ചിത്രീകരണം: ദേവപ്രകാശ്

ജർമ്മനി

ഒന്ന്

പ്പിച്ചായന്റെ കല്ലറയിൽ അയാളെക്കൂടാതെ വേറെ രണ്ട് ഐറ്റം കൂടി അടച്ചു വച്ചിട്ടുണ്ട്. ഒന്ന് ജർമ്മനി രണ്ടായിരത്തി രണ്ടിലെ ലോകകപ്പിൽ ചുംബിക്കുമ്പൊ അങ്ങേരുടെ തറവാട്ടു വീട്ടിലിരുന്ന് അതും കണ്ടോണ്ട് പൊട്ടിച്ചടിക്കാൻ അച്ചായൻ ജർമ്മനീന്നു കൊണ്ടുവന്ന കള്ളും കുടം പോലത്തെ മുന്തിയ ഒരിനം വൈൻ കുപ്പി. നല്ല ചൊക ചൊകാന്നായിരുന്നു ഉണ്ടായിരുന്നത്. കണ്ടാതന്നെ വായീല് വെള്ളം വരും. അതീന്ന് ഒരു തുള്ളി തൊണ്ടേന്നെറങ്ങിയാ അന്നോളം നടന്നതും ഇനി നടക്കാനുള്ളതുമായ സകലമാന ലോകകപ്പ് മത്സരവും കണ്ണിന്റെ മുന്നില് സിനിമ പോലെ തെളിഞ്ഞങ്ങ് വരുംന്നാണ് അച്ചായൻ എന്നോട് പറഞ്ഞത്.
ഇറ്റലിയോ ജർമ്മനിയോ ഫ്രാൻസോ. എവിടന്നുള്ള വരവാണെങ്കിലും അച്ചായനവിടത്തെയൊരു മുന്തിയ ഇനം സാധനവും കൊണ്ടേ നാട്ടില് വരു. നാട്ടിലെത്തിയതിന്റെ അന്നു വൈകീട്ടോടെ എനിക്കുള്ള വിളി എത്തും. ഞാൻ പിന്നെ പന്നിയും കോഴിയും താറാവും ഒക്കെകൂടി വെട്ടിക്കൂട്ടി രാത്രിയടുപ്പിച്ച് നേരെ അങ്ങേരുടെ വീടു പിടിക്കും. വലിയ തെങ്ങിൻ പറമ്പിലെ കോൺക്രീറ്റ് പാകിയ ഒറ്റനില വീട്ടിൽ അച്ചായനൊരുത്തനേ കാണത്തുള്ളു. വീട്ടുവരാന്തയിലെ ചാരുകസേരയിലിരുന്ന് കൊണ്ടുവന്ന മദ്യം ഒഴിച്ചടിച്ച് ഹാളിലെ ടീ വീം കണ്ടോണ്ടിരിക്കുകയായിരിക്കും മൂപ്പര്. ഞാനങ്ങെത്തിയാൽ പിന്നെ വെപ്പും കുടിയുമായി രണ്ടാളും കൂടി രാത്രി ഉഷാറാക്കും. അച്ചായന്റെ നാടുതെണ്ടിയ കഥ മൊത്തോം ഞാൻ കേൾക്കണം. പക്ഷെ ഞാനത് കേൾക്കും. ഈ ഇട്ടാവട്ടത്ത് തേങ്ങയിട്ടും കിണറ് കുത്തിയും റബറ് വെട്ടിയും നടക്കുന്ന എനിക്ക് ലോകത്തിലുണ്ടാക്കുന്ന പല ജാതി എനങ്ങള് ഓസിന് കുടിക്കാനൊക്കുന്നില്ലെ.

അവരുടെ പറമ്പിൽ അച്ഛൻ പണ്ട് ചാക്കിരി പണിയെടുക്കാൻ പോകുന്ന സമയത്തേ എനിക്കച്ചായനെ അറിയാം. അച്ചായനെന്നെയും. ആ കാണുന്ന വീടും പറമ്പുമുള്ള കുന്നിൻ ചെരുവുമൊത്തോം അച്ചായന്റെ തന്തപ്പടിയുള്ള കാലം തൊട്ട് അവരുടേതായിരുന്നു. സ്വന്തം കെട്ടിയവളെയും മക്കളെയും അടിമകളെ പോലെയായിരുന്നു തന്ത കവുങ്ങിൻ തോട്ടത്തിലും പറങ്കിമാവിൻ കാട്ടിലും പണിയെടുപ്പിച്ചിരുന്നത്.

അച്ചായനൊക്കെ എല്ലുന്തി ഏങ്ങി ഏങ്ങി കരഞ്ഞുകൊണ്ട് രണ്ടാൾക്കുള്ള അടക്കാ കൊട്ട ചുമന്ന് കുന്ന് കയറി പായുന്നത് എന്റെ കുഞ്ഞുന്നാളുമൊത്തോം ഞാൻ കണ്ടിട്ടുണ്ട്. ചത്ത് പണി എടുത്താലും വൈകുന്നേരമായാ കള്ളും കുടിച്ചേച്ച് വന്ന് ഊയിത്തണ്ടു കൊണ്ട് കെട്ട്യോൾക്കും രണ്ട് മക്കൾക്കും തന്തേടെ കൈയീന്ന് കൈത്തരിപ്പു മാറാൻ നല്ല അടി ഉറപ്പായിരുന്നു. ഒപ്പം കുന്നിൻ ചെരുവു നിറയെ അങ്ങേരുടെ വായീന്ന് വരുന്ന തെറി വിളിയും പൊന്തും. കൂടപ്പിറപ്പിനെ പറ്റിച്ചതിന്റെ വീതമാണ് തന്തപ്പടിക്കുള്ളതിന്റെ ഒട്ടുമുക്കാലുമെന്നും അതിനു പിന്നാലെയാണ് അങ്ങേരുടെ അനിയൻ മൂപ്പർക്ക് പ്രാന്തിളകിയതെന്നും കേട്ടിട്ടുണ്ട്. അത് സത്യവുമായിരിക്കും. അയാളങ്ങനത്തെയാണ്. അയാളെ സഹിക്കാൻ പറ്റാഞ്ഞതു കൊണ്ടു തന്നെയാണ് അച്ചായന്റെ ചേട്ടച്ചാര് പശുവിനെ അഴിച്ചു കെട്ടാൻ പോയ നേരത്ത് അതിന്റെ കഴുത്തിലെ കയറഴിച്ച് കശുമാവിൻ കൊമ്പത്ത് കെട്ടി തൂങ്ങി ചത്തത്. അച്ചായൻ പക്ഷെ ജീവിക്കാൻ തന്നെ തീരുമാനിച്ചവനായിരുന്നു. ഒന്ന് മുഴുത്തപ്പോൾ ദുബായ്ക്കു വിട്ടുപിടിച്ച അച്ചായൻ അവിടന്ന് ഒരു ജർമ്മൻകാരിയെ പ്രേമിച്ച് കെട്ടി ജർമ്മനീപ്പോയി കെട്ട്യോളുടെ ബാറോ ഹോട്ടലോ നോക്കി നടത്തിക്കൊണ്ട് അവിടെയങ്ങ് കൂടി. അവസാന കാലത്ത് അമ്മച്ചിയെ തന്തപ്പടി ചികിത്സിക്കാണ്ട് കെടത്തി കൊന്ന കാരണം കൊണ്ട് തന്ത നാലു കൊല്ലം ചാവാൻ റെഡിയായി കിടന്നിട്ടുപോലും അച്ചായൻ പിന്നെ നാട്ടിലോട്ടൊന്ന് വന്നിരുന്നില്ല. തന്തപ്പടി ചത്തൊടുങ്ങിയതിൽ പിന്നെയാണ് ഇടയ്ക്കുള്ള വരവും എന്നെ കൂട്ടിയുള്ള കുടിയും തുടങ്ങുന്നത്.

രണ്ടായിരത്തി രണ്ടിലെ ലോകകപ്പടുപ്പിച്ച് നാട്ടില് വന്ന് കാണിച്ച കോപ്രായങ്ങള് കാണും വരെ അച്ചായന്റ കളിപ്രാന്തിനെ പറ്റി എനിക്ക് യാതൊരറിവും ഇല്ലായിരുന്നു. അതുവരെയ്ക്കും എനിക്ക് ഈ പന്തുകളിയിലത്രയ്ക്ക് താൽപര്യവും ഉണ്ടായിരുന്നില്ല. അന്ന് വന്നതിന്റെ രണ്ടു നാള് കഴിഞ്ഞേന്റന്നാണ് എന്നെ വീട്ടിലോട്ടു വിളിപ്പിക്കുന്നത്. കറിവച്ചു തിന്നാനുള്ളത് ജീവനോടെയും അല്ലാതെയും പാക്കിലിട്ടോണ്ട് നിലാവും കൊണ്ടോണ്ട് ടോർച്ച് വെട്ടത്തിൽ കണ്ടം മുറിച്ച് കടന്ന് വീട്ടു പറമ്പിലോട്ടു കേറിയപ്പൊതന്നെ ഹാളിനകത്തെ ടീ വീന്നുള്ള ആർപ്പുവിളി ഞാൻ കേട്ടു. ടീ വീ സ്റ്റാന്റേൽ ഞാൻ നേരത്തെ പറഞ്ഞ ജർമ്മൻകാരൻ വൈൻ കുപ്പിയും കണ്ടു. അമ്മാതിരി നീളത്തിലും വണ്ണത്തിലും കളറിലുമുള്ള ഒരെണ്ണം ഞാനാദ്യമായിട്ടു കാണുവായിരുന്നു. ഞാൻ നോക്കിയങ്ങ് നിന്നു പോയി. വരാന്തയിലേക്കു കയറി നിന്ന എന്നോട് അച്ചായൻ പറഞ്ഞു.

തമ്പാച്ചാ, ജർമ്മനി ഇന്ന് തുടങ്ങും.

എന്താ അച്ചായാ തുടങ്ങുന്നേന്ന് ഞാൻ ചോദിച്ചില്ല. എന്നാ സാധനം പൊട്ടിച്ചാലോ എന്നും ചോദിച്ചില്ല. അച്ചായൻ തന്നെ ഒന്ന് മൂക്കുമ്പൊ പൊട്ടിച്ച് തുടങ്ങിക്കോളും. ഞാൻ കുപ്പി കണ്ട സന്തോഷവും കൊണ്ട് നേരെ അടുക്കളയിലോട്ടു ചെന്ന് നല്ല ഇളം ആട്ടിറച്ചി കുരുമുളകില് മൊരിച്ചെടുത്തു. അതും കൂട്ടി അടിക്കാൻ പോകുന്നവനെ ഓർത്തപ്പോൾ വായീല് വെള്ളം വന്നു. അപ്പൊഴുണ്ട് വരാന്തേന്ന് അച്ഛായന്റെ ഒരലർച്ച ഞാൻ കേൾക്കുന്നു. ഓടി ചെന്ന് നോക്കിയപ്പോൾ അയാള് പിഞ്ചു കുഞ്ഞു കണക്കനെ ടീ വീലോട്ട് വായും പൊളിച്ച് ചൂരൽ കസേരയിൽ ഇരുന്ന് കൈയ്യും കാലും ഇട്ടടിച്ച് കാറിക്കൊണ്ടിരിക്കുന്നു. എന്താ സങ്കതി. ജർമ്മനി സൗദിക്കെതിരെ ആദ്യത്തെ ഗോളടിച്ചതാ. ഇങ്ങേര് അതിന്റെ മൂച്ചിന് കുപ്പി പൊട്ടിച്ചാലോ എന്ന് കരുതി ഞാനവിടെ ചുറ്റിപറ്റി നിന്നു. അച്ചായൻ ചാടി എണീറ്റ് നേരെ അകത്തേക്കോട്ടി സ്റ്റാന്റിമ്മലുള്ള സാധനം എടുത്ത് മോളിലേക്കൊന്നിട്ട് പിടിച്ച് അതിന് രണ്ടുമ്മയും കൊടുത്ത് എടുത്തേടത്ത് വച്ച് വീണ്ടും വന്ന് കസേരയിൽ പഴയപടി ഇരിപ്പു തുടങ്ങിയതല്ലാതെ കുപ്പിയൊന്നും പൊട്ടിച്ചില്ല. ഞാൻ പട്ടി ചന്ത നെരങ്ങാൻ പോയ കണക്കനെ തൊണ്ടേലെ തുപ്പലും ഇറങ്ങി നേരെ അടുക്കളേലോട്ടും ചെന്നു. എനിക്ക് ചെറിയ കെറുവിപ്പ് തോന്നിയിരുന്നു.

രണ്ട് ഗ്ലാസും കൊണ്ടിങ്ങോട്ട് വാടാ എന്ന അച്ചായന്റെ വിളിക്ക് ചെവി വട്ടം പിടിച്ച് ഞാൻ അടുക്കളേക്കിടന്ന് ഉള്ള പണി നോക്കി.

പിന്നെ നടന്നതെന്താന്ന് നീ കേക്കണം. പഴയ കഥ കേട്ടിട്ടില്ലെ പുലി വരുന്നേ പുലി. അത് മാതിരിയായിരുന്നു കാര്യങ്ങൾ. ഇറച്ചി വേവിച്ചോണ്ടിരുന്ന ഞാൻ അങ്ങേരുടെ ഓരോ അലർച്ച കേക്കുമ്പൊഴും കുപ്പി പൊട്ടണേ എന്നും പ്രാർത്ഥിച്ചോണ്ട് നേരെ വരാന്തയിലേക്കോടും. അങ്ങേര് ആർപ്പുവിളീം കൈകാലിട്ടടിയും ചുംബനവും ഒക്കെ കഴിഞ്ഞ് പഴയപടി ഇരുത്തം തുടരും. നീ പറഞ്ഞാ വിശ്വസിക്കൂല. എട്ടു തവണയാ അങ്ങേര് കെടന്നലറിയതും ഞാൻ കെടന്നോടിയതും. അന്ന് എട്ട് തവണ ജർമ്മൻകാര് സൗദീടെ വലകുലുക്കിയപ്പൊ ഒരു സൗദിക്കാരന് തോന്നിയ നാണക്കേട് അന്നെനിക്ക് തോന്നിയത്രേം എത്തൂല കുഞ്ഞുമോനേ. ഇനി മൂപ്പര് കുപ്പി പൊട്ടിച്ചാലും വലിയ കൊതിയൊന്നും കാണിക്കണ്ട എന്ന് ഞാൻ മനസിൽ തീരുമാനിച്ചു. ജയിച്ചാൽ അതിന്റെ സന്തോഷത്തിന് എന്തായാലും അപ്പിച്ചായൻ കുപ്പി പൊട്ടിക്കും എന്ന ഒരു കണക്കുകൂട്ടൽ എന്നാലും എനിക്കുണ്ടായിരുന്നു. ജർമ്മനി കളി അസ്സലായിട്ട് ജയിച്ചു. അതിന്റെ മൂച്ചിന് അങ്ങേര് മുറ്റത്ത് കിടന്ന് മുണ്ടഴിച്ച് തുള്ളാനും തുടങ്ങി. പക്ഷെ കുപ്പി പൊട്ടിയില്ല. അന്നുണ്ടല്ലൊ അങ്ങോരത് പൊട്ടിക്കാഞ്ഞത് പോരാഞ്ഞ് വേറെ ഏതെങ്കിലും ഒന്നെടുത്ത് തൊട്ടുനോക്കാനും തുനിഞ്ഞില്ല. അങ്ങേർക്കാവണ്ടതായിരുന്നു. ഞാൻ പണിയും കഴിഞ്ഞ് പാതിരാത്രിക്ക് വീട്ടിൽ വന്ന് കേറി. രാത്രി ഉറക്കം വന്നില്ല. ആദ്യമായിട്ടായിരുന്നു അങ്ങനൊരു ദിവസം. എങ്ങാണ്ട് കുറച്ചു നേരം ഉറങ്ങിപ്പോയ ഞാൻ കുപ്പി പൊട്ടിച്ചടിക്കുന്നത് സ്വപ്നവും കണ്ടു. പിറ്റേന്ന് ഞാനയാളെ കാണാൻ പോയില്ല. അങ്ങേരെന്നെ വിളിച്ചതുമില്ല. നാലഞ്ചു ദിവസമായപ്പോൾ അങ്ങേര് പെട്ടീം കെടക്കോ കൊണ്ട് മടങ്ങി പോയെന്ന് കരുതിയിരുന്ന എന്നെ അച്ചായൻ വന്നു കണ്ടു. ശിവരാമന്റെ പറമ്പില് തേങ്ങ പൊതിക്കുകയായിരുന്നു ഞാൻ.

തമ്പാച്ചാ രാത്രി വരണം. കൊറച്ച് എറച്ചിയും വാങ്ങണം. കെട്ടൊ.

എന്നു മാത്രം അങ്ങേര് പറഞ്ഞു. എനിക്ക് പണ്ടത്തെ പോലെ അത്ര ആവേശമൊന്നും തോന്നിയില്ല. എങ്കിലും ഞാൻ രാത്രിയടുപ്പിച്ച് വീടു പിടിച്ചപ്പോൾ അച്ചായൻ വരാന്തേല് പഴയപടി ഇരിപ്പുണ്ട്. ജർമ്മനി ഐയർലാന്റിനെതിരെ ഗോളടിച്ചതിന്റെ ചാട്ടം കഴിഞ്ഞുള്ള ഇരിപ്പാണ്. ടീ വീടടുത്ത് മറ്റവനും ഉണ്ട്. ഞാൻ വന്നതു പോലും അച്ചായനറിഞ്ഞിട്ടില്ല. ഞാനങ്ങേരോടൊന്നും മിണ്ടാനും പോയില്ല. എന്റെ താറാവിൻ കറിയങ്ങോട്ടു വെന്തു തുടങ്ങിയതും ഇത്തവണ ഞാൻ വരാന്തേന്ന് കേട്ടത് അച്ഛായന്റെ തൊള്ള കീറിയുള്ള നിലവിളിയാണ്. വല്ല പാമ്പും ഇഴഞ്ഞു വന്ന് കൊത്തിയതാണോ എന്ന് വിചാരിച്ച് ചെന്നപ്പൊ അങ്ങേര് കണ്ണും മീച്ച് തലയിൽ കൈവച്ച് ഷോക്കടിച്ചതുപോലെ ഇരിക്കുന്നു. ജീവനുണ്ടോന്നറിയാൻ ഞാൻ ചെന്നൊന്ന് തൊട്ടു നോക്കി.

പോയടാ പോയി. അവമ്മാര് തിരിച്ച് ഗോളിട്ടു.

അച്ചായൻ കരയണ കണക്കനെ എന്നോട് പറഞ്ഞു. ങാ നന്നായിപ്പോയി എന്ന് മനസിൽ ഞാനും പറഞ്ഞു. ഇങ്ങോട്ട് കിട്ടിയതിന്റെ സങ്കടം മാറാനെങ്കിലും ഇയാള് കുപ്പി എടുത്തു പൊട്ടിക്കുമോ എന്ന് മാത്രമേ ഞാൻ പിന്നെ ചിന്തിച്ചുള്ളു. അങ്ങേർക്കങ്ങനത്തെ വിചാരമൊന്നുമില്ലായിരുന്നു.

പിന്നീടങ്ങോട്ട് കാമറൂണിനെയും പാരഗ്വേനേം അമേരിക്കയെയും ജർമ്മൻകാര് നെരനെരയായിട്ട് തോപ്പിച്ചപ്പൊഴും ആ കുപ്പി പൊട്ടിയില്ല. ജർമ്മനി ഓരോ ഗോളടിക്കുമ്പോഴും കുപ്പിക്ക് മുറയ്ക്കനെ അച്ചായന്റെ മുത്തവും ജയിക്കുമ്പോ അങ്ങേരുടെ മുണ്ടഴിച്ചിട്ടുള്ള ചാട്ടവും തുടർന്നുകൊണ്ടിരുന്നു. നിങ്ങളെന്താ തമ്പാച്ചാ അവിടെ രാത്രിക്ക് പരുപാടി എന്ന് നാട്ടിലെ ചെലര് ചോദിച്ചപ്പൊ ജർമ്മൻക്കാരൻ കുപ്പിയെ ഓർത്ത് ഞാൻ ഒരുത്തനോടും ഉള്ളതൊന്നും പറയാൻ നിന്നില്ല. രാത്രിയായാൽ അച്ചായന് ഹാലിളകുമെന്നും അപ്പൊ കൊറച്ച് പാടാണെന്നും അങ്ങോട്ടേക്കൊന്നും വന്നേക്കല്ലെ എന്നും ഞാൻ പറഞ്ഞു. ഈ ഫുഡ്‌ബോള് കളിയെ പറ്റി അപ്പൊഴെയ്ക്കും ഞാൻ ചിലതൊക്കെ മനസിലാക്കി വച്ചിരുന്നു. ജർമ്മനി സെമിയിലെത്തിയ കാര്യവും ഞാൻ അറിഞ്ഞിരുന്നു. അതിന്റെയൊരു ധൈര്യത്തില് ഒരു ദിവസം ഞാനച്ചായനോട് പറഞ്ഞു.
അച്ചായ ഇതിങ്ങനാണേ ശരിയാവത്തില്ല. ഞാനും ഒരു മനുഷ്യനാണ്. നിങ്ങളോരോ വട്ടം വരുമ്പൊഴും അവിടന്നും ഇവടന്നും ഓരോന്ന് കൊണ്ടുവന്ന് കുടിപ്പിചേച്ച് എനിക്കിപ്പം നല്ല ബുദ്ധിമുട്ടുണ്ട്. അതും കടിച്ചു പിടിച്ച് സ്റ്റാന്റിമ്മലിരിക്കുന്ന ആ കുട്ടിച്ചാത്തനേം കണ്ടോണ്ട് ഇങ്ങനെ ജീവിതം തള്ളി നീക്കാൻ എന്നെക്കൊണ്ടാവത്തില്ല. ഇന്ന് കൊറിയയെ ജർമ്മൻകാര് കെട്ടുകെട്ടിച്ചാൽ ആ കുപ്പി പൊട്ടിയിരിക്കണം.
ഞാനാദ്യമായിട്ടായിരുന്നു അച്ചായനോട് കുരു പൊട്ടി ഇമ്മാതിരി വർത്തമാനം പറയുന്നത്. അതിലച്ചായന്റ കെറുവിപ്പ് കാണേണ്ടി വരും എന്നെനിക്കുറപ്പായിരുന്നു. പക്ഷെ അച്ചായൻ പൊട്ടിയൊരു ചിരി ചിരിച്ചതേ ഉള്ളു. എന്നിട്ട് എന്നെയങ്ങോട്ട് കെട്ടിയൊരു പിടിയും പിടിച്ചു.

ജർമ്മനി കപ്പടിച്ചാൽ ഈ കുപ്പീലുള്ളത് നമ്മളന്നിവിടെ ഒഴുക്കിവിടും. നീ ഒന്ന് അടങ്ങ് തമ്പാച്ചാ.. ഞാനിപ്പൊ കൊറച്ച് ദെവസായിട്ട് വേറൊന്നും തൊടാതിരിക്കുന്നതെന്താ. ഇവനെ അടിക്കാനുള്ളതിന് നൊയമ്പു നോക്കുവാ. നിനക്കറിയാഞ്ഞിട്ടാ ഇവനെ.

ഞാനെങ്ങനെ അറിയാനാ അച്ചായാ. ദൈവം തമ്പുരാൻ സഹായിച്ച് ജർമ്മനി കപ്പടിച്ചാ മതിയായിരുന്നു. ഞാനത് മാത്രമേ പറഞ്ഞുള്ളു.
പിന്നെ ദക്ഷിണ കൊറിയയും ജർമ്മനീം തമ്മിലുള്ള പോര് അച്ചായന്റെ വീട്ടുവരാന്തയിലിരുന്ന് ഞങ്ങളൊരുമിച്ചായിരുന്നു കണ്ടത്. അച്ചായൻ അങ്ങേരുടെ ചൂരൽ കസേരയിലിരുന്നു. ഞാൻ കട്ടിള ചാരി വാതിൽക്കലും. എനിക്ക് നല്ല ഹരം പിടിച്ചിരുന്നു. കുറച്ച് കാലമായിട്ട് കാര്യമായ ദൈവവിചാരമൊന്നും ഇല്ലാതിരുന്ന ഞാൻ അവിടിരുന്ന് അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു പ്രാർത്ഥിച്ചു. ഇടയ്ക്ക് സ്റ്റാന്റിമ്മലെ കുപ്പിയിലോട്ട് കണ്ണു തെറ്റിയാലാണ് പ്രയാസം. കളി കണ്ടോണ്ടിരിക്കണോ കുപ്പിയും കണ്ടോണ്ടിരിക്കണോ എന്ന് സംശയം തോന്നിപ്പോവും. അച്ചായൻ ജർമ്മനീടെ കോച്ചിന്റെ അപ്പനെ കണക്കനെ ഓരോ നിർദ്ദേശങ്ങള് കൊടുത്തോണ്ടും കളിക്കാരോട് കെറുവിച്ച് തെറി വിളിച്ചോണ്ടും ഇരിക്കുവാ. അങ്ങോട്ടു തട്ടടാ ഇങ്ങോട്ട് തട്ടടാ എന്നും പറഞ്ഞോണ്ട്. ഇനി ജർമ്മനി എങ്ങാനും തോറ്റാൽ ഇങ്ങേര് കുപ്പി എറിഞ്ഞ് പൊട്ടിക്കുമൊ എന്ന പേടി പോലും എനിക്കുണ്ടായി. അതും കൂടിയായപ്പോൾ ഞാൻ നെഞ്ച് നൊന്ത് ആത്മാർത്ഥമായിട്ട് പ്രാർത്ഥിച്ചു. അങ്ങനെ പ്രാർത്ഥിച്ചാൽ ഒരു ദൈവത്തിനും അത് കേൾക്കാതിരിക്കാൻ ഒക്കത്തില്ല കുഞ്ഞുമോന. ജർമ്മൻകാരന്റെ ഒരു ഷോട്ട് കൊറിയൻ ഗോളീ തട്ടിയിട്ടത് പിന്നേം അവമ്മാര് തട്ടി വലയിലോട്ടടിച്ചപ്പൊഴുണ്ടല്ലൊ ഞാനങ്ങ് മുള്ളൻപന്നി പോലായിപ്പോയി. അച്ചായൻ നിലവിളിച്ചോണ്ട് ഓടി വന്ന് കുപ്പിക്കൊരു മുത്തം കൊടുത്തത് കണ്ട് എനിക്കും അങ്ങനൊരണ്ണം അതിമ്മലോട്ടു കൊടുത്താലോ എന്ന് തോന്നി. പക്ഷെ തുനിഞ്ഞില്ല. ഇനി ഞാനെങ്ങാനും തൊടുന്നത് അശുദ്ധമാണെങ്കിപ്പിന്നെ കുപ്പി ആയുസില് പൊട്ടാണ്ടിരിക്കാൻ സാധ്യത ഉണ്ട്. അമ്മാതിരി ദൈവത്തിന്റെ കുഞ്ഞു കണക്കനെ അതിനെ കാക്കുവല്ലെ അങ്ങേര്. അന്ന് ഞാനും അച്ചായന്റെ കൂടെ മുറ്റത്ത് കിടന്ന് മുണ്ടഴിച്ച് തുള്ളി. എനിക്ക് എന്തോ ഒന്ന് നേടിയത് പോലെയും തോന്നി. അന്ന് വെപ്പും തീറ്റയും കഴിഞ്ഞ് അതുവരെയില്ലാത്ത തരത്തില് ജീവിത പ്രതീക്ഷയും കൊണ്ടാണ് ഞാൻ വീട്ടിലോട്ടു ചെന്നു കയറിയത്.

പിന്നെ ഫൈനലുവരേക്കും ഒരു കാത്തിരിപ്പായിരുന്നു. പക്ഷെ ഫൈനലിന്റെ അന്ന് കളി കാണാൻ ചെന്ന ഞാൻ വല്ല്യ ഉൽസാഹമൊന്നുമില്ലാതെ വരാന്തയിലിരിക്കുന്ന അച്ചായനെയാണ് കണ്ടത്. ഒരു തരം ധ്യാനം പിടിച്ചുള്ള ഇരിപ്പ്. കളി തുടങ്ങാറായതും വാതിൽക്കലോട്ടിരുന്ന ഞാൻ മറ്റവനെ നോക്കി നിന്റെ തൊപ്പി ഊരിമാറ്റി ഇന്ന് ഞങ്ങള് പള്ളേലുള്ളതു മൊത്തോം ഊറ്റിക്കുടിക്കുമെടാ എന്ന് മനസിൽ പറഞ്ഞു. കളിക്കാര് തമ്മില് കൈകൊടുപ്പും ദേശിയ ഗാനം പാടലും ത്രോസിടലും ഒക്കെ കഴിഞ്ഞ് മൈതാനത്ത് പന്ത് തട്ടാൻ തുടങ്ങി. ഒരു ഗോളെങ്ങാനും ഇട്ടേച്ച് ജർമ്മൻകാര് മേൽകൈ നേടിയിരുന്നെങ്കിൽ കൊതിയങ്ങുറപ്പിക്കാമായിരുന്നു എന്ന് കണക്കുകൂട്ടി തൊണ്ട വറ്റിച്ച് ഞാൻ കണ്ണും മിഴിച്ച് ടീ വീലോട്ടു നോക്കി ഇരിക്കുമ്പൊഴുണ്ട് അവമ്മാരുടെ ആ മൊട്ടത്തലയൻ ജർമ്മൻകാരുടെ നെഞ്ചിനകത്തോട്ട് ഒരു ബോംബ് പൊട്ടിക്കുന്നു. എന്റെ പ്രാണൻ പിടഞ്ഞു കുഞ്ഞുമോനേ. അതിനൊപ്പിച്ച് നിലവിളിക്കാൻ എനിക്ക് ഒച്ചയൊന്നും വന്നില്ല. ജർമ്മൻകാരത് പ്രതീക്ഷിച്ചിരുന്നു എന്ന് തന്നെ വേണം കരുതാൻ. അച്ചായന്റെ ഇരുത്തം കണ്ടതും എനിക്കത് തോന്നിയിരുന്നു. അങ്ങേരുടെ അനക്കമൊന്നുമില്ല. ദു:ഖം പങ്കിടാനായി ഞാനച്ചായനെ തിരിഞ്ഞു നോക്കാനും പോയില്ല. എന്റെ തൊണ്ട വരണ്ടതിൽ ഇറക്കാൻ ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു. ഞാൻ സ്റ്റാന്റിമ്മലുള്ള കുപ്പിയിലേക്ക് നോക്കി. കുപ്പി എന്നെയും നോക്കി. ഞങ്ങള് മൂന്നു പേരും ഒന്നും മിണ്ടാതെ ഒരു മഹാരാജ്യം തകർന്നു വീഴുന്നത് കണ്ടോണ്ടങ്ങനെ ഇരുന്നു.

ഒരു ഗോള് വഴങ്ങീട്ടുണ്ടേൽ രണ്ട് ഗോള് തിരിച്ചടിക്കാൻ കെൽപ്പുള്ളവര് തന്നെയാണ് ജർമ്മൻകാര്. ഞാൻ കാലും പന്തും കണ്ടോണ്ടുള്ള ഇരുത്തം തുടർന്നു. അമ്മയാണെ അതും ഞാൻ പ്രതീക്ഷിച്ചതല്ല കുഞ്ഞുമോനേ. ബ്രസീലുകാര് രണ്ടാമത്തെ ഗോളും ജർമ്മൻ നെഞ്ചത്തോട്ട് അടിച്ചു കേറ്റി. ഗാലറിയിൽ മഞ്ഞക്കുപ്പായക്കാര് കടല് തെളയ്ക്കണ പോലെ തെളച്ചു. ഹൃദയം നുറുങ്ങി അച്ചായൻ അതേ ഇരിപ്പിലെങ്ങാനും ചത്തോന്നറിയാൻ ഞാൻ തിരിഞ്ഞു നോക്കി. കണ്ണു നിറഞ്ഞ് ഒരു കുഞ്ഞിനെപ്പോലെ ഇപ്പൊക്കരയും എന്ന പരുവത്തിലാണ് മൂപ്പര്. എനിക്കങ്ങ് സങ്കടം വന്നു. ഈ ഭൂമിയൊന്ന് പിളർന്ന് എന്നേം അച്ചായനേം അങ്ങെടുത്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ഞാൻ ഗദ്ഗദം പോലത്തെ ശബ്ദത്തിൽ അച്ചായാ എന്ന് വിളിച്ചതും അങ്ങേരങ്ങ് പൊട്ടി പൊട്ടിക്കരയാൻ തുടങ്ങി. ആയ കാലത്തുപോലും ഇതുപോലെ കരഞ്ഞിട്ടുണ്ടാവില്ല. എനിക്കും അങ്ങ് കരച്ചില് വന്നു. വായ പിളർന്ന് പ്രത്യേക ശബ്ദത്തിൽ കൂടോത്രത്തിന്റെ പ്രാർത്ഥനയൊക്കെ പോലെ അച്ചായന്റെ കരച്ചില് വളർന്നു. ഞാൻ ചെറുതായിട്ട് പേടിച്ചു കെട്ടൊ. എന്റെ കരച്ചിലൊക്കെ നിന്നു. അങ്ങേരെണീച്ച് നേരെ മുറ്റത്തേക്കിറങ്ങി അവിടെ കുത്തിയിരുന്ന് കരയാൻ തുടങ്ങി. ഇയാളിതെന്തോന്ന് ജർമ്മൻകാരെ പറീപ്പിക്കാനായിട്ട് എന്ന് ഞാൻ വിചാരിച്ചു. ഞാൻ ചെന്ന് അച്ചായനെ പിടിച്ചെണീപ്പിക്കാൻ നോക്കിയതും അങ്ങേരെന്റെ കൈ പിടിച്ച് വലിച്ച് നല്ലൊരു കടി വച്ച് തന്നു. ദൈവമേ എന്ന് ഞാൻ നീട്ടി വിളിച്ചു പോയി. കൈ വലിച്ച് രണ്ട് ചുവട് മാറി നിന്ന് ഞാൻ അങ്ങേരുടെ കരച്ചിലൊന്നൊടുങ്ങാൻ കാത്തു നിന്നു.

നിന്റെയൊക്കെ മൊട്ടത്തലേല് ഇടിത്തീ വീഴുമെടാ കഴുവേറീട മക്കളെ.

കരച്ചിലൊന്നടങ്ങിയതും അച്ചായൻ അലറി. ഇനി കുപ്പിയൊന്നും പൊട്ടില്ല എന്ന് എനിക്കുറപ്പായി. എന്നാലും ഒടുക്കം കുപ്പിയുടെ കാര്യത്തിൽ

എനിക്ക് വേണ്ട തമ്പാച്ചാ നീ അതെടുത്തടിച്ചോ.

എന്ന് സങ്കടം മൂത്ത് അച്ചായനെന്നോട് പറയുമെന്നും ഞാനാ വൈൻ കുപ്പി വീട്ടുമുറ്റത്ത് നിലാവും കൊണ്ടിരുന്ന് തോറ്റതിന് തിടം വച്ച് കൊടുക്കണ കൂട്ട് തൊണ്ടക്കുഴലിലൂടെ ഒഴുക്കിവിട്ട് അച്ചായൻ കാണാതെ ആനന്ദം കൊള്ളുമെന്നും വെറുതെ സങ്കൽപ്പിച്ചു. ഞാനതിന് കാത്തുനിന്നു. അച്ചായനെന്നോട് പിന്നെ ഒന്നും തന്നെ മിണ്ടിയില്ല. വീട്ടിലോട്ട് നടക്കാൻ നേരം തോറ്റതിനെക്കാളും ഒരപമാന ബോധം കുപ്പിയെ ഓർത്തപ്പോൾ എനിക്കുണ്ടായി. ബ്രസീലുകാരോട് എനിക്ക് കെറുവിപ്പൊന്നും തോന്നിയില്ല. ജയിക്കാനല്ലാണ്ട് പിന്നെ കെളയ്ക്കാനൊന്നുമല്ലല്ലൊ അവമ്മാര് ഗ്രൗണ്ടിലിറങ്ങിയത്. എനിക്ക് ജർമ്മൻ കാരോടങ്ങ് കലി വന്നു. തോപ്പിച്ചത് പോരാഞ്ഞ് ബ്രസീലുകാര് അവമ്മാരെ ഓടിച്ചിട്ട് തല്ലുക കൂടി ചെയ്യണമായിരുന്നു. ഏതായാലും ആ കുപ്പിക്കകത്തുള്ളത് കുടിക്കാൻ കൊള്ളത്തില്ല നല്ല ചവർപ്പായിരിക്കും എന്ന് ഒരു പിള്ള മനസ് കണക്കനെ സമാധാനിച്ച് ഞാൻ വീട്ടിലോട്ടു നടന്നു.

ഉണ്ടായ കാര്യങ്ങളൊന്നും ഞാനാരോടും വിളമ്പാനൊന്നും നിന്നില്ല. കുറച്ചു ദിവസത്തേക്ക് അപ്പിച്ചായന്റെ അനക്കവും കണ്ടില്ല. ദിവസങ്ങള് കുറച്ചങ്ങായപ്പൊ വെറുതെ ഞാനാ വഴിക്കൊന്നിറങ്ങി. അവിടെ ആളനക്കമൊന്നുമില്ലായിരുന്നു. വാതിലും ജനാലയും അടഞ്ഞിരിക്കുന്നുമുണ്ട്. ജർമ്മനി തോറ്റത്തിന് ഇങ്ങേരെങ്ങാനും വീടും പൂട്ടി അകത്ത് കെട്ടി തൂങ്ങിയതാണോ എന്ന് വെറുതെ സങ്കൽപ്പിച്ച് ഞാൻ കാറ്റിന് ചീഞ്ഞ മനുഷ്യ മാംസത്തിന്റെ മണം വല്ലതുമുണ്ടോ എന്നറിയാൻ മൂക്കുവിടർത്തി നോക്കി. വീടടിച്ചു വാരുന്ന കുട്ടിച്ചിക്കു വേണ്ടി പിന്നാമ്പുറത്ത് മൺകലം കൊണ്ട് അടച്ചു വെക്കാറുള്ള താക്കോലവിടെ ഉണ്ട്. വീടൊന്നു തുറന്നു നോക്കിയാലോ എന്ന് ഞാൻ ചിന്തിച്ചു. കുപ്പി അകത്തുണ്ടെങ്കിലോ. ഉണ്ടെങ്കിൽ തന്നെ അപ്പിച്ചായനറിയാതെ അത് എടുക്കാൻ ഒക്കുമൊ. ഒക്കുമെങ്കിലും ഇല്ലെങ്കിലും അത് ശരിയല്ല. ഞാനവിടന്ന് തിരിച്ച് തോട്ടുവക്കത്തേക്കു നടന്നു. തോട്ടിൽ പുളയുന്ന കൈതക്കോരനെയും നോക്കികൊണ്ട് ഈ ലോകത്തെ പറ്റിയും അതിലെ ഒരോരോ മനുഷ്യമ്മാരെ പറ്റിയും ഓരോന്നാലോചിച്ചുകൊണ്ട് ഇരുട്ടും വരെ വെറുതെ അങ്ങനെ നിന്നു.

പിന്നെ കുറേ വർഷത്തേക്ക് അപ്പിച്ചായൻ നാട്ടിലോട്ട് വന്നില്ല. അതിനിടയ്ക്ക് എന്റെ കെട്ട് കഴിഞ്ഞു. അങ്ങേരെ അറീക്കണമെന്നുണ്ടായിരുന്നു. എനിക്ക് ഒരു കൊച്ചുണ്ടായി. അങ്ങേരെ കൊണ്ട് കാണിക്കണമെന്നുണ്ടായിരുന്നു. തെങ്ങിൻ തോപ്പിനു നടുവിലെ ആ പഴയ ഒറ്റയാൻ വീട്ടിലേക്ക് അങ്ങേര് പിന്നെ വന്നതേയില്ല. ഞാൻ പിന്നെ അങ്ങേരെ ഓർക്കാതെയായി. അങ്ങോട്ടൊന്നും പോവാതെയായി. പക്ഷെ അങ്ങേരുടെ ഓർമ്മകളുടെ മലവെള്ളപ്പാച്ചിലും കൊണ്ട് പിന്നെയും ലോകകപ്പ് വന്നു കുഞ്ഞുമോനേ. അതും എവിടാ. ജർമ്മനീല്. അങ്ങേരെ നാട്ടിലോട്ട് നോക്കണ്ട. ഇതിലെങ്ങാനും ജർമ്മൻകാര് കപ്പടിച്ചാൽ ഗാലറീലിരുന്ന് അങ്ങേരാ കുപ്പി പൊട്ടിക്കും. അതോർത്തപ്പോൾ എനിക്കൊരു സങ്കടം തോന്നി. കളി തുടങ്ങിയതിൽ പിന്നെ റെഡ്സ്റ്റാർ കബ്ബിന്റെ ടീ വീല് മുന്നിലെ മൊട്ടപ്പാറയിൽ നിന്നോണ്ട് നാട്ടിലെ ചെക്കൻമാർക്കൊപ്പം ജർമ്മനിയുടെ ഓരോ മുന്നേറ്റവും കോരിത്തരിപ്പോടെ ഞാൻ കണ്ടു. ഇപ്രാവിശ്യം കുപ്പി പൊട്ടും എന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു.

പോളണ്ടിനേം ഇക്കഡോറിനേം സീഡനേം അർജന്റീനയെവരെയും ജർമ്മൻകാര് തോപ്പിച്ച് മുന്നേറിയപ്പൊ ഞാനും കണ്ണടച്ച് അച്ചായന്റെ ജർമ്മൻകാരൻ കുപ്പിയിൽ ഉമ്മവച്ചു. ജർമ്മനി സെമിയിലെത്തിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. നല്ല വാറ്റും അടിച്ചോണ്ട് മൂത്തു പെരുത്താണ് ഞാൻ സെമി കാണാൻ ചെന്നത്. ജർമ്മൻകാര് ഫൈനല് പിടിക്കുമ്പൊ പള്ളേലോട്ടു കമഴ്ത്താൻ ഒരു പൈന്റും അരയിൽ കരുതിയിരുന്നു. വല്ല കാര്യവുമുണ്ടായൊ. ഇറ്റലി ജർമ്മൻകാരെ തൂത്തെറിയുന്നത് കണ്ടപ്പൊ അപ്പിച്ചായാ എന്നും വിളിച്ചോണ്ട് ഞാൻ ഉള്ളാലെ നിലവിളിച്ചു പോയി. ഞാൻ കരഞ്ഞുകൊണ്ടാണന്ന് പാറ കേറി മടങ്ങിയത്. പിന്നെ എനിക്കിതൊന്നും താങ്ങാനൊക്കാതെയായി. കളിയും കാര്യവും ഒക്കെ ഞാനങ്ങ് വിട്ടു. എനിക്ക് കൊച്ചുങ്ങള് മൂന്നായി. അപ്പിച്ചായൻ വരാറുണ്ടോ ഇല്ലയോ എന്നൊന്നും ഞാനറിയാണ്ടായി. പിന്നേം ലോകകപ്പ് വന്നു. ദക്ഷിണാഫ്രിക്കേ കെടന്ന് ജർമ്മനി ആരോടാണ്ട് തോറ്റ് പുറത്തായി എന്നും കേട്ടു.

അതിന്റെ പിറ്റേക്കൊല്ലമാണ് അപ്പിച്ചായൻ വീണ്ടും നാട്ടിൽ വരുന്നത്. എന്നെയങ്ങോട്ട് വിളിപ്പിച്ചപ്പൊഴാണ് വന്ന കാര്യം ഞാൻ അറിയുന്നതും. വീട്ടുകാര്യം നോക്കാൻ കുട്ടിച്ചി അവിടെ ഉണ്ടായിരുന്നു. ഞാൻ ചെന്നപ്പൊ കാണാൻ തമ്പാച്ചൻ വന്നിട്ടുണ്ട് എന്നവള് അകത്തോട്ട് ചെന്ന് പറഞ്ഞു. വിളിക്കുന്നുണ്ടെന്ന് എന്നോടും വന്ന് പറഞ്ഞു. ഞാൻ ചെന്നപ്പൊ കണ്ണൊക്കെ കുഴീപ്പോയി എല്ലും തോലുമായി ഇന്നോ നാളെയോ എന്ന പരുവത്തിൽ ഒരു പ്രേതം കണക്കനെ കിടക്കുന്ന അപ്പിച്ചായനെയാണ് അകത്ത് കണ്ടത്. എന്റെ ചങ്ക് തകർന്നു പോയി. കുറേ നേരമൊന്നും എനിക്കാ കോലത്തിലോട്ട് നോക്കി നിക്കാൻ ത്രാണിയില്ലായിരുന്നു. എന്റെ കണ്ണു നിറഞ്ഞു. ഞാൻ ശബ്ദമില്ലാതെ കരഞ്ഞു. താങ്ങാൻ പറ്റാണ്ടായപ്പൊ ഞാനിറങ്ങി നടന്നു. പറമ്പ് തീരാറായതും കുട്ടിച്ചി പിന്നാലെ ഓടി വന്ന് അപ്പിച്ചായൻ തിരിച്ച് വരാൻ പറഞ്ഞു എന്നെന്നോട് പറഞ്ഞു. അങ്ങോട്ടാണോ ഇങ്ങോട്ടാണോ എന്നറിയാതെ ഞാൻ കുറച്ചു നേരം പറമ്പിന്റെ അതിരിൽ നിന്നു. മുറിയിലേക്ക് തിരിച്ച് കയറിയപ്പൊഴുണ്ട് ടേബിളേൽ ആ പഴയ ജർമ്മൻകാരൻ വൈൻ കുപ്പി. പഴയ പരിചയക്കാരനെ കണ്ടതുപോലായിരുന്നു എനിക്ക്. പരിചയ ഭാവത്തിൽ അതിനെ നോക്കി ഒന്ന് പുഞ്ചിരിക്കാനും എനിക്ക് തോന്നി. അപ്പിച്ചായൻ കൈ നീട്ടി എന്നെ അടുത്തേക്ക് വിളിച്ചു.

നീ ഇവിടെ ഇരിക്ക്.

കട്ടിലിന്റെ അറ്റത്ത് ഞാനിരുന്നു. ഇനി എങ്ങാനും ഈ കുപ്പി എനിക്ക് തന്നുവിടാനാണൊ വിളിപ്പിച്ചത്. എനിക്ക് അടക്കിപ്പൂട്ടി വച്ചതെന്തോ കെട്ടു പൊട്ടിക്കുന്നത് പോലെ തോന്നി. അച്ചായൻ പറഞ്ഞു.

തമ്പാച്ചാ ഞാനിനി അധികനാളുകളൊന്നും ജീവനോടെ ഇങ്ങനെ കിടക്കില്ല. മരുന്നും മന്ത്രവും പണിമൊടക്കം തുടങ്ങീട്ട് കുറച്ചങ്ങായി. അവിടെ ജോർജിയയക്കും മക്കക്കും എന്നെക്കൊണ്ട് മടുത്തപ്പൊഴാണ് ഇങ്ങോട്ട് പോന്നത്. അല്ലാതെ ഇവിടെ കെടന്ന് ചാവണം എന്ന കൊതി കൊണ്ടൊന്നുമല്ല. ഞാൻ ചാവുമ്പൊ നീ എനിക്കൊരു കാര്യം സാധിച്ചു തരണം. അതു പറയാനാണ് നിന്നെ ഞാൻ വിളിപ്പിച്ചത്. തരുവോ തമ്പാച്ചാ..

അച്ചായനെന്നെ നോക്കി. ഞാനൊന്ന് തലയാട്ടി.

ഞാൻ ചാവുമ്പൊ ഒരു ശവപ്പെട്ടി വാങ്ങി ഈ പറമ്പിലൊരു കുഴികുത്തി എന്നെ അതിലോട്ടു കിടത്തണം. ആവശ്യം വരുന്ന പൈസയൊക്കെ ഞാനേൽപ്പിച്ചോളാം. സഹായത്തിനാരെയാന്ന് വച്ചാ കൂട്ടിക്കൊ. പള്ളിക്കാരൊക്കെ എത്തും. തൊടീക്കാതിരിക്കാനുള്ളത് നിയമപരമായി തന്നെ ഞാൻ തീരുമാനമുണ്ടാക്കി തരാം. വീടും പറമ്പും അങ്ങ് ജർമ്മനീലോട്ട് എഴുതി വച്ചിട്ടുണ്ട്. വേണേൽ അവള്മാര് വന്നോട്ടെ. അല്ലെങ്കി ചിതലിനുള്ളത് ചിതലും ചിലന്തിക്കുള്ളത് ചിലന്തിയും എടുത്തോട്ടെ. ഈ പറമ്പീന്ന് വീഴുന്ന തേങ്ങ നീ കൊണ്ടു പോയ്‌ക്കൊ. കുട്ടിച്ചിയോടും എടുത്തോളാൻ പറഞ്ഞിട്ടുണ്ട്. ഞാൻ നിന്നെ വിളിപ്പിച്ചത് മറ്റൊരു കാര്യം കൂടി പറയാനാണ്. എല്ലാറ്റിനെക്കാളും അത് നടന്നു കിട്ടണം.

അച്ചായനൊന്നു നിർത്തി. ഞാൻ ചെവിയോർത്തു. അച്ചായൻ പറഞ്ഞു തുടങ്ങി.

പെട്ടിയിൽ എന്റെ ശരീരം കൂടാതെ വേറെ രണ്ടു പേരെയും എന്നോടൊപ്പം നീ തന്നേച്ച് വിടണം. ഒന്ന് ഈ കാണുന്ന വൈൻ കുപ്പി. എന്നെങ്കിലും ജർമ്മനി ഒരിക്കൽ കൂടി കപ്പുയർത്തുമ്പൊ ഞാൻ കിടക്കുന്ന കുഴിമാടത്തിൽ കിടന്ന് എനിക്കിത് പൊട്ടിച്ചടിക്കണം. രണ്ടാമത്തെ സാധനം എന്നെ കുഴിയിലോട്ടെടുക്കാൻ നേരം കുട്ടിച്ചി നിനക്കത് കൊണ്ടത്തരും.

ഇത്രയും പറഞ്ഞ് ഞാൻ ഇതിനൊക്കെ നിക്കുമോന്നറിയാൻ അച്ചായൻ എന്റെ മുഖത്തേക്ക് നോക്കിക്കിടന്നു. ഞാനേറ്റു അച്ചായാ. അച്ചായൻ സമാധാനമായിട്ട് കിടക്ക്. ഞാനച്ചായനോട് പറഞ്ഞു. അതിനു പിന്നാലെ അച്ചായൻ കണ്ണുകളടച്ച് അങ്ങനേയങ്ങ് ഉറങ്ങാൻ കിടന്നു.

രണ്ടു കൊല്ലം അങ്ങനെ കിടന്നേച്ച് അപ്പിച്ചായൻ മരിച്ചു. മരിപ്പു കാണാൻ ആളും കൂട്ടവും അധികം ഇല്ലായിരുന്നു. ഇങ്ങേരപ്പൊ ചത്തില്ലെ എന്നാണ് കേട്ടവര് ചോദിച്ചത്. പള്ളിക്കാരെയും കണ്ടില്ല. പറമ്പിന്റെ തെക്കുവശത്തുള്ള സപ്പോട്ടമരത്തിന്റെ ചാരെ ഞാനും മണീസനും കൂടി ഒരു കുഴിയെടുത്തു. കുട്ടിച്ചി തന്നേച്ചു വിട്ട പൈസയിൽ നിന്ന് ഒരു പെട്ടിയും വാങ്ങിയിരുന്നു. അപ്പിച്ചായന്റെ ശരീരം കുഴീലോട്ടിറക്കി. ചടങ്ങുകളൊന്നും ഇല്ലായിരുന്നു. മണ്ണുവാരി ഇടാൻ നേരം കുട്ടിച്ചി വീടിനകത്തേക്ക് ഓടിപ്പോയി ഒരു ബാഗും തൂക്കി പിടിച്ചോണ്ട് വന്നു. ഞാനത് വാങ്ങി ഒന്ന് തുറന്നു നോക്കി. അകത്ത് പഴയ ജർമ്മൻ കുപ്പിയും ഫുഡ്‌ബോളൊക്കെ ജയിച്ചാ കിട്ടുന്ന തരം ഒരു ട്രോഫിയും ഉണ്ടായിരുന്നു. ഞാനത് കുഴിയിൽ പെട്ടിയുടെ മുകളിലോട്ട് വച്ചു. മണ്ണ് വാരിയിട്ട് ഞങ്ങള് അപ്പിച്ചായനെ പറഞ്ഞു വിട്ടു. ഞാൻ കുറേ നേരം അവിടെ തന്നെയങ്ങ് നിന്നു. വീട് പൂട്ടിയിറങ്ങാൻ നേരം ചെല്ല് തമ്പാച്ചാ എന്ന് കുട്ടിച്ചി എന്നോട് പറഞ്ഞു.

അതിന്റെ ഒന്നു രണ്ട് ആണ്ടായപ്പൊ ജർമ്മനി പിന്നേം ലോകകപ്പടിച്ചു എന്നു ഞാൻ കേട്ടു. ഞാനപ്പിച്ചായനെ ഓർത്തു. മണ്ണിനടിയിൽ അച്ചായന്റെ നെഞ്ചത്ത് കിടക്കുന്ന ജർമ്മൻകാരനെയും ഓർത്തു. എനിക്ക് അങ്ങേരുടെ കുഴിമാടംവരെ ഒന്ന് പോയാക്കൊള്ളാമെന്നായി. പണിയും കഴിഞ്ഞ് ഏറ്റത്തിൽ കള്ളും കുടിച്ച് ടോർച്ച് വെട്ടത്തിൽ രാത്രിക്ക് അച്ചായന്റെ വീടുവരെ ഞാൻ നടന്നു. പറമ്പ് കാട് പിടിച്ചിരുന്നു. കണ്ടാ പേടി തോന്നും. ഞാൻ അകത്തോട്ട് കയറി കുഴിമാടത്തിന്റെ ഒരു പത്തടി ഇപ്പുറം വന്ന് നിന്നു. ജർമ്മനി കപ്പടിച്ചു അപ്പിച്ചായാ.. ഞാൻ മെല്ലെ പറഞ്ഞു. അങ്ങേരത് കേൾക്കുമായിരിക്കും. ഒടുക്കത്തെ ആവേശവും കൊണ്ട് എഴുന്നേറ്റിരുന്ന് നെഞ്ചത്തുകിടക്കുന്ന കുപ്പി പൊട്ടിച്ച് കുടിക്കുമായിരിക്കും. കുടിച്ച് കുടിച്ച് അലമുറയിട്ട് കരയുമായിരിക്കും. ഞാൻ ചെയ്യേണ്ടത് ചെയ്തു. അത്ര തന്നെ. പിന്നീടിന്നുവരെ ഞാനങ്ങോട്ട് കേറീട്ടില്ല. ഇനി പറയാനുള്ളത് ഇപ്പൊ ഇതൊക്കെ വിസ്ത്തരിക്കാനുള്ള കാരണത്തെ പറ്റിയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബന്ധത്തിൽപ്പെട്ട ഒരു കൊച്ചൻ എട്ട് പത്ത് കൊല്ലം മണ്ണിൽ കുഴിച്ചിട്ട ഒരു ഫോറിൻ വൈനുമായി കാനഡയിൽ നിന്ന് വന്നു. എന്നെ വല്യ കാര്യമാണവന്. ഒരു ദിവസം അവനെന്നെ വീട്ടിലോട്ടു വിളിച്ചു വരുത്തി ആ സാധനം കാണിച്ചു തന്നു. എനിക്കോർമ്മ വന്നത് അച്ചായന്റെ ജർമ്മൻകാരനെയാണ്. ഒരു ഗ്ലാസിന്റെ പകുതിമുക്കാലോളം അവൻ എനിക്കതൊഴിച്ചു തരികയും ചെയ്തു. എന്റെ കുഞ്ഞുമോനേ.. എന്നതാ അതിന്റെ രുചിയും മണവും കിക്കും. ഭൂമി മൊത്തം തലമണ്ടേല് വിരിഞ്ഞങ്ങ് വരും. അതും കുടിച്ചേച്ച് അന്ന് രാത്രി തൊട്ട് രാവിലെ വരെ ഞാൻ തപസ് കണക്കനെ ഇരുന്നു കുഞ്ഞുമോനേ. ബോധം വന്നപ്പൊ അതിന്റെ ഒരു തുള്ളിക്ക് വേണ്ടി ഞാനവനെ കാണാനും കെഞ്ചാനും തുടങ്ങി. അവനെന്നെ ഉന്തി തള്ളി വിട്ടതേ ഉള്ളു.'

പറഞ്ഞു വരുന്ന കാര്യം വല്ലതും മനസിലായൊ എന്നറിയാൻ തമ്പാച്ചൻ കുഞ്ഞുമോന്റെ മുഖത്തേക്കു കൂർപ്പിച്ച് നോക്കി. എത്തും പിടിയും കിട്ടാത്ത മട്ടാണ് കുഞ്ഞുമോന്. തമ്പാച്ചൻ ഒരു രഹസ്യം പറയുന്ന കൂട്ട് ശബ്ദം താഴ്ത്തി സാവധാനം തുടർന്നു.

"കുഞ്ഞുമോനേ.. നമ്മക്കതങ്ങ് എട്ത്താലോ കുഞ്ഞുമോനെ.. '

"ഏത് ?'

"അച്ചായന്റെ കുഴീക്കിടക്കുന്നത്. ഞാൻ കുടിച്ചവന്റെ അപ്പനായിരിക്കും അത്. ഒറപ്പാ..
ഒരു രാത്രിക്കങ്ങ് ഇറങ്ങിയാ മണ്ണ് മാന്തി സാധനവും കൊണ്ട് ഇങ്ങ് പോരാം. നമ്മക്ക് പിന്നെ കുഷാലാ. ഒരു ശവക്കുഴി മാന്തുന്നതല്ലെ. നീ എന്റെ കൂടെ ഒരു ധൈര്യത്തിന് വരണം. വന്ന് നിന്നു തന്നാ മതി. ബാക്കി ഞാൻ നോയിക്കോളാം.'

കുഞ്ഞുമോൻ തമ്പാച്ചനെ കണ്ണു മിഴിച്ച് നോക്കി. ഇനി എന്താണ് കുഞ്ഞുമോൻ ചോദിക്കാനോ പറയാനോ പോകുന്നതെന്നറിയാൻ തമ്പാച്ചൻ കാത്തു.

"അങ്ങേരത് കുടിച്ചു കാണില്ലെ തമ്പാച്ചാ ?'

ശബ്ദം താഴ്ത്തി ശ്വാസം പിടിച്ച് കുഞ്ഞുമോൻ കാര്യമായിട്ടു തന്നെ ചോദിച്ചതായിരുന്നു അത്.

"ഉണ്ട. നിനക്കെന്തിന്റെ കേടാണ്. മരിച്ച അപ്പിച്ചായൻ എണീറ്റിരുന്ന് നെഞ്ചത്തിരിക്കുന്നത് പൊട്ടിച്ചടിച്ചൂന്നാണോ. അങ്ങനാണേ മരിച്ചോമ്മാരൊക്കെ നമ്മളെയിവിടെ ജീവിക്കാൻ വിടുവൊ. നീ വരുന്നുണ്ടെങ്കി വാ. ഇവിടെ ഒറ്റയ്ക്കുള്ള പൊറുതിയല്ലെ. അടിക്കാണ്ട് ഒറക്കം വരാത്തവനുമാണ്. എന്നാ ഇതൊന്ന് കുടിച്ചു നോക്കടാ. നമുക്ക് പിന്നെ എവിടന്നാ ഇമ്മാതിരിയൊക്കെ ഓരോന്നനുഭവിക്കാൻ ഒക്കുന്നത്. അച്ചായനേം കുപ്പിയേം നമ്മുക്ക് വേണ്ടി അങ്ങ് പടച്ചതാണെന്ന് കരുതിയാ മതി. ഞാനീ പറയുന്നതിന്റെ ഗുട്ടൻസ് നിനക്കിപ്പൊ പിടികിട്ടില്ല. നമ്മളാ കുപ്പിയും അടിച്ചുമാറ്റി ഈ വരാന്തേലിരുന്ന് ഒരര ഗ്ലാസങ്ങ് കുട്ടിക്കുമ്പൊ ഈ തമ്പാച്ചനെ നീ ദൈവം തമ്പുരാനേന്ന് വിളിക്കും. ഒറപ്പ്. ഒരു കവിള് എനിക്കാ കുരിപ്പ് ചെറുക്കനും കൊടുക്കണം. എന്റെ കൈയിലും ഉണ്ടെടാ ചെറ്റെ ഏറ്റ ഐറ്റം എന്ന് എനിക്കവന്റെ മുഖത്ത് നോക്കി പറയണം. നീ വരുവോ എന്റെ കൂടെ ?'

പൊല്ലാപ്പായല്ലൊ എന്ന വണ്ണം നിലത്തേക്ക് തുറിച്ചു കൊണ്ട് കുഞ്ഞുമോൻ ആലോചനയോടെ ഇരുന്നു.

"ഇത്ര ആലോചിക്കാൻ എന്താ ഇരിക്കുന്നത് കുഞ്ഞുമോനേ ?'

കുഞ്ഞുമോൻ ഈ നാട്ടിൽ വന്നിട്ട് കൊല്ലം കുറച്ചൊക്കെ ആയി. പേരിനു പോലും ഒട്ടു പാലിന്റെ ഒരു ചുരുള് പോലും കട്ടടിക്കാത്തവനാണ്. ചിലപ്പോൾ ഇമ്മാതിരിയുള്ള കാര്യങ്ങൾക്ക് അവന് ഇച്ചിരി ആലോചിക്കേണ്ടതായിട്ടുണ്ടാവും. തമ്പാച്ചൻ മനസിൽ കരുതി. അതുകൊണ്ടു കൂടിയാണ് ഒരു കൈ സഹായം ചോദിച്ചു കൊണ്ട് തമ്പാച്ചൻ കുഞ്ഞുമോൻടുത്തേക്കു തന്നെ വന്നതും. കാര്യം നടന്നാലും ഇല്ലെങ്കിലും സങ്കതി മറ്റൊരു ചെവി അറിയില്ല.

"വള്ളിക്കെട്ടല്ലെ തമ്പാച്ചാ ?'

"അല്ല കുഞ്ഞുമോനേ.'

കുഞ്ഞുമോൻ ആലോചന തുടർന്നു.

"എന്നാ നോക്കുന്നത് ?'

"തിങ്കളാഴ്ച.'

കുഞ്ഞുമോൻ അതേ ഇരിപ്പിരുന്നു. പ്രതീക്ഷിച്ച പോലെയുള്ള ആവേശമൊന്നും കുഞ്ഞുമോൻ കാണിച്ചില്ലല്ലോ എന്നോർത്ത് തമ്പാച്ചന് ചെറിയ നിരാശയും തട്ടി. വിഷയം വിട്ടു പോവാൻ തക്കവണ്ണം മറ്റു പലതും പറഞ്ഞ് നേരം കുറച്ചങ്ങായപ്പോൾ കാൽച്ചുവട്ടിൽ വച്ച ടോർച്ചും എടുത്ത് തമ്പാച്ചൻ വരാന്തയിൽ നിന്നും തിരിച്ചിറങ്ങാൻ എഴുന്നേറ്റു.

"നീ ആലോചിച്ചിട്ട് എന്നെയൊന്ന് വിളിക്ക്. കെട്ടോ. വേറാരും അറിയണ്ട.'

തമ്പാച്ചൻ പുറത്തിറങ്ങിയതും ചായ്പ്പിൽ ചുരുണ്ടുകൂടി കിടക്കുന്ന പട്ടി രണ്ട് കുര കുരച്ചു. സാധാരണ ഇറങ്ങാൻ നേരം അതിനോടെന്തെങ്കിലും രണ്ട് വാക്ക് പറയാറുള്ളതാണ്. ഇന്നൊന്നും തമ്പാച്ചൻ മിണ്ടിയില്ല. ടോർച്ചു വെട്ടത്തിൽ റബർ മരങ്ങൾക്കിടയിലൂടെ തമ്പാച്ചൻ ഇരുട്ടിലേക്ക് നടന്നു പോകുന്നത് പിന്നാലെ മുറ്റത്തേക്കിറങ്ങി ഒരാവലാതിയോടെ കുഞ്ഞുമോൻ നോക്കി നിന്നു. നടത്തത്തിനിടയിൽ തമ്പാച്ചൻ കുഞ്ഞുമോനെ ഒന്ന് തിരിഞ്ഞു നോക്കി. കുഞ്ഞുമോന് ഒരുൾക്കിടിലമുണ്ടായി.

രണ്ട്​

കുഞ്ഞുമോന്റെ വിളിയൊന്നും വന്നില്ലെങ്കിലും തിങ്കളാഴ്ച രാത്രിക്ക് കുഴിമാന്തുമെന്ന് തമ്പാച്ചൻ തീരുമാനിച്ചിരുന്നു. അന്ന് അതിരാവിലെ തന്നെ ഉറക്കം തീർന്ന തമ്പാച്ചൻ അതിന്റെ രോമാഞ്ചവും കൊണ്ട് പറമ്പിൽ തുക്കി പെറുക്കിയും ഉച്ചക്കഞ്ഞി കുടിച്ച് ചെറുതായി കിടന്നു മയങ്ങിയും പകലിനെ രാത്രി വരെ എത്തിച്ചു. കുളിച്ച് കുപ്പായമിട്ട് ടോർച്ചുമെടുത്ത് അയാൾ ഇരുട്ടിലേക്ക് ഇറങ്ങിയപ്പൊൾ ഇടയ്ക്ക് തേനെടുക്കാനോ മീൻ പിടിക്കാനോ ഇങ്ങനെയൊരു പോക്കുള്ളതുകൊണ്ട് എങ്ങോട്ടാണെന്ന് വീട്ടുകാരി ചോദിച്ചില്ല. പറഞ്ഞൊഴിയാൻ ഇതുമാതിരി കാരണങ്ങളുണ്ടായിട്ടും വഴിയിൽ വച്ച് ആരെയെങ്കിലും കണ്ടേക്കുമോ എന്ന് തമ്പാച്ചന് പേടിയുണ്ടായിരുന്നു. റബർ മരങ്ങൾക്കിടയിലെ കുഞ്ഞുമോന്റെ വീട്ടിലേക്കു തന്നെയാണ് വെട്ടം തളിക്കാതെ ഇരുട്ടത്ത് തമ്പാച്ചൻ നടന്നു പോയത്.

വൈകീട്ടോടുകൂടി ഒരു കുപ്പിയുമെടുത്ത് അടിച്ച് കിറുങ്ങി വരാന്തയിൽ ഇരിക്കുകയായിരുന്ന കുഞ്ഞുമോൻ ദൂരേന്ന് തമ്പാച്ചൻ വരുന്നത് കണ്ടു. ഫിറ്റിൻ പുറത്ത് എഴുന്നേറ്റ് നിന്ന് മുണ്ട് മാടികുത്തി കുഞ്ഞുമോൻ മുറ്റത്തേക്കിറങ്ങി നിന്നു.

"തമ്പാച്ചനെന്നേം കൊണ്ടേ പോവത്തുള്ളൂന്ന് എനിക്കറിയാമായിരുന്നു. ഒരു ധൈര്യത്തിന് ഞാൻ ചെറുതായിട്ട് രണ്ടെണ്ണം പിടിപ്പിച്ചു തമ്പാച്ചാ.'

തമ്പാച്ചന് കലിയാണ് വന്നത്.

"കള്ളിൻ പുറത്ത് നീയിതാരോടെങ്കിലും എഴുന്നള്ളിച്ചോടാ ?'

"തമ്പാച്ചനെന്നെ അറിയത്തില്ലെ.'

"ഓ അറിയാം. എങ്ങനാ എറങ്ങുവല്ലെ ?'

കുഞ്ഞുമോനെയും കൊണ്ട് തമ്പാച്ചൻ കുന്നിറങ്ങി പാടവരമ്പിലേക്കു കയറി ഒന്നും മിണ്ടാതെ നേരെ അപ്പിച്ചായന്റെ വീടിനു നേർക്ക് നടന്നു. അന്നേ ദിവസത്തെ ഇരുട്ടു മൂടിയ ഭൂമിയിൽ ഇറങ്ങി നടക്കുന്ന രണ്ടേ രണ്ടു മനുഷ്യർ അവരാണെന്ന് തമ്പാച്ചനപ്പോൾ തോന്നി. പിന്നാലെ കുഞ്ഞുമോൻ ഉണ്ട്. അവനൊന്നും മിണ്ടുന്നില്ല. ഇനി എന്താണ് പ്ലാൻ എന്നൊക്കെ അവന് വെറുതെ ചോദിച്ചാലെന്താ. അല്ലെങ്കിലും എന്താണ് പ്ലാൻ. കുഴിമാന്തണം. കുപ്പി എടുക്കണം. ഇരുട്ടിൽ മൂടിക്കിടക്കുന്ന അപ്പിച്ചായന്റെ തെങ്ങിൻ പറമ്പ് ദൂരേന്ന് കണ്ടതും തമ്പാച്ചന്റെ നെഞ്ചിൻ കൂട് കിടന്ന് ചാടി മറിയാൻ തുടങ്ങി. വീടും പരിസരവും വിശിഷ്ട്ടമായതെന്തിനോ ഒന്നിന് ഉറങ്ങാതെ കാത്തു കിടക്കുകയാണെന്നും തമ്പാച്ചന് തോന്നി. പേടിയുണ്ടോടാ എന്ന് തമ്പാച്ചൻ കുഞ്ഞുമോനോട് ചോദിക്കാൻ പോയതും തമ്പാച്ചൻ പിന്നിൽ നിന്ന് കുഞ്ഞുമോന്റെ വിളി കേട്ടു.

"തമ്പാച്ചാ.'

തമ്പാച്ചൻ തിരിഞ്ഞു നോക്കി.

"ഞാനിവിടെ നിന്നാ പോരെ.'

അവർ പറമ്പിനതിരിലെത്തിയിരുന്നു. എന്തു പറയണമെന്നറിയാതെ തമ്പാച്ചനും മൂന്നോട്ടില്ല എന്ന മട്ടിൽ കുഞ്ഞുമോനും മുഖത്തോടു മുഖം നോക്കി നിന്നു.

"കുഴീലുള്ള മണ്ണ് കൊത്തി മാറ്റണ്ടെ കുഞ്ഞുമോനെ.'

അതു കേട്ടതും ഒരു തളർച്ചയോടെ നിന്ന നിൽപ്പിലേക്കു തന്നെ കുഞ്ഞുമോൻ കുത്തിയിരുന്നു. കുഞ്ഞുമോനവിടന്ന് എഴുന്നേൽക്കില്ല എന്ന് തമ്പാച്ചനുറപ്പിച്ചു.

"എന്തേലും ഉണ്ടെങ്കിൽ നീ എന്നെ ഒന്ന് അറീച്ചേക്കണം.'

കുഞ്ഞുമോൻ കുത്തിയിരിപ്പിൽ അപ്പിച്ചായന്റ പറമ്പിലേക്കൊന്ന് നോക്കി. പെട്ടന്ന് മുഖം വെട്ടിച്ച് തമ്പാച്ചനോട് അറീച്ചേക്കാമെന്ന് തലയാട്ടി. തമ്പാച്ചൻ രണ്ടും കൽപ്പിച്ച് പറമ്പിലേക്ക് കയറി. ചുറ്റിലും ടോർച്ചടിച്ച് ബോധമുള്ളവനൊ ഇല്ലാത്തവനൊ വേറെ ആരെങ്കിലും അവിടെയെങ്ങാനും ഉണ്ടോ എന്ന് തിരഞ്ഞു. നേരെ വീടിന്റെ പിന്നാമ്പുറത്തെ വിറകുപുരയിലേക്ക് നടന്നു. ഒരു കൈക്കോട്ടുമെടുത്ത് കാടും പടലവും വകഞ്ഞു മാറ്റി പാടുപെട്ടു കൊണ്ട് അപ്പിച്ചായന്റെ ശവക്കുഴിക്കരികിൽ വന്നു നിന്നു. കുഴിയുടെ സ്ഥാനം തെറ്റാതെ ഉറപ്പിച്ചു. ഒരു മനുഷ്യന് മുന്നിലേക്കെന്ന പോലെ തമ്പാച്ചൻ കൈക്കോട്ടും കൊണ്ട് കുഴിക്കാനുള്ളതിന്റെ ഒരു ഭാഗം പിടിച്ചു നിന്നു. മണ്ണിനടിയിലെ വീര്യം ഇരട്ടിച്ച അപ്പിച്ചായന്റെ നെഞ്ചിൽക്കിടക്കുന്ന ജർമ്മൻകാരനെ തമ്പാച്ചൻ മനക്കണ്ണിൽ കണ്ടു. തളർച്ച പോലുള്ള എന്തോ ഒന്ന് ശരീരത്തിൽ പൊട്ടി വിരിയാൻ തുടങ്ങിയതും മനസിൽ അപ്പിച്ചായനെ തന്നെ ധ്യാനിച്ച് തമ്പാച്ചൻ ശവക്കുഴിയിലേക്ക് ആദ്യത്തെ വെട്ടു വെട്ടി. മറ്റൊരുതരം ആലോചനയ്ക്ക് ഇടം കൊടുക്കാതെ തമ്പാച്ചൻ പിന്നെ നിർത്താതെ കുഴിയിലെ മണ്ണ് വെട്ടിമാറ്റിയിടാൻ തുടങ്ങി. ഒരു കാട്ടുപന്നിയെ തമ്പാച്ചനപ്പോൾ ഓർത്തു. വിയർത്ത് കുളിച്ച് തൊണ്ടനനയ്ക്കാൻ ഒരു തുള്ളി വെള്ളമില്ലാതെ പരവേശപ്പെട്ട് തമ്പാച്ചൻ മണ്ണിലേക്കള്ള പരാക്രമം തുടർന്നു. മണ്ണിനടിയിലെ പെട്ടി തുളച്ച് ഒരു കൊത്ത് അകത്തേക്ക് കയറി കൈക്കോട്ട് കുരുങ്ങിയതും തമ്പാച്ചൻ ഒന്നേങ്ങലടിച്ചു പോയി. ഒരു മനുഷ്യന്റെ മാറിലേക്ക് ആയുധം കൊത്തിയിറക്കിയ കണക്കനെ തമ്പാച്ചൻ നിന്നു വിറച്ചു. അകത്തുനിന്നും ആരോ കൈക്കോട്ടിന് പിടുത്തം ഇട്ടതു പോലെ. ശക്തിയെല്ലാം ചോർന്ന് തമ്പാച്ചൻ മണ്ണിലേക്ക് വീഴാൻ പോയതും അയാൾ ഇരുട്ടിലേക്ക് നീട്ടി വിളിച്ചു.

"കുഞ്ഞുമോനേ..'

"തമ്പാച്ചാ..'

കുഞ്ഞുമോൻ വിളി കേട്ടു.

"ഒന്നിങ്ങു വന്നേടാ..'

കുഞ്ഞുമോന്റെ അനക്കമൊന്നുമില്ല. ആള് അകത്തേക്ക് കയറി വരാൻ കൂട്ടാക്കില്ല എന്ന് തമ്പാച്ചന് തോന്നിയെങ്കിലും മടിച്ച് മടിച്ച് അവൻ കയറി വരുന്നത് തമ്പാച്ചൻ കണ്ടു. അടുത്തേക്കു വന്നു നിന്ന കുഞ്ഞുമോനോട് വിയർത്തു കുളിച്ച് പരാജയപ്പെട്ട് നിൽക്കുന്ന തമ്പാച്ചൻ പറഞ്ഞു.

"നീ ഇതിലോട്ടൊന്നു പിടിച്ചേടാ.'

കുഞ്ഞുമോൻ കൈക്കോട്ട് കുടുങ്ങിയ വിടവിലേക്ക് തലനീട്ടി നോക്കി. കുഞ്ഞുമോനും തമ്പാച്ചനും കൈക്കോട്ടിന്റെ തണ്ടിന് പിടിമുറുക്കി. ഉള്ള ഊക്കെല്ലാമിട്ട് അവർ കൈക്കോട്ട് വലിച്ചു. പിന്നാലെ അത് പൊങ്ങി വന്നതും അതിനൊപ്പം തന്നെ പിന്നോട്ടേക്ക് നടുവും കുത്തി വീണ രണ്ടു പേരുടെയും മേത്തേക്ക് ശവപ്പെട്ടിയുടെ ദ്രവിച്ച ഒരു കഷണം പൊട്ടി അടർന്ന് വന്നു വീണു. അയ്യോ എന്ന് നിലവിളിച്ചു പോയിരുന്നു ഇരുവരും. വീണ കിടപ്പിൽ നിന്ന് തലപൊക്കിയതും അവർ കണ്ടത് കുഴിയിൽ നിന്ന് ആരോ ഒരാൾ പൊങ്ങി വരുന്നതാണ്. അമ്മച്ചിയോ എന്നും വിളിച്ച് പൊടി മണ്ണിൽ കുഴഞ്ഞ് മറിഞ്ഞ് ചാടിപ്പിടഞ്ഞെഴുന്നേറ്റ് കുഞ്ഞുമോൻ പറമ്പിനു വെളിയിലേക്കോടി. തമ്പാച്ചൻ അനങ്ങുവാനാവാതെ മണ്ണിൽ പുതഞ്ഞ് കിടക്കുകയാണ്. കിടന്നുറങ്ങി എണീറ്റുവരും പോലെ അലസമായി ഒരു മനുഷ്യൻ ശവക്കുഴിയിൽ നിന്നും കേറിവരുന്നു. കൈയിൽ ഒരു മുഴുത്ത കുപ്പിയുമുണ്ട്. അയാൾ മേത്തുള്ള പൊടിമണ്ണ് തട്ടിക്കളഞ്ഞ് കുപ്പിയുമാട്ടിപിടിച്ചു കൊണ്ട് തമ്പാച്ചന് ചാരെ വന്നു നിന്നു.

"തമ്പാച്ചാ എണീക്ക്. അപ്പിച്ചായനാടാ.'

പണ്ട് കണ്ട അതേ കോലത്തിൽ അപ്പിച്ചായൻ അരികിൽ നിൽക്കുന്നു. പെട്ടന്ന് ശരീരത്തിന്റെ ആസകലമുള്ള പിടുത്തം കെട്ടതും തമ്പാച്ചൻ പ്രാണവെപ്രാളത്തോടെ ചാടി എണീറ്റിരുന്നു.

"പേടിക്കാതിരിയെടാ.'

ഒന്നും ഒരു തോന്നലല്ല എന്ന് തമ്പാച്ചന് ഉറപ്പായി.

"എത്ര കാലമായെടാ നിന്നെ ഞാനിവിടെ ഇങ്ങനെ കാത്ത് കിടക്കുന്നു. അന്ന് ജർമ്മനി കപ്പടിച്ചന്ന് നീ ഈ കുഴിയൊന്ന് മാന്തി തന്നിരുന്നെങ്കിൽ നമുക്കിവനെ അന്നിവിടിരുന്ന് തീർക്കാമായിരുന്നു. ഞാൻ പിന്നെ ഇത് ഒറ്റയ്ക്കടിക്കാൻ നിന്നില്ല. അടിക്കണുണ്ടേൽ നീയും കൂടെ ഉണ്ടാവണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഇവന്റെ പള്ളേലുള്ളത് നീയും കൊതിച്ചതല്ലെ. ഒരു കാര്യം ചെയ്യ്. നമുക്കാ വരാന്തേലോട്ടിരിക്കാം. പയ്യമ്മാര് കള്ളടിക്കാൻ പൂഴ്ത്തിവച്ച ഗ്ലാസ് പിന്നാമ്പുറത്തുണ്ടാവും. അതും കൂടി എടുത്തൊ. ഇവന്റെ കാര്യത്തില് ഇന്ന് നമുക്ക് ഒരു തീരുമാനമുണ്ടാക്കണം.'

തമ്പാച്ചൻ എണീറ്റ് രണ്ട് ചുവട് പിന്നിലോട്ടു മാറി.

"ചെല്ല് തമ്പാച്ചാ.. എങ്ങാനും നീ ഓടിപ്പോയാൽ ഞാൻ നിന്റെ പിന്നാലെ വരും. പറഞ്ഞില്ലാന്ന് വേണ്ട. നിന്റൊന്നിച്ച് ഇതും തീർത്തിട്ടേ ഞാൻ ഇവടന്ന് മടങ്ങിപ്പോകൂ.'

എത്തും പിടിയും കിട്ടാതെ തമ്പാച്ചൻ അൽപ്പനേരം നിന്നു. തമ്പാച്ചൻ അനുസരണയോടെ വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നു. തപ്പിനോക്കിയപ്പോൾ രണ്ട് ഗ്ലാസുകളും കിട്ടി. വീടിന്റെ ഉമ്മറത്തേക്കു വന്നപ്പോൾ അപ്പിച്ചായൻ വരാന്തയിലേക്കുള്ള പടിയിൽ ഇരിക്കുന്നു. തമ്പാച്ചനോട് അച്ചായൻ അടുത്തിരിക്കാൻ പറഞ്ഞു. അത്രയുമായപ്പൊഴെയ്ക്കും ഉള്ള പേടിയൊക്കെ തണുത്തതു പോലെ തമ്പാച്ചന് തോന്നിയിരുന്നു. അച്ചായനെ കൗതുകം വിടാതെ നോക്കിക്കൊണ്ട് തമ്പാച്ചൻ പടിയിലിരുന്നു. ഒരു കൈ കൊണ്ട് കുപ്പിയുടെ കഴുത്തിന് പിടിച്ച് മറ്റെ കൈകൊണ്ട് മുണ്ടിന്റെ കോന്തലയോടു കൂടി അച്ചായൻ കുപ്പിയുടെ തല ഊരി എടുത്തു. കുപ്പിക്കകത്തു നിന്നും പുളകം കൊള്ളിക്കുന്ന ഒരു മണം അവർക്കു ചുറ്റിലും പരന്നു. കുളിരു കോരി അപ്പിച്ചായനും തമ്പാച്ചനും മുഖാമുഖം നോക്കി. അച്ചായന്റെ കണ്ണുകൾ പാതി അടഞ്ഞു പോയിരുന്നു. അച്ചായൻ അതീവ ശ്രദ്ധയോടു കൂടി ഗ്ലാസുകളിലേക്ക് കുപ്പി ചെരിച്ചു. ഗ്ലാസുകളിൽ കടും കട്ട ചുവപ്പിലുള്ള ദ്രാവകം നുരഞ്ഞു. കുടിച്ചാലോ തമ്പാച്ചാ എന്ന വണ്ണം അച്ചായൻ തമ്പാച്ചനോട് ഒന്ന് തലയാട്ടി. കുടിക്കാം അച്ചായാ എന്ന് തമ്പാച്ചനും തലയാട്ടി. ഉൾപ്പുളകത്തോടെ രണ്ടു പേരും ഗ്ലാസുകൾ കൈയിലേക്കെടുത്തു

"ചിയേർസ് തമ്പാച്ചാ..'

"ചിയേർസ് അപ്പിച്ചായാ..'

ഗ്ലാസുകൾ കൂട്ടിമുട്ടിച്ച് കണ്ണുകൾ പൂട്ടി കൈയിലെ വൈൻ ഗ്ലാസ് അവർ ചുണ്ടിലേക്കടുപ്പിച്ചു. ഗ്ലാസിൽ നിന്ന് വൈൻ വായ്ക്കകത്തേക്ക് നിറഞ്ഞു. പൊട്ടി വിരിയാൻ ഒരുങ്ങിയ ഒരു പൂങ്കാവനവും കൊണ്ട് അന്നനാളത്തിലൂടെ ജർമ്മൻ വൈൻ അവരുടെ ആമാശയങ്ങളിലേക്ക് മെല്ലെ ഒലിച്ചിറങ്ങി. ▮

Comments