സനിൽ നടുവത്ത്

ഗന്ധകപ്പശ

രുണർവ്വിനുശേഷം അയാളെ അമർത്തി ചേർത്തുപിടിച്ചുകൊണ്ട് അവൾ പറഞ്ഞു, "നിനക്ക് പറങ്കിപ്പശയുടെ ഗന്ധമാണ്...ആ ഗന്ധം നിന്നെ എന്നിലേക്ക് ആവാഹിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായിരിക്കുന്നു... വിട്ടു പോവാൻ കഴിയാത്ത വിധം ഇപ്പോൾ നീ എന്നിലമർന്നിരിക്കുന്നു’’.
ചിരിച്ചുകൊണ്ട് അയാൾ ചോദിച്ചു, "പറങ്കിപ്പശ... അതെന്താണ്?"

അയാൾ ആദ്യമായിട്ടായിരുന്നു പറങ്കിപ്പശ എന്ന വാക്കു തന്നെ കേൾക്കുന്നത്.

അവൾ അയാളുടെ മുകളിൽ നിന്ന് നിവർന്ന് അരക്കു നേരെയിരുന്ന് ഒന്ന് പിന്നിലേക്ക് ചാഞ്ഞ് പറഞ്ഞു, ''എനിക്ക് മാത്രമറിയാവുന്ന ഗന്ധം...ആ ഗന്ധം ഇപ്പോൾ നിന്നിലുണ്ട്. നിന്നിലൂടെ ആ ഗന്ധം ഞാൻ തിരികെ പിടിച്ചിരിക്കുന്നു.വർഷങ്ങൾക്കു ശേഷം എൻ്റെ പ്രിയപ്പെട്ട ഗന്ധം നിന്നിലൂടെ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു".

അവൾ എഴുന്നേറ്റ് നിന്ന് അയാൾക്ക് താങ്ങിനായ് കൈ നീട്ടിക്കൊണ്ട് പറഞ്ഞു, "വാ.... എൻ്റെ കൂടെ വാ..., നിനക്കറിയാത്ത പറങ്കിപ്പശ ഞാൻ കാണിച്ച് തരാം.അതിൻ്റെ ഗന്ധം നിനക്കനുഭവിക്കാം.നിൻ്റെ ഗന്ധം നിനക്ക് നിനക്കറിയാം മറ്റൊന്നിലൂടെ".

താൻ നഗ്നനാണെന്ന ബോധത്തോടെ അയാൾ അരയിലേക്ക് നോക്കി. അയാളുടെ നോട്ടം കണ്ടപ്പോൾ അവൾ ചിരിച്ചു. നേർത്ത നിലാവിൻ്റെ കൂട്ടുമായ് അവൾ അയാളുടെ കൈ പിടിച്ചു. ഏറുമാടത്തിൻ്റെ മുകളിൽ നിന്നും അവർ താഴേക്ക് നോക്കി. കൈകൾ വിടർത്തി പറക്കാനെന്ന പോലെ ഏറുമാടത്തിൻ്റെ വക്കിൽ അവൾ നിന്നു. അവളോട് പറ്റിച്ചേർന്ന് പിറകിൽ അയാളും.

പിറന്നു വീണ ശരീരങ്ങൾ ഒട്ടിച്ചേർന്നുനിന്നു.
ഒരു വലിയ പറവ കണക്കെ അവൾ താഴേക്ക് കുതിച്ചു. ഉയർന്നും താഴ്ന്നും അവൾ പറന്നു നടന്നു. അവളുടെ പിൻശരീരത്തിൽ മുഖമമർത്തി പറ്റിച്ചേർന്ന് അയാൾ കിടന്നു. ഒരു കുളിർ കാറ്റ് അവരെ തഴുകി നിന്നു. അയാൾക്ക് കണ്ണുകൾ തുറക്കാനായില്ല.

"നീ കാണുന്നുണ്ടോ ഈ കാഴ്ചകൾ?", അവൾ ചോദിച്ചു.
"ഇല്ല... ഞാനൊന്നും കാണുന്നില്ല."
"നോക്ക്.... " അവൾ പറഞ്ഞുതുടങ്ങി.
"ഇരുട്ടും നിലാവും ഒരുപോലെ കട്ടകുത്തി നിൽക്കുന്ന, തണുത്ത ഇളം കാറ്റ് പകർന്ന് നിൽക്കുന്ന ഈ രാത്രിയിൽ, വാനിലമ്പിളിക്കും താഴെ പച്ചപ്പിലാണ്ട പുഞ്ചപ്പാടത്തിനും ഇടയിൽ നക്ഷത്രങ്ങൾ മിന്നി പ്രകാശിക്കുന്ന ഈ വേളയിൽ ഇവിടെ വെച്ച്, ഈ ആകാശപ്പറമ്പിൽ വെച്ച് നിൻ്റെ പറങ്കിപ്പശയുടെ ഗന്ധം എനിക്കൊന്നുകൂടെ ആസ്വദിക്കണം."

ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

അയാൾ ചിരിച്ചമരുന്നതിനു മുമ്പേ അവൾ മലർന്നുകിടന്നു.
ആ പറവയാത്രയിൽ ഒരുണർവ്വിനു കൂടി അവൾ അയാളെ ചേർത്തു പിടിച്ച് ഉമ്മകൾ വെച്ചു...
ഓരോ ഉമ്മകൾ കൈമാറും തോറും അയാളുടെ പറങ്കിപ്പശയുടെ മണം ചുറ്റും പടർന്നു നിന്നു. അവൾ അതിൽ ആവേശം കൊണ്ടുകൊണ്ട് പറഞ്ഞു, "പാലപ്പൂവിനെ കടത്തിവെട്ടും നിൻ്റെ ഗന്ധം. ഈ രാത്രിയിൽ നിൻ്റെ ഗന്ധം ഇവിടെ ഇങ്ങനെ പടർന്നാൽ യക്ഷികൾ പോലും നിന്നോട് കാമാതുരയായിത്തീരും".

അയാൾ അവളുടെ നിമ്നോന്നതങ്ങളിലേക്ക് കത്തിപ്പടരുകയായിരുന്നു അപ്പോൾ.
മറ്റൊരു ഉണർവ്വിൻ്റെ അടങ്ങലിനു ശേഷം പ്രകൃതിയിൽ നഗ്നരായിക്കിടക്കുന്നതിനെക്കുറിച്ചോർത്തപ്പോൾ അയാൾക്ക് നാണം തോന്നി. അയാളത് സൂചിപ്പിക്കുകയും ചെയ്തു.

''മാന്യനായ കുലപുരുഷാ... ഇന്നത്തെ രാത്രി നമ്മൾ നഗ്നരാണ്... നമ്മളാ പറങ്കിപ്പശയുടെ ഗന്ധം കേൾക്കാൻ പോവുകയാണ്...'', അവളുടെ ഓരോ വാക്കിലും ചലനത്തിലും എന്തെന്നില്ലാത്ത ഒരു ധൃതിയുള്ളതായി അയാൾക്ക് തോന്നി.

തൻ്റെ കൈ പിടിച്ച് വലിച്ചുവെച്ച കാലുമായ് പൂർണ്ണ നഗ്നയായി അന്തരീക്ഷത്തിൽ നടന്നു നീങ്ങുന്ന അവളോട് അയാൾക്കപ്പോൾ ഒരു വികാരവും തോന്നിയില്ല. എല്ലാം അമർന്ന് കഴിഞ്ഞിരുന്നു. അപ്പോഴും നിലാവിനും ഇരുട്ടിൻ്റെ കനമുണ്ടായിരുന്നു. ഇടക്കിടെ അയാൾ തൻ്റെ തന്നെ ശരീരത്തിലേക്ക് ആകാംക്ഷാപൂർവ്വം നോക്കി. ഇടക്ക് ആ നോട്ടം അവളിലേക്കും മാറി ചെന്നു.

നിലാവിലും അവളുടെ വെളുത്ത നിതംബം അയാളുടെ കണ്ണുകളിൽ ഉടക്കി നിന്നു. അവളുടെ സൗന്ദര്യത്തിൽ നിന്ന് വേർപെടാൻ തനിക്കും കഴിയുന്നില്ലല്ലോ എന്നയാൾ ഓർത്തു. കണ്ണിലുടക്കി കടന്നുപോയ മരങ്ങൾ കണ്ടപ്പോൾ അയാൾ അത്ഭുതപ്പെട്ടു. ഇടയിൽ യക്ഷിമരം കണ്ടപ്പോൾ അയാളൊന്ന് നിന്നു.അവൾ അയാളെ പിടിച്ചുവലിച്ചു.

"ഇതെൻ്റെ നാടാണ് ", അയാൾ പറഞ്ഞു.
അയാളുടെ പറച്ചിൽ കേട്ട് അവൾ നിന്നു.
"അത് കണ്ടോ നീ... അതാണ് യക്ഷി മരം..."
അയാൾ പറഞ്ഞത് കേട്ട് അവൾ ആ മരത്തിലേക്ക് നോക്കി. എന്നിട്ട് ആ മരത്തിൻ്റെ ചരിത്രം അവൾ അയാൾക്ക് പറഞ്ഞുകൊടുത്തു.

പണ്ടൊരാൾ ചുടലപറമ്പ് മൈതാനം കടന്ന് ചാമ്പ്ര വഴി ഇരുട്ടത്ത് വരികയായിരുന്നു. പെട്ടന്നാണ് മുന്നിലെ മരം ഒന്നാകെ ഒന്നിളകിയാടിയത്. ആ ഇളക്കത്തിൽ മരത്തിലെ കിളികളാകെ പേടിച്ച് വലിയ ഒച്ചവെച്ച് പറന്നുപോയി. ഒച്ചകേട്ട് അയാളും ഭയന്നു. മരത്തിലേക്ക് നോക്കിയപ്പോൾ അതൊരു മരമായിരുന്നില്ല. ഭീമാകാരമായ ഒരു സ്ത്രീരൂപം.
ഒന്നല്ല മൂന്ന് സത്രീ രൂപങ്ങൾ.
അയാൾ ഭയന്ന് ഒച്ച വെച്ചെങ്കിലും ആരും കേട്ടില്ല. ഭയപ്പാടിൽ അയാൾ നിലത്ത് വീണു. എഴുന്നേൽക്കാൻ കഴിയാതെ നിലത്ത് കിടന്ന് അയാൾ ഉരുണ്ടു.അങ്ങനെ ഉരുണ്ടുരുണ്ടാണ് അയാൾ വീട്ടിലെത്തിയത്.
അങ്ങനെ അതൊരു യക്ഷിമരമായി.

ഉണർന്നപ്പോൾ വീട്ടുകാർ കണ്ടത് മേല് മുഴുവൻ മുറിവ് പറ്റി പനിച്ച് വിറക്കുന്ന അയാൾ മുറ്റത്ത് പൂഴിമണലിൽ കിടന്ന് ഉഴലുന്നതാണ്.

അങ്ങനെയൊരു കഥ യക്ഷി മരത്തെക്കുറിച്ച് അയാൾ ആദ്യമായി കേൾക്കുകയായിരുന്നു. അയാൾ കേട്ട കഥ മറ്റൊന്നായിരുന്നു.

സെക്കൻ്റ് ഷോ സിനിമ കണ്ട് സൈക്കിളിൽ വരികയായിരുന്ന സഞ്ചി നായർ മരത്തിനടുത്തെത്തിയപ്പോൾ ഒരു ചിരി കേട്ടു.
മൂന്ന് പെണ്ണുങ്ങളുടെ ചിരി.
പിന്നെ കണ്ടത് യക്ഷി മരം നടന്നുപോവുന്നതാണ്. സഞ്ചി നായരുടെ അടുത്തെത്തിയപ്പോൾ മരം മൂന്നായി. അപ്പോൾ മരത്തിന് മൂന്ന് പെണ്ണുങ്ങളുടെ രൂപമായിത്തീർന്നു. സഞ്ചിനായർ പേടിച്ച് സൈക്കിളിലിരുന്ന് മൂത്രമൊഴിച്ചുപോയി. അയാൾ ആഞ്ഞ് സൈക്കിൾ ചവുട്ടി. പക്ഷേ സൈക്കിൾ നീങ്ങുന്നുണ്ടായിരുന്നില്ല.

രാവിലെ ആളുകൾ കണ്ട കാഴ്ച സ്റ്റാൻ്റിലിട്ട സൈക്കിളിലിരുന്ന് പരിസരം മറന്ന് ആഞ്ഞ് സൈക്കിൾ ചവിട്ടുന്ന സഞ്ചി നായരെയാണ്.

യക്ഷിമരം അതോടെ പല രൂപത്തിൽ പിറന്നു.
മരത്തിൻ്റെ കഥ ദേശം കടന്ന് വളർന്നു.
മരം കാണാൻ ആളുകൾ എത്തി.
മരം നിന്ന സ്ഥലം സ്ക്കൂൾ വകയായിരുന്നു.

ദൂരദേശത്ത് നിന്ന് ആളുകൾ എത്തിയപ്പോൾ, ഉള്ള സ്ഥലത്ത് കച്ചവടക്കാർ പലതരം ബിസിനസ്സ് തുടങ്ങി. രാത്രിയേറെ ചെല്ലുവോളം ഒച്ചയും ബഹളവുമായി. മരം കണ്ട് ആളുകൾ അത്ഭുതം കൂറി. മരത്തിന് പല ഭാഗത്ത് നിന്നു മായി മൂന്ന് സ്ത്രീരൂപങ്ങൾ കണ്ടെത്താൻ ശ്രമിച്ച് ആളുകൾ സായൂജ്യമടഞ്ഞു.

അവൾ പറഞ്ഞ കഥയും തൻ്റെ കഥയും വ്യത്യസ്തമാണല്ലോ എന്ന് അയാളും തിരിച്ച് അവളും ആലോചിച്ചു.
"അതല്ല നിനക്കെങ്ങനെ എൻ്റെ നാട്ടിലെ കഥയറിയാം" അയാൾ അത്ഭുതത്തോടെ ചോദിച്ചു.
അവൾ ചിരിക്കുക മാത്രം ചെയ്തു.

"ഒരാൾക്ക് മാത്രമായി ഒരു നാടുമില്ല", അവളുടെ ചിരി പൊട്ടിച്ചിരിയായി.

കഥ വിട്ടപ്പോൾ അയാൾ വഴികളെ നോക്കി അത്ഭുതപ്പെട്ടു. സ്വപ്നത്തിലോ യാഥാർത്ഥ്യത്തിലോ എന്നറിയാതെ അയാൾ തലയിളക്കി നോക്കി. വളവ് കഴിഞ്ഞ് നിവർന്നെത്തിയ വഴി കണ്ടപ്പോൾ അതും തനിക്ക് അറിയാവുന്ന സ്ഥലമായി അയാൾക്ക് തോന്നി.

മനക്കലെ വഴി.

വഴിയായിരുന്നില്ല തോടായിരുന്നു പണ്ട്. ഓർമ്മയിൽ തികട്ടി വന്ന തണുത്ത വെള്ളം അയാളിൽ കുളിര് കോരി.

അയാൾ താഴേക്ക് താഴ്ന്ന് ഇടതുകാൽ കൊണ്ട് അവളുടെ നേരെ വെള്ളം ചീറ്റി. പക്ഷേ അതവളുടെ മേലെത്തിയില്ല. അയാൾക്കപ്പോൾ അമ്മിണിയെ ഓർമ്മ വന്നു. തോർത്ത് വെച്ച് അമ്മിണിക്കൊപ്പം മീൻ പിടിച്ചത് ഓർമ്മ വന്നു. മീൻ പിടിച്ച സോപ്പുപെട്ടിയുമായി അമ്മിണി ഓടുമ്പോൾ പിന്നിൽ നിന്നും അയാൾ കാലുകൊണ്ട് അവളുടെ നേരെ വെള്ളം ചീറ്റുമായിരുന്നു.

അയാൾക്ക് കൃഷ്ണൻ നായരേയും ഓർമ്മ വന്നു. മനക്കലെ വഴി മുഴുവൻ വേണം കൃഷ്ണൻ നായർക്ക് നടക്കാൻ. കൂടുതലും നരച്ച കുറ്റിത്താടിയും കുറ്റിമീശയുമുള്ള കൃഷ്ണൻ നായർക്ക് നല്ല ഉയരവും ഒത്ത വണ്ണവും ഉണ്ടായിരുന്നു. കുട്ടികൾക്ക് കൃഷ്ണൻ നായരുടെ വക കടല മുട്ടായി വെറുതെ കിട്ടും. ചുടലപറമ്പിന് മുന്നിലെ കൃഷ്ണൻ നായരുടെ പീടികയിൽ മുട്ടായിക്ക് വേണ്ടി കുട്ടികൾ വട്ടം കെട്ടി നിൽക്കും. ഒരു ദിവസം ഒരു മുട്ടായിയേ കൃഷ്ണൻ നായർ തരൂ. കിട്ടുന്നത് കടലമുട്ടായി ആയിരിക്കും. അത് എല്ലാവരും കൂടി വീതിച്ചെടുക്കണം.
വല്ലപ്പോഴും ഒരു ലോസഞ്ചർ മുട്ടായി അധികം കിട്ടും.
അമ്മിണിക്ക് മുട്ടായി കിട്ടിയാൽ അവളത് നേരെ വായിലേക്കിട്ട് ഒറ്റ ഓട്ടമാണ്.
അപ്പോളയാൾ പിറകെ ഓടും. ഇടവഴിയിലെ വെള്ളം ഈറയോടെ അവളുടെ മേലേക്ക് തെറിപ്പിക്കും. പക്ഷേ അവളെ തൊടാൻ കിട്ടില്ല.
അയാളുടെ മനോവിചാരങ്ങളെ ഉണർത്തിക്കൊണ്ട് അവൾ പറന്നിറങ്ങിയത് ഒരു വലിയ മരത്തിന് ചുവട്ടിലായിരുന്നു.
അയാൾ ചുറ്റും നോക്കി. എങ്ങും മരങ്ങൾ.
അതിനിടയിൽ വേറിട്ട് നിൽക്കുന്ന ഒരു മരം.
ആ മരം നിറയെ പൊത്ത്.
"ഈ മരം ഇപ്പോഴും വീണില്ലേ?", അയാളുടെ ചോദ്യം കേട്ട് അവൾ പൊട്ടിച്ചിരിച്ചു.
"നിനക്കീ മരം അറിയുമോ?"
"അറിയും.... ഇതെൻ്റെ മരമായിരുന്നു. ഈ മരത്തിൽ അന്നും നിറയെ പൊത്തുകളാണ്. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഛന് സ്ഥലം മാറ്റം കിട്ടി ഇവിടെ നിന്നും ഞങ്ങൾ പോയത്.
ഇതൊരു കാവാണ്. കാവിനപ്പുറം അക്കാണുന്നത് വേട്ടേക്കരൻ ക്ഷേത്രമാണ്. ആ ക്ഷേത്രത്തിൽ നിന്നാണ് പല നിറത്തിലുള്ള പൊടികൾ കൊണ്ട് ഉണ്ടാക്കിയ വേട്ടേക്കരൻ്റെ മനോഹരമായ രൂപം രാത്രി ഏറെ വൈകി ഉറച്ചിലെടുത്ത് ഒരാൾ മായ്ച്ച് കളയുന്നത് കണ്ട് ഞാൻ കരഞ്ഞത്. അതിനും കുറച്ചപ്പുറം ശിവക്ഷേത്രവും കുളവുമുണ്ട്. ആ കുളത്തിൽ മത്സരിച്ച് നീന്തി കൈകാൽ കുഴഞ്ഞ് ഞാൻ മുങ്ങിത്താണിട്ടുണ്ട്."

അയാളുടെ വർത്തമാനം കേട്ട് അവൾ ചിരിച്ചു.

"ഞാനിവിടെ വന്നത് അഞ്ചിൽ പഠിക്കുമ്പോഴാണ്.അമ്മക്ക് പണിക്കരുടെ സ്ക്കൂളിൽ ടീച്ചറായി ജോലി തരപ്പെട്ടു. അങ്ങനെ എത്തിപ്പെട്ടതാണ് ഞാൻ. സ്ക്കൂൾ വിട്ടു വന്നാൽ ഞാനീ മരച്ചുവട്ടിൽ വന്ന് നിൽക്കും. പക്ഷികളുടെ ശബ്ദം കേൾക്കാൻ. ഇലകളുടെ ആട്ടം കാണാൻ. തുമ്പികളുടെ മൂളൽ കേൾക്കാൻ. അപ്പോഴാണ് ഞാനറിയാതെ എന്നെയാഗന്ധം പിടിമുറുക്കിയത്."

"എന്ത് ഗന്ധം?''

''ഞാൻ പറഞ്ഞില്ലേ... നിൻ്റെ ഗന്ധം. അതിന് സുഗന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. ഒരു മദിപ്പിക്കുന്ന ഗന്ധം.... അന്നാണ് ആദ്യമായി എൻ്റെ കാലിനിടയിൽ നിന്നും ചോര പടർന്നതും ഞാനാർത്ത് നിലവിളിച്ചതും. പൊള്ളിപ്പനിച്ച് അന്ന് ഞാൻ നിലത്ത് വീണു. അടുത്ത വീട്ടിലെ കുഞ്ഞുകുട്ടിയമ്മ ഉപ്പും മുളകും ഊതി അടുപ്പിലിട്ട് പറഞ്ഞു എന്തോ കണ്ട് പേടിച്ചതാണെന്ന്".

കുഞ്ഞുകുട്ടിയമ്മയെ അയാൾക്കും അറിയാമായിരുന്നു. കുട്ടിക്കാലത്ത് അയാളുടെ പനി മാറ്റിയതും കുഞ്ഞുകുട്ടിയമ്മയാണെന്ന് അയാൾ അമ്മ പറഞ്ഞ് കേട്ടിരുന്നു.

"വാ.. എന്നോട് ചേർന്ന് നിൽക്ക്’’, അവൾ പറഞ്ഞു.
അയാൾ അവളുടെ അടുത്ത് വന്നുനിന്നു.

അവൾ ആ മരത്തോട് ചേർന്ന് മുഖമമർത്തി മണം പിടിച്ചു. അയാളും അത് നോക്കി അങ്ങനെ ചെയ്തു.

"ദാ അങ്ങോട്ട് നോക്ക്...", അയാൾ അവൾ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.
മരം പൊട്ടിയൊലിച്ച് നിൽക്കുന്നു. കട്ടപിടിച്ച് കൂനയായി... അതിൽ നിന്നും ഒരു ഗന്ധം പടരുന്നു.
അയാൾക്കപ്പോൾ അമ്മിണിയെ ഓർമ വന്നു.
അമ്മിണി പറഞ്ഞതും ഓർമ്മ വന്നു.
"എടാ ചെക്കാ അത് നോക്ക് ... അതാണ് ഗന്ധകപ്പശ... അതിന് നിൻ്റെ മണമുണ്ട്."

ഒരു കാറ്റടിച്ചപ്പോൾ അയാൾ ചിന്തകളിൽ നിന്നുണർന്നു. മരത്തിൽ നിന്നും പൊട്ടിയൊലിക്കുന്ന ശർക്കരപ്പാവിൻ്റെ നിറമുള്ള ഗന്ധം വമിക്കുന്ന അതിലേക്ക് അയാൾ തല അടുത്ത് വെച്ച് മണത്തു നോക്കി. പിന്നെ തൻ്റെ ശരീരവും മണത്തു.

അതെ, രണ്ടിനും ഒരേമണം... ഏതാണ്ടൊരേ നിറം.
അയാളിൽ ഒരു പുഞ്ചിരി പടർന്നു.
"നീയാരാണ്?", അയാൾ അവളോട് ചോദിച്ചു.

"നീ എൻ്റെ അമ്മിണിയല്ലേ.. അമ്പലക്കുളത്തിൽ ഞാൻ മുങ്ങിത്താഴുമ്പോൾ ആർപ്പിട്ടു നിലവിളിച്ച എൻ്റെ അമ്മിണി.. തോട്ടുവഴിയിൽ തോർത്ത് മുണ്ട് വെച്ച് മീൻപിടിക്കാൻ കൂടെ നിന്ന എൻ്റെ അമ്മിണി. കൃഷ്ണൻ നായരുടെ കടല മുട്ടായി തട്ടിപ്പറിച്ചോടിയ എൻ്റെ അമ്മിണി...'', അവൾ പൊട്ടിച്ചിരിച്ചു

"നിൻ്റെ അമ്മിണി ആള് കൊള്ളാലോ. അതിരിക്കട്ടെ നിൻ്റെ അമ്മിണി ഇപ്പോൾ എവിടെ ഉണ്ട്"
"എനിക്കറിയില്ല. നിന്നിൽ പലപ്പോഴും അവളെ ഞാൻ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ഇതാ എൻ്റെ ഗന്ധത്തിലും"
അവൾ വീണ്ടും ചിരിച്ചു

"പ്രണയത്തിന്, ഇഷ്ടത്തിന്, സ്നേഹത്തിന് ഒക്കെ അങ്ങനെ ഒരു കുഴപ്പമുണ്ട്. അത് താനല്ലയോ ഇത് എന്ന് തോന്നും...നീ വാ.."
അവൾ അയാളുടെ കൈ പിടിച്ച് മരപ്പൊത്തിലേക്ക് ഇറങ്ങി നിന്നു.നേരെ മുകളിലേക്ക് നോക്കിയപ്പോൾ പല പല കാഴ്ചകൾ ഇരുവരും കണ്ടു. കാഴ്ചകൾ മാറിമറിഞ്ഞ് അതവസാനം ഏറുമാടത്തിന് മുന്നിലെത്തി. അപ്പോഴാണ് മരത്തിൻ്റെ ഉയരം അവർ ശ്രദ്ധിച്ചത്.മാനത്തോളം വളർന്ന ഭീമാകാര രൂപം പൂണ്ട മരം. ഇലകൾക്കിടയിലൂടെ വീശിയ വെള്ളി വെളിച്ചം ഇമകളിറുക്കി അവർ നോക്കിക്കണ്ടു.

മരപ്പൊത്ത് നിറയെ പറങ്കിപ്പശ പറ്റി നിൽക്കുന്നു.
"നമുക്ക് പോകാം...ഉയരങ്ങളിലേക്ക്’’, അവൾ പറഞ്ഞു.
"ഏറ്മാടത്തിലേക്കോ?....എങ്ങനെ?"
അയാൾ അത്ഭുതത്തോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി.
അവൾ അയാളുടെ നെഞ്ചിലേക്ക് മുഖവും മൂക്കും അമർത്തിവെച്ച് അമ്മിണിയുടെ ഗന്ധകപ്പശ ആവാഹിച്ചെടുത്തു. പിന്നെ അയാളേയും കൊണ്ട് ഉയർന്ന് പൊങ്ങി. അപ്പോൾ മരപ്പൊത്തിൽ നിന്ന് ഗന്ധകപ്പശ പടർന്ന് അതിൻ്റെ ഗന്ധം എങ്ങും പരന്നു.

പൊത്തുകൾ വീണ മരത്തിനുള്ളിലേക്ക് പുറത്തുനിന്ന് കുളിർകാറ്റുകൾ വീശിക്കൊണ്ടിരുന്നു. കാറ്റിലും ഗന്ധകപ്പശയുടെ ഗന്ധം മുറ്റി നിന്നു.അവൾ കൂടുതൽ വികാരവിവശയായി.

അവൾ പറഞ്ഞു, "ഈ പൊത്തിനുളളിൽനിന്ന് എനിക്ക് നിന്നെ അറിയണം... നിൻ്റെ അമ്മിണിയുടെ ഗന്ധകപ്പശയുടെ മണം, അഥവാ ഞാനാസ്വദിച്ച എൻ്റെ പറങ്കിപ്പശയുടെ മണം എനിക്കൊന്നു കൂടെ ആസ്വദിക്കണം... "

അവളിൽ നിന്നുയർന്ന ശീൽക്കാരശബ്ദങ്ങൾ കാറ്റിൽ മുഴങ്ങിക്കൊണ്ടിരുന്നു.

Comments