പൊടുന്നനെ ചെന്നി പിടയ്ക്കുകയും ആറാം വിരൽ തുടിക്കുകയും ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഹോട്ടലിന്റെ ക്യാഷിൽ വന്നിരുന്ന് തലേന്നത്തെ കണക്കു നോക്കുകയായിരുന്ന ഞാൻ നടുങ്ങിയത്.
സ്വയം അറിയാതെ ഞാൻ ചുറ്റും നോക്കുകയും, ഇല്ലാത്ത ആയുധത്തിനായി അരയിൽ തിരയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ശരീരം സൂചന തരുന്ന തോന്നൽ.നാട് വിട്ടതിൽ പിന്നെ ഇതുവരെ ഇല്ലാതിരുന്ന ഒന്ന്. ശത്രു അടുത്തുണ്ട്, എനിക്കുറപ്പായിരുന്നു.
ശ്വാസം വലിച്ച് വിട്ട് ഞാൻ ചുറ്റുമുള്ള മുഖങ്ങളിൽ പരതാൻ തുടങ്ങി.
എന്നും വരുന്ന ഏഴ് പേർ ഹോട്ടലിൽ ഇരുന്നു കഴിക്കുന്നുണ്ട്. പുതിയ പത്ത് പതിനഞ്ചു മുഖങ്ങൾ കണ്ടു. തീരെ പ്രായം കുറഞ്ഞവരെയും സ്ത്രീകളെയും പ്രായം കൂടിയവരെയുമൊഴിവാക്കിയപ്പോൾ രണ്ട് പേരുണ്ട്. എനിക്ക് പുറം തിരിഞ്ഞിരുന്നു കഴിക്കുന്ന രണ്ട് പേർ. പിറകിൽ നിന്ന് തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും മധ്യവയസ്സ് തോന്നിക്കുന്ന അവരിലൊരാൾ അവനായിരിക്കുമെന്ന് എനിക്ക് തോന്നി. അങ്ങനെയല്ല എന്നുറപ്പിക്കുന്നത് വരെയും മറവിയിലേക്ക് ഞാൻ തള്ളിയൊതുക്കിയ ആ കാലം വീണ്ടുമെന്റെ ഉള്ളു തുരക്കുമെന്നതായിരുന്നു അപ്പോഴത്തെ ഭയം.
രാത്രി ഉറക്കത്തിലേക്ക് വീഴുന്ന നേരത്ത് മടുപ്പിക്കാനായി മാത്രം വരുന്ന ഒരു ചിന്തയായി ബെന്നിയുടെ വെളുത്തു ചെമ്പിച്ച മുഖം എന്റെ ഉള്ളിലേക്ക് നിരന്തരം കടന്നു വരാറുണ്ടെങ്കിലും പകലുകളിൽ അവനെ ഓർക്കാതിരിക്കാൻ കഴിഞ്ഞ കുറേ വർഷങ്ങളായി എനിക്ക് സാധിച്ചിരുന്നു.
കനം കുറഞ്ഞ ചെമ്പൻ മുടിയും പൂച്ചക്കണ്ണുകളുമുള്ള ബെന്നി. പറക്കോടൻ ലാസറിന്റെ മകൻ കൂമൻ ബെന്നി.
കോര എന്നല്ലാതെ അരുൺ ഗോപി എന്ന് എനിക്കൊരു പേരുണ്ടെന്ന് കുടുംബത്തിലും പണ്ട് ഹാജർ വിളിച്ചിരുന്ന ടീച്ചർമാർക്കും മാത്രമറിയുമായിരുന്ന ഒരു കാലത്തിന്റെ ഇരുൾ പിടിച്ച മറുപാതി. കൂമൻ ബെന്നിയുമായി കോർക്കാൻ വേണ്ടി മാത്രമായി കോരയ്ക്ക് നേരം വെളുക്കാറുണ്ടായിരുന്ന ആ കാലത്തിൽ ചുഴലിക്കാറ്റ് പോലെ ഒന്ന് വട്ടം കറങ്ങി, അവനെ അവസാനമായി കണ്ട ദിവസത്തിൽ എന്റെ ചിന്തകൾ കുറ്റിയടിച്ചു നിന്നു.
▮
ഇലഞ്ഞിപ്പുഴക്ക് അക്കരെയുള്ള ഷാപ്പിൽ കള്ളു കുടിച്ച് മൂത്ത് കൂമൻ ബെന്നിയുടെ പ്രകടനം നടന്ന ദിവസവും അതായിരുന്നു.
സാധാരണ അവൻ ഷാപ്പിലുണ്ടെന്ന് കണ്ടാൽ ഞാൻ എത്രയും വേഗം സ്ഥലം കാലിയാക്കും. ഒന്നാമത് അവനെ നേർക്കുനേരെ കാണുന്നത് എനിക്ക് കാള ചുവപ്പ് കാണുന്നത് പോലെയാണ്. എന്റെ മെന കെട്ട ആറാം വിരലാണെങ്കിൽ അവനെ കാണുന്നതിന് മുൻപേ തുടിക്കാൻ തുടങ്ങും. രണ്ടാമത്, ഇരുപത് തികയാത്ത ഞാൻ ഷാപ്പിലുള്ളത് അവൻ കണ്ടാൽ നാളെ തന്നെ അമ്മയറിയും. അച്ഛനും. പിന്നെ വീട്ടിൽ നടക്കുന്ന നാടകം സഹിക്കാൻ വയ്യാത്തതാണ്. തെറി പറയിപ്പിച്ചേ അമ്മ കരച്ചിലും പിഴിച്ചിലും നിർത്തുകയുള്ളൂ. ഇടയ്ക്കിടെ നെടുവീർപ്പിട്ടുള്ള അച്ഛന്റെ തിണ്ണയിൽ ചാരിയിരിപ്പ് അതിലും അസഹ്യം.
അന്ന് പക്ഷെ, അവന്റെ ‘ഷോ’ കണ്ടിരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. കാരണം അത് കഴിഞ്ഞ് എനിക്ക് അവനോട് ചിലത് ചോദിക്കാനുണ്ട്. അതോടെ തീരണം അവന്റെ തിണ്ണമിടുക്ക്.
‘ഇരിയെടാ കോരേ. അവന്റെ തന്തദുഃഖം കേട്ടിട്ട് പോവാം’, എന്റെ കൂട്ടുകാരൻ ജഗനും പറഞ്ഞു.
കൂമന്റെ ദുഃഖം പൊട്ടിയൊഴുകുക തന്നെയായിരുന്നു. വെറുപ്പും കലിപ്പും കൊണ്ട് എന്റെ സകല രോമവും എഴുന്നേറ്റു നിന്നിട്ടും കള്ള് മോന്തിക്കൊണ്ട് ഞാൻ അത് കണ്ടുകൊണ്ടിരുന്നു.
‘ഇന്റെ അപ്പനില്ലേ പറക്കോടൻ ലാസർ, അയ്യാള് കൈവയ്ക്കാത്ത ഏതേലും പെണ്ണ്ണ്ടാ കാട്ടിൽ നടക്കുന്നോളുമാര്? ണ്ടാ കുഞ്ഞപ്പേട്ടാ നിങ്ങള് പറ’.
കുഞ്ഞപ്പേട്ടൻ ഏറ്റവും കുറഞ്ഞത് പത്തു തവണയെങ്കിലും അതേ ചോദ്യം കേട്ടതാണെങ്കിലും അദ്യമായിട്ട് കേൾക്കുന്ന സ്പിരിറ്റിൽ തന്നെ മറുപടി പറഞ്ഞു; ‘‘നിന്റെ തന്ത പറക്കോടൻ ലാസറിനും പുന്നോത്തെ രാജനും കാട്ടിൽ കേറിയാ അതെന്നെല്ലേ പണി. ചാരായം വാറ്റും പെണ്ണ് പിടിയും’’.
‘‘പറക്കോടൻ ലാസറ് എന്ന എന്റെ തന്തപ്പിടിയാൻ ഇമ്മാതിരി നടക്കണേണ് വല്ല എതിർപ്പും എനിക്കൊണ്ടോ കുഞ്ഞപ്പേട്ടാ?’’.
‘നാടകം ഇതാ സമാരംഭിക്കുകയായി’, ഞാൻ ഒരു പുളിച്ച തെറിയും കൂട്ടി ജഗനോട് സ്വകാര്യം പറഞ്ഞു.
അവന്റെ മുൻപിലേക്ക് ഒരു കുപ്പിയും ബോട്ടിക്കറിയും കൊണ്ട് വച്ച് ഷാപ്പുകാരൻ കുട്ടായി പറഞ്ഞു; ‘‘ഈ മൊട്ടേന്നു വിരിയാത്ത വയസ്സീ തന്നെ പറക്കോടൻ ലാസറിനെ വെട്ടിക്കണ സുഭാവം ഒള്ള പൊന്നാര മോൻ എന്ത് എതിർക്കാനാണ്?’’.
ഇതൊന്നും കഥാകഥനത്തെ ബാധിച്ചില്ല.
ബോട്ടിക്കറിയുടെ എരിവിൽ കണ്ണിൽ നിന്നും മൂക്കീൽ നിന്നും ഒലിപ്പിച്ച് അവന്റെ ദെണ്ണം പുറത്ത് വന്നു; ‘‘എന്റപ്പൻ പറക്കോടൻ ലാസറിനു പെഴച്ചൊണ്ടായ സന്താനങ്ങൾക്ക് എല്ലാത്തിനും ആറ് ആറരയടി പൊക്കം. എനിക്ക് മാത്രം ഈ അഞ്ചടി രണ്ടിഞ്ച്’’.
ഡയലോഗ് തീർന്നതും ഡെസ്കിന്റെ പുറത്ത് നാടകീയമായി ഞാൻ ഒറ്റക്കൊട്ട് കൊട്ടി. ഒരു പഞ്ചിന്. പാത്രങ്ങൾ കലമ്പി. ടൈമിംഗ് കറക്റ്റ് ആയിരുന്നത് കൊണ്ട് ഷാപ്പിൽ ബോധത്തിലുണ്ടായിരുന്ന കുറേപ്പേർ ചിരിച്ചു. മനസ്സില്ലാമനസ്സോടെ ഇരുന്നതാണെങ്കിലും നാടകത്തിന്റെ ക്ലൈമാക്സ് കലക്കിയതോർത്തു ഞാനും ചിരിച്ചു. കൂമന് കലിച്ചു. അവൻ എഴുന്നേറ്റു ചിറി തുടച്ച് ഉടക്കാൻ വന്നു.
‘‘എന്റപ്പൻ പറക്കോടൻ ലാസറിനെ പറ്റി ഞാൻ പറയുമ്പോ അയിന്റെടേൽ കുന്തിരിക്കം പൊകയ്ക്കാൻ ആരാടാ ഇവിടെ?’’
കുട്ടായി ഇടയ്ക്ക് കയറി; ‘‘ബാക്കിള്ള പിള്ളേര് മുഴുവൻ കോളേജി പഠിക്കാൻ പോണ സമയത്ത് ഷാപ്പീ നെരങ്ങാൻ വന്ന് നിന്റെ ഒക്കെ തള്ളകളുടെ വായിലിരിക്കുന്നത് മുഴുവനും കേൾക്കാൻ ഞാൻ. ഇറങ്ങിക്കോ രണ്ടും. നിങ്ങടെ കൂമനും കോരയും കളി ഇവിടെ വേണ്ടാ’’.
ഞാൻ കൂമന് നേരെ നോക്കി; ‘‘നീ പുറത്തോട്ടിറങ്ങ്. നിനക്കിട്ടുള്ള പണി ഞാൻ വച്ചിട്ടുണ്ട്’’.
രണ്ട് തെറി കൂടി പറഞ്ഞു ജഗനെയും വിളിച്ചു തല പടിയിൽ തട്ടാതിരിക്കാൻ കുനിഞ്ഞ് ഞാൻ പുറത്തിറങ്ങി.
മനസ്സിൽ വെറുപ്പിനൊപ്പം സന്തോഷവും മൂത്ത കള്ള് പോലെ നുരച്ചുപൊങ്ങി. കൂമന്റെ വീക്നെസ്! അവന്റെ പൊക്കക്കുറവ്.
അവന്റപ്പൻ ലാസറിനെ വലിപ്പത്തിൽ വെട്ടിക്കാൻ ഇലഞ്ഞിപ്പള്ളിയിലെ ആരും പോരാ. ആറ് ആറരയടി വരും ഉയരം. നീണ്ട കൈകൾ. കനത്ത ശരീരം.എപ്പോഴും ചിതറുന്ന നോട്ടം. കാണുമ്പോൾ തന്നെ പേടിയാകുന്ന രൂപം. വല്ലപ്പോഴുമേ നാട്ടിൽ കാണാറുള്ളൂ.
ഇലഞ്ഞിപ്പുഴയ്ക്കക്കരെയുള്ള കാടാണ് മൂപ്പരുടെ മെയിൻ ഫീൽഡ്.
അവിടെ പുന്നോത്തെ രാജനും കൂടിയിരുന്നു വേണ്ടത്ര വാറ്റുക, കിട്ടുന്ന കോഴിയെയോ മുയലിനെയോ ചുട്ടു തിന്നുക, വിറകിനും മറ്റും വരുന്ന പെണ്ണുങ്ങളെ ബലമായി പിടികൂടുക, ആവശ്യം കഴിഞ്ഞ് വിട്ടയക്കുക. അവരുടെ വീട്ടുകാർ പരാതിയുമായി ചെന്നാൽ അവരെ രണ്ടാളും ചേർന്ന് ഭീഷണിപ്പെടുത്തുകയോ തല്ലുകയോ എന്താണെന്നു വച്ചാൽ ആവശ്യാനുസരണം ചെയ്യുക.
മേല്പടിയാൻമാരുടെ സുവർണകാലം.
‘പറക്കോടൻ ലാസറിനെ വിളിക്കട്ടെ?’ എന്ന് വാശിക്കാരായ കൊച്ചു കുട്ടികളെ അമ്മമാർ പേടിപ്പിക്കുന്ന കാലം. ആ ലാസറിനു പള്ളിയിൽ വച്ചു കെട്ടിയ സ്വന്തം ഭാര്യയിൽ ഉണ്ടായ പുത്രൻ കൂമൻ ബെന്നിക്ക്മാത്രം പൊക്കം അഞ്ചടി രണ്ടിഞ്ച്! കൂമന്റെ ചേട്ടനും ഉണ്ട് അപ്പനോളം പൊക്കം.
കൂമന് ഇന്ന് കണക്കു പറയേണ്ട ദിവസമാണ്. ഇല്ലെങ്കിൽ എന്റെ കൈകൊണ്ട് അവന്റെ അന്ത്യമാണ്. പുഴക്കരയിലിട്ട് അവന്റെ ശരീരം എന്റെ കാലുകൾ കൊണ്ട് ഒതുക്കിപിടിക്കുന്നതും എന്റെ കൈകൾ അവന്റെ കൊരവള്ളിയിൽ അമരുന്നതും ഞാൻ പലതവണ മനസ്സിൽ റിഹേഴ്സൽ ചെയ്തു. മനസ്സിലേക്ക് നായാട്ടിന്റെ ഹരം ഇരച്ചുകയറി. കൈകളിലേക്ക് കുതിച്ചെത്തുന്ന കരുത്തിനെ ഞാൻ ചങ്ങലക്കിട്ട് നിറുത്തി.
എൽ പി സ്കൂളിൽ തുടങ്ങിയത് പുഴക്കരയിൽ തീരണം. എന്റെ ആറാം വിരലിനെ ചൊല്ലിയുള്ള അവന്റെ പരിഹാസത്തിലാണ് പ്രത്യക്ഷാ എന്റെ പക തുടങ്ങിയതെങ്കിലും ആ പരിഹാസം ഒറ്റപ്പെട്ട സംഭവം അല്ലാത്തത് കൊണ്ട് അവഗണിക്കാൻ ഞാൻ സ്വയം പരിശീലിച്ചിരുന്നു.
കാര്യങ്ങൾ വഷളായത് യൂ പി യിൽ പഠിക്കുമ്പോൾ വേറൊരു വിവരം കിട്ടിയതിൽ പിന്നെയാണ്. ഞാൻ ക്ലാസ്സിൽ കാണിക്കുന്ന കന്നത്തരം മുഴുവൻ പിറ്റേന്ന് തന്നെ വള്ളിപുള്ളി വിടാതെ എന്റെ അമ്മ അറിയുന്ന അത്ഭുത പ്രതിഭാസത്തിന്റെ രഹസ്യം ജഗൻ പറഞ്ഞ് ഞാൻ അറിഞ്ഞതില്പിന്നെ. കൂമന്റെ അമ്മയും നാട്ടിലെ അറിയപ്പെടുന്ന പരദൂഷണക്കാരിയുമായ ത്രേസ്യ വഴി നിരന്തരം ഈ വാർത്ത പരത്തുന്നതും എനിക്ക് അടി മേടിച്ചു തരുന്നതും വേറെ ആരുമല്ല, എന്റെ സഹപാഠിയും ക്ലാസിൽ മൂളി മൂളി ഇരിക്കുന്നവനുമായ കൂമൻ ബെന്നിയാകുന്നു.ആ വൈരാഗ്യവും അതിന്റെ പേരിൽ സ്കൂളിലും കളി സ്ഥലങ്ങളിലും വെച്ചുണ്ടാകാറുള്ള അടികളും അങ്ങനെ തന്നെ തുടരവേ ഹൈസ്കൂളിൽ വച്ച് എല്ലാറ്റിനും അടിവരയിട്ട് ഒരു സംഭവം കൂടി ഉണ്ടായി.
ഒരു വിധത്തിൽ ഞാൻ വളച്ചുകൊണ്ട് വരികയായിരുന്ന ‘ഹേമ സ്റ്റോർസ്’ ഉടമ ബാലൻ ചേട്ടന്റെ മകൾ ഹേമലതയെ, ഒരൊറ്റ ക്രിസ്മസ് വെക്കേഷൻ സമയം കൊണ്ട് എന്നെ തിരിഞ്ഞുപോലും നോക്കാത്ത കണ്ടീഷനിൽ കൂമൻ വശത്താക്കി. അതില്പിന്നെയാണ് ഞാനും കൂമനും തമ്മിലുള്ള പോരാട്ടങ്ങൾ ഇലഞ്ഞിപ്പള്ളിയുടെ ആൺആകാശങ്ങളെ വിറ കൊള്ളിക്കാൻ തുടങ്ങിയത്, അവൻ അടുത്തുണ്ടെങ്കിൽ എന്റെ ആറാം വിരൽ തുടിക്കാൻ തുടങ്ങിയത്. വീട്ടിനു പുറത്തിറങ്ങുമ്പോഴെല്ലാം ഒരു കൊച്ചു പിച്ചാത്തി എന്റെ അരയിൽ ഞാൻ സൂക്ഷിക്കാൻ തുടങ്ങിയത്.
കണ്ടാൽ കൊത്തിക്കീറാൻ നിൽക്കുന്ന രണ്ട് പോര് കോഴികളെപ്പോലെ ഞങ്ങൾ കോർത്തു. അതുവരെ ഉണ്ടായിരുന്ന ഇലഞ്ഞിപ്പള്ളി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിൽ നിന്ന് ചേരി തിരിഞ്ഞ് ഞാനും ജഗനും ചേർന്ന് അജന്ത ക്ലബ്ബ് തുടങ്ങി.രണ്ടാളുടെയും പുറകിൽ എരി കയറ്റാൻ ശിങ്കിടികൾ വേണ്ടുവോളമുണ്ടായിരുന്നു. പെണ്ണിന്റെ മേൽ അവൻ നേടിയ ജയത്തിന്റെ കയ്പ് ചുവ മാറ്റാനും എന്നെക്കൊണ്ട് കഴിയും വിധം എല്ലാ കാര്യങ്ങളിലും അവനെ പിന്നോട്ട് തള്ളി സ്വയം തൃപ്തിപ്പെടുത്താനും വേണ്ടിയാണ് ഞാൻ പിന്നെ ജീവിച്ചത് തന്നെ. പഠിക്കാൻ അവനും മോശമായതുകൊണ്ട് ആ ഫീൽഡിൽ ഞാൻ കഷ്ടപ്പെടേണ്ടിവന്നില്ല.
എനിക്ക് വീട്ടിലും നാട്ടിലും സാമാന്യം നല്ല ചീത്തപ്പേരുണ്ടായിരുന്നു. എന്റെ മോശം സ്വഭാവ സർട്ടിഫിക്കറ്റിന്റെ ആക്കം കൂട്ടാൻ ചേച്ചിയും ചേട്ടനും പഠിപ്പിൽ എപ്പോഴും മുന്നിലായിരുന്നു. ചേച്ചിക്ക് എൻട്രൻസ് എഴുതി മെഡിസിന് കിട്ടി, ചേട്ടന് പഠിക്കുന്ന കാലത്തേക്ക് മുഴുവൻ ഏതോ സയൻസ് സ്ക്കോളർഷിപ്പും കിട്ടി.
ഞാൻ മാത്രമാണ് വീട്ടിലെ കാള കളിച്ച് നടക്കുന്നവനും പഠിക്കാത്തവനും. ചീട്ടുകളി, കള്ള്, കഞ്ചാവ് എന്നുവേണ്ട സകല ദുർഗുണങ്ങളുടെയും വിളനിലം.
രാവിലെ ‘കോരേ’ എന്ന വിളി തൊട്ടപ്പുറത്ത് താമസിക്കുന്ന ജഗനിൽ നിന്ന് കേൾക്കുന്നതോടെ എന്റെ ഒരു ദിവസം തുടങ്ങും. അമ്മയുടെ വിഷമിച്ചുള്ള നോട്ടത്തിനും അച്ഛന്റെ നെടുവീർപ്പിനും ഇടയിലൂടെ ഞാൻ ‘കൂളായി’ എന്ന മട്ടിലങ്ങു വീട്ടിൽ നിന്നിറങ്ങും. വല്ലപ്പോഴും കിട്ടിയ പണിക്ക് പോകും. സ്കൂൾ മാഷായ അച്ഛന്റെ അന്തസ്സിന് ചേരാത്ത പണികൾ ആണ്. എന്നാലും നിന്ന് പെഴക്കണമല്ലോ. കഞ്ചാവ് വില്പന ആയിരുന്നു ഏറ്റവും പണി കുറവും ലാഭം കൂടുതലും ആയ എളുപ്പവഴി. കൂമന്റെ ഒറ്റിനെ പേടിച്ച് എത്ര സൂക്ഷിച്ചാണ് ഞാൻ അത് കൈകാര്യം ചെയ്തതെന്നോ.
കൂമന് പൊക്കം മാത്രമേ കുറവുണ്ടായിരുന്നുള്ളൂ. കുരുട്ടുബുദ്ധി കൂടുതലായിരുന്നു. പൊക്കക്കുറവ് ക്രിക്കറ്റിലും ഫുട്ബോളിലും അവനെ പിടിപ്പത് സഹായിക്കുകയാണ് ചെയ്തത്. ഫുട്ബോൾ ഗ്രൗണ്ടിൽ മറ്റൊരു പന്ത് പോലെ അവൻ ഉരുണ്ടു നടന്നു. അവൻ പന്തും കൊണ്ട് വരുന്നത് കാണുമ്പോൾ തന്നെ ഞങ്ങളുടെ ഗോളി ആയിരുന്ന വട്ടോളി വിൽസന് വയറ്റിൽ നിന്ന് ഏതാണ്ട് ഉരുണ്ട് വരുമായിരുന്നു എന്ന് പറയാറുണ്ട്. ആ സമയത്ത് നാട്ടിലെ പ്രധാന ലെഗ് സ്പിന്നർ ആയിരുന്നു അവൻ. ഇതിനെല്ലാം ഉപരി എന്നും പെണ്ണുങ്ങളെ വീഴ്ത്താൻ അവന് ഒരു വശമുണ്ടായിരുന്നു. ഈ വിശേഷണങ്ങൾ ഒന്നും തന്നെ സ്നേഹം കൊണ്ട് ഞാൻ പറയുന്നതല്ല. ശത്രുവിനെ അളന്നു തന്നെയാണ് ഞാൻ നടന്നത്. ഇതൊന്നും അവനുമായുള്ള കിടത്സരങ്ങളിൽ എന്നെ തോല്പിച്ചില്ല. അവന് ജന്മസിദ്ധമായ കഴിവുള്ളിടത്ത് ഞാൻ കഠിനാധ്വാനം കൊണ്ട് ഇരച്ചു കയറി. ചിലപ്പോൾ ഭാഗ്യം കൊണ്ടും.
ഒരു തവണ ഇലഞ്ഞിപ്പള്ളി കപ്പ് എടുത്താൽ, അടുത്ത മത്സരത്തിനു ഞാൻ ചത്തില്ലെങ്കിൽ അജന്ത കപ്പ് എടുത്തിരിക്കും. അവൻ എവിടെ പിടി മുറുക്കുന്നുവോ അവിടെ ഞാൻ ആഞ്ഞുകൊത്തിയിരിക്കും. സ്പോർട്സ് പരിപാടികൾ സീസണിൽ മാത്രമായിരുന്നു. കാശു വച്ചുള്ള ചീട്ടുകളി ഒരു മുടക്കവുമില്ലാതെ എന്നുമുണ്ടായിരുന്നു.
ഗുലാൻ പെരിശ് ആയിരുന്നു അവനോടെതിർക്കാനുള്ള എന്റെ പ്രധാന ഐറ്റം. ഗുലാൻ പരിശിൽ എന്റെയും ജഗന്റെയും ടീമിന് എപ്പോഴും നല്ല കൈ കയറും. മുച്ചീട്ടിനാണെങ്കിൽ ഇസ്പേഡ് ഒൻപത് കൂമന്റെ കയ്യിൽ ഒട്ടിയിരിക്കുന്ന പോലെ ആയിരുന്നു. ഓരോ മത്സരവും കഴിയുന്ന മാത്രയിൽ അവിടെ അടി വീഴും. അടി എന്ന് പറയുമ്പോൾ പൊടി പാറുന്ന പരുക്കൻ അടിയാണ്. ‘രണ്ടിലൊന്ന് തീരുന്ന വരെ’ എന്നതാണ് മോട്ടോ. പക്ഷെ തീരാറില്ല. ആരെങ്കിലും പിടിച്ചു മാറ്റും.
’കോരയും കൂമനും തുടങ്ങി’, നാട്ടുകാർ പറയും.
’ബെന്നിയുടെ തന്തക്കു പിന്നെ ആര് എന്തായാലും ഒന്നുമില്ല. ആ പാവം പിടിച്ച ഗോപിമാഷ് എന്ത് ചെയ്തിട്ടാണ് ഇങ്ങനെ ഒര് സന്താനം’, ആളുകൾ എന്റെ മുഖത്ത് നോക്കി തന്നെ പറയും.
ഞാൻ കാർക്കിച്ചു തുപ്പി ചിലപ്പോൾ തിരിച്ചു ചോദിക്കും,’ഞാൻ അതിന് നെന്റെയൊക്കെ മോളെ പെണ്ണ് ചോദിച്ചോ?’
എന്തായാലും ഇന്ന് കൂമൻ ഉത്തരം പറയണം. ഉണങ്ങി എന്ന് കരുതിയ മുറിവിലാണ് വീണ്ടും അവൻ കുഴി തുരക്കുന്നത്. ക്രിക്കറ്റിലും പന്തുകളിയിലും തോൽക്കുന്നതും എന്റെ സ്വന്തം ഐറ്റം ആയ ഗുലാൻ പെരിശിൽ കാശു പോകുന്നതു പോലും ഞാൻ ക്ഷമിക്കും. പക്ഷെ പെൺവിഷയത്തിൽ കേറി കൊത്തിയാൽ, ആ കൈ ഞാനരിയും.
കഞ്ചാവ് അടക്കമുള്ള എന്റെ സകല കന്നത്തരവും ‘പിള്ളേരുകളി’ മാത്രമായി കണ്ട് അടുത്തവളാണ് ചേച്ചിയുടെ ക്ലാസ്മേറ്റ് കൂടിയായ ജെസ്സി. കഞ്ചാവിനെക്കാൾ ഭ്രാന്ത് തലയ്ക്കു പിടിപ്പിച്ചവൾ. മലമുകളിലേക്ക്, പിന്നെ അതിനും മേലേക്ക് ഉയർന്നു പാറിപറന്ന് നടക്കുകയാണെന്ന് തോന്നിക്കുന്ന ഉന്മാദം തന്നവൾ. ഞാനെന്നും വെറുത്തിരുന്ന എന്റെ ആറാം വിരലിൽ ഞങ്ങളുടെ രണ്ടാളുടെയും പേരിന്റെ ആദ്യാക്ഷരം പച്ച കുത്തിച്ചവൾ. എന്റെ സകല ദുഃശീലവും അവൾ കൂടെയുണ്ടെങ്കിൽ പടി പടിയായി ഞാൻ നിറുത്താൻ പ്ലാനിട്ടതാണ്.
അവിടെയും കൃത്യമായി അവൻ അവതരിച്ചു. ജെസ്സി എന്നെ അവഗണിക്കാൻ തുടങ്ങി എന്ന് മാത്രമല്ല, അവൾക്കിപ്പോൾ എന്നെ കണ്ണിനു നേരെ കണ്ടുകൂടാത്ത അവസ്ഥയായിരിക്കുന്നു. ഉന്മാദത്തിനു പകരം തരുന്നത് കോളേജിൽ പോയി പഠിച്ച ഒരുവളുടെ വായിൽ കൊള്ളാത്ത തെറിവാക്കുകളാണ്. കാര്യം ചോദിക്കാൻ പോലും അവൾ ഇപ്പോൾ നിന്നുതരുന്നില്ല. അവനാണ് അതിന്റെ പിന്നിൽ എന്നതിനു കൃത്യമായ വിവരവും കിട്ടിയിട്ടുണ്ട്.
ജഗനെ വിട്ട് ഞാൻ ഇരുട്ടത്ത് പുഴക്കരയിൽ കുറുമുണ്ട പാലത്തിനടുത്ത് കാത്തിരുന്നു. ഇതിന്, ഈ കണക്കു ചോദിക്കലിന് പാരാവാരം വേണ്ടാ. അവനെ ഒറ്റയ്ക്ക് കയ്യിൽ കിട്ടണം. അവന്റെ കുരുട്ട് ബുദ്ധി വിളയുന്ന തല ഇന്ന് തച്ചുടയ്ക്കണം.
പാലം കടന്നുവേണം അവന് വീട്ടിലെത്താൻ.
കയ്യും കാലും അക്ഷമ കൊണ്ട് കോച്ചി വലിക്കാൻ തുടങ്ങിയെന്നായപ്പോൾ എന്റെ ശരീരം എനിക്ക് സൂചന തന്നു. ചെറുതായൊന്നു ആടി വരുന്ന അവന്റെ രൂപം പാലം കടക്കുന്നത് വരെ ഞാൻ ക്ഷമിച്ചു കാത്തിരുന്നു. ഇവിടുന്നേ അടി തുടങ്ങിയാൽ നാട്ടുകാരറിയും, പിടിച്ചു മാറ്റും. (ആ അടിയിൽ നാട്ടുകാരെ ഇടപെടുത്താതിരിക്കാൻ എടുത്ത തീരുമാനത്തിനു ഞാൻ എന്നും പിന്നീട് സ്വയം നന്ദി പറഞ്ഞിട്ടുണ്ട് ).
കുടിച്ചതുകൊണ്ടായിരിക്കും, അവന്റെ വിയർത്തു നാറുന്ന ഷർട്ടിന്റെ കോളറിൽ ഞാൻ പിടികൂടിയപ്പോഴാണ് പുറകിൽ ആളുണ്ടെന്ന് അവൻ അറിഞ്ഞത് തന്നെ. ഞാനാണെന്ന് അറിഞ്ഞതും അവന്റെ കെട്ടിറങ്ങി. ആ കുറിയ ശരീരത്തിലേക്ക് എവിടെനിന്നില്ലാതെ ശക്തി ഊറിക്കൂടുന്നത് എന്റെ കൈകാലുകൾക്ക് മനസ്സിലായി. എതിരാളിയുടെ ജീവൻ മാത്രം ലക്ഷ്യമിടുന്ന രണ്ട് മൃഗങ്ങളെപ്പോലെ പുഴക്കരയിൽ ഞങ്ങൾ ഉരുണ്ടുമറിഞ്ഞു. അർത്ഥമില്ലാത്ത ശകാരവാക്കുകളുടെ മണലു വാരിയെറിഞ്ഞു. അവന്റെ കരുത്തിനു മുന്നിൽ പതറുന്നു എന്ന് തോന്നിയ ഒരു നിമിഷത്തിൽ അവന്റെ കാലുകളിൽ മുഴുവൻ ഭാരവും കൊടുത്ത് ഞാനിരുന്നു. ഞാൻ കാത്തിരുന്ന നിമിഷം വന്നു. അവൻ മുഴുവനായി എന്റെ കൈകളിൽ ഒതുങ്ങി. കൊല്ലാൻ കൊണ്ട് പോകുന്ന കൊച്ചു പന്നിയെപ്പോലെ ചീറിക്കൊണ്ട് അവൻ മലർന്നു പുഴമണലിൽ കിടന്നു.എന്റെ ആറടി പൊക്കത്തിന്റെ അഹങ്കാരം മുഴുവൻ അവന്റെ മേലെ പ്രയോഗിച്ചുകൊണ്ട് അവന്റെ കാതുകളിൽ ഞാൻ ജെസ്സിയുടെ പേര് പറഞ്ഞു.
‘അവളെ നിനക്ക് വിട്ടു തരില്ലെടാ… മോനെ’.
’അതിന് നിന്നെ അവൾക്ക് വേണ്ടല്ലോടാ തന്തയില്ലാത്തോനെ’, അവൻ തിരിച്ചടിച്ചു.
തന്തയ്ക്ക് പറഞ്ഞതിന്റെ രോഷത്തിൽ അവന്റെ കൊഴുത്ത കഴുത്തിൽ എന്റെ കൈ അമർന്നു. അവന്റെ കണ്ണുകൾ പുറത്തേക്ക് ഉന്തിവന്നു. കാലുകൾ എന്റെ കാലുകൾക്കടിയിൽ കിടന്നു പിടച്ചു.ആ നിമിഷത്തിൽ എങ്ങനെയോ സകല കരുത്തുമെടുത്ത് എന്റെ കൈവിരലുകളിൽ അള്ളിപ്പിടിച്ചു അകത്തി മാറ്റി കിതച്ച് ഒരു ആമയെപ്പോലെ തലയിളക്കിക്കൊണ്ട് അവനാ വാക്കുകൾ തുപ്പി.
‘നിന്റെ അപ്പനാന്നും പറഞ്ഞു നടക്കണ ആ കോവിയെക്കൊണ്ട് ആറടി പൊക്കത്തിൽ പറക്കോടൻ ലാസറിന്റെ ഛായേലെങ്ങനാ ഒരു പുത്രനുണ്ടായേന്ന് നിന്റെ തള്ളയോട് പോയി ചോദിക്ക്’.
എനിക്ക് തരിച്ചുകയറി. കിട്ടാവുന്നതിൽ ഏറ്റവും വലിയ തെറി കൊണ്ട് ഞാൻ അവനെ കുളിപ്പിച്ചു.
‘ഒന്നും പോരാഞ്ഞിട്ട് നിന്റപ്പൻ കാളയുടെ പേരും പറഞ്ഞ് കുടുമ്മത്തിക്കേറി കളിക്കുന്നോടാ… മോനെ’.
ഇടം കൈ നെഞ്ചിലമർത്തി തലങ്ങും വിലങ്ങും ഞാൻ അവന്റെ മുഖത്തടിച്ചു. എന്റെ കൈക്കുള്ളിലമർന്നു ശ്വാസം മുട്ടിക്കൊണ്ട് അവന്റെ വാക്കുകൾ വിക്കിവിക്കി പുറത്തുവന്നു.
‘പശൂന് പുല്ലരിയാൻ വന്ന നിന്റെ തള്ളക്കിട്ട് ന്റെ അപ്പനൊണ്ടാക്കിയ കാര്യം ഞാനെന്തിനാടാ… മോനെ കള്ളം പറയുന്നത്? അന്നവര് വെട്ടിയ വെട്ടിലാ അപ്പന്റെ ആറാം വിരൽ അറ്റ് പോയതെടാ ലോകതോൽവി’.
അവന്റെ തുറിച്ച കണ്ണുകളിൽ നോക്കി ഞാൻ നടുങ്ങിനിന്നു. എന്റെ വിരൽത്തുമ്പിൽ അവന്റെ ജീവൻ പിടയ്ക്കുകയായിരുന്നു. ആ സമയത്ത് അവൻ കള്ളം പറയുകയില്ല എന്നുറപ്പ്. ബോധത്തിന്റെ തായ് വേര് വരെ കടപുഴക്കിക്കൊണ്ട് തലയ്ക്കുള്ളിലേക്ക് ഇലഞ്ഞിപ്പുഴ കുത്തിയൊഴുകിയത് പോലെ എന്റെ ശക്തി ക്ഷയിച്ചു. കെട്ടിറങ്ങി.പതറിയ കാലുകളോടെ ഞാൻ എഴുന്നേറ്റു. ജെസ്സിയും കൂമനും എന്റെ ചിന്തയുടെ വിദൂരപരിസരത്തുപോലും ഇല്ലാതായി. ഒരായിരം ചോദ്യങ്ങൾ കറങ്ങിത്തിരിയുന്ന ചുഴി മാത്രമായി എന്റെ തല.
കഴുത്തിൽ കൈ വച്ച് വീണ്ടും വീണ്ടും ശ്വാസമെടുത്തു ചുമച്ചു എന്തൊക്കെയോ പുലമ്പിക്കൊണ്ട് കൂമൻ എഴുന്നേറ്റുനിന്നു. പാലം കടന്ന് വേച്ചുവേച്ചു ഞാൻ നടക്കുമ്പോൾ അടഞ്ഞ ശബ്ദത്തിൽ അവൻ പിറകിൽ നിന്ന് വിളിച്ചുപറഞ്ഞു, ‘ടാ … നിന്റെ തള്ളയോട് ചോദിച്ച് ഒടക്കാൻ നിൽക്കണ്ട. അപ്പൻ പറഞ്ഞാ ഞാനറിഞ്ഞേ. വേറാരോടും പറഞ്ഞിട്ടില്ല. ഇനി പറയുകേമില്ല’.
അവന്റെ ദയ, ത്ഫൂ. ഞാൻ പുഴയിലോട്ട് നീട്ടി തുപ്പി. എനിക്ക് ഒന്നും കേൾക്കണ്ട. പറക്കോടൻ ലാസർ എന്ന കാളയാണ് എന്റെ അപ്പൻ. തലയിൽ ആ പേര് വീണ്ടും വീണ്ടും മുഴങ്ങികൊണ്ടേയിരുന്നു. പറക്കോടൻ ലാസറിന്റെ അത്രയും വലിപ്പമുള്ള എന്റെ കൂറ്റൻ നിഴൽ എന്നെ അനുഗമിച്ചു. ആറാം വിരലിലെ തുടിപ്പ് ഒരു കലാപമായി എന്നിൽ നിറഞ്ഞു. തലയിലെ ചുഴി ഒന്നടങ്ങുന്നത് വരെ എനിക്ക് നടക്കണമായിരുന്നു. ഞാൻ നടന്നുകൊണ്ടേയിരുന്നു. ഇലഞ്ഞിപ്പുഴ കടന്ന് നാട്ടുവഴിയും കടന്ന് ഗ്രാമത്തിനു പുറത്തേക്ക്. ആ നിമിഷം തൊട്ട് തിരിച്ചുവരേണ്ടതില്ലാത്ത ഒരിടമായി ഇലഞ്ഞിപ്പുഴ എന്റെ പിറകിൽ മറഞ്ഞു.
▮
രണ്ടിൽ ഒരാൾ കഴിച്ചു തീർന്ന് ബില്ല് തരാൻ എന്റെ മുൻപിൽ വന്നപ്പോൾ ഞാൻ ഞെട്ടി. അത് അവനല്ലായിരുന്നു. പിറകിൽനിന്ന് കാണുന്നതിലും പ്രായമുള്ള ഒരാൾ. അയാളിറങ്ങിയതും അടുത്തയാളും എഴുന്നേറ്റു കൈകഴുകി എന്റെ നേരെ നടന്നുവന്നു. ഹൃദയമിടിപ്പിന്റെ വേഗത കൊണ്ട് അടുത്ത നിമിഷം ഞാൻ തട്ടിപ്പോകുമെന്ന് എനിക്ക് ഭയം തോന്നി. കാരണം, കാലവും പ്രായവും ആക്രമിച്ചിട്ടുണ്ടെങ്കിലും അത് കൂമൻ തന്നെയായിരുന്നു. മുടി കുറെയൊക്കെ നരച്ചും കൊഴിഞ്ഞും പോയെങ്കിലും ആ ചെമ്പൻ കണ്ണുകൾക്കിപ്പോഴും മൂർച്ച നഷ്ടപ്പെട്ടിട്ടില്ല. ഇരുപത്തഞ്ചു വർഷങ്ങൾക്കിപ്പുറം, ഇലഞ്ഞിപ്പുഴയുടെ ഓർമ്മകൾ പോലും എന്നിൽ നിന്ന് മങ്ങിപ്പോയ ഈ കാലഘട്ടത്തിൽ കൂമനും കോരയും ഒരു മേശയുടെ ഇരുവശത്തുമായി മുഖാമുഖം നിൽക്കാൻ പോകുന്നു എന്നത് എനിക്ക് അവിശ്വസനീയമായി തോന്നി.
എന്ത് ഓർമിപ്പിക്കാനാണ് ഈ നരകം വന്നത്? വെളിപ്പെടുത്താൻ ഇനിയുമുണ്ടോ സത്യങ്ങൾ? എത്ര വർഷങ്ങളുടെ ശ്രമത്തിലാണ് എല്ലാം ഒന്ന് മനസ്സിന്റെ മച്ചിൻപുറത്തായി കിട്ടിയത്! തുറന്നു കിട്ടിയ ചെറിയ പഴുതിലൂടെ വെറുപ്പും പകയും ഒന്നുമില്ലായ്മയുടെ കാലത്തെ ദുരിതപ്പാടുകളുടെ വേദനയും പുറത്തേക്ക് പുഴപോലെ കുത്തിയൊഴുകുന്നത് നിസ്സഹായതയോടെ ഞാനറിയുന്നുണ്ട്.
എന്റെ നീക്കം എന്തായിരിക്കണം?
അമ്പതിനോടടുക്കുന്ന ഞാൻ ഇനിയും പഴയ ‘കോര’വേഷം കെട്ടണോ? സഹോദരങ്ങളെ പോലെ പഠിച്ച് ഉയരങ്ങളിൽ എത്തിയില്ലെങ്കിലും സാമാന്യം ബിസിനസുള്ള ഒരു ഹോട്ടലും നടത്തി ജീവിക്കുന്ന ഞാൻ ഈ സമയത്ത് എന്ത് തീരുമാനിക്കണം? നൂറ് ചോദ്യങ്ങൾ എന്റെ ബോധമണ്ഡലത്തിൽ തലങ്ങും വിലങ്ങും എട്ടുകാലിവലയായി മൂടുമ്പോൾ കൂമൻ ബെന്നി ബില്ലും കാശും മുന്നിൽ വെച്ചു തന്ന് മുഖത്തേക്ക് സാധാരണ മട്ടിലൊന്ന് നോക്കി ക്യാഷ് കൗണ്ടറിൽ വെച്ചിരിക്കുന്ന ടിഷ്യൂ പേപ്പർ എടുത്ത് മുഖം തുടച്ചു. ഒരു ഭാവഭേദവുമില്ല.
ഞാൻ ആശയക്കുഴപ്പത്തിൽ പെട്ടു. ഇനി എന്നെ തിരിച്ചറിയാഞ്ഞിട്ടാണോ? ചെന്നിയിൽ അല്പം നര കയറിയതല്ലാതെ എനിക്ക് വലിയ മാറ്റമൊന്നുമില്ലെന്ന് എല്ലാവരും പറയാറുള്ളതാണെങ്കിലും അതൊരു സാധ്യതയല്ലേ? അതോ ബെന്നിയുടെ ഛായയുള്ള ഒരു അപരിചിതൻ മാത്രമാണോ അയാൾ?.
ചിന്തിച്ചു കാടുകയറുകയാണ് എന്ന് സ്വയം കുറ്റപ്പെടുത്തിയെങ്കിലും എന്നെ ഒറ്റു കൊടുക്കാൻ ഏറ്റവും സാധ്യതയുള്ള ആറാം വിരലുള്ള ഇടംകൈ കൗണ്ടറിൽ ഒളിപ്പിച്ച് ഞാൻ അയാളുടെ മുഖത്ത് നോക്കാതെ ബാക്കി കാശ് കൗണ്ടറിൽ വെച്ചു. അതെടുത്ത് പോക്കറ്റിൽ ഇടുമ്പോൾ അവന്റെ ശബ്ദം പുറത്തു വന്നു, “കഴിഞ്ഞ മാസം അപ്പൻ മരിച്ചു”.
കേട്ട വാർത്തയുടെ പ്രാധാന്യത്തേക്കാളും കൂമൻ ബെന്നി തന്നെയാണത് എന്നുറപ്പിച്ച നിമിഷം എന്റെ കൈകാലുകളിൽ വിറ പടർത്തി. ആ അവസ്ഥയിലും, പഴയ വീമ്പും ധാർഷ്ട്യവും ഇല്ലാതെ അവന്റെ സംസാരം മൃദുവായിരിക്കുന്നു എന്നത് അല്പമല്ലാത്ത ആശ്ചര്യത്തോടെ ഞാൻ ശ്രദ്ധിച്ചു.
നിന്റെ അപ്പൻ പറക്കോടൻ ലാസർ മരിച്ച സംഭവം എന്തിനാണ് എന്നോട് വന്നു പറയുന്നത് എന്നാണോ അതോ ആ കാള ഇപ്പോഴേ തീർന്നുള്ളൂ എന്നാണോ ചോദിക്കേണ്ടത് എന്ന കാര്യത്തിൽ സംശയിച്ചു ഞാനിരുന്നു. അവന്റെ ശബ്ദം കേൾക്കുന്ന നിമിഷത്തിലേ കേട്ടാൽ അറയ്ക്കുന്ന തെറികൾ കൊണ്ട് അഭിഷേകം നടത്തിയിരുന്ന എന്റെ നാവ് നിസ്സഹായതയോടെ വാക്കുകൾക്ക് വേണ്ടി തിരയുന്നതിൽ അത്ഭുതപ്പെട്ട് നിൽക്കുമ്പോൾ രണ്ട് ജീരകമെടുത്ത് വായിലിട്ട് ചവച്ച് അവൻ വീണ്ടും സംസാരിച്ചു.
“നീ ശാരദാമ്മേം ഗോപിമാഷേമൊക്കെ കൂട്ടി നാട്ടിലേക്ക് ഒരിക്കെ വാ. ഇലഞ്ഞിപ്പുഴയൊക്കെ വല്ലാതെ മാറി”.
ഞാൻ കേട്ടതെല്ലാം പഴയ അതേ കൂമൻ ബെന്നി പറഞ്ഞത് തന്നെയാണോ എന്ന് സംശയിച്ചു ഞാൻ തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി. നാശം, അപ്പോഴും ഒന്നും മിണ്ടനെനിക്ക് കഴിഞ്ഞില്ല. അവന്റെ നോട്ടം ശാന്തമായി എന്റെ കണ്ണുകളിൽ തങ്ങി നിന്നു.
അവസാനമായി കണ്ട കാലത്ത് ഞങ്ങൾ കൗമാരക്കാരായിരുന്നു എന്നും കാലം ഇലഞ്ഞിപ്പുഴ പോലെ ഞങ്ങൾക്കിടയിലൂടെ കുത്തിയൊലിച്ചു പാഞ്ഞുപോയി എന്നും കൂമൻ ബെന്നിയേക്കാൾ വൈകിയാണല്ലോ എനിക്ക് തിരിച്ചറിവുണ്ടാകുന്നത് എന്ന് ചിന്തിച്ചിരിക്കുമ്പോൾ അവൻ പുറത്തിറങ്ങി നടന്നുപോയി. ഞാൻ ഇനിയും അടങ്ങാത്ത, കാര്യങ്ങൾ മനസിലാവാത്ത എന്റെ ആറാം വിരലിൽ തടവിക്കൊണ്ടിരുന്നു.
എത്രയും പെട്ടെന്ന് അന്നത്തെ ദിവസം കഴിഞ്ഞ് വീട്ടിലെത്തണമെന്നും അച്ഛനെയും അമ്മയെയും കാണണമെന്നും അപ്പോഴെനിക്ക് തോന്നി.