നയൻ സുബ്രഹ്മണ്യം

ഇടിഞ്ഞമലയിലെ
കന്ദീശാക്കൾ


കന്ദീശാ ആലാഹാ,
ശോബൂക് ലൻ ഹൗബൈൻ
(പരിശുദ്ധനായ ദൈവമേ,
ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ…)

കാറ്റിൻ വിറകളോടെ കാട്, എന്തിനെയോ പേടിച്ച് ഇരുട്ടിൽ ഒളിച്ചു…
ചാകാറായ ക്യാമ്പ് ഫയറിൻ്റെ അരണ്ട വെളിച്ചത്തെ ചില്ലു ഗ്ലാസ്സുകൾ പിടിച്ചു കെട്ടാൻ ശ്രമിച്ചു.
എൻ്റെ ഗ്ലാസിൽ നിറഞ്ഞ സ്കോച്ച്, അപ്പോഴേക്കും നുറുങ്ങു വെട്ടത്തെ അലിയിച്ച് ചേർത്തിരിക്കുന്നു…

ഞങ്ങളെല്ലാവരും ചീയേർസ് ചൊല്ലിക്കൊണ്ട്, ഗ്ലാസ്സുകൾ കുടിച്ചൊഴിച്ചു. വെട്ടം അലിഞ്ഞിഴകിയത് കൊണ്ടായിരിക്കാം, നല്ല എരിവ്, ഇടറിയ തൊണ്ടയെ നേരെയാക്കുമ്പോൾ, കണ്ണാടി വെച്ച ‘ടൂർ ഓപ്പറേറ്റർ’ പാതിത്തുറന്ന കണ്ണുകളോടെ എന്നെ തുറിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഞങ്ങളെ മാറിമാറി അരിച്ചു നോക്കിയ ശേഷം, സ്കോച്ചിൻ്റെ ഒടുവിലത്തെ തുള്ളിയും അവൾ കുപ്പിയിൽ നിന്ന് ആത്മാവിലേക്ക് മാറ്റിപ്പറിച്ച് നട്ടു. ഞങ്ങളിൽ എന്താണ് തേടുന്നത് അവളോട് ചോദിക്കുന്നതിന് മുന്നേ അവൾ ഞങ്ങളോടായി പറഞ്ഞു തുടങ്ങി:

“ഇടിഞ്ഞമലേലെ പപ്പായ്ക്കും മമ്മിക്കും മക്കള് രണ്ടാ… മൂത്തേട്ടായീം ചെറിയേട്ടായീം. മൂത്തേട്ടായി പ്ലസ് ടൂ വരേ പഠിച്ചൊള്ളൂ. എന്നാ ചെറിയേട്ടായി പഠിച്ച് നേഴ്സായി ഗൾഫിലോട്ട് പോയി. പപ്പാന്നും മമ്മീന്നുവൊക്കെ ഞാനും ഇച്ചേച്ചിയും അവരെ വിളിക്കുവേലും, ശെരിക്കും മമ്മി ഞങ്ങടെ അമ്മേടെ ചേച്ചിയാ. എല്ലാ തവണേം വെക്കേഷന് ഇടിഞ്ഞമലയ്ക്ക് പോകുമ്പൊ, കോലു പോലിരിക്കുന്ന ഞങ്ങളെ, മമ്മി ആടും മാടും കപ്പേം ചേമ്പും ഒക്കെ തീറ്റിച്ച് നെയ്പ്പരുവമാക്കും, അതോണ്ട് സ്നേഹം വെച്ച് നോക്കിയാ മമ്മിയാ ഞങ്ങടെ ശെരിക്കും അമ്മയെന്ന് വേണേ പറയാം. ഞാനും ഇച്ചേച്ചിയും പപ്പായ്ടേം ചേട്ടായിമാർടേം കയ്യീന്നാ ഒത്തിരി തെറി പഠിച്ചെടുത്തെ. പപ്പായും ചേട്ടായിമാരും പറമ്പേല് പണീം കഴിഞ്ഞ്, ഒരു തോർത്തും ഉടുത്തേച്ച്, മുറ്റത്ത് നിന്ന് അങ്ങോട്ടും ഇങ്ങോട്ടും തെറി പറയുവാരുന്നു. എന്തൊക്കെയാണേലും അത് കാണാനൊരു ചേലാരുന്നു. ചെറിയേട്ടായി ഗൾഫിലോട്ട് പോയെപ്പിന്നെ വൈകുന്നേരം തല്ല് കൂടാൻ പപ്പായയും മൂത്തേട്ടായീം മാത്രവായി. മൂത്തേട്ടായി ആളൊരു മിടുക്കനാരുന്നു. പുള്ളി ഒരു ദെവസം പറമ്പിൻ്റെ അതിര് കണക്കാക്കാൻ ഒറപ്പിച്ച കല്ലിളക്കി കൊറച്ചൂടെ അകലത്ത് നാട്ടി. എന്നിട്ട് പാണ്ടിക്കാരെ കൊണ്ട് വന്നേച്ച്, കരിങ്കല്ലേല്ലും സിമൻ്റേലും മതിലു കെട്ടി വളച്ചു. വീടിൻ്റെ പൊറകേലായിട്ട് ഒഴിഞ്ഞുകെടന്ന പൊരേടത്തില് ഏലോം, കുരുമുളോം എന്നുവേണ്ട സകലതും നട്ടു പിടിപ്പിച്ചു. ലീവിന് ചെറിയേട്ടായി ഗൾഫീന്ന് തിരിച്ചെത്തുമ്പോ വലിയ വീടും തോട്ടോം ഒള്ള മൂത്തേട്ടായിയെയാ കാണുന്നെ. പപ്പാ മൂത്തേട്ടായിടെ തോളെ തട്ടി ‘അപ്പാപ്പൻ്റെ വീറ് കിട്ടിയേക്കുന്ന നെനക്കാടാന്ന്’ പറഞ്ഞപ്പോ, അതൊട്ടും പിടിക്കാതെ ചെറിയേട്ടായി പല്ലിറുമ്മി തൊഴുത്തേലോട്ട് നോക്കിയിരിക്കുന്നെ ഞാൻ കണ്ടിട്ടൊള്ളതാ. ഒരു കണക്കിന് അത് ശരിയാ. അപ്പാപ്പൻ ഇടിഞ്ഞമല കേറുമ്പോ വീടിരുന്നേടം കാടായിരുന്നെന്ന് പ്രത്യേകിച്ച് പറയാണ്ടാലോ. പുള്ളി മല കേറിയെപ്പിന്നെ ആദ്യം ചെയ്തത് കൂടെ കൊണ്ട് വന്ന ആടിനെ അറുക്കലാ. എന്തും തൊടങ്ങുന്നേന് മുന്നേ ചോര വീഴ്ത്തിക്കോണം ന്ന് പണ്ടൊള്ളോര് പറയുവല്ലോ. ആഹ്, പറഞ്ഞുവന്നെ എന്നാന്ന് വെച്ചാ വീടിരിക്കുന്നേടം മൊത്തം കൊടുങ്കാടാരുന്നു. അതിൻ്റെടേല് ആകെയുണ്ടാർന്നത് പാണ്ടിക്കാരാ… അവര് കുടിലും കെട്ടി തിന്നും കുടിച്ചും ഇവിടെ കഴിയുവാരുന്നു. അപ്പാപ്പൻ കൊച്ചീന്ന് പോരാൻ നേരം കൈയ്യേല് കരുതിയ കശുമാങ്ങേം, പിന്നെ കാട്ടീന്ന് പിടിച്ച തേളിനേം ഓന്തിനേമെല്ലാം ചേർത്ത് കട്ടിക്ക് വാറ്റി. അതൊരു തുള്ളി കുടിചേച്ചാമതി, ‘ചത്തവൻ ചിങ്ങം വരെ ചീയത്തില്ല’, അത്രക്ക് പവറാ. അപ്പഴാ പാണ്ടിക്കാര്. ഇത് കിട്ടിയതും അവര് അപ്പാപ്പൻ്റെ സൈഡായി. കാരണം വേറൊന്നുവല്ല. അവരെന്നാണ്ടോ ഊരു ദൈവത്തിന്, അപ്പാപ്പന്റെ വാറ്റ് വെച്ചു കൊടുത്തത്രെ, അങ്ങനെ ദൈവം പ്രീതിപ്പെട്ടെന്നോ, അവരുടെ കൂട്ടത്തിലാരും പിന്നെ പാമ്പുകടിച്ച് ചത്തില്ലെന്നോ, ഒക്കെയാണ് വിശ്വാസം. അവരെക്കൊണ്ട് കാടും കളയുമെല്ലാം വെട്ടിവെടിപ്പാക്കി. അവരും അപ്പാപ്പനും കൂടെ കണ്ണീക്കണ്ട പോത്തിനേയും പൂച്ചയേം എന്നുവേണ്ടാ, സകലതിനേം പൊരിച്ചടിച്ചു. അങ്ങനെ മെരുക്കിയെടുത്ത സ്ഥലത്തേലാ, പിന്നെ വീടും തോട്ടോം തൊഴുത്തും എല്ലാം കെട്ടിയൊണ്ടാക്കിയെടുത്തെ.

ഒന്ന് രണ്ട് പാണ്ടിക്കാർക്ക് അപ്പാപ്പനോട് ചൊരുക്കാരുന്നു, അതിൻ്റെ പേരില് അവന്മാർ പുള്ളിക്കാരനെ തല്ലാനും കൊല്ലാനുവൊക്കെ കൊറേ നോക്കിയതാ. പറഞ്ഞാ വിശ്വസിക്യേലാ, മൂന്നാം നാളില് ഇവന്മാര് തോട്ടിലും കാട്ടിലും ചത്ത്‌ മലന്നു കെടക്കുവാ. എന്നാ കാരണം? പാമ്പു കടിച്ചതാ… അതിന് ശേഷം അപ്പാപ്പനോട് എല്ലാർക്കും ഒടുക്കത്തെ ബഹുമാനവാ. ഇനി പറയാൻ പോകുന്ന കാര്യം ഒട്ടും വിശ്വസിക്കുകേല! വേറൊന്നുവല്ല, പാതിരായ്ക്ക് അപ്പാപ്പൻ്റെ മുറിലോട്ടു നല്ല വെള്ളിപ്പാമ്പുകളാ എന്നും എഴഞ്ഞു പൊക്കോണ്ടിരുന്നെ. കാരണം എന്നാന്ന് ആർക്കും അറിയേല. ആരുമൊട്ട് അന്വേഷിക്കാനും പോയില്ല. അതെന്നാന്നേലും പുള്ളി മരിച്ചശേഷം, നാട്ടുകാരും അയലോകക്കാരും കുഴിമാടത്തേല് വെളക്ക് വെക്കാൻ തൊടങ്ങി. പുള്ളിയേട കല്ലറേല് വാറ്റും പോത്തും വെച്ച് കൊടുത്തേച്ചാ മാത്രം മതി, വിചാരിക്കാൻ പറ്റുന്ന എന്തും നടക്കും എന്നായി… അപ്പാപ്പൻ ഒള്ള കാലത്ത് ഞങ്ങള് ഓർത്തഡോക്ക്സാരുന്നു. എന്നാ വലിയ തിരുമേനി പെണങ്ങിപ്പിരിഞ്ഞേച്ച് പുതിയ സഭയുണ്ടാക്കി കത്തോലിക്കനായപ്പോ, അപ്പാപ്പനും പുള്ളിയേട കൂടെ ചേർന്നു. ഇടിഞ്ഞമല പാപ്പാടെ അനിയൻ, അതായത് അപ്പാപ്പൻ്റെ ഇളയ മോൻ ചെറുതിലെ വികാരിയായി. അപ്പാപ്പൻ മരിച്ച ശേഷം പുള്ളി ബിഷപ്പാവാൻ നോക്കിയപ്പൊ സഭയിലെ എല്ലാരും കൂടെ പുള്ളിയെ അങ്ങോട്ട് ഒതുക്കി. കാരണമായി പറഞ്ഞതെന്നാന്നറിയോ? അപ്പാപ്പൻ്റെ കുഴീലെ വെളക്കും വെച്ചാരാധനയുമാ. കുടുംബത്ത് ഇങ്ങനത്തെ ഏർപ്പാട് ഒളവൻമാരെയൊന്നും ബിഷപ്പ് ആക്കുകേലാ പോലും. ഇത്കേട്ട ചൊരുക്കില് പപ്പാടെ അനിയൻ ളോഹേം മടക്കിക്കുത്തിയേച്ച് അപ്പാപ്പന്റെ കുഴീലെ കല്ലും കിടുതാപ്പും വെളക്കും എല്ലാം കൂടി ചാണാക്കുഴീലോട്ട് ഒറ്റയേറ്! ആ സമയത്ത് വീട്ടില് ചെറിയേട്ടായി മാത്രേ ഒണ്ടാരുന്നുള്ളു, പുള്ളിയാണേൽ അന്ന് ചെറുതാ. ഈ അച്ഛൻ വേർത്തൊലിച്ച ളോഹയൂരി അഴേല് ഓണക്കീട്ട് ചെറിയേട്ടായിയോട് പറയുവാ:

‘കൊച്ചെ, നമ്മടെ ചോറേല് മണ്ണ് വാരി ഇടാൻ ആര് വന്നാലും ഒന്നും നോക്കിയേക്കരുത്, കുരിശേ കേറ്റിക്കോണം. അതിപ്പോ കന്ദീശനാണേലും കാട്ടാളനാണേലും…’

ഇതും കേട്ടേച്ച് ഒന്നും പിടികിട്ടാതെ ചെറിയേട്ടായി കൊറേ നാള് ‘കന്ദീശന്റെ ’ അർത്ഥം തപ്പി നടന്നു. ഒടുക്കം ഒരു കുറുബാനെടെ എടക്ക് അച്ഛൻ തന്നെ പറഞ്ഞു. കന്ദീശൻ എന്നുവെച്ചാ വിശുദ്ധൻ എന്നാണത്രെ. എന്തായാലും അച്ഛൻ അന്ന് പറഞ്ഞത് ചെറിയേട്ടായീടെ ഉള്ളിൽ കേറി തട്ടിയെന്നോളളത് ഒറപ്പാ. ആഹ്, വിഷയം മാറിപ്പോയി! മൂത്തേട്ടായി, സാമർത്യത്തിൻ്റെ കാര്യത്തേല് അപ്പാപ്പനെ കൂട്ട് തന്നാ, മൂത്തേട്ടായീം നന്നായിട്ട് വാറ്റുവാരുന്നു. എന്നാ പുള്ളിയേട വാറ്റിന് ഒരു മണ്ണിൻ്റെ രുചിയുണ്ടാരുന്നു, ഒരു ഇരുമ്പിൻ്റെ ചൊവ! അതെന്നാന്ന് മാത്രം ഞാൻ എത്ര ചോയിച്ചിട്ടും പുള്ളി പറഞ്ഞിട്ടില്ല. മൂത്തേട്ടായിയെ കണ്ടാ എങ്ങനെ ഇരിക്കുവെന്ന് പറഞ്ഞില്ലാലോ… നല്ല പൊക്കോം ഒത്ത വണ്ണോവാ പുള്ളിക്ക്. പറമ്പിലെ പണി കാരണവായിരിക്കും, വെയില് കൊണ്ട് ചൊമ ചൊമാന്നാ ഇരിക്കുന്നെ. പോരാത്തേന് മേല് മൊത്തോം കരടിയെ കൂട്ട് മുടിയാ. പപ്പായില്ലാത്ത സമയത്ത് കാട്ടീന്ന് വല്ല കരടീം ഇറങ്ങി പണിതതായിരിക്കുമെന്നും പറഞ്ഞ് പപ്പാ സ്ഥിരം മമ്മിയെ കളിയാക്കുവാരുന്നു. ഇത് കേക്കുമ്പം, മമ്മിക്കങ്ങ് തരിച്ച് കേറും. മമ്മിക്ക് മൂത്തേട്ടായിയെ വലിയ പിടിക്കാത്തതിൻ്റെ കാരണം ഇതാന്ന് എനിക്ക് പലപ്പോഴും തോന്നീട്ടൊണ്ട്. ആഹ് അത് വിട്. എന്നാണേലും മൂത്തേട്ടായി തോട്ടം കൊണ്ട് ഒത്തിരി കാശൊണ്ടാക്കി.

അങ്ങനെ പൊക്കോണ്ടിരിക്കുമ്പഴാ അപ്പറെയൊള്ള ലോനനൻ തരകന്റെ മോൻ സോണി, എന്നും ഒരു കള്ളി മുണ്ട് മാത്രം ഉടുത്ത് പല്ലു തേക്കുന്നെ, മുത്തേട്ടായീടെ കണ്ണില് പെടുന്നെ… ഒരു ദെവസം പല്ലും തേച്ചേച്ച് ചേട്ടായി സോണീടെ മുണ്ടിന്റെ മടക്കിലോട്ട് നോക്കിക്കൊണ്ട് പേസ്റ്റിൻ്റെ പത കുടിച്ചിറക്കി. ഒടുക്കം എന്നാ? രണ്ടും കൂടെ പല്ല് തേച്ച് പല്ല് തേച്ച് പാതിരായ്ക്ക് തോട്ടത്തേല് പല പരിപാടീം ഒപ്പിക്കാൻ തൊടങ്ങി. ഗൾഫീന്ന് തിരിച്ചെത്തിയ ചെറിയേട്ടായി ഒരു രാത്രി, രണ്ടെണ്ണത്തിനേം തോട്ടത്തില് വെച്ച് കയ്യോടെ പൊക്കി. പിന്നെ കൊറെ നാള് പല്ല് തേപ്പില്ലാരുന്നു, പക്ഷെ അവരത് പുഴക്കരേല് വീണ്ടും തൊടങ്ങി. രാത്രി പുഴവക്കില് രണ്ട് പൊക വിടാൻ പോയ ചെറിയേട്ടായി, ദേണ്ടേ! പിന്നേം രണ്ടിനേം കൈയ്യോടെ പിടിച്ചു… ഇത്തവണ ചെറിയേട്ടായി മൂത്തേട്ടായീടെ കരണം നോക്കി ഒരെണ്ണം അങ്ങ് കൊടുത്തു. ഈ തക്കത്തിൽ സോണി കൈകിട്ടിയതും പെറുക്കിക്കൊണ്ട് അക്കാട് പറ്റി. കുടുംബം വെച്ചാരാധനേടാ പേരും പറഞ്ഞു അപ്പഴും നാറുവാരുന്നു. അതിൻ്റെടേല് ഇതും കൂടെ ആയ പിന്നെ ചോദിക്കണ്ടാ. നല്ല പുകിലായിരിക്കും!.. അന്നേരം ദേഷ്യം കൊണ്ട് മൂത്തേട്ടായി ഒരു ബോംബ് അങ്ങോട്ട് ഇട്ടു. അതെന്നെന്നായിരിക്കും നിങ്ങൾ ആലോയിക്കുന്നെ.

‘നീ പത്തില് പഠിക്കുമ്പോ, രാത്രിയൊരു കൈക്കുഞ്ഞിനെ ചാണാക്കുഴീല് താക്കുന്നത് ആരും കണ്ടില്ലാന്ന് നീ വിചാരിക്കരുത്. അതാരടെ കൊച്ചാരുന്നെന്ന് മനസിലാക്കാൻ എനിക്ക് കോളജില് പോകണ്ട കാര്യവില്ല. ആ പാണ്ടി പെണ്ണൊണ്ടല്ലോ. ചെമ്മലർ. അവളെ ശരിക്കും കാണാതായതാണോ അതോ നീ അവളേം കുഴീൽ താത്തോ?.’

ഇത് കേട്ടിട്ട് വെരണ്ട് ചെറിയേട്ടായി പുഴക്കരെന്ന് വീട്ടിലോട്ട് വെറച്ചു വെറച്ച് പോകുന്നെ ഒന്ന് കാണേണ്ടതാ. എനിക്കൊറപ്പാ പുള്ളി രാത്രി ഒറങ്ങി കാണുകേല. എങ്ങനെ ഒറങ്ങാനാ!. വെളുപ്പിനെ മൂത്തേട്ടായി ഏലക്കാട്ടില് ഒച്ചിനെ പിടിക്കാൻ പോയപ്പഴാ, ഒരു കള്ളി മുണ്ടേൽ തൂങ്ങിയാടുന്ന സോണിയെ കണ്ടത്. കെട്ടഴിച്ച് അവൻ്റെ ചുണ്ടേല് അവസാനമായി മുത്തിയേച്ച്‌ ആരും കാണാതെ ചാണകകുഴീലോട്ട് തള്ളി. പൊറം ലോകം അറിഞ്ഞാപ്പിന്നെ കുടുംബത്തിനല്ലിയോ നാണക്കേട്. നിങ്ങള് വിചാരിക്കും ചാണാക്കുഴിയെന്നാ ഇത്രക്ക് വലുതാണോന്ന്?. കാരണം, എല്ലാരും എല്ലാത്തിനേം അതിലോട്ടല്ലിയോ തള്ളുന്നേന്ന്?. എന്നാ കേട്ടോ, അതെ… ചാണാക്കുഴീന്ന് പറഞ്ഞാ വലുതാ ഏതാണ്ട് ഒരു ചെറിയ കൊളം പോലിരിക്കും… ശെരിക്കും പറഞ്ഞാ ഒരു ചതുപ്പ് മാതിരിയാ. ആഹ്, എന്നിട്ട് ഒത്തിരി നാള് പുള്ളി ഒന്നും മിണ്ടാതെ ഇരിപ്പും കെടപ്പും താന്നായിരുന്നു. ഏതാണ്ട് ആ സമയത്ത് സ്‌കൂൾ പൂട്ടിന് ഞാനും ഇച്ചേച്ചിയും വെക്കേഷന് പോയാരുന്നു. അന്നും പതിവ് പോലെ മുത്തേട്ടായി വാറ്റി ഞങ്ങക്കും കൂടെ വായേലോട്ട് ഞൊട്ടിച്ച് തന്നു. നെഞ്ചിലെന്നാ കത്തലാരുന്നെന്ന് അറിയാവൊ!.. മൂത്തേട്ടായി അതും കുടിച്ചേച്ച് ഞങ്ങളോട് പറയുവാരുന്നു, ‘നീയൊക്കെ വാറ്റാനും കൂടെ പഠിച്ചാലൊണ്ടല്ലോ, ഭാവീല് കെട്ടിയോനല്ല ഏത് കന്ദീശനേം ചൂണ്ട് വിരലെ കറക്കാം’ എന്ന്.

എന്നാ വാറ്റിന്റെ സൂത്രം മാത്രം പുള്ളി പറഞ്ഞ് തന്നില്ല. പക്ഷെ ഞാൻ കണ്ടുപിടിച്ചു. എന്നോടാ കളി. ഒത്തിരി നാള് കഴിഞ്ഞ്, തോട്ടത്തിലെ പണിക്കെന്നും പറഞ്ഞ് തേനീന്ന് പയ്യന്മാരെ കൊണ്ട് വന്നു. ‘പട്ടുടുത്താലും പൊന്നിടീച്ചാലും ചില്ലറ കണ്ടാ തേവിടിയാടും’ എന്ന് പപ്പാ പറയുവാരുന്നു. ആ പറഞ്ഞത് ചെറ്റത്തരം ആണേലും, മുത്തേട്ടായീടെ കാര്യത്തില് അത് കറകറക്ക്റ്റാ. എല്ലാ രാത്രീലും പുള്ളിയേട മുറീലോട്ട് പയ്യന്മാര് ഊഴം വെച്ച് സലാം വെക്കാൻ പോയി. രാത്രി മുള്ളാൻ എറങ്ങിയ പപ്പാ, വെട്ടം കണ്ടോണ്ട് എട്ടായീടെ മുറീലോട്ട് എത്തി നോക്കി. പപ്പാ നെഞ്ചത്ത് കൈവെച്ച് പോയി… അല്ല! എങ്ങനെ വെക്കാതിരിക്കും. മൂത്തമോൻ പാതിരായ്ക്ക് പയ്യന്മാർടെ നെഞ്ചത്ത് റബ്ബറ് നടുവല്ലിയോ. ഈ ന്യൂസ് അങ്ങ് കട്ടപ്പന വരെ എത്തി. ഒന്നും പറയണ്ടാ! ഒരു പുകിലാരുന്നു.

‘ഐസക്കിൻ്റെ മൂത്തമോന് മറ്റേ പരിപാടിയാന്ന്’, നാട്ടുകാര് പറയാതിരിക്കുവൊ? ഇല്ല, പപ്പാ ഒന്നും നോക്കീല, ഫോൺ കറക്കി ഗൾഫിലോട്ട്, ചെറിയേട്ടായിക്ക് ‘എസ്‌ റ്റി ടി’ വിളിച്ചു:

‘എടാ ജേക്കബല്ലിയോ, ആ ഇത് പപ്പയാ… എന്തൊക്കെയാണേലും നീ ഇവിടം വരെ ഒന്ന് വരണം…’ എന്ന് പറഞ്ഞ് പുള്ളിയെ വിളിച്ചു വരുത്തി. കുടുംബക്കാര് നാട് മുഴുവനും നാറി തൊടങ്ങിയപ്പൊ, മമ്മി ഞങ്ങടെ അമ്മേടെ, അതായത് മമ്മീടെ പെങ്ങൾടെ കൂടെ നിക്കാൻ പോയി. ഒരാഴ്ച്ച കഴിഞ്ഞ് മമ്മി തിരിച്ച് വരുമ്പൊ മൂത്തേട്ടായിയെ കാണാനില്ലാരുന്നു… ചെറിയെട്ടായീം പപ്പായും മാത്രവേ അവിടൊള്ളു… പുള്ളി എവിടേന്ന് ചോദിച്ചപ്പോ ‘ അവൻ നാണക്കേട് കാരണം എങ്ങോട്ടോ എറങ്ങിപ്പോയതാടി… ഇങ്ങ് തിരിച്ച് വന്നോളും’ എന്ന് പറഞ്ഞ് പപ്പാ അങ്ങ് തടിയൂരി. പിന്നീടൊള്ള വെക്കേഷന് പോകുമ്പോ മമ്മിക്ക് പഴയ ജീവനില്ല. എപ്പഴും തോട്ടത്തിലും കാട്ടിലും ഒക്കെ നോക്കിയിരുപ്പാ. വെളുപ്പിനെ അവിടുന്ന് മൂത്തേട്ടായീടെ നെലവിളി കേൾക്കും ന്ന് പറയുവാരുന്നു. പാവം, പുള്ളിക്കാരി എല്ലാ രാത്രീലും അപ്പാപ്പന് സ്തുതി പറയാൻ തൊടങ്ങി… അപ്പാപ്പനാ ഇടിഞ്ഞമലേട കന്ദീശനെന്നും അതോണ്ട് ഇവിടെ എന്ത് നടക്കണേലും പുള്ളി വിചാരിക്കണം എന്നൊക്കെയാ മമ്മിയേട വാദം!. പക്ഷെ മമ്മി അപ്പാപ്പന് സ്തുതി പറഞ്ഞിട്ടും, കല്ലറേല് പോത്തും വാറ്റും വെച്ചിട്ടും, പോയ ചേട്ടായി തിരിച്ചു വന്നില്ല… “

ഞങ്ങളുടെ കയ്യിലെ സ്കോച്ച് കുപ്പിക്ക് തിരശ്ശീല വീണിരിക്കുന്നു. കുപ്പിയിലെ ഒടുവിലത്തെ തുള്ളിയും പിഴിഞ്ഞെടുക്കാനായി, കുപ്പി ഗ്ലാസ്സിലേക്ക് കമിഴ്ത്തിപ്പിടിച്ചു. ലക്ക് കെട്ടിരിക്കുന്നത് കൊണ്ട് കുപ്പി തെന്നി താഴത്തേക്ക് വീണ് പൊട്ടി. ചില്ലുകൾ കാട്ടുകരിയിലകൾക്കിടയിൽ ഒളിക്കുന്നതിന് മുന്നേ, ക്യാമ്പ് ഫയറിന്റെ നുറുങ്ങു വെട്ടത്തിൽ ഞാൻ ചില്ലുകൾ പെറുക്കിയൊതുക്കി. അതിലെ ഒരു കുറുമ്പൻ ചില്ല് കഷ്ണം എന്റെ കൈവിരലിനെ കടിച്ചുകീറി. ഞാൻ രക്തം ഷർട്ടിന്റെ വിളുമ്പുകൊണ്ട് പൊത്തിപ്പിടിച്ചു. കണ്ണാടിവെച്ച ടൂർ ഓപ്പറേറ്റർ ഞങ്ങളെ നോക്കി വീണ്ടും ചിലച്ചു:

‘‘ഈ കാട്ടീന്നാ മൂത്തേട്ടായീടെ കരച്ചില് മമ്മി കേട്ടത്…”

അവളേ അപ്പോഴേക്കും പൂർണമായും സ്കോച്ച് പിടികൂടിയിരുന്നു! എന്റെ അടുക്കലേക്ക് പതിയെ പിച്ചവെച്ച് നടന്ന ശേഷം അവളെന്റെ വിരൽ മുറിവിനെ പരിശോധിച്ചുകൊണ്ട് വായിലിട്ട് നുണഞ്ഞു. അവളുടെ ചുണ്ടിൽ, ലിപ്സ്റ്റിക്കിന് തുണയായി എന്റെ രക്തവും പറ്റിപ്പിടിച്ചിരുന്നു.

“ മൂത്തേട്ടായീടെ വാറ്റിന്റെ അതേ ചൂരും ചൊവയും’’.

കണ്ണാടിക്കിടയിലൂടെ അവളെന്നെ തുറിക്കുന്നുണ്ടായിരുന്നു. ഉടനെ തിരിഞ്ഞ് വെപ്പുകാരനെ വിളിച്ചുവരുത്തി

“കാണി മുത്തേ… ഡൈനിങ്ങ് ഹാളിൽ പ്ലേറ്റ് വെച്ചേരെ… ഗസ്റ്റ്കളൊക്കെ ഇപ്പൊ കഴിക്കാനെത്തും…”

കാണിമുത്ത് ഊട്ടുപുരയിലേക്ക് ഓടി. ഞങ്ങളും മെല്ലെ അങ്ങോട്ടേക്ക് നടന്നു. അവൾ ടോർച്ചടിച്ച് ദൂരേക്ക് ചൂണ്ടി.

“അതാ പപ്പായും മമ്മായും നിന്നിരുന്ന വീട്… ഇപ്പൊ അവിടെ ആരുമില്ലാന്നേ… ആർക്കും വേണ്ടാതായപ്പോ ഞാനും ഇച്ചേച്ചിയും ഇതങ്ങ്‌ ഏറ്റെടുത്തു… അങ്ങനാ ഈ ട്രെക്കിങ്ങും ക്യാമ്പിങ്ങും ഒക്കെ പ്ലാനില് വരുന്നെ…”

വാഴയില പ്ലേറ്റിൽ വിരിച്ച ശേഷം അതിലേക്ക് കാണിമുത്ത് എല്ലും കപ്പേം വിളമ്പിയിരിക്കുന്നു. ഞാൻ അതുമായി ഊട്ടുപുരയുടെ പുറത്തേക്ക് നടന്നു. ഇരുട്ടിൽ, ദൂരെ തെളിയുന്ന ഇടിഞ്ഞമല തറവാട്ടിലേക്ക് കണ്ണ് കൊണ്ട് പരതി. കഥയിലെ പ്രധാന കഥാപാത്രമായ, ചതുപ്പു പോലെ വിടർന്ന, ചാണകക്കുഴി കാണണമെന്ന് ഒരു മോഹം… അപ്പോഴേക്കും അവളും പുറത്തേക്ക് വന്നു. ഞാൻ മുഴുവൻ ധൈര്യവും വീണ്ടെടുത്ത് കൊണ്ട് അവളോടായി:

‘‘ശരിക്കും നിന്റെ മൂത്തെട്ടായിക്ക് എന്താ പറ്റിയെ…”

എല്ലും-കപ്പയിൽ നിന്നും എല്ല് വകഞ്ഞു മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു അവൾ… എല്ലുകൾ മാത്രം പെറുക്കിയെടുത്ത് അതിലെ മജ്ജ വലിച്ചൂറ്റിയ ശേഷം എന്നെ ഒളികണ്ണിട്ട് നോക്കി.

‘‘നീ എന്നാ മണ്ടനാന്നോ? ഞാൻ വേതാളത്തെ കൂട്ട് ഇത്രേം പുരാണം പറഞ്ഞിട്ടും നെനക്ക് മനസിലായില്ലാന്ന് വെച്ചാ. ശരി പോട്ടെ, ബാക്കി കൂടെ പറയാം. ഇതെല്ലാം നടന്നേന് ശേഷം, ഞാനും ഇച്ചേച്ചിയും ഇടിഞ്ഞമലക്ക് പിന്നത്തെ ക്രിസ്മസിന് വന്നാരുന്നു. അന്നേരം പഴയ പ്രമാണിത്തം ഒക്കെ പോയി. പശുക്കളൊക്കെ ചത്തു. തോട്ടം മൊത്തം കാടു പിടിച്ചു. വൈകുന്നേരമാകുമ്പോ പപ്പായ്ക്ക് തെറിവിളിക്കാൻ ആളില്ലാതെ മുറ്റത്ത് ഒറ്റയ്ക്കിരുന്നു. ചാണാക്കുഴി വറ്റി വരണ്ടു. ക്രിസ്മസിന്റെ തലേ രാത്രി പാതിരാ കുറുബ്ബാന കൂടാൻ പപ്പായയും മമ്മിയും പോയപ്പോ, ഞാനും ഇച്ചേച്ചിയും ഒറങ്ങിയത് പോലങ്ങ് നടിച്ചു. ഞങ്ങൾ പതിവ് പോലെ വഴക്കായി, ഇച്ചേച്ചിയെന്നെ കാലേ വാരി ചാണാക്കുഴീലോട്ട് എറിഞ്ഞു. അത് വരണ്ടു കെടന്നത് എൻ്റെ ഭാഗ്യം. ഞാൻ വല്ലവിധേനേം വലിഞ്ഞ് കേറാൻ നോക്കുമ്പോ എൻ്റെ കയ്യേല് എന്നതാ തടഞ്ഞേന്ന് നെനക്ക് അറിയാവോ?’’
‘‘ഇല്ല’’.
‘‘ഒരു മുഴുത്ത വാരിയെല്ലാ’’.
“അത് വേറെ ആരുടേങ്കിലും ആയിക്കൂടെ?… ചെലപ്പോ വല്ലോ പശൂന്റെയോ പോത്തിന്റെയോ ആവാലോ?’’
‘‘ഒന്ന് പോടാ പൊട്ടാ… മൂത്തേട്ടായീടെ വിരിഞ്ഞ മാറിന്റെ അളവ് എനിക്ക് കാണാപ്പാഠവാ… ’’

അവൾ എല്ലുകളെ ഓരോന്നായി ചവച്ചരച്ചു. എന്റെ പ്ലേറ്റിൽ എല്ലും കൊഴുപ്പും കിഴങ്ങുമെല്ലാം അപ്പോഴും അനക്കമില്ലാതെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.

അത്താഴം കഴിഞ്ഞപ്പോൾ വെപ്പുകാരൻ മുത്ത് ഒരു ഇലയിൽ എല്ലും കപ്പയുമായി തറവാടിന്റെ ദിശയിലേക്ക് ഇരുട്ടിനെ വകഞ്ഞ് നടന്നു… എന്റെ കൂടെയുണ്ടായിരുന്നവർ ടെന്റുകൾ നേരെയാക്കുകയായിരുന്നു. ഞാൻ പുകച്ചു കൊണ്ട് തറവാടിന്റെ വശത്തേക്ക് തന്നെ നോക്കികൊണ്ടിരുന്നു. അവൾ പെട്ടെന്ന് എന്റെയടുക്കലേക്ക് വന്ന് സിഗ്രെറ്റ് കടം ചോദിച്ചു. ഞാൻ മടികൂടാതെ സിഗ്രെറ്റ് പകർന്നു കൊടുത്തു. അതിന്റെ പ്രത്യോപകാരമെന്നവണ്ണം, വെപ്പുകാരൻ കാണി മുത്ത് ഇലയും കൊണ്ട് ഈനേരത്ത് തറവാടിന്റെ ഭാഗത്ത് പോയതെന്തിന് എന്ന് അന്വേഷിച്ചു. അവൾ പുക എന്റെ മുഖത്തേക്ക് വലിച്ചൂതിയ ശേഷം, കണ്ണാടിക്കിടയിലൂടെ ചിരിച്ചു.

“മൊത്തോം അറിഞ്ഞാലേ ഇയാക്ക് ഒക്കത്തൊള്ളു അല്ലിയോ? ആഹ്, ഇത്രേം കേട്ടപ്പോഴും, എപ്പഴേലും നീ വിചാരിച്ചോ എന്തോകൊണ്ടായിരിക്കും അപ്പാപ്പന്റെ കുഴീലെ വെളക്ക് തൊട്ട് മൂത്തേട്ടായി വരെ ചാണാക്കുഴീല് ചെന്നെത്തിയേന്ന്?’’
“ഇല്ല’’

“ആഹ് ആരും ചിന്തിക്കത്തില്ല. അതറിയണേല് അപ്പാപ്പന്റെ കാലത്ത് പോണം. അപ്പാപ്പൻ ആള് ശൂരനും വീരനും ഒക്കെ തന്നെയാ. പക്ഷെ പുള്ളിക്കാരനൊരു മണ്ടത്തരം കാണിച്ചു. ആ വീടും പറമ്പും ഇരിക്കുന്ന സ്ഥലം, പാണ്ടിക്കാർടെ കയ്യീന്ന് എടുക്കുമ്പോ, അവരന്ന് ആരാധിച്ചോണ്ടിരുന്ന ‘ചുടല മറുത’യിരുന്ന തറയാ പുള്ളിക്കാരൻ കുഴികുത്തി ചാണാക്കുഴിയാക്കിയത്…”

സിഗരെറ്റിൻ പുക എന്റെ തലച്ചോറിനെ തിന്നാൻ തുടങ്ങിയിരിക്കുന്നു. എന്റെ താടിയിൽ കൈയ്യോടിച്ചു കൊണ്ട് അവൾ എന്നോട് ചോദിച്ചു: “ഇനി മോൻ പറ, ആരായിരിക്കും ശെരിക്കും ഇടിഞ്ഞമലേടെ കന്ദീശാ?”

ഞാൻ അവളുടെ കൈ വിടുവിച്ച് എൻ്റെ ടെന്റിലേക്ക് നടന്നു. ടെന്റിനുള്ളിൽ കയറി പുതപ്പു വിരിച്ച് ലൈറ്റ് ഓഫാക്കി കിടന്നു. അവളുടെ ശബ്ദം പുറത്ത് ഉയർന്നു കേൾക്കാമായിരുന്നു. അവൾ കാണിമുത്തുവിനോടായി അടുപ്പുകൂട്ടി ചെമ്പിൽ വെള്ളം വെക്കാൻ നിർദ്ദേശിച്ചു. നാളെ വരുന്നവർക്ക് എല്ലും കപ്പയും കൊടുക്കണമെന്നും, അതിനായി കുറഞ്ഞത് എല്ലുകൾ പതിനഞ്ച് മണിക്കൂറെങ്കിലും തളക്കണമെന്നും അയാളോടായി പറഞ്ഞു. കപ്പയുടെ കട്ട് കാരണമായിരിക്കാം, എന്റെ സ്വബോധം കൈവിട്ടു പോകുന്നതായി തോന്നിത്തുടങ്ങി. ആരോ വന്ന് കാലുകളിൽ അള്ളിപ്പിടിച്ച്, വലിച്ചിഴക്കുന്നതായി തോന്നി.

പിറ്റേന്ന് വൈകിട്ട് പുതുതായിയെത്തിയ അതിഥികൾ പതിവ് പോലെ ക്യാമ്പ് ഫൈറിന് ചുറ്റും നിരന്നു. സ്കോച്ച് കുപ്പിയുടെ തലകൾ കൊയ്തു. പാതിബോധത്തോടെ അവൾ അവരെ മാറി മാറി നോക്കിയ ശേഷം പുലമ്പിപ്പാട്ട് ആരംഭിച്ചു:

“ഇടിഞ്ഞമലേലെ പപ്പായ്ക്കും മമ്മായ്ക്കും മക്കള് രണ്ടാ…”

Comments