ചിത്രീകരണം : ദേവപ്രകാശ്

സ്മരണകളിരമ്പും...

പാട്രിസ് ലുമുംബയെന്നായിരുന്നു എന്റെ ഗ്രാന്റ് ചൈൽഡിന്റെ ബാപ്റ്റിസ്റ്റ് നെയിം... ഞാനാണ് അവന് പേര് സജസ്റ്റ് ചെയ്തത്. പറുങ്കിയായിട്ടും അവന്റെ ഡാഡയ്ക്കത് ഒട്ടും ഇഷ്ടമായിരുന്നില്ല. അതിനൊരു ചുവപ്പ് ചുവയുണ്ടത്രെ... പള്ളീലച്ചനാകട്ടെ പേരിന്റെ ചരിത്രമൊന്നും നോക്കാതെ കുഞ്ഞിനെ മാമോദീസാ മുക്കുകയും ചെയ്തു...

ചെക്കൻ വലുതാകുമ്പോൾ ഇക്കാര്യം പറഞ്ഞ് ദേഷ്യപ്പെടുമോ എന്നൊരു ആശങ്ക എന്നെ അലട്ടിയിരുന്നു. ഫോർത്തിൽ പഠിക്കുമ്പോഴാണ് അവന്റെ ഇംഗ്ലീഷ് മിസ് "ഇറ്റ്‌സ് എ റെയർ നെയിം...' എന്നും പറഞ്ഞ് അവനെ ലീഡറായി പ്രമോട്ടുചെയ്യുന്നത്...
""കിടു നയിമാ. കോമ്രേഡ് പാ എനിക്കിട്ടത്... ടീച്ചറെന്റെ പേര് ക്ലാസിൽ മെൻഷൻ ചെയ്തു...''

അന്ന് വൈകുന്നേരം സ്‌കൂളിൽനിന്ന് എത്തിയ ഉടനെ ബാഗും വലിച്ചെറിഞ്ഞിട്ട് അവൻ എന്നെ കിസ്സ് ചെയ്തു... അത്രയും കാലം കൊണ്ടുനടന്നിരുന്ന വേവ് മനസ്സിൽ നിന്നൊഴിഞ്ഞതിന്റെ സന്തോഷത്തിൽ മഷി മുക്കിയെഴുതുന്ന പേനയാണ് ഞാൻ അവന് സമ്മാനമായി കൊടുത്തത്...

ഞാനൊരു ഗ്രാമത്തിലാണ് ജനിക്കുന്നത്. എന്റെ വിപ്ലവ ഹീറോസിന്റെ കഥകളൊക്കെ പാട്രിസിന് വലിയ ഇഷ്ടമായിരുന്നു. ഗ്രാന്റ്പായെന്നത് ഒഴിവാക്കി അവനെന്നെ കോമ്രേഡ് പാ എന്നാണ് വിളിച്ചിരുന്നത്. മുതിർന്നപ്പോൾ തൊട്ടടുത്തുള്ള നഗരത്തിൽ അവന് ജോലി കിട്ടി. ആർക്കിയോളജി ഡിപ്പാർട്ട്‌മെന്റിലെ വർക്കിനോട് അവന്റെ ഡാഡയ്ക്ക് അത്ര മതിപ്പൊന്നുമില്ലായിരുന്നു. ഡാഡയുടെ എതിർപ്പൊന്നും കാര്യമാക്കാതെ ജോയിൻ ചെയ്ത് രണ്ടുകൊല്ലം തികയുംമുന്നേ വൈഫിന്റെ പേരിൽ അവൻ അവിടയൊരു ആന്റിക് ഷോപ്പും തുടങ്ങി. അവന്റെ ഭാര്യ എസ്‌തേർ സോസയാണ് ഷോപ്പിലെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്.

ഐ ഹാവ് റ്റു ചിൽഡ്രൻ... എന്റെ മകനും ഫാമിലിയും ഗോവയിലാണ്. മകൾ സ്റ്റെല്ലയാണ് ഞങ്ങളുടെ വില്ലയിലുള്ളത്. സ്റ്റെല്ലയുടെ ഹസ്ബന്റ് പട്ടാള ഉദ്യോഗസ്ഥനാണ്. പാട്രിസിനെ കൂടാതെ അവർക്ക് ഒരു കുഞ്ഞുകൂടി ജനിച്ചെങ്കിലും ഒരാണ്ടു തികയുന്നതിനുമുന്നേ മെനഞ്ചൈറ്റിസ് വന്ന് അത് മരിച്ചുപോയിരുന്നു... പാട്രിസിനെ സിവിൽ സർവീസിനു വിടണമെന്നായിരുന്നു അവന്റെ കേണൽ ഡാഡയ്ക്ക്... ഡിസിപ്ലിനില്ലാതെ വളർത്തിയതുകൊണ്ടാണ് അവനിങ്ങനെ ആക്രി പെറുക്കി നടക്കുന്നതെന്ന് അയാളെപ്പോഴും ഞങ്ങളെ കുറ്റപ്പെടുത്തും.

പാർട്ടിപ്രവർത്തനവുമായി നടക്കുന്ന സമയത്താണ് എന്റെ വൈഫ് ഗ്ലാഡിസ് മരിക്കുന്നത്. സഖാക്കൾ വീട്ടിലെത്തി ചെങ്കൊടി പുതപ്പിച്ചെങ്കിലും അവളെ ഞങ്ങളുടെ പള്ളിയിലാണ് അടക്കിയത്... അതൊക്കെ കഴിഞ്ഞിട്ട് കൊല്ലം കുറേയായി. പഴയ കാര്യങ്ങൾ ഓർക്കുമ്പോഴെല്ലാം എനിയ്ക്ക് നെഞ്ചിടിപ്പുകൂടും... സ്റ്റെല്ലയെന്നെ വിവേരാ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയിരുന്നു. ഇയർബാലൻസിന്റെ തകരാറാണത്രെ... ഞാനിപ്പോൾ ഈവനിങ്ങിൽ മാത്രമേ പുറത്തേക്കിറങ്ങാറുള്ളൂ. ഞങ്ങളുടെ വില്ല മുതൽ തൊട്ടടുത്ത റിക്രിയേഷൻ ഗ്രൗണ്ടുവരെ നടന്നിട്ട് തിരിച്ചുപോരും. സൺഡേ ചർച്ചിന്റെ ഒരു ഗാതറിങ്ങുണ്ട്. സ്‌നേഹസമൂഹമെന്നാണ് പേര്. മകൾ നിർബന്ധിച്ച് ഫാമിലിമീറ്റിങ്ങിന് കൊണ്ടുപോകും. അവളാണ് എനിയ്ക്ക് റോസരി വാങ്ങിത്തന്നത്. ചൊല്ലേണ്ട രീതികളൊക്കെ മറന്നു. എന്നാലും പില്ലോയുടെ അടിയിലതുവെയ്ക്കും. ഈയിടെയായി അതവിടെയില്ലെങ്കിൽ ഒരു ഉറക്കക്കുറവ് തോന്നാറുണ്ട്.

നാട്ടിലുള്ള പഴയ സാധനങ്ങളൊക്കെ ഞാനിടപ്പെട്ട് പാട്രിസിന് വാങ്ങിക്കൊടുക്കുമായിരുന്നു. നഗരത്തിലെ ഷോപ്പിലേയ്ക്ക് കൊണ്ടുപോകുന്നതുവരെ മകൾ സ്റ്റെല്ലയുടെ മുറിയിലാണ് അതെല്ലാം സൂക്ഷിച്ചിരുന്നത്. ക്യാപ്പിറ്റൽ സിറ്റിയിൽ നിന്ന് അവൻ വാങ്ങിയ കാറാണ് പഴമകളിൽ ഏറ്റവും വിലപിടിച്ചത്. ദിവാന്റെ രാജകീയ വാഹനമായിരുന്നത്രെ. ചെത്തുകത്തിക്ക് വെട്ടിയപോലെ അതിന്റെ മുഞ്ഞിക്കൊരു പാടുണ്ട്. ചണച്ചരട് ചുറ്റിക്കറക്കി വേണം അത് സ്റ്റാർട്ട് ചെയ്യാൻ... പാട്രിസിന്റെ പുരാതനവസ്തുക്കളോട് വിരോധമുണ്ടെങ്കിലും വല്ലപ്പോഴും അവധിക്കെത്താറുള്ള അവന്റെ കേണൽ ഡാഡ നാടുകാണാനിറങ്ങിയിരുന്നത് ദിവാൻ കാറിലായിരുന്നു...
ഇത്തവണ വെക്കേഷന് ഭാര്യയും കൈക്കുഞ്ഞുമായി എത്തിയതുമുതൽ പാട്രിസ് ഒരു കാര്യം ചോദിച്ച് എന്റെ പുറകേയുണ്ട്. സംഗതി നിസ്സാരമാണ്. ഞങ്ങളുടെ പാർട്ടിയാപ്പീസിൽ ഉണ്ടായിരുന്ന ഒരു വെളുത്ത കുഴൽ. അതിലൂടെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞായിരുന്നു ആദ്യനാളുകളിൽ സമരപരിപാടികളൊക്കെ നാട്ടുകാരെ അറിയിച്ചിരുന്നത്. പാർട്ടിയുടെ മുതലായിപ്പോയി. ഇല്ലേ ഞാനത് എങ്ങനെയെങ്കിലും അവന് വാങ്ങിക്കൊടുക്കുമായിരുന്നു.

സ്റ്റെല്ലയുടെ പോർക്ക് ഫ്രൈയും, ഓൾഡ് മോങ്കിന്റെ കുപ്പിയുമായി കോലായിലിരിക്കുമ്പോൾ പാട്രിസ് വീണ്ടും കുഴലിന്റെ കാര്യം ഓർമപ്പെടുത്തി..
""കോമ്രേഡ് പാ... ഒന്നവിടെ വരെ പോയാലോ...''
എസ്‌തേർ എനിയ്ക്കും സ്റ്റെല്ലയ്ക്കും ഒരോ സ്മാൾ ഒഴിച്ചു. നീന്തിയെത്തിയ റിയാമോള് ടീപ്പോയിൽ പിടിച്ച് എഴുന്നേറ്റ് ഗ്ലാസെടുക്കുന്നത് കണ്ട് പാട്രിസ് അവളെ എടുത്ത് മടിയിലിരുത്തി. ഗ്ലാസിൽ വിരൽ മുക്കി നാവിലിറ്റിച്ചുകൊടുത്ത റം നുണഞ്ഞിട്ട് പല്ലില്ലാ മോണ കാട്ടി കുഞ്ഞ് ചിരിച്ചു.
""പാട്രിസിന്റെ വാക്കും കേട്ട് പപ്പയത് അവിടെപ്പോയി ചോദിക്കണ്ട. വെറുമൊരു കുഴലല്ലേ. അവനു വേണേ വർക്ക്ഷോപ്പിൽ പറഞ്ഞ് ഒരെണ്ണം ചെയ്യിക്കട്ടെ.''
ചിയേഴ്‌സ് പറയുന്നതിനു മുന്നേ സ്റ്റെല്ല ഇടപെട്ടത് പാട്രിസിന് രസിച്ചില്ല... മദർ ഇൻ ലോയും ഹസ്സും തമ്മിൽ വഴക്കുണ്ടാകുമെന്ന പ്രതീക്ഷയിൽ എസ്‌തേർ ഡ്രിങ്കെടുത്ത് സിപ്പ് ചെയ്തുതുടങ്ങി..
""ആന്റിക്'' എന്നുപറഞ്ഞാൽ മമ്മയ്ക്കറിയില്ല... പുതിയതൊണ്ടാക്കലല്ല. ഇറ്റ്‌സ് എ സേർച്ച് ഫോർ ദി പാസ്റ്റ്. പഴയതു തേടിപ്പിടിക്കൽ...''
രണ്ടാളുടെയും തർക്കം അവസാനിപ്പിക്കാനായി ഞാനത് വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞയുടനെ പാട്രിസ് മുറ്റത്തേക്കിറങ്ങി കാറ് സ്റ്റാർട്ട് ചെയ്തു. അതിന്റെ പുക അടങ്ങിയതും തല പുറത്തേയ്ക്കിട്ട് അവനെന്നെ വിളിച്ചു.
""കോമ്രേഡ് പാ നമുക്കിപ്പോ തന്നേ പോയേക്കാം...''
പാർട്ടിയാപ്പീസിൽ ചെന്ന് അത് ചോദിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ. കാറിൽ കയറാൻ പറഞ്ഞിട്ടും ഞാനത് കേൾക്കാത്തപോലെ നിന്നു... കുറച്ചുനേരം വണ്ടി റെയ്‌സ് ചെയ്തിട്ട് അവനിറങ്ങി. ഞാൻ ഡ്രിങ്കെടുത്ത് കൊടുത്തു...
""ഡു നോട്ട് ഹറി പാട്രിസ്. നീയിത് കഴിക്ക്. ഗ്രാൻപാ അത് എടുത്തുതരാം. യു മേ ഗിവ് വൺ വീക്ക്...''

വാതിൽ വലിച്ചടച്ച് അകത്തേയ്ക്കുള്ള പോക്ക് കാണുമ്പോഴേ അറിയാം എന്റെ പൊട്ട ഇംഗ്ലീഷ് അവനത്ര പിടിച്ചില്ലെന്ന്. ഞാൻ അതൊന്നും കാര്യമാക്കാതെ വാക്കിങ് സ്റ്റിക്കുമെടുത്ത് പുറത്തേയ്ക്കിറങ്ങി...

വൈകിട്ടത്തെ നടപ്പിലാണ് ഓർമകൾ ഏറ്റവും കൂടുതൽ ഹോണ്ട് ചെയ്യുന്നത്. റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തുമ്പോഴേയ്ക്കും ചെറിയൊരു സഫോക്കേഷൻ തോന്നും... പൊളിഞ്ഞ ഫൗൺടൈന്റെ സ്റ്റെപ്പിൽ കുറച്ചുനേരം റെസ്റ്റെടുക്കും. പാട്രിസ് വീട്ടിലുള്ള ദിവസമാണെങ്കിൽ അവൻ കൂട്ടിക്കൊണ്ടുപോകാനെത്തും. കുഞ്ഞിലേ മുതൽ എന്നോടായിരുന്നു അവന് അറ്റാച്ച്‌മെന്റ്. മുതിർന്നിട്ടും അതിനൊരുമാറ്റവുമില്ല.. ഇത്തവണ ഗ്രാൻസൺ ആവശ്യപ്പെട്ടിരിക്കുന്നത് പാർട്ടിമുതലാണ്. ആർക്കും ഉപയോഗമി ല്ലാതെ കിടക്കുന്നതാണെങ്കിലും ചോദിക്കാനൊരു മടി. ആട്ടാമ്പുഴുക്കൾ നൂലിട്ടിറങ്ങുന്ന കൂറ്റനൊരു പൂവരശിന്റെ തണലിലായിരുന്നു എന്റെ കുട്ടിക്കാലത്തെ പാർട്ടിയാപ്പീസ്. പിന്നീടാണ് അവിടെ ചായക്കടയും ബാർബർഷോപ്പും വരുന്നത്. പൂവരശ് വെട്ടിയതോടെ പാർട്ടിപ്പുരയുടെ തണലുപോയി... സഖാവുചേച്ചിയാണ് എന്നെ അവിടേയ്ക്ക് കൂട്ടിക്കൊണ്ടുചെല്ലുന്നത്. അവർ പടിയിറങ്ങിയതിൽ പിന്നെ ഞാനങ്ങോട്ടുപോയി ട്ടില്ല... ഏറെക്കാലത്തിനുശേഷം വീണ്ടും... അതും ഒരു പേഴ്‌സണൽ കാര്യവുമായി...​

ഗ്രൗണ്ടിലെ ഫുട്ബോൾ മാച്ചിൽ മുഴുകാനാവാതെ ഞാൻ വീർപ്പുമുട്ടിയിരുന്നു... ചെറുപ്പത്തിൽ ഞങ്ങളുടെയൊക്കെ കളിവീറ് കിളിമാസിലായിരുന്നു. കരപ്പാടത്തിനടുത്തുള്ള വെളിയിടത്തിലായിരുന്നു മത്സരം... ചുറ്റിനും പറുങ്കിമാവുകൾ... തൊട്ടടുത്ത ഗ്രാമങ്ങളിലെ സഖാക്കളും കിളിമാസുകാണാൻ എത്തി യിരുന്നു... "ക്യൂബൻസ്' എന്നായിരുന്നു ഞങ്ങളുടെ ടീമിന്റെ പേര്. ചീകിയൊതുങ്ങാത്ത ഹിപ്പിമുടിപോലെ ചില്ലവിരിച്ച പറുങ്കിമാവുകളുടെ തണലിൽ മോരുംവെള്ളവും നന്നാറി സർബത്തുമൊക്കെ വിൽക്കുന്ന ചെറിയൊരു മുറുക്കാൻകടയുമുണ്ടായിരുന്നു.

വെളിമൈതാനത്തുതന്നെയായിരുന്നു പാർട്ടിസമ്മേളനങ്ങളും നടന്നിരുന്നത്. അന്നത്തെ ലീഡേഴ്‌സിന്റെ തീപ്പൊരിപ്രസംഗം കേട്ടാൽ എടുത്തുചാടി നമ്മൾ എന്തും ചെയ്തുപോകും... പേരുകൾക്കുമുന്നിലുള്ള ഇനിഷ്യലിലൂടെയാണ് അവരൊക്കെ അറിയപ്പെട്ടിരുന്നത്... സെബാസ്റ്റ്യൻ പൗളിൻ മിരാൻഡ എന്ന പേര് ചുരുക്കി എസ്.പി. മിരാൻഡയെന്ന് ഞാൻ ടൈപ്പ് ചെയ്തുതുടങ്ങിയതും ആ നാളുകളിലായിരുന്നു.

അക്കാലത്ത് സഖാവ് ചേച്ചിയും ഇംഗ്ലീഷിലെ രണ്ടക്ഷരങ്ങൾകൊണ്ടു അറിയപ്പെടാൻ തുടങ്ങിയിരുന്നു. കറുത്ത കട്ടിഫ്രയിമിന്റെ കണ്ണടവെയ്ക്കാറുള്ള ചേച്ചിയെപ്പോഴും വെള്ള വോയിൽസാരിയാണ് ഉടുത്തിരുന്നത്. സ്ലീവു കുറഞ്ഞ ചുവപ്പ് ബ്ലൗസായിരുന്നു ചേച്ചിയുടെ ഫേവറിറ്റ്. ഖിലാഫത്ത് മൂവ്‌മെന്റുമുതലുള്ള പാർട്ടിയുടെ ചരിത്രം ചേച്ചിയുടെ പ്രസംഗങ്ങളിൽ നിന്നാണ് കേട്ടിട്ടുള്ളത്. ബംഗാളിനെക്കുറിച്ച് പറയാൻ അവർക്ക് പ്രത്യേകമൊരു താൽപര്യമുണ്ടായിരുന്നു. പാർട്ടിപ്രവർത്തകർ അഭിവാദ്യം ചെയ്തിരുന്ന ലാൽസലാമെന്ന വാക്ക് ബംഗാളിൽ നിന്നാണത്രെ ഉത്ഭവിച്ചത്. കൽക്കട്ടയിൽ പോകണമെന്നൊരു ആഗ്രഹം അതൊക്കെ കേട്ടതുമുതലേ എന്റെ മനസ്സിലുണ്ട്.

ഞാനന്ന് പാർട്ടിയുടെ മെമ്പറൊന്നുമല്ല. ചേച്ചിയുടെ പ്രസംഗമുണ്ടെന്ന് കുഴലറിയിപ്പുള്ള ദിവസം പപ്പയും മമ്മയും അറിയാതെ വെളിമൈതാനത്തു പോകും. ഒരിക്കൽ ചേച്ചിയുടെ തീപ്പൊരി കേട്ടതിന്റെ ആവേശത്തിൽ പപ്പയുടെ വിന്റേജ് ടൈപ്പ്‌റൈറ്ററിൽ അവർക്കൊരു ലെറ്റർ ടൈപ്പ് ചെയ്തു. പിറ്റേന്ന് വെളുപ്പിനെ ഞങ്ങളുടെ വില്ലയിൽനിന്ന് നാലു ഫർലോങ്ങോളം നടന്ന് കുരിശുംമൂടിനടുത്തുള്ള അഞ്ചൽപെട്ടിയിലത് രഹസ്യമായി ഇടുകയും ചെയ്തു...

ഞാനതൊക്കെ മറന്നുകഴിയുന്ന സമയത്താണ് ചേച്ചിയെന്നെ ആളയച്ചു വിളിപ്പിക്കുന്നത്... പേടിച്ചാണ് ചേച്ചിയുടെ അടുത്തേയ്ക്കുപോയത്. അവിടെ ചെല്ലുമ്പോൾ വീടിനുപിന്നിലെ കാവിനടുത്ത് ചേച്ചി നിൽക്കുന്നു. കാവിൽ നിറയെ വട്ടമരങ്ങൾ. മരങ്ങളെ ചുറ്റി അമൃതിന്റെ വള്ളികൾ. കടും പച്ചപ്പിനിടയിലൂടെ അരിച്ചിറങ്ങുന്ന സൺലൈറ്റിൽ ചോന്ന ബ്ലൗസുടുത്ത ചേച്ചിയെ കണ്ട് എന്റെ തലകുമ്പിട്ടുപോയി...
""ഇവിടായിരുന്നു ഞങ്ങൾ ഒളിവിൽ കഴിഞ്ഞിരുന്നത്...''
വട്ടമരങ്ങളുടെ ഇടയിലേയ്ക്ക് ഒരു ചോരക്കണ്ണൻ ചകോരം പറന്നു. ചേച്ചി അകത്തേയ്ക്കു കയറി ഡ്രോയറിൽ നിന്ന് ഞാനയച്ച ലെറ്ററെടുത്തു. സെന്റൻസ് മേക്കിങ്ങിലെ ചില എറർ കാണിച്ചുകൊണ്ട് അവർ പറഞ്ഞു.
""എന്നെ നീ മാഡമെന്ന് വിളിക്കരുത്... സഖാവ് ചേച്ചിയെന്ന് മതി... നിന്റെ ലെറ്റർ ഡ്രാഫ്റ്റിങ് കൊള്ളാം. ഓഫീസ് വർക്കിന് ഞാനൊരാളെ അന്വേഷിച്ചു നടക്കുകയായിരുന്നു...''

ഞാൻ സഖാവ് ചേച്ചിയുടെ കൂടെ നിന്നു. ഡിക്‌റ്റേഷനിടയിൽ അറിയാവുന്ന കുക്കിംഗും പരീക്ഷിച്ചതോടെ ചേച്ചിയെന്നെ സ്ഥിരമാക്കി. ഒരുദിവസം അവരെന്നെ ജംഗ്ഷനിലേക്കു കൂട്ടിക്കൊണ്ടുപോയി പാർട്ടിയാപ്പീസ് തുറപ്പിച്ചു. കീ തിരിച്ചുകൊടുക്കുമ്പോൾ ചേച്ചിയുടെ ഓർഡർ...
""നീയിത് വെച്ചോ... എന്നും രാവിലെ തുറക്കണം... മൺകൂജയിൽ വെള്ളമെടുത്തുവെക്കണം. രാത്രി അവസാനത്തെ ആളും പടിയിറങ്ങുമ്പോൾ ഓഫീസ് പൂട്ടി താക്കോൽ ഉമ്മറത്തെ ആണിയേൽ തൂക്കണം...''
പലക ചേർത്തിടാനും അതിന്റെ നടുക്കുള്ള കൊച്ചുവളയങ്ങളിലൂടെ കുറുകനെവെയ്ക്കുന്ന ഇരുമ്പുകമ്പി തള്ളിക്കേറ്റാനും വല്യ പാടായിരുന്നു. അവിടുത്തെ ഡിസ്‌കഷനിലൊക്കെ വീറോടെ സംസാരിച്ചിരുന്ന കുറിയ മനുഷ്യൻ എന്റെ പങ്കപ്പാടുകൾ കണ്ട് പുശ്ചം കലർന്ന ഭാവത്തോടെ കമ്പി വാങ്ങും. പലകയുടെ നടുക്കുള്ള വളയങ്ങളിലൂടെ അത് സ്പീഡിൽ കടത്തി തോളു രണ്ടുമുയർത്തിയുള്ള അയാളുടെ സ്ഥിരം ഡയലോഗുണ്ട്..
""ഇതുപോലെ എത്ര നായ്ക്കളുടെ നെഞ്ചത്തുകൂടിയാണ് ഞാൻ വാരിക്കുന്തം കുത്തിയിറക്കിയിട്ടുള്ളത്''
ശത്രുക്കളെ അയാൾ നായ്ക്കളെന്നേ വിളിക്കു. ചേച്ചിയങ്ങനെയല്ല വിയോജിപ്പുണ്ടെങ്കിലും ഓപ്പോസിറ്റ് സൈഡിനോട് അവർ റെസ്‌പെക്റ്റ് കാട്ടിയിരുന്നു. അയാളുടെ കടിച്ചുപിടിച്ചുള്ള സംസാരം എനിയ്ക്കത്ര ഇഷ്ടമല്ലായിരുന്നു. പാർട്ടിയാപ്പീസ് പൂട്ടാൻ ഹെൽപ്പ് ചെയ്യുന്നതുകൊണ്ട് എല്ലാം കേട്ടുനിൽക്കും.

ദിവസവും രാവിലെ ഓഫീസ് തുറക്കും. അപ്പോൾ തൊട്ടടുത്ത ചായക്കടയിലെ തൊണ്ടുനീറുന്ന പുകയ്‌ക്കൊപ്പം കടല താളിക്കുന്ന മണം കൂടി പാർട്ടിയാപ്പീസിലേയ്ക്ക് ഇരച്ചുകേറും. സഖാക്കളുടെ ചിത്രങ്ങളിലെ പൊടി തുടച്ച് ചുവപ്പുമാലയണിയിക്കും. ചുമരിലെ കോമ്രേഡുകളെല്ലാം പറുങ്കികളെപ്പോലെ സുന്ദരൻമാരും വീരയോദ്ധാക്കളുമാണെന്ന് എനിയ്ക്കു തോന്നിയിരുന്നു... പാർട്ടിയാപ്പീസ് ക്ലീൻ ചെയ്യുന്നതിനുമുൻപായി മൺകൂജയിലെ വെള്ളം തളിക്കും. എന്നാലും ആവശ്യത്തിലേറെ ഡസ്റ്റ് എന്നുമവിടെയുണ്ടായിരുന്നു. ഫെയ്ഡായ കൊടിത്തോരണങ്ങളും രാത്രിപ്രകടനത്തിനു കത്തിക്കാൻ സൂക്ഷിച്ചിരുന്ന കട്ടതേഞ്ഞ സൈക്കിൾടയറുകളും കൂട്ടിയിട്ടതിനുമീതെയാണ് പാട്രിസ് എന്നെ നിർബന്ധിച്ചുകൊണ്ടിരുന്ന വെളുത്ത പെയിന്റടിച്ച കുഴൽ വെച്ചിരുന്നത്. എല്ലാറ്റിനും ചുവപ്പാണല്ലോ... പിന്നെ ഇതിനുമാത്രം എന്തിനാണ് വൈറ്റടിച്ചിരിക്കുന്നത്... അന്നൊന്നും ആർക്കും അതിനെക്കുറിച്ച് അറിവില്ലായിരുന്നു. സ്റ്റെല്ലയുടെ ബൈബിളിലെ സ്‌നാപകനെപ്പോലെ അത് പാർട്ടിയുടെ വിളിച്ചുപറയുന്ന ശബ്ദമാണെന്ന് എനിയ്ക്ക് മാത്രമൊരു റിവലേഷനുണ്ടായി..

ക്ലീനിങ് തുടങ്ങി രണ്ടുമാസമായിക്കാണും, ലോക്കൽ കോമ്രേഡുകളായ രഘുവും രാരിച്ചനും കൂടി ഒരു സന്ധ്യയ്ക്ക് പതിവില്ലാത്ത തിടുക്കത്തിൽ പാർട്ടിയാപ്പീസിലേയ്ക്കുവന്നു... കുഴലുമെടുത്ത് പുറത്തേക്കിറങ്ങിയവരുടെ പുറകേ ടെൻഷനടിച്ച് ഞാനും ചെന്നു. അവരെന്നെ കളിയാക്കി...
""എടാ സായിപ്പേ... ചേച്ചി പറഞ്ഞിട്ടാ ഞങ്ങളിതെടുത്തത്...''
പരമുവും വെള്ളാട്ടനും താമസിക്കുന്ന കോളനിയുടെ അടുത്തുള്ള തോട്ടിൻകരയിൽ ഞങ്ങളെത്തി. തോളിൽ ചുമന്നുകൊണ്ടുവന്ന കുഴൽ ശീമപത്തലിന്റെ കവട്ടയിൽ ഇറക്കിവെച്ചു. അതിന്റെ വായഭാഗത്ത് ചുണ്ട് ചേർത്തുവെച്ച് രഘു തയ്യാറായി. ചേച്ചിയെഴുതിക്കൊടുത്ത പേപ്പർ രാരിച്ചൻ നിവർത്തിയതോടെ രഘുവിന്റെ പിടലിയിലെ ഞരമ്പുകൾ ബൾജു ചെയ്തു...
""പ്രിയ സഖാക്കളെ...''
രഘു വിളിച്ചുപറയുന്നത് കേട്ടപ്പോൾ ചേച്ചി പറഞ്ഞത് എനിയ്ക്ക് ഓർമ വന്നു... "ക' അല്ല "ഖ' ഇത്തിരി ഫോഴ്‌സുകൊടുത്തു പറയണം. ഞങ്ങളുടെ കുട്ടിക്കാല രാത്രികളിൽ സാത്താന്റെ അലർച്ചയാണെന്നും പറഞ്ഞ് മമ്മ പേടിപ്പിക്കാറുള്ള സ്വരം ഞാൻ തൊട്ടടുത്തുനിന്ന് കേട്ടു. നാലടിയോളം നീളമുള്ള പാർട്ടിക്കുഴലിലൂടെയുള്ള സാത്താനൊച്ച... ഞാനതിൽ കൗതുകത്തോടെ തൊട്ടു... കൈ തട്ടിമാറ്റി രഘു വീണ്ടും അലറി....
""സഖാക്കളെ നാളെയാണ് തുലാം പത്ത്... അഗ്‌നികുണ്ഡത്തിലേയ്ക്ക് നമ്മുടെ പ്രിയ പോരാളികളെ ജീവനോടെ...''
രക്തസാക്ഷികളുടെ ചരിത്രം രഘുവിന്റെ ബാസുള്ള വോയിസിലൂടെ കോളനിയുടെ ഞരമ്പുകളിലേക്ക് കുതിച്ചു..
""കൂട്ടിയിട്ടു കത്തിച്ച മനുഷ്യകൂമ്പാരത്തിൽ നിന്ന് ഇഴഞ്ഞുരക്ഷപെട്ടവനാ അവന്റെ അച്ഛൻ... ഉശിരു കാണാതിരിക്കുമോ...''

രഘുവിനെക്കുറിച്ചു പറയുമ്പോഴൊക്കെ ചേച്ചിയത് ആവർത്തിക്കും... ഒന്നുരണ്ടു അറിയിപ്പുകൾ പറയാൻ രഘുവിനൊപ്പം പോയതോടെ കുഴലിലൂടെ വിളിച്ചുപറയണമെന്നൊരു ആഗ്രഹം എനിയ്ക്കുമുണ്ടായി... പാതിമലയാളവും മുറിയിഗ്ലീഷും ചേർന്നുവരുന്ന എന്റെ നാവിലത് വഴങ്ങുമോ... എനിക്ക് സംശയമായിരുന്നു. വെളുത്ത തുണി ചേർത്തടിച്ച പട്ടികപ്പെട്ടിയുടെ നടുക്ക് പെട്രോമാക്‌സുംവെച്ച് "ചിഹ്നം പലതും കണ്ടേക്കാം അരിവാൾ ചിഹ്നം മറക്കല്ലേ...' എന്ന് സ്‌ക്വാഡ് വർക്കിന് പാടിനടന്ന കരിക്കലിനാണ് രഘുവിനു വാതപ്പനി വരുന്നത്. പനിച്ചൂടിൽ പാർട്ടിത്തിണ്ണയിൽ കിടന്ന് രഘു പിച്ചുംപേയും പറഞ്ഞു.
""ആരാണ് അവനു പകരം അറിയിപ്പ് പറയുന്നത്...''
ഉശിരുള്ള ശബ്ദംവേണം... കേൾക്കുന്നവരുടെ നെഞ്ചിലേയ്ക്ക് വാരിക്കുന്തം പോലെ വാക്കുകൾ തുളഞ്ഞുകയറണം. ഞാൻ രാരിച്ചന്റെ കൈയിൽ നിന്ന് നീണ്ട കുഴൽ വാങ്ങി. അതിന്റെ വായറ്റത്ത് എന്റെ ചുണ്ട് ചേർത്തു...
""ഡിയർ കോമ്രേഡ്‌സ്...''
എന്റെ പിടലിഞരമ്പുകൾ തെറിച്ചു... ഹിപ്പിമുടിയിൽ മുഷ്ടിചുരുട്ടി മെല്ലെയിടിച്ചിട്ട് ചേച്ചി പറഞ്ഞു.
""മലയാളത്തിൽ പറയൂ...''
ഗോളടിച്ചതിന്റെ ആവേശത്തോടെയുള്ള കുട്ടികളുടെ അലർച്ചയിൽ എന്റെ ഓർമകൾക്ക് വെട്ടേറ്റു. കുറച്ചുകഴിഞ്ഞപ്പോഴേക്കും വെളുത്ത ഫുൾസ്ലീവ് ഷർട്ടിൽ ഒരു സുവിശേഷകൻ ആവന്തി മൊപ്പഡിൽ ഗ്രൗണ്ടിലേയ്ക്കെത്തി... ചുറ്റും നോക്കിയിട്ട് അയാൾ വണ്ടി എന്റെ തൊട്ടടുത്ത് സ്റ്റാന്റിൽവെച്ചു. ലോകം അവസാനിക്കാൻ പോകുന്നപോലെ തിടുക്കത്തിലായിരുന്നു അയാളുടെ പ്രവർത്തികൾ. തോളിൽ തൂക്കിയിട്ടിരുന്ന ലൗഡ്സ്സ്പീക്കർ എടുത്ത് അയാൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു...
""മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കിത്... സർപ്പസന്തതികളെ വരുവാനുള്ള ക്രോധത്തിൽ നിന്ന് ഒഴിഞ്ഞുപോകുവാൻ നിങ്ങളെ ഉപദേശിച്ചതാര്... നല്ല ഫലം കായിക്കാത്ത വൃക്ഷവേരിൽ കോടാലി വെച്ചുകഴിഞ്ഞു..''
അയാളുടെ സ്വരം ഉയർന്നു. ഉച്ചത്തിൽ വിളിച്ചുപറയുമ്പോഴുള്ള പിടലിഞരമ്പിന്റെ തള്ളലിൽ എന്റെ കണ്ണുടക്കി... അയാൾക്കൊപ്പം വന്ന ചെറുപ്പക്കാരൻ "രക്ഷിപ്പാനവൻ വരുന്നു...' എന്ന നോട്ടീസ് വെച്ചുനീട്ടി. ഞാനതും വാങ്ങി തിരിച്ചുനടന്നു... പതിവുപോലെ വീട്ടിലെത്തി വാക്കിങ് സ്റ്റിക്ക് ചുമരിൽ തൂക്കി... പാട്രിസ് അതെടുത്ത് തിരിച്ചും മറിച്ചും നോക്കിയിട്ട് തിരികെ വെച്ചു.
""കോമ്രേഡിന് ഇതിന്റെ പഴക്കം അറിയുമോ...''
""അത് പുതിയതാടാ... കഴിഞ്ഞതവണ ഗോവേ പോയപ്പോൾ വാങ്ങിയത്... പപ്പയ്‌ക്കേ പഴക്കമായിട്ടുള്ളു.''

സ്റ്റെല്ലയുടെ കോമഡി കേട്ട് ഞാനെന്റെ ജരവീണ കൈകളിലേയ്ക്ക് നോക്കി. ഇടം കൈയിലായിരുന്നു ചുറ്റികയരിവാൾ നക്ഷത്രം അച്ചുകുത്തിയിരുന്നത്. ചുളുങ്ങിപ്പോയ എന്റെ വെളുത്ത തൊലിക്കൊപ്പം പാർട്ടിചിഹ്നവും ക്ഷീണിച്ചുകിടക്കുന്നു... പോർട്ടിൽ പണിക്ക് പോകുമ്പോൾ എനിയ്ക്ക് നല്ല ഉറച്ച ശരീരമായിരുന്നു. കോവണിയിൽ നിന്നുള്ള വീഴ്ചയെത്തുടർന്നാണ് കയറ്റിറക്ക് പണി നിന്നത്. യൂണിയൻ തർക്കങ്ങളുമായി ബന്ധപ്പെട്ട് ഒരു കൊലക്കേസിൽ പ്രതികൂടി ആയപ്പോഴേയ്ക്കും തൊട്ടടുത്ത നഗരത്തിലേയ്ക്ക് മാറിനിൽക്കാൻ ഗ്ലാഡിസിന്റെ വീട്ടുകാർ ഉപദേശിച്ചു. ഞാൻ അവളെയും പിള്ളാരെയും കൂട്ടി അവിടെയുള്ള ഒരു തുരുത്തിലെത്തി..
സ്റ്റെല്ല അന്ന് കൈക്കുഞ്ഞാണ്. അവൾക്ക് പാലും ബിസ്‌കറ്റും വാങ്ങാൻ ബുദ്ധിമുട്ടുവന്നപ്പോഴാണ് ക്വയർ ഫാക്ടറിയിൽ പണിക്കുപോകാൻ തുടങ്ങിയത്. ആഴ്ചയവസാനം കൂലി മേടിക്കാൻ മൂപ്പന്റെ വീട്ടിൽപോയി കാത്തുകെട്ടി നിൽക്കണം. മൂപ്പന്റെ പറമ്പിൽ വിളഞ്ഞ പൂവമ്പഴം ഉമ്മറത്തു തൂക്കിയിട്ടുണ്ടാവും. യൂഷ്വൽവേജിനൊപ്പം അയാളോരോ പൂവമ്പഴവും തരും. പഴത്തിനയാൾ അരദിവസത്തെ കൂലിയാണ് കുറയ്ക്കുന്നത്. വേണ്ടെന്ന് പറയുന്നവർക്കെല്ലാം കരണത്തടി കിട്ടിയിരുന്നു. അന്ന് അരിയ്ക്ക് ക്ഷാമം. മാർക്കറ്റിൽ നിന്ന് തേങ്ങാപ്പൂളും ശർക്കരേം കമ്പത്തിന്റെ പൊടിയും വാങ്ങും. ഞാനതെല്ലാം ഓർത്തിരിക്കുമ്പോഴാണ് കട്ടിലിൽ കിടന്നിരുന്ന ലഘുലേഖ പാട്രിസ് എടുത്തത്...
""ഇതെന്താ കോമ്രേഡിനൊരു പെന്തക്കോസ്ത് ലൈൻ...''
"ഏയ്... അതാ ഗ്രൗണ്ടിലിരുന്നപ്പോൾ കിട്ടിയതാ... ചുമ്മാ വായിക്കാല്ലോ...''

ഞാനത് വാങ്ങി പില്ലോയുടെ അടിയിൽ വെയ്ക്കുമ്പോഴേക്കും അവനെന്നെ തൊട്ടടുത്ത മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ഡ്രിങ്കെടുത്തു തന്നു.
""മമ്മ കാണണ്ട.. വെക്കം കഴിച്ചിട്ട് കോമ്രേഡിന്റെ പഴയ ചരിത്രങ്ങൾ പറയൂ...''
ഗ്ലാസുയർത്തി അവൻ ചിയേഴ്‌സ് പറഞ്ഞു...
മുറി നിറയെ പഴയ സാധനങ്ങളാണ്. പാട്രിസിനൊപ്പം അവിടെയിരിക്കുമ്പോഴൊക്കെ പഴമ നിറഞ്ഞവയുടെ കൂട്ടത്തിൽ മറ്റൊരു ആന്റിക്കായി മാറുന്നപോലെ ഫീൽ ചെയ്യും... കറുത്ത കട്ടിക്കണ്ണടകളുടെ ഒരു വലിയ കളക്ഷൻ അവനുണ്ട്. ചിലതെല്ലാം ഞാനിടപെട്ട് വാങ്ങിക്കൊടുത്തതാണ്. ഓരോന്നും ഓരോ ആളുകളെ ഓർമയിലേയ്ക്ക് കൊണ്ടുവരും. നേർത്ത കമ്പിഫ്രെയിമിന്റെ വട്ടക്കണ്ണട കാണുമ്പോൾ മൂപ്പൻമാർ ക്കെതിരെ മുദ്രാവാക്യം വിളിച്ചുതരാറുള്ള ലീഡറെ ഓർമവരും. പൊലീസിന്റെ വെടിയേറ്റാണ് സഖാവ് മരിച്ചത്. തളംകെട്ടിയ ചോരയിൽ മുക്കിയ രക്തപതാകയുമായി ജാഥ മുന്നോട്ടുപോകുമ്പോൾ ഞാൻ തൊട്ടടുത്ത ചാപ്പലിൽ പ്രാർഥിച്ചിരുന്ന കന്യാസ്ത്രീയമ്മമാരുടെ പിന്നിലൊളിച്ചാണ് രക്ഷപെട്ടത്. പട്ടാള ക്കാരെപ്പോലെ പൂച്ചക്കണ്ണുള്ള എന്നെ ഇറക്കിവിടണോ ഒളിപ്പിക്കണോയെന്ന് തീരുമാനിക്കാനാവാതെ അതുങ്ങള് വെപ്രാളപ്പെട്ടതൊക്കെ ഇപ്പഴും മനസ്സിലുണ്ട്... വല്ലപ്പോഴും അതിലേ പോകുമ്പോൾ ഞാനാ ചാപ്പലിൽ കയറും. അപ്പോഴെല്ലാം ബൂട്ടിന്റെ ശബ്ദവും. വെടിയേറ്റുപിടയുന്നവരുടെ നിലവിളിയും വെടിമരുന്നിന്റെ മണവുമൊക്കെ തികട്ടിവരും.

പഴയ കാര്യങ്ങളൊക്കെ പാട്രിസിനോടു പറഞ്ഞുതുടങ്ങിയപ്പോൾ ഞാൻ സഖാവ് ചേച്ചിയെ വീണ്ടുമോർത്തു... ചേച്ചിയന്ന് പെണ്ണുങ്ങളുടെ മടി തപ്പുന്ന മൂപ്പൻമാർക്കെതിരെ കയറ്റാപ്പീസിന്റെ മുന്നിൽ പട്ടിണിസമരം കിടക്കുകയായിരുന്നു. മൂന്നിന്റെയന്നാണ് ചേച്ചിയുടെ ഫാദർ വിവരമറിയുന്നത്. നൂറേക്കർ നിലത്തെ കൊയ്ത്തുനടക്കുന്നതിനിടയിലും അദ്ദേഹം മകളെ കാണാൻ ഓടിയെത്തി...
""നീയിപ്പ വരണം എന്റൊപ്പം... ഇല്ലേ കെട്ടിയെടുത്ത് ഞാൻ കാളവണ്ടീ കേറ്റിക്കൊണ്ടുപോകും.''
ചേച്ചി അടുത്തിരുന്ന ചെറുമിപെണ്ണിന്റെ കൈയ്യീന്ന് അരിവാളു വാങ്ങി സ്വന്തം കഴുത്തിൽ മുട്ടിച്ച് അച്ഛനോട് തിരിച്ചും ദേഷ്യപ്പെട്ടു..
""എന്നെ കൊണ്ടുപൊക്കോ... പക്ഷേ രണ്ടു കഷണമായിട്ടേ അച്ഛനെന്നെ കൊണ്ടുപോകൂ.''
കരഞ്ഞുകൊണ്ട് കാളവണ്ടിയിൽ കയറിപ്പോയ സന്ധ്യയ്ക്ക് അദ്ദേഹമെന്നെ ഒരു പൊതി ഏൽപ്പിച്ചിരുന്നു. അന്തിയാവുന്നതുവരെ ഞാൻ സമരപ്പന്തലിനരികെ കാത്തുനിന്നു. രാത്രി ആരുമില്ലെന്ന് ഉറപ്പിച്ചിട്ട് ചേച്ചിയുടെ മുന്നിൽ പൊതി തുറന്നുവെച്ചു..
""ആരും അറിയില്ല... ഇത് കഴിക്കൂ... യൂ ആർ സോ റ്റയേർഡ്...''
ഞാനതു പറഞ്ഞുതീരുംമുന്നേ ചേച്ചിയെന്റെ വലതുകരണത്ത് അടിച്ചു. ഓലപ്പന്തലിനുമുന്നിൽ ചേച്ചിയുടെ ഫാദർ കൊണ്ടുവന്ന ചെമ്പാവരിയുടെ അവലും വെളുത്ത ശർക്കരത്തുണ്ടും തേങ്ങാപ്പൂളും ചിതറി...

പതിനാലിന്റന്ന് ചേച്ചിയെ സമരപ്പന്തലിൽ നിന്ന് അറസ്റ്റുചെയ്തു. ആശുപത്രിയിലും സ്‌ടൈക്ക് തുടർന്നു. ചേച്ചിയെ കാണാൻ ഹോസ്പിറ്റലിൽ ചെന്നെങ്കിലും മഫ്തി പൊലീസിനെ പേടിച്ച് ഞാൻ തിരികെപ്പോന്നു. ചേച്ചിയേൽപ്പിച്ച ജോലിയെല്ലാം മുടക്കം കൂടാതെ ചെയ്തുകൊണ്ടിരുന്നു. കവലയിലെ പാർട്ടിയാപ്പീസ് എന്നും ക്ലീൻ ചെയ്യും... വേസ്റ്റുപേപ്പറിൽ കുറിച്ചിടുന്ന സീക്രഡ് മെസേജുകൾ കത്തിക്കും... ബീഡിക്കുറ്റികളും പരിപ്പുവടയുടെ തിരുശേഷിപ്പുകളും തുത്തുവെടിപ്പാക്കും... കൂജയിൽ വെള്ളംകോരിവെയ്ക്കും... അന്തിയ്ക്ക് പൂട്ടുമ്പോൾ ചുമരിലെ ചിത്രങ്ങൾക്കുനേരെ കൈകൂപ്പും...
""ചേച്ചിയുടെ കോമ്രൈഡ് ലോർഡ്‌സ്... ഹെൽപ്പ് ഹേർ ഫ്രം ദിസ് ഗ്രെയിറ്റ് ആഗണി....''
രഘുവിന് മൗത്ത്കാൻസർ വന്നതോടെ വെളുത്തകോളാമ്പിയിലൂടെ പാർട്ടിത്തീരുമാനങ്ങൾ വിളിച്ചുപറയുന്നതിന്റെ ഡ്യൂട്ടിയും ലൗഡ്‌സ്പീക്കറിന്റെ ഉത്തരവാദിത്തവും ഞാനേറ്റെടുത്തു. ചേച്ചി സമരം അവസാനിപ്പിച്ചത് കുഴലിലൂടെ വിളിച്ചുപറഞ്ഞ രാത്രി എന്റെ ത്രോട്ട് പൊട്ടി ബ്ലഡ് വന്നു...

പാട്രിസ് ഒഴിച്ച രണ്ടാമത്തെ ഡ്രിങ്ക് എടുക്കുമ്പോൾ എനിയ്ക്ക് നാവിലൊരു ചോരച്ചുവ... ഞാനവന്റെ മുറിയിൽ നിന്നെഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് തുപ്പി...
""പപ്പയെന്നാ ഈ കാണിച്ചേ... ഇവിടെല്ലാം വൃത്തികേടാക്കിക്കയല്ലോ... ''
""അയാം സോറി...''
എന്റെ മുഖഭാവം കണ്ടപ്പോഴേക്കും എസ്‌തേർ അടുത്തുവന്നിരുന്നു.
""അയ്യോ ഗ്രാൻപാ സോറിയൊന്നും പറയല്ലേ... സാരമില്ല...''
അവളെന്റെ ഞരമ്പുപിടഞ്ഞ കൈയിൽ തടവി... പാട്രിസ് ഡ്രിങ്കുമായി പുറത്തേയ്ക്കിറങ്ങി.
""ആ വെളുത്ത കുഴലെടുത്ത് പാട്രിസിന് കൊടുത്തേര് ഗ്രാൻപാ... പഴയ സാധനങ്ങളെന്നുവെച്ചാ ഹീ ഈസ് മാഡ്...''
""സഖാവ് ചേച്ചിയെ അവർ പുറത്താക്കിയപ്പ കൂടെയിറങ്ങിയതാ മോളേ ഞാൻ... തിരിച്ചുകേറാൻ എനിയ്ക്കൊരു മടി...''
""അതു സാരമില്ല ഗ്രാൻ പാ... സഖാവ് ചേച്ചിയും അങ്ങോട്ടു തിരിച്ചുചെല്ലുമെന്ന് ഒരു ന്യൂസുണ്ടല്ലോ...''
രണ്ടുപേരുടെ ഹെൽപ്പോടെ ക്രച്ചസിൽ നടക്കുന്ന ഈ തൊണ്ണൂറ്റിയാറാം വയസ്സിൽ ചേച്ചി അങ്ങോട്ട് തിരിച്ചുപോകുമോ... എനിയ്ക്കൊരു സഫോക്കേഷൻ തോന്നി. ഞാൻ എസ്‌തേറിന്റെ കൈയിൽ മുറുകെ പിടിച്ചു... അവളെനിയ്ക്ക് ഇൻഹെയിലർ എടുത്തുതന്നു...
""പാട്രിസിന്റെ കൂടെ ഞാൻ ചെല്ലാം. പക്ഷെ അതവിടെ ഉണ്ടോയെന്ന് ഗ്രാൻ പായ്ക്കറിയില്ല. അതിനകത്ത് അവരെന്നെ കേറ്റുമോയെന്നും.''

പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ എന്റെ ഇയർ ബാലൻസ് തെറ്റി. സ്റ്റെല്ലയുടുപ്പിച്ച തവിട്ടുകളറിലെ സ്യൂട്ടിനു പതിവില്ലാത്ത വെയ്റ്റ്. അതെന്റെ തോളെല്ല് ഒടിക്കുമെന്ന് തോന്നി. പാട്രിസിന്റെ ബോഡിസ്‌പ്രേയ്ക്ക് ഗ്ലാഡിസ് ചുട്ടുതരാറുള്ള കള്ളപ്പത്തിന്റെ മണം. വാക്കിങ് സ്റ്റിക്കെടുക്കുമ്പോഴേക്കും കുഴലിലൂ ടെയുള്ള അറിയിപ്പ് എന്റെ കാതുകളിൽ വൈബ്രേറ്റ് ചെയ്തു.
""പ്രിയ സഖാക്കളേ...''
ഏറെക്കാലം പിന്നിലേയ്ക്ക് വാക്കുകളെന്നെ കൂട്ടിക്കൊണ്ടുപോയി. കൺമുന്നിലേയ്ക്ക് പാർട്ടിയാപ്പീസ് വീണ്ടുമെത്തി... ക്യാപ്പിറ്റൽസിറ്റീന്ന് ചേച്ചി വരുമ്പോൾ പാർട്ടിയാപ്പീസിൽ വന്ന് കുറച്ചുനേരം ഇരിക്കുമായിരുന്നു. ആദ്യമൊക്കെ സ്റ്റേറ്റ് കാർ ഞങ്ങളുടെ ജംഗ്ഷനിൽ കിടക്കുന്നത് ആളുകൾ അത്ഭുതത്തോടെ നോക്കാറുണ്ടായിരുന്നെങ്കിലും പിന്നീടത് മിനിസ്റ്റർ എത്തിയതിന്റെ ഒരു സൈൻ മാത്രമായി. പ്രവർത്തനങ്ങളൊക്കെ ഉഷാറല്ലേയെന്ന് ചോദിച്ച് ചേച്ചി മടങ്ങുമ്പോൾ ഞാൻ വെറുതെ തലയാട്ടും.
പരിവാരങ്ങളില്ലാതെ ചേച്ചിയൊരുനാൾ സിറ്റിയിൽ നിന്നെത്തി. പിന്നാലെ ആരുവന്നാലും കയറ്റിവിടണ്ടയെന്ന് എന്നോടുപറഞ്ഞു. വീടിന്റെ വാതിലടക്കുന്നതിനുമുൻപ് ഉമ്മറത്തെ ആണിയിൽ തൂക്കിയിട്ടിരുന്ന താക്കോലെടുത്തിട്ട് ഇതവർക്ക് കൊടുത്തേയ്ക്കൂ എന്ന് ഓഡറിട്ട.. നീയിനി അവിടെ പോകരുത് എന്നൊന്നും ചേച്ചി പറഞ്ഞില്ല.

ചേച്ചി ക്യാപ്പിറ്റൽസിറ്റീന്ന് മടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങളുടെ ബീച്ച് മുതൽ ചേച്ചി പ്രസംഗിക്കാറുള്ള വെളിമൈതാനംവരെ ആളുകൾ ചേച്ചിയ്ക്ക് ജയ് വിളിച്ച് ഒരു ജാഥ നടത്തി. ചേച്ചിയെങ്ങും പോകാതെ വിടിനകത്തുതന്നെയിരുന്നു. പാർട്ടിയാപ്പീസിന്റെ താക്കോൽ ലോക്കൽ സെക്രട്ടറിയെ ഏൽപ്പിച്ച് മടങ്ങുമ്പോൾ ഞാനൊന്നുകൂടി ആ മുറിക്കകത്തേയ്ക്കുനോക്കി. ബുക്ക് പൊതിയാൻ സോവിയറ്റ് നാട് വാങ്ങാൻ വരുന്ന കുട്ടികളല്ലാതെ മറ്റു നിഷ്‌കളങ്കർ കയറാൻ മടിച്ചിരുന്ന പാർട്ടിമുറ.. സ്റ്റെല്ലയുടെ സെയിന്റായ സൈമൺ ദി ബാപ്റ്റിസ്റ്റിനെപ്പോലെ, പാർട്ടിശബ്ദമായിരുന്ന വെളുത്ത കുഴൽ പോരാട്ടവീര്യം മറന്ന് പത്രക്കെട്ടിനു മുകളിൽ തളർന്നുകിടന്നിരുന്നു. പേടിപ്പെടുത്തുന്നൊരു സൈലൻസ് അവിടെ നിറയുന്നതുപോലെ അന്നെനിയ്ക്ക് ഫീൽ ചെയ്തിരുന്നു...
പഴയ ഓർമ്മകളിൽ നിന്നുണർന്ന് മുറ്റത്തേക്കിറങ്ങുമ്പോഴേക്കും ഉടുത്തിരുന്ന പാന്റിലേക്ക് ഞാനറിയാതെ മുള്ളിപ്പോയി. സാരമില്ലെന്നും പറഞ്ഞ് സ്റ്റെല്ല വീണ്ടുമെന്നെ ഉടുപ്പിച്ചു. നീണ്ട കുറേ വർഷങ്ങൾക്കുശേഷമുള്ള യാത്ര. ചെവിത്തോണ്ടിയുള്ള താക്കോൽക്കൂട്ടം തേടി എന്റെ കൈ പോക്കറ്റിലേയ്ക്കുനീണ്ടു... പാട്രിസ് എനിയ്ക്കൊരു ചുവന്ന ടൈ കൂടി കെട്ടിത്തന്നു. മരിച്ചുപോയ സഖാക്കളുടെ പുസ്തകങ്ങളിലെ മങ്ങിയ അക്ഷരങ്ങൾപോലെ ഓർമകൾ. ചേച്ചി ഒളിവിൽ താമസിച്ചിരുന്ന ഗന്ധരാജൻ നിറഞ്ഞ പറമ്പിനുനടുവിലെ ഒറ്റമുറി വീട്. വിരൽതുമ്പാൽ പൊടിഞ്ഞുപോകുംവിധം പഴക്കമേറിയ കടലാസിൽ പ്രിയ സഖാവേയെന്ന് തുടങ്ങി ചരിവെഴുത്തിലുള്ള അവരുടെ കൈയൊപ്പിൽ അവസാനിക്കുന്ന ശുപാർശക്ക ത്തുകൾ...
""എടാ സായിപ്പേ... ക യല്ലടാ ഖ... സഖാവ്...''
ആരോ എനിയ്ക്കാ പൊള്ളുന്ന വാക്ക് വീണ്ടും തിരുത്തിതരുന്നു. വെന്ത മരച്ചീനിയിൽ തവിട്ടുനിറമുള്ള കാറ പാഞ്ഞതുപോലെ മുറിയിഗ്ലീഷ് പതിഞ്ഞ എന്റെ നാവിലതിന്റെ വീര്യം കെട്ടുപോകുന്നു... എന്നിട്ടും മുറ്റത്തുനിന്ന് മുഷ്ടിചുരുട്ടി ഞാൻ ഒരാവർത്തികൂടി വിളിച്ചു.
""ഈങ്ക്വിലാബ് സിന്ദാബാദ്..''
കാറിലേയ്ക്ക് കയറിയ എന്നെ പാട്രിസ് ചേർത്തുപിടിച്ചു...
""കോമ്രേഡ് പാ... വിഷമിക്കണ്ട... എനിയ്ക്കതിന്റെ ഒരു ഫോട്ടോയെടുത്താലും മതി.''

ജംഗ്ഷനിലെ വളവിൽ വണ്ടി പാർക്കു ചെയ്യുമ്പോൾ ഞാൻ വീണ്ടും നിരപ്പലകയ്ക്കു കുറുകേയുള്ള കമ്പിവടി കണ്ടു... പലചരക്കുകടയ്ക്കും ബാർബർഷാപ്പിനുമിടയിൽ ഞെരുങ്ങി അതേ അവസ്ഥയിലും രൂപത്തിലും സഖാവ് ചേച്ചി പടിയിറങ്ങിയ പാർട്ടിയാപ്പീസ്. അകത്ത് പോരാളിയുടെ പടമുള്ള ടീഷർട്ടും ജീൻസും ധരിച്ച ചെറുപ്പക്കാർ. നടുക്കിരിക്കുന്നവൻ മൊബൈലിലൂടെ ആരോടോ തർക്കിച്ചുകൊണ്ടിരുന്നു. ഡസ്‌ക്കിൽ താളംപിടിച്ച് വരിയും താളവും തെറ്റിച്ച് ഒരുത്തൻ ആ പഴയപാട്ടു കൊട്ടിപ്പാടുന്നു... ഞാൻ വാതിൽപടിയിൽ നിന്നു... നിറംമങ്ങിയ ചുവപ്പുതോരണങ്ങൾക്കും മാറാലപിടിച്ച ചില്ലുചിത്രങ്ങൾക്കും താഴെ ചേച്ചിയുടെ കസേര... ഡസ്റ്റുനിറഞ്ഞ ന്യൂസ്‌പ്പേപ്പർക്കെട്ടിനും നോട്ടീസുകൾക്കും മീതെ എന്റെയും രഘുവിന്റെയും സ്വരങ്ങളെ പ്രകമ്പനങ്ങളാക്കിയ വെളുത്ത കുഴൽ...
ഞാനങ്ങനെ വിറയോടെ നിൽക്കുമ്പോഴേക്കും മേശയിൽ കാലുകയറ്റിവെച്ച് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നവൻ തൊട്ടടുത്തിരുന്നവനെ തോണ്ടി.
""എടാ കെളവനോട് എന്താ കേസുകെട്ടെന്ന് ചോദിക്ക്.''
""കേറി വാ''
അവരെന്നെ അകത്തേയ്ക്കുവിളിച്ചു. പഴയ മെമ്മറീസെല്ലാം റീകളക്റ്റ് ചെയ്തുകൊണ്ടൊരു കാറ്റ് ജംഗ്ഷനിൽ നിന്ന് ഗാംഗ്‌സേറ്റേഴ്‌സിനെപ്പോലെ പാർട്ടിയാപ്പീസിലേയ്ക്ക് വീശി..
""അപ്പാപ്പനിരിക്ക് എന്താ കാര്യം... ഭൂമി വിട്ടുകൊടുക്കുന്ന കേസാണെങ്കിൽ ഇടപെടേണ്ടന്നാണ് മുകളിൽ നിന്നുള്ള നിർദേശം... ''
""അതൊന്നുമല്ല... എനിയ്ക്കൊരു സാധനം ഇവിടെനിന്ന് വേണമായിരുന്നു.''
ഞാനങ്ങനെ റിക്വസ്റ്റ് ചെയ്തതും മേശയിൽ കാല് കയറ്റിവെച്ചിരുന്നവൻ സ്മാർട്ട്‌ഫോൺ ഷർട്ടിന്റെ പോക്കറ്റിലേക്ക് കുത്തിക്കേറ്റിയിട്ട് എഴുന്നേറ്റു. മച്ചിലെ ചെമ്പുകോയിൽ നിറഞ്ഞ ഓൾഡ് ഫാൻ എന്നെ തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തോടെ പഴയ വേഗത്തിൽ കറങ്ങാൻ തുടങ്ങി...
""ഇവിടിപ്പ അതിനെന്താ ഉള്ളത്... പഴയ പത്രങ്ങളാണോ...''
പഴയപത്രക്കെട്ടിനു മുകളിൽ ശബ്ദമില്ലാതെ കിടക്കുന്ന കുഴലിലേയ്ക്ക് ഞാൻ തിളയോടെ നോക്കി.
""അപ്പാപ്പനെന്തിനാ ഈ കോളാമ്പിക്കുഴല്... അത് തരാൻ പറ്റില്ല. ഇതൊക്കെ ഞങ്ങളുടെ ചരിത്ര ത്തിന്റെ ഭാഗമാണ്...''
തിരിച്ചിറങ്ങുമ്പോൾ പാട്രിസ് എന്റെ തോളിൽ കൈവെച്ചു...
""കോമ്രേഡിനെ ഞാൻ നാണംകെടുത്തിയോ''
ഞാനൊന്നും മിണ്ടാതെ അവന്റെ കാറിന്റെ മുഞ്ഞിക്കുള്ള വെട്ടുപാടിൽ വിരലോടിച്ചുകൊണ്ട് വണ്ടിയിലേക്ക് കയറി. കണ്ണടച്ചിരിക്കുമ്പോൾ അവനാ പാട്ട് എനിക്കു വെച്ചുതന്നു... വീട്ടിലേയ്ക്കുള്ള വഴിയിലേയ്ക്കു തിരിയുമ്പോൾ പാട്രിസ് ചിരിച്ചുകൊണ്ടുപറഞ്ഞു.
""ഡെവലപ്‌മെന്റിനെക്കുറിച്ച് പറയുന്നതിനൊപ്പം അവർക്കാ പാർട്ടിയാപ്പീസൊന്നു മോഡിഫൈ ചെയ്തൂടെ... ഇതിപ്പോ കോമ്രേഡ് പായുടെ കഥകളീന്ന് ഒരു ചെയ്ഞ്ചുമില്ലാതെ....''

തിരിച്ചുവന്നപാടെ ഞാൻ കോലായിലെ ചാരുകസേരയിലിരുന്ന് ഉറങ്ങിപ്പോയി. കണ്ണുതിരുമ്മി എഴുന്നേൽക്കുമ്പോൾ പാട്രിസ് കുഴലും പിടിച്ച് മുന്നിൽ നിൽക്കുന്നു.
""കോമ്രേഡിനു എങ്ങനാ ഡീലു ചെയ്യേണ്ടതെന്ന് അറിയില്ല... കണ്ടില്ലേ ഞാൻ ചോദിച്ചപ്പോൾ അവര് തന്നത്...''
വിറയോടെ ഞാനതുവാങ്ങി ചുണ്ടോടുചേർത്തു. സഖാവ് ചേച്ചിയെഴുതിയ കുറിപ്പ് രഘുവാണ് നിവർത്തിപ്പിടിച്ചിരിക്കുന്നത്. എന്റെ പിടലി ഞരമ്പു ബൾജ് ചെയ്തു..
""പ്രിയ... സഖാക്കളെ....''
ഒച്ച കേട്ട് പാട്രിസ് വണ്ടറടിച്ചുനിൽക്കുമ്പോൾ ആരോ എന്നെ തിരുത്തി "ക' യല്ല "ഖ'.., സഖാവ്... ഇത്തിരിക്കൂടി സ്‌ട്രോങ്ങായി പറയണം... ▮


​ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 65-ൽ പ്രസിദ്ധീകരിച്ചത്.


ഫ്രാൻസിസ് നൊറോണ

കഥാകൃത്ത്​, നോവലിസ്​റ്റ്​. അശരണരുടെ സുവിശേഷം (നോവൽ), ആദാമിന്റെ മുഴ, ഇരുൾ രതി, പെണ്ണാച്ചി, തൊട്ടപ്പൻ, കക്കുകളിതുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments