പി. ജിംഷാർ

ഹുദ്ഹുദ് പറവ

പെരുമഴപ്പറവയുടെ മരണം

ന്നലെ, രാത്രിപ്പെരുമഴയ്ക്കുശേഷം മരം പെയ്തുകൊണ്ടിരിക്കുന്ന നേരത്താണ് ഹുദ്ഹുദ് മരിച്ചത്. കൃത്യമായി പറഞ്ഞാൽ 2023 ഒക്ടോബർ പതിമൂന്നിന്. പല പിറവികൾ പിന്നിട്ട് ജനിമൃതികളുടെ ചുരുളുകളിൽ കുടുങ്ങിക്കറങ്ങിയൊടുക്കം ഹുദ്ഹുദ് എന്ന ആ പാവം മരംകൊത്തിയുടെ പ്രാണൻ ഭൂമി വിട്ട് ഗന്ധർവ്വ ലോകത്തേക്ക് യാത്രയാകുമ്പോൾ ബൽക്കീസ് ഉറക്കത്തിലായിരുന്നു. ബൽക്കീസിന് അവളുടെ അരുമയായ ഹുദ്ഹുദിനെ കിട്ടുന്നതിന്റെ അന്നും ഇന്നലത്തെ പോലെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഏഴ് മരംകൊത്തി ജന്മങ്ങൾ പിന്നിട്ട് അത്രയും പക്ഷി ആയുസ് ജീവിച്ചുതീർത്ത് 32 വർഷങ്ങൾക്ക് ശേഷമാണ്, ഹുദ്ഹുദ് എന്ന പറവ മരിച്ചുപോകുന്നത്...

ഹുദ്ഹുദ് മരിച്ചുപോയ പോയ വിവരം പേഴ്സണൽ അസിസ്റ്റൻ്റ് ശ്യാമിനെ അറിയിക്കുംനേരം ബൽക്കീസ് അനൂപിനേയും അയാളുടെ മരണത്തേയും ഓർത്തു. ശ്യാമിനോട് ഹുദ്ഹുദിന്റെ മൃതദേഹം മറവുചെയ്യാൻ പറഞ്ഞുവിട്ട് ഏകദേശം 33 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇടറിവീണ ഏതാനം കണ്ണുനിർത്തുള്ളിയ്ക്കൊപ്പം നെഞ്ചുവേദന ബൽക്കീസിനെ കീഴടക്കുന്നത്.

വീടിനുമുന്നിൽ ഹുദ്ഹുദിന്റെ കൂടിരുന്നിരുന്ന അത്തിമരത്തിന് കീഴിൽ തന്നെ കുഴിവെട്ടി ആ പാവം പക്ഷിയെ ശ്യാം മറവുചെയ്തു. ശേഷം വീടിനുപിറകിലെ ഷെഡ്ഡിലേക്ക് തൂമ്പ തിരിച്ചു വെച്ചു. ദേഹത്ത് പറ്റിയ മണ്ണ് കഴുകിക്കളഞ്ഞ് ശ്യാം വീടിന് അകത്തേക്ക് തിരിച്ചു കയറി. അന്നേരം, ഹുദ്ഹുദിനെ ഓർത്ത് ശ്യാമിന് സങ്കടം വന്നു. തന്റെ മാഡത്തിന്റെ ഏകാന്തത ഹുദ്ഹുദിന്റെ മരണത്തോടെ ഇരട്ടിക്കുമല്ലോ എന്ന് ഓർത്തായിരുന്നു, അവന് ശരിക്കും സങ്കടം വന്നത്. ഉള്ളിലൂറിയ വ്യസനത്തെ മറച്ചുപിടിക്കാൻ ശ്രമിച്ചു കൊണ്ടാണ് ശ്യാം മാഡത്തിന്റെ മുറിയിലേക്ക് കയറിയത്. ചലനം അറ്റെന്നോണം തറയിൽ കമിഴ്ന്ന് കിടക്കുന്ന ബൽക്കീസിനെ കണ്ട് അന്നേരം അവൻ സകല ദൈവങ്ങളേയും വിളിച്ച് പ്രാർത്ഥിച്ചു. വീൽച്ചെയറിൽ നിന്നും മറിഞ്ഞുവീണ്, മൂത്രത്തിൽ ഉടുപ്പെല്ലാം നനഞ്ഞ് കമിഴ്ന്ന് കിടന്നിരുന്ന ബൽക്കീസിനെ തെല്ലൊന്ന് അറച്ചാണ് ശ്യാം കോരിയെടുത്തത്. കോരിയെടുത്തവരെ വീൽച്ചെയറിൽ ഇരുത്തിയശേഷം അവൻ ആംബുലൻസിന് കോൾ ചെയ്തു.

സ്​മൃതി വിസ്​മൃതിയിൽ ഒരു ബർക്കത്ത്

സിംഗപ്പൂരിലെ ബിസിനസ്സെല്ലാം അവസാനിപ്പിച്ച് റസാക്ക് നാട്ടിലെത്തുന്നത്, 1975 ജൂൺ ഇരുപത്തിയഞ്ചിനാണ്. നാട്ടിൽ വന്ന് ഒരു മാസത്തിനുള്ളിൽ രാമൻപറമ്പിൽ കൃഷ്ണൻകുട്ടിയുടെ സ്​മൃതി എന്ന് പേരുള്ള ബംഗ്ലാവും, ബംഗ്ലാവ് ഉൾപ്പെടുന്ന 33 ഏക്കറ് പറമ്പും 7000 രൂപയ്ക്ക് കറുകത്തൂർ രജിസ്റ്ററോഫീസിൽ വെച്ച് ആധാരമാക്കി. അതിന്റെ ഏഴാം നാൾ റസാക്ക് കുടുംബത്തോടെ അവിടേക്ക് താമസവും മാറ്റി.

ഗന്ധർവ്വശാപമുള്ള മണ്ണായതുകൊണ്ടാണ് പുല്ലുവിലയ്ക്ക് റസാക്കിന് ബംഗ്ലാവും 33 ഏക്കറ് സ്​ഥലവും കിട്ടിയതെന്ന് ദേവസ്യയുടെ ചായക്കടയിലിരുന്ന് നാട്ടുകാർ അടക്കം പറഞ്ഞു. ഇതെല്ലാം കേട്ടും കേൾക്കാതെയും റസാക്ക് ബംഗ്ലാവിനിടാൻ പുതിയൊരു പേര് ആലോചിച്ചു കൊണ്ടിരുന്നു.

അയാളുടെ ചിന്തയിൽ പലപല പേരുകൾ തെളിഞ്ഞും മാഞ്ഞും അതൃപ്തി നൽകിക്കൊണ്ട് കടന്നു പോയിക്കൊണ്ടിരുന്നു.

ദിവസങ്ങൾ
ആഴ്ചകൾ
മാസങ്ങൾ....

പലപേർ ചിന്തകളിൽ വർഷങ്ങൾ തന്നെ കടന്നുപോയി, 2 വർഷത്തിനും 1 മാസത്തിനും ശേഷം 1977 മാർച്ച് 21ന് റസാക്കിന്റെ ഭാര്യ സൗദ ഇരട്ടക്കുട്ടികളെ പ്രസവിച്ചതോടെ അയാളുടെ തല പുകഞ്ഞുള്ള ചിന്തയ്ക്ക് ഒരുത്തരം കിട്ടി. ആ ഉത്തരം നൽകിയതാവട്ടെ റസാക്കിന്റെ ഉമ്മ സൈനബയായിരുന്നു. സൗദയുടേയും റസാക്കിന്റെയും ഇരട്ടക്കുട്ടികളിൽ മൂത്തവളെ വല്ല്യുമ്മ ഓമനിച്ചു ബർക്കത്ത് എന്ന് വിളിച്ചു. അതോടെ മകൾക്കൊപ്പം ആ മാളികയ്ക്കും പുതുപ്പേരായി. പഴയ പേര് സ്​മൃതി വിസ്​മൃതിയായി.

വാവപ്പിങ്ക് ചുണ്ടുകളൊടിഞ്ഞ കിളികൾ

ന്നും പെരുമഴ തകർത്തു പെയ്തു. പറവക്കാലത്തിനും മുമ്പൊരു പെരുമഴക്കാലം തകർത്തു. പറമ്പിന്റെ വടക്കെ അതിരിലുണ്ടായിരുന്ന പാലമരം വലിയ ശബ്ദത്തോടെ കടപുഴകി വീണു. പാലപ്പൂക്കൾ ചിതറി വെള്ളപ്പൂമഴ പെയ്തു. ബർക്കത്ത് മൻസിലിന്റെ വടക്കേ അതിരിൽ കൂവളക്കാട് കഴിഞ്ഞുള്ള ആൾമറയില്ലാത്ത കിണറിനോട് ചേർന്നുള്ള ഗന്ധർവ്വക്ഷേത്രത്തിന്റെ നിലംപൊത്തി നിന്നിരുന്ന മേൽക്കൂരയെ തവിടുപൊടിയാക്കി കൊണ്ടാണ് പാലമരം പുഴകി വീണത്. പൂവും തടിയും വേരും തകർന്ന മേൽക്കൂരയുമെല്ലാം പ്രാർത്ഥനയെന്നോണ്ണം കുമ്പിട്ട് ഒടിഞ്ഞു പൊത്തി, വെച്ചാരാധന മുടങ്ങിപ്പോയ ഗന്ധർവ്വവിഗ്രഹത്തിന്റെ ഇടത് കയ്യിലേയ്ക്ക് ചാഞ്ഞു. ഭക്തിഭാരം ചുറഞ്ഞു. അന്നേരം, ഒരു വെള്ളിടി തെറിച്ചു മിന്നുകയും മഴ തുള്ളിച്ചിതറിപ്പിൽ ശക്തിയാവുകയും ചെയ്തു. പാലമരം വീണ ഗന്ധർവ്വെൻ്റ ഇടം കൈ ‘ക്രക്ക്’ എന്നൊരു ശബ്ദത്തോടെ ഒടിഞ്ഞുപോയി.

കടപുഴകി വീണ പാലമരത്തിന്റെ പോടിൽ ഒരു മരംകൊത്തിയുടെ കൂട് ഉണ്ടായിരുന്നു. ഇളം നീല മുട്ടകൾ നിറഞ്ഞ ഒരു കൂട്. തള്ളക്കിളി മരിച്ചുപോയെങ്കിലും വീഴ്ചയിൽ മുട്ടകളെല്ലാം ചിതറിയെങ്കിലും അപ്പോൾ വിരിഞ്ഞ ഒരു കുഞ്ഞിക്കിളി അർദ്ധപ്രാണനോടെ പിടച്ചു. ചിറകിന് ചെറിയൊരു മുറിവോടെ തള്ളക്കിളിയുടെ ചിതറിയ തലയ്ക്കും പൊട്ടിച്ചിതറിയ അനേക സഹോദര മുട്ടകൾക്കും മീതെ പശയിലെന്നോണ്ണം ആ ചെറിയകിളി മാത്രം അവശേഷിച്ചു.

മഴയൊച്ചയും മരയൊച്ചയും കേട്ട് ബൽക്കീസ് ഉണർന്നു. മുട്ടിക്കുടിയൻ മാങ്ങയീമ്പിത്തിന്ന് താനൊരു മാവിന്റെ ചോട്ടിൽ നിൽക്കുന്നതായി ബൽക്കീസ് സ്വപ്നം കണ്ടിരുന്നു. കൂവളക്കാടും പാതാളക്കിണറും കടന്നാൽ കറുകത്തൂർ അങ്ങാടിയിലേക്കുള്ള പ്രധാന പാതയ്ക്ക് അടുത്തായി ബാപ്പയുടെ പറമ്പിന്റെ അതിരടയാളം പോലെ തലയുയർത്തിനിൽക്കുന്നൊരു മാവുണ്ട്. തെങ്ങിന്റെ വലുപ്പത്തിൽ ചില്ലകളില്ലാതെ കുട നിവർത്തിയ പോലെ നിക്ക്ണ ആ മാവിലെ മാങ്ങകൾക്കൊക്കെ ഒടുക്കത്തെ സ്വാദാണ്. അവളതേ പറ്റിയോർത്തു. കിനാവിൽ മാങ്ങ തിന്നതിന്റെ കൊതിയൂറിയത് ഇറക്കിക്കൊണ്ട് അവൾ മെത്തയിൽനിന്ന് പതിയെ എഴുന്നേറ്റു. നേരത്തെ പെറുക്കിയില്ലെങ്കിൽ ക്രിക്കറ്റ് കളിക്കാനെത്തുന്ന നസീറിക്കാന്റെ കൂട്ടുകാർ മാങ്ങ മൊത്തം തിന്നുതീർക്കും. അല്ലെങ്കിൽ, ബർക്കത്തോ ഉമ്മയോ ആരെങ്കിലും ചെന്നത് പെറുക്കും. അങ്ങനെ വന്നാൽ കൊതി തീരുംവരെ തിന്നാനൊക്കില്ല. എണീറ്റപാടെ പല്ലുപോലും തേക്കാതെ ബൽക്കീസ് കൊട്ടയുമെടുത്ത് തൊടിയിലേക്ക് ഓടി. അന്നേരം, മഴ തെല്ലൊന്ന് തോർന്ന് ചാറ്റൽ മാത്രമായി തൂവാനം തൂകി.

കയ്യിൽ കരുതിയ കൊട്ടയിലേക്ക് മുട്ടിക്കുടിയൻ മാങ്ങകൾ പെറുക്കിയിട്ട് ബൽക്കീസ് വീടിന് നേർക്ക് തിരിച്ചു നടക്കാൻ തുടങ്ങി. നടത്തത്തിനിടയിൽ കൊട്ടയിൽ നിന്നൊരു മാങ്ങയെടുത്ത്, മാങ്ങയിൽ പറ്റിയ മണ്ണ് ഉടുപ്പിൽ തുടച്ചു കൊണ്ടിരിക്കുമ്പോളാണ് അവളുടെ ശ്രദ്ധ കടപുഴകി വീണ പാലമരത്തിൽ പതിയുന്നത്. മാങ്ങ ഈമ്പി തിന്നു കൊണ്ട് അവൾ പാല മരത്തിന് നേർക്ക് നടന്നു. പാലപ്പൂക്കളും പുതുമണ്ണും നനഞ്ഞ മണം വശ്യമായി പൊന്തി.

ഞൊടിയിടയിൽ ഉള്ളിലൂറിയ കൗതുകം അവളെ അന്ന് ആദ്യമായി ഗന്ധർവ്വക്ഷേത്രത്തിലേക്ക് നയിച്ചു. കന്മദമുരസിയപോലെ മിനുസമാർന്ന കറുത്തപാറനിലത്ത് പൂക്കൾ വീണ് മനോഹരമായിക്കിടന്നു. അവിടമാകെ ചുറ്റിക്കാണുന്നതിനിടയിൽ അവൾക്ക് കൗതുകം കൂർത്തു. മരവും കടന്നവൾ ക്ഷേത്രത്തിനുള്ളിലേയ്ക്ക് കടന്നു. നിലം പറ്റിക്കിടക്കുന്ന കിളിക്കൂടും ചത്തുകിടക്കുന്ന മരംകൊത്തിയും അവൾ കണ്ടു!.. ഈ കാഴ്ച കണ്ടതും ഈമ്പിത്തിന്നിരുന്ന മാങ്ങ വലിച്ചെറിഞ്ഞ് കുനിഞ്ഞിരുന്ന്, മരംകൊത്തിയെ തൊട്ടു നോക്കി. അതിന്റെ നേർത്ത് വാവപ്പിങ്ക് കൊക്ക് ഒടിഞ്ഞ് പോയിരുന്നു. നേർത്ത് തൂവലുകളാർന്ന കുഞ്ഞിച്ചിറക് അറുന്നു തൂങ്ങി. അതിന്റെ കാലുകളും കഴുത്തും തകർന്നുതൂങ്ങി. ഉടലനക്കാനാകാതെ നിലംപറ്റി കിടക്കുന്ന കിളി അവളെ ആദമിന്റെ മക്കളുടെ കഥ ഓർമ്മപ്പെടുത്തി.

ഹാബീലിനെ കൊന്ന് മൃതദേഹം എന്തുചെയ്യണമെന്നറിയാതെ ക്വാബീൽ സംശയിച്ചിരിക്കുന്നത് ബൽക്കീസ് സങ്കൽപ്പിച്ചു നോക്കി. കൊത്തുകൂടി ചത്ത കാക്കകളിലൊന്നിന്റെ മൃതദേഹം കൊലയാളിയായ കാക്ക കുഴിയുണ്ടാക്കി കുഴിച്ചിടുന്നത് ക്വാബീൽ കാണുന്നു. അങ്ങനെ സഹോദരനെ കൊന്ന പറവയിൽ നിന്നും മനുഷ്യൻ മൃതദേഹം മറവ് ചെയ്യാൻ പഠിച്ചു. ചത്തുകിടക്കുന്ന മരംകൊത്തിയുടെ തലയിലെ ചുവന്ന പൂവിലേക്ക് കണ്ണുംനട്ട് നോക്കിയിരിക്കുമ്പോഴും അവളുടെ ഓർമ്മയിൽ മെഹ്റൂഫ് ഉസ്​താദിന്റെ ശബ്ദം പ്രതിധ്വനിച്ചു.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഖുർആൻ മനഃപ്പാഠമാക്കാൻ പഠിപ്പിക്ക്ണ മെഹ്റൂഫ് ഉസ്​താദ്, ആദം നബിയുടെ മക്കളുടെ ചരിത്ര കഥ പറഞ്ഞു കൊടുത്തത് അവളുടെ ഓർമ്മയുടെ തിരശ്ശീലയിൽ തെളിഞു വന്നു. കഥകൾക്കൊപ്പമാണ് മെഹ്റൂഫ് ഉസ്​താദ് ഖുർആൻ മനഃപ്പാഠമാക്കിപ്പിക്കുന്നത്. അന്ന് പഠിച്ച ആയത്ത് മറന്നുപോയെങ്കിലും ആദം നബിയുടെ മക്കളിലൊരുവൻ കൊലയാളിയായ കഥ ബൽക്കീസ് മറന്നിരുന്നില്ല. ഈ കഥ ഓർമ്മയെ ആവർത്തിച്ചാവർത്തിച്ച് അസ്വസ്​ഥമാക്കുന്നതിന്റെ കലക്കവുമായി അവൾ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു. തുടർന്ന് അവൾ ആ തള്ളക്കിളിയുടെ മൃതദേഹം മറവ് ചെയ്യാൻ തൂമ്പയെടുക്കാൻ പാതാളക്കിണറിന് സമീപത്തെ മോട്ടർപ്പുര ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. മോട്ടർപ്പുരയ്ക്ക് അകത്തുകയറി, മൺവെട്ടികളുടെ കൂട്ടത്തിൽ നിന്നും തന്റെ കൈക്ക് ഇണങ്ങുന്ന ഒന്നെടുത്ത് തോളിൽ തൂക്കി പുറത്തേക്കിറങ്ങി.

ചത്തുകിടന്നിരുന്ന കിളിയുടെ മൃതദേഹം മറവ് ചെയ്ത് തിരിയുമ്പോഴാണ്, ചിറക് അനക്കി പിടഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞിക്കിളിയെ ബൽക്കീസ് കാണുന്നത്. അവളതിനെ കയ്യിലെടുത്ത് തലോടി. ഒട്ടും അമാന്തിക്കാതെ വീടിന് നേരെ ഓടി. അടുക്കള വഴി ഓടിപ്പിടച്ച് ഉപ്പാന്റെ മുറിയിലേക്ക് ശരംവിട്ട പോലെ പാഞ്ഞുകയറി. ഉറങ്ങിക്കിടന്നിരുന്ന ഉപ്പയെ തട്ടി വിളിച്ചുണർത്തി. കണ്ണ് തിരുമ്മി ബൽക്കീസിനെ നോക്കുന്ന ഉപ്പയ്ക്ക് നേരെ കൈ നീട്ടിക്കൊണ്ടവൾ, ‘‘ഇപ്പാ... തിപ്പൊ മെരിച്ചോകും. വേം കാറെടുക്കി. മ്മക്കിയ്യിനെ ആശുത്രീല് കുണ്ടോകാം’’ എന്ന് ഒറ്റശ്വാസത്തിൽ പറഞ്ഞുകൊണ്ട് നിന്ന് കിതക്കാൻ തുടങ്ങി.

അവളുടെ പറച്ചിലും വേവലാതി പൂണ്ടുള്ള നിൽപ്പും കണ്ട് റസാക്കിന് ചിരി വന്നെങ്കിലും ചിരിച്ചില്ല. ബൽക്കീസിന്റെ ഉള്ളംകയ്യിൽ പറ്റിപ്പിടിച്ച് കിടക്കുന്ന കിളിക്കുഞ്ഞിനെ തൊട്ടുനോക്കാൻ അയാൾ വിരലുകൾ നീട്ടി.

‘‘ഇപ്പാ... തിപ്പൊ മെരിച്ചോകും. വേം കാറെടുക്കി’’, അവൾ കരച്ചിലോടെ തന്റെ ആവശ്യം ആവർത്തിച്ചു.

മകളുടെ നിർബന്ധം കാരണം റസാക്ക് വേഗം തന്നെ കട്ടിലിൽ നിന്നും എഴുന്നേറ്റ് വായും മുഖവും കഴുകിയ ശേഷം വസ്​ത്രം മാറി. ഇരുവരും കിളിക്കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ നിലമ്പൂരുള്ള മൃഗാശുപത്രിയിലേക്ക് പോയി. ഉച്ചയോടെ അവർ തിരിച്ചെത്തിയപ്പോൾ മാത്രമാണ്, ഉപ്പയും മോളും രാവിലെ തന്നെ സർക്കീട്ട് പോയത് എന്തിനാണെന്ന് ബർക്കത്ത് മൻസിലിലെ മറ്റുള്ളവർ അറിയുന്നത്.

അന്നാണ്, ബർക്കത്തിനും ബൽക്കീസിനും പേരിട്ട അവരുടെ വല്ല്യുമ്മ സൈനബ ആ കിളിക്കുഞ്ഞിന് ഹുദ്ഹുദ് എന്ന് പേരിടുന്നത്.

‘‘ഇതെന്ത് പേരാണ് വല്ല്യുമ്മ?’ എന്ന് ചോദിച്ചപ്പോളാണ്, അവൾക്ക് ശേബ രാജ്യത്തെ റാണി ബൽക്കീസിന് സുലൈമാൻ നബിയുടെ പ്രണയദൂതുമായി പോയ ഹുദ്ഹുദ് എന്ന് പേരുള്ള മരംകൊത്തിയുടെ കഥ പറഞ്ഞു കൊടുക്കുന്നത്!...

ബുഹാരി ഹദീസിന്റെ അർത്ഥം

ൽക്കീസ് വെൻ്റിലേറ്ററിലായിട്ടിത് ആറാമത്തെ ദിവസമാണ്. ഈ ആറ് ദിവസവും തന്റെ വീട്ടിലേക്ക് പോകാതെ ശ്യാം ആശുപത്രിയിൽ കഴിച്ചു കൂട്ടി. മാഡത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വരുന്നവരോടും പോകുന്നവരോടുമെല്ലാം വിശദീകരിച്ചവൻ തളർന്നു പോയിരുന്നു. പാരീസിൽ വരുന്ന ന്യൂ ഇയർ രാത്രിയിൽ നടക്കാനിരിക്കുന്ന പെയിൻ്റിങ്ങ് എക്സിബിഷന്റെ ക്യുറേറ്റർ ഫിലിപ്പ് ഡൊമിനിക് കോൾ ചെയ്തിരുന്നു. വെറും രണ്ടര മാസം മാത്രമേ എക്സിബിഷനുള്ളൂ. ബൽക്കീസിന്റെ അവസ്​ഥ മോശമാണെങ്കിൽ എക്സിബിഷൻ ക്യാൻസൽ ചെയ്യുന്നതാണ് നല്ലതെന്ന് അയാൾ ഇംഗ്ലീഷിലും ഫ്രഞ്ചിലും ഓർമ്മപ്പെടുത്തി. അന്നേരം, മറുപടി പറയാൻ കഴിയാതെ വാക്കുകൾ ശ്യാമിന്റെ ചങ്കിൽ തടഞ്ഞു നിന്നു. ശ്യാം കോൾ കട്ട് ചെയ്തു.

‘‘ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊന്നാൽ, സകല മനുഷ്യരേയും കൊല്ലുന്നതിന് തുല്ല്യമാണ്.’’ ആദമിന്റെ മക്കൾ പോരടിച്ച് ഹാബീലിനെ ക്വാബീൽ കൊന്ന കഥ പറഞ്ഞശേഷം മെഹ്റൂഫ് ഉസ്​താദ് കൂട്ടിച്ചേർത്തു.

ഉസ്​താദിന്റെ കഥ പറച്ചിലും മൂപ്പർ അന്ന് പറഞ്ഞ ഹദീസിന്റെ അർത്ഥവും ഓർത്തുകൊണ്ടാണ് പതിമൂന്നാം നാൾ ബൽക്കീസിന് ബോധം തെളിയുന്നത്... ജീവിതത്തിലേക്ക് വീണ്ടും കണ്ണുതുറന്ന നിമിഷത്തിൽ, കൊലപാതകത്തെ കുറിച്ചുള്ള ബുഹാരി ഹദീസിന്റെ അർത്ഥം മെഹ്റൂഫ് ഉസ്​താദ് പറഞ്ഞത് ഓർത്തെടുത്ത്, ബൽക്കീസ് ഒച്ചയില്ലാതെ ഉരുവിട്ടുകൊണ്ടിരുന്നു.

‘‘ഭൂമിയിൽ ആരും അന്യായമായി കൊലചെയ്യപ്പെടുന്നില്ല, ആദമിന്റെ പുത്രനിൽ പാപത്തിന്റെ ഒരു വിഹിതം ഉണ്ടായിട്ടല്ലാതെ. കാരണം, അവനാണ് കൊലയുടെ ആദ്യത്തെ ചര്യ തുടങ്ങിയത്’’ ദിക്ക്റ് ചൊല്ലും മട്ടിൽ ഒരു നൂറാവർത്തി അവളിതെല്ലാം ഓർത്തെടുത്ത് പിറുപിറുത്തു കൊണ്ടിരുന്നു. കുറച്ചുസമയം കഴിഞതും ഈ പിറുപിറുക്കലിൽ അസ്വാഭാവികത തോന്നിയവൾ മറ്റെന്തോ ചിന്തിക്കാൻ തുടങ്ങി. ആ ചിന്തകളെല്ലാം കറങ്ങിയൊടുക്കം ഹുദ്ഹുദിൽ എത്തി നിന്നു.

ഗന്ധർവ്വശാപങ്ങൾ

ഡോക്ടർ വർഷ ചികിത്സ തുടങ്ങിയതിന്റെ ഏഴാം നാൾ, ഹുദ്ഹുദ് നടക്കാനും ചിറക് അനക്കാനും തുടങ്ങി. ഈ ഏഴ് ദിവസത്തിനിടയ്ക്ക് നിലമ്പൂർ മൃഗാശുപത്രിയിലെ ഡോക്ടർ വർഷ ബർക്കത്ത് മൻസിലിൽ നാല് തവണ വന്നുപോയി. കിളിക്കുഞ്ഞിനോട് ബൽക്കീസ് കാണിച്ച സഹാനുഭൂതിയും സ്​നേഹവും വർഷയെ അവളിലേക്ക് അടുപ്പിക്കുകയായിരുന്നു. അങ്ങനെയാണ് ബൽക്കീസിന് തന്റെ വീട്ടുകാരേക്കാളും കൂടെപ്പിറന്ന ബർക്കത്തിനേക്കാളും പ്രിയപ്പെട്ട കൂട്ടായി വർഷേച്ചി മാറിയത്. ഹുദ്ഹുദ് പറക്കാൻ തുടങ്ങുന്ന സമയമായപ്പോളേക്കും കറുകത്തൂർ ദേവി ക്ഷേത്രത്തിന് അടുത്തുള്ള വർഷയുടെ വീട് ബൽക്കീസി​ന്റെ കൂടി വീടായി മാറിയിരുന്നു.

ഹുദ്ഹുദിനെ കിട്ടിയ നിമിഷം മുതൽ ബൽക്കീസ്സ് വിചിത്രമായ രീതിയിൽ മാറാൻ തുടങ്ങിയിരുന്നു. സന്ധ്യയ്ക്ക് ഹുദ്ഹുദിനേയും കയ്യിലെടുത്തവൾ പറമ്പിന്റെ വടക്കേ അതിരിലുള്ള കൂവളക്കാട്ടിന് അകത്ത് കടന്ന് തകർന്നു കിടന്നിരുന്ന ഗന്ധർവ്വ ക്ഷേത്രത്തിൽ ഉള്ളിൽ ചെന്നിരിക്കുക പതിവാക്കി. മഗ് രിബ് വാങ്കിന് മുന്നെ വീട്ടിൽ നിന്നിറങ്ങിപ്പോകുന്ന ബൽക്കീസ് ഇശാഹ് വാങ്ക് കഴിഞ്ഞാണ് തിരിച്ചെത്തുക. ഉപ്പയും ഉമ്മയും വെല്ല്യുമ്മയും വീട്ടിലെ സകല പണിക്കാരും തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും ഗന്ധർവ്വ ക്ഷേത്രത്തിലേക്കുള്ള ബൽക്കീസിന്റെ പോക്കുവരവ് മാത്രം തടയാൻ കഴിഞ്ഞില്ല...

രാമൻപറമ്പിൽ കൃഷ്ണൻകുട്ടിയുടെ മകൾ സ്​മൃതിയ്ക്ക് ഗന്ധർവ്വൻ കൂടിയപോലെ സിംഗപ്പൂർ റസാക്കിന്റെ മോൾടെ മേത്തും ഗന്ധർവ്വൻ കൂടിയെന്ന് ആളുകൾ അടക്കം പറയാൻ തുടങ്ങി. അവരുടെ പറച്ചിലിന് ബലം കൊടുത്തെന്നോണം, പതിനാല് വയസ്സുള്ള ബൽക്കീസിന്റെ ശരീരം ഇരുപത്തിനാല് വയസിന്റെ യൗവ്വനം പ്രകടിപ്പിക്കാൻ തുടങ്ങി. ഒരുപോലെ ഇരുന്ന ബർക്കത്തും ബൽക്കീസും വേറിട്ടറിയും വിധത്തിൽ മാറിപ്പോയി.

വടക്കേ പറമ്പിലെ പാലമരം കടപുഴകി വീണതിന് ശേഷം മകൾക്കുണ്ടായ മാറ്റവും നാട്ടുകാരുടെ അടക്കം പറച്ചിലും സിംഗപ്പൂർ റസാക്കിനെ അസ്വസ്​ഥമാക്കി. തന്റെ പേടികളേയും അസ്വസ്​ഥതകളേയും ഇല്ലാതാക്കാൻ വഴി അന്വേഷിച്ചൊടുക്കം കൂട്ടുകാരനും തടിക്കച്ചവടത്തിലെ പങ്കുകാരനുമായ രാജന്റെ ഉപദേശം സ്വീകരിക്കാൻ റസാക്ക് തീർച്ചയാക്കി. ഇക്കഴിഞ്ഞ ആറ് മാസത്തിനിടയ്ക്ക് റസാക്കിനും കുടുംബത്തിനുമുണ്ടായ നഷ്ടങ്ങൾ പറയാതെ തന്നെ രാജന് അറിയാമായിരുന്നു.

സുബഹിയ്ക്ക് വുളു എടുക്കാനായി വടക്കേപ്പുറത്തെ പൈപ്പിന് നേരെ നടക്കുന്നതിനിടയിലാണ് സൈനബയെ പാമ്പ് കടിക്കുന്നത്. നിലവിളി കേട്ട് ഓടിയെത്തിയ റസാക്കും സൗദയും ചേർന്ന് തൽക്ഷണം അവരേയും കൊണ്ട് ഫിയറ്റ് പത്മിനിയിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു. പക്ഷെ, അവരുടെ ആയുസ് ആശുപത്രിയിലെത്തും മുമ്പ് തന്നെ തീർന്നു പോയി. റസാക്കിന്റെ ഉമ്മ പാമ്പ് കടിയേറ്റ് മരിച്ചതായിരുന്നു, റസാക്കിന്റെ കുടുംബത്തെ പിടികൂടിയ അപകടങ്ങളുടെ തുടക്കം. ഉമ്മയുടെ മരണത്തിന്റെ നാൽപത് തികയുന്നതിന് മുമ്പൊരു തിങ്കളാഴ്ച ദിവസം മൂവന്തി നേരത്ത്, കൂവളക്കാടിന് അടുത്തുള്ള കിണറ്റിൽ വീണ് ബർക്കത്തും മരണപ്പെട്ടു.

ബൽക്കീസിന്റെ പിറകെ കൂവളക്കാടിന് അകത്തേക്ക് ബർക്കത്ത് പോകുന്നത് കണ്ടതായി തെങ്ങിന് തടം വെട്ടാൻ വന്ന ഉസ്​മാനും കൂട്ടരും തറപ്പിച്ച് പറഞ്ഞതോടെയാണ്, ബർക്കത്തിന്റെ മരണം ബൽക്കീസിന്റെ ദേഹത്ത് കൂടിയ ഗന്ധർവന്റെ തലയിലാകുന്നത്.

ഗന്ധർവന്റെ ശാപകഥയ്ക്ക് ശക്തി നൽകിക്കൊണ്ട് റസാക്കിന്റെ കുടുംബത്തിൽ അപമൃത്യുവും അപകടങ്ങളും പതിവായി. ബർക്കത്ത് മൻസിൽ പേരിന് വിപരീതമായി ശാപത്തിന്റെയും ദുരന്തത്തിന്റെയും മാളികയായി പരിവർത്തനം ചെയ്യപ്പെട്ടു...

ബർക്കത്തിന്റെ മരണം നടന്ന് ആറ് മാസങ്ങൾക്ക് ശേഷം, കൂപ്പ് ലേലത്തിൽ പങ്കെടുക്കാനായി വണ്ടൂർക്ക് പോകുകയായിരുന്ന കാർ അപകടത്തിൽ പെട്ടു. റസാക്കിന്റെ പങ്കുകച്ചവടത്തിൽ പ്രധാനിയായ പ്ലാമൂട്ടിൽ അസീസിന്റെ മകൻ ജഹാംഗീറിനൊപ്പം നസീറായിരുന്നു, ലേലത്തിൽ പങ്കെടുക്കാൻ പോയിരുന്നത്. വണ്ടൂർ അങ്ങാടി എത്തുന്നതിന് മുമ്പുള്ള വളവിൽ വെച്ചൊരു ലോറിയുമായി കൂട്ടിയിടിച്ച് കാറ് മറിയുകയും, കാറോടിച്ചിരുന്ന നസീർ തൽക്ഷണം മരണപ്പെടുകയും ചെയ്തു. മകന്റെ മരണവാർത്ത കൂടി അറിഞ്ഞതോടെ സൗദ കുഴഞ്ഞുവീണു.

അന്നുമുതൽ സൗദ കിടപ്പിലായതാണ്. ഉമ്മയുടേയും രണ്ട് മക്കളുടേയും അസ്വാഭാവിക മരണങ്ങളും ഭാര്യ ചലനമറ്റ് കിടക്കാൻ തുടങ്ങിയതും നാട്ടുകാരെ പോലെ ചിന്തിക്കാൻ റസാക്കിനേയും പ്രേരിപ്പിച്ചു. മകളുടെ ദേഹത്ത് ഗന്ധർവ്വൻ കൂടിയിട്ടുണ്ടെന്ന കഥ റസാക്കും വിശ്വസിക്കാൻ തുടങ്ങി. ഈ സാഹചര്യത്തിലാണ്, തന്റെ കുടുംബത്തെ ചൂഴ്ന്ന് നിൽക്കുന്ന വിപത്തിന്റെ പൊരുളറിയാൻ റസാക്കും രാജനും വെള്ളാരപ്പിള്ളിയിലേക്ക് യാത്ര പോകുന്നത്.

യാത്രയ്ക്കിടയിൽ, വെള്ളാരപ്പിള്ളിയിലെ വെൺമണി ഇല്ലത്തിന്റെ ഐതിഹ്യവും പാരമ്പര്യവും രാജൻ വിസ്​തരിച്ചു കൊണ്ടിരുന്നു. പണ്ട്!.., വെൺമണി ഇല്ലത്തെയൊരു ഉണ്ണി നമ്പൂതിരി യക്ഷിയ്ക്കൊപ്പം ജീവിച്ച കഥ രാജൻ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞത് റസാക്ക് മൂളിക്കേട്ടെങ്കിലും അയാളുടെ മനസാകെ അസ്വസ്​ഥമായിരുന്നു. ഈ യാത്ര കൊണ്ട് എന്തേലും ഗുണമുണ്ടാകുമോ? എന്ന് റസാക്ക് ആശങ്കപ്പെട്ടു. കൂട്ടുകാരന്റെ ശങ്ക അകറ്റാനെന്നോണം, രാജൻ സൂര്യദത്തൻ തിരുമേനിയുടെ മന്ത്രസിദ്ധിയെ കുറിച്ച് വാചാലനായി.

തന്റെ മകൻ സതീഷന് കഴിഞ്ഞ മേടത്തില് കറുകത്തൂരമ്മയുടെ വേലയ്ക്ക് ബാധകേറിയതും നൊസ്സായതും വെണ്മണി ഇല്ലത്തെ സൂര്യദത്തൻ നമ്പൂതിരിപ്പാടിന്റെ പൂജയാൽ സുഖപ്പെട്ടതും പറഞ്ഞ് അയാൾ കൂട്ടുകാരനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

സന്ധ്യ മയങ്ങിത്തുടങ്ങവേ, റസാക്കിന്റെ ഫിയറ്റ് പത്മിനി വെണ്മണി ഇല്ലത്തിന്റെ പടിപ്പുരയിലെത്തി നിന്നു. കാറിൽ നിന്നിറങ്ങി ഇരുവരും, മിറ്റത്ത് ചെമ്പരത്തിപ്പൂവ് നുള്ളിക്കൊണ്ടിരുന്ന കാര്യസ്​ഥൻ രാമനാഥന്റെ അടുത്തേക്ക് നടന്നു. കണ്ടപാടെ പരിചയം പുതുക്കുന്നൊരു ചിരിയോടെ രാജൻ വന്ന കാര്യം വിശദീകരിച്ചു. ‘തിരുമേനിയുടെ സന്ധ്യാവന്ദനം കഴിയുന്നത് വരെ കാത്തിരിക്കാൻ’ പറഞ്ഞശേഷം ചെടിയിലെ അവസാനത്തെ ചെമ്പരത്തിപ്പൂവ് കൂടി നുള്ളിയെടുത്ത് പൂക്കൊട്ടയിലിട്ട ശേഷം കാര്യസ്​ഥൻ മനയ്ക്ക് അകത്തേക്ക് കയറിപ്പോയി.

തകർന്ന പത്മിനി അഥവാ തകരപ്പത്മിനി

സൂര്യദത്തൻ ബർക്കത്ത് മൻസിലിൽ ബൽക്കീസിനെ കാണാനെത്തുമ്പോൾ, അവൾ ഹുദ്ഹുദിന് തീറ്റ കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു. സൂര്യദത്തനെ കണ്ടതും ഹുദ്ഹുദ് ചിലച്ച് ശബ്ദമുണ്ടാക്കാൻ തുടങ്ങി. അടിമുടിയൊന്ന് ബൽക്കീസിനെ നോക്കിയ ശേഷം റസാക്കിനോടായി, ഗന്ധർവ്വപ്രീതിയ്ക്കായി കളമെഴുത്തും പാട്ടും നടത്തണം. ദോഷം മാറ്റാനായി വേറെ പ്രതിവിധിയൊന്നും കാണുന്നില്ലെന്നും പറഞ്ഞ് സൂര്യദത്തൻ ബൽക്കീസിന്റെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി.

‘‘തിരുമേനീ, കളമെഴുത്തിന്റെ മട്ടുംമാതിരിയുമൊക്കെ എന്താ? എനിക്ക് ഇതേക്കുറിച്ചൊന്നും വല്ല്യ ധാരണയില്ല. ശരിക്കും എന്റെ മോൾക്ക് എന്താ പറ്റീത്? നാട്ടുകാർ പറേണതൊക്കെ ശരിയാണോ? ഇന്റെ മോൾടെ മേത്ത് ഗന്ധർവ്വൻ കൂടീട്ടുണ്ടോ?’’എന്നെല്ലാം ഒറ്റശ്വാസത്തിൽ റസാക്ക് ചോദിച്ചു.

തന്റെ നേർക്ക് പ്രതീക്ഷയർപ്പിച്ച് ഉത്തരത്തിനായി നോക്കുന്ന റസാക്കിനെ നോക്കി ഒരു സൂര്യദത്തൻ ചെറുപുഞ്ചിരിയോടെ നടന്നു.

‘‘കളമെഴുത്തും ഗന്ധർവ്വൻ പാട്ടും നടത്തുമ്പൊ കന്യകയ്ക്കൊപ്പം സന്നിദ്ധനായി കളത്തിലെത്തുന്ന ഗന്ധർവ്വനോട് ചോദിച്ചാലറിയാം, എന്താണ് ഗന്ധർവന്റെ ആവശ്യമെന്നും എന്താണ് പരിഹാരക്രിയകളെന്നും. കളമെഴുത്തിനും പൂജയ്ക്കും വേണ്ട ചാർത്തുകള് നാളെത്തന്നെ രാമനാഥന്റെ കൈവശം കൊടുത്തുവിടാം’’, റസാക്ക് പതിയെ മൂളി.

‘‘ഈശ്വരൻ, കൈവിടില്ല, എല്ലാം ശുഭമാകും’’ എന്ന് പറഞ്ഞ് അപൂർവ്വമായ മന്ത്രങ്ങൾ ഉരുക്കഴിച്ചുകൊണ്ട് സൂര്യദത്തൻ അവിടെ നിന്നും ഇറങ്ങി.

സൂര്യദത്തന്റെ കാർ ബർക്കത്ത് മൻസിലിന്റെ മുറ്റം കടന്നതും, ശക്തമായി കാറ്റു വീശുകയും പുരപ്പുറത്തേക്ക് ചാഞ്ഞുനിന്നിരുന്ന കടപ്ലാവിന്റെ കൊമ്പ് ഒടിഞ്ഞ് വീണ് കാർ ഷെഡ് ഏറെക്കുറെ മുഴുവനായും, ഷെഡ്ഡിനകത്ത് നിർത്തിയിട്ടിരുന്ന ഫിയറ്റ് പത്മിനിയുടെ മുൻവശം ഭാഗികമായും തകർന്നു പോയി.

അനൂപും അവളും

മ്പതാം ക്ലാസിലെ ക്രിസ്​തുമസ് പരീക്ഷയിലെ അവസാനത്തെ പരീക്ഷയും കഴിഞ്ഞ് സ്​ക്കൂളിൽ നിന്നും മടങ്ങുമ്പോളാണ് ബൽക്കീസിനെ അപ്പാടെ തകർത്തുകളയുന്ന വാർത്തകേട്ടത്.

‘‘വർഷേച്ചിയുടെ കല്ല്യാണമാണ് വര്ണ ആഴ്ച്ച’’ അനൂപ് ചിരിച്ചു.

‘‘കല്ല്യാണം കഴിഞ്ഞ് പയ്യനൊപ്പം വർഷേച്ചി ബോംബെയ്ക്ക് പോകുമ്പൊ ഞാനും കൂടെ പോകും’’

ബൽക്കീസിന്റെ കണ്ണുനിറഞ്ഞു.

വല്ല്യുമ്മയും ബർക്കത്തും നസീറിക്കയും മരിച്ചിട്ട് ഒരു കൊല്ലം പോലും തികഞ്ഞിട്ടില്ല. അതിന്റെ പിറകെയിപ്പൊ വർഷേച്ചിയും അനൂപും ബോംബെയ്ക്ക് പോകുന്നു. പടച്ചോൻ എന്തിനാണ് തന്നോട് ഈ ക്രൂരത കാട്ട്ണത്? നാട്ടുകാരും ഉപ്പയും തന്റെ മേത്ത് ഗന്ധർവ്വൻ കൂടീട്ടുണ്ടെന്ന് പറഞ്ഞ് അകറ്റിനിർത്തുമ്പൊ ആകെ ഇണ്ടായിരുന്ന ആശ്വാസമാണ് ഇല്ലാണ്ടാകുന്നത്. ക്ലാസില് തൊട്ടടുത്ത് ഇരിക്ക്ണ നിഷ പോലും മിണ്ടാതെ മാറിനടക്കുമ്പൊ അനൂപ് മാത്രമാണ് തന്നോട് എന്തേലും മിണ്ട്ണത്. തന്റെ മേത്ത് ഗന്ധർവ്വൻ കൂടീട്ടുണ്ടെന്നും പറഞ്ഞ്, കുറച്ചായി സ്​ക്കൂളിലേക്കല്ലാതെ എങ്ങോട്ടും വിടാറില്ല. അതുതന്നെ വർഷേച്ചി ഇടപെട്ടോണ്ടാണ്, ഉപ്പ സമ്മതിച്ചത്. ഓർ ഈട്ന്ന് പോയാപ്പിന്നെ ആരാണൊര് തുണ പടച്ചോനെ!... ഓരോന്ന് ചിന്തിച്ച് കൂട്ടിയാണ് നടത്തമെന്നതിനാൽ അനൂപ് ചോദിച്ചത് കേട്ടില്ല. ചേർത്തു പിടിച്ചുകൊണ്ട്, ‘ഇയ്യെന്തിനാ കരേണത്?‘ എന്ന് ചോദിച്ചതും, ബൽക്കീസ് ഏങ്ങലടിച്ചു കൊണ്ട് അനൂപിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

ആരേലും കാണുന്നുണ്ടോ? അതുവഴി ആരേലും വരുന്നുണ്ടോ? എന്ന് തിടുക്കപ്പെട്ട് അനൂപ് ചുറ്റും നോക്കി. മെയിൻ റോഡിൽ നിന്നും ബർക്കത്ത് മൻസിലിലേക്ക് തിരിയാനുള്ള ഇടവഴിയ്ക്ക് മുന്നിലാണ് നിൽക്ക്ണതെന്ന് ബോധ്യം വന്നപ്പോൾ, ധൃതിപ്പെട്ട് ബൽക്കീസിന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരിൽ ചുംബിച്ച് അനൂപ് അകന്നുമാറി.

‘‘എല്ലാ വെക്കേഷനിലും, അന്നെ കാണാൻ ഞാൻ വരും’’ എന്ന് വാക്ക് നൽകി. മറുപടിയായി മൂളിക്കൊണ്ട് അവൾ കണ്ണീർ തുടച്ചു. അന്നേരം, ആരോ ആ വഴി വര്ണത്തിന്റെ അനക്കം അറിഞ്ഞെന്നോണം ബൽക്കീസ് തിടുക്കപ്പെട്ട് വീടിന് നേരെ ഓടി.

നാട്ടുകാർ പറേണത് പോലെ തന്റെ മേത്ത് ഗന്ധർവ്വൻ കൂടിയിട്ടുണ്ടോ? അങ്ങനെ ഒന്നും ഇല്ലെന്നും മോള് എന്തോ കണ്ട് പേടിച്ചതാണെന്നും എല്ലാം ശരിയാകുമെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് ചേർത്തു പിടിക്കുന്ന വർഷേച്ചി ജീവിതത്തിൽ നിന്നും മാഞ്ഞു പോകുകയാണോ? ചിന്തയുടെ കുരുക്ക് മുറുകി. വ്യസനം പെരുത്തു. ഉള്ളിലൂറിയ സങ്കടങ്ങളെല്ലാം ബൽക്കീസ് ഹുദ്ഹുദുമായി പങ്കുവെച്ചു.

(തുടരും)


Summary: Hud Hud Parava, a malayalam short story written by P. Jimshar


പി. ജിംഷാർ

കഥാകൃത്ത്, മാധ്യമപ്രവർത്തകൻ. 10 വര്‍ഷത്തിലധികമായി ചലച്ചിത്ര രംഗത്ത് തൊഴിലെടുക്കുന്നു. ദൈവം വല നെയ്യുകയാണ്, ഭൂപടത്തിൽനിന്ന് കുഴിച്ചെടുത്ത കുറിപ്പുകൾ, പടച്ചോന്റെ ചിത്രപ്രദർശനം, എഡിറ്റിങ് നടക്കുന്ന ആകാശം, ആണ്‍കഴുതകളുടെ Xanadu, ലൈലാക്കുല്‍സു എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments