എവിടെയോ
ഒരു ചന്തുണ്ണിയേട്ടൻ...

ഒന്ന്

ന്തുണ്ണിയേട്ടനും ഞാനും തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. വെളുത്ത നിറത്തിൽ ഉയരം കുറഞ്ഞ് മെല്ലിച്ച ഒരാളാണ് ചന്തുണ്ണിയേട്ടൻ. കട്ടിപ്പുരികമാണ് മൂപ്പർക്ക്, അതിൻ്റെ താഴെ നല്ല തെളിച്ചമുള്ള കണ്ണുകളുമുണ്ട്. പക്ഷേ ആ തെളിച്ചം എപ്പോഴും ഏട്ടൻ്റെ കണ്ണുകളിൽ ഉണ്ടാവില്ല.

എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ ചന്തുണ്ണിയേട്ടൻ ഈ നാട്ടിലുണ്ട്. കള്ളിമുണ്ടും കയ്യില്ലാത്ത വെള്ള ബനിയനുമാണ് മൂപ്പരുടെ സ്ഥിരം വേഷം. സദാ സമയവും വായിൽ മുറുക്കാനുണ്ടാവും.

ചന്തുണ്ണിയേട്ടൻ ഈ നാട്ടുകാരനല്ല, എവിടത്തു കാരനാണെന്ന കാര്യത്തിൽ എന്റെ അച്ഛനു പോലും ഉറപ്പില്ല. അച്ഛൻ പറയുന്നത്, പയ്യന്നൂരാണ് ചന്തുണ്ണിയേട്ടന്റെ നാടെന്നാണ്. നാട്ടുകാരിൽ ചിലർ പറയുന്നത് പാലക്കാടിനടുത്തുള്ള കോങ്ങാടാണ് മൂപ്പരുടെ ദേശമെന്ന്. വേറെ ചിലർ പറയുന്നത് തമിഴ്നാട്ടിലെവിടെയോ ആണെന്നാണ്. എന്തായാലും ഞാൻ കാണാൻ തുടങ്ങിയതുമുതൽ ചന്തുണ്ണിയേട്ടൻ ഈ നാട്ടുകാരനാണ്.

ദേശം ഏതായാലും അവിടത്തെ ക്ഷയിച്ച ഒരു നായർ തറവാട്ടിലെ അംഗമാണ് ചന്തുണ്ണിയേട്ടൻ എന്നതിൽ ആർക്കും തർക്കമില്ല. വിദൂരമായ ആ ദേശത്തുനിന്ന് ബുദ്ധിക്ക് അല്പം മങ്ങലുള്ള ചന്തുണ്ണിയേട്ടൻ പുറപ്പെട്ട് പോന്നതാണ്. പോരുമ്പോൾ മൂപ്പർ ചന്തുണ്ണി നായരായിരുന്നു. ഏതൊക്കെയോ പാതകൾ താണ്ടി അറിയാത്ത വണ്ടികളിൽ കയറി ചന്തുണ്ണിയേട്ടൻ ഞങ്ങളുടെ പട്ടണത്തിലെത്തുന്ന കാലത്ത് ഞാൻ പത്താം ക്ലാസിൽ പഠിക്കുകയാണ്.

പട്ടണത്തിലെ കാലിച്ചന്തയ്ക്ക് പോയ എൻ്റെ അച്ഛനാണ് ആദ്യമായി ചന്തുണ്ണിയേട്ടനെ കണ്ടു മുട്ടി ഇന്നാട്ടിലേക്ക് കൊണ്ടുവന്നത്. ചന്തയിൽ പല പല കാഴ്ചകൾ കണ്ടുനടക്കുന്ന കള്ളിമുണ്ടുകാരനെ അച്ഛൻ ശ്രദ്ധിക്കാൻ കാരണം, മുഷിഞ്ഞ വേഷമായിട്ടും അവൻ ആരോടും കൈനീട്ടാതെ ചന്തയിൽ അല്ലറ ചില്ലറ ജോലികൾ ചെയ്യുന്നത് കണ്ടിട്ടാണ്. പിന്നെ ആ വെളുത്ത നെറ്റിയുടെ ഇടതു വശത്തായി നാണയവട്ടത്തിൽ കറുത്തുനിന്ന മറുകുമാണ്. ആ മറുകിൽ രോമങ്ങൾ വളർന്നു നിന്നിരുന്നു.

അച്ഛൻ ചന്തയ്ക്ക് പോയത് പശുവിനെ വാങ്ങാനാണ്. വിലപേശി ഒന്നാന്തരമൊരു കറുമ്പിയെ സ്വന്തമാക്കിയ അച്ഛൻ്റെ അടുത്തേക്ക് വന്ന് ചന്തുണ്ണിയേട്ടൻ ചോദിച്ചു, "ഞാൻ ഇയ്നെ ഒന്ന് തൊട്ടോട്ടേ?"

കാലികളെ തൊടുക മാത്രമല്ല ആവശ്യമില്ലാതെ അവയെ കൈകൊണ്ട് തല്ലുകയും മൂക്കു കയർ പിടിച്ചു വലിക്കുകയുമൊക്കെ ചെയ്യുന്നവർക്കിടയിൽ ഒരുത്തൻ വന്നു കറുമ്പിയെ തൊട്ടോട്ടെ എന്ന് ചോദിച്ചപ്പോൾ അച്ഛൻ ചിരിയോടെ അവനെ നോക്കി.

"എന്തിനാ തൊടുന്നത്?’’

ഒട്ടും ശങ്കിച്ചു നിൽക്കാതെ ചന്തുണ്ണിയേട്ടൻ മറുപടി പറഞ്ഞു​; "തൊട്ടാ നല്ല സുകം കിട്ടും’’.
"ആർക്ക്?", അച്ഛൻ ചോദിച്ചു.
"ഇയ്ക്കന്നെ ...", അതും പറഞ്ഞ് ചന്തുണ്ണിയേട്ടൻ കറുമ്പിയെ തൊട്ടു. പിന്നെ അതിൻ്റെ മുതുകിൽ തലോടിയശേഷം ചെവിയിൽ പിടിച്ച് തലയിൽ ഉമ്മ വെച്ചു. അപ്പോഴൊക്കെ ചന്തുണ്ണിയേട്ടന്റെ കണ്ണിൽ വെളിച്ചമുണ്ടായിരുന്നു.

കണ്ടാൽ ഇരുപത്- ഇരുപത്തിരണ്ട് വയസ്സ് തോന്നിക്കുന്ന ആ ചെറുപ്പക്കാരനിൽ അച്ഛൻ കണ്ടത് അഞ്ചോ ആറോ വയസ്സുള്ള ഒരു കുട്ടിയെയാണ്.

കറുമ്പിയെയും തെളിച്ച് അച്ഛൻ നടക്കാൻ തുടങ്ങിയപ്പോൾ ചന്തുണ്ണിയേട്ടനും ഒപ്പം കൂടി. ചന്തയും പിന്നിട്ട് താഴെ അങ്ങാടിയിലെ അറുമുഖന്റെ ചായപ്പീടികയിൽ എത്തിയപ്പോഴാണ് തന്റെയും കറുമ്പിയുടെയും പിന്നാലെ വരുന്ന ആളെ അച്ഛൻ ശ്രദ്ധിച്ചത്. അച്ഛൻ അവന് ചായയും കറുമ്പിക്ക് പഴത്തൊലികളും വാങ്ങി കൊടുത്തു. ചില്ലിൻ്റെ അലമാരയിൽ ആവി പാറിച്ച് കിടക്കുന്ന പഴം പൊരികളിലേക്ക് ആർത്തിയോടെ നോക്കി ചായ കുടിക്കുന്ന ചന്തുണ്ണിയേട്ടന് അച്ഛൻ പഴം പൊരിയും വാങ്ങിക്കൊടുത്തു. എന്നിട്ടാണ് പേര് ചോദിച്ചത്. പഴം പൊരി ഒറ്റയടിക്ക് തിന്ന് തീർത്തിട്ട് തൻ്റെ പേര് അഭിമാനത്തോടെ ഏട്ടൻ അച്ഛനോട് പറഞ്ഞു; "തെക്കേടത്ത് ചന്തുണ്ണി നായർ".

"വീട് എവ്ടെയാ?"

അതിന് ചന്തുണ്ണിയേട്ടന് കൃത്യമായ ഉത്തരം ഉണ്ടായിരുന്നില്ല. നാലുപാടും നോക്കിയിട്ട് താൻ പട്ടണത്തിൽ ബസ്സിറങ്ങിയ ദിക്കിനപ്പുറത്തേക്ക് ചൂണ്ടി ചന്തുണ്ണിയേട്ടൻ പറഞ്ഞു, "അവ്ടേണ്".

"അവിടേന്ന് പറഞ്ഞാ?’’

കറുമ്പിക്ക് കുറച്ചു പഴത്തൊലി കൂടി തിന്നാൻ കൊടുത്തുകൊണ്ട് അച്ഛൻ അവനെ മിഴിച്ചുനോക്കി. അപ്പോൾ കണ്ണിലെ വെളിച്ചം കെട്ട് നെറ്റിയിലെ മറുകിൽ തലോടിക്കൊണ്ട് ചന്തുണ്ണിയേട്ടൻ പറഞ്ഞു, "അവ്ടുന്ന് പിന്നീം പോണേയ്, ശിവൻ്റെ അമ്പലല്ലേ, അയ്നോട് ചാരിയാ ഇൻ്റെ വീട്’’.

ആ പറച്ചിൽ കേട്ടപ്പോഴാണ് ചന്തുണ്ണിയേട്ടന്റെ ബുദ്ധിയുടെ കാര്യത്തിൽ അച്ഛന് സംശയം തോന്നിയത്. എങ്ങനെ ഇവിടെയെത്തിയെന്നോ എന്താണ് ദേശത്തിന്റെ പേരെന്നോ അച്ഛൻ പിന്നെ ചോദിച്ചില്ല. ചന്തുണ്ണിയേട്ടൻ തന്റെ ഒരു ജോഡി വസ്ത്രം സൂക്ഷിച്ചുവെച്ച തുണിക്കടയുടെ പ്ലാസ്റ്റിക് കവറിൽ പയ്യന്നൂർ എന്ന സ്ഥലപേരുണ്ടായിരുന്നു. വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് ചോദ്യത്തിനും ചന്തുണ്ണിയേട്ടന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. അമ്മയുണ്ട്, അമ്മ പാവമാണ് എന്നതിനപ്പുറം ഒന്നും ഓർത്തെടുത്ത് പറയാൻ ചന്തുണ്ണിയേട്ടന് കഴിഞ്ഞില്ല.

അങ്ങനെ അക്കൊല്ലത്തെ വേനലവധിക്ക് ചന്തുണ്ണിയേട്ടനും അമ്മാളുവെന്ന് പിന്നീട് ഞങ്ങൾ പേരിട്ട കറുമ്പിപ്പശുവും ഞങ്ങളുടെ ദേശത്തിലേക്ക് താമസിക്കാനെത്തി. കരയോഗത്തിന്റെ സ്കൂൾ ഞങ്ങളുടെ നാട്ടിൽ പ്രവർത്തനം ആരംഭിച്ച കാലമാണ്. സ്കൂൾ രക്ഷാധികാരികളിൽ പലരും അച്ഛന്റെ കൂട്ടുകാരായിരുന്നു. രാത്രികാലങ്ങളിൽ സ്കൂളിൻ്റെ മതിൽ ചാടി മദ്യപാനികൾ അകത്തു കടന്ന് വരാന്തയിലിരുന്ന് തെറിപ്പാട്ടുകൾ പാടി മദ്യം സേവിക്കുന്നത് പതിവാണ്. അതിന് തടയിടാൻ കുറഞ്ഞ ശമ്പളത്തിന് ഒരു കാവൽക്കാരനെ സ്കൂൾ മാനേജ്മെൻ്റ് തിരയുന്ന കാലമാണ്.

ഞങ്ങളുടെ വീട്ടിലെത്തി രണ്ടാം നാൾ ചന്തുണ്ണിയേട്ടൻ സ്കൂളിലെ രാത്രി കാവൽക്കാരനായി മാറി. മാനേജർ വാങ്ങിക്കൊടുത്ത കടും നീല യൂണിഫോം ആരൊക്കെ നിർബന്ധിച്ചിട്ടും ചന്തുണ്ണിയേട്ടൻ ഇടാൻ കൂട്ടാക്കിയില്ല. പാൻ്റെന്ന ഇരട്ടക്കുഴലിനെ ഏട്ടന് പേടിയായിരുന്നു. അത് ധരിക്കുന്നവരോട് പേടി കലർന്ന ബഹുമാനവും ഉണ്ടായിരുന്നു. ബുദ്ധിക്ക് മങ്ങലുള്ള ആളായതിനാൽ ചന്തുണ്ണിയേട്ടൻ നാട്ടിൽ എല്ലാവർക്കും ഒരു കളിപ്പാട്ടമായി മാറാൻ അധികകാലം വേണ്ടിവന്നില്ല. ഉടുത്തതുകൂടാതെ കയ്യിലെ പ്ലാസ്റ്റിക് കൂടിൽ മറ്റൊരു കള്ളിമുണ്ടും കയ്യില്ലാത്ത ബനിയനും മാത്രമേ ചന്തുണ്ണിയേട്ടന് ഉണ്ടായിരുന്നുള്ളൂ. യൂണിഫോമിന്റെ കടും നീല ഷർട്ട് അച്ഛൻ ചന്തുണ്ണിയേട്ടനെ കൊണ്ട് നിർബന്ധിച്ച് ധരിപ്പിച്ചു. നാലഞ്ച് തവണ ഇട്ടും ഊരിയും വേറെ നിവൃത്തിയില്ലാതെ ചന്തുണ്ണിയേട്ടൻ ആ ഷർട്ടുമായി പൊരുത്തപ്പെട്ടു.

രാത്രികളിൽ ആ കടും നീല കുപ്പായവും കള്ളിമുണ്ടും ധരിച്ച് ചന്തുണ്ണിയേട്ടൻ സ്കൂളിന് കാവൽ നിന്നു. തലയിൽ തൊപ്പി വെയ്ക്കാൻ കൂട്ടാക്കാത്ത മൂപ്പർക്ക് മാനേജർ രണ്ട് തോർത്ത് മുണ്ട് വാങ്ങിക്കൊടുത്തു. പിന്നെ ഒരു ടോർച്ചും. സ്കൂളിൽ കാവൽക്കാരൻ എത്തിയിട്ടുണ്ടെന്ന വിവരം മറ്റാരെക്കാളും വേഗത്തിൽ അറിഞ്ഞത് മദ്യപാനികളാണ്. കുറച്ചു ദിവസത്തേക്ക് തങ്ങളുടെ മദ്യപാന സദസ് ആളൊഴിഞ്ഞ പറമ്പിലേക്ക് മാറ്റി നോക്കിയെങ്കിലും അവർക്ക് വേണ്ടത്ര സുഖം കിട്ടിയില്ല.

രാത്രി സ്കൂളിലും, പകലിൽ ഞങ്ങളുടെ വീട്ടിലും കവലയിലുമായി ചന്തുണ്ണിയേട്ടൻ തന്റെ പുതിയ ജീവിതം തുടങ്ങി. പേര് ചോദിച്ചവരോടൊക്കെ അഭിമാനത്തോടെ താൻ തെക്കേടത്ത് ചന്തുണ്ണി നായരാണെന്ന് നെഞ്ചിൽ കൈവെച്ച് പറഞ്ഞു. നാടേതെന്ന് ചോദിച്ചവരോട് പട്ടണത്തിൻ്റെ ഭാഗത്തേക്ക് കൈ ചൂണ്ടിയിട്ട് നെറ്റിയിലെ മറുകിൽ മറ്റേ കൈ കൊണ്ട് തലോടി ചന്തുണ്ണിയേട്ടൻ പറഞ്ഞു, "അയ്നും അപ്പ്റത്താണ്, അമ്പലത്തിൻ്റെ അട്ത്താണ്."

ഒരു ക്ഷേത്രമോ പള്ളിയോ ഇല്ലാത്ത ദേശം എവിടെയും ഉണ്ടാവില്ലല്ലോ .അപ്പോൾ നാട്ടുകാർ തങ്ങൾക്ക് പരിചയമുള്ള ക്ഷേത്രത്തിൻ്റെ ദേശം ചന്തുണ്ണിയേട്ടൻ്റെ ദേശമായി പ്രഖ്യാപിച്ചു.

കവലയിലെ ബാപ്പുകാക്കാന്റെ ചായക്കടയിൽ ചന്തുണ്ണിയേട്ടന്റെ ഭക്ഷണക്കാര്യം സ്കൂൾ മാനേജർ ഏൽപ്പിച്ചെങ്കിലും, മൂപ്പർ ഞങ്ങളുടെ വീട്ടിൽനിന്ന് രാവിലെയും ഉച്ചക്കും രാത്രിയിലും ഭക്ഷണം കഴിച്ചു. അച്ഛനും അമ്മയ്ക്കും ചന്തുണ്ണിയേട്ടന് ഭക്ഷണം കൊടുക്കുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.

രാത്രിയിലെ കാവൽപ്പണി കഴിഞ്ഞ് ഞങ്ങളുടെ വീട്ടിലേക്കുവരുന്ന ചന്തുണ്ണിയേട്ടൻ തൊടിയിൽ നിന്ന് വാഴയിലയും മുറിച്ചുകൊണ്ടാണ് വരുന്നത്. വന്ന ഉടൻ ഇല എനിക്കോ അമ്മയ്ക്കോ തന്നിട്ട് അധികാര സ്വരത്തിൽ പറയും, "ഞാനൊന്നു കുളിച്ചിട്ട് വരാ, അപ്പഴേക്കും വെളമ്പിയാ മതി ഇല്ലെങ്കി ചൂടാറും".

അമ്മ എന്നും വാഴയിലയിൽ ഇഡ്ഡലിയും ദോശയും സാമ്പാറും ചട്ടിണിയും വിളമ്പി. ഞങ്ങളുടെ തൊടിയിൽനിന്ന് വാഴയില കിട്ടിയില്ലെങ്കിൽ അത് കിട്ടുന്ന തൊടി വരെ ചന്തുണ്ണിയേട്ടൻ നടക്കും. എന്നിട്ട് അടക്ക ചുരണ്ടാൻ മടിയിൽ കരുതുന്ന ചെറിയ കത്തിയെടുത്ത് വാഴയില മുറിക്കും .ആരെങ്കിലും അതിന് വഴക്ക് പറഞ്ഞാൽ യാതൊരു കൂസലുമില്ലാതെ മറുപടി പറയും.

"ഇലയില്ലാതെ എങ്ങനെയാ ഞാൻ ഉണ്ണണദ്? ഞാനേ തെക്കേടത്ത് ചന്തുണ്ണി നായരാ..."

ആ പറച്ചിലിന്റെ ശൈലി കേട്ടാൽ ആരും ചിരിച്ചു പോവും. പിന്നെ പിന്നെ ഞങ്ങളുടെ നാട്ടിലെ ഏത് വാഴയിൽ നിന്നും ചന്തുണ്ണിയേട്ടന് ഇല മുറിക്കാമെന്ന് വന്നു. ആരും മൂപ്പരെ വഴക്ക് പറഞ്ഞില്ല ആ അലിവിനും കരുണയ്ക്കും അപ്പുറം പല ക്രൂരതകളും ചന്തുണ്ണിയേട്ടന് വേണ്ടി ഞങ്ങളുടെ ദേശം കരുതി വെച്ചിരുന്നു. അത് കാൽ ഭ്രാന്ത് മാത്രമുള്ള ഒരുവനെ മുഴു ഭ്രാന്തനാക്കുന്ന ഏത് ദേശത്തിന്റെയും സ്വഭാവമായിരുന്നു.

രണ്ട്

സ്കൂളിൻ്റെ വിശാലമായ വരാന്തയും മുറ്റവും നഷ്ടമായ മദ്യപാനികൾ അവിടേക്ക് തിരികെ കയറാനായി ചന്തുണ്ണിയേട്ടന് പലതും വാങ്ങിക്കൊടുക്കാൻ തുടങ്ങി. പണ്ടന്നോ മുറുക്കിയ വെറ്റിലപ്പാക്കിന്റെ ഓർമ്മയിൽ ചന്തുണ്ണിയേട്ടൻ അവർ വാങ്ങിക്കൊടുത്ത വെറ്റിലയും അടക്കയും പുകയില കൂട്ടി വീണ്ടും മുറുക്കാൻ തുടങ്ങി. അത് പോരെന്ന് തോന്നിയ മദ്യപാനികൾ മൂക്കുപൊടി വാങ്ങിക്കൊടുത്ത്, അത് എങ്ങനെ വലിക്കണമെന്നും ചന്തുണ്ണിയേട്ടന് ക്ലാസ്സെടുത്തു കൊടുത്തു. വെറ്റിലയും മൂക്കുപ്പൊടിയും ധാരാളമായി കൊടുത്തിട്ടും രാത്രികളിൽ അവരെ സ്കൂളിൻ്റെ മതിലു ചാടാൻ ചന്തുണ്ണിയേട്ടൻ അനുവദിച്ചില്ല .കൂട്ടത്തിൽ ഏറ്റവും മുതിർന്ന ആളായ ആശാരി രാഘവൻ പറഞ്ഞു നോക്കി.

"ഞാനെൻ്റെ ഭാര്യയെ ഇങ്ങക്ക് കെട്ടിച്ച് തരാ ചന്തുണ്ണിനായരേ ...."

‘നായരേ...’ എന്ന വിളി സുഖിച്ചെങ്കിലും ഒരാളുടെ ഭാര്യയെ മറ്റൊരാൾക്ക് കല്യാണം കഴിക്കാൻ പറ്റില്ലെന്ന് ചന്തുണ്ണിയേട്ടന് അറിയാമായിരുന്നു. സമയം അപ്പോൾ രാത്രിയായിരുന്നു. സ്കൂൾ പറമ്പിൽ ചന്തുണ്ണിയേട്ടന് കൂട്ടുകിടക്കുന്ന നായ്ക്കൾ കൂട്ടത്തോടെ കുരയ്ക്കാൻ തുടങ്ങി. ആകാശത്ത് പൂർണ്ണചന്ദ്രൻ ഉദിച്ചു നിൽക്കുന്ന രാത്രിയാണ്. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ഉമ്മർ പറഞ്ഞു, "ഞങ്ങള് ചന്തുണ്ണി ഏട്ടന് ഒര് മരുന്ന് തരാ, അദ് കുടിച്ചാ ഏത് പെണ്ണും ഇങ്ങളെ കാലിൻ്റെ ചോട്ടില് വന്ന് കെടക്കും".

പെണ്ണുങ്ങളെ ചന്തുണ്ണിയേട്ടനും ഇഷ്ടമായിരുന്നു. തനിക്കില്ലാത്തത് പലതും അവർക്കുണ്ടെന്നും മൂപ്പർക്കറിയാമായിരുന്നു. അവരുടെ ചന്തവും നടത്തവും നീണ്ട മുടിയുമൊക്കെ ചന്തുണ്ണിയേട്ടനും ഇഷ്ടമായിരുന്നു. നിറനിലാവുള്ള രാത്രിയിൽ തന്റെ ഒപ്പമിരുന്ന് വർത്താനം പറയാൻ ഒരു പെണ്ണിനെ കിട്ടുന്നത് സുഖമുള്ള ഏർപ്പാടാണ് തോണിയ ചന്തുണ്ണിയേട്ടൻ ചോദിച്ചു, "എന്ത് മരുന്നാണ്?"

തങ്ങളുടെ ചൂണ്ടയിൽ അയാൾ കൊത്തിയെന്ന് ബോധ്യമായപ്പോൾ ആശാരി രാഘവൻ പറഞ്ഞു; "അതൊക്കെ ണ്ട് നായരേ, ങ്ങള് ആദ്യം ഗെയ്റ്റ് തൊറക്കി’’.

"അത് വേണ്ട ട്ടോ ...."

ഗെയിറ്റിലേക്ക് നോക്കി ചന്തുണ്ണിയേട്ടൻ പേടിയോടെ പറഞ്ഞു. സ്കൂൾ മാനേജർ കർശനമായിട്ട് പറഞ്ഞ ഒരേ ഒരു കാര്യം, സ്കൂളുമായി അടുത്ത ബന്ധമില്ലാത്ത ആർക്കും രാത്രിയിൽ സ്കൂളിൻ്റെ ഗേറ്റ് തുറന്നു കൊടുക്കരുത് എന്നാണ്.

‘‘ഗെയിറ്റ് തൊറക്കാതെ എങ്ങനെ മരുന്ന് തരും?"

ഉമ്മർ ചോദിച്ചു . അതിന് ചന്തുണ്ണിയേട്ടൻ മറുപടി പറഞ്ഞു; "മരുന്ന് ഇങ്ങട്ട് തന്നോളൂ ഞാൻ കുടിച്ചോളാ..."

"ഇദങ്ങനെ കയ്യില് തരാൻ പറ്റിയ മരുന്നല്ല, നായരേ ..."

ആശാരി രാഘവൻ ചന്തുണ്ണിയേട്ടന്റെ കണ്ണിലേക്ക് തന്നെ ഉറ്റുനോക്കി മതിലിനപ്പുറത്തുനിന്നുകൊണ്ട് പറഞ്ഞു;​ "ഇദേ... ഇദ് ഒര് രഹസ്യമരുന്നാണ്. ക്ലാസിലേക്ക് ഒഴിച്ച് അതില് മന്ത്രം ചൊല്ലിയ വെള്ളവും ഒഴിച്ചിട്ടേ കുടിക്കാൻ പാടുള്ളൂ. എന്നാലേ ഫലം കിട്ടൂ".

ഏതൊക്കെയോ പെൺസ്മരണകളിൽ മനസ്സ് കലങ്ങി ചന്തുണ്ണിയേട്ടൻ ഇത്തിരിനേരം ശങ്കിച്ചു നിന്നു. പിന്നെ ശങ്ക മാറ്റാനായി ചോദിച്ചു; "മരുന്ന് ഫലിക്കില്ലേ?’’

"ഫലിക്കും ഒറപ്പാണ്. ഈ ഉമ്മറിന് ഇപ്പ്രായത്തില് തന്നെ മൂന്ന് പെണ്ണുങ്ങള്ണ്ട്’’, ആശാരി രാഘവൻ ചന്തുണ്ണിയേട്ടന് ഉറപ്പ് കൊടുത്തു.

അങ്ങനെ അവർക്ക് മുമ്പിൽ ഗെയിറ്റ് തുറക്കപ്പെട്ടു. അവരെല്ലാവരും കൂടി ചന്തുണ്ണിയേട്ടനെ എടുത്തുയർത്തിയാണ് വരാന്തയിലേക്ക് കൊണ്ടു പോയത്. എന്നിട്ട് കുപ്പി പൊട്ടിച്ച് ക്ലാസിലേക്ക് മദ്യം പകർന്ന് മന്ത്രം ചൊല്ലും പോലെ എന്തൊക്കെയോ ചൊല്ലിയിട്ട് അതിലേക്ക് വെള്ളം ഒഴിച്ച് ചന്തുണ്ണിയേട്ടന് കുടിക്കാൻ കൊടുത്തു.

"ധൈര്യായിട്ട് കുടിച്ചോളീ നായരേ, ലേസം കയ്പ്പ് ണ്ടാവും. ന്നാലും അര മണിക്കൂറിനുള്ളില് ഒര് പെണ്ണെങ്കിലും ഇങ്ങട്ട് വരും. അത്രയ്ക്ക് ഫലം ള്ള മരുന്നാണ്".

അത് കേട്ടതും ചന്തുണ്ണിയേട്ടൻ ഗ്ലാസെടുത്ത് അതിലുള്ള ദ്രാവകം ഒറ്റ വലിക്ക് കുടിച്ച് തീർത്തു. ചന്തുണ്ണിയേട്ടൻ്റെ ചങ്ക് നീറി. വയറ് നീറി. ആ നീറ്റലിലേക്ക് അവർ അച്ചാറ് നീട്ടി കൊടുത്തു. ചന്തുണ്ണിയേട്ടൻ അച്ചാർ വാരിത്തിന്നു. സംഘം ആഘോഷത്തോടെ പല ക്ലാസുകളിലേക്ക് മദ്യമൊഴിച്ച് സേവിക്കാൻ തുടങ്ങി.

ഇത്തിരിനേരം കഴിഞ്ഞപ്പോൾ മുമ്പിലെ നിലാവത്ത് ഒരു പെണ്ണ് വന്നു നിൽക്കും പോലെ ചന്തുണ്ണിയേട്ടന് തോന്നി. മൂപ്പരുടെ ബുദ്ധിയുടെ കെട്ടഴിഞ്ഞു. തനിക്ക് ചിറക് മുളയ്ക്കുന്നതായും താൻ വായുവിലൂടെ പറക്കുന്നതായും അയാൾക്ക് തോന്നിത്തുടങ്ങി. മുമ്പിൽ കണ്ട സ്ത്രീരൂപത്തിന്റെ നേർക്ക് നടക്കാൻ നോക്കുമ്പോൾ ദേഹമാകെ ഉലയുന്നു. സ്ത്രീരൂപം നായയായും പോത്തായും രൂപം മാറുന്നു .ചന്തുണ്ണിയേട്ടൻ അപ്പോൾ അമ്മയെ ഓർത്തു. ഓർത്തപ്പോൾ അമ്മയെ കാണാൻ കൊതി തോന്നി. ചന്തുണ്ണിയേട്ടൻ കരച്ചിലോടെ പറഞ്ഞു, "നിക്കെൻ്റെ അമ്മനെ കാണണം".

സംഘം അതു കേട്ട് ചിരിച്ചു. ആശാരി രാഘവൻ ഒരിക്കൽ കൂടി മദ്യം പകർന്ന് ക്ലാസ് ചന്തുണ്ണിയേട്ടന് നീട്ടി, "ഇദും കൂടി കുടിക്കീ നായരേ, അമ്മ ഇങ്ങട്ട് വരും".

ചന്തുണ്ണിയേട്ടൻ അതും പ്രയാസപ്പെട്ട് കുടിച്ചു. ഇത്തവണ നീറ്റൽ തോന്നിയില്ല സുഖം തോന്നുകയും ചെയ്തു. മുമ്പിലേക്ക് നീട്ടപ്പെട്ട അച്ചാർ പാക്കറ്റും മിക്സ്ച്ചറുമൊക്കെ ചന്തുണ്ണിയേട്ടൻ തട്ടി മാറ്റി. എന്നിട്ട് ചിരിച്ചുകൊണ്ട് വിശാലമായ സ്കൂൾ മുറ്റത്തു കൂടി ഓടാൻ തുടങ്ങി. അതു കണ്ട് സംഘം ആർത്ത് ചിരിച്ചു അവർക്കറിയില്ലായിരുന്നു, ചന്തുണ്ണിയേട്ടൻ ഓടുന്നത് തൻ്റെ അമ്മയുടെ പിന്നാലെയാണെന്ന്. അത് വിദൂരമായ ഒരു ദേശത്ത് കടലു പോലെ അനന്തമായി പരന്നു കിടക്കുന്ന നെൽപ്പാടങ്ങളിലെ ഒറ്റ വരമ്പിലൂടെയാണെന്ന്... ആ ഒറ്റ വരമ്പിൽ നിന്ന് കാല് തെന്നി ചന്തുണ്ണിയേട്ടൻ താഴേക്ക് വീണു. വീണിടത്ത് കിടന്ന് ആദ്യം ചിരിച്ചു, പിന്നെ കരഞ്ഞു.

മുമ്പിൽ നെൽപ്പാടങ്ങളും അമ്മയുമില്ലെന്ന് ബോധ്യമായപ്പോൾ ചന്തുണ്ണിയേട്ടൻ ഉടുമുണ്ടഴിച്ച് തലയിൽ കെട്ടി എഴുന്നേറ്റു. തുറന്നിട്ട ഗെയിറ്റിലൂടെ പുറത്തു കടന്ന്, മെയിൻ റോഡിലൂടെ അമ്മയെ വിളിച്ച് കരഞ്ഞുകൊണ്ട് ഒരു കുട്ടിയെ പോലെ ചന്തുണ്ണിയേട്ടൻ നടന്നകലുമ്പോൾ സ്കൂളിൻ്റെ മുറ്റത്ത് വട്ടം കൂടി നിന്ന് മദ്യപന്മാർ ഉറക്കെ തെറിപ്പാട്ടുകൾ പാടുകയായിരുന്നു.

അന്ന് രാത്രി ചന്തുണ്ണിയേട്ടൻ നടന്നെത്തിയത് ഞങ്ങളുടെ വീട്ടിലേക്കാണ്. സമയം രാത്രി രണ്ട് മണി, മാളികപ്പുറത്തെ ജാലകത്തിലൂടെ ഞാൻ ചന്തുണ്ണിയേട്ടൻ്റെ ആടിയാടിയുള്ള നടത്തം കണ്ടു. പഠിച്ചുകൊണ്ടിരുന്ന നോട്ടു ബുക്ക് കമഴ്ത്തിവെച്ച് ഞാൻ താഴേക്ക് ഇറങ്ങിച്ചെന്നു. അച്ഛൻ വീട്ടിലില്ലായിരുന്നു, കരയോഗത്തിന്റെ എന്തോ ആവശ്യത്തിന് നഗരത്തിലേക്ക് പോയതായിരുന്നു. ഞാൻ അമ്മയെ വിളിച്ചു അമ്മ ഉറക്കച്ചടവോടെ പിറുപിറുത്തു കൊണ്ട് വാതിൽ തുറന്നു. അപ്പോഴേക്കും ചന്തുണ്ണിയേട്ടൻ ഞങ്ങളുടെ മുൻ വാതിലിൽ മുട്ടാൻ തുടങ്ങിയിരുന്നു.

"ആരാ അദ്?'', അമ്മ മുടി വാരിച്ചുറ്റികൊണ്ട് കോട്ടുവായിട്ട് എന്നോട് ചോദിച്ചു. നിലാവെളിച്ചത്തിൽ ദൂരെയായി കണ്ടതാണെങ്കിലും വന്നത് ചന്തുണ്ണിയേട്ടൻ തന്നെയാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
ഞാൻ അമ്മയോട് പറഞ്ഞു, "ചന്തുണ്ണിയേട്ടനാന്നാ തോന്നണത്".
"ഓനെന്താ ഈ നേരത്ത്...", അതും പറഞ്ഞ് അമ്മ വാതിൽ തുറന്നു. അമ്മയെ കണ്ടതും ചന്തുണ്ണിയേട്ടൻ ഉറക്കെ കരയാൻ തുടങ്ങി . എന്നിട്ട് അമ്മയെ കെട്ടിപ്പിടിച്ചു.

‘‘നിക്കെൻ്റെ അമ്മയെ കാണണം ഏച്ചിയേ... "

ഇതെന്ത് ഭ്രാന്തെന്ന് ഓർത്ത് തീരും മുമ്പ് അമ്മയ്ക്ക് മദ്യത്തിന്റെ മണം കിട്ടി.

"നീ കള്ള് കുടിച്ചിട്ടുണ്ടോ ചന്തുണ്ണിയേ?", അമ്മ ചന്തുണ്ണിയേട്ടനെ തള്ളിമാറ്റിക്കൊണ്ട് ചോദിച്ചു.

"കള്ളല്ല ഏച്ചിയേ മരുന്നാണ് കുടിച്ചത്", അത് പറയുമ്പോഴും ചന്തുണ്ണിയേട്ടൻ കരയുന്നുണ്ടായിരുന്നു. അമ്മ അതുകണ്ട് ചിരിക്കുകയാണ് ചെയ്തത്.

"ആരാ നിനക്കീ മരുന്ന് തന്നത്?’’, അമ്മ ചോദിച്ചു. ചന്തുണ്ണിയേട്ടൻ സ്കൂളിൻ്റെ നേർക്ക് കൈചൂണ്ടി മറ്റേ കൈ നെറ്റിയിലെ മറുകിൽ തൊട്ടുകൊണ്ട് പറഞ്ഞു, ‘‘ആ കുട്ട്യോളാ മരുന്ന് തന്നത്".

കാര്യം ഏതാണ്ട് മനസ്സിലായ അമ്മ ചന്തുണ്ണിയേട്ടനെ മുണ്ടുടുപ്പിച്ച് കിണറ്റിൻ കരയിലേക്ക് നടത്തിച്ചു. എന്നിട്ട് അവിടെ പിടിച്ചിരുത്തി വെള്ളം കോരി ഏട്ടൻ്റെ തലയിലേക്ക് ഒഴിച്ചു. ഒരുവട്ടമല്ല പലവട്ടം. അതോടെ കരച്ചിൽ മതിയാക്കി ചന്തുണ്ണിയേട്ടൻ ഛർദ്ദിക്കാൻ തുടങ്ങി. മദ്യപൻമാരുടെ സംഘത്തലവൻ ആശാരി രാഘവനാണെന്ന് അറിയാവുന്ന അമ്മ വെള്ളം കോരുന്നതിനിടെ ദേഷ്യത്തോടെ പറഞ്ഞു, "നേരം വെളുക്കട്ടെ. മോൻ്റെ അച്ഛനിങ്ങട്ട് വരട്ടെ. ഞാൻ കാണിച്ചു തര്ണ് ണ്ട് രാഘവാ അനക്ക്. ഒന്നുമറിയാത്ത ഈ പാവത്തിനെ ഇക്കോലത്തിലാക്കാൻ അനക്കെങ്ങനെ മനസ്സ് വന്നെടാ പണ്ടാരക്കാലാ?"

ചന്തുണ്ണിയേട്ടന്റെ ഛർദ്ദിക്കുമേൽ അമ്മ വെള്ളം കോരി ഒഴിച്ചുകൊണ്ടിരുന്നു. തലയും ഉടലും തണുത്ത്, വയറ്റിലെ മദ്യത്തിൻ്റെ അവശിഷ്ടങ്ങൾ ഛർദ്ദിച്ച്‌ കഴിഞ്ഞപ്പോൾ ചന്തുണ്ണിയേട്ടന് ബോധം വീണു.

"ആരാ എന്നെ ഇവ്ടെ കൊണ്ടിട്ടത്?"

ചന്തുണ്ണിയേട്ടന്റെ ആ ചോദ്യത്തിനും അമ്മ ചിരിച്ചു. പിന്നെ ഞങ്ങൾ രണ്ടാളും കൂടി മൂപ്പരെ താങ്ങിയെടുത്ത് വീടിൻ്റെ തിണ്ണയിൽ ഇരുത്തി. അയയിൽ കിടന്ന തോർത്തെടുത്ത് അമ്മ ഏട്ടന്റെ തല തോർത്തിക്കൊടുത്തു. അപ്പോഴും ആരാ തന്നെ ഇവിടെ കൊണ്ടിട്ടതെന്ന് ചന്തുണ്ണിയേട്ടൻ അത്ഭുതപ്പെടുന്നുണ്ടായിരുന്നു. അതിലും വലിയ അത്ഭുതങ്ങൾ വരാനുണ്ടെന്ന് എനിക്കും അമ്മയ്ക്കും അപ്പോൾ അറിയില്ലായിരുന്നു.

മൂന്ന്

ന്നത്തെ ആ സംഭവത്തോടെ ചന്തുണ്ണിയേട്ടൻ മദ്യപന്മാരെയും മദ്യത്തെയും വെറുത്തു. അതിൻ്റെ മണം തട്ടിയാലുടൻ ഓക്കാനിക്കാനും തുടങ്ങി. ആ ഒറ്റ രാത്രിയിലേ സ്കൂളിൻ്റെ ഗെയിറ്റ് അവർക്ക് വേണ്ടി ചന്തുണ്ണിയേട്ടൻ തുറന്നുള്ളൂ. അതിന് മാനേജരിൽ നിന്ന് കുറെയേറെ വഴക്ക് കേട്ടെങ്കിലും അച്ഛൻ ഇടപെട്ടതിനാൽ ചന്തുണ്ണിയേട്ടന്റെ കാവൽ പണി പോയില്ല. ആ സംഭവം നാട്ടിലാകെ അറിഞ്ഞതിനാൽ പലരും ചന്തുണ്ണിയേട്ടനെ കവലയിൽ വെച്ച് കളിയാക്കി. കളിയാക്കിയവരിൽ ചിലരുടെ മക്കളും ആ കുടിയന്മാരുടെ സംഘത്തിലെ അംഗങ്ങളായിരുന്നു. ചന്തുണ്ണിയേട്ടൻ കവലയിലെ മുറുക്കാൻ കടയിൽ നിന്ന് വെറ്റില വാങ്ങുമ്പോൾ പിന്നിൽ നിന്ന് വിളി വന്നു.

"കള്ള് കുടിയൻ നായരേ.... "

അത്തരം വിളികൾക്ക് മറുപടി പറയാനോ അവരുമായി വഴക്കിടാനോ പോവരുതെന്ന് എൻ്റെ അച്ഛനും അമ്മയും ചന്തുണ്ണിയേട്ടനെ വിലക്കിയിരുന്നു.

‘‘ഇയാള് നായരല്ല, നായന്മാർ കള്ള് കുടിക്കൂലാ. ബ്രാണ്ടിയും വിസ്കിയും മാത്രേ കുടിക്കുള്ളൂ ഇത് വല്ല കൊയപ്പാനോ മണ്ണാനോ ആയ്രിക്കും".

നാട്ടുകാരുടെ വിളിയും വിശേഷണങ്ങളും വിലയിരുത്തലുകളും ചന്തുണ്ണിയേട്ടൻ അറിഞ്ഞില്ലെന്ന് നടിച്ചു . എന്നിട്ട് നാലും കൂട്ടി മുറുക്കി ചുണ്ടുകൾ ചുവപ്പിച്ച് വഴിയരികിൽ തുപ്പി തല കുനിച്ചുപിടിച്ച് നടന്നു.

മൂക്കുപ്പൊടി വലിച്ചുകയറ്റി അതിൻ്റെ ലഹരിയിൽ ഇത്തിരിനേരം കണ്ണടച്ചുനിന്നു. പിന്നെ കണ്ണു തുറന്ന് മനസ്സറിഞ്ഞ് ചിരിച്ചു.

ജോലിക്കൊന്നും പോവാതെ നാലു നേരം തിന്ന് അങ്ങാടിയിലും തിയേറ്ററുകളിലും തെണ്ടിനടക്കുന്ന ചെറുപ്പക്കാരിലേക്ക് ചന്തുണ്ണിയേട്ടൻ്റെ പെണ്ണ് കെട്ടാനുള്ള മോഹത്തെ പൊലിപ്പിച്ച് പറഞ്ഞു കൊടുത്തത് കുടിയന്മാരുടെ സംഘമാണ്. അതോടെ ചെറുപ്പക്കാർ ചന്തുണ്ണിയേട്ടനുമായി ലോഹ്യം കൂടാൻ തുടങ്ങി.

അവർ പണ്ട് മുതലേ വായ് നോക്കി നടന്നിരുന്ന പെൺകുട്ടിയാണ് സംഗീത. നല്ല സാമ്പത്തിക സ്ഥിതിയും സാമാന്യത്തിലധികം സൗന്ദര്യമുള്ള അവൾ കോളേജിലേക്ക് പോവുമ്പോൾ തല താഴ്ത്തിയാണ് നടന്നത്. പലതരം പൂച്ചക്കരച്ചിലുകൾ പല ഭാഗങ്ങളിൽ നിന്നായി തൻ്റെ നേർക്ക് വരുന്നത് അവൾക്ക് അറിയാമായിരുന്നു. അവൾ ആരെയും തല ഉയർത്തി നോക്കിയില്ല. ബസ് സ്റ്റോപ്പിലും കവലയിലും ബസിലും കോളേജിലുമൊക്കെ അവൾക്ക് ആരാധകരുണ്ടായിരുന്നു. തങ്ങളെ ഒട്ടുമേ മൈൻഡ് ചെയ്യാത്ത ആ ധിക്കാരിപ്പെണ്ണിനെ ചന്തുണ്ണി കല്യാണം കഴിച്ചാൽ എങ്ങനെ ഉണ്ടാവുമെന്ന അവരുടെ വെറും തമാശയിൽ നിന്നാണ് ചന്തുണ്ണിയേട്ടന്റെ ജീവിതം മാറിമറിയാൻ തുടങ്ങിയത്.

വീട്ടിൽ വാഹനവും ഡ്രൈവറും ഉണ്ടായിട്ടും ബസിൽ കോളേജിലേക്ക് പോവുന്ന സംഗീത നാട്ടുകാർക്ക് ഒരു അത്ഭുതം തന്നെയായിരുന്നു. അവളുടെ വിടർന്ന കണ്ണുകളുടെ ഒരു നോട്ടം കിട്ടാനായി ചെറുപ്പക്കാർ ജീവൻ വെടിയാൻ പോലും തയ്യാറായിരുന്നു. സ്കൂളിൻ്റെ എതിർവശത്തായിരുന്നു അവളുടെ വീട്. അവളുടെ അച്ഛൻ പട്ടണത്തിലെ പേരു കേട്ട ഡോക്ടറായിരുന്നു. ധാരാളം ഭൂസ്വസത്തുള്ള ബാലചന്ദ്രൻ ഡോക്ടറെ നാട്ടിൽ എല്ലാവർക്കും വലിയ കാര്യമാണ്. മകൾ ബസ് സ്റ്റോപ്പിലേക്ക് അര കിലോമീറ്റർ നടന്നാൽ ആകാശം ഇടിഞ്ഞു വീഴില്ലെന്നും അവളുടെ കാലിന് കുഴപ്പമൊന്നും വരില്ലെന്നും ഡോക്ടർക്ക് അറിയാമായിരുന്നു.

രാത്രികളിൽ അവൾ വീടിൻ്റെ വരാന്തയിൽ ഇരുന്നാണ് പാഠങ്ങൾ പഠിച്ചത്. വീട്ടുവേഷത്തിൽ അവളെ കാണാൻ പ്രത്യേക ചന്തമായിരുന്നു. ആ ചന്തം കൺ നിറയെ കാണാൻ നാട്ടിലെ യുവാക്കളെല്ലാം അവളുടെ വീടിനു മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ബൈക്കുകൾ ഓടിച്ചു. ചിലർ കാറിൽ തന്നെ സഞ്ചരിച്ചു നോക്കി. ഒന്നുമില്ലാത്തവർ അവളുടെ ചന്തം കാണാൻ ആ പാതയിലൂടെ കാൽ നടയായി പോയി. അവൾ അതൊക്കെയും അറിഞ്ഞെങ്കിലും ആരെയും തല ഉയർത്തി നോക്കിയില്ല.

സ്കൂളിന് പുതിയ കാവൽക്കാരൻ വന്നതും അയാളുടെ പേര് ചന്തുണ്ണി ആണെന്നും അയാളുടെ ബുദ്ധിക്ക് എന്തൊക്കെയോ കുറവുകൾ ഉണ്ടെന്നും, കുടിയന്മാർ അയാളെ പ്രലോഭിപ്പിച്ച് മദ്യം കുടിപ്പിച്ച കഥയുമൊക്കെ സംഗീത അറിഞ്ഞിരുന്നു .രാത്രികളിൽ സ്കൂളിൻ്റെ വരാന്തയിലൂടെ കള്ളി മുണ്ടും കടും നീല കുപ്പായവുമിട്ട് തലയിൽ തോർത്തും കെട്ടി ടോർച്ചുമടിച്ച്, എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നടക്കുന്ന ആ മനുഷ്യനോട് അവൾക്ക് സഹതാപവും കരുണയും തോന്നി. ആ തോന്നലിന്റെ പുറത്ത് അവൾ അയാളെ നോക്കാനും ശ്രദ്ധിക്കാനും തുടങ്ങി. ചന്തുണ്ണിയേട്ടന്റെ നിഷ്കളങ്കമായ ചിരിയും നെറ്റിയിലെ ആ മറുകും അവൾക്ക് ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്തു.

തങ്ങളെ ഒട്ടും മൈൻഡ് ചെയ്യാത്ത സംഗീത ചന്തുണ്ണിയെ നോക്കുന്നുണ്ടെന്ന് കണ്ടു പിടിച്ചത് കുടിയൻ സംഘത്തിലെ ഉമ്മറാണ്. ആ നോട്ടത്തെ പൊലിപ്പിച്ച് അവൻ കൂട്ടുകാർക്ക് പറഞ്ഞു കൊടുത്തു. അവർ നോക്കുമ്പോൾ സംഗതി ശരിയാണ്. പാഠങ്ങൾ പഠിക്കുന്നതിനിടയിൽ സംഗീതയുടെ നോട്ടം പാത മുറിച്ചു കടന്ന് സ്കൂൾ വരാന്തയിലേക്ക് ചെല്ലുന്നുണ്ട്. അവിടെ ചന്തുണ്ണിയേട്ടൻ നടക്കുന്നുണ്ട്. മുറുക്കി തുപ്പുന്നുണ്ട് . മൂക്കുപ്പൊടി വലിക്കുന്നുണ്ട്.

വഴിയിൽ വെച്ചും അവളുടെ നോട്ടം ചന്തുണ്ണിയേട്ടനിൽ പതിയുന്നതിന്റെ രഹസ്യം പ്രണയമാണെന്ന് തന്നെ ചെറുപ്പക്കാർ ഉറപ്പിച്ചു. അതോടെ നാട്ടിലെ തൊഴിലില്ലാപടയ്ക്ക് ചന്തുണ്ണിയേട്ടനോട് അസൂയയായി. സംഗീത ആളത്ര ശരിയല്ലെന്ന തീർപ്പുമായി. ചന്തുണ്ണിയേട്ടൻ്റെ പെണ്ണ് കെട്ടാനുള്ള മോഹത്തെ അവരിൽ ചിലർ സംഗീതയുടെ നേർക്ക് തിരിച്ചുവിട്ടു.

"ഓൾക്ക് ഇങ്ങളെ ഇഷ്ടാണ് ചന്തുണ്ണിയേട്ടാ, അല്ലെങ്കി ഞങ്ങളെയൊന്നും തിരിഞ്ഞുനോക്കാത്ത ഓള് ഇങ്ങളെ മാത്രം ദിവസത്തിൽ പലവട്ടം നോക്കണത് എന്തിനാ?"

ഈ പ്രലോഭനം പല യുവാക്കളിൽ നിന്നായി ഓതി കിട്ടിയപ്പോൾ ചന്തുണിയേട്ടനും സംഗീതയെ നോക്കാൻ തുടങ്ങി. അത് വെറും നോട്ടമായിരുന്നില്ല ജീവിതത്തിൽ തികച്ചും തനിച്ചായിപ്പോയവന്റെ എല്ലാ ആഗ്രഹങ്ങളും മോഹങ്ങളും നിറഞ്ഞ നോട്ടമായിരുന്നു. തന്നെ ഉറ്റുനോക്കുന്ന ചന്തുണ്ണിയേട്ടനോട് സംഗീത ചിരിക്കാനും തുടങ്ങി. ആ ചിരി അഴകിൽ ചന്തുണ്ണിയേട്ടൻ്റെ ബുദ്ധി പിന്നെയും കുഴമറിഞ്ഞു. ചെറുപ്പക്കാർ തന്നോട് പറയുന്നതെല്ലാം സത്യമാണെന്ന ഉറപ്പിൽ അയാൾ എത്തുമ്പോൾ അവർ തമ്മിൽ പതിനെട്ട് വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു.

കവലയിലെ നാരായണന്റെ തുന്നൽക്കടയായിരുന്നു നാട്ടിലെ തൊഴിലില്ലാപ്പടയുടെ ആവാസകേന്ദ്രം. ആ തുന്നൽക്കടയുടെ തൊട്ടു മുമ്പിലാണ് ബസ് സ്റ്റോപ്പ് നിലകൊണ്ടത്. സംഗീത അങ്ങോട്ട് ബസ് കാത്തു നിൽക്കാൻ വരുമ്പോൾ എല്ലാ കണ്ണുകളും അവളെ കൊത്തിവലിക്കും. കൂട്ടത്തിൽ സാഹിത്യ വാസനയുള്ള ഒരുത്തൻ സംഗീതയുടെ അഴകിനെ പറ്റി ഒരു കവിത തന്നെ എഴുതി. അത് തുന്നൽ കടയിൽ ഉറക്കെ വായിക്കപ്പെട്ടു. ആ തുന്നൽക്കടയിലേക്ക് തൻ്റെ യൂണിഫോം കുപ്പായത്തിന്റെ കക്ഷം കീറിയത് ശരിയാക്കാൻ ചെന്ന ചന്തുണ്ണിയേട്ടനും കവിത കേട്ടു. എന്താണ് ആ വരികളുടെ അർത്ഥമെന്ന് അറിയില്ലെങ്കിലും, അത് താൻ കല്യാണം കഴിക്കാൻ പോവുന്ന പെണ്ണിനെ പറ്റിയാണെന്ന് മൂപ്പരുടെ ബുദ്ധി പറഞ്ഞു.

അതോടെ ചന്തുണ്ണിയേട്ടന്റെ ഭാവം മാറി. കയ്യിലെ കുപ്പായം വലിച്ചെറിഞ്ഞിട്ട് മൂപ്പർ ആ തുന്നൽക്കടയിലെ ചെറുപ്പക്കാരെയെല്ലാം ചീത്ത വിളിച്ചു. കൂട്ടത്തിലാരോ ചന്തുണ്ണിയേട്ടനെ കൂടുതൽ ദേഷ്യം പിടിപ്പിക്കാനായി ആ കവിത വീണ്ടും ഉറക്കെ ചൊല്ലി. കവിതയിൽ സംഗീത എന്ന പേരും ഉണ്ടായിരുന്നു. അതുകേട്ട് സകല നിയന്ത്രണങ്ങളും വിട്ട അയാൾ മറ്റൊരു ചന്തുണ്ണി ആവുകയായിരുന്നു. ആ ഉയരം കുറഞ്ഞ് മെല്ലിച്ച മനുഷ്യൻ അവിടത്തെ ഉറച്ച ശരീരമുള്ള ചെറുപ്പക്കാരിൽ രണ്ടു പേരെ തല്ലി വീഴ്ത്തി. തയ്ക്കാൻ ഇട്ടിരുന്ന പുതിയ തുണികളൊക്കെ വാരി പുറത്തേക്കിട്ട് ചന്തുണ്ണിയേട്ടൻ ഉറക്കെ അലറി; "ഞാൻ മംഗലം കഴിക്കാൻ പോവുന്ന പെണ്ണാണെടാ ഓള് നായിൻ്റെ മക്കളേ.... "

തുന്നൽക്കടയിൽ നടക്കുന്ന ബഹളവും അടിപിടിയും സംഗീത കേൾക്കുന്നുണ്ടായിരുന്നു. താൻ കൂടപ്പിറപ്പിനെ പോലെ കരുതിയ ചന്തുണ്ണിയേട്ടന്റെ ഉള്ളിലിരിപ്പ് മനസ്സിലായപ്പോൾ അവൾക്ക് അയാളോട് കഠിനമായ വെറുപ്പ് തോന്നി. അപ്പോഴേക്കും ചന്തുണ്ണിയേട്ടനെ ചെറുപ്പക്കാർ നിലത്തേക്ക് തള്ളിയിട്ടിരുന്നു. അയാളുടെ മുണ്ട് അഴിഞ്ഞ് പോയി.വെള്ള ബനിയനിലും ദേഹത്തും ചെളി പുരണ്ടു. ചുണ്ട് പൊട്ടി ചോര ഒലിച്ചു അവിടെ കിടന്നു കൊണ്ട് അയാൾ നോക്കിയത് തന്നെ തല്ലിയ ചെറുപ്പക്കാരെയല്ല ബസ്സിലേക്ക് കയറുന്ന സംഗീതയെയാണ്.

അവളും അയാളെ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. ആ ചുണ്ടിൽ ചിരി ഉണ്ടായിരുന്നില്ല, കണ്ണുകളിൽ തീ ഉണ്ടായിരുന്നു. ചെറുപ്പക്കാർ അത് തിരിച്ചറിഞ്ഞെങ്കിലും ചന്തുണ്ണിയേട്ടന് അവൾ തന്നോട് ചിരിച്ച് യാത്ര പറയും പോലെയാണ് തോന്നിയത്. ആ തോന്നലിൽ അയാൾ മറ്റെല്ലാം മറന്ന് ചിരിച്ചു. സംഗീത കയറിയ ബസ്സ് അങ്ങാടി വിട്ടുപോയപ്പോൾ അയാൾ എഴുന്നേറ്റ് മുണ്ട് തപ്പിയെടുത്തു. ദേഹത്തും ബനിയനിലും പുരണ്ട ചളിയും പൊടിയും തട്ടിക്കുടഞ്ഞു. എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ കടയ്ക്കുള്ളിൽ കിടന്ന തന്റെ നീല കുപ്പായം ചൂണ്ടി പറഞ്ഞു.

"അതൊന്ന് നേരെയാക്കി താടാ നാരായണൻകുട്ട്യേ..."

ചെറുപ്പക്കാർ ചന്തുണ്ണിയേട്ടൻ്റെ ആ ഭാവമാറ്റം കണ്ട് ആദ്യം ഭയന്നെങ്കിലും തങ്ങൾക്ക് നല്ലൊരു ഇരയാണ് വീണ് കിട്ടിയിട്ടുള്ളതെന്ന് അവർ തിരിച്ചറിഞ്ഞു. ആ സംഭവത്തോടെ സംഗീത വീടിൻ്റെ വരാന്തയിൽ ഇരുന്നുള്ള പഠനം നിർത്തി. വിവരങ്ങളെല്ലാം കേട്ടറിഞ്ഞ ബാലചന്ദ്രൻ ഡോക്ടർ ചന്തുണ്ണിയേട്ടനെ വിളിപ്പിച്ച് ശാസിച്ചു.

"മേലാൽ എൻ്റെ മോളുടെ നിഴൽവട്ടത്തുപോലും നിന്നെ കണ്ടുപോവരുത്. മനസ്സിലായോടാ പൊട്ടാ".

ഡോക്ടർ തന്നെ പൊട്ടൻ എന്ന് വിളിച്ചതിനേക്കാൾ ചന്തുണ്ണിയേട്ടനെ വേദനിപ്പിച്ചത് അതെല്ലാം കേട്ടു കൊണ്ട് വീടിന് അകത്തിരുന്ന സംഗീതയാണ്. അവൾ പുറത്തേക്ക് വരും, തന്നെ വഴക്ക് പറയരുതെന്ന് അച്ഛനെ വിലക്കും എന്നൊക്കെയാണ് ചന്തുണ്ണിയേട്ടൻ കരുതിയത്. അവിടെ വെച്ച് ചന്തുണ്ണിയേട്ടൻ്റെ ബുദ്ധിക്ക് ഒന്നു കൂടി മങ്ങൽ വരികയായിരുന്നു. അയാൾ ആ മുറ്റത്ത് നിന്ന് ഉറക്കെയുറക്കെ കരഞ്ഞു. ദേഷ്യം സഹിക്കാനാവാതെ ബാലചന്ദ്രൻ ഡോക്ടർ ചന്തുണ്ണിയേട്ടനെ കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളിക്കൊണ്ട് പറഞ്ഞു.

‘‘എൻ്റെ മുറ്റത്തൂന്ന് എറങ്ങിപ്പോടാ പട്ടീ…"

ജീവിതത്തിലാദ്യമായാണ് ഒരാൾ തന്നെ പട്ടി എന്ന് വിളിക്കുന്നതെന്ന് ചന്തുണ്ണിയേട്ടൻ അപ്പോൾ വേദനയോടെ ഓർത്തു. അത് കേട്ടിട്ടും പുറത്തേക്ക് വരാത്ത സംഗീതക്കായി അയാളുടെ കരച്ചിൽ കൂടുതൽ ഉച്ചത്തിലായി. ഇരുട്ട് വീണുതുടങ്ങിയ പാതയിലൂടെ തലതാഴ്ത്തിപ്പിടിച്ച് ഏങ്ങലടിച്ചു കൊണ്ട് ചന്തുണ്ണിയേട്ടൻ നടന്നകലുന്നത് കണ്ടു നിൽക്കുമ്പോൾ ബാലചന്ദ്രൻ ഡോക്ടർ കരുതിയത് എല്ലാം അതോടെ തീരുമെന്നാണ്.

പക്ഷേ പലതും ആ സന്ധ്യ മുതൽ തുടങ്ങുകയായിരുന്നു.

(അവസാനിക്കുന്നില്ല)


Summary: Evideyo oru Chanthunniyettan, Malayalam short story written by Muhammad Abbas published in Truecopy Webzine packet 280.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments