ടി.വി ഓഫ് ചെയ്തിട്ടും കൺപോളകൾ ഇറുക്കിയടച്ചിട്ടും ആ കാഴ്ച്ച കരോലിനയുടെ കണ്ണുകളിൽ നിന്ന് മായുന്നുണ്ടായിരുന്നില്ല.
ഐസ് (Immigration and Customs Enforcement) ഏജന്റ്സ് അറസ്റ്റ് ചെയ്തു വിലങ്ങുവച്ചു കൊണ്ടുപോകുമ്പോൾ ലോക്കൽ ടിവി ചാനലിന്റെ ക്യാമറയിലേക്ക് മുഖം തിരിച്ച് മൂർച്ചയുള്ള ശബ്ദത്തിലാണ് അയാളതു പറഞ്ഞത്. " ജയിച്ചുവെന്ന് കരുതണ്ട. ഇതൊന്നും ഇവിടെ അവസാനിക്കാൻ പോകുന്നില്ല. ഞാൻ തിരിച്ചു വരും. എന്റെ മാലാഖക്കുട്ടിയെ കൊണ്ടുപോവുക തന്നെ ചെയ്യും!" ഇംഗ്ലീഷ് നന്നായി വശമുണ്ടായിട്ടും പോർച്ചുഗീസിൽ അയാൾ സംസാരിച്ചത് തന്നെ ഉദ്ദേശിച്ചു തന്നെയാണെന്ന് കരോലിനക്ക് വ്യക്തമായി മനസ്സിലായി. ടിവി കാമറയിൽ ഫ്രീസ് ആയ അയാളുടെ മുഖത്ത് ഇരയെ തട്ടിക്കളിച്ചു രസിക്കുന്ന ഒരു വേട്ട മൃഗത്തിന്റെ ഭാവമായിരുന്നു. അവളുടെ നട്ടെല്ലിലൂടെ പാഞ്ഞ വിറയൽ ഉടലാകെ പടർന്നു. മരണത്തെ മുഖാമുഖം കാണുമ്പോൾ ജീവിതം മുഴുവൻ കൺമുന്നിലൂടെ ഫ്ലാഷ് ചെയ്തു കടന്നുപോകും എന്നവൾ കേട്ടിട്ടുണ്ട്. മരണം പോലെ മരവിപ്പിക്കുന്ന ജീവിതസന്ധികളിൽ എത്തിപ്പെടുമ്പോഴും അതു തന്നെ സംഭവിക്കും എന്നവൾ അനുഭവത്തിൽ അറിഞ്ഞു.
കരോലിന അവളുടെ പന്ത്രണ്ടാം വയസ്സിലാണ് മിഗേലിനെ ആദ്യമായി കണ്ടുമുട്ടുന്നത്. അന്നയാൾ അവളുടെ പായിയുടെ ഓട്ടോ മെക്കാനിക് കടയിൽ ജോലി ചെയ്യുകയായിരുന്നു. സ്കൂളിലേക്കും പള്ളിയിലേക്കുമൊക്കെയുള്ള വഴിയിൽ മായി തന്നുവിടുന്ന, വീട്ടുസാധനങ്ങളുടെ ലിസ്റ്റ് കൊടുക്കാനും പൈസ വാങ്ങാനുമൊക്കെ അവൾ തനിച്ചോ അനിയൻ കാർലോസിനോടൊപ്പമോ പായിയുടെ അടുത്തു ചെല്ലുമ്പോൾ മിഗേൽ സ്നേഹത്തോടെ ചിരിക്കും, കാര്യങ്ങൾ അന്വേഷിക്കും. അവളേക്കാൾ പതിനാലു വയസ്സിന്റെ മൂപ്പുണ്ടായിരുന്നു അയാൾക്ക്. പായിയുടെ കടയുടെ അന്തരീക്ഷം തന്നെ സന്തോഷം നിറഞ്ഞതായിരുന്നു. റേഡിയോയിൽ എപ്പോഴും സാംബ സംഗീതം ഒഴുകുന്നുണ്ടാകും. അതിന്റെ താളത്തിൽ ചുവടു വെച്ചും കൂട്ടത്തിൽ ഏറ്റുപാടിയുമാണ് എല്ലാവരും ചലിക്കുന്നതു തന്നെ. പായിയും ജോലിക്കാരും കസ്റ്റമേഴ്സും എല്ലാവരും. അവിടെ ചെല്ലുമ്പോൾ മാത്രം കൊച്ചു കരോലിനയും ആനന്ദത്തിലേക്കുള്ള ചുവടുകൾ വയ്ക്കും. പായി അവളുടെ കവിളുകളിൽ അരുമയായി തൊടും. കൊച്ചു കാർലോസിനെ അന്തരീക്ഷത്തിലേക്ക് എടുത്തുയർത്തും.
*കൈപിരീന്യയും *കഷാസയും കൊടുക്കുന്ന സന്തോഷമാണ് അതെന്നാണ് മായി പറയുക. അതെന്തു തന്നെയായാലും കടയിലെ പായിയല്ല വീട്ടിലെ പായി. സംഗീതമോ സന്തോഷമോ കരോലിനയുടെ വീടിന്റെ പടി കടന്നു വരാറുമില്ല. മായി എപ്പോഴും തിരക്കിലാണ്. വീട് വൃത്തിയാക്കുക, ഭക്ഷണമുണ്ടാക്കുക, വസ്ത്രങ്ങൾ അലക്കിയുണങ്ങി തയ്യാറാക്കി വയ്ക്കുക, അടുക്കളത്തോട്ടം നിറയെ തക്കാളിപ്പഴങ്ങളും, പലയിനത്തിലും നിറത്തിലുമുള്ള മുളകുകളും പച്ചക്കറികളും വളർത്തുക എന്നിങ്ങനെ എപ്പോഴും ഓരോരോ തിരക്കുകൾ. വെറുതെയിരിക്കാൻ ഒരു നിമിഷമെങ്കിലും ബാക്കി വന്നാൽ, ആ ഒരൊറ്റ നിമിഷത്തിന്റെ ഭാരം, ജീവിതമെന്ന നിരാശയുടെ തീച്ചൂളയിലേക്ക് തന്നെ വലിച്ചു താഴ്ത്തുമെന്ന ഭീതിയിലായിരുന്നു അതെന്ന് മനസ്സിലാക്കിയെടുക്കാൻ കരോലിനക്ക് ഇനിയും കുറച്ചുകൂടി വർഷങ്ങളിലെ ജീവിതം ആവശ്യമായിട്ടുണ്ട്. ചുറ്റുവട്ടത്തുള്ള മറ്റു സ്ത്രീകളെ പോലെ സ്വയമലങ്കരിച്ചു നടന്നിരുന്നുവെങ്കിൽ മായി അവരേക്കാളൊക്കെ സുന്ദരിയായി കാണപ്പെടുമായിരുന്നു എന്നുമാത്രം കരോലിനക്കറിയാം. മായിയുടേത് പോലെ നീണ്ടു വളഞ്ഞ പുരികങ്ങളോ ഉയർന്ന കവിളെല്ലുകളോ തുടുത്തു വിടർന്ന ചുണ്ടുകളോ അവർക്കാർക്കുമില്ല. പറഞ്ഞിട്ടെന്തു കാര്യം! മായിയുടെ മുഖമെപ്പോഴും കനത്തും കരിവാളിച്ചും മാത്രം കാണപ്പെട്ടു.

വൈകുന്നേരങ്ങളിൽ പായി വീട്ടിലെത്തും മുന്നെ കരോലിനയും കാർലോസും ഭക്ഷണവും പഠിത്തവും കഴിഞ്ഞിരിക്കണമെന്ന് മായിക്ക് നിർബന്ധമായിരുന്നു. പായി വീടെത്തിയ ശേഷമാണെങ്കിൽ ഈ രണ്ട് കാര്യങ്ങളും നേരാം വണ്ണം നടന്നേക്കില്ല എന്നതു കൊണ്ടായിരിന്നു ആ നിർബന്ധ ബുദ്ധിയെന്ന് അല്പം മുതിർന്ന ശേഷം കരോലിന മനസ്സിലാക്കി. പായി എത്തിയ ശേഷം മിക്ക രാത്രികളിലും മായിയുടെ കർക്കശ്യമുള്ള നിശ്ശബ്ദതയ്ക്കു മേലെ അടുക്കളപ്പാത്രങ്ങൾ വീണു ചിലമ്പി. അലർച്ചയോളം വളരുന്ന പായിയുടെ ശബ്ദത്തിൽ അടുക്കള മൊത്തമെന്നോണം കിടുങ്ങി. കിടപ്പുമുറിക്കോണിൽ അനിയനെ കെട്ടിപ്പിടിച്ച്, അവന്റെ കാതുകൾക്കു മീതെ കൈവെച്ചു മൂടി കരോലിന ശബ്ദങ്ങളെ ആട്ടിയകറ്റി, കരച്ചിലിനെ തൊണ്ടയിൽ നിന്നു പുറത്തു വരാതെ വിഴുങ്ങി. പിന്നീട് വീട്ടു വരാന്തയിലെ കയർക്കട്ടിലിൽ നിന്ന് പായിയുടെ ഉച്ചസ്ഥായിയിലുള്ള കൂർക്കം വലികൾ രാത്രിയുടെ ഇരുട്ടിലേക്ക് വളരും. പതിയെപ്പതിയെ പായി എന്ന മനുഷ്യനെ കരോലിന വെറുത്തു തുടങ്ങി.
ഇടയ്ക്കിടെ വീട്ടിൽ പറഞ്ഞിട്ടും അല്ലാതെയും പായി കടയിലേക്കുള്ള സാധനങ്ങളെടുക്കാൻ അടുത്തുള്ള ടൗണിലേക്കു പോകും. അത് കേൾക്കുമ്പോൾ മായിയുടെ ചുണ്ടുകൾ ഇടത്തോട്ട് കോണിക്കും, ചിരി എന്ന് തോന്നിപ്പിക്കുന്ന, എന്നാൽ വികൃതമായ ഒരു ഭാവം മുഖത്ത് സ്ഥാനം പിടിക്കും. എന്തോ ഒരു വല്ലായ്ക കരോലിനക്കപ്പോൾ തോന്നും. ചിലപ്പോൾ ദിവസങ്ങൾ കഴിഞ്ഞാലേ പായി തിരിച്ചു വരൂ. ആ ദിവസങ്ങളിൽ മിഗേൽ വീട്ടിൽ വരും. വീട്ടു സാധനങ്ങൾ വാങ്ങിത്തരും. കാർലോസിനെ സൈക്കിൾ ചവിട്ടാൻ പരിശീലിപ്പിക്കും. സ്കൂൾ കഴിഞ്ഞു വരുമ്പോൾ പായി ഇല്ലെങ്കിലും കടയിലേക്ക് ക്ഷണിക്കും, സാംബയ്‌ക്കൊത്ത് ചുവടുവയ്ക്കാനും വട്ടം കറങ്ങാനും പഠിപ്പിക്കും. കവിളുകളിലും കരതലങ്ങളിലും അരുമയായി തലോടും, ഊഷ്മളമായി ആലിംഗനം ചെയ്യും. "ഓ, സ്വീറ്റ് കരോലിനാ.." എന്ന് കാതുകളിൽ മന്ത്രിക്കും.
പായി വരാത്ത രാത്രികളിൽ മായി പുറത്തെ വരാന്തയിൽ കിടന്നു രാത്രി കാണുന്നത് കരോലിന കാണാറുണ്ട്. ചിലപ്പോഴൊക്കെ അവളും കൂടെ പോയി കിടക്കും. പകലൊന്നും പുറത്തു കാണിക്കാത്ത ഒരു ആർദ്രഭാവം അപ്പോൾ മായിയെ ചൂഴ്ന്നു നിൽക്കും. അവർ അവളെ ചേർത്തു പിടിക്കും. കാറ്റും കുളിരും രാത്രിയും നിലാവും അവളും മായിയും നക്ഷത്രക്കുഞ്ഞുങ്ങളും അപ്പോൾ ഒരൊറ്റ ഉയിരാകും. പായി വരാത്ത ദിവസങ്ങളെ അവർ കൂടുതൽ കൂടുതൽ സ്നേഹിച്ചു തുടങ്ങും.
മായിക്ക് കുടുംബമെന്ന് പറയാൻ മക്കളല്ലാതെ പിന്നെയുണ്ടായിരുന്നത് ആവൊ** മാത്രമായിരുന്നു. മുതിർന്ന ഒരു ചേച്ചിയുള്ളത് കുറേ വർഷങ്ങളായി അമേരിക്കയിലാണ്. ആന്റി മരിയയെ കരോലിന കണ്ടിട്ടില്ല. ഇടയ്ക്കൊക്കെ മായി കരോലിനയേയും കാർലോസിനെയും കൂട്ടി ആവൊയെ കാണാൻ പോകും. ലോകത്തിലേക്കും രുചികരമായ മധുരപലഹാരങ്ങളുണ്ടാക്കുന്നത് ആവൊയാണെന്ന് കരോലിനയ്ക്കുറപ്പായിരുന്നു. ആവൊയോടൊപ്പം മാത്രമാണ് മായി വാ തോരാതെ സംസാരിക്കുന്നത് കരോലിന കേട്ടിട്ടുള്ളത്. മടക്കയാത്രയിൽ ബസ്സിലിരിക്കുമ്പോഴാണ് മായി അവരോടത് പറഞ്ഞത്. ആന്റി മരിയ അവർക്കു വേണ്ടി അമേരിക്കൻ ഗ്രീൻ കാർഡിന് അപേക്ഷിച്ചിട്ട് കുറച്ചു കാലമായി. അത് ഉടൻ തന്നെ റെഡി ആയേക്കും. യാതൊരു കാരണവശാലും പായിയോ മറ്റാരെങ്കിലുമോ ഇതറിയാൻ പാടില്ല. അമേരിക്ക, സ്വപ്നങ്ങളുടെ പറുദീസ! കരോലിന സന്തോഷം കൊണ്ട് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. ഇതറിഞ്ഞാൽ പായി മുടക്കു പറയുമെന്ന മായിയുടെ ഭീതി അസ്ഥാനത്തായിരുന്നു എന്നാണ് അവൾക്കു തോന്നിയത്. അല്ലെങ്കിൽ തന്നെ പായി വീട്ടിൽ വരുന്ന ദിവസങ്ങളുടെ എണ്ണം തുലോം കുറഞ്ഞിരുന്നു. അവളുടെ പായിക്ക് ടൗണിൽ വേറൊരു ഭാര്യയും കുട്ടികളുമുണ്ടെന്ന് സ്കൂളിൽ കൂട്ടുകാർ ഒളിഞ്ഞും തെളിഞ്ഞും പറയുന്നത് അവൾ കേൾക്കാറുണ്ട്. ആവൊയേയും മിഗേലിനേയും ഇനി കാണാൻ കഴിയില്ലല്ലോ എന്ന ഒറ്റ സങ്കടം മാത്രമേ കരോലിനയ്ക്കുണ്ടായിരുന്നുള്ളു. അവളോട് കരുണ കാണിച്ച രണ്ടേ രണ്ടു പേർ!
അമേരിക്ക കുട്ടികൾക്ക് വിസ്മയങ്ങളുടെ ലോകമായിരുന്നു. ആന്റി മരിയ നടത്തുന്ന ഹൗസ് ക്ലീനിങ് കമ്പനിയിൽ മായി ജോലി ചെയ്തു തുടങ്ങി. കരോലിനയും കാർലോസും സ്കൂളിലും ബ്രസീലിയൻ വൊളന്റിയേഴ്‌സ് നടത്തുന്ന ഇംഗ്ലീഷ് ലേർണിംഗ് ക്ലാസ്സുകളിലും ചേർന്നു. ആന്റി മരിയയുടെ വീടിന്റെ ബേസ്‌മെന്റിലെ മുറികളിലായിരുന്നു അവരുടെ താമസം.
കുറച്ചു നാളുകൾ കഴിഞ്ഞപ്പോഴാണ് തന്റെ നെഞ്ചും വയറും കനത്തു തടിക്കുന്നത് കരോലിന ശ്രദ്ധിച്ചത്. മായിയോട് പറഞ്ഞപ്പോൾ, "കണ്ണിൽ കാണുന്നതെല്ലാം വാരി വലിച്ചു തിന്നാൽ അങ്ങനെയിരിക്കും" എന്നായിരുന്നു മറുപടി. ഭക്ഷണം കുറച്ചിട്ടും പക്ഷെ പ്രയോജനമൊന്നുമുണ്ടായില്ല. ഒന്നു രണ്ടു മാസങ്ങൾക്കുള്ളിൽ കാണുന്ന ആരുടേയും ശ്രദ്ധയെ ആകർഷിക്കും വിധം ടീ-ഷർട്ടിനടിയിൽ അവളുടെ വയർ ഒരു ചെറിയ ഭൂഗോളം പോലെയുരുണ്ടു കൂടി. മായിയുടെയും ആന്റി മരിയയുടേയും വക ചോദ്യം ചെയ്യലുണ്ടായി. ചോദ്യം ചെയ്യൽ എന്നാണോ പറയേണ്ടതെന്നറിയില്ല; മുടിക്കു കുത്തിപ്പിടിച്ച് മായി അലറി! "ഒരുമ്പെട്ടോളെ, നീയിതെവിടുന്ന് ഒപ്പിച്ചെടീ?" ജീവിതത്തിൽ ആദ്യമായി അവൾ മായിയെ ഭയപ്പാടോടെ നോക്കി. താനെന്തു ചെയ്തുവെന്നാണ്?! അന്നോളം മായി അങ്ങനെ ആക്രോശിക്കുന്നതവൾ കേട്ടിട്ടില്ല. ആന്റി മരിയ ഇടയ്ക്കു കയറിയില്ലായിരുന്നുവെങ്കിൽ മായി തന്നെ ദേഹോപദ്രവം ചെയ്തേനെ എന്നു പോലും കരോലിനക്ക് തോന്നി. അവളുടെ മുഖത്തെ അങ്കലാപ്പ് കണ്ടപ്പോൾ ആന്റി മരിയയാണ് സോഷ്യൽ വർക്കർ മാർഗരീറ്റയെ വിളിച്ചു വരുത്തിയത്.

മാർഗരീറ്റ അകത്തെ മുറിയിൽ വച്ച് അവളോട് പലതും ചോദിക്കുകയും പറയുകയും ചെയ്തു. പെൺ ശരീരത്തിൽ ഒരു പ്രായത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചും എതിർ ലിംഗത്തിൽ നിന്നുണ്ടായേക്കാവുന്ന ശരിയും തെറ്റുമായ സ്പർശനങ്ങളെക്കുറിച്ചും പറഞ്ഞു കൊടുത്തു. നാടു വിട്ടു പോന്നതിനു ശേഷം അന്നാദ്യമായി കരോലിന മിഗേലിനെ ഓർമ്മിച്ചു. അയാളുടെ ചൂടു പിടിച്ച ആശ്ലേഷങ്ങളേയും ഉമ്മകളേയുമോർത്തു. ഇറുക്കിപ്പിടിത്തങ്ങളിൽ ഉടലിലെ പലയിടങ്ങളും വേദനിച്ചതും പരാതിപ്പെട്ടപ്പോൾ സ്നേഹം കൂടുതലുള്ളവർ കെട്ടിപ്പിടിക്കേണ്ടത് അങ്ങനെയാണെന്നും ഈ ചെറു വേദനകൾ അവരുടെ സ്നേഹത്തിന്റെ ആഴം കൂട്ടാൻ വേണ്ടിയുള്ളതാണെന്നും മായി പോലും ഇതൊന്നും അറിയരുതെന്നും അയാൾ പറഞ്ഞതോർമ്മിച്ചു.
"ആ പട്ടിക്കഴുവേറിമോൻ..! അവനെ ഞാൻ കൊല്ലും. എന്റെ സ്വന്തം ചോര പോലെയാ അവനെ ഞാൻ കണ്ടത്. എന്നിട്ട് അവനെന്റെ കുഞ്ഞിനോടിതു ചെയ്തല്ലോ...!"
ചീന്തിക്കീറിയുള്ള നിലവിളി കേട്ടപ്പോൾ മായി വാതിൽപ്പുറത്ത് കാതോർത്തു നിൽക്കുണ്ടായിരുന്നുവെന്ന് അവളറിഞ്ഞു. അങ്ങനെ, ആദ്യത്തെ പീരിയഡ് എന്താണെന്നറിയുന്നതിനു മുന്നെ, പതിനാലാം വയസ്സിൽ കരോലിന ആദ്യത്തെ പ്രസവമെന്തെന്നറിഞ്ഞു!
കുഞ്ഞ് ആഞ്ചലീക്കയെ വളർത്തിയത് മൊത്തമായും മായി തന്നെയാണ്. ഹൈസ്‌കൂൾ ഡിപ്ലോമയ്ക്കു ശേഷം കരോലിന, ഡെന്റൽ അസിസ്റ്റിങ് പഠിച്ചു, ജോലി കണ്ടു പിടിച്ചു. പ്രവൃത്തി ദിനങ്ങളിൽ ഡെന്റൽ അസിസ്റ്റന്റായും വാരാന്ത്യങ്ങളിലും വൈകുന്നേരങ്ങളിലും ആന്റി മരിയയുടെ ക്ലീനിങ് കമ്പനിയിലും ജോലിയെടുത്തു. ആന്റി മരിയയുടെ ബേസ്‌മെന്റിൽ നിന്നും പുറത്ത് അപ്പാർട്മെന്റ് വാടകയ്‌ക്കെടുത്ത് മായിയേയും അനിയനേയും കൂട്ടി മാറിത്താമസിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും അമേരിക്കയോ ഇംഗ്ലീഷോ മായിക്ക് വഴങ്ങിയില്ല. ബ്രസീൽ അവരെ തിരികെ വിളിച്ചുകൊണ്ടേയിരുന്നു. കാർലോസിന് പതിനെട്ട് തികയാൻ കാത്തിരിക്കുകയായിരുന്നു അവർ. അതിനിടയിലാണ് ആവൊയുടെ ആരോഗ്യം മോശമായിത്തുടങ്ങി എന്നറിഞ്ഞത്. പിന്നെ മായി അമാന്തിച്ചില്ല. കാർലോസ് ഹൈസ്കൂൾ കഴിഞ്ഞ് ഒരു ബ്രസീലിയൻ റെസ്റ്റോറന്റിൽ ജോലിക്കു ചേർന്ന് കൂട്ടുകാരോടൊപ്പം മാറിത്താമസിച്ചു. അങ്ങനെ കരോലിനയും ആഞ്ചലീക്കയും തനിച്ചായി. ഒൻപതു വയസ്സുകാരിയായ ആഞ്ചലീക്ക വൈകുന്നേരങ്ങളിൽ വീട്ടിൽ തനിച്ചിരിക്കാൻ ധൈര്യം കാണിച്ചു തുടങ്ങിയപ്പോൾ കരോലിന തുടർ പഠനത്തിന് ഈവെനിംഗ് ക്ലാസുകളിൽ ചേർന്നു. മായിയുടെ സ്വതസിദ്ധമായ കഠിനാധ്വാനബുദ്ധി അവൾക്കും ധാരാളമായുണ്ടായിരുന്നു.
രാത്രിയല്പം വൈകിയാണ് അന്നവൾ വീട്ടിലെത്തിയത്. എങ്ങനെയെങ്കിലും പോയി കിടക്കയിൽ വീണാൽ മതി. അത്രയ്ക്കുണ്ടായിരുന്നു ക്ഷീണം. ഡോറിൽ കീയിട്ട് തുറക്കാൻ തുടങ്ങുമ്പോഴായിരുന്നു അത്. തൊട്ടു പിന്നിലൊരാൾ. അപാരമായ ക്ഷീണത്തിൽ പാതിയടഞ്ഞ കണ്ണുകൾ ഞെട്ടലിൽ വെട്ടിത്തുറന്നു. കൈകൾ പെപ്പർ സ്പ്രേക്കായി ബാഗിലേക്കു നീണ്ടു. നിമിഷ നേരത്തിൽ പിന്നിലെയാൾ അവളെ പൂണ്ടടക്കം പിടിച്ചു. "ഓ, സ്വീറ്റ് കരോലിനാ..." കാതോരം അയാൾ പിറുപിറുത്തു. ആ നിമിഷം പന്ത്രണ്ടാം വയസ്സിലേക്കവൾ കടപുഴകി വീണു! പ്രതിരോധത്തിന് തീർത്തും അശക്തയായി. വാതിൽ തുറന്ന് അയാൾ അവളെ അകത്തേക്ക് നയിച്ചു.
"ഓ, ബേബി... ഐ മിസ്സ്ഡ് യു... യു ആർ ദി ലവ് ഓഫ് മൈ ലൈഫ്! എത്ര കാലമായി ഞാൻ നിന്നെ അന്വേഷിച്ചു നടക്കുന്നു."

എന്തു പറയണമെന്നോ ചെയ്യണമെന്നോ മനസ്സിലാകാതെ അവൾ കുഴങ്ങി നിന്നു. ഒരേ സമയം അവൾ ഒരു ബാലികയോ യുവതിയോ മറ്റെന്തൊക്കെയോ ആയി മാറി. സ്നേഹിക്കപ്പെടാനും സ്പർശിക്കപ്പെടാനുമുള്ള ഉത്കടമായ വാഞ്‌ഛയിൽ ശരീരം അവളുടെ വീണ്ടു വിചാരങ്ങളെ അവഗണിച്ചു.
ആഞ്ചലീക്ക ആദ്യമൊക്കെ അപരിചിതത്വത്തിൽ പകച്ചു മാറിനിന്നു. കൂടെക്കളിച്ചും കഥകൾ പറഞ്ഞും ഇഷ്ടസമ്മാനങ്ങൾ വാങ്ങിക്കൊടുത്തും മിഗേൽ വളരെപ്പെട്ടെന്നു തന്നെ അവളെ കൈയിലെടുത്തു. എന്തിനുമേതിനും ഡാഡി മാത്രം മതിയെന്ന അവസ്ഥയിലായി. കാര്യം കേട്ടപ്പോഴേ മായി പൊട്ടിത്തെറിച്ചു, "പെണ്ണേ, നീ തീ കൊണ്ടാണ് കളിക്കുന്ന"തെന്നു മുന്നറിയിപ്പു കൊടുത്തു. ആന്റി മരിയ സെക്കൻഡ് ചാൻസുകളിൽ പ്രതീക്ഷയുള്ള ആളായിരുന്നു കൊണ്ട് എതിർത്തൊന്നും പറഞ്ഞില്ല. ജീവിതം ഒടുവിൽ ഒരു കരയണയുകയാണെന്ന് കരോലിനക്കും തോന്നി.
എങ്കിലും എന്തൊക്കെയോ ചില സംശയങ്ങൾ അവളുടെ മനസ്സിനെ അലട്ടാതെയുമിരുന്നില്ല. മിഗേൽ എങ്ങിനെയാണ് അമേരിക്കയിൽ എത്തിയതെന്നും തന്നേയും മകളേയും കണ്ടു പിടിച്ചതെന്നുമുള്ള ചോദ്യങ്ങൾക്ക് ഒരിക്കലുമൊരു നേരുത്തരം അവൾക്കു ലഭിച്ചില്ല. പ്രത്യേകിച്ചൊരു ജോലിക്കും പോകുന്നില്ലെങ്കിലും അയാളുടെ കൈവശം എപ്പോഴും ആവശ്യത്തിലധികം പണമുണ്ടായിരുന്നു. "ഠാ വട്ടത്തിലെ ഈ അപ്പാർട്മെന്റ് വിട്ട് ഉടനെ ഒരു വീട് വാങ്ങി അങ്ങോട്ട് മാറണം" എന്ന് ആവർത്തിച്ചു പറയുകയും ചെയ്യും. ഇടയ്ക്കിടെ അയാളെ പിക്ക് ചെയ്യാനും ഡ്രോപ്പ് ചെയ്യാനും വലിയ കറുത്ത കാറുകളിൽ വരുന്നവരിൽ നിന്ന് അകന്നു നിൽക്കേണ്ടതുണ്ടെന്നൊരു ജീവനബോധം എങ്ങനെയോ അവൾക്കുണ്ടാവുകയും ചെയ്തു. ഈവെനിംഗ് ക്ലാസ്സുകൾക്കും എക്സ്ട്രാ ഷിഫ്റ്റ് ജോലികൾക്കും പോകുമ്പോൾ മകൾക്കു കൂട്ടിന് അവളുടെ പായിയുണ്ടല്ലോ എന്ന ഒറ്റ ആശ്വാസത്തിന്റെ പേരിൽ ഇക്കാര്യങ്ങളൊക്കെ അവൾ അവഗണിച്ചു.
അങ്ങനെയൊരു രാത്രി ജോലി കഴിഞ്ഞു ക്ഷീണിച്ചു വീട്ടിലെത്തിയതായിരുന്നു അവൾ. ആഞ്ചലീക്ക ഉറങ്ങിയോ എന്നറിയാത്തതിനാൽ ശബ്ദമുണ്ടാക്കാതെ പതിഞ്ഞ കാലടികളോടെ അവൾ മകളുടെ മുറിയിലേക്കെത്തി നോക്കി. കട്ടിലിൽ മിഗേലിന്റെ മടിയിൽ ആഞ്ചലീക്ക. അയാളുടെ ഫോണിൽ കുട്ടിയെന്തോ കളിക്കുന്നു. അതിൽ നോക്കിയിരിക്കുന്ന അയാളുടെ കൈകൾ അവളുടെ തുടകളിലൂടെ ഉഴിഞ്ഞു കയറുന്നു. കാതോരം അയാൾ മന്ത്രിക്കുന്നത് കരോലിനക്ക് കേൾക്കാമായിരുന്നു,
"ഓ, മൈ സ്വീറ്റ് ആഞ്ചലീ...!"
ഒരു നിമിഷമവൾ തറഞ്ഞു നിന്നു പോയി. തലയ്ക്ക് തീ പിടിച്ചു. മായുടെ വാക്കുകൾ കാതിൽ ഇരമ്പി. അവൾ മെല്ലെ പിൻവലിഞ്ഞു. ശ്വാസവേഗം നിയന്ത്രിച്ച ശേഷം, "ആഞ്ചലീ...ഉറങ്ങിയോ?"എന്ന് വിളിച്ചു ചോദിച്ച്, തന്റെ വരവറിയിച്ചു. മുറിയിലേക്ക് രണ്ടാം തവണ കരോലിന എത്തിനോക്കിയപ്പോൾ മകൾ മിഗേലിന്റെ മടിയിലായിരുന്നില്ല!
അവളുടെ ബോധമണ്ഡലത്തിൽ അപായ മണികൾ അലറിവിളിച്ചു.
ഒന്നുകിൽ പോലീസിൽ കേസ് ഫയൽ ചെയ്യണം. അപ്പോൾ മകളെ ഇതിലേക്കു വലിച്ചിഴക്കേണ്ടി വരും. അല്ലെങ്കിൽ ഇമിഗ്രേഷൻ ഡിപ്പാർട്മെന്റിൽ ബന്ധപ്പെടുക. നിയമപരമായല്ല അയാൾ അമേരിക്കയിൽ എത്തിയതെങ്കിൽ അവർ അയാളെ ഡീപോർട് ചെയ്തോളും. സോഷ്യൽ വർക്കർ മാർഗരീറ്റയാണ് അവൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുത്തത്. രണ്ടാമത്തെ മാർഗ്ഗമാണ് കൂടുതൽ സുരക്ഷിതമെന്ന് കരോലിനക്ക് തോന്നി. മകളെ നിയമവഴികളിലെ നൂലാമാലകളിലേക്കും സമൂഹത്തിന്റെ നിശിതമായ നോട്ടങ്ങളിലേക്കും വലിച്ചിഴയ്ക്കാൻ അവൾക്ക് അശേഷം താല്പര്യമുണ്ടായിരുന്നില്ല.
ഇനിയങ്ങോട്ട് അസാധാരണമായി ഒന്നും സംഭവിക്കാത്തതു പോലെ പെരുമാറേണ്ടതിന്റെ ആവശ്യകതയെ പറ്റി മാർഗരീറ്റ അടിവരയിട്ട് പറഞ്ഞിരുന്നു. അതായിരുന്നു ഏറ്റവും ശ്രമകരമായ കാര്യവും. അയാൾ അടുത്തു വരുമ്പോൾ ഒരു തീച്ചൂളയുടെ അടുത്തു നിൽക്കുന്നതു പോലെയും തൊടുമ്പോൾ പൊള്ളിക്കുമിളയ്ക്കുന്നതു പോലെയുമുള്ള അവസ്ഥ. എങ്കിലും സന്തോഷം ഭാവിച്ചു പിടിച്ചു നിൽക്കാതെ വയ്യ. ഏതു വിധേനയും മകളെ സംരക്ഷിക്കേണ്ടതുണ്ട്.

എങ്കിലും ഒരാഴ്ച്ചക്കു ശേഷം മാർഗരീറ്റയുടെ ഓഫിസിലേക്ക് വിളിക്കപ്പെട്ടപ്പോഴാണ് താൻ കാൽ നനച്ച കടലിന്റെ ആഴം കരോലിനക്ക് ബോധ്യപ്പെട്ടത്. അവിടെ അവളെക്കാത്ത് ഐസ് ഏജന്റ്സ് ഉണ്ടായിരുന്നു. മിഗേൽ അമേരിക്കയിലെത്തിയത് അനധികൃതമായിട്ട് തന്നെയാണ്. വളരെ ശക്തമായ ഒരു ബ്രസീലിയൻ ഡ്രഗ് കാർട്ടലിന്റെ വിതരണ ശൃംഖലയിലെ ചെറുതല്ലാത്ത ഒരു സ്രാവാണ് മിഗേൽ! അയാളെ കുടുക്കാൻ, ഫോണിൽ ട്രാക്കർ വയ്ക്കാനും മറ്റും അവർക്ക് അവളുടെ സഹായം ആവശ്യമുണ്ട്. ഭരണ സംവിധാനത്തിന്റെ അടരുകളിൽ പോലും ചാരന്മാർ ഉണ്ടാവാൻ തക്കവിധം ശക്തമാണ് ആ കാർട്ടൽ. ഒറ്റിയത് അവളാണെന്നറിഞ്ഞാൽ അവളുടെയും കുഞ്ഞിന്റെയും ജീവനത് ഭീഷണിയാണ്. പോംവഴിയായി അവർ നിർദ്ദേശിച്ചത് വിറ്റ്നെസ്സ് പ്രൊട്ടക്ഷൻ പ്രോഗ്രാമിൽ ചേരാനാണ്. അതെന്താണെന്നു പോലും അവൾക്കറിയുമായിരുന്നില്ല. മാർഗരീറ്റയാണ് കാര്യങ്ങളുടെ വിശദാംശങ്ങൾ പറഞ്ഞുകൊടുത്തത്. പഴയ ജീവിതം അവരിൽ നിന്ന് പൂർണ്ണമായും മുറിച്ചു മാറ്റപ്പെടും. പുതിയ പേരുകളും നാടും ഐഡന്റിറ്റിയും ലഭിക്കും. മായിയെയോ കാർലോസിനെയോ കൂട്ടുകാരെയോ ഒരിക്കലും കോൺടാക്ട് ചെയ്യാൻ പാടില്ല. അവരെയൊന്നും സംബന്ധിക്കുന്ന യാതൊന്നും ഫോട്ടോകൾ പോലും ഫോണിലോ കംപ്യൂട്ടറിലോ മറ്റെവിടെയെങ്കിലുമോ സൂക്ഷിക്കാൻ പാടുള്ളതല്ല. കരോലിനയ്ക്ക് തലയ്ക്കുള്ളിൽ കൊടുങ്കാറ്റടിച്ചു. എന്തൊരു പരീക്ഷണമാണിത്!
അവൾ മായിയെ ഫോൺ വിളിച്ചു കരഞ്ഞു. അമർഷത്തിൽ അവരുടെ പല്ലുകൾ ഞെരിഞ്ഞു. ആ നിമിഷം മിഗേലിനെ കണ്മുന്നിൽ കിട്ടിയിരുന്നെങ്കിൽ അവർ അവനെ സ്വന്തം കൈകൊണ്ട് കഴുത്തു ഞെരിച്ചു കൊന്നേനെ! മായി അവളെ ധൈര്യപ്പെടുത്തി. അവനെപ്പോലെയുള്ള പേപ്പട്ടികളുടെ സ്ഥാനം ജയിലിലായിരിക്കണം. കുഞ്ഞ് ആഞ്ചലീക്കയെ എന്തു വില കൊടുത്തും സംരക്ഷിക്കേണ്ടത് അവളുടെ ഉത്തരവാദിത്വമാണ്! മായിയുടെ ശബ്ദത്തിലെ ഉറപ്പാണ് അവൾക്ക് ധൈര്യമായതും കാര്യങ്ങൾ ഇവിടെവരെ കൊണ്ടെത്തിക്കാൻ സഹായിച്ചതും.
ടിവിയുടെ മുന്നിൽ നിന്നെഴുന്നേറ്റ് അവൾ മകളുറങ്ങുന്ന മുറിയിലേക്ക് ചെന്നു, കിടക്കയിൽ അടുത്തിരുന്നു. ഒൻപത് വയസ്സുള്ള അവളുടെ മാലാഖ! പെട്ടെന്ന് കുഞ്ഞ് ഉറക്കത്തിൽ സംസാരിച്ചു തുടങ്ങി. "അതല്ല ഡാഡി...ഇത്... സ്ട്രോബെറി ഐസ്ക്രീം..."
സ്വപ്നത്തിന്റെ മധുരത്തിൽ അവൾ ചുണ്ടുകൾ നുണയുന്നു! ഇനി ഇതൊക്കെ ഇവളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നോർത്തപ്പോൾ കരോലിനയുടെ മനസ്സ് കലങ്ങി. ഹൃദയവേദനയോടെ കരോലിന മകളെ ചുംബിക്കാനാഞ്ഞു. മകൾ തുടർന്നു, "പതുക്കെ ഡാഡി... വേദനിക്കുന്നു..." കുഞ്ഞു ചുണ്ടുകൾ വിതുമ്പുന്നു! അവൾ മരവിച്ചിരുന്നു പോയി. "പട്ടിക്കഴുവേറിമോനെ....യു റോട്ട് ഇൻ ഹെൽ!" കരോലിനയുടെ കണ്ണുകളിലൂടെ ലാവാജലമൊഴുകി.
*Cachaça,*Caipirinha: ബ്രസീലിയൻ മദ്യം
**Avó: മുത്തശ്ശി
