ചിത്രീകരണം: ദേവപ്രകാശ്

എക്സ്റ്റിംഗ്ഷൻ

കഥയുടെ തുടക്കത്തിൽ എന്റെ വീട്ടുമുറ്റത്ത് ഒരു വലിയ മരത്തെ നിങ്ങൾ കാണുന്നു. അതിന്റെ ശിഖരങ്ങളെക്കുറിച്ചും ഇലകളെക്കുറിച്ചും ഞാൻ പറയുമ്പോൾ അതും കാണുന്നു. അതിനുശേഷം ആ മരം മൂലം എനിക്കുവന്നുപെട്ട ദുര്യോഗങ്ങളെപ്പറ്റി പറയുമ്പോൾ നിങ്ങൾ അതേപ്പറ്റിയും ചിന്തിക്കാതിരിക്കില്ല. അതുകൊണ്ടു മാത്രമാണ് നിങ്ങളോട് ഇതു പറയാമെന്നുവെച്ചത്.

ഞാൻ വീടു വെക്കുന്ന സമയത്ത് അതൊരു കുഞ്ഞു ചെടിയായിരുന്നു. വളരെ കുറച്ച് സമയംകൊണ്ടാണത് വളർന്നു വന്നത്. അതിന്റെ ഊരും പേരുമൊന്നും ആർക്കും അറിയില്ലായിരുന്നു. കരുത്തുള്ള ഇലകൾ വിരിച്ച് കുടപോലെ വളർന്നതുകൊണ്ട് ചെറുപ്പത്തിൽ അത് ഒരു അലങ്കാരച്ചെടിപോലെ തോന്നിച്ചു. വരുന്നവരെല്ലാം ചോദിക്കും:

""എവിടുന്ന് വാങ്ങിയതാണ്?''

ഞാൻ സത്യം പറയും: ""അതവിടെ തനിയേ കിളിർത്തുവന്നതാണ്''.

എന്നാലോ, സത്യത്തിൽ വിശ്വസിക്കാൻ ആർക്കും താല്പര്യമില്ല. അവർ സംശയിക്കും: ""ഇത്രയും സുന്ദരനായൊരു ചെടി വെറുതേയങ്ങ് വളർന്നുവരുമോ?''

ആളുകൾ വിശ്വസിച്ചാലെന്ത് വിശ്വസിച്ചില്ലെങ്കിലെന്ത്? സംശയിച്ചാലെന്ത് സംശയിച്ചില്ലെങ്കിലെന്ത്? എല്ലാവരുടേയും ശ്രദ്ധയാകർഷിച്ചുകൊണ്ട് ഒരു അലങ്കാരച്ചെടി എന്ന പരിഗണനയിൽ അല്പം ഗമയിൽത്തന്നെ അതങ്ങ് തഴച്ചുവളർന്നു. ഞാനും അതിനെ ആവും വിധം പരിചരിച്ചു. അതിനു വെള്ളമൊഴിക്കാത്തതായി ഒരുദിവസവുമില്ല. രാവിലെയും വൈകിട്ടും ഓരോ ബക്കറ്റ് വെള്ളം അതിനുള്ളതാണ്. ഇടയ്ക്കിടെ വളവും ചെയ്തു. ഒരു മരമല്ലേ, നിന്നോട്ടേന്ന് കരുതി. മകൻ മുരളിയും അതുതന്നെ പറഞ്ഞു:

""ഒരു മരമല്ലേ അച്ഛാ.. വളർന്നു മേലോട്ടു പോയ്‌ക്കോട്ടെ. മേലോട്ടു പോയ്‌ക്കോട്ടെ. ആർക്കും ദോഷമില്ലല്ലോ.''

ഭാര്യ ലതികയ്ക്കും അതുതന്നെയായിരുന്നു താല്പര്യം.

വീടിനു തെക്കുകിഴക്ക് സ്ഥാനത്തുതന്നെ ഊരും പേരും അറിയാത്തൊരു മരം വളർന്നു വരുന്നത് ദോഷം ചെയ്യുമെന്നു കരുതി അതിനെ അധികം വളരാൻ വിടണോ വേണ്ടയോ എന്ന് ഇടക്കാലത്ത് ഞങ്ങൾ ചർച്ച ചെയ്തിരുന്നു. ആ ചർച്ചകൾ കേട്ടിട്ടാവണം, അന്നൊക്കെ മരം മുരടിച്ചു നിന്നു. വളരാൻ ഒരു താല്പര്യവുമില്ലാത്തപോലെ. അതിനു ശേഷം, വെട്ടേണ്ട, നിന്നോട്ടെ എന്ന് തീരുമാനിച്ചപ്പോൾ മരത്തിന്റെ ഉഷാറൊന്നു കാണണമായിരുന്നു!. കുടപോലെയിരുന്ന മണ്ടയുംകൊണ്ട് അത് ശൂന്ന് മേലോട്ടൊരു പോക്കുപോയി. മുകൾപ്പരപ്പിൽ തുരുതുരെ ശിഖരങ്ങൾ പൊട്ടിമുളപ്പിച്ച് ഏഴോ എട്ടോ മാസങ്ങൾ കൊണ്ട് വീടിന്റെ തെക്കുഭാഗത്തെ മേൽക്കൂരയെല്ലാം അതിന്റെ തണലിൻ കീഴിലാക്കി. കുംഭം മീനം മാസങ്ങളിൽ പോലും വീടിനകം തണുതണാന്നിരുന്നു.

വീട്ടിൽ വരുന്നവരൊക്കെ മരത്തിനെ കണ്ടാൽ ഒന്നു നോക്കാതിരിക്കില്ല. അതിനെപ്പറ്റി അറിയുന്നതോ അറിയാത്തതോ ആയ കാര്യങ്ങൾ എന്തെങ്കിലും സംസാരിക്കാതിരിക്കില്ല. ആ മരത്തിന്റെ സാന്നിദ്ധ്യം അത്രത്തോളമാണ്. മരത്തെപ്പറ്റി നാട്ടിലെയും കുടുംബത്തെയും ചില കർന്നോന്മാർ പറഞ്ഞത്, അത് വെട്ടാൻ പാടില്ല. കുടുംബത്ത് അത്യാഹിതം സംഭവിക്കും, മാറാവ്യാധി, മരണം, അപകടം, വന്ധ്യത, കുടുംബകലഹം എന്നുവേണ്ട എന്തും സംഭവിക്കാം എന്നൊക്കെയാണ്. ഏതാണ്ട് എല്ലാവിധ അത്യാഹിതങ്ങളേയും പറ്റി അവർ ഉദാഹരണ സഹിതം മുന്നറിയിപ്പും നൽകി. മരം വെട്ടിയ ശേഷം കിടപ്പിലായവരെക്കുറിച്ച്, പുരനിറഞ്ഞുകവിഞ്ഞ പെണ്ണുങ്ങളെക്കുറിച്ച്, ആത്മഹത്യ ചെയ്തവരെക്കുറിച്ച്, ബൈക്കിൽ നിന്ന് മറിഞ്ഞുവീണ് മരിച്ചവരെക്കുറിച്ച്; അങ്ങനെ എണ്ണാനാണെങ്കിൽ ഒരുപാടുണ്ട്.

അപ്പോഴും, ഈ പറയുന്നവർക്ക് മരത്തെപ്പറ്റി യാതൊരു ചുക്കും അറിയില്ലെന്നോർക്കണം. ഇതേത് ഗണത്തിൽപ്പെട്ടതാണെന്നോ, വെട്ടിയിട്ടാൽ ഇതിന്റെ തടി എങ്ങനെയിരിക്കുമെന്നോ, ഇതിന്റെ കായ കഴിക്കാൻ കൊള്ളാമോ എന്നൊന്നും അറിയില്ല. ഓരോ ആളുകളും ഓരോന്നാണ് പറയുന്നത്. ചിലർ വന്ന് നോക്കിയിട്ടു വലിയ ഗൗരവത്തിൽ തട്ടിവിടും:

""ഇത് കാട്ടുകടമരമാണ്. ഇവനുണ്ടല്ലോ, നല്ല രസ്യൻ കാതലാണ്. പറഞ്ഞിട്ടെന്താ, വെട്ടാൻ പറ്റില്ല. ഒക്കെ ആശാരിമാര് ഉണ്ടാക്കിവെക്കുന്ന ഓരോ അന്ധവിശ്വാസങ്ങൾ.. അല്ലാതെന്തോ പറയാനാ? ഇതിൽ കൊത്തിയാൽ അവരുടെ ഉളി ചളുങ്ങിപ്പോകും. വല്യ പാടാണ്. ഏത് ആശാരിക്കാണ് മേലനങ്ങി ജോലിചെയ്യാൻ താല്പര്യം?''

വേറേ ചിലർ പറയും:

""ഇത് മരുതനച്ചിയാണ്/ മാടയാണ്/ കോടയാണ്/ കടുവയാണ്/ കിടുവയാണ്. വെട്ടാൻ പറ്റില്ല. വെട്ടിയാലുണ്ടോ വല്ല ഗുണവും? തീപ്പെട്ടിക്കോൽ ഉണ്ടാക്കാൻ പോലും കൊള്ളില്ല. മൊത്തം വെള്ളയാണ്. പാലയുടെ ഗണത്തിൽ വരും. വെട്ടിയാലോ? കുടുംബവും കൊണ്ടേ പോകൂ..''

ഹൊ, ഇങ്ങനെയുള്ള അഭിപ്രായക്കാരെ സഹിക്കാൻ ഇത്തിരി പാടാണ്. ഞാൻ വീടു വെച്ചുകൊണ്ടിരിക്കുന്ന സമയത്തും ഇത്തരം അഭിപ്രായക്കാർ വന്നിരുന്നു. അടുക്കള അവിടെയാണ് നല്ലത്, ബാത്ത് റൂം സ്ഥാനത്തല്ല ഉള്ളത്, ചീലാന്തിയേക്കാൾ തേക്കായിരുന്നു ബെസ്റ്റ് എന്നെല്ലാം പറഞ്ഞുകൊണ്ട്. വീടു വെച്ച ശേഷവും അഭിപ്രായങ്ങൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. വീട് മുഴുവനായി പൊക്കിയെടുത്ത് നഗരത്തിൽ കൊണ്ടുവെക്കണമെന്നു പോലും പറയുന്നവരുണ്ട്. മരം വളർന്ന് ഒരുപരുവം എത്തിയപ്പോൾ അതിലായി അഭിപ്രായക്കാരുടെ അള്ളിക്കയറ്റം.

മരം വെട്ടരുത് വെട്ടരുത് എന്നു പറയണ്ട ആവശ്യമെന്താണ്? അല്ലെങ്കിൽത്തന്നെ എന്തിനാണ് ആ മരം വെട്ടുന്നത്? വളർന്നു മേലോട്ടു പോകുന്നതുകൊണ്ട്. ആർക്കും ദോഷമില്ലല്ലോ. തെക്കുനിന്നു കുത്തിവീഴുന്ന വെയിലിനെ തടയുന്നില്ലേ? വീടിനു മുകളിലും മുറ്റത്തുമെല്ലാം തണലല്ലേ? പൂവും കനിയുമില്ലെങ്കിലും തളിരിലകളുണ്ടല്ലോ. അതു കാണുമ്പോൾത്തന്നെ മനസ്സിനു കുളിരല്ലേ? തണലിൽ കാറ് പാർക്ക് ചെയ്യാമല്ലോ. കസേരയിട്ടിരുന്ന് പുസ്തകം വായിക്കാമല്ലോ. വേണമെങ്കിൽ ഒരു മുണ്ടു വിരിച്ചിരുന്ന് ചീട്ടുകളിക്കമല്ലോ. ഉപദേശക്കാർ പറയുന്നത് ഒരുവിധത്തിൽ ശരിതന്നെ. വെട്ടരുത്. വെട്ടിയാലാണ് ദോഷം.

ഇടക്കാലത്ത് ഒരാൾ വന്ന് മരത്തിന്റെ തൊലി ചുരണ്ടി മണത്തിട്ട് മൂത്ത മകൻ മുരളിയോോടു പറഞ്ഞു: ""ഇത് സാധനം ഇവിടെങ്ങുമുള്ള മരമല്ല. വിദേശത്തൊക്കെ അപൂർവ്വമായി കാണാറുണ്ട്. കുറേക്കാലം കഴിഞ്ഞാൽ ഇതീന്ന് ഒരുതരം കറ കിട്ടും. അതുണ്ടല്ലോ, മറ്റതിനു നല്ലതാ.. ചകചകേന്ന് നിൽക്കും.. ചൈനാക്കാരോ മറ്റോ കാണണം! എങ്കിൽ ഇവനെ രായ്ക്കു രാമാനം ഇവിടുന്ന് കടത്തും.''

അന്ന് മുരളി എന്നോടു പറഞ്ഞു: ""അഛാ, ഈ മരം ഒരിക്കലും വെട്ടരുത്.''

അവനതിന് കാരണമൊന്നും പറഞ്ഞില്ല. എങ്ങനെ പറയും? ഞാൻ അവന്റെ അഛനല്ലേ?.

ഉത്തേജനത്തിനു വേണ്ടി മനുഷ്യർ ഏതറ്റം വരെയും പോകുമെന്ന് കേട്ടിട്ടുണ്ട്. ചൈനാക്കാർക്കാണ് അക്കാര്യത്തിൽ കൂടുതൽ കുപ്രസിദ്ധി. കച്ചോടാവശ്യത്തിന് ഇടയ്ക്കിടെ ചൈനയിലേക്ക് യാത്ര ചെയ്യുന്ന നിസാമുദ്ദീൻ ചൈനാക്കാരെക്കുറിച്ച് പറയുന്ന ചരിത്രങ്ങളൊക്കെ ഒന്നു കേൾക്കേണ്ടതാണ്. നമ്മൾ വായപൊളിച്ചിരുന്നുപോകും. മനുഷ്യലിംഗങ്ങളെ ഉത്തേജിപ്പിക്കാൻ വേണ്ടി മാത്രം ഷണ്ഢീകരിക്കപ്പെട്ട ജീവികളുടെ തരക്കേടില്ലാത്തൊരു ലിസ്റ്റ് ചൈനീസ് ചരിത്രങ്ങൾക്കിടെ അവൻ നിരത്താറുണ്ട്. അതിൽ മത്സ്യ-കൂർമ്മ-വരാഹങ്ങളൊക്കെയുണ്ട്. ലിംഗോദ്ധാരണത്തിനു പറ്റുമോ എന്ന് പരീക്ഷിച്ചു പരീക്ഷിച്ചാവും ലോകത്തുള്ള ഏതാണ്ട് എല്ലാ ജീവികളേയും തിന്നുന്നവരായി അവർ മാറിയത് എന്നാണ് നിസാമുദ്ദീന്റെ നിഗമനം. എന്താണ് അതിലെ ശരിയെന്ന് ആർക്കറിയാം!

തൊലി ചുരണ്ടി മണത്തയാൾ പറഞ്ഞത് ഞാൻ വലിയ കാര്യമായെടുത്തില്ല. നൂറായിരം അഭിപ്രായങ്ങളിൽ ഒന്നെന്ന നിലയിലേ ഞാൻ അതിനെ കണ്ടുള്ളൂ. മുരളി അതേപ്പറ്റി രഹസ്യമായി അറിയാൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതുപോലൊരു മരത്തെ ആരെങ്കിലും മുമ്പ് കണ്ടിട്ടുവേണ്ടേ? ഒരുപക്ഷേ, ദേശാടനക്കിളികൾ വല്ലതും മുകളിലൂടെ പോകുമ്പോൾ മരത്തിന്റെ കുരു കാഷ്ടിച്ചിട്ടിട്ടുണ്ടാവാം എന്നൊരു അനുമാനമാണ് അവന്. അങ്ങനെയെങ്കിൽ ആ കിളിയെ വെടിവെച്ചു കൊല്ലണം. കാഷ്ടിക്കാനായി മറ്റെത്രയോ ഇടങ്ങളുണ്ടായിരുന്നു? വല്ല കാട്ടിലോ മേട്ടിലോ കാഷ്ടിക്കാമായിരുന്നു അതിന്. വനപ്രദേശങ്ങളിലായിരുന്നെങ്കിൽ മറ്റു മരങ്ങൾക്കൊപ്പം ആരുമറിയാതെ ഈ മരത്തിനും കഴിഞ്ഞുകൂടാമായിരുന്നു. എന്റെ വീട്ടുമുറ്റത്തുതന്നെ സാധിച്ച് ഇല്ലാത്ത പൊല്ലാപ്പുകളൊക്കെ ഉണ്ടാക്കേണ്ടിയിരുന്നോ?

ആദ്യമൊന്നും മരത്തെക്കൊണ്ട് ഞങ്ങൾക്ക് യാതൊരു അല്ലലും ഉണ്ടായിരുന്നില്ല. നേരത്തേ പറഞ്ഞതുപോലെ, ഗുണങ്ങളേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയിരിക്കെയാണ് അങ്ങ് തെക്കൻ പരവൂരിൽ നിന്നുള്ളൊരു വയസ്സനായ വഴിപോക്കൻ മരത്തിന്റെ തണൽ കണ്ട് വീട്ടിലേക്ക് കയറിവരുന്നത്. വളരെ ക്ഷീണിതനായ അദ്ദേഹം വന്നപാടേ തണൽ വീണുകിടന്നിരുന്ന തിണ്ണയിൽ കുറേ നേരം കൈകൾ ഊന്നിയിരുന്നു. ഇടയ്ക്കിടെ അയാൾ മരത്തിന്റെ മുകൾപ്പരപ്പിലേക്കും തടിയിലേക്കുമെല്ലാം നോക്കി. അയാൾക്ക് ദാഹിക്കുന്നുണ്ടെന്നു കണ്ട് ലതിക ഒരു മൊന്ത വെള്ളം കൊണ്ടുക്കൊടുത്തു. ഒരു മൂളിപ്പാട്ടോടെ അതുവാങ്ങിക്കുടിച്ച് ക്ഷീണം അകറ്റിയശേഷം അയാൾ തന്റെ ഊരുചുറ്റലിന്റെ കഥകൾ പറയാൻ തുടങ്ങി. ഇടയ്ക്കിടെ ഓരോ നാട്ടിലേയും പാട്ടുകൾ പാടി. അങ്ങനെ കുറേ സമയം ഞങ്ങളോടൊപ്പം ചെലവഴിച്ചിട്ട് പോകാനിറങ്ങുന്നേരം അയാൾ മരത്തെ വീണ്ടും അടിമുടി ഒന്നു നോക്കി. എന്നെ അടുത്തേക്ക് വിളിച്ചു നിർത്തി അടക്കിയ സ്വരത്തിൽ പറഞ്ഞു:

""ലക്ഷണപ്പെഴക്കേടാണ് കുഞ്ഞേ. വെട്ടിയാൽ ദോഷം. വെട്ടിയില്ലെങ്കിലും ദോഷം''

ഗേറ്റ് കടക്കും മുമ്പ് തിരിഞ്ഞു നിന്നിട്ട് അയാൾ ഒന്നുകൂടി അടുത്തുവിളിച്ചു: ""കുഞ്ഞേ, ഇതിനെ മുറിക്കരുത്. മറയ്ക്കുകയുമരുത്!''

ശേഷം, വഴിയരികിലെ മരങ്ങളുടെ ശിഖരങ്ങൾ നോക്കിനോക്കി തണലുകളോടു ചേർന്ന് അയാൾ നടന്നകന്നു.

അയാൾ പോയിടം മുതൽ അയാൾ പറഞ്ഞതിനെപ്പറ്റിയായി എന്റെ ചിന്തയും വീട്ടിലെ ചർച്ചയും. ഇതിപ്പോൾ എന്താണിങ്ങനെ?. മുറിക്കരുത്.. മറയ്ക്കുകയും അരുത്?. ആദ്യത്തെ കാര്യം മനസ്സിലായി. എന്നാൽ എന്താണ് 'മറയ്ക്കരുത്' എന്നു പറഞ്ഞതിന്റെ പൊരുൾ? 'മറക്കരുത്' എന്നാണോ അയാൾ ഉദ്ദേശിച്ചിട്ടുണ്ടാവുക? മുറിക്കരുത് എന്നകാര്യം മറക്കരുത് എന്നോ മറ്റോ?. ഏയ്, അങ്ങനെയല്ല. മറയ്ക്കരുത് എന്ന് യകാരം സ്പഷ്ടമാക്കിത്തന്നെയാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ എന്തു മറയ്ക്കുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞിട്ടു പോയത്?. ചില കാർന്നോന്മാർ ഇങ്ങനെയാണ് ഒന്നും വ്യക്തമായി പറയില്ല. വെറുതേ ചില സൂചനകൾ മാത്രം തന്നിട്ട് കടന്നുകളയും.

ഭാര്യ പറഞ്ഞു: ""കണ്ടിട്ട് അയാൾ ഒരു സന്യാസിയെപ്പോലുണ്ട്. ലോകം മുഴുവൻ ചുറ്റുന്നതല്ലേ. ഒരു കാര്യവുമില്ലാതെ അയാൾ എന്തെങ്കിലും പറയുമെന്ന് തോന്നുന്നില്ല. അയാളോട് മരത്തിന്റെ പേരുകൂടി ചോദിക്കണ്ടതായിരുന്നു.''

അയാൾ പോയിക്കഴിഞ്ഞ് രണ്ടോ മൂന്നോ നാൾ അയാൾ പറഞ്ഞതിന്റെ അർത്ഥമെന്തെന്ന് ഊഹിക്കുവാൻ ശ്രമിച്ചുവെങ്കിലും പിന്നീട് അയാളെപ്പോലും ഞങ്ങൾ മറന്നു. കുറേനാൾ കഴിഞ്ഞ്, മരത്തിൽ ചില നിഴലിപ്പുകൾ കണ്ടിടം തൊട്ടാണ് അയാളെ വീണ്ടും ഓർക്കുന്നതും അയാൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവുന്നതും.

ആദ്യം ഏതാണ്ട് ഒന്നരയാൾ പൊക്കത്തിൽ മരത്തിൽ രണ്ടു നിഴലിപ്പുകൾകണ്ടു. ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോഴേക്ക് അത് കൂടുതൽ പ്രകടമായി. പിന്നെയും രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ, ജനാലയുടെ കർട്ടൻ വകന്നുമാറ്റി നേരം വെളുത്തോ എന്ന് ഒരു ഫുട്‌ബോൾ നോക്കുന്നപോലെ മരത്തിന്റെ കനത്ത തൊലി വകന്നു മാറ്റി രണ്ട് മുഴകൾ പുറത്തേക്ക് എത്തിനോക്കി. അവ ബലപ്പെട്ട രണ്ടു ശിഖരങ്ങളായി മാറുമെന്ന് പ്രതീക്ഷിച്ച് മുരളി പറഞ്ഞു :

""അതിലൊന്നിൽ കുട്ടാച്ചൂനൊരു ഊഞ്ഞാലു കെട്ടണം''.

കുട്ടാച്ചു അതുകേട്ട് സന്തോഷിച്ചു. മുഴകൾ പൊട്ടിച്ച് ശിഖരങ്ങൾ നീണ്ടുവരുന്നുണ്ടോയെന്ന് നോക്കലായി ദിവസവും അവന്റെ ജോലി. എന്നാൽ ദിവസങ്ങളിങ്ങനെ പോയതല്ലാതെ ശിഖരങ്ങളൊന്നും പുറത്തേക്കു വന്നില്ല. മുഴകളാകട്ടെ കൂടുതൽ പുറത്തേക്ക് തള്ളുകയും ഉരുണ്ടുരുണ്ട് വരികയും ചെയ്തു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവയുടെ വളർച്ച നിന്നു. ഇപ്പോൾ ദൂരെനിന്നു കണ്ടാൽ ചെളിപുരണ്ട രണ്ട് ഫുട്ട് ബോളുകൾ മരത്തിൽ പറ്റിച്ചു വെച്ചിരിക്കുകയാണെന്നേ തോന്നൂ. കാണുന്നവർ കാണുന്നവരൊക്കെ ചോദിച്ചു:

""ഇതെന്ത് ഇങ്ങനെ?''

ലതികയോടു ചോദിച്ചവരോടൊക്കെ അവൾ തമാശ പറഞ്ഞു: ''മരത്തിന് വെരിക്കോസാണ് വെരിക്കോസ്.. കുറച്ചുകാലമായി ഒരേ നിൽപ്പല്ലേ..''

കേൾക്കുന്നവരൊക്കെ ചിരിക്കും: ഹിഹിഹി/ ഹൊഹൊഹൊ/ ഹെഹെഹെ.. ""വെരിക്കോസോ?!''

അവളും ചിരിയോടു ചിരി. മറ്റുള്ളവർ എങ്ങനെ ചിരിക്കുന്നോ അങ്ങനെതന്നെ. ഹിഹിഹി/ ഹൊഹൊഹൊ/ ഹെഹെഹെ. ഹതേ.. വെരിക്കോസ്..''

മുരളിയെ തിരക്കി വരുന്ന കൂട്ടുകാരൊക്കെ മരത്തിനെ ചൂണ്ടി ചോദിക്കും:

""ഇതെന്തെടേ ഇങ്ങനെ?''

""അമ്മ പറയുന്നത് മരത്തിന് വെരിക്കോസാണെന്നാ''

അതുകേട്ട് കൂട്ടുകാരെല്ലാം കൂടി ചിരി തുടങ്ങും. ഹിഹിഹി / ഹെഹെഹെ/ ഹൊഹൊഹൊ. ചിരികേൾക്കുന്നവരെല്ലാം അവരുടെ കൂടെ ചിരിക്കും. ഭാര്യയും അയൽപ്പക്കത്തെ ഗോമതിയമ്മയും ഗീതയും മുരളിയുടെ ഭാര്യ രേണുവും എല്ലാം ചിരിക്കും. എന്തിനെന്നറിയാതെ കുട്ടാച്ചുവും ചിരിക്കും. ഹിഹിഹി. ഹിഹിഹി.

മരം അങ്ങനെ വീട്ടിലും നാട്ടിലും ചിരിയും സന്തോഷവും പടർത്തി. ഒപ്പം മരവും ചിരിച്ചു. ആടിയാടി, ഇലകളിളക്കി, കടകടാന്ന്.

മരത്തിന്റേത് ചെറിയ ഇലകളാണ്. ചീമക്കൊന്നയുടെ ഇലകളുടെ അത്രയുമേയുള്ളൂ. ആകൃതിയും ഏതാണ്ട് അതുപോലെ തന്നെ. ഇലകളെല്ലാം ഇടതൂർന്ന് അടുങ്ങിയടുങ്ങിയാണ് പന്തലിക്കുന്നത്. കാറ്റടിച്ചാലുടനെ അവയെല്ലാം കൂടി ഛിൽജിലെന്ന് ചിലമ്പും. എന്നാലോ, ഒരെണ്ണം പോലും പൊഴിയാറില്ല. ഇലകളുടെ വലിപ്പവും ആകൃതിയും ഒഴിച്ചു നിർത്തിയാൽ, പൊക്കത്തിന്റെ കാര്യത്തിലും പന്തലിക്കുന്നതിന്റെ കാര്യത്തിലും വാകമരത്തോടാണ് അതിനു സാമ്യം. പന്തലിക്കും തോറും അതിന്റെ തായ്ത്തടിയും കനം വെച്ചുകൊണ്ടിരുന്നു. തെക്കു ഭാഗത്തായി വീടിന് മുന്നിലേക്ക് ഒരല്പം നീങ്ങിയാണ് അതിന്റെ നിൽപ്പ്. അതുകാരണം, വീട്ടിൽ വരുന്നവരെല്ലാം തങ്ങൾക്ക് പരിചിതമല്ലാത്ത ആ മരത്തിനടുത്ത് കുറച്ചു സമയം നിന്ന് അതിനെ അടിമുടിയൊന്ന് നോക്കാതിരിക്കില്ല. ഫുട്‌ബോളിനോളം വലിപ്പമുള്ള വെരിക്കോസ് വന്നതോടെ ആളുകളുടെ നോട്ടം പ്രധാനമായും അതിലേക്കായി. മുമ്പ് മരത്തേപ്പറ്റിയായിരുന്നു ആളുകൾ സംസാരിച്ചിരുന്നതെങ്കിൽ ഇപ്പോൾ വെരിക്കോസിനെപ്പറ്റിയായി. അതിനെപ്പറ്റിയുള്ള തമാശകളായി, കളിയായി, ചിരിയായി.

തന്നെ ചൊല്ലിയുള്ള ചിരിയുടെ അളവു കൂട്ടാനാണോ എന്നറിയില്ല, അധികം താമസിയാതെ, മരം തന്റെ തമാശയുടെ അളവ് വർദ്ധിപ്പിച്ചു. രണ്ട് ഫുട്‌ബോളുകൾക്ക് മുകളിൽ നടുവിലായി ഒരു നിഴൽ കൂടി പ്രത്യക്ഷപ്പെട്ടു. കട്ടിയുള്ള തൊലി ഒരു കർട്ടൻ പോലെ വീണ്ടും വകന്നുമാറി. ഇത്തവണ എന്തോ കൂർത്തുവരുമ്പോലെ. കൂർത്തുകൂർത്ത് കൂർത്തു വരുമ്പോലെ. 'ഇതെന്താ ഇങ്ങനെ'യെന്ന് എല്ലാവരും വീണ്ടും സംശയിച്ചു. അത്താഴത്തിനിരിക്കുമ്പോൾ എല്ലാവരും കൂടി ഇതേപ്പറ്റിയായി ചർച്ച.

""ഒരു ഞരമ്പുകൂടി തകരാറിലായി. അല്ലാതെന്താ?!''

""ശരിയാ.. വെരിക്കോസ് കാലുമുഴുവൻ പടരും..''

""അതിനു മരുന്ന് കിട്ടില്ലേ?''

""ഓ.. മരങ്ങൾക്ക് എവിടുന്നാ മരുന്ന്?

""അല്ല, അങ്ങനെയുണ്ടായിരുന്നെങ്കിൽ വെള്ളത്തിൽ കലക്കി മൂട്ടിൽ ഒഴിച്ചുകൊടുക്കാമായിരുന്നു. വേരുകൊണ്ട് അത് വലിച്ചുകുടിച്ചോളും''

""നമ്മുടെ കുട്ടാച്ചൂനെപ്പോലെയാണെങ്കിൽ മരം വായതുറക്കില്ല.''

""അപ്പോ മരത്തിന്റെ കവിളിനു കുത്തിപ്പിടിക്കണം..''

""അതിന് മരത്തിനെവിടെ കവിള്?''

""അതു ശരിയാണല്ലോ, പാവം മരം''

""അതേയതേ, പാവം മരം..''

മഴപെയ്ത ഒരു ദിവസം അത്താഴം കഴിച്ച് എല്ലാവരും നേരത്തേ കിടന്നുറങ്ങി. അന്നു രാത്രി ഈ 'പാവം മരം' പറ്റിച്ചപണി അറിയണോ?. അവൻ പുറം പാളി പൊട്ടിച്ച് ഒരു മുനപ്പ് പുറത്തുചാടിച്ചു. ആറ് ഇഞ്ചെങ്കിലും വ്യാസമുണ്ട്. അതിന്റെ ഒരു വശം കൂടുതൽ ചരിഞ്ഞു കൂർത്തൊരു കൂണിനെപ്പോലെയിരുന്നു. കൂൺകുടയുടെ കൂർത്തുരുണ്ട അറ്റത്ത് ആഴത്തിലുള്ള ചെറിയ ദ്വാരം. അതിൽ നിന്ന് താഴെക്ക് ഒരു വര. ഞാൻ രാവിലെ കണ്ണും തിരുമ്മി ഗേറ്റിൽ നിന്ന് പത്രമെടുക്കാൻ പുറത്തേക്കു വന്നപ്പോൾ ആ കാഴ്ച കണ്ട് "അയ്യടാ'ന്നായിപ്പോയി. മരത്തിന്റെ വളർച്ചയിൽ വ്യക്തമായും ചില വശപ്പിശകുകൾ ഞാൻ ശ്രദ്ധിച്ചു. മറ്റുള്ളവരും അത് ശ്രദ്ധിച്ചുവെങ്കിലും 'ഓ.. അതുവെറും തോന്നൽ' എന്ന മട്ടിൽ മരത്തെ ഗൗനിക്കാത്തതായി നടിച്ചു. എന്നാൽ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയേ അടങ്ങൂ എന്ന വാശിയിൽ ഓരോ ദിവസം കഴിയും തോറും കൂണുപോലുള്ള ആ മകുടം പുറത്തേക്ക് ഉന്തിയുന്തി വന്നു. ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ എല്ലാവർക്കും മനസ്സിലായി: അതൊരു ലിംഗത്തെപ്പോലെയുണ്ട്.

അതിനു ശേഷം മരം വീട്ടിലുണ്ടാക്കിയ പുകിലുകൾ പറയാതിരിക്കുകയാണ് ഭേദം!. ആരും ആരോടും അധികമൊന്നും മിണ്ടാതെയായി. സംഭാഷണങ്ങളിൽ മരം അതിന്റെ ലിംഗവുമായി കയറിവന്നാലോ? മരം നഗ്‌നനാണെന്ന കാര്യം എല്ലാവരും മറക്കാൻ ശ്രമിക്കുന്നു? അത്താഴച്ചർച്ചകളിൽ എല്ലാവരും മരത്തെ മന:പൂർവ്വം തഴഞ്ഞു. എന്നാൽ ഇടക്കിടെ എല്ലാവരിലും ഒരു കൊള്ളിയാൻ പായിച്ചുകൊണ്ട് കുട്ടാച്ചു പറയും:

""അച്ചാപ്പൂ, എനിക്കിനി ഊഞ്ഞാലു കെട്ടിത്തരുമോ..''.

""മിണ്ടാതിരുന്ന് ഭക്ഷണം കഴിക്കെടാ..'' - മുരളി അവനെ ശാസിക്കും.

കുട്ടാച്ചുവിന്റെ ശല്യം തീർക്കാനായി തെക്കുപടിഞ്ഞാറുഭാഗത്തു നിന്നിരുന്ന പുളിയിലും കവുങ്ങിലുമായി മുരളി ഒരു ഊഞ്ഞാലു കെട്ടി. അവനെ ആട്ടുന്നത് എനിക്കു പിന്നെ ഒരു ജോലിയായി. ആട്ടിക്കൊണ്ടിരിക്കുന്നതിനിടയിലും ചെക്കൻ മിണ്ടാതിരിക്കില്ല:

""അപ്പൂപ്പാ, ആ മരത്തിൽ എന്താ ഊഞ്ഞാലു കെട്ടാഞ്ഞേ?

ഞാൻ പറയും: ""ആ മരം അഹങ്കാരിയാണ്.''

മരമാണെങ്കിലും മനുഷ്യനാണെങ്കിലും മര്യാദയ്ക്കു വളരണം. നാണവും മാനവും വേണം. മര്യാദയ്ക്കുള്ള ശിഖരമായിരുന്നെങ്കിൽ കുട്ടാച്ചുവിന് അതിലൊരു ഊഞ്ഞാല് കെട്ടാമായിരുന്നു. പക്ഷേ ഈ മരം ക്രൂരനായൊരു തമാശക്കാരനെപ്പോലെ ആയിരുന്നു. ദിനംപ്രതി അതിന്റെ ലിംഗം വീണ്ടും തടിച്ചു വളർന്നു. ആ ശിഖരം വളർന്നുവളർന്ന് മറ്റേതെങ്കിലും രൂപമാകുമെന്നു കരുതിയാണ് ഞാൻ കാത്തിരുന്നത്. കണ്ടവരെല്ലാം വെട്ടരുത് എന്ന് ഉപദേശിച്ച മരത്തിൽ ഇരുമ്പു തൊടാനൊരു പേടി. വല്ല അത്യാഹിതവും ഉണ്ടായാലോ? ആ പേടി മുതലെടുത്ത് ശിഖരം കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽത്തന്നെ ലക്ഷണമൊത്ത ഒരു ലിംഗത്തെപ്പോലെ ഉദ്ധരിച്ച് മേലേക്ക് നിന്നു. വെരിക്കോസ് മുഴകളെ ഇനി വൃഷണങ്ങളെന്നു മാത്രമേ ആർക്കും വിളിക്കാൻ ആവുകയുള്ളൂ. അതേച്ചൊല്ലി ഇനിയൊരു തർക്കം വേണ്ട എന്നു കരുതിയാവും മരം തന്റെ ലിംഗപ്രദേശം മൊത്തത്തിലങ്ങ് അലങ്കരിച്ചു. ലിംഗത്തിന്റേയും വൃഷണങ്ങളുടേയും ഉത്ഭവസ്ഥാനത്ത് അത് നാരുപോലെയുള്ള ചെറു വേരുകൾ പൊടിപ്പിച്ചു. രോമങ്ങൾ പോലെ അവ തിക്കിത്തിരക്കി വളർന്ന് താഴേക്ക് ഞാന്നുകിടന്നു. വൃഷണങ്ങളെ പൊതിഞ്ഞ അത്ര പരുക്കനല്ലാത്ത തൊലിയിൽ അത് ചുളിവുകൾ തീർത്തു. എഴുന്നുനിൽക്കുന്ന ഞരമ്പുകൾ ലിംഗത്തിന്റെ തൊലിക്കുള്ളിലൂടെ പടർത്തിക്കൊണ്ട് കൂടുതൽ മോടി വരുത്തി. ഇളം നീല ഞരമ്പുകൾ..

നാട്ടുകാർ എന്തൊരു ജന്തുക്കളാണ്. എന്തൊക്കെ കഥകളാണ് മരത്തെയും ഞങ്ങളുടെ കുടുംബത്തേയും ചുറ്റിപ്പറ്റി അവർ പറഞ്ഞു പരത്തിയത്. അതൊന്നും പുറത്ത് പറയാൻ കൊള്ളുന്നവയോ കേൾക്കാൻ കൊള്ളുന്നവയോ അല്ല. നാട്ടുകാർ ഞങ്ങളുടെ മുതുത്തച്ഛന്മാരുടെ ഉൾപ്പടെ ചരിത്രങ്ങൾ തോണ്ടി വെളിയിലിട്ട് വളച്ചൊടിച്ചു. ജന്മിത്തവും പ്രമാണിത്തവുമൊക്കെ ഉണ്ടായിരുന്ന കാലത്ത് മുതുമുത്തച്ഛന്മാർ ചില വേണ്ടാതീനങ്ങളൊക്കെ കാണിച്ചിട്ടുണ്ടാവും. എന്നുവെച്ച് അതിന്റെ ശാപമാണ് ഇത് എന്നൊക്കെ പറഞ്ഞാലോ? ചരിത്രകഥകൾ പറയുമ്പോൾ അത് നടക്കുന്ന കാലത്തെ രീതികളും ശാസ്ത്രങ്ങളും കൂടി കണക്കിലെടുത്തല്ലേ പറയേണ്ടത്. ഇത് അങ്ങനെയൊന്നുമില്ല. എന്തെങ്കിലുമൊക്കെയങ്ങ് പറഞ്ഞുകളയും. ബാർബർ ഷോപ്പിൽ വെച്ച് ഹൈസ്‌കൂൾ ക്ലാർക്ക് അരുൺദാസിന്റെ ചെപ്പയ്ക്ക് നാലു കൊടുക്കാനുള്ള കാര്യം അതായിരുന്നു. ഞാൻ മുടി വെട്ടിച്ചുകഴിഞ്ഞ് ഷേവിംഗിനായി സോപ്പുപതയോടെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അവൻ കയറിവരുന്നത്. കസേരയിൽ ഇരിക്കുന്നത് ഞാനാണെന്ന് അവൻ അറിഞ്ഞില്ല. അവൻ അവിടെയിരുന്ന് മാസിക മറിച്ചുകൊണ്ട് ഓരോ വേണ്ടാതീനങ്ങൾ പറയാൻ തുടങ്ങി. എനിക്കതു കേട്ട് ചൊറിഞ്ഞുവന്നു. മുഖത്തുനിന്ന് പതവടിച്ച് അവന്റെ മുഖത്തേക്കെറിഞ്ഞ് കോളറിനു കുത്തിപ്പിടിച്ചു. ചെപ്പയ്ക്ക് നാലെണ്ണം എണ്ണിക്കൊടുത്തു. മരത്തേപ്പറ്റിയുള്ള ചർച്ചയ്ക്ക് ഈ സംഭവം ആക്കം കൂട്ടിയെന്നത് വേറേ കാര്യം!

അന്ന് ഞാൻ ഈ മരത്തെ വെട്ടിക്കളയാൻ വെട്ടുകത്തി എടുത്തതാണ് പക്ഷേ സ്ഥാനത്തു നിൽക്കുന്ന ആ മരത്തിനെ മുറിവേൽപ്പിക്കാനുള്ള ദാർഢ്യം ഇല്ലായിരുന്നു. ദേഷ്യം സഹിക്കാഞ്ഞ് ഒരു വലിയ ചണച്ചാക്കെടുത്ത് ഞാൻ ലിംഗത്തിനു മേലേ മൂടി.
നാശം.. എന്നിട്ടും ഉദ്ധരിച്ചു നിൽക്കുന്നു.

ദേഹം മുഴുവനും കുറ്റിമുടിയിരുന്ന് കുത്തുന്നതിനാൽ കുളികഴിഞ്ഞു വന്ന് എന്തെങ്കിലും പരിഹാരം കാണാമെന്നു കരുതി ഞാൻ സോപ്പും തോർത്തുമെടുത്ത് അമ്പലക്കുളത്തിലേക്ക് പോയി. കഷ്ടകാലം വരുന്ന വരവ് നോക്കണേ.. കുളത്തിന്റെ പടവിറങ്ങുമ്പോൾ തെന്നിയടിച്ച് ഒരൊറ്റ വീഴ്ച. പിന്നീട് ഒന്നര മാസത്തോളം തിരിയാനോ പിരിയാനോ ആവാതെ ആശുപത്രിയിലായിരുന്നു. ഒരല്പം കൂടി മാറിയായിരുന്നു വീണിരുന്നതെങ്കിൽ അടുത്തു കിടന്നിരുന്നൊരു പല്ലിയരിപ്പയുടെ കമ്പിയിൽ പുറം തുളഞ്ഞു കയറിയേനെ. ഭാഗ്യത്തിനാണ് അന്ന് രക്ഷപ്പെട്ടത്.

ഹോസ്പിറ്റലിൽ ആയ ദിവസം തന്നെ മുരളിയെ വിളിച്ച് മരത്തിനെ മറച്ച ചാക്കെടുത്തു മാറ്റാൻ പറഞ്ഞു. ഞാൻ നിർദ്ദേശിക്കുന്നതിനും മുമ്പേ അവൻ അതു ചെയ്തിരുന്നു. മറയ്ക്കാൻ പടില്ലെന്ന് അറിവുള്ളവർ പറഞ്ഞുതന്നത് കാര്യത്തിലെടുക്കാത്തതുകൊണ്ട് ഉണ്ടായ അത്യാഹിതമാണിതെന്ന് അപ്പോഴേക്കും എല്ലാവരും തിരിച്ചറിഞ്ഞിരുന്നു. മരത്തിൽ ലിംഗം മുളച്ചതിനു ശേഷമുണ്ടായ ആദ്യത്തെ അത്യാഹിതമായിരുന്നു ആ വീഴ്ച.

തുടർന്നും മരത്തിന്റെ തമാശ കുടുംബത്തിൽ കൂടുതൽ അത്യാഹിതങ്ങൾ സമ്മാനിച്ചുകൊണ്ടിരുന്നു. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടാച്ചുവിനു പോലും അങ്ങനെയുള്ള അനുഭവങ്ങളുണ്ടായി.

""നിങ്ങളുടെ വീട്ടിലെ പൂഞ്ഞാണ്ടി മുസ്ലീമാണോ?''- അവന്റെ അടുത്തിരിക്കുന്ന കുട്ടികൾ അവനോടു ചോദിച്ചു.

ലിംഗാഗ്രം മൂടുന്ന തൊലി കാണാത്തതിനാലാവണം അവർ അങ്ങനെ ചോദിച്ചത്. കുട്ടാച്ചുവിനാകട്ടെ, എന്ത് ഉത്തരം പറയണമെന്ന് അറിയില്ലായിരുന്നു. അവൻ മുരളിയോടു വന്നു ചോദിച്ചു: ""അച്ചാപ്പൂ.. നമ്മുടെ മരത്തിന്റെ പൂഞ്ഞായി മുസ്ലീമാണോ?''.

മരത്തിൽ പുതുതായി കിളിർത്ത ഭാഗം ലിംഗമാണെന്ന് അംഗീകരിക്കുകയും പരസ്യമായി അതു പറഞ്ഞുനടക്കുകയും ചെയ്ത ആദ്യത്തെ അംഗം കുട്ടാച്ചുവായിരുന്നു. അവന്റെ ചോദ്യങ്ങൾക്ക് എന്ത് ഉത്തരം നൽകുമെന്ന് മുരളിക്ക് യാതൊരു നിശ്ചയവുമുണ്ടായില്ല. മുതിർന്ന ആരെങ്കിലുമാണ് ചോദിച്ചിരുന്നതെങ്കിൽ "ഉദ്ധരിച്ച ലിംഗത്തിന് മതമില്ല' എന്നോ മറ്റോ പറയാമയിരുന്നു. പള്ളീലച്ചന്മാർ, മുസ്ല്യാക്കന്മാർ, പൂജാരിമാർ ഇങ്ങനെയുള്ള ആളുകൾ പോലും ഉദ്ധരിച്ചാൽപ്പിന്നെ മതം കാര്യമാക്കാറില്ല. ഗ്രന്ഥങ്ങൾ നോക്കി ഒന്നും തീരുമാനിക്കാറില്ല. പത്രവാർത്തകൾ വായിക്കുമ്പോൾ അങ്ങനെയാണ് തോന്നുന്നത്. ഇവിടെയിപ്പോൾ അതല്ലല്ലോ ചോദ്യം. മുരളി അവനോടു പറഞ്ഞു:

""ഇതൊക്കെ ചീത്തപ്പിള്ളേരു ചോദിക്കുന്ന ചോദ്യങ്ങളാ.. മോൻ നല്ല കുട്ടിയല്ലേ, പുസ്തകം എടുത്തോണ്ടുവാ, അച്ചാപ്പു പഠിപ്പിച്ചുതരാം..''

അവിടം വിറ്റിട്ട് എവിടേക്കെങ്കിലും മാറാമെന്ന് മുരളിയെ അവന്റെ ഭാര്യ നിർബ്ബന്ധിക്കാൻ തുടങ്ങി. അതിന്റെ കാരണം കുട്ടാച്ചുവിന്റെ സംശയങ്ങളും ചോദ്യങ്ങളും മാത്രമല്ല. വീടിനുള്ളിലെ മൗനവും വീടിനു പുറത്തെ പരിഹാസങ്ങളുമാണ്. വീട്ടുജോലികളിൽ നിന്നും പങ്കപ്പാടുകളിൽ നിന്നും അല്പം അറുതി കിട്ടാൻ രണ്ടാഴ്ച കൂടുമ്പോൾ കുട്ടാച്ചുവിനേയും കൂട്ടി രണ്ടോ മൂന്നോ ദിവസം അവരുടെ വീട്ടിൽ പോയി നിൽക്കുന്ന രേണുവിന് അതിനുപോലും പറ്റാതെയായി. ബസ്സിറങ്ങി വീട്ടിലേക്കുള്ള വഴിയിലേക്ക് നടക്കാൻ തുടങ്ങുമ്പോഴേക്കും ആളുകൾ അർഥം വെച്ച് ചിരിക്കുകയും ചുമയ്ക്കുകയും ചെയ്യും. ചീത്ത വാർത്തകൾ എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കുമല്ലോ. വഴിയിലെ കലുങ്കുകളിൽ യാതൊരു പണിയും ഇല്ലാതിരിക്കുന്ന പൂവാലന്മാർ മറ്റാരോടെങ്കിലുമെന്ന രീതിയിൽ രേണു കേൾക്കെ പറയും:

""മോനേ, മരത്തിന് സുഖം തന്നല്ലേ?''

അവൾ കുട്ടാച്ചുവിനേയും വലിച്ചുകൊണ്ട് നടത്തത്തിന്റെ വേഗത കൂട്ടും.

വീടു വിൽക്കുന്ന കാര്യം എനിക്ക് ചിന്തിക്കാൻ കൂടി വയ്യ. എത്രയോ തലമുറകളുടെ അസ്തിത്തറകളുള്ള കുടുംബമാണ്. ഇനി അതെല്ലാം മറന്ന് വീടു വിൽക്കാമെന്നു തീരുമാനിച്ചാൽത്തന്നെ ഈ വീട് ആരു വാങ്ങാൻ? പിന്നെ ആകെ ചെയ്യാവുന്നത് മുരളിയും കുടുംബവും ദൂരെ എവിടേക്കെങ്കിലും മാറുകയാണ്.

എവിടെയാ ഏതാ എന്നൊന്നും ആരോടും പറഞ്ഞില്ല. മുരളിയും കുടുംബവും പാലക്കാടെങ്ങാണ്ട് ഒരിടത്തേക്ക് വാടകയ്ക്ക് വീടെടുത്ത് മാറി. കുട്ടാച്ചുവിനെ അവിടൊരു സ്‌കൂളിൽ ചേർത്തു. കൂട്ടുകാരോടൊന്നും പോയി പൂഞ്ഞാണ്ടിമരത്തിന്റെ കഥ പറയരുതെന്ന് പോകും മുമ്പ് മുരളി അവനുമായി ചട്ടം കെട്ടി. ഓരോ ദിവസവും സ്‌കൂളിലേക്ക് ഒരുക്കി അയയ്ക്കുമ്പോൾ മുരളി ആ ചട്ടം പുതുക്കും. ഇതുകേട്ട് രേണു പറയും:

""നിങ്ങള് പിന്നേം പിന്നേം അവനെ ഓരോന്ന് ഓർമ്മിപ്പിക്കാതെ!''

കുട്ടാച്ചു പോയതിനു ശേഷം വീട് ആകെ ഉറങ്ങിപ്പോയി. ഈ വിഷമങ്ങൾക്കിടയിലും അവൻ ഞങ്ങൾക്കൊരു ആശ്വാസമായിരുന്നു. അവന് കഥകൾ പറഞ്ഞുകൊടുത്തും അവന്റെ കഥകൾ കേട്ടും കുറേയൊക്കെ സമയം പോക്കുമായിരുന്നു. മുതിർന്നവർ പാട്ടു കേൾക്കുമ്പോലെയാണ് കുട്ടികൾ കഥകേൾക്കുക. ഇഷ്ടപ്പെട്ടാൽ പിന്നെയും പിന്നെയും കേൾക്കും. പുതിയ ഏതെങ്കിലും കഥ പറയാമെന്നു വെച്ചാൽ സമ്മതിക്കില്ല. അവർക്ക് പഴയ കഥകൾ തന്നെ മതി. എന്നാലും എല്ലാം പിള്ളേരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാൻ പറ്റുമോ? അവരുടെ ചിന്തയും സങ്കല്പനങ്ങളുമെല്ലാം ഒരേ കഥയുടെ വൃത്തത്തിൽ കിടന്ന് കറങ്ങിയാലെങ്ങനെ? അതുകൊണ്ട്, ഞാനൊരു വിദ്യ പ്രയോഗിക്കും. ഒരു പഴയ കഥയിൽ നിന്ന് തുടങ്ങി പുതിയ കഥയിലേക്ക് പ്രവേശിക്കും. എന്നിട്ട് പഴയതിനെ അടർത്തി അതിന്റെ വഴിക്കുവിടും.

കുട്ടാച്ചുവിന് കെട്ടിക്കൊടുത്ത ഊഞ്ഞാൽ വെറുതേ കിടക്കുന്നതു കാണുമ്പോൾ ഞാൻ അതിൽ പോയിരുന്ന് ആടും. അപ്പോഴൊക്കെ എനിക്ക് വലിയ വിഷമമാണ്. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഒന്നുരണ്ടു ദിവസം കുട്ടാച്ചുവിനെയും കൊണ്ട് ഇവിടെ വന്നു താമസിക്കാൻ ഞാൻ മുരളിയോടു പറയും. പക്ഷേ, മുരളിപോലും ഇടയ്ക്ക് ഇവിടം വരെ ഒന്നു വന്നുപോയില്ല. പാലക്കാടുവരെ ഒന്നുപോയി കുട്ടാച്ചുവിനെ കണ്ടിട്ടുവരാമെന്ന് ലതിക പറഞ്ഞെങ്കിലും അവിടം വരെ പോകാനുള്ള ആരോഗ്യം എനിക്ക് ഉണ്ടെന്നു തോന്നിയില്ല. കുളക്കടവിലെ വീഴ്ചയ്ക്കു ശേഷം നല്ല ഊരവേദനയുമുണ്ട്.

മരം കാരണം വീട്ടിൽ വിരുന്നുകാരും വരാനില്ല. അയൽക്കാർ അവരുടെ വേലികൾ ഉയർത്തിക്കെട്ടി കാഴ്ചകൾ മറച്ചു. ഒപ്പം അയൽബന്ധവും മറഞ്ഞു. ഞാനും ലതികയും തമ്മിലുള്ള സംഭാഷണങ്ങൾ നന്നേ കുറഞ്ഞിരുന്നത് ഏതാണ്ട് ഇല്ലാതെയായി. ഞങ്ങൾ രണ്ടുപേരും ഒരേ കാര്യം തന്നെ ചിന്തിച്ചുകൊണ്ടിരുന്നു.

***

മുരളി താമസം മാറിയ വർഷം വൃശ്ചികത്തിലായിരുന്നു മരത്തിന്റെ തമാശകളിൽ മറ്റൊന്ന് സംഭവിച്ചത്. രാവിലെ നോക്കുമ്പോൾ മരത്തിന്റെ ഇലകളെല്ലാം മുകളിലേക്ക് എഴുന്നു നിൽക്കുന്നു. തണുപ്പുകൊണ്ടാവാം. ചില മരങ്ങൾക്ക് തണുപ്പ് വലിയ ഇഷ്ടമാണ്. മഞ്ഞുകാലമാകുമ്പോൾ അവ വസ്ത്രം ഉരിഞ്ഞു കളയുമ്പോലെ ഇലകളെല്ലാം ഊരിക്കളയും. എന്റെ പറമ്പിൽത്തന്നെയുണ്ട് അങ്ങനെ രണ്ട് തല്ലിമരങ്ങൾ. അവ നഗ്‌നരായി നൃത്തം ചെയ്തുകൊണ്ടാണ് മഞ്ഞുകാലം ആസ്വദിക്കാറ്. വേനൽക്കാലമാകുമ്പോൾ പുത്തൻ ഇലകളെ മുളപ്പിച്ച് അവർ വീണ്ടും മരങ്ങളായി മാറും.

ഈ മരം മാത്രമെന്താണ് ഇലകളൊന്നും പൊഴിക്കാത്തത് എന്ന് ചിന്തിച്ചുകൊണ്ടു നിൽക്കെ മരത്തിൽ നിന്ന് രണ്ടിലകൾ പൊഴിഞ്ഞുപറന്ന് എന്റെ കാൽച്ചുവട്ടിൽ പതിച്ചു. ഞാൻ ആ ഇലയെടുത്ത് ഞെരടി മണത്തുനോക്കി. "ഹാ...' എന്റെ വായ പിളർന്നുപോയി. അത്ര വശ്യമായിരുന്നു അതിന്റെ ഗന്ധം.

മരത്തിന് ലിംഗം വരുന്നതിനു മുമ്പ് ഞാനും മുരളിയും അതിന്റെ ഇല പിച്ചി മണത്തു നോക്കിയിട്ടുണ്ട്. ഇതേതു ജാതി മരം എന്നറിയാനായി. പ്രത്യേകിച്ച് എന്തെങ്കിലും മണമോ ഗുണമോ ഉള്ളതായി തോന്നിയിട്ടില്ല. പക്ഷേ ഇപ്പോ ഇതെവിടുന്നാണ് ഇത്ര സ്വർഗീയമായ ഗന്ധം? വീണ്ടും വീണ്ടും മണത്തുനോക്കി.'ഹാ..ഹാ..' ഇലയുടെ തുമ്പ് പിച്ചി ഒരല്പം വായിലിട്ട് കടിച്ചുനുണഞ്ഞു. ഹൊ, വല്ലാത്തൊരു പെരുപ്പ് നാവിൽ നിന്ന് ശരീരമാകെ പടർന്നുകയറി. ഞരമ്പുകളെല്ലാം തണുതണെ തണുക്കുന്നതുപോലെ തോന്നി. വല്ലാത്ത ഉന്മേഷം!. വീട്ടിലേക്കു കയറി ഞാൻ ലതികയെ വിളിച്ചു: "എടിയേ.. ഇതൊന്നു നോക്കിയേ..'

അടുത്തു വന്നപ്പോൾത്തന്നെ അവൾ പറഞ്ഞു: ""നിങ്ങൾക്കെന്താണ് ഇന്നിത്ര മണം?.'' അവൾ എന്റെ കൈകളും കവിളും കഴുത്തുമെല്ലാം മണക്കാൻ തുടങ്ങി.

ഇലയിൽ നിന്ന് ഒരു നുള്ള് ഞാൻ അവളുടെ വായിലും വെച്ചുകൊടുത്തു. അതിൽ കടിച്ചപ്പോഴേക്ക് അവൾ വിറച്ചുപോയി. അവളിലും അപാരമായ സുഗന്ധം നിറഞ്ഞു: ""നിന്നെയും മണക്കുന്നല്ലോടീ'' - അവളുടെ കൈകളും കവിളുകളും കഴുത്തുമെല്ലാം ഞാനും മണത്തു.

അവൾ പറഞ്ഞു: "നിങ്ങടെ ചെറുപ്പമെല്ലാം തിരിച്ചു വരുമ്പോലെ..'

""അതേയതേ.. എനിക്കും അങ്ങനെ തോന്നുന്നു.''

അന്നു രാത്രി ഏറെക്കഴിഞ്ഞപ്പോൾ ലതിക തളർന്നുറങ്ങിപ്പോയി. എന്റെ ചെറുപ്പം ഒട്ടും പ്രായമാകാതെ ഉണർന്നുതന്നെയിരുന്നു. എന്നുവെച്ച്, ഒരേ കഥ പിന്നെയും പിന്നെയും കേൾക്കുന്ന കുട്ടാച്ചുവിനോളം ഞാൻ ചെറുതായിരുന്നില്ല. ഷർട്ടുമെടുത്തിട്ട് ഞാൻ ലാൽ-നഗർ വരെ പോയിവന്നു. പിറ്റേന്ന് രാവിലെ ലതിക അതേച്ചൊല്ലി ഞാനുമായി കലഹിച്ചു. എന്റെ ശരീരത്തിലെ ഏതു ഗന്ധത്തിനിടയിലൂടെയും അവൾ അന്യപെണ്ണുങ്ങളുടെ ഗന്ധം അരിച്ചെടുക്കും. അവളുടെ മൂക്ക് അങ്ങനെയൊരു മൂക്കാണ്. ഒരുവിധം അനുനയിപ്പിച്ച് ഞാൻ അവൾക്ക് ഇലയിൽ നിന്ന് ഒരു നുള്ള് കൊടുത്തു. അവളുടെ പിണക്കമെല്ലാം എവിടേക്കോ പോയി.

***

മരം ദിവസവും രണ്ടുവീതം ഇലകൾ പൊഴിക്കാൻ തുടങ്ങി. പഴുത്തിലകളൊന്നുമല്ല; വെറ്റിലകൾ പോലെ നല്ല പച്ചയിലകൾ. അതിന്റെ ഇലകൾ പഴുക്കാറേ ഉണ്ടായിരുന്നില്ല. നിലത്തു വീഴുന്ന ഇലകളൊക്കെയെടുത്ത് ഞാൻ ഒരു ഡപ്പയിൽ അടച്ചുവെച്ചു. ഇടയ്ക്കിടെ തുറന്ന് മണത്തുനോക്കി: 'ഹാ..'

ഒരു രഹസ്യം നമുക്ക് എത്രനാൾ ഡപ്പയിൽ അടച്ചു സൂക്ഷിക്കാൻ പറ്റും? വലിയ ബുദ്ധിമുട്ടാണ്. ദിവസവും പെറുക്കി വെക്കുന്ന ഇലകളുടെ എണ്ണം കൂടിയപ്പോൾ അവ ഡപ്പകൾ കവിഞ്ഞ് മേശവലിപ്പിലേക്കും മരുന്നുപാത്രങ്ങളിലേക്കുമെല്ലാം വ്യാപിച്ചു. ഇലയെപ്പറ്റിയുള്ള രഹസ്യമാവട്ടെ, എന്റെ നാവിൻ തുമ്പിൽ നിന്ന് സുകുമാർ എന്നൊരു സുഹൃത്തിലേക്ക് വഴുതിപ്പോവുകയും ചെയ്തു. മുരളിയോട് ഇതേപ്പറ്റി പറയണമെന്നുണ്ടായിരുന്നെങ്കിലും ചമ്മലുകാരണം അതിനു കഴിഞ്ഞില്ല. മരത്തിന്റെ രഹസ്യം കേൾക്കാനുള്ള ആ ഭാഗ്യമുണ്ടായത് സുകുമാറിനായിരുന്നു. അവന് ഞാൻ പറഞ്ഞതൊന്നും ആദ്യം വിശ്വാസം വന്നിരുന്നില്ല. സംഗതി ഇതാണെന്നറിഞ്ഞപ്പോൾ ഒന്നു പരീക്ഷിച്ചുകളയാം എന്നുകരുതിയാണ് അവൻ വന്നത്. ഞാൻ ഡപ്പയിൽ നിന്ന് ഒരില അവനു നൽകി. അവൻ അതു മണത്തുനോക്കിയശേഷം ഒരറ്റം പിച്ചിയെടുത്ത് കടിച്ചുനുണഞ്ഞു. അതിന്റെ തരിപ്പ് അവനിൽ പൊടുന്നനെ പ്രത്യക്ഷമായി. മുൻഭാഗത്തെ ഉടുമുണ്ട് അമർത്തിവെച്ച് അവൻ ജനാലയ്ക്ക് നേരേ തിരിഞ്ഞ് അഴികളിൽ പിടിച്ചുകൊണ്ട് വീഴാതിരിക്കാൻ ശ്രമിച്ചു. അരമണിക്കൂറോളം അങ്ങനെതന്നെ നിന്നിട്ടുണ്ടാവും. സുഖത്തിൽ നിന്ന് അല്പം ആശ്വാസം തോന്നിയപ്പോൾ ഒരില മുഴുവനായി തട്ടിയെടുത്ത് പോക്കലിട്ട് അവൻ ധൃതിപ്പെട്ട് തിരിച്ചുപോയി.

പിന്നീട് സുകുമാർ പറഞ്ഞുവിട്ട ഒന്നുരണ്ടു പേർ കൂടി വന്നു. അവർക്കും ഞാൻ ഇലകൾ നൽകി. ഇലകളുമായി പോയ അവർ മറ്റുള്ള ആളുകളെ ഇളക്കിവിട്ടു. വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ ആളുകൾ വീട്ടിലേക്ക് വരാൻ തുടങ്ങി. നേരം ഇരുട്ടിക്കഴിഞ്ഞ് കള്ളന്മാരെപ്പോലെ പമ്മിപ്പമ്മിയായിരുന്നു എല്ലാവരുടേയും വരവ്. എന്നെ പുറത്തു കണ്ടില്ലെങ്കിൽ കതകിൽ മെല്ലെ മുട്ടി പതിഞ്ഞ ശബ്ദത്തിൽ അവർ വിളിക്കും:

""പ്രഭാകരൻ സാറേ.. പ്രഭാകരൻ സാറേ..''

ഞാൻ കതക് തുറക്കുമെങ്കിലും എല്ലാവർക്കും ഇല കൊടുത്തുവിടാൻ ഉണ്ടാവില്ല. ദിനംപ്രതി മരം ആകെ രണ്ടിലകൾ മാത്രമാണ് പൊഴിക്കുന്നത്. ആവശ്യക്കാരാവട്ടെ അതിൽ കൂടുതലും. മരത്തിൽ നിന്ന് ഇലകൾ പറിച്ചു തന്നുകൂടേ, കൂടുതൽ പൈസ തരാം എന്ന് ചിലർ പറയും. പക്ഷേ എനിക്ക് അതു പേടിയാണ്.

സത്യം പറഞ്ഞാൽ, എന്നെ എതിർത്തിരുന്നവരും പരിഹസിച്ചിരുന്നവരുമെല്ലാം ഒരിലയ്ക്കു വേണ്ടി കൈ നീട്ടുന്ന ഘട്ടം എത്തിയപ്പോൾ എനിക്ക് ആ മരത്തോട് ആരാധന തോന്നി. മരത്തിനു കീഴെ വന്നു നിന്ന് അതിന്റെ ലിംഗത്തിലേക്കും വൃഷണങ്ങളിലേക്കും പടർന്നു പന്തലിച്ച ശിഖരങ്ങളിലേക്കും അതിൽ എഴുന്നുനിൽക്കുന്ന ഇലകളിലേക്കും നോക്കി എന്നും പ്രാർഥനാപൂർവം ഞാൻ കൈ കൂപ്പും. വീട്ടിൽ അനർഥങ്ങളുണ്ടാക്കിയ മരത്തിനെ എല്ലാവരും ഒരുപാട് ശപിച്ചിട്ടുണ്ട്. ഞാനായിരുന്നു കൂടുതൽ ശപിച്ചത്. മുമ്പ് കുളപ്പടവിൽ തെന്നിയടിച്ചു വീണ് കുറേനാൾ ആശുപത്രിയിൽ കിടന്നിരുന്നപ്പോൾ ഓരോ നിമിഷവും 'നാശം പിടിച്ച മര'മെന്ന് ഉരുവിട്ടിരുന്നു. അതിനു പ്രായിശ്ചിത്തമായിട്ടാണ് മരത്തെ പരിചരിക്കാൻ ഞാൻ തീരുമാനിക്കുന്നത്. അങ്ങനെ രാവിലെയും വൈകുംനേരവും മരത്തിന് വെള്ളം നനയ്ക്കുകയും ചുറ്റിനും പടർന്നിരുന്ന കളകൾ പറിച്ചുകളഞ്ഞ് വൃത്തിയാക്കുകയും ചെയ്തു. സ്ഥാനത്തു നിൽക്കുന്ന മരമായതിനാൽ ദിവസവും വിളക്കു കത്തിച്ചാലോ എന്നാലോചിച്ചു. പിന്നെ, മരത്തിന് അതിഷ്ടപ്പെട്ടില്ലെങ്കിലോ എന്നു കരുതി വേണ്ടെന്നുവെച്ചു. മരം ഏതു ദേശക്കാരനാണെന്നോ ഏതു മതക്കാരനാണെന്നോ ആർക്കറിയാം?

മരത്തിന്റെ ഗുഹ്യഭാഗം ആകെ പൊടിപിടിച്ചിരിക്കുന്നല്ലോ എന്നു വിചാരിച്ചാണ് ഒരുദിവസം ഞാൻ അതിനെ വൃത്തിയാക്കാൻ ഒരുമ്പെട്ടത്. ബ്രഷുകൊണ്ട് അതിൽ തൂത്തുകൊണ്ടിരിക്കുമ്പോൾ ലിംഗം അല്പംകൂടി മുകളിലേക്ക് ഉയർന്നതായി ഞാൻ കണ്ടു. ഒപ്പം ഇലകളെല്ലാംകൂടി ഇളകുന്നതിന്റെ ശീൽക്കാരവും കേട്ടു. എനിക്ക് കൗതുകമുണ്ട്, ഒപ്പം പേടിയും. "എടിയേ'ന്ന് ലതികയെക്കൂടി വിളിച്ചു കാണിക്കണമെന്ന് തോന്നിയെങ്കിലും വേണ്ടെന്നുവെച്ചു. ബ്രഷുകൊണ്ട് പിന്നെയും തൂത്തുതുടച്ചുകൊണ്ട് ഞാൻ ഇലകളുടെ ഇളക്കം നോക്കി നിന്നു. കുറച്ചുനേരം അങ്ങനെ പോകെ ലിംഗവും ഇലകളും ശിഖരങ്ങളും മുകളിലേക്ക് വലിഞ്ഞു മുറുകി വിറകൊണ്ടു. കുറേയേറേ ഇലകൾ താഴെ പൊഴിഞ്ഞുവീണു. ഇലകൾ വീഴുന്നതുകണ്ട് ഞാൻ ബ്രഷിന്റെ ചലനം വേഗത്തിലാക്കി. മരം മുഴുവനും കിലുകിലെ നിന്നു വിറച്ചു. അത് ഞെളിയുകയും പിരിയുകയും ചെയ്തു. വിയർക്കുന്നതുപോലെ തൊലിയുടെ വിടവുകളിലൂടെ അതിന്റെ കറ ഒലിച്ചിറങ്ങാൻ തുടങ്ങി. ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് ഞാനങ്ങനെ അന്തംവിട്ടു നിൽക്കെ ഒരു നിമിഷം ഈ പ്രതിഭാസങ്ങളെല്ലാം സ്തംഭിച്ചു: മരത്തിന് സ്ഖലനമുണ്ടായി.

അത് ഒരുതരം വെളുത്തുകൊഴുത്ത ദ്രാവകം ലിംഗാഗ്രത്തിലൂടെ പുറത്തേക്ക് ചീറ്റി. മരത്തിന്റെ തോലിൻ വിടവുകളിലൂടെ ഒലിച്ചിറങ്ങിയ കറ കട്ടപിടിച്ചു. പ്രദേശം മുഴുവൻ അതിന്റെ മാസ്മരിക ഗന്ധത്തിൽ മുങ്ങി. ഊരുചുറ്റുന്ന കാറ്റ് ആ ഗന്ധവും കൊണ്ട് പാടത്തും പറമ്പത്തും വഴിയിലും ഇടവഴിയിലുമെല്ലാം പാഞ്ഞു നടന്നു. വീടുകളുടെ ജനാലകളിലൂടെ ഊളിയിട്ട് കിടപ്പുമുറികളിൽ കയറിയിറങ്ങി. ആടുമാടുകളും മറ്റു ജീവജാലങ്ങളും ആ ഗന്ധത്തിന്റെ നിർവൃതിയിൽ പ്രത്യേകതരം ശബ്ദങ്ങൾ പുറപ്പെടുവിച്ചു. ചുറ്റുപാടുമുള്ള മരങ്ങളെല്ലാം ഉന്മേഷത്തോടെ ആടിയുലഞ്ഞു. കാറ്റുകടന്നുപോയ ഭാഗത്തെ മരങ്ങളെല്ലാം ഒന്നോരണ്ടോ ആഴ്ചകൾക്കുള്ളിൽ പൂവിട്ടതായിക്കണ്ട് ആളുകൾ പിന്നീട് അത്ഭൂതം കൂറിയിരുന്നു. അവയിൽ പൂക്കാമരങ്ങളും പൂക്കുംമരങ്ങളും ഉണ്ടായിരുന്നു. എന്റെ പറമ്പിലെ തന്നെ കൊല്ലങ്ങളായി പൂക്കാത്ത രണ്ടു സപ്പോട്ടകൾ പുഷ്പിച്ചത് മരത്തിന്റെ സ്ഖലനശേഷമാണ്. അതുമാത്രമോ, സന്താന സൗഭാഗ്യത്തിനായി കാത്തിരുന്ന എത്രയോ പേർക്കാണ് ആ വർഷം ഭാഗ്യമുണ്ടായത്. അതുകൊണ്ട് ചിലർ ആ മരത്തിനെ ജീവന്റെ മരമെന്ന് വിളിച്ചു.

മരം സ്ഖലിച്ച അന്നു രാത്രിയിലും ഞാൻ ലാൽ നഗർ വരെ പോയി. രാധാമണിയുടെ ഇടവഴിയിലെല്ലാം മരത്തിന്റെ ഗന്ധം നിറഞ്ഞു നിന്നിരുന്നു. രാധാമണിയാവട്ടെ അന്നൊരു പൂമരം കണക്കെ സുന്ദരിയായിരുന്നു.

അന്നു ഞാൻ തിരികെയെത്തുന്നത് അല്പം വൈകിയിട്ടാണ്. ഗേറ്റ് കടന്നതും മുറ്റത്ത് എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഓലപ്പുരയുടെ മേൽക്കൂര പൊളിക്കുമ്പോഴുള്ളതുപോലൊരു വെട്ടം മുറ്റത്ത് വീണുകിടക്കന്നതുകണ്ട് ഞാൻ മുകളിലേക്ക് കണ്ണു പായിച്ചു. മരത്തിന്റെ ശിഖരങ്ങൾ അവിടെനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ടോർച്ച് തെളിച്ചു നോക്കുമ്പോൾ മരത്തിന്റെ ലിംഗഭാഗത്തിനു മുകൾവശം ശൂന്യമായിരിക്കുന്നതായി കണ്ടു. ലിംഗം അതിന്റെ വൃഷണങ്ങളിലേക്ക് ഒട്ടി താഴേക്ക് തളർന്ന് കുമ്പിട്ടുകിടക്കുന്നു. ഞാൻ നിലത്തേക്ക് ടോർച്ച് പായിച്ചു. മുറ്റത്തെങ്ങും ഒരിലപോലും ബാക്കിയില്ല. മരത്തെ ആരോ രായ്ക്കു രാമാനം മുറിച്ചു കടത്തിയതാണ്. അതിന്റെ ഇലകളെപ്പറ്റി അറിയാവുന്ന ആരോ. അതിന്റെ കറയെപ്പറ്റി അറിയാവുന്ന ആരോ.. ചൈനാക്കാർ ആരെങ്കിലുമാണോ? അതോ അവർക്കുവേണ്ടി പ്രവർത്തിക്കുന്ന നാട്ടിലെ മാഫിയകളോ?

ഉത്തേജനമാഫിയകളുമായി ബന്ധമുണ്ടാവാം എന്ന സംശയത്തിൽ പോലീസുകാർ എന്നെയും ലതികയേയും ജീപ്പിൽ കയറ്റി കൊണ്ടുപോയി. തൊണ്ടിയായി ഡപ്പകളിലും മേശവലിപ്പിലും സൂക്ഷിച്ചിരുന്ന ഇലകൾ കണ്ടെടുത്തു. വംശനാശം സംഭവിച്ചെന്നു കരുതിയിരുന്ന മരമാണ് കാണാതായിരിക്കുന്നതെന്ന് ഞങ്ങളുടെ അറസ്റ്റ് രംഗങ്ങൾക്കു താഴെ അനുബന്ധവാർത്ത ഒഴുകിക്കൊണ്ടിരുന്നു. ഞങ്ങൾ കോടതികൾ കയറിയിറങ്ങുന്ന സമയത്ത് മരത്തിന്റെ ലിംഗവും വൃഷണങ്ങളും ഉണങ്ങി ദ്രവിച്ച് മണ്ണോടു ചേർന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments