ചിത്രീകരണം: ദേവപ്രകാശ്

"ടാർസൻ പറഞ്ഞതാണെങ്കിൽ അത് തെറ്റാൻ വഴിയില്ല.
അവനങ്ങനെ നുണ പറയുന്ന കൂട്ടത്തിലല്ല.'
​അങ്ങനെ പറഞ്ഞ ശേഷം ഗിൽഡി ട്രൗസറിന്റെ കീശയിൽ കൈയ്യിട്ട് ഒരു ചുരുട്ട് തപ്പിയെടുത്ത് ചുണ്ടിൽ വച്ചു.

"എന്നാലും കാട്ടിലൊരു വെളുത്ത ആന എന്നൊക്കെ പറയുമ്പോ.. ഇനി വല്ലോം വലിച്ചു കേറ്റിയപ്പൊ അവന് തോന്നിയതാണെങ്കിലോ. കാട്ടിലിപ്പൊ സാധനം കിട്ടാനാന്നോ പാട്.'
സുര തല ചൊറിഞ്ഞ് പടിഞ്ഞാറ് പഴുതാരയെ പോലെ പുളഞ്ഞൊഴുകുന്ന മീനച്ചിലാറിനെ നോക്കി.

തീപ്പെട്ടിക്കൊള്ളിയുരച്ച വെളിച്ചത്തിൽ ഗിൽഡിയുടെ കണ്ണുകൾ വാരിക്കുഴികൾ പോലെ തെളിഞ്ഞു വന്നു. അയാൾ അക്ഷോഭ്യനായി ഒരു കനത്ത പുകയെടുത്തു.
"ഗിൽഡ്യേട്ടാ ഇതിപ്പൊ വെളിമൂങ്ങേം ഇരുതലമൂരീം പോലുള്ള അവിഞ്ഞ സീനൊന്നും അല്ല. കൊമ്പനാനയാണ്. അതും വെളുത്തൊരെണ്ണം.'
"സുരേ.. ഇലവീഴാപൂഞ്ചെറേല് അങ്ങനെ ഒരു ജന്തു വന്ന് പെട്ടിട്ടുണ്ടേൽ, അത് ഔസേപ്പ് പുണ്യാളൻ നമുക്ക് രക്ഷപ്പെടാൻ ഇങ്ങോട്ട് ഇട്ടു തന്നതാണ്. അല്ലാണ്ടിപ്പൊ ഒരു പാണ്ടൻ ആനയെ പടയ്ക്കണ്ട കാര്യെന്താടാ മൂപ്പർക്ക്.'

"അപ്പൊ പിടിക്കാൻ തന്നാണാ നിങ്ങടെ പ്ലാൻ? ഇത് ചില്ലറ കളിയൊന്നും അല്ലാട്ടാ.. കൊമ്പന്യാ പിടിക്കണ്ടേ. അതും ജീവനോടെ.'
സുരയുടെ പിരടിയൊന്നു വെട്ടി. അവന്റെ ചെവിയിലൊരു നൂറ് ചിന്നംവിളി മുഴങ്ങി.
"ആ മാർട്ടിൻ സായ്പ് പന്ത്രണ്ട് കോടി പറഞ്ഞു. പക്ഷെ ആദ്യം മൂപ്പിലാനതിന്റെ പടം പിടിച്ചു കാണണം. ബോധിച്ചാൽ ഒരു കോടി അഡ്വാൻസ്.'
"പന്ത്രണ്ട് കോടിയാ..! ഗിൽഡ്യേട്ടാ.. ആ മുച്ചിറിയൻ സായിപ്പിന് പ്രാന്താന്നാ തോന്നണേ... എന്ത് മന്ഷ്യനാ നോക്കണേ. അല്ല എങ്ങിന്യാപ്പതിനെ പിടിക്കാൻ കണ്ടേക്കണേ.. '

ഗിൽഡി ചുരുട്ടുകുറ്റി കടിച്ചു പിടിച്ച് ജീപ്പിന്റെ ബോണറ്റിൽ വിരലു കൊണ്ട് വരഞ്ഞു. മഞ്ഞു വീണുറഞ്ഞ ബോണറ്റിൽ ഇലാവീഴാപൂഞ്ചിറയുടെ മരവിച്ച ഭൂപടം തെളിഞ്ഞു വന്നു. അയാളൊരു വേട്ടയ്ക്കുള്ള പ്ലാൻ ആലോചിച്ചു തുടങ്ങുകയാണ്.

ഞാൻ ഇലപ്പടർപ്പുകൾക്കിടയിലൂടെ നോക്കി. കാട്ടിലേക്ക് നിലാവ് ചവിട്ടി തെറിപ്പിച്ച കരിമേഘങ്ങൾ, മദിച്ച കാട്ടാനക്കൂട്ടത്തെ പോലെ വടക്കോട്ട് പാഞ്ഞു പോയി. തുലാമഴയുടെ തണുപ്പ് ചില്ലകളിലും ഇലകളിലും പിന്നെ ചെന്നിയിലും ഒലിച്ചിറങ്ങി. ചിറയുടെ കരയിൽ അത് നിലാവു കാഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു. വെളുവെളുമ്പൻ കൊമ്പനാന! എനിക്കതിനെ അടുത്ത് നിന്ന് കാണണമെന്ന് തോന്നി. ഷർട്ടഴിച്ച് ഈച്ച മരത്തിന്റെ കൊമ്പിൽ ഞാത്തിയിട്ട് ചതുപ്പിലൂടെ നടന്ന് വെള്ളത്തിലിറങ്ങി. തണുപ്പ് കെണി വച്ച് കാത്തിരിക്കുന്ന വെള്ളം. കാട്ടിലും വെള്ളത്തിലും ഇരുട്ട് വേട്ടക്കാരുടെ ദൈവമാണ്. കറുത്ത മേഘങ്ങളുടെ മറവിൽ ഒളിച്ചിരുന്ന് ഇലപ്പടർപ്പുകൾക്കിടയിലൂടെ ദൈവം കാറ്റിന്റെ കാഞ്ചി വലിക്കും. ഇലകൾക്ക് താഴെ ഇരുട്ടിലേക്ക് നിലാവ് തുളഞ്ഞു കയറും. പിന്നാലെ കുറുനരികൾ ഓരിയിട്ട് തുടങ്ങും.

ചിറയിലെ മൂർച്ചയുള്ള നീരൊഴുക്കിനെ വകഞ്ഞ് നീന്തുമ്പോൾ കലക്കവെള്ളം മൂക്കിലും വായിലും ഇരച്ചു കയറി. നീന്തുന്നതിനിടയിലും ഞാൻ ഇടയ്ക്കിടെ കരയിലേക്ക് നോക്കിക്കൊണ്ടിരുന്നു. വെള്ളക്കൊമ്പൻ ചിറയുടെ കരയിൽ തന്നെ ചെവിയാട്ടിക്കൊണ്ട് നിൽക്കുന്നുണ്ട്. ഒരു മടഞണ്ട് അതിന്റെ വാലിൽ കടിച്ചു തൂങ്ങിയിരിക്കുന്നു. കൊമ്പുകളിലൊന്നിന് നീളം കുറവ്. പാതി മുറിഞ്ഞു പോയതായിരിക്കുമോ ?

കര തൊട്ട മാത്രയിൽ ഞാൻ ചളിക്കെട്ടിൽ കിടന്നുരുണ്ടു. മൃഗം വാസനിച്ച് കണ്ടു പിടിക്കാതിരിക്കാൻ നായാട്ടുകാർ പണ്ടേ ശീലിച്ചു പോരുന്ന പഴക്കം. മൃഗത്തെ കബളിപ്പിക്കൽ നായാട്ടിന്റെ നാഡീമർമ്മമാണ്. അതറിയാത്തവൻ ഒരു നായാട്ടും ജയിക്കാൻ പോകുന്നില്ല.ചളിക്കെട്ടിലൂടെ ഇഴഞ്ഞ് അതിന്റെ തൊട്ടു പിന്നിലെത്തിയപ്പോൾ രേഷ്മയെ ഓർമ വന്നു. കുടപ്പാലമരത്തിന്റെ കൊമ്പു നിറയെ, വിയർത്തൊട്ടിയ അവളുടെ ഉടലിന്റെ മണം ഇപ്പോഴും ഇഴഞ്ഞു കളിക്കുന്നുണ്ടാവണം. ഗന്ധം സർപ്പത്തെ പോലെയാണ്. പെണ്ണുങ്ങളുടെ ഉടലിൽ അത് ചുരുണ്ടു കൂടി കിടക്കും. ആരെയെങ്കിലും കൊത്തി വലിക്കാൻ കാത്ത് എത്രകാലം വേണമെങ്കിലും അതവിടെ പടം പൊഴിച്ചിരുന്നോളും. വെള്ളാനയുടെ കൊമ്പുകൾക്കിടയിൽ മിന്നാമിനുങ്ങുകൾ പറക്കുന്നുണ്ടായിരുന്നു. അതിന്റെ ആകാരം കാട്ടിന്റെ നടുക്ക് നിലാവ് തളം കെട്ടിയ പോലെ കാണപ്പെട്ടു. അവളെയും കൊണ്ട് കാട്ടിൽ കേറിയിട്ട് പത്ത് ദിവസമാകുന്നു.

കട്ടപ്പനയിൽ ഒരു കരിമോന്തി നേരത്ത് കവുങ്ങുകൾക്കിടയിൽ കെട്ടിമറിയുമ്പോഴാണ് ആദ്യമായിട്ടവളെ കാണുന്നത്. കോളേജ് വിട്ട് വരുന്ന വഴിയായിരിക്കണം. കണ്ണെടുക്കാതെ, അവളുടെ നോട്ടം ആകാശത്തോളം വന്നു മുട്ടി. അവൾ നിന്നു പോക്കുവെയിൽ കൊള്ളുകയാണ്. ഉടൽ മെല്ലെ വിയർത്തു വന്നു. കവുങ്ങിൽ നിന്നു ഊർന്നു വന്നപ്പോൾ അവൾ ചിരിച്ചു."എന്തേ ചിരിയ്ക്ക്ന്നു.'ഞാൻ ചോദിച്ചു. 'ഏയ് ഒന്നുല്ലാ.. ചേട്ടായിടെ പേരെന്നാ..' "ടാർസൻ..' അങ്ങനെ ആയിരുന്നു തുടക്കം. പിന്നെ എന്നും കണ്ടു. മനുഷ്യർക്ക് ഇണ ചേരാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട. ഒരു മറവു മാത്രം മതി. അവൾക്കാണെങ്കിൽ മറവു പോലും വേണ്ടെന്നായിരുന്നു. അന്ന് കുമളി സർക്കിളിൽ എനിക്കൊരു കേസുണ്ട്. കൊച്ചിനും തള്ളയ്ക്കും ചെലവിനു കൊടുക്കാമെന്ന് പറഞ്ഞപ്പോൾ കോടതി വിട്ടു. അലവലാതി കൂട്ടിൽ നിന്ന് കുലുങ്ങി ചിരിച്ചു. കൊച്ചെന്റെയല്ലെന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ പറഞ്ഞില്ല. ആ ഒരുമ്പെട്ടോൾക്കെന്നെ കെട്ടിയിട്ടു വളർത്തണം എന്നായിരുന്നു. പക്ഷെ പൊറുത്തു മടുത്തപ്പൊ, ഒടുക്കം അവള് തന്നെ ഇട്ടിട്ടു പോയി. ഞാൻ നേരെ ചിങ്ങവനത്തിനും പോന്നു. ഇവിടം തൊട്ട് കട്ടപ്പന വരെ ഇട്ടൂപ്പ് വെല പറഞ്ഞു നിർത്തിയ കവുങ്ങിൻ കണ്ടങ്ങളാണ്. ഒരു കവുങ്ങിന് മുപ്പത് വച്ച് അയാൾ തരും. രാത്രി അയാളുടെ കൂടെ കാട്ടിൽ കേറണം. കാട്ടിൽ അയാൾക്ക് വാറ്റുണ്ട്. വാഷു കലക്കി വച്ചത് കുറുക്കന്മാര് വന്നു കുടിക്കാതെ നോക്കാൻ ഏൽപ്പിക്കും. ചെലപ്പൊ പുലർച്ച നേരത്ത് അയാൾ വല്ല മന്നാത്തി പെണ്ണുങ്ങളെയും തെളിച്ചോണ്ടു വരും. ഇട്ടൂപ്പിന് ആരെങ്കിലും കാണെ ചെയ്താലെ സുഖം വരൂ. മന്നാത്തികളുടെ മുലകളും ചന്തികളും തോൽവാറു കൊണ്ട് അടിച്ച് ചോര വരുത്തിയിട്ടാണ് അയാൾ വിടുക. മന്നാത്തികൾ ശബരിമല കയറുന്ന കോവറുകഴുതകളെ പോലെയാണെന്ന് തോന്നും. അടിച്ചാലും തൊഴിച്ചാലും അവർക്കൊരു കൂസലുമില്ല. ചെലപ്പൊ ആ അടിയൊന്നും അവരെ ഏശുന്നുണ്ടാവില്ല. തഴമ്പിച്ച കല്ലൻ ചന്തികൾ കുലുങ്ങുന്നത് നോക്കി കൊണ്ട് ഞാൻ അടുപ്പിനെ പരിചരിച്ചു.

വെള്ളാനക്ക് പച്ച കർപ്പൂരത്തിന്റെ ചൂര്. ഞാൻ ആഞ്ഞ് മണത്തു നോക്കി. ആനകൾക്ക് പൊതുവേ പച്ച മണ്ണിന്റെയും പിണ്ടത്തിന്റെയും ഇടകലർന്ന ഗന്ധമായിരിക്കും. കാട് കുലുക്കി തീറ്റയെടുക്കുമ്പോഴാണ് മണ്ണടർത്തി അവയുടെ ചൂര് വായുവിലേക്ക് കയറുക. അന്നേരം ഏത് അകലത്തിലാണെങ്കിലും ആനയെ തൊട്ടടുത്ത് പ്രതീക്ഷിക്കണം. വേറൊന്നിനും അതിനേക്കാൾ വേഗം കാണില്ല. വെള്ളാന ഈറ്റയൊടിച്ച് തുമ്പിയിൽ ചുരുട്ടി കോട്ടിലേക്ക് വച്ചു ചവച്ചു. അതിനെ ഒന്ന് തൊടണമെന്ന് വല്ലാത്തൊരു ആന്തൽ തോന്നി. തൊടാനാഞ്ഞപ്പോൾ അത് വാലു ചുഴറ്റി. ചൂലുരോമങ്ങളിൽ തൂങ്ങി നിന്ന ഞണ്ട് വായുവിൽ മലക്കം മറിഞ്ഞ് നക്ഷത്രകൂട്ടങ്ങൾക്കിടയിലേക്ക് തെറിച്ചു പോയി. "എന്തിനാ പിന്നിൽ നിന്ന് വിയർക്കുന്നത്? മുന്നിലേക്ക് വരരുതോ.. ' നിശബ്ദതയിലേക്ക് ഒരു ശബ്ദം കൂനിടി പോലെ ഇറങ്ങി വന്നു. ആരാണ് മിണ്ടുന്നതെന്നറിയാൻ ഞാൻ ഇരുപാടും നോക്കി. കലക്കവെള്ളം പരിഹാസം കലർന്ന ഒച്ചയിൽ പാടിഞ്ഞാറോട്ടൊഴുകുന്നു. "പേടിക്കേണ്ട.ഞാനാണ്' ഈറ്റ ചവയ്ക്കുന്ന വലിയ വായിൽ നിന്ന് ശബ്ദം പിന്നെയും പുറത്തേക്ക് തേട്ടി വന്നു. അടി വച്ച് പിന്നോട്ട് നീങ്ങി, ഓടാൻ തയ്യാറെടുത്തപ്പോൾ ആന പിന്നെയും ശബ്ദിച്ചു. "പോകരുത്. ഞാനൊറ്റയ്ക്കാണ്. വഴി തീരെ പരിചയമില്ല.'
നനഞ്ഞ രോമക്കാട് ഈറൻ കുടഞ്ഞ് ഉടലിൽ പടർന്നു. വിറയ്ക്കുന്ന ശബ്ദത്തിൽ അടഞ്ഞ തൊണ്ടയിൽ നിന്ന് ഒരു നിലവിളി പുറത്തു ചാടി. വെള്ളകൊമ്പന്റെ മുന്നിൽ ചുളിഞ്ഞു കോടിയ ശബ്ദം, ഇരുട്ടിലൂടെ നിരങ്ങി ചില്ലകളുടെ ചിലപ്പിൽ വീണൊടുങ്ങിപ്പോയി. "പേടിക്കേണ്ട.. ഞാനൊന്നും ചെയ്യില്ല. സ്വർഗത്തിലേക്കുള്ള വഴി അറിയാമോ? '

ആന പിന്നെയും പിറുപിറുത്തു. അടി വച്ചത് അടുത്തേക്ക് വന്നപ്പോൾ വെണ്ണ പോലെ മിനുത്ത മുതുകിലെ ഇറച്ചിയിൽ വള്ളിപ്പടർപ്പുകൾ ഉരഞ്ഞ് ശബ്ദമുണ്ടായി. അവന്റെ വലിയ മസ്തകം പൊടുന്നനെ വിളറിയ ചന്ദ്രനെ മറച്ചു. ഓർമ്മ തിരിച്ചു വന്നപ്പോൾ വെള്ളാരം കല്ലു കടഞ്ഞതു പോലെ മിനുത്ത കൊമ്പുകൾക്കിടയിലായിരുന്നു ഞാൻ. "സ്വർഗത്തിലേക്കുള്ള വഴി എനിക്കറിയാൻ മേല. സ്വർഗത്തിൽ നിന്നാണോ? ' തഞ്ചത്തിൽ കൊമ്പുകളിൽ ഉഴിഞ്ഞു കൊണ്ട് പാതിബോധത്തിലും ഞാനതിന്റെ കണ്ണിൽ നോക്കി ചോദിച്ചു. തുമ്പി ചുരുട്ടും മുമ്പേ ഓടി ഒഴിയാൻ പാകത്തിന് ഇടതുഭാഗത്ത് ഞാനൊരു പഴുത് കണ്ടുവച്ചിരുന്നു.

കൊമ്പൻ മിണ്ടിയില്ല. അതിന്റെ കറുത്ത കണ്ണുകളിൽ വിഷാദം നിറഞ്ഞിരുന്നു. "ആരോട് ചോദിച്ചാലാണ് സ്വർഗത്തിലേക്കുള്ള വഴി അറിയാൻ പറ്റുക?' അവൻ നിരാശയോടെ തുമ്പിക്കൈ ചുരുട്ടി. ഞണ്ടുകൾ വരി വരിയായി വന്ന് വാലിൽ തൂങ്ങി പിടിച്ചു കയറാൻ തുടങ്ങിയത് കൊമ്പൻ അറിയുന്നുണ്ടായിരുന്നില്ല. "കഞ്ചാവ് പൊകച്ചാൽ സ്വർഗം കാണാമെന്ന് ഇട്ടൂപ്പ് പറയാറുണ്ട്. എനിക്കങ്ങനെ തോന്നീട്ടില്ല. വലിച്ചാൽ ചെയ്യുന്ന എന്തിന്റെയും നീളം കൂടും. രാത്രിയുടെ, വഴികളുടെ, കഴപ്പിന്റെ, വിശപ്പിന്റെ, ഓർമകളുടെ.. വേണമെങ്കിൽ ഇത്തിരി വലിച്ചു നോക്കാം. ചെലപ്പൊ വഴി തെളിഞ്ഞാലോ'

"എവിടെ കിട്ടും?' ആന വലിയ ചെവികൾ താളത്തിലാട്ടി ജിജ്ഞാസയോടെ ചോദിച്ചു. "ചിറയുടെ അക്കരെ കുന്നു കേറണം. എന്റെ കൂടെ വന്നാൽ കാണിക്കാം.' "ചിറയിൽ മുതലയുണ്ടാവുമോ?' എന്തോ ഓർത്ത് നിൽക്കുന്ന പോലെ ചിറയിലെ വെള്ളത്തിലേക്ക് നോക്കി വെള്ളകൊമ്പൻ കീഴ്വായ ചലിപ്പിച്ചു. അണപ്പല്ലുകൾക്കിടയിൽ ഇറ്റക്കൂമ്പുകൾ ഞെരിഞ്ഞു. "നല്ല ഒഴുക്കല്ലേ.. മുതല കാണില്ല. നീന്തി ശീലം കാണത്തില്ലല്ലേ..' ആന അതു കേട്ടില്ല, അത് വെള്ളത്തിലേക്കിറങ്ങി കഴിഞ്ഞിരുന്നു.

ചിറ മുറിച്ച് നീന്തുമ്പോൾ കൊമ്പൻ പേടിയോടെ നാലുപാടും നോക്കി. ധൃതിയിൽ വെള്ളം തള്ളി നീക്കുമ്പോൾ കാലിൽ ഉടക്കുന്ന കല്ലും തടികളും മുതലകളാണെന്നോർത്ത് അത് ഭീതിയിൽ ചിന്നം വിളിച്ചു. കൊമ്പൻ അക്കരെ മണ്ണു തൊടുമ്പോൾ ഞാൻ ചിറയുടെ നടുക്കെത്തിയിരുന്നില്ല. വെള്ളത്തിൽ
മലർന്നു കിടന്ന് ഞാൻ ആകാശത്തേക്ക് നോക്കി. രാത്രി ഇനി പെയ്യില്ല. മഴ മലമടക്കുകളിലേക്ക് പിൻവാങ്ങിയിരിക്കുന്നു. "തിരിച്ചു വരുമ്പോൾ ഇനി ഈ വെള്ളമായിരിക്കില്ല. കടക്കാൻ ഇച്ചിരെ പാടായിരിക്കും.'

"ഞാനിനി ഈ വഴി വരില്ല. വഴി കണ്ടു പിടിച്ചാൽ എളുപ്പം പോകണം.'
"അപ്പൊ എവിട്ന്നാ വന്നേ.. സ്വർഗത്തീന്നല്ലേ..?'
ആന പെട്ടന്ന് നിന്നു. വടക്ക് ശുക്രനു താഴെ ഒരിടിവാളു മിന്നി. ആകാശത്തിന്റെ വിളുമ്പിലൂടെ അത് ഭൂമിയിലേക്ക് വെളിച്ചത്തിന്റെ വേരു പടർത്തി. "വന്നത് അവിടെ നിന്നാ.. ഒരു മിന്നലിൽ കീഴ്‌പ്പോട്ടു വീഴുകയായിരുന്നു.'

"അപ്പൊ ഒടേക്കാരനവിടായിരിക്കും അല്ല്യോ.. വീഴ്ച്ചയിൽ ചെലപ്പൊ ഓർമ്മ മങ്ങി പോയതാരിക്കും. പേടിക്കണ്ട അതിനും കഞ്ചാവ് ബെസ്റ്റാ.. ഗർഭത്തിൽ കെടന്നത് വരെ തെളിഞ്ഞ് വരും. അല്ല പേരെന്നാ..? '
"ഈരവാൻ.. സ്ഥാനപ്പേര് ഐരാവതം.'

ഞങ്ങൾ കയറ്റം കയറി തുടങ്ങി. മഴപെയ്തതു കൊണ്ട് ഇട്ടൂപ്പിന്റെ മടയിൽ വെളിച്ചം കാണാനില്ല. അടുപ്പ് കെട്ടു പോയിട്ടുണ്ടാവണം. മണ്ണൊലിച്ച് ഊതനിറത്തിൽ അടിഞ്ഞു കൂടിയ ഇടത്തൊക്കെ ഈരവാൻ തുമ്പിയിലെ ചെറുനാവ് കൊണ്ടു പരതി. രേഷ്മക്ക് വിശന്ന് പൊരിയുന്നുണ്ടാവണം. കാട്ടുകോഴിക്ക് വച്ച കൂട്ടിൽ അനക്കമില്ലെങ്കിൽ ഏലത്തോട്ടത്തിലെ ചായ്പ്പിൽ കേറേണ്ടി വരും. അവിടെ പണിക്കാർക്ക് കൊണ്ടുവച്ച വാട്ടക്കപ്പയും ഒണക്കമീനും കാണും. ഈ തണുപ്പത്തിനി തീ പിടിപ്പിക്കാനാണ് പാട്. "അതെ.. ഇച്ചിരെ താമസമുണ്ടാവും. ഒരു പെണ്ണിനെ മരത്തേൽ കേറ്റി വച്ചേക്കുവാ.. അവൾക്കെന്നേലും തിന്നാൻ കൊടുക്കണം.കത്തൽ കൂടി നിക്കുവായിരിക്കും.. '
"പെണ്ണോ.. ! എവിടെയാ.. എനിക്ക് കാണിച്ച് തരുമോ ?! ' ആന ചെവി വട്ടം പിടിച്ച് തുമ്പി ഉയർത്തി എന്നെ നോക്കി.അതിന്റെ സൂചിരോമങ്ങൾ ഒന്നാകെ എഴുന്നു നിൽക്കാൻ തുടങ്ങി.

"എന്നാ പെണ്ണിനെ കണ്ടിട്ടില്ലായോ.. ?' ഈരവാൻ നിലാവിലേക്ക് നോക്കി വെറുതെ നിന്നു. എഴുന്നൂറാണ്ട് കഴിഞ്ഞു കാണും. അമ്മയെ അന്നെപ്പോഴോ കണ്ടതാണ്.'
"അതെന്താ പിന്നെവിടെപ്പോയി? '

ഞാൻ ഈരാവതിയുടെ പുത്രൻ. ഐതീഹ്യങ്ങളുടെ തുടർച്ചയിൽ അമ്മയുടെ അമ്മാവൻ, മാതാമഹൻ കശ്യപന്റെ പുത്രന് വാഹനമാകേണ്ടവൻ. എന്റെ വംശാവലിയിലെ ഏറ്റവും ഭാഗ്യം കെട്ടവൻ. എനിക്ക് സ്ത്രീസംസർഗമേ പാടില്ല. ഇന്ദ്രന്റെ പത്‌നിമാരുടെയും അപ്‌സരസ്സുകളുടെയും ശയ്യാഗാരങ്ങൾക്കു മുമ്പിൽ രാവേറെ ചെല്ലുവോളം തലതാഴ്ത്തി നിൽക്കുകയാണ് എന്റെ വിധി. രതിമൂർഛകളുടെ കാവൽക്കാരൻ ദ്വാരപാലകർ കളിയാക്കി വിളിക്കും.'
"അപ്പൊ ഇന്നേവരെയും ഒരു പിടിയാനയെ തൊട്ടിട്ടില്ലേ..'

ഈരവാൻ ഒന്നും മിണ്ടിയില്ല. കാറ്റടിച്ചപ്പോൾ പിന്നിൽ ഏലക്കാട് പിറുപിറുത്തു. വലിയ മരങ്ങളുടെ ചില്ലകളിൽ പാതിരാക്കോഴികൾ നിർത്താതെ കരഞ്ഞു. ഈരവാനെ പുറത്തു നിർത്തി, ഏലക്കുലകൾ വകഞ്ഞ് ഞാൻ ചരിവിലൂടെ താഴോട്ടിറങ്ങി. സിഗാർ ലാമ്പ് കത്തിച്ച് നോക്കിയപ്പോൾ മണ്ണൊലിച്ച് വന്ന് ചായ്പ്പിന്റെ മുകളിലെത്തിയിട്ടുണ്ട്. ഒരു മഴകൂടി പെയ്താൽ പിന്നെ നോക്കണ്ട. അകത്തു കയറിയപ്പോൾ അളിഞ്ഞ ഉണക്കമീനിന്റെ മുശട്ടുവാട കിട്ടി. ചാക്കിൽ കെട്ടി വച്ച വാട്ടുകപ്പ നനഞ്ഞിട്ടില്ല. കുറച്ചു വാരിയെടുത്ത് പ്ലാസ്റ്റിക് കൂടിൽ കുത്തിനിറച്ചു. ഒരു ചരിവിൽ നിറയെ കാന്താരി കായ്ച്ച് ആർത്ത് നിൽക്കുന്നുണ്ടായിരുന്നു. മഴ പറ്റാത്ത ഒരു മൂലയ്ക്ക് അടുപ്പു കൂട്ടി പണിപ്പെട്ട് തീ കത്തിച്ചെടുത്തു. നനഞ്ഞ വിറക് പുകഞ്ഞു കത്തിയപ്പോൾ കണ്ണു നീറി. പുക സഹിക്കാതെ കൊതുകുകൾ ആർത്തുകൊണ്ട് പറന്നു പോവാൻ തുടങ്ങി. വാട്ടകപ്പ വേവാൻ സമയമെടുക്കും. ആ നേരം കൊണ്ട് കാന്താരി ചതച്ച് ഉപ്പിട്ട് വെക്കാം. ഒരു എരിക്കില കിട്ടിയാൽ എല്ലാം കൂടെ പൊതിഞ്ഞെടുക്കാമായിരുന്നു. മഴ മാറിയതാണ്, കുറേ നേരമിരുന്നാൽ കുറുനരികളോ ചെന്നായ്ക്കളോ ഇറങ്ങിവന്നേക്കാം. കപ്പ വെന്ത മണം വന്നപ്പോഴേക്കും ആകാശത്ത് നിലാവ് മങ്ങി. ഞാൻ വഴുക്കുന്ന ചെരിവുകളിൽ ഏലത്തിന്റെ മുരടുകൾ പിടിച്ച് മുകളിലേക്ക് കയറി. ചിലത് മൂടോടെ പിഴുതു പോന്ന് കീഴ്‌പ്പോട് നിരങ്ങി വീണെങ്കിലും പിന്നെയും പറ്റിപ്പിടിച്ച് കയറി വന്നു. മുകളിലെത്തിയപ്പോൾ ഈരവാന്റെ വെളുത്തരൂപം ഏലച്ചെടികളുടെ മറവിൽ കണ്ടു. അവന്റെ വായിൽ പച്ച ഏലക്കാമണം നിറഞ്ഞ് കവിഞ്ഞിരുന്നു.

"വേഗം നടക്കാം, നിലാവ് മറഞ്ഞാ പിന്നെ വഴി കാണത്തില്ല. മഴ പെയ്താൽ കാട്ടിൽ പുതിയ വഴി തെളിക്കണം. ഉള്ള വഴിയൊക്കെ കൊമ്പും മണ്ണും വീണ് പോയിക്കാണും.'

"എനിക്ക് ഇരുട്ടത്തും കണ്ണു കാണും.' ഈരവാൻ കൂസലില്ലാതെ മുന്നിൽ നടന്നു. കുടപ്പാലക്കൊമ്പിൽ പുളളിന്റെ കണ്ണുകൾ കണ്ടു. കനൽ ഊതിക്കാച്ചുന്ന പോലുണ്ട്. അവളുടെ മണം വന്നുതുടങ്ങി. ഈരവാൻ ഒത്തമുകളിലെ കൊമ്പിലേക്ക് ഇമചിമ്മാതെ നോക്കി.

"ഇവിടെ നില്ല്. ഞാനിപ്പൊ വരാം.' ആന കീഴെ നിൽക്കുന്നത് കണ്ട് അവൾ പേടിച്ചാലോ എന്ന് കരുതിയാണ് ഈരവാനോടങ്ങനെ പറഞ്ഞത്. ഈരവാൻ പ്രതിമ പോലെ നിൽക്കുകയാണ്. കാലംകൂടി ഒരു പെൺജാതിയെ കണ്ട അന്താളിപ്പിൽ അവന്റെ മസ്തകത്തിൽ മദജലം കിനിഞ്ഞു.

രേഷ്മ ആർത്തിയോടെ വാട്ടക്കപ്പ കാന്താരി പുരട്ടി വിഴുങ്ങി. പൊത്തിൽ ഒളിപ്പിച്ചു വച്ച സെവൻഅപ്പ് കുപ്പിയിൽ നിന്ന് കുമുകുമാ വെള്ളം കുടിച്ച് നിറച്ച്, ഏമ്പക്കം വിട്ട് അവൾ തോളിലേക്ക് ചാഞ്ഞു കിടന്നു. കൈവച്ചപ്പോൾ മുലകളിൽ ചൂടുപടർന്നിരുന്നു. ഇല്ലച്ചാർത്തുകൾക്കിടയിൽ നക്ഷത്രങ്ങൾ മിന്നുന്നത് കാണാം. പടിഞ്ഞാറ് വേട്ടക്കാരന്റെ അമ്പിൻമുന. അവൾ മുടിയിഴകളിൽ വിരലുകൾ കോർത്ത് മടിയിലേക്ക് കയറി ഇരുന്നു. ശിഖരങ്ങൾ കുലുങ്ങി. പാലപ്പൂവുകൾ ഈരവാന്റെ മസ്തകത്തിലേക്ക് കൊഴിഞ്ഞു വീണു.

ഇതൊരു ആൽബിനോ എലഫന്റല്ല. മാർട്ടിൻ സായിപ്പ് തവിട്ടു നിറമുള്ള, പുകയിലക്കറ പറ്റിയ പൈപ്പ് കടിച്ചു പിടിച്ചു കൊണ്ട് ഫോട്ടോകൾ മാറി മാറി നോക്കി. ആൽബിനോ എലഫന്റുകളെ ഞാൻ ഫിലിപൈൻസിൽ കണ്ടിട്ടുണ്ട്. അവയ്ക്ക് മങ്ങിയ ചെമ്പൻ നിറമാണ്. ഇത് പാലു പോലിരിക്കുന്നു. സായിപ്പ് കട്ടിയുള്ള പുകനാട പുറത്തേക്ക് തുപ്പി. ഫോട്ടോ ടീപ്പോയിക്ക് മീതെ അലക്ഷ്യമായിട്ട് അയാൾ ഗിൽഡിയെ നോക്കി. ഞാൻ പറഞ്ഞ വില തന്നെ. പക്ഷെ എനിക്ക് കേടില്ലാതെ കിട്ടണം. തൂത്തുകുടി പോർട്ടിൽ ഒരു മാസം വരെ കപ്പലുണ്ടാവും. അതിനുള്ളിൽ അവിടെ എത്തിക്കണം. എത്തിക്കേണ്ട റിസ്‌ക് നിങ്ങളുടേതാണ്. മൈസൂരിൽ ഇപ്പോഴും ഖെദ പ്രാക്റ്റീസ് ചെയ്യുന്ന ആളുകളെ എനിക്കറിയാം. ട്രഡീഷണൽ വാരിക്കുഴികളൊന്നും പറ്റില്ല. വീഴ്ച്ചയിൽ പരിക്കുപറ്റാൻ സാധ്യതയുണ്ട്. മാർട്ടിൻ സായിപ്പ് മുറിച്ചുണ്ട് കടിച്ചുപിടിച്ച് തന്നത്താൻ പറഞ്ഞു. ഗിൽഡി അയാൾ പറഞ്ഞതിനെല്ലാം മൂളിയതേയുള്ളു. ചുമരുകളിൽ ആണിയടിച്ചു തൂക്കിയ അസംഖ്യം മൃഗത്തലകളിലായിരുന്നു അയാളുടെ കണ്ണ്. ഒരു കാടിനെ ഒന്നാകെ സ്റ്റഫ് ചെയ്തു വച്ച മാർട്ടിൻ സായിപ്പിന്റെ അന്തപ്പുരഭിത്തിയിൽ ഏറ്റവും ഒടുവിലായി അംഗരക്ഷകനെ പോലെ ഒരു ഇരട്ടക്കുഴൽ വിശ്രമിച്ചു. അയാളതിന്റെ പാത്തിയിൽ വിരലോടിച്ചു കൊണ്ട് തുടർന്നു.

"വേട്ട മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിൽ ഉരുത്തിരിഞ്ഞ ഏറ്റവും പ്രാചീനമായ ഭാഷയാണ്. കൊല്ലുക തിന്നുക എന്ന രണ്ട് വാക്കുകൾ മാത്രമുളള ഭാഷ. മൃഗത്തിനും മനുഷ്യനും മാത്രം മനസ്സിലാവുന്നത്. ലക്ഷക്കണക്കിന് വർഷങ്ങൾ പിന്നിട്ടിട്ടും അതിനു മാത്രം എന്തെങ്കിലും മാറ്റം സംഭവിച്ചോ.. ? എന്താ കാര്യം. ജീവികളുടെ നിലനിൽപ്പ് തന്നെ അങ്ങനെയല്ലേ. തിന്നുക തിന്നപ്പെടുക. വേട്ടയാടുക, വേട്ടയാടപ്പെടുക! പക്ഷെ.. ഈ ഭാഷയിൽ പെരുമാറുമ്പോൾ ശ്രദ്ധിക്കണം. ഇരയ്ക്കും വേട്ടക്കാരനുമിടയിൽ എപ്പോൾ വേണമെങ്കിലും ഒരു കരണംമറിച്ചിൽ സാധ്യമാണ്. ഉന്നം പിഴച്ചാൽ ഇര വേട്ടക്കാരനും വേട്ടക്കാരൻ ഇരയുമാകുന്ന വ്യാകരണം ഈ ഭാഷക്ക് മാത്രമേ ഉള്ളു. നിങ്ങളുടെ മലയാളത്തിൽ ഒരു ചൊല്ലില്ലേ.. വാവിട്ട വാക്കും കൈവിട്ട ആയുധവും. ഈ ഭാഷയിൽ അത് വളരെ കൃത്യമാണ്."സായിപ്പ് ഗൂഢസ്മിതത്തോടെ ഗിൽഡിയെ നോക്കി.' കിഴക്കു നിന്ന് തമിഴകം വഴി അവർ കുങ്കിയാനകളെയും തെളിച്ച് വരും. അയാളെ നിനക്ക് മാർഷൽ എന്നു വിളിക്കാം. ആ വിളി കേൾക്കുമ്പോൾ തന്നെ അവർക്ക് നിന്നെ മനസ്സിലാവും. പണ്ടായിരുന്നെങ്കിൽ ഞാനും വന്നേനെ. എനിക്കിപ്പോൾ നിങ്ങളുടെ ഗവൺമെന്റുമായി ഗുസ്തി പിടിക്കാൻ വയ്യ.'
സായിപ്പ് ഒരു കറുത്ത തുകൽബാഗ് ഫോട്ടോകൾക്ക് മുകളിലായി ടീപോയിയിൽ വച്ചു. ഒരു കോടി. അയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

കഞ്ചാവു കൊണ്ട് വിചാരിച്ച ഫലമുണ്ടായില്ല. ഈരവാൻ ഉച്ചവെയിലിൽ പുകഞ്ഞു നിൽക്കുന്ന കരിമ്പാറകളിൽ കൊമ്പു രാകി കൊണ്ട് ഒരു പകൽ മുഴുവനും നിന്നു.
"ഇനിയിപ്പൊ ഞാന്നോക്കിയിട്ട് വഴിയൊന്നും കാണുന്നില്ല. ഇവിടെ നല്ല തീറ്റയില്ലേ ഇവിടെ കൂടരുതോ..? '

ഈരവാൻ നീണ്ട കൊമ്പുകളിൽ തുമ്പി പിണച്ചു വച്ച് ആകാശത്തിലേക്ക് നോക്കി. "പോയെങ്കിലേ അമ്മയെ കാണാനൊക്കുകയുള്ളു. ഇവിടെ തീറ്റി കൊള്ളാം. ആരെയും ചുമക്കേണ്ടതില്ല. സുഖമാണ്. പക്ഷെ, കശ്യപന്റെ ഗോത്രത്തിലെ ഏതെങ്കിലും ഇന്ദ്രൻ ഒരിക്കൽ തിരഞ്ഞു വരും. അവന്റെ വേഴ്ച്ചകൾക്ക് കാവൽ നിൽക്കാൻ. ദുർവ്വാസാവ് സമ്മാനിച്ച ഹാരം ആവനെന്റെ കൊമ്പിൽ തൂക്കും. ഭ്രമരങ്ങൾ എന്റെ സൈ്വര്യം കെടുത്തും. ഞാനത് നിലത്തിട്ട് ചവിട്ടുമ്പോൾ മുനി ശാപത്തിൽ വീണ്ടും സ്വർഗത്തിലേക്ക് ജരാനരകൾ കയറി വരും. ഇന്ദ്രന്റെ വജ്രയുധത്താൽ ദന്തം മുറിഞ്ഞ് ഐരാവതം ഭൂമിയിലേക്ക് പതിക്കും. ഈരവാൻ നെടുവീർപ്പിട്ടു. "ടാർസാ.. ഭൂമിയിൽ ചരിത്രമെന്ന പോലെ സ്വർഗത്തിൽ ഐതീഹ്യങ്ങളും ആവർത്തിക്കപ്പെടാനുള്ളതാണ്.'

എനിക്ക് ഈരവാൻ പറയുന്നതൊന്നും പിടി കിട്ടിയില്ല. ഞങ്ങളുടെ വേദപുസ്തകങ്ങളിൽ ആനകളുണ്ടായിരുന്നില്ല. ആനകളില്ലാത്ത നാട്ടിലാണ് ക്രിസ്തു ജനിച്ചത്. അയാൾ കഴുത പുറത്ത് സഞ്ചരിച്ചു. കടലിനു മീതെയും കാറ്റിനു മീതെയും സഞ്ചരിച്ചു. വെള്ളം വീഞ്ഞാക്കി. ഒടുക്കം കുരിശിൽ കേറി. അയാളുടെ പിന്നാലെ വന്നവർ ഹൈറേഞ്ചിലെ കറുത്ത മനുഷ്യരെ മാമ്മോദീസ മുക്കി. അവർ അനുസരണയോടെ ഈശോമറിയംഔസേപ്പ് ചൊല്ലി. വേദപുസ്തകങ്ങളിൽ ഇല്ലാതിരുന്നിട്ടും, കുരിശിൽ തറയ്ക്കും വരെ യേശു കാണാതിരുന്നിട്ടും ഹൈറേഞ്ചിലെ പള്ളിപ്പെരുന്നാളുകളിൽ ആനപ്പുറത്തിരുന്ന് ഉണ്ണിയേശു പ്രദക്ഷിണം നടത്തി. കോന്നിയിൽ കൊച്ചയ്യപ്പനും ആറന്മുള വലിയ ബാലകൃഷ്ണനും യേശുവിനെ ചുമന്നവരാണ്.

"പിടിയാനകളെ ഇഷ്ടമല്ലേ.. ഇവിടെ ഇഷ്ടം പോലെയുണ്ട്. ഈ മലഞ്ചെരിവ് മുഴുവൻ അവരുടെ ഏരിയയാണ്. തിന്നും കുടിച്ചും കഴപ്പ് തീർത്തും ഇവിടെ കൂടാം. ഈരവാനേ.. സ്വർഗത്തിലേം നാട്ടിലേം പോലെ ഇണചേരാൻ നിയമങ്ങളില്ലാത്ത ഇടമാണ് കാട്. അതല്ലേ ഞാൻ അവളേം കൊണ്ട് കാട് കയറിയത്. ഒന്നാം ദിവസം തൊട്ട് ഫോറസ്റ്റ്കാരും അവള്ടപ്പനും പോലീസുകാരെ കൂട്ടി ഞങ്ങളെ തിരഞ്ഞു തുടങ്ങിയതാണ്. അവൾക്കെന്നെ മതി. അല്ലാതെ ഈ കൊടുങ്കാട്ടിലേക്ക് വിളിച്ചാൽ ഏതു പെണ്ണ് വരാനാണ്. ഫോറസ്റ്റ്കാരെ എനിക്ക് പണ്ടേ കണ്ടുകൂടാ.. ഞങ്ങടെ അപ്പനപ്പൂന്മാരെ കാട്ടിൽ നിന്നിറക്കി പുതിയ നിയമം പഠിപ്പിച്ചവന്മാര് ഇപ്പൊ ഞങ്ങളോട് കാട്ടീക്കേറരുതെന്ന്!. അതങ്ങ് പരണങ്ങാനം പള്ളീ ചെന്ന് പറഞ്ഞാൽ മതി. അവിടെയിരിക്കണ ഈശോ ചെലപ്പൊ കേൾക്കുമായിരിക്കും. ടാർസൻ കേൾക്കത്തില്ല. ഈരവാനേ ഈ ഇട്ടൂപ്പുണ്ടല്ലോ അവൻ വെളുത്തിട്ടാണ്. അവന് പൊൻകുരിശ് മാലയുണ്ട്. അവന്റെ കെട്ട്യോളും നല്ല കരിക്ക് പൂളിയ നെറമാണ്. ഈ വാറ്റുന്നെടത്തേക്കല്ലാതെ അവന്റെ വളപ്പിൽ എന്നെ കേറ്റത്തില്ല. പള്ളീം പട്ടക്കാരും അവന്റെ വഴിക്കേ പോകത്തുള്ളു. അവൻ മന്നാത്തികളെ ചെയ്യുന്നത് നോക്കി ഞാൻ ഇരുന്നു കൊടുക്കണം. ചെല നേരത്ത് കഴുത്തിൽ കത്തിവച്ച്, വാഷിലിട്ട് പുളിപ്പിച്ച് അവനെ വാറ്റിയാലോ എന്നെനിക്ക് തോന്നും. ഒരിക്കലൊരു ജർമ്മൻകാരി പെണ്ണിനെ അവനിവിടെ കൊണ്ടു വന്നു ഞെക്കി കൊന്നിട്ടുണ്ട്. എന്നിട്ടെന്നാ.. കൊന്നിട്ട ശവത്തിനെയും ആ എരണംകെട്ടവൻ പൂശി. ഇനിയിപ്പൊ പോലീസിന് ഏതെങ്കിലും കാലത്ത് പിടി കൊടുക്കേണ്ടി വന്നാലും ഞാനാദ്യം ആ മൈരനെ കാട്ടി കൊടുക്കും. നിന്റെയീ വെളുപ്പ് കാണുമ്പോ എനിക്കവനെ ഓർമ്മ വരുവാ..'

ഈരവാൻ വലിയ കാലുകളിൽ ഉയർന്ന് നിന്ന് കാടു മുഴുവൻ കേൾക്കെ ചിന്നം വിളിച്ചു. "വെളുപ്പ് നരകമാണ് ടാർസാ, നിനക്കത് അറിയാഞ്ഞിട്ടാ..' ഈരവാൻ അതും പറഞ്ഞ് കാട്ടിലേക്ക് നോക്കി നിന്നു. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഈരവാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
"എനിക്കൊരു ഇണയെ വേണം. നീ കാണിച്ചു തരുമോ? '

"ആ.. കാര്യമായിട്ടാന്നോ! എന്നാ വാ.. കൂട്ടം തെറ്റിയ ഒരു പിടിയെ ഈ ചെരിവിലെവിടേലും കാണാണ്ടിരിക്കില്ല. പക്ഷെ നിന്റെ നെറം കണ്ടാൽ അവറ്റകൾ അടുക്കത്തില്ല. ആദ്യം ചിറയിൽ മുങ്ങ്.. പിന്നെ മണ്ണൊന്നു പൂശിയാ മതി.

മാർഷലും സംഘവും തോന്നിപ്പാറക്കടുത്ത് വച്ച് കൂട്ടത്തിൽ ചേരുമെന്നാണ് സായിപ്പ് പറഞ്ഞത്. നാലു ദിവസങ്ങൾക്ക് മുമ്പ് അവർ കൊടേക്കനാൽ ഭാഗത്തുള്ള കാട്ടിലാണെന്ന് വിവരം കിട്ടിയിരുന്നു. പകൽ വനങ്ങളിൽ പാർത്ത് രാത്രിയിലാണ് അവർ സഞ്ചരിക്കുന്നത്. ആനവേട്ട സർക്കാർ നിരോധിച്ചെങ്കിലും ഒളിഞ്ഞും തെളിഞ്ഞും അത് തുടരുന്നവരാണ് മാർട്ടിനും സിൽബന്തികളും. അവർ ഇന്ത്യൻ ആനകളെ പിടിച്ച് മെരുക്കി കപ്പൽ കയറ്റിവിടും. ചെരിഞ്ഞ പല നാട്ടാനകളും സർക്കാർ കടലാസുകളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നതെങ്ങനെയാണെന്ന് സായിപ്പിനും വനംവകുപ്പിനും മാത്രമേ അറിയാവു. സർക്കാർ സംവിധാനത്തിലെ ഉദ്യോഗസ്ഥരിൽ പലർക്കും മാസപ്പടി കൊടുത്തിട്ടാണ് അയാളത് ചെയ്ത് വരുന്നത്. ഇപ്പോൾ പക്ഷെ ഒതുങ്ങിയ മട്ടാണ്. വേട്ടക്കാർ അങ്ങനെയാണല്ലോ. പുതിയൊരു മൃഗം വരും വരെ അവർ അലസരായിരിക്കും. എങ്കിലും ഉറങ്ങാത്ത ഒരു കണ്ണ് അവരെപ്പോഴും സൂക്ഷിക്കും. സുരയെ കൊമ്പൻ പോകുന്ന വഴി നോക്കാൻ താഴ്വാരത്ത് നിർത്തിയിരുന്നു. കണ്ണു പാളി പോകാതെ അതിനെ നോക്കിക്കൊണ്ട് അവൻ ചരിവുകളിൽ പതുങ്ങിയിരുന്നു. വെള്ളകൊമ്പൻ ടാർസന്റെ പിന്നാലെ നടക്കുന്നത് സുരയ്ക്ക് പിടിച്ചില്ല. "ഇവനെ കീച്ചേണ്ടി വരുമെന്നാ തോന്നുന്നേ..' സുര മനസ്സിൽ പറഞ്ഞു. ഇല്ലിക്കൽ കല്ലിന്റെ വിളുമ്പുകളിൽ തട്ടി സൂര്യൻ താഴ് വരയിലേക്ക് ചിതറി വീഴുന്നതും നോക്കി സുര ചാരായക്കുപ്പി വായിലേക്ക് കമിഴ്ത്തി. സന്ധ്യനേരത്താണ് സംഘം തോന്നിപ്പാറയെത്തിയത്. ഗിൽഡിയും അയാൾ കൂലിക്ക് വിളിച്ച മന്നാന്മാരും കാട്ടിലൊരു മൂല മുമ്പേ വെട്ടി വെളുപ്പിച്ചിരുന്നു. മാർഷലും അയാളുടെ പാപ്പാൻമാരും അവിടെ ടെന്റുകളടിച്ചു. കാഴ്ച്ചയിൽ കുറിയ പർവതങ്ങളെന്നു തോന്നിക്കുന്ന അഞ്ച് കൊമ്പൻമാരും രണ്ട് പിടികളും അവരുടെ സംഘത്തിലുണ്ടായിരുന്നു. ഛോട്ടാബാൽ എന്നു വിളിക്കുന്ന വിരിഞ്ഞ മസ്തകമുള്ള നെടുകൂറ്റൻ കൊമ്പന്റെ മുകളിൽ മാർഷൽ ഇരുന്നു. അയാളുടെ മീശരോമങ്ങൾക്ക് താഴെ എല്ലായ്‌പ്പോഴും പുല്ലിൻപുക ഇഴഞ്ഞു നീങ്ങി. അയാളുടെ പാപ്പാന്മാർക്ക് അശാരിപ്പണിയും വശമുണ്ട്. അവരായിരിക്കും ആനകളെ പിടിക്കാനുള്ള കൂട് പണിയുന്നത്. പോകുന്ന വഴിക്ക് മാർഷൽ രണ്ട് ആൺവേഴാമ്പലുകളെ വെടിവച്ചിട്ടു. അവ നിലത്തു വീണ് മണ്ണും ചവറ്റിലകളും തെറിപ്പിച്ച് പിടഞ്ഞു. ഛോട്ടോബാൽ വീണ പക്ഷികളെ ചതച്ചരച്ചു കൊണ്ട് മുന്നോട്ടു നടന്നു.

ഇലവീഴാപൂഞ്ചിറയിലെ, മരങ്ങൾ വാഴാത്ത ചരിവുകളിൽ ഉണലു പോലെ വളർന്ന കാട് ഉണർന്നു വരും മുമ്പേ ഗിൽഡിയും മാർഷലിന്റെ കുങ്കിയാനകളും ഉള്ളിലേക്ക് കടന്നിരുന്നു. മന്നാന്മാർ വലിയ കൊപ്പത്തിനുള്ള ഇരുളിന്റെയും കമ്പകത്തിന്റെയും തായ്തടിയിൽ മഴു വീശാൻ തുടങ്ങി. ഇലകൾ ഉലഞ്ഞ് വെളുത്തു വരുന്ന വിടവുകളിലേക്ക് പകൽ ആർത്തിയോടെ എടുത്തു ചാടി.'ഖെദ്ദ ..! 'കാറ്റടിച്ചപ്പോൾ ഇലകൾ അടക്കം പറഞ്ഞു.

ഉൾക്കാട്ടിലേക്ക് കേറിയപ്പോൾ തന്നെ ആനകളുടെ ചൂര് കിട്ടിതുടങ്ങിയിരുന്നു. കുറച്ചപ്പുറം വരെ വളിപ്പടർപ്പുകളും ഇലകളും അടർന്ന് കിടക്കുന്നുണ്ട്. ആനക്കൂട്ടം ഇതുവഴി പോയ ലക്ഷണമുണ്ട്. "ഈരവാനേ..' ഈരവാൻ മൂളി. അവന് മുമ്പേ മണം കിട്ടിയിട്ടുണ്ട്. കുറച്ചു നടന്നപ്പോൾ ആനക്കാലുകൾ പൂണ്ടു പോയ വലിയ കുഴികൾ കണ്ടു. ചളിവെള്ളം അതിലേക്ക് ഇഴഞ്ഞിറങ്ങുന്നേ ഉണ്ടായിരുന്നുള്ളു. കാൽഞരമ്പുകളിലെ ചോരമണം പിടിച്ച അട്ടകൾ, പിരിപിരി എന്ന് ശബ്ദമുണ്ടാക്കി കൊണ്ട് അതിനുള്ളിൽ നിന്ന് കയറി വന്നു. ഈരവാൻ കണ്ണുകൾ വിടർത്തി കാൽപ്പാടുകളിലേക്ക് നോക്കി. അവൻ വെളുത്ത വലിയ മുൻകാലുകളിലൊന്ന് ആ കുഴിയിലേക്ക് വച്ചു. എന്തൊരു പാകം! വലിച്ചെടുത്തപ്പോൾ മണ്ണിൽ ശ്വാസം മുട്ടികിടന്ന വായു പുറത്തേക്ക് വന്ന് കുമിളകളായി പൊടിഞ്ഞു. മണ്ണുപൂശിയിട്ടും ഈരവാന്റെ ഉടൽ വെളുത്തു തന്നെയിരുന്നു. അവന്റെ ഉടലിനെ മറയ്ക്കാൻ കാട്ടിൽ ഒന്നിനും സാധ്യമല്ലെന്ന് തോന്നി. എവിടെയോ, ഈറ്റ ഒടിയുന്ന ശബ്ദം കേട്ട ദിക്കിലേക്ക് അവൻ ചെവി വട്ടം പിടിച്ചു. ഞങ്ങൾ ആ ദിശയിൽ വളരെ സാവധാനമാണ് നടന്നത്. ആനകൾ ഉള്ള ലക്ഷണം കണ്ടു തുടങ്ങിയപ്പോൾ ഞാൻ നിന്നു. ദൂരെ ഈറ്റക്കാടിന്റെ നടുക്ക് ആനകളുടെ ഒരു കൂട്ടം നിന്നു തിരിഞ്ഞു. ചിലത് ചെവിയാട്ടി ആകാശത്തേക്ക് നോക്കി അമറി. കുറച്ചെണ്ണം സ്ഥലകാലബോധമില്ലാതെ തീറ്റയിൽ മുഴുകിയിരിക്കുന്നു."ചെല്ല്!' ഞാൻ ഈരവാന്റെ പിൻഭാഗത്ത് പതുക്കെ തള്ളി. ഐരാവതത്തിന്റെ ഭാരിച്ച ശരീരം കാടിന്റെ ഇരുണ്ട പച്ചപ്പിലൂടെ നടന്ന് എന്നെ കടന്നു പോയി. ആനകൾ പക്ഷെ അവന്റെ വരവു കണ്ട് ഭാവഭേദമില്ലാതെ നിന്നു. അവ തലകുലുക്കി കൊണ്ട് പാഞ്ഞു വരുമെന്നും കൊമ്പുകൾ കൂടിയിടിക്കുന്ന ശബ്ദം ഇപ്പോൾ കേൾക്കുമെന്നും ഞാൻ കരുതിയിരുന്നു. എന്നാൽ വിചാരിച്ചതിൽ നിന്നും വ്യത്യസ്തമായി ആനകൾ ഈരവാന്റെ ഉടലിൽ തുമ്പിക്കൈകൾ ഉരസ്സി കൊണ്ട് നടക്കുകയാണുണ്ടായത്. ചിലത് അവന്റെ കൊമ്പുകളിൽ മസ്തകം മുട്ടിച്ചു നോക്കി. ഞാൻ മരത്തിന്റെ മറവിൽ നിന്ന് ആ കാഴ്ച്ചയിലേക്ക് പാളിനോക്കി. ആനകൾ കൂട്ടത്തോടെ മുന്നോട്ട് നടന്നു തുടങ്ങിയിരുന്നു. ഒരു ചെമ്പൻ തലമുടിക്കാരി മാത്രം ഈരവാനെ മുട്ടിയുരുമ്മി നിന്നു. പെട്ടന്ന് തണുത്ത കാറ്റടിച്ചു. എനിക്ക് കുളിരുകോരി. പിടിയുടെ കറുത്ത പള്ളയിലും മണ്ണുണങ്ങി വിത്തുകൾ മുളപ്പൊട്ടിയ മുതുകിലും ഈരവാൻ തുമ്പിക്കൈ തൊട്ടുരുമി. പെണ്ണ് അവന് പ്രവേശിക്കാൻ പാകത്തിൽ മുൻകാലുകളിൽ ബലം കൊടുത്ത് ശബ്ദമുണ്ടാക്കാതെ നിന്നു. കാട് തെല്ലു നേരം നിശബ്ദമായി. ഇരുണ്ട വനത്തിന്റെ അടിത്തട്ടിലേക്ക് ജീവജാലങ്ങൾ ഉടലൊതുക്കിയിരുന്നു. പ്രാണികൾ ചിറകുകൾ കൂപ്പി. ഈരവാൻ പിൻകാലുകളിൽ ഉയർന്നു പൊങ്ങി. ഇരുണ്ട പാറകളിൽ എപ്പോഴോ കന്മദം പൊട്ടിയൊലിച്ചു.

സുര പറഞ്ഞതു വച്ച് ആന വരാൻ സാധ്യതയുള്ള ഒരു വഴിക്ക് മന്നാന്മാർ ഭൂമി ചരിച്ചു വെട്ടിയെടുത്തു. ഉച്ച വരെ ആ പണി തുടർന്നു. അതിനു താഴെ ആശാരിമാർ കമ്പകത്തിന്റെ അഴികൾ കൂട്ടി. മാർഷലിന്റെ കുങ്കിയാനകൾ അതിൽ ബലപരീക്ഷണം നടത്തി നോക്കി. ആനകൾ വെള്ളം കുടിക്കാനായി കാടിറങ്ങി വരുന്നത് വരെ ക്ഷമിക്കാനാണ് വേട്ടക്കാർ തീരുമാനിച്ചിരുന്നത്. ഗിൽഡി വലിയ കമ്പക്കയറുകൾക്ക് മുകളിൽ പകൽ മുഴുവൻ അലസനായി കിടന്നുറങ്ങി. അല്ലായിരുന്നെങ്കിൽ അക്ഷമ മൂത്ത് അയാൾ എപ്പോഴേ കാടു കയറിയേനെ. മാർഷലിന്റെ പാപ്പന്മാർ എല്ലാം പതുക്കെയാണ് ചെയ്തു കൊണ്ടിരുന്നത്. അവർ കെട്ടുന്നതിലും മുറുക്കുന്നതിലും വിചിത്രമായ താളവും അച്ചടക്കവും പുലർത്തി. വെടിമറയ്ക്ക് പറ്റിയ മരങ്ങളിൽ കയറിപ്പറ്റിയ രണ്ടു വിരുതന്മാർ ക്യാപ്ച്ചർ ഗണ്ണുകൾ നീട്ടി പിടിച്ച് ഉന്നം നോക്കി. വെള്ളക്കൊമ്പനെ ഓടിച്ചു കൊണ്ടുവരാൻ, ഇരുവശത്തും മരങ്ങൾ നിർത്തി, കൊപ്പം വരെയും ഇടുങ്ങിയ വഴി വെട്ടിത്തെളിച്ചിരുന്നു. മാർഷൽ എന്ന മാരിവേലു, മൈസൂരിലെ വലിയ ശിക്കാർവാല ഛോട്ടാബാലിന്റെ പുറത്തിരുന്ന് ഒരുക്കങ്ങൾ നിരീക്ഷിച്ചു. രണ്ടു രാത്രിയിലും വെള്ളക്കൊമ്പനെ ആ വഴിക്കൊന്നും കണ്ടില്ല. അവനൊരു പിടിയുടെ പിന്നാലെയാണെന്ന് സുര വന്നു പറഞ്ഞു. പക്ഷെ പരിസരത്തു തന്നെയുണ്ട്. ഏതു നിമിഷവും അവൻ അവളെയും കൊണ്ട് വെള്ളം കുടിക്കാൻ ഇറങ്ങി വരും. അവർ കാത്തിരിപ്പ് തുടർന്നു. ഒരു പകൽ കൂടി അടർന്നുവീഴാൻ പാകത്തിൽ ചക്രവാളത്തിൽ തൂങ്ങി കിടന്നു.

ഞാൻ സംതൃപ്തിയോടെയാണ് മരച്ചുവട്ടിൽ എത്തിയത്. കാട്ടിലെ ഏറ്റവും സുന്ദരമായ കാഴ്ച്ച മൃഗങ്ങളുടെ ഇണചേരലാണ്. ഒരു മറവുമില്ലാതെ.. ഒരു നാണവും തോന്നിക്കാതെ ഇലകളുടെ വലിയ പന്തലിനു താഴെ നിന്ന് അവ ആഘോഷിക്കും. മനുഷ്യർക്ക് അതിനൊരിക്കലും കഴിയാറില്ല. കാട്ടിൽ മരങ്ങളെന്ന പോലെ നാട്ടിൽ നിറയെ നിയമങ്ങളാണ്. മരങ്ങൾ കൊണ്ട് കാടും നിയമങ്ങൾ കൊണ്ട് നാടും നിർമ്മിക്കുന്നു. അങ്ങനെ പറഞ്ഞപ്പോൾ രേഷ്മ ചിരിച്ചു. അവൾ കഴുത്തിൽ കൈകൾ പിണച്ചിട്ട് ഉറങ്ങണം എന്നു പറഞ്ഞു. ഇപ്പോൾ ഉറങ്ങുന്നത് പന്തിയല്ലെന്ന് എനിക്ക് തോന്നി. ആൾപ്പെരുമാറ്റമുള്ള കാടിനെ ബീറ്റ് ഫോറസ്റ്റുകാർ എളുപ്പം തിരിച്ചറിയും. താവളം പെട്ടന്ന് വേറെങ്ങോട്ടെങ്കിലും മാറണം. വെള്ളമെടുക്കാനായി ചിറയിലേക്ക് നടക്കുമ്പോൾ ഇനി പടിഞ്ഞാറോട്ട് എവിടെയെങ്കിലും പോകാം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു. അവിടെയാവുമ്പോ ഇടയ്‌ക്കൊന്ന് നാട്ടിൽ കറങ്ങി ചില്ലറ സാധനങ്ങളുമായി തിരിച്ചു കേറാം. പിന്നെ പയ്യെ, പോലീസുകാര് തിരച്ചിൽ മതിയാക്കി കാടിറങ്ങുന്ന മുറയ്ക്ക് മന്നാന്മാരുടെ ഊരിനോട് ചേർന്ന് എവിടെയെങ്കിലും കൂടാം. അതിനു മുമ്പ് തിരിച്ചു പോകണമെന്ന് അവൾ പറഞ്ഞാലോ ?!

തിരിച്ചു വരുമ്പോൾ നാലു ദിവസം മുമ്പ് ഷർട്ട് ഞാത്തിയിട്ട മരത്തിനു താഴെ ഒരു മലമ്പാമ്പിനെ കണ്ടു. കുറച്ചു നേരം അവിടെ നിന്നപ്പോൾ എന്തോ പന്തികേട് തോന്നി. പൊന്തകൾ വെട്ടിത്തെളിച്ച് ആളുകൾ പോയ ലക്ഷണം! അതിനും കുറച്ചപ്പുറത്ത് പച്ചയിൽ കാക്കിത്തൊപ്പികൾ ഇളകി. ഞാൻ ഓടി. വേരുകൾ ചാടിമറിഞ്ഞ് പാലയ്ക്ക് താഴെയെത്തി. അവളെ മരത്തിൽ ഉയരത്തിൽ കയറ്റി നിർത്തി. "മിണ്ടാതെ ഇരിക്കണം' മറുപടിയായി അവളൊരു ഉമ്മ തന്നു. ഞാൻ താഴെയിറങ്ങി. അവരെ പെട്ടന്നു തന്നെ വഴി തെറ്റിച്ചു വിടണം. നിലത്തു കിടന്നിരുന്ന പനങ്കായകൾ പെറുക്കിയെടുത്ത് കീശയിലിട്ടു. പകലാണെങ്കിലും കാട്ടിൽ പരിചയമില്ലാത്തവരെ വഴി തെറ്റിക്കാൻ എളുപ്പമാണ്. പ്രത്യേകിച്ചും ആരെയെങ്കിലും തിരഞ്ഞു നടക്കുന്നവരെ. അവർക്ക് നൂറുവാര പിറകിലെത്തി ഞാൻ കാപ്പിമരങ്ങൾക്ക് പിറകിൽ ഒളിച്ചു നിന്നു. അവളുടെ അപ്പൻ ഏറ്റവും മുന്നിലായി ഉണ്ട്. പനങ്കായകൾ ഈച്ച മരത്തിന്റെ ചുവട്ടിലേക്ക് നിർത്താതെ എറിഞ്ഞപ്പോൾ പോലീസുകാരന്മാർ "ദാ പന്ന അവിടെയുണ്ടെടാ' എന്ന് കൂക്കി വിളിച്ചു കൊണ്ട് ഓടി. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവന്മാർ പാമ്പ് എന്ന് നിലവിളിച്ചു കൊണ്ട് ഓടിവന്നു. ഞാൻ കാപ്പിക്കൊമ്പു കുലുക്കി പൊന്തകൾക്കിടയിലൂടെ വേഗത്തിൽ നീങ്ങി. കുലുക്കം കാണുന്ന ദിക്കിലേക്ക് ഓടി വിയർക്കും എന്നല്ലാതെ, അവർക്കെന്നെ കിട്ടാൻ പോകുന്നില്ല. മലമ്പാമ്പിനെ കണ്ട സ്ഥിതിക്ക് പോലീസുകാർ ഇനി അധികനേരം നിൽക്കില്ല. ആ വഴിക്ക് പോകാൻ അവർ ഭയപ്പെടും. വിചാരിച്ചതു പോലെ അവർ കുറച്ചു നേരം നിന്ന് വട്ടം കറങ്ങി, പിന്നെ വേറൊരു വഴിക്ക് തിരിഞ്ഞുപോയി. തന്ത അവളെ കിട്ടിയാലല്ലാതെ കാടിറങ്ങുന്ന ലക്ഷണമില്ല. തന്തമാർ പെൺമക്കളിൽ ഒരിക്കലും ഇങ്ങനെ അവകാശം പറയരുത്. അവൾക്ക് തോന്നുന്ന ആളാണ് അവളുടെ ആണ്. അതിൽ തന്തമാർ കേറി ഇടങ്കോലിടുന്നത് എല്ലാക്കാലത്തുമുള്ളതാണ്. പക്ഷെ,എത്ര നിയമം പറഞ്ഞാലും മനുഷ്യർക്കൊരു മൃഗവാസനയുണ്ട്. പ്രേമം അതിലേക്കുള്ളൊരു പാലമാണ്.

നേരം നല്ലവണ്ണം ഇരുട്ടിയ നേരത്താണ് ഞങ്ങൾ പടിഞ്ഞാറ്റേക്ക് നടന്നത്. അവൾക്ക് നടന്നു മടുത്തപ്പോൾ ഞാൻ പൊക്കിയെടുത്തു. ഒരു ചെരിവിറങ്ങുന്നിടത്ത് വച്ചാണ് ഇരുവശത്തും പന്തങ്ങൾ കണ്ടത്. ചരിവായതു കൊണ്ട് ഓടിയിറങ്ങാൻ പറ്റിയില്ല. താഴെയും മേലെയുമായി അവർ വളഞ്ഞു കഴിഞ്ഞിരുന്നു. ഒരുത്തൻ തന്തക്ക് വിളിച്ചു കൊണ്ട് എന്റെ മുതുകിൽ ഇടിച്ചു. പിന്നെ നിർത്താതെ കൈകൾ വീണു. തെമ്മാടിക്കുഴിയിൽ കിടന്ന കാരണവന്മാരൊക്കെ എഴുന്നേറ്റ് വന്ന് തെറി കേട്ടു മടങ്ങി. ഞങ്ങളുടെ പേരുകൾ തന്നെ തെറികളാണെന്ന് അപ്പോഴെനിക്ക് തോന്നി. പേരു കേൾക്കുമ്പോൾ മാനംകെട്ടു പോകുന്ന ഇരുകാലികൾ. അവളെ അയാൾ വലിച്ചിഴച്ച് കൊണ്ടുപോയി. ഇനി അവളെ കാണുകയുണ്ടാവില്ല. കാട് കരയുന്ന മട്ടിൽ മനുഷ്യരെ നോക്കി. പന്തത്തിലേക്ക് ആരോ മണ്ണെണ്ണ പകർന്നപ്പോൾ ഇരുട്ടിൽ നിൽക്കുന്ന ഇട്ടൂപ്പിനെ ശരിക്കും കണ്ടു. ജീപ്പ് അരണ്ട വെളിച്ചം തെളിച്ച് മലയിറങ്ങുന്ന നേരമത്രയും ഇട്ടൂപ്പിന്റെ പുളിച്ച ചിരി പിന്നാലെ വന്നു കൊണ്ടിരുന്നു.

ഈരവാൻ ഇണയുടെ പിൻകാലുകൾ മണത്തുകൊണ്ട് നടന്നു. അവൾ മൂടു കുലുക്കി കൊണ്ട് ചരിവിറങ്ങുകയാണ്. ദൂരെ ജലത്തിന്റെ വലിയ വിതാനത്തിൽ നിലാവ് പരന്നു തുടങ്ങിയിരിക്കുന്നു. നക്ഷത്രങ്ങളുടെ സഞ്ചാരപഥങ്ങളിലിരുന്ന്, ദേവഗണം താഴെ വനമാർഗത്തിൽ ചരിക്കുന്ന ഐരാവതത്തെ നിരീക്ഷിക്കുന്നുണ്ടാവുമോ? ഈരവാൻ പക്ഷെ സ്വർഗത്തെ പാടെ മറന്നു പോയിരുന്നു. ചിറയിൽ നിന്ന് വെള്ളമെടുത്ത് വായിലേക്ക് ചീറ്റിക്കുമ്പോൾ അരികിൽ പന്തങ്ങൾ കത്തിതുടങ്ങുന്നത് അവൻ കണ്ടില്ല. കാട്ടിൽ പെരുമ്പറകളുടെ ഒച്ച നിറഞ്ഞു തുടങ്ങുന്നത് തിരിച്ചറിയും മുമ്പേ നാലുപാടും കത്തുന്ന ചുവന്ന വെളിച്ചം അവനെ പരിഭ്രാന്തനാക്കി. ഒരു ലേസർബീം പിടിയുടെ മസ്തകത്തിൽ വീണു. വെടി പൊട്ടിയപ്പോൾ അത് മുൻകാലുകൾ മടക്കി ഇരുന്നു. പിന്നെ പതുക്കെ ഒരു വശത്തേക്ക് ചെരിഞ്ഞു. പകച്ചു നിന്ന ഈരവാന്റെ പിന്നാലെ പെരുമ്പറയുടെ ഒച്ചകളും കല്ലും തടിക്കഷ്ണങ്ങളും പറന്നു വന്നു. ഭയന്ന മൃഗം ഇണയെ വിട്ട് ഓടി തുടങ്ങി. മാർഷൽ മാരിവേലിന്റെ കൊമ്പന്മാർ ഖെദ്ദ ആരംഭിച്ചു കഴിഞ്ഞിരുന്നു. താൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ കൊമ്പൻ ഇതാണെന്ന് മാരിവേലിന് സംശയമില്ലായിരുന്നു. ഛോട്ടാബാലിന്റെ ശിരസ്സിന് രണ്ടു ചാണെങ്കിലും മുകളിൽ അതിന്റെ മസ്തകം ഉയർന്നു നിന്നു. ഐരാവതത്തിന്റെ നിറം! കടഞ്ഞ വെണ്ണ പോലെ ഇരുട്ടിലേക്ക് വ്യാപിക്കുന്ന വെളുപ്പ്! അത് വേട്ടക്കാരെ മത്തു പിടിപ്പിച്ചു. കുങ്കിയാനകളുടെ പുറത്തിരുന്ന പാപ്പന്മാർ ഇരുവശത്തു നിന്നും ഒഴിയാൻ പഴുതു കൊടുക്കാതെ വെള്ളക്കൊമ്പനെ കുടുക്കി നിർത്തി. മുന്നിലും പിന്നിലും ഈറപിടിപ്പിക്കുന്ന ചുവന്ന വെളിച്ചം. അത് തെളിക്കുന്ന ഇടുങ്ങിയ വഴി മാത്രം കാണുന്നു. ഈരവാൻ രക്ഷ കണ്ട ദിക്കിലേക്ക് തന്നെ പാഞ്ഞു. വലതുവശത്ത് ഛോട്ടാബാൽ ഇരുട്ടിന്റെ വലിയ കൂടാരം പോലെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. പാങ്ങിനു കിട്ടിയപ്പോൾ അത് മർമ്മത്തിനു താഴെയായി കൊമ്പു ചേർത്ത് ഇടിച്ചു. വെള്ളാന പ്രാണൻ പിടഞ്ഞു നിലവിളിച്ചു. വടങ്ങൾ വായുവിലൂടെ മലമ്പാമ്പുകളെ പോലെ പറന്നു വരുന്നത് അത് ദയനീയമായി നോക്കി. ആകാശത്ത് മദിച്ചു പായുന്ന മേഘങ്ങൾക്കിടയിൽ കിടന്ന് നിലാവ് കൊമ്പു കുലുക്കി. പെരുമ്പറകളുടെ അസുരതാളം മുറുകി വന്നു. മനുഷ്യന്റെ വനഗന്ധമുള്ള പ്രാചീന ജീനുകളിൽ ആ ശബ്ദം ഇക്കിളി കൂട്ടി. മാർഷലിന്റെ താപ്പാനകളും പാപ്പന്മാരും കൂടുതൽ കരുതലോടെയാണ് വെള്ളകൊമ്പനെ നേരിട്ടത്. പഴുതു കിട്ടിയപ്പോഴൊക്കെ തോട്ടി പ്രയോഗിച്ച് അവരതിനെ വശം കെടുത്തി. ഖെദ്ദ അവസാനിക്കാറെയെന്ന മട്ടിൽ മൃഗം വരുതിയിൽ വരുന്നതായി മാർഷലിനും കൂട്ടാളികൾക്കും തോന്നിതുടങ്ങി. ആന പക്ഷെ സ്വാതന്ത്ര്യമാണ്. ചങ്ങലകളും കയറുകളും എന്തിനുള്ളതാണെന്ന് കാട്ടിലെ വലിയ ജീവിക്ക് അറിവില്ല. കൂടിലേക്ക് അനുസരണയോടെ കയറുന്നതിനിടയിലാണ് അത് കെട്ടുപൊട്ടിച്ചത്. ആ നീക്കം ഛോട്ടാബാൽ തീരെ പ്രതീക്ഷിച്ചിരുന്നില്ല. വടം കടിച്ചു പിടിച്ച് മസ്തകമുയർത്തി നിന്ന അവന്റെ ചങ്കിൽ ഇടത്തുനിന്നും ഐരാവതത്തിന്റെ കൊമ്പുകൾ കയറി. കാടുകുലുങ്ങിയ അലർച്ചയിൽ താപ്പാന കൊമ്പു കുത്തി വീണു. കെട്ടുപൊട്ടിച്ച ഈരവാൻ ആകാശത്തിലേക്ക് നോക്കി ചിന്നം വിളിച്ചു. കുങ്കികൾ വിറച്ചു പോയിരുന്നു. അവയിൽ ചിലത് പാപ്പാന്മാരെ അനുസരിക്കാതെ കാട്ടിലേക്ക് പാഞ്ഞു. മാരിവേൽ ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു വീണു. അവന്റെ കവക്കിടയിൽ, പൊടിമണ്ണിൽ കിടക്കുമ്പോൾ, കൊമ്പിൻമുനയിലെ നക്ഷത്രരാജികളെ അയാൾ മരണഭയത്തോടെ കണ്ടു. അവസാനത്തെ വേട്ട! അയാൾ ദുസ്വപ്നത്തിലെന്ന പോലെ പിറുപിറുത്തു. അത് കാലുയർത്തുമ്പോൾ ഉയരങ്ങളിലെവിടെയോ പിന്നെയും വെടി പൊട്ടി. സൈലസിൻ ഹൈഡ്രോക്ലോറൈഡ് ഈരവാന്റെ ക്രോധം തിങ്ങുന്ന പേശികളെ പതിയെ അയച്ചു. തുമ്പി താണ് അടി പതറി കമ്പകക്കൂടിന്റെ വശത്തിലിടിച്ച് അത് നിലംപതിച്ചു.

കണ്ണു തുറക്കുമ്പോൾ ഈരവാൻ ഒരു വലിയ കൺടെയിനറിനകത്തായിരുന്നു. ആ വാഹനത്തിന്റെ പരിചിതമല്ലാത്ത കുലുക്കം അവനെ അലോസരപ്പെടുത്തി. കാലുകൾ അനക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും സാധിച്ചില്ല. അവ മരവിച്ചു പോയിരുന്നു. കഴിഞ്ഞ രാത്രി, കൂട്ടം തെറ്റിയ കൊമ്പനെ പോലെ ഓർമ്മയുടെ ചെരിവിറങ്ങി വന്നു. മരുന്നിന്റെ മയക്കം വിട്ടിരുന്നില്ല. പാതിമയക്കത്തിലാണ് കാടിറങ്ങിയത്. ഇരുപുറത്തും കറുത്ത ആനകളുണ്ടായിരുന്നു. അവക്ക് മുകളിൽ മനുഷ്യരും. കാട്ടുവഴികളുടെ നനഞ്ഞ ഓർമ്മ. എപ്പോഴാണ് ഇതിനകത്ത് പെട്ടത്?ഒന്നു രണ്ടിടങ്ങളിൽ ട്രക്ക് ചരങ്ങി കൊണ്ട് നിന്നതായി ഓർത്തു. പുറത്ത് മനുഷ്യരുടെ അടക്കി പിടിച്ച സംസാരം കേട്ടു. ഈരവാൻ ചെവി കൂർപ്പിച്ചു. കൺടെയിനറിന്റെ തുറന്നു വരുന്ന വാതിലുകളിലൂടെ വെളിച്ചം കൂരമ്പുകൾ പോലെ ഇരുട്ടിലേക്ക് ചെന്നു തറക്കുകയാണ്. ഈരവാൻ കണ്ണുചിമ്മി. കാഴ്ച്ച തെളിഞ്ഞപ്പോൾ ഒരു നരച്ച നോട്ടം അവന്റെ കൊമ്പുകളെ തൊട്ടു. കറുത്ത കോട്ടിട്ട വെളുത്ത മനുഷ്യൻ! അയാളുടെ മുറിച്ചുണ്ടിലേക്ക് ഈരവാൻ കൗതുകത്തോടെ നോക്കി. ചുളിഞ്ഞ നെറ്റിയിൽ പണ്ടെന്നോ കരിഞ്ഞു പോയ ഒരു മുറിവിന്റെ പാട്. വെളുത്ത മനുഷ്യൻ അവന്റെ കൊമ്പുകളിലും വെളുത്ത ഉടലിലും തലോടി. "Hai Big man' അയാളുടെ ചുണ്ടുകൾ ചലിച്ചു. ഇയാൾ തന്നെ തുറന്നു വിടാൻ വന്നതായിരിക്കുമോ? ഈരവാൻ അങ്ങനെ പ്രതീക്ഷിച്ചു. ദൈന്യതയോടെ അവൻ അയാളെ നോക്കി. അയാൾ ആംഗ്യം കാണിച്ചപ്പോൾ പക്ഷെ, വാതിലുകൾ പിന്നെയും അടയുകയാണുണ്ടായത്. വണ്ടി പിന്നെയും ചലിച്ചു തുടങ്ങി. അതിന്റെ കുലുക്കം ഇപ്പോൾ പരിചിതമായി തുടങ്ങിയിരുന്നു. വിശപ്പ് അബോധത്തിൽ ഇളം കൂമ്പുകളും ഈറ്റക്കാടുകളുമായി വണ്ടിക്കുള്ളിൽ നിറഞ്ഞു. കാട് എത്രയോ അകലെയാണ്. ദൂരെ നിന്ന് അത് വിളിക്കുന്ന പോലെ തോന്നി. പിന്നെ എപ്പോഴോ ഒരാക്രോശം കേട്ടാണ് ഈരവാൻ ഉണർന്നത്. പുറത്ത് വെടിയൊച്ചകൾക്കൊപ്പം ആരോക്കെയോ ഓടുന്ന ശബ്ദം അടുത്തടുത്തു വന്നു. വാതിലിൽ എന്തൊക്കെയോ വന്ന് ഊക്കോടെ മുട്ടി. ഈരവാൻ ഭയന്ന് പിന്നോട്ടു മാറി. വാതിൽ വെട്ടിപ്പൊളിച്ച് അവർ അകത്തേക്കു വന്നപ്പോൾ ഈരവാൻ ആർത്തിയോടെ പുറത്തെ അരണ്ട വെളിച്ചത്തിലേക്ക് നോക്കി. നരച്ച കറുത്ത കുപ്പായമിട്ട മനുഷ്യരാണ് ഇത്തവണ! ഈരവാന്റെ വെളുപ്പ് കണ്ട് ആ മനുഷ്യർ അന്താളിച്ച് പോയിരുന്നു. നേതാവിനെ പോലെ തോന്നിച്ച ഒരുത്തൻ ആനയുടെ മസ്തകത്തിലേക്ക് തോക്കു ചൂണ്ടി. ഐരാവതം മുൻകാലുകളിൽ ഊന്നി പതുക്കെ എഴുന്നേറ്റു നിന്നു. മനുഷ്യർ ഒരടി പിന്നാക്കം വച്ചു. കാഞ്ചിയിൽ വിരലമർത്തി നിന്നവന്റെ ചെന്നിയിലൂടെ വിയർപ്പിറ്റി. ഐരാവതം മനുഷ്യരുടെ തോക്കിൻ കുഴലിലേക്ക് കൂസലില്ലാതെ നടന്നു. തുമ്പി തോക്കിൽ തൊട്ടപ്പോൾ അയാൾ അനങ്ങിയില്ല. തോക്കു വാങ്ങി പിന്നിലേക്കെറിഞ്ഞ് ആന റോഡിലേക്കിറങ്ങി നടന്നു. പുറത്ത് കോടമഞ്ഞിറങ്ങിയിരുന്നു. അരണ്ട വെളിച്ചം അതിനുള്ളിൽ ചത്തു കിടന്നു. റോഡിൽ ചിതറിക്കിടക്കുന്ന മനുഷ്യർക്കപ്പുറം കാടിന്റെ തല കണ്ടു. വെടിയേറ്റ് സ്റ്റിയറിംഗിലേക്ക് ചാഞ്ഞു കിടന്ന ഗിൽഡിയുടെ ശിരസ്സിൽ പോകും വഴി ഐരാവതം നാറ്റിച്ചു നോക്കി. ചോര പുരണ്ട തുമ്പിക്കൈ മണത്തുകൊണ്ട് വശങ്ങളിലേക്ക് പടർന്നു പോകുന്ന കാട്ടിലേക്ക് അത് നടന്നു തുടങ്ങി.

പതിനഞ്ച് ദിവസത്തെ റിമാന്റ് കഴിഞ്ഞ് കോടതിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കാണ് രക്ഷപ്പെടാൻ ഒരു പഴുതു കിട്ടിയത്. രണ്ടു ദിവസം കസ്റ്റഡിയിൽ ഇഞ്ച ചതയ്ക്കുന്ന പോലെ പോലീസുകാർ ഊഴം വച്ച് തല്ലുകയായിരുന്നു. രണ്ടു രാവും പകലും നാവിൽ വെള്ളം തൊട്ടിട്ടില്ല. അതിനിടയ്ക്ക് ജർമ്മൻകാരിയുടെ കഥ പറഞ്ഞതിനും പൊതിരെ കിട്ടി. അതും എന്റെ തലയിലിട്ട് കുടുക്കാനായിരുന്നു അവരുടെ പ്ലാൻ. പോകുന്ന വഴിക്ക് ആറിന്റെ കരയിൽ മൂത്രമൊഴിക്കാൻ നിർത്തിയിടത്താണ് അവർക്ക് പാളിയത്. വെളിക്കിരിക്കാനെന്നും പറഞ്ഞ് കുത്തിയൊലിക്കുന്ന ആറിലേക്ക് ഞാനെടുത്തു ചാടുമെന്ന് മണ്ടന്മാർ കരുതി കാണില്ല. തൊടുപുഴയിൽ നിന്നു കാട്ടുവഴിക്ക് കേറുമ്പോൾ ഇട്ടൂപ്പിന്റെ തലയറുക്കാനുള്ള കലിയുണ്ടായിരുന്നു. അവന് അന്തിനേരത്ത് പിന്നാമ്പുറത്ത് വന്ന് കുളിക്കുന്ന ശീലമുണ്ട്. അന്നേരം പിന്നിൽ നിന്നു പണിയാനാണ് ചെന്നത്. വേലിക്കപ്പുറം ആളനക്കം കണ്ടപ്പോൾ ഞാൻ തല വലിച്ചു. വളപ്പിൽ മുഴുവൻ ആളുകളായിരുന്നു. ഇടവക മുഴുവൻ ആ പറമ്പിൽ നിന്ന് അടക്കം പറഞ്ഞു. കാറ്റ് കത്തനാരുടെ ലോഹക്കുള്ളിലൂടെ കയറി കുന്തിരിക്കം മണത്തു തുടങ്ങി. തേക്കിന്റെ ശവപ്പെട്ടി അതിരു കടന്നപ്പോൾ ഇട്ടൂപ്പിന്റെ കെട്ടിയവൾ ബോധം കെട്ടു വീണു. അകമ്പടിയായി വന്ന നിലവിളികൾക്കിടയിൽ ചില പരുക്കൻ കൈകൾ അവളുടെ വെളുത്ത ഉടലിനെ താങ്ങാൻ ആർത്തിയോടെ കാത്തു നിന്നിരുന്നു. ആന വലിച്ചു കീറിയ ഇട്ടൂപ്പിന്റെ ഉടൽ തുന്നിക്കൂട്ടാൻ ഒരു പകൽ മുഴുവനുമെടുത്തെന്ന് കൂടി നിന്നവരിൽ ആരോ പറഞ്ഞു. പിന്നെ അവിടെ നിന്നില്ല. കാടു കയറുമ്പോൾ എന്തോ ലക്ഷ്യമുള്ളതു പോലെ തോന്നിയിരുന്നു. പക്ഷെ എന്തു ചെയ്യും? ആന ചവിട്ടി കൂട്ടിയ ഇട്ടൂപ്പിന്റെ മടയിൽ വെറുതെ നിന്നു. വാഷിന്റെ പുളിച്ച മണം. മന്നാത്തികളുടെ ചോര ഉണങ്ങിപ്പിടിച്ച തോൽവാറ്. മരങ്ങൾക്കിടയിൽ ചെമ്പൻ മുടിയുളള ഒരു ജർമ്മൻ നോട്ടം. അടുത്തു നിന്ന മരങ്ങളിൽ നിന്നൊക്കെ പെണ്ണിന്റെ മണം ഇഴഞ്ഞിറങ്ങി വരുന്ന പോലെ തോന്നി. നീണ്ടു നിവർന്നു കിടക്കുന്ന കാട്, അതൊരു പെണ്ണിനെ പോലെ തുടകൾ ഇളക്കി, മുലക്കച്ചയായി കെട്ടിയ തളിരിലകൾക്കടിയിൽ കൂറ്റൻ സ്തനങ്ങളാട്ടി മനുഷ്യരെ മാടി വിളിച്ചു. മണ്ണിൽ അമർന്നു കിടന്നപ്പോൾ എത്രയോ കാലം നാഭിയിൽ കെട്ടിക്കിടന്ന ചൂട് മുഴുവൻ സ്ഖലിച്ചു. വിത്തുകൾ കറുത്ത മണ്ണിലൂടെ ഗർഭത്തിലേക്ക് നീന്തി. ആയിരം ഐരാവതങ്ങൾ എഴുന്നള്ളുന്ന പോലെ വനപർവ്വങ്ങളിൽ തുടരെ ചിന്നംവിളികൾ മുഴങ്ങി.

രാത്രി ഉണർന്നപ്പോൾ ഈരവാൻ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. "ഇട്ടൂപ്പിനെ എന്തിനാ കൊന്നത്?' ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. ഐരാവതം ശബ്ദിച്ചില്ല. മലമടക്കുകളിലേക്ക് നോക്കി വെറുതെ നിന്നു. ചോര കക്കിയ വെളുത്ത ഉടലിൽ നിറയെ അടി കൊണ്ട പാടുകളായിരുന്നു. കാലുകളിൽ ചങ്ങലകളുടെ തഴമ്പ്. "നാട്ടിലായിരുന്നു. ഒരു വലിയ പന്തിയിൽ, അനേകം കറുത്ത് ക്ഷീണിച്ച ആനകളുടെ ഇടയിൽ. അകിലും ചന്ദനത്തിരികളും പുകയുന്ന അന്തരീക്ഷത്തിൽ ഒരേ നിൽപ്പായിരുന്നു.ആളുകൾ വന്ന് കാലടിയിൽ സാഷ്ടാംഗം വീണു കിടന്നു. ധനികരെന്നോ തെണ്ടികളെന്നോ ഭേദമില്ലാതെ മനുഷ്യർ എന്റെ മുന്നിൽ യാചിച്ചു. ഈ മനുഷ്യർക്ക് എന്താണ് വേണ്ടതെന്ന് അവർക്കറിയില്ല. '

ഞാൻ ഈരവാന്റെ മുറിവുകളിൽ വിരലോടിച്ചു. "ഒരുപാട് നൊന്തല്ലേ..'
ഈരവാൻ തലയാട്ടി. "സ്വർഗത്തിലേക്കുള്ള വഴി കണ്ടുപിടിക്കണ്ടേ?' ഞാൻ ചോദിച്ചു. പക്ഷെ, ഈരവാൻ മറഞ്ഞു പോയിരുന്നു. അതിന്റെ വെളുത്ത ഉടൽ നിന്നിടത്ത് പുകമഞ്ഞ് ശേഷിച്ചു. ഞാൻ ചിറയിലേക്ക് നടന്നു. ചിറയുടെ കരപിടിച്ചു നടക്കുമ്പോൾ അതിന്റെ സാമിപ്യം ഞാൻ തിരിച്ചറിഞ്ഞിരുന്നു. നിലാവിൽ, മാനുകൾ മേയുന്ന സഹ്യന്റെ ചരിവിറങ്ങുകയായിരുന്നു ആ ജീവി. അതിന്റെ ഭയങ്കരാകാരം ഇരുട്ടിൽ വേർതിരിച്ചറിയാനാവാത്ത വണ്ണം കറുത്തു പോയിരുന്നു. മസ്തകങ്ങളിലെ ചെമ്മണ്ണിന്റെ ഗന്ധം കൊണ്ടാണ് ഞാനതിനെ തിരിച്ചറിഞ്ഞത്. സമീപത്തെവിടെയോ കാടിന്റെ കശേരുക്കൾ ഒടിയുന്ന ശബ്ദം. സിരകളിൽ രക്തമൊഴുകുന്ന ഒച്ച കേൾക്കും വിധം നിശബ്ദത കൂർപ്പിച്ച് ഞാൻ ഇരുട്ടിലേക്ക് നോക്കി. അത് തൊട്ടടുത്തെത്തിയിരുന്നു. തുമ്പിയിലെ ചെറുനാവു കൊണ്ട് അതെന്റെ കവിളിലും മുടിയിഴകളിലും ഉഴിഞ്ഞു. രോമകൂപങ്ങളിൽ ഈയലുകൾ പൊടിയുന്ന പോലെ ഒരനുഭവം. കാടിന്റെ കനിവു മുഴുവൻ കണ്ണിൽ നിറച്ച വലിയ ജീവി. അത് എന്നെ കടന്ന് പുഴയിലേക്കിറങ്ങി. വെളുത്ത കൊമ്പുകളുടെ മുന കൊണ്ട് ജലം മുറിഞ്ഞു. അതിന്റെ കറുപ്പിൽ നിലാവു തിളങ്ങി. മധ്യത്തിലെത്തിയപ്പോൾ തുമ്പിയിൽ നിറഞ്ഞ ജലം നിലാവിനു കുറുകെ പൂത്തിരി കത്തിച്ച് അത് പശ്ചിമഘട്ടത്തിലേക്ക് നോക്കി. സ്വർഗം എന്ന് അത് ശബ്ദിച്ച പോലെ എനിക്കപ്പോൾ തോന്നി. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments