തെളിഞ്ഞും അണഞ്ഞും തുടരെ മിന്നിക്കത്തിയും തിളങ്ങിവിളങ്ങിനിൽക്കുന്ന മസ്ജിദിന്റെ വാതിലുകൾ നിസ്കാരത്തിനുശേഷം തുറന്നപ്പോൾ ശാന്തമായി പുറത്തേക്ക് വരുന്നവരോടൊപ്പം, മുപ്പത്തിയെട്ടു ഡിഗ്രി സെൽഷ്യസിന്റെ ഇറ്റുന്ന ചൂടിനെ വെള്ളത്തൂവാല കൊണ്ട് കഴുത്തിൽ നിന്നും മുഖത്തും നിന്നും ഒപ്പിയെടുത്ത് യൂസഫ് മാഷ് പടവുകളിറങ്ങി വരുന്ന കാഴ്ച ഒരു എണ്ണഛായാ ചിത്രം പോലെ ആസ്വദിച്ച് ആയിഷ ആൾക്കൂട്ടത്തിനിടയിൽ നിന്നു.
നോമ്പു പ്രാർത്ഥനയെന്ന ലഹരിയുടെ ഹാങ്ങ് ഓവറിൽ അൽപസമയം തങ്ങിനിന്നിട്ട് ആണുങ്ങൾ കുനിഞ്ഞു നിന്ന് ഫോണിലേക്കും പെണ്ണുങ്ങൾ ചെരുപ്പുകൾ അന്വേഷിച്ചു പിടിക്കുന്ന ബഹളത്തിലേക്കും തിരിയുന്നതും കുട്ടികൾ പെട്ടെന്ന് കിട്ടിയ സന്തോഷത്തിൽ ചുമ്മാ ഇളകി നടക്കുന്നതും കണ്ട് ആയിഷ ചിരിച്ചുനിന്നു.
"എന്തൊരു ചൂടാണല്ലേ?" മുഖം അസ്വസ്ഥതയോടെ ചുളുക്കിപിടിച്ചുകൊണ്ട് പരസ്പരം പറയുന്ന പർദ്ദയിട്ട സ്ത്രീകൾ. മസ്ജിദ് എയർ കണ്ടിഷൻഡ് ആണെങ്കിലും കുർത്തയിട്ട ആണുങ്ങൾ വിയർത്തൊഴുകുന്നു. അവർ ഒന്നിച്ചു വെള്ളം കുടിക്കാനും മുറിച്ചു വെച്ചിരിക്കുന്ന പഴവർഗങ്ങൾ കഴിക്കാനും നീങ്ങുന്നു.
ആയിഷ നോമ്പെടുക്കാറില്ല, പള്ളിയിൽ പോയി നിസ്കരിക്കാനും മാത്രമുള്ള വിശ്വാസിയുമല്ല. നോമ്പ് പിടിക്കാതെ ഭക്ഷണം കഴിക്കാൻ മാത്രമായി മസ്ജിദിനു ചുറ്റും നിൽക്കുന്നവരെ ആയിഷ കണ്ടു. അതിൽ പല മതസ്ഥരുണ്ട്, ഹോസ്റ്റലിൽ നിന്നുമുള്ള കുട്ടികളുണ്ട്, എന്തിന് ദൈവ വിശ്വാസമേയില്ലാത്തവരുമുണ്ട്. നഗരത്തിലെ പരിചിതമുഖങ്ങൾ പലതുമുണ്ട്. അവരുടെ കണ്ണുകളിൽ വെളുപ്പിനെ മൂന്നു മണിയുടെ ഇലയത്താഴത്തിനുള്ള കാത്തിരിപ്പിന്റെ സ്വാദേറിയ പ്രതീക്ഷയവൾ തിരിച്ചറിഞ്ഞു. ഭക്ഷണത്തിന് മുന്നിൽ അതിരുകളില്ലാതെയാവുന്നതും മസ്ജിദിന്റെ മുറ്റത്തു നീതിയുറപ്പാവുന്നതും ആയിഷയുടെ കണ്ണ് നനച്ചു.
ഇന്ന് ഇരുപത്തിയേഴാം രാവ്.
വിശുദ്ധ റമദാൻ പെരുന്നാളിന് ഇനി മൂന്നു രാത്രികൾ കൂടെ മാത്രം. ശക്തിയേറിയ മലക്കുകളുടെ സാന്നിദ്ധ്യത്തിനായി ഉറക്കമൊഴിച്ചിരിക്കേണ്ട രാവാണ്. മദ്രസയിൽ പഠിച്ച കിത്താബ് ആയിഷ ഓർത്തെടുത്തു. മനസുരുകിയുള്ള ഏതു പ്രാർത്ഥനയും നിവൃത്തിയായി കിട്ടുന്ന രാവ്.
"എന്താണ് ഞാൻ ആഗ്രഹിക്കേണ്ടത്?" റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന പ്രൈവറ്റ് കാറുകളിലൊന്നിൽ ചാരി നിന്ന് ആയിഷ മനസ്സിൽ പരതി. ആയിഷ ഒരു സാധാരണക്കാരിയായ ആസ്വാദകയാണ് -കലയുടെ, സ്നേഹത്തിന്റെ, സമാധാനത്തിന്റെ.
ജന്നത്തുൽ ഫിർദൗസിന്റെ കൃഷ്ണ തുളസി മണം ചുറ്റും പരന്നപ്പോൾ ആയിഷ തിരിഞ്ഞു നോക്കി. യൂസഫ് മാഷ് കൂട്ടത്തിലുള്ളവരുടെ കണ്ണ് വെട്ടിച്ചു പ്രത്യക്ഷനായിരിക്കുന്നു.
‘എന്താടീ?’, പ്രണയത്തിന് മാത്രം ഉൾക്കൊള്ളാനാവുന്ന അസഹിഷ്ണുതയെ മാഷ് ഒരു ചോദ്യത്തിലൂടെ പ്രകടിപ്പിച്ചു.
‘ഇങ്ങളെ ഒന്നു കാണാൻ’.
ആയിഷയുടെ കണ്ണുകൾ അല്പം താഴ്ന്നു.
‘എന്തോന്ന്? ഇന്നുച്ചക്കല്ലേ കണ്ടു പിരിഞ്ഞേ? പിന്നെ എന്താടീ?’
മാഷിന് അല്പം ടെൻഷൻ ഉണ്ടോ? ആയിഷ കണ്ണുകളുയർത്തി. അവരൊന്നിച്ചു വാങ്ങിയ കറുത്ത കുർത്തയാണ് മാഷ് ഇട്ടിരുന്നത്. നര തൊടാത്ത നീളൻ തലമുടിയും അവിടവിടെയായി വെളുത്തുതുടങ്ങിയ താടിമീശയും അവളുടെ കണ്ണുകളെ തടവിലിട്ടു. കറുത്ത ലിനൻ കുർത്തയുടെ ചാരുതയിൽ മാഷിന്റെ നെഞ്ചിലെ രോമങ്ങൾ അവളെ കണ്ണിറുക്കി. മാഷിന്റെ ചുണ്ടിന്റെ കോണിൽ ഒരു ആയിഷ സ്പെഷ്യൽ ചിരി എന്നും തങ്ങിനിക്കുന്നതായി അവൾ ആശ്വസിച്ചു. "അതെ, അതെനിക്കു മാത്രമുള്ളതാണ്".
"അറിയാല്ലോ. ഇന്ന് ഇരുപത്തിയേഴാം രാവാണ്. മലക്കിന്റെ രാത്രിയാണ്. വല്ലോം വേണേൽ പറ. ഞാൻ പറഞ്ഞോളാം. വിശ്വാസമില്ലാത്തോളോടു റബ്ബ് പൊറുത്തോളും", മാഷിന് അല്ലേലും പരിഹാസമാണ് മെയിൻ.
‘‘നാഷണൽ ആർട്സ് ഫെസ്റ്റിവലിൽ എന്റെ ചിത്രങ്ങൾ തെരഞ്ഞെടുക്കണെന്ന് പറ നിങ്ങടെ മലക്കിനോട്", ആയിഷ പറഞ്ഞൊപ്പിച്ചു.
"ആ ..ആലോചിക്കാം’’, മാഷിന്റെ ഗമ.
എന്നിട്ട്, ചുറ്റും തിരിഞ്ഞുനോക്കി മാഷ് അവളുടെ ചെറുവിരലിൽ തൊടാതെ തൊട്ടു. ജന്നത്തുൽ ഫിർദൗസിന്റെ കൃഷ്ണതുളസി ഗന്ധം അപ്പോൾ കടന്നുപോയ ചൂടുകാറ്റിൽ ആയിഷയെ ഇക്കിളിയാക്കി. കാൽവിരലിൽ കുത്തിനിന്ന് മാഷിന്റെ കഴുത്തു മണക്കാൻ തോന്നിയ വട്ടിനെ അമർത്തി ആയിഷ പതിയെ ചിരിച്ചു.
"നീയെന്നാടീ ഇങ്ങനെ എന്റെ പിറകേ? മതി, മതി ..വിട്ടോ", മുഖം നിറയെ നിറയുന്ന ചിരിയോടെ സ്വിസ്സ് മേഡ് പാനറായി വാച്ച് അണിഞ്ഞ ഇടത്തെ കൈത്തലമുയർത്തി നെറ്റിയിലെ നനവൊപ്പി മാഷ് തിരിഞ്ഞുനടന്ന് ഭാര്യക്കും പെൺമക്കൾക്കുമൊപ്പം ഹോണ്ടാ സിവിക്കിലേക്കു കയറുന്നത് അവൾ കണ്ടു.
ആ കാഴ്ചകൊണ്ട് ആയിഷ മനസിലൊരു ചിത്രം വരച്ചു. ജന്നത്തുൽ ഫിർദൗസ് അയാളുടെ മദിപ്പിക്കുന്ന വിയർപ്പു മണത്തിനൊപ്പം അവിടമാകെ നിറഞ്ഞു. ആൾത്തിരക്കിലേക്ക് ഇറങ്ങിപ്പോയ അയാളുടെ ചിത്രങ്ങൾ അവളുടെ മൊബൈൽ ക്യാമറയിൽ തുരുതുരാ പതിഞ്ഞു. മുടി മാടിയൊതുക്കിയെന്ന അലസഭാവത്തിൽ, അയാൾ അവളെ തിരിഞ്ഞു നോക്കി ‘പോടീ’ എന്ന് ആംഗ്യം കാണിച്ചു. ആയിഷക്കപ്പോൾ അവളുടെ സുഗന്ധമുള്ള ഹൃദയമിടിപ്പ് കേൾക്കാമായിരുന്നു. മാഷിന്റെ വിരലുകൾക്കിപ്പോ എന്താവും മണം?
തുകൽ നിറമുള്ള തോൾബാഗ് കയറ്റിയിട്ടു തിരക്കിട്ടു തട്ടം കൊണ്ട് മുഖം മറക്കുന്ന സ്ത്രീ, ചെറിയ വെളുത്ത കല്ലുകൾ പതിപ്പിച്ച അബായ ഉയർത്തി ഓടി നടക്കുന്ന കുട്ടികൾ. അവരെ റോഡ് ക്രോസ് ചെയ്യാൻ ശ്രദ്ധിച്ചുകൊണ്ട് കാറിന്റെ ഡോർ തുറന്നു പിടിച്ച യൂസഫ് മാഷിന്റെ കസ്തൂരിമണമുള്ള കൈകൾ. വാച്ചിനിടയിലൂടെ നനുത്ത രോമങ്ങളുടെ ചെറിയ കൂട്ടം വീണ്ടും ആയിഷയെ എത്തിനോക്കി. സീറ്റ് ബെൽറ്റിട്ട്, കുർത്തയിലെ ചുളിവു ശരിയാക്കി, കാറിനുള്ളിൽ എല്ലാരും ഓക്കേ ആണോന്നു പതിവുപോലെ തിരിഞ്ഞു നോക്കി, യൂട്യൂബിൽ നിന്നും ആയത്തുൽ കുർസി പാതി വഴിയിൽ നിർത്തിയത് തുടരാനനുവദിച്ച് മാഷ് വണ്ടി കുതിപ്പിക്കുന്നു.
കാറിൽ കയറിയുള്ള ഈ ചടങ്ങ് ആയിഷക്കു ചിരപരിചിതമാണ്. ഹോണ്ട സിവിക്കിന്റെ സ്വർഗ്ഗതുല്യമായ പരിമളം അവളെ ബോധം കെടുത്തിക്കളയാറുണ്ട്. റോയൽ എൻഫീൽഡ് പാർക്ക് ചെയ്ത ഇടത്തേക്ക് നടക്കുമ്പോൾ ആയിഷ സ്വന്തം കൈ മണത്തു. ഇപ്പോഴും കൃഷ്ണ തുളസിയാണോ മണക്കുന്നത്?
ജന്നത്തുൽ ഫിർദൗസിന് ഇപ്പോൾ കരയാമ്പൂവിന്റെ മണമാണ്. കെമിസ്ട്രി ലാബിൽ മാഷിന്റെ ജന്നത്തുൽ ഫിർദൗസിന് നാരങ്ങാ മണമായിരുന്നു. മാഷിന്റെ വിയർപ്പിന് ഒറിജിനലായി എന്തായിരിക്കും മണം? നാളെ പോയി അർച്ചനയോടു ചർച്ചിക്കാൻ ഒരു വിഷയമായി. മണം പിടിക്കാൻ അവളെ കഴിഞ്ഞേയുള്ളു ആരും.
"നീ ഇപ്പൊ അടച്ചു വെച്ചേക്കുന്നൊരു അത്തറ് കുപ്പിയാണ്" എന്ന അവളുടെ കളിയാക്കൽ ആയിഷക്കു പെരുത്തിഷ്ടവുമാണ്.
ഏതു ചൂടിലും വിയർപ്പിനൊപ്പം വശ്യമായ പുതിയ മണം പരത്തുന്ന ജന്നത്തുൽ ഫിർദൗസ്, ആയിഷയെ യൂസഫ് മാഷിന്റെ നിഴലാക്കി മാറ്റിയിരുന്നു. ഉച്ച ചൂടിന്റെ ക്ലാസ്സു കഴിഞ്ഞു ഇല്ലാത്ത സംശയങ്ങളുമായി മാഷിനെ സ്റ്റാഫ് റൂം വരെ കൊണ്ട് വിടുന്നത് ആ സമയത്തു മാത്രം പുറപ്പെടുന്ന കുന്തിരുക്കം മണം പിടിക്കാനായിരുന്നു. ഒരു പൊള്ളുന്ന ചൂടൻ ദിവസം ആയിഷ മാഷിനോട് ചോദിച്ചു: ‘‘എന്താണ് നിങ്ങളെ വിശ്വാസിയാക്കുന്നത്?"
‘‘എന്താണ് നിന്നെ വിശ്വാസിയാക്കാത്തത്?", മാഷ് തിരിച്ചു ചോദിച്ചു.
‘‘നീ വരയ്ക്കുന്ന ചിത്രങ്ങൾ, നിന്റെ മനസ്സിലെ ഭാവനകൾ - ഇതെല്ലാം നിന്റേതു മാത്രമാണോ? ഇതിന്റെ ഉറവിടം എവിടെ നിന്നാണ്? റബ്ബിൽ വിശ്വസിക്കാത്ത നീ എങ്ങനെയാണു നിന്റെ സൃഷ്ടിയിൽ വിശ്വസിക്കുന്നത്?"
ആയിഷ ആ ചോദ്യത്തിന് മറുപടി പറഞ്ഞില്ല.
ജന്നത്തുൽ ഫിർദൗസിന്റെയീ വിയർപ്പിനോടൊപ്പമുള്ള മണം മാറ്റം, ആയിഷയെ യൂസഫ് മാഷിന്റെ കാന്തിക വലയത്തിനുള്ളിലാക്കിയിരുന്നു. മാഷും ആയിഷയും പൊതുവേ സംസാരമേ ഉണ്ടായിരുന്നില്ല. ഇന്ദ്രിയജ്ഞാനമാണത്രേ ഘ്രാണശേഷി. മണം പിടിച്ചു പുറകെ നടക്കുന്ന ആയിഷയോട് ഓരോ ദിവസവും പറയാനുള്ളതെല്ലാം പറഞ്ഞു തീർത്തുവെന്ന് യുസഫ് മാഷിന് തോന്നി.
അത് അയാളെ പല തരത്തിലും സന്തോഷിപ്പിക്കുകയും ഊർജ്ജസ്വലനാക്കുകയും,അകമേ ശാന്തനാക്കുകയും ചെയ്തിരുന്നു. ജന്നത്തുൽ ഫിർദൗസും ആയിഷയും യൂസഫ് മാഷും അങ്ങനെ ഒരു ത്രികോണ സുഗന്ധബന്ധത്തിൽ അറിഞ്ഞോ അറിയാതെയോ വശീകരിക്കപ്പെട്ടിരുന്നു.
ആയിഷക്ക് മാഷിനോട് മൗനപ്രണയം തോന്നിയത് അത്ര എളുപ്പത്തിലൊന്നുമായിരുന്നില്ല. പൊതുവെ എന്തിനെയും കീറിമുറിച്ച് വിശകലനം ചെയ്യുന്ന അവൾ യൂസഫിനേയും വെറുതെവിട്ടില്ല. അയാളുമായി ഇടപെട്ടിരുന്ന വളരെ ചെറിയ സമയം മുഴുവനും അവർ ആഗോള താപനത്തെപ്പറ്റിയും, വംശനാശം നേരിടുന്ന സൂക്ഷ്മജീവികളെപ്പറ്റിയും ലോകസമ്പദ് വ്യവസ്ഥയുടെ അപകടകരമായ പോക്കിനെപറ്റിയും, മനുഷ്യരുടെ വേദനാജനകമായ ആത്യന്തിക ദുഃഖത്തെപ്പറ്റിയുമാണ് തുടർച്ചയായി സംസാരിച്ചു കൊണ്ടിരുന്നത്. ഈ വിഷയങ്ങളൊന്നും അവരെ മുഷിപ്പിച്ചിരുന്നില്ല. ജന്നത്തുൽ ഫിർദൗസിന്റെ നേരിയതും ലളിതവും ഗാഡവും മുന്തിയതും കടുത്തതുമായ സൗരഭ്യ നിർവൃതിയിൽ ആയിഷ എന്തിനെക്കുറിച്ചും വാചാലയായി.
"എന്റെ പെണ്ണേ... എന്തിനീ തള്ള് കേൾക്കാൻ വരുന്നു ഇടയ്ക്കിടെ" എന്ന് മാഷ് ചോദിക്കുമ്പോ, ഗ്രേപ്പ് വൈൻ ലിപ്സ്റ്റിക്ക് തുടച്ചു, ചുറ്റും നോക്കി, ഗിയറിനു മുകളിൽ വെച്ചിരിക്കുന്ന അയാളുടെ ഇടത്തെ കൈത്തണ്ടയുടെ കർപ്പൂരഗന്ധം അവളുടെ ചുണ്ടുകൾ തേടും. അപ്പോൾ അവളുടെ അര ഏക്കറോളം വരുന്ന മൈതാനം പോലത്തെ നെറ്റിത്തടത്തിൽ പരുക്കൻ മീശയുരസിക്കൊണ്ടു അയാൾ മറുപടി പറയും. അവളുടെ മൊഞ്ച് ഒരു കസ്തൂരി മാൻ കണക്കെ വിടരുന്നൂന്ന് കളിയും പറയും. ഓരോരോ കാര്യങ്ങളിൽ യൂസഫിന്റെ പൊതുവിജ്ഞാനവും വായനയുടെ പരപ്പും നിലപാടുകളും ആയിഷക്ക് അളക്കണമായിരുന്നു. സംസാരിക്കാൻ ഒന്നുമില്ലാതാവുമ്പോൾ പ്രണയം നശിക്കുന്നുവെന്നു ഉറച്ചു വിശ്വസിക്കുന്നവളായിരുന്നു ആയിഷ.
ഒരുവിധം നല്ല രീതിയിലുള്ള സാമൂഹ്യബോധത്തിൽ ചെറുപ്പകാലം മുതൽ വളർന്നുവന്ന ആയിഷയെ തന്നെക്കൊണ്ട് പ്രണയിപ്പിക്കൽ യൂസഫിന് അത്ര നിസ്സാരമായിരുന്നില്ല. അവളോടുപോലും പറയാതെ യൂസഫ് എന്നും പത്രവും ആഴ്ചപ്പതിപ്പുകളും വായിക്കാനും, അന്തർദേശീയ ന്യൂസ് ചാനലുകൾ പോലും വിടാതെ ശ്രദ്ധിക്കാനും, പോഡ്കാസ്റ്റുകൾ ഫോളോ ചെയ്യാനും അങ്ങനെ സാമൂഹ്യ വിഷയങ്ങളിൽ കോളേജിൽ സജീവമായി സംസാരിക്കാനും തുടങ്ങിയെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. അയാളിലേക്ക് പ്രണയസൗരഭ്യം പടർന്നുകയറുകയായിരുന്നു. ശരീരത്തിന്റെ രോമകൂപങ്ങളിൽ നിറയെ ആയിഷയുടെ മൂക്കിന്റെ സാന്നിധ്യം അയാൾ തിരിച്ചറിഞ്ഞു. അസാന്നിധ്യത്തിലും അവൾ തന്റെ മണം പിടിക്കുന്നതായി അയാൾക്ക് വെളിവായി.
ഉയർന്ന ആത്മികഊർജം ഉള്ളവർ മറ്റൊരാളുടെ ശരീര ഭാഷയെയും മൂഡിനെയും സാന്നിധ്യത്തെയും വായിച്ചെടുക്കുമത്രേ. ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ, ഒരാളെ അവർക്കു അങ്ങനെ തന്നെ ഫീൽ ചെയ്യുമെന്നൊക്കെ ആയിഷ ഏതോ ഇൻസ്റ്റാ റീലിൽ കണ്ടിരുന്നു. സിദ്ധാന്തം എന്ത് തന്നെയാണെങ്കിലും മാഷിന് ആ സിദ്ധി ഉണ്ടായിരുന്നു.
"എന്താ നിനക്ക്? എങ്ങനെയുണ്ട് നിനക്ക്?” എന്ന് കണ്ണിലേക്കു നോക്കിയുള്ള മാഷിന്റെ ചോദ്യത്തിൽ, സത്യം പറയാതെ മറച്ചു വെക്കാൻ ആയിഷക്കു ഒരിക്കലും കഴിഞ്ഞിരുന്നില്ല.
അത്രക്കും സൂക്ഷ്മമായ ഇന്ദ്രിയജ്ഞാനം ഉണ്ടായിരുന്നു മാഷിന്. മാഷൊരിക്കലും അതൊന്നും വെളിപ്പെടുത്തിയിരുന്നില്ല.
പക്ഷേ, "നിന്റെ പെടപ്പു അടക്കി വെക്കെടീ, അവിടിരി. കാര്യം എന്താന്ന് വെച്ചാ പറ" എന്ന കൈത്തണ്ടയിൽ പിടിച്ചമർത്തുന്ന നിർബന്ധത്തിൽ മാഷിനുമുന്നിൽ പൊട്ടിക്കരയുമ്പോൾ, ക്യാന്റീനിനുള്ളിലെ ആരും ശ്രദ്ധിക്കുന്നില്ലെന്നോ അതോ അവിടെ ആരുമേ ഇല്ലെന്നോ ഒക്കെ ആയിഷ കരുതി. അവൾ മൂക്ക് പിഴിഞ്ഞ ടിഷ്യൂ പേപ്പറുകൾ അറപ്പൊന്നുമില്ലാതെ പെറുക്കിക്കളയുമ്പോൾ, മാഷ് വാങ്ങിത്തന്ന പ്യൂരിഫൈഡ് വാട്ടർ ബോട്ടിൽ അവൾ മുറുക്കിപ്പിടിച്ചു. കട്ടക്കരി നിറത്തിൽ ഇളം നിറങ്ങളിലെ ചെറിയ ഡിസൈനുകൾ പെയിന്റ് ചെയ്തു ചേർത്ത ആ ബോട്ടിലിന്റെ ദൃശ്യം അവളുടെ സ്വയം ഭോഗ നിമിഷങ്ങളെ ഉദ്ദീപിപ്പിച്ചു. മാഷുമായി ഒരിക്കൽ പോലും ഇണ ചേരണമെന്ന മോഹം, അവൾക്കുണ്ടായിരുന്നില്ല. അവരുടെ ശരീരത്തിനപ്പുറത്തേക്ക് ആ അടുപ്പം ഇഴ ചേർന്നങ്ങനെ നിന്നു.
▮
ഇരുപത്തിയേഴാം രാവിലെ ആയിഷയുടെ സ്വപ്നത്തിൽ ഊദ് പൂശിയ മലക്കുകൾ നല്ല തിരക്കിലായിരുന്നു. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, കംബോഡിയ ഇവിടുന്നൊക്കെ നല്ല ഒന്നാന്തരം അത്തറുകൾ കയറ്റി അറേബ്യയിലേക്ക് വിടുകയായിരുന്നു അവർ. അതിൽ പരിചയമുള്ള റഷീക്കയുടെയും മുഹല്ലത്തിന്റെയും ചന്ദനത്തൈലത്തിന്റെയും മാത്രം പേരുകൾ ആയിഷ കണ്ണ് തിരുമ്മി വായിച്ചു. ആയിഷയെ കണ്ടു കസ്തൂരി മാനിന്റെ മണമുള്ള മലക്കുകൾ അടുത്തേക്ക് വന്നു:
"ആയിഷക്കുട്ടീ, നിനക്കൊരേയൊരു ചോദ്യം ചോദിക്കാം. എന്താണത്?" അവൾക്കാലോചിക്കാനുണ്ടായിരുന്നില്ല.
"റബ്ബേ, ഏഴാം ബഹറിന്റെ അക്കരെ ഏറ്റവും ഉയർന്ന പൂന്തോട്ടത്തിൽ എത്ര ഡിഗ്രി ചൂടുണ്ടാവും ഇപ്പോ?"
മലക്കുകൾ മാനിന്റെ പുറത്തുനിന്നിറങ്ങി, അവളെ കെട്ടിപ്പുണർന്നു. നിറുകയിൽ ഉമ്മ കൊടുത്തു. അവളെ മുല്ലപ്പൂവും, കരയാമ്പൂവും, കസ്തൂരിയും, തുളസിയും കൂടെ മരത്തടിയുടെ ശുദ്ധമായ സൗരഭ്യത്തിൽ ചേർത്തു പിടിച്ചു. മലക്കുകൾക്ക് യൂസഫ് മാഷിന്റെ വാസനയായിരുന്നു.
നേരം പാതിരാവായിരുന്നു. പാതി മുഴുമിപ്പിച്ച എണ്ണചിത്രങ്ങളുടെ നടുവിൽ ആയിഷ നനുത്ത വസ്ത്രത്തിൽ ആകാശത്തേക്ക് നോക്കി നിന്നു. പണ്ടെങ്ങോ ഉമ്മച്ചി ഉപയോഗിച്ച ജന്നത്തുൽ ഫിർദൗസിന്റെ കുത്തലുള്ള ഇളം നീല സാരി അവൾ ചേർത്തു പിടിച്ചു. ഉമ്മച്ചിക്കും മലക്കിനും യൂസഫ് മാഷിനും അവൾക്ക് ഒരേ മണം തോന്നി. അതിൽനിന്നും അവൾ മാഷിനെ തേടിപ്പിടിച്ചു.
മാഷിനെ ആയിഷ അടിമുടി മണത്തു. അനുസരണയുള്ള ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ യൂസഫ് കുറുകി നിന്നു. അയാളുടെ കാൽവിരലിൽ, കണങ്കാലിൽ, കാൽ മുട്ടുകളുടെ പിറകിൽ അവൾ മൂക്കു കൊണ്ട് ഇഴഞ്ഞു. തുടയിടുക്കിലും അരക്കെട്ടിലും കൈവിരലുകൾ കൊണ്ട് മണത്തു.
നാഭിക്കുഴിയിൽ, കൃത്യമായി അകലം പാലിക്കുന്ന മുലക്കണ്ണുകളിൽ, രോമങ്ങളുടെ വിടവുകളിൽ ആയിഷയുടെ അലങ്കോലപ്പെട്ട തലമുടി മണം തേടി നടന്നു. യൂസഫിന്റെ വിയർപ്പിന്റെ പ്രധാന സ്രോതസ്സിൽ വിവശയായ അവൾ, ഇനി മുന്നോട്ടില്ലെന്ന മട്ടിൽ അയാളുടെ കക്ഷങ്ങൾക്കിടയിൽ തളർന്നുവീണു. അവിടെ ആയിഷയും യൂസഫും നഷ്ടപ്പെട്ട അവരുടെ അമ്മമാരെ കണ്ടെത്തി. ജന്നത്തുൽ ഫിർദൗസ് മണക്കുന്ന അവരുടെ നിസ്കാരപ്പായയും നിസ്കാരക്കുപ്പായവും മുലപ്പാൽ മണത്തിൽ മുക്കി അവർ ഗാഢമായി പുണർന്നു കിടന്നു. ആയിഷ അയാളുടെ കഴുത്തിൽ ഇറുക്കിപ്പിടിച്ചു ചെവിക്കു അകത്തും പുറത്തും നഷ്ടമായതെന്തോ തേടി നടന്നു. എന്നിട്ടും ആഗ്രഹിച്ചത് കണ്ടെത്താനാവാതെ ആയിഷ അയാളുടെ മുടിയിഴകളിലൂടെ കയറിയിറങ്ങി. സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറക്കുന്നതും അതിലൂടെ കാൽപ്പാദം കവിഞ്ഞു കിടക്കുന്ന യമനീസ് തുണി കൊണ്ടുണ്ടാക്കിയ ഹിബ്ര അണിഞ്ഞ മലക്കുകൾ അവർക്കുനേരെ ഇറങ്ങി വരുന്നതും വലിയ പ്രകാശ വലയത്തിൽ യൂസഫ് മാഷും ആയിഷയും കണ്ടു.
കരയാമ്പൂ മണക്കുന്ന ബ്രഷു കൊണ്ട് ആയിഷ അവളുടെയും മാഷിന്റെയും ഇരുപത്തിയേഴാം രാവുകളുടെ പുതിയ സൂറകളും ആയത്തുകളും ആ വെളിച്ചത്തിൽ വരച്ചു. ഹമാമിലെ, വലിയ വീപ്പയിലെ സുഗന്ധപൂരിതമായ ചെറുചൂടുവെള്ളത്തിനൊപ്പം, കത്തുന്ന മഞ്ഞതീയുടെ മിന്നൽ മണമുള്ള, ജന്നത്തുൽ ഫിർദൗസായി ആയിഷ യൂസഫിനൊപ്പം നൂർമാക്കിലെ വിജനമായ തെരുവുകളിലൂടെ നിറഞ്ഞൊഴുകിപ്പോയി.
▮
(ജന്നത്തുൽ ഫിർദൗസിന്റെ ശരിയായ അർത്ഥം സ്വർഗീയ പൂങ്കാവനമെന്നാണ്. അവിടെയാണ് നമുക്ക് പ്രവാചകനെ കണ്ടുമുട്ടാനാവുക എന്നാണ് വിശ്വാസം. ഈ കഥയിലെ ജന്നത്തുൽ ഫിർദൗസ് ഒരുതരം അത്തറാണ്. അത്തറിനും അതേ അർഥം തന്നെ).
നന്ദി: ഡോ. ഷബാസ് ഷെരിഫ്, സമീർ ബിൻസി. റിയാസ് മുഹമ്മദ്, ഫൈസൽ അനന്തപുരി.