ഫോൺ റിംഗിന്റെ ശബ്ദത്തിലാണ് ഉണർന്നത്. ഏറെ ദിവസങ്ങൾക്കുശേഷം കിട്ടിയ ഗാഢമായ ഉറക്കത്തിൽ നിന്നുള്ള ഉണർവ്വാണ്. ആദ്യ നിമിഷം തന്നെ, ശരീരത്തിനകത്തുനിന്ന് വിചിത്രമായ ഒരു എനർജിയുടെ തരംഗം അറിവായി.
കണ്ണുകൾ തുറന്നപ്പോൾ മുന്നിലുണ്ടായ ലോകം പുതുമയുള്ളതായിരുന്നു. പതിവായി കണ്ണ് തുറക്കുമ്പോൾ കാണുന്ന ചുവരുകളും, പഴയ മുറിയുടെ പരിചിതമായ മണവും ഒന്നും ഇല്ല. മനസ്സിലാകാൻ നിമിഷങ്ങൾ എടുത്തു. ഒൻപത് വർഷമായി കിടന്നുറങ്ങിയ മുറിയല്ല ഇത്. വീടിനോട് ചേർന്ന് പുതുതായി പണികഴിഞ്ഞ മുറിയിലാണിപ്പോൾ ഞാൻ. ഇന്നലെയാണ് ആദ്യമായി ഈ മുറിയിൽ കിടന്നത്.
ബെഡ്ഡിൽ എഴുന്നേറ്റിരുന്നതോടെ ഉടൽ ക്ഷീണം ഓർമ്മിപ്പിച്ചു. വിശ്രമം കാണാതെ പോയ ദിവസങ്ങളല്ല, മാസങ്ങളാണ്. അതേസമയം, മനസ്സിനുള്ളിൽ പൊട്ടിവിടരുന്നത് അത്യുന്മേഷത്തിന്റെ തെളിച്ചം. ക്ഷീണവും ഉണർവും വിരുദ്ധദിശകളിൽ വലിച്ചുനീക്കുന്ന ഒരു വടംവലി പോലെ. എങ്കിലും, നിമിഷങ്ങൾക്കുള്ളിൽ, ആ രണ്ടു ശക്തികളും ഒരുമിച്ചുചേർന്ന്, ഒരു പുതിയ ഉണർവിന്റെ തീരത്തേക്ക് എന്നെ കൈപിടിച്ചു വലിക്കുന്നതായി തോന്നി.
കൈകൾ തിരുമ്മിയും ഇടതും വലതുമായി തല ചായിച്ചും, ശരീരത്തെയും കാലത്തെയും തിരിച്ചറിയുന്ന ചെറിയ വാം-അപ്പ് ചെയ്തു. തുടർന്ന്, പതുക്കെ എഴുന്നേറ്റു.
വിളിച്ചുണർത്തിയത് ആരെന്നറിയാൻ ഫോൺ എടുത്തുനോക്കി. അൺനോൺ നമ്പർ. ഹാളിലേക്കു നടന്നുകൊണ്ടു തന്നെ തിരിച്ചുവിളിച്ചു.
“ഹലോ… ഞാൻ നാസർ ആണ്. ഒരു കാൾ കണ്ടു…ഉറക്കത്തിലാരുന്നു. സോറി…ആരാണെന്ന് മനസ്സിലായില്ല”.
അപ്പുറത്ത് ഹലോയെന്ന ആൺ ശബ്ദം, വിളിച്ചിരുന്നുവെന്നുമുള്ള വാക്ക്. ആരെന്ന് പിടി കിട്ടുന്നില്ല.
“നാസർ, ഞാൻ മനോജ് ആണ്, സോറി…ഞാൻ നിന്റെ ഉറക്കം പ്രശ്നാക്ക്യോ?”
മനോജ്, പെട്ടെന്ന് ഓർമ്മയിൽ വരുന്ന പേരുകളിലൊന്നും മനോജിനെ തടഞ്ഞില്ല. ഉള്ള ഉന്മേഷം പോകുമെന്ന തോന്നലിൽ തല പുകയ്‌ക്കേണ്ടെന്ന് തീരുമാനിച്ചു. ഇത്ര അടുപ്പം കാണിക്കുന്ന ആളെ പിടി കിട്ടും എന്ന ആത്മവിശ്വാസത്തിൽ തന്നെ നിന്നു.
“നീ നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്തൂന്ന് അറിഞ്ഞിരുന്നു. ഇന്നലെ കാണാൻ വരണംന്ന് കരുതി, പക്ഷെ സ്ഥലത്തില്ലാരുന്നു, വീടണഞ്ഞപ്പോ പാതിരേയി.”
എല്ലാം അറിയുന്ന മനോജ് ആരെന്നു ആയാസപ്പെടാതെ ആലോചിച്ചപ്പോൾ കിട്ടി. പഴയ നാടക സുഹൃത്ത്. രാത്രികൾ പകലാക്കിയ കാലത്തെ ചങ്ങാതി. ആ കൂട്ടുകെട്ടിലെ ആരുമായും കുറേ വർഷങ്ങളായി ബന്ധമില്ല. എന്നിട്ടും ഇവനെങ്ങനെ എന്റെ പുതിയ നമ്പർ കിട്ടി?
വേണ്ട. തലക്ക് ഭാരം നൽകണ്ട, അങ്ങനെ ആലോചിക്കാൻ മാത്രം വലിയ കാര്യമൊന്നുമല്ല ഒരു നമ്പർ സംഘടിപ്പിക്കൽ. ഒരു പക്ഷേ ഉപ്പയുടെ മരണാന്തരചടങ്ങുകൾക്ക് മനോജും വന്നു കാണും. അന്ന് ആരെയും ശ്രദ്ധിക്കാൻ കഴിയുന്ന അവസ്ഥയല്ലായിരുന്നു. സങ്കടത്തിന്റെ വിങ്ങലിൽ മങ്ങിയൊരു കാഴ്ച മാത്രം. ആരൊക്കെയോ വന്നു, ആരൊക്കെയോ പോയി.
“ആ…ഷിഫ്റ്റായിട്ട് കൊറച്ചായി. പക്ഷെ വീട്ടിലുണ്ടായിരുന്നില്ല, ആശുപത്രീൽ തന്നാരുന്നു. നീ ഒഴിവുള്ളപ്പോ ഇറങ്ങ്, നമുക്ക് കാണാം.”
“ഞാൻ വരാം, കാണേണ്ട ഒരു കാര്യമുണ്ടായിരുന്നു.”
“ആയിക്കോട്ടെ, വാ.”
ഫോൺ കട്ട് ചെയ്ത്, ലൈറ്റുകൾ ഇട്ടു. വാഷ് ബേസിൻ കണ്ടെത്തി. ഉമ്മയും ഷാഹിനയും ഉണർന്നിട്ടില്ല. യാത്രയുടെ ക്ഷീണത്തിലും ഞാൻ മാത്രം നേരത്തെ ഉണർന്നത് എന്തുകൊണ്ടാകാം. അതിന് സ്വയം ഉണർന്നതല്ലോ...
പ്രധാന വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങിയപ്പോൾ ഒരാൾ ഗേയ്റ്റിൽ നിൽക്കുന്നു.
“ഇക്കാ, താമസം ആക്കീന്നറിഞ്ഞു, ഇവിടെ പത്രടണോന്നറിയാൻ വന്നതാ ?”
“നാളെ… പറയാം”
ഭാര്യയ്ക്കാണ് പത്രവായന ശീലമുള്ളത്, അവൾ ജോലി ചെയ്തിരുന്ന ഇംഗ്ലീഷ് പത്രമായിരുന്നു ദൽഹിയിലെ വീട്ടിൽ വന്നിരുന്നത്. പത്രം ഏതു വേണമെന്നൊക്കെ അവൾ തന്നെ തീരുമാനിക്കുന്നതാണ് നല്ലത്. ഇനിയിപ്പോ ഇക്കാര്യം ചോദിയ്ക്കാൻ അവളെ വിളിച്ചുണർത്തണ്ട.
നാസർ ഉറപ്പിച്ചു.
മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ചും ഉപ്പ രാത്രിയിൽ കിളച്ചുമറിച്ചിരുന്ന പറമ്പിലേക്ക് നടന്നു. ഈ മണ്ണ് ഉപ്പയുടെ വിയർപ്പിന്റെ ഉപ്പു രസം കൂടി ചേർന്നതാണ്. അതുകൊണ്ടുതന്നെ മണ്ണിൽ എന്തെങ്കിലുമൊക്കെ ചെയ്യണം. മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന മരച്ചില്ലകളിൽ നിന്ന് കാഴ്ച, വീടിന്റെ പുറകിലൂടെ താഴേക്ക് പോകുന്ന റോഡിലേക്കെത്തി. പത്രവിതരണക്കാരൻ ബൈക്കിൽ ചാരി, റോഡിൽ തന്നെ നിൽക്കുന്നുണ്ട്. മറ്റാരെയോ കാത്തുള്ള നിൽപ്പാണെന്ന് തോന്നുന്നു.
ചോദിക്കണോ? വേണ്ടെന്ന് മനസ്സ് പറഞ്ഞു. നേരം വെളുക്കും പോലെ മനസ്സും തെളിഞ്ഞു വരുന്നതേയുള്ളൂ, അതിനാൽ വേണ്ട.
ആളുകൾ എത്ര പെട്ടന്നാണ് കാര്യങ്ങളറിയുന്നത്. ഇതൊക്കെയാണ് ഗ്രാമത്തിന്റെ സൗന്ദര്യം. അത് മാത്രമോ? അല്ല. ഉപ്പയെ എല്ലാർക്കും അറിയാം. എല്ലാ മനുഷ്യരുമായും അടുപ്പം സൂക്ഷിക്കുന്ന ആളായിരുന്നതിനാലാവണം ദീനം കൂടിയപ്പോൾ ഉപ്പയെ കാണാൻ കുറേയാളുകൾ വന്നിരുന്നു. അതിൽ പല പ്രായത്തിലുള്ളവരും ഉണ്ടായിരുന്നു. ഉപ്പയെ സന്ദർശിക്കുന്നവർക്ക് ചായ ഉണ്ടാക്കി മടുത്തപ്പോൾ ഉമ്മ വലിയൊരു ഫ്ലാസ്ക്ക് തന്നെ വാങ്ങിപ്പിച്ചു.
ഉപ്പ ആർദ്രമായി ഒഴുകിയിരുന്ന ഒരു സമുദ്രമായിരുന്നു. ആ വഴിയാണ് എന്നെ അറിയുക. ജോലി തേടി പോയ ശേഷം അത്യാവശ്യങ്ങൾക്ക് വീട്ടിൽ വന്നാൽ, കാര്യങ്ങൾ കഴിഞ്ഞു വേഗം തിരിക്കുകയായിരുന്നു പതിവ്. നാട്ടിലിറങ്ങി ആരെയും കാണാനോ സൗഹൃദം പുതുക്കാനോ ഒന്നും കഴിഞ്ഞിരുന്നില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല, അതായിരുന്നു ജീവിതക്രമം. അവസ്ഥകൾ നമ്മെ ചിലതിനോട് അടുപ്പിക്കുകയും ചിലതിൽ നിന്ന് അടർത്തിമാറ്റുകയും ചെയ്യുമല്ലോ. ഈ ശീലം ചിലരെ ‘അവനൊരു തലക്കനമുള്ളോൻ’ എന്നും മറ്റുമൊക്കെ പറയച്ചിരുന്നുവെന്ന് ഉമ്മ ഇടക്കെപ്പോഴോ പറഞ്ഞത് ഓർക്കുന്നു.
ഉമ്മ പറയും, “ഡാ അനക്കൊന്ന് ആ പള്ളീല്ക്കൊക്കെ ഒന്നെറങ്ങിക്കൂടെ, ഒന്നൂല്ലങ്കി നാലാളേങ്കിലും കാണാലോ”.
വിറളി പിടിച്ച ജീവിതയാത്രയിൽ ഉമ്മയുടെ വാക്കുകൾ പ്രാവർത്തികമാക്കാൻ സാധിക്കാറില്ല. അതോ അതിനുള്ള മനസ്സില്ലാഞ്ഞിട്ടോ, അല്ലെങ്കിൽ ഉമ്മയെ പരിഗണിക്കാത്തതുകൊണ്ടോ?. എന്താണ് അതിനു പറ്റാതിരുന്നത്? ഉമ്മയെ ഗൗനിക്കാഞ്ഞിട്ടല്ല, വീട്ടിലേക്കുള്ള ടിക്കറ്റ് എടുക്കുമ്പോൾ തന്നെ ചെയ്യേണ്ട കാര്യങ്ങളുടെ വലിയ ചാർട്ട് ഉപ്പ ഉണ്ടാക്കിയിട്ടുണ്ടാകും. ഏക മകനെ ആശ്രയിക്കേണ്ടിവരുന്ന പിതാവിന് മറ്റെന്ത് ചെയ്യാനാണ്? ഉപ്പയുടെ ലിസ്റ്റിലെ ഓരോന്നും പൂർത്തീകരിച്ച് വരുമ്പോഴേക്കും ലീവും തീരും.
ഐ ടി കമ്പനിയിൽ ജീവിതമില്ല. ഓഫീസിലെ മെഷീൻ കണക്കായ ജീവിതത്തിൽ യന്ത്രികമാവുകയേ വഴിയുള്ളൂ. ഉപ്പയുടെയും ഉമ്മയുടെയും ചികിത്സയും കടബാധ്യതകളും നിറവേറ്റാൻ വേറെ മാർഗ്ഗമില്ലായിരുന്നു. ഓഫീസിന്റെ ക്രമജീവിതത്തിൽ നിന്ന് മറ്റെന്ത് ചെയ്യാനാണെന്ന പോംവഴി തിരയുന്നതിനിടെയാണ് ഷാഹിനയുടെ കൂടെ ജോലി ചെയ്യുന്ന രവിശങ്കർ ഒരിക്കൽ നിസാമുദ്ധീൻ ദർഗയിലേക്ക് ക്ഷണിച്ചത്. ഒട്ടും താല്പര്യമില്ലാതെ പോയി. പിറ്റെന്നാൾ വീക്കെൻഡ് ഓഫ് ആയതിനാൽ രണ്ടും കല്പിച്ചായിരുന്നു ആ യാത്ര.
‘ഹോ ജി മൗലാ, ഓഹ് മാസ്റ്റർ’ എന്ന് പ്രപഞ്ചനാഥനെ അഭിസംബോധന ചെയ്തു തുടങ്ങുന്ന പാട്ട് കേട്ടു. അതിന്റെ ശൈലി എന്താണെന്ന് അറിഞ്ഞുകൂടായിരുന്നു. എന്തായാലും കേട്ട് പരിചയിച്ച സിനിമാഗാനങ്ങൾ പോലെയല്ല. ചിന്തകൾക്കൊരു സ്ഥാനവും ഇവിടെ ഇല്ല, ഇവിടെയെത്തുമ്പോൾ ബുദ്ധിക്കും ചിന്തയ്ക്കുമൊന്നും വിലയില്ല; ഇവിടെ ഊർജം വേറൊന്നാണ് എന്നൊക്കെ അർഥം വരുന്ന ഗാനം സൂഫീ ഖവാലിയാണെന്ന് രവിശങ്കർ പറഞ്ഞു.

ഖവാലിക്കനുസൃതമായി മനസ്സ് ആദ്യമായി താളമിട്ടതിന് ഞാൻ രവിശങ്കറിനോട് കടപ്പെട്ടിരിക്കുന്നു. അവിടെ നിത്യസന്ദർശനത്തിലേക്കുള്ള ഉൾവിളിയായി ആ ദിവസം മാറി. രവി ശങ്കർ കാണിച്ചുതന്ന ലോകം വളരെ പുതിയതും ഗഹനവുമായിരുന്നു. അതിന് മനസ്സിന്റെ താളവുമായി എന്തോ ഒരാത്മബന്ധം വേഗം തന്നെ ഉണ്ടായി. സിത്താർ എന്ന മാന്ത്രിക സംഗീതോപകരണവും തബലയും സംഗീത ലോകത്തിന് സമ്മാനിച്ച അമീർ ഖുസ്രുവിന്റെ ഖബറിടവും ദർഗയും എല്ലാ വീക്കെൻഡുകളിലും എന്നെ മാടിവിളിച്ചു. രവിശങ്കറില്ലാതെയും അവിടെയെത്തി.
സൂഫീ സംഗീതലോകം ഞരമ്പിൽ കയറിപ്പിടിച്ചു. എവിടെയാണോ പരമമായ സത്യത്തോട് സ്നേഹ സംവാദം നടത്തുന്ന സംഗീതമുള്ളത്, അവിടെയെത്തുക എന്നത് ജീവിതലയമായി. സർവ്വ ചരാചരങ്ങളെയും സ്നേഹിക്കാനുള്ള ആഹ്വാനം പല കവിതകളിൽ, പല താളത്തിൽ കേട്ടും ലയിച്ചും ഭ്രമിച്ചും പുതിയ അനുഭൂതിയിലേക്ക് നടന്നുകൊണ്ടിരുന്നു. ഇക്കാലമത്രയും ഈ ലോകം അറിയാതെ പോയതെന്തെന്ന് ആലോചിച്ചു. അതിനുത്തരവും ഒരു ഖവാലിയിൽ നിന്ന് ഇങ്ങനെ കിട്ടി.
‘‘നഹ് ഉത്ത് മുല്ലാൻ പണ്ഡിത് ജ്യോതിഷി, മുല്ലാക്കയേയും, പണ്ഡിതനേയും ജ്യോതിഷിയേയും കൊണ്ട് പ്രയോജനമൊന്നുമില്ല. എന്റെയുള്ളിൽ ‘ഞാൻ’ എന്ന ബോധം ഉള്ളിടത്തോളം ദൈവ സാന്നിധ്യം ഉണ്ടാകുകയുമില്ല’’.
മിസ്റ്റിക്ക് മായാലോകത്തിന്റെ വാതിൽ ഓരോ ഖവാലിയിൽ നിന്നും തുറന്നു കിട്ടി, ഓരോ ശബ്ദവും , ഓരോ താളവും, ഓരോ സംഗീതോപകരണവും ജീവന്റെ നിശ്ശബ്ദരാജ്യങ്ങളിലേക്ക് കൈപിടിച്ച് നടത്തി. അവിടെ അതിർത്തികൾ ഇല്ലായിരുന്നു. ആ അനുഭവങ്ങൾ ഉള്ളിൽ സുഗന്ധമായി പുകഞ്ഞു. ബുദ്ധിയുടെയോ ചിന്തയുടെയോ പരിധികളെ മറികടന്ന് ദൈവത്തോട് സ്വകാര്യമായി സംസാരിക്കാൻ പഠിപ്പിച്ച യാത്രകളായിരുന്നു അത്.
രാത്രിയെന്നോ മഴയെന്നോ മഞ്ഞെന്നോ ഇല്ലാതെ സത്യാന്വേഷണം നിർഗ്ഗളിച്ചു. ആഴങ്ങളിലേക്ക് പോകാൻ കൊതിച്ചു. രാവേറെ വൈകുമ്പോൾ ചിലപ്പോൾ ദർഗയിൽ കിടന്നെഴുന്നേറ്റ്, കുളിച്ചൊരുങ്ങി ഓഫീസിലേക്ക് പോയി. ഇലാഹിനോട് പ്രേമസല്ലാപം നടത്തിയിരുന്ന മഹത്തുക്കളുടെ സാന്നിധ്യം ഉന്മേഷദായിനിയായി മാറി. അവിടെയെത്തുമ്പോൾ പലരെയും സഹായിക്കാനും സാധിച്ചു. പിന്നെപ്പിന്നെ രവി ശങ്കറിനെ കൺസർട്ടുകൾ ഞാൻ അറിയിക്കുന്ന അവസ്ഥയായി. എന്റെ പ്രാന്തിനൊപ്പം സഹയാത്രികയും അവളുടെ ജീവിതതാളം മാറ്റി. രാത്രി ഷിഫ്റ്റ് കഴിഞ്ഞുള്ള യാത്രയ്ക്ക് ഭയമായിരുന്ന, ഡ്രൈവിങ് പോലും അവൾ സ്വായത്തമാക്കി. അവളും നിശ്ശബ്ദമായി ഈ ധാരയെ അനുഗമിക്കുന്നുണ്ടെന്ന്, രാവിലെകളിൽ വീട്ടിൽ മുഴങ്ങിക്കൊണ്ടിരുന്ന സംഗീതത്തോടുള്ള അവളുടെ പിന്തുണയിൽ നിന്നു ക്രമേണ മനസ്സിലായി.
“നസ്രു, ഡാ ഉപ്പാക്ക് സുഖല്ല, നീയൊന്ന് വേഗം വാ” എന്ന ഉമ്മയുടെ വിളിയിൽ ഒറ്റയ്ക്ക് ഉപ്പയെ പരിചരിക്കാനാകാത്ത ഉമ്മയുടെ നിസ്സഹായത പ്രകടമായിരുന്നു. ഉടനെ പുറപ്പെടണമെന്നുമാത്രം തീരുമാനിച്ചു.

വർക്ക് ഫ്രം ഹോം സാധ്യത ആരാഞ്ഞു നോക്കിയെങ്കിലും, ടീം ഹെഡ് എന്ന എന്റെ പോസ്റ്റിൽ അതിന് സാധ്യതയില്ലെന്ന് സി ഇ ഒ പറഞ്ഞു, ഫ്ലാറ്റിലേക്ക് കയറുമ്പോൾ നഗരജീവിതം ആഗ്രഹിക്കുന്ന ഷാഹിന ഈ സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലായിരുന്നു. ഷാഹിനയോട് കാര്യങ്ങൾ പറഞ്ഞു.
അവൾ പറഞ്ഞു: “അല്ലേലും നമുക്ക് ഒരു ക്യാരക്ടറും ഇല്ലാത്ത ഈ കാലാവസ്ഥയും ഓർഡറില്ലാത്ത ജീവിതവും അധികകാലം കൊണ്ടുപോകാനാവില്ലല്ലോ, നാട്ടിലെന്തേലും ജോലി നോക്കാം, വീട്ടിൽ നമ്മൾ തുടങ്ങിയ എക്സ്റ്റൻഷൻ പണികൾ തീർക്കുകേം ചെയ്യാല്ലോ… ഈ വീടൊഴിഞ്ഞു കൊടുത്ത് നമുക്ക് ഷിഫ്റ്റ് ചെയ്യാം.”
അവൾ വളരെ സ്നേഹസമ്പന്നയും യാഥാർഥ്യ ബോധമുള്ളവളുമാണെന്ന അറിവിൽ ഞാൻ അവളെ കെട്ടിപ്പിടിച്ചു. എത്ര നേരമങ്ങനെ നിന്നെന്നറിയില്ല. എന്റെ കണ്ണുനീർ അവളുടെ ഉടുപ്പുകൾ നനച്ചിരുന്നതായി എനിക്കോർമ്മയുണ്ട്.
“ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാം. നീ അത്യാവശ്യള്ളതൊക്കെ പെറുക്കി കാർഗോയിൽ വിടാനുള്ള ഏർപ്പാട് ചെയ്യ്. ലാൻഡ് ലോഡിനെ ഒന്ന് കണ്ടേക്ക്. എനിക്കിന്ന് ഓഫീസിൽ പോയി റിസൈന്‍ ലെറ്റർ കൊടുക്കണം.”
ഷാഹിന രാവിലെ ഉറപ്പിച്ചു.
ഷാഹിനയുടെ തീരുമാനം പ്രതീക്ഷിച്ചതിനേക്കാൾ ചടുലമായിരുന്നു. അത് പറിച്ചുനടലിന് ആവേശം നൽകി. വീട്ടിലെത്തുക, ഉപ്പയെ പരിചരിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഞാനും നടന്നുതുടങ്ങി. വീട്ടിലേക്ക് എത്തിക്കേണ്ട ഡൽഹി ജീവിതഓർമ്മകൾ പല പാക്കറ്റുകളാക്കി. മേൽവിലാസമെഴുതി പാർസൽ സർവീസിൽ ഏൽപ്പിച്ചു.
യാത്ര തിരിക്കുന്നതിന് തലേന്നാൾ ഷാഹിനയേയും കൂട്ടി ദർഗയിൽ പോയി, ഏറെ വൈകുവോളം ഇരുന്നു. നാലാമത്തെ ഖലീഫയായ അലിയോടുള്ള ആദരവിനെ ആഘോഷിക്കുന്ന നിഗൂഢവും ശക്തവുമായ അമീർ ഖുസ്രുവിന്റെ "മൻ കുന്തോ മൗല, ഫാ അലി-ഉൻ മൗല" കേൾക്കാൻ സാധിച്ചു. നിസാമുദ്ധീന്‍ ഔലിയയുടെ ആത്മീയശിഷ്യനായിരുന്ന അമീർ ഖുസ്രു ഗുവുവിനോടുള്ള സ്നേഹവും പ്രണയവും കവിതയിലും ജീവിതത്തിലും എങ്ങനെ കൊണ്ടുവന്നുവെന്ന് ഖബറിടത്തിനടുത്തു നിന്ന് ഷാഹിനക്ക് വിശദീകരിച്ചുകൊണ്ടിരുന്നു. പറഞ്ഞും പറഞ്ഞും തീരാത്ത എന്റെ മുഖത്തേക്ക് അവൾ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.
“അപ്പോൾ ഈ ലോകത്തുനിന്ന് നമ്മൾ നാളെ പുറപ്പെടുകയാണല്ലേ” എന്ന് അവൾ എന്റെ ആവേശത്തെ നോവിച്ചു. അല്പ നേരത്തെ നിശ്ശബ്തതക്കുശേഷം ‘ഉപ്പയെ നോക്കണമല്ലോ’ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
ഉപ്പ പറഞ്ഞ ഡോക്ടർമാരുടെ അടുത്തേക്കെല്ലാം കൊണ്ടുപോയി. ആ യാത്രകളെല്ലാം നല്ല ഓർമ്മകളായി നിൽക്കുന്നു. കൊച്ചുകുട്ടിയെപ്പോലെ നിസ്സംഗനായി വണ്ടിയിൽ ഇരുന്ന്, തോളിൽ കയ്യിട്ട് കൺസൾട്ടിങ് മുറികളിലേക്കും ലാബുകളിലേക്കും പതുക്കെ നടന്ന ഉപ്പയെ കാണാനായി. പക്ഷേ, ഏതാണ്ടെല്ലാ ഡോക്ടർമാരും പാലീയേറ്റീവ് മാത്രമേ ഇനി ചെയ്യാനുള്ളൂ എന്ന നിഗമനത്തിലാണെത്തിയത്. ഉപ്പയെ പരിചരിച്ചു കൂടെയിരുന്ന ദിനങ്ങളെല്ലാം ആത്മീയ ഉണർവ്വുകളുടേത് കൂടിയായിരുന്നു. എന്റെ നിശ്ശബ്ദമായ കരച്ചിലുകളെല്ലാം ഷാഹിനയും അറിഞ്ഞു. അവൾ കൈയ്യും മനസ്സും തന്ന് താങ്ങി നിർത്തി.
“ഹലോ, ന്താ രാവിലെന്നെ പറമ്പിൽ?”.
ആളെ കണ്ടതും മനസ്സിലായി. മനോജ് തന്നെ. അവൻ വീടിന്റെ പിന്നാമ്പുറം എത്തിയിരിക്കുന്നു.
“ഒന്നൂല്ല, പറമ്പിലേക്ക് ഇറങ്ങിയിട്ടൊക്കെ കൊറേ കാലായി. ഓരോന്ന് ആലോചിച്ചിങ്ങനെ വെറുതെ നടന്നതാ. വാ നമുക്ക് സിറ്റൗട്ടിലിരിക്കാം.”
മനോജിനോടൊപ്പം സിറ്റൗട്ടിലിരിക്കുമ്പോൾ, ഉപ്പയ്ക്ക് പകരം ഇനി കുടുംബനാഥന്റെ സ്ഥാനം തനിക്കാണ് വന്നിരിക്കുന്നുവെന്ന ബോധ്യം അകത്ത് ആളി. വലിയ ചുമതലയാണത്.
എന്തിനാണ് അങ്ങനെ തോന്നുന്നത്?
പുറത്തുനിന്ന് ആരു വന്നാലും ഡീൽ ചെയ്തിരുന്നത് ഉപ്പയാണ്. ഒരാൾ സിറ്റൗട്ടിലിരുന്ന് ഉപ്പയോട് സംസാരിക്കുന്നത് കാലങ്ങളായി മനസ്സിൽ പതിഞ്ഞ ചിത്രമാണ്. ഇനി മുതൽ ഉത്തരവാദിത്വങ്ങൾ സ്വയം നിറവേറ്റണമെന്ന ചിന്ത അനാഥത്വമായി കത്തുകയാണ്.

“ഡെൽഹിന്ന് എല്ലാം കൊണ്ടുവന്നോ?” മനോജിന്റെ ചോദ്യം ഉൾക്കിടിലമായി.
“അങ്ങനെ കാര്യായി ഒന്നും ഉണ്ടായിരുന്നില്ല, അത്യാവശ്യള്ളതെല്ലാം കെട്ടിപ്പെറുക്കിപ്പോന്നു... മനോജിപ്പോന്താ പരിപാടി ?”
ചോദ്യങ്ങൾ ഒഴിവാക്കാൻ അങ്ങോട്ടെറിഞ്ഞു. അവൻ മറുപടി പറയാൻ തുടങ്ങിയെങ്കിലും അവന്റേത് മറ്റൊരു ചോദ്യം തന്നെയായിരുന്നു.
“ഇതാണ് ഷാഹിനല്ലേ? ഒന്ന് രണ്ടു പ്രാവശ്യം കണ്ടിട്ടേള്ളൂ, ഞാൻ മനോജ്, പണ്ട് ഞങ്ങളൊരുമിച്ചു ഒരു നാടക സമിത്യോക്കെ ഉണ്ടാക്കീരുന്നു.”
തിരിഞ്ഞുനോക്കുമ്പോൾ ഷാഹിന വാതിൽക്കലുണ്ട്.
“ചായ?”
“യെസ് പ്ളീസ്, ഞാനിടണോ?”
“അത്…വേണോ?” എന്ന് കളിയാക്കുന്ന ഭാവത്തിൽ അവൾ അകത്തേക്ക് പോയപ്പോൾ ഞാൻ മനോജിന്റെ മുഖത്തേക്ക് തിരിഞ്ഞു. ഞാൻ വെയിറ്റ് ചെയ്യുന്നതെന്തിനെന്ന് മനസ്സിലാക്കിയ പോലെ അവൻ പറഞ്ഞു.
“നിന്റെ കൂടെ കോളേജിൽ പഠിച്ചിരുന്ന ഒരാളെ ഒന്ന് കണക്ട് ചെയ്തു തരണം, പറ്റോങ്കി കൂടെന്ന് വന്നാല് നന്നായി.”
കാര്യം പിടികിട്ടിയില്ല.
“ആരേ?”
“തൃശൂർ ഓൾഡ് ഏജ് ഹോമിലെ ഇപ്പോഴത്തെ സൂപ്രണ്ട് നിന്റെ കൂടെ പഠിച്ചിരുന്ന നിർമലയാണെന്നറിഞ്ഞു. ഒരാൾക്ക് അവിടെ ഒരു അഡ്മിഷൻ വേണം. പരിചയണ്ടെങ്കി കാര്യങ്ങൾ എളുപ്പായിരിക്കുന്നാണ് അറിഞ്ഞത്”
മൂന്ന് കൊല്ലം മുൻപ് ഡൽഹിയിൽ എന്തോ ആവശ്യത്തിന് വന്നപ്പോൾ ഫ്ലാറ്റിൽ വന്നുവെന്നല്ലാതെ നിർമലയുമായി കമ്മ്യൂണിക്കേഷൻ ഒന്നുമില്ലല്ലോ എന്ന് ഞാൻ ഓർത്തു. ഇപ്പോൾ ഒരു ആവശ്യവുമായി ചെല്ലുമ്പോൾ എങ്ങനെ സ്വീകരിക്കുമെന്നുള്ള ആശങ്ക മനസ്സിൽ ഉയർന്നു. പ്രൊസീജർ അനുസരിച്ച് ചെന്നാൽ ആർക്കും അഡ്മിഷൻ കിട്ടില്ലേ എന്ന ചോദ്യം ഉള്ളിലുണ്ടായി. എങ്കിലും സുഹൃത്തിന്റെ ആവശ്യമല്ലേ, മാത്രമല്ല നാട്ടിലെ ഇത്തരം ഒരു കാര്യങ്ങളും മുൻപ് ചെയ്തിട്ടുമില്ല. ഇനി ഇവിടെ തന്നെയാണല്ലോ കഴിയേണ്ടത് എന്ന ചിന്തയിൽ മനോജിന് പിന്തുണ നൽകാൻ തീരുമാനിച്ചു.
“ഞാൻ നിർമലേയിട്ട് അങ്ങനെ കോണ്ടാക്റ്റ് ഒന്നൂല്ല, ന്നാലും നോക്കാം, ഇതിപ്പൊ ആർക്ക് വേണ്ടിയാ?”
“ആളെ പറഞ്ഞാൽ നിനക്കറിയോന്നെനിക്കറിഞ്ഞൂടാ, ആൾക്ക് എൺപതിനടുത്തു പ്രായണ്ട്. ആ നിന്റെ ഉപ്പേടെ വയസ്സ്. ഭാര്യ നേരത്തെ മരിച്ചു. മക്കളൊക്കെ ഏതോ വഴിക്കാ, കുറച്ചു കാലായി നാട്ടുകാരുടെ സഹായത്തോടെണ് കഴിഞ്ഞു പോണത്. ഇപ്പോ വാർധക്യ രോഗങ്ങളുണ്ട്. മക്കളെ കോൺടാക്ട് ചെയ്തെങ്കിലും ആരും ഒന്നും ചെയ്യുന്ന ലക്ഷണല്ല, മറ്റൊരു മാർഗ്ഗല്ലാത്തോണ്ടാണ് ആശാ വർക്കർമാരും പഞ്ചായത്ത് മെമ്പറും നാട്ടുകാരൊക്കെക്കൂടി ചേർന്ന് ഇങ്ങനൊരു തീരുമാനട്ത്തത്.”
“നീയിപ്പോൾ ഫുൾ ടൈം സാമൂഹ്യ പ്രവർത്തനാണോ? ശരി, ഞാനൊന്ന് വിളിച്ചു നോക്കട്ടെ, നിർമ്മല അവിടെണ്ടെങ്കിന്നന്നെ പോകാം”
“ഓക്കേ ഡാ. അത് നടന്നു കിട്ട്യാ ഒരു ദുരിതം കാണണ്ടല്ലോ…ഇപ്പൊ സർക്കാർ ഓൾഡേജ് ഹോമുകളൊക്കെ നല്ലതാ…ന്നാ ഞാൻ ഇറങ്ങട്ടെ”
“ചായ?”
“അതിനീം ആകാലോ. ഇപ്പൊ പോയിട്ട് ചില്ലറ പരിപാടീണ്ട്. അതോണ്ടാ ഞാൻ നേരത്തെന്നെ വന്നത്. പഞ്ചായത്തിലെ ചില മരാമത്ത് പണികൾ കോൺട്രാക്ട് എടുക്കലാണ് അരിപ്പണി, ഇന്ന് ചെറിയൊരു ഡ്രൈനേജ് ചാലിന്റെ വാർപ്പ്ണ്ട്, പണിക്കാര് അവിടെ എത്തീട്ട്ണ്ടാകും.”
അവനോട് ബഹുമാനം തോന്നി. ഒരു കാലത്ത് കൂടെ നടന്നവരെല്ലാം കാര്യ ബോധമുള്ളവർ ആയിരിക്കുന്നു. മറ്റുള്ളവരോടുള്ള അലിവും കരുതലുമൊക്കെ അവർക്കുണ്ട്. അകമേ ഒരു ആനന്ദക്കാട്ടുണ്ടായി.
നിർമ്മലക്ക് ഒരു ടെക്സ്റ്റ് അയച്ചപ്പോഴേക്കും അവൾ ആത്മാർത്ഥമായി സ്വാഗതം ചെയ്തു. അടുപ്പം അവൾ സൂക്ഷിക്കുന്നുണ്ടെന്ന തോന്നൽ വന്നു. മനോജിനെ കൂട്ടി ഓൾഡ് ഏജ് ഹോമിലെത്തി.
“ഇനീപ്പോ ഡെൽഹീൽ പോയാൽ, നമുക്ക് തല ചായ്ക്കാൻ ഒരിടമില്ലല്ലോ?”, നിർമ്മല ചിരിയോടെ കളിയാക്കി. ഒരു വാക്ക് തന്നെ എല്ലാ ഔദ്യോഗിക ഭാവങ്ങളും ഇല്ലാതാക്കി. സംഭാഷണം സൗഹൃദത്തിന്റെ ആഴത്തിലേക്ക് വഴുതി. കുടുംബം ജീവിതം പ്രായമായവരുടെ കൂടെയുള്ള ഔദ്യോഗിക സഹവാസം എന്നിങ്ങനെ എന്തൊക്കെയോ അവൾ സംസാരിച്ചു. കേൾവിക്കാരനായി ഇരുന്നപ്പോൾ മനോജിന് അത്ഭുതം.
ബന്ധത്തിന് ഒരു മാറ്റവുമില്ലെന്ന എന്റെ തോന്നൽ തെറ്റിയിട്ടില്ലെന്ന് ഉറപ്പായി. ഒരുതരത്തിലുള്ള ദൂരവും അവൾ കാണിച്ചില്ല. നിരന്തരം വിളിക്കാതെ പോയാൽ ബന്ധം നഷ്ടപ്പെടുമെന്ന എന്റെ ധാരണ തെറ്റാണെന്ന് മനസ്സിലായി. അങ്ങനെ പലതും തെറ്റാണെന്ന് പല സന്ദർഭങ്ങളിലും എനിക്ക് ബോധ്യമാകുന്നുണ്ട്. ആളുകൾ അലിവുള്ളവരാണ്. പല വിധത്തിൽ കനിവ് സൂക്ഷിക്കുന്നവരാണ്. ഞാനതിൽ നിന്ന് ദൂരേക്ക് പോയോ? ഇല്ല, ഇല്ല എന്ന് തന്നെ മനസ്സ് പറഞ്ഞു.
“ഞാനോ ഷാഹിനയോ അവിടം വിട്ടെങ്കിലും ഡൽഹീല് നിർമ്മലയ്ക്ക് അത്തരം ഒരു പ്രയാസണ്ടാകില്ല. ഉറപ്പ്, നേരത്തെ ഒന്നറിയിക്കണംന്ന് മാത്രം. പത്തുകൊല്ലത്തോളം കഴിഞ്ഞ നഗരല്ലെടോ?”
“ഓഹ് പൊളി, ഈ കെയറോഫ് തന്നെ ധാരാളം.”
കാണാൻ ചെന്ന കാര്യത്തെക്കുറിച്ചുള്ള ചില അടിസ്ഥാന ചോദ്യങ്ങൾ നിർമ്മല ചോദിച്ചു, അതിന് മനോജ് വിശദമായി മറുപടി നൽകി. ‘ഇത് ഒരു deserving കേസ് തന്നെയാണ്’ എന്നു തോന്നിയതിനാലാവണം, നിർമ്മല ചില പേപ്പറുകൾ കൈമാറി, എല്ലാം ശരിയാക്കി ചെല്ലാൻ പറഞ്ഞു. പേപ്പേഴ്സ് എല്ലാം ഓക്കേ ആണെങ്കിൽ ആളെ അതിനടുത്ത ദിവസം തന്നെ ഹോമിൽ ആക്കാം. യാത്രയാകുമ്പോൾ, ഓൾഡ് ഏജ് ഹോമിനായി എന്തെങ്കിലും ചെയ്യണം എന്നൊരു നിർദ്ദേശം അവൾ വളരെ സ്വാഭാവികമായി പറഞ്ഞു.
“Sure, എന്താണ് പറ്റുക എന്ന് ഒന്നാലോചിക്കട്ടെ, ഒഴിവുള്ളപ്പോൾ ഒരൂസം വീട്ടിലേക്ക് വാ.”
നിർമ്മല വരാന്തയിൽ നിന്ന് ഞങ്ങളെ യാത്രയാക്കി.
മനോജിനോടൊപ്പം വൃദ്ധസദനത്തിലേക്ക് പോകേണ്ട വയോധികനെ കാണാൻ ഞാൻ പോയി.
അദ്ദേഹത്തിന്റെ നില കണ്ടപ്പോൾ, ആ മനുഷ്യന് ഒരു ഫുൾടൈം കെയർ അത്യാവശ്യമാണെന്ന് മനസ്സിലായി.
“അദ്ദേഹത്തിന് വേണ്ടതെല്ലാം നമുക്ക് ചെയ്യാടാ, നീ ബാക്കി കാര്യങ്ങളെല്ലാം നീക്കിക്കൊ’’, ഞാൻ മനോജിനോട് പറഞ്ഞു.
മനോജ് ഒരു നിമിഷം മിണ്ടാതെ നിന്നു. കണ്ണ് നനഞ്ഞു. പിന്നെ എന്റെ തോളിൽ കൈവെച്ച്, മന്ദഹാസത്തോടെ പറഞ്ഞു:
“ഇനി നീ ഡെൽഹീലൊന്നും പോണ്ടാട്ടോ…”
വീട്ടിലെത്തി, ഏറെ നേരമായിട്ടും ആ മനുഷ്യന്റെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല. ചില സമയങ്ങളിൽ ഉപ്പയുടെയും അദ്ദേഹത്തിന്റെയും മുഖം ഒന്നായി ഡിസോൾവിൽ നിന്നു. ആ മനുഷ്യനെ ഇങ്ങോട്ട് കൊണ്ടുവരാൻ നിയമം അനുവദിക്കുന്നില്ലല്ലോ എന്ന് വേദനിച്ചു.
ഷാഹിന കമ്പ്യൂട്ടറിൽ എന്തോ എഴുതിക്കൊണ്ടിരിക്കയാണ്. ഭക്ഷണവും മരുന്നും കഴിച്ച് ഉമ്മ കിടന്നു. ഉമ്മയ്ക്ക് പുതപ്പിട്ട് കൊടുത്ത് ഹാളിലേക്ക് നടന്നു. ഉപ്പയെ അവസാനമായി കിടത്തിയപ്പോൾ ഇരുന്ന സോഫയിലെ അതേ സ്ഥാനത്ത് ഇരുന്നു. ഒരു നിമിഷം ഉപ്പ അവിടെ തന്നെയുണ്ട്, ശാന്തമായി കണ്ണുകൾ അടച്ചുറങ്ങുന്ന പോലെ. ഉപ്പയോടൊപ്പം അങ്ങനെ എത്ര നേരമിരുന്നെന്ന് അറിയില്ല. കുറെ കഴിഞ്ഞപ്പോൾ ഹെഡ്ഫോൺ ചെവിയിൽ തിരുകി.
“സ്വയം വിട്ടൊഴിഞ്ഞ്
പുറത്തേക്കു വരുമ്പോൾ,
ഏകത്വത്തിന്റെ മറവിൽ
നീ പ്രവേശിക്കുന്നു.
എന്തിന്? എങ്ങനെ?
എന്ന ചോദ്യങ്ങളെ
സ്വയം മറികടന്ന്
കാരണങ്ങളില്ലാത്ത
സത്യത്തിലേക്ക്
നീയെത്തുന്നു.”
ചിശ്തി സിൽസിലയിലെ സൂഫി കവിതകൾ കുറേ നേരം ഒഴുകി. അതെ, കാരണങ്ങളില്ലാത്ത സത്യത്തിലേക്കാണ് എല്ലാ യാത്രകളും. നാം കാരണങ്ങൾ കണ്ടെത്തേണ്ടതില്ല, അത് അവിടെയുണ്ടാകും. ആത്മാന്വേഷണത്തിന്റെ താളങ്ങളിലൂടെ മയക്കത്തിൽ പോയി.
ഒരു നോട്ടിഫിക്കേഷൻ ശബ്‌ദം കേട്ടുണർന്നു. ഫോൺ എടുത്ത് നോക്കിയപ്പോൾ രവി ശങ്കറിന്റെ മെസ്സേജ്. ഒരു പോസ്റ്റർ. കോഴിക്കോട് നടക്കുന്ന സൂഫി ഖവാലിയുടേത്.
അതോടൊപ്പം രവിയുടെ ടെക്സ്റ്റ്: “ഞാനിവരെ ബാംഗ്ലൂരിൽ വെച്ച് കേട്ടിട്ടുണ്ട്. നീയൊന്ന് പോയ് നോക്ക്.”
രാവിലെ ഷാഹിനയോട് ഒറ്റശ്വാസത്തിൽ പറഞ്ഞു: “കോഴിക്കോട് പോകണം, ഖവാലി കേൾക്കാൻ.”
ഷാഹിന മന്ദഹാസത്തോടെ നോക്കി: “എനിക്കും വരാൻ ആഗ്രഹമുണ്ട്.” പിന്നെ വ്യസനമുള്ളിലൊതുക്കി തുടർന്നു: “പക്ഷേ… ഉമ്മ ഇവിടെ ഒറ്റക്കാകുമല്ലോ.”
അവളുടെ ആഗ്രഹം എങ്ങനെ നിറവേറ്റുമെന്ന വ്യഥയിൽ ഞാൻ നിന്നുകൊണ്ടിരിക്കുമ്പോഴാണ്, പൊടുന്നനെ ഒരു കാർ മുറ്റത്തേക്ക് കയറിയത്. സഹോദരിയും അളിയനും കുട്ടികളും. കുട്ടികൾക്ക് സ്‌കൂൾ ഇല്ലാത്തതിനാൽ രണ്ടുദിവസത്തേക്ക് ഉമ്മയോടൊപ്പം കഴിയാനാണ് അവരുടെ വരവെന്ന് കയറിയപാടേ അറിഞ്ഞു. അപ്പോൾ മനസ്സിൽ തെളിഞ്ഞു: “ഇനി എന്തായാലും ഷാഹിനക്കും എന്റെ കൂടെ വരാല്ലോ.”
വന്നു കയറിയ ഉടനെ തന്നെ, അക്കാര്യം എങ്ങനെ പറയുമെന്ന എന്റെ സങ്കോചം തീർത്തത് അനിയത്തിയാണ്.
“യ്യേവിടോ പോക്വണെന്ന് ഉമ്മ പറഞ്ഞു, ന്നാ താത്താനേം കൊണ്ടുപോയ്ക്കൂടെ, ങ്ങള് രണ്ടാളും കറങ്ങീട്ട് വാ. ന്നെന്നെ വരണംന്നുല്ലാ. ഞാമ്മാന്റെ കൂടെണ്ട്’’.
ഉമ്മയും ആ വാക്കുകൾക്ക് ഒപ്പം ചേർന്നു:
“ഓളേം കൂട്ടി പോയിറ്റ് വാ. ഉപ്പാക്ക് ദീനം കൂട്യേപ്പിന്നെ ങ്ങള് രണ്ടാളും ഏടേം പോയിറ്റില്ലാല്ലോ, ഇപ്പൊ ഇവര് വ്ടെണ്ടല്ലോ, പോയിറ്റ് വാ”.
ഷാഹിന എന്റെ മുഖത്തേക്ക് നോക്കി, ആഗ്രഹത്തിന് ഉമ്മയുടെ സമ്മതമുദ്ര കൂടിയായപ്പോൾ അവൾ മൃദുവായി ചിരിച്ചു.

ചില നിമിഷങ്ങൾ അങ്ങനെയാണ്, എല്ലാ മനസ്സുകളും ഒരേ ആലോചനയുടെ പാഥേയമായി മാറും. അപ്പോഴത് വല്ലാത്ത സാന്ത്വനമാകും.
റോഡ് നീളുമ്പോൾ യാത്രയുടെ ആർദ്രത അനുഭവപ്പെട്ടു. ഇടയ്ക്കിടെ ഷാഹിന കണ്ണുകളിൽ നോക്കുമ്പോൾ, യാത്രയെക്കാൾ വലിയൊരു പ്രാർത്ഥന അവളുടെ അകത്ത് നടക്കുന്നതുപോലെ തോന്നി. വണ്ടി സുതാര്യമായ പാതയിൽ നിശ്ശബ്ദമായി ഒഴുകിക്കൊണ്ടിരുന്നു. ആ സൈലൻസ് തകർക്കാനായി ഞാൻ ചോദിച്ചു:
“ഒരു ഖവാലി ആയാലോ?”
“തെന്ത് ചോദ്യാടോ, താൻ പ്ലേ ചെയ്യ്, നിന്റെ ഇപ്പോഴത്തെ പ്രാന്തതല്ലേ?”
“നമ്മളൊരു യാത്രയിലല്ലേ, താജ്ദാർ ഇ ഹറം തന്നെയാകട്ടെ ല്ലേ?”
പ്ലേ ലിസ്റ്റ് തടഞ്ഞപ്പോൾ ഞാൻ പറഞ്ഞു.
“വിശുദ്ധമന്ദിരത്തിലെ നാഥാ,
അങ്ങയുടെ കരുണയുള്ള നോട്ടത്താൽ
ഞങ്ങളെ അനുഗ്രഹിക്കണമേ.”
“ഹം ഗരീബോൻ കെ ദിൻ ഭീ സൻവർ ജായേൻഗേ
ഹാമി-യെ ബേ-കസാൻ ക്യാ കഹേഗാ ജഹാൻ”
പ്രണയാർദ്രമായ പ്രാർത്ഥന നീണ്ടപ്പോൾ ഷാഹിനയുടെ കണ്ണുകളിലേക്ക് നോക്കി, അവൾ ആസ്വദിക്കുന്നുണ്ടെന്നത് എന്നെ സന്തുഷ്ടനാക്കി.
പതിനാല് മിനുറ്റ് നീണ്ട ആലാപനം തീർന്നപ്പോൾ ഞാൻ ചോദിച്ചു:
“ഇത് പലരും പാടിയിട്ടുണ്ട്. ഇപ്പോൾ കേട്ടത് ആരുടെ ശബ്ദാണെന്ന് അനക്കറിയോ ?”
“ഇല്ല, ഞാനിതൊക്കെ നിന്റെ വട്ട് കൂടിയപ്പോൾ കേട്ട് തുടങ്ങിയതല്ലേയുള്ളൂ, നിക്കറിഞ്ഞൂടാ.”
“അംജദ് സാബ്രി, പാകിസ്താനി ഫനാറ്റിക്സ്റ്റുകളാൽ കൊല്ലപ്പെട്ട ഗായകൻ.”
“ആ… ഞാൻ ഇന്റേൺഷിപ് ചെയ്യുന്ന കാലത്ത്, ന്യൂസ് വായിച്ചത് ഓർമ്മയുണ്ട്.”
“ആ വലിയ വാർത്തയാരുന്നു, മതോന്മാദികൾക്ക് ആത്മീയതയില്ല, കലാപവും വിദ്വേഷവുമാണ് അവരുടെ മതം.” ഞാൻ ഫ്ലാറ്റ് ആയി പറഞ്ഞു.
അവൾ കൂട്ടിച്ചേർത്തു.
“അല്ലെങ്കിലും ആത്മീയതയും അധികാരവും തമ്മിൽ എക്കാലവും കോൺഫ്ലിക്റ്റ് ഉണ്ടല്ലോ, നമ്മളിത്ര കാലം ജീവിച്ച ഡൽഹി നഗരത്തിൽ പണ്ട് നടന്ന ഒരു കഥ നിനക്കറിയോ?, നീ ദാരാശിക്കോവെന്ന് കേട്ടിട്ടുണ്ടോ ?”
“ഇല്ല”
കേൾക്കാൻ കൊതിയായി.
“പറ, കേൾക്കട്ടെ ”
“സൂഫിസവും വേദാന്തവും സംഗമിക്കുന്നത് സ്വപ്നം കണ്ട, മുഗൾ സിംഹാസനത്തിന്റെ അവകാശിയും സൂഫി ദാർശനികനുമായിരുന്ന ദാരാശിക്കോവിനെ പോലും വധിച്ച നഗരല്ലേ അത്.? ”
ഞാൻ ജിജ്ഞാസയുടെ ആക്സിലേറ്റർ പതിയെയാക്കി. പുതിയ അറിവിന്റെ മേൽക്കൂരക്കായി ആകാംക്ഷയോടെ കാത്തുനിന്നു. അവൾ ദാരാശിക്കോവിന്റെ കഥ പറഞ്ഞു.
ആന്തരികാനുഭൂതിക്കായി മാത്രം ഇലാഹിനോട് സംസാരിക്കുകയും ആത്മീയന്നൗത്യം തേടുകയും ചെയ്ത്, ഇഹലോകം വിട്ടവരെക്കുറിച്ചുള്ള എന്റെ ചരിത്രപഠനത്തിലേക്ക് പ്രധാനപ്പെട്ട ഒരാളെക്കൂടി സമ്മാനിച്ച ഷാഹിനക്ക് ഞാൻ കൃതജ്ഞത നേർന്നു. അവളുടെ കൈകളെടുത്ത് ഉമ്മ വെച്ചു.
അവൾ ചിരിയോടെ ചോദിച്ചു: ഓഹ്, അപ്പൊ പ്രണയം വരണെങ്കി ഇതൊക്കെ സംസാരിക്കണംന്നായിണ്ടല്ലേ?”
ഞാൻ ചിരിച്ചു:
“പ്രണയം ഉള്ളിലുള്ളതോണ്ടല്ലേ തൊക്കെ സംസാരിക്കുന്നത്, നമ്മളെക്കൊണ്ട് ഓരോ സമയത്തും ഓരോന്നും പറയിക്കുന്ന ഒരു ശക്തിയുണ്ടല്ലോ, അതപാരം തന്നെ… ല്ലേടോ”
സംഗീതവേദിയുടെ അവസാന വരിയിൽ സീറ്റുകൾ കണ്ടെത്തി. ആത്മാവിനെ സ്പർശിക്കുന്നൊരു അനുഭവത്തിനായി മനസ്സ് സന്നദ്ധമായി. ദർഗയിൽ നടക്കുന്ന പരിപാടിയല്ലാത്തതിനാൽ, ശ്രോതാക്കളിൽ പലരും ഇരിപ്പിടങ്ങളിൽ തന്നെ നിഷ്ക്രിയരാണ്. ഒരു റിച്വലും ചെയ്യാനില്ലാത്തതിനാൽ അവരുടെ മുഖങ്ങളിൽ ഒരുതരം ഔപചാരികതയുണ്ടായിരുന്നു.
ഖവാലി ഗായകനും സംഘവും വേദിയിലെത്തി. പ്രധാന ഗായകൻ എല്ലാവർക്കും സലാം ചൊല്ലി തുടങ്ങി:
“പരമമായ സ്നേഹം…അത് വിവേചനമില്ലാത്ത സ്നേഹമാണ്. സർവ്വ സഹജീവികളെയും ചരാചരങ്ങളേയും ഒരുപോലെ ചേർത്തുപിടിക്കുന്ന സ്നേഹം. അതിലൂടെ അല്ലാഹുവിനോടുള്ള സ്നേഹവും ആദരവും നാം പ്രകടിപ്പിക്കുന്നു. കുറച്ചു നേരം നമുക്ക് സ്നേഹത്തിൽ ഒരുമിച്ചിരിക്കാം”.
ധ്യാനാത്മകമായി ആലാപ് വന്നു. ഹാർമോണിയം കൂടെ ചേരാൻ തുടങ്ങി. വൈകാതെ തബലയും ധോലക്കും ചേർന്നു. ആലാപ് ഉച്ചസ്ഥായിലേക്ക് പ്രവഹിച്ചു. തബലയുടെ ദ്രുത താളവും ധോലകിന്റെ ഡാൻസിങ് റിഥവും ഒന്നായി. എല്ലാം ഒരുമിച്ച് കടൽ തിരകൾ കണക്കെ കയറിയിറങ്ങി. മെല്ലെ മെല്ലെ ചില ശ്രോതാക്കൾ ഇരിപ്പിടത്തിൽ നിന്ന് ഹാളിന്റെ വിസ്തൃതമായ ഇടങ്ങളിലേക്ക് വന്നു. ആളുകളുടെ എണ്ണം കൂടി വന്നു. അവരുടേതായ ചുവടുകൾ വെച്ചു. ആളുകളിൽ ചിലർ ഗായകസംഘത്തിന് മുന്നിലേക്ക് നോട്ടുകൾ ഇട്ടു.
ഞാൻ ഷാഹിനയുടെ ചുമലിൽ കൈവെച്ചു.
“എന്റെ പ്രിയപ്പെട്ടവരേ,
എന്റെ പ്രിയപ്പെട്ടവരുടെ പേര് ഞാൻ എന്റെ
ശ്വാസത്തിൻ മാലയിൽ പതിക്കുന്നു.
ഇതാണെന്റെ ആരാധനയും ഭക്തിയും.
നിങ്ങളെന്തിനാണ് കരഞ്ഞുകൊണ്ടേയിരിക്കുന്നത്?
എന്തുകൊണ്ടാണ്
നിങ്ങൾ എപ്പോഴും വേദനയുടെയും
സങ്കടത്തിന്റെയും ഗീതം പാടുന്നത്?”
മുകളിൽ നിന്ന് ഹിമകണങ്ങൾ പോലെ സംഗീതം പതിയെ താഴേക്ക് ഇറങ്ങി വന്നു.
സംഗീതം നിലച്ചപ്പോൾ പെരുമഴ തീർന്ന പ്രതീതിയായിരുന്നു. ആളുകൾ സംഗീതജ്ഞരെ പ്രശംസകൊണ്ട് വളയുന്ന ബഹളത്തിൽ നിന്ന് ഞങ്ങൾ ഹാളിന് പുറത്തിറങ്ങി. നഗരം ഇതിനോടകം ഇരുട്ടിൽ ലയിച്ചിരുന്നു.

ഭക്ഷണം കഴിക്കുമ്പോൾ ഷാഹിന ചോദിച്ചു: “നിനക്കിഷ്ടമായോ?”
“നിന്നെയോ, അതോ ഭക്ഷണമോ? അതോ ഖവാലിയോ?”, ഞാൻ കുസൃതിയായി ചോദിച്ചു.
“പോടാ…”
അവൾ ആരും കാണാതെ എന്റെ തുടയിൽ നുള്ളി.
ഞാൻ ചിരി അടക്കി, പ്ലേറ്റിലെ ഭക്ഷണത്തിൽ കൈ ചലിപ്പിച്ച്, അവളുടെ സ്നേഹം നിശ്ശബ്ദമായി ഏറ്റുവാങ്ങി.
കാർ നഗരാതിർത്തി പിന്നിടുകയാണ്. ഒരു കടയുടെ മുൻപിൽ വണ്ടി നിർത്താൻ ഷാഹിന ആവശ്യപ്പെട്ടു. എന്തിനെന്ന് മനസ്സിലായില്ലെങ്കിലും ചോദിച്ചില്ല.
സഹോദരിയുടെ കുട്ടികൾക്കായി അവൾ എന്തൊക്കെയോ വാങ്ങി, കാറിന്റെ പുറകിലെ സീറ്റിൽ നിക്ഷേപിച്ചു.
“ഞാൻ ഡ്രൈവ് ചെയ്യണോ?” എന്റെ മറുപടി വൈകിയപ്പോൾ അവൾ തന്നെ പറഞ്ഞു: “വേണ്ട, നീയെന്നേണ് സാരഥി”.
വീഥിവിളക്കുകളുടെ മങ്ങിയ വെളിച്ചം ഇടയ്ക്കിടെ റോഡിലുണ്ട്. വഴിയോര മരങ്ങൾ നിശ്ശബ്ദമായി കാറ്റിനോട് തലകുനിച്ചു. ഷാഹിന നിശ്ശബ്ദമായി മയങ്ങി. അകത്തേക്ക് കയറിയപ്പോഴും സംഗീതത്തിന്റെ താളം ഹൃദയത്തിനുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു. അത് ഭിത്തികളിൽ പതിഞ്ഞ നിഴലുകളെപ്പോലെ ഒഴുകിനടന്നു. ഷാഹിന സഹോദരിയോടുള്ള കിന്നാരം പറച്ചലിലേക്കാണ് ഓടിക്കയറിയത്. അവർ കണ്ടുമുട്ടിയാൽ അങ്ങനെയാണ്, പറയാനൊരു കുന്ന് കാണും. ഷാഹിനയെ കാത്തിരുന്ന്, ഞാൻ ഉറക്കത്തോട് മൃദുവായി കലർന്നുകൊണ്ടിരുന്നു.
ഉച്ചയ്ക്ക് അളിയനും പെങ്ങളും മക്കളുമൊന്നിച്ച് ഭക്ഷണം കഴിക്കുമ്പോൾ ഞാൻ തുടങ്ങി:
“നമുക്കൊന്ന് പുറത്തേക്കു പോയാലോ?” ചോദ്യം ഉമ്മയെ ലക്ഷ്യം വെച്ചായിരുന്നു. എവിടേക്കെന്ന് ഉമ്മ അന്തം വിട്ടു. ആർക്കും ഒന്നും മനസ്സിലായില്ല. ഷാഹിനക്കു പിടികിട്ടിയതിനാൽ, അവൾ കൈകൊണ്ട് പോകുന്ന സ്ഥലത്തിന്റെ വായുച്ചിത്രം വരച്ചു. പിന്നെ അവൾ അളിയനോട് കാതിൽ പറഞ്ഞു. ഭക്ഷണം കഴിഞ്ഞതും എല്ലാവരും പുറപ്പെട്ടു. എവിടേക്കാണെന്നു പറഞ്ഞിട്ടില്ലാത്തതിനാൽ ഉമ്മക്ക് വരാൻ ആദ്യം മനസ്സില്ലായിരുന്നു.
കടൽക്കരയിൽ വണ്ടി നിന്നപ്പോൾ ഉമ്മ അത്ഭുതം തൂകി. കുട്ടികളും അളിയനും തിരയുടെ പതയിൽ കളിച്ചു. കുറെകാലമായി ഉമ്മയുടെ ആഗ്രഹമാണ് കടൽ കാണണം എന്നത്. ഏറെയായി ഉമ്മ പുറം ലോകം കണ്ടിട്ട്. പുറത്തെ കാറ്റും വെളിച്ചവും മുഖത്തു തട്ടിയപ്പോള്‍ തന്നെ, ഉമ്മയ്ക്കുണ്ടായ ഉണര്‍വ് മുഖത്തേക്ക് പടരുന്നത് ഞാൻ ശ്രദ്ധിച്ചു. കടൽ, ഉമ്മക്ക് മുമ്പിൽ തുറന്നുനിൽക്കുന്ന വിസ്മയമായി. രാത്രിയുടെ കടലും കണ്ടാണ് അവിടെനിന്ന് തിരിച്ചത്.
രാവിലെ ഫോൺ റിങ്ങാണ് ഉണർത്തിയത്. മനോജ് പറഞ്ഞ വാർത്ത കേട്ട് ആദ്യം ഞെട്ടി. പിന്നെ അത് നന്നായി എന്ന് മനസ്സ് മന്ത്രിച്ചു. ഉപ്പയുടെ മുഖം അപ്പോഴും മനസ്സിൽ ഉദിച്ചുവന്നു. കാൾ കട്ട് ചെയ്തതും ഫോണിൽ നോക്കി. നിർമ്മലയുടെ മെസ്സേജ് കിടക്കുന്നു.
‘Dear, with deep sorrow I inform you that Ahmedkuttykka passed away at 1:45 am. I have also informed Manoj’.
പഞ്ചായത്തിന്റെ ചെറിയ കമ്മ്യൂണിറ്റി ഹാളിലാണ് കിടത്തിയിരിക്കുന്നത്. ആരോ യാസീൻ ഓതുന്നുണ്ട്. അനാഥത്വവും വേദനയും ഇല്ലാത്ത ലോകത്തേക്ക് അദ്ദേഹം പോയിരിക്കുന്നു. കണ്ണും ഹൃദയവും ഒരുപോലെ കലങ്ങി. തോളിൽ പിടിച്ചുകൊണ്ട് മനോജ് പുറത്തേക്ക് ക്ഷണിച്ചു. ഹാളിന്റെ മുറ്റത്ത് നിന്ന ആരോ ചോദിച്ചു:
“എപ്പോഴാ ഖബറടക്കം?”
“പള്ളീലെ കാര്യങ്ങളെല്ലാം ഓക്കേ ആയിട്ട്ണ്ട്, അദ്ദേഹത്തിന്റെ മകൻ വരുന്നുണ്ടത്രേ, അതിന് വൈറ്റ് ചെയ്യാ”
ഞാൻ മനോജിനൊപ്പം ഹാളിന്റെ ഉയരം കുറഞ്ഞ അതിർത്തി മതിലിൽ ഇരുന്നു. ഒരു കാർ അവിടേക്കെത്തി. അതിൽ നിന്ന് വെള്ള വസ്ത്രം ധരിച്ച ഒരു യുവാവ് ഇറങ്ങി. അയാളുടെ മുഖത്തേക്ക് ഞാൻ ശ്രദ്ധയോടെ നോക്കി. കണ്ണുകൾ പാൻ ചെയ്ത് മനോജിലേക്ക് തിരിച്ചെത്തിയപ്പോൾ അവൻ പറഞ്ഞു:
“അഹ്മ്മദ്ക്കാന്റെ മകനാ”
മനോജ് പറഞ്ഞപ്പോൾ ഡിലേയും എക്കോയുമുള്ള വാചകം എന്റെ കാതിൽ മുഴങ്ങി.
പരമമായ സ്നേഹമെന്നാൽ അത് വിവേചനങ്ങളില്ലാത്ത സ്നേഹമാണ്. സർവ്വ സഹജീവികളെയും ഒരുപോലെ ചേർത്തുപിടിക്കുന്ന സ്നേഹം. അതുവഴി കരുണാവാരിധിയോടുള്ള സ്നേഹവും ആദരവും തന്നെയാണ് നാം പ്രകടിപ്പിക്കുന്നത്.
അയാൾ മുൻപിലൂടെ ഹാളിലേക്ക് നടക്കുമ്പോൾ, അയാളുടെ മുഖത്തേക്ക് തന്നെ നോക്കി. അതെ, ആ ഗായകൻ തന്നെ. അയാളുടെ മുഖത്ത് യാതൊരു സങ്കടവും ദർശിക്കാനായില്ല. ഇവിടെ അയാൾക്ക് ആരാധകരൊന്നുമില്ല.
സ്തബ്ധനായി കുറച്ചുനേരം ഞാൻ നിന്നു. മനോജിനോട് പറഞ്ഞു: “ഞാൻ ഖബർസ്ഥാനിലുണ്ടാകും. അവിടന്ന് കാണാം. ഇവിടെപ്പോ ഞാനെന്തേലും ചെയ്യേണ്ടതുണ്ടോ ടാ?”
“ഇല്ല, നീ വിട്ടോ”, മനോജ് ഒന്നും ചോദിച്ചില്ല.
ആളുകൾ അധികമില്ലാത്ത ഹാളിന്റെ മുറ്റത്തുനിന്ന് തിരിച്ചുനടന്നപ്പോൾ ശരീരത്തിന് വല്ലാത്ത ഭാരം തോന്നി.
