ഹുസ്ന റാഫി

ഇന്തോള ചരിതം

ട്ടൂപ്പച്ചായന്റെ റബ്ബർ തോട്ടത്തിലെ പൊട്ടക്കിണ റ്റിൽ വീണ് ഇന്തോളൻ മരിക്കും വരെ അങ്ങേരുടെ ഭാര്യ ചെന്താരപൂർണ ഗർഭിണിയാണ്. പത്ത് വർഷം മുമ്പ് തുടങ്ങിയ ഗർഭകാലം അവസാനിച്ചത് ഇന്തോളന്റെ ചളിയിൽ പൊതിഞ്ഞ ശവം ഇട്ടൂപ്പിന്റെ തോട്ടത്തിൽ മണ്ണിട്ട് മൂടിയപ്പോഴാണ്.പത്ത് വർഷത്തെ ഗർഭകാലമോ? കേൾക്കുന്നവർക്ക് അതിശയം തോന്നാം.

ചെന്താരയുടെ വർഷങ്ങൾനീണ്ട ഗർഭകാലത്തിന്റെ കഥ തുടങ്ങുന്നത് ലോകഭൂപടത്തിൽ അടയാളപ്പെടുത്താൻ മറന്ന ഒരു പ്രദേശത്താണ്. തിരിച്ചറിയൽ രേഖയില്ലാത്ത, തങ്ങൾ ഏത് രാജ്യത്താണ് ജീവിക്കുന്നത് എന്നറിയാത്ത ഒരു കൂട്ടം മനുഷ്യർക്കിടയിലാണ് ഇന്തോളനും ചെന്താരയും ജീവിച്ചു പോന്നത്.

നാലു മലകളാൽ ചുറ്റപ്പെട്ട നാട്. മലകൾക്ക് മുകളിൽ ചെന്ന് നിന്നാൽ ആകാശം കൈകൊണ്ട് തൊടാമെന്ന് തോന്നും. സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും ആ മലകളുടെ ഉച്ചിയിൽ തന്നെ. രാത്രി നക്ഷത്രങ്ങൾ ആകാശത്തുനിന്ന് വേരറ്റ് മലമുകളിൽ പൂത്തുലയും.

നക്ഷത്രപ്പൂക്കൾ കൊണ്ട് വസന്തം തീർക്കുന്നൊരു നാട് ലോകഭൂപടം വരച്ചയാൾ എന്തേ അടയാളപ്പെടുത്തൻ മറന്നു?. മലയ്ക്കപ്പുറം കാടാണ്. നാട്ടിൽ ജീവിക്കുന്നവർക്കല്ലേ അത് കാടാണ് എന്നറിയൂ, അവർക്കത് വിശപ്പ് മാറ്റുന്ന ഫലങ്ങളുള്ള, ഇറച്ചിക്കൊതി മൂക്കുമ്പോൾ ചുട്ട് തിന്നാൻ മൃഗങ്ങളെ കിട്ടുന്ന, മാറാത്ത വേദനകൾക്ക് മരുന്ന്പകരുന്ന ആശ്വാസകേന്ദ്രമാണ്.

കാടിനപ്പുറമൊരു ലോകമുണ്ടെന്ന് കണ്ടെത്തിയത് ഇന്തോളനാണ്. നക്ഷത്രം പൂക്കുന്ന മലയ്ക്ക് താഴെയുള്ള മണ്ണിന് തിളക്കമുണ്ടെന്ന് തിരിച്ചറിഞ്ഞതും അയാൾ മാത്രമാണ്.

'ചെന്തരെ, ഈ മണ്ണിൽ സ്വർണം ഉണ്ടെടീ. ഇവിടെ ഉള്ളവർക്ക് അത് തിരിയത്തോണ്ടാണ്. ഈ മലക്കും കാടിനും അപ്പുറത്ത് നമ്മൾക്കറിയാത്ത ഒരു ലോകമുണ്ട്. കണ്ണ ഞ്ചിപ്പിക്കുന്നൊരു ലോകം, അടുത്ത അമാവാസിക്ക് നമുക്കാ മണ്ണെടുത്ത് ഇവിടെനിന്ന് പോകണം'

ആകാശത്ത് നക്ഷത്രങ്ങൾ പൂക്കാൻ മറന്നൊരന്തിക്ക് ഇന്തോളൻ തിളങ്ങുന്ന മണ്ണ് കിളച്ചെടുത്തു. ചെന്താരക്കൊപ്പം പൊറുതി തുടങ്ങിയ കാലം മുതൽ ഒന്നിച്ചു പുതക്കാറുള്ള നരച്ച മുണ്ടിൽ മണ്ണ് പൊതിഞ്ഞെടുത്ത് അവളുടെ വയറിനുമുകളിൽ കെട്ടിവെച്ചു.

അന്ന്, ആകാശം കറുത്ത ആ രാത്രിയിൽ ഉള്ളിൽ ഒരു ഉണ്ണി കുരുക്കുന്ന കിനാവ് പേറുന്ന ചെന്താര തിളങ്ങുന്ന മൺതരികളെ ഗർഭം ധരിച്ചു. പൂർണ ചന്ദ്രൻ ഉദിച്ച രാവിലാണ് തീവണ്ടികളുടെ ചൂളംവിളി കേട്ടുണരുന്ന മറ്റൊരു നാട്ടിൽ അവരത്തുന്നത്. തീവണ്ടിക്കിതപ്പുകൾക്കുപുറകിൽ പല വർണങ്ങളിലുള്ള ടാർപ്പായ വലിച്ചു കെട്ടിയ കൂടുകളുണ്ട്, അതിൽ ആളൊഴിഞ്ഞ ഒരു കൂട്ടിലിരുന്ന് അവർ പൊന്നിൻ കിനാവുകൾ നെയ്യാൻ തുടങ്ങി.

നേരം പുലർന്നാൽ അയാൾ നിറവയറുള്ള ചെന്താരയുടെ കൈപിടിച്ച് മണ്ണിൽ നിന്ന് സ്വർണം അരിച്ചെടുക്കാനുള്ള വിദ്യ തേടി അലയും.

‘ഈ മണ്ണിനു പകരം നിക്കൊരു ഉണ്ണീനെ ചൊമക്കണം’, അയാൾ തിരിഞ്ഞു കിടന്നുറങ്ങുന്ന രാത്രികളിൽ അവൾ കണ്ണ് നിറക്കും.

അന്നാ മണ്ണിന്റെ തിളക്കം കണ്ടതിൽ പിന്നെ ഇതിയാ ന്റെ ഉള്ളിലെ ആൺപിറന്നോൻ ചത്തു പോയെന്ന് പരിതപിക്കും.

ആകാശത്തു കറുത്ത പുകച്ചുരുളുകൾ കണ്ട ഒരു ദിവസം. തീവണ്ടികൾ കിതച്ചുനിൽക്കാതെ പാളം ശൂന്യമായ ദിവസം. ചുറ്റും നടക്കുന്നത് എന്താണെന്ന് ചെന്താരക്ക് മനസ്സിലായില്ല. ആളുകൾ ചിതറി ഓടുന്നുണ്ട്.

‘കഴിഞ്ഞ ആഴ്ച ഇവിടുള്ള ഒരു നേതാവിനെ ആരോ കുത്തിക്കൊന്നു. അപ്പൊ മുതൽ തുടങ്ങിയ പ്രശ്നമാണ്’, പച്ച ടാർപായക്കുള്ളിൽ ചുരുണ്ടു കിടക്കുന്ന സ്ത്രീ പറഞ്ഞു.

രാഷ്ട്രീയക്കാർ കൂടു നഷ്ടപ്പെട്ട തേനീച്ചകളെപ്പോലെ റെയിൽവേസ്റ്റേഷനുചുറ്റും മൂളി പറക്കുന്നുണ്ട്.

'രാഷ്ട്രീയം, നേതാവ്…’

മലകളുടെ നാട്ടിൽ നേതാവ് സൂര്യനാണ്. രാഷ്ട്രീയമെന്നാൽ രാവും പകലും.

പതിയെ പതിയെ ഓരോരുത്തരായി തങ്ങളുടെ ഭാണ്ഡക്കെട്ടുകളും പേറി നടന്നു തുടങ്ങിയിരുന്നു.

'ഇവിടെനിന്ന് പോകാം'
'എങ്ങോട്ട്’
ഈ മണ്ണിൽ നിന്ന് സ്വർണം അരിച്ചിടുക്കുന്ന വിദ്യ തിരിയും വരെ എങ്ങോട്ടെന്നില്ല. അതിനു ശേഷം,
'ശേഷം?’
ഇന്തോളാൻ മറുപടി പറഞ്ഞില്ല. അയാളുടെ കണ്ണുകൾ ചിരിക്കുന്നത് ചെന്താര കണ്ടു. അവൾ അയാൾക്ക് പുറകെ നടന്നു. മണ്ണിനു പകരം ഉണ്ണിയെ ഗർഭം ചുമക്കുന്ന 'ശേഷം’ കാലം കിനാവ് കണ്ടു.

കാക്കിയുടുപ്പിട്ട് രണ്ടുപേർ അവരെ ഉറക്കെ വിളിച്ചപ്പോഴാണ് ചെന്താര ഉണ്ണിക്കിനാവിൽ നിന്നുണർന്നത്. അവർ ഇന്തോളനെ ചോദ്യം ചെയ്യുന്നു. ബലമായി അവരുടെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നു.

'ചെന്താരെ ഓടിക്കോ, എന്റെ നിധി കാത്തോണേ'.
ചെന്താര ഓടി, എന്തിനാണ് ഓടുന്നത്, അറിയില്ല. ഇന്തോളൻ പറഞ്ഞു, ഓടി.

ചെന്താരായുടെ വയറിനു മുകളിലെ നിധിക്കെട്ടഴിഞ്ഞു. കാലുകൾക്കിടയിലൂടെ തിളങ്ങുന്ന മണ്ണ് ഊർന്നിറങ്ങി. മാസമെത്താതെ ചാ പ്പിള്ളയെ പ്രസവിച്ച പെണ്ണിനെപ്പോലെ അവൾ ചങ്ക്പൊട്ടിക്കരഞ്ഞു. തിളങ്ങുന്ന മൺതരികൾ തുണിയിൽ പൊതിഞ്ഞു ചുമക്കണമെന്നുണ്ട്. അയാൾക്ക് കൊടുത്ത വാക്കാണ്. ചെന്താര പെറ്റിട്ട മൺതരികൾക്ക് അപ്പോഴേക്കും ചോരയുടെ നിറമായിരുന്നു.

ഇന്തോളന്റെ കഥയിലേയ്ക്ക് ഇട്ടൂപ്പ് എത്തുന്നത് ഭാര്യ റാഹേലമ്മക്ക് വേണ്ടിയാണ്.
'റാഹേലമ്മ’ എഴുപതാം പിറന്നാൾ കഴിഞ്ഞ് പണ്ട് അപ്പനുള്ള കാലത്ത് ഈട്ടിത്തടിക്കൊണ്ട് പണിയിപ്പിച്ച ഊഞ്ഞാലിൽ ഓർമ്മകൾ അയവിറക്കി ഒന്നാടി. പിന്നീട് ഐ.സി.യുവിൽ വെച്ച് കണ്ണ് തുറക്കുമ്പോൾ റാഹേലമ്മക്ക് വയസ്സ് 'രണ്ട്', രണ്ട് വയസ്സുകാരീടെ ബുദ്ധി, കുറുമ്പ്, പാപ്പം കുടിക്കാനുള്ള കരച്ചിൽ.

വയ്യാത്ത റാഹേലമ്മയെ നോക്കാൻ ആളെ തപ്പി നടക്കുമ്പോൾ ആണ് ചെന്താരയെ കണ്ടുമുട്ടുന്നത്.

താമസിക്കുന്ന സ്ഥലം ഇട്ടൂപ്പ് ചോദിച്ചപ്പോൾ അവൾ റയിൽവെ സ്റ്റേഷന്റെ പുറകിലേയ്ക്ക് ചൂണ്ടി. അവിടെയാണ് പണ്ടുതൊട്ടേ എന്ന് കള്ളം പറഞ്ഞു. നക്ഷത്രം പൂക്കുന്ന മലകളുള്ള നാടും, അവിടത്തെ തിളങ്ങുന്ന മണ്ണിനെ ഗർഭം ചുമന്നതും മിണ്ടിയില്ല. കെട്ട്യോനെ ആരോ പിടിച്ചോണ്ട് പോയെന്ന് മാത്രം ഇട്ടൂപ്പിനോട് പറഞ്ഞു.

ഇട്ടൂപ്പ് ചെന്താരയെ വീട്ടിലേയ്ക്ക് കൂട്ടി. ഇന്തോളൻ വരുന്നത് വരെ തങ്ങാൻ ഒരിടം എന്ന് അവളും കരുതി.

ചെന്താര റാഹേലമ്മയെ പൊന്നു പോലെ നോക്കി. പാപ്പു ചോദിച്ചവർ കരയുമ്പോൾ ചെന്താരയുടെ ഗർഭപാത്രം വിങ്ങും. പെറാത്ത പെണ്ണിന്റെ മാറിൽ ചോര കല്ലച്ച് വേദനിക്കും. ഒരിക്കൽ ചെന്താരയുടെ ചുരക്കാത്ത മുലകൾ റാഹേലമ്മ ഞൊട്ടി നുണയുന്നത് ഇട്ടൂപ്പ് കണ്ടു.

ചെന്തര അയാൾക്ക് മുന്നിൽ തലകുനിച്ചു നിന്നു. അവളുടെ കണ്ണ് ചുരന്നൊഴുകി. കണ്ണീരിന് പാലിന്റെ നിറം. റാഹേലമ്മ പാപ്പു ചോദിച്ചു കരയാത്ത ദിവസങ്ങൾ അവളെ അസ്വസ്ഥമാക്കി.

'പത്ത് മാസം നിന്നെ ചുമക്കാൻ പാട് ഇല്ലായിരുന്നല്ലോ പെണ്ണെ… ഇപ്പോ നിന്റെ കുരുത്തക്കേട് കൊണ്ടാണ് ഞാൻ തോറ്റു പോയത്’ എന്ന് റാഹേലാമ്മയുടെ ചുളിഞ്ഞ കവിളിൽ ഉമ്മ വെച്ച് ചെന്താര കൊഞ്ചിപ്പറയും.

ഒരു വൈകുന്നേരം ഇട്ടൂപ്പ് ടൗണിൽ പോയി വന്നപ്പോൾ കൂടെ ഇന്തോളനും ഉണ്ടായിരുന്നു. അയാൾ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കടയുടെ നിലം തുരക്കുന്നത് ഇട്ടൂപ്പ് യാദൃച്ഛികമായാണ് കണ്ടത്. അയാൾ 'ചെന്താര’ എന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അത് ഇന്തോളനാണെന്ന് ഇട്ടൂപ്പ് ഊഹിച്ചത്. അയാളെ കൊണ്ടുപോയവർ എന്ന് വിട്ടെന്നോ എത്ര ദിവസം അയാൾ അവരുടെ കൂടെ ഉണ്ടായെന്നോ ഒന്നും അയാൾക്കിപ്പോ ഓർമയില്ല.

ഓർമയുള്ളത് മൂന്നു കാര്യങ്ങൾ.
അയാൾ ഇന്തോളൻ, കൂടെ പൊറുത്ത പെണ്ണ് ചെന്താര, അവളുടെ വയറിനുമുകളിൽ അയാൾ കെട്ടിവെച്ചുപോയ നിധി.

'വയറെയെന്തിയേടീ' ചെന്താരയെ കണ്ട പാടെ അയാൾ ബഹളം വെച്ചു. അയാൾ പറയുന്നത് ഭ്രാന്തന്റെ വെറും ജൽപ്പനങ്ങളായെ ഇട്ടൂപ്പിന് തോന്നിയുള്ളൂ.

ചെന്താരയെപ്പോലെ റാഹേലമ്മയെ പരിചരിക്കാൻ ആർക്കും കഴിയില്ലെന്ന് മനസ്സിലാക്കിയ ഇട്ടൂപ്പ് അയാളുടെ വീടിനോട് ചേർന്ന് പഴയ കളപ്പുരയിൽ അവരെ താമസിപ്പിച്ചു. ചെന്താരയുടെ ഒഴിഞ്ഞ വയറു കാണുമ്പോൾ അയാളിലെ വിഭ്രാന്തി കൂടി. അവൾ അയാൾക്ക് വേണ്ടി ഇട്ടൂപ്പിന്റെ തൊടിയിലെ മണ്ണ് കിളച്ചെടുത്ത്, രണ്ടാമത് ഗർഭം ധരിച്ചു. കാലത്ത് റാഹേലമ്മയെ നോക്കാൻ പോകുമ്പോൾ അഴിച്ചുവെക്കുന്ന ഗർഭം വൈകീട്ട് തിരികെ വീട്ടിൽ എത്തുമ്പോൾ കെട്ടിവെക്കും.

ഇന്തോളൻ അറ്റം കൂർത്ത കമ്പുകൊണ്ട് കാവി അടർന്ന നിലം തുരക്കും.

'ഇതിനടിയിലെ മണ്ണിന് തിളക്കമുണ്ടെടീ’, ചെന്താര തിരികെ വരുമ്പോൾ അയാൾ ആവേശത്തോടെ പറയും. അവളുടെ നിറവയറിൽ ഉമ്മവെക്കും.
'നീ എന്റെ നിധി കാത്തോളണേ’, കാലത്ത് ചെന്താര ഇട്ടൂപ്പിന്റെ വീട്ടിൽ പോകുമ്പോൾ അയാൾ വിളിച്ചു പറയും.

പാതിരാത്രി എണീറ്റ് ഇന്തോളൻ കരയും. ഭൂമിയിലെ എല്ലാ ജീവികളുടെ കരച്ചിലും അയാളുടെ തൊണ്ടയിലൂടെ പെയ്യും. ഒരിക്കൽ റാഹേലമ്മക്ക് പാപ്പം കൊടുക്കുമ്പോൾ പുറത്ത് ഇന്തോളന്റെ കരച്ചിൽ കേട്ടു. ചെന്ന് നോക്കുമ്പോൾ ഒരു വെള്ളപ്പൂച്ച പേറ്റ് നോവുകൊണ്ട് പുളയുന്നു. രണ്ട് ദിവസം മുമ്പ് ചുമരിൽ തലയിടിച്ചു ഇന്തോളാൻ അങ്ങനെ കരഞ്ഞിരുന്നു. അയാൾക്ക് ഭൂമിയിലെ എല്ലാം കരച്ചിലും അറിയാം. ഉള്ളിലെ ഗർഭപാത്രം വിങ്ങുമ്പോൾ നെഞ്ചിൻകൂട് തുരന്നു പുറത്തേക്കൊഴുകുന്ന ചെന്താരയുടെ കരച്ചിലൊഴികെ.

തണുത്തുറഞ്ഞ ഒരു രാത്രിയിൽ ഞാൻ കരയും പോലെ കരയെന്നും പറഞ്ഞ് പാതി വെന്ത വിറകെടുത്ത് ചെന്താര അയാളെ തല്ലി. പിറ്റേന്ന് റാഹേലമ്മയെപ്പോലും മറന്ന് ഇരുളും വരെ അയാളെ കൂട്ടിപിടിച്ചുകിടന്നു.

ചില സന്ധ്യകളിൽ ഇന്തോളൻ പെട്ടെന്ന് അപ്രത്യക്ഷമാകും. രണ്ടുദിവസം മണ്ണ് കെട്ടിവെച്ച വയറുമായി ഉറങ്ങാതെ ചെന്താര അയാളുടെ കരച്ചിലിനു കാതോർക്കും.

മൂന്നാം ദിവസം പഴം തുണിയിൽ മണ്ണ് നിറച്ചു തോളത്ത് കെട്ടി ഇന്തോളനെ തിരഞ്ഞിറങ്ങും . ഏതെങ്കിലും കുന്നിൽ ചെരുവിൽ മണ്ണ് കിളക്കുന്ന അയാളെ കാണും. തോളിൽ കെട്ടിവെച്ചത് ഗർഭപത്രത്തിലേയ്ക്ക് ഊർന്നുവീഴും. ചെന്താരയുടെ നിറവയറു കാണുമ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങും. അനുസരണയുള്ള കുട്ടിയായി അയാൾ അവൾക്ക് പുറകെ വീട്ടിലേയ്ക്കു നടക്കും.

കുരുത്തോലപ്പെരുന്നാൾ പത്തെണ്ണം കഴിഞ്ഞിട്ടും, ഒരു ഓശന ഞായറാഴ്ച റാഹേലമ്മ പാലിന്റെ മണമുള്ള വെളുത്തപൂവായി സ്വർഗത്തിൽ പൂത്തിട്ടും, റാഹേലമ്മയുടെ കട്ടിലിൽ ഇട്ടൂപ്പച്ചായന്റെ ബാല്യം തുടങ്ങയിട്ടും, മണ്ണിന് പകരം ഉണ്ണിയെപ്പേറി നടക്കുന്നത് ചെന്താരയുടെ കിനാവ് മാത്രമായി അവശേഷിച്ചു.

ഇട്ടൂപ്പിന്റെ പൊട്ടകിണറ്റിലെ ചളിയിൽ ഇന്തോ ളചരിതം അവസാനിക്കുന്നതിന്റെ തലേ രാത്രി ചെന്താരയുടെ മണ്ണുറഞ്ഞ അടിവയറിമ്മേൽ മുഖമുരസി അയാളൊരു രഹസ്യം പറഞ്ഞിരുന്നു.

"ആ ഇട്ടൂപ്പൊരു ഭൂതമാണ് പെണ്ണേ, നിധി കാക്കുന്ന ഭൂതം’’.


Summary: Inthola Charitham, Malayalam Short Story written by Husna Rafi published in Truecopy webzine packet 268.


ഹുസ്ന റാഫി

കഥാകാരി. തേമിസ്, വാർസ് ഓഫ് ദി റോസ്സസ് എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments