ചിത്രീകരണം: സൂരജ കെ.എസ്

രുഭൂമിയിലെ തണുപ്പിൽ മഹേഷ വിറയ്ക്കുവാൻ തുടങ്ങിയിട്ട് ഇന്നേക്ക് ഏഴു വർഷവും മൂന്നു മാസവുമായി. എവിടെയാണെന്നും എന്തുചെയ്യുകയാണെന്നുമറിയാത്ത അവസ്ഥയിൽ കിടക്കുകയാണ് അവനിപ്പോൾ. പാത്രിരാത്രി സമയം. ഉറക്കത്തിൽനിന്നുണരുന്നതുപോലെ അവൻ കണ്ണുകൾ പാതി തുറന്നു. എല്ലാം കെട്ടുപിണഞ്ഞുകിടക്കുന്നതായി കണ്ടു! താൻ ഇതുവരെ കണ്ട ചിത്രങ്ങൾക്കും തന്റെ ഓർമ്മകൾക്കും ബന്ധമുള്ളതുപോലെയും ഇല്ലാത്തതുപോലെയും കാണുന്നു. മനസ്സ് പുളകം കൊണ്ടു. ഹൃദയം ഉച്ചത്തിൽ മിടിക്കാനാരംഭിക്കുന്നത് മെല്ലെ ചെവിയിൽ കേൾക്കുന്നു. കണ്ണുകൾ മൂടി തലച്ചോറിന്റെ സഹായത്തോടെ മനസ്സിനെ പിറകിലേക്ക് വലിച്ചു.

മഹേഷ പെട്ടെന്ന് എഴുന്നേറ്റ് ഇരുന്നു. അത് സ്വപ്നമായിരുന്നെന്ന് അവന് മനസ്സിലാകുവാൻ തെല്ലു സമയമെടുത്തു. ചുറ്റിലേക്കും തല തിരിച്ചു നോക്കി. ഇരുണ്ടയന്തരീക്ഷത്തിൽ തലയ്ക്കു മീതെ മങ്ങി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ബൾബ്. ദൂരെ മസറ*യിലെവിടെയോ കുരയ്ക്കുന്ന പട്ടിയുടെ ശബ്ദം അവ്യക്തമായി കേൾക്കുന്നുണ്ട്.

"ഇവിടെയെല്ലാം പട്ടിയെ കാണണമെങ്കിൽ മരുഭൂമിയിലുള്ള ഈന്തപ്പനത്തോട്ടത്തിലേക്ക് പോകണം' എന്നു പറഞ്ഞ തന്റെ ഫോർമാൻ മൈക്കിളിന്റെ വാക്കുകൾ അവനോർമ്മ വന്നു. തൽക്ഷണംതന്നെ അവന്റെ മനസ്സിലേക്ക് കടന്നു വന്നത് ആ സ്വപ്നമാണ്! അതുതന്നെയാണ് അവനെ ഉറക്കത്തിൽനിന്ന് എഴുന്നേൽപ്പിച്ചതും. അതൊരു കറുത്ത ടാർ റോഡാണ്, അവൻ ഓടിക്കൊണ്ടിരിക്കുന്നു, പിറകിൽ അവനെ തുരത്തിക്കൊണ്ടു വരുന്ന നൂറു കണക്കിന് പട്ടികൾ, കാലുകൾ തളർന്ന് അവൻ താഴേക്ക് വീണപ്പോൾ ആ പട്ടിക്കൂട്ടം അവനെ വളഞ്ഞാക്രമിച്ച് അവന്റെ അവയവങ്ങളെ കടിച്ചു വലിക്കുന്നു, ചില പട്ടികൾ അവനെ കടിച്ചു കീറി തുപ്പുന്നു, പിറകിൽ നിൽക്കുന്ന പട്ടികൾ ആ മാംസം ഭക്ഷിക്കാനായി തമ്മിൽ കലഹിച്ചുകൊണ്ടിരിക്കുന്നു. മഹേഷ കണ്ണാടിയിൽ തന്റെ മുഖത്തെ നോക്കി. ചെറുതായി ചിരി വന്ന് അവൻ എണീറ്റ് കുളിമുറിയിലേക്ക് ചെന്നു.

എഴുന്നേൽക്കുമ്പോൾ എന്തോ ഒരു പ്രത്യേകമായ അനുഭവം അവനുണ്ടായി. കുളിമുറിയിൽ കയറി വാതിലടച്ച് ലൈറ്റിടുകയും ബർമുഡയൂരി താഴേക്കിട്ട് വലംകൈ അടിവസ്ത്രത്തിനകത്തേക്ക് കടത്തി ജനനേന്ദ്രിയം പുറത്തേക്കെടുത്ത് മൂത്രിക്കാനാരംഭിച്ചു. അർദ്ധരാത്രിയായതിനാൽ മൂത്രിക്കുന്ന ശബ്ദം തൊട്ടടുത്ത മുറിയിൽ കിടക്കുന്ന അപ്പോൾ മാത്രം ഉറങ്ങാൻ തുടങ്ങിയ മഹേഷന്റെ ഫോർമാൻ മൈക്കിളിനെ ഒരു നൊടിയുണർത്തിയെങ്കിലും അതിന്റെ തുടർച്ചയായ ശബ്ദം അയാളെ വീണ്ടും ഉറക്കത്തിലേക്ക് കൊണ്ടുപോയി. ഇവിടെ മഹേഷന്റെ കണ്ണുകൾ ആ പട്ടികളുടെ സ്വപ്നത്തിൽതന്നെ ഉറച്ചുപോയിരുന്നു. ചുണ്ടുകൾ കോട്ടി അവൻ ചിരിച്ചു. അപ്പോളവന് പെട്ടെന്നെന്തോ തോന്നിയതുകൊണ്ട് കുനിഞ്ഞ് താഴേക്ക് നോക്കി. കൈകൾകൊണ്ട് ലിംഗത്തിന് താഴെ തടവിനോക്കി. ഭയം അധികരിക്കാൻ തുടങ്ങി! വീണ്ടുമൊരു പ്രാവശ്യം കൈകൾകൊണ്ട് ഉരസുകയും ചർമ്മം വലിച്ചുനോക്കുകയും ചെയ്തു! ഉണ്ടായിരുന്നില്ല!

അവന്റെ രണ്ടു വൃഷണങ്ങളും അപ്രത്യക്ഷമായിരിക്കുന്നു!
ഇതു സ്വപ്നംതന്നെയാണോ എന്നു അവൻ കുനിഞ്ഞു നോക്കി. പരിഭ്രമിച്ച് മുറിയിലേക്ക് ചെന്ന് കണ്ണാടിയിൽ നോക്കി!
ലിംഗം മാത്രം അനാഥമായി തൂങ്ങിയാടുന്നുണ്ടായിരുന്നു!
എങ്ങോട്ടുപോയി രണ്ടു വൃഷണങ്ങളും?!
ഒന്നും മനസിലാകാതെ വിഷമിക്കുകയും നിലത്തു വീണ് പുളയുകയും ചെയ്തു. പിന്നെയും പിന്നെയും അവൻ നോക്കി. മരുഭൂമിയിലെ ഈ കൊടുംതണുപ്പിൽ സങ്കോചിച്ച് ഒരുവേള ശരീരത്തിനുള്ളിലേക്ക് പോയിരിക്കാമെന്ന് കരുതി ചർമത്തെ വലിച്ചുംനോക്കി.

ഏഴുവർഷങ്ങൾക്കുശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന ഈ സന്ദർഭത്തിൽതന്നെ ഇങ്ങനെ സംഭവിക്കണോ?! തന്റെ അച്ഛനുണ്ടാക്കിയ കടം, താൻ ഗൾഫിലേക്ക് വരാനായി അമ്മയുണ്ടാക്കിയ കടം, അക്കയുടെ കല്യാണം, അവളുടെ മക്കളുടെ പേരിടൽ ചടങ്ങ് എന്നിങ്ങനെ എല്ലാ കടങ്ങളും തീർത്ത് വീടു പണിയാനായി ഈയ്യിടെ വീണ്ടും കടമുണ്ടാക്കി നെടുവീർപ്പിട്ടിരുന്നു.

ആഗസ്ത് പതിനാലാം തീയ്യതി അർദ്ധരാത്രി 11.45നു പുറപ്പെടാനിരിക്കുന്ന എയർ ഇന്ത്യ വിമാനം അവന്റെ തഴമ്പിച്ച പാദസ്പർശനത്തിനായി കാത്തിരിക്കുന്നുണ്ടാകുമോ! പുറപ്പെടാനിരിക്കുന്ന ഒരു ദിവസം മുമ്പ് അതായത് ആഗസ്ത് പതിമൂന്നാം തീയ്യതി രാത്രിയിലെ ഈ സംഭവം അവന്റെ കഴിഞ്ഞ എഴുവർഷത്തെ വിയർപ്പിനെയും കരച്ചിലിനെയും കിനാക്കളെയും ആഗ്രഹങ്ങളെയും കടിച്ചു പറിച്ച് പറന്നുകളഞ്ഞു.

ആരോടാണിത് പറയേണ്ടത്?! പറഞ്ഞാൽതന്നെ ആരു വിശ്വസിക്കാനാണ്?! അതുകേട്ട് വയറു കുലുക്കി ചിരിക്കും, അത്രേയുള്ളൂ. എന്താണിപ്പോൾ ചെയ്യുക? നാട്ടിലേക്ക് മടങ്ങുകയെന്നാൽ എങ്ങനെയാണ്? സങ്കടം കരച്ചിലായി മാറി.
അവൻ കരഞ്ഞു. വൃഷണങ്ങൾ കാണാതായ വേദനയുടെ കൂടെ കുറെയേറെ അദൃശ്യമായ ദുഃഖങ്ങളും അവന്റെ മനസ്സിൽ തിരയടിച്ച് കണ്ണീരായി പുറത്തേക്കുവന്നുകൊണ്ട് അവന്റെ മൃദുവായ കവിളുകളിൽ ചൊറിച്ചിലുണ്ടാക്കി. കവിളുകൾ തുടച്ചുംകൊണ്ട് അവൻ കരച്ചിൽ നിർത്തി എഴുന്നേറ്റു.
അരേ!
വാഹ്!
ഒന്നാലോചിച്ചാൽ വൃഷണമില്ലാതിരിക്കുന്നത് നല്ലതുതന്നെ! ഇടയ്ക്കിടെ ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കുമ്പോൾ അവ തുടയിടുക്കിലോ അടിവസ്ത്രത്തിലോ കുടുങ്ങുമ്പോൾ അനുഭവിച്ചിരുന്ന നരകവേദന ഇപ്പോഴില്ല!

ഇതൊരു തരത്തിൽ നല്ലതുതന്നെയാണ്! സൂപ്പർ അണ്ണാ... എങ്കിലുമൊരു സംശയം... ഈ വൃഷ്ണങ്ങൾ മനുഷ്യാവയവങ്ങളിൽ പ്രധാനപ്പെട്ടതു തന്നെയല്ലേ?! വൃഷ്ണങ്ങളില്ലെങ്കിലും താനിപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ. ഏതോ ഒരുവൾ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെങ്കിലും അവൻ ജീവിച്ചെന്ന് ആരോ പറഞ്ഞതായോർമ്മയുണ്ട്! ആരാണത് പറഞ്ഞത്?! ശരിക്കും ഓർമയില്ല.
അല്ലെങ്കിൽ... രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞ് താൻ മരിച്ചുപോകുമോ?!
ഭയമിരട്ടിച്ചതും പെട്ടെന്ന് തൊട്ടപ്പുറത്തെ മുറിയിൽ കിടന്നുറങ്ങുന്ന തന്റെ ഫോർമാൻ മൈക്കിളിന്റെയടുത്തേക്ക് ചെന്ന് വാതിൽ തള്ളി അകത്തു കടന്നു. അയാൾ ഇപ്പോൾ മാത്രമാണ് കൂർക്കം വലിക്കാൻ തുടങ്ങിയെന്നതെന്ന് തോന്നുന്നു, കൂർക്കംവലിയുടെ ശബ്ദം ചെറുതായി കേൾക്കുന്നുണ്ടായിരുന്നു. പേടിയും ലജ്ജയും ഉത്കണ്ഠയും അവനെ ആശ്ലേഷിച്ച് ഇക്കിളിപ്പെടുത്തി. തണുപ്പിൽ അവന്റെ ദേഹം മെല്ലെ വിറയ്ക്കാൻ തുടങ്ങി. അവൻ പിന്തിരിഞ്ഞു, എങ്കിലും ചുവടുകൾ വെക്കാൻ സാധിച്ചില്ല. അണ്ണൻ എന്തെങ്കിലും വഴികണ്ടുപിടിക്കും. മറുത്തു പറഞ്ഞാൽ താൻ മരിച്ചേക്കുമെന്ന് തീവ്രമായി കരുതിയതിനാൽ മൈക്കിളിന്റെ കാലുകൾ പിടിച്ചുകുലുക്കി എഴുന്നേല്പിച്ചു.

അപ്പോൾമാത്രം ഉറക്കത്തിലേക്ക് വഴുതിയിരുന്ന മൈക്കിൾ കുലുങ്ങിയെഴുന്നേറ്റ് "എന്ത്? എന്തുപറ്റി? ഹാം?' എന്നു ഉറക്കെചോദിച്ചു. മുന്നിൽ നിൽക്കുന്ന മഹേഷനെ നോക്കി നില വീണ്ടെടുത്ത് ചുണ്ടുകൾ വിടർത്തി "എന്താണ്... ഇപ്രാവശ്യവും അവധിക്ക് പോകുന്നില്ലായെന്നാണോ? വീടുനിർമ്മാണം പൂർത്തിയായതിനുശേഷം മാത്രം പോകുന്നുവെന്നാണോ? ടിക്കറ്റ് ക്യാൻസൽ ചെയ്യണോ?' എന്നു ചിരിച്ചു. തന്റെ അക്കയുടെ കല്യാണത്തിന് ഇന്ത്യയിലേക്ക് പോകാതെ പണമയച്ച് വാട്‌സാപ്പിൽ കല്യാണ ഫോട്ടോകൾ കണ്ടും ഇമോ വീഡിയോ കോൾ ചെയ്ത് അക്കയോടും അളിയനോടും സംസാരിച്ച് സന്തോഷത്തിൽ തുള്ളിച്ചാടിയും അക്കയുടെ മകന്റെ പേരിടൽ ചടങ്ങിന് ഇനി നാട്ടിലേക്കെന്ന് തീരുമാനിച്ച് അതിനും കഴിയാതെ രണ്ടാമത്തെ കുട്ടിയുടെ പേരിടലിന് പോകാമെന്നും പറഞ്ഞ് മുറിയിലിരുന്ന് കരഞ്ഞുകൊണ്ടിരുന്നവനെ സമാധാനിപ്പിച്ച് അടുത്ത വർഷം പോകാമെന്ന് ആത്മവിശ്വാസം പകർന്ന മൈക്കിളിന് അവന്റെ കഷ്ടതകളെക്കുറിച്ചറിയാം.

മൈക്കിളിന്റെ ആ ചോദ്യം കേട്ട മഹേഷന്റെ വേദന ഇരട്ടിക്കുകയും അതവന്റെ തലച്ചോറിനകത്തേക്ക് തുളച്ചുകയറി കണ്ണുകൾ മങ്ങുകയും ചെയ്തു. അവൻ വീണ്ടും കരയാനാരംഭിച്ചു. ഒന്നു പരിഭ്രമിച്ച മൈക്കിൾ മഹേഷന്റെ ചുമലിൽ തട്ടിക്കൊണ്ട് എന്താണ് കാര്യമെന്ന് പല പ്രാവശ്യം ചോദിച്ചെങ്കിലും കരഞ്ഞുകൊണ്ടേയിരിക്കുന്ന ഇരുപത്തഞ്ചു വയസ്സു പ്രായമുള്ള അവന്റെ കരച്ചിലിന് തടയിടാൻ സാധിക്കാതെ വെറുതെ നിസ്സഹായനായി ഇരുന്നു. കുറച്ചു നിമിഷങ്ങൾക്കുശേഷം നില അല്പം വീണ്ടെടുത്ത മഹേഷനെ നോക്കിക്കൊണ്ട് മൈക്കിൾ മെല്ലെ "സമാധാനപ്പെട്... കാര്യമെന്താണെന്ന് പറഞ്ഞാലല്ലേ എനിക്ക് മനസിലാവുക... അമ്മയ്‌ക്കെന്തെങ്കിലും...?'
"ഇല്ലണ്ണാ...' "പിന്നെന്തിനാണ് ഇങ്ങനെ കിടന്നു കരയുന്നത്...'
സ്ഥിതി മെച്ചപ്പെടുത്തിയ മഹേഷ തന്റെ ഫോർമാനും കൂടെപ്പിറന്ന അണ്ണനെപ്പോലെയുള്ള മൈക്കിളിന്റെ മുഖത്തേക്ക് തന്നെ നോക്കാനാരംഭിച്ചു. എങ്ങനെ തുടങ്ങണമെന്നറിയാതെ അയാളുടെ മുഖത്തേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. മൈക്കിളിന് ദേഷ്യം വരുന്നുണ്ടെന്ന് ശ്രദ്ധിച്ച മഹേഷ "അണ്ണാ, എന്റെ ബോളുകൾ കാണുന്നില്ല'യെന്നു പെട്ടെന്ന് വാക്കുകളുതിർത്ത് തല താഴ്ത്തി ഇരുന്നു. മൈക്കിളിന്റെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങാൻ തുടങ്ങിയ കോപം അവന്റെ ഉച്ചിയിലേറി പൊട്ടിത്തെറിക്കാൻ തയ്യാറായതും മഹേഷന്റെ ഈ വാക്കുകൾ കേട്ട് ചൂടാറി അവനിൽ ചിരിയുണർത്തുകയും ചെയ്തു. "ഏതു ബോൾ കാണുന്നില്ലയെന്നാണ്?! നിന്റെ അക്കയുടെ കുട്ടിക്ക് വാങ്ങിയതോ?! അവിടെയെവിടെയെങ്കിലും കാണും. രാവിലെ തിരയാം. ഇപ്പോൾ പോ...' എന്നു പറഞ്ഞു കിടന്ന മൈക്കിൾ "ഉറങ്ങേണ്ട സമയത്തുറങ്ങാതെ ബോളെന്നും തൂളെന്നും പറഞ്ഞുവന്നിരിക്കുന്നു കഴുവേറിമോൻ'എന്ന് സ്വയം പിറുപിറുത്തു. "ഞാൻ പറയുന്നത് കളിക്കുന്ന ബോളിനെക്കുറിച്ചല്ലണ്ണാ...' "പിന്നേതു ബോളിനെക്കുറിച്ചാണ്?!' "ഞാൻ പറയുന്നത് വൃഷണങ്ങളെപ്പറ്റിയാണ്'
കറന്റടിച്ചവനെപ്പോലെ കിടന്നിടത്തുനിന്ന് എഴുന്നേറ്റ് ഇരുന്ന മൈക്കിൾ ക്ഷണനേരത്തേക്ക് മഹേഷനെത്തന്നെ നോക്കി. അവന്റെ മൃദുകവിൾത്തടങ്ങൾ വീർത്തിരുന്നു. "എന്താടായീ പറയുന്നത്?! തലമണ്ടയിലൊന്നും കയറുന്നില്ലല്ലോ!' "എന്റമ്മയാണെ പറയുന്നത് സത്യമാണണ്ണാ...'
അവൻ പറയുന്നതെന്താണെന്ന് മനസിലാകാതെ മൈക്കിൾ ഒരു നിമിഷം തല കുടഞ്ഞ് "എന്തോ സ്വപ്നം കണ്ടിരിക്കണം... ഇവിടെത്തന്നെ കിടന്നുറങ്ങ്... ദാ അവിടെ പായയിട്ട് കമ്പിളിയും വിരിച്ച് കിടക്ക്...' എന്നു പറഞ്ഞെങ്കിലും അയാളുടെയുള്ളിൽ അവ്യക്തമായൊരു ഭയം ഇഴഞ്ഞുകയറുന്നുണ്ടായിരുന്നു. മഹേഷന്റെ തലച്ചോറിനകത്തെ ഞരമ്പുകൾ വലിഞ്ഞ് കണ്ണുകൾ വികസിച്ച് ഈ നേരത്തെ സമസ്യക്കുള്ള ഉത്തരം കാറ്റിൽ കണ്ടതും അവന്റെ മനസ്സ് അതിന്റെ പിറകിലൂടെ സഞ്ചരിച്ചു. സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട പട്ടികൾ ഒരുവേള തന്റെ വൃഷണങ്ങളെ കടിച്ചു പറിച്ചു പോയിരിക്കുമോ?! അല്ലെങ്കിൽ സ്വപ്നം കണ്ടുകൊണ്ടേ താൻ തന്നെയൊരു പട്ടിയായി മാറി തന്റെ വൃഷ്ണങ്ങളെ ഞെക്കിക്കൊണ്ട് കടിച്ചുപറിച്ച് വിഴുങ്ങിക്കാണുമോ?! ഛെ.. എന്തൊക്കെ കെട്ട സങ്കല്പങ്ങൾ!
മൈക്കിളിന്റെ ഭാഗത്തേക്ക് അവൻ നോക്കി. അയാൾ മുഖം വരെ കമ്പിളിയും പുതച്ച് കിടന്നിരുന്നു. മഹേഷ ട്യൂബ് ലൈറ്റിന്റെ സ്വിച്ചിട്ട് പെട്ടെന്ന് വസ്ത്രങ്ങളഴിച്ചു മാറ്റിനിന്ന്, "അണ്ണാ.. നിങ്ങൾ തന്നെ നോക്കൂ...'എന്നും പറഞ്ഞ് ഇടംകൈകൊണ്ട് തൊട്ടു നോക്കി. ആകസ്മികമായി വൃഷണങ്ങൾ തിരിച്ചുവന്നിട്ടുണ്ടെങ്കിലോയെന്ന്!
മൈക്കിൾ പുതപ്പ് നീക്കി ഭീതിയോടെ പതിയെ കണ്ണുകളെ ആ ഭാഗത്തേക്ക് പായിച്ചു. അരേ! എന്താണിത്!

എഴുന്നേറ്റ് ഇരുന്ന മൈക്കിൾ ചിരിയെ തടുത്തുനിർത്താൻ കഴിയാതെ പൊട്ടിച്ചിരിച്ചു, രണ്ടു മിനിറ്റോളം ചിരിച്ചുകൊണ്ടേയിരുന്നു.
ചിരി നിർത്തി മഹേഷന്റെയടുത്തേക്ക് ചെന്ന് ഇരുന്നുകൊണ്ട് അവന്റെ ഇടംകൈയ്യിൽ അനാഥമായി തൂങ്ങിക്കൊണ്ടിരിക്കുന്ന ലിംഗത്തിനു കീഴെ തൊട്ടുനോക്കി. തണുത്തതും മൃദുവായതുമായ ചർമ്മം... മൈക്കിളിന്റെ ശരീരമൊന്നു നടുങ്ങി. തല താഴ്ത്തി നോക്കി. പരിസരത്ത് തപ്പി നോക്കി, വൃഷണങ്ങളെ എവിടെയും കണ്ടുകിട്ടിയില്ല. മൃദുലമായ മഹേഷന്റെ തുടകൾ മൈക്കിളിൽ തന്റെ ഭാര്യയുടെ ഓർമകളുണർത്തി. അവളുടെ തുടകളെ സ്പർശിച്ച് മൂന്നു വർഷങ്ങൾക്കും മേലെയായി. അയാളുടെ ശരീരം ചൂടുപിടിച്ചു. "അതേടാ... വൃഷണങ്ങളെങ്ങോട്ടുപോയി...?! എന്തോ കളിതമാശയാണെന്നാണല്ലോ വിചാരിച്ചത്... ത്ഫൂ... മയിര്...'
എങ്കിലും ചിരി പിടിച്ചുനിർത്താൻ കഴിയാതെ മലർന്നുകിടന്ന് നാടുതന്നെ കേൾക്കുംവിധം പൊട്ടിച്ചിരിച്ചു. വിലക്ഷണമായി ചിരിച്ചുകൊണ്ടിരിക്കുന്ന തന്റെ ഫോർമാൻ മൈക്കിളിനെ നോക്കിയ മഹേഷന് കോപം ഇരച്ചുകയറുന്നുണ്ടായിരുന്നു. ഇയാളുടെ സാധനം പോകണമായിരുന്നു... അപ്പോളറിയുമായിരുന്നു... പോയാലും ആരു കിടന്നു കരയാനാണ്... അതുണ്ടായിട്ടും എന്തു പ്രയോജനം! മക്കൾ വലുതായി കല്യാണപ്രായമായി... അതുകൂടാതെ ചുക്കിച്ചുളിഞ്ഞിട്ടുമുണ്ടാകും... ത്ഫൂ... ഒന്നും അനുഭവിക്കാത്ത എനിക്കുതന്നെ ഇങ്ങനെ സംഭവിക്കണമോ? എന്നും വിചാരിച്ച് അണ്ടർവെയറും ബർമുഡയും മേലോട്ടു വലിച്ച് മഹേഷ ചുമലിലേക്ക് ചാരി ഇരുന്നു.

എഴുന്നേറ്റ് ഇരുന്ന മൈക്കിൾ മഹേഷനെ നോക്കി "ധൈര്യമായിരിക്ക്, ഒന്നും സംഭവിക്കില്ല... എന്തായാലും നാളെ നാട്ടിലേക്ക് പോകുകയല്ലേ... പോയപാടെ ആശുപത്രിയിൽ ചെന്നു കാണിക്ക്. പുതിയ വൃഷണങ്ങൾ അവർ ഫിറ്റു ചെയ്യും' എന്നും പറഞ്ഞ് ചിരിച്ചു. "സത്യമാണോ അണ്ണാ...?! അങ്ങനെ ചെയ്യാൻ പറ്റ്വോ?' എന്നു ചോദിക്കുമ്പോൾ ആദ്യമായി തന്റെ അടിവയറ്റിൽനിന്നൊരു മിന്നൽ ശരീരത്തിൽ പടരുന്നപോലെ അനുഭവിച്ച മഹേഷ മൈക്കിളിന്റെ മറുപടിക്കായി കാത്തുനിന്നു.
"പിന്നല്ലാതെ... വൈദ്യരംഗത്തുള്ള ഇപ്പോഴത്തെ സൗകര്യത്തെപ്പറ്റി നീയെന്താണ് കരുതിയിരിക്കുന്നത്... ഹൃദയംതന്നെ മാറ്റിവെക്കുന്നവർക്ക് നിന്റെ കുഞ്ഞുവൃഷണത്തെ ഘടിപ്പിക്കാൻ കഴിയില്ലെന്നാണോ... നിന്റെയൊരു കാര്യം...'"ഹൃദയംതന്നെ മാറ്റിവെക്കുമെന്നോ? അതെങ്ങനെ സാധിക്കുമണ്ണാ...?'"എടാ മടയാ... ഏതു ലോകത്താടാ നീ... ഇന്നത്തെ കാലത്ത് എന്തു വേണമെങ്കിലും മാറ്റാൻ കഴിയും. മനുഷ്യർ മരിച്ച് ഒരു നിശ്ചിത സമയമുണ്ടാകും. അതുവരെ നമ്മുടെ ഹൃദയം സജീവമായിരിക്കും. സമയം തീരുന്നതിനു മുമ്പ് സർജറി ചെയ്ത് അതെടുത്ത് മാറ്റും. അതുകഴിഞ്ഞ് ഹൃദയത്തിന് തകരാറുള്ളവരിൽ അത് ഘടിപ്പിക്കും, അത്രേയുള്ളൂ. അപകടത്തിൽപ്പെടുന്ന കാറുകളുടെ എഞ്ചിൻ എടുത്തുമാറ്റി മറ്റു കാറുകളിൽ ഘടിപ്പിക്കില്ലേ, അതേപോലെ!'"അങ്ങനെയെങ്കിൽ മരിച്ചു പോയവരുടെ വൃഷണമായിരിക്കുമോ എന്നിൽ ഘടിപ്പിക്കുക?'
ചിരി തടുത്തുനിർത്താൻ കഴിയാതെ മൈക്കിൾ "എന്തു ചെയ്യണമെന്ന് ഡോക്ടർ പറയും... മിണ്ടാതിരിക്ക്, ഒന്നും സംഭവിക്കില്ല' എന്നും പറഞ്ഞുകൊണ്ട് എഴുന്നേറ്റ് ബാത്ത്‌റൂമിലേക്ക് നടന്നു. പോകുമ്പോൾ തന്റെ കണ്ണുകൾക്കുള്ളിൽ മഹേഷന്റെ തുടകളും നീളത്തിലുള്ള ജനനേന്ദ്രിയവുമെല്ലാം തിരമറിയുന്നുണ്ടായിരുന്നു. അയാൾ തന്റെ ഉള്ളംകൈയിലേക്ക് നോക്കി. ബാത്ത്‌റൂമിലേക്ക് കയറി വാതിലടച്ച് കൊളുത്തിട്ട് തന്റെ ഉള്ളംകൈ മണത്തുനോക്കി. ഭാര്യയുടെ ഗുഹ്യാവയവത്തിന്റെ ഗന്ധമോർത്തുകൊണ്ടും അവളുടെ തുടകളെയും ഉരുണ്ട മുലകളെയും തുടകൾക്കിടയിലെ രന്ധ്രത്തെയും തന്റെ വിരലുകളെയും നാക്കിനെയുമെല്ലാം ഓർത്തുകൊണ്ടും മുണ്ട് വലിച്ചൂരിയെറിഞ്ഞ് അടിവസ്ത്രത്തെ താഴ്ത്തി കൈയ്യാൽ ലിംഗത്തെ പിടിച്ചു. അത് മെല്ലെയുറങ്ങുന്നുണ്ടായിരുന്നു. രണ്ടു കൈകളുമുപയോഗിച്ച് ഉണർത്താൻ ശ്രമിച്ചു. എത്രയോ ശ്രമിച്ചെങ്കിലും അതു അനങ്ങാതെ കിടന്നു. മൂന്നുനാലു വർഷമായി അതിനെയുണർത്താൻ അയാൾ ഇത്തരത്തിൽ കഷ്ടപ്പെടുന്നുണ്ട്. അപ്പോഴെല്ലാം ഭാര്യയെ കൂടാതെ ആരെയൊക്കെയോ അയാൾ മനസിലേക്ക് ആവാഹിക്കുന്നുമുണ്ട്. മരുഭൂമിയിലെ ഓരോ തണുപ്പുകാലവും വർഷങ്ങളായി അയാളെയിങ്ങനെത്തന്നെ ഒതുക്കിക്കിടത്തുന്നു. കഴിഞ്ഞ പതിനേഴ് വർഷങ്ങളിൽ നാലു തവണ മക്കളെയുണ്ടാക്കാൻ അതിനെയുപയോഗിച്ചതല്ലാതെ കൂടുതൽ സമയവും അയാളുടെ കൈകളാണ് അതിനെ സമാധാനിപ്പിച്ചത്. എന്നാൽ കഴിഞ്ഞ മൂന്നുനാലുവർഷമായി മനസിനകത്തെ ആസക്തിയെ തണുപ്പിക്കാനായി അതിനെ തല്ലിയുണർത്താൻ അതിസാഹസം തന്നെ വേണ്ടിയിരിക്കുന്നു. തന്റെയീ സാഹസം ഒരുവേള മഹേഷ ഹാളിലിരുന്നുകൊണ്ട് സങ്കൽപിക്കുന്നുണ്ടാവുമോയെന്ന സംശയവും ഇടയ്ക്കിടെ അയാളെ അലട്ടിയിരുന്നു. ഇപ്പോഴും അത്തരമൊരു ആശങ്ക അയാളെ പിടികൂടി. ഒരുപക്ഷെ മഹേഷന് തന്റെയീ കഷ്ടപ്പാട് അറിയുന്നുണ്ടാകുമോ?! ശെടാ... അതെങ്ങനെയാണ് അവന്റെ ഇരു വൃഷ്ണങ്ങളും കാണാതായത്?! തന്റെ ജീവിതത്തിൽ ഇത്തരമൊരു സംഭവം നടന്നതായി കേട്ടിട്ട് പോലുമില്ല!

മഹേഷനെക്കുറിച്ചോർത്തതും മൈക്കിളിന് പേടി തോന്നി ലിംഗത്തിൽനിന്ന് കൈമാറ്റി താഴേക്ക് നോക്കി. ഭയം ഉടനെ അയാളുടെ ഹൃദയത്തെ പ്രഹരമേൽപിച്ചു.
പൊടുന്നനെ ചാടിയെഴുന്നേറ്റ് വീണ്ടുമൊരു പ്രാവശ്യം നോക്കി.
അയാളുടെ വൃഷ്ണങ്ങളും അപ്രത്യക്ഷമായിരിക്കുന്നു!
ഇപ്പോൾ കുലുങ്ങിച്ചിരിക്കാനുള്ള ഊഴം മഹേഷന് ലഭിച്ചിരിക്കുന്നു!
പരസ്പരം നോക്കിക്കൊണ്ട് ചിരിച്ചു ചിരിച്ച് തളർന്ന് "എങ്ങനെയാണ് വൃഷണങ്ങൾ അപ്രത്യക്ഷമായത്' എന്നാലോചിക്കാൻ തുടങ്ങി. കാണാതായ കാര്യം മഹേഷ പറഞ്ഞപ്പോൾതന്നെ തനിക്കും അത് നഷ്ടപ്പെട്ടിട്ടുണ്ടെന്നതാണ് മൈക്കിളിന്റെ വാദം. മഹേഷനും ആ പറയുന്നതു ശരിയാണെന്ന് തോന്നിയെങ്കിലും തനിക്കെങ്ങനെ നഷ്ടപ്പെട്ടെന്നത് മനസിലാകാതെ തലപുണ്ണാക്കിക്കൊണ്ടിരിക്കുമ്പോൾ പലപ്പോഴും അപകടത്തിൽപ്പെട്ട് ഞരങ്ങിക്കൊണ്ടിരിക്കുന്നയൊരു ശരീരചിത്രം കൺമുന്നിൽ വരുന്നത് അവനിൽ ആശ്ചര്യമുളവാക്കിയിരുന്നു.
ആ ചിത്രം സ്വപ്നമോ യാഥാർത്ഥ്യമോ എന്നറിയാതെ അസ്വസ്ഥപ്പെട്ടുകൊണ്ടിരിക്കുമ്പോൾ മൈക്കിൾ, "മഹേഷ, ഈ വിഷയം ആരോടു പറയാം? ആലോചിക്ക്... മയിര് ... അവരുടെ വൃഷണങ്ങളും അപ്രത്യക്ഷമാകട്ടെ...' എന്നും പറഞ്ഞു ചിരിച്ചു.
മഹേഷന് ഇതു നല്ല രസമുള്ള കാര്യമായി തോന്നി. അതെയതെ! ആരെല്ലാം നമ്മൾക്ക് സ്വൈര്യം തരുന്നില്ലയോ അവരെയെല്ലാം ഫോൺ വിളിച്ച് ഈ കാര്യം പറയാമെന്ന് അവർ തീരുമാനിച്ചു. ആദ്യം ആർക്കെല്ലാം ഫോൺ ചെയ്യണമെന്ന കാര്യത്തിൽ നീണ്ടയൊരു ചർച്ച ചെയ്ത് ഒടുവിൽ അവരുടെ ഗ്യാരേജിനെയും അവരെയും അധമമായി കാണുകയും അവരുടെ ജോലിയെക്കുറിച്ച് മോശം പ്രചരിപ്പിക്കുകയും ചെയ്യുന്ന കോളേജ് പ്രൊഫസ്സർ സുരേഷിനെ വിളിക്കാമെന്ന് തീരുമാനത്തിലെത്തി. വിഷയമറിഞ്ഞാൽ അയാൾ വെറുതെയിരിക്കില്ല. ഉടനെത്തന്നെ പത്തു പന്ത്രണ്ടു പേരെ വിളിച്ച് "നോക്കൂ, ആ കള്ളപ്പരിശകൾക്ക് ദൈവം ശരിയായ ശിക്ഷതന്നെ നൽകിയിട്ടുണ്ട്' എന്നു തീർച്ചയായും പറയുമെന്ന ബലമായ വിശ്വാസം രണ്ടു പേരിലുമുദിച്ചു. എന്തോ ഡിഗ്രി സമ്പാദിച്ച കാരണത്താൽ അവന് ലക്ഷത്തിനുമുകളിൽ ശമ്പളമാണെങ്കിൽ രാത്രിപകലെന്നില്ലാതെ വിയർപ്പൊലിപ്പിച്ച് അദ്ധ്വാനിക്കുന്ന നമുക്ക് മാസം പത്തിരുപതിനായിരം കിട്ടുന്നതുതന്നെ കഷ്ടമാണ്. മൈക്കിൾ സന്തോഷത്താൽ ഫോൺ കൈയ്യിലെടുത്തു. മഹേഷന്റെ മനസ്സ് ആർദ്രമായി. കുറച്ചുപേർക്ക് വിദ്യ പഠിപ്പിച്ചുകൊടുക്കുന്ന ആ മാഷിനോട് തങ്ങൾ ചെയ്ത കള്ളത്തരത്തിന് ദൈവം നല്കിയ ശിക്ഷയായിരിക്കുമോ ഇത്? ഈയൊരു തോന്നലുണ്ടാവുകയാൽ അതിനെയവൻ മൈക്കിളിനോട് പറഞ്ഞ് സഹതപിക്കുകയും ചെയ്തു. മൈക്കിൾ ചിരിച്ചുകൊണ്ട്, "അങ്ങനെയുള്ള ഒരു മൈരുമില്ല. മിണ്ടാതെയാവിടെയിരിക്ക്. ദൈവമെന്നു പറയുന്ന ആ സാധനമുണ്ടായിരുന്നെങ്കിൽ പിന്നെയെന്തിനാണ് നാടുവിട്ട് വന്ന് നമ്മളിവിടെ കഷ്ടപ്പെടുന്നത്. നിന്നോട് എത്ര പ്രാവശ്യമാണ് പറയേണ്ടത്, ഈ ലോകത്തെല്ലാം കാശുള്ളവർ കളിക്കുന്ന കളിയാണ് നടക്കുന്നതെന്ന്... അവരുടെ മുമ്പിൽ നമ്മുടെ കളി തോറ്റുകൊണ്ടേയിരിക്കും. കഴുവേറി, ഈ കളിയിൽ നമ്മൾ അവരെ നിലംപരിശാക്കാം...' എന്നു പറഞ്ഞ് പ്രൊഫസറിന് ഫോൺ ചെയ്തു.

വിമാനത്തിൽ കയറി സീറ്റിലിരുന്നപ്പോഴും നാട്ടിലേക്ക് മടങ്ങുന്നതിലുള്ള സന്തോഷത്തേക്കാളും പ്രൊഫസറിന്റെ നിലവിളിയോർത്തുകൊണ്ട് മഹേഷ നെഞ്ചമർത്തിപ്പിടിച്ച് ചിരിക്കുന്നുണ്ടായിരുന്നു. വൃഷണം അപ്രത്യക്ഷമായ വിഷയം നാട്ടിൽ ചെന്നയുടനെ ആരോടെല്ലാം പറയണമെന്നതിനെക്കുറിച്ച് ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ടെങ്കിലും തന്റെ മുന്നിൽപ്പെടുന്ന ഓരോരുത്തരേയും നോക്കി അയാളോടു പറയണോ ഇയാളോടു പറയണോ എന്നാലോചിക്കുകയും അങ്ങനെ പറഞ്ഞു പറഞ്ഞ് ഈ ലോകത്തിലുള്ള പുരുഷൻമാരുടെയെല്ലാം വൃഷണങ്ങളെ അപ്രത്യക്ഷമാക്കിക്കളഞ്ഞാലോ! - എന്നോർത്തുകൊണ്ട് അവൻ കുടുകുടാ ചിരിച്ചു. അവന്റെ തൊട്ടപ്പുറത്തെ സീറ്റിലിരുന്ന ഉത്തരേന്ത്യക്കാരനായ ഒരു വ്യക്തി അവനെ നോക്കി കണ്ണുകളെ ചുരുക്കുകയും മൂക്ക് പൊത്തി അസഹ്യഭാവം പ്രകടിപ്പിച്ചുകൊണ്ട് മുഖം അങ്ങോട്ട് തിരിക്കുകയും ചെയ്തു.
മഹേഷന് കോപം തലയിൽ കേറി "കാത്തിരിക്ക് മോന... നിനക്കു കാണിച്ചു തരാം' എന്നു വിചാരിച്ച് അയാളെ നോക്കി "ഹലോ സാർ.. കൈസേ ഹേ? ആപ് കിധർ സേ?' എന്നും പറഞ്ഞ് മുഖത്തേക്ക് നിറയെ തേൻ ചൊരിഞ്ഞു. അയാൾ നാക്ക് പുറത്തേക്ക് നീട്ടി മുഖം നക്കുവാൻ തുടങ്ങി. "വാ... വാ...' എന്നു കാത്തിരുന്ന് ശരിയായ സമയമെത്തിയപ്പോൾ മഹേഷ "സാർ, മേരാ ബോൾസ് മിസ്സിംഗ് ഹോഗയാ ഹേ... ഇസ്‌കെ ലിയെ മേം ഇന്ത്യ ജാ രഹാ ഹൂം സാർ...' തനിക്കറിയാവുന്ന ഹിന്ദിയിൽ മൊഴിഞ്ഞ് അയാളുടെ കണ്ണുകളിലേക്കുതന്നെ നോക്കിക്കൊണ്ടിരുന്നു. അയാൾ "ക്യാ' എന്ന് വിവർണ്ണനായതോർത്ത് ചിരിച്ചുചിരിച്ചു തളർന്ന് ഒടുവിൽ വിമാനമിറങ്ങി ഇമിഗ്രേഷൻ നടപടികളെല്ലാം പൂർത്തിയാക്കി ലഗേജുമെടുത്തുകൊണ്ട് പുറത്തേക്ക് വരുമ്പോൾ ആരോ പുറകിൽനിന്ന് കൂകിവിളിച്ചു.

മഹേഷ തിരിഞ്ഞുനോക്കി. "അരേ, ആവോ ഇധർ! കസ്റ്റംസ് ക്ലിയർ കരോ... ബ്ലഡി ബെഗ്ഗർ' എന്ന് ഏതോ ഒരു ഓഫീസർ അലറി. മഹേഷന് ഒന്നും മനസ്സിലായില്ല. വിദേശത്തുനിന്ന് ഇത് ആദ്യമായിട്ടാണ് നാട്ടിലേക്ക് വരുന്നത്. "ക്യാ സാർ' അവൻ ചോദിച്ചു. ഫോർമാൻ മൈക്കിൾ പറഞ്ഞ കാര്യമാണ് അവരുടെ പ്രതികരണത്തിൽനിന്ന് അവന് മനസിലായത്. എമിഗ്രേഷൻ കഴിഞ്ഞതും എല്ലാം പൂർത്തിയായെന്ന് കരുതരുത്. ലഗേജുമെടുത്തുകൊണ്ട് പുറത്തേക്ക് പോകുമ്പോൾ കസ്റ്റംസ് ക്ലിയറൻസ് കൂടി പൂർത്തിയാക്കണം. സ്വർണ്ണം കിർണ്ണം പണം കിണമെന്നിങ്ങനെയെന്തെങ്കിലും കൊണ്ടുപോകുന്നുണ്ടോയെന്ന് അവരുടെയടുത്ത് പറയണം. നമ്മുടെ ബാഗുകളെയെല്ലാം അവർ സ്‌കാൻ ചെയ്യും. മൈക്കിൾ പറഞ്ഞത് അവനോർമ്മ വന്നു. തന്റെ സ്യൂട്ട്‌കേസിന്റെയൊപ്പം ഫോർമാൻ മൈക്കിൾ തന്റെ വീട്ടിലേൽപ്പിക്കാൻ കൊടുത്തുവിട്ട പെട്ടികളും കയറ്റിയ ട്രോളിയുമായി അവൻ അവരുടെയടുത്തേക്ക് നീങ്ങി. അധികൃതർ ഇംഗ്ലീഷിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മഹേഷ ലഗേജുകളെയെല്ലാം സ്‌കാനിംഗ് യന്ത്രത്തിലേക്ക് എടുത്തുവെച്ചു. അവരെല്ലാം അവനെത്തന്നെ നോക്കി സംസാരിക്കുന്നതു കണ്ടപ്പോൾ മഹേഷന്റെയുള്ളിൽ ചെറുതായി ഭയമുടലെടുത്തു. അവിടെയുണ്ടായിരുന്ന മൂവരിൽ ഒരാൾ മാത്രം ലഗേജുകളെയെല്ലാം വീണ്ടും സ്‌കാനിംഗ് ചെയ്യണമെന്ന് ഒച്ച കൂട്ടി. മറുത്തൊന്നും പറയാതെ മഹേഷ വീണ്ടുമൊരിക്കൽ ലഗേജുകളെടുത്ത് സ്‌കാനിംഗ് യന്ത്രത്തിൽ വെച്ചു. ആ മൂവരും തമ്മിൽ എന്തൊക്കെയോ പറയുന്നത് കണ്ട് അവന്റെ ഹൃദയമിടിപ്പിന്റെ എണ്ണം വർധിച്ചു. തന്റെ ഫോർമാൻ മൈക്കിൾ ആ പെട്ടികൾക്കുളിൽ എന്തെങ്കിലും വെച്ചു കാണുമോ? സ്വർണബിസ്‌കറ്റുകൾ? ഛേ! സാധ്യതയേയില്ല... കഴിഞ്ഞ മാസം മകളുടെ സ്‌കൂൾ അഡ്മിഷൻ ഫീസിനുള്ള പണമില്ലാതെ വിലപിക്കുന്നുണ്ടായിരുന്നു. ആരുടെയൊക്കെയോ കൈയ്യിൽനിന്ന് കടം വാങ്ങിയാണ് നാട്ടിലേക്കു പൈസ അയച്ചത്! എന്തോ പറഞ്ഞിരുന്നുവല്ലോ... പെട്ടികളിലൊരെണ്ണം ആരെയോ ഏൽപ്പിക്കണമെണന്നായിരുന്നു അത്. പെട്ടി അയാളുടേതല്ല... അല്ല അല്ല അയാളുടേതു തന്നെയാണ്... വെറുതെ നാടകം കളിക്കുന്നതാണ്... ആ പെട്ടിയിലെന്തെങ്കിലും...? വീസ പുതുക്കി കൂടെ വന്നിരുന്നെങ്കിൽ ഈ തലവേദനയൊന്നുമുണ്ടാകുമായിരുന്നില്ല... അയാളുടെ കഫീൽ കാരണമാണ് സംഭവിച്ചത്. വീസ പുതുക്കി അയാൾ നൽകിയിരുന്നെങ്കിൽ ഫോർമാനും ഇപ്പോൾ എന്റെയോടൊപ്പമുണ്ടാകുമായിരുന്നു. അയാളെപ്പോഴാണാവോ ഇന്ത്യയിലേക്ക് വരുന്നത്... എപ്പോഴാണാവോ വൃഷണങ്ങൾ ഘടിപ്പിക്കുന്നത്... ദൈവമേ...!

ഒച്ചകൂട്ടി സംസാരിക്കുന്ന ഓഫീസർ കമ്പ്യൂട്ടർ സ്‌ക്രീനിലെ സ്‌കാൻ ചെയ്ത ഫോട്ടോ കാണിച്ചു മറ്റു രണ്ടു ഓഫീസർമാരോടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവരിലൊരാൾ വന്ന് ഒരു പെട്ടി തുറക്കാൻ പറഞ്ഞു. മഹേഷന് ശരീരമെല്ലാം തീപിടിച്ചതായി തോന്നി ഉരുകിപ്പോയി. നടുങ്ങിക്കൊണ്ട് സീൽ ചെയ്ത പെട്ടിയെ ആ ഓഫീസറുടെ സഹായത്തോടെ തുറന്നു. മറ്റ് രണ്ടു ഓഫീസർമാരും പെട്ടിയിൽനിന്ന് സാധനങ്ങൾ ഓരോന്നായി പുറത്തെടുത്തു കെട്ടുകൾ പൊട്ടിച്ച് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടിരുന്നു. മഹേഷന്റെ ഹൃദയം മിടിക്കുന്നത് അവന്റെ കാതുകൾക്ക് വ്യക്തമായും കേൾക്കുന്നുണ്ടായിരുന്നു. ആ സുവ്വർക്കാ ബച്ചാ മൈക്കിൾ എന്തുവെച്ചിട്ടുണ്ടാകുമോ എന്തോ...
കാർഡ്‌ബോർഡ് പെട്ടികളിൽനിന്ന് സാധനങ്ങൾ ഓരോന്നായി എടുത്തുമാറ്റി പരിശോധിച്ചെങ്കിലും അവർ ഉദ്ദേശിച്ചത് ലഭിച്ചില്ല. ""ഹും. എടുത്തോണ്ട് പോ'' എന്നു അയാൾ ഹിന്ദിയിൽ പറഞ്ഞപ്പോൾ മഹേഷന്റെയുള്ളിൽനിന്ന് സമാധാനവും കോപവും കഴുത്തുവരെ പൊങ്ങിവന്നു. നെടുവീർപ്പിട്ട് അല്പനേരത്തേക്ക് അവരെത്തന്നെ അവൻ നോക്കിനിന്നു. ആരും അവനെ മതിച്ചതേയില്ല. താറുമാറായി കിടക്കുന്ന സാധനങ്ങളെ ഓരോന്നായി എടുത്തുവെച്ചുകൊണ്ടിരിക്കെ "ഈ കഴുവേറികളുടെ വൃഷണങ്ങളെ അപ്രത്യക്ഷമാക്കണമല്ലോ... എങ്ങനെ?' വഴികളറിയാതെ അസ്വസ്ഥമായിക്കൊണ്ട് രണ്ടാമത്തെ പെട്ടിയിൽ സാധനങ്ങൾ അടുക്കിക്കൊണ്ടിരിക്കുമ്പോൾ അവന്റെ ചെവികളുണർന്ന് മുഖത്തെ വലതുഭാഗത്തേക്ക് തിരിച്ച് എന്തോ കണ്ടെത്താൻ പ്രേരിപ്പിച്ചു. ഏതോ പരിചിതമായ ശബ്ദം. എവിടെയോ കേട്ടതായിത്തോന്നി കണ്ടെത്താൻ ശ്രമിക്കുമ്പോൾ, അരേ! പ്രൊഫസർ സുരേഷ് അയാളും നാട്ടിലേക്ക് മടങ്ങിയിരിക്കുന്നു! ഇപ്പോഴെന്തിനാണ്?! വെക്കേഷൻ?! നിമിഷനേരത്തിന് ശേഷം തലേരാത്രിയിലെ സംഭവങ്ങൾ മഹേഷന്റെ മനസിലേക്ക് കടന്നുവന്നതും അടിവയറ്റിൽനിന്ന് ചിരി പൊട്ടിവിടർന്ന് മുകളിലേക്ക് പൊങ്ങി അവന്റെ ശരീരത്തെത്തന്നെ കുലുക്കുംവിധം പൊട്ടിച്ചിരിയായി മാറി. ആ വിചിത്രമായ ചിരിയെ പ്രതീക്ഷിക്കാത്ത കസ്റ്റംസ് ഓഫീസർമാർ മഹേഷന്റെയടുത്തേക്ക് നോക്കി. മഹേഷ "സോറി സോറി' എന്നു ലഗേജുകൾ എടുത്ത് ട്രോളിയിലേക്ക് കയറ്റിവെച്ചു. ആ മൂന്ന് ഓഫീസർമാരിൽ രൂക്ഷമായി പെരുമാറിയിരുന്ന വ്യക്തി തന്നെത്തന്നെ തുറിച്ചുനോക്കുന്നത് മഹേഷന് മനസിലായി. പ്രൊഫസർ സുരേഷ് തന്റെ സ്യൂട്ട്‌കേസുകൾ സ്‌കാനറിൽനിന്ന് പുറത്തെടുത്ത് ട്രോളിയിൽ കയറ്റി പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു. അയാളുടെ വിവർണമായിരിക്കുന്ന മുഖം കണ്ട് മഹേഷന് ചിരിയടക്കാൻ കഴിഞ്ഞില്ല. പൊടുന്നനെ ചിരിച്ചുംകൊണ്ട് അവൻ "ഗുഡ് മോർണിംഗ് പ്രൊഫസർ സാർ' എന്നു പറഞ്ഞു. അതുകേട്ട് ഞെട്ടിപ്പോയ സുരേഷ് അവന്റെ ഭാഗത്തേക്ക് തിരിഞ്ഞുനോക്കി. മഹേഷ കാലുകളെ അകറ്റി നിന്നുകൊണ്ട് "ഹൗ ആർ യൂ സാർ' എന്നു ചോദിച്ചു. പ്രൊഫസറിന്റെ മുഖം വാടിയിരിക്കുന്നത് കണ്ട് മഹേഷന് സന്തോഷം തോന്നുകയാൽ ഒന്നുകൂടി കാലുകളെയകറ്റി "താങ്കളുടെ വൃഷ്ണത്തിന് എന്തുപറ്റി സാർ' എന്നു മനസിനുള്ളിൽ ചോദിച്ചുകൊണ്ട് സമാധാനം കൈകൊള്ളുന്നതുവരെ ചിരിച്ചുകൊണ്ടിരുന്നു.

മഹേഷ നില്ക്കുന്നതിന്റെ കിടപ്പ് കണ്ട കടുപ്പക്കാരനായ ഓഫീസർ അവനെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.
സന്തോഷത്താൽ അയഞ്ഞിരുന്ന മഹേഷന്റെ തലച്ചോറിലെ ഞരമ്പുകൾ ഉടനെ വലിഞ്ഞു മുറുകി ദേഷ്യം ഇരച്ചുകയറി.
അവനെയൊരു മുറിയിലേക്ക് കൊണ്ടുചെന്ന ഓഫീസർ അതിനകത്തുള്ളവരുമായി എന്തൊക്കെയോ സംസാരിച്ചതിനുശേഷം പുറത്തേക്ക് പോയി.

അവിടെയുണ്ടായിരുന്ന ബലിഷ്ഠമായ ദേഹമുള്ള സിക്‌സ് പാക്കുകാരനെപ്പോലെ തോന്നിച്ചിരുന്ന ആജാനുബാഹുവായ ഒരു വ്യക്തി തന്റെ കൈയിലുള്ള സ്‌കാനറുപയോഗിച്ച് അവന്റെ ശരീരം മുഴുവനും ഇഞ്ചിഞ്ചായി സ്‌കാൻ ചെയ്യാനാരംഭിച്ചു. മഹേഷന് വീണ്ടുമൊരു തവണ ഹൃദയം മിടിക്കുവാൻ തുടങ്ങി. പാദങ്ങളിൽനിന്ന് തുടങ്ങിയ ആ സ്‌കാനർ പരിശോധന മെല്ലെയുയർന്ന് തുടകളുടെയടുത്തെത്തിയതും അവന് ഇക്കിളിയുണ്ടായി. അടുത്തതായി ഗുഹ്യസ്ഥാനത്തെ തൊടുവാനിരുന്നതും ആ സ്‌കാനർ പിറകിലേക്ക് നീങ്ങി. ആ വ്യക്തി കാലുകളെ അകറ്റിനിർത്താൻ പറഞ്ഞു. മഹേഷന് കോപം ഇരച്ചുവന്നെങ്കിലും അവൻ കാലുകളെ അകറ്റി നിന്നു. ആ സ്‌കാനർ അവന്റെ ചന്തിയെ തടവി നോക്കി. കാലുകളെ അല്പംകൂടി അകറ്റി നിർത്താൻ അയാൾ ആവശ്യപ്പെട്ടു. "എന്തിനാണ് സാർ?' അവൻ ചോദിച്ചു. "അകറ്റി വെക്കടാ...' എന്നായിരുന്നു ബലിഷ്ഠവ്യക്തിയുടെ സ്വരം.
​കാലുകൾക്ക് മധ്യത്തിലായി ചന്തിക്ക് താഴെ ആ സ്‌കാനർ സഞ്ചരിച്ചു. അവന് സഹിക്കാൻ കഴിഞ്ഞില്ല.
ആ സ്‌കാനർ തന്റെ വൃഷ്ണങ്ങളുടെ സ്ഥാനത്ത് സ്പർശിച്ചപ്പോൾ ജീവൻതന്നെ പൊട്ടിത്തകരുംവിധം ഭയന്ന് അവൻ അലറി. "എന്താണ് സാർ ഈ കാട്ടികൂട്ടുന്നത്? "ഉം... നിനക്ക് സാധനമുണ്ടോ ഇല്ലയോ എന്നു പരിശോധിക്കുകയാണ്... പന്നമോനേ നാടകം കളിക്കുന്നോ? ഗുദത്തിൽ സ്വർണബിസ്‌ക്കറ്റ് ഒളിപ്പിച്ചുകൊണ്ട് വന്നിരിക്കുകയാണല്ലേ?! വേഗം പറ, ഇല്ലെങ്കിൽ വസ്ത്രങ്ങളഴിച്ച് ഓട്ടയിലേക്ക് കമ്പി കയറ്റി പറയിപ്പിക്കും.'"എന്താണ് സാർ.... സ്വർണമെന്നോ? വിട്... വിട് സാർ... ഗ്യാരേജിൽ പണിയെടുക്കുന്നവന്റെയടുത്ത് സ്വർണബിസ്‌ക്കറ്റോ?'"ഫ്ഭാ... തൊള്ള അടക്കെടാ... മാസത്തിൽ നിന്നെപ്പോലെയുള്ള ഒരാളെങ്കിലും കുടുങ്ങുന്നുണ്ട്. എങ്ങനെയാണാവോ ആ ബിസ്‌ക്കറ്റുകൾ ഗുദത്തിലേക്ക് തിരുകിക്കേറ്റുന്നത്... ത്ഫൂ... അയ്യായിരമോ പതിനായിരമോ രൂപ കമ്മീഷൻ കിട്ടാനുള്ള വേലത്തരങ്ങൾ. എന്തെങ്കിലും ഉള്ളിൽ പെട്ടുപോയാൽ എന്തു ചെയ്യും? നോക്കിക്കോ വായയിലൂടെ തന്നെ തൂറേണ്ടി വരും.'"എന്താണു സാർ, എന്തോ സ്വർണബിസ്‌കറ്റുകൾ അകത്താക്കിയിട്ട് വന്നിരിക്കുണ്ടെന്നാണല്ലോ സാർ പറഞ്ഞുവരുന്നത്. ഞങ്ങളെപ്പോലെയുള്ള പാവപ്പെട്ടവരെ മാത്രം ഇങ്ങനെ പരിശോധിക്കും. സ്യൂട്ടും ബൂട്ടും ധരിക്കുന്ന മനുഷ്യൻമാരെ തിരിഞ്ഞുനോക്കാതെ വെറുതെ വിടുകയും ചെയ്യും... അല്ലേ സാർ?' പ്രൊഫസർ സുരേഷിനെയോർത്ത് മഹേഷന്റെ കോപം ആളിക്കത്തി. "ഡേയ് കൂടുതൽ ചിലയ്ക്കണ്ട... വസ്ത്രം അഴിച്ചു മാറ്റ്... വേഗം അഴിക്കെടാ കഴുവേറി...'
മഹേഷ അയാളെത്തന്നെ നോക്കി. കീഴ്വയറ്റിൽനിന്നു പുറപ്പെട്ടയൊരു സൂത്രം അവന്റെ മനസ്സിൽ വെളിച്ചം പകർന്നു. ഇന്നലെ രാത്രി മുതൽ ഒന്നും കഴിക്കാതിരുന്ന മഹേഷ ഇപ്പോൾ ഊർജസ്വലനായി. അല്ല... വിമാനത്തിൽ ഭക്ഷണം നൽകാറുണ്ടല്ലോ , എന്തുകൊണ്ട് തന്നില്ല? താൻ ഉറങ്ങുന്നേരം ഭക്ഷണം നൽകിയിരിക്കണം. ആ ഹിന്ദിക്കാരനെ കുഴപ്പത്തിലാക്കിയ സന്തോഷത്താൽ ഉറങ്ങിപ്പോയിരുന്നു. "ഡേയ്, എന്താണ് ആലോചിച്ചുണ്ടിരിക്കുന്നത്... വസ്ത്രമഴിക്ക് വേഗം... ഒരു കഷ്ണം നൂലുപോലും ശരീരത്തിൽ കാണാൻ പാടില്ല... മനസ്സിലായോ?'
മഹേഷ അയാളെത്തന്നെ നോക്കി. മഞ്ഞിച്ച അയാളുടെ കണ്ണുകൾ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നുണ്ടായിരുന്നു. അയാളുടെ ദേഹത്തെ മുഴുവനും സ്‌കാൻ ചെയ്ത മഹേഷ, "അണ്ണാ, നിങ്ങളെ സാറിനെ വിളിക്കുക. ഞാനെല്ലാം പറയാം'എന്നു പറഞ്ഞു.
അയാൾ "എന്നോടു തന്നെ പറ. എന്താണത്?' എന്ന് ചുണ്ടുകൾ കടിച്ചു. "അതല്ലണ്ണാ... നിങ്ങളെ കാണുന്നതേ പേടിയാണ്... അദ്ദേഹത്തെ വിളിക്കുക... അല്ലെങ്കിൽ നിങ്ങളെക്കുറിച്ച് എന്തെങ്കിലും എഴുതിവെച്ച് ഞാനിവിടെത്തന്നെ ആത്മഹത്യ ചെയ്യും' എന്ന് അവൻ അയാളെത്തന്നെ നോക്കി.
ദൃഢഗാത്രനായ ആ വ്യക്തി ക്ഷണേരം നിലത്തേക്ക് നോക്കുകയും എന്നിട്ട് തിരിഞ്ഞുകൊണ്ട് ചുവടുംവെച്ച് വാതിലിലൂടെ നിരന്നുനീങ്ങുകയും ചെയ്തു. "വന്നെടാ... ഇനി പറ' ബലിഷ്ഠന്റെ അലർച്ച കേട്ടു.
ആ ഓഫീസർ അവന്റെ മുന്നിൽ വന്ന് നിന്നു. "അണ്ണാ എനിക്കിദ്ദേഹത്തോട് സ്വകാര്യമായി സംസാരിക്കണം. വാതിലടച്ചു നിങ്ങളൊന്നു പുറത്തു നിൽക്കണം' മഹേഷ പറഞ്ഞു. "ഡാ പറയെടാ, തൊലിയുരിഞ്ഞു കളയും... ഞങ്ങളെപ്പറ്റി എന്താണ് ധരിച്ചുവെച്ചിരിക്കുന്നത്'അയാൾ വെറിപൂണ്ടു.
ഹിന്ദിയിൽ സംസാരിച്ച ആ ഓഫീസർ "മിണ്ടാതിരിക്ക്. നിങ്ങളൊന്നു വെളിയിൽ പോകൂ...' എന്നു പറഞ്ഞു.
കിർർ എന്നു ശബ്ദമുണ്ടാക്കി വാതിൽ ആ ദൃഢഗാത്രനെ പുറത്താക്കി.
ഓഫീസറെത്തന്നെ നോക്കിക്കൊണ്ട് മഹേഷ തന്റെ പട്ടികയൊന്നു ഓർത്തെടുത്തു. ഈ കാര്യത്തെ ആദ്യം പറയേണ്ടിയിരുന്നത് തന്റെ അച്ഛനോടായിരുന്നു. എന്താ ചെയ്യുക, അച്ഛനൊരു നിർഭാഗ്യവാൻ!"ബോലോ, എത്ര കിലോ സ്വർണ്ണം? എവിടെയാ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്? തുടയിലാണോ... അതോ പിറകിൽ ആസനത്തിലാണോ? വേഗം പറ... ഞങ്ങൾ കണ്ടുപിടിക്കുകയാണെങ്കിൽ അഞ്ചു വർഷം ജയിലിൽ കിടക്കേണ്ടി വരും... അതല്ല ഡ്രഗ്‌സോ മറ്റെന്തെങ്കിലുമോ വിഴുങ്ങിയിട്ടു വന്നിരിക്കുകയാണോ? തൊള്ള തുറന്നു പറ... എനിമ കൊടുത്ത് പിറകിലൂടെ പുറത്തേക്കേടുക്കാം...'"സാർ... എനിക്ക് ബോൾ ഇല്ല സാർ. ഒരു ദിവസം എന്തു സംഭവിച്ചെന്നറിയാമോ? പെട്ടെന്നുണ്ട് ബോൾ അപ്രത്യക്ഷമായി. ആദ്യമൊക്കെ ഭയങ്കര പേടിയായിരുന്നു. എന്നാൽ ഞാനും എന്റെ ഫോർമാനും പ്ലാൻ ചെയ്ത് ബോൾ കാണാതായ സ്ഥലത്ത് ഇരുപത് സ്വർണ്ണബിസ്‌ക്കറ്റ് തിരുകിക്കൊണ്ട് വന്നിരിക്കുകയാണ് സാർ'
ഓഫീസർ വെപ്രാളപ്പെട്ടു. തന്റെ സർവീസിൽതന്നെ ഇത്തരത്തിലുള്ള കള്ളക്കടത്തിനെക്കുറിച്ച് കേട്ടിട്ടേയില്ല. തളർന്നെങ്കിലും നില വീണ്ടെടുത്ത് ആ ദൃഢഗാത്രനെ വിളിച്ചു. പറഞ്ഞതുകേട്ട് ഞെട്ടിയ അയാളും മഹേഷന്റെ പാന്റൂരി കുനിഞ്ഞ് നോക്കി സ്‌കാൻ ചെയ്ത് മൂകനായി നിന്നു. "സ്‌കാനറിലും ഒന്നും കാണിക്കുന്നില്ലല്ലോ സാർ... ഇനിയിപ്പോൾ എന്താണു ചെയ്യുക?'
മഹേഷ നെടുവീർപ്പിട്ടുകൊണ്ട് "വാസ്തവമെന്താണെന്ന് പറയട്ടെ സാർ... സത്യമായിട്ടും എന്റെ കൈയ്യിൽ സ്വർണബിസ്‌ക്കറ്റ് പോയിട്ട് ഒരു തരി സ്വർണ്ണം പോലുമില്ല സാർ. എന്റെ ബോൾസ് കാണാതായതിനെ നിങ്ങളോട് എങ്ങനെ പറയണമെന്നറിയാത്തതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്, അത്ര മാത്രം'"വായ അടക്കെടാ... അവിടെ ചെന്നിരിക്ക്... ഡോക്ടർ വന്ന് പരിശോധിക്കും' "ഡോക്ടർ വരുമോ... നന്നായി... വരട്ടെ വരട്ടെ. സാർ... ഒരു മിനിറ്റ്, നിങ്ങളുടെ ബോൾസ് ഉണ്ടോ ഇല്ലയോയെന്ന് ഒന്നു തപ്പി നോക്കുക...'"കള്ള നായേ... ആരോടാണെന്നും സംസാരിക്കുന്നതെന്താണെന്നുറിയാമോ? ' ആ ബലവാന്റെ കാലുകൾ മഹേഷന്റെ ദേഹത്ത് തുടരെ കയറിയിറങ്ങി അവനെ തൂക്കിയെറിഞ്ഞു.
പറന്നു ചെന്ന് അരികിലെ ചുമരിലിടിച്ച് തറയിൽ വീണ മഹേഷ വേദന വിഴുങ്ങിക്കൊണ്ട് മലർന്നുകിടന്ന് കാലുകളെ അകറ്റി ശ്വാസമൊന്നു ഉള്ളിലേക്ക് വലിച്ച് "കള്ളമല്ല സാർ ഞാൻ പറയുന്നത്. ഈ കാര്യം കേൾക്കുന്നവരുടെയും ബോൾസ് അപ്രത്യക്ഷമാവും. വേണമെങ്കിൽ ബാത്‌റൂമിലേക്ക് ചെന്ന് പരിശോധിക്കൂ സാർ' എന്നു ചൂണ്ടുകളുടെ വിടവിലൂടെ ചെറുതായി ചൂളമടിക്കുകയും ഇടതുകാലെടുത്ത് വലതുകാലിന് മേലെ വെച്ച് ചിരിക്കുകയും ചെയ്തു.
ഓഫീസറെ നോക്കി നാണം തോന്നിയതുപോലെ തല താഴ്ത്തി നിന്ന ആ ബലവാനെ നോക്കി മഹേഷ "സ്‌കാനർ അണ്ണാ, എത്രയോ പറഞ്ഞിട്ടും നിങ്ങൾ കേട്ടില്ല. നിങ്ങൾ സ്വയം കുഴപ്പത്തിൽ ചാടി. നിങ്ങളുടേതും അപ്രത്യക്ഷമായി കാണും. അതിനു ഞാനുത്തരവാദിയല്ല, പറഞ്ഞില്ലെന്നു വേണ്ട' എന്നു പറഞ്ഞു.
ആ ദൃഢഗാത്രൻ എന്തോ ജൽപ്പിച്ചുകൊണ്ട് മഹേഷന്റെ നേർക്ക് ചാടി. ഓഫീസർ അങ്ങോട്ടു തിരിഞ്ഞ് ബെൽറ്റഴിച്ച് സിപ്പിൽ കൈവെച്ചു.

മൂന്ന്

മഹേഷ കണ്ണുകളടച്ചു. പുഞ്ചിരി അവന്റെ ചൂണ്ടുകളിൽ വിടരുവാൻ പരിശ്രമിക്കുന്നുണ്ടായിരുന്നു. അവ്യക്തമായ ശബ്ദം ചെവികളിൽ കേൾക്കുന്നുണ്ടായിരുന്നു. അരേ, അറബിഭാഷയാണല്ലോ! താനെവിടെയാണുള്ളത്! കണ്ണുകൾ തുറക്കാൻ അവൻ ശ്രമിച്ചു. സാധിക്കുന്നില്ല, അവൻ വീണ്ടും യത്‌നിച്ചു. ഗുംയ്... എന്നൊരു ശബ്ദം വളരെ ഉച്ചത്തിൽ കാതുകളിൽ മുഴങ്ങുവാൻ തുടങ്ങി. ആരൊക്കെയോ ഓടിവരുന്നു. കണ്ണുകൾ തുറക്കുവാൻതന്നെ കഴിയുന്നില്ല. ഹൃദയമിടിപ്പ് വളരെ ഉയരുകയും മെല്ലെ താഴുകയും ചെയ്തുകൊണ്ടിരിക്കുന്നത് ചെവികളിൽ പതിയുന്നുണ്ടായിരുന്നു.
ട്രക്ക്... റോഡ്... താൻ സഞ്ചരിച്ച കാർ ട്രക്കിനെ...
നാളെ നാട്ടിലേക്ക് പോകാനുള്ളതായിരുന്നു... അയ്യോ... അമ്മേ...
ഓഹ്! ഓഹ്! അരേ... എന്താണിത്?! ഹൃദയമിടിപ്പിന്റെ ശബ്ദം ഇപ്പോൾ കേൾക്കാനില്ല. യാതൊരു ശബ്ദവും കേൾക്കാനില്ല. ശരീരം തണുക്കാൻ തുടങ്ങിയിരിക്കുന്നു... എന്താണ് തനിക്ക് സംഭവിച്ചിരിക്കുന്നത്... എന്താണ്....
ഹൃദയമിടിപ്പ് നിലച്ചുകൊണ്ടിരിക്കുന്നു... തന്റെ തലച്ചോറ് അത് തിരിച്ചറിയുന്നു... ▮

*മസറ - കൃഷിത്തോട്ടം


എ.കെ. റിയാസ് മുഹമ്മദ്

എഴുത്തുകാരൻ, പ്രാദേശിക ഭാഷാ ചരിത്രകാരൻ, വിവർത്തകൻ. കന്നട, തമിഴ് ഭാഷകളിൽനിന്ന് നിരവധി കഥകളും കവിതകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ചുവന്ന തത്തയും മറ്റു കഥകളും- കന്നടയിലെ പുതുകഥകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കനകരാജ് ബാലസുബ്രഹ്മണ്യം

പുതിയ തലമുറയിലെ ശ്രദ്ധേയനായ കന്നട എഴുത്തുകാരൻ, ചലച്ചിത്രകാരൻ. സൗദി അറേബ്യയിലെ പ്രിൻസ് സത്താം യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുന്നു. സിലോൺ സൈക്കിൾ അടക്കം രണ്ട് കഥാസമാഹാരങ്ങൾ. "ബർമ എക്സ്പ്രസ്', "സിക്കക്ക്' എന്നീ ഷോർട്ട് ഫിലിമുകൾ അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ചു.

Comments