ചിത്രീകരണം : ഷാഹിന

ഇരട്ട

ഒന്ന്

""രാവിലെ അഞ്ചേമുക്കാല് തൊട്ട് അലാറമടിച്ച് തുടങ്ങും.
സ്‌നൂസ് ചെയ്ത് സ്‌നൂസ് ചെയ്ത് എഴുന്നേക്കുമ്പോ സമയം ആറു മണിയാവും. ഫ്രെഷായി പല്ലേപ്പും കഴിഞ്ഞുവന്ന് അരിക്കൊള്ള വെള്ളം വെയ്ക്കും. കൂടെ മൊട്ട വേവിക്കണം. അത് ഇൻഡക്ഷൻ സ്റ്റൗവ്വില് വെച്ചാ മതി. പതിനഞ്ച് മിനുട്ട് അതിൽ സമയം സെറ്റ് ചെയ്താ, തന്നെ ഓഫായിക്കോളും. അപ്പഴേക്കും പ്രവീൺ എഴുന്നേക്കും. ഗേറ്റ് തൊറക്കും. അത് കേക്കണ്ട താമസേ ഉള്ളൂ ഹിറ്റു വാലാട്ടി വന്നോളും. രണ്ടുപേരും കൂടെ പാലിന്റെ കുപ്പി എടുത്ത് പൊറത്ത് വക്കും. പേപ്പർ വെരാൻ വൈകണത് എന്താന്ന് നോക്കി ചെടി നനക്കും. പേപ്പർ വന്നു കഴിഞ്ഞാ കുടിക്കാൻ ചൂടുവെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞ് രണ്ടു ഗ്ലാസിലാക്കി ഞാൻ ഉമ്മറത്ത്ക്ക് ചെല്ലും. പിന്നെ അവിടിരുന്നാണ് മൂന്നു പേരുടേം പത്രം വായന. അത് കഴിഞ്ഞാ രണ്ടിനേം കൊണ്ട് അടുക്കളയിലേക്ക് പോണം. പച്ചക്കറി നുറുക്കാനുണ്ടാവും. ഹിറ്റു അവിടെയെങ്ങാനും കിടന്ന് നടന്നോളും.

അരിക്കുള്ള വെള്ളം തെളച്ചുകാണും അപ്പഴേക്കും. അരി കഴുകി ഇടും.
പച്ചക്കറി അരിഞ്ഞു കഴിയുമ്പോ പിന്നെ ചപ്പാത്തിക്ക് കുഴക്കണം, അത് പ്രവീണിന്റെ പണിയാണ്. ഞാനപ്പോ കറി വെക്കും. ഞങ്ങള് പണിയെല്ലാം പപ്പാതിയാണ്. ഇതിന്റെ ഇടയിൽ മോൻ ചെലപ്പോ എണീക്കും. എണീറ്റില്ലേൽ അവനെ ഹിറ്റു എണീപ്പിച്ചോളും. തലേസം കഴുകി വച്ച പാത്രങ്ങൾ എടുത്ത് വയ്ക്കൽ ഉണ്ട്. അതാരേലും സൗകര്യം പോല്യാണ് ചെയ്യാറ്. പ്രവീൺ ചപ്പാത്തി പരത്തുമ്പോ ഞാൻ കറി വക്കും. മോൻ പിന്നെ അവന്റെ കാര്യങ്ങൾ എല്ലാം, തന്നെ ചെയ്‌തോളും. അവനെ അതൊക്കെ പഠിപ്പിച്ചിട്ട്‌ണ്ടേ. ഞാൻ കുളിക്കാൻ കേറുമ്പോ പ്രവീൺ ഫ്രൂട്‌സ് ചെത്തും.

എന്റെ കുളി കഴിഞ്ഞ് വന്നാ അവൻ കുളിക്കാൻ പോകും. അപ്പോ ടിഫിൻ എല്ലാം പാത്രങ്ങളിലാക്കണം. കഴിക്കാൻ ഭക്ഷണം മേശയിലേക്ക് എടുത്ത് വയ്ക്കും. ഭക്ഷണം കഴിഞ്ഞ് മോൻ സ്‌കൂളിൽ പോവും. ഞങ്ങൾ ജോലിക്കും പോവും. പിന്നെ വൈന്നേരമാണ് കാണ. വന്നു കഴിഞ്ഞാൽ സോഷ്യൽ മീഡിയ, വാർത്ത, ഫ്രണ്ട്‌സ്, ടിവി. മോനെ പഠിപ്പിക്കും ഇടക്ക്. രാത്രിഫുഡ് മിക്കവാറും ചപ്പാത്തി തന്നെ ആവുള്ളൂ. അതാ പതിവ്. അല്ലെങ്കിൽ പുറത്ത് നിന്ന് എന്തേലും വാങ്ങും. മടിയാണേൽ. ചെല രാത്രീല് ഇരുന്ന് സിനിമ കാണും. ക്ഷീണം കാരണം മിക്ക പടോം മുഴുവനാക്കാറില്ല. ഇത്ര ഒക്കെ ആണ് ഒരു ദിവസത്തിന്റെ ഏകദേശ രൂപം. പിന്നെ വീക്കെന്റ് ഫ്രണ്ട്‌സ് ആയി ഒരു കൂടൽ, ഒരു കറക്കം. ഇതൊക്കെ പതുക്കെ പഠിച്ച് എടുക്കാവുന്നതേ ഉള്ളൂ. ഞാനിപ്പോ ആക്‌സിഡന്റ് കഴിഞ്ഞ് വരുന്ന ആളായാണല്ലോ അവതരിപ്പിക്കപ്പെടാൻ പോകുന്നത്. റെസ്റ്റ് ആയിരിക്കും. ഈ കാര്യങ്ങൾ ഒക്കെ ചെയ്യാനും പഠിക്കാനും സാവകാശം കിട്ടും. പേടിക്കാനില്ല.''

ഡോക്ടർ ഫോണിലെ റെക്കോർഡർ പോസ് ചെയ്തു.

""ഓക്കെ. ഇനി നിങ്ങളെ പറ്റി പറയൂ''

""എന്നെക്കുറിച്ച് പറയാണെങ്കിൽ ഞാൻ ഭയങ്കര ദേഷ്യക്കാരിയാണ്. എന്നാ വേഗം കരയും. പക്ഷെ പ്രവീൺ അതേ പോലെന്നെ സമാധാനപ്രിയനാണ്. അതാന്ന് തോന്നുണു ഞങ്ങളിത്ര ചേർന്നു പോണത്. എനിക്ക് വൃത്തിയും അടുക്കും ചിട്ടയും ഒക്കെ പ്രധാനമാണ്. അവനാണേല് എടുത്ത സാധനം എടുത്ത സ്ഥാനത്ത് വയ്ക്കാൻ അറിഞ്ഞൂട. സാധനങ്ങൾ വാരി വലിച്ചിടണതാണ് ഇഷ്ടം. എത്ര കിണുക്ക് കിട്ടിയാലും പഠിക്കില്ല. ഏതേലും ഒരു ദിവസം എല്ലാങ്കൂടെ അടക്കിപ്പെറുക്കും. അതും കൂട്ടുകാർ ആരേലുമൊക്കെ വരുന്നുണ്ടെന്ന് അറിഞ്ഞാ. കുട്ടിക്കാലത്തെ കഷ്ടപ്പാട് കാരണമാണോന്നറിയില്ല പൈസ പിടിച്ചു ചെലവാക്കുന്ന സ്വഭാവമാണ്. ബയോ പച്ചക്കറി സ്‌കാം ആണെന്ന് പറയും. അത് വാങ്ങണ ദിവസം ഞങ്ങളു തമ്മി ഒരു മുറുമുറുപ്പ് ഉറപ്പാണ്. എന്നാലോ കഴിക്കുമ്പോ ഇന്ന് നല്ല ടേസ്റ്റാണല്ലോയെന്ന് തലകുലുക്കും. കുക്ക് ചെയ്യുമ്പോ സഹായിക്കാൻ വരും.

ഒറ്റക്ക് ഫുഡ് ഒക്കെ ഉണ്ടാക്കും, പക്ഷെ മിനിമം രണ്ട് മണിക്കൂർ പിടിക്കും. എന്തുണ്ടാക്ക്യാലും അതിലൊക്കെ സവാള തക്കാളി ജിഞ്ചർ പേസ്റ്റ് ഗരം മസാല എടുത്തു കൊട്ടും. എല്ലാ കറിക്കും ഒരേ ടേസ്റ്റ് ആയിരിക്കും. നോൺ വെജാണ് പ്രിയം. നിർബന്ധിച്ചില്ലെങ്കി പച്ചക്കറി കഴിക്കില്ല. എല്ലാ ദിവസോം കുളിക്കില്ല. പ്രത്യേകിച്ച് ലീവുള്ള ദിവസം. ഇതിന്റെ പേരിൽ പലപ്പഴായി ഞങ്ങള് തമ്മില് തല്ലുണ്ടാക്കിണ്ട്. വാശിക്കാരനാണ്. ഈഗോ ഹർട്ട് ചെയ്താ പിന്നെ ആരു പറയുന്നതും കേക്കില്ല. വിഷമം വന്നാ പിന്നെ മിണ്ടാതിരിക്കും. അതാണെനിക്ക് ഏറ്റവും ദേഷ്യം. കാര്യങ്ങൾ തുറന്ന് പറയില്ല. ഡൗൺ ആയാ സമയം എടുക്കും. ഒറ്റക്കിരിക്കും റീചാർജ് ആയാ തിരിച്ചു വന്നോളും അതുവരെ ഒറ്റക്ക് വിടണതാണ് നല്ലത്. ഒരു ആവശ്യോല്ലാതെ പിണങ്ങും. അറ്റൻഷനു വേണ്ടി ചെയ്യണതാണ്. ആ സമയം നന്നായി പരിഗണിക്കണം ഇല്ലേ ഒടക്കും. പല്ലു തേക്കാൻ കൊറഞ്ഞത് 15 മിനിറ്റ് വേണം. മുടി ചീകാൻ ചീർപ്പുപയോഗിക്കില്ല. കൈ കൊണ്ട് തന്നെ കോതിയിടും. മടിയനാണ് പക്ഷെ അതിന്റെ പേരീ നിർബന്ധിക്കണത് അത്ര ഇഷ്ടമല്ല. സമയം വെറുതെ കളഞ്ഞ് അവസാന നിമിഷം കിടന്ന് ഓടും. ഒരുമിച്ച് ഉറക്കണം ഇല്ലേ കിടക്കയിൽ കെടന്ന് ഓടും. രാത്രീല് എഴുന്നേറ്റിരുന്ന് സിനിമ കാണും. നമ്മടെ ഉറക്കവും കളയും. മണ്ടൻ സിനിമകളാണിഷ്ടം. ഉറക്കത്തിനിടെ വല്ലപ്പഴും കൂർക്കം വലിക്കും ആ സമയത്ത് ചെരിച്ച് കിടത്തിയാ അത് നിന്നോളും. ഭയങ്കര ഉപദ്രവാണ് സെക്‌സിൽ. കടിക്കും.

ഡ്രസ് അലക്കുന്ന ദിവസവും മുറി ക്ലീൻ ചെയ്യുന്ന ദിവസവും മടിപിടിക്കാൻ നോക്കും പകുതി പണി ചെയ്യിക്കണം. ഡ്രസ്, വാഷിങ്‌മെഷീനി കൊണ്ടിടണത് ഞാനും അലക്കി കഴിഞ്ഞ് വിരിച്ചിടണത് അവനുമാണ്. അടുത്ത സുഹൃത്തുക്കൾ വളരെ കുറവാണ്. ആളുകളെ അങ്ങോട്ട് കേറി പരിചയപ്പെടാറില്ല. സാധനം എന്ത് വാങ്ങുമ്പോഴും സംശയിച്ച് നിക്കും. കൺഫ്യൂസ്ഡ് സ്റ്റേറ്റ് ആണ് ജീവിതത്തീ മുക്കാ പങ്കും. ഒരു തീരുമാനം എടുത്താ അതീ തന്നെ കടും പിടിത്തം പിടിക്കും. പല തരം ഭക്ഷണം കഴിച്ചു നോക്കും. എല്ലാമൊന്നും ഇഷ്ടപ്പെടില്ല. ഷർട്ടിനുള്ളി കയ്യില്ലാത്ത ബനിയനിടില്ല. വാദപ്രതിവാദത്തിൽ നമുക്ക് പിടിച്ച് നിക്കാമ്പറ്റില്ല. എന്തും വളച്ചൊടിച്ചു എല്ലാ തെറ്റും നമ്മടെ തലയിലാക്കും. വാദിച്ച് ജയിക്കാൻ പറ്റില്ല. നന്നായി ചൊറിയും. വല്യ മൈന്റ് ആക്കാണ്ടിരുന്നാ മതി. സോഷ്യൽ മീഡിയയിൽ ഏതെങ്കിലുമൊക്കെ പെണ്ണുങ്ങളോട് കൊഞ്ചും. ഒന്ന് പേടിപ്പിച്ചാ നിർത്തിക്കോളും. വലിയ പുസ്തക വായനക്കാരനാണെന്നൊക്കെ പറയും സിനിമയാണ് മിക്കപ്പോഴും കാണണത്. വാങ്ങിയ പുസ്തകങ്ങൾ പകുതി വായിച്ച് നിർത്തും.

ചെറിയൊരു അസുഖം വന്നാ പിന്നെ കരച്ചിൽ തുടങ്ങും. വലിയ വെണ്ണക്കട്ടിയാണ്. കൊച്ചു കുഞ്ഞാണെന്ന് തോന്നും അപ്പോഴൊക്കെ. തണുപ്പ് അധികം ഇഷ്ടല്ല. ആളുകളെ കേൾക്കാൻ ഇഷ്ടമാണ്. അവരെ മനസിലാക്കും. അച്ചാറും വിനാഗിരിയിലിട്ട മുളകും കോരിക്കൂട്ടും. ശ്രദ്ധിച്ചില്ലേ അൾസർ വരും. അല്ലെങ്കിലേ വയറിനു അസുഖം മാറിയ സമയം ഇല്ല. അധികം സംസാരിക്കുന്ന ആളുകളെ അത്ര ഇഷ്ടമല്ല. ഞാനാണേൽ തിരിച്ചാ. ഉപകരണങ്ങൾ നന്നാക്കൽ ഒരു ഹോബിയാണ്. കഥയും കവിതയും ഇഷ്ടമാണ്. കയ്യിൽ പിടിച്ചിരിക്കുന്ന വസ്തുക്കൾ അറിയാതെ വായിലിടുന്ന സ്വഭാവമുണ്ട്. പൂർവ്വ കാമുകിമാരുണ്ട് അവരുടെ കാര്യം പറഞ്ഞ് തല തിന്നും. ഒരുത്തിയെ ഇടക്കിടക്ക് സ്വപ്നം കാണും. എന്റെ മുലകളിഷ്ടമാണ്. അതിന്മേലുള്ള ഉറക്കവും. സിറ്റികളേക്കാൾ ഗ്രാമങ്ങളാണിഷ്ടം. മഴക്കാറ് വന്ന് മൂടിക്കെട്ടിയ അന്തരീക്ഷം ഏറ്റവും ഇഷ്ടം. അനാവശ്യമായി കൈ വിരലുകൾ ഞൊട്ടയിടും താടി വടിക്കാൻ സമ്മതിക്കരുത് കൊച്ച് കുഞ്ഞു പോലിരിക്കും. ബാത്ത് റൂമിലെ നീല ബ്രഷ് എന്റേതും ചുവപ്പ് അവന്റേതുമാണ്. വെള്ളത്തോർത്ത് എന്റെയാണ്. ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇതുവരെയില്ല. എല്ലാ കാര്യത്തിനും ചെറിയ ഒരു പുഷ് വേണം. ഓ എന്നെപ്പറ്റി പറയാൻ വന്നട്ട് എല്ലാം അവനെപ്പറ്റിയായിപ്പോയി ല്ലേ. ഓ മറന്നു. മാസത്തിൽ രണ്ട് തവണ അവന്റെ പാരന്റ്‌സിനെ മീറ്റ് ചെയ്യാൻ പോകണം. അമ്മക്ക് പോകുമ്പോൾ കുറച്ച് മാസികകൾ വാങ്ങിക്കണം. മരുന്ന് വാങ്ങാൻ അവൻ മിക്കവാറും മറക്കും. അതും കൂടെ ഒന്ന്''

രണ്ട്

""മോളെ കേസ് ഒത്തു തീർപ്പായി. കുറച്ച് പൈസ നമുക്ക് വരും. നീയിത് തത്ക്കാലം അവനോട് പറയണ്ട. കുറച്ച് കഴിയട്ടെ ഇല്ലേലേ അവനിതെടുത്ത് ബിസിനസിൽ ഇടും. ഭാവിയിൽ നിനക്കൊന്നും കാണില്ല''

അവൾക്കപ്പോൾ അച്ഛന്റെ നെറ്റിയിലെ കരിവാളിപ്പ് ഓർമ വന്നു. ആയുസിന്റെ അവസാന കാലഘട്ടങ്ങളിൽ മനുഷ്യരുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്ന പ്രത്യേകത പോലെ മരണത്തിന് തൊട്ടു മുൻപാണ് അച്ഛന്റെ മുഖത്ത് ആ മൂടൽ ഉദിച്ചത്.
വക്കീലങ്കിൾ സൂചിപ്പിച്ച കേസിന്റെ പേരിലാണ് അമുതയുടെ അച്ഛൻ ജയദേവൻ നെഞ്ചു വേദന വന്ന് മരണപ്പെട്ടത്. മരുമകൻ പ്രവീണിന്റെ ബിസിനസിൽ നാൽപ്പത് ലക്ഷത്തോളം മുടക്കാമെന്ന ഉറപ്പാണ് കമ്പനിക്കു മേൽ വന്ന കേസിന്റെ പേരിൽ പിൻവലിക്കേണ്ടിവന്നത്. അതിൽ പിന്നെ അമുതയും പ്രവീണും ഇതും പറഞ്ഞ് പലപ്പോഴായി വഴക്കിട്ടു. അതെല്ലാം അച്ഛൻ ജയദേവനു മാനസിക വിഷമങ്ങൾ ഉണ്ടാക്കിയിരുന്നു.

""അമ്മൂ, ഒന്നരയാണ് അവരു പറയുന്ന എമൗണ്ട്'' ഫോണിലൂടെയുള്ള ശബ്ദം കേട്ട് അമ്മുവിന്റെ കണ്ണുകൾ അച്ഛനെ ഓർത്ത് നിറഞ്ഞു. മുൻപിലുള്ള കാഴ്ചകൾ മങ്ങി. തൊണ്ട വേദനിച്ചു. ഇനിയും അഞ്ച് വർഷത്തോളം നീണ്ടു പോകുമെന്ന് കരുതിയ കേസായിരുന്നു.

""അമ്മാ''
പിറകിലെ വിളി അമ്മുവിനെ തോണ്ടി. കാര്യമൊന്നുമില്ലെങ്കിലും അമ്മാ അമ്മാ എന്നു വിളിച്ചു നടക്കുന്നത് മകൻ അശ്വിന്റെ ശീലമാണ്. ഇടയ്ക്കത് അമ്മാ വെശക്കുന്നു വെശക്കുന്നു എന്നാകും. വിശപ്പുണ്ടായിട്ടാകില്ല.

""അമ്മാ ഹിറ്റൂനെ കണ്ടോ?'' ഫോൺ വയ്ക്കാതെ തന്നെ അമ്മു ഇല്ലെന്ന് കണ്ണുകളിറുക്കി. അശ്വിൻ ഹിറ്റുവിനെ തിരഞ്ഞ് പുറത്തേക്ക് നടന്നു. അമ്മുവിനു ഉള്ളിൽ പേടി തോന്നിയെങ്കിലും പുറത്ത് കാണിക്കാതെ വക്കീലങ്കിളിന്റെ ഉപദേശത്തിന് മൂളിക്കൊണ്ടിരുന്നു. കഴിഞ്ഞ മാസം ഹിറ്റു നാടൊന്നു ചുറ്റി വന്നതിന് മൂന്നു ദിവസമാണ് അശ്വിൻ പനി പിടിച്ചു കിടന്നത്. അത്തരത്തിൽ അസ്വാഭാവികമായ ഒരു ആത്മബന്ധം അശ്വിനും ഹിറ്റുവും തമ്മിലുണ്ട്. അശ്വിൻ ജനിച്ച അതേ മാസം, നായകളെ വളർത്തുന്ന സുഹൃത്തിന്റെ കയ്യിൽ നിന്നും പ്രവീൺ വാങ്ങിക്കൊണ്ട് വന്നതായിരുന്നു ഒരു നായ്ക്കുട്ടിയെ. ആദ്യകാലങ്ങളിൽ അതിന്റെ പേരിൽ ദമ്പതികൾക്കിടയിൽ ചെറിയ കലഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അമ്മുവുമായി ഹിറ്റു വേഗത്തിൽ ഇണങ്ങി. അമ്മുവാണ് തന്റെ അമ്മയെന്ന് അശ്വിനെ പോലെത്തന്നെ ഹിറ്റുവും കരുതിപ്പോന്നു.

അശ്വിനും ഹിറ്റുവും ഒരുമിച്ച് ഒരു മുറിയിലാണ് വളർന്നത്. അവർ കളിക്കൂട്ടുകാരായി. സഹോദരങ്ങളായി. അവരൊരുമിച്ച് ഭക്ഷണം ചവക്കാതെ വിഴുങ്ങി. അവരൊരുമിച്ച് ഉറങ്ങി. ബാത്ത് ടബ്ബിൽ കുളിച്ചു. ഉമ്മ വച്ചു. നനഞ്ഞ മൂക്കുരസി. അമ്മയുടെ സ്‌നേഹത്തിനായി കടിപിടി കൂടി.

നിലത്തുകിടന്നുരുണ്ടുപിരണ്ടു. ബോളിനു വേണ്ടി കുതിച്ചു. കോട്ടുവായയിട്ട് വാലിളക്കി. സ്‌നേഹിച്ചു. കൂട്ടത്തിൽ ഹിറ്റുവാണ് വേഗം മുതിർന്നത്. അതോടെ അശ്വിന്റെ സംരക്ഷണം അവൻ ഏറ്റെടുത്തു. വീട്ടിലെത്തിയ മറ്റു ജീവികളെയെല്ലാം അവൻ ഭയപ്പെടുത്തി ഓടിച്ചു. പക്ഷികൾക്ക് ആ വഴി പറക്കാൻ കഴിയാതെയായി. അശ്വിൻ അപ്പോഴും ഹിറ്റുവിന്റെ വായയിൽ കയ്യിട്ടും പല്ലുകൾ എണ്ണി നോക്കിയും ചെവിയിൽ പിടിച്ചു വലിച്ചും അവനെ പരമാവധി വെറുപ്പിക്കും. അതൊന്നും കാര്യമായെടുക്കാതെ ഹിറ്റു അവനു കളിക്കാൻ കിടന്നു കൊടുക്കും.

""ഹിറ്റൂ'' അശ്വിൻ കൂവി വിളിച്ചു. അവന്റെ കാറിച്ച അരോചകമായി തോന്നിയപ്പോൾ അമ്മു ഫോൺ വച്ചു.

""എന്തിനാ ഇവിടെ കിടന്നു കാറുന്നേ ഞാൻ ഫോൺ വിളിക്കുന്നത് കണ്ടൂടെ?''

ചീത്ത കേട്ടതും അശ്വിൻ കരച്ചിൽ തുടങ്ങി. അമ്മു അവനെ ആശ്വസിപ്പിക്കുവാൻ നിൽക്കാതെ ഹിറ്റുവിനായുള്ള തിരച്ചിലിൽ പങ്കു ചേർന്നു. നാലോ അഞ്ചോ പ്രാവശ്യമേ ഹിറ്റു ഇത്തരത്തിൽ വീടിനു വെളിയിൽ പോയിട്ടുള്ളൂ. അന്നൊക്കെയും ഒന്നു രണ്ട് ദിവസത്തിൽ തന്നെ തിരികെ വന്നിട്ടുമുണ്ട്, അശ്വിന്റെ അസുഖം ഭേദമായിട്ടും ഉണ്ട്. വിതുമ്പലിനിടെ അവൻ രണ്ടുമൂന്നു വട്ടം തുമ്മിയത് അവൾ ഹാളിൽ നിന്ന് കേട്ടു. പനി വരുന്നുണ്ടെന്ന് അവൾക്ക് മനസിലായി. കഴിഞ്ഞ വട്ടം ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകളൊന്നും ഫലിക്കാതെ വന്നപ്പോൾ ഹിറ്റുവിനു പകരം മറ്റൊരു നായയെ പ്രവീൺ കൊണ്ടു വന്നിരുന്നു. അതിനെയൊന്നു തിരിഞ്ഞു നോക്കാൻ പോലും അശ്വിൻ കൂട്ടാക്കിയില്ല. ഊരു ചുറ്റലൊക്കെ കഴിഞ്ഞ് വന്ന ഹിറ്റുവിന്റെ മൂളലും ഞരക്കവും കേട്ടതിനു ശേഷമാണ് അവന്റെ പനിയൊന്ന് താണത്.

പ്രതീക്ഷിച്ചതു പോലെത്തന്നെ അശ്വിനു പനി തുടങ്ങി. കാര്യം പ്രവീണിനെ വിളിച്ചറിയിച്ചപ്പോൾ അയാൾ സുഹൃത്തും ചൈൽഡ് സ്‌പെഷലിസ്റ്റുമായ ഡേവീസ് ഡോക്ടറേയും കൊണ്ടാണ് വന്നത്. പഴയ അതേ മരുന്നു കൊടുത്ത് അവർ കാത്തു. ഒരു ദിവസം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു മൂന്നു ദിവസം കഴിഞ്ഞു നാലാം ദിവസമായി. ഹിറ്റു തിരികെ വരുമെന്ന പ്രതീക്ഷ പതിയെ നേർത്തു. അശ്വിന്റെ നില വഷളായി തുടങ്ങി. പനി കൂടുകയും കുറയുകയും ചെയ്തു. നാലാം ദിവസം വൈകുന്നേരം ഡോക്ടർ ഡേവിസ് സീനിയർ ഡോക്ടർ അനിലുമായിട്ടാണ് വന്നു കയറിയത്

""പനി കുറഞ്ഞില്ലെങ്കിൽ ഹോസ്പിറ്റലിലേക്ക് മാറ്റണം'' അനിൽ ഡോക്ടർ തീർത്തു പറഞ്ഞു.
""നിങ്ങടെ ആ പട്ടി തിരിച്ചു വരണ്ട സമയം ആയല്ലോ?''
""മൂന്നു ദിവസം ഒക്കെ ആണ് മാക്‌സിമം. എന്തു പറ്റിയെന്നറിയില്ല. അന്വേഷിക്കുന്നുണ്ട്.''
""എത്രേം വേഗം കണ്ടുപിടിക്കാൻ നോക്കണം. '
""ബോഡി വീക്ക് ആയിക്കഴിഞ്ഞാൽ ഇവറ്റകള് ഒളിച്ചിരിക്കും എന്ന് കേട്ടണ്ട്. അങ്ങനെ വല്ലോം ആയിരിക്കോ?''
""എന്റെ സുഹൃത്ത് ഒരു അനിമൽ കമ്യൂണിക്കേറ്റർ ഉണ്ട്. അവരു വഴി ഒന്നു ശ്രമിച്ചാലോ?''
""ഡോക്ടർക്ക് ഇതിലൊക്കെ വിശ്വാസമുണ്ടോ?''
""വിശ്വാസമുണ്ടോന്ന് ചോദിച്ചാ എനിക്കറിയില്ല. ടെലിപ്പതി പോലെന്തോ പരിപാടിയാണ്. ഇപ്പോ മോന്റെ ജീവനാണ് നമുക്ക് വലുത്.''
""പ്രവീണേ അധികം ആലോചിക്കണ്ട. പറ്റണ വഴി ഒക്കെ നോക്കാ''

അമുതത്തിന്റെ വീടിന് വടക്ക് ഭാഗത്തായി പണി കഴിയാതെ പൂപ്പലു പിടിച്ച ഒരു വീടുണ്ട്. പറമ്പാണെങ്കിൽ ആരും നോക്കാനില്ലാതെ കാട് പിടിച്ചു കിടപ്പാണ്. ആ വീടിന്റെ ഇടിഞ്ഞു വീണ അടുക്കള ഭാഗത്തുണ്ടായിരുന്ന ഒരു മടയിൽ നിന്നാണ് പ്രവീണിന് ഹിറ്റുവിനെ കിട്ടുന്നത്. കണ്ണു തുറക്കുവാനുള്ള ആവുത് പോലും ഇല്ലാതിരുന്ന അവനേയും കൊണ്ട് പ്രവീൺ നേരെ മൃഗാശുപത്രിയിലേക്ക് ഓടി.

""കിഡ്‌നി ഫെയിലിയർ ആണ് അധിക നാള് കാണില്ല. തൽക്കാലം മോനെ കാണിക്കാം'' മൃഗഡോക്ടർ വിനീത് അനിലിനെ വിളിച്ച് അറിയിച്ചു.
അശ്വിന്റെ അസുഖം ഭേദമായിത്തുടങ്ങിയ ദിവസം പ്രവീണും ഡോക്ടർ ഡേവീസും ഡോക്ടർ അനിലും മൃഗഡോക്ടർ വിനീതും കൂടിയിരുന്ന് സംസാരിച്ചു.
""കിഡ്‌നി ഫെയിലിയർ ഒക്കെ ഇവർക്കിടയിൽ കോമൺ ആണ്. നമുക്കൊന്നും ഇതിൽ ചെയ്യാനില്ല'' ഡേവീസ് കുപ്പി പൊട്ടിച്ച് ഒരെണ്ണം ഒഴിച്ചു.
""പുതിയ നായ്ക്കുഞ്ഞുങ്ങളെ കൊടുത്തു നോക്കിയില്ലേ''
""ഹിറ്റുവിനെ പോലെ ഇരിക്കുന്ന രണ്ടെണ്ണത്തിനെ വാങ്ങി നോക്കി. ഒരു കാര്യവും ഇല്ല. അവൻ ഹിറ്റുവിന്റെ അടുത്ത് നിന്ന് അനങ്ങുന്നു പോലുമില്ല''
""ഇക്കണക്കിന് പട്ടിക്ക് ഇന്നെന്തേലും പറ്റിയാൽ നമ്മൾ എന്തോ ചെയ്യുമെന്നാ''
""ആ കരിനാക്ക് വളക്കല്ലെന്റെ ഡോക്ടറേ''
""പിള്ളേരെടെ ജീവൻ വച്ചാ അവന്റെ തമാശ''
""ഒരു വഴിയുണ്ട് പ്രവീണേ'' രണ്ട് പെഗ്ഗിറങ്ങിക്കഴിഞ്ഞപ്പോൾ വിനീതാണ് ആദ്യത്തെ വെടി പൊട്ടിച്ചത്
""പൈസ കൊറച്ച് എറക്കേണ്ടി വരും''
""കാര്യം പറ വിനീതെ വട്ട് കളിപ്പിക്കാതെ''
""ക്ലോണിംഗ്. ഈ ഹിറ്റു എന്നു പറയണ നായേടെ ഒരു ക്ലോൺ ഉണ്ടാക്കിയാൽ മതി. അവന്റെ ഡിഎൻഎ ഉപയോഗിച്ച് അവനെപ്പോലെത്തന്നെ ഒന്ന്. അവൻ തന്നെ. ഇതു പോലൊരു കേസ് മുൻപ് വന്നിട്ട് ഇങ്ങനെയാണ് സോൾവ് ചെയ്തത്.''
""ക്ലോണോ?''

മൂന്ന്

""നിങ്ങൾക്ക് അസുഖങ്ങളില്ല മാനസികമായി പ്രശ്‌നങ്ങളില്ല ഭർത്താവുമായും കുഞ്ഞായും വളരെ സ്‌നേഹത്തോടെ ജീവിക്കുന്നു. പിന്നെന്തിനാണ് ഈയൊരു സ്റ്റെപ്പ്. വളരെ അൺയൂഷ്വൽ അല്ലേ അമുതാ''
""അതെ. അൺയൂഷ്വൽ ആണ്''
""പിരിഞ്ഞ് ജീവിക്കണമെങ്കിൽ ഒരു ഡിവോഴ്‌സ് മതിയാകുമല്ലോ. എന്നെപ്പോലെ ഒരു ക്ലോണിനെ സൃഷ്ടിക്കേണ്ട കാര്യം എന്താണ്?''
അമുത മിണ്ടിയില്ല
""നമ്മൾ തുറന്ന് സംസാരിക്കാതെ ഇത് മുൻപോട്ട് പോകില്ല''
""എനിക്കറിയാം''
""മെമ്മറി ട്രാൻസ്ഫർ മുഴുവനായി കഴിഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക്, മകനെപ്പറ്റിയും നിങ്ങളെപ്പറ്റിയും ഉള്ളതെല്ലാം പെൻഡിംഗിൽ ആണ്''
""ആ''
""എങ്കിൽ പറയൂ''
""എനിക്കറിയില്ല.അത് പറഞ്ഞാ നിങ്ങക്ക് മനസിലാകുവോന്ന് എനിക്കറിയില്ല''
""പറഞ്ഞു നോക്കൂ''
""രണ്ട് ജീവിതം ജീവിക്കുന്ന ഒരാളാണെന്ന് പറഞ്ഞാ നിങ്ങക്ക് മനസിലാവോ? അപ്രസക്തമായ ഒരു ജീവിതം ഇവിടെ ഭർത്താവിനും കുട്ടിക്കുമൊപ്പം. മറ്റൊന്ന് വേറെ ഒരിടത്ത്. അങ്ങോട്ടുള്ള തിരച്ചിലിലാണെന്ന് പറഞ്ഞാ?''
ക്ലോണിന് അമുത പറയുന്നത് മനസിലായില്ല എങ്കിലും അവൾ തലകുലുക്കി
""നിങ്ങൾക്ക് നഖം കടിക്കുന്ന ശീലമുണ്ടോ?''
ചോദ്യം കേട്ട് അമുതക്ക് ചിരി വന്നു
""ടെൻഷൻ വരുമ്പോ മാത്രം. അച്ഛന്റെ കയ്യിന്നു പണ്ട് എത്ര അടി വാങ്ങിക്കൂട്ടിയിരിക്കണ്''
""ടെൻഷൻ വരുമ്പോൾ മറ്റെന്തെങ്കിലും വിക്ക് പോലെയോ അങ്ങനെ?''
""യേയ് ഇല്ല''
""പാറ്റകളേയും പാമ്പുകളേയും ഭയമാണോ''
""ഹേയ്''
നിർവ്വികാരമായിരുന്നു അമുതയുടെ മുഖം. അത് കണ്ട് ക്ലോണിനു നിരാശ തോന്നി.
""പെട്ടെന്ന് ദേഷ്യപ്പെടുന്ന ഒരാളാണ്. സ്‌നേഹമില്ലാത്തിടത്ത് അനുഭാവപൂർവവും സ്‌നേഹമുള്ളിടത്ത് നിർദ്ദയവും അല്ലേ? '
""അതെ''
അമുതക്ക് ചെറിയ ആശ്ചര്യം തോന്നി.
""മറ്റെന്തൊക്കെ അറിയാം എന്നെപ്പറ്റി?''
""മെമ്മറി ട്രാൻസ്ഫർ പൂർണ്ണമായും പൂർത്തീകരിച്ചിട്ടില്ല''
""അറിയണത് മതി''
""കുട്ടിക്കാലത്തെ ഏകാന്തത. അപ്പോൾ മാത്രമനുഭവിച്ച സന്തോഷങ്ങൾ. അച്ഛൻ പറഞ്ഞു തന്ന കഥകൾ. അച്ഛൻ മരിച്ചു പോയതിലെ കുറ്റബോധം, ദു:ഖം. സാന്ത്വനപ്പെട്ടു എന്നു തോന്നിയ മുറിവിനെ തുറന്നു വച്ചതു പോലെ''
""തീർന്നോ''
""ഡിഗ്രി വരെ ഉണ്ടായിരുന്ന എഴുത്ത്. ബീച്ചിൽ കാമുകനോടൊപ്പമുള്ള ഇരിപ്പ്. മതി, ഇനി നിങ്ങളുടെ ഊഴം''
""ശരി ചോദിക്ക്''
""മകനെപ്പറ്റിയും നായയെപ്പറ്റിയും''
""മോന്റേം ഹിറ്റൂന്റേം കാര്യങ്ങളോർത്ത് എനിക്ക് ടെൻഷനില്ല. അവരെ അവരെന്നെ നോക്കിക്കോളും. ഞാൻ അങ്ങനെയാ അവരെ വളർത്തിയേക്കണേ. പക്ഷെ വീട്ടിലെ ചെടികൾ ഉറുമ്പിൻ കൂട്ടം മണ്ണിരകൾ എട്ടുകാലികൾ ഒച്ചുകൾ തുമ്പികൾ അണ്ണാന്മാർ മീൻ വെട്ടുമ്പോൾ വരാറൊള്ള കാക്കകളും ചെമ്പോത്തുകളും''
""ഇവരെയൊക്കെ വിട്ട് എന്തിനാ പോകുന്നതെന്ന് പറഞ്ഞില്ലല്ലോ'' ""I am tired. മതിയായി. എനിക്കിനി പറ്റില്ല. കാരണൊന്നില്ല''
""മകൻ ഭർത്താവ് നായ്ക്കുട്ടി ഇവരൊക്കെ നിങ്ങളുടെ സ്‌നേഹത്തെ പ്രതീക്ഷിച്ച് ഇരിക്കുകയല്ലേ''
""I don't care. I really don't care'
""ഞാനൊന്ന് ചോദിക്കട്ടെ''
""മ്മ്''

""ജനലിനരികിൽ നിന്ന് മഴ പെയ്യുന്നത് നോക്കി നിൽക്കുമ്പോൾ, മേഘങ്ങളെ നോക്കി നിൽക്കുമ്പോൾ, കാറ്റിലിളകുന്ന ഇലകളെ നോക്കി നിൽക്കുമ്പോൾ ശരിക്കും കാണുന്നതെന്താണ്? ഓർമ്മകളാണോ?''

പലതിനും തക്കതായ മറുപടി പറയുവാൻ നിൽക്കാതെ അമുത ഇറങ്ങി. നഗരത്തിലെ ഒരു വസ്ത്രശാലയിൽ നിന്നും അടിവസ്ത്രങ്ങളടക്കം ഏതാനും ഉടുപ്പുകൾ വാങ്ങി. അതേ വസ്ത്രശാലയിൽ വച്ചു തന്നെ പഴയ വസ്ത്രങ്ങൾ ഊരി മാറ്റി പുതിയത് ധരിച്ചു. പഴയത് അവിടെത്തന്നെ ഉപേക്ഷിച്ചു. പോകുന്ന വഴികളിൽ പഴയ ജീവിതത്തിന്റെ ശേഷിപ്പുകൾ ഒന്നായി അവൾ ഊരി മാറ്റി. വിവാഹമോതിരവും താലിയും കമ്മലും മുൻപേ ക്ലോണിനു കൈമാറിയിരുന്നു. ബാക്കി വന്ന ഒരു മോതിരം കരിഞ്ചന്തയിൽ വിറ്റ് പൈസ വാങ്ങി കുറച്ച് സാധങ്ങൾ വാങ്ങി. വഴിയിൽ ഉന്തി വന്ന ജനക്കൂട്ടത്തിനുള്ളിൽ അവൾക്കവളെ തിരിച്ചറിയാനാകാതെയായി. തോട്ടിനുമീതെ പായും ഉണക്കതേങ്ങ പോലെ അങ്ങോട്ടുമിങ്ങോട്ടുമായി ഒഴുക്കിൽ പലയിടങ്ങളിൽ തട്ടി വഴി തെറ്റി. വഴിയിൽ കണ്ട തെരുവു പൂച്ചകളേയും യാചകരേയും കണ്ടില്ലെന്ന് നടിച്ചു. വാലാട്ടി വന്ന പട്ടിക്കുട്ടിയെ ഇനിയൊരു സ്‌നേഹത്തിന്റേയും ഭാരം ചുമക്കുവാൻ വയ്യെന്ന പോലെ ഭയപ്പെടുത്തി വിട്ടു. പുഴ പോലെ ജനക്കൂട്ടം അവിടത്തെന്നെ നിലനിന്നു. പക്ഷെ ആളുകൾ വന്നും പോയ്‌ക്കൊണ്ടുമിരുന്നു. നഗരത്തിലൂടെയുള്ള നടപ്പിനിടയിലെ ഏതോ ഒരു നിമിഷത്തിൽ ഈ ലോകത്ത് താൻ യഥാർത്ഥത്തിൽ ഏകയായിരിക്കുന്നെന്ന് അവൾക്ക് തോന്നി. ഇപ്പോഴാണ് ഇത്രനാളും അനുഭവിച്ച തന്റെ അവസ്ഥ സത്യമായത്. മുൻപ് ഉള്ളിൽ ഒറ്റയും പുറത്ത് ധാരാളം ആളുകളും. ഉണങ്ങിത്തുടങ്ങിയ നാഡീവ്യൂഹങ്ങൾ അവളുടെ അവയവങ്ങളെ ഒന്നൊന്നായി വേണ്ടെന്ന് വച്ചു.

വൈകുന്നേരമായപ്പോൾ ബീച്ചിൽ പോയി പറക്കുന്ന പട്ടങ്ങളേയും കുതിക്കുന്ന തിരമാലകളേയും നോക്കി നിന്നു. കുറച്ച് നാൾക്ക് മുൻപു വരെ മറ്റാർക്കോ ഒപ്പം കണ്ട മണൽത്തരികൾ അവളെ അസ്വസ്ഥയാക്കി കാലിലൂടെ ഊർന്നു. കാറ്റിന്റെ ഇളക്കം തലോടലായി. പെട്ടെന്നൊരു തോന്നലിൽ അവൾ തിരമാലകൾക്കിടയിലേക്ക് നടന്നു. ധൈര്യവതിയായ ഒരുവളെ കാണുന്ന കൗതുകത്തിൽ ജനക്കൂട്ടം അവളെ നോക്കി നിന്നു. കുട്ടികൾ തിരമാലകൾക്ക് നേരെ കുഞ്ഞിക്കാലുകൾ വച്ചു. തിരമാലകൾ പിൻവാങ്ങിയ സമയം ജനക്കൂട്ടം അവളിൽ നിന്നും നോട്ടം പിൻവലിച്ചു. അതേ സമയം തന്നെ കടൽ അവളെ പിടിച്ചു വലിച്ചു. അവൾ ആ കൈപിടിച്ചിറങ്ങി. നോട്ടം പിൻവലിക്കാതിരുന്ന ആരോ ഒരാൾ തലയിൽ കൈ വച്ചു കൂവി. പടിക്കെട്ടിറങ്ങിയ അവളെ കടലിൽ കാണാതെയായി. ഓടിക്കൂടിയ ആളുകളിൽ ആരോ ഊളിയിട്ട് അവളെ മുടിക്കെട്ടിൽ പിടിച്ച് വലിച്ചു കൊണ്ടു വന്നു. ആളുകൾ അവരെ പിടിച്ചു കയറ്റിയപ്പോൾ അവൾക്ക് പകരം സൂര്യൻ ജലത്തിലേക്ക് പതിയെ ഇറങ്ങി. പുതിയ ഉടുപ്പിന്റെ ഗന്ധം കടലിന്റെ പഴയ മണമായി.

നാല്

അതിരാവിലെ ജീപ്പിൽ നിന്നിറങ്ങി അമുത നടന്നു.
കുറച്ച് കൂടി കനം കുറഞ്ഞ ചെരിപ്പ് വാങ്ങാമായിരുന്നെന്ന് ഏന്തി നടക്കുന്നതിനിടെ അവൾ ആലോചിച്ചു. ആകെയുള്ളത് ഒരു ബാഗ് മാത്രമാണെങ്കിലും ഭാരമുണ്ട്. ആട്ടുപാലം കടക്കണം. പകുതി നടന്നപ്പോൾ പാലത്തിനു വല്ലാത്ത അനക്കം. അമുത കുറച്ചു നേരം അനങ്ങാതെ നിന്ന് താഴേക്ക് നോക്കി. പതിയെ തെളിഞ്ഞ വെള്ളമൊഴുകുന്നു. എവിടെയൊക്കെയോ അനക്കങ്ങൾ ചുഴികൾ ഒഴുക്കുശബ്ദം. എന്തോ ഓർമ്മ വന്നതു പോലെ അവൾ ബാഗ് താഴെ വച്ച് അതിന്റെ ഒരു കള്ളിയിൽ നിന്നും ഫോട്ടോ ഫ്രെയിം എടുത്തു. അച്ഛന്റേതാണ്. ഫ്രെയിമിന്റെ പിറകിലെ കടലാസ് പറിച്ച് കളഞ്ഞ് ഫോട്ടോ അവൾ എടുത്ത് നോക്കി. നോക്കി നിൽക്കും തോറും കണ്ണുകൾ നിറഞ്ഞു. അച്ഛനെ ഉമ്മ വച്ചപ്പോൾ ഫോട്ടോയിൽ കണ്ണുനീർ പറ്റി. കരച്ചിൽ തെല്ലൊന്നൊതുങ്ങിയപ്പോൾ ഫോട്ടോ ചുളിച്ച് ഒരു കുണ്ടയാക്കി പുഴയിലേക്കുപേക്ഷിച്ചു. വെള്ളത്തിനു മീതെ ആ ഫോട്ടോ പൊങ്ങിക്കിടന്നൊഴുകി. അതിനു മേലെ അവളുടെ കണ്ണുനീർ.

പാലം കഴിഞ്ഞാൽ പിന്നെ ഇടവഴിയാണ്. ആരൊക്കെയോ നടന്നു നടന്നുണ്ടാക്കിയ വഴി. അതിൽ മൃഗങ്ങളുടേയും മനുഷ്യരുടേയും കാൽപ്പാദങ്ങൾ കലർന്നു കിടന്നു. അപ്പുറമിപ്പുറം മരങ്ങൾ, ചെടികൾ, ഇഞ്ചപ്പുല്ലുകൾ. അമുത നടക്കുന്ന അമർന്ന ശബ്ദം ചീവീടുകളുടെ ശബ്ദത്തിൽ ചേർന്നു. അകലേക്ക് നോക്കുമ്പോൾ നടന്നു പോകുന്ന പശുക്കളെ കാണാം. മരങ്ങളുടെ തണുപ്പ്, വഴികളിലെ വഴുക്കൽ. രണ്ടിടവഴി കയറിയപ്പോൾ ഒരു വീട് കാണാനായി. മുറ്റത്ത് വാഴകൾ. താക്കോലു വച്ച് തുറന്നപ്പോൾ ഒരു മുറി കുളിമുറിയുള്ള ഒരു വീട്. മൺകട്ടകൾ കൊണ്ട് ചുവരുകൾ കെട്ടിപ്പൊക്കിയിരിക്കുന്നു. മുറിയുടെ മറ്റൊരറ്റത്ത് അടുക്കളയുടെ ഭാഗം തുണിവിരി വച്ച് മറച്ചിട്ടുണ്ട്. മുറിയാകെ ഒഴിഞ്ഞിരിക്കുന്നു. പേരിനൊരു കിടക്കയും പായയും പുതപ്പുമുണ്ട്. പുതപ്പിനുള്ളിൽ ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഒരു ചെറിയ തലയണ. തണുത്ത നിലം. അമുത ചെരിപ്പഴിച്ച് പുറത്തു വച്ചു. വാതിലടച്ചു വന്ന്, കടലിൽ നനഞ്ഞുണങ്ങിയ ഉടുപ്പൂരിയിട്ട് പുതപ്പിനുള്ളിൽ ശരീരത്തെ മൂടി.

ആദ്യദിവസം മുഴുക്കെ അമുത കിടന്നുറങ്ങി. ദീർഘമായ ഉറക്കത്തിനു ശേഷം കണ്ണുതുറന്നപ്പോൾ വീട്ടിലെ ഓർമയിൽ എന്തോ തിരഞ്ഞ്, സ്ഥലകാലബോധം വീണ്ടെടുത്തപ്പോൾ പിന്നേയും ഉറക്കത്തിലേക്ക് വഴുതി. വീണ്ടുമുണർന്നപ്പോൾ വിശന്നെഴുന്നേറ്റ് ബാഗിലുണ്ടായിരുന്ന ബ്രഡിൽ പീനട്ട് ബട്ടർ തേച്ച് കഴിച്ചു. ബ്രഡിന്റെ തരികൾ മുഖത്തു നിന്നും തട്ടിയപ്പോൾ കാടൊന്നു കുടഞ്ഞ പോലെ പറന്നു പച്ച തത്തകൾ വീടിനു ചുറ്റിലും. മണിക്കൂറുകൾക്കു ശേഷം ഉണർന്നപ്പോൾ എന്തോ ഓർത്ത് കിടന്നു കരഞ്ഞു. കരച്ചിൽ ആശ്വാസം നൽകിയെങ്കിലും വൈകാതെ തല വേദനിച്ചു തുടങ്ങി. ശ്രദ്ധ മാറ്റുന്നതിനായി അവൾ ചുമരിലെ വെളുത്ത കുമ്മായം നഖം വച്ച് ഇളക്കിയെടുത്തു. ഇടക്കത് ലക്ഷ്യം തെറ്റി നഖത്തിനുള്ളിൽ കുത്തിക്കയറി. അടുത്ത ദിവസം മുഴുക്കെ അവൾ തളർന്നു കിടന്നു. അതിനടുത്ത ദിവസം കരഞ്ഞു. അതിനടുത്തത് അലറി. അലർച്ചയിൽ അടുത്തുണ്ടായിരുന്ന ജീവജാലങ്ങൾ അകന്നുമാറി. പിന്നൊരു ദിവസം മുഴുക്കെ അവൾ സ്വയംഭോഗം ചെയ്തു. ഒരു ദിവസം മുഴുക്കെ ചിരിച്ചട്ടഹസിച്ചു. പിന്നെ കാണാൻ കഴിയാത്ത ആരോടോ സംസാരിച്ചു കൊണ്ടിരുന്നു. പിന്നെ ജനലിലൂടെ പുറത്ത് നോക്കി സമയം കഴിച്ചു. രാത്രിയിൽ സഞ്ചരിക്കുന്ന മിന്നാമിനുങ്ങുകളെ നോക്കിയിരുന്നു. പകൽ ചീവീടുകളുടെ ഒച്ച ശ്രദ്ധിച്ചു. പൊന്തകളിലെ അനക്കങ്ങളെ കേട്ടു. ഇടയ്ക്ക് നഖം കടിച്ചു. വിരലുകൾ ഞൊട്ടയിട്ടു. ചെടികളുടെ വളർച്ച. മഴ പെയ്തു കഴിഞ്ഞ ആകാശം. ചുമരിലെ ദ്വാരത്തിൽ വന്നും പോയും ഇരിക്കുന്ന ജീവജാലങ്ങൾ. വിരിച്ചിട്ട കല്ലുകളിൽ ഇടക്കുള്ള തിളക്കങ്ങൾ. അടയാനായുന്ന കൺപോളകൾക്കുള്ളിലെ ഉറക്കത്തിന്റെ പരലുകൾ. മരങ്ങൾക്കുള്ളിലെ പക്ഷിചിലപ്പുകൾ. വെയിലത്തു പതിഞ്ഞ നിഴൽരൂപങ്ങളുടെ വളർച്ച. മഴയത്ത് നിന്നും ഓടിക്കേറിയ പട്ടിയുടെ കുടച്ചിൽ, കുടയുടെ പാതിയുള്ള അടച്ചിലോർമ്മ.

എല്ലാമെല്ലാം കഴിഞ്ഞ ദിവസം അവൾ ബാഗിൽ സൂക്ഷിച്ചിരുന്ന കടലാസുകെട്ടെടുത്ത് പേന കൊണ്ട് കുത്തി വരച്ചു തുടങ്ങി. നിമിഷങ്ങളുടെ മണൽത്തരികളോരോന്നായടിയുന്ന കടൽത്തീരത്ത് പെട്ടെന്നൊരക്ഷരം രൂപപ്പെട്ടു. പതിയെ അക്ഷരങ്ങൾ ലോഹചീളുകളുടെ മഴയായി അവളുടെ തലക്കുള്ളിൽ പെയ്തു കൊണ്ടിരുന്നു. അതവൾക്ക് അസഹനീയമായി. ഉറക്കവും തളർച്ചയും കരച്ചിലും അലർച്ചയും വിശപ്പും കശപ്പും സങ്കടവും സന്തോഷവും ഏകാന്തതയും. അനുഭവിച്ചതെല്ലാം അവൾക്ക് ഒഴുകി വന്നു. പല്ല് തേക്കാതെ കുളിക്കാതെ ഭക്ഷണം മര്യാദക്ക് കഴിക്കാതെ ഉറങ്ങാതെ അവൾ തന്റെ എഴുത്തു തുടർന്നു. അത് നാല് ദിവസം നീണ്ടു നിന്നു. നാലാം ദിവസം വാങ്ങി വച്ചിരുന്ന കടലാസു കെട്ടു തീർന്നപ്പോൾ അവൾ എഴുത്തു നിർത്തി. പിന്നെ കടലാസിനു വേണ്ടിയുള്ള അന്വേഷണമായി. ബസ് ടിക്കറ്റിലെഴുതി. വർത്തമാന പത്രത്തിലെഴുതി. പലചരക്ക് ബില്ലിലെഴുതി. കടലാസ് കണ്ടുകിട്ടാതെ കിതച്ചപ്പോൾ അവൾക്ക് വിശപ്പ് ഓർമ്മ വന്നു. ബാഗ് തപ്പി എല്ലാം തീർന്നു പോയെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം അവൾ വീടിനു പുറത്തേക്കിറങ്ങി. വളപ്പിൽ വിളഞ്ഞു നിന്നിരുന്ന പച്ചക്കായയിൽ രണ്ടു പടല വലിച്ചു പറിച്ചു. ഒരു കായ ഞെക്കി തൊലി പൊളിച്ച് കടിച്ച് നോക്കി കറച്ച് തുപ്പി. പടലയെടുത്ത് വീട്ടിനുള്ളിൽ പോയി, തൊലി നഖം വച്ച് പൊളിച്ചു കളഞ്ഞ് പാതി വെള്ളം നിറച്ച പാത്രത്തിൽ പുഴുങ്ങാൻ വച്ചു. പാകമെത്തുന്നതിനു മുൻപേ കായയൊരെണ്ണം കടിച്ച് പകുതി ആർത്തിയോടെ അവൾ വിഴുങ്ങി. രുചിയൊട്ടും ഇല്ലാതിരുന്ന മറ്റൊരു പകുതി കൂടി കയ്യിൽ പിടിച്ച് പിന്നെ വേണ്ടെന്ന് വച്ച് അവളിറങ്ങി. പഴ്‌സ് കയ്യിലെടുത്തിരുന്നു. അടുത്തുള്ള ഹോട്ടലോ കടയോ തിരക്കി നടന്നപ്പോൾ രണ്ട് പറമ്പിപ്പുറത്തുള്ള ഒരു വീടിനുള്ളിൽ നിന്നും പുക വരുന്നത് കണ്ടു. അമുത അങ്ങോട്ട് വച്ചു പിടിച്ചു. പോകുന്ന പോക്കിൽ ഏതോ കല്ലിൽ കാലിന്റെ തള്ളവിരൽ കൊണ്ടു വേദനിച്ചു. അതിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു. അതൊന്നും വക വക്കാതെ അവൾ അതിവേഗത്തിൽ നടന്നു കുഴഞ്ഞു. വീടിനു മുൻപിലെ കയ്പ്പക്കാ തോട്ടത്തിൽ താഴേക്ക് വീണ വള്ളികൾ പന്തലിനു മുകളിലേക്ക് മാറ്റിയിട്ടുകൊണ്ടിരിക്കുന്ന വൃദ്ധയായ ഒരു സ്ത്രീ മാത്രം. അവൾക്ക് തൊണ്ട വരണ്ടു.

""കുറച്ച് ചോറ് തരാമോ ചേച്ചി''
വൃദ്ധ പെട്ടെന്ന് കയ്പ്പക്കാ വള്ളിയും പിടിച്ച് തിരിഞ്ഞു നോക്കി. അമുതയെ കണ്ട് സംശയം കൊണ്ടു. പിന്നെ ചെയ്തു കൊണ്ടിരുന്ന പണി നിർത്തി വച്ച് അവളുടെ അടുത്തേക്ക് വന്നു.
""മോളെ കാലു പൊട്ടി ചോര''
""എന്തെങ്കിലും കഴിക്കാനുണ്ടോ ചേച്ചി''
""പിന്നെന്താ മോളെ. കേറി ഇരിക്ക്. ഞാനിപ്പോ കൊണ്ട് വരാം''

വയറു നിറച്ച് അന്നവൾ ചോറുണ്ടു. കാലിൽ നഖം പൊട്ടിയത് വൃദ്ധ പൊടിയിട്ട ശേഷം ഒരു വെള്ളത്തുണി വച്ച് കെട്ടി. ഭയങ്കരമായ സമാധാനം അവൾക്കപ്പോൾ അനുഭവപ്പെട്ടു.

""അവടാരോ വരൂന്ന് മോൻ പറഞ്ഞാരുന്നു. കൊറേ കാലായി ഒരു ചെക്കനാർന്നു അവടെ. ഇന്നലെ ഒക്കെ എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടു''
അമുതക്ക് ഏമ്പക്കം വന്നപ്പോൾ വൃദ്ധ ചിരിച്ചു.
""മോൾടെ മൊഖത്തെന്താ''
അവൾ അറിയാതെ മുഖത്ത് തൊട്ടു.
""ആ സങ്കടം ആണ്. പോട്ടെ'' വൃദ്ധ അവളുടെ കവിളുകളിൽ തൊട്ടുഴിഞ്ഞു. പരുപരുത്ത കൈപ്പടം. അവൾക്ക് സങ്കടം ഇരട്ടിച്ചു.
""ഇത്തിരി എലയട ഉണ്ടാക്കീട്ടുണ്ട്. കൊറച്ച് തന്ന് വിടട്ടെ?''
""വേണ്ട''
""വീട്ടില് അതിന് ഒന്നും ഇല്ലല്ലോ. അപ്പോ പിന്നെ എന്താ കഴിക്കാ. നിക്ക് പോവാൻ വരട്ടെ''
""ചേച്ചി ഇവിടെ ഒറ്റക്കാണോ''
""ആ അതേ''
""ഫാമിലി?''
""ഭർത്താവിനും മകനും ഒക്കെ വേറെ കുടുംബം ഉണ്ട്''
""അപ്പോ ഇവിടെ ഒറ്റക്കാണോ''
""അതെ ഒറ്റക്കാണ്''
അമുതയുടെ മുഖത്തെ വ്യത്യാസം വൃദ്ധ ശ്രദ്ധിച്ചു
""ആരാ ഒറ്റക്കല്ലാത്തത് അല്ലേ?'' അത് കേട്ടപ്പോൾ അമുത വൃദ്ധയുടെ മുഖത്ത് നോക്കി.
""ഞാനൊറ്റക്കാണ് എന്നാ നല്ല സമാധാനത്തിലുമാണ്'' വൃദ്ധ ഒരിക്കൽ കൂടെ ഉറപ്പുവരുത്തി.
""അമ്മേടെ പേരെന്താ?'' അമുത വൃദ്ധയോട് ചോദിച്ചു
""അമ്മേടെ പേര് അമ്മു. ശരിക്കുള്ള പേര് അമുത''
""മോൾടെ പേരെന്താ?'' അമുതക്ക് തലതരിക്കുന്നതു പോലെ തോന്നി. വൃദ്ധ ചിരിക്കുന്നുണ്ടായിരുന്നു.

തിരിച്ചുപോകുന്ന വഴിയിൽ കുറേ പക്ഷികളുടെ കലപില കേട്ടപ്പോൾ അമുത നിന്നു. അത്ര പരിചിതമല്ലാത്ത ഒരു കിളി പ്ലാസ്റ്റിക് വള്ളിയിൽ കാലുടക്കി പരാക്രമം കാണിക്കുന്നു. ചുറ്റും മറ്റേതൊക്കെയോ പക്ഷികൾ. അവൾ ഭയത്തോടെ അടുത്ത് ചെന്ന് കാലിൽ നിന്നും കുടുക്ക് വിടുവിച്ചു. മറ്റു കിളികളിലേതെങ്കിലും അക്രമിക്കുമെന്ന് ഭയന്ന് അമുത ദൂരെ മാറി നിന്നു ശ്രദ്ധിച്ചു. കിളി പറന്നു പോയില്ല. അത് അവളെ നോക്കി ചിറകടിച്ച് അവിടെത്തന്നെ നിന്നു. അവൾ കയ്യാട്ടി പറക്കാൻ ആംഗ്യം കാണിച്ചപ്പോൾ അത് ചെറുതായി പറന്ന് അവൾക്ക് അരികത്ത് വന്നു നിന്നു. അവൾ അതിനെ നോക്കി നിന്നപ്പോൾ പല കിളികളുടെ ചില അവൾക്ക് ചുറ്റും. അവൾക്ക് കണ്ണുകൾ നിറഞ്ഞു. അവളുടെ കാലുകൾ വേഗത്തിൽ വീട്ടിലേക്ക് കുതിച്ചു. കാലുകളിലെ ചങ്ങലകളുടെ ചിലമ്പൽ പാദസരത്തിന്റെ കിലുക്കങ്ങളായി അവളെ പിന്തുടർന്നു. കാട്, ചങ്ങല പൊട്ടിച്ചോടിയ ഒരു കൊമ്പനായി അവൾക്ക് തൊട്ടുപിറകിലായ് പാഞ്ഞു.

അഞ്ച്

അത്ര പ്രാധാന്യമില്ലാത്ത സ്റ്റേഷനരികത്തായാണ് കാപ്പിക്കട. അവിടുത്തെ ഗ്ലാസ് ജനലിലൂടെ നോക്കിയാൽ സ്റ്റേഷനടുത്തുള്ള മൂലയിൽ ഏതാനും ആളുകൾ കൂട്ടം കൂടി നിൽക്കുന്നതു കാണാം. അവിടെ ചെരിപ്പുകുത്തിയാണോ സംഗീതജ്ഞർ ആണായെന്ന് ഏന്തി വലിഞ്ഞ് നോക്കുന്നതിനിടെയായിരുന്നു ക്ലോൺ വന്നത്.
""ഇതെന്താ സാരിയൊക്കെ''
""സാര്യൊക്കെ ഉടുത്ത് പഠിച്ചു''
അമുത അവളെ നോക്കിയിരുന്നു. അവൾ സന്തോഷത്തിലാണെന്ന് അമുതക്ക് മനസിലായി. ചെറിയ അസ്വസ്ഥത തോന്നിയത് മറച്ചു പിടിക്കുവാനെന്ന പോലെ അമുത ചിരിച്ച് സംസാരിച്ചു
""നിങ്ങൾടെ ഈ സ്‌കിൻ കാണുമ്പോഴാണെനിക്ക് അസൂയ തോന്നുന്നത്''
""വെയില് കൊണ്ട് മാറി വരണ്ണ്ട്. അല്ലാ എന്തൊക്കെണ്ട് വിശേഷങ്ങള്? ഇതിപ്പോ എവിടുന്നാ. നമ്മടെ കോണ്ട്രാക്റ്റ് ബ്രേക്കാവില്ലേ? '
""ഞാനിതു വഴി വന്നപ്പോൾ. ഇത് ഒരു പ്രൈവറ്റ് മീറ്റിംഗ് ആയിട്ട് കണക്കാക്കിയാൽ മതി. മറ്റാരും അറിയണ്ട''
""സുഖാണോ?''
""സുഖം, അവിടെയോ?''
""സുഖം. ഞാൻ ജോലി നിർത്തി. ഇപ്പോൾ മുഴോൻ സമയോം വീട്ടിലാണ്. മോനും പ്രവീണും ഹാപ്പി''

നീയെന്തിനാ ജോലി വിട്ടത്? വീട്ടിലെ കുക്കിംഗ് മുഴുവൻ ഇപ്പൊ നീയാണോ? ചെടികൾക്കൊക്കെ വെള്ളം നനക്കലുണ്ടോ? മോന്റെ മുടി വെട്ടിച്ചായിരുന്നോ? കറന്റ് ബില്ല് അടച്ചായിരുന്നോ? അമ്മക്ക് ഫോൺ റീചാർജ്ജ് ചെയ്തു കൊടുത്തിരുന്നോ? ലോൺ അടച്ചിരുന്നോ? കുഴിയാനകൾ അവിടെത്തന്നെയില്ലേ? മുരിങ്ങാക്കൊമ്പ് ഒടിഞ്ഞ് വീണായിരുന്നോ? സിറ്റൗട്ടിലെ ടാപ്പടച്ചാൽ ഇപ്പോൾ മിനിറ്റിൽ എത്ര തുള്ളികൾ വീഴും? മോന്റെ പല്ലിലെ കേട് മാറിയോ? പ്രവീണിന്റെ പുറം വേദന കുറഞ്ഞോ? പൂന്തോട്ടത്തിൽ വെയിലു കൊള്ളാൻ മഞ്ഞ ചേര വരവുണ്ടോ? മോനിപ്പോ ദു:സ്വപ്നം കണ്ട് ഞെട്ടലുണ്ടോ? വൈകുന്നേരം ഏഴുമണിക്ക് തന്നെയാണോ ഇപ്പോഴും കിണറ്റിലെ വെള്ളം ചൂടാറുന്നത്? എന്നിങ്ങനെ പല ചോദ്യങ്ങൾ മനസിൽ ചോദിച്ചെങ്കിലും ഒരു വാചകം മാത്രമേ പുറത്ത് വന്നുള്ളൂ.
""ജോലി വിടണ്ടായിരുന്നു. ഞാൻ കുറേ കഷ്ടപ്പെട്ടിട്ടാ കിട്ടിയത്''
""എനിക്കെല്ലാം കൂടി മാനേജ് ചെയ്യാൻ പറ്റണില്ലാർന്നു. ജോലി, അടുക്കള, മോൻ''
""നീയെന്തിനാ എല്ലാ റെസ്‌പോൺസിബിലിറ്റിയും കൂടെ തലയിൽ എടുത്ത് വക്കുന്നേ? ഞാൻ പറഞ്ഞിരുന്നതല്ലേ. എല്ലാം പപ്പാതിയാണെന്ന്. പ്രവീണിനു എളതരം ആയിക്കാണും''
""പ്രവീണിന് അറിയാന്ന് തോന്നുണു?''
""എന്ത്?''
""നിങ്ങളല്ല ഞാനെന്ന്''
""എങ്ങനെ?''
""ഒരു ദിവസം സെക്‌സിനു ശേഷം എന്റെ കണ്ണിൽ കൊറേ നേരം നോക്കി ചോദിച്ചു''
""എന്ത്?''
""അമുത എവടേന്ന്''
""എന്നിട്ട് നീയെന്ത് പറഞ്ഞു?''
""ഞാനൊന്നും പറഞ്ഞില്ല. പിന്നെ അതിനെപ്പറ്റി ഒന്നും സംസാരിച്ചിട്ടുമില്ല''
അതെങ്ങനാ അവൻ പറഞ്ഞതെല്ലാം നീ ചെയ്ത് കൊടുത്തു കാണും. അമുത മനസിൽ പറഞ്ഞു. ഞാനല്ലെന്ന് അറിഞ്ഞിട്ടും അവരെന്നെ അന്വേഷിച്ചില്ല.
""പക്ഷെ അമുത പറഞ്ഞ പോലെയല്ല. പ്രവീൺ ഭയങ്കര റൊമാന്റിക്ക് ആണല്ലോ. പ്രവീണിന് അമുതയെ എന്തിഷ്ടമാണെന്നോ''

അത് കേട്ടതും അമുതയുടെ നെഞ്ച് നീറി. പ്രവീണിനൊപ്പം എത്ര വർഷങ്ങൾ ഒപ്പം ജീവിച്ചെന്ന് അവൾ കണക്കുകൂട്ടാൻ ശ്രമിച്ചു.
""പ്രവീൺ റൊമാന്റിക്കാണോ?''
""പിന്നേ. ജോലി വിട്ടതോടെ കുറേ സമയം ബാക്കിയായല്ലോ. അപ്പോൾ പ്രവീൺ ഇടയ്ക്ക് നേരത്തെ വരും. പിന്നെ തുടങ്ങും കൊഞ്ചൽ. മോനേക്കാൾ കുഞ്ഞ് ഇപ്പോ പ്രവീണാണ്''
""പ്രവീൺ നിന്നെ എന്താ വിളിക്കുക''
""അമ്മൂന്ന്. കൊഞ്ചിക്കുമ്പോൾ പലതും വിളിക്കും''
""മോനെന്നെ ചോദിക്കാറുണ്ടോ''
""ഇല്ല അവനു മനസിലായിട്ടില്ല. ഇപ്പോഴവനു കുറേ കൂട്ടുകാരുണ്ട്. ഫുട്‌ബോൾ കളിക്കാൻ പോവുന്നു. മിക്കവാറും ഗ്രൗണ്ടിലാ''
""ഹിറ്റുവോ''
""അവനായിട്ട് ഞാൻ നല്ല കൂട്ടാ''
""എല്ലാവരും മാറി അല്ലേ?''
""ഹേയ് മാറിയൊന്നൂല''
""അവിടെ ആർക്കും എന്നെ മിസ് ചെയ്യുന്നില്ല അല്ലേ?''

ക്ലോൺ അതിനു മറുപടിയൊന്നും പറഞ്ഞില്ല. അമുത കണ്ണുനീരൊളിപ്പിക്കാനായിട്ട് കണ്ണുകൾ വേഗത്തിൽ ചിമ്മിക്കൊണ്ട് അടുത്തു കൂടെ പോകുന്നുണ്ടായിരുന്ന വെയ്റ്ററെ അടുത്തേക്ക് വിളിച്ചു രണ്ട് കാപ്പി പറഞ്ഞു.
""പണ്ട് ഞാൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് ലീവെടുക്കാൻ എനിക്ക് കഴിയില്ലായിരുന്നു. ഞാനില്ലെങ്കിൽ ഓഫീസ് നടക്കില്ലെന്നൊക്കെയൊരു തോന്നൽ. അച്ഛനു അസുഖം വന്നപ്പോൾ ലീവ് എടുക്കാതെ വയ്യെന്നായി. ഒരാഴ്ച കഴിഞ്ഞ് ചെന്നപ്പോൾ എല്ലാം പഴയ പടി നടക്കുന്നു. എവരിതിംഗ് ഈസ് റീപ്ലേസബിൾ'' അതിനോട് വിയോജിക്കാൻ നിൽക്കാതെ വിഷയം മാറ്റുവാനായി അവളൊന്ന് മൂളി.
""മ്മ്. ഇത്ര നാളും എന്ത് ചെയ്യുകയായിരുന്നു?''
""ഒന്നും ചെയ്തില്ല''
""ഒന്നും?''
""ഒന്നും''
""ഞാൻ കരുതി നിങ്ങൾ മരിക്കാനായി പോയതാവുമെന്ന്?''

മേശമേൽ വച്ചിരുന്ന അമുതയുടെ കൈത്തണ്ടയിലെ മുറിവിൽ അവൾ തൊട്ടുഴിഞ്ഞു കൊണ്ടിരുന്നു. ഇടയ്‌ക്കെപ്പോഴോ അവൾ കയ്യിലുണ്ടായിരുന്ന ഫോണിലെ ഗാലറി തുറന്ന് അമുതയെ കാണിച്ചു. അമുത ഫോണിലേക്ക് ഉറ്റു നോക്കി മടിച്ചു കൊണ്ടാണെങ്കിലും അടുത്ത ഫോട്ടോയിലേക്ക് വിരൽത്തുമ്പ് ഉരസി. രണ്ടു മൂന്ന് ഫോട്ടോകൾ കണ്ടുകാണും. അമുതക്ക് ദേഷ്യം വന്നു.
""ഇങ്ങനെയൊന്നുമല്ല ഞാൻ അവരെ. യു ആർ ആൻ ഇഡിയറ്റ്. ഉള്ള ജോലി കളഞ്ഞ് അവന്റെ അടിമ പണി ചെയ്യാൻ ആണോ നിന്നെ ഞാൻ അങ്ങോട്ട് അയച്ചത്. അയാളുടെ ഒരു ചിരി. ഞാൻ ഉണ്ടായിരുന്നപ്പോഴൊന്നും ഇങ്ങനെ ചിരിച്ച് കണ്ടിട്ടേയില്ല''

പെട്ടെന്നുണ്ടായ ആ ഭാവമാറ്റത്തിൽ ക്ലോൺ ഭയന്നു.
അമുതയുടെ ദേഷ്യം എന്നിട്ടും അടങ്ങിയില്ല. അടിമയെന്ന വാക്ക് ക്ലോൺ ശ്രദ്ധിക്കാതിരുന്നില്ല.

""അയാളൊരു മാനിപ്പുലേറ്റർ ആയതു കൊണ്ടാണ് നിനക്കിതൊക്കെ ചെയ്യേണ്ടി വന്നത്. ഹി ഈസ് എ നാർസിസിസ്റ്റ്. സ്വന്തം കാര്യങ്ങൾ സുഖമായി നടത്താൻ വേണ്ടി നിന്നെ അയാൾ ഉപയോഗിച്ചതാണ്. നിന്നെ അങ്ങോട്ട് വിട്ടതേ തെറ്റായിപ്പോയി. നീയാണെങ്കിലോ ആ വീട് കാണിച്ച് വച്ചേക്കുന്നത് നോക്ക്''
""അമുത പ്ലീസ് ഷൗട്ട് ചെയ്യല്ലേ. ആളുകൾ നോക്കുന്നു''
""ആളുകൾ നോക്കട്ടെ. അവർക്കവരുടെ ജീവിതം തന്നെ ശ്രദ്ധിക്കാൻ നേരമില്ല അപ്പോഴാ. നീയിപ്പോൾ ചെയ്യുന്നതുണ്ടല്ലോ അത് എന്റെ മോനെയാണ് ബാധിക്കുക. നാളെ അവനും അയാളെപ്പോലെയാവും. അവനെ ഞാൻ അങ്ങനെയാണൊ വളർത്തിയത്. അവനെന്തിനാണ് ഇപ്പോ കളിക്കാനൊക്കെ പോകുന്നത്? പഠിത്തത്തിൽ നിന്ന് എന്തിനാണ് ശ്രദ്ധ കളയുന്നത്? എന്തിനാണ് ആ പ്ലാന്റ് കളഞ്ഞത്? എന്തിനാണ് അവരെ എന്നേക്കാൾ സ്‌നേഹിക്കുന്നത്?'' അവസാന വരിയെത്തിയപ്പോഴേക്കും അമുത ഉടഞ്ഞു ചിതറി.

എന്തൊക്കെയോ പറയാനായുന്നതിനു മുൻപേ ക്ലോൺ അമുതയെ കെട്ടിപ്പിടിച്ചു. അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.

കുഴപ്പമില്ല കരയണ്ടയെന്ന് അമുതക്ക് പറയാൻ തോന്നി. പറഞ്ഞില്ല.
""ഞാൻ കല്യാണം കഴിച്ചു വന്ന കാലം ഇതു പോലെയായിരുന്നു. പത്ത് രൂപക്ക് അച്ഛനെ വിളിക്കണം. അവിടെ നിന്ന് അടുക്കള പണിക്കിടെ സമയം കണ്ടെത്തി പഠിച്ച് ഒരു ജോലി വാങ്ങുന്ന വരെ ഞാൻ പെട്ട പാട് എനിക്കേ അറിയൂ. അതെടുക്ക് ഇതെടുക്ക് എന്ന് പറഞ്ഞോണ്ടിരുന്ന പ്രവീണിനെ സ്വന്തമായി പോയി എടുക്കാൻ ശീലിപ്പിച്ചത് എത്ര കാലം ഫൈറ്റ് ചെയ്തിട്ടാണെന്ന് അറിയാമോ? അതൊക്കെയാണ് ഒറ്റയടിക്ക് തവിടുപൊടിയായി കിടക്കുന്നത്. കേൾക്കുമ്പോ സങ്കടം വരുന്നു. നിന്നെ പോലുള്ള ക്ലോണുകളാണ് ഇവിടുത്തെ വീടുകൾ നിറച്ചും''
""അമുത തിരിച്ചു പോയ്‌ക്കോളൂ വീട്ടിലേക്ക്. എനിക്ക് ഇതൊന്നും എതിർക്കാൻ കഴിയില്ല'' കരഞ്ഞു കൊണ്ടു തന്നെ അവൾ പറഞ്ഞു. താൻ വീട്ടിലേക്ക് തിരിച്ചു പോവുക എന്നതിനർത്ഥം കോണ്ട്രാക്റ്റ് ബ്രേക്കിംഗ് ആണ്. ക്ലോണിനെ കമ്പനി നശിപ്പിക്കും.അവളുടെ മരണത്തിലേക്കാണ് ആ വാചകം വിരൽ ചൂണ്ടിയിരിക്കുന്നത്.
""എല്ലാവരേയും അനുസരിച്ചാണ് എനിക്ക് ശീലം''
ശരിയാണ് ആദ്യം കമ്പനിയെ പിന്നെ അമുതയെ ഇപ്പോൾ പ്രവീണിനെ. അമുത അവളെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു.
""ഞാനെന്താ ഇവിടെ നിന്ന് പോയതെന്ന് പറയട്ടേ?''
""മ്മ്'' കണ്ണുനീരിന്റെ തണുത്ത ഒച്ച.

""ഇതല്ല എന്റെ ജീവിതം എന്നു എനിക്ക് അറിയാമായിരുന്നു? ഹൃദയത്തിന്റെ ഒരു കഷ്ണം അതെനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അതിവിടെയില്ല. ഈ ലോകത്തിനോ ഈ ആളുകൾക്കോ ഒന്നും എന്നെ മനസിലായിട്ടില്ല. മനസിലാവില്ല. ജോലി ഭർത്താവ് കുട്ടി എന്റെ സന്തോഷങ്ങൾ ഒന്നും ഇതല്ല. എനിക്കിതല്ല വേണ്ടതെന്ന്
എനിക്കെന്നും അറിയാമായിരുന്നു. പ്രവീണിനെ ഞാൻ കുറ്റം പറയില്ല. അയാൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം അയാൾ ചെയ്തിട്ടുണ്ട്. പക്ഷെ അയാളെപ്പോലെ ഒരാളല്ല ഞാൻ. പുതിയ ഒരു നെക്ലസ് വാങ്ങിത്തന്നാലോ പുതിയ മോഡൽ മൊബൈൽ വാങ്ങിത്തന്നാലോ അയാൾ സന്തോഷിക്കുന്നത്ര പോലും എനിക്ക് ജീവിതത്തിൽ സന്തോഷിക്കുവാൻ കഴിഞ്ഞിട്ടില്ല. എനിക്കതൊന്നുമല്ല പ്രധാനം. അവരുടെ പാർട്ടികളിലോ ട്രിപ്പുകളിലോ ഒക്കെ ഒറ്റയായിപ്പോകുന്ന ഒരാളാണ് ഞാൻ. എനിക്ക് വേണ്ടത് സന്തോഷമല്ലായിരുന്നു. സമാധാനമായിരുന്നു. എനിക്കത് എവിടെ നിന്നും ലഭിച്ചില്ല. എന്റെ ജീവിതത്തിൽ ഒരുപാട് നല്ല മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട്. യാത്രകൾ, പ്രേമങ്ങൾ, അലച്ചിൽ. രാത്രി കാട് കാണാൻ പോയത്, ബീച്ചിൽ ഉറങ്ങാതിരുന്ന് ബിയർ കുടിച്ച് സൂര്യോദയം കണ്ടത്, പാട്ടു കേട്ടുകൊണ്ട് നഗരത്തിൽ നടന്ന് നടന്ന് നേരം വെളുപ്പിച്ചത്, മലർന്ന് കിടന്നപ്പോൾ കൊള്ളിയാൻ പാഞ്ഞത്, വെള്ളച്ചാട്ടത്തിൽ മീനുകൾ ഉമ്മ വച്ചത്. പക്ഷെ എനിക്കെപ്പോഴുമറിയാമായിരുന്നു ഇതല്ല ഇതല്ലെന്ന് ഞാൻ ഉള്ളിൽ പറഞ്ഞു കൊണ്ടേ ഇരിക്കുകയായിരുന്നു''

ക്ലോണിന്റെ കരച്ചിലൊതുങ്ങി. അവൾക്ക് ആകാംക്ഷയായി.
""നിങ്ങൾ ചിരിക്കുമ്പോഴും മുഖത്ത് സങ്കടം എപ്പോഴും കാണാമായിരുന്നു'' കഴിഞ്ഞ വട്ടത്തെ കൂടിക്കാഴ്ച്ച ക്ലോൺ ഓർത്തു. പക്ഷെ അമുത ഒന്നും മിണ്ടിയില്ല. പിന്നെ കുറച്ചു നേരം അവിടെമാകെ നിശബ്ദമായിരുന്നു. സ്റ്റേഷനിലെ ആൾക്കൂട്ടം പിരിഞ്ഞു പോകുന്നത് നോക്കി അമുത ഇരുന്നു.
കാപ്പി കൊണ്ടു വച്ചപ്പോൾ അവരിരുവരുടേയും മുഖത്തോട്ട് നോക്കി സപ്ലയർ അമ്പരന്നു, പിന്നെ ചിരിച്ചു കൊണ്ട് പോയി. സംസാരിക്കാൻ വിഷയം കിട്ടാതെ അവരിരുവരും വിഷമിച്ചു.
""ഇതിലെന്താ?'' മേശയുടെ ഒരു വശത്തു വച്ച സഞ്ചിയിൽ നിന്നും പുറത്തേക്ക് തെറിച്ച കടലാസ് കെട്ടുകൾ കണ്ട് അവൾ ചോദിച്ചു. അമുത എന്തെങ്കിലും പറയുന്നതിനു മുൻപു തന്നെ അവളതെടുത്തു നോക്കി. കിട്ടിയ ഭാഗത്തു നിന്നും വായിച്ചു നോക്കി.

ഈ സ്വാതന്ത്ര്യം ഏകാന്തതയാണ്. ദുഃഖങ്ങളിൽ നിന്നോ ഒറ്റപ്പെടലുകളിൽ നിന്നോ ആയിരുന്നു എനിക്ക് എഴുത്ത് വന്നിരുന്നത്. എഴുതുവാൻ കഴിയാതിരുന്ന കാലത്തെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ദു:ഖങ്ങൾക്ക് കുറവുണ്ടായിരുന്നോ എന്നാലോചിച്ചു. ഇല്ല. എന്നാൽ പരിചിതമായിരിക്കുന്നു മിക്കവയും. ഒരു പാട് കാലം നിലകൊണ്ട വീടു പോലെ എല്ലാ ജീവിതാവസ്ഥകളേയും എനിക്ക് ഇന്ന് അടുത്ത് പരിചയമുണ്ട്. സന്തോഷിക്കാനുള്ള മനസില്ലായ്മ അതെവിടെ നിന്നും വരുന്നു എന്നു ശ്രദ്ധിക്കുവാനുള്ളത്ര ഏകാന്തതയാണ് അരികത്തെന്ന് തോന്നി. അതെനിക്ക് ചുറ്റും ആരുടേയോ സ്‌നേഹത്തിന്റെ പ്രഭാവലയം പോലെ നിൽക്കുകയാണ്. എപ്പോഴും കൂടെ. സന്തോഷങ്ങളിൽ പെട്ടെന്ന് ഓർമ്മ വരുന്ന അടിത്തട്ടിലെ കനം കൂടിയ മാറാല. ജന്മങ്ങളായി കൊണ്ട് നടക്കുന്ന ഒരു തലചുമട്. മേഘങ്ങൾ മൂടുന്ന ദിവസത്തെ ഭൂമിയുടെ ഉഷ്ണം. അസഹനീയമായ നീറ്റൽ. ഉള്ള് പൊള്ളയായ അസ്വസ്ഥത. പൊങ്ങിക്കിടക്കുന്ന ദിശയില്ലായ്മ. കൈപ്പത്തിയിലെ വേനലിന്റെ ഉണക്കം. ഇവിടിരുന്ന് ഞാൻ എന്റെ പാവാടയിൽ പറ്റിയ പുല്ലിങ്കായകൾ ഓരോന്നായി വലിച്ചൂരിക്കൊണ്ടിരിക്കയാണ്. ഈ സ്വാതന്ത്ര്യം ഏകാന്തതയാണ്. അതെനിക്ക് സഹിക്ക വയ്യ.

""ഒറ്റക്കായെന്ന് തോന്നിയപ്പോൾ തിരിച്ചു വന്നതാണോ?'' വായന പാതിയിൽ നിർത്തി മനസിൽ വന്നത് അവൾ ചോദിച്ചു.
""തിരികെ വന്നതല്ല. അച്ഛൻ മരിച്ച ദിവസം എനിക്ക് മുൻപിൽ ഞാനൊരു ഇഷ്ടികക്കട്ട വച്ചു. അതിലേക്ക് നുഴഞ്ഞു കയറിയ കയ്പ്പ വള്ളികളെ ഒടിച്ചു കളഞ്ഞു. പതിയെപ്പതിയെ എന്നെ ദഹിപ്പിക്കാൻ മാത്രമായൊരു കൂടു പണിതു. എല്ലാം വിട്ട് ഒറ്റക്കൊരു ഇടം സ്വന്തമായപ്പോൾ അതാണ് സ്വാതന്ത്ര്യമെന്ന് കരുതി. അല്ല. പകരം ഒറ്റക്കായി. അല്ലെങ്കിലും ജീവിതം മുഴുക്കെ ഞാനൊറ്റയായിരുന്നു. ജനിച്ചത് മുതൽ. അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ എത്തിയത് അപ്പോഴായിരുന്നെന്ന് മാത്രം. നമ്മുടെ ഇഷ്ടത്തിനൊത്തല്ലാതെ ജീവിക്കുമ്പോൾ കുടുങ്ങിക്കിടക്കുന്ന വെരുകിനെപ്പോലെ. മറ്റാർക്കൊക്കെയോ വേണ്ടി ജീവിച്ചപ്പോൾ സ്വതന്ത്രരാകാൻ മറന്നതു പോലെ. നമ്മളെത്ര ബലം പിടിച്ചാലും ഒഴിഞ്ഞു പോകുന്നതല്ലല്ലോ ഓർമ്മകൾ. പ്രവീണിനെ, എന്റെ മകനെ, ഹിറ്റുവിനെ, വീടിനെ എല്ലാം സ്വപ്നം കാണുവാൻ തുടങ്ങി. സ്വപ്നങ്ങളെ നമുക്ക് കബളിപ്പിക്കാൻ കഴിയില്ല. അതെല്ലാമെന്നെ കൂടുതൽ ആഴത്തിൽ ദുഃഖിതയാക്കി. അതിൽ നിന്നെങ്ങനെ പുറത്തു വരുമെന്ന് എനിക്കറിയില്ലായിരുന്നു.

ഒരു ദിവസം വീടിനു പുറത്തിറങ്ങിയപ്പോൾ അരികിൽ കാട് വലിയൊരു ആൽമരം പോലെ ഇളകിയാടുന്നു. നടവഴിയിലപ്പാടെ ചപ്പിലകൾ. മഴ കഴിഞ്ഞതിനാൽ മിക്ക ഇലകളിലും പൂക്കളിലും മഴയുടെ പൂമ്പൊടികൾ തങ്ങി നിന്നു. പെയ്തു പോയതിന്റെ തണുപ്പ് അപ്പുറമിപ്പുറമാകെ. ഞാൻ നടക്കാൻ തുടങ്ങി. ചിലയിടത്ത് വഴുതി. മനുഷ്യന്റെ ആദിമ കാലത്തെ ഓർമ്മ പോലെ കാട്, അതിന്റെ വിളി. ചിലന്തിയുടെ വല തലമുടിയിൽ പറ്റി. എത്ര തുടച്ചിട്ടും പോകാത്ത വഷളൻ സ്പർശനം പോലെ. പച്ച വെയിൽ വന്നു വീണ പോലെ പായൽ. ചരിഞ്ഞു കിടന്ന മരങ്ങളുടെ ഇടുപ്പുകളിൽ മരക്കൂണുകൾ. കൂടുണ്ടാക്കാൻ ഇലകളുടെ കനം കുറഞ്ഞ കഷ്ണങ്ങൾ വഹിച്ച് കൊണ്ട് പോവുന്ന ഉറുമ്പിൻ കൂട്ടം. ഒരു കാട്ടുമുയൽ, അണ്ണാൻ, കീരി. രാത്രിയിൽ ഇടിമിന്നലിൽ കണ്ട കാഴ്ച്ച പോലെയാണ് ഞാനത് കണ്ടത്. പ്രകൃതിയിൽ എല്ലാം അതാതു പോലെ ഇരിക്കുന്നു. കാട് എല്ലാത്തിനേയും ഉൾക്കൊള്ളുന്നു. എന്നേയും അണ്ണാനേയും ഒന്നു പോലെ. എല്ലാതുകളേയും പോലെ ഏകയാണെന്ന സത്യം ഞാൻ സ്വയം അംഗീകരിച്ചു.

അല്ലെങ്കിൽ ആരാണ് ഒറ്റയല്ലാത്തത്. നീയല്ലേ? ഒറ്റയാവുന്നതിനെ ഭയക്കുന്നവരല്ലേ എല്ലാം? അതിനെ നേരിടുവാനല്ലേ ഈ കുടുംബം സമൂഹം ഒക്കെ. കാടെന്നെ സാന്ത്വനിപ്പിച്ചു. അതിനു ശേഷമായിരുന്നു ഞാനെന്റെ സ്വാതന്ത്ര്യം അനുഭവിച്ചു തുടങ്ങിയത്. അതിനു ശേഷമായിരുന്നു ഞാൻ ഓർമ്മകളെ ഓർമ്മപ്പെടുവാൻ വിട്ടത്. അപ്പോൾ മുതലായിരുന്നു ഞാൻ സ്വതന്ത്ര്യയായത്. അങ്ങനെ ഞാനെന്റെ വീടിനെ പുതുക്കി പണിയുവാൻ തീരുമാനിച്ചു. അതിൽ എല്ലാവരുമുണ്ടായിരുന്നു മകൻ പ്രവീൺ ഹിറ്റു അച്ഛൻ. അവരെയൊക്കെയോർത്ത് ഞാൻ സന്തോഷിക്കുകയും കരയുകയും ചെയ്തു. അവരുടെ സ്‌നേഹം എന്നെ നിറച്ചു. കാടിന്റെ സ്‌നേഹം എന്നെ നിറച്ചു. ജീവജാലങ്ങളുടെ സ്‌നേഹം. പ്രപഞ്ചത്തിന്റെ സ്‌നേഹം. ബാൽക്കണിയിൽ വിരിച്ചിട്ട വസ്ത്രങ്ങളെ കാറ്റ് കുറച്ചു കൂടി വേഗത്തിൽ ആറ്റുന്നതു പോലെ സ്‌നേഹം മാത്രം എന്റെ മുറിവുണക്കുന്നു. എനിക്ക് തോന്നുന്നു എന്റെ സ്വാതന്ത്ര്യം സ്‌നേഹമാണെന്ന്''
""എങ്കിൽ വീട്ടിലേക്ക് പോയ്ക്കൂടെ?''
""ശരിയാണ്. ഞാനവരെ മിസ് ചെയ്യും. അവരുടെ സ്‌നേഹം ഓർത്ത് ഇടക്ക് കരയുമായിരിക്കും. സങ്കടപ്പെടുമായിരിക്കും. ഞാനില്ലാതെ തന്നെ അവർ സന്തോഷിക്കുന്നത് ഓർത്ത് അസൂയപ്പെടുമായിരിക്കും. പക്ഷെ അതൊന്നും തിരികെ പോകുവാനുള്ള ഒരു കാരണമല്ല. ഇപ്പോൾ ഞാനുള്ളിൽ അനുഭവിക്കുന്ന ഒന്നിനും പകരമാവില്ല അത്.''
""പക്ഷെ അമുതാ''
""ചില പോയന്റിൽ വച്ച് തിരികെ പോകാത്ത വിധം ആളുകൾ ഇറങ്ങിപ്പോരും. അതും ജീവിതമാണ്''
എന്തെങ്കിലും പറയുന്നതിനു മുൻപ് അമുത പെട്ടെന്ന് അവളുടെ വായ പൊത്തിപ്പിടിച്ചു എന്നിട്ട് ചോദിച്ചു.
""ജനലിനരികിൽ നിന്ന് മഴ പെയ്യുന്നത് നോക്കി നിൽക്കുമ്പോൾ, മേഘങ്ങളെ നോക്കി നിൽക്കുമ്പോൾ, കാറ്റിലിളകുന്ന ഇലകളെ നോക്കി നിൽക്കുമ്പോൾ ശരിക്കും കാണുന്നതെന്താണ്? ഓർമ്മകളാണോ?''

കോഫീഷോപ്പ് വാഷ്‌റൂമിലെ പൊട്ടിയ കണ്ണാടി മാറ്റുവാനായി ആറടി നീളമുള്ള കണ്ണാടി നാലു പേർ താങ്ങിപ്പിടിച്ചു വരികയായിരുന്നു. വാഷ് റൂമിലുണ്ടായിരുന്ന ആരോ ഇറങ്ങുവാൻ കാത്ത് അവർ ആ കണ്ണാടി തൽക്കാലത്തേക്ക് താഴെ ചാരി. തൊട്ടരികിലിരുന്ന അമുത കണ്ണാടിയിലേക്ക് മുഖം നോക്കിയപ്പോൾ ക്ലോണിന്റെ പ്രതിബിംബം അവൾക്ക് കാണാനായി. വെയ്റ്റർ കൊണ്ട് വന്ന് വച്ചിട്ടു പോയ കേക്ക് കഴിക്കുകയായിരുന്നു അമുത. കടി തെറ്റി ചുണ്ട് മുറിഞ്ഞു. നോക്കിയപ്പോൾ കണ്ണാടിയിൽ കണ്ടു ക്ലോണിന്റെ ചുണ്ടിൽ രണ്ടു തുള്ളി രക്തം.

ആറ്

ഉമ്മറത്ത് അമുതക്കൊപ്പം മറ്റൊരാളേയും കണ്ടപ്പോൾ വൃദ്ധക്ക് സന്തോഷമായി.
""ആ വിരുന്നുകാരുണ്ടല്ലോ. ഞാനേ ലൈറ്റ് കണ്ടപ്പോ തോന്നി. ആളു വന്നെന്ന്. ഇത്തിരി ചക്കരക്കട്ടി കിട്ടി. പുളിശ്ശേരി ഉണ്ടാക്കി''
""ചക്കരക്കട്ടിയോ''
""അതീ ചപ്പിക്കുടിയൻ മാങ്ങയെ പറയുന്നതാ''
അമുത ചിരിച്ച് സഞ്ചി വാങ്ങി. അമുതയുടെ കൂടെയുണ്ടായിരുന്ന ആളെ അപ്പോഴാണ് വൃദ്ധ ശരിക്കും കാണുന്നത്.
""അല്ലാ നിങ്ങൾ ഒരേ പോലെ ഉണ്ടല്ലോ. നിങ്ങള് ഇരട്ടകളാണോ?''
ആരും ഉത്തരം ഒന്നും പറഞ്ഞില്ല പകരം രണ്ടു പേരും പരസ്പരം നോക്കി ചിരിച്ചു. അത് കണ്ട് വൃദ്ധയും ചിരിച്ചു. പിന്നെ പതിയെ അതിലൊരാൾ അതെയെന്ന് തലയാട്ടി. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc (കവിത), 3AM (നോവൽ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments