ചിത്രീകരണം: ദേവപ്രകാശ്

ഇലത്താളം

നി ടീച്ചറിന്റെ മടിയിൽ കരഞ്ഞു തളർന്നുകിടക്കുന്ന എന്റെ സഹപ്രവർത്തക മീരയും ഞാനും കുറച്ചു നാളുകളായി കടുത്ത പ്രണയത്തിലാണ്. മീരയുടെ ഭർത്താവ് കഴിഞ്ഞ രാത്രിയിൽ എട്ടുമണിക്കാണ് മരണപ്പെട്ടത്. വെള്ളംനിറച്ച മെത്തയിൽ പുഴുത്തുനാറിക്കിടന്ന അയാളൊന്ന് ചത്തുകിട്ടിയെങ്കിലെന്ന് എന്നെക്കാൾ അവളാണാഗ്രഹിച്ചിട്ടുള്ളത്. എന്നാലും ഒരു മരണവീട്ടിൽ ഈ രംഗങ്ങൾ ആർക്കും ഒഴിവാക്കാനാകില്ലല്ലോ.

മീരയുടെ നോട്ടങ്ങൾ എന്നിലേക്ക് വരുമ്പോഴെല്ലാം ആനിയുടെ കണ്ണുകൾ എന്റെ അരികിലിരിക്കുന്ന രാമചന്ദ്രൻ സാറിനോട് കൊരുക്കുന്നുണ്ട്. വെറും ആറദ്ധ്യാപകരും തൊണ്ണൂറ് പിള്ളേരുമുള്ള എൽ.പി സ്‌കൂളിലെ രണ്ട് ചേരിയാണവർ.

ആദ്യ ഒപ്പിട്ട നാളിൽ "നമ്മള ചെറുക്കനെ'ന്ന ലേബലൊട്ടിച്ച് രാമചന്ദ്രൻ, തൊട്ടടുത്തു കിടന്ന മരക്കസ്സേരയിൽ എന്നെ തറച്ചു. മീരയ്ക്കാണെങ്കിൽ ഒന്നു മുള്ളാനും ആനിയുടെ സമ്മതംവേണം. ഇനിയുള്ളത് എച്ച്.എം തങ്കമണിയും, സ്റ്റാഫ് സെക്രട്ടറി ധർമ്മനും. നിഷ്പക്ഷരായ ആ രണ്ടുപേരുടെ മുന്നിൽ മാറിമാറി ജയിക്കലാണ് സർവീസ് യുദ്ധത്തിലെ ലഹരി.

മീരയ്ക്ക് എന്നെക്കാൾ സർവീസും പ്രായവുമുണ്ടെങ്കിലും ആരുകണ്ടാലും നല്ല ചേർച്ചയാണ്. പ്രണയം നിറയ്ക്കാൻ ഞങ്ങൾ മുറിയെടുത്ത ലോഡ്ജുകളിലോ ഹോട്ടലിലോ ഒരാളുടെ കണ്ണും സംശയം നിറച്ച് വന്നിട്ടില്ല. ആനി-രാമചന്ദ്രൻ പോരിലാണ് പ്രണയത്തിനേറ്റ പരുക്കുകളെല്ലാം. ചിലപ്പോൾ ഇണചേരാൻ തുടങ്ങുമ്പോഴാകും ആനിഭൂതം ഫോണിന്റെ രൂപത്തിൽ കയറിവരുന്നത്. മീരയെന്നെ തള്ളിമാറ്റും, തർക്കിക്കാൻ തുടങ്ങും. കരയും. ബുദ്ധിയുള്ള ഞാൻ ആ തർക്കങ്ങളും മുറിയും തൽക്കാലത്തേക്കൊഴിയും. മീരയെ ഒരു തവണയെങ്കിലും കണ്ടാൽ നിങ്ങൾക്കതിന്റെ കാരണം മനസിലാകും.

ഒന്ന് കെട്ടിപ്പിടിക്കാൻ പാങ്ങില്ലാതെ, വർഷങ്ങൾ ഒരേ കിടപ്പിലായിരുന്നവൻ ചത്ത വീട്ടിൽ, യുവതിയും അതിസുന്ദരിയുമായ വിധവയുടെ കരച്ചിലിലേക്ക് ഉറ്റുനോക്കുന്നവരുടെ ആകുലതകൾ എന്തെല്ലാമാണ്.? ആനിയുടെ നോട്ടയുണ്ട രാമചന്ദ്രനിലേക്ക് തുരുതുരാ വരുന്നു. നേരിടാനായി രാമചന്ദ്രനിൽ പല്ലുകൾ ഞെരിഞ്ഞുള്ള പീരങ്കിശബ്ദവും കേൾക്കാം.

ഇന്ന് മരണം കാണാൻ വന്ന ഈ കൂട്ടത്തിൽ മീരയെ എന്നിൽ നിന്നും തട്ടിയെടുക്കാൻ പോന്നവരെക്കുറിച്ചായി എന്റെ ചിന്ത. പലപ്പോഴും ഒന്നിച്ചു മുറിയെടുത്തെങ്കിലും "ആ മനുഷ്യനിങ്ങനെ കിടക്കുമ്പോൾ ഞാനെങ്ങനെ..? 'ഇതും പറഞ്ഞ് മീര കരച്ചിലും തർക്കങ്ങളും തുടങ്ങും. ഇന്നുവരെ പൂർണ രുചിയുണ്ടായിട്ടില്ല. ഇനിയാണ് ആ വസന്തം. എന്റെ ചുണ്ടിൽ നിന്നും ചിരിയുടെ ഒരൽപ്പം തൂവിപ്പോയി. ആനിയുടെ കടുപ്പൻ നോട്ടം എന്റെ നേർക്കായി. മീരയെ അവർ ചേർത്തുപിടിക്കുന്നു. ചെവിയിൽ ആ രഹസ്യം പറയാനാഞ്ഞ രാമചന്ദ്രന്റെ വായ്‌നാറ്റം എന്റെ മൂക്കിലിരച്ചുകയറി.

"ഇനി ഈ വീട്ടിൽ ഇലത്താളമങ്ങ് മുറുകും, നാറ്റം പിടിച്ച ആ തടസം തീർന്നല്ലോ.' രാമചന്ദ്രൻ എന്നെ നോക്കി. അയാളുടെ താടിക്കും കട്ടിമീശയ്ക്കുമിടയിൽ പരിഹാസച്ചിരി മദംപൊട്ടി നിൽക്കുന്നു. വന്നകാലം മുതൽ അവരെ ഒന്നിച്ചു കാണുമ്പോഴെല്ലാം അയാളിൽ നിന്നും "ഇലത്താളമെന്നു' ഞാൻ കേൾക്കുന്നുണ്ട്, വായ്‌നാറ്റവും സഹിക്കുന്നുണ്ട്.

അവരെ സംശയിക്കാനും വകയുണ്ട്. മിക്ക സമയവും ലൈബ്രറിയിൽ കയറി വാതിലടച്ചിരിക്കും.? നെഞ്ചിടിപ്പോടെ വാതിലോളം ചെന്ന ഞാൻ മുക്കലും മൂളലും പൊട്ടിച്ചിരികളും കേട്ടിട്ടുണ്ട്. ഉച്ചനേരത്ത് ഊണുമായി കയറിയാൽ ക്ലാസിലെ പിള്ളേര് വീണ് നെറ്റി പൊട്ടിയാലും അവരെ കിട്ടില്ല. ശുചിമുറിയുടെ മുന്നിലും ആനിക്ക് കാവൽ നിൽക്കുന്ന മീരയെ ഞാൻ കളിയാക്കും. ഞാനെത്ര നിർബന്ധിച്ചാലും രാമചന്ദ്രൻ ഒന്നും തെളിച്ചു പറയില്ല. ആ താളം നേരിട്ട് കാണിച്ചു തരാമെന്ന് തോളിൽ കൈയിട്ട് ഉറപ്പുതരും. ആനിയുടെ സ്‌കൂട്ടറിൽ മീര കെട്ടിപ്പിടിച്ചിരിക്കുന്നത് കാണുമ്പോൾ എനിക്കും ചിലതൊക്കെ തോന്നും.
രാമചന്ദ്രന് വായ്‌നാറ്റമുള്ള കാര്യം പറയാൻ എനിക്ക് ഭയമാണ്. അയാൾ ചെയ്യുന്ന പലതിനോടും എനിക്കെതിർപ്പുണ്ട്. തോളിൽ വീഴുന്ന ആ കൈ തട്ടി മാറ്റാൻ എത്രയോ ആഗ്രഹിച്ചതുമാണ്. പക്ഷേ എന്തോ എനിക്കാകുന്നില്ല. ആനിയുടെ നാല് എ രജിസ്റ്റർ എന്നെക്കൊണ്ടാണ് എടുപ്പിച്ചത്. അയാളത് കത്തിച്ചു കളഞ്ഞു. തങ്കമണിയും ആനിയും അതിന്റെ പേരിൽ കൊമ്പുകോർത്തു. രാമചന്ദ്രന്റെ പിന്നിലിരുന്നാണ് എന്റെ വരവും പോക്കും. ഞങ്ങളെപ്പറ്റിയും അവരങ്ങനെ ചിന്തിക്കുന്നുണ്ടോ.?

ഇനിയും പറയാൻ ബാക്കിയെന്ന് വായ്‌നാറ്റത്തിന്റെ അകമ്പടിയിൽ രാമചന്ദ്രൻ വീണ്ടും ചാഞ്ഞു. ഞാൻ കണ്ടില്ലെന്ന ഭാവത്തിലിരുന്നു. അയാൾ പിൻവാങ്ങി. കവിളിൽ പല്ലു കടിക്കുന്ന മുഴ.

"നമുക്ക് പോകാം, സ്‌കൂളും പിള്ളേരും ഒറ്റയ്ക്കല്ലേ'ന്ന് എച്ച്.എം തങ്കമണിയുടെ സൂചന. മീരയുടെ അരികിലേക്ക് യാത്രചോദിക്കാൻ നടന്ന സ്റ്റാഫ് സെക്രട്ടറി, ധർമ്മന്റെ ചെവിയിൽ ആനി എന്തോ പറഞ്ഞു. പോകാമെന്ന പച്ച സിഗ്നൽ ധർമ്മന്റെ മുഖത്ത്. എഴുന്നേറ്റ് നിന്ന എന്നോട് "നിനക്കിപ്പോൾ സന്തോഷമായില്ലേന്ന്' മീരയുടെ തലയുർത്തൽ. എന്റെ തോളിലൂടെ കൈയിട്ട് രാമചന്ദ്രൻ നടക്കാൻ തുടങ്ങി.

സ്‌കൂൾ വാനിനുള്ളിലെ നിശബ്ദതയെ രാമചന്ദ്രൻ തമാശപ്പടക്കമിട്ട് വിരട്ടുന്നു. പ്രവർത്തി സമയവും വകുപ്പുതല ഭൂതങ്ങളും ചേർന്ന് പണി തീർക്കുമോന്നുള്ള ആകുലതയിൽ റോഡിന്റെ തിരക്കും മീശക്കാരൻ ഡ്രൈവറുടെ കിതപ്പും മാത്രം ശ്രദ്ധിക്കുന്ന തങ്കമണി. ഭർത്താവ് കട്ടിലൊഴിഞ്ഞ വകയിൽ ഇനി ഹോട്ടലിലൊന്നും മുറിയെടുക്കേണ്ടി വരില്ലല്ലോ, ഹോംലീരുചി. മീരയുടെ വീട്ടിൽ ഞാൻ കട്ടിലിട്ടു. ആ സ്വപ്ന പദ്ധതികളെ രാമചന്ദ്രന്റെ തോണ്ടലുകൾ ഉടയ്ക്കുന്നുണ്ട്. മരണ വീട്ടിലേക്ക് വണ്ടിവിട്ടത്, സ്‌കൂളിന്റെ പേരെഴുതിയ റീത്ത്, പൊന്നാട, ഫലകം കണക്കുകൂട്ടലുകളിൽ ധർമ്മ ചിന്തകളെല്ലാം മുറുക്കിച്ചുവന്ന് തുപ്പിപ്പോവുന്നുണ്ട്.
നാളെ നടക്കാനിരുന്ന ആനി ടീച്ചറിന്റെ വിരമിക്കൽ ചടങ്ങിനെക്കുറിച്ച് രാമചന്ദ്രൻ ആകുലപ്പെട്ടത് എന്നെ ഞെട്ടിച്ചു. വാക്കുകൾ മനുഷ്യരെ എത്ര വിശുദ്ധരാക്കുന്നു. മുറുക്കാൻ തുപ്പിയിട്ട് പറയാനൊരുങ്ങുന്ന ധർമ്മനിലേക്കായി ഞങ്ങളുടെ ശ്രദ്ധ. "ആനിയും മീരയും വരും. ചടങ്ങ് പറഞ്ഞപോലെ നടക്കും..' രാമചന്ദ്രന്റെ നെറ്റിയിൽ ചുളിവ്.

"എന്തൊരു പെണ്ണുങ്ങളെടെ? ഒരുത്തൻ ചത്ത് തലയ്ക്ക് മുകളിൽ നിൽക്കുമ്പോഴും....' എന്റെ ചെവിയിയിലേക്ക് രാമചന്ദ്രൻ പ്രതിഷേധങ്ങൾ ഉരുക്കി ഒഴിച്ചു. വണ്ടിക്കുള്ളിൽ വഴിതെറ്റിക്കയറിയ കാറ്റ് വായ്‌നാറ്റത്തിനെ അടിച്ചോടിച്ചു.
ഒരു കടയുടെ മുന്നിൽ വണ്ടി നിന്നു. ധർമ്മനും തങ്കമണിയും ഒരേ വേഗത്തിൽ ഇറങ്ങിപ്പോയി.

"അവളുമാർ അതിനെ കൊന്നതായിരിക്കും...' ആനിയ്ക്ക് യാത്രയയപ്പ് കിട്ടരുതെന്ന് രാമചന്ദ്രൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. പിന്നെയും കുറേ വാക്കുകൾ വായ്‌നാറ്റത്തിലൂടെ കുഴഞ്ഞുവീണു. കാറ്റോ ഇറങ്ങിപ്പോയവരോ വരുന്നുണ്ടോന്ന് ഞാൻ നോക്കി. മീശക്കാരൻ ഡ്രൈവർ ദേഷ്യത്തിന്റെ ഹോണ് മുഴക്കി. അയാൾക്ക് ഈ യാത്ര ഒട്ടും പിടിച്ചിട്ടില്ല. ചെറിയ ശമ്പളത്തിന് വിരമിച്ച പട്ടാളക്കാരൻ പീക്കിരി പിള്ളേരെയും ചുമന്നോടുന്ന കാര്യം രാമചന്ദ്രനെ ഒഴിവാക്കാനായി ഞാൻ ചിന്തിച്ചു.
ആനി ടീച്ചറിന്റെ പടം പതിപ്പിച്ച ഫലകം തങ്കമണി എനിക്ക് തന്നു. പൊന്നാട വച്ചിരുന്ന തുണിക്കടയുടെ പേര് ധർമ്മൻ ഉറക്കെ വായിച്ചിട്ട് കണക്ക് കാണിക്കുമ്പോൾ സംശയിക്കരുതെന്ന് സമ്മതിപ്പിച്ചു. "ഇരുപത്തിനാല് വർഷത്തെ സ്തുത്യർഹമായ.. 'എന്റെ ആനിസ്തുതി ഇഷ്ടമായില്ലെന്ന് രാമചന്ദ്രന് ചുണ്ടിന്റെ കോണലും പല്ലുകടിയുടെ കൂനയും. വണ്ടിയും രാമചന്ദ്രനും കാർക്കിച്ചു, കഫവും കറുത്തപുകയും രണ്ടാളും തുപ്പി.

ആകെ പത്തോളം ആളുകൾ പങ്കെടുക്കുന്ന ആ ചടങ്ങിൽ എനിക്ക് നന്ദിയുടെ റോളാണ്. രാമചന്ദ്രന്റെ ആശംസ ഇപ്പഴേ മൂർച്ചയായിട്ടുണ്ടാകും. ഗേറ്റിന്റെ മുന്നിൽ വാൻ നിന്നു. തങ്കമണി ഓടിച്ചെന്ന് ഓഫീസിന് മുന്നിൽ തൂങ്ങി നിന്ന പരന്ന കല്ലിൽ വകുപ്പതല ഭൂതങ്ങൾക്കായി നാലിന്റെ മുഴക്കം ചുട്ടു. പീക്കിരി പിള്ളേര് കൊക്കരിച്ചുകൊണ്ട് പാഞ്ഞു. ഇത്തിരിയെണ്ണം വാനിനുള്ളിൽ കയറിയിരുന്നു. മീശക്കാരൻ ഡ്രൈവർക്ക് സന്തോഷമായി, ഹോണിന് പാട്ടിന്റെ താളം. പിള്ളേർക്ക് നിലക്കാത്ത ചിരിയും. പിള്ളേരാകും പഴയ പട്ടാളക്കാരന്റെ ലക്ഷ്യം.
ഫലകവും പൊന്നാടയും മേശയിൽ വച്ചിട്ട് ഒപ്പിടുന്ന എന്നോട് തങ്കമണി ചിരിച്ചു. അവരുടെ കീഴ്ത്താടിയിലെ കാക്കപ്പുള്ളിയിൽ വളർന്നു നിന്ന ഒറ്റയാൻ നരച്ച മുടിയെ ഞാൻ നോക്കി. "ആനി ടീച്ചറിന്റെ ലൈബ്രറി ചാർജ്ജ് സാറേറ്റെടുക്കണം...' നരച്ച മുടി പിഴുതെടുക്കാനുള്ള തങ്കമണിയുടെ ശ്രമങ്ങൾ വിജയിച്ചു. മേശയിലിരുന്ന ലൈബ്രറിയുടെ താക്കോൽ പാതി മനസോടെ ഞാനെടുത്തു.
കോഴിക്കുഞ്ഞിനെ റാഞ്ചുമ്പോലെ എന്നെയുംകൊണ്ട് രാമചന്ദ്രൻ ലൈബ്രറിയിലേക്ക് നടന്നു. തുറക്കാൻ മടിച്ച വാതിലിൽ രാമചന്ദ്രൻ ഒരു ചവിട്ട്. "അവളുമാർ ലൈറ്റൊന്നും കത്തിക്കൂല, ഇരുട്ടിലാ പണികൾ...' സ്വിച്ച്‌ബോർഡിൽ രാമചന്ദ്രന് പീയാനോയുടെ താളം. ഉറക്കത്തിലിരുന്ന പുസ്തകങ്ങൾ കണ്ണുപുളിച്ച് നോക്കി. കടന്നുകയറ്റം ഇഷ്ടമായില്ലെന്ന് ഫാനിന്റെ പിറുപിറുക്കൽ. സംശയിച്ചു നിന്ന എന്നോട് അയാൾ ആ രഹസ്യം വെളിപ്പെടുത്തി "ഇതിനകത്താണ് നിന്നെ കാണിക്കാനുള്ള ഇലത്താളം'

രണ്ടുബെഞ്ചുകൾ ചേർത്തിട്ട് കിടക്കപോലെ ഒരുക്കിയിട്ടുണ്ട്. തലയിണയുടെ ഭാഗത്ത് തടിച്ച പുസ്തകങ്ങൾ. ഒരുങ്ങാനുള്ള കുറച്ച് സാധനങ്ങൾ, മടക്കിവച്ച മഞ്ഞ സാരി. മീരയുടെ ജന്മനാളിൽ ഞാൻ സമ്മാനിച്ചതാണ്. അവളത് ഉടുത്തിട്ടില്ല. നാല് ഏയുടെ പുതിയ രജിസ്റ്റർ, ഡസ്റ്റർ, റബ്ബർ ബാന്റ് ചുറ്റിയ ചൂരൽ. ഇനിയും രജിസ്റ്ററിൽ ചേർക്കാത്ത പുസ്തകങ്ങളുടെ കുഞ്ഞൻ മലകൾ.
ചുവരിൽ തലകൾ ചാരിയിരുന്നതിന്റെ എണ്ണമയം. ഒന്ന് മുകളിൽ മറ്റേത് താണത്. മുന്നിൽ ഒരു വലിയ കണ്ണാടി. അതിൽ ആ തലപ്പാടുകൾ. അടച്ചു വച്ചിരിക്കുന്ന കൂജ ഉണങ്ങിയ മുല്ലപ്പൂക്കൾ. കഴിഞ്ഞ ദിവസം അതും രഹസ്യമായി മീരയ്ക്ക് കൊടുത്തതാണ്, അവളത് ചൂടിയില്ല.

"നീ എന്താ ഈ നോക്കുന്നത്, ഇതാണ് സ്‌പോട്ട്. നാളെ ഇവിടെയിട്ട് അവളുമാരെ നമ്മള് തീർക്കും.' രാമചന്ദ്രൻ ജനാലയുടെ കൊളുത്തുകൾ അഴിച്ചെടുക്കുന്നു. ഇയാളെന്താണ് ഉദ്ദേശിക്കുന്നത്.? എനിക്കവരെ കൊല്ലാനുള്ള പകയൊന്നുമില്ല. മീരയ്ക്ക് മുല്ലപ്പൂവ് കൊടുത്ത ദിവസം ലൈബ്രറിയുടെ മുന്നിൽ ചാരിനിർത്തി ആനി എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജനാലയുടെ ഇളകാൻ മടിക്കുന്ന പാളിയിൽ തലയിണ വച്ചിരുന്ന തടിയൻ പുസ്തകമെടുത്ത് രാമചന്ദ്രൻ ഇടിക്കുന്നു.
"ആ വാനാറിയുടെ വാക്കുംകേട്ട് എന്റെ കൊച്ചിനെ മണപ്പിച്ചുവന്നാൽ കൊല്ലും നായേ..' ആനിയുടെ പാതിയേ ഞാനുള്ളു, കഴുത്തിലെ പിടുത്തം മുറുകി. ഞാൻ ചുമച്ചുപോയി. തല കുനിഞ്ഞു നിന്ന മീരയെ ഇനി ശല്യം ചെയ്യില്ലെന്ന് സമ്മതിപ്പിച്ച് മാപ്പും പറയിച്ചിട്ടാണ് വിട്ടത്.

വൈകിട്ട് തന്നെ ഫോണിലൂടെ മീര ഒരുപാട് കരഞ്ഞു. എന്റെ പിണക്കങ്ങളും മാറി. മുല്ലപ്പൂചൂടാൻ ലൈബ്രറിയിൽ കയറിയ മീരയെ ആനി തല്ലിയിരുന്നു. കരച്ചിലോടെ മീര തന്ന ഉമ്മകളും, "നായേ'ന്നുള്ള വിളിയും എന്റെ ഉള്ളിലിപ്പോഴും മുഴങ്ങുന്നുണ്ട്. അന്നുമുതൽ ആനിക്കെന്തെങ്കിലും രോഗം വന്നു കാണാൻ ആഗ്രഹിച്ചിട്ടുണ്ട്. സർവീസിൽ നിന്ന് പിരിയുന്ന ദിവസം കൂട്ടിനോക്കിയിട്ടുണ്ട്.
വെളിച്ചവും കരച്ചിലുമുണ്ടാക്കി ജനാലയുടെ പാളി തുറന്നു. രാമചന്ദ്രൻ തടിച്ച പുസ്തകം ഇരുന്ന ഭാഗത്തുതന്നെ വച്ചു. ആ പാളി പതിയെ ചാരി, വെളിച്ചത്തിന്റെ ഒരു വരയേ ഇനി ബാക്കിയുള്ളൂ.

"നീ അങ്ങോട്ട് ചാരിയിരിക്ക്' ലൈബ്രറിയുടെ പുറത്തേക്ക് നടക്കുമ്പോൾ രാമചന്ദ്രൻ എന്നോട് വിളിച്ചു പറഞ്ഞു. ചുവരിലേക്ക് ചാരി മീരയുടെ എണ്ണമയത്തിൽ ഞാൻ തല ചേർക്കാൻ ശ്രമിച്ചു. "അല്പം ഇടത്തോട്ട്' ജനാലയിലൂടെ നോക്കുന്ന രാമചന്ദ്രന് ആനിയുടെ തലപ്പാടാണ് ലക്ഷ്യം. ഞാൻ ഇരുന്നുകൊടുത്തു. തലയ്ക്ക് മുകളിൽ കറുത്ത ഗോളം പോലുള്ള ആ പാട് മുന്നിലെ കണ്ണാടിയിൽ കാണാം.
പുറത്തു നിന്നും ജനാലയുടെ പാളി തുറന്നു. വെളിച്ചത്തിനേക്കാൾ വീര്യമുള്ള രാമചന്ദ്രന്റെ ചിരി, കൈയിൽ കറുത്ത ഒരു ഫോണിന്റെ ഒറ്റക്കണ്ണ്. "നീ ഇങ്ങുവാടാ..' ഞാൻ നിരങ്ങി ഇറങ്ങുമ്പോൾ കരിഞ്ഞ മുല്ലപ്പൂക്കൾ നിലത്തേക്ക് വീണു. ഫോണും തന്നിട്ട് രാമചന്ദ്രൻ ആനിയുടെ തലപ്പാടിന്റെ ഭാഗത്ത് ചെന്നിരുന്നു.

"കിട്ടുന്നുണ്ടോടാ.?.' ഞാൻ തല കുലുക്കി. രാമചന്ദ്രൻ വെളിച്ചം മുഴുവൻ കെടുത്തി. അടുത്ത ചോദ്യം "ഇപ്പഴോ..?' ഇരുട്ടിലും ഒപ്പിയെടുക്കാൻ കഴിയുന്ന ഫോണായിരുന്നു അത്.

"കേറി വാടാ..' രാമചന്ദ്രന്റെ സ്വരം രഹസ്യമായി. "നാളെക്കഴിഞ്ഞാൽ അവളുമാരെ ഒന്നും ചെയ്യാനൊക്കൂല, കൂടുതലൊന്നും ചിന്തിക്കാതെ വീട്ടിൽച്ചെന്ന് ഈ ഫോണില് വീഡിയോ പിടിക്കാൻ പഠിക്ക്. മറ്റവള് തനി പെഴയാണ്, നാളെ നിനക്കത് മനസിലാവും. ഈ പ്രായത്തിനാവശ്യമുള്ളത് ഇതിലുണ്ട്..' രണ്ട് വിരലിൽ പുത്തൻ ഫോണിനെ കറക്കി, എന്റെ മുന്നിൽ വച്ചിട്ട് രാമചന്ദ്രൻ ലൈബ്രറിക്ക് പുറത്തിറങ്ങി.
ലൈബ്രറി പൂട്ടി, താക്കോൽ പതിവ് സ്ഥലത്ത് തൂക്കി ഇറങ്ങുമ്പോഴേ വിറ തുടങ്ങി. രാമചന്ദ്രൻ എന്നെ വീട്ടിന് മുന്നിലിറക്കിയിട്ട് രഹസ്യം പറയാൻ ചാഞ്ഞു വന്നു. എനിക്കിപ്പോൾ അയാളുടെ വായ്‌നാറ്റം തിരിച്ചറിയാൻ കഴിയുന്നില്ല. "എടാ, നിനക്ക് നല്ല വായ്‌നാറ്റമുണ്ട്, ഉമ്മ വയ്ക്കാൻപോലും പെണ്ണുങ്ങള് സമ്മതിക്കൂല..' എന്റെ നേർക്ക് ഒരു ചിരി ബാക്കിയാക്കി അയാൾ ഓടിച്ചുപോയി.

കുളിമുറിയിൽ ഷവറും തുറന്നിട്ട് മാറിനിന്നു. കഴിഞ്ഞ തവണ മലമുകളിലെ റിസോട്ടിൽ ഷവറും തുറന്നിട്ട് നിലത്തിരുന്ന് കരഞ്ഞ മീരയെ ഓർമ്മവന്നു. കിടക്കാൻ പോകുന്നതിനിടയിൽ മൂന്നോ നാലോ തവണ ആനിയുടെ വിളികൾ. ആനിയമ്മ, ആനിയമ്മ രണ്ട്, ആനിയമ്മ എയർടെൽ. ആ ഫോണെടുത്തു നോക്കാൻ തോന്നിയില്ല. സ്‌ക്രീനിൽ, അവർ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം. അവൾ ഫോണിൽ സംസാരിക്കുമ്പോൾ എന്റെ വായ പൊത്തിപ്പിടിച്ചു.
കുളിക്കാൻ തോന്നിയില്ല, വായ്‌നാറ്റമറിയാൻ കൈയിലേക്ക് ഊതി. പല്ലു തേച്ചു, കുലുക്കുഴിഞ്ഞ് തുപ്പി. വിളമ്പാൻ അടുത്തു വന്ന അമ്മയിൽ നിന്നും വായ മാറ്റിപ്പിടിച്ചു. ഫോണിലേക്ക് രാമചന്ദ്രന്റെ സന്ദേശം വന്നു വീണു. "നമ്മളെ സാധനം ഫുൾ ചാർജ്ജാക്കി വച്ചോ, വായ്‌നാറ്റത്തിന് ഏലക്ക നല്ലതാ' വായിൽ വന്ന തെറിയും ദേഷ്യവും ചേർത്ത് ചപ്പാത്തിച്ചുരുളിൽ കടിച്ചു.

ചാർജറിൽ നിന്നൂരിയെടുക്കുമ്പോൾ ഫോണിന് വല്ലാത്തൊരു ചൂട്, ലൈറ്റ് കെടുത്തി മുറിയാകെ വീഡിയോയിൽ ഒപ്പിയെടുത്തു. ചീവിടിന്റെ പശ്ചാത്തലഗാനത്തിൽ മുറിയുടെ ചലത്ചിത്രം. നാളെ ഒപ്പിയെടുക്കാനുള്ള രംഗങ്ങൾ ഏകദേശം ഊഹിക്കാൻ കഴിയും. ഫോണിന്റെ ഫോൾഡർ നിറയെ അശ്‌ളീല വീഡിയോകൾ. രണ്ടു പെണ്ണുങ്ങൾ ഇണചേരുന്ന രംഗങ്ങൾ. ആനിയും മീരയുമെന്ന് ഭാവന ചെയ്ത് അതും നോക്കിയിരുന്നു.. "ആനിടീച്ചർ എനിക്കാരാന്നറിയോ..?.' മീര കരച്ചിലിന്റെ വക്കിൽ നിന്ന് എന്നോട് എത്രയോ തർക്കിച്ചതാണ്. ചുണ്ടിൽ ഉമ്മ വയ്ക്കാൻ ഏറെ ഇഷ്ടമുള്ള മീര, എനിക്ക് വായ്നാറ്റമുണ്ടെങ്കിൽ തുറന്നു പറയുമായിരുന്നല്ലോ.?

പൊട്ടിയൊലിക്കുന്ന ഭർത്താവിനെ വെള്ളക്കിടക്കയിൽ മാറ്റാനും കുളിപ്പിക്കാനും ഒരു സഹായിയെ ചോദിച്ചാണ് മീരയും ഞാനും സൗഹൃദം തുടങ്ങിയത്. "എന്റെ അമ്മ ഉണ്ടാക്കുന്നതിന് വല്ലാത്ത രുചി'യെന്ന് ഓരോ തവണ ഭക്ഷണത്തിന് വരുമ്പോഴും അവൾ പറയും. മീരയുടെ വീടിന് മലവും അയാളുടെ തെറികളും കുഴഞ്ഞ ഗന്ധമാണ്. അവിടെ ഉണ്ടാക്കിയവ കൊണ്ടുവന്ന് തിന്നുന്നതും കരയുന്നതും അമ്മ അവളെ ആശ്വസിപ്പിക്കുന്നതും കാണാം. അമ്മയോട് അവൾ കഥകൾ പറയുമ്പോൾ ആദ്യമായി കേൾക്കുന്ന ഭാവത്തിൽ ഞാനിരിക്കും.
"ഞാനാണെങ്കിൽ വല്ല വിഷവും വാങ്ങിക്കൊടുത്ത് ആ പട്ടിയെ എന്നേ കൊല്ലുമായിരുന്നു.'
മരുന്നു കുപ്പികൊണ്ടെറിഞ്ഞ് മീരയുടെ നെറ്റി പൊട്ടിച്ച അയാളുടെ കഥ കേട്ടിട്ട് അമ്മ പ്രതികരിച്ചതാണ്.

അതിരാവിലെ രാമചന്ദ്രന്റെ ബൈക്ക് പരദൂഷണവുമായി ഗേറ്റിന് മുന്നിലെത്തി. ക്‌ളീൻ ഷേവും പുതിയ മുണ്ടും ഉടുപ്പും. നരച്ച മുടികളെ കറുപ്പുടുപ്പിച്ചിട്ടുണ്ട്. ചിരിയിൽ വിജയിയുടെ ഭാവം. വണ്ടിയിൽ കയറുന്നതിന് മുൻപേ ഫോൺ വാങ്ങി തൊണ്ണൂറിന് മുകളിലെ ചാർജ് ഉറപ്പിച്ചു.

"നിനക്ക് പേടിയുണ്ടാടാ? എന്റെ ഫോണാണ്, സിമ്മും എന്റെത്. എനിക്ക് വിറയുണ്ട് അല്ലെങ്കിൽ ഞാൻ തന്നെ... ഇതിൽ എന്തുവന്നാലും ഞാനേറ്റ്..' സ്‌കൂളുവരെ ഞങ്ങളൊന്നും മിണ്ടിയില്ല.

"ലൈബ്രറി ചുവരിലെ നമ്മളെ സ്‌കൂളിന്റെ പേരു സഹിതം അവളുമാരുടെ ഇലത്താള വീഡിയോ പിടിച്ചു തന്നാ മതി, രണ്ടും കൂടെ തൂങ്ങിച്ചാവുന്ന പണി ഞാനൊപ്പിച്ചോളാം 'ഓഫീസിന് മുന്നിൽ വച്ച് അയാളെന്റെ ചെവിയിൽ വീണ്ടും തീ കോരിയൊഴിച്ചു.

പിള്ളേരില്ലാത്ത സ്‌കൂള് മിണ്ടാതിരിക്കുന്നു. വരാന്തയിലിട്ടിരുന്ന ബെഞ്ചിൽ ആനിയുടെ തോളിൽ ചാരിയിരിക്കുന്ന മീര. രണ്ടാൾക്കും ഇളം നീലയിൽ വെള്ളപ്പൂക്കളുള്ള സാരി. രണ്ടാളുടെ തലയിലും മുല്ലപ്പൂക്കൾ. മേശവിരിപ്പും ഫലകവും പൊന്നാടയുമായി നടക്കുന്ന എന്റെ നേർക്ക് മീരയുടെ ക്ഷീണിച്ച നോട്ടം. തന്റെ ശത്രു ഒടുവിലെ ഒപ്പും ഇട്ടെന്നുറപ്പിച്ച് രാമചന്ദ്രൻ. ചൂലുമായി തങ്കമണി, മേശയും കസേരകളും ഒരുക്കുന്ന ധർമ്മൻ. കളർച്ചോക്കിട്ട് രാമചന്ദ്രൻ ബോർഡിൽ ആനിക്ക് അന്ത്യാഞ്ജലികളെഴുതുന്നു. ധർമ്മന് ബാനറിന്റെ ചെലവു ചുരുക്കിയ ചിരി. ഫലകവും പൊന്നാടയും മേശയിൽ വച്ചു. ഫോണിൽ ചിത്രങ്ങൾ പകർത്തി. ചാർജ് തീർക്കരുതെന്ന് രാമചന്ദ്രന്റെ താക്കീത്.

ഒന്നിച്ച് നടന്നതെല്ലാമോർത്ത് തങ്കമണി കണ്ണുകൾ തുടച്ചിരുന്നു. ശവപ്പെട്ടിയുടെ ആകൃതിയുള്ള വാക്കുകളായിരുന്നു രാമചന്ദ്രന്റേത്. വെറും നാലുവരിയിൽ പിശുക്കി ധർമ്മന്റെ ആശംസ വാക്യം. പൊന്നാട അണിയിക്കുമ്പോൾ രാമചന്ദ്രൻ എന്റെ നേർക്ക് നോക്കി. ഫോണിൽ ആ രംഗം ഞാൻ ചിത്രമാക്കി.
വിതുമ്പലടക്കുന്ന മീരയെ ചേർത്തുനിർത്തി ആനി മറുപടി ആരംഭിച്ചു. കസേര അല്പം പിന്നിലേക്ക് നീക്കി, എന്റെ തോളിലൂടെ കൈയിട്ട് രാമചന്ദ്രൻ നിവർന്നിരുന്നു. കവിളിൽ പല്ലു കടിക്കുന്നതിന്റെ മുഴ ഉയർന്നുവരുന്നു. വായിലിട്ടിരുന്ന ഏലക്കയിൽ കടിച്ച് ഞാനും മുഴകളുണ്ടാക്കി.

പോക്കറ്റിലിരുന്ന ഫോണിൽ ഞാൻ തൊട്ടു. രാമചന്ദ്രന്റെ അടഞ്ഞ ചുണ്ടിലെ ചിരി കാണാം. മീരയെ തൊട്ടടുത്ത കസേരയിലിരുത്തി ആനി, ഭൂതകാലം ഓർമ്മിക്കുകയാണ്. എല്ലാവരോടും ക്ഷമയും നന്ദികളും. രാമചന്ദ്രൻ ഒന്ന് തുമ്മി, ആനി പെട്ടെന്ന് നിർത്തി. നന്ദിയിൽ നിന്ന എന്നോട് ആനി ചിരിക്കാൻ ശ്രമിച്ചു. ആ മുറിയിൽ ആനിയും മീരയും ബാക്കിയായി. മീരയെ ആനി പൊന്നാട അണിയിച്ചു. ജനാലയിലൂടെ ആ രംഗം നോക്കിയിട്ട് എന്റെ ചെവിയിൽ രാമചന്ദ്രൻ ഇലത്താളമെന്ന് ചിരിച്ചു.

ശമ്പളബില്ലിന്റെ പേരിൽ ട്രഷറി വഴി വീട്ടിലെത്താൻ ധർമ്മൻ രണ്ടാമത്തെ ഒപ്പിട്ടു. നാലുവരെ ഓഫീസിനെ അനാഥനാക്കാൻ തങ്കമണിക്ക് കഴിയില്ല. മുൻ കവാടത്തിന്റെ ഇടതുവശത്ത് മീരയും ആനിയും ഒരു ചെമ്പകം നടാനുള്ള ശ്രമത്തിലാണ്. രാമചന്ദ്രൻ അവിടേക്ക് ചെന്നു. തൈ നടാൻ കുന്തിച്ചിരുന്ന പെണ്ണുങ്ങൾ നെഞ്ചുപൊത്തി വയറിലേക്ക് സാരി വലിച്ചിട്ടു. കണ്ണിനേറ്റ അടിയുമായി "നാളെക്കാണാമെന്ന്' ഉറക്കെ വിളിച്ചു പറഞ്ഞിട്ട് ബൈക്കിനെ എഴുന്നേല്പിക്കുന്ന രാമചന്ദ്രൻ, ആ പെണ്ണുങ്ങളെ ഒന്നുകൂടെ നോക്കി. ചെമ്പകച്ചോട്ടിലും അയാളുടെ നോട്ടത്തിലും മണ്ണുവാരിയിടാൻ മീരയോട് പറയുന്ന ആനി.
"സ്വർണ ചെമ്പകാ, നല്ല മണമാണ്. 'ബക്കറ്റിൽ വെള്ളവുമായി ചെന്ന എന്നോട് ആനി ചിരിച്ചു. വെള്ളം അവർ ഒന്നിച്ചൊഴിക്കുന്നു. മീരക്ക്, "ഞാനിപ്പോൾ കരയുമേ'ന്നുള്ള ഭാവം. ഫോണിൽ വീണ രാമചന്ദ്രന്റെ മെസ്സേജ് ഞാൻ വായിച്ചു. അവർ ലൈബ്രറിയുടെ വരാന്തയിലെത്തിയെന്ന് മറുപടി അയച്ചു. ചെമ്പകത്തിന്റെ ചുവട്ടിൽ നാലഞ്ച് ഇഷ്ടികയിൽ ഞാനൊരു തടമുണ്ടാക്കുന്നത് അവർ നോക്കി നിന്നു. ലൈബ്രറിയുടെ വാതിൽ തുറക്കുന്ന ശബ്ദം. ഉള്ളിലേക്ക് ഇഴഞ്ഞു കയറുന്ന ഇളംനീല സാരികളുടെ അറ്റം.

ചെമ്പകം വളർന്നു പൂവിടുന്നതും സ്‌കൂളിൽ മണം നിറയുന്നതും ആ നില്പിൽ ഞാൻ കിനാവ് കാണുകയായിരുന്നു. "ഇലത്താളം തുടങ്ങിയോടാ..?' അടുത്ത മെസ്സേജ് വന്നു. പൂച്ചത്താളത്തിൽ ലൈബ്രറിയുടെ പിന്നിലേക്ക് നടന്നു. പാതി ചാരിയ ജനാലയിലൂടെ അകത്തേക്കു നോക്കി. സ്വന്തം തലയടയാളങ്ങളെ പൂരിപ്പിച്ച് ചാരി ഇരിക്കുകയാണവർ. കൈകൾ കോർത്തു പിടിച്ചിട്ടുണ്ട്. മറ്റേ കൈകളിൽ ഒരേ നോവലിന്റെ രണ്ടു കോപ്പികൾ. ആനി ഉറക്കെ വായിക്കുന്നു. മീര, കൈപ്പൂട്ടിൽ ഉമ്മ വച്ച് നെഞ്ചിൽ ചേർത്തുപിടിക്കുന്നു. അടുത്ത ഭാഗം മീര വായിക്കുന്നു. അവൾക്ക് ശബ്ദമിടറി.

വായന നിന്നു. ആനി മീരയുടെ നെറ്റിയിൽ ഉമ്മ വയ്ക്കുന്നു. കരച്ചിലടക്കാൻ ആനിയുടെ വയറ്റിൽ മുഖം പൂഴ്ത്തുന്ന മീര. നോവലുകളെ മുകളിലും താഴെയുമായി ഇണകളെപ്പോലെ ആനി ചേർത്തുവച്ചു. തന്റെ നെഞ്ചിലേക്ക് മീരയെ വലിച്ചു കിടത്തി. അവരുടെയും നോവലുകളുടെയും കിടപ്പുകളിപ്പോൾ തുല്യം. എനിക്ക് വിയർക്കാൻ തുടങ്ങി.

വിതുമ്പലുകൾ. ആനി പാട്ട് മൂളുന്നു. മീരയുടെ കരച്ചിൽ പതിയെ തോരുന്നു. "എന്തിനാ കരഞ്ഞത്. പുഴുത്ത് കിടന്നത് കഴിഞ്ഞില്ലേ, വായ്ക്ക് രുചിയായി ഇനി വല്ലതും വച്ചുതിന്നാല്ലോ? പ്രേമം തടയാനും ഞാനിനിയില്ലല്ലോ..?' കെട്ടിപ്പിടിച്ചു കിടന്ന പുസ്തകങ്ങളെ തള്ളി നിലത്തേക്കിട്ട്, മുട്ടിൽ മുഖം പൂഴ്ത്തി മീര പിണങ്ങിയിരുന്നു.
ആനി മീരയെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതും, അവളതിനെ എതിർക്കുന്നതും കണ്ടിട്ടെനിക്ക് ചിരി വന്നു. ആനി പിന്നെയും പാടുന്നു. മീര ആനിയിലേക്ക് ഇഴഞ്ഞു കയറാൻ ശ്രമിക്കുന്നു. മുന്നിലെ കണ്ണാടിയിലേക്ക് ആനി ചൂണ്ടുന്നു. കണ്ണാടിയിൽ പെണ്ണിണകൾ. മീരയുടെ മുഖത്ത് നാണം.
മീരയുടെ മുഖത്തെ ചിരി ആനിക്കും പകർന്നു. ചുണ്ടുകൾ പരസ്പരം ചിരികളെ ഒപ്പിയെടുക്കാൻ ശ്രമിക്കുന്നു. അത്രയും സുന്ദരമായ ഒരു ചുംബനം ഈ ഭൂമിയിലുണ്ടായിട്ടില്ലെന്ന് എനിക്കു തോന്നി. ലൈബ്രറി നിറയെ മുല്ലപ്പൂവിന്റെയും ചുംബനത്തിന്റെയും ഇടകലർന്ന മണം. വെളിച്ചം!

രണ്ട് പെണ്ണുങ്ങൾ ചുംബിക്കുമ്പോഴും ഈ ലോകം മാറുന്നുണ്ട്. ഒരു കാറ്റ് ജനാലയുടെ പാളി ചാരിക്കൊടുത്തു. അതോ ഞാനാണോ അങ്ങനെ ചെയ്തത്..?
അവരിറങ്ങി വരുന്നതും കാത്ത് ചെമ്പകത്തിന്റെ സമീപത്ത് നിൽക്കുകയായിരുന്നു ഞാൻ. എനിക്ക് ആനിയോട് ക്ഷമ പറയണം. പാഞ്ഞു വന്ന രാമചന്ദ്രൻ എന്റെ തോളിൽ കൈയിട്ടു. ഞാനത് തട്ടിമാറ്റി. അയാൾ ഫോണ് തട്ടിപ്പറിച്ചു. ഉള്ള് മുഴുവൻ തിരഞ്ഞിട്ട് എന്നെ തെറി വിളിക്കുന്നു. ചെമ്പകം പിഴുതെടുക്കാൻ തുടങ്ങിയപ്പോൾ ഞാനെതിർത്തു. തമ്മിൽ ഉന്തുംതള്ളലുമായി. എന്റെ ഉടുപ്പ് കീറി.
ആ ഫോണ് ഞാൻ വലിച്ചെറിഞ്ഞതാണോ? രാമചന്ദ്രനെ തല്ലിയോ? എന്തൊക്കെയാണ് സംഭവിച്ചത്? തങ്കമണിയുടെ നിലവിളികൾ. ആളുകൾ ഓടി വരുന്നു. രാമചന്ദ്രന്റെ ബൈക്ക് അതാ പോകുന്നു. ഞാൻ കൈയിലേക്ക് ഊതി വാസനിച്ചു. ഇല്ല! അയാൾ കളവു പറഞ്ഞതാണ്, എനിക്ക് വായ്‌നാറ്റമില്ല. ഏലയ്ക്കായുടെ ചണ്ടി ഞാൻ തുപ്പി. "പോടാ വാനാറീ...' ധൈര്യത്തോടെ, അയാൾ പോയ ദിക്കിലേക്ക് ഉറക്കെ വിളിച്ചുകൂവി. എനിക്ക് ചിരി വന്നു. ലൈബ്രറി അടഞ്ഞു കിടക്കുന്നു.

ഞാൻ അവിടേക്ക് നടന്നു. "കയറി വരൂ..' ആനിയുടെ ക്ഷണം. മഞ്ഞ സാരിയുടുത്ത മീരയാണ് വാതിൽ തുറന്നത്. രജിസ്റ്ററിൽ ചേർക്കാനുള്ള പുസ്തകങ്ങളിൽ ചാരി, ഞാൻ നിന്നു. എനിക്ക് ദാഹിച്ചു. കൂജയിലിരുന്ന വെള്ളത്തിലേക്ക് ആനി വിരല് ചൂണ്ടി, ഞാൻ നിറയെ കുടിച്ചു. തണുപ്പ്..! എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. അവർ വായിക്കുന്നതും കേട്ട് ഞാനങ്ങനെ കുറേനേരം നിന്നു. ▮


കെ. എസ്. രതീഷ്

കഥാകൃത്ത്, അധ്യാപകൻ. പാറ്റേൺലോക്ക്, ഞാവൽ ത്വലാഖ്, ബർശല്, കബ്രാളും കാശിനെട്ടും, കേരളോൽപത്തി, പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments