‘‘സാറ് ആദ്യമായി ഒരു കാട്ടുപന്നിയെ നേരിട്ടു കണ്ടതെന്നാണെന്ന് ഓർക്കുന്നുണ്ടോ?''
ഗീവർഗീസിന്റെ ചോദ്യം കേട്ടപ്പോൾ, ഓർമയിൽ, പെട്ടന്നൊരു കരിമ്പൻ കാട്ടുപന്നി തേറ്റയും വിറപ്പിച്ച് വന്നുനിന്നതുപോലെ സൈമൺസാറിനു തോന്നി.
വെണ്ണക്കല്ലു പോലെ തിളങ്ങുന്ന ഒറ്റത്തേറ്റയുള്ള ഒരാൺപന്നി.
ടോർച്ച് വെളിച്ചത്തിൽ വിറയ്ക്കുന്ന അതിന്റെ നാസികയിൽ നിന്ന് എന്തോ കൊഴുത്ത ദ്രാവകം അൽപാൽപ്പമായി ഇരുട്ടിലേക്ക് ഇറ്റുവീഴുന്നുണ്ടായിരുന്നു. അഴുകിയ മണ്ണിന്റെ ഗന്ധം ഓർമകളുടെ വിളുമ്പിൽ പറ്റിക്കിടക്കുന്നതു പോലെ.
സാറ് തലകുടഞ്ഞു. ഗീവർഗീസ് ദീർഘമായി ഒരു പുകയെടുത്ത്, പറമ്പിലേക്ക് പരന്നിറങ്ങിയ നിലാവെളിച്ചത്തിന് കുറുകെ ഊതിവിട്ടു.
നേർത്ത വ്യാളിരൂപം പൂണ്ട്, ഗീവർഗീസിനെ ഭയന്നിട്ടെന്നോണം അത് കാറ്റിനൊപ്പം നെൽച്ചെടികൾക്കിടയിലേക്ക് പറന്നുപോയി.
‘‘പത്തുനാൽപ്പത് കൊല്ലം മുമ്പാണ്. ശബരിമലയിൽ വച്ച്. അതിനുമുമ്പ് ആ ജന്തുവിനെ ജീവനോടെ കണ്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഞങ്ങൾ നാലുപേരുണ്ടായിരുന്നു. മലയിറങ്ങുന്ന സമയത്ത്, സ്വാമിഅയപ്പന്റോഡിന്റെ ഒരുവശത്ത് ചപ്പുചവറുകൾക്കിടയിൽ അവറ്റ കുത്തിമറിയുന്നു. തള്ളയും മക്കളുമായി അഞ്ചാറെണ്ണം’’- സാറ് പന്നികളുമായുള്ള തന്റെ ആദ്യ സമാഗമത്തെ അങ്ങനെ ഓർത്തെടുത്തു.
‘‘വല്ലാത്തൊരുതരം ജീവികളാണ് സാറേ... മനുഷ്യരെ ഗൗനിക്കുക കൂടിയില്ല. ശബരിമലയിൽ അവർക്കുള്ള കോളെന്താണെന്ന് സാറിനറിയോ? ''
‘ഇല്ല’, ഇരുന്നിടത്തുനിന്ന് ഒന്നു നിരങ്ങി അൽപം മാറി,
സൈമൺസാറ് ഇരുട്ടിലേക്കുള്ള തന്റെ നോട്ടത്തിന്റെ മൂർച്ച കൂട്ടിയിരുന്നു.
‘തീട്ടം’, സൈമൺസാറ് മൂക്ക് ചുളിച്ചു.
ആ അതുതന്നെ സാറേ, തമിഴന്മാരുടെയും തെലുങ്കരുടെയും കന്നഡികരുടെയും തീട്ടം! ഓരോ സംസ്ഥാനക്കാരുടെയും ഇവറ്റകൾക്ക് വേർതിരിച്ചറിയാം. സ്വാമിമാര് മുങ്ങി മോക്ഷം പ്രാപിക്കുന്ന ഉരക്കുഴി തീർത്ഥത്തിന്റെ മോളിൽ, രാവെന്നോ പകലെന്നോ ഇല്ലാതെ ഇവറ്റകളുടെ കുന്തളിപ്പാണ്. മോളീന്ന് ഒഴുകിവരുന്ന കാട്ടാറിന്റെ കരനിറച്ചും, അവന്മാര് തൂറിവച്ചതു തിന്നുതീർക്കലാണ് ഇതുങ്ങളുടെ പണി.'' പെട്ടന്ന് നെല്ലിനിടയിൽ എന്തോ അനങ്ങിയതു പോലെ തോന്നിയപ്പോൾ ഗീവർഗീസ് സംസാരം നിർത്തി! പതിഞ്ഞ ശബ്ദത്തിലായിരുന്നു അതുവരെയും അവൻ സംസാരിച്ചുകൊണ്ടിരുന്നത്. വർത്തമാനം പറയുമ്പോഴും നെല്ലിൽ നിന്ന് അവന്റെ കണ്ണ് മാറിയില്ല. തോക്കിന്റെ ബട്ട് നെഞ്ചിലേക്ക് പറ്റിച്ച്, ശ്വാസം അടക്കി, ഗീവർഗീസ് ഉന്നംപിടിച്ചു.
രണ്ട്
പള്ളിത്താനം മുതൽ ഒളശ്ശേരിയറ വരെയുള്ള വയലിൽ നെല്ല് വിതച്ചതിനുശേഷമാണ് നാട്ടിൽ പന്നിശല്ല്യമുള്ള വിവരം സൈമൺസാററിയുന്നത്. ഇടക്ക് അങ്ങനൊരു വാർത്ത അന്തരീക്ഷത്തിൽ കറങ്ങിനടന്നപ്പോഴും അത് ആരെങ്കിലും പടച്ചുവിട്ട ഒരു നുണയാവാനേ തരമുള്ളു എന്നാണ് അങ്ങേര് വിചാരിച്ചിരുന്നത്. അങ്ങനെ കരുതാനുംമാത്രം വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു.
പരന്ന വയലുകളും ചെറിയ ചെങ്കൽകുന്നുകളും, പരുക്കൻമേടുകളും നിറഞ്ഞതാണ് ഇവിടത്തെ ഭൂപ്രകൃതി. കേരളത്തിന്റെ ഭൂമിശാസ്ത്രം വച്ച് നിർവചിക്കുകയാണെങ്കിൽ കൃത്യമായി ഇടനാട് എന്ന ഗണത്തിൽ പെടുത്താവുന്ന പ്രദേശം. ഇതിനോടെല്ലാം ചെന്നുചേരുന്ന നെടുങ്കൻ ഇടവഴികൾ ഇവിടെയുണ്ട്. ഇടവഴികളുടെ വശങ്ങളിൽ വൻമരങ്ങളുടെ ഇടതൂർന്ന നിരകൾ. അതിലപ്പുറം കാടിന്റെ മണംപോലും തട്ടിയിട്ടില്ലാത്തിടത്ത് കാട്ടുപന്നികൾ ഇറങ്ങിയപ്പോൾ കൃഷിക്കാരാണ് ആദ്യം പകച്ചുപോയത്.
ഒളശ്ശേരിയറ വയലിൽ ലാസറിന്റെ അമ്പതുമൂട് കപ്പ നിന്നിരുന്നിടം രാവിലെ ചെന്നുനോക്കുമ്പോൾ ഉഴുതു മറിച്ചിട്ട കണക്കായിരുന്നു. പന്നികൾ പോയ വഴിയിൽ നിറയെ, ഒടിഞ്ഞുനുറുങ്ങിയ എല്ലുകൾ പോലെ കപ്പത്തണ്ടുകൾ അന്തരീക്ഷത്തിലേക്ക് വെളിപ്പെട്ടു. വന്നു നിന്നവർക്കൊക്കെയും പച്ചക്കപ്പയിലകൾക്കിടയിൽ പന്നിച്ചൂര് മണത്തു. ലാസർ നേരെപ്പോയി പഞ്ചായത്ത്പടിക്കൽ നിരാഹാരമിരിക്കുകയാണ് ചെയ്തത്. വരുന്നവരെയോ പോകുന്നവരെയോ ഗൗനിക്കാതെ നോട്ടീസുകടലാസുകൾ പതിച്ച് ചെടിച്ചുപോയ തൂണുചാരി അയാളിരുന്നു. ഗ്രാമീണബാങ്കിൽ കുടിശ്ശികയായി കിടന്ന കാർഷികവായ്പ്പ അയാളുടെ തലക്കുള്ളിൽ ചമ്രംപടിഞ്ഞുമിരുന്നു. നേരം ഉച്ചയോടടുത്തപ്പോൾ ലാസറിന് വിശപ്പ് പൊറുക്കാതായി. എഴുന്നേറ്റുപോയി സാഗറിൽ കയറി ബിരിയാണിക്കും ബീഫ്‌ഫ്രൈക്കും ഓഡർ കൊടുത്ത് നിരുന്മേഷവാനായി ലാസർ പുറത്തേക്ക് നോക്കിയിരുന്നു. പ്ലെയ്റ്റ് വടിച്ചുനക്കി കടവും പറഞ്ഞ് അയാൾ പയ്യെ വീട്ടിൽ ചെന്നുകയറി.
അന്ന് വൈകുന്നേരം സന്ധ്യാപ്രാർത്ഥനക്ക് ജപമാല കൈയ്യിലെടുത്തപ്പോൾ ലാസറിന്റെ കാൽമുട്ടുകൾ അറിയാതെ വിറകൊണ്ടു.
‘കർത്താവേ..', അയാൾ ദയനീയമായി നിലവിളിച്ചുപോയി.
ജപമാലയുടെ ഓരോ മുത്തുകളും ഓരോ കാട്ടുപന്നികളാണെന്ന് ലാസറിനപ്പോൾ തോന്നി. കിരുകിരുപ്പൻ ശബ്ദത്തിൽ പന്നികൾ ഓരോന്നായി അയാളുടെ വിരലുകളെ ഉരസ്സി കടന്നുപോയി. ലാസർ ഭയപ്പാടോടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി. പന്നികൾ ആ പ്രദേശത്ത് സൈ്വര്യവിഹാരം നടത്താൻ പോകുന്നു എന്നതിന്റെ സൂചന മാത്രമായിരുന്നു ആ സംഭവം.
മൂന്ന്
സൈമൺസാറിന്റെ വീട് നിന്നിരുന്നത് ഒരു തെങ്ങിൻതോപ്പിന്റെ ഒത്ത നടുക്കായിരുന്നു. വീടിനു ചുറ്റും പലജാതി ഫലവൃക്ഷത്തെകൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. പേര, ചാമ്പ, റംബൂട്ടാൻ, നാരകം, സപ്പോട്ട, മാംഗോസ്റ്റീൻ അങ്ങനെ കനികളുടേത് മാത്രമായ ഒരുദ്യാനം ആയിരുന്നു മാഷിന്റെ സങ്കൽപത്തിൽ. ആയ കാലം മുഴുവൻ കാട്ടുപൊയിലിലെ പള്ളിവക എയ്ഡഡ് സ്‌കൂളിൽ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചു കഴിഞ്ഞിരുന്ന സാറ് അടുത്തൂൺപറ്റിയതിനു ശേഷമാണ് നാട്ടിൽവന്ന് സ്ഥിരതാമസമാക്കിയത്. ഇപ്പോഴും പഴയചില ശിഷ്യന്മാർ സാറിനെ കാണാൻ ജീപ്പിൽ മലയിറങ്ങി വരും. കോഴിക്കോട്ടങ്ങാടി കറങ്ങി വരുന്ന മഹീന്ദ്രകളിൽ സാറിന് കാഴ്ച്ചവെക്കാനായി, സഹ്യന്റെ ചരിവുകളിൽ മാത്രം വളരുന്ന ചില അപൂർവ്വവസ്തുക്കൾ അവർ കരുതിയിട്ടുണ്ടാവുമായിരുന്നു. അങ്ങനെയുള്ള ദിവസങ്ങളിൽ, സാറ് അവരോടൊപ്പം തന്റെ തെങ്ങിൻതോപ്പിൽ സായാഹ്നങ്ങൾ ചെലവഴിച്ചു.
‘സാറിതൊന്ന് പിടിപ്പിക്ക്, ജാതിക്ക കാട്ടിഞ്ചിയിട്ട് വാറ്റിയതാ’, സേവ്യർ കുപ്പി ഗ്ലാസിലേക്ക് കമിഴ്ത്തി. സ്വർണം കെട്ടിച്ച ആനവാൽമോതിരം തിളങ്ങുന്ന ചൂണ്ടുവിരൽ അവൻ തെളിനീരിൽ ചാലിച്ചെടുത്തു.
‘ഇപ്പൊ കണ്ടോ സാറേ’, സേവ്യർ സിഗാർലൈറ്റ് ഉരച്ചു.
കത്തുന്ന വിരലിനറ്റം അവൻ സാറിന്റെ മുഖത്തിനു നേരെ നീട്ടി.
നീല ജ്വാല...
‘നീലനിറത്തിലൊരു കാട്ടുപൂ വിരിഞ്ഞ പോലില്ല്യോ സാറേ’, സേവ്യർ ചിരിച്ചു. ‘കേട്ടോ സാറേ, ഇത് കത്തിച്ചാ കർപ്പൂരം മണക്കും. അടിച്ചാ തലച്ചോറിൽ പന്നിപ്പടക്കം പൊട്ടും’, സൈമൺസാറ് മൂക്കുചുളിച്ച് ഗ്ലാസിൽ നിന്ന് ഒരുവലി വലിച്ചു. സിരകളിലൂടെ ഒരു കാട്ടുപന്നി ഓടിപ്പോയി. പെട്ടെന്ന് നിർത്തിയിട്ട ജീപ്പിന് പിന്നാമ്പുറത്തുനിന്ന് കറുത്തു കുറുതായ ഒരു രൂപം തന്റെ തോപ്പിലൂടെ പാഞ്ഞു പോകുന്നതായി സൈമൺസാറിനു തോന്നി.
‘എന്നതാടാ സേവ്യറേ, എന്റെ പറമ്പീക്കൂടെ ഓടിയത്?’
സേവ്യർ മിണ്ടിയില്ല. അവന്റെ താടി നെഞ്ചിൽ കുത്തിയിരുന്നു. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് ചാലിട്ട് കഴുത്തിലെ കൊന്തമാലയെ തഴുകി ഒഴുകി.
‘സേവ്യറേ, സാധനം കൊള്ളാമെടാ, എന്നതാടാ ഇതിന്റെ പേര്?’
അബോധത്തിൽ സേവ്യർ പിറുപിറുത്തു; ‘ട്വന്റി കെ സൂകരം’
നാല്
സേവ്യർ വന്നുപോയി രണ്ടുമാസം കഴിഞ്ഞപ്പോഴാണ് പന്നിശല്ല്യം തുടങ്ങിയത്. അതിനുമുമ്പേ, തെങ്ങിൻതോപ്പിൽ മുള്ളൻപന്നികളുണ്ട്. അഞ്ചുകൊല്ലം മുമ്പ് സേവ്യറിന്റെ അപ്പൻ വറീത് മാപ്പിള ആദ്യമായും അവസാനമായും വന്നുപോയതിനു ശേഷമാണ് അവറ്റകളുടെ ഉപദ്രവം തുടങ്ങിയത്. ആദ്യമൊക്കെ അവയെ കാണുന്നതൊരു കൗതുകമായിരുന്നു. പിന്നെ പിന്നെ നോക്കുന്നിടത്തൊക്കെയും കണ്ടു തുടങ്ങി. സൈമൺസാറിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പേ.
തെങ്ങിൻത്തോപ്പിന്റെ നിരപ്പിനു സമാന്തരമായി, ഭൂമിക്കടിയിലൂടെ മുള്ളൻപന്നികൾ രഹസ്യമാർഗങ്ങൾ പണിതുകഴിഞ്ഞിരുന്നു. പറമ്പിലൂടെ നടക്കുമ്പോൾ ഇരിക്കുത്തനെ ചില കുഴികളിൽ വീണുപോയപ്പോഴാണ് അത് മനസ്സിലായത്. അവയെ ഭയന്ന് സൈമൺസാറ് ഇണക്കി വളർത്തിയിരുന്ന പൂച്ചകൾ വളപ്പിലേക്ക് കടക്കാതായി. രാത്രിയിൽ മുള്ളൻപന്നികൾ കപ്പയുടെയും കാച്ചിലിന്റെയും മുരടുകൾ തുരന്നുകയറി. ഉണങ്ങിവീഴുന്ന തേങ്ങകളൊന്നും കിട്ടാതായി. തേങ്ങാപ്പുരയുടെ തറയിലൊരു വലിയ ഗർത്തം കണ്ടതോടെയാണ് ആക്രമണത്തിന്റെ ഭീകരത വെളിപ്പെട്ടത്. കഴിഞ്ഞതവണ വിറ്റതിന്റെ നാലിലൊന്ന് തേങ്ങ അത്തവണ കിട്ടിയില്ല. അങ്ങനെയാണ് ഗീവർഗീസിനെ വിളിച്ചത്. അവൻ സാറിന്റെ പഴയൊരു വിദ്യാർത്ഥിയാണ്. അവന്റപ്പൻ ഓനാച്ചന് മലയിൽ കൃഷിയായിരുന്നു. ചേനയും കാച്ചിലും പച്ചക്കറികളും റോബസ്റ്റയും ഓനാച്ചൻ പരീക്ഷിച്ചുതോറ്റു. ചാണ്ടിയുടെ കാലത്ത് തൂങ്ങിയ കർഷകരിലൊരാൾ ഓനാച്ചനായിരുന്നു.
വിളിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോൾ ഗീവർഗീസ് വന്നു. പറമ്പിലിറങ്ങി പരിസരമൊന്നാകെ നിരീക്ഷിച്ചു.
‘തേങ്ങായൊന്നും എവിടേം പോയിട്ടില്ല സാറേ, ഇതിനകത്തുണ്ട്’, പറമ്പിന്റെ മൂലയ്ക്ക് നിന്ന് ഗീവർഗീസ് വിളിച്ചുപറഞ്ഞു.
പണിക്കാരെ വിളിച്ച് കിളപ്പിച്ചപ്പോൾ അതിരിനോട് ചേർന്ന് പാതാളത്തിൽ ആരോ തേങ്ങകൾ ഒളിപ്പിച്ചിരിക്കുന്നു.
‘ഒരഞ്ഞൂറെണ്ണം എങ്കിലും കാണും. അതുങ്ങടെ ഒരു വർഷത്തെ അദ്ധ്വാനമാണ്. *എയ്യന്മാരും മനുഷ്യരെ പോലാ സാറേ... നാളെ എന്നൊരു വിചാരമുണ്ട്. അതിനു കരുതി വച്ചതാ. എന്നുവച്ച് മനുഷ്യർക്ക് ജീവിക്കണ്ടായോ?! '
രാത്രിയിൽ മരുന്നുവച്ചിട്ട് ഗീവർഗീസ് പോയി. അതിൽപിന്നെ മുള്ളൻപന്നികളുടെ ഉപദ്രവം കുറഞ്ഞു.
അഞ്ച്
നെൽച്ചെടികൾക്കിടയിലെ അനക്കം നിലച്ചപ്പോൾ ഗീവർഗീസിന്റെ വർത്തമാനം വീണ്ടും മല കയറി.
‘മലയിൽ പന്നിശല്ല്യം കൂടിയ കാലത്ത് തുടക്കത്തിലൊക്കെ ആളുകൾക്കൊരു രസമായിരുന്നു സാറേ... ഊഴംവച്ച് കാവലിരിക്കാനും പന്നികളെ ഓടിച്ചുവിട്ട കഥകൾ പറയാനും ആളുകൾക്ക് വലിയ ഹരമായിരുന്നു. പിന്നെ പിന്നെ കാര്യങ്ങൾ അത്ര പന്തിയല്ലാതായി. കാപ്പി പറിക്കാൻപോയ കുര്യാക്കോസിനെ കുത്തി കുടലുപുറത്തിട്ടുകയല്ലേ ചെയ്തത്. രണ്ടുദിവസം കഴിഞ്ഞ് ഈച്ചയാർത്തു തുടങ്ങിയപ്പോഴാണ് നാട്ടുകാരറിഞ്ഞത്. പന്നികൾ പറമ്പുകൾ വാഴാൻ തുടങ്ങിയതോടെ ആളുകൾ ചായപ്പീടികയിലിരുന്ന് കുശുകുശുക്കാനും തുടങ്ങി.'
‘എടാ പീലിപ്പോസേ, എനിക്ക് തോന്നുന്നത് ഇനി അതുങ്ങളുടെ കാലം വരാൻ പോകുവാന്നാ.’
ഇട്ടിച്ചേട്ടൻ അതുപറഞ്ഞപ്പോൾ എപ്പോഴും പതിവുള്ളതു പോലെ ശരിയാ ഇട്ടിച്ചേട്ടോ എന്നു പറയാൻ പീലിപ്പോസിന്റെ നാവു തരിച്ചതാണ്. പക്ഷെ ഇട്ടി പറഞ്ഞതിന്റെ ആന്തരികാർത്ഥം പീലിപ്പോസിനെ തളർത്തിക്കളഞ്ഞിരുന്നു.
‘കുറച്ചു കഴിയുമ്പൊ പന്നികളെക്കൊണ്ട് ഇവിടൊക്കെ നിറയും. കപ്പയും കാച്ചിലും തിന്നു മടുക്കുമ്പോ അവര് മനുഷ്യരെ തിന്നാൻ തുടങ്ങും. പിന്നേം കുറച്ചൂടെ കഴിയുമ്പൊ പന്നികളിവിടെ പള്ളി പണിയും. പന്നിപെരുന്നാളിന് മനുഷ്യരെ അറക്കും. പീലിപ്പോസേ.. നീയൊന്ന് ആലോചിച്ച് നോക്കിക്കേ. ഞായാറാഴ്ച കുറുബാന കൂടി ഇറങ്ങി വരുന്ന പന്നിക്കൂട്ടം ഈ കവലയിൽ മനുഷ്യരുടെ ഇറച്ചിക്ക് വരി നിൽക്കുന്നത്. ചെവിയിൽ പൂടയുള്ള ഒരു പെരുവയറൻ പന്നിച്ചാര് കെട്ടിത്തൂക്കിയിട്ട ഒരു മനുഷ്യന്റെ തുടയിൽ നിന്ന് ഇറച്ചി അരിഞ്ഞെടുത്ത് കൊത്തിത്തറഞ്ഞ് അവറ്റകൾക്ക് കൊടുക്കുന്നത്.'
പന്നികളുടെ കുമ്പസാര രഹസ്യം കേട്ടതു പോലെ പീലിപ്പോസ് അപ്പോൾ ചകിതനായി.
‘ഇട്ടിച്ചേട്ടോ, പന്നികളുടെ കർത്താവ് ഈശോമിശിഹാ തന്നായിരിക്കുമോ? '
ആകുലചിത്തനായ പീലി അടക്കിപിടിച്ചിട്ടും പുറത്തുചാടിയ ഒരു നിലവിളി പോലെ തന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ സംശയം ചോദിച്ചു.
അതു കേട്ടപ്പോൾ താനിതുവരെയും പറഞ്ഞതൊക്കെയും കർത്താവിന് നിരക്കാത്തതാണല്ലോ എന്ന പാപബോധം ഇട്ടിയെ ഗ്രസിച്ചു. അയാൾ ഒന്നുംമിണ്ടാതെ കടയിൽ നിന്നിറങ്ങി. കവലയിൽനിന്നും പന്നിവാലുപോലെ നീണ്ടുപോയ റോഡിനറ്റത്തെ കപ്പേളയിലേക്ക്, ഇട്ടി കുരിശുവരച്ചു കൊണ്ട് നടന്നു. പീലിപ്പോസ് പന്നികളുടെ കവലയിൽ തന്നെ പെട്ടുപോയിരുന്നു. ഒരു പന്നിക്കൂടം ഓടിവന്ന് അയാളുടെ കടയിലേക്ക് കയറി. കൂട്ടത്തിൽ മുതിർന്ന പന്നി ബെഞ്ചിൽ കയറിയിരുന്ന് അയാളെ നോക്കി ഈവിധം മുരണ്ടു; ‘ഒരു പ്ലെയ്റ്റ് കപ്പ. പിന്നൊരു പ്ലെയ്റ്റ് മനുഷ്യനെ ഒലത്തിയതും.’
ആറ്
ലാസറിനു പിണഞ്ഞതിന്റെ പതിനാറിന് രാത്രിയാണ് സൈമൺസാറിന്റെ വയലിൽ ആക്രമണമുണ്ടാകുന്നത്. കതിരുവച്ച നെല്ലിൽ വലിയൊരു ഭാഗം പന്നി ചവിട്ടിമെതിച്ചിരുന്നു. ആളുകളെ കൂട്ടി പിറ്റേന്നുപുലർച്ചെ രണ്ടുമണി വരെയൊക്കെ കാത്തുനോക്കി. പക്ഷെ അന്ന് പന്നികൾ കയറിയത് പരമേശ്വരന്റെ ചേനത്തടങ്ങളിലായിരുന്നു. അതിനടുത്ത ആഴ്ച്ച കൂടിയ ഗ്രാമസഭയിൽ സൈമൺസാറ് വിഷയം അവതരിപ്പിച്ചു. പന്നിയെ ലൈസൻസുള്ള തോക്കുകൊണ്ട് വെടിവെക്കാൻ സർക്കാർ ഉത്തരവുണ്ടെന്ന് മെമ്പർ മൂസ പറഞ്ഞെങ്കിലും ആളുകൾക്ക് തൃപ്തിയായില്ല. പാൽപ്പൊടിച്ചായയിൽ മാരിലൈറ്റ് ബിസ്‌ക്കറ്റ് നഷ്ട്ടപ്പെട്ടതറിയാതെ അവർ ചിന്തകളിലാണ്ടുപോയി. അവരുടെ തലച്ചോറുകളിലേക്ക് എവിടെ നിന്നൊക്കെയോ പന്നിക്കൂട്ടങ്ങൾ ഇളകിവന്നുകൊണ്ടിരുന്നു. രാത്രിയിൽ സാറും മെമ്പർ മൂസയും കൂടിയാണ് പരപ്പനാടുള്ള വെടിക്കാരനെ തിരഞ്ഞു പോയത്. മൂസ വളരെ സാവധാനം വണ്ടിയോടിച്ചു. ഇരുട്ടിൽ നിന്നൊരു കാട്ടുപന്നി വട്ടംചാടിയേക്കാവുന്ന സാധ്യതയിൽ കുരുങ്ങി അയാളുടെ നെറ്റിത്തടം വിയർക്കുന്നുണ്ടായിരുന്നു. അക്‌സിലേറ്ററിൽ വിയർത്ത വിരലുകൾ ഓരോന്നും വിറച്ചു. ചെന്നു കയറുമ്പോൾ വെടിക്കാരൻ പുറത്ത് കയറ്റുകട്ടിലിൽ കിടപ്പായിരുന്നു. അയാൾ രണ്ടായിരത്തിൽ ബി.എസ്.എഫിൽ നിന്നു പിരിഞ്ഞതാണ്. എട്ടോളം നുഴഞ്ഞുകയറ്റക്കാരുടെ തല തെറിപ്പിച്ചിട്ടുണ്ട്. സാറ് കാര്യം അവതരിപ്പിച്ചപ്പോൾ വെടിക്കാരൻ കാലുമൂടിയ കരിമ്പടം എടുത്തുമാറ്റി.
‘ഉണങ്ങിവരുന്നതേ ഉള്ളു. എല്ലിൽ കമ്പിയിട്ടിരിക്ക്യാ, നടക്കണമെങ്കിൽ ഒരു മൂന്നുമാസം എടുക്കുമെന്നാ ഡോക്ട്ടർ പറഞ്ഞത്. '
‘എന്തേ പറ്റി?’, മൂസ അങ്കലാപ്പോടെ ചോദിച്ചു.
പന്നി! വെടിക്കാരൻ ഒരു നെടുവിർപ്പു പോലെ പറഞ്ഞു.
‘വെടിവെക്കാനറിയുന്നവരുണ്ടെങ്കിൽ തോക്കു തന്നുവിടാം. എനിക്കെന്തെങ്കിലും തന്നാ മതി’, സാറും മൂസയും പോകാനിറങ്ങിയപ്പോൾ വെടിക്കാരൻ പറഞ്ഞു.
സൈമൺസാറപ്പോൾ ഗീവർഗീസിനെ ഓർത്തു. സെമിത്തേരിപ്പറമ്പിലെ കാപ്പിമരത്തിലിരുന്ന മലയണ്ണാനെ കവണക്കെറിഞ്ഞു വീഴ്ത്തിയ ചെറുക്കൻ തന്റെമുന്നിൽ കൈനീട്ടിപിടിച്ചു നിൽക്കുന്നതായി അയാൾക്കപ്പോൾ തോന്നി.
ഏഴ്
വയലിനുചുറ്റും കെട്ടുകമ്പിവലിച്ച് വേലി കെട്ടിയിട്ടും പടക്കം പൊട്ടിച്ചിട്ടും പന്നികൾ അടങ്ങിയില്ല. കോടതിവ്യവഹാരത്തിൽ പെട്ടുപോയ ഒരു ഇരുപതേക്കർ പറമ്പായിരുന്നു പന്നികളുടെ പ്രജനനകേന്ദ്രം. കാടുപിടിച്ച് തുരുത്തുപോലെ ഒറ്റപ്പെട്ട പറമ്പിനെ ആളുകൾ കോടതിപ്പറമ്പെന്നു വിളിച്ചു. ഇപ്പോഴത് പന്നിത്തുരുത്തെന്ന് മാറിയതായി പറയപ്പെടുന്നു. പക്ഷെ കുറേക്കാലത്തിനു ശേഷം മലയിറങ്ങി വന്ന സേവ്യർ ആ പറമ്പിനെ പന്നികളുടെ ഏദൻത്തോട്ടം എന്നു വിളിക്കാനാണ് ഇഷ്ട്ടപ്പെട്ടത്. അവൻ വന്നുപോയ രാത്രി മെമ്പർ മൂസയുടെ വണ്ടിക്ക് കുറുകെ ഒരു പന്നി ചാടി.
എട്ട്
ഇരുണ്ട ഇലപ്പടർപ്പുകൾക്കിടയിലേക്ക് നിലാവെളിച്ചത്തിന്റെ തേറ്റകൾ കയറിയിറങ്ങുന്നുണ്ടായിരുന്നു. പന്നികൾ വരാൻ വൈകുന്നത് സൈമൺസാറിനെ അക്ഷമനാക്കി.
‘സാറിനറിയോ ഇരുട്ട് മനുഷ്യർക്ക് വേണ്ടി മാത്രം ദൈവം സൃഷ്ടിച്ചതാണ്. നിങ്ങൾക്കൊരു മനുഷ്യനെ മാത്രമേ ഇരുട്ടത്ത് നിർത്തിയിട്ട് പോകാൻ പറ്റൂ. മൃഗങ്ങളോട് നിങ്ങൾക്കത് ചെയ്യാൻ പറ്റില്ല. അവരുടെ കണ്ണിലെപ്പോഴും വെളിച്ചമുണ്ടാകും. ദൈവത്തിനുപോലും മൃഗങ്ങളോട് മാത്രമേ സ്‌നേഹമുള്ളു. നമുക്കെപ്പോഴും ദൈവം പാതിയാണ്. സാറിനോർമ്മയുണ്ടോ മരിയയെ? '
സൈമൺസാറ് ആ പേരുള്ള ഒരാളെ ഓർത്തെടുക്കാൻ പാടുപെട്ടു. ഓർമകൾ റിവൈന്റ് ചെയ്ത് അയാൾ ചികഞ്ഞു നോക്കി.
‘അവള്ടപ്പനെ സാറിനോർമ്മ കാണും. മലയിൽ ആദ്യമായിട്ട് കൊക്കോ പിടിപ്പിച്ചു തുടങ്ങിയത് അങ്ങേരാ. എടുപ്പേലെ പൈലിച്ചായൻ.’
‘ആ, ഇപ്പൊ ഓർമ്മ വരുന്നുണ്ട്. ഞാൻ വന്ന കാലത്ത് പള്ളിപ്പറമ്പിന് തൊട്ടുമേലെ അല്ലായിരുന്നോ അവൻ ഇഞ്ചിയിട്ടിരുന്നത്.’
‘ആ അതൊക്കെ തൊടക്കത്തിലല്ലായിരുന്നോ സാറേ, പിന്നെ കത്രീനതാത്തീടെ കെട്ടിയോൻ മലമ്പനിപെട്ടു ചത്തപ്പൊ അവരുടെ സ്ഥലം കൂടിവാങ്ങി. അവിടെ വാഴയായിരുന്നു. മരിയ... എന്നാ ഒരു പെണ്ണായിരുന്നു സാറേ, അവളെ വേണമെന്നു തോന്നാത്ത ചെറുപ്പക്കാരാരും അന്ന് മലയിലുണ്ടായിരുന്നില്ല. പിടിപ്പിച്ച വാഴക്കന്നുകളൊക്കെ പന്നികള് പിഴുതതോടെ പൈലിച്ചായൻ തോക്കു സംഘടിപ്പിച്ചു. രാത്രിക്കാവലിന് ഞാനായിരുന്നു കൂട്ട്. തോട്ടത്തിനോട് ചേർന്ന് അതിരിൽ കാവൽപ്പുര കെട്ടി, കട്ടനനത്തി ഞങ്ങള് കാവലിരുന്നു. അടുക്കളചായ്പ്പിനോട് ചേർന്ന് വാഴക്കൂട്ടത്തിനിടയിലെ അനക്കം ഞാനാണ് പൈലിച്ചായന് കാണിച്ചു കൊടുത്തത്. പൈലിച്ചായൻ തോക്കിൽ നിറയിട്ട് ഉന്നംപിടിച്ചു നിന്നു. താളത്തിൽ ചലിക്കുന്ന വാഴക്കൂട്ടങ്ങൾക്കിടയിലേക്ക് വെടിപൊട്ടിയപ്പോൾ. തോപ്പിൽ നിന്ന് പന്നികളുടെയും, വാഴക്കുണ്ടയിൽ നിന്ന് മനുഷ്യരുടെയും കരച്ചിലുണ്ടായി. പന്നികളും ചിലപ്പോ മനുഷ്യരെ പോലെ കരയും സാറേ... ഞങ്ങള് ചെല്ലുമ്പോ മരിയയും അവനും കെട്ടിപിടിച്ചു കിടക്കുവാ. അവളെ തുണിയില്ലാതെ കണ്ടപ്പൊ എനിക്ക് കരച്ചിലിന്റെ കൂടെ വേറെ ഏതാണ്ടൊക്കെയോ വന്നു. അവന്റെ കഴുത്തിലാണ് വെടി കൊണ്ടത്. കോടതിയിൽ പൈലിച്ചായൻ എന്റെ പേരു പറഞ്ഞില്ല. പന്നിക്ക് വെച്ചതാണെന്നും പറഞ്ഞില്ല. പന്നീടെമോനേ കൊല്ലാൻ തന്നെ ചെയ്തതാ ഏമാനേ എന്ന് കൂസലില്ലാതെ കുറ്റമേറ്റു. അതാടാ അന്തസ്സെന്ന് കൂട്ടീന്നെറങ്ങിയപ്പോ എന്നോട് മാത്രം പറഞ്ഞു. അങ്ങേര് ജീവപര്യന്തത്തിന് കേറുമ്പോ മരിയക്ക് മാസം എട്ടാണ്. ചട്ടുകാലൻ ഔസേപ്പ് ഗർഭത്തോടെ തന്നെ മരിയയെ കെട്ടി. അയാളുടെ കൂരയുടെ ഉമ്മറത്തു കിടന്ന് തുണയില്ലാതെയാണ് മരിയ പെറ്റത്. പക്ഷെ കുഞ്ഞിനെ കിട്ടിയില്ല. പ്രസവത്തിലേ ചത്തുപോയെന്നും കുറുക്കൻ കടിച്ചു കൊണ്ടുപോയെന്നും പറയുന്നു. അന്ന് റഷ്യൻ ഓർത്തഡോക്‌സുകാരുടെ പിറവിയാഘോഷമായിരുന്നു. പൂച്ചക്കണ്ണുള്ള ഔസേപ്പ് തലേന്നു തന്നെ ചട്ടുകാലും തൂക്കി മലയിറങ്ങി ഏറ്റുമാനൂരിനു പോയി. പക്ഷെ ആ കുഞ്ഞു ചത്തുപോയെന്ന് ഞാൻ വിശ്വസിക്കുന്നില്ല സാറേ.. എനിക്ക് തോന്നുന്നത് അവൻ ഒരിക്കെ എന്നെ തിരഞ്ഞു വരുമെന്നാ.’
ഒമ്പത്
സൈമൺസാറ് കുറേശ്ശെയായി ഉറക്കംതൂങ്ങി തുടങ്ങിയിരുന്നു. ഗീവർഗീസ് തോക്കു താഴ്ത്തിവച്ച് സിഗരറ്റ് കത്തിച്ചു. മലനാടിന്റെ തണുപ്പ് ഈ പ്രദേശത്തിനില്ല. ചൂട് കൊണ്ട് പുഴുങ്ങികിടക്കുന്ന വായുവാണിവിടെ.. ഇവിടെ വന്നുപെടുന്ന ഞങ്ങളുടെ കൂട്ടർ വല്ല ഗതിയുമുണ്ടേൽ ഇരുട്ടുംമുമ്പേ മലപിടിക്കും. ഗീവർഗീസ് സാറിനെ നോക്കി. സാറ് അഞ്ചാംതരത്തിലാണ് ഞങ്ങളെ ആദ്യം പഠിപ്പിക്കുന്നത്. പള്ളിപ്പറമ്പിനോട് ചാരിയാണ് അന്ന് സ്‌ക്കൂൾ. സാറ് ഞങ്ങൾക്ക് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ക്ലാസ്‌റൂമിന്റെ മുകളിൽ പള്ളിപ്പറമ്പ് കാണാം. പൊടുന്നനെ ഗീവർഗീസ് ഒരോർമ്മയിൽ പെട്ടുപോയി.
ആ സമയം മനേജരച്ചന്റെ നനഞ്ഞ പറമ്പിലെ പഴുത്ത മുട്ടപ്പഴങ്ങൾക്കിടയിൽ തേനീച്ചകൾ പറന്നിരുന്നു. കാറ്റത്ത് വീണ കുടമ്പുളികൾ നക്ഷത്രമൽസ്യങ്ങളായി നനഞ്ഞ ചപ്പിലകൾക്കുള്ളിലേക്ക് ഇഴഞ്ഞുപോയി. മതിലിൽ പച്ച തഴച്ച വെള്ളത്തണ്ടുകൾ മഴ കുടിച്ചുകിടന്നു. തേനീച്ചകളുടെ ഇരമ്പൽ ഉച്ചസ്ഥായിലായപ്പോൾ മാനേജരച്ചന്റെ കൂട്ടിലെ വെരുക് പരക്കംപാച്ചിൽ നിർത്തി ചെവി വട്ടംപിടിച്ചു.
സൈമൺ സാർ ഒരു രസികനായിരുന്നു. ഇളവെയിലു പോലെ ചിരിക്കാനറിയുന്ന ഒരാൾ. മൂപ്പരെടുത്തിരുന്ന സ്‌പെഷ്യൽ ക്ലാസുകളുടെ രഹസ്യത്തെ കുറിച്ചോർത്തപ്പോൾ ഗീവർഗീസിന് കുളിരുകോരി. ജെ.കെ റൗളിങിന്റെ ഹാരീപോട്ടർ സീരിസ് വായിച്ചു തരാനായിരുന്നു അങ്ങേര് സ്‌പെഷ്യൽ ക്ലാസുകൾ വച്ചിരുന്നത്. ഇംഗ്ലീഷിൽ വായിച്ച് സാറ് മലയാളത്തിൽ അർത്ഥം പറയും. പയ്യെ ഇംഗ്ലീഷിൽതന്നെ കേട്ടാൽ തിരിയുന്ന മട്ടായിവന്നു. ഞങ്ങളാരും ആ ക്ലാസുകൾ മുടക്കിയിരുന്നില്ല. കുട്ടികൾ ജിജ്ഞാസയോടെ ഡെസ്‌ക്കുകളിൽ മുഖം വച്ചിരിക്കുമ്പോൾ സൈമൺസാർ തടിച്ച കറുത്തപുറംചട്ടയുള്ള പുസ്തകത്തിന്റെ ഏടുകൾ മറിച്ചു. ജെ.കെ. റൗളിംഗിന്റെ ഹാരീപോട്ടർ സീരീസിലെ ഒന്നാംപുസ്തകമായിരുന്നു അത്. സാറ് പുസ്തകത്തിലെ ഓരോവരിയും ഇംഗ്ലീഷിലും പിന്നെ മലയാളത്തിൽ പരിഭാഷപ്പെടുത്തിയും വായിച്ചു. സാറൊരു മാന്ത്രികനെ പോലെ ക്ലാസിൽ മുഴുവൻ ചൂലിൻ പുറത്തു പറന്നുനടന്നു. ഹാഡ്‌ബോഡ് മറക്കുപിന്നിൽ ഒരു റെയിൽവേ പ്ലാറ്റ്‌ഫോം ഉള്ളതായി സാർ ഞങ്ങളോടു പറഞ്ഞു. ഞങ്ങളത് അപ്പാടെ വിഴുങ്ങി. അതിലൂടെയാണ് ഹോഗ്വാർട്ടിലേക്കുള്ള ട്രെയിൻ വരികയെന്ന് ഞങ്ങൾ കരുതി. ക്ലാസിനുള്ളിൽ കഥപറച്ചിലിനിടയിൽ കഴുകനും ചെന്നായ്ക്കളും വന്നു പോയി. *വീസ്ലിക്കും *ഹെർമയോണിക്കുമൊപ്പം ഞങ്ങൾ ഇടനാഴികളിലൂടെ ഓടി. അക്കൊല്ലം ക്രിസ്മസ്സിനപ്പുറം എനിക്ക് സ്‌ക്കൂളിൽ പോകാനൊത്തില്ല. ആ വർഷമാണ് അപ്പൻ തൂങ്ങിയത്.
പത്ത്
വെടിവെക്കാൻ ഗീവർഗീസിനെ വിളിക്കുമ്പോൾ ഒരുറപ്പുണ്ടായിരുന്നു. പിറ്റേന്ന് തന്നെ അവൻ വന്നു. വൈകുന്നേരം സൈമൺസാറും ഗീവർഗീസും തെങ്ങിൻതോപ്പിലിരുന്ന് മദ്യപിച്ചു.
‘‘ജെ.കെ റൗളിങിന്റെ ഹാരിപോട്ടർ പിന്നീടിതുവരെ ഞാൻ വായിച്ചിട്ടില്ല സാറേ, അന്നു ക്രിസ്മസ് വെക്കേഷനായിരുന്നല്ലോ. സാറ് നാട്ടിൽ പോയേക്കുവായിരുന്നു. മലയിൽ കോടയിറങ്ങി നക്ഷത്രങ്ങളെ കാണാതായി. മരംകോച്ചുന്ന തണുപ്പത്ത് ഞങ്ങൾ കരോളുപാടി പള്ളിമേടയിൽ നിന്നു പുറപ്പെട്ടു. എന്നത്തേയും പോലെ ഓനാച്ചനായിരുന്നു പപ്പാഞ്ഞി. ഞങ്ങൾ സ്തുതിഗീതങ്ങൾ പാടി വീടുകൾ കയറി. അപ്പൻ കുഞ്ഞിക്കുട്ടികളുടെ ചെള്ളയിൽ വാൽസല്ല്യത്തോടെ തടവി. ചോക്കുമിഠായികളും അപ്പകഷ്ണങ്ങളും അവരുടെ കൈവെള്ളകളിൽ വച്ചുകൊടുത്തു. അന്തരീക്ഷത്തിൽ നിന്ന് കടലാസുപൂക്കളും ബലൂണുകളും എടുക്കുന്ന മാജിക്ക് കാണിച്ച് അവരെ ചിരിപ്പിച്ചു. നേരം പന്ത്രണ്ടോടടുക്കുമ്പോഴാണ് ആളുകളുടെ ഒച്ചയുംവിളിയും കേട്ടത്. കൂട്ടത്തിൽ പന്നിക്കൂട്ടം കുത്തിമറിയുന്നതിന്റെ ചെലപ്പ്. അപ്പൻ ഒരു ചോരത്തുള്ളിപോലെ തോപ്പിലേക്ക് ഓടിത്തെറിച്ചു പോകുന്നത് ഞാൻ കണ്ടു. അപ്പന്റെ കൈയ്യിലൊരു കൂടമുണ്ടായിരുന്നു. ചുമലിൽ മിഠായികളും കടലാസ്പൂക്കളും നിറച്ച ഭാണ്ഡം! ശൈത്യകാലമാനുകൾ തെളിക്കുന്ന രഥത്തിൽ മേഘങ്ങൾക്ക് കുറുകെ അയാൾ സഞ്ചരിക്കുകയാണെന്ന് തോന്നി. തോട്ടത്തിനു നടുക്ക് കൂടം ഉയർന്ന് താഴുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൂടത്തിനടിച്ചു കൊന്ന വലിയൊരു കാട്ടുപന്നിയേം വലിച്ചിഴച്ചോണ്ട് അപ്പൻ വന്നു. പപ്പാഞ്ഞിയുടെ ചുവന്ന പഞ്ഞിക്കുപ്പായം ആകെ പിഞ്ഞി പോയിരുന്നു. വെളുത്ത താടിരോമങ്ങളിൽ ചോരക്കറ. ‘എല്ലാം പോയെടാ, കുഞ്ഞേ...', പപ്പാഞ്ഞി കരഞ്ഞു. ആരു പറഞ്ഞിട്ടും അപ്പൻ കൂട്ടാക്കിയില്ല. കാപ്പിക്കൊമ്പു വെട്ടി കവലയിൽ കുരിശു നാട്ടി, ചത്ത പന്നിയുടെ ജഡം അതിൽ കോർത്തുവച്ചു. പള്ളിവെലക്കുമെന്ന് കപ്യാരും അച്ചനും ഭീഷണിപ്പെടുത്തിയിട്ടും അപ്പൻ വഴങ്ങിയില്ല. പുലർച്ചക്ക് അടിവാരത്തു നിന്ന് പോലിസ് വരുംവരെ അപ്പൻ അതേ ഇരുപ്പായിരുന്നു. അപ്പനേം കൊണ്ട് പോലീസ് ജീപ്പ് പോയിക്കഴിഞ്ഞപ്പോ പീലിപ്പോസ് സമോവറിൽ ചായക്കുള്ള വെള്ളം വച്ചു.’’
‘മനുഷ്യര് ഈ കൊല്ലുന്നതൊക്കെയും നാളെ പന്നികളുടെ പുണ്യാളന്മാരാവും. നിങ്ങള് നോക്കിക്കോ’, ചോരക്കറ പറ്റിയ കുരിശുമരത്തിലേക്ക് നോക്കി പീലി വ്യാകുലപ്പെട്ടു.
പിറ്റേന്ന് ഉച്ചയ്ക്കാണ് റബർതോട്ടത്തിൽ അപ്പൻ തൂങ്ങി നിൽക്കുന്നെന്ന് ആരോ വന്നു പറഞ്ഞത്. ഓടിച്ചെന്നു നോക്കിയപ്പോ അത് അപ്പനല്ലെന്ന് എനിക്കു തോന്നി. അത് പപ്പാഞ്ഞി ആയിരുന്നു. ചുവന്ന രോമക്കുപ്പായം. കടലാസുപൂക്കൾ. കാറ്റൊഴിഞ്ഞ ബലൂണുകൾ. കാറ്റിന്റെ കലമാനുകൾ കുളമ്പടിക്കുന്ന റബർക്കാട്. എനിക്കുറപ്പാ സാറേ, അതെന്റപ്പനല്ല. കഴുവേറിയത് പപ്പാഞ്ഞി തന്നാ... മലയിലെ കുഞ്ഞുങ്ങൾക്കിനി ക്രിസ്മസ്സില്ല. ചിമ്മിണികൾക്കുള്ളിലൂടെ ആരും സമ്മാനപ്പൊതികൾ ഇട്ടുതരില്ല; ഗീവർഗീസ് വിതുമ്പിയപ്പോൾ അവന്റെ ശിരസ്സിൽ തലോടണമെന്ന് സൈമൺസാറിന് തോന്നി. പക്ഷെ എന്തോ അപ്പോൾ അയാളുടെ കൈ വിറച്ചു.
‘പിന്നെ ആകെ കഷ്ടമായിരുന്നു സാറേ. കടം കയറിയപ്പൊ പറമ്പ് പോയി. അമ്മച്ചിക്കും പെങ്ങൾക്കും വിശപ്പ് പൊറുക്കണ്ടായി. എനിക്ക് കൃഷിയല്ലാണ്ട് ഒന്നും അറിയാൻപാടില്ലായിരുന്നു. കൂർക്കലിട്ടത് ഇളപ്പനായപ്പൊ പന്നി കൊണ്ടുപോയി. ഒരാഴ്ച അത് തിളപ്പിച്ചൂറ്റി തിന്നു. പിന്നെ രാത്രിയിൽ ആരാന്റെ തോട്ടങ്ങൾക്ക് കാവലു കെടന്നു. ഗതിയില്ലാതായപ്പോൾ ചാർലിക്ക് കരിങ്കലേൽ ചോറു കൊടുത്ത് പല്ലിനും നാവിനും മൂർച്ച കൂട്ടിയെടുത്തു. പറമ്പിലൂടെ കാലിവയറിൽ ഒണക്കമീൻ കണിച്ചോടിച്ച് അവനെ പരിശിലിപ്പിച്ചു. പൈലിച്ചായനാണ് തോക്കു പിടിക്കാൻ പഠിപ്പിച്ചത്. പന്നി തോട്ടത്തിലിറങ്ങുന്നത് കാത്തിരിക്കാതെ ഞങ്ങള് കാട്ടിലോട്ട് കയറി. ഇറച്ചിയോട് ആർക്കും സ്പർദ്ധയില്ല സാറേ. ദൈവങ്ങൾക്കും പുരോഹിതന്മാർക്കും, ഫോറസ്റ്റേമാന്മാർക്കും, ഐ.എ.എസുകാർക്കും, എല്ലാവർക്കും ഇറച്ചി വേണം. പന്നി ഇറച്ചിയാകുമ്പോൾ മനുഷ്യരും ദൈവങ്ങളും നിയമം മറന്നുപോകും. അങ്ങനെയാണ് ഞങ്ങൾ കഴിഞ്ഞത്. എന്നാലും സമതലത്തിലിറങ്ങി പന്നിയോട് മുട്ടുന്നത് ആദ്യമായിട്ടാ സാറേ, മലമടേക്കേൽ ഇരിക്കുമ്പോ ഒരു ധൈര്യമുണ്ട്.’
പതിനൊന്ന്
പെട്ടെന്ന് നെല്ലോലകൾ ചലിച്ചു. കെട്ടുകമ്പിവേലി തകർത്ത് അവർ അകത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഗീവർഗീസ് നൈറ്റ് വിഷൻ ഗോഗിൾസിലൂടെ നോക്കി. അവൻ സമയമായെന്ന മട്ടിൽ ചിരിച്ചു. ഉന്നംപിടിക്കുമ്പോൾ സൈമൺസാറ് തോളിൽ കൈയ്യമർത്തി. ഗീവർഗീസ് കൈകുടഞ്ഞുകളഞ്ഞു. മാനത്ത് കുടവിരിയും പോലെയാണ് വെടിച്ചില്ലുകൾ തെറിച്ചത്. അഞ്ചെണ്ണം വീണിരിക്കുന്നു. രണ്ടെണ്ണം ഓടിപ്പോയി. പെട്ടന്ന് വയലിന്റെ വരമ്പുകളിൽ ടോർച്ച് വട്ടങ്ങൾ തെളിഞ്ഞു.
‘സാറിത് എന്നാ പണിയാ കാണിച്ചത്’, ഗീവർഗീസ് ഇരുട്ടിലേക്ക് പതുങ്ങി.
‘ഞാൻ മലയിലോട്ട് വിടുവാ, ആളുകളെ അറിയിച്ച് ചെയ്യേണ്ട പണിയല്ലിത്. ഒന്നോരണ്ടോമാസം കഴിഞ്ഞിട്ട് വരാം’, ഗീവർഗീസ് ഊതിവിട്ട സിഗരറ്റ് പുകക്കൊപ്പം ഇരുട്ടിൽ ലയിച്ചു. പാതിചത്ത പന്നിമുരൾച്ചകൾ അവനെ അപ്പോഴും പിന്തുടരുന്നുണ്ടായിരുന്നു.
പന്ത്രണ്ട്
രാവിലെ എഴുന്നേറ്റപ്പോൾ സൈമൺസാറിന് എന്തോ ഉന്മേഷക്കുറവ് തോന്നി. തലേന്നു രാത്രി വായിച്ചു പകുതിയാക്കിയ അനിമൽ ഫാം ടീപോയിക്ക് പുറത്ത് കിടക്കുന്നു. വക്കീൽ വിളിച്ച് ഇന്ന് പത്തുമണിക്ക് സാക്ഷി പറയാൻ പോകാനുള്ള കാര്യം ഓർമിപ്പിച്ചതോർത്ത് അയാൾ തിരക്ക് കൂട്ടി.
‘പ്രോസിക്യൂട്ടറ് തിരിച്ചും മറിച്ചും ചോദിക്കും. അവനൊരു പഴയ വിദ്യാർത്ഥിയാണ്. ടൗണിലെന്തോ ആവശ്യത്തിന് വന്നപ്പൊ വീട്ടിൽ വന്നിട്ടു പോയി. വേറൊന്നും അറിയില്ല. ഇങ്ങനേ പറയാവൂ.’
‘സാറിനിതിൽ കുറ്റബോധം തോന്നേണ്ട കാര്യമൊന്നുമില്ല. ഇതല്ലെങ്കിൽ ഇതുപോലെ വേറൊരു കേസ്. അവൻ അകത്തു പോവും. ചെറിയ ശിക്ഷയേ കാണു. പിന്നൊരു കണക്കിന്, അവനിതൊരു പബ്ലിസിറ്റിയാ.. ഇതുകൊണ്ട് ജീവിക്കുന്നവനല്ലേ.’
പത്തുമണിക്ക് മുമ്പേ കോടതിവളപ്പിലെത്തിയിരുന്നു.
കാറു നിർത്താൻ കഷ്ടിച്ച് സ്ഥലം കിട്ടി.
ആദ്യമായാണ് ഒരു കോടതിയുടെ അന്തരീക്ഷത്തിൽ. കുറ്റവാളികളും വക്കീലൻമാരും പോലീസുകാരും തലങ്ങും വിലങ്ങും പോകുന്നുണ്ട്. ഇവർക്കിടയിൽ താൻ പഠിപ്പിച്ചവരുണ്ടാകുമോ? പെട്ടെന്ന് ഗീവർഗീസിനെ ഓർത്തു.
അവൻ പഠിപ്പു നിർത്തിയപ്പോൾ എന്താണ് കാരണമെന്ന് അന്വേഷിച്ചിരുന്നില്ല. ആ മലയിലെ ഒരു മനുഷ്യജീവിയുടെയും കാര്യം താൻ അന്വേഷിച്ചിരുന്നില്ലെന്ന് സാറോർത്തു. അവരൊക്കെയും പക്ഷെ വിളിപ്പുറത്തുണ്ടായിരുന്നു. സൈമൺസാറ് മൂത്രപ്പുരക്ക് പിന്നിൽ നിന്ന് ഒരു സിഗരറ്റിന് തീകൊടുത്തു. കേസ് വിളിച്ചപ്പോൾ ഉച്ചയോടടുത്തിരുന്നു. ജഡ്ജ് അക്ഷമനായി കാണപ്പെട്ടു. അയാൾക്ക് വിശപ്പ് അധികരിച്ചിട്ടുണ്ടാവണം. സാക്ഷിവിസ്താരത്തിന് കൂട്ടിൽ കയറി നിന്നപ്പോൾ എതിരെ ഗീവർഗീസ് നിന്നു. അവൻ ഇമയനക്കാതെ സൈമൺസാറിനെ നോക്കി. കോടതിമുറി കൊടുംകാടുപോലെ ഇളകുന്നതായി സാറിനു തോന്നി. മനുഷ്യരുടെ മർമ്മരങ്ങൾ.
‘ഇയാളെ അറിയുമോ?’- പ്രോസിക്ക്യൂട്ടറുടെ ചോദ്യം.
അയാൾക്കൊരു പന്നിയുടെ മുഖഛായ ഉണ്ടായിരുന്നു. സൈമൺസാറ് വിയർത്തു. അയാളുടെ തൊണ്ടയിടറി. ചോദിച്ചതു കേട്ടില്ലേ എന്നമട്ടിൽ ജഡ്ജ് കണ്ണടക്ക് മുകളിലൂടെ നോക്കി.
പതിമൂന്ന്
കോടതിവളപ്പിലെ സ്വിഫ്റ്റ് കാറിനുള്ളിൽ ചൂട് സഹിക്കാതെ ജന്തു പുളഞ്ഞു. ഡിക്കിക്ക് മുകളിലെ മറ കുത്തിയിളക്കി അത് പിൻസീറ്റിലേക്ക് ചാടി. കയറ്റിയിട്ട ഗ്ലാസിനുള്ളിലൂടെ അത് മനുഷ്യരെ നോക്കി. ഞൊടിയിടയിൽ അതിന്റെ നോട്ടത്തിന് ചൂടു പിടിച്ചു. തേറ്റവിറപ്പിച്ച് കാറിന്റെ ഫ്രണ്ട്ഗ്ലാസ് തകർത്ത് അത് പുറത്തുചാടി, ആളുകൾക്കിടയിലൂടെ കറുത്ത രോമക്കാടുപോലെ തേറ്റയിളക്കി കുതിച്ചു. കോടതിമുറിയിലേക്ക് ജന്തു കടന്നപ്പോൾ ഗാർഡുകൾ പകച്ചു പോയിരുന്നു. ആളുകൾ തലങ്ങും വിലങ്ങും ഓടുന്നു. സൈമൺസാറ് ഒരു നിമിഷം ശങ്കിച്ച് ഗീവർഗീസിനെ നോക്കി. അവന്റെ ചുണ്ടിലൊരു ചിരി. ജഡ്ജിനെ ഗാർഡുകൾ പുറത്തെത്തിച്ച് കഴിഞ്ഞിരിക്കുന്നു. പന്നി നീതിപീഠത്തിനു മുകളിലാണ്. അത് നീതിദേവതയുടെ കണ്ണുകളിൽ മണപ്പിച്ചു നോക്കി. പിന്നെ രണ്ടുകാലിൽ എഴുന്നേറ്റ് നിന്ന് വികൃതശബ്ദത്തിൽ എന്തോ മുരണ്ടു. ശൂന്യമായ കോടതിമുറിയപ്പോൾ എവിടെ നിന്നോ വന്ന പന്നികളെ കൊണ്ട് നിറഞ്ഞു. ഗീവർഗീസിന്റെ ചുറ്റിലും നിന്ന് അവ മുരണ്ടു. ഗീവർഗീസ് ഒരായുധത്തിന് തിരയുകയാണ്. പുണ്യാളാ.. സൈമൺസാർ കൈകൾ മുകളിലേക്കുയർത്തി ജീവഭയത്തോടെ നിലവിളിച്ചു.
നീതി പീഠത്തിനു മുകളിലപ്പോൾ ഒരു പന്നി വീണ്ടും മുരണ്ടു.
മുമ്പത്തേതിനേക്കാൾ ഗാംഭീര്യത്തോടെ...
ഓഡർ... ഓഡർ...! ▮
* മുള്ളൻപന്നി *ഹാരിപോട്ടറിലെ കഥാപാത്രങ്ങൾ