റെ അതിര് വരെ, പളനിസ്വാമിയുടെ കൂടെ വന്ന ‘ഏതോ ഒരുത്തി’യുടെ ചന്തം ആൺവാക്കിൽ ഉഴറിനിന്നു. തക്കം കിട്ടിയാൽ ഒറ്റക്കണ്ണിറുക്കി തന്റെ നേരെ പ്രേമമെറിയുന്ന പളനിസ്വാമിക്കൊപ്പം വന്ന പെണ്ണൊരുത്തിയെ കാണാനൊരു പൂതി രജനിക്കും പടർന്നുപിടിച്ചു.
▮
നെറയെ രോമമുള്ള കാല് കുളത്തിലേക്ക് നീട്ടിവെച്ച്, ഇംത്യാസ് കൊണ്ടോന്ന മുല്ലപ്പൂമീനിനെ ഉപ്പിട്ട്, വഴുവഴാന്ന്ള്ള കൊഴുപ്പ് എളക്കിയെടുക്കുമ്പോൾ ഷാപ്പിന്റെ പിറകിലൂടെ തന്നെ നോക്കി നിൽക്കുന്ന തമിഴ് അഴകിനെ രജനിയും കണ്ടു. കണങ്കാലിലെ മുഴുപ്പിലേക്ക് തറഞ്ഞിരിക്കുന്ന ആ പെൺമിഴിയിലേക്ക് രജനി കണ്ണുകൊണ്ട് ഓടിയെത്തി.
‘പഴനി സ്വാമീന്റെ മോളാ…?'
‘ആമാ…’
‘നീങ്ക റൊമ്പ അഴകാർക്ക്…’
ഉതിർന്നുവീഴുന്ന ആ തമിഴ്ചിരിയിൽ ഒട്ടിപ്പിടിച്ചുകൊണ്ട് രജനി നിന്നു.
ചുണ്ടൊട്ടുന്ന ഉമ്മമണത്തിൽ ആ പെണ്ണുങ്ങൾ പിരിശം പൂണ്ടു. കുളിരിൽ പരസ്പരം ചൂടായും ചൂടില് കത്തുന്ന പ്രേമമായും അവര് മാറിക്കൊണ്ടിരുന്നു...
▮
ഇംത്യാസിന്റെ മുടിയടുക്കുകളിൽ പിന്നീട് മന്ദാരങ്ങൾ പൂക്കാതായി. രജനിയുടെ മണത്തിൽ ആ കറുകറുത്തയിഴകൾ പ്രേമിക്കാതായി. അവന്റെ കണ്ണിലെ രജനിക്കടലെല്ലാം വറ്റിവറ്റി കുറുകിത്തീർന്നുപോയി.
പലയാവർത്തി പ്രേമം നിറഞ്ഞ കിടക്കവിരിപ്പിൽ തമിഴ്മണം നിറഞ്ഞുനിന്നു. മുറികൂട്ടി ചെടികണക്ക് പെണ്ണുങ്ങൾ ചോക്കുന്നതും പൂക്കുന്നതും അറുകരയിലെ കാറ്ററിഞ്ഞു, കുളത്തിലെ മുല്ലപ്പൂമീനുകളറിഞ്ഞു, ഇംത്യാസുമറിഞ്ഞു. വീട് നഷ്ടം വന്ന ഒരുത്തനായി, ഒരു മേൽക്കൂരയ്ക്ക് കീഴെയും ആശ്വാസപ്പെടാതെ ആ തോന്ന്യാസി അലഞ്ഞു.
എന്നിട്ടും നാളിത്ര കഴിഞ്ഞിട്ടും എല്ലാരും ചോദിച്ചോണ്ട് നിന്നു,
‘ഇംത്യാസ് തൂങ്ങിച്ചത്തതെന്തിനാടീ...’