ഇളവൂർ ശശി

ഫിദൽ

ഒന്ന്

“… സഖാവ് കൃഷ്ണാഗോപാലന്റെ വീടും കഴിഞ്ഞ് കൊറച്ചൂടങ്ങോട്ട് പോയാ വലത്തോട്ടൊര് കോൺക്രീറ്റ് വഴി കാണാം. അതിലെ താഴോട്ടെറങ്ങിച്ചെല്ലുമ്പം ആദ്യം കാണുന്നതാ അനിലിന്റെ പണിസൈറ്റ്’’.

ഇന്നലെ രാത്രി രാധാകൃഷ്ണൻ വിളിച്ചപ്പത്തന്നെ പണിക്ക് ചെല്ലേണ്ട ഇടത്തേക്കുറിച്ചിങ്ങനെ വ്യക്തമായി പറഞ്ഞ്തന്നിരുന്നു. അതിനാലാ കൊട്ടയ്ക്കാട്ടെ അനിൽസാറിന്റെ പണിസൈറ്റീല് വേഗമെത്താൻ കഴിഞ്ഞത്.

മുറിച്ചുമാറ്റിയ പലതരം മരങ്ങളുടെ ചെവിടുകൾ വേരോടെ പുഴുതെടുത്ത്, മുൻവശത്തൊര് മൂലയിൽ മലപോലെ കൂട്ടിയിട്ടിരുന്നു. അതിന്റെ തണലിലോട്ട് ഞാൻ സ്കൂട്ടറൊതുക്കിവെച്ചു. പുതിയ വീടിനായ് പാറക്കല്ലുകൾ അടുക്കിപ്പണിത അടിസ്ഥാനത്തിനു മുകളിൽ, നല്ല നേരം നോക്കി ഉറപ്പിച്ച് നിർത്തിയിരുന്ന തേക്കിന്റെ വീതികൂടിയ കട്ടിള, അധികം വാടാത്ത ബന്തിപ്പൂവിന്റെ വലിയ മഞ്ഞമാല കഴുത്തിലിട്ട് ഞെളിഞ്ഞ് നിന്നിരുന്നു.

അടിത്തറേടെ മോളിലോട്ട് കേറിയിരുന്ന് മൊബൈലെടുത്ത് FB തുറന്നപ്പോഴേ ആദ്യം കണ്ടത്, ഞാൻ ചേച്ചിയെന്ന് വിളിക്കുന്ന കൃഷ്ണാഗോപാലൻ മൂകാംബികയിൽ നിൽക്കുന്ന കിടിലൻ സെൽഫിയാ. അപ്പോഴേ മനസ്സിൽ കരുതി, ചുമ്മാതല്ല ഗേറ്റ് പൂട്ടിയിട്ടിരുന്നത്. മറ്റ് പണിക്കാരെല്ലാം വന്ന് തുടങ്ങിയപ്പഴാ അവിടന്നെഴുന്നേറ്റത്. മുൻപരിചയമില്ലാത്തതിനാൽ വന്നവരോടെല്ലാം അപ്പപ്പോത്തന്നെ എന്റെപേര് പറഞ്ഞട്ട്, അവരുടേത് ചോദിച്ചറിഞ്ഞു.

വേലക്കൈലിയും ഉടുപ്പുമിട്ട് തലയിൽ തോർത്തും കെട്ടിയാണ് വീണ്ടും മുമ്പിലോട്ട് ചെന്നത്. അപ്പോ, അഞ്ചു ലിറ്ററിന്റെ ഒഴിഞ്ഞൊരു കുടിവെള്ള കുപ്പി എന്റെ നേർക്ക്നീട്ടിക്കൊണ്ട് സത്യണ്ണനിങ്ങനെ പറഞ്ഞു:

“ഞങ്ങള് മണലളന്നിട്ട് ചാന്ത് കൂട്ടുമ്പോഴേക്കും മേശിരി പോയി കുടിക്കാൻകൊറച്ച് വെള്ളമെടുത്തോണ്ടുവാ”, സത്യണ്ണന്റെ ചൂണ്ടിയ വിരലിലൂടെ എന്റെ കണ്ണ് മുന്നോട്ട് പാഞ്ഞു.

“ദോണ്ടെ, ആവീട്ടിലൊണ്ട്. ലൈൻപൈപ്പീന്നെടുക്കണ്ട, കൊണറ്റീന്ന് കോരിയെടുത്താ മതി. പാളേങ്കയറും അതീത്തന്നെ കെടപ്പോണ്ട്. പെരേടെ പെറകിലോട്ടാ കെണറ്.”

നീളത്തിൽ പറഞ്ഞ് നിർത്തിയ സത്യണ്ണൻ ബീഡിക്ക് തീകൊളുത്തി ആഞ്ഞൊന്ന് വലിച്ചു. റോഡ് മുറിച്ച് താഴോട്ട് നടക്കുമ്പോൾ പിറകിൽ ബീഡി വലിച്ച ആളിന്റെ ചുമയും കാറിത്തുപ്പലും. ആൾസഞ്ചാരം അധികമില്ലെന്ന അറിയിപ്പോടെ ആ വീടിന് മുന്നിലും വഴിയിലുമായി നിറയെ പുല്ല് വളർന്ന് കിടക്കുകയായിരുന്നു. ചാവാലിപ്പട്ടികളോ ഇഴജന്തുക്കളോ വല്ലോം കാണുമോയെന്ന ഭയത്തോടെയാണ് അവിടേയ്ക്ക് നടന്നത്. മുന്നിലെ വാതിൽ അടഞ്ഞ്കിടക്കുകയായിരുന്നു. ജനലുകളിലാകട്ടെ ‘ഇവിടെ ആൾതാമസമില്ല’ എന്ന് ചിലന്തികൾ വല കൊണ്ടെഴുതിവെച്ചിരുന്നു.

കയ്യിൽ കിട്ടിയ ചുള്ളിക്കമ്പുകൊണ്ട് മുന്നിലെ പുല്ലിന്റെ പിടലി അടിച്ചൊടിച്ച് പിറകിലേക്ക് നടന്നു. കിണറ്റിലെ വലനീക്കി അലൂമിനിയം തൊട്ടി ഉള്ളിലേക്കിറക്കി. സ്കൂളിലേക്ക് പോകാൻ മടിച്ച കുട്ടിയെപ്പോല കപ്പി പൊട്ടിക്കരയാൻ തുടങ്ങി. പഴക്കം ചെന്ന പ്ലാസ്റ്റിക് കയറിൽനിന്ന് പൊഴിഞ്ഞ മങ്ങിയ മഞ്ഞപ്പൊടി കിണറിലേക്ക് പതിക്കുന്ന വെളിച്ചത്തിൽ തിളങ്ങി താഴേക്ക് പറന്നു.

നിറഞ്ഞ തൊട്ടി മുകളിലേക്ക് വലിച്ചപ്പോൾ കപ്പി കൂടുതലൊച്ചയിൽ കിരുകിരാ ചിലച്ചു. ഭാരമേറെ ഇല്ലാഞ്ഞതിനാൽ നന്നായിട്ട് വട്ടംകറങ്ങിയാണ് തൊട്ടി മുകളിലേക്ക് എത്തിക്കൊണ്ടിരുന്നത്. കറക്കത്തിന്റെ വേഗത്താൽ തൊട്ടിയിൽ നിന്നും ചിതറിയ വെള്ളം, കിണറ്റ് തൊടിയിലെ നീണ്ടുമെലിഞ്ഞ പാഴ്ച്ചെടികളുടെ കൈവെള്ളയിൽ മുത്തുകൾ കൊണ്ട് മൈലാഞ്ചി ചന്തം തീർത്തു. കുലുങ്ങിക്കളഞ്ഞ് ബാക്കിയായ വെള്ളം തൊട്ടിയോടെ കിണറ്റിന്റെ കഴുത്തിലേക്ക് വെച്ചു. വലങ്കയ്യിലോട്ട് കൊറച്ചെടുത്ത് കപ്പിയിലേക്ക് തളിച്ചു. ബാക്കികൊണ്ട് കുപ്പിയുടെ അകവും പുറവും നന്നായിട്ട് കഴുകിവൃത്തിയാക്കി.

വീണ്ടും വെള്ളം കോരി കുപ്പീലോട്ടൊഴിച്ചോണ്ടിരുന്നപ്പഴാ. പെരക്കല്പം പൊറകിലായിട്ട്, തുരുമ്പിച്ച തകരഷീറ്റിന്റെ മുകളിൽ മങ്ങിത്തുടങ്ങിയ ഒരേ മുഖചിത്രമുള്ള ചില ഫ്ലക്സ് ഷീറ്റ്കൾ കൂടി അങ്ങിങ്ങായി വിരിച്ചിരുന്ന ആ ചെറിയ ചായിപ്പിനുള്ളിൽ നിന്നും, കൊട്ടൂടിയുടെ ഒച്ച കേൾക്കാൻ തുടങ്ങിയത്. ആശാരിപ്പണിയായിരിക്കും എന്ന എന്റെ നിഗമനം ഏറെക്കുറെ ശരിയാണെന്നും തോന്നി.

പതുക്കെ തുടങ്ങിയ ആ ശബ്ദമിപ്പോൾ കൂടുതൽ വേഗത പൂണ്ടു. പക്ഷേ, പെട്ടെന്നാണാ മുഴക്കം നിലച്ചതും. “എന്റെ പൊന്നുമോനേ...”ന്നുള്ള അലറി വിളിച്ചൊരു പുരുഷന്റെ ഒച്ച എന്റെ ചെവിയും തുളച്ച് ദൂരേയ്ക്ക് പാഞ്ഞ്പോയതും.

എന്തോ അപകടം പറ്റിയതാണെന്ന് കരുതി ഞാൻ വെപ്രാളത്തോടെ വെള്ളോം തൊട്ടിയും കെണറ്റുങ്കരേലേക്കിട്ടേച്ച് ചായിപ്പിനടുത്തേയ്ക്കോടി.

“മോനേ, അങ്ങോട്ട് പോണ്ട! അത്താന് നല്ല സുഖമില്ലാത്തതാ.”

ഞാൻ, ഓട്ടം നിർത്തി തിരിഞ്ഞു നോക്കിയപ്പോൾ പ്രായത്തെക്കാൾ ഏറെ ചുളിവുകൾ മുഖത്ത് വരച്ചിട്ട ഒരു വൃദ്ധസ്ത്രീരൂപം നിറഞ്ഞൊഴുകാൻ വെമ്പിനിൽക്കുന്ന കണ്ണുകളാലെന്നെ തുറിച്ചു നോക്കുന്നതാണ്.

“മോനേതാ…മുമ്പിവിടെ കണ്ടിട്ടില്ലല്ലോ?’’
“അമ്മേ, ഞാൻ മേലത്തെ വീട്ടി പണിക്ക് വന്ന മേശിരിയാ.”
“എന്റെ മോനും ഇതേ രൂപമാരുന്ന്!. മോനെ കണ്ടപ്പം പെട്ടെന്ന് അവനാന്നാ ഞാൻ കരുതിയത്”.
ആ കണ്ണുകളെന്നെ തുറിച്ചുനോക്കി.
“മോൻ കണ്ടിട്ടുണ്ടോ എന്റെ കുഞ്ഞിനെ?”
“ഇല്ലമ്മേ, ഞാനിവിടൊള്ള ആളല്ല. ഞാൻ താമസിക്കുന്നതങ്ങ് പെരുമ്പുഴേലാ. അതുമല്ല പത്തു പതിനഞ്ചുവർഷം ഞാനങ്ങ് പൊറത്താരുന്ന്. അതുകൊണ്ട് ഇപ്പഴത്തെ ചെറുപ്പക്കാരെ എനിക്ക് വലുതായിട്ടൊന്നുമങ്ങനെ അറിയത്തില്ല”.
“ടേയ്…” മോളീന്ന് സത്യണ്ണന്റെ ഉച്ചത്തിലുള്ള വിളി.
“അമ്മേ, എന്നെയവിടെ വിളിക്കുന്ന്. ഞാൻ പോട്ടെ.”
“ശരി മോനെ, പിന്നെ വരണേ.”

വെള്ളവുമായി തിരിഞ്ഞുനടക്കുമ്പോൾ ചായ്പ്പിൽ വീണ്ടും കൊട്ടൂട്ടിയുടെ ശബ്ദം. ഞാൻ വേഗത്തിൽ നടന്ന് പണിസ്ഥലത്തേക്ക് വന്നു. സത്യണ്ണന്റെ ചുണ്ടിലപ്പോഴും ബീഡി വണ്ടി പുകയുന്നുണ്ടായിരുന്നു.

“എന്താ താമസിച്ചത്?”
“വെള്ളം കോരിക്കൊണ്ട് നിന്നപ്പം ഒരാളുടെ നെലവിളി കേട്ട് അങ്ങോട്ടോടി പോയതാ.”

കൂട്ടിമറിച്ചിട്ട ചാന്തിലേയ്ക്ക് ബീഡിക്കുറ്റി എറിഞ്ഞുകൊണ്ട് സത്യണ്ണൻ തുടർന്നു.

“അങ്ങേര് എടയ്ക്കെടയ്ക്കിങ്ങനെ കൂവി വിളിച്ചോണ്ടിരിക്കും. അത് കാര്യമാക്കണ്ട. വെള്ളം കോരിക്കൊണ്ടിങ്ങ് പോന്നാമതി.”

“സമയം കൊറെയായി. സാറിപ്പമെത്തും. അതിനുമുമ്പ് പണി തൊടങ്ങാൻ നോക്ക്.”

വിജയകുമാറണ്ണൻ വെപ്രാളപ്പെട്ടു. പിന്നെ മൊബൈൽ തുറന്ന് വെച്ച് സ്ക്രീനിലൊന്ന് തൊട്ടശേഷം, തള്ളവിരലും ചൂണ്ടുവിരലും വിടർത്തി വീടിന്റെ പ്ലാനിലെ കട്ടിളയും ജനലും വരുന്ന ഭാഗങ്ങൾ വലുതാക്കി കാട്ടി ബിജുമേശിരിക്കും ഷൈനും പറഞ്ഞു കൊടുക്കുക്കാൻ തുടങ്ങി.

കരണ്ടിയും ചരടും തൂക്ക്കട്ടയുമായി മുന്നിൽ ചെന്നപ്പോൾ വിജയകുമാറണ്ണൻ എന്നോടിങ്ങനെ പറഞ്ഞു:

“മേശിരിയിങ്ങുവാ, ഷൈന്റെ കൂടെനിന്ന് ഈ ഭിത്തിയങ്ങോട്ട് കെട്ട്”.

എന്താണെന്നറിയില്ല പണിക്കിടയിൽ പലവട്ടം എന്റെ കണ്ണ് താഴത്തെ വീടിനെ ലക്ഷ്യമാക്കി പാഞ്ഞു. ആ അമ്മയുടെ ദയനീയമായ മുഖവും ചായ്പ്പിനുള്ളിൽ നിന്നുള്ള നിലവിളിയും മനസ്സിൽ കിടന്നു പിടഞ്ഞു.

ഏറെ വൈകാതെ രണ്ട് കാറുകൾ അകത്തേക്ക് കടന്നുവന്നു അപ്പോൾ ഷൈൻമേശിരി മെല്ലെപ്പറഞ്ഞു: “എൻജിനീയറും വീട്ടുകാരനുമാ’’

എഞ്ചിനീയറെ കണ്ടത്ര പരിചയമില്ല. പക്ഷേ, പിറകേവന്ന വീട്ടുടമയെ എനിക്ക് നന്നായിട്ടറിയാം. അവൻ എന്റെകൂടെ വാക്കനാട്സ്കൂളി ഒരേക്ലാസിപ്പഠിച്ച സുരേഷാണ്!. ഇവിടെ എന്നെയിങ്ങനെ കണ്ടപ്പത്തന്നെ അവന്റെ മുഖത്തെ പരിഹാസഭാവം എനിക്ക് വായിച്ചെടുക്കാമായിരുന്നു.

പണിക്കിടയിലുള്ള കൊച്ച് വർത്തമാനത്തിനിടയിൽ, ഞാൻ കഥയെഴുതാറുണ്ടെന്നും നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നുമൊക്കെ കൂടെയുള്ളവരോട് പങ്കുവെച്ചപ്പോൾ. ‘പുതിയ പുസ്തകമൊരെണ്ണം ഞാൻ വാങ്ങാം’ എന്നാണ് വിജയകുമാറണ്ണൻ ഉടനെ പറഞ്ഞത്.

ജോലിനിർത്തി വൈകിട്ട് പോകാനൊരുങ്ങുമ്പോഴും കണ്ണുകൾ താഴത്തെ വീട്ടിലോട്ട് നീണ്ടുപോയി.

രണ്ട്

ന്നലത്തേക്കാൾ അൽപ്പം കൂടി നേരത്തേയെത്തിയത് മനപ്പൂർവ്വമായിരുന്നു. സ്കൂട്ടറൊതുക്കിയ ഉടനേതന്നെ വലിയ പ്ലാസ്റ്റിക് കുപ്പി കയ്യിലെടുത്തു. ഉള്ളിലുള്ള വെള്ളം കെട്ടിയ കട്ടയ്ക്ക് മുകളിലേക്കൊഴിച്ച് വേഗത്തിൽ താഴത്തെ വീട്ടിലേക്ക് നടന്നു.

റോഡുവക്കിൽ നിന്നും കിണറിന്റെ തളംവെരെ പുല്ല് പറിച്ച്കളഞ്ഞ് വഴിയൊരുക്കിയിരുന്നതിനാൽ. ഇന്ന് ചുള്ളിക്കമ്പ് എടുക്കേണ്ടി വന്നില്ല. കിണറിനടുത്തേക്കാണ് നടന്നതെങ്കിലും എന്റെ കണ്ണ് അടുക്കള വാതിലിലേക്ക് പറന്നു. പക്ഷെ ആരെയും കണ്ടില്ല.

തൊട്ടിയിറക്കിയപ്പോൾ വീണ്ടും കപ്പി കരയാൻ തുടങ്ങി. പെട്ടെന്നാണ്-

“മോനെ, ഈ വെളക്കെണ്ണയൊരിച്ചിരി ആ കപ്പീലോട്ടിട്” എന്ന് പറഞ്ഞുകൊണ്ട് ആ അമ്മ വേഗത്തിൽ നടന്നടുത്തത്.

ചെറിയൊര് കുപ്പിയടപ്പിൽ കരുതിയിരുന്ന എണ്ണ ഞാൻ കയ്യിലേക്ക് വാങ്ങുമ്പോൾ, വിറയാർന്ന വലം കൈയ്യിലെ ചൂണ്ട് വിരലിൽ കീറിയകൈലിത്തുണി ചുറ്റി കെട്ടിയിരുന്നു. “അമ്മേ, ഇതെന്ത് പറ്റിയതാ”ന്ന് ചോദിച്ചപ്പം. “ഓ, അതിന്നലെ ഈ കാടും പടലും പറിച്ച് വൃത്തിയാക്കിയപ്പം കുപ്പിച്ചില്ലെങ്ങാണ്ട് കൊണ്ടതാ. ചെറുതായിട്ട് തൊലി പോയതേയൊള്ള്” എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞ് നിർത്തി. കപ്പിയുടെ മധ്യത്തായി ഇരുപുറവും ഞാനെണ്ണ ഒഴിക്കുമ്പോഴും ആ അമ്മ എന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കുകയായിരുന്നു. ഒരുപക്ഷേ, അവർ എന്റെ വാക്കുകൾക്കായി ചെവി കൂർപ്പിക്കുന്നതായും തോന്നി. എനിക്കപ്പോൾ എന്തെങ്കിലുമൊന്ന് മിണ്ടാതിരിക്കാനും കഴിഞ്ഞില്ല.

“അമ്മേടെ മക്കളൊക്കെ?”
“എനിക്ക് രണ്ട്പെണ്ണും ഒരാണുമാരുന്ന്!. അതീ, ആണിനെ…’’
ആ ചുണ്ടുകൾ വല്ലാതെ വിറച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. അവർ കൈലി മുണ്ടിന്റെ മടിശീലകൊണ്ട് മുഖംപൊത്തി ഉള്ളിലേയ്ക്കോടി.

അനിൽസാറിന്ന് എന്റെടുത്തേയ്ക്കാ ആദ്യമെത്തിയത്.
“രാധാകൃഷ്ണനുമായിട്ട് എങ്ങനെയാ പരിചയം?”
“വൊക്കേഷണൽ ഹയർ സെക്കൻ്ററിക്ക് മുട്ടറെസ്കൂളി എന്റെ ജൂനിയറായിരുന്നു അവൻ.”
“മേശിരി… കഥയൊക്കെ എഴുതാറുണ്ടെന്ന് അവൻ പറഞ്ഞു”.
“ചെറുതായൊക്കെ. നാല് പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്.”
അദ്ദേഹത്തിന്റെ മുഖം അതിശയത്താൽ വിടർന്നു.
“നാളെവരുമ്പോ നാലുമെടുത്തോണെ. ഞാൻ വേടിക്കാം”.
“അതെന്റെ സഞ്ചിയിലൊണ്ട് സാറേ.”

അനിൽസാറിന് പുസ്തകം കൈമാറുന്ന ചിത്രം ഷൈൻ എന്റെ മൊബൈലിലേക്ക് പകർത്തി. അപ്പോൾ മൈക്കാട് ശശിയണ്ണൻ അതിലൊര് പുസ്തകത്തിന്റെ പേര് വായിച്ചു; “പിച്ചണ്ടി”
അതുകേട്ട് ആരൊക്കെയോ ഉറക്കെ ചിരിച്ചു.

ഇന്നത്തെ പണി തീരുന്നതിനു മുൻപേതന്നെ അവരിൽ പലരുമെന്നെ ‘പിച്ചണ്ടി’ എന്ന പേരിൽ വിളിച്ച് തുടങ്ങി.

മൂന്ന്

താഴത്തെ നിലയുടെ സൺഷെയ്ഡ്മട്ടം വരെയുള്ള കെട്ടിൽ കൊറച്ച് മാത്രം ബാക്കിയായത് കൊണ്ടാ, ഞാനും വിജയകുമാറണ്ണനും ബംഗാളികളായ മൂന്ന് മൈക്കാട്കാരും മാത്രം വന്നത്. വൈകിട്ട് നാല് നാലരയായപ്പോഴേയ്ക്കും പണി തീർന്നു. വടക്ക് കാറ്കേറിക്കൊള്ളുന്നത് കണ്ടാ, ഇന്ന് കെട്ടിയതിന്റെയെല്ലാം മോളി പ്ലാസ്റ്റിക് ഷീറ്റ് ഇട്ടേച്ച് ഞാൻ താഴോട്ടെറങ്ങിയത്.

‘അബുദാബില് എന്റെ കുടെ ജോലി ചെയ്ത കൂട്ട്കാരൻ ഇവിടടുത്തെങ്ങാണ്ടാ താമസം. ഇന്നെന്തായാലും അവനെയൊന്ന് കണ്ടിട്ടേ ഞാൻ വരുന്നോള്ള്’ എന്ന് പറഞ്ഞാണ് മറ്റുള്ളവരോടൊപ്പം പോകാതെ ഫോണെടുത്ത് ഞാൻ ചെവിയിലോട്ട് വെച്ചത്.

ആകാശം വീണ്ടുമിരുണ്ടു. പെട്ടെന്നാണ് ചക്കക്കുരുവിന്റെത്രയും വലിപ്പത്തി മഴത്തുള്ളികള് ചറപറാന്ന് ദേഹത്ത് പതിക്കാൻ തൊടങ്ങിയത്. പണി സാധനങ്ങളും സിമെൻ്റും വെക്കാനായിട്ടുള്ള ചെറിയ ഷെഡല്ലാതെ മറ്റൊന്നും അടുത്തില്ല. അതാണെങ്കി വിജയണ്ണൻപൂട്ടി താക്കോലെങ്ങാണ്ട് വെച്ചേക്കുവാ. അല്ലെങ്കിലും അതിനാത്ത് നെറേ പുതിയ വീടിനായി അടിച്ച്കൂട്ടി വെച്ച കട്ടിളയും ജനലുമൊക്കെ നെരത്തിവെച്ചിരിക്കുവാ. അതീലിനി സൂചി കുത്താൻ പോലും എടമില്ല.

വേലകൈലിയും ചോറ്റുപാത്രോം പിന്നെന്റെ പുസ്തകവുമൊക്കെ ഞാൻ കൊണ്ട്നടക്കുന്നത് എളേമോന്റെ പഴയ സ്കൂൾബാഗിലാ. അത് തോളത്തുന്നൂരി തലേലേക്ക് വെച്ചോണ്ടാ താഴത്തെ വീട്ടിലോട്ട് ഞാനോടിയത്.

മാറാല തട്ടി വൃത്തിയാക്കിയിട്ടിരുന്ന മുന്നിലെ ചെറിയ വരാന്തയിൽ കയറിയ ഉടനെ ബാഗ് തറയിലേക്കുവെച്ചു. നനഞ്ഞ ബാഗപ്പോൾ ടൈൽ പാകിയ നിലത്തോട് ഒട്ടിച്ചേർന്നു.

മുൻ വാതിലിന്റെ ഓടാമ്പൽ ഓരോന്നായി നീക്കുന്ന ശബ്ദം. പിന്നെ ‘കുറച്ചുനാളായി എന്നെയാരും തുറക്കുന്നില്ലേ’ന്ന പരാതി ഉച്ചത്തിൽ വിളിച്ചറിയിച്ച് കൊണ്ട് കതക് മെല്ലെ തുറന്നു. അപ്പോഴും മുഖത്ത് ചിരി വരുത്തിത്തീർക്കാൻ ശ്രമിച്ച്കൊണ്ട് ആ അമ്മ കൈയിൽ കരുതിയ പുതിയൊര് ഇരേഴയൻ തോർത്തെടുത്ത് എന്റെ തലയിലേക്കിട്ട്കൊണ്ട് ഇങ്ങനെ പറഞ്ഞു:

“മോനെ തലയിങ്ങോട്ട് കാട്ട്. ആദ്യത്തെ മഴയാ! തുള്ളി വീണാലും പനി പിടിക്കും”.

“ഇല്ലമ്മേ, എന്റെ തല നനഞ്ഞിട്ടില്ല’’.

ഞാനിങ്ങനെ പറഞ്ഞെങ്കിലും ആ അമ്മ എന്റെ തല തോർത്തി കൊണ്ടേയിരുന്നു.

“എന്റെ മോൻ നനഞ്ഞു വരുമ്പോഴും ഞാനിത്പോലെ തലതോർത്തിക്കൊടുക്കും. പിന്നെ, ഒരുനുള്ള് രാസ്നാദി പൊടിയെടുത്ത് അവന്റെ തലേ തിരുമ്മും. ഇപ്പളതൊന്നും വാങ്ങാറേയില്ല”- ആ ശബ്ദമിടറി. പിന്നെ നീണ്ടൊര് നിശ്വാസവും.

“അയ്യോ…മോനിവിടെത്തന്നെ നിൽക്കാതെ അകത്തോട്ട് കേറിവാ.”

“ഇല്ലമ്മേ, എനിക്കൊരാളെ കാണാനൊണ്ട്”.

എന്റെ കണ്ണ് ഉള്ളിലേക്ക് നടന്നപ്പോഴേക്കും വലിയൊരു മിന്നൽ ഞങ്ങളെ പൊതിഞ്ഞു. പെട്ടെന്നാഅമ്മ എന്നെ അകത്തേക്ക് വലിച്ചു. ഉടനെ കനത്തൊരിടിയും. കറണ്ടപ്പഴേ പോയി. ഞാനെന്റെ മൊബൈലിലെ വെട്ടം തെളിച്ചു. അമ്മ വീണ്ടും പറഞ്ഞു:

“ഞാനും അത്താനുമേ ഉള്ളിവിടെ പെമ്പിള്ളേര് രണ്ടിനേം കെട്ടിച്ചയച്ച്. അവർക്കെല്ലാം ജോലിയുമുണ്ട്. എല്ലാരുമങ്ങ് ദൂരെയാ. കൂടെ ചെന്ന് നിൽക്കാനായിട്ട് രണ്ടുപേരും കൊറേ വിളിച്ചു. ഇവിടം വിട്ട് വേറെങ്ങോട്ടും പോകാൻ കഴിയത്തില്ല മക്കളെ.

പിള്ളേരൊക്കെ ഒഴിവനുസരിച്ച് വരികയും വിളിക്കുകയുമൊക്കെ ചെയ്യും. പാർട്ടിക്കാരാ ഞങ്ങക്കീ വാർത്തവീട് വെച്ചുതന്നത്. ആരൊക്കെ എന്തൊക്കെ തന്നാലെന്താ. അവർക്കാർക്കെങ്കിലും എന്റെ കുഞ്ഞിനെ തിരിച്ച് തരാനൊക്കുമോ.”

അമ്മയാ വാക്കുകൾ പറഞ്ഞ് മുഴുമിപ്പിക്കും മുമ്പേ “എന്റെ പൊന്നു മോനെ…’’ന്നുള്ള നിലവിളി ആ മുറിക്കുള്ളിലും അലയടിച്ചു.

വെപ്രാളത്തോടെ അമ്മയപ്പോൾ ഇത്രയും പറഞ്ഞു:

“അയ്യോ, അവന്റെപ്പനാ! ഞാനങ്ങോട്ട് ചെല്ലട്ടെ മോനെ. ഇല്ലെങ്കിപിന്നേം കയ്യോ കാലോ വെട്ടി മുറിക്കും”.

ആ അമ്മ വേഗം ഇരുട്ടിലൂടെ പിറകിലേയ്ക്കോടി. ഇത്തിരി വെളിച്ചവുമായി ഞാനും പിന്നാലെ ചെന്നു. തുള്ളിമുറിഞ്ഞ മഴ കണ്ണുനീർ പോലെ പുറത്തു പതിച്ചു. ചായിപ്പിലേക്ക് കയറിയപ്പോഴേ വെട്ടം വന്നു. താടി വളർത്തി വികൃതമായൊര് വൃദ്ധരൂപം തറയിലെ തൊളിവെള്ളത്തിൽ വീണു കിടന്നിരുന്ന തടിപ്രതിമയുടെ തലയെടുത്ത് മടിയിൽവെച്ച് “എന്റെ പൊന്നു മോനേ...”ന്ന് അലറി വിളിക്കുകയാണ്. അമ്മയ്ക്ക് പിറകെ ചെന്ന എന്നെ കണ്ടിട്ടാകും പെട്ടെന്നാ മനുഷ്യൻ എല്ലാം മറന്ന് “എന്റെ മോൻ!, എന്റെ മോൻ” എന്നും പറഞ്ഞ് എന്റെ അരികിലേക്ക് ഓടിവന്നത്. ഞാനൊന്ന് ഭയന്ന് പിറകോട്ട് മാറാൻ തുനിഞ്ഞെങ്കിലും ആ മനുഷ്യനെന്നെ അപ്പോഴേയ്ക്കും കടന്നുപിടിച്ചു. കൈവെള്ളയ്ക്ക് കുറുകേ പഴന്തുണി ചുറ്റിവരിഞ്ഞിരുന്നു വലങ്കയ്യും, വീതുളിപിടിച്ച് കറുത്ത്തഴമ്പിച്ച ഇടങ്കയ്യും നീട്ടി എന്റെ ഇരുതോളിലും കാലുകളിലുമൊക്കെ തപ്പിനോക്കിയ ശേഷം, എന്റെ കവിളുകളിലും മൂർദ്ധാവിലും ആ മനുഷ്യൻ തുരുതുരെ ചുംബിച്ചു കൊണ്ടേയിരുന്നു. അപ്പോ, ഒര് പെരുമഴവന്ന് മനസ്സ് കുത്തിയെടുത്തോണ്ട് പോയെന്റെ അച്ഛനെയാണെനിക്കോർമ്മ വന്നത്.

“അത്താനെ ഇത് നമ്മുടെ മോനല്ല”.
‘‘പോടീ പന്നലെ കള്ളം പറയാതെ. ഇതെന്റെ കൂഞ്ഞാടി”.

ആ മനുഷ്യനോട് ഹൃദയംചേർന്ന് നിൽക്കുമ്പോഴും ഞാൻ ആ അമ്മയെ ആശ്വസിപ്പിച്ചു; “സാരമില്ലമ്മേ. എന്റെ അച്ഛനെ പോലെയല്ലേ ഈ അച്ഛനും”.

സുന്ദരമായി കൊത്തിയുണ്ടാക്കിയൊര് പുരുഷ ശില്പത്തെ വീതുളികൊണ്ട് വെട്ടിമുറിച്ചിട്ടപോലെ, ചായിപ്പിലെ തൊളി വെള്ളത്തിൽ അങ്ങിങ്ങായി ചിതറിക്കിടന്നയാ തടിപ്രതിമയുടെ കയ്യുംകാലും തലയുമെല്ലാം പെറുക്കി ഒതുക്കി ഒരു വശത്തേക്ക് വച്ചശേഷം, ആ അമ്മ ഭർത്താവിന്റെ അരികിലേക്ക് വന്ന് സൗമ്യമായി ഇങ്ങനെ പറഞ്ഞു:

“അത്താനെ നേരമിരുട്ടുന്ന്. ഇനി നിങ്ങളാ കുഞ്ഞിനെയങ്ങ് വിട്. അതിനതിന്റെ വീട്ടിപ്പോണ്ടതല്ലെ”.

നിറകണ്ണുകളോടെ ആ മനുഷ്യൻ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കിയ ശേഷം വീണ്ടുമെന്നെ നെഞ്ചോട്ചേർത്ത് മുറുകെപ്പിടിച്ചു.
“ശ്ശെടാ… ഇത് നമ്മടെ മോനല്ലാന്ന്”, അമ്മയുടെ സ്വരം കടുത്തു.

ഷോക്കേറ്റപോലെ ആ മനുഷ്യനപ്പോൾ എന്നിൽ നിന്നും പിടിവിട്ട് ഒരു അന്യനെപ്പോലെ ദൂരേയ്ക്ക് മാറിനിന്നു.

“അച്ഛനെന്നെ മോനായി തന്നെ കണക്കാക്കിക്കോ”ന്ന് പറഞ്ഞുകൊണ്ട് ഞാനപ്പോൾ അദ്ദേഹത്തിനടുത്തേക്ക് ചെന്നെങ്കിലും, ആ മനുഷ്യൻ തലയാട്ടിക്കൊണ്ട് പിറകോട്ട് മാറി.

ചാറ്റൽ മഴയും കോളും നേരം ഇരുട്ടാക്കി. ഞാൻ മെല്ലെ നടന്ന് സ്കൂട്ടറിനടുത്തേക്ക് വന്നു. അപ്പോഴാണ്, “ഹലോ… ഇളവൂർ ശശി!” എന്നൊരു നീട്ടി വിളി കേട്ടത്. മുമ്പ് കട്ടിളയും ജനലും പണിയാൻ വന്ന മേശിരിമാരിൽ ആരെങ്കിലുമാകും. മുൻവശത്ത് കൂട്ടിയിട്ടിരുന്നയീ മരങ്കുറ്റികളിൽ ചെറിയ രണ്ടെണ്ണമെടുത്ത് പാകത്തിന് വേരുകൾ വെട്ടിയൊതുക്കി ഓരോന്നും സ്റ്റൂള്പോലെ അവിടെ ഉണ്ടാക്കിയിട്ടിരുന്നത്. ഇപ്പം അതിലൊന്നിന്റെ മോളിക്കേറിയിരുന്നുംകൊണ്ടാ, എന്റെ മുഖമുള്ളയാ മനുഷ്യൻ വീണ്ടും ചിരിച്ചുകൊണ്ട് എന്നോടിങ്ങനെ പറഞ്ഞത്:

“ബാ, ഇതിലോട്ടിരിക്ക്’’, എന്റെ മുഖത്തെ പതർച്ച കണ്ടിട്ടാകും അയാൾ തുടർന്നു; “എന്നെ അറിയില്ലേ? നല്ല കഥ. ഓ… എന്നെപ്പോലെ കുറേപ്പേര് ഒണ്ടായത് കൊണ്ടായിരിക്കും നിങ്ങക്കെന്നെ മനസ്സിലാകാഞ്ഞത്. ദേ,ഞാനീ താഴത്തെ വീട്ടിലെയാ, ആ പ്രാന്ത്മൂത്തൊര് തന്തയും. മുല്ലപ്പെരിയാർഡാംപോലെ വിങ്ങിപ്പൊട്ടി നിൽക്കുന്നൊര് തള്ളയുമില്ലേ. അത് എന്റെ അപ്പനുമമ്മയുമാ. പാവങ്ങളാ. ഞാനതുങ്ങളെ ഇവിടിട്ടേച്ച് പോയിട്ട് വർഷം പന്ത്രണ്ടാവുന്നെങ്കിലും. അവറ്റകൾ ഇതുവരെയും എന്നെ മറന്നിട്ടില്ല.”

എനിക്ക് മറുപടിയൊന്നും പറയാനോ എന്തിന് ഒന്ന് മൂളാനോ പോലും സമയം തരാതെ ആ മനുഷ്യനിങ്ങനെ ബെല്ലും ബ്രേക്കുമില്ലാതെ പറഞ്ഞുകൊണ്ടേയിരുന്നു.

“ഞങ്ങള് മൂന്നു മക്കളാരുന്ന്. രണ്ടു പെണ്ണും ഒരാണും. അപ്പന് ആശാരി പണിയാ. അമ്മയ്ക്ക് അംഗനവാടിയിലും. പഠിത്തത്തിലൊന്നും ഞാൻ വല്ല്യ കൊണമൊന്നുമല്ലാരുന്ന്. അതുകൊണ്ടാ പത്താം ക്ലാസ് തോറ്റപ്പോഴേ അപ്പന്റെ കൂടെ കുടിപ്പണിക്ക് പോയ്ത്തൊടങ്ങിയത്. ഓരോരോ വീടുകളില് പണിക്ക് ചെല്ലുമ്പോ, അവിടുത്തെ വീട്ടുകാര് പറയുന്നതെന്തും അതേപോലെ അപ്പൻ കൊത്തിയുണ്ടാക്കി കൊടുക്കുമായിരുന്നു! തടിയില്!. വീട്ടിനിക്കുന്ന നേരത്തും, ചായിപ്പിൽ ചെന്നിരുന്ന് കൃഷ്ണൻ്റേയും ശിവൻ്റേയും ഗണപതിയുടേയും ഭദ്രകാളിയുടേയുമൊക്കെ രൂപങ്ങള് കൊത്തിയുണ്ടാക്കുമായിരുന്നു അപ്പൻ. എനിക്കതിലൊന്നും അന്നേ വല്ല്യ താൽപര്യമൊന്നുമില്ലാരുന്ന്. എങ്കിലും, അപ്പൻ ചെലപ്പോ അങ്ങോട്ട് വിളിപ്പിച്ച് എന്തെങ്കിലുമൊക്കെ ചെയ്യിപ്പിക്കും. അപ്പനെ വെറുപ്പിക്കേണ്ടെന്ന് കരുതി ഞാനതങ്ങ് അനുസരിക്കും. പോകെപ്പോകെ ‘അപ്പനേക്കാൾ കേമനാണ് മോനും’ എന്ന് പലരും പറയുമ്പോൾ. അപ്പനെന്നെ നെഞ്ചോട് ചേർത്ത് കവിളത്തൊരുമ്മ തരും. എന്നിട്ട് ‘കഴപ്പനാ’ന്നുള്ള പള്ളും.

മൂത്ത ചേച്ചിയെ കെട്ടിച്ചതിന്റെ കടം വീട്ടാൻ വേണ്ടിയാ എനിക്കിളയവളെ കെട്ടിക്കും മുമ്പേ അവർ എന്നെപ്പിടിച്ച് കെട്ടിച്ചത്. അതാണെങ്കിലോ അതിലും പാവംപിടിച്ചൊര് പെങ്കൊച്ച്. കൊറേ വെലമാലയും വളയുമൊക്കെക്കൊണ്ടാ അതതിന്റെ വീട്ടീന്ന് വന്നത്. ഇവിടെക്കൊണ്ട് കുടിവെച്ച്, സാരി മാറിയുടുക്കാൻ എന്റെ മുറിയിലോട്ട് കേറിവന്നപ്പോ, കഴുത്തിലും കൈയ്യിലും കെടന്ന സ്വർണ്ണമെല്ലാമൂരി എന്റെ കൈയ്യി തന്നേച്ച് അത് പറഞ്ഞതാ ‘ചേട്ടനിതെല്ലാം കൊണ്ട്പോയ് വിറ്റേച്ച് നാത്തൂന്റെ കടം തീർക്കാൻ’. അപ്പോ, അറിയാതെ ഞാനന്നവളുടെ മുമ്പി മുട്ടുകുത്തിയിരുന്ന് കരഞ്ഞ്പോയി.

അതിൻ്റേം മോൻ്റേം കാര്യമോർക്കുമ്പോ ഇപ്പഴുമെന്റെ നെഞ്ച് പെടയുവാ. അന്നേ അവള് പറഞ്ഞതാ. ‘പാർട്ടി പ്രവർത്തനത്തിനൊന്നും പോവണ്ട ചേട്ടാ. പ്രായമായ നമ്മുടെ അപ്പൻ്റേയും അമ്മയുടേയും പിന്നെയീ കുഞ്ഞിൻ്റേയുമൊക്കെ കാര്യം നോക്കി ഇതുപോലെ സ്വസ്ഥമായങ്ങ് ജീവിച്ചാൽ പോരേന്ന്.’

“ചെലതൊക്കെ കാണുമ്പം പ്രതികരിക്കാതിരിക്കാൻ കഴിയില്ലെടി. പിന്നെ പിണമായ് ജീവിക്കുന്നതിലും നന്നല്ലെ ഗുണമോടെ മരിക്കുന്നത്!” എന്നാ ഞാനവളോട് പറഞ്ഞത്. എങ്കിലും, അന്ന് ഞാനാവാക്ക് കേട്ടിരുന്നെങ്കി…”

അവന്റെ മനം വിങ്ങി വീർത്തു.

എനിക്ക് സംസാരിക്കാൻ ഒരിട കിട്ടിയപ്പോൾ ഞാനവനോട് ചോദിച്ചു; “എന്തുവാരുന്ന് ഇത്രവല്ല്യ പ്രശ്നം?.”
“ഓ… വേറൊന്നുമില്ല. അപ്പനൊര് പേർഷക്കാരന്റെ വീട്ടി ഷോക്കേസി വെക്കാനായിട്ടൊര് ഭദ്രകാളിയുടെ രൂപം ഉണ്ടാക്കിക്കൊടുക്കാനുള്ള ഏർപ്പാട് കിട്ടി. നെടുമങ്കാവ് ഉത്സവത്തിന്റെന്ന് പാല് കാച്ചാ അന്ന് രാവിലെ വേണമെന്നാ അവര് പറഞ്ഞിരുന്നത്. എടയ്ക്ക് വെറുതേയിരിക്കുന്ന നേരത്ത് ഞാനെൻ്റേതായ ചിലതൊക്കെ ഒണ്ടാക്കി വയ്ക്കുമായിരുന്ന്. കൃത്യ സമയത്ത് ഭദ്രകാളീടെ ശില്പം കൊടുക്കാൻ വേണ്ടി ഞാനുംകൂടെ അപ്പനെ സഹായിച്ചോണ്ടിരുന്ന്. അപ്പഴാ അപ്പൻ മുമ്പ് പണിചെയ്തൊരമ്പലത്തിലെ അത്യാവശ്യപ്പണിക്കായി ‘മേശിരി ഇപ്പത്തന്നെ കൂടെവന്നേ ഒക്കൂ’ന്നും പറഞ്ഞ് അവരപ്പനെ വിളിച്ചോണ്ട് പോയത്. ഞാനന്ന് ഭാര്യേടെ വീട്ടി പോയിരിക്കുവാരുന്ന്. വന്നപ്പം, ‘ഇച്ചിരിപ്പണി ഉള്ളതുകൂടിയങ്ങ് ചെയ്ത തീർത്തിട്ട് അവര് നാളെ രാവിലേവരുമ്പോ, കണക്കൊന്നും പറയാതെ തരുന്ന കാശ് വേടിച്ച്, ആ ശില്പമങ്ങെടുത്ത് കൊടുക്കാൻ അവനോട് പറഞ്ഞേരെ’ന്ന് അമ്മയോട് പറഞ്ഞ് ചട്ടം കെട്ടിയിട്ടാ അപ്പൻ പോയത്.

പ്രതിമ വാങ്ങാൻ വന്ന വീട്ടുടമയും ചില കൂട്ടുകാരും ചായ്പ്പിലോട്ട് കേറി വന്നപ്പഴാ രസം. പണിയെല്ലാം തീർന്നെന്നു പറഞ്ഞ ഭദ്രകാളിയുടെ പ്രതിമേന്ന് വാളും തൃശ്ശൂലവും ഊരിമാറ്റിയേക്കുന്നതാ അവര് കണ്ടത്!. അത് മാത്രമോ! അതിന്റെ തൊട്ടടുത്തായിട്ട്, ദേഹത്തൊര്തുണ്ട് തുണിപോലുമില്ലാതെ മലർന്ന് കിടന്നിരുന്നൊര് പെൺകുട്ടിയുടെ നെഞ്ചിൽ ത്രിശൂലം കുത്തി ഇറക്കിനിർത്തിയേക്കുന്നൊരു ശില്പം. മുതുകിലൂടെ പുറത്തുചാടിയ തൃശ്ശൂലത്തിന്റെ മുനമാത്രമേ തറേ ഉറച്ചിട്ടുള്ളായിരുന്നു. ആരോ വലിച്ച്കീറിയെടുത്തൊര് കുങ്കുമ നിറമുള്ള ഷാളിന്റെ ബാക്കിയായ ചെറിയൊര്തുണ്ട് ഇടങ്കൈകൊണ്ട് തലയിൽ ബലമായ് പൊത്തിപ്പിടിച്ചിരുന്നു ആ പെൺകുട്ടിയപ്പോൾ. മേലോട്ട് നിവർന്നു നിൽക്കുന്ന ത്രിശൂലത്തിന്റെ ചെവിട്ടിൽ കൊടിപോലെ പാറിപ്പറക്കുന്നുണ്ടായിരുന്നു ആ ഷാളിന്റെ ബാക്കി ഭാഗം. ആ പെൺകുട്ടി വലത്തെ കൈപ്പത്തികൊണ്ട് തന്റെ ഗുഹ്യം മറച്ചു പിടിച്ചിരുന്നു. ഇതൊക്കെ പോരാഞ്ഞ് തൊട്ടപ്പുറത്തായി മറ്റൊരു ശില്പവും. അതിലാണെങ്കി, വലം കാലിൽ മന്തുള്ളൊര് വെളിച്ചപ്പാടിന്റെ ഒരു കയ്യിൽ ചോരയിറ്റുന്നൊര് കറുത്ത ആടിന്റെ തലയും. മറുകൈയ്യിൽ ഭദ്രകാളിയുടെ കൈയ്യീന്ന് ഊരിയെടുത്ത വാളും. ആ വാളിലാണെങ്കി നിറയെച്ചോരയും. ഇതൊക്കെ കണ്ട് അവരെന്റെ മുഖത്തേക്ക് തുറിച്ച്നോക്കിയപ്പോ, ഞാൻ ചിരിച്ചുകൊണ്ടിങ്ങനെ പറഞ്ഞു:

“ഇത് രണ്ടും നമ്മുടെ നാടിന്റെ ഇന്നത്തെയവസ്ഥയാ. നിങ്ങളല്പനേരംനിന്നാ വാളും ത്രിശൂലോം ഇതേന്നൂരിയെടുത്ത് ഇത് ഞാനിപ്പം ശരിയാക്കിത്തരാം” എന്ന് ഞാൻ പറഞ്ഞെങ്കിലും. ഭദ്രകാളിയില്ലാതെ ഉറഞ്ഞ്തുള്ളിക്കൊണ്ട് അവരങ്ങ് പോയി.

നെടുമങ്കാവിലെ ഉത്സവത്തിന് കെട്ടുകാഴ്ചയൊക്കെ കാണിച്ചട്ട് എല്ലാവരെയും വീട്ടിൽ കൊണ്ടാക്കി. തിരിച്ചു ചെന്നപ്പഴാ, രാവിലെ വീട്ടി വന്നവന്മാരിച്ചെലര് എന്റെ ചുറ്റും കറങ്ങി നടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. അതിലൊരുത്തൻ അറിയാതെ എന്ന ഭാവത്തിൽ എന്റെ തോളെ, അവന്റെ തോളുകൊണ്ട് തട്ടി പോയപ്പോഴും ഞാൻ മിണ്ടാതെ നടന്നു. വീണ്ടും മറ്റൊരുത്തൻ വന്ന് അതേപോലെ തട്ടിയപ്പോ എന്റെ രക്തം തെളച്ചതാ. പിന്നെ എന്റെ മോൻ ഫിദലിന്റെ മുഖം ഓർത്തപ്പോ ഞാനങ്ങൊഴിഞ്ഞു. പ്രശ്നമൊന്നും വേണ്ടാന്ന് കരുതി അടുത്തുള്ളവരോടൊപ്പം ചേർന്ന് ഇങ്ങോട്ടിങ്ങ് പോരുന്ന്.

വിരുന്നുകാരെല്ലാം പോയ്ക്കഴിഞ്ഞ് ഏതാണ്ട് പാതിരാത്രി ആയപ്പോ, വീട്ടിന്റെ ഓട്ടുമ്പുറത്താരോ കല്ലും മണ്ണും വാരിയെറിയുന്ന ഒച്ചകേട്ടത്. ഒണ്ടായ കാര്യമെല്ലാം അപ്പനോട് പറഞ്ഞതിനാൽ ഞാൻ പൊറത്തെറങ്ങി നോക്കാൻ അപ്പനൊട്ടും സമ്മതിച്ചില്ല. രാവിലെ ചായ്പ്പിചെന്നപ്പം അപ്പൻകണ്ടത് ദൈവങ്ങളേതൊഴിച്ച് ഞാനുണ്ടാക്കി വെച്ചിരുന്ന ശില്പങ്ങളെല്ലാം തല്ലിത്തകർത്തിട്ടേക്കുന്നതാ!.

‘എന്റെ പൊന്നുമോൻ ആരോടും വഴക്കിന് പോകല്ലേടാ’ന്നുള്ള അമ്മയുടെ തേങ്ങൽ ഉടനെത്തി. കഴുത്തുറച്ചിട്ടില്ലാത്ത ഫിദലിനെയും എടുത്തോണ്ട് എന്റെ പെണ്ണും അപ്പോ പെറകിലുണ്ടാരുന്ന്.

“അമ്മേ, ഞാനൊന്നിനും പോകത്തില്ല. പിന്നെ എനിക്ക് തോന്നുന്ന ശില്പങ്ങൾ ഇനിയും ഞാൻ ഉണ്ടാകും അതുമാത്രമാരും തടയരുത്. അല്ലെങ്കി പിന്നെ ഞാൻ ജീവനോടൊണ്ടാകത്തില്ല!.” എന്ന് മാത്രമാ ഞാനപ്പോപ്പറഞ്ഞത്.

കുഞ്ഞിന്റെ മുഖം എന്നിലേക്ക് പിടിച്ചു നിവർത്തിക്കൊണ്ട് ‘ചേട്ടാ…’ന്നൊരു നീട്ടിവിളി അവളുടെ ഉള്ളിൽ നിന്നുമപ്പോൾ പുറത്തേക്ക് തെറിച്ചു. അപ്പഴേക്കും എന്റെ ചങ്ക് തകർന്നുപോയി.

രാവിലെ പണിക്കിറങ്ങാൻ തുടങ്ങിയെങ്കിലും അമ്മ രണ്ടാളെയും വിട്ടില്ല. അന്നും പതിവ് തെറ്റിക്കാതെ ഓടിന്റെ പുറത്ത് കല്ലുകൾ വീണു. എനിക്കാകെയൊര് പന്തികേട് തോന്നി. അപ്പോ ഞാനപ്പനോട് പറഞ്ഞു:

“അപ്പാ… എന്താന്നെന്നറിയില്ല! എനിക്കെന്തോ, വല്ലാത്ത പേടി പോലെ”.

“മോനേ, അപ്പനുണ്ടെടാ നിന്റെ നിഴലുപോലെ കൂടെ. എന്റെ മോൻ ഒന്നുകൊണ്ടും പേടിക്കേണ്ട”. ഇതൊക്കെ കേട്ടോണ്ടാ അത്താഴവുമായി അമ്മയെത്തിയത്. അന്നേരം ഞാൻ വാവിട്ടങ്ങ് കരഞ്ഞുപോയി. അമ്മ എന്നെ പിടിച്ച് തളത്തിലെ തറയിലോട്ടിരുത്തി. ഞാനപ്പം അമ്മയോടിങ്ങനെ പറഞ്ഞു:

“അമ്മച്ചീ എനിക്കൊരുരുള ചോറ് വാരിത്തരുമോ?”

“മോനെ…”ന്നുള്ള നീറിയ വിളിയോടെ അമ്മ കണ്ണുനീരിൽ കുഴച്ച ചോറുരുരുട്ടി എന്റെ വായിലേക്ക് വച്ച്തന്നു. അപ്പനും എന്റെപെണ്ണും എന്റെടുത്തേയ്ക്ക് ചേർന്നിരുന്നു. ഫിദലാണെങ്കി നിർത്താതെ ഉച്ചത്തിൽ കരഞ്ഞ്കൊണ്ടും. കുടിക്കാനോള്ള വെള്ളം കൊണ്ട് അവിടെത്തന്നെ വായും കഴുകി ഞാനെന്റെ അമ്മയുടെ മടിയിലേക്കങ്ങ് കെടന്നു. അമ്മയുടെ ഒട്ടിയ മാറ് എന്റെ മുഖത്തേക്കമർന്നു. ആ നിമിഷം ഞാനും ഫിദൽമോനെ പോലൊര് കൊച്ചുകുട്ടിയായി. പിന്നെപ്പൊഴോ മുറീലോട്ട് കേറിക്കെടന്നപ്പം അവിടെ അവളെനിക്കമ്മയായി.

പിറ്റേന്ന് ഞങ്ങടെ വാർഡ് മെമ്പറും അയൽവാസിയുമായ നിസാറിനോട് കാര്യം പറഞ്ഞു. ആ സഖാവ് മറ്റുള്ളവരെയും കൂട്ടി രാവുംപകലും എന്റെ വീടും പരിസരവും ഒക്കെയായി മാറിമാറി കാവല്നിന്നു.

വീട്ടിലെ കാര്യങ്ങള് അവതാളത്തിയപ്പഴാ അപ്പൻ പണിക്കെറങ്ങാൻ തൊടങ്ങിയത്. അത് മാത്രമല്ല. ‘മേടവിഷുവായ നാളെത്തന്നെ കട്ടളവെയ്ക്കാനുള്ളതാ. അതെങ്കിലുമൊന്ന് ശരിയാക്കിത്താ മേശിരീ’ന്നും പറഞ്ഞ് കളീക്കലെ സാറും രാവിലെ വന്നിരുന്നു.

‘അപ്പാ, ഫിദലിന്റെ ആദ്യത്തെ വിഷുവല്ലേ നാളെ. അവനെ കണി കാണിക്കാനായിട്ട് എന്തെങ്കിലുമൊക്കെ വാങ്ങണ്ടേ. ഞാനുംവരുന്ന് പണിക്ക്!.’ ഇതുംപറഞ്ഞ് പുറകെ ചെന്നപ്പോ അപ്പനാദ്യം വേണ്ടാന്ന് പറഞ്ഞെങ്കിലും. ‘എന്റെപ്പന്റെ കൂടെയല്ലേ! പിന്നെനിക്കെന്തോന്ന് പേടിക്കാൻ!.’ എന്ന്പറഞ്ഞ് ഞാൻ മുഖത്ത് ചിരിവരുത്തി. അമ്മയുടെയും ഭാര്യയുടെയും മുഖത്തപ്പോഴും തെളിച്ചമുണ്ടായിരുന്നില്ല.

ഫിദലിന്റെ നെറ്റിയിലും കവിളത്തും ഉമ്മ കൊടുത്തോണ്ട് ഞാനിങ്ങനെ പറഞ്ഞു: “അപ്പൻ പോകുവാ, എന്റെമോൻ കരയല്ലെ! നല്ല മിടുക്കനായിട്ടിരിക്കണം!” ഭാര്യയുടെ കണ്ണ് അപ്പഴേക്കും നിറഞ്ഞൊഴുകിക്കഴിഞ്ഞിരുന്നു. അത് കണ്ട് മനമിടറി ഞാനിങ്ങനെ പറഞ്ഞു:

“നീയെന്തിനാടി വെഷമിക്കുന്നത്? ഞാനാരെയും കൊന്നിട്ടൊന്നുമില്ലല്ലോ!. ഒരു ശില്പമുണ്ടാക്കിയതിന്റെ പേരി, അവരെന്നെ വെട്ടി കൊല്ലുവാണെങ്കി. അങ്ങ് കൊല്ലട്ടെ. അല്ലാതെ, എത്ര ദെവസ്സമായിങ്ങനെ വീട്ടിനുള്ളി പട്ടിണി കെടന്ന് അടയിരിക്കുന്നത്”.

അപ്പനങ്ങോട്ട് നടന്നപ്പോ, ഞാനോടിച്ചെന്ന് അപ്പന്റെ കയ്യിലെ പണി സഞ്ചി വാങ്ങിപ്പിടിച്ചു.

കളീക്കലണ്ടിയാപ്പീസിന്റെ നേരെ എതിർവശത്താരുന്ന് പണിസൈറ്റ്. ചെന്നപ്പഴേ വലിയ കട്ടിളയുടെ പണിയാ തൊടങ്ങിയത്.

അണ്ടിയാപ്പീസിലെ പന്ത്രണ്ട്മണിയെടെ ഊത്ത്കേക്കാൻ തൊടങ്ങിയപ്പഴേക്കും എന്റെഭാര്യ, ഞങ്ങടെ പണിസൈറ്റിലെത്തി.

‘രാവിലെ പോലും ഒര്തുള്ളി വെള്ളം കുടിക്കാതെയാ രണ്ടുപേരുമെറങ്ങിയത്’ എന്ന പരിഭവത്തോടെയാണ് അവൾ അകത്തേക്ക് കയറിവന്നത്.

അപ്പൻ ഉണ്ടെണീറ്റ് കൈ കഴുകാനായി തിരിഞ്ഞപ്പോ ഞാനൊര് ഉരുളയുരുട്ടി അവളുടെ വായില് വെച്ചുകൊടുത്തു. അപ്പളാക്കണ്ണീന്ന് മൂന്നാലുരുള താഴോട്ട് വീണു. ഞാനെണീറ്റപ്പോ, എന്റെ എലേല് അവള് കേറിയിരുന്നു. കറിയില്ലാത്ത ആ ചോറുരുട്ടി അവള് കഴിച്ചു.

വൈകിട്ട് ഞങ്ങളോടൊപ്പമേ തിരിച്ച് പോന്നോള്ളെന്ന് പറഞ്ഞപ്പോ. ‘അയ്യോ, പാല് കുടിക്കാനായിട്ട് കുഞ്ഞിപ്പങ്കെടന്ന് കരയുവാരിക്കും!.’ എന്ന് ഞാൻ പറഞ്ഞപ്പോഴാ അവള് വീട്ടിലേക്ക് പോകാൻ തയ്യാറായത്. ടാർപ്പാവലിച്ച് കെട്ടിയ ചായിപ്പിന്ന് പൊറത്തോട്ടെറങ്ങി നടക്കാൻ തുടങ്ങിയപ്പോ അവള് വീണ്ടും തിരിഞ്ഞ് നിന്ന് അപ്പനോടായി പറഞ്ഞു: “അപ്പാ… എന്റെ ചേട്ടനെ നോക്കിക്കോണേ”.

വെറച്ച ശബ്ദത്തോടെയാ അപ്പനപ്പോ പറഞ്ഞത്, ‘‘എന്റെ മോള് കുഞ്ഞിന്റെടുത്തോട്ട് ചെല്! അപ്പനുണ്ടിവിടെ’’.
പൊയ്ക്കോ എന്ന മുഖച്ഛേഷ്ടയോടെ ഞാനും ധൈര്യം പകർന്ന് ഭാര്യയെ വീട്ടിലേക്ക് തിരിച്ചയച്ചു.

കാലം തെറ്റിവന്ന മഴക്കാർ മാനം കറുപ്പിച്ചു. ടാർപ്പായയിൽ വെള്ളത്തുള്ളികൾ പതിച്ചപ്പോൾ പുരപ്പുറത്ത് കല്ലുവാരി എറിയുന്ന ഓർമ്മ വന്നിട്ടോ മറ്റോ. അപ്പൻ പെട്ടെന്ന് പണിനിർത്തി എന്നോട് പറഞ്ഞു: “മോനെ…നമുക്ക് പോകാം.”

“അപ്പാ സമയമായോ”ന്ന് ഞാനങ്ങോട്ട് ചോദിച്ചു തീർന്നില്ല, “മോനേ…”ഓടിക്കോടാ”ന്നും പറഞ്ഞ് അപ്പനെന്നെ വലിച്ച് പിറകിലോട്ട് തള്ളി. ഞാൻ നിന്നിടത്തപ്പം ഒരു വടിവാള് വന്ന് തടിമേപ്പതിച്ചതാ പിന്നെകണ്ടത്. വാളു പിടിച്ച പയ്യന്റെ മുഖത്തോട്ട് നോക്കിയപ്പോഴേ എനിക്കവനെ നല്ല പരിചയമുള്ളതുപോലെ തോന്നി. അപ്പോഴേക്കും അപ്പനവനെ തള്ളി താഴെയിട്ട് പൂണ്ടടക്കം കേറിപ്പിടിച്ചുകൊണ്ട്.

“ഓടിക്കോടാ മോനെ, ഒടിക്കോടാ”ന്ന് എന്നോട് കരഞ്ഞ്കേണു. അപ്പോഴേക്കും അലറി വിളിച്ച്കൊണ്ട് നാലുപാട്നിന്നും ആരാണ്ടൊക്കെ ഓടിവരുന്ന ശബ്ദം കേൾക്കാമായിരുന്നു. അടുക്കി വച്ചിരുന്ന തടി തട്ടിമറിച്ചിട്ട് ഞാൻ പിറകിലൂടെ കേറി ഓടുന്നേനെടക്ക് “അയ്യോ”ന്നുള്ള അപ്പന്റെ നിലവിളികേട്ട് അറച്ചൊന്ന് നിന്നെങ്കിലും. “മോനെ… ഓടിക്കോടാ”ന്നുള്ള അപ്പന്റെ നെലവിളി വീണ്ടുമെത്തി. കാട്കേറിയ പാടത്തൂടെ പ്രാണഭയത്താൽ ഞാൻ ഓടിക്കൊണ്ടേയിരുന്നു. ഫിദലിന്റെ മുഖമപ്പോൾ മനസ്സിലേക്ക് പാഞ്ഞെത്തി. ഉള്ള് പിടച്ചപ്പോൾ കണ്ണുംപിഴച്ചു. കട്ടാര മുൾച്ചെടിയുടെ മൂട്ടിത്തട്ടി ഞാൻ കമന്നടിച്ച് നെലത്തുവീണു. അപ്പഴേക്കും അലറിവിളിച്ചോണ്ട് എന്റെ പിന്നാലെ ഓടിക്കൊണ്ടിരുന്നവരുടെ ശബ്ദം അടുത്തടുത്ത് വന്നു. എഴുന്നേറ്റോടാൻ ശ്രമിച്ചപ്പോഴേക്കും ഒരുത്തനെന്നെ മുതുകത്ത്ചവിട്ടി താഴെയിട്ടു. പിന്നെ, അപ്പോൾ തിമിർത്ത്പെയ്ത മഴപോലെ എന്റെ നെഞ്ചത്തും തോളത്തും കഴുത്തിലുമൊക്കെ വാൽത്തല വീണുകൊണ്ടേയിരുന്നു. 19 ഉം 20 ഉം വയസ്സൊക്കെയൊള്ള കൊച്ചു പിള്ളേരായിരുന്നു ഒട്ടുമിക്കതും. ഞാനുണ്ടാക്കിയ പ്രതിമയിലെ ശൂലത്തിൽ പറന്നിരുന്ന ഷാള് കീറിയതാകാം അവരുടെ നെറ്റിയിലും ചുറ്റിക്കെട്ടിയിട്ടുണ്ടായിരുന്നത്. അപ്പഴാ, അടിനിക്കറ് മാത്രമിട്ടോണ്ട് പാടത്തൂടെ ഓടിവന്ന്.

“എന്റെമോനെ ഒന്നുംചെയ്യല്ലേ…” ന്നുള്ള എന്റെപ്പന്റെ അലറിവിളിച്ചുള്ള ആ രൂപവും ശബ്ദവും. ‘‘സത്യത്തി എൻറെ അപ്പന്റെയാ രൂപവും ശബ്ദവുമാ അവസാനമായി ഞാൻ കണ്ടതും കേട്ടതും. പാതിജീവൻ അവശേഷിച്ച എന്നെയവര് അപ്പന്റെ കൺമുമ്പിലിട്ടാ, കയ്യും കാലും കഴുത്തുമൊക്കെ വെട്ടി വേറെവേറെ കഷ്ണങ്ങളാക്കിയത്. അതാ ഇപ്പഴുമപ്പൻ, തടികൊണ്ടെന്റെ പ്രതിമയുണ്ടാക്കീട്ട് ഭ്രാന്ത് മൂക്കുമ്പോ അതിന്റെ കാലും കൈയ്യുമെക്കെ വെട്ടിമാറ്റി തുണ്ട് തുണ്ടാക്കുന്നത്’’.

“മോൻ ആരോടാ സംസാരിച്ചോണ്ടിരിക്കുന്നത്?. അമ്മ, ഇത്തിരിനേരം കൊണ്ടേ ജനലിലൂടെ നോക്കുവാരുന്ന്!. മോന്റെ സ്കൂട്ടറ് തിരിച്ച്പോന്ന ശബ്ദവും കേട്ടില്ലാരുന്ന്!. അതാ സംശയമായത്”.

എന്നോടിങ്ങനെ ചോദിച്ചുകൊണ്ട് വെളിച്ചവുമായി മുന്നിൽ വന്നുനിന്ന ആ അമ്മ, എന്റെയൊപ്പമിരുന്നയാളെ കണ്ടിട്ടാകും അതിശയ ഭാവത്തോടെ ഉടനിങ്ങനെ തുടർന്നു: ‘‘അല്ല, ഇത് നമ്മടെ പഴേമെമ്പറല്ലേ. പല്ലിക്കോട്ടെ നിസാറ്.

എന്റെ അടുത്തിരുന്ന നിസാറാണ് അതിനു മറുപടി പറഞ്ഞത്, ‘‘അതേ അമ്മേ, ഞാനാ. പണ്ട് ഇവനെന്റെ കൂടെ അബുദാബിയിലൊണ്ടാരുന്ന്. കൊറച്ച് മുമ്പേ ഇവനെന്നെ വിളിച്ചാരുന്ന്. നാട്ടിലുണ്ടായിട്ടും ഞങ്ങള് തമ്മിക്കണ്ടിട്ട് ഇത്തിരിനാളായി. അതാ ഇപ്പംതന്നെ വന്നത്. ഞാനിവിടുന്ന് മാറി വേറെ വീട് വെച്ച് താമസിക്കുന്നത് കൊണ്ടാ ഇവനിവിടെ പണിക്കൊള്ളകാര്യം ഞാനറിയാതെ പോയത്. ഇവനാണെങ്കി, നേരത്തേയൊന്ന് അറിയിച്ചതുമില്ല.”

“മക്കളേ, നേരമിത്തിരിയായി. നിങ്ങള് പോകാൻ നോക്ക്. അല്ലേ വീട്ടിലൊള്ളവര്കെടന്ന് വെഷമിക്കും.”

മാനത്ത്നിന്ന് ഇറ്റതോ, ആ വൃദ്ധമിഴിയിൽനിന്ന് അടർന്നതോ എന്നറിയില്ല. ആ അമ്മയുടെ കയ്യിലെ വിളക്ക് കെട്ടു. മൊബൈലുകൾ തെളിച്ച് ഞങ്ങളാ അമ്മയുടെ ഇടത്തും വലത്തും നിന്ന് ആ കൈകളിൽ പിടിച്ച് പതുക്കെ വീട്ടിലേക്ക് നടത്തി. വഴിയിൽ വെച്ച് ആ അമ്മ ഇങ്ങനെ വിതുമ്പി.

“മക്കളേ, അവർക്കെന്റെ കുഞ്ഞിന്റെ കാലുങ്കയും വെട്ടി എടുത്ത് പോരാരുന്നോ? പെറ്റ അപ്പനുമമ്മയും കണ്ട് കണ്ണടച്ചോട്ടേന്നെങ്കിലും വിചാരിച്ച്. ആ കുഞ്ഞിന്റെ ചങ്കിലിച്ചിരി ജീവനെങ്കിലും ബാക്കി വെച്ച്കൂടാരുന്നോ?”

നെഞ്ചു പിടഞ്ഞുപോയി. കണ്ണും നിറഞ്ഞു.

പെരയ്ക്കാത്തേക്ക് കേറാൻ അമ്മ സമ്മതിച്ചില്ല.
“നല്ല ഇടിയും മഴയുമൊക്കെ വരുന്ന്മക്കളെ. നിങ്ങള് വേഗം വീട്ടിലോട്ട് പൊയ്ക്കോ”ന്ന് പറഞ്ഞ് ഞങ്ങളെ തള്ളിവിട്ടു.

അവിടുന്ന് തിരിഞ്ഞ് നടക്കുമ്പോൾ ഞാൻ നിസാറിനോട് ചോദിച്ചു: “നീയെപ്പഴാ സംഭവസ്ഥലത്ത് ചെന്നത്?.”

“വെട്ടുനടന്നതറിഞ്ഞ് അണ്ടിയാപ്പീസ്കാരെ നേരത്തെ വിട്ടപ്പം. കുന്നേലെ അന്നമ്മാമ്മയാ എന്നെ വിളിച്ചറിയിച്ചത്. ഞാനപ്പം അവിടെ അടുത്തൊര് വീട്ടില് ഒരു മാധ്യസ്ഥയുമായിട്ട് നിൽക്കുവാരുന്ന്. ഓടിപ്പെടച്ച് അവിടെ ചെന്നപ്പം. വെട്ടിമാറ്റിയതെല്ലാം കൂടെ ചേർത്തുവച്ച് അവന്റെപ്പനിരുന്ന് കരയുന്നതാ ഞാൻ കണ്ടത്. മഴവെള്ളത്തിലോട്ട് ചോരയൊലിച്ചിറങ്ങി ആ കണ്ടം മൊത്തോം ചൊമന്ന് കെടക്കുവാരുന്ന്. എല്ലാങ്കൂടെ വാരി കെട്ടിയാ ആശുപത്രി കൊണ്ട് ചെന്നത്. അപ്പഴേക്ക്…”

നിസാറിന്റെ വാക്കുകൾ അല്പനേരം നിലച്ചു. പിന്നീടിങ്ങനെ തുടർന്നു.

“പിറ്റേന്ന്, അതായത് 2014 ഏപ്രിൽ പതിനാലാം തീയതി വിഷുവിന്റെന്ന്, പോസ്റ്റ്മോർട്ടവും മറ്റും കഴിഞ്ഞാ ഞാനവനെയും കൊണ്ട് തിരിച്ചു വരുന്നത്. അവന്റെ ചോരപറ്റിയ എൻ്റുടുപ്പ് പോലും ഞാനതുവരെ മാറിയിരുന്നില്ല. ജഢമിങ്ങോട്ട് കൊണ്ട് കേറിയപ്പോ. അവന്റെപ്പന്റെയും അമ്മയുടെയും സഹോദരിമാരുടെയും അവന്റെ പെണ്ണിൻ്റേയുമൊക്കെ നെലവിളി കണ്ട്നിയ്ക്കാനൊക്കത്തില്ലാരുന്ന്”.

വിങ്ങലടക്കി ഒന്ന് നിശ്ശബ്ദനായ ശേഷം നിസാർ തുടർന്നു: “അന്നത്തെ അവന്റെയാ ചുട്ചോരേടെ മണം ഇപ്പഴുമെന്റെയീ കയ്യേന്ന് മാറീട്ടില്ല’’.

2027 ഏപ്രിൽ 13

പതിവില്ലാതെയാണ് നിസാർ വീഡിയോക്കോളിലെത്തിയത്:

“നാളെ നമ്മുടെ സഖാവ് രക്തസാക്ഷിത്വം വരിച്ചതിന്റെ പതിമൂന്നാം വാർഷികമാണ്. ദേ, ഞങ്ങളെല്ലാം കൂടെ ചേർന്ന് മുമ്പത്തെ പോലെ അവരുടെ വീടും പരിസരവുമൊക്കെ വൃത്തിയാക്കി കൊണ്ടിരിക്കുവാ”.

“വിപ്ലവഗാനം മുഴങ്ങേണ്ടിടത്ത് അടിപൊളി പാട്ടിട്ടോണ്ടാണോടാ ഇതൊക്കെ ചെയ്യുന്നത്” എന്ന് ഞാൻ ചോദിച്ചപ്പം. മൊബൈലിന്റെ പിൻക്യാമറ തെളിച്ച് അവനിങ്ങനെ പറഞ്ഞു: “ദോണ്ടെ, സുരേഷിന്റെ പുതിയവീടിന്റെ പാലുകാച്ചും നാളെയാ! അതിന്റെ തകർപ്പാ.”

അപ്പഴാ ഞാനതോർത്തത്.

“ടാ, നിന്നോട് പറയാൻ വിട്ട്പോയതാ, നാളെയാ ‘ഫിദൽ’ എന്ന എന്റെ പുതിയ കഥാസമാഹരത്തിന്റെ പ്രകാശനം, കൊല്ലം പ്രസ്ക്ലബ്ബിൽ വെച്ചാ, നീ വരണേ…’’.


Summary: Fidel, Malayalam Short Story written by Elavoor Sasi published in Truecopy webzine packet 284.


ഇളവൂർ ശശി

കഥാകൃത്ത്. നിർമ്മാണ മേഖലയിൽ മേസ്തിരിയായി ജോലി ചെയ്യുന്നു. വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിന്റെ സൂപ്പും, കോന്ദ്ര, പിച്ചണ്ടി എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments