ഇരുട്ട്

കുളിർമ്മയും സന്തോഷവും നൽകിയ കൂട്ടിലേക്കാണു കൊടുങ്കാറ്റടിച്ചു കയറിയത്. കൂടാകെ തകർന്നു. ചില്ലകളും തടിയും പിളർന്നു വേരു പുഴങ്ങി നിലം പരിശായി. ജീവിതമാകെ അരഞ്ഞുതീർന്നു. ഒന്നും ബാക്കിയില്ലിനി.

വീടിനെയാകെ വിഴുങ്ങി കൊതിതീരാതെ മുറ്റവും പറമ്പും വായിലാക്കിയൊഴുകുന്ന ഇരുട്ടിലേക്കു നോക്കി ദിനേശൻ ബൈക്ക് നിർത്തി.
ആരോ ഗെയ്റ്റിന്റെ ഓടാമ്പലിട്ടിട്ടുണ്ട്.
വിവരമറിയാൻ വന്നു മടങ്ങിയ അയൽവാസികളാവും. ആകാംക്ഷയോടെ കയറിവന്നവർക്ക് പാടി നടക്കാനും സഹതപിക്കാനുമായി എന്തെങ്കിലും കിട്ടിയോ ആവോ.
‘എങ്ങനെ സന്തോഷമുണ്ടായിരുന്ന വീടാ.. വല്ലാത്തൊരു കഷ്ടം’.
‘എന്തേയിരുന്നു അവന്റെ അഹങ്കാരം, നാട്ടുകാരായ നമ്മളെ കണ്ടാലൊരു വാക്കോ ചിരിയോ ഇല്ല. അവളും അതെ. ഇപ്പോ എന്തായി…’
‘പൊന്നേ പൊട്ടേന്നു വളർത്തിയതല്ലേ എങ്ങനെ സഹിക്കും’

ഇനിയുമുണ്ടാവും പൊള്ളയായ പരാതികളും അയ്യോ പറച്ചിലുകളും. ഈശ്വരവിശ്വാസമില്ലാത്തവൻ, പിരിവു കൊടുക്കാത്തവൻ, ആൽത്തറക്കമ്മിറ്റികളിൽ ചേരാത്തവൻ, ചുരുക്കി പറഞ്ഞാൽ കൂട്ടത്തിൽ കൂടാത്തവൻ.

പെട്ടെന്നൊരു ദിവസം അവനും അവൾക്കും ആൾക്കൂട്ടത്തിനു മുന്നിൽ തുറസ്സായി നിൽക്കേണ്ടി വന്നു. കൂട്ടം പെരുകിപ്പെരുകി അടുത്തേക്കടുത്തേക്കു വന്നു. സഹതാപം നിറച്ച നോട്ടങ്ങളും കുറ്റപ്പെടുത്തുന്ന വാക്കുകളും മൂർച്ചയേറിയ കുന്തമുനകളായി അവർക്കു നേരെ നീണ്ടു.

പോക്കറ്റിൽ മൊബൈലിന്റെ വൈബ്രേഷൻ. ഹനീഷാണ്.
‘രശ്മി വിളിച്ചിരുന്നു. നീയെവിടെയാ? വീട്ടിലേക്കുള്ള വഴിയിലേക്കു കയറുന്നതു കണ്ടിട്ടല്ലേ ഞാൻ പോന്നത്’.
‘ഞാൻ... എത്തി’.

ദിനേശൻ ഫോൺ ഓഫാക്കി. ശബ്ദം കേട്ടാൽ വെളിച്ചം വരും. ഗേറ്റിന്റെ ഓടാമ്പലനക്കാൻ പോലും പേടിച്ചാണിവിടെ നിൽക്കുന്നത്. വെളിച്ചമാണിപ്പോൾ ശത്രു. കാലനക്കം കേട്ടാൽ ആരെങ്കിലും എഴുന്നേറ്റു ലൈറ്റിടും. വാതിൽ തുറക്കും വെളിച്ചത്തിൽ നിൽക്കുന്നയാളിലേക്കു മുഖമുയർത്തും. ആ നിമിഷത്തെയാണു ഭയം. ഇരുട്ടാണെങ്കിൽ സുഖമാണ്. അകത്തും പുറത്തും സമനില.

ആരവങ്ങളെല്ലാമടങ്ങിയെങ്കിലും വീടു നിറയെ ശബ്ദങ്ങളാണ്. കിടക്കയിലും കട്ടിലിനടിയിലും കുളിമുറിയിലും ഊൺ മേശയിലും ഭക്ഷണത്തിലും വരെ ശബ്ദങ്ങൾ കലർന്നടിഞ്ഞിട്ടുണ്ട്.

അലർച്ചകൾ... തേങ്ങലുകൾ, ചോദ്യങ്ങൾ…

വീടിനകത്തിരിക്കുന്ന ഓരോ നിമിഷവും അവയെ ഭയക്കുന്നു. വിരലറ്റം കണ്ടാൽ മതി അരിച്ചു കയറി അകവും പുറവും നിറയും. പൊളളിക്കുന്ന ഉടലുകളുള്ള ചിരഞ്ജീവികൾ. തട്ടിമാറ്റിയാലും ചവിട്ടിയരച്ചാലും പോവാതെ..

എല്ലാ ചോദ്യങ്ങളും കാണാപാഠമാണിപ്പോൾ. ഉത്തരങ്ങളാണെങ്കിലോ എങ്ങോ പോയി മറഞ്ഞിരിക്കുന്നു. ഗതികിട്ടാത്ത ചോദ്യങ്ങളും കുനിഞ്ഞ ശിരസ്സുകളുമായി മൂന്നു പേർ മൂന്നു ദ്വീപുകളിലായി കഴിയുകയാണ്. ശരിക്കും ഒരു വീടപ്പാടെ കഴിഞ്ഞു കൊണ്ടിരിക്കുന്നു.

ഇരുട്ടുവിഴുങ്ങിയ വൻകര പോലെ അന്ധമായിപ്പോയ വീട്. എത്ര ചോദ്യങ്ങൾക്കുത്തരം പറഞ്ഞാലും ക്ഷീണിക്കാതെ അലയുകയാണിപ്പോൾ. വീട്ടിൽ നിന്നകലേക്കെന്നൊരു ചിന്തയേയുള്ളൂ, ഓഫീസിലും വയ്യ… അപരിചിതരുള്ള സ്ഥലങ്ങളാണിപ്പോഴത്തെ അഭയസ്ഥാനങ്ങൾ.
റെയിൽവേ സ്റ്റേഷനുകൾ, ട്രെയിനുകൾ, കടൽത്തീരങ്ങൾ, സമ്മേളനങ്ങൾ…
തിരക്കുകളുടെ നടുവിൽ തികച്ചും ഒറ്റപ്പെട്ടവനെങ്കിലും ചോദ്യങ്ങളെ നേരിടാതെ നിൽക്കാം... രാത്രിയിരുളുമ്പോൾ മെല്ലെ കയറി വരാം.

‘അപ്പോൾ അവരോ? രശ്മിയും പിന്നെ…’
ഇന്നു തിരഞ്ഞു പിടിച്ചു കൂട്ടിക്കൊണ്ടുവരുമ്പോൾ ഹനീഷ് ചോദിച്ചു.

ഉത്തരമില്ല... ഒന്നിനും ആർക്കും ഉത്തരമില്ല.

പോലീസുകാരെത്ര ചോദ്യങ്ങളാണു ചോദിച്ചത്. അതിനൊന്നും അയാളും മിണ്ടിയില്ലല്ലോ. കാരണക്കാരനായ ആളിനോടല്ല ഒന്നുമറിയാത്ത രശ്മിയോടു സംസാരിക്കാനാണ് എല്ലാവർക്കും താൽപര്യം.

‘സാരമില്ല, സമാധാനിക്കൂ വിധിയല്ലേ ഈ സമയവും കടന്നു പോവും’ പൊള്ളയായ ആശ്വസിപ്പിക്കലുകൾ.

തീയാണ് അകത്തും പുറത്തും.

തലയിട്ടുരുട്ടിയിട്ടും കുടഞ്ഞു നോക്കിയിട്ടും മാഞ്ഞു പോവാതെ കൺപോളയിൽ തന്നെ പറ്റിപ്പിടിച്ചു കിടപ്പുണ്ട് എല്ലാം.
താളത്തിലൊഴുകുന്ന പുഴയായിരുന്നു. ഒറ്റ ദിവസം കൊണ്ടു ലാവയായി മാറിയത്.

അന്ന്,
ചെന്നൈയിലെ മീറ്റിംഗിനു വേണ്ട പേപ്പറുകൾ തയ്യാറാക്കാൻ വേണ്ടി ഇരുന്ന സന്ധ്യയായിരുന്നു. രശ്മിയുടെയും മണിക്കുട്ടിയുടെയും കുഞ്ഞു കുഞ്ഞാവശ്യങ്ങളും പരാതികളും വരുന്ന സമയമായതു കൊണ്ടു ഫോൺ സൈലന്റ് മോഡിലിട്ടു. എത്രയും പെട്ടെന്നു പണികൾ തീർത്തിട്ടു വേഗം കൂട്ടിലെത്താനുള്ള ധൃതി. വീടായിരുന്നില്ല, നിനവിലും കനവിലും നേരിലും. കൂട് എന്ന പേരിനപ്പുറം മറ്റൊന്നും ഇടാൻ കഴിയാത്തതും അതുകൊണ്ടായിരുന്നല്ലോ..

കുളിർമ്മയും സന്തോഷവും നൽകിയ കൂട്ടിലേക്കാണു കൊടുങ്കാറ്റടിച്ചു കയറിയത്. കൂടാകെ തകർന്നു. ചില്ലകളും തടിയും പിളർന്നു വേരു പുഴങ്ങി നിലം പരിശായി. ജീവിതമാകെ അരഞ്ഞുതീർന്നു. ഒന്നും ബാക്കിയില്ലിനി.

ചില്ലുവാതിൽ തള്ളിത്തുറന്നുള്ള ഹനീഷിന്റെ വരവ്. കണ്ണൊന്നടച്ചാൽ ഇപ്പോഴും ഞെട്ടിയുണരുന്നു. വന്നപാടെ അവൻ ഫോണെടുത്ത് ഓണാക്കി. തുരുതുരായെത്തിയ വിളികൾ... അന്വേഷണങ്ങൾ നിലവിളികൾ...

മണിക്കുട്ടി എവിടെ പോവാനാണ്. അച്ചച്ചന്റെ മുറിയിലുണ്ടാവും നീ നേരെ നോക്കിയിട്ടുണ്ടാവില്ലെന്ന് രശ്മിയോടു കയർത്തു. ഇല്ല ദിനേശേട്ടാ അച്ഛനും മണിക്കുട്ടിയും കൂടി അമ്പലത്തറ വരെ നടക്കാനിറങ്ങിയതാണെന്നവൾ ഏങ്ങലടിച്ചു പറഞ്ഞു.

അച്ഛനും മണിക്കുട്ടിയും കൂടിയുള്ള സർക്കീട്ട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വഴിവക്കിലെ കാഴ്ചകളും വിശേഷങ്ങളും പറഞ്ഞു പറഞ്ഞ് രണ്ടാളും കൂടി നടന്നു വരുന്നതു കാണാൻ തന്നെ കൗതുകമായിരുന്നു. അമ്മയുടെ മരണശേഷം ഒറ്റപ്പെട്ടു പോയ അച്ഛന്റെ ലോകം മാറ്റിയതും അവളാണ്. ഫോൺ പോക്കറ്റിലിട്ടു തന്നു ഹനീഷ് പറഞ്ഞതൊന്നും ദിനേശന്റെ തലയിൽ കയറിയില്ല.. ചുറ്റും ഇരുട്ടു പരക്കുകയായിരുന്നു. കണ്ണിലും ചിന്തയിലും മുന്നിലുമൊക്കെ ഇരുട്ട്. ഹനീഷിന്റെ ശബ്ദം ഏതോ തുരങ്കത്തിലേക്കു വലിഞ്ഞു പോകുന്നതായും അവൻ മുന്നിൽ നിന്നെന്തൊക്കെയോ ആംഗ്യനാടകം ചെയ്യുന്നതായും അയാൾക്കു തോന്നി.

വീട്ടിലാകെ വെളിച്ചമായിരുന്നു. ചാനലുകളും നാട്ടുകാരും വീടിനെ പൊതിഞ്ഞിരുന്നു. വീട് ദിനേശനെ അപരിചിതനെ പോലെ നോക്കുകയും മുഖം തിരിക്കുകയും ചെയ്തു. അച്ചോയ് എന്ന വിളിയോടെ ഓടി വന്നിരുന്ന മണിക്കുട്ടിയെ ഓർത്തതും അയാൾ അലറിക്കരഞ്ഞു നിലത്തു വീണു.
എല്ലാവരുമൊന്നു കടന്നു പോ, ഞാനെന്റെ മുത്തിനെ തിരയട്ടെ. അവളിവിടെയുണ്ടാവും എന്നു നിലവിളിച്ചു. ആളുകളും ക്യാമറകളും വഴിയൊഴിയാതെ അയാളിലേക്കു ഫോക്കസ് ചെയ്തു.
നെഞ്ചിൽ തലതല്ലിക്കരഞ്ഞ രശ്മിയെ മാറ്റി നിർത്തി ദിനേശൻ അകത്തെ മുറിയിലേക്കോടി. അവിടം കാലിയായിരുന്നു.

അച്ഛൻ ആശുപത്രിയിലായിരുന്നു. കണ്ണുതുറന്നു വെച്ചിട്ടുണ്ടെങ്കിലും ബോധമാകെ കലങ്ങിയ അവസ്ഥയിലാണെന്നു നഴ്സു പറഞ്ഞു. രണ്ടു പോലീസുകാർ വാതിലിനരികിലിരുന്നു ഫോണിലെന്തോ തിരയുന്നു.

മേലാകെ കനലു വീണ അവസ്ഥയിലായിരുന്നു അയാൾ. അച്ഛന്റെ കട്ടിലിനരികെ ചെന്നു കുലുക്കി വിളിച്ചപ്പോൾ നഴ്സു വന്നു തടഞ്ഞു. അയാൾ അവരോടു കയർത്തു. ഉറക്കെയുറക്കെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. പോലീസുകാർ അയാളെ പിടിച്ചു പുറത്തേക്കു നടത്തി.

‘നോക്കൂ നിങ്ങൾ വീട്ടിൽ ഭാര്യയുടെ അടുത്തേക്കു ചെല്ലൂ. ഞങ്ങളെല്ലാവരും അന്വേഷിക്കുന്നുണ്ട്. പല വഴിക്കും ആളെ വിട്ടിട്ടുണ്ട്.. ഉടൻ തന്നെ വിവരം കിട്ടും…’
‘വിവരമല്ല വേണ്ടത്. എനിക്കെന്റെ മോളെ വേണം.. ഈ കിടക്കുന്ന ആളോടു ചോദിക്കൂ.. അവളെവിടെ എന്ന് .. അച്ചച്ചന്റെ കൈയും പിടിച്ചിറങ്ങിയതല്ലേ…’
റൂമിലേക്കു കയറാൻ തുടങ്ങിയ അയാളെ ഹനീഷും പോലീസുകാരും തടഞ്ഞു.

‘ഇടക്കിടെ ഓർമ്മ നഷ്ടപ്പെടുന്ന ഒരാളോടൊപ്പം കുഞ്ഞിനെ വിടുമ്പോൾ നിങ്ങളും ശ്രദ്ധിക്കണ്ടേ. നിങ്ങടച്ഛനെ കിട്ടിയത് റെയിൽവേ സ്‌റ്റേഷനിൽ നിന്നാ.. വഴിയിലെവിടെയോ വച്ചായിരിക്കണം മോള്…’

പോലീസുകാരൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു. അയാളൊന്നും കേട്ടില്ല. ഇരുമ്പുരുക്കി ഒഴിച്ചതു പോലെ ചെവിയും തലയും കനത്തു വരുന്നതു മാത്രമറിഞ്ഞു.

‘സർ, ഒന്നു രണ്ടു കാര്യങ്ങൾ ചോദിക്കട്ടെ? നിങ്ങളുടെ അച്ഛനിങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് അറിഞ്ഞിരുന്നില്ലേ..?’
‘മണിക്കുട്ടിയുടെ കാണാതാവലിനെക്കുറിച്ച് പല ഊഹാപോഹങ്ങളും ഉയരുന്നുണ്ടല്ലോ. നിങ്ങളെങ്ങനെ പ്രതികരിക്കുന്നു?’
‘പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു തോന്നുന്നുണ്ടോ ?’

Graphics: AI Generated
Graphics: AI Generated

വെളിച്ചങ്ങളും ശബ്ദങ്ങളും ഏറുപടക്കങ്ങളായി വീഴുകയാണ്. അൽപം ഇരുട്ടിനുവേണ്ടി കൊതിച്ച് അയാൾ വീട്ടിലേക്കോടിക്കയറി.

രശ്മിയുടെ മുഖത്തു നോക്കാൻ പേടിയായിരുന്നു. അച്ഛന് മറവിരോഗം ഉണ്ടായിരുന്നോ, ഇതുവരെ അങ്ങനെയൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല. രശ്മിയും പറഞ്ഞിട്ടില്ല. അയാളതു അതിവിദഗ്ദ്ധമായി ഒളിപ്പിച്ചതായിരിക്കുമോ. ദിനേശൻ പുറത്തിറങ്ങി ഇരുട്ടിലേക്കും വെളിച്ചത്തിലേക്കും ഓടാൻ തുടങ്ങി.

അർദ്ധരാത്രിയോടെ ഫോൺ വന്നു. ടൗണിന്റെ അറ്റത്തുള്ള ഒരു പീടികത്തിണ്ണയിൽ അവളെ കണ്ടു കിട്ടി…

അയാളുടെ മകൾ.

ആശുപത്രിയിൽ നിന്ന് രണ്ടു പേരെയും ഒപ്പമാണു കൊണ്ടു വന്നത്. കണ്ണും കാതും കൊട്ടിയടക്കപ്പെട്ട പോലെ ഏതോ ഒരു വണ്ടിയിൽ അയാളിരുന്നു. ഇപ്പോഴും ഓർമ്മയില്ല. അത് ആംബുലൻസായിരുന്നോ? ദേഹമാകെ പൊതിഞ്ഞു കെട്ടിയ മണിക്കുട്ടി മുന്നിലുണ്ടായിരുന്നോ? അയാൾ വെളിച്ചങ്ങളിൽ നിന്നു രക്ഷപ്പെടാനായി മുഖം പൂഴ്ത്തി കണ്ണടച്ചിരിക്കുകയായിരുന്നോ?.

ഒരു ചിത്രം തെളിമയോടെ മുന്നിലുണ്ട്. മണ്ണിലടക്കുന്നതു വരെയും അവളെ മടിയിൽ വെച്ചിരിക്കുന്ന രശ്മി. ഒരാളെ പോലും തൊടാനനുവദിക്കാതെ, ഒരു തുള്ളി കണ്ണീരു പൊഴിക്കാതെ കണ്ണിമ പോലും ചലിപ്പിക്കാതെ ഒരേ ഇരിപ്പ്.

ഒരു വീടാകെ മരണപ്പെട്ട ദിവസം. ചലിക്കുന്നുണ്ടെങ്കിലും ജീവനില്ലാത്ത മനുഷ്യർ. പരസ്പരം നോക്കാൻ ഭയപ്പെടുന്നവർ.

ദിവസങ്ങളെത്ര കഴിഞ്ഞിട്ടും ഭാരം കുറയുന്നില്ല.

അയാൾ ഗേറ്റു തുറക്കാനായി വണ്ടിയിൽ നിന്നിറങ്ങി. അപ്പോൾ അതിസൂക്ഷ്മതയോടെ വീടിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. ലൈറ്റിട്ടിട്ടില്ല. ദിനേശൻ നേർത്ത ഇരുട്ടിൽ കാഴ്ചതെളിയാനായി കാത്തു.

ഒരാൾ ഉമ്മറത്തു നിന്നും മുറ്റത്തേക്കിറങ്ങി പടിഞ്ഞാറു ഭാഗത്തേക്കു നടക്കുന്നു.

ദിനേശൻ മതിലിൽ പൊത്തിപ്പിടിച്ചു കയറി ഒച്ചയുണ്ടാക്കാതെ അപ്പുറത്തേക്കു ചാടി. കള്ളനായിരിക്കും, എന്താണിനി ഈ വീട്ടിൽ നിന്നും കൊണ്ടു പോവാൻ ബാക്കിയുള്ളത്, ശബ്ദങ്ങളും നോട്ടങ്ങളും ചിന്തകളുമെല്ലാം പാടേ നഷ്ടമായിക്കഴിഞ്ഞു. ആർക്കും വേണ്ടാത്ത അൽപ്പം ജീവൻ മാത്രമേ ഉള്ളൂ. അതിനു വേണ്ടി വന്നയാളാണെങ്കിൽ നിരാശപ്പെടുത്തരുത്. ദിനേശൻ തൊടിയിലൂടെ വേഗത്തിലോടി.

പിന്നിലെ കിളിയൻ മാവിന്റെ ചുവട്ടിലെത്തിയ രൂപം നിശ്ചലമായി. ദിനേശൻ അനങ്ങാതെ നിന്നു. അവിടെയാണ് അവളുറങ്ങുന്നത്. അൽപനേരം അവിടെ കുനിഞ്ഞു നിന്നതിനു ശേഷം ആ രൂപം പിന്നെയും മുന്നോട്ടു നടക്കുന്നു.

വഴി തെറ്റിവന്ന പോലെ പൊടുന്നനെ ചിതറിവീണ നിലാവിൽ ദിനേശനെല്ലാം വ്യക്തമായി കണ്ടു. അയാളുടെ ചുണ്ടിലെ പിറുപിറുക്കൽ. കുഴിഞ്ഞ കണ്ണുകളിലെ നീരിന്റെ തിളക്കം

അൽപ്പം വളഞ്ഞു ധൃതിയിൽ പിന്നാമ്പുറത്തെ വെട്ടുവഴിയിലേക്കിറങ്ങി നടക്കുന്ന ആളെ മനസ്സിലായതും ദിനേശൻ നടത്തം നിർത്തി. ഏതു വിളിയുടെ പിറകേയായിരിക്കും അച്ഛൻ നടന്നു പോവുന്നതെന്നോർത്തു. വെട്ടുവഴിയിറങ്ങിയാലെത്തുന്ന പുഴയുടെ വിളി ദിനേശന്റെ കാതിലുമെത്തി. അയാൾ അച്ഛന്റെ പിന്നാലെ പോവാൻ വേണ്ടി രണ്ടടി മുന്നോട്ടു വെച്ചു. ഇരുട്ടു നിറയുകയാണു ചുറ്റിനും. കാഴ്ചയും കേൾവിയും മന്ദിച്ചു നിൽക്കെ ഉമ്മറത്തു ലൈറ്റു തെളിഞ്ഞതു കണ്ടു. അയാൾ ആശ്വാസത്തോടെ വീട്ടിലേക്കു മടങ്ങി.

രശ്മി വാതിൽ തുറന്നിട്ടിരുന്നു. അയാൾ വേഗം ചെന്നു കിടക്കയിൽ വീഴുകയും ഉറങ്ങാൻ തുടങ്ങുകയും ചെയ്തു.

രശ്മി വാതിൽക്കൽ വന്നു നോക്കിയപ്പോൾ അയാളുടെ ചുണ്ടനങ്ങുന്നതു കണ്ടു. അവൾ കാതോർത്തു. അയാൾ ആരോടോ സംസാരിക്കുകയാണ്;
‘ഉത്തരം കിട്ടിയാൽ മടങ്ങിവരും. ഇല്ലെങ്കിലും കുഴപ്പമില്ല, സുഖമായി കഴിയും…’


Summary: Iruttu short story by Sudha Thekkemadam. Story on child abduction, family. TV channel voyeurism.


സുധ തെക്കേമഠം

കഥാകാരി, നോവലിസ്റ്റ്. പട്ടാമ്പി നടുവട്ടം ഗവ. ജനത ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക. ചെറു സിനിമകൾക്ക് തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. കുമാരൻ കാറ്റ് (കഥ), നേർപാതി (നോവൽ), സ്വോഡ് ഹണ്ടർ -01 - (ബാലസാഹിത്യം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments