ചിത്രീകരണം: സൂരജ കെ.എസ്​.

ശരീരം... പ്രണയദാഹം

30 വർഷം മുമ്പ് നടന്ന എന്റെ ജീവിത കഥയാണിത്.
ഞാൻ ഒരു സ്വപ്നം കണ്ടു ഞെട്ടിയുണർന്നു. അപ്പോൾ മുറിയിൽ കൂരാക്കുരിരുട്ടായിരുന്നു. ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളെ എനിക്കു പേടിയാണ്. മിക്ക സ്വപ്നങ്ങളും ദുരന്തങ്ങളുടെ കല്ലും മണ്ണും മരവും കൂട്ടിച്ചേർത്തുണ്ടാക്കിയതാണ്. അതെപ്പോഴും ഒരു ഭൂമി കുലുക്കത്തിലെന്നവണ്ണം എന്റെ തലയിലേക്ക് ഇടിഞ്ഞു പൊളിഞ്ഞു വീണ് എന്നെ ഭൂമിയുടെ അഗാധതയിലേക്ക് കൊണ്ടുപോയി മൂടുകയാണ് പതിവ്.
അപ്പോഴൊക്കെയും എന്റെ മനസിൽ തീർത്താൽ തീരാത്ത സങ്കടം; പെയ്തൊഴിയാത്ത മഴ പോലെ ചാഞ്ഞും ചരിഞ്ഞും പെയ്യും.
ഞാനതിൽ നനഞ്ഞു കുളിർന്നു വിറച്ചു കിടക്കും.
എന്റെ വിധി എന്നല്ലാതെ എന്തു പറയാൻ?
എനിക്ക് ഇരുപത്തിയെട്ടുവയസു കഴിഞ്ഞു.

ഞാൻ എന്റെ ശരീരത്തിന്റെ ആവശ്യങ്ങൾ കൃത്യമായി പാലിച്ചുകൊടുക്കാത്ത ക്രൂരനായ ഒരു മനുഷ്യനാണെന്ന് അതെന്നെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കും.
ഞാൻ അപ്പോൾ പിടിച്ചു നിൽക്കാനായി എന്റെ ശരീരവുമായി കലഹിക്കും. ഞാൻ എന്തു ചെയ്യാനാണെന്നു അതിനോട് ചോദിക്കും. അതേചൊല്ലി ഞങ്ങൾ തമ്മിൽ പരസ്പരം തെറി വിളിയും അട്ടഹാസവും ഉയരും. അതോടെ എനിക്ക് ദേഷ്യം സഹിക്കാനാകാതെ ഞാൻ എന്റെ ശരീരത്തെ, എന്റെ കയ്യിൽ കിട്ടിയതുവെച്ച് അച്ചാലും മുച്ചാലും അടിക്കും.
ശരീരം അപ്പോൾ ഭർത്താവിന്റെ കയ്യിൽ നിന്നും അടിയും തൊഴിയും ഏറ്റുവാങ്ങി, മുറിയുടെ മൂലയ്ക്ക് പോയിരുന്നു മൂക്കുപിഴിഞ്ഞു കരയുന്ന ഭാര്യയെ പോലെയാകും. ശരീരമെന്നോട് കരഞ്ഞുചോദിക്കും.

""ഉണ്ണാനും ഉടുക്കാനും മാത്രം മതിയോ? എന്റെ കഴപ്പ് ആരു തീർത്തു തരും? അല്ല ഞാൻ ഒന്നു ചോദിച്ചോട്ടെ? അറ്റ്‌ലീസ്റ്റ്‌ നിങ്ങട ശരീരത്തി പ്രണയമെങ്കിലും എന്നെങ്കിലും ഉണ്ടാകുമോ?''

ആ ചോദ്യത്തിനു മുമ്പിൽ ഞാൻ കീഴടങ്ങും. ഞാൻ ശരീരത്തിന്റെ ആവശ്യങ്ങൾ തീർത്തു കൊടുത്തിട്ടില്ലല്ലോ? ഗാഢമായി ആരേയും പ്രണയിച്ചിട്ടില്ലല്ലോ?
അപ്പോൾ ശരീരത്തിന്റെ പിറുപിറുപ്പ് എന്റെ നേരെ ഉയരും.

""പുരുഷനാണു പോലും. ഇരുപത്തിയെട്ടുവയസായി. ഇന്നുവരെ കാമം പോട്ടെ, ഒരു പൈങ്കിളി പ്രണയം പോലുമില്ലാത്ത സാധനം.''

അയ്യോ അയ്യോ... ശരീരം എന്നെ, അതിന്റെ കൂർത്ത നഖമുനകൾ കൊണ്ട് മേലാകെ മാന്തിക്കീറുന്നു. പരിഹസിക്കുന്നു. വല്ലാത്ത നീറ്റലും പുകച്ചിലും. എന്റെ മുതുകിലും മുഖത്തും ഉഴവുചാലിലെന്നവണ്ണം പ്രണയം രക്തമായി ഒഴുകിപ്പരന്നു. ശരീരത്തിന് ഒരു സ്വസ്ഥതയുമില്ല. എന്തു ചെയ്യാം. എന്റെ അവസ്ഥ എനിക്കല്ലേ അറിയൂ. ഞാനെന്റെ കാര്യം നിങ്ങളോട് പറയാം.

പറയുന്നത് വിട്ടു പോകാതെ കേൾക്കണം. ഈ കഥയിൽ ഞാൻ തേടിപ്പോയ പ്രണയത്തിനെക്കുറിച്ചാണ് എനിക്കു പറയാനുള്ളത്. ആഗ്രഹം ഉണ്ടായിട്ടും പ്രണയിക്കാൻ കഴിയാത്ത ഒരാളാണ് ഞാൻ. അതെന്റെ പരിമിതി... പ്രണയത്തിന്റെ കാല്പനികമായ ചില രീതികൾ എനിക്കറിയാൻ പാടില്ലാത്തതു കൊണ്ട് പ്രണയിക്കാനായി ഞാൻ തെരഞ്ഞെടുത്ത സ്ത്രീകൾ എന്റെ മുഖം കാണുമ്പോൾ വാതിലുകൾ കൊട്ടിയടച്ചു. അപ്പോഴാണ് പ്രണയം വല്ലാത്ത ഒരു ബാലികേറാമലയാണെന്ന് എനിക്കു ബോധ്യമായത്.

അല്ല, എന്റെ ഒരു പ്രകൃതമേ .... ഞാൻ അതിനൊന്നും കൊള്ളാത്തവനാണെന്ന ഒരുതരം മറ്റേടത്തെ ചിന്ത എന്നെ വിറളിപിടിപ്പിക്കും. മുള്ളുമ്മേൽ കാൽവെച്ച് തൊഴിക്കാനാ അപ്പോ എനിക്കു തോന്നുക. അല്ലങ്കി വല്ല മുള്ളുമുരിക്കേ ശരീരം ഉരച്ച് പെടച്ചു കേറാൻ...

ഞാൻ ഇരിപ്പിലും നടപ്പിലും, എന്തിന് ചിന്തയിൽ പോലും ഒരു പരുക്കനായ മനുഷ്യനാണെന്നാണ് കൂട്ടുകാർ പറയുന്നത്. എന്നെ കണ്ടാൽ ഒരു പെണ്ണിനും പ്രണയം പൂക്കാൻ പാകത്തിലല്ലായിരുന്നു എന്റെ പെരുമാറ്റം. ഞാൻ എന്നെ ഇങ്ങനെ രൂപപ്പെടുത്തി. പ്രണയാതുരമായ നോട്ടത്തിനു പകരം ഞാൻ നോക്കുന്നത് കാമവെറിയുള്ള ഒരു വിടന്റെ നോട്ടമായിരുന്നു. ഒരുതരം പ്രാക്ടീസ്. അതു കൊണ്ട് കാര്യമായ മാറ്റമൊന്നും സംഭവിക്കുന്നുമില്ല. എന്നാലും തോൽക്കാൻ എനിക്കു മനസില്ല എന്ന് ആകാശത്തിലേക്ക് കൈ ഉയർത്തി ഞാൻ വിളിച്ചു കൂകി.

മൂർഖൻ എന്ന സിനിമയിലെ ടി.ജി. രവി അവതരിപ്പിച്ച കഥാപാത്രം എന്നെ വളരെ അധികം സ്വാധീനിച്ചതിനാൽ എന്റെ നോട്ടവും ഭാവവും ചിന്തയുമൊക്കെ എപ്പോഴും ആ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി നിന്നു. എനിക്ക് മലയാള സിനിമയിൽ ആകെ ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ ബലാൽസംഗം ഉള്ള സിനിമകളായിരുന്നു.

എം.ഗോവിന്ദൻ കുട്ടിയും ബാലൻ കെ. നായരും ജോസ് പ്രകാശും ഉമ്മറുമൊക്കെയായിരുന്നു എനിക്ക് പ്രിയപ്പെട്ട നടന്മാർ. പ്രേംനസീറിനെ എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. പിന്നീട് പ്രണയം വേണമെന്ന് തോന്നിയപ്പോൾ ഞാൻ എന്റെ മനസിൽ നിന്നും വില്ലൻ നടന്മാരെയൊക്കെ ആട്ടിയിറക്കിവിട്ടു. എന്നിട്ട് ഉള്ളിൽ പ്രേംനസീറിനെ ആരാധിക്കാൻ തുടങ്ങി. എങ്ങനെയുണ്ട് എന്റെ ഇരട്ടത്താപ്പ് നയം?

ഞാൻ ഒരു കെട്ടിടത്തൊഴിലാളിയാണ്. ശരിക്കും പറഞ്ഞാൽ വാർക്കപ്പണിക്കാരൻ. കമ്പിവളച്ചും സിമന്റ് ചട്ടിയെറിഞ്ഞും കോൺക്രീറ്റ് ഷവലിനു കോരിയുമൊക്കെ എന്റെ ഉള്ളംകൈ പരുപരുത്തു പോയിരുന്നു.
പ്രേമാർദ്രമായ സ്പർശത്തിനോ തലോടലിനോ ഒന്നും എന്റെ കൈ കൊള്ളില്ലായിരുന്നു. വാർക്കപ്പണി കിട്ടാത്ത കാലങ്ങളിൽ ഞാൻ റൂഫ് ട്രസ്സിന്റെ പണിക്കു പോകുമായിരുന്നു.

അവിടെ വച്ച് സൗഹൃദം പുതുക്കാൻ വരുന്ന ഏതെങ്കിലും ഒരു ഹെൽപ്പർ പെണ്ണിന് ഹലോ എന്ന് പറഞ്ഞ് കൈ കൊടുക്കുമ്പോൾ അവർ കൈ വേഗം വിടുവിച്ച് എന്നോട് ചോദിച്ചിട്ടുണ്ട്.

""ഇതെന്ത് കയ്യാ... കാരിരുമ്പാ... നീയെന്റെ മുലക്കോ ചന്തിയിലോ പിടിച്ചാ എന്താകും സ്ഥിതി?''

അതോടെ എന്റെ മനസും കൈയും പിടിവിട്ടു പോന്നു. ഒരു മയവും ഇല്ലാത്ത ഒരാൾ. അന്നെന്റെ രൂപം വരച്ചാൽ ഇങ്ങനെയായിരുന്നു. കാലിഞ്ച് നീളം നിർത്തി, പറ്റെ വെട്ടിയ മുടി. ചാക്കു പോലെ കട്ടിയാർന്ന ഒരു മുറിക്കയ്യൻ ഷർട്ട്‌. കണങ്കാലിനു മുകളിൽ ഒരു ഒറ്റമുണ്ട്. മിക്കപ്പോഴും വായിൽ മുറുക്കാനോ, പീടയോ ഉണ്ടാകും. സിഗരറ്റും ബീഡിയും ഇഷ്ടമല്ല. പക്ഷെ കഞ്ചാവു നിത്യവും നിർബന്ധം.

കടമ്മനിട്ടയുടെ കുറത്തി ഇഷ്ടമായതിനാൽ കഞ്ചാവിന്റെ ലഹരിയിൽ തൊണ്ട പൊട്ടുമാറുച്ചത്തിൽ ഉറക്കെ അതു പാടും.

""നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ? നിങ്ങളവരുടെ നിറഞ്ഞകണ്ണുകൾ ചൂഴ്ന്നെടുക്കുന്നോ? നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്...''

കടമ്മനിട്ട മാത്രമല്ല എ. അയ്യപ്പനും ചുണ്ടിൽ വിളയാടും.

""കുഷ്ഠരോഗി വച്ചുനീട്ടുന്ന അപ്പത്തിന്റെ പങ്കിലേക്ക് വിശക്കുന്നവന്റെ കണ്ണ്''

ശരീരത്തേയും മനസ്സിനെയും കവിതയിൽ മൂടിവച്ച് കൊണ്ടുനടന്ന വാർക്കപ്പണിക്കാരന് ജീവിതത്തിൽ എന്തു മോഹിക്കാൻ? ശുദ്ധകള്ളം.
കള്ളം പറയാത്ത മനുഷ്യരുണ്ടോ? എന്റെ കണ്ണ് കുറ്റിയിൽ നിന്ന് അഴിച്ചുവിട്ട ചവിട്ടു കാളയാകാൻ ശ്രമിക്കും ചില നേരങ്ങളിൽ.
ആ എന്റെ കണ്ണു ചെന്നു കയറുന്നത് നഗരത്തിലെ കോളേജ് പെമ്പിള്ളേരുടെ അംഗവടിവുകളിലായിരുന്നു. പെണ്ണുങ്ങളെ ഞാൻ വിളിക്കുന്നത് ചരക്കെന്നായിരുന്നു. അല്ലെങ്കിൽ പീസ്.
ഇങ്ങനെയുള്ള ഒരാളെ എങ്ങനെ ഒരു പെണ്ണ് സ്നേഹിക്കും? ജീവിതത്തിൽ ഒരു കാല്പനികൻ ആകാൻ കഴിയാത്തത് കൊണ്ട് സ്വപ്ന ജീവിയായ ഒരു എഴുത്തുകാരനാകാൻ ഞാൻ ശ്രമിച്ചു. നെരൂദയുടേയും തീക്കുനിയുടേയും കുഴൂർ വിൽസന്റേയും കവിതകൾ ഞാൻ നിരന്തരം വായിച്ചു.
കൊള്ളാം, കെട്ടിടത്തൊഴിലാളിയായ എനിക്ക് അതോടെ ചില കവിതകളും കഥകളും എഴുതാൻ കഴിഞ്ഞു. ഞാൻ എഴുതിയ കഥകളിലോ, കവിതയിലോ ഒറ്റ കാല്പനികവരികൾ പോലുമില്ല.
ഇത് മനസിലാക്കിയതോടെ എനിക്ക് വിഷമമായി. എന്റെ രചനകളിൽ മനുഷ്യ സ്നേഹത്തിന്റെ അരികു പോലുമില്ലാത്ത കഥാപാത്രങ്ങൾ തലങ്ങും വിലങ്ങും കിടന്നു; എന്നെ എപ്പോഴും അവർ അവരുടെ വലയത്തിനുള്ളിലാക്കി.

ഞാനൊരു പച്ച മനുഷ്യനാണല്ലോ? മനസിൽ കാമാസക്തി ഉണ്ടെങ്കിലും എന്തോ, വേശ്യകളെ എനിക്കിഷ്ടമല്ലായിരുന്നു. കഥകളും കവിതയുമൊക്കെ ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ കൂടുതലായി കാൽപനിക ഭാവം എന്റെ ഹൃദയത്തെ കീഴ്പ്പെടുത്താൻ തുടങ്ങി.

ഞാൻ ജോലി നേരങ്ങളിൽ കോൺക്രീറ്റ് കൂട്ടിയപ്പോൾ, ഷവൽ കൊണ്ട് അത് കുത്തി മറിച്ചപ്പോൾ എന്റെ ചുണ്ടിൽ ആ കാലയളവിൽ ഈ പാട്ടു വന്നു.

""അക്കരെയാണെന്റെ മാനസം. ഇക്കരെയാണെന്റെ താമസം.''

ആരെയെങ്കിലും പ്രേമിക്കണമെന്ന് എന്റെ മനസ് കൊതിച്ചു. പക്ഷെ, എന്തു ചെയ്യാം പ്രേമിക്കാൻ ഒരു പെണ്ണിനെ കിട്ടേണ്ടേ? വേശ്യയെ ഇഷ്ടമല്ലെങ്കിലും തൽക്കാലം കാശു കൊടുത്താൽ കിട്ടുന്ന പെണ്ണ് അതാകകൊണ്ട് ഞനൊരു പെൺവേട്ടയ്ക്ക് ഇറങ്ങി. നഗരത്തിലെ ഒട്ടുമിക്ക സാദാ വേശ്യകളും നിലകൊള്ളുന്ന സ്ഥലമെനിക്കറിയാം.

ഞാൻ സുഭാഷ് പാർക്കിനടുത്തും ബോട്ട് ജട്ടിയിലുമൊക്കെ അവരെ തിരഞ്ഞു.

അവസാനം ബോട്ട് ജട്ടിക്കടുത്തു വച്ച് ഒരു സ്ത്രീയെ കണ്ടുമുട്ടി.
മനസു പറഞ്ഞു,""ഇതു തന്നെ നിനക്കു പ്രണയിക്കാനുള്ള പ്രണയിനി.''
ഞാനാ പെണ്ണിനെ അംഗപ്രത്യംഗം നോക്കി.
മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ....
വാലിട്ടെഴുതിയ കണ്ണുകൾ...
മുലകൾ പടക്കുതിരയെപ്പോലെ പായാനായികുതിച്ചുയർന്നു നിൽക്കുന്നു. ഞാൻ ദാഹാർത്തനായി അവളെ നോക്കി അല്പം അകലെ മാറി നിന്നു. അവൾക്കടുത്ത് കാമവെറി പൂണ്ട ഒരുവൻ പറ്റിച്ചേർന്നു നിന്ന് ശൃംഗരിക്കാൻ ശ്രമിക്കുന്നു. അവൾ അവനുമായി എന്തോ വില പേശൽ നടത്തുകയാണ്. ഞാൻ ക്ഷമയോടെ എനിക്കൊരു ഊഴം കിട്ടാൻ കാത്തു നിന്നു.
അവൾ പക്ഷെ, അൽപനേരം കഴിഞ്ഞ് അവനോട് ഒച്ചയിൽ കയർക്കുന്നത് കണ്ടപ്പോൾ എനിക്കു സമാധാനമായി. ആ കച്ചവടം തട്ടിത്തെറിച്ച് പോകുമെന്ന് എനിക്കുറപ്പായി. ​അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നതു കണ്ടു. അവൾ അവനോട് ചൂടായി ...

""മനുഷ്യനെ മെനക്കെടുത്താൻ വന്നിരിക്കണ്. എന്റെ വായീന്ന് വല്ലതും കേക്കണ്ടങ്കി വിട്ടോ വേഗം...''

അവൾ അവന്റെ മുഖത്തേക്ക് ആട്ടിത്തുപ്പിയപ്പോൾ അവന്റെ ഷർട്ടിൽ അവളുടെ മുറുക്കാൻ തുപ്പൽ തെറിച്ചു വീണു. കിട്ടാത്ത മുന്തിരിക്ക് പുളിയാണെന്നു പറഞ്ഞ് ഒരു ഇളിഞ്ഞ ചിരിയോടെ അവൻ നീങ്ങിപ്പോകുന്നത് ഞാൻ കണ്ടു.

ഞാൻ അവളുടെ അടുത്തേക്കു ചെന്നു. അവൾ കലിപ്പോടെ എന്നെ നോക്കി.""ഉം...?'' മുറുക്കാൻ വായിലിട്ട അവളുടെ ചോദ്യത്തിനാകട്ടെ ഒരു മയവും ഇല്ല. ഞാൻ വാക്കുകൾ പുറത്തേക്കു വരാത്ത പരിഭ്രമത്താൽ അവളുടെ മുമ്പിൽ നിന്ന് പരുങ്ങി. പച്ചയ്ക്കായിരുന്നു അവളുടെ ചോദ്യം.""പണിയാൻ വന്നതാ....?''
ഞാൻ എന്താ ഉത്തരം പറയുന്നത്?
അവളുടെ ചോദ്യം ഒട്ടും റൊമാന്റിക്കല്ല. ""അല്ലാ.... പിന്നെ''
എന്റെ പരുങ്ങൽ കണ്ട് അവൾ ചോദിച്ചു.""കയ്യീ കാശണ്ടാ .....? അതോ വെറുതെ .... കണ്ട് വെള്ളമെറക്കാൻ വന്നതാ...''

ഞാനൊരു നൂറു രൂപ പോക്കറ്റിൽ നിന്നും പൊക്കിക്കാണിച്ചു. പെട്ടെന്ന് ആ മുഖത്തെ പുച്ഛവും നിന്ദയും മാഞ്ഞു. എങ്കിലും എന്റെ മുഖത്തെ പരിഭ്രമവും മറ്റും കണ്ട് ചോദിച്ച്...""നെനക്കെത്ര വയസായി.....?''
ഞാൻ ഒന്നും മിണ്ടിയില്ല. ഞാൻ മിണ്ടാതെ നിൽക്കുന്നത് കണ്ട്
അവൾ ചോദിച്ചു, ""നെന്റെ പേരെന്താ?''
ഞാനൊരു നുണ പറഞ്ഞു.""മാധവൻ''

""മാതവനാ... നിന്നക്കണ്ടാ ഒരു ഇന്ദുവാണെന്ന് തോന്നുലല്ലാ...''

എനിക്കു മനസ്സിൽ അരിശം വന്നു. ഇവളെന്തിനാ പണിയാൻ വരണവന്റെ ജാതീം മതോം നോക്കണേ? കാശു കിട്ട്യാപ്പോരേ? അല്ലെങ്കിലും ഈ വെടികൾക്കൊക്കെ എന്തു സംസ്കാരം?
അവൾ സംശയത്തിന്റെ മുനത്തുമ്പ് നീട്ടി ചോദിച്ചു.""നേര് പറ... നീ ഒരു ക്രിസ്ത്യാനിയല്ലേ?''

പിന്നെ അല്പനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അവർ പറഞ്ഞു: ""ക്രിസ്ത്യാനികള് വ്യഭിചാരം ചെയ്തു നശിച്ചുപോകാൻ അറിഞ്ഞു കൊണ്ട് ഞാൻ സമ്മതിക്കൂല''

എന്താണവള് ഇങ്ങനേക്ക പറയണതെന്ന് എനിക്ക് മനസിലായില്ല. എനിക്കവളോട് പറയണമെന്നുണ്ടായിരുന്നു. ഞാൻ മറ്റേക്കാര്യത്തിനൊന്നുമല്ല അവളെ വിളിക്കണതെന്ന്. അവൾ വേശ്യയായിരിക്കുമ്പോൾ തന്നെ വേണമെങ്കിൽ മരിക്കുവോളം പ്രണയിക്കാനാണ് എന്റെ ഉദ്ദേശ്യമെന്ന്. മരിക്കും മുമ്പ് എനിക്കൊരാളെ പ്രേമിക്കണം. പ്രേമിച്ചേ മതിയാകൂ.
തൽക്കാലം ഏതെങ്കിലും ഒരു പൊന്തക്കാട്ടിലോ, അതോ ആളൊഴിഞ്ഞ ഒരിടത്തോ വിളിച്ചു കൊണ്ടുപോയി കുറെ നേരം അവളുടെ മടിയിൽ എനിക്കൊന്നു തല വെച്ചു കിടക്കണം. അത്ര മാത്രം... പിന്നെ ""എന്റെ പൊന്നേ! നീയെന്റെ കരളാണ്. നിന്നെയോർത്ത് ഞാനീ ഭൂമിയിൽ സ്വപ്നത്തേരിലേറി ജീവിക്കും. നീയില്ലാതെ ഒരു നിമിഷം എനിക്കു ജീവിക്കാനാവില്ല'' എന്നൊക്കെ പറയണം. സ്നേഹം കൊണ്ട് അവളെ ഒന്നു വരിഞ്ഞുമുറുക്കി കെട്ടിപ്പിടിച്ച് കാമുകന്മാർ കാണിക്കും പോലെ കഴുത്തിലും കാതിലും കണ്ണിലുമൊക്കെ ഉമ്മ വെയ്ക്കണം. അതിൽ കൂടുതൽ ഒന്നും പാടില്ല. അതിൽ കൂടുതൽ ആയാൽ പ്രണയത്തിന്റെ വിശുദ്ധി നഷ്ടപ്പെടുമല്ലോ? അത്രയുമേ ഞാൻ ആ നേരം വിചാരിച്ചുള്ളൂ. കഥകളിലും നോവലിലുമൊക്കെ അങ്ങനെയാണല്ലോ പ്രണയത്തിന്റെ രീതികൾ. ഞാൻ മുട്ടത്തുവർക്കിയുടെ അഴകുള്ള സെലീനയും മയിലാടുംകുന്നുമൊക്കെ ഒന്നു കൂടെ മനസിൽ അയവിറക്കി.
പെട്ടെന്നായിരുന്നു അവളുടെ ചോദ്യം.""ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ലല്ലോ..... നീ ക്രിസ്ത്യാനിയാണോ?''|""സത്യമായിട്ടുമല്ല. ഹിന്ദുവാണ്.''""എന്നാ നീ വാ...''

ഞാനാ ചരക്കിന്റെ പിന്നാലെ ചെന്നു. ബോട്ട് ജെട്ടിക്ക് കിഴക്ക്, ടെലഫോൺ എക്‌സ്ചേഞ്ചിന്നരികെ കിടക്കുന്ന റോഡിലൂടെ അവൾ നടന്നു. ലോ കോളേജ് ഹോസ്റ്റലിന്റെ തെക്കേപറമ്പ് പൊന്തക്കാട് പിടിച്ച സ്ഥലമാണ്. അവിടെയാണ് വേശ്യകളുടേയും പിമ്പുകളുടെയും താവളം. കൊളമ്പോ ഹോട്ടലിനു മുമ്പിലെത്തിയപ്പോൾ അവൾ അങ്ങോട്ട് കയറി.
ഞാൻ ആളുകൾ എന്നെ ശ്രദ്ധിക്കുന്നുണ്ടോയെന്ന് ഒന്നു പരതി നോക്കി. ഒരു വെടിയുമായിട്ടാണല്ലോ നടപ്പ്...
ഭാഗ്യത്തിന് ആരും ശ്രദ്ധിക്കുന്നില്ല എന്നെ. പരിചയമുള്ളവർ ആരുമില്ല എന്ന ഉറപ്പിൽ കൊളമ്പോ ഹോട്ടലിലേക്ക് കയറി. അവൾ ഏതെങ്കിലും ഒരു ഫാമിലി റൂമിൽ ഇരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു. പക്ഷെ അവൾ സാധാരണ ആളുകൾ വന്നിരിക്കാറുള്ള തുറന്ന സ്ഥലത്തു തന്നെയാണിരുന്നത്. പേടിച്ചു പരുങ്ങി നിൽക്കുന്ന എന്നെ നോക്കി വിളിച്ചു..""പേടിക്കാതെ വാ ...''
ഞാനവൾക്കു മുമ്പിലെ കസേരയിലിരുന്നു. അവൾ ചായയ്ക്ക് ഓർഡർ കൊടുക്കും മുൻപ് എന്നോട് ചോദിച്ചു.""നെനക്ക് ചായയാ കാപ്പിയാ...''""സ്ട്രോങ്ങാ....ലയിറ്റാ....?'' ""സ്ട്രോങ്ങ്...''
അവൾ സപ്ലയറോട് പറഞ്ഞു.""എനിക്ക് കടുപ്പത്തിലൊരുകാപ്പി.''
സപ്ലയർ അടുക്കളയിലേക്കുപോയി.
അവൾ കൈ മേശപ്പുറത്തു വച്ചു. എനിക്കതിൽ തലോടണമെന്നാഗ്രഹമുണ്ടായിരുന്നു. സിനിമയിൽ കാണും പോലെ ആ കൈകൾ കടന്നെടുത്ത് അതിൽ ആർത്തിയോടെ പ്രേമാർദ്രമായിഒന്നു ചുംബിച്ചാലോ? വളരെ കാല്പനികമായ തരത്തിൽ.""തങ്കം.... ഈ കൈകൾ എത്ര സുന്ദരമാണ്'' എന്നൊക്കെ പറഞ്ഞാലോ?
അതൊക്കെ ചെയ്യുകയും പറയുകയും മുമ്പേ സപ്ലയർ ചായയും കാപ്പിയും മേശയിൽ കൊണ്ടുവന്നു വച്ചു. ഞാൻ ചായ ഊതിക്കുടിക്കുന്നതിനിടയിൽ അവളുടെ കണ്ണുകളിലേക്കു നോക്കി. ലോകത്തോടുള്ള വെറുപ്പു മുഴുവൻ ആ കണ്ണുകളിലുണ്ടെങ്കിലും അതിന്റെ ആഴങ്ങളിലെവിടെയോ സ്നേഹത്തിന്റെ ഉറവയുണ്ടെന്ന് എന്റെ മനസ്സ് മന്ത്രിച്ചു. ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഇനി അടുത്ത നീക്കം എങ്ങനെയായിരിക്കും എന്നായിരുന്നു എന്റെ ചിന്ത.

ഞാൻ മഴ നനഞ്ഞ ഒരു കോഴിയെപ്പോലെ ആ കസേരയിൽ ഇരുന്നു. പ്രേമം കൊണ്ട് എന്റെ ഹൃദയം ത്രസിക്കുന്നുണ്ടായിരുന്നു ആ നിമിഷം. എനിക്ക് എന്നോട് പുച്ഛമൊന്നും തോന്നിയില്ല. ഞാനിതാ ആദ്യമായി ഒരു സ്ത്രീയെ പ്രേമിക്കാൻ പോകുന്നു. മുഖക്കുരു വന്ന് പഴുത്തു പൊട്ടി വടുക്കൾ വീണ എന്റെ മുഖം കണ്ട് മഹാരാജാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി ഒരിക്കൽ ചോദിച്ചത് ഇപ്രകാരമായിരുന്നു.""മുഖത്തും ചിതലു തിന്നുമെന്ന് നിങ്ങളുടെ മുഖം കണ്ടാണ് മനസിലായത്‌...''
അവൾ കോളജിലെ യുവകവികൾക്ക് പ്രിയങ്കരിയായിരുന്നു. സുന്ദരിയായിരുന്നു. കവിതയും കഥയും എഴുതിയില്ലെങ്കിലും അവൾ കോളജിലെ ബുദ്ധിജീവിയായിരുന്നു. അതിൽ പിന്നെ ഞാൻ പെൺകുട്ടികളുടെ അടുത്ത് അധികം ഇടപെടുന്ന സ്വഭാവം നിർത്തി. എന്റെ ചിതലുതിന്ന മുഖം അവരുടെ പ്രേമത്തിന് ഒരു തടസം തന്നെയാണെന്ന് ഞാൻ അടിവേരിട്ടുറപ്പിച്ചു.

""എന്താ നീ ആലോചിക്കുന്നത്?''""ഏയ്.... ഒന്നുമില്ല.''
എത്ര നേരം ഈ ഹോട്ടലിൽ വേശ്യയുമായി ഇങ്ങനെ ഇരിക്കും? അവളൊട്ട് എങ്ങോട്ടാണ് പോകുന്നതെന്നും പറയുന്നില്ല. അവൾ വീണ്ടും സപ്ലയറോട് പറഞ്ഞു: ""എനിക്കൊരു കാപ്പി കൂടി വേണം. തൊണ്ട നനഞ്ഞില്ല. നീ ഒന്നു കൂടി കുടിക്കുന്നോ?''
ഞാൻ വേണ്ടെന്നു തോളു കുലുക്കി.
പെണ്ണുങ്ങളെ അവള്, നീ, അവര് എന്ന് വിളിക്കലാണ് എന്റെ പ്രകൃതമെങ്കിലും അപ്പോൾ അവളെ ചേച്ചിയെന്ന് ഞാൻ അറിയാതെ വിളിച്ചു പോയി.""ചേച്ചി എന്താണ് ക്രിസ്ത്യാനികൾക്ക് പണിയാൻ കൊടുക്കാത്തത്?''""അറിഞ്ഞോണ്ട് ഇടപെടില്ല.''
അവർ അതിന്റെ കാരണം പറഞ്ഞില്ല.
രണ്ടാമത് കൊണ്ടുവന്ന കാപ്പിയും കുടിച്ച് അവർ എഴുന്നേറ്റു. കാശ് അവർ തന്നെ കൊടുത്തു.

""ഇനി നമ്മക്ക് എന്റെ വീട്ടിലേക്കു പോകാം. അതാകുമ്പ ആരേം പേടിക്കണ്ട.''
ഞാൻ തലയാട്ടി. എനിക്ക് ധൈര്യമായി. പോലീസിനെ ഭയക്കേണ്ടല്ലോ വീട്ടിലാകുമ്പോൾ. തേവരയ്ക്കുള്ള ബസ്സിൽ കയറി മമ്മാഞ്ഞിമുക്കിലെത്തി. അവിടെ ചുവരിനു പകരം പലകയടിച്ച ചെറിയൊരു ഓടിട്ട വീട്. വീടിനു മുന്നിൽ സന്ധ്യാ സമയത്തെ ഇരുട്ട് പടർന്നു കിടക്കുന്നു.

ഞാൻ പുറത്തു നിന്നു. അവർ അകത്തേക്കു കയറി ഉത്തരത്തിൽ നിന്നും തീപ്പെട്ടി തപ്പിയെടുത്ത് അവർ ഒരു റാന്തൽ കത്തിച്ചു കൊണ്ടുവന്ന് വരാന്തയിലെ അരമതിലിൽ വച്ചു. അപ്പോഴാണ് ഇരുട്ടിൽ ഉറങ്ങുന്ന ആ വീട്ടിൽ മറ്റൊരാൾ കൂടിയുണ്ടെന്ന് മരയഴി ജനലിൽ കൂടി ഞാൻ കണ്ടത്. അകത്ത് കട്ടിലിൽ എല്ലരിച്ച് കിടക്കുന്ന ഒരു രൂപം. പക്ഷെ, പണ്ട് വാരിക്കോരി പൊലിയാത്ത സ്നേഹം തന്ന ആ രൂപത്തെ ഞാൻ തിരിച്ചറിഞ്ഞു. വർഷങ്ങൾക്കു മുമ്പ് എന്നെ ട്രസ് വർക്ക്പഠിപ്പിച്ച എന്റെ വർക്കിയാശാൻ...
ട്രസ് എറക്ട് ചെയ്യാൻ ടെറീക്കിലേക്ക് വടത്തിൽ ട്രസുകൾ വലിച്ചു കയറ്റിയത് ഞങ്ങൾ ഒരുമിച്ചായിരുന്നു. അവിടത്തെ ജോലി തീർന്നതോടെ ഞങ്ങൾ രണ്ടു വഴിക്കു പിരിഞ്ഞു. ഞങ്ങൾ പിന്നെ കാണുന്നതിപ്പോൾ. അന്ന് ഭാര്യ ക്ലാരയുടെ കൈപുണ്യത്തെക്കുറിച്ച് വാനോളം പുകഴ്ത്തിയ മനുഷ്യൻ.....

""എടാ നീ ഒരു ദിവസം എന്റെ വീട്ടിൽ വരണം. അവളുണ്ടാക്കുന്ന ഞണ്ടുകറി കൂട്ടണം. കൈ കടിക്കും. കരിമീൻ പൊള്ളിച്ചത് കൂട്ടണം... കൊടൽക്കറി... പപ്പടം വറുത്തരച്ചത്... എന്താ അവളുടെ കറിവെയ്പ്പ്?'' എന്നൊക്കെ പറഞ്ഞ മനുഷ്യൻ... ഒപ്പം ജോലി ചെയ്യുന്ന കാലത്ത് മക്കളില്ലാത്ത ദുഃഖം ചാരായത്തിൽ മുക്കിത്താഴ്ത്തി വർക്കിച്ചായൻ കൂടക്കൂടെ പറയുമായിരുന്നു.""എനിക്കും എന്റെ ക്ലാരയ്ക്കും കർത്താവ് ഒരു കുഞ്ഞിനെ തന്നില്ല.''

വൈകുന്നേരം ജോലി കഴിഞ്ഞാൽ വാർക്കപ്പലകയിലാണ് നെടുനീളത്തിൽ കിടന്ന് ഞങ്ങളുടെ ഉറക്കം. വർക്കിച്ചായന് ക്ലാരയെക്കുറിച്ച് രാത്രി എത്ര പറഞ്ഞാലും മതിയാകില്ല. ക്രിസ്ത്യാനികളാണ് ലോകത്തെ ഏറ്റവും നല്ല മനുഷ്യരെന്ന് ക്ലാര ചേച്ചീടെ പ്രമാണം. അവർ തെറ്റു ചെയ്യുന്നവരാണ് എന്നു പറഞ്ഞാൽ ഭൂകമ്പം നടക്കും അപ്പോൾ.

എന്നിട്ടും ആ ക്ലാരയിപ്പോൾ ...
അവർ ഭർത്താവിനു മരുന്ന് കൊടുക്കുന്നതും നോക്കി നിന്നപ്പോൾ അറിയാതെ ചങ്കു തകർന്നു പോയി. ഞാൻ ദൈവ വിശ്വാസി അല്ലാതിരുന്നിട്ടും അറിയാതെ മനസു വിതുമ്പി""ദൈവമേ''
അവർക്ക് കൊടുത്തതിന്റെ ബാക്കി പോക്കറ്റിൽ എത്ര രൂപ ഉണ്ടെന്ന് എണ്ണി നോക്കിയില്ല. ഉണ്ടായിരുന്നതു മുഴുവൻ പോക്കറ്റിൽ നിന്നുമെടുത്ത് ഹരിക്കലാമ്പിന്റെ ഫ്രെയിമിൽ തിരുകി വെച്ച് അവർ വരും മുമ്പേ ഞാൻ ഇരുട്ടിലേക്കിറങ്ങി. എന്റെ പ്രണയം അതോടെ അവസാനിച്ചു. എന്റെ ശരീരം പിന്നെയും പ്രണയ ദാഹത്തോടെ അശ്വത്ഥാമാവിനെപ്പോലെ അലഞ്ഞു... ▮


ജോർജ് ജോസഫ് കെ.

കഥാകൃത്ത്. മറിയമ്മ എന്ന മറിമായ, കുഞ്ഞുണ്ണി പറഞ്ഞ യയാതി വരാലിന്റെ കഥ, അവൻ മരണയോഗ്യൻ എന്നിവ പ്രധാന കൃതികൾ

Comments